Monday, June 30, 2008

ലാഭത്തിനു വളമിട്ട്, ദുരിതം കൊയ്ത്

പോലീസ് സ്റ്റേഷനില്‍ നിന്നാണ് വളം വിതരണം നടക്കുന്നത് എന്ന വാര്‍ത്ത കേട്ടാല്‍‍, നമുക്ക് മനസ്സിലാവുക അവിടെ എന്തോ ചില പ്രശ്നങ്ങളുണ്ട് എന്നാണ് . മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ കഴിഞ്ഞ ആഴ്ച അതാണ് നടന്നത്. ഇപ്പോഴും പോലീസ് അവിടെ ഉണ്ട്, വളംവിതരണ കേന്ദ്രങ്ങള്‍ക്കു മുന്നിലുള്ള വമ്പിച്ച ക്യൂ നിയന്ത്രിച്ചും മറ്റും. ഹിംഗോളിയിലും മറ്റു സ്ഥലങ്ങളിലും പോലീസിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ മാത്രമാണ് വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ സന്നദ്ധരാവുന്നത്. അതിനാല്‍ മാത്രമാണ് കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും വളം ലഭിക്കുന്നതും. പി.ഡി.എസ് എന്ന ചുരുക്കെഴുത്തിനു തികച്ചും പുതിയൊരു അര്‍ത്ഥം ലഭിക്കുകയാണ് , പോലീസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം.

നാന്ദെഡില്‍ മഴയ്ക്കു മുന്‍പേ വളംവിതരണം നടത്തണം എന്ന ആവശ്യമുന്നയിച്ച രോഷാകുലരായ കര്‍ഷകരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിടുകയായിരുന്നു. അകോലയിലും ഇതേ കാരണത്താല്‍ കനത്ത സുരക്ഷാ മുന്‍കരുതലുകളാണെടുത്തിട്ടുള്ളത്. ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒന്നിലേറെ കൃഷി ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ജോലിസ്ഥലത്തു നിന്നും ഓടിപ്പോകേണ്ടതായും വന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ലാത്തൂരിലും കര്‍ഷകരുടെ രോഷപ്രകടനമുണ്ടായി. അയല്‍ സംസ്ഥാനമായ കര്‍ണാടകമാകട്ടെ ഒരു കര്‍ഷകന്‍ വെടിയേറ്റു മരിച്ച കാരണത്താല്‍ ദേശീയശ്രദ്ധ നേടിയിരിക്കുകയുമാണ്. ആന്ധ്രയില്‍ മേദക്കിലും രംഗറെഡ്ഡിയിലും കര്‍ഷകര്‍ ജില്ലാ പരിഷത്ത് യോഗങ്ങളിലേക്ക് മാര്‍ച്ച് നടത്തുകയും, മറ്റു ജില്ലകളില്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു.

വിദര്‍ഭയിലെ പരുത്തി കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍, ജൈവ സാങ്കേതികവിദ്യയുടെ വിജയത്തെക്കുറിച്ചുള്ള ആഘോഷങ്ങള്‍ക്കിടയിലും, കര്‍ഷകര്‍ കൂട്ടം കൂട്ടമായി സോയാബീനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പരുത്തിയേക്കാള്‍ കൃഷിച്ചിലവു കുറച്ച് മതി സോയാബീനിന് എന്നതാണിതിനു കാരണം. ഇപ്പോഴത്തെ അവസ്ഥയിലെങ്കിലും, സോയാബീനിന് പരുത്തിയേക്കാള്‍ കുറച്ച് വളം മതി. എന്നിരുന്നാല്‍പ്പോലും മഴയ്‌ക്കു തൊട്ട് മുന്‍പ് , വിത്ത് വിതയ്ക്കു‌‌‌ന്ന സമയത്ത് വളം കൂടിയേ തീരൂ. മദ്ധ്യപ്രദേശിലെ ''സോയാക്കോപ്പ''യില്‍ ദൌര്‍ലഭ്യം കടുത്തതാണ്. എന്നുമാത്രമല്ല, അന്യ സംസ്ഥാനങ്ങളിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ സോയാബീനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

കാര്‍ഷിക സീസണിന്റെ പ്രശ്നങ്ങള്‍ നേരിടുവാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തിരുന്നില്ല എന്നു മാത്രമേ, ഏറ്റവും മിതമായ ഭാഷയില്‍ പറയാനാവൂ. ദൌര്‍ലഭ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വളരെ മുന്‍പെ തന്നെ നല്‍കിയിരുന്നതാണ്. വളത്തിന്റെ കാര്യത്തില്‍ മാത്രമല്ല വിത്തുകളുടെ കാര്യത്തിലും. മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിക്കുന്നത് ഗുജ്ജാര്‍ കലാപം മൂലം ചരക്ക് ഗതാഗതം തടസ്സപ്പെട്ടുവെന്നും അതാണ് ദൌര്‍ലഭ്യത്തിനു കാരണം എന്നുമാണ്. ഇതൊരു യഥാര്‍ത്ഥ കാരണമായിരിക്കാം എങ്കിലും വിതരണത്തില്‍ വന്ന 60% കുറവിനത് ന്യായീകരണമാകുന്നില്ല.

ഇപ്പോഴത്തെ പ്രതിസന്ധി നാം എങ്ങിനെയെങ്കിലും മറികടന്നാല്‍പ്പോലും വളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാവാനാണു പോകുന്നത്. സങ്കീര്‍ണ്ണങ്ങളായ നിരവധി ഘടകങ്ങള്‍ ഈ രംഗത്ത് ആധിപത്യമുറപ്പിക്കുകയാണ് . ധാന്യങ്ങളുടേയും ഭക്ഷ്യ സാധനങ്ങളുടേയും വിലയുടെ കാര്യത്തില്‍ സംഭവിച്ചതൊക്കെ വളത്തിന്റെ കാര്യത്തിലും സംഭവിക്കുകയാണ്. കൃഷിയെയും കോര്‍പ്പറേറ്റുകള്‍ കീഴടക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. 2008 ഏപ്രില്‍ 30 ലെ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ സൂചിപ്പിക്കുന്നതു പോലെ '' ലോകമാസകലം ഭക്ഷ്യകലാപങ്ങള്‍ നടക്കുമ്പോള്‍, വന്‍‌കിട കൃഷിക്കാര്‍ തികച്ചും വ്യത്യസ്തമായ ഒരു വെല്ലുവിളി നേരിടുകയാണ് : അതിഭീമമായ ലാഭം.'' Archer-Daniels-Midland Co. എന്ന ധാന്യ സംസ്‌ക്കരണ കമ്പനിക്ക് ധനകാര്യവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഉണ്ടായ കനത്ത 40% ലാഭവര്‍ദ്ധനയെയാണ് ഇതിനുദാഹരണമായി ജേര്‍ണല്‍ ചൂണ്ടിക്കാണിക്കുന്നത് . ഈ കാലയളവില്‍ ഗോതമ്പും, ചോളവും, സോയാബീനും മറ്റു ധാന്യങ്ങളും സംഭരിക്കുകയും, വിതരണവും വില്‍പനയും നടത്തുകയും ചെയ്യുന്ന അവരുടെ യൂണിറ്റിനു വരുമാനത്തില്‍ 7 മടങ്ങ് വര്‍ദ്ധനയുണ്ടായത്രെ.

വിത്തിന്റെയും ജൈവകീടനാശിനിയുടെയും രംഗത്തെ കുത്തകയായ മൊണ്‍സാന്റോയും (Monsanto) വളം നിര്‍മ്മാതാക്കളായ മൊസൈക്ക് കോ.( Mosaic Co. ) യും ഇത്തരത്തില്‍ വലിയ ലാഭം കഴിഞ്ഞ പാദത്തില്‍ നേടിയിട്ടുണ്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മനസ്സില്ലാമനസ്സോടെ എഴുതുന്നത് ശ്രദ്ധിക്കുക, ''ചില നിരീക്ഷകര്‍ പറയുന്നത് ധനികരായ നിക്ഷേപകര്‍ വലിയ ലാഭം പ്രതീക്ഷിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക ഉല്‍പന്ന കമ്പോളത്തില്‍ പണമൊഴുക്കിയിട്ടുള്ളതിനു അനുബന്ധമായി നടക്കുന്ന ധനപരമായ ഊഹക്കച്ചവടം വിലവര്‍ധനക്ക് കാരണമായിട്ടുണ്ട് '' എന്നാണ്. “കമ്മോഡിറ്റി ഫ്യൂച്ചര്‍ ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ കഴിഞ്ഞയാഴ്ച്ച വാഷിങ്ങ്ടണില്‍ വിലകള്‍ ഉയരുന്നതിന്റെ പിന്നില്‍ ഇന്‍ഡക്സ് ഫണ്ടുകളും മറ്റു ഊഹക്കച്ചവടക്കാരും വഹിക്കുന്ന പങ്കിനെക്കുറിച്ച് പരിശോധിക്കുവാന്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നേടത്തോളം എത്തി കാര്യങ്ങള്‍. സോയാബീന്‍, ചോളം, ഗോതമ്പ്, കന്നുകാലികള്‍, പന്നി എന്നിവയില്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ നടത്തിയിട്ടുള്ള മൊത്തം നിക്ഷേപത്തില്‍ 2007 വര്‍ഷത്തില്‍ 2006നെ അപേക്ഷിച്ച് 37 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടായി എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ചില പഠനങ്ങള്‍ ആധാരമാക്കി പറയുന്നത്. 37 ബില്യണ്‍ ഡോളര്‍ എന്നത് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് നല്‍കിയ കടാശ്വാസത്തിന്റെ ഇരട്ടിയിലുമധികം വരുന്ന തുകയാണ്.

ന്യൂയോര്‍ക്ക് ടൈംസ് പറയുന്നതാകട്ടെ ''വിരലിലെണ്ണാവുന്ന ചില വമ്പന്‍ സ്വകാര്യ നിക്ഷേപകര്‍ ആഗോള ഭക്ഷ്യ ആവശ്യകതയില്‍ വര്‍ദ്ധനവുണ്ടാകും എന്ന കണക്കുകൂട്ടലോടെ, ദീര്‍ഘകാലം കഴിഞ്ഞു മാത്രമേ മുടക്കുമുതല്‍ തിരിച്ചുകിട്ടുകയുള്ളൂ എന്ന് അറിഞ്ഞിട്ടും ഭയാശങ്കകളേതുമില്ലാതെ കൃഷിഭൂമി, വളം, ഷിപ്പിങ്ങ് ഉപകരണങ്ങള്‍ എന്നിവയിലൊക്കെ ഊഹാധിഷ്ഠിത നിക്ഷേപങ്ങള്‍ നടത്തിത്തുടങ്ങിയിട്ടുണ്ട്'' എന്നാണ്. ഒരു കമ്പനി അഞ്ച് ഡസനോളം വളം വിതരണകേന്ദ്രങ്ങളും നിരവധി ബാര്‍ജുകളും കപ്പലുകളുമടങ്ങുന്ന നാവിക വ്യൂഹവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ രംഗത്തെ ഭീമനായ ന്യൂയോര്‍ക്കിലെ ബ്ലാക്ക് റോക്ക് (BlackRock) എന്ന ഫണ്ട് ഗ്രൂപ്പ് ആകട്ടെ സബ് സഹാറന്‍ ആഫ്രിക്ക മുതല്‍ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങള്‍ വരെയുള്ള ഇടങ്ങളില്‍ കൃഷിസ്ഥലം വാങ്ങിക്കൂട്ടി കൃഷിക്കായി ദശലക്ഷക്കണക്കിനു ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണ്.''

വിശന്നുവലയുന്ന മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല ഒരു കാര്യമാണെന്ന കുത്തകകളുടെ വാദം ന്യൂയോര്‍ക്ക് ടൈംസും വാള്‍ സ്ട്രീറ്റ് ജേര്‍ണലും തീര്‍ച്ചയായും ആവര്‍ത്തിക്കുന്നുണ്ട്. ''ലോകത്തിനു കൂടുതല്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആവശ്യമായ ഒരു അവസരത്തില്‍ വന്‍‌കിട നിക്ഷേപകരുടെ ഇത്തരം നിക്ഷേപങ്ങള്‍ ഭക്ഷ്യ ഉല്‍പാദനത്തില്‍ കുതിപ്പുണ്ടാക്കും'' എന്ന് ന്യൂയോര്‍ക്ക് ടൈസിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നതാകട്ടെ കുത്തകകള്‍ക്ക് കിട്ടുന്ന വന്‍ ലാഭം പുത്തന്‍ സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ഉപയോഗിക്കുമെന്നുള്ളതിനാല്‍ അത് ആത്യന്തികമായി കര്‍ഷകരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമാകും എന്നാണ്. മോണ്‍സന്റോ പറയുന്നത് കൃഷി ചെയ്യുന്ന ഓരോ ഏക്കറില്‍ നിന്നും കൂടുതല്‍ വിളവു ലഭിക്കുന്ന തരം മെച്ചപ്പെട്ട തരം ജൈവവിത്തുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് അവര്‍ എന്നാണ്. അതെ അതെ..അവരൊക്കെയാണ് നല്ല മനുഷ്യര്‍, ശരിക്കും. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ കണ്ണില്‍( 2008 ജൂണ്‍ 10) വില്ലന്മാര്‍ വേറെ എവിടെയോ ആണ്. പ്രശ്നം ഉണ്ടാകുന്നത് ''ചൈനയും ഇന്ത്യയും ഇതുവരെയില്ലാത്ത തരത്തില്‍ വെട്ടി വിഴുങ്ങുകയും അങ്ങിനെ വില ഉയരുകയും'' ചെയ്യുന്നതില്‍ നിന്നാണത്രെ.

