Wednesday, August 27, 2008

മാര്‍ ‍പവ്വത്തില്‍ കണ്ട ഹിന്ദുത്വം

എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്ന സങ്കല്‍പ്പമാണ് ഹിന്ദുത്വമെന്ന് എല്‍ കെ അദ്വാനി കേരളത്തില്‍ വന്നപ്പോള്‍ തുറന്നുപറഞ്ഞെന്നും അദ്വാനിയുടെ മതേതരസങ്കല്‍പ്പംപോലും സിപിഐ എമ്മിന് ഇല്ലെന്നും ഇന്റര്‍ ചര്‍ച്ച് കൌസില്‍ വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതായി കാണുന്നു.

അദ്വാനിയുടെ ഹിന്ദുത്വവും ഹിന്ദുമതവിശ്വാസവും ഒന്നല്ലെന്ന് പവ്വത്തില്‍ തിരുമേനി തിരിച്ചറിയേണ്ടതുണ്ട്. അദ്വാനിയുടെ വാക്കുകള്‍ പവ്വത്തില്‍ താല്‍പ്പര്യത്തോടെ പ്രചരിപ്പിക്കുന്നതും അദ്വാനിക്ക് നല്ല സാക്ഷ്യപത്രം നല്‍കുന്നതും യഥാര്‍ഥ ഹിന്ദുത്വത്തെപ്പറ്റിയുള്ള അജ്ഞത കൊണ്ടാണെന്ന് കരുതാന്‍ ‍വയ്യ. 1959ലെ വിമോചനസമരം സദാ സ്വപ്നം കാണുന്ന തിരുമേനിക്ക് അന്ന് മന്നത്ത് പത്മനാഭനും ചങ്ങനാശേരി ബിഷപ്പും മറ്റു സകല ജാതിമത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ചുചേര്‍ന്ന് കോണ്‍ഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ സമരാഭാസങ്ങള്‍ അയവിറക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കാലവും കോലവും മാറിയത് ഓര്‍ക്കാതെ പോകരുതെന്നു മാത്രം.

ബിജെപിയുടെ നേതൃത്വത്തിലുള്ള ആറുവര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ തിക്തഫലം അനുഭവിച്ച് അറിഞ്ഞവരാണ് ഇന്ത്യയിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍. ഒറീസയില്‍ ഗ്രഹാംസ്റ്റെയിന്‍സും രണ്ടുമക്കളും ഒരു വാഹനത്തില്‍ കിടന്നുറങ്ങുമ്പോഴാണ് ആര്‍എസ്എസ് കാപാലികര്‍ ചുട്ടുകൊന്നത്. ക്രൂരമായ ആ സംഭവത്തെ തള്ളിപ്പറയാനോ അപലപിക്കാനോ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയോ ആഭ്യന്തരമന്ത്രി അദ്വാനിയോ തയ്യാറായില്ല. പകരം മതപരിവര്‍ത്തനത്തെപ്പറ്റി ദേശീയ ചര്‍ച്ച വേണമെന്നാണ് പറഞ്ഞത്. അതായത് ഈ കൊടുംകൊലപാതകത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്ന് അര്‍ഥം.

ഒറീസയില്‍ ബിജു ജനതാദളും ബിജെപിയും ചേര്‍ന്നാണ് ഭരിക്കുന്നത്. അവിടെയാണ് കഴിഞ്ഞ ക്രിസ്മസ് നാളില്‍ ക്രിസ്ത്യന്‍ ‍പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ക്രിസ്ത്യന്‍ ‍പള്ളികളെയും ആക്രമിച്ചത്. പ്രാണരക്ഷാര്‍ഥം പാതിരിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും കാട്ടില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അവര്‍ അനുഭവിക്കേണ്ടിവന്ന ദുരിതം പവ്വത്തില്‍ അറിയാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഒറീസയിലെ മേല്‍പരാമര്‍ശിച്ച ആക്രമണത്തെയും അദ്വാനിയും കൂട്ടരും അപലപിച്ചതായി കേട്ടിട്ടില്ല.