സംഗതി അല്പം സങ്കീര്‍ണ്ണമാണെങ്കിലും, അടിസ്ഥാന നിയമങ്ങള്‍ വളരെ ലളിതമാണ്. ഇന്ത്യയില്‍ നടക്കുന്ന സംവാദങ്ങള്‍ കൃഷിയുടെ ലാഭക്ഷമതയില്ലായ്മയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ തന്നെ, വമ്പന്‍ കോര്‍പ്പറേഷനുകള്‍ നേരെ മറിച്ച് ചിന്തിച്ചാണ് തങ്ങളുടെ നിക്ഷേപങ്ങള്‍ നടത്തുന്നത്. ഈ മേഖല അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നിലക്കാത്ത വമ്പന്‍ ലാഭം നല്‍കിയേക്കാവുന്ന സ്രോതസ്സാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് ഇതിനെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു '' ഭക്ഷ്യവസ്തുക്കള്‍ പൊന്നിനു തുല്യം, അതിനാല്‍ കൃഷിയില്‍ ബില്യണുകളുടെ നിക്ഷേപം'' (Food is gold, so billions invested in farming). നിങ്ങള്‍ക്ക് ടെലിവിഷനോ, വിമാനമോ, ആഢംബരകാറോ അങ്ങനെ പല വസ്തുക്കളും ഇല്ലെങ്കിലും ജീവിക്കാം, പക്ഷെ വെള്ളവും ഭക്ഷണവും ഇല്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാവുകയില്ല. രണ്ടാമത് പറഞ്ഞ ''വസ്തുവകകളില്‍'' ആണ് വമ്പന്‍ ബഹുരാഷ്ട്രകുത്തകകളുടെ ശ്രദ്ധ. ഇപ്പോള്‍ത്തന്നെ (അവര്‍ക്കുവേണ്ടി) കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികള്‍ നാം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ നമുക്ക് ഊഹിക്കുവാന്‍ പോലുമാകാത്ത അത്ര വലിയ സംഘര്‍ഷങ്ങളും, കഷ്ടപ്പാടും, അരാജകാവസ്ഥയും ആണ് ഈ നടപടികള്‍ മൂലം ഉണ്ടാകുവാന്‍ പോകുന്നത്.

ലോകത്തെവിടെയും വിഭവങ്ങളും, അസംസ്കൃതവസ്തുക്കളുമെല്ലം കോര്‍പ്പറേഷനുകള്‍ തങ്ങളുടേതാക്കുന്ന കാഴ്ചയാണ്‌ കാണുവാന്‍ കഴിയുന്നത്. കൃഷിഭൂമി, വെള്ളം, വളം,വിത്ത്‌, കീടനാശിനി അങ്ങിനെ പലതും. ഇതു മൊത്തം കൈക്കലാക്കുന്നതിലൂടെ നിങ്ങള്‍ ലോകതിന്റെ കുത്തിനു പിടിക്കുകയാണ് . ലോകത്തിലെ ഭക്ഷ്യപ്രശ്നം തങ്ങള്‍ എങ്ങിനെയാണ്‌ പരിഹരിക്കാന്‍ പോകുന്നത്‌ എന്നതിനെക്കുറിച്ചുള്ള പേപ്പറുകള്‍ കുത്തകകമ്പനികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്‌. അതേ, അവര്‍ അതില്‍ മുഴുകിയിരിക്കുകയാണ്‌.

ഇന്നിപ്പോള്‍ രാസവളങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉയരുന്ന എണ്ണ വില വളത്തിന്റെ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുന്നു. വിലവര്‍ദ്ധനവ് മൂലം വന്‍കിട എണ്ണ കുത്തകകള്‍ കൊയ്യുന്ന ലാഭം അത്രമാത്രം ഭീമമായതിനാല്‍, ഒരു വിന്‍ഡ് ഫാള്‍ പ്രോഫിറ്റ് ടാക്സ് (windfall profits tax) ചുമത്തുവാന്‍ അമേരിക്കന്‍ സെനറ്റില്‍ പോലും ഒരു നീക്കം നടത്തിയിരുന്നു. (ഇന്ത്യയില്‍ ആകട്ടെ അത്തരം ആവശ്യങ്ങള്‍ക്ക് മറുപടിയായി ഭാരം മുഴുവന്‍ ജനങ്ങളുടെ ചുമലിലേക്ക് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. ''വിലക്കയറ്റം എന്ന പ്രതിഭാസം മനസ്സിലാക്കി ക്ഷമയോടെ ഇരിക്കാനുള്ള ഉപദേശവും ലഭിച്ചിരുന്നു.) എന്തായാലും ആ നീക്കം സെനറ്റില്‍ തടയപ്പെട്ടു.

വര്‍ഷങ്ങളായി, ഭാരതത്തില്‍ വളം സബ്സിഡികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്കാണ്, കര്‍ഷകര്‍ക്കല്ല. (കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുകയായിരുന്നുവെങ്കില്‍ ഏത് വളം തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടാവുമായിരുന്നു.) ഊഹാധിഷ്ഠിത മൂലധനം, ഇതിനിടെ, ലോകമാസകലം കാര്‍ഷിക ചരക്കുകളുടെയും വളത്തിന്റെയും രംഗത്തേക്ക് തങ്ങളുടെ പ്രവര്‍ത്തനരംഗം മാറ്റിയിരിക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റിലെ മറ്റു മേഖലകളില്‍ വിലയിടിവോ അത്ര മെച്ചമല്ലാത്ത അവസ്ഥയോ ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ കാര്‍ഷിക ചരക്കുകളുടെ അവധി വ്യാപാരം നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നത്. ഗോതമ്പ് കുറെക്കാലം പൂഴ്ത്തിവെക്കപ്പെട്ടിരിക്കുകയായിരുന്നു. സ്വാഭാവികമായും വില ഉയര്‍ന്നു(ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു). ഇനി വളത്തിന്റെ ഊഴമാണ്. ഒരു ചാക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ (Di Ammonium Phosphate) ഔദ്യോഗിക വില 490 രൂപയാണ്. കരിഞ്ചന്തയില്‍ അത് വില്‍ക്കുന്നത് 600 രൂപയ്ക്കാണ്. ( ഈ വളത്തിന്റെ ആഗോള വിപണി കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായതിനാല്‍ ആഗോള വില ഏതാണ്ട് നാല് ഇരട്ടി വരും. അതുകൊണ്ട് തന്നെ ഇറക്കുമതി ലാഭകരമല്ല ) . നമ്മുടെ നാട്ടിലെ വളരെ കുറഞ്ഞ ഈ വില പോലും 15 കൊല്ലം മുന്‍പ് ഇവിടുണ്ടായിരുന്നതിന്റെ 3 ഇരട്ടിയാണ് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരു ദശകത്തിലുമേറെയായി കാര്‍ഷിക മേഖലയില്‍ നടത്തുന്ന പൊതു നിക്ഷേപം (public investment in agriculture) കുറഞ്ഞ് കുറഞ്ഞ് വരികയാണ്. ലോകബാങ്കിന്റേയും ഐ.എം.എഫിന്റേയും കുറിപ്പടി അനുസരിച്ച് നാം ഭക്ഷ്യവിളകളില്‍ നിന്നും നാണ്യവിളകളിലേക്ക് മാറുകയും കയറ്റുമതിയില്‍ ഊന്നിയുള്ള വളര്‍ച്ചയുടെ സ്തുതിഗീതങ്ങള്‍ പാടിനടക്കുകയും ആയിരുന്നു. ബുദ്ധിശൂന്യമായ രീതിയില്‍ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി ഒഴിവാക്കിയത് (ഡീറെഗുലേഷന്‍) കൃഷിയുടെ വിവിധ മേഖലകളില്‍, വിത്ത്, വളം -ബാക്കി നിങ്ങള്‍ തന്നെ ഊഹിക്കുക- കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുന്നതിനാണ് ഇടയാക്കിയത്. നാം നമ്മുടെ യൂണിവേഴ്സിറ്റികളെ സ്വകാര്യ കോര്‍പ്പറേഷനുകളുടെ പരീക്ഷണശാലകളാക്കി മാറ്റി. കൂടുതല്‍ കൂടുതല്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിനെ നാം പ്രോത്സാഹിപ്പിച്ചു. ദശലക്ഷക്കണക്കിനു കര്‍ഷകരുടെ നടുവൊടിക്കുന്ന തരത്തിലുള്ള കൃഷി രീതികളിലേക്ക് അവര്‍ പറിച്ചുനടപ്പെട്ടു. 1991ല്‍ വിദര്‍ഭയിലെ ജൈവേതര കൃഷി നടത്തുന്ന ഒരു കര്‍ഷകന് 2500 രൂപയ്ക്ക് ഒരേക്കറില്‍ കൃഷി ഇറക്കാമായിരുന്നു. രാസവസ്തുക്കളും, കീടനാശിനികളും ജൈവസാങ്കേതികവിദ്യയും എല്ലാം സമ്മേളിക്കുന്ന 'അത്ഭുത' കൃഷി രീതിയില്‍ ഇന്ന് അത് 13000 രൂപയോ അതിനു മുകളിലോ ആകുന്നു.

ഇങ്ങിനെ ഒരു വശത്ത് ചിലവുകള്‍ പടിപടിയായി വര്‍ദ്ധിക്കുമ്പോഴാണ് ഈ മേഖലയിലെ പൊതു നിക്ഷേപം കുറയ്ക്കുക വഴി കൃഷിക്കാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള രാഷ്ട്രത്തിന്റെ കഴിവ് നാം സ്വയം ഇല്ലാതാക്കിയത്. ഇതിനെ തുടര്‍ന്ന് നാം വായ്പാ സൌകര്യങ്ങള്‍ (ക്രെഡിറ്റ് ) പിന്‍‌വലിക്കുകയാണ്. ഒരു പക്ഷെ ഈ സീസണില്‍ വളം ലഭ്യമായേക്കും. എന്നാല്‍പ്പോലും, കടാശ്വാസാനന്തര കാലഘട്ടത്തില്‍ ഒട്ടേറെ കര്‍ഷകര്‍ പുതിയ ലോണുകള്‍ ലഭിക്കാത്ത അവസ്ഥയിലാണ്. ''ഞങ്ങള്‍ക്ക് ഭ്രാന്തൊന്നുമില്ല'' പ്രതിസന്ധി ബാധിച്ച മേഖലകളിലെ ബാങ്ക് മാനേജര്‍മാര്‍ പറയുന്നു. '' കര്‍ഷകനു പുതിയ വരുമാനമില്ല. ഉല്‍പന്നങ്ങള്‍ക്ക് നല്ല വിലയും ഇല്ല. പതിനായിരം രൂപ തിരിച്ചടക്കാന്‍ പറ്റാത്ത ഒരാള്‍ എങ്ങിനെയാണ് അതിന്റെ മൂന്നിരട്ടി വരുന്ന തുക തിരിച്ചടക്കാന്‍ പോകുന്നത്?'' അപ്പോള്‍പിന്നെ കടത്തിനായി കര്‍ഷകര്‍ ആരെയാവും ആശ്രയിക്കുക? കൃഷിക്കാവശ്യമായ വിത്തും വളവുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരനെ തന്നെ. അവരാണിപ്പോള്‍ ഗ്രാമീണ മേഖലകളിലെ അനൌപചാരിക വായ്പയുടെ പ്രധാന സ്രോതസ്സുകളായി മാറിക്കൊണ്ടിരിക്കുന്നത്. അതേ..ഓരോ പ്രതിസന്ധി ഘട്ടത്തിലും, അവശ്യ വസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റ് ലാഭം കുമിച്ചു കൂട്ടിയവര്‍ എന്ന ആരോപണം നേരിടുന്ന അവര്‍ തന്നെ !

വളത്തിന്റെ ദൌര്‍ലഭ്യം ഒരു പക്ഷെ ഉടനെ തീര്‍ന്നേക്കാം. എങ്കിലും പ്രതിസന്ധി അവസാനിക്കുകയില്ല. അതും ഇനി വരാന്‍ പോകുന്ന നിരവധി പ്രതിസന്ധികളും ലോകമുതലാളിത്തവും, ഇന്ത്യയില്‍ നമ്മളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നവയാണ്. നമ്മുടെ കാര്‍ഷികമേഖലയുടെ ജീവല്‍പ്രധാന ഘടകങ്ങളെ തകര്‍ത്തതുവഴി നാം ലക്ഷക്കണക്കിനു പേരുടെ ജീവിതോപാധിയേയാണ് ഇല്ലാതാക്കിയത്. ലോകമാസകലം കാര്‍ഷിക മേഖലകളില്‍ സംഭവിച്ച ദുരന്തത്തിന്റെ വഴിത്താരകളില്‍ തങ്ങളുടെ കാലടിപ്പാടുകള്‍പതിഞ്ഞിട്ടില്ലെന്നു സ്ഥാപിയ്ക്കുവാന്‍ ലോകബാങ്കും ഐ.എം.എഫും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് നാമിത് ചെയ്യുന്നത്. ലോകബാങ്കിലെ സാമ്പത്തിക വിദഗ്ദരുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു '' കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ മറ്റേതു മേഖലയിലേതിനേക്കാളും ഏറ്റവും കുറഞ്ഞത് രണ്ടുമടങ്ങെങ്കിലും അധികം പ്രയോജനം ചെയ്യും.(economic growth of the agriculture sector is at least twice as effective at reducing poverty as any other sector)''(വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, 2008 ജൂണ്‍ 10). ഭക്ഷ്യസാധനങ്ങളുടെ വില എന്തു കൊണ്ട് ഇനിയും മോശമാകും എന്ന് നാം ചിന്തിക്കുന്നേ ഇല്ല. പക്ഷെ കോര്‍പ്പറേഷനുകള്‍ക്ക് ആ ചിന്തയുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട് പറഞ്ഞതു പോലെ '' '' ഭക്ഷ്യവസ്തുക്കള്‍ പൊന്നിനു തുല്യം, അതിനാല്‍ കൃഷിയില്‍ ബില്യണുകളുടെ നിക്ഷേപം.'' ഒരു പക്ഷെ കൂടുതല്‍ കൃത്യമായത് “കൃഷി പിടിച്ചെടുക്കുന്നതില്‍” എന്ന പ്രയോഗമായിരിക്കും.

*

ശ്രീ പി. സായ്‌നാഥ് എഴുതിയ Fertilising profit, sowing misery എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: ഹിന്ദു

അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം psainath@vsnl.com.

Sunday, June 29, 2008

ഉന്നത വിദ്യാഭ്യാസ നയം: മെക്കാളെ മുതല്‍ പെട്രോഡ വരെ

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ പ്രധാനപുരോഗതി, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയാണ്. കൂടുതല്‍ ആളുകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളുണ്ടായി. 1994 ആയപ്പോഴേക്കും ഇന്ത്യയില്‍ 218 സര്‍വകലാശാലകളും 35 കല്‍പ്പിത സര്‍വകലാശാലകളും സ്ഥാപിക്കപ്പെട്ടിരുന്നു.

എന്നാല്‍ എണ്ണത്തിലുണ്ടായ ഈ വളര്‍ച്ച ഗുണത്തിലുണ്ടായില്ലെന്ന വിമര്‍ശനം ശക്തമായി. വിദ്യാഭ്യാസവും തൊഴില്‍ മേഖലയും തമ്മിലുള്ള പൊരുത്തക്കേട്, രാഷ്ട്രപുരോഗതിക്ക് മുതല്‍ക്കൂട്ടാവാത്ത പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഉന്നതവിദ്യാഭ്യാസം ഗുണപരമായി നിരവധി വെല്ലുവിളികള്‍ നേരിട്ടു. ഈ ഘട്ടത്തിലാണ് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെട്ടത്.

ദേശീയ വിദ്യാഭ്യാസം എന്ന ആശയത്തിന്, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോളം പഴക്കമുണ്ട്. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച വിദ്യാഭ്യാസസമ്പ്രദായത്തെ 'ദേശീയ വിദ്യാഭ്യാസ'ത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന വെല്ലുവിളിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭരണാധികാരികള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നത്. 1948 ജനുവരിയില്‍ നടന്ന അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഇപ്രകാരം പറഞ്ഞു:

"നിലവിലുള്ള വ്യവസ്ഥിതിയില്‍ അല്‍പ്പസ്വല്‍പ്പം വ്യതിയാനങ്ങള്‍ വരുത്തി, തുടര്‍ന്നുകൊണ്ടുപോകാനാണ് നാളിതുവരെയുള്ള ഉന്നതവിദ്യാഭ്യാസ സമ്മേളനങ്ങള്‍ ശ്രമിച്ചതെങ്കില്‍, ഇനിയുള്ള നാളുകളില്‍ അത് അപര്യാപ്തമായിരിക്കും. വലിയ മാറ്റം നടന്നു കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണം. ഇതിനായി വിപ്ലവാത്മകമായ ഇടപെടല്‍തന്നെ വേണ്ടിവരും.''

എന്നാല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ കൂടത്തിന് ഇത്തരത്തിലൂടെ വിപ്ലവാത്മക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായില്ല. ഇവിടെയുളള ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തിന്റെ മൂലധന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായിരുന്നു കോണ്‍ഗ്രസുകാര്‍.

1985 ലെ പുതിയ വിദ്യാഭ്യാസ നയം

1968 ലെ ദേശീയ വിദ്യാഭ്യാസനയത്തെ പുനഃപരിശോധിക്കാനും കാലോചിതമായി പരിഷ്കരിക്കാനും നടത്തിയ ശ്രമത്തിന്റെ ഫലമാണ് 1985 ലെ 'പുതിയ വിദ്യാഭ്യാസനയം' ജാതി, വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള തുല്യഅവസരം സൃഷ്ടിക്കുന്നതിനാണ് പുത്തന്‍ വിദ്യാഭ്യാസ നയം ഊന്നല്‍ നല്‍കിയത്. 15- 35 പ്രായക്കാര്‍ക്കിടയിലുള്ള നിരക്ഷരത സമ്പൂര്‍ണമായി തുടച്ചുനീക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് പുത്തന്‍ വിദ്യാഭ്യാസനയം ഊന്നല്‍ നല്‍കിയിരുന്നു. നവ സാക്ഷരരെ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യം ഈ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിച്ചിരുന്നു.

14 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികളെയും സ്കൂളുകളിലേക്ക് ആകര്‍ഷിക്കണമെന്നും അധ്യയനത്തില്‍ തുടരാന്‍ പ്രേരിപ്പിക്കണമെന്നും പുത്തന്‍ വിദ്യാഭ്യാസനയം നിഷ്കര്‍ഷിക്കുന്നുണ്ട്. സാര്‍വത്രിക പ്രൈമറി വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ എത്രയും പെട്ടന്ന് എത്തിച്ചേരാനുള്ള നിര്‍ദേശങ്ങളാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രധാന ഉള്ളടക്കം. ഹയര്‍ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം പ്രധാനമായും തൊഴിലധിഷ്ഠിതമായിരിക്കണമെന്നും 1995 ആകുമ്പോഴേക്കും ഹയര്‍ സെക്കന്ററി തലത്തില്‍ 25% കോഴ്സുകള്‍ ഇതിനനുയോജ്യമായ വിധം പുന:സംവിധാനം ചെയ്യണമെന്നുമുള്ള നിര്‍ദേശം പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ്.

രാജ്യത്തെ 150 ലേറെ സര്‍വകലാശാലകളെയും 5000 ത്തോളം കോളേജുകളേയും നാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള അടിയന്തര ശ്രമങ്ങള്‍ക്ക് എന്‍ ഇ പി ആഹ്വാനം ചെയ്യുന്നു. 'അഫിലിയേറ്റഡ് കോളേജുകള്‍' എന്ന അമിതഭാരത്തില്‍നിന്ന് സര്‍വകലാശാലകളെ മുക്തമാക്കി, ഘട്ടം ഘട്ടമായി അവയെ ആട്ടോണമസ് കോളേജുകളാക്കി മാറ്റണമെന്ന നിര്‍ദേശവും എന്‍ ഇ പിയിലുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തിനുള്ള പ്രാധാന്യം തീരെ കുറഞ്ഞിരിക്കുന്നുവെന്നും ഈ സ്ഥിതി മാറി ഗവേഷണത്തിനര്‍ഹമായ ഊന്നല്‍ നല്‍കണമെന്നുമുള്ളതാണ് മറ്റൊരു നിര്‍ദേശം. ഗവേഷണത്തിനായി സ്വയം ഭരണസംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ സ്ഥാപനങ്ങള്‍ തുറക്കുക, ഓപ്പണ്‍ യൂണിവേഴ്സിറ്റികള്‍, റൂറല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയനുസരിച്ച് പിന്നോക്കമേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, സാങ്കേതികവിദ്യ, മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനം നല്‍കുന്ന കോഴ്സുകള്‍ക്ക് രൂപം നല്‍കുക എന്നിങ്ങനെ എന്‍ ഇ പിയില്‍ നിരവധി നിര്‍ദേശങ്ങള്‍ കാണാം.

സാംസ്കാരികമായ കാഴ്ചപ്പാടുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഭാഷകള്‍, പുസ്തകങ്ങള്‍, ലൈബ്രറികള്‍, വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, വിദ്യാഭ്യാസവും പരിസ്ഥിതി സംരക്ഷണവും, ശാസ്ത്ര ഗണിത ബോധനം, കായികവിദ്യാഭ്യാസം, സമഗ്രമൂല്യനിര്‍ണയനം എന്നിങ്ങനെ നിരവധിവിഷയങ്ങള്‍ ഈ രേഖയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 1976 ലാണ് വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റില്‍ ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസപ്രക്രിയയില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താനുള്ള നരവധി നിര്‍ദേശങ്ങള്‍ എന്‍ ഇ പി രേഖയില്‍ക്കാണാം. വിദ്യാഭ്യാസത്തിനാവശ്യമായ വിഭവം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍, ഗുണഭോക്താക്കളില്‍നിന്ന് ധനസമാഹരണം നടത്തുന്നതിനെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും എന്‍ ഇ പിയില്‍ സൂചനയുണ്ട്.

1968 ലെ ദേശീയവിദ്യാഭ്യാസരേഖയുടെ തുടര്‍ച്ചയായാണ് 1985 ലെ പുത്തന്‍ വിദ്യാഭ്യാസനയം രൂപം കൊണ്ടത്. 1991 ല്‍ അധികാരത്തില്‍ വന്ന നരസിംഹറാവു സര്‍ക്കാര്‍ 85 ലെ എന്‍ ഇ പി സമഗ്രമായി പരിശോധിക്കാന്‍ തീരുമാനിച്ചു. ആചാര്യ രാമമൂര്‍ത്തി കമ്മിറ്റിയെ ഇതിനായി നിയോഗിക്കുകയും ചെയ്തു. എന്‍ ഇ പിയുടെ ഭാഗമായി, രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ സ്ഥാപിച്ച 'നവോദയവിദ്യാലയ'ങ്ങള്‍ ഒരു പറ്റം വരേണ്യരെ സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ എന്ന കാഴ്ചപ്പാടാണ് രാമമൂര്‍ത്തി കമ്മിറ്റി മുന്നോട്ട് വെച്ചത്. ശൈശവ വിദ്യാഭ്യാസമേഖലയില്‍ ഇടപെടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട അധികാരവികേന്ദ്രീകരണത്തിനാണ് രാമമൂര്‍ത്തി കമീഷന്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത്. തൊഴിലധിഷ്ഠിതവിദ്യാഭ്യാസം, സാര്‍വത്രിക വിദ്യാഭ്യാസം, വിദ്യാഭ്യാസ മേഖലയിലെ അധികാര വികേന്ദ്രീകരണം എന്നീ മൂന്ന് മേഖലകളിലാണ് കമീഷന്‍ പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

വിദ്യാഭ്യാസത്തിലെ ജനപങ്കാളിത്തം ഇതര വകുപ്പുകളുമായി വിദ്യാഭ്യാസവകുപ്പിനെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ചെല്ലാം കമീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ട്. എന്നാല്‍ ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളൊന്നും രാമമൂര്‍ത്തി കമീഷന്‍ പങ്കുവെക്കുന്നില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് യോജ്യമായ ഒരു ഘടന നിര്‍ദേശിച്ചതുമാത്രമാണ് ഈ മേഖലയിലെ കമീഷന്റെ സംഭാവന.

ദേശീയ വിജ്ഞാന കമീഷന്‍

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ ഗവണ്‍മെന്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അധികാരത്തില്‍ വന്നത്. വിദ്യാഭ്യാസ മേഖലയില്‍ ബി ജെ പി തുടങ്ങിവെച്ച 'കാവിവല്‍ക്കരണം' അവസാനിപ്പിച്ച്, അതിന്റെ സെക്കുലര്‍ ഉള്ളടക്കം വീണ്ടെടുക്കുക, സാമൂഹ്യമായി ഭ്രഷ്ടരാക്കപ്പെട്ട ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് യു പി എ ഗവണ്‍മെന്റിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും യു പി എ ഗവണ്‍മെന്റ് പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല വിദ്യാഭ്യാസ മേഖലയെ ഒരു വലിയ കമ്പോളമാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് യു പി എ ഗവണ്‍മെന്റ് ഗതിവേഗം നല്‍കി. സാം പെട്രോഡയുടെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട 'ദേശീയ വിജ്ഞാന കമീഷനും' അതിന്റെ നിര്‍ദേശങ്ങളും ഇതാണ് തെളിയിക്കുന്നത്. സാം പെട്രോഡയെ കൂടാതെ ഡോ. ആഗോയ് ഗാംഗുലി, ഡോ. പി ബലറാം, ഡോ. ദീപക് നക്വാര്‍, ഡോ. ജയതിഘോഷ്,
ശ്രീ നന്ദന്‍ നീലകനി, ഡോ. സുജാത റാംദുരൈ എന്നിവരും ഈ സമിതിയിലുണ്ട്. കമീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസമേഖലയിലെ വിവിധ സമിതികളും സമൂഹത്തിലെ നാനാതുറകളിലുള്ളവരും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് അന്തിമരൂപത്തിലെത്തിയിട്ടില്ലെങ്കിലും, സമിതിയുടെ നിര്‍ദേശങ്ങള്‍ സമൂഹത്തിലെ ഏതുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന കാര്യം ഇതിനകം വെളിപ്പെട്ട് കഴിഞ്ഞു.

ദേശീയ വിജ്ഞാന കമീഷന്റെ നിര്‍ദേശങ്ങള്‍ പ്രധാനമായും അഞ്ച് മേഖലകളിലായാണ് ക്രോഡീകരിച്ചിരിക്കുന്നത്.

1. പ്രാപ്യത 2. സങ്കല്‍പ്പനങ്ങള്‍ 3. സൃഷ്ടി 4. പ്രയോഗക്ഷമത 5. സേവനം

ഈ മേഖലകളുടെ സമഗ്രമാ യ വികസനത്തിലൂടെ മാത്രമേ, രാജ്യത്തെ വിജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയൂ. വികസിച്ചുവരുന്ന വിജ്ഞാനസമൂഹവും അതുമായി ബന്ധപ്പെട്ട അവസരങ്ങളും പുതിയ ചില വെല്ലിവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രത്തിന്റെഭാവി മുഖ്യമായും വിജ്ഞാനത്തിന്റെ തുടര്‍ച്ചയായ ഉല്‍പ്പാദനത്തെയും പ്രയോഗത്തെയും ആശ്രയിച്ചിരിക്കും. കമീഷന്റെ മുഖ്യശുപാര്‍ശകളെ താഴെക്കാണും വിധം ക്രോഡീകരിക്കാം.

1. വിജ്ഞാനവുമായി ബന്ധപ്പെട്ട് 21 ാം നൂറ്റാണ്ടില്‍ വളര്‍ന്നുവരുന്ന വെല്ലിവിളികളെ നേരിടാനും ഇക്കാര്യത്തില്‍ സമൂഹത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കാനും കഴിയണം.

2. ശാസ്ത്രസാങ്കേതിക മണ്ഡലങ്ങളിലെ വിജ്ഞാനോല്‍പ്പാദനം ത്വരിതപ്പെടുത്തുക.

3. ബൌദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ കഴിയും വിധം വിജ്ഞാനോല്‍പ്പാദനം നടത്തുന്ന സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കുക.

4. കൃഷിയിലും വ്യവസായത്തിലും വിജ്ഞാനത്തിന്റെ പ്രയോഗം ഉറപ്പുവരുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.

5. ഗവണ്‍മെന്റിനെ സുതാര്യവും കാര്യക്ഷമവും പൌരന്മാരോടുള്ള ബാധ്യത നിറവേറ്റുന്നതുമായ ഒരു സംവിധാനമാക്കി മാറ്റാന്‍ വിജ്ഞാനശേഷി പ്രയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുക. വിജ്ഞാനത്തിന്റെ വ്യാപകമായ പങ്കുവെപ്പിലൂടെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടം പരമാവധിയാക്കാനുള്ള ശ്രമത്തെ പ്രോല്‍സാഹിപ്പിക്കുക.

എന്താണ് വിജ്ഞാനം?