അദ്വാനി നയിക്കുന്ന ബിജെപി ഒരു സാധാരണ രാഷ്ട്രീയപാര്‍ടിയല്ല. ആ പാര്‍ടിയെ നിയന്ത്രിക്കുന്നതും നയിക്കുന്നതും രാഷ്ട്രീയസ്വയം സേവക് സംഘ് (ആര്‍എസ്എസ്) എന്ന തനി ഫാസിസ്റ്റ് സംഘടനയാണ്. ആര്‍എസ്എസിലും ഒപ്പം ജനതാപാര്‍ടിയിലും ദ്വയാംഗത്വം വേണമെന്ന് ശഠിച്ചതിന്റെ പേരിലാണ് ജനതാപാര്‍ടിയില്‍നിന്ന് ആര്‍എസ്എസുകാര്‍ക്ക് പുറത്തുപോകേണ്ടിവന്നത്. അന്നത്തെ ഹിന്ദുമഹാസഭയും ജനസംഘവും ഒക്കെയാണ് ഭാരതീയ ജനതാപാര്‍ടിയായി രൂപംകൊണ്ടത്. ആര്‍എസ്എസിന്റെ ആദ്യത്തെ സര്‍സംഘചാലക് ആയിരുന്ന ഡോ. ഹെഡ്‌ഗേവാര്‍ പറയുന്നു:

"ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ നമുക്ക് മനസ്സിലാകും ക്രിസ്ത്യാനി, മുസ്ലിം, ഹിന്ദു, ബൌദ്ധര്‍ എന്നിവര്‍ ഈ ഖണ്ഡങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതായി. ലോകത്തില്‍ ക്രിസ്തുമതാവലംബികളാണ് മറ്റെല്ലാവരിലുമധികം. പിന്നീട് വരുന്നത് മുസല്‍മാന്മാരാണ്. "ഹിന്ദുവും ബൌദ്ധനും പ്രായേണ ഏഷ്യാഭൂഖണ്ഡത്തിലേയുള്ളൂ. വിശേഷിച്ചും ഹിന്ദുക്കളില്‍ ബഹുഭൂരിഭാഗവും ഹിന്ദുസ്ഥാനില്‍ മാത്രമാണ്. എന്നാല്‍, ഇവിടെയും എല്ലായിടത്തും അവര്‍ക്ക് ഭൂരിപക്ഷമില്ല. ഈ രാജ്യത്തിലെ 35 കോടി ആളുകളില്‍ 25 കോടിയേ ഹിന്ദുക്കളുള്ളൂ. ബാക്കി പത്തുകോടി ഇന്ന് ഹിന്ദുക്കളല്ല. ഈ പത്തുകോടിയും മുമ്പ് ഹിന്ദുക്കളായിരുന്നു. നമ്മുടെ ഉദാസീനതയും നിഷ്‌ക്രിയതയും മൂലം അവരെ നമുക്ക് നഷ്ടപ്പെട്ടുവെന്നുമാത്രം''.
(ഡോ. ഹെഗ്‌ഡ്‌ഗേവാര്‍ പ്രസംഗങ്ങള്‍, കത്തുകള്‍, പേജ് 11)

പവ്വത്തില്‍ പറയുംപോലെ എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്ന സങ്കല്‍പ്പമാണ് ഹിന്ദുത്വമെങ്കില്‍ ഇവിടെ മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം വര്‍ധിക്കുന്നതിലും ഹിന്ദുക്കളുടെ എണ്ണം താരതമ്യേന കുറയുന്നതിലും എന്തിന് ആര്‍എസ്എസ് വേവലാതിപ്പെടണം. ഇതേ ഗ്രന്ഥത്തില്‍ 50-ാം പേജില്‍ പറയുന്നു:

"ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണെന്ന വാക്യത്തെ അന്വര്‍ഥമാക്കിത്തീര്‍ക്കാന്‍ വേണ്ടിയാണ് സംഘം. ഹിന്ദുസ്ഥാന്‍ ദേശം ഹിന്ദുക്കളുടെ മാത്രമാണ്. അന്യദേശങ്ങളിലെന്നപോലെതന്നെ ഈ ദേശം ഹിന്ദുക്കളുടേതാകയാല്‍ ഇവിടെ ഹിന്ദുക്കള്‍ ചെയ്യുന്നതെന്തോ അതേ പ്രമാണമായിത്തീരൂവെന്ന് സംഘം അംഗീകരിക്കുന്നു.'' "ഹിന്ദുസ്ഥാന്‍ എങ്ങനെയാണ് കേവലം ഹിന്ദുക്കളുടെ മാത്രമായിത്തീരുക എന്നു ചോദിക്കാന്‍പോലും ചില മാന്യന്മാര്‍ മടിക്കുന്നില്ല. ഇവിടെ താമസിക്കുന്നവരുടെയെല്ലാമാണ് ഹിന്ദുസ്ഥാന്‍ എന്നാണവരുടെ അഭിപ്രായം. ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രാഷ്ട്രസങ്കല്‍പ്പത്തിന്റെ അര്‍ഥംപോലും അറിയില്ലെന്നതാണ് വ്യസനകരം. കേവലം ഒരു കഷണം ഭൂമിയെ ആരും രാഷ്ട്രമെന്നു വിളിക്കുകയില്ല. ഒരു ആചാരം, ഒരു സംസ്കാരം, ഒരു പാരമ്പര്യം എന്നിവയോടുകൂടി പുരാതനകാലം മുതല്‍ ഒരുമിച്ച് ജീവിച്ചുവരുന്ന ജനതയാണ് രാഷ്ട്രമായിത്തീരുന്നത്. ഈ ദേശത്തിന് നാം ഹേതുവായിട്ടാണ് ഹിന്ദുസ്ഥാനമെന്ന പേരുണ്ടായത്. മറ്റ് ആളുകള്‍ മര്യാദയോടുകൂടി ഇവിടെ ജീവിക്കുന്നെങ്കില്‍ ജീവിച്ചുകൊള്ളട്ടെ. നാം ഒരിക്കലും അവരെ മുടക്കിയിട്ടില്ല. മുടക്കുകയുമില്ല. എന്നാല്‍, നമ്മുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ വന്നിട്ട് നമ്മുടെ മാറില്‍ കത്തിയിറക്കാന്‍ ഉദ്യമിക്കുന്നവന് ഇവിടെ ലവലേശം സ്ഥാനമില്ല. "അതിനാല്‍, സ്വയംസേവക സഹോദരന്മാരേ, ഹിന്ദുസ്ഥാനം ഹിന്ദുക്കളുടേതാണ്' എന്ന് നിര്‍ഭയമായി ഉദ്ഘോഷിക്കുക! വിദേശികളിവിടെ താമസിച്ചു കൂടാ എന്ന് നാം പറയുന്നില്ല. എന്നാല്‍, തങ്ങള്‍ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനത്തിലാണ് താമസിക്കുന്നതെന്നും അവരുടെ അധികാരങ്ങളില്‍ കൈകടത്താന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും വിദേശികള്‍ ശരിക്ക് ഓര്‍മിക്കണം''. (പേജ് 18) ഈ ഗ്രന്ഥത്തിലുടനീളം ഇത്തരം വാദഗതികളാണ് ഉള്ളത്.

മുസ്ലിങ്ങളും ക്രിസ്ത്യാനികളും വിദേശികളാണെന്നാണ് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ കാഴ്ചപ്പാട്. അദ്വാനിയും വാജ്‌പേയിയും ആര്‍എസ്എസുകാരാണ് എന്നതില്‍ അഭിമാനിക്കുന്നുവെന്നും മരണംവരെ അങ്ങനെതന്നെയായിരിക്കുമെന്നും പലതവണ ആണയിട്ടു പറഞ്ഞവരാണ് എന്നുകൂടി ഓര്‍ക്കണം. ഇതില്‍ എല്ലാ മതങ്ങള്‍ക്കും തുല്യമായ അവകാശമുണ്ടെന്ന കാഴ്ചപ്പാടല്ല ഉള്ളത്. ഹിന്ദുവിന്റെ ആധിപത്യം നിലനിര്‍ത്തണമെന്നാണ്. ജനനംമുതല്‍ മരണംവരെ ഹിന്ദുവിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അംഗീകരിച്ചുകൊണ്ടുവേണം മറ്റു മതക്കാര്‍ ഇവിടെ താമസിക്കാനെന്നാണ്. അതാണ് ഹിന്ദുത്വം. അദ്വാനിയുടെ ഈ മതനിരപേക്ഷതയാണ് സ്വീകാര്യമെങ്കില്‍ പവ്വത്തിലിനും കൂട്ടര്‍ക്കും അത് സ്വീകരിക്കാം. സിപിഐ എം അത് അംഗീകരിക്കുന്നില്ല. സര്‍വശക്തിയും ഉപയോഗിച്ച് ഹിന്ദുത്വത്തെ എതിര്‍ക്കുകതന്നെ ചെയ്യും.