ദേശീയ വിജ്ഞാന കമീഷന്റെ നിര്‍ദേശങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിന് മുമ്പ് 'വിജ്ഞാനം' എന്ന വാക്കിന് ആഗോളവല്‍ക്കരണ കാലത്ത് കൈവന്നിട്ടുള്ള സവിശേഷമായ അര്‍ഥമെന്താണെന്ന് ആലോചിക്കേണ്ടതുണ്ട്. വിവരസാങ്കേതിക വിദ്യയുടെ ഘട്ടത്തിലാണ് 'വിജ്ഞാനം' എന്ന വാക്ക് സവിശേഷമായ അര്‍ഥത്തോടെ പ്രയോഗിക്കാനാരംഭിച്ചത്. അധ്യാപകന്റെ സഹായമില്ലാതെതന്നെ വിദ്യാര്‍ഥിക്കാവശ്യമുള്ള 'ജ്ഞാനം' വിവരസാങ്കേതികവിദ്യയിലൂടെ ലഭ്യമാവുന്നു എന്നതാണ് ഇതിന്റെ സവിശേഷതയായി ഗണിക്കുന്നത്. എന്നാല്‍ വിജ്ഞാനത്തിന്റെ അളവറ്റതെന്ന് പറയുന്ന ഈ ലഭ്യത സമൂഹത്തിലെ കീഴാളജനതയ്ക്ക് ബാധകമാണെന്ന് ആരും കരുതേണ്ട. 'വിജ്ഞാനം' വിവരസാങ്കേതിക വിദ്യയിലൂടെ പണം കൊടുത്തു വാങ്ങാന്‍ കഴിവുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാത്തവര്‍ക്ക് അതിന്റെ പൊട്ടും പൊടിയും മാത്രമേ ഇന്റര്‍നെറ്റ് വഴി ലഭ്യമാകൂ. ഇവിടെ വിജ്ഞാനം സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള ഇന്ധനമായിത്തീരുന്നില്ല. മറിച്ച്, വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ കഴിയുന്ന ഒരു ചരക്കായി അത് സ്വയം നിര്‍വചിക്കുന്നു. 'വിജ്ഞാനം' 'വിലപ്പെട്ട' ഒന്നായിത്തീര്‍ന്നതോടെ അതിന്റെ മോഷണവും അധോലോകക്കൈമാറ്റവും വ്യാപകമായിട്ടുണ്ട്. ബൌദ്ധികസ്വത്തവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചയും മറ്റും ഈ സന്ദര്‍ഭത്തിലാണ് പ്രസക്തമാകുന്നത്. ആദിവാസികളുടെയും മറ്റ് ദേശവാസികളുടേയും പരമ്പരാഗതമായ അറിവ് കട്ടെടുത്ത്, വലിയ വിലയ്ക്ക് 'മാര്‍ക്കറ്റ്' ചെയ്യുന്ന വ്യവസായം ഇന്ന് വ്യാപകമാണ്. അറിവിന്റെ കേന്ദ്രീകരണം ദേശരാഷ്‌ട്രങ്ങളെ ദുര്‍ബലപ്പെടുത്തന്നതിലേക്ക് നയിച്ചിരിക്കുന്നു. എല്ലാ വിജ്ഞാനവും മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്ത് ലാഭം വര്‍ധിപ്പിക്കാനുള്ള മുതലാളിത്തത്തിന്റെ ഉപാധികളായിത്തീര്‍ന്നിട്ടുണ്ട്.

മികച്ച പ്രകടനമെന്ന മിഥ്യ

സര്‍വകലാശാലകളെ, താരതമ്യം ചെയ്യുകയും അതിനനുസരിച്ച് ഗ്രേഡ് ചെയ്യുകയും ചെയ്യുന്ന സമ്പ്രദായം ആഗോളതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സര്‍വകലാശാലകളെ പലനിലവാരങ്ങളില്‍ ക്രമീകരിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. അധ്യാപകര്‍ അറിവും സിദ്ധികളും നല്‍കുന്നവരും വിദ്യാര്‍ഥികള്‍ അത് പണം കൊടുത്തു സമ്പാദിക്കുന്നവരുമാണെന്ന കാഴ്ചപ്പാടാണ് പലപ്പോഴും ക്രെഡിറ്റ് സമ്പ്രദായത്തിന്റെ പേരില്‍ നടപ്പാക്കപ്പെടുന്നത്. വിദ്യാര്‍ഥികള്‍ വലിയ ശമ്പളം പറ്റുന്ന സോഫ്റ്റ് വെയര്‍ കമ്പനികളിലോ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ കയറിപ്പറ്റുന്നതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ന്നതായി പരിഗണിക്കപ്പെട്ടു. ഇത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ വളരെ കുറച്ചെണ്ണം മാത്രമേ നിലവാരമുള്ളതായി പരിഗണിക്കപ്പെടുന്നുള്ളൂ.

ഇതിനുബദലായ ഒരു വിദ്യാഭ്യാസ ദര്‍ശനത്തിന്റെ സാധ്യതപോലും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നുള്ളത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. 'അധ്യാപകരും വിദ്യാര്‍ഥികളും ഒരു സമൂഹത്തിലെ ജനങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി ഏര്‍പ്പെട്ടിരിക്കുന്ന ഒരു പ്രവര്‍ത്തനമായി വിദ്യാഭ്യാസത്തെ കാണാന്‍ കഴിയണമെന്ന് പ്രഭാത് പട്നായിക്ക് സൂചിപ്പിക്കുന്നുണ്ട്. "അടിസ്ഥാനപരമായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആശയങ്ങളുടെ കളിത്തൊട്ടിലാണ്. ഏതു സമൂഹവും ഒരു കൂട്ടം സംശയങ്ങളിലാണ് അതിജീവിക്കുന്നത്. ഈ ആശയങ്ങള്‍ അടിസ്ഥാനപരമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളിലാണ്. ഈ ആശയങ്ങള്‍ അനിവാര്യമാകുന്നത് ഒമ്പതുശതമാനവും പത്തുശതമാനവും വളര്‍ച്ചാനിരക്ക് ഉണ്ടാകാന്‍ മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ഈ ആശയങ്ങള്‍ അനിവാര്യമാണ് എന്നതാണ് കാര്യം.''

കൊളോണിയല്‍ കാലഘട്ടത്തില്‍ത്തന്നെ ഇന്ത്യന്‍ സര്‍വകലാശാലകളില്‍നിന്ന് രൂപപ്പെട്ട 'സ്വതന്ത്ര്യം' എന്ന ആശയം, ഇന്ത്യ എന്ന രാഷ്‌ട്രത്തിന്റെ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുകയുണ്ടായതായും പട്നായിക്ക് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും അവരെ കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി ഒരുക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയാണ് ഗ്രാംഷി 'ജൈവബുദ്ധി ജീവികള്‍' എന്ന് വിളിക്കുന്നത്. സാമൂഹ്യ പുരോഗതിയിലേക്ക് നയിക്കുന്ന നിര്‍മാണാത്മകദൌത്യം ഏറ്റെടുക്കുന്നതിനുപകരം, ആഗോളതകള്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുന്ന മനുഷ്യവിഭവത്തെ സൃഷ്ടിക്കലാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് വരുന്നത് ഇരുണ്ട ഭാവിയുടെ സൂചനയായിത്തന്നെ കാണണം.

പ്രായോഗികതലത്തില്‍, വിജ്ഞാനത്തിന് പൊതുവായ ഒരര്‍ത്ഥമല്ല വിദ്യാഭ്യാസനയങ്ങളില്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസനയങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും ചില പ്രത്യേകതരം വിജ്ഞാനത്തെ മാത്രം സ്വീകരിക്കുകയും മറ്റുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു. അതായത് ദേശീയ വിജ്ഞാന കമീഷന്‍ സൂചിപ്പിക്കുന്നതുപോലുള്ള അമൂര്‍ത്തവും നിഷ്പക്ഷവുമായ ഒരു വിജ്ഞാനമില്ല. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുഗുണമല്ലാത്ത വിജ്ഞാനത്തെ പാഠ്യപദ്ധതിക്ക് പുറത്തുനിര്‍ത്താന്‍ ഭരണവര്‍ഗം എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിന്റെ സാധൂകരണമായാണ് വിദ്യാഭ്യാസനയങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും രൂപപ്പെടുന്നത്. സാമ്പത്തികമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ടവരില്‍ സാമ്പത്തികാഭിവൃദ്ധി, സാമൂഹികമുന്നേറ്റം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ എന്നിവയുടെ സ്വപ്നം ഉണര്‍ത്തിക്കൊണ്ട് വിജ്ഞാനത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

വിജ്ഞാനമേഖലകള്‍ തമ്മിലുള്ള കൃത്രിമമായ വിഭജനം, സാമൂഹ്യപ്രശ്നങ്ങളില്‍നിന്ന് അവര്‍ക്ക് കല്‍പ്പിക്കപ്പെടുന്ന അകലം എന്നിവയിലെല്ലാം വര്‍ഗതാല്‍പ്പര്യം ഒളിഞ്ഞിരിപ്പുണ്ട്. പഠിച്ചിട്ട് കാര്യമുള്ള കോഴ്സുകള്‍, കാര്യമില്ലാത്ത കോഴ്സുകള്‍ എന്ന വേര്‍തിരിവിലുമുണ്ട് ഈ വര്‍ഗപരമായ ഉള്ളടക്കം. കരിയറിസത്തിന് ദേശീയ വിജ്ഞാനക്കമീഷന്‍ നല്‍കുന്ന അമിതപ്രധാന്യം, ഈ വര്‍ഗതാല്‍പ്പര്യത്തെ മറനീക്കിക്കാണിക്കുന്നുണ്ട്. ഇംഗ്ളീഷ് ഭാഷാപഠനവും കമ്പ്യൂട്ടര്‍ പരിശീലനവും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ നിന്നുതന്നെ തുടങ്ങണമെന്ന പെട്രോഡയുടെ നിര്‍ദേശം തൊഴില്‍ സമ്പാദിക്കാന്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതും അതുവഴി, തൊഴിലെന്ന പ്രലോഭനത്തിലൂടെ സമൂഹത്തിലെ കീഴാളവര്‍ഗത്തിന്റെ സമരോല്‍സുകതയെ തകര്‍ക്കുന്നതുമാണ്. "തൊഴിലധിഷ്ഠിത മനോഭാവം എത്രത്തോളം കൂടുന്നോ, അത്രത്തോളം ഒരു വിദ്യാര്‍ഥിയുടെ സമരോത്സുകത കുറഞ്ഞിരിക്കുമെന്ന'' ചാള്‍സ് സില്‍ബര്‍മാന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്.

മുതലാളിത്ത സമൂഹത്തില്‍, ശാസ്ത്രം "അധ്വാനത്തില്‍നിന്ന് വ്യതിരിക്തവും മൂലധനത്തെ സേവിക്കാന്‍ നിര്‍ബന്ധിതവുമായ ഒരുല്‍പ്പാദനശക്തിയായി മാറുന്നു.'' എന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്.

"കുത്തകമുതലാളിത്തത്തിന്റെ ഘട്ടത്തില്‍ ശാസ്ത്രീയഗവേഷണം മുമ്പെന്നത്തേക്കാളുമേറെ സുസംഘടിതമായിരിക്കും. പക്ഷെ അതിന്റെ ലക്ഷ്യം സ്വകാര്യലാഭമായിരിക്കും. അതിന്റെ സേവനങ്ങള്‍ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത് , യുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും. പ്രകൃതിശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന പരിശീലനം വളരെ കൂടുതല്‍ വിഭാഗീകരിക്കപ്പെടുന്നതുമൂലം അവര്‍ക്ക് പ്രകൃതിശാസ്ത്രത്തെക്കുറിച്ച് മൊത്തത്തിലുള്ള സൈദ്ധാന്തികജ്ഞാനം ആര്‍ജിക്കാന്‍ കഴിയാതെ വരുന്നു. മാത്രവുമല്ല, മനുഷ്യസമൂഹ പഠനത്തെക്കുറിച്ച് യാതൊരു പരിശീലനവും അവര്‍ക്ക് ലഭിക്കുന്നുമില്ല. മറുവശത്ത് സാമൂഹ്യപഠനവും ചരിത്രപഠനവും പരസ്പരം വേര്‍തിരിഞ്ഞ് നില്‍ക്കുന്നു. രണ്ടും പ്രകൃതിശാസ്ത്രങ്ങളില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നു. ബൂര്‍ഷ്വാ വിദ്യാഭ്യാസ വ്യവസ്ഥയില്‍ പ്രകൃതിയെ കുറിച്ചുള്ള പഠനവും മനുഷ്യനെക്കുറിച്ചുള്ള പഠനവും തമ്മില്‍ നിലനില്‍ക്കുന്ന ഈ വൈരുധ്യം, ശാസ്ത്രത്തെ ഒരുല്‍പ്പാദനശക്തിയായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മൂലധനവും അധ്വാനവും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ഥരൂപം മറച്ചുവെക്കേണ്ടതിന്റെ ആവശ്യകതയും തമ്മില്‍ ബൂര്‍ഷ്വാ മനഃസാക്ഷിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്''. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റായ ജോര്‍ജ് തോംസന്റെ ഈ നിരീക്ഷണം കരിയറിസത്തിന്റെ സൈദ്ധാന്തിക മാതൃകയിലേക്കാണ് വെളിച്ചം വീശുന്നത്.

ചെലവുകുറഞ്ഞ അധ്വാനശക്തി, സ്വകാര്യമുതലാളിമാരുടെ ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിച്ചു നല്‍കുന്ന സ്ഥാപനങ്ങളായി സര്‍വകലാശാലകള്‍ ഇന്ന് അധ:പതിച്ചിരിക്കുന്നു. ഇതുമൂലം മുമ്പൊരിക്കലുമില്ലാതിരുന്ന തരത്തില്‍ വിദ്യാഭ്യാസം തൊഴില്‍മേഖലയുടെ നിയന്ത്രണത്തിന് കീഴിലായിരിക്കുന്നു. വിപണിയില്‍ കൈമാറ്റമൂല്യമുള്ള വിജ്ഞാനത്തിന് പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതി നയങ്ങള്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ കൂടുതല്‍ സ്വാധീനിച്ചുവരുന്നു. മാനേജ്‌മെന്റ് തന്ത്രങ്ങള്‍ എന്ന പേരില്‍ ഏകാധിപത്യപ്രവണതകള്‍ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. Human Resource Management, Time Management എന്നിങ്ങനെയുള്ള നിരവധി പ്രവണതകള്‍ പാഠ്യപദ്ധതിയിലേക്കും അധ്യാപക പരിശീലനങ്ങളിലേക്കും കടന്നുവന്നിരിക്കുന്നു. വിദ്യാഭ്യാസത്തെ കേവലം തൊഴില്‍ പരിശീലനമായി തരംതാഴ്ത്തിയിരിക്കുന്നു. സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഒരുല്‍ക്കണ്ഠയും പുലര്‍ത്താത്ത ഉപകരണാത്മകയുക്തിയാണ് ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരമായി പ്രമാണികയുക്തിയുടെ പിന്‍ബലമുള്ള വിമര്‍ശനാത്മകചിന്ത രൂപപ്പെട്ട് വരേണ്ടതുണ്ട്. ചോദ്യം ചെയ്യാനും ആധിപത്യത്തെ വെല്ലുവിളിക്കാനും വിദ്യാര്‍ഥികളെ തയ്യാറെടുപ്പിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയാണ് വിമര്‍ശനാത്മ ബോധനശാസ്ത്രം. അതിന്റെ സാധ്യതകളിലേക്ക് സമൂഹത്തെ നയിക്കാനുള്ള ബാധ്യതയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത് ബുദ്ധിജീവികള്‍ ഏറ്റെടുക്കേണ്ടത്.

ദേശീയ വിജ്ഞാന കമീഷന്റെ പ്രവര്‍ത്തനത്തിലെ ഏകാധിപത്യ പ്രവണതകള്‍ ഇതിനകം തന്നെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുമായിപ്പോലും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ തീര്‍ത്തും അലസമായിത്തയ്യാറാക്കിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന പരാതി വ്യാപകമാണ്. ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസമേഖലയ ആഴത്തില്‍ പഠിക്കാനുള്ള ഒരു ശ്രമവും കമീഷന്‍ നടത്തിയതായിക്കാണുന്നില്ല. ഉന്നത വിദ്യാഭ്യാസമേഖലയെ സ്വകാര്യവല്‍ക്കരിക്കാനും സ്വകാര്യ, വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് ഇന്ത്യയില്‍ അവസരമൊരുക്കാനും അതുവഴി ഗവണ്‍മെന്റിന്റെ പങ്കാളിത്തം പൂര്‍ണമായി നിരാകരിക്കാനുമുള്ള നിര്‍ദേശങ്ങളാണ് കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. വേണ്ടത്ര തെളിവുകളോ യുക്തിപൂര്‍ണമായ പിന്തുണയോ ഇല്ലാതെയാണ് പല നിര്‍ദേശങ്ങളും മുമ്പോട്ട് വെക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2015 ആകുമ്പോഴേക്കും ഇന്ത്യയില്‍ 1500 സര്‍വകലാശാലകള്‍ വേണ്ടി വരുമെന്ന കണ്ടുപിടിത്തം! ചരിത്രപരമായി വസ്തുതകളെ കാണുന്ന രീതിതന്നെ കമീഷന്‍ കയ്യൊഴിഞ്ഞിരിക്കുന്നതുകൊണ്ട്, വസ്തുനിഷ്ഠമായ ഒരു പ്രശ്നത്തെപ്പോലും കണ്ടെത്താന്‍ കഴിയാതെ പോയി. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ജെ ബി ജി തിലക് "ചരിത്ര നിരപേക്ഷമായ റിപ്പോര്‍ട്ട്'' എന്നു തന്നെയാണ് ദേശീയ വിജ്ഞാനകമീഷന്റെ റിപ്പോര്‍ട്ടിനെ വിലയിരുത്തിയിട്ടുള്ളത്.

ഇതിനുമുമ്പുണ്ടായിട്ടുള്ള വിദ്യാഭ്യാസകമീഷനുകളുടെ നിര്‍ദേശങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും ഈ റിപ്പോര്‍ട്ടില്‍ ഇടം കണ്ടെത്തിയിട്ടില്ല. 1985- 86 ആകുമ്പോഴേക്കും ദേശീയവരുമാനത്തിന്റെ 6% വിദ്യാഭ്യാസത്തിന് വേണ്ടി നീക്കിവെക്കണമെന്നും ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്നുമുള്ള കോത്താരി കമീഷന്റെ ശുപാര്‍ശയെ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് പറയാനെങ്കിലും പെട്രോഡ കമീഷന് ബാധ്യതയുണ്ട്. സര്‍വകലാശാലകള്‍ പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും സര്‍ഗാത്മകമാകാനുമുള്ള ശേഷി നേടേണ്ടതുണ്ട് എന്ന നിര്‍ദേശം എത്രയോ കാലമായി നിലനില്‍ക്കുന്നതാണ്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇപ്പോഴും ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇതിനുള്ള കാരണങ്ങള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നിതിന് പകരം നിലവിലുള്ള സര്‍വകലാശാലാ ചട്ടങ്ങളില്‍ വേണ്ടത്ര അയവുവരുത്താനും 'പരിഷ്കാര'ങ്ങള്‍ വരുത്താനുമാണ് കമീഷന്റെ ശുപാര്‍ശ.

യൂണിവേഴ്സിറ്റികള്‍ 'രാഷ്ട്രീയവല്‍ക്കരിക്ക'പ്പെടുന്നതിനെക്കുറിച്ച് കമീഷന്‍ വലിയ ആധി പുലര്‍ത്തുന്നുണ്ട്. യൂണിവേഴ്സിറ്റികളുടെ മോശപ്പെട്ട പ്രവര്‍ത്തനത്തിന് കാരണമായി പെട്രോഡ കണ്ടെത്തുന്നത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും രാഷ്ട്രീയപ്രവര്‍ത്തനവും സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ ഭരണസമിതികളുടെ ഇടപെടലുമാണ്. ഇതെല്ലാം നിയന്ത്രിക്കണമെന്നും സര്‍വകലാശാലകള്‍ വലിപ്പത്തില്‍ ചെറുതായിരിക്കണമെന്നുമാണ് കമീഷന്റെ നിര്‍ദേശം. വിദ്യാര്‍ഥികളുടെയും സര്‍വകലാശാലാ ജീവനക്കാരുടെയും താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന ജനാധിപത്യവിരുദ്ധമായ ഇത്തരം നിര്‍ദേശങ്ങള്‍ക്കെതിരെ പൊതുജനവികാരം രൂപപ്പെടേണ്ടതുണ്ട്.

അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള നിരവധി നിര്‍ദേശങ്ങള്‍ യു ജി സി തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനെക്കുറിച്ചുള്ള പരാമര്‍ശം പോലും റിപ്പോര്‍ട്ടില്‍ ഇല്ല. മൂല്യനിര്‍ണയം പൂര്‍ണമായും അധ്യാപകന്റെ അധികാരപരിധിയില്‍ കൊണ്ടുവരണമെന്നും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നും വാദിക്കുന്ന പെട്രോഡ, ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയില്‍ 1500 സര്‍വകലാശാലകള്‍ ഉണ്ടാവണമെന്ന് പറയുമ്പോള്‍, ഇവയുടെ സാമ്പത്തിക സ്രോതസ്സെന്താണെന്ന ചോദ്യമുയരും. പെട്രോഡയുടെ ഉത്തരം ഋജുവും സരളവുമാണ്. സ്വകാര്യവല്‍ക്കരണം! വ്യവസായികള്‍ക്കാവശ്യമായ മാനവവിഭവമാണ് സര്‍വകലാശാലകള്‍ ഒരുക്കേണ്ടതെന്നും അതിനുപറ്റിയ കോഴ്സുകള്‍ സ്വാശ്രയമേഖലയില്‍ നടത്തണമെന്നുമാണ് നിര്‍ദേശം. വിദേശസര്‍വകലാശാലകളെ യഥേഷ്ടം ഇന്ത്യയിലേക്കാകര്‍ഷിച്ച്, അവയുമായുള്ള മല്‍സരത്തില്‍ പിന്തള്ളപ്പെടുന്ന ഇന്ത്യയിലെ സര്‍വകലാശാലകള്‍ "ലാഭകരമല്ലാത്ത''തിന്റെ പേരില്‍ അടച്ചുപൂട്ടുക. ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയസമരങ്ങളെ നിയമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇല്ലാതാക്കുക. ദേശീയവിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ടിന്റെ സാരാംശമിതാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കുള്ള ന്യായമായി കമീഷന്‍ പലപ്പോഴും ഉദ്ധരിക്കുന്നത്, സുപ്രീം കോടതി വിധികളെയാണ്. ഫീസ് വര്‍ധിപ്പിക്കുന്നതിനും വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിനുമുള്ള പിന്‍ബലവും കോടതി വിധികള്‍ തന്നെ.

ദേശീയ വരുമാനത്തിന്റെ 4% മാത്രമേ കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നുള്ളൂ. 3.7% മാത്രം ഇതിനായി നീക്കിവെച്ചിരുന്ന എന്‍ ഡി എ സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ടതാണ് ഈ തുക എങ്കിലും യു പി എ യുടെ 'പൊതുമിനിമം' പരിപാടിയില്‍ നിര്‍ദേശിച്ച 6% ഈ വകുപ്പില്‍ വകയിരുത്താന്‍ ഇതുവരെയായും ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഈ സമീപനം. 'വിദ്യാഭ്യാസത്തിനുള്ള അവകാശം' എന്നത് ഭരണഘടന പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളിലൊന്നാണെങ്കിലും ഈ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമനിര്‍മാണം രാജ്യത്ത് നടന്നിട്ടില്ല. വിദ്യാഭ്യാസ മേഖലയിലേക്ക് കച്ചവടം ലക്ഷ്യമാക്കി കടന്നവര്‍ക്ക് ഈ നിയമനിര്‍മാണം തടസ്സമാകുമെന്നതുകൊണ്ടാണ് അത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത്. പതിനൊന്നാം പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നിര്‍ദേശമുണ്ട്, എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് 'യൂസര്‍ ഫീ' ഈടാക്കാനാണ് ഗവണ്‍മെന്റിന്റെ നീക്കം. ഇത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപം (എഫ് ഡി ഐ) സ്വീകരിക്കാനും ഗവണ്‍മെന്റ് പരിപാടിയിട്ടിട്ടുണ്ട്. ലോകവ്യാപാര സംഘടനയുടെ ഗാട്ട് നിര്‍ദേശങ്ങളിലൊന്നാണിത്. ദേശീയ വിജ്ഞാന കമീഷന്റെ ചെയര്‍മാനായി സാംപെട്രോഡ അവതരിച്ചതെന്തുകൊണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

സബ്സിഡികളെക്കുറിച്ചുള്ള 1997 ലെ ധനകാര്യമന്ത്രിയുടെ കുറിപ്പ്, അതിനെത്തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബറില്‍ മാനവശേഷി വികസനമന്ത്രാലയത്തിനായി ഡോ. എം എം ജോഷി അവതരിപ്പിച്ച കുറിപ്പ്, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് 1998 ലെ യുണസ്കോ പ്രമേയം എന്നിവയിലെല്ലാം സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. അതേസമയം സ്വകാര്യവല്‍ക്കരണം നടത്തുമ്പോള്‍ത്തന്നെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് മൂക്കുകയറിടണമെന്ന പരാമര്‍ശവും അതിലുണ്ടായിരുന്നു. എന്നാല്‍ കച്ചവടതാല്‍പ്പര്യമില്ലാത്ത സ്വകാര്യവല്‍ക്കരണം എന്നത് ഒരു തികഞ്ഞ മിഥ്യാ സങ്കല്‍പ്പമാണെന്ന് ഇപ്പോള്‍ ബോധ്യമായി. 2002 മാര്‍ച്ച് മാസത്തില്‍ പുറത്തുവന്ന അംബാനി ബിര്‍ള റിപ്പോര്‍ട്ട്, ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവക്ക് പൂര്‍ണപിന്തുണ നല്‍കുന്ന ഒന്നായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ദേശീയ വിജ്ഞാന കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

അജിത്ത് ജോഗി സര്‍ക്കാരിന്റെ കാലത്ത് ഛത്തീസ്ഘട്ടില്‍ 120 ഒറ്റമുറി സര്‍വകലാശാലകള്‍ ആരംഭിച്ചതിനെതിരെ സാമൂഹ്യപ്രവര്‍ത്തകനായ പ്രൊ. യശ്പാല്‍ കോടതിയെസമീപിച്ചതും അവ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ സ്വാശ്രയകോളേജുകളും സ്വയംഭരണ കോളേജുകളും രാജ്യത്തെമ്പാടും കൂണുകള്‍പോലെ മുളച്ചുപൊന്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവക്കുള്ള നീതീകരണമായി വരും കാലങ്ങള്‍ ദേശീയ വിജ്ഞാനകമീഷന്‍ റിപ്പോര്‍ട്ട് പ്രവര്‍ത്തിച്ചേക്കാം. അതുകൊണ്ടുതന്നെ ജനാധിപത്യവാദികള്‍ പെട്രോഡ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വരേണ്ടതുണ്ട്.

*
അനില്‍ ചേലേമ്പ്ര, കടപ്പാട്: യുവധാര

Saturday, June 28, 2008

കമ്മ്യൂണിസ്റ്റുകാരും മുതലാളിത്ത നിര്‍മ്മിതിയും

ഒരു മുതലാളിത്ത ഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്നു എന്നും ആ സംസ്ഥാന സര്‍ക്കാരുകള്‍ സ്വകാര്യമൂലധനത്തെ സ്വാഗതം ചെയ്യുന്നു എന്നും ഉള്ള വസ്തുതകള്‍ കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം ഉപേക്ഷിച്ചു എന്നതിനു തെളിവാണോ? പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചില പ്രസ്താവനകളോടുള്ള മാധ്യമപ്രതികരണങ്ങള്‍ വായിച്ചാല്‍ തോന്നുക അതേ എന്ന ഉത്തരമാണ്. പക്ഷേ ഈ ഉത്തരം നിലനില്‍ക്കത്തക്കതല്ല. ഈ വിഷയം താത്വികാടിസ്ഥാനത്തില്‍ പുനഃപരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നു തോന്നുന്നു, ചില അടിസ്ഥാന സൈദ്ധാന്തിക നിലപാടുകള്‍ വീണ്ടും വിശദീകരിക്കേണ്ടതായി വരുമെങ്കില്‍കൂടി .

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപനോദ്ദേശ്യം സോഷ്യലിസം കൈവരിക്കുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള നിരന്തരമായ പോരാട്ടങ്ങളാണ് ആ പാര്‍ട്ടിയുടെ നിലനില്‍പിന്റെ അടിത്തറ. പക്ഷേ ഒരു സാമൂഹ്യവിപ്ലവത്തിന്റെ ഫലമായി ഉല്പാദനോപകരണങ്ങളുടെ സ്വകാര്യഉടമസ്ഥതയുടെ സ്ഥാനത്ത് ഉല്പാദനോപകരണങ്ങളുടെ സാമൂഹ്യഉടമസ്ഥത നടപ്പിലാവുകയും, സ്വകാര്യഉടമസ്ഥതയെ സംരക്ഷിച്ചുനിര്‍ത്തുന്ന മുതലാളിത്തഭരണകൂടസംവിധാനത്തിന്റെ സ്ഥാനത്ത് അതിന് ബദലായി ഇന്നുവരെ മനുഷ്യരാശിക്ക് പരിചിതമായ ഭരണകൂടരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിശ്ചിതകാലഘട്ടത്തിനുള്ളില്‍ അന്തര്‍ദ്ധാനം ചെയ്യുന്ന ഒരു ഭരണകൂടം നിലവില്‍വരുകയും ചെയ്താലേ സോഷ്യലിസമെന്ന ലക്ഷ്യം കൈവരിക്കാനാകൂ. ഇത്തരം ഒരു സാമൂഹ്യവിപ്ലവം നടക്കാനാവശ്യമായ സാഹചര്യങ്ങള്‍ പാകമായി വരാന്‍ ഗണ്യമായ സമയമെടുക്കും എന്നതിനാല്‍ എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുതലാളിത്തഘടനയ്ക്കുള്ളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാണ്. ഈ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തെ താത്വികമായി പടച്ചട്ടയണിയിച്ചുകൊണ്ട് അതിന്റെ പോരാട്ടങ്ങളില്‍കൂടി സാമൂഹ്യവിപ്ലവത്തിനു നേതൃത്വം കൊടുക്കാന്‍ സജ്ജമാക്കുക എന്നതാണ് കടമ.