ഇന്ത്യയുടെ ഭരണഘടനയില്‍ ആലേഖനംചെയ്ത മതനിരപേക്ഷതയെപ്പറ്റി (സെക്കുലറിസം) അദ്വാനിയുടെ സംഘത്തിന്റെ കാഴ്ചപ്പാട് രേഖപ്പെടുത്തിയ മറ്റൊരു പുസ്തകമാണ് 'കപട മതേതരത്വവും യഥാര്‍ഥ ദേശീയതയും'. പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ഗിരിലാല്‍ ജെയിന്‍ ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. അതില്‍ നാലാം അധ്യായത്തില്‍ പറയുന്നു: 'പാശ്ചാത്യ ചിന്തയില്‍ മുദ്രണം ചെയ്യപ്പെട്ട നെഹ്റുവിന്റെ മതനിരപേക്ഷ ചട്ടക്കൂട് തകര്‍ന്ന് തവിടുപൊടിയായിരിക്കുകയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ഥ അന്ത:ചേതന പ്രബലമായി തനിസ്വരൂപം അഭിവ്യഞ്ജിപ്പിക്കാന്‍ എരിപൊരികൊള്ളുന്ന ഇരുശക്തികളുടെയും സംഘര്‍ഷത്തിന് സമയമായി. ഒന്നുനശിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റേത് അതിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ കുതികൊള്ളുന്നു. അതിനാല്‍ ഇന്ന് എല്ലാതരത്തിലും ധ്രുവീകരണം ബലവത്തായി വരുന്നത് നിങ്ങള്‍ക്ക് കാണാം. ഏതു കക്ഷിയാണ് പരിവര്‍ത്തനത്തോടൊപ്പം നില്‍ക്കുന്നതെന്നും എതു കക്ഷിയാണ് എതിര്‍ നില്‍ക്കുന്നതെന്നും രാഷ്ട്രീയരംഗത്ത് വ്യക്തമായി കാണാം. എന്റെ അഭിപ്രായത്തില്‍ ഹൈന്ദവ അനുകൂലം, ഹൈന്ദവവിരുദ്ധം എന്ന് രണ്ടുചേരികളായി രാഷ്ട്രീയരംഗം വേര്‍തിരിഞ്ഞുകഴിഞ്ഞു. ഭാരതീയ ജനതപാര്‍ടി മാത്രമാണ് ഹൈന്ദവാനുകൂല കക്ഷി എന്നുപറയാന്‍ സംശയംവേണ്ട. അതിനാല്‍ ധ്രുവീകരണം മാത്രമല്ല വിവിധ കാരണങ്ങളെക്കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ഹിന്ദു- മുസ്ലിം കലാപങ്ങളെയും ഞാന്‍ പരിവര്‍ത്തനത്തിന്റെ ഈ ഏറ്റുമുട്ടലിന്റെ ഭാഗമായി കാണുന്നു. ഇത് മറ്റു പ്രക്രിയയുടെ പരിണാമമാകുന്നു''.

വര്‍ഗീയസംഘട്ടനങ്ങളെ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാണാന്‍ മാത്രമുള്ള വര്‍ഗീയഭ്രാന്താണ് ഇതില്‍ പ്രതിഫലിച്ചുകാണുന്നത്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍ മദര്‍ ‍തെരേസയുടെ അനുയായികളായ ജീവകാരുണ്യപ്രവര്‍ത്തകരായ കന്യാസ്ത്രീകളെ ആക്രമിച്ചുപരിക്കേല്‍പ്പിക്കാന്‍ പ്രേരണയായതും ഈ വിചാരധാരയാണെന്ന് തിരിച്ചറിയാന്‍ പവ്വത്തില്‍ തിരുമേനിക്ക് ആവില്ലെങ്കില്‍ വേണ്ടാ. അദ്ദേഹം അദ്വാനിയെ സ്തുതിച്ചുകൊള്ളട്ടെ. പവ്വത്തിലിന്റെ ചിന്താധാര അംഗീകരിക്കാന്‍ കുഞ്ഞാടുകളെ കിട്ടുമെന്ന് തോന്നുന്നില്ല.

മൂന്നാമതായി, ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കറുടെ വിചാരധാരയിലേക്കൊന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും. സംഘപരിവാറിന്റെ വേദപുസ്തകമായ വിചാരധാരയില്‍ അവരുടെ തനതായ ചിന്താഗതി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ആന്തരികഭീഷണികള്‍ ഒന്ന് മുസ്ലിങ്ങളാണ്. ആന്തരികഭീഷണികള്‍ രണ്ട് ക്രിസ്ത്യാനികളാണ്. ആന്തരികഭീഷണികള്‍ മൂന്ന് കമ്യൂണിസ്റ്റുകാര്‍. അതില്‍ പറയുന്നു: "ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കില്‍ ഒരു ബാഹ്യനിരീക്ഷകന് അവര്‍ തീരെ നിരുപദ്രവികളായി മാത്രമല്ല മനുഷ്യവര്‍ഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായിപ്പോലും തോന്നും! മനുഷ്യവര്‍ഗത്തെ ഉദ്ധരിക്കുന്നതിനായി സര്‍വശക്തനാല്‍ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടില്‍ 'സേവനം, മനുഷ്യവര്‍ഗത്തിന്റെ മുക്തി' തുടങ്ങിയ വാക്കുകള്‍ അവരുടെ പ്രഭാഷണങ്ങളില്‍ ധാരാളം കേള്‍ക്കാം. എല്ലായിടത്തും അവര്‍ വിദ്യാലയങ്ങളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെയാളുകള്‍ ഇവ കൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ യഥാര്‍ഥ ഉദ്ദേശ്യമെന്താണ്?''

അടുത്ത ഭാഗം പുലിനഖങ്ങള്‍ പുറത്തുവരുന്നു എന്നാണ്. ക്രിസ്ത്യന്‍ മതപുരോഹിതന്മാര്‍ മതപരിവര്‍ത്തനം നടത്തി യേശുക്രിസ്തുവിന്റെ അനുയായികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിലാണ് ഗോള്‍വാള്‍ക്കര്‍ക്ക് അഹിതമുള്ളത്. വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ കോഴ വാങ്ങരുതെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ പകുതിയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും മാത്രമേ എല്‍ഡിഎഫ് പറഞ്ഞുള്ളൂ. ക്രിസ്തുമതത്തില്‍പ്പെട്ട ഏതെങ്കിലും ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിക്കണമെന്ന് സിപിഐ എം പറഞ്ഞിട്ടില്ല. പവ്വത്തില്‍ ഇപ്പോള്‍ സ്തുതിഗീതംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ലാല്‍കൃഷ്ണ അദ്വാനി ആര്‍എസ്എസിന്റെ മേല്‍പറഞ്ഞ തത്വസംഹിതകളോ സമീപനങ്ങളോ ഒന്നുംതന്നെ ഉപേക്ഷിക്കുമെന്ന് സൂചന നല്‍കുന്ന ഒരക്ഷരമെങ്കിലും ഇതേവരെ ഉരിയാടിയിട്ടില്ല. മുഹമ്മദലി ജിന്ന മതേതരവാദിയായിരുന്നു എന്നു പറയുന്ന ഒരു പരാമര്‍ശം മാത്രമേ അദ്വാനി ചെയ്തതായി പറഞ്ഞുകേട്ടിട്ടുള്ളൂ.