അതേസമയം ചരിത്രപരമായ ബൂര്‍ഷ്വാസി നേതൃത്വം കൊടുക്കുന്ന ജനാധിപത്യവിപ്ലവം ഏതാണ്ടു പൂര്‍ണ്ണമാവുകയും, ഒരു സോഷ്യലിസ്റ്റ് വിപ്ലവം സമൂഹത്തിന്റെ അജണ്ടയായി മാറുകയും ചെയ്താലേ മേല്‍പറഞ്ഞ വാദത്തിന് പ്രസക്തിയുള്ളു എന്നതും വ്യക്തമാണ്. എന്നാല്‍ ബൂര്‍ഷ്വാസി വൈകിമാത്രം രംഗത്തെത്തിയ സമൂഹങ്ങളിലെല്ലാം തന്നെ അത് ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുക എന്ന അതിന്റെ ചരിത്രപരമായ കടമയില്‍ നിന്നു പിന്നോട്ട് പോവുകയും ഫ്യൂഡലും മുതലാളിത്ത പൂര്‍വ്വകവുമായ വിഭാഗങ്ങളുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്യുന്നതായിട്ടാണ് നാം കാണുന്നത്. മുതലാളിത്തപൂര്‍വ വിഭാഗങ്ങളുടെ സ്വത്തിനെതിരെയുള്ള ആക്രമണം മുതലാളിത്ത സ്വത്തുടമസ്ഥതയ്ക്കെതിരെയുള്ള ആക്രമണമായി പരിണമിക്കാം എന്ന ഭയം കൊണ്ടാണിത്. ഒക്ടോബര്‍ വിപ്ലവപൂര്‍വ റഷ്യയില്‍ ദൃശ്യമായിരുന്ന ഈ ഒത്തുതീര്‍പ്പ്, മൂന്നാം ലോകരാജ്യങ്ങളുടെ സാഹചര്യത്തില്‍ സാമ്രാജ്യത്വമായുള്ള ഒരു ഒത്തുതീര്‍പ്പ് കൂടി ഉള്‍പ്പെടുന്നു.

ജനകീയ ജനാധിപത്യവിപ്ലവം

അതിനാല്‍ ഇത്തരം സമൂഹങ്ങളിലെ ജനാധിപത്യവിപ്ലവത്തിന്റെ ഫ്യൂഡല്‍ വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധകടമകള്‍ പൂര്‍ത്തീകരിക്കാന്‍ ബൂര്‍ഷ്വാസിക്കു കഴിയുന്നില്ല. ജനാധിപത്യവിപ്ലവത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കാനുള്ള ഉത്തരവാദിത്തം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചുമതലയായി മാറുന്നു. കര്‍ഷകസമൂഹവുമായുള്ള ഐക്യമുന്നണിയിലൂടെ തൊഴിലാളിവര്‍ഗ്ഗം പൂര്‍ത്തീകരിക്കുന്ന ഈ ജനാധിപത്യവിപ്ലവത്തെയാണ് ജനകീയജനാധിപത്യവിപ്ലവം എന്ന് വിളിക്കുന്നത്. മൂന്നാം ലോകരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാര്‍ ചരിത്രപരമായി തങ്ങളുടെ അജണ്ടയിലുള്ള അടിയന്തിരകടമയായി കണ്ടിട്ടുള്ളത് ഇതിനെയാണ്.

ജനകീയജനാധിപത്യവിപ്ലവം സങ്കീര്‍ണ്ണവും വിപുലവും ആയ ഒരു സങ്കല്പമാണ്. ബൂര്‍ഷ്വാസി ചരിത്രപരമായി ചെയ്തുതീര്‍ക്കേണ്ട ജനാധിപത്യവിപ്ലവത്തിന്റെ കടമ തൊഴിലാളിവര്‍ഗ്ഗം ഏറ്റെടുത്ത് നിര്‍വഹിക്കുന്നു എന്നതാണ് അതിന്റെ സത്ത എന്നതുകൊണ്ട്, അത് ഉളവാക്കുന്നത് ഏറ്റവും വിപുലവും അഗാധവും ആയ മുതലാളിത്ത വികസനത്തിനുള്ള സാഹചര്യങ്ങളാണ്. അതേസമയം ജനകീയ ജനാധിപത്യവിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നത് തൊഴിലാളിവര്‍ഗം ആകുമെന്നതുകൊണ്ട്, വിപുലവും അഗാധവും ആയ മുതലാളിത്തവികസനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ട് മുതലാളിത്തം വികസിച്ച് പുഷ്ക്കലമാകുന്നത് നോക്കി അത് മാറിനില്‍ക്കുന്നില്ല. മറിച്ച് ജനകീയജനാധിപത്യവിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നീങ്ങാനുള്ള നടപടികള്‍ തൊഴിലാളിവര്‍ഗം എടുക്കുന്നു. തൊഴിലാളിവര്‍ഗം ഒരു കര്‍തൃത്വപദവിയില്‍ എത്തിക്കഴിഞ്ഞാല്‍ അത് ആ പദവി വിട്ടുകൊടുക്കുന്നില്ല. മറിച്ച് ആ പദവി ഉപയോഗിച്ചുകൊണ്ട് അത് ജനകീയജനാധിപത്യവിപ്ലവത്തെ സോഷ്യലിസ്റ്റ് വിപ്ലവമാക്കി ഏറിയതോ കുറഞ്ഞതോ ആയ ഒരു കാലയളവിനുള്ളില്‍ പരിവര്‍ത്തിപ്പിക്കുന്നു.

ഇവിടെ രണ്ടു പ്രധാന കാര്യങ്ങള്‍ സംഗതമാണ് : ഒന്ന്, ജനകീയജനാധിപത്യവിപ്ലവം മുതലാളിത്തവികസനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ, ഇത്തരം മുതലാളിത്തവികസനം മറ്റു തരത്തില്‍ ഉണ്ടാകുന്ന മുതലാളിത്തവികസനത്തില്‍ നിന്നു വ്യത്യസ്തമായിരിക്കും. മുതലാളിത്തവികസനം എന്ന പദത്തിന് ഒരു ഏകമാനമായ അര്‍ത്ഥമല്ല ഉള്ളത്. നിരവധി തരത്തിലുള്ള മുതലാളിത്തമുണ്ട്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ വികസിച്ചിരുന്നത് മുതലാളിത്തമായിരുന്നു, സ്വാതന്ത്ര്യസമരം നയിച്ച ബൂര്‍ഷ്വാസി ആഗ്രഹിച്ചതും മുതലാളിത്തമായിരുന്നു; നെഹ്രൂവിയന്‍ വികസനപരിപ്രേക്ഷ്യം ലക്ഷ്യമിട്ടതും മുതലാളിത്തമായിരുന്നു; ഇന്ന് നിയോലിബറലിസം ലക്ഷ്യമിടുന്നതും മുതലാളിത്തവികസനമാണ്. അതുപോലെ ജനകീയജനാധിപത്യവിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗം സാഹചര്യം സൃഷ്ടിക്കുന്നതും മുതലാളിത്ത വികസനത്തിനാണ്. അതുകൊണ്ട് ജനകീയജനാധിപത്യവിപ്ലവം ലക്ഷ്യമാക്കുന്നത് മുതലാളിത്ത വികസനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കലാണ് എന്ന് പറയുന്നത് ഒരു അര്‍ദ്ധസത്യം മാത്രമാണ്. അതു ലക്ഷ്യമാക്കുന്നത് മറ്റു തരത്തില്‍ വളര്‍ന്നു വന്നേക്കാവുന്ന മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു മുതലാളിത്തവളര്‍ച്ച സൃഷ്ടിക്കാനാണ്; വിപ്ലവകരമായ ഭൂപരിഷ്കാരത്തെയും വിപുലമായ ബഹുജനാടിസ്ഥാനമുള്ള ഒരു കമ്പോളത്തെയും ആശ്രയിച്ചുകൊണ്ട് ഏറ്റവും വൈപുല്യവും ആഴവും ഉള്ള ഒരു മുതലാളിത്ത ഘടനയെ സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം.

രണ്ടാമത്തെ കാര്യം, തൊഴിലാളിവര്‍ഗ്ഗ നേതൃത്വത്തില്‍ നടക്കുന്ന വൈപുല്യവും ആഴവും ഉള്ള മുതലാളിത്തഘടനയെ സൃഷ്ടിക്കാനുള്ള പരിശ്രമം അത് നേടിയതുകൊണ്ട് അവസാനിക്കുന്നില്ല; സോഷ്യലിസത്തിനായുള്ള പരിശ്രമത്തിലേക്ക് അത് നയിക്കുന്നു. ഈ പരിശ്രമങ്ങളുടെ പരസ്പരബന്ധം ലെനിന്‍ തന്റെ രണ്ടു തന്ത്രങ്ങള്‍ എന്ന കൃതിയില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. “ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുമ്പോള്‍ സ്വേഛാധിപത്യത്തിന്റെ ചെറുത്തുനില്‍പ്പിനെ ബലം പ്രയോഗിച്ച് തകര്‍ക്കാനും, ബൂര്‍ഷ്വാസിയുടെ ചാഞ്ചാട്ടങ്ങളെ അപായരഹിതമാക്കാനും വേണ്ടി തൊഴിലാളി വര്‍ഗം കര്‍ഷകജനസാമാന്യത്തിന്റെ സഹായം നേടിയെടുക്കണം. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഘട്ടത്തില്‍ ബൂര്‍ഷ്വാസിയുടെ ചെറുത്തനില്പിനെ ബലം പ്രയോഗിച്ച് തകര്‍ക്കാനും, കര്‍ഷകരുടെയും പെറ്റി ബൂര്‍ഷ്വകളുടെയും ചാഞ്ചാട്ടങ്ങളെ അപായരഹിതമാക്കാനും വേണ്ടി തൊഴിലാളിവര്‍ഗം അര്‍ധതൊഴിലാളികളായ ജനസാമാന്യത്തിന്റെ സഹായം നേടിയെടുക്കണം”. ( “The proletariat must carry the democratic revolution to completion, allying to itself the mass of the peasantry in order to crush the autocracy’s resistance by force and paralyse the bourgeoisie’s instability. The proletariat must accomplish the socialist revolution, allying to itself the mass of the semi-proletarian elements of the population, so as to crush the bourgeoisie’s resistance by force and paralyse the instability of the peasantry and the petty bourgeoisie.”) മുതലാളിത്തനിര്‍മ്മിതിക്കുള്ള ഏറ്റവും സമഗ്രമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമായ ജനാധിപത്യവിപ്ലവത്തിന്റെ പൂര്‍ത്തീകരണം നമ്മുടേതുപോലുള്ള സമൂഹങ്ങളില്‍ ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലല്ല, തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നതുകൊണ്ട് മുതലാളിത്തവികസനത്തിനായുള്ള സമരം സോഷ്യലിസത്തിനായുള്ള സമരവുമായി ഇഴുകിച്ചേരുകയും സോഷ്യലിസത്തിനായുള്ള സമരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

അടിയന്തിരകടമകള്‍

ഇതുവരെ വിവരിച്ചതില്‍ നിന്ന് സിദ്ധിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായ്പ്പോഴും ലക്ഷ്യമാക്കുന്നത് സോഷ്യലിസത്തിന്റെ നിര്‍മ്മിതി മാത്രമാണെന്നുള്ള ധാരണ സൈദ്ധാന്തികമായിത്തന്നെ അബദ്ധജടിലമാണെന്ന വസ്തുതയാണ്. ജനകീയ ജനാധിപത്യവിപ്ലവം ഇന്നു നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ അജണ്ടയിലെ ഒരിനമാണ്. അതിന്റെ അഭാവത്തില്‍ ജനാധിപത്യവിപ്ലവത്തിന്റെ നേട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകാനാവില്ല, എന്നു മാത്രമല്ല ഭൂപരിഷ്കരണത്തില്‍ പുറകോട്ടുപോക്ക്, ബൂര്‍ഷ്വാജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കല്‍, സാമ്രാജ്യത്വതാല്പര്യങ്ങളുമായി ഇന്നുള്ളതിലും കൂടുതല്‍ ഇഴുകിച്ചേരല്‍ എന്നിവ സംഭവിക്കാനും സാദ്ധ്യതയുണ്ട്. എന്നിരുന്നാലും ജനകീയ ജനാധിപത്യവിപ്ലവം ഉടന്‍ നടക്കുമെന്ന് കരുതാന്‍ വയ്യ. മറ്റു വാക്കുകളില്‍പറഞ്ഞാല്‍ സോഷ്യലിസ്റ്റ് വിപ്ലവമെന്നല്ല, ജനകീയജനാധിപത്യവിപ്ലവത്തിന്റെ സാഹചര്യങ്ങള്‍ പോലും പാകപ്പെടാന്‍ വേണ്ടി ക്ഷമയോടെ മുതലാളിത്തഘടനയ്ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നിര്‍ബന്ധിതരാണ്. മുതലാളിത്തഘടനയ്ക്കുള്ളില്‍ നിന്നുള്ള ഈ പ്രവര്‍ത്തനത്തില്‍ ട്രേഡ് യൂണിയനുകളിലെ പ്രവര്‍ത്തനം, കര്‍ഷകരുടെ ഇടയിലെ പ്രവര്‍ത്തനം, വിവിധ ബഹുജനസംഘടനകളിലെ പ്രവര്‍ത്തനം, പാര്‍ലമെന്ററി പ്രതിപക്ഷം എന്ന രീതിയിലുള്ള പ്രവര്‍ത്തനം എന്നിവ കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിട്ടുള്ള മൂന്നു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനം കൂടി ഉള്‍പ്പെടുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തനം മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മൌലികമായി വ്യത്യസ്തമല്ല. എങ്കിലും ഭരണഘടനയുടെ ലിഖിതവും അലിഖിതവും ആയ ചട്ടക്കൂടുകളുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കണം എന്നതുകൊണ്ട് ഇത് ഒരു പുതിയ സാഹചര്യമാണ്. അതിന്റെ ലക്ഷ്യവും സമൂഹത്തിലെ വര്‍ഗ്ഗങ്ങളുടെ ബലാബലത്തില്‍ മാറ്റം വരുത്തുക എന്നതുതന്നെയാണ്. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ പിന്നോട്ടടിക്കുന്നതിനെയും പ്രതിവിപ്ലവതിരിച്ചടികള്‍ക്കെതിരെയും പടപൊരുതികൊണ്ട് ജനകീയജനാധിപത്യവിപ്ലവത്തെ മുന്നോട്ടുനയിക്കാനുള്ള സാഹചര്യമൊരുക്കുക എന്നതും കൂടിയാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഉല്പാദനശക്തികളുടെ വികാസം എന്ന പ്രശ്നത്തോട് ശരിയായനയം സ്വീകരിക്കണമെന്ന് ഇതാവശ്യപ്പെടുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, അതിനുവേണ്ട വര്‍ഗ്ഗങ്ങളുടെ സഖ്യം ശക്തിപ്പെടുത്തുക, വര്‍ഗ്ഗബോധം ഉയര്‍ത്തുക, തൊഴിലാളിവര്‍ഗ്ഗത്തിനെ വിപ്ലവശക്തിയായി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ക്ക് അനുരോധമായിരിക്കണം ഈ നയം. മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ഈ സംസ്ഥാനങ്ങളില്‍ സവിശേഷമായി ഉല്പാദനശക്തികളുടെ വികാസത്തില്‍ പിറകോട്ടടി ഉണ്ടായാല്‍ അതുവഴി തൊഴിലില്ലായ്മ വര്‍ധിക്കുകയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകലുകയും ചെയ്താല്‍ ഈ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ടാണ് മുതലാളിമാര്‍ മുമ്പ് ഈ സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞുനിന്നത്. മറുവശത്ത് ഒരു മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുമ്പോഴും മറ്റു മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഏതൊരുവികസനവും, ഉദാഹരണത്തിന് ഭൂവിനിയോഗരീതി മാറ്റുന്നതുവഴി കൃഷിക്ക് ദോഷമുണ്ടാക്കുന്ന വികസനവും, ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