സിപിഐ എമ്മിനെയാണല്ലോ പവ്വത്തില്‍, അദ്വാനിയുമായി താരതമ്യംചെയ്തത്. ആര്‍എസ്എസിനെയും ബിജെപിയെയും ഉള്‍പ്പെടെ സംഘപരിവാറിനെ അധികാരത്തില്‍നിന്ന് അകലെ നിര്‍ത്താന്‍ സഹായിക്കുന്ന നയം സ്വീകരിച്ചതിനാണല്ലോ പവ്വത്തിലിന് വിഷമവും വിമ്മഷ്ടവും. അതുകൊണ്ടുതന്നെ സിപിഐ എം പരിപാടിയിലെ പ്രസക്തഭാഗംകൂടി ഇവിടെ ഉദ്ധരിക്കേണ്ടതുണ്ട്.

പരിപാടിയുടെ 5.8 ഖണ്ഡികയില്‍ പറയുന്നു: 'അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെ തന്നെ ഒരുമതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും ഒരനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കുന്നതിനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാതലത്തിലും ഉറച്ചുപോരാടേണ്ടതാണ്.

5.9 ഭരണഘടനാ വ്യവസ്ഥകള്‍പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയ അവകാശങ്ങള്‍ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവര്‍ വിവേചനത്തിന് ഇരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങള്‍ക്കെതിരെ വര്‍ഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആര്‍എസ്എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവ സമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത് അന്യതാ ബോധവും അരക്ഷിതത്വവും വളര്‍ത്തുന്നു. ഇത് മതമൌലികവാസനകള്‍ വളര്‍ത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതു പ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ''.

ആര്‍എസ്എസിന്റെയും അദ്വാനിയുടെയും മേല്‍പറഞ്ഞ മതനിരപേക്ഷത പവ്വത്തിലിന് സഹര്‍ഷം സ്വാഗതം ചെയ്യാം. എന്നാല്‍, മാരാമണ്‍ കവെന്‍ഷന്‍ ഉള്‍പ്പെടെ തകര്‍ക്കാന്‍ നടത്തിയ ശ്രമവും പള്ളിമേടയില്‍ കടന്നുചെന്ന് പുരോഹിതനെ വെട്ടിക്കൊന്നതും ഓര്‍ത്താല്‍ നന്ന്. മതന്യൂനപക്ഷങ്ങള്‍ സിപിഐ എം പരിപാടി മനസ്സിലാക്കുമെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ, വിശ്വസിക്കാന്‍ കൊള്ളാവുന്ന കൂട്ടുകാരനും സംരക്ഷകനും സിപിഐ എം ആണെന്നും യഥാര്‍ത്ഥ ക്രിസ്തു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് പാര്‍ടിയോടുള്ള കൂറും വിശ്വാസവും തുടരുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്

*
വി വി ദക്ഷിണാമൂര്‍ത്തി, കടപ്പാട്: ദേശാഭിമാനി

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാല്‍ കൃഷ്ണ അദ്വാനി കേരളത്തില്‍ വന്ന സമയത്ത് അദ്വാനിയുടെ മതേതര സങ്കല്പത്തെക്കുറിച്ചും മറ്റും വാചാലനായ ഇന്റര്‍ ചര്‍ച്ച് കൌസില്‍ വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു ചില മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും ദേശാഭിമാനി പത്രാധിപരായ ശ്രീ. വി.വി. ദക്ഷിണാമൂര്‍ത്തി എഴുതിയ ലേഖനം സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ തികച്ചും പ്രസക്തവും പ്രവചനസ്വഭാവം ഉള്‍ക്കൊള്ളുന്നതുമാണെന്നും തോന്നുന്നതിനാല്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.

ഇതിലെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവര്‍ക്ക് പോലും വസ്തുതകള്‍ക്ക് നേരെ കണ്ണടക്കാനാവില്ല എന്നു തോന്നുന്നു.

ഭൂമിപുത്രി said...

‘നേർബുദ്ധി’യോടെ ചിന്തിയ്ക്കുന്ന ഭൂരിഭാഗം ഹിന്ദുക്കൾ ഒരേസ്വരത്തിൽ അഡ്വാനിയേയും കൂട്ടരേയും തള്ളിപ്പറയാൻ മുൻപോട്ട് വരാത്തിടത്തോളം കാലം പവ്വത്തിലും,നാളെ വോട്ട്കിട്ടുമെന്നുണ്ടെങ്കിൽ പിണറായീയും,
ഇതുപോലെയൊക്കെ ഇനിയും പറഞ്ഞുകേൾക്കാം.
1992ൽ അയോദ്ധ്യയിൽ വീണ തീപ്പൊരി,ഇന്നും ഈദിവസം കാശ്മീരിൽവരെ, ആളികത്തുന്നു.
ദേശസ്നേഹികളാണത്ര..
ദേശസ്സ്നേഹികൾ!

Anonymous said...

എന്താണിതിണ്റ്റെ പിന്നില്‍ എന്നറിയുന്നില്ല ക്റിസ്ത്യാനികളെ പ്റത്യേകിച്ചു മത മേധാവികള്‍ക്കെതിരെ വലിയ ഒരു പോരാട്ടം തന്നെ ഇപ്പോഴത്തെ എല്‍ ഡീ എഫ്‌ മിനിസ്റ്റ്റി നടത്തുന്നു, പ്റത്യേകിച്ചും എം എ ബേബിയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും കന്യാസ്ത്റീകളെയും അച്ചന്‍ മാരെയും ലൈംഗിക ആഭാസന്‍മാരായി ചിത്റീകരിക്കന്‍ കിട്ടുന്ന ഓരൊ അവസരവും വിനിയോഗിക്കുന്നു, ഭരണം വിലയിരുത്തി നോക്കിയാല്‍ എം എ ബേബി ചെയ്യുന്നതെല്ലം വിപരീതം ആയി സംഭവിക്കുന്നു, കോടതി ഒരൊറ്റ ഗന്വണ്‍ മെണ്റ്റു നടപടിയെയും അംഗീകരിക്കുന്നില്ല വിദ്യാഭ്യാസമാകെ അനിശ്ചിതത്വം കുത്തഴിയല്‍ ആണു നടന്നിരിക്കുന്നത്‌, അഭിമാനിക്കാവുന്ന ഒരു നേട്ടവും ഇല്ല, ഏകജാലകം പോലും പരാജയപ്പെടുകയാണൂ ചെയ്തത്‌ വിദ്യാഭ്യാസത്തില്‍ നടക്കുന്ന ഈ കടന്നു കയറ്റം സ്വാഭാവികമായും മതമേധവികളെ ചൊടിപ്പിച്ചിരിക്കുന്നു, എന്താണു പാറ്‍ട്ടിക്കു വേണ്ടതു എന്നും മനസ്സിലാകുന്നില്ല

അദ്വാനിയും മറ്റും അധികാരം കിട്ടാന്‍ കളീക്കുന്ന കളികള്‍ ആണു ഈ അമ്പലം വെയ്ക്കലും പള്ളി പൊളിക്കലും ഭരിച്ചപ്പോള്‍ ക്റിസ്ത്യാനിയുടെ അരമനയില്‍ ആയിരുന്നു ഓ രാജഗോപാല്‍ കൂടുതല്‍ സമയം ചെലവഴിച്ചത്‌, അതുകൊണ്ട്‌ എം ഇ ബേബിയെക്കാള്‍ എന്തുകൊണ്ടും അഭിമതനാണു ബീ ജേപി പവ്വത്തിലിനും ക്റൈസ്തവ മത മേലധ്യക്ഷന്‍മാറ്‍ ക്കും , ന്യൂന പക്ഷ വറ്‍ ഗീയത ഉണ്ടെങ്കിലേ ഭൂരി പക്ഷ വറ്‍ ഗീയത നില നില്‍ക്കൂ എന്നു അദ്വാനിക്കറിയാം അതു തന്നെ കാരണം പക്ഷെ മാര്‍ക്സ്റ്റിസ്റ്റ്‌ പാറ്‍ട്ടി ഇങ്ങിനെ ക്റൈസ്തവരെ എതിറ്‍ത്ത്‌ എന്താണു നേടാന്‍ ഉദ്ദേശിക്കുന്നത്‌ ഒരു വമ്പന്‍ ഇലക്ഷന്‍ പരാജയം അല്ലാതെ? ബുധി മോശമോ അതോ വീ എസിണ്റ്റെ തലയില്‍ പരാജയം കെട്ടിവച്ചു കൊടിയേരിയെ അല്ലെങ്കില്‍ പിണറായി തന്നെയൊ മുഖ്യമന്ത്റി ആകാനുള്ള തി ബുധിയോ? ചതിച്ചത്‌ പെരും കൊല്ലനോ അതോ മച്ചുനിയന്‍ തന്നെയോ?