അതേസമയം കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ മുതലാളിമാര്‍ നടത്തുന്ന ഉപരോധം കമ്മ്യൂണിസ്റ്റുകാര്‍ക്കു ദോഷകരമായി തീരാനും, ജനകീയജനാധിപത്യവിപ്ലവത്തിനെപുറകോട്ടടിക്കാനും ഇടയാക്കുന്നതുപോലെതന്നെ, തൊഴിലാളികളെയും, കര്‍ഷകരെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന വിധത്തില്‍ മുതലാളിമാരുടെ അമിതമായ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതും ദോഷകരമാകും. ഈ രണ്ടുവിധത്തിലുള്ള പ്രത്യാഘാതങ്ങളെയും ഒഴിവാക്കികൊണ്ട് സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് ഒരു ശരിയായ പാത രൂപപ്പെടുത്തുക എളുപ്പമല്ല. മുതലാളിമാരുടെ അതിരുകടന്ന ആവശ്യങ്ങള്‍ക്ക് വഴങ്ങാതെതന്നെ അവര്‍ തമ്മിലുള്ള മത്സരത്തെയും, ബദല്‍ശക്തിയാവുന്ന തരത്തില്‍ സര്‍ക്കാര്‍ നിക്ഷേപങ്ങളെയും ഉപയോഗിച്ചുകൊണ്ട് സ്വകാര്യവ്യവസായനിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യത്തിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പക്ഷേ ജനാധിപത്യവിപ്ലവത്തിന്റെ മുന്നോട്ടുപോക്കിനെ അത് സഹായിക്കുന്നുണ്ടോ എന്ന അളവുകോല്‍ ആകണം ഓരോ സന്ദര്‍ഭത്തിലും തന്ത്രത്തെ രൂപപ്പെടുത്തേണ്ടത്.

ബഹുമുഖമായ പോരാട്ടം

ഈ അളവുകോല്‍ മുറുകെപ്പിടിക്കുമ്പോള്‍ തന്നെ മുതലാളിമാരുടെ നിക്ഷേപങ്ങളെ ഒഴിവാക്കേണ്ടതില്ല എന്നത് മേല്‍പ്പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ മുതലാളിത്തഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ നിക്ഷേപയോഗ്യമായ മൂലധനം മുതലാളിമാരുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതുകൊണ്ടാണിത്. മുതലാളിമാര്‍ നടത്തുന്ന ഇത്തരം നിക്ഷേപത്തെ സൂക്ഷിച്ചായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ജനകീയജനാധിപത്യവിപ്ലവത്തിലേക്കുള്ള മുന്നേറ്റത്തെ അതു തടസ്സപ്പെടുത്താന്‍ പാടില്ല. തന്നിമിത്തം മുതലാളിമാരുടെ അതിരുകടന്ന ആവശ്യങ്ങള്‍ക്കെതിരെ ജാഗ്രത കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കുണ്ടാവണം. എന്നിരുന്നാലും അത്തരം നിക്ഷേപങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതും അതുപോലെ തന്നെ ദോഷകരമാവും.

ഇത്തരമൊരു തിരിച്ചറിവ് സോഷ്യലിസത്തെ ഉപേക്ഷിക്കലോ മുതലാളിത്തത്തിനോ സ്വീകരിക്കലോ അല്ല. ജനാധിപത്യവിപ്ലവത്തെ മുന്നോട്ടുകൊണ്ടുപോവാനുള്ള, സോഷ്യലിസമെന്ന അന്തിമലക്ഷ്യത്തിലെത്താനുള്ള പോരാട്ടം സങ്കീര്‍ണ്ണമായ പലപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ പല തലങ്ങളില്‍ നടത്തേണ്ടിവരുന്നു എന്നാണ് ഇതിനര്‍ത്ഥം. സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തോട് മല്ലിടുമ്പോള്‍ അന്തിമലക്ഷ്യം മറന്നുപോവരുതെന്നതുപോലെ തന്നെ അന്തിമലക്ഷ്യത്തില്‍ മാത്രം കണ്ണുനട്ട് ഈ സങ്കീര്‍ണ്ണതയെ അവഗണിക്കാതിരിക്കേണ്ടതും പരമപ്രധാനമാണ്. അന്തിമലക്ഷ്യം അകന്നുപോകാനേ അതിടയാക്കൂ.

പാര്‍ട്ടിയും സര്‍ക്കാരുകളും

ജനകീയജനാധിപത്യവിപ്ലവം എന്ന സങ്കല്പത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ആ വിപ്ലവത്തിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തിലെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ കൂടാതെ മൂന്നാമതൊരു കാര്യത്തിലും കമ്മ്യൂണിസ്റ്റുകാരുടെ വിമര്‍ശകര്‍ തെറ്റുകാരാണ്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വ്യത്യസ്തത തിരിച്ചറിയായ്കയാണ് ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നല്ല. പാര്‍ട്ടി ഒരു സിദ്ധാന്തത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്. കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുക്കുന്ന ഒന്നാണെങ്കില്‍ പോലും സര്‍ക്കാര്‍ സിദ്ധാന്തത്തിന്റെ മൂര്‍ത്തിമദ് ഭാവമല്ല. പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് വിപ്ലവത്തിനായാണ്.സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നതുള്‍പ്പെടെ വിവിധ രൂപത്തില്‍ പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നു. എന്നാല്‍ പാര്‍ട്ടിയും ബഹുജനസംഘടനകളും തമ്മില്‍ വ്യത്യാസമുള്ളതുപോലതന്നെ പാര്‍ട്ടിയും അത് നയിക്കുന്ന സര്‍ക്കാരുകളും തമ്മിലും വ്യത്യാസമുണ്ട്. ബൂര്‍ഷ്വാസി നേതൃത്വം കൊടുക്കുന്ന ഒരു ഭരണകൂടസംവിധാനത്തിന്റെ നെടുംതൂണായിരിക്കാന്‍ വേണ്ടി എഴുതപ്പെട്ട ഒരു ഭരണഘടനയുടെ അതിരുകള്‍ക്കുള്ളിലാണ് പാര്‍ട്ടി നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ എല്ലാം എല്ലായ്പോഴും പാര്‍ട്ടിയുടെ സൈദ്ധാന്തിക പരിസരങ്ങള്‍ക്കൊത്ത് ആകണമെന്നില്ല. പലപ്പോഴും തപ്പിത്തടഞ്ഞു മുന്നോട്ട് പോകുന്ന, പ്രായോഗികതയ്ക്ക് മുന്‍തൂക്കമുള്ള സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിയുടെ സൈദ്ധാന്തിക നിലപാടുകള്‍ രൂപപ്പെടുത്തണം എന്ന് പറയുന്നത് യുക്തിനിഷേധമാണ്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നിലപാടുകളോട് വിയോജിപ്പുകളുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അത് സൈദ്ധാന്തികധാരണകളെ വികലമാക്കരുത്. മറിച്ച് സൈദ്ധാന്തികധാരണകളുടെ വ്യക്തത ഇത്തരം വ്യത്യസ്തതകളെ വിലയിരുത്താന്‍ ആവശ്യമാണ്.

*
ഡോ. പ്രഭാത് പട്നായിക് എഴുതിയ The Communists and the Building of Capitalism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പരിഭാഷ: അശോകന്‍ ഞാറക്കല്‍, കടപ്പാട് : മലയാളം വാരിക

Friday, June 27, 2008

പ്രണയബലി

വസന്തനീലിമയില്‍നിന്ന് വരണ്ട മണ്ണിലേക്കു പതിച്ച ഒരു പ്രണയ പുഷ്പമാണ് ഞാന്‍. അലങ്കാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന് കരുതിയേക്കാം. അനുഭവത്തില്‍ മറിച്ചാണ്, പുരുഷന്‍. ആണുങ്ങളെ പൂക്കളുമായി ഉപമിക്കാത്തതിന്റെ കുഴപ്പമാണിത്. ആണുങ്ങള്‍ക്ക് പറ്റിയ എത്ര പൂക്കളുണ്ട് ഈ ഭൂമിയില്‍. എന്നിട്ടും ഒരെണ്ണം പൊട്ടിച്ച് ഇതുവരെ പുരുഷന്റെ പേരില്‍ എഴുതിയില്ല.

പോട്ടെ, ക്ഷമിക്കാം.

ഇപ്പോള്‍ ഞാന്‍ പീഡനക്കേസിലെ ഒന്നാം പ്രതിയാണ്. കാമുകസ്ഥാനത്തുനിന്ന് പ്രതിസ്ഥാനത്തേക്കുള്ള പരിവര്‍ത്തനം. പ്രണയത്തിന്റെ അരുണവര്‍ണം മാറിമാറി ഉമ്മവെച്ച എന്റെ കവിള്‍ത്തടത്തില്‍ ഇപ്പോള്‍ പൊലീസുകാരന്റെ തഴമ്പിച്ച വിരലിന്റെ പാടാണ്. പ്രണയ ദുരന്തത്തിന്റെ നീര്‍ക്കെട്ട്.

പക്ഷേ, ഞാന്‍ കുറ്റക്കാരനല്ല!

എന്റെ ഈ കണ്ണീരില്‍ കുതിര്‍ന്ന ജീവിതകഥ കേള്‍ക്കൂ. ഇത് എന്റെ മാത്രം കഥയല്ല. അപമാനഭാരത്താല്‍ പട്ടുതൂവാലകൊണ്ട് മുഖംപൊത്തി പോകുന്ന മുഴുവന്‍ പ്രതികളുടെയും കഥയാണ്.

പ്രേമിക്കേണ്ട സമയമായപ്പോള്‍ പതിവുപോലെ ഞാനും പ്രേമിച്ചു. സാധാരണ കാണപ്പെടുന്ന പരിശുദ്ധ, ദിവ്യ ഇനത്തില്‍പ്പെട്ട വിത്ത് തന്നെയാണ് കൃഷി ചെയ്തത്. ചാണകവും ചാരവും പച്ചിലകളും മാത്രം ഉപയോഗിച്ചുള്ള ഒരു നാടന്‍കൃഷി. നാടന്‍ വളങ്ങള്‍ തന്നെയാണ് പ്രേമത്തിന് നല്ലത്. ചെലവും കുറവ് ! വിലക്കൂടുതലുള്ള സാധാനങ്ങള്‍ ഉപയോഗിക്കുന്നതിലല്ല കാര്യം. കൃത്യസമയത്ത് വേണ്ടത് ചെയ്യുന്നതാണ് സാമര്‍ഥ്യം. വിത്തിറക്കുന്നതും കൊയ്യുന്നതുമൊക്കെ തക്കസമയത്തായിരിക്കണം. ഇല്ലെങ്കില്‍ പെഴയ്ക്കും. അറുപത് കഴിഞ്ഞിട്ട് ഐസ്ക്രീം മേടിച്ചുകൊടുത്തിട്ട് എന്താ കാര്യം!

എന്റെ കാമുകിയുടെ പേര് ഞാന്‍ പറയുന്നില്ല. എന്റെ പ്രണയം എന്റെ മാത്രം കാര്യമാണ്. അതില്‍ സമൂഹം ഇടപെടേണ്ടതില്ല. 'സാമൂഹ്യ നവോത്ഥാനവും എന്റെ കാമുകിയും' എന്ന വിഷയത്തിന് പ്രസക്തിയില്ല. പിന്നെ എല്ലാ
കാമുകന്മാരും കാമുകിക്ക് സ്വന്തംനിലയില്‍ ഒരു പേര് കണ്ടെത്തിയിട്ടുണ്ടാവും. എന്നാലും ചിലരൊക്കെ ഇപ്പോഴും
വോട്ടേഴ്സ് ലിസ്റ്റിലെ പേരുമാത്രം വിളിച്ച് പ്രേമിക്കുന്നുണ്ട്. അവര്‍ ഭാവനയില്ലാത്തവരാണ്. അവരെ വിട്ടേക്കു.

എന്റെ കാമുകിയെ 'അവള്‍' എന്നാണ് തല്‍ക്കാലം ഞാന്‍ പറയുന്നത്. എല്ലാ 'അവള്‍'മാര്‍ക്കും ഒരേ മുഖമാണ്, ഒരേ ശരീരമാണ്. ഡെഡ്‌ഡമോണയുടെ സൌന്ദര്യമാണ്.

ഞാന്‍ അവളെ പ്രേമിച്ചത് യാദൃച്ഛികമായിരുന്നില്ല. യാദൃച്ഛികം എന്നൊന്നില്ല. വിജയിക്കുന്നവര്‍ വിനയത്തില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന അഹങ്കാരമാണ് അത്. കൂട്ടലും കിഴിക്കലും മാത്രമേ ജീവിതത്തിലുള്ളു. ഓരോ സന്ദര്‍ഭവും കൂട്ടാനും കിഴിക്കാനുമുള്ള അവസരമാണ്. കണക്കു കൃത്യമായാല്‍ മിടുക്കന്‍, കണക്കു പെഴച്ചാല്‍ വിഷമിക്കേണ്ട. കണ്ണീരും കൈയുമായി ഒരു ആദര്‍ശധീരന്‍. പ്രേമം പുരുഷന് ആനയാണ്. നിന്നാലും ചരിഞ്ഞാലും പന്തീരായിരം.

എന്റെ കണക്ക് തെറ്റിയില്ല. എന്നിട്ടും എന്നെ മിടുക്കന്‍ എന്ന് അഭിസംബോധന ചെയ്യാതെ പീഡനക്കേസിലെ ഒന്നാം
പ്രതിയാക്കി തടവുമുറിയില്‍ തള്ളിയിരിക്കുന്നു. കാപട്യം നിറഞ്ഞ ലോകം!

കൃത്യം പറഞ്ഞാല്‍ 2003 മെയ് 15ന് പകല്‍ 11.15 നാണ് എന്റെ പ്രണയം ആരംഭിക്കുന്നത്. ഒരു മിന്നല്‍ പണിമുടക്കായിരുന്നു സന്ദര്‍ഭം. നഗരത്തില്‍ അത്യാവശ്യമായി എത്തേണ്ട ഞാന്‍ ഒന്നൊന്നര മണിക്കൂറായി ബസ് കാത്തുനില്‍ക്കുന്നു. ബസ് വരുന്നില്ല. മിന്നല്‍ പണിമുടക്ക്.

ഞാന്‍ ഓട്ടോ വിളിച്ചു.

അപ്പോഴാണ് അവളെ കണ്ടത്. അവളും നഗരത്തിലേക്കുതന്നെയാണ്. അവള്‍ക്കും എന്തോ അത്യാവശ്യമുണ്ടെന്ന് മുഖം കണ്ടാല്‍ അറിയാം.

ഞാന്‍ ക്ഷണിച്ചു.

അവള്‍ കയറി.

അപ്പോള്‍ ഞാന്‍ സമയം നോക്കി. നേരത്തെ പറഞ്ഞ 11.15.

അവള്‍ അറിയാതെ ഞാന്‍ കുറെനാളായി അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന്റെ മറ്റൊരു ഘട്ടമായിരുന്നു ഈ ക്ഷണം. അല്ലാതെ വെറും മനുഷ്യസ്നേഹം മാത്രമായിരുന്നില്ല അത്. അങ്ങനെയെങ്കില്‍ ചുമച്ചുകുരച്ച് നില്‍ക്കുന്ന ഒരു വല്യമ്മയെയാണ് ഞാന്‍ കൊണ്ടുപോവേണ്ടത്. അവര്‍ ആശുപത്രിയില്‍ പോകാന്‍ നില്‍ക്കുകയാണ്. ഇങ്ങനെ ഓരോ യാത്രക്കാര്‍ക്കും ഓരോ ആവശ്യം കാണും. അവരെയെല്ലാം ഞാന്‍ ഒഴിവാക്കി അവളെമാത്രം ക്ഷണിച്ചു.

എന്താണ് കാരണം?

അതാണ് പരിശുദ്ധവും ദിവ്യവുമായ പ്രണയം! ഓരോന്നോരോന്ന് വിദഗ്ദ്ധമായി ഒഴിവാക്കുമ്പോള്‍ അവശേഷിക്കുന്നതെന്താണോ അതാണ് യഥാര്‍ഥ പ്രേമം.

അങ്ങനെ ഐഎസ്ഐ മാര്‍ക്കുള്ള ഒരു പ്രേമിതനാണ് ഞാന്‍. ഓട്ടോ നഗരത്തിലെത്തി. ഞാന്‍ ഇറങ്ങി. പുറകെ അവളും.

അവള്‍ തിരിച്ചുനിന്ന് നന്ദി പറഞ്ഞു. നന്ദിയില്‍ ഒരു നദി ഒഴുകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഓട്ടോക്കാരന്‍ 70 രൂപ വാങ്ങി. പ്രണയത്തിന്റെ കണക്കുപുസ്തകത്തിലെ ചെലവുകോളത്തില്‍ ഞാന്‍ എഴുതി 70 രൂപ.

ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം കുറച്ചു പൈസ ചെലവാകും. റിട്ടേണ്‍ ഉണ്ടാവില്ല. പയ്യത്തിന്നാലേ പന തിന്നാനാവു. ഞാന്‍ രണ്ടുമാസത്തെ കണക്കുനോക്കി. സാമാന്യം നല്ല തുക ചെലവായിട്ടുണ്ട്. എസ്റ്റാബ്ളിഷ്‌മെന്റ കോസ്റ്റ് വിചാരിച്ചിടത്ത് നിന്നില്ല.

പറയുന്നത് വിശ്വാസമാവുന്നില്ലെങ്കില്‍ കണക്ക് ഹാജരാക്കാം.

പ്രണയസംബന്ധമായ യാത്ര(ബസ്, ഓട്ടോ, ടാക്സി) ഇനത്തില്‍ 2030.00

ഉച്ചഭക്ഷണം(ഇതില്‍ ഒരു ബിരിയാണിയുംപെടും) 260.00

മൊബൈല്‍ ഫോണ്‍ 1740.00

വഴിയിലെ കോയിന്‍ ബോക്സ് വകയില്‍ 31.00

ചായ,കാപ്പി 154.00

ഐസ്ക്രീം, ഫ്രൂട്ട് സലാഡ് 870.00

ഒരു ചുരിദാര്‍ 930.00

സിനിമ 350.00

സി ഡി 120.00

പലവക 78.20

ആകെ 6563.20

അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ ഒരു യുവാവിന് പ്രണയസംബന്ധമായി രണ്ടുമാസം ചെലവായ തുകയാണിത്. എനിക്ക് എങ്ങനെ ഈ പൈസ കിട്ടി എന്ന് സംശയിക്കണവരുണ്ടാകാം.

അവരോടൊന്നു പറഞ്ഞേക്കാം. നല്ലവരുടെ കാലം കഴിഞ്ഞിട്ടില്ല! എന്റെ അനുഭവമാണിത്.

പുതിയ സംരംഭകരെ സഹായിക്കാന്‍ അവര്‍ തയാറാണ്. രാജ്യം വികസിക്കണം. നാടിനും നാട്ടാര്‍ക്കും ഗുണമുണ്ടാവണം അത്രമാത്രം!

പ്രണയം ഒരു പ്രാവിനെപ്പോലെ കുറുകുമ്പോള്‍ ഞാന്‍ അവളോട് പറയുമായിരുന്നു.

'...തിന്മകള്‍ മാത്രമല്ല.. നന്മകള്‍കൂടി നിറഞ്ഞതാണ് ലോകം... എത്രയോ നല്ല മനുഷ്യര്‍ ഇവിടെയുണ്ട്. പക്ഷേ അവരെ നമ്മള്‍ കാണാതെ പോകുന്നു..'

അവളുടെ കണ്ണുകള്‍ അടഞ്ഞു. കണ്‍പീലികള്‍ക്കിടയില്‍ ഒരു നേരിയ നനവ്. തിരയിറങ്ങിപ്പോയ ഒരു കടല്‍.

ആത്മീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മനശ്ശാന്തി തേടുന്ന പുരോഹിതന്‍, സമ്മര്‍ദം നിറഞ്ഞ ജോലിക്കിടയില്‍ സ്വച്ഛത തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, കണക്കുകളുടെ സംഘട്ടനങ്ങള്‍ക്കിടയില്‍ നിന്നു മുക്തിതേടാന്‍ കൊതിക്കുന്ന ബിസിനസ്സുകാരന്‍, പ്രശസ്തിയുടെ ആള്‍ത്തിരക്കിനിടയില്‍നിന്ന് അല്പം മാറി നടക്കാന്‍ ആഗ്രഹിക്കുന്ന താരം.

നോക്കു... ഓരോരുത്തരുടേയും ജീവിതം എത്ര പ്രാരബ്ധങ്ങളുടേതാണെന്ന്.

എന്നിട്ടും അവര്‍ മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്നു. നിര്‍വ്യാജമായ സ്നേഹം.

ഞാന്‍ അവളോട് പറഞ്ഞു.

"സ്നേഹം കൊതിക്കുന്നവര്‍ക്ക് നീ അത് പകര്‍ന്നു കൊടുക്കണം. അതാണ് മനഷ്യത്വം, ധര്‍മം, നീതി... മര്യാദ...''

അവള്‍ സമ്മതിച്ചില്ല. സമൂഹത്തിന്റെ നന്മയെ കരുതി ഞാന്‍ നിര്‍ബന്ധിച്ചു.

അതിന് എനിക്ക് പണികിട്ടി. ഞാന്‍ റിമാന്‍ഡിലായി.

ലോകം ഇനി എന്നാണ് അതിന്റെ പുണ്യവാന്മാരെ തിരിച്ചറിയുന്നത്?

*

എം എം പൌലോസ്

Thursday, June 26, 2008

രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ബാങ്കിങ്ങ്‌ മേഖലയ്‌ക്കു ദോഷം

ഇ ന്ത്യന്‍ ബാങ്കിങ്ങ്‌ മേഖലയുടെ അഴിച്ചുപണിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി നിയുക്തമായ നരസിംഹം കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ 1991-ല്‍ പുറത്തുവന്നപ്പോള്‍ ഉയര്‍ന്ന പ്രധാന ആക്ഷേപം അത്‌ ലോകബാങ്ക്‌ രേഖയുടെ വെറും പകര്‍ത്തെഴുത്താണ്‌ എന്നായിരുന്നു. അതില്‍ മനംനൊന്ത്‌ നരസിംഹം നടത്തിയ പ്രാസമധുരമായ ഒരു പ്രസ്‌താവനയുണ്ട്‌. തന്റെ കമ്മിറ്റിയംഗങ്ങളുടെ സത്യസന്ധതയ്‌ക്കും ബുദ്ധിശക്തിക്കും നേരെയുള്ള അധിക്ഷേപമാണ്‌ അതെന്ന്‌.

എന്നാല്‍, പിന്നീട്‌ പുരുഷോത്തംദാസ്‌ ഠാക്കൂര്‍ദാസ്‌ സ്‌മാരക പ്രഭാഷണം നടത്തിക്കൊണ്ട്‌ അദ്ദേഹം ഒരു കുറ്റസമ്മതം തന്നെ നടത്തുകയുണ്ടായി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ്ങ്‌ സംവിധാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച തന്റെ കൈകൊണ്ടുതന്നെ അതിന്റെ ഉദകക്രിയകൂടി നടത്തേണ്ടി വരുന്നുവല്ലോ എന്ന വേദന തന്നെ ഇടയ്‌ക്കൊക്കെ അലട്ടാറുണ്ടെന്നും ഒരു സ്വയംപ്രത്യയനം വഴിയാണ്‌ താന്‍ അതിനെ മറികടക്കുക എന്നും. കെട്ടിടം പണിയുമ്പോള്‍ അതിനു ചുറ്റും കെട്ടിപ്പൊക്കുന്ന തട്ടുകള്‍ പണികഴിഞ്ഞാല്‍ പൊളിച്ചുകളയുന്നതുപോലുള്ള ഒരു തകര്‍ക്കല്‍ മാത്രമാണ്‌ താന്‍ നിര്‍ദേശിച്ചതെന്ന്‌ ! ഇന്ത്യന്‍ ബാങ്കിങ്ങിന്റെ വിസ്‌മയകരമായ വളര്‍ച്ചയെയും വ്യാപനത്തെയും കുറിച്ച്‌ ലോകബാങ്ക്‌ രേഖ പ്രശംസാവചനങ്ങളുതിര്‍ക്കുന്നുണ്ട്‌. സ്വാഭാവികമായും നരസിംഹം കമ്മിറ്റിയും റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ അതെടുത്തു പറഞ്ഞിരുന്നു.

എന്നാല്‍, ധനമേഖലയ്‌ക്കാകെ ബാധകമായ പുതുതലമുറ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനായി പ്ലാനിങ്ങ്‌ കമ്മീഷന്‍ നിയോഗിച്ച രഘുരാം രാജന്‍ കമ്മിറ്റിയുടെ തലവന്‌ നരസിംഹത്തെപ്പോലെ കുറ്റബോധമില്ലെന്നു മാത്രമല്ല, ഇന്ത്യന്‍ ബാങ്കിങ്ങ്‌ മേഖലയുടെ പിടിപ്പുകേടിലാണ്‌ അദ്ദേഹം ഊന്നുന്നത്‌. ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരുടെ ബാങ്കിങ്ങ്‌ ആവശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു; അവര്‍ ഇപ്പോഴും ഹുണ്ടികക്കാരുടെ പിടിയിലാണ്‌-അതേസമയം കോര്‍പ്പറേറ്റ്‌ മേഖലയുടെ നൂതനാവശ്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യത്തിലും അത്‌ പരാജയപ്പെട്ടിരിക്കുന്നു എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ റിപ്പോര്‍ട്ട്‌ തുടങ്ങുന്നതുതന്നെ.

ഇന്ത്യന്‍ ധനമേഖലയെ മാത്രമല്ല, സമസ്‌ത മേഖലകളെയും ഒരുപോലെ സ്‌പര്‍ശിക്കുന്ന ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടവരുത്തുന്ന നിര്‍ദേശങ്ങളടങ്ങുന്ന രഘുരാം രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ കരട്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ട്‌ ജൂണില്‍ അവസാനരൂപം നല്‍കുമെന്നാണ്‌ പ്രഖ്യാപനം. ശുപാര്‍ശകളുടെ മാരകഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ജനപ്രതിനിധികള്‍ക്കോ അക്കാദമിക്‌ സമൂഹത്തിനോ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യത്തിനൊത്ത ചര്‍ച്ചകള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നിട്ടുമില്ല.

ധനകാര്യമേഖലയില്‍ നടപ്പാക്കേണ്ട പുതുതലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനായാണ്‌ കമ്മിറ്റി