പ്രിയ said...

:)ഭൂരിഭാഗം ഹിന്ദുക്കള്‍ ഇന്നും നേര്ബുദ്ധിയോടെ തന്നെ ചിന്തിക്കുന്നു. അത് കൊണ്ടു തന്നെ അല്ലേ ആ ഹിന്ദു പാര്ട്ടി അധികാരം അധികം ഒന്നും നേടാത്തത്. പക്ഷെ നേര്‍വഴിക്കു ചിന്തിക്കുന്ന ഹിന്ദുക്കളെ പോലും വളഞ്ഞ വഴിക്കാക്കുന്ന മതനയങ്ങള്‍ ആണ് മറ്റു പല മതനേതാക്കളും പിന്തുടരുന്നത്.ഒരു കൂട്ടര്‍ എപ്പോഴും സഹിഷ്ണത പുലര്ത്തുകയും മറ്റൊരു കൂട്ടര്‍ അതിനെ സ്ഥിരം ചൂഷണം ചെയ്യലും ആവരുത് എന്നൊരു പോയിന്റ് കൂടി ഉണ്ട്.

(ഹിന്ദു വര്ഗിയവാദികള് നടത്തുന്ന ക്രൂരതയെ ഒരിക്കലും ന്യായികരിക്കാന്‍ ആവില്ല. കാരുണ്യത്തിന്റെ പേരില്‍ മതപരമായ മുതലെടുപ്പ് നടത്തുന്നതും.)

Baiju Elikkattoor said...

ചിലപ്പോള്‍ അദ്വാനിജിയെ വിശുദ്ധനായല്ലെങ്കിലും ഒരു വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിക്കും എന്ന് വിശ്വസിക്കുന്നു. പവ്വുത്തില്‍ പിതാവിനോട് സഹതാപമേ തോന്നുന്നുള്ളൂ. അദ്ദേഹം 16 -അം നൂറ്റാണ്ടിലോ മറ്റോ ബിഷപ്പായിരിക്കേണ്ട ആളായിരുന്നു. കഷ്ടം!

Nish said...

1992ൽ അയോദ്ധ്യയിൽ വീണ തീപ്പൊരി,ഇന്നും ഈദിവസം കാശ്മീരിൽവരെ, ആളികത്തുന്നു.
==============================

1992 nu seshamaano kaashmiril prashnangal thudangiyathu??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

simy nazareth said...

മാര്‍ പവ്വത്തിലിനും അദ്വാനിക്കും കോമണ്‍ ആയി ഒരു കാര്യമുണ്ട്. അവര്‍ പ്രതിനിധീകരിക്കുന്ന (മലങ്കര സഭയ്ക്കും / ബിജെപ്പിയ്ക്കും) ഒരു പൊതു കാര്യം: രണ്ട് വിഭാഗവും സ്വയം സമൂഹത്തിന്റെ മേലേത്തട്ടായി കരുതുന്നു എന്നതാണ്. ബി.ജെ.പി. ബ്രാഹ്മണമേധാവിത്വമുള്ള പാര്‍ട്ടിയും പവ്വത്തിലിന്റേത് ക്രിസ്തീയ സഭകളിലെ മേലേത്തട്ടിലേത് എന്നു കരുതുന്ന സവര്‍ണ്ണ കൃസ്തീയ സഭയും.

ചിത്രകാരന്‍ സ്ഥിരം പറയുന്ന ബ്രാമ്മണ്യം, ബ്രാമ്മണ്യം, പക്ഷേങ്കില് അത് ഈ ഒരു കൂട്ടായ്മയില്‍ ഉണ്ട്.

Anonymous said...

Marxists in India are chinese spies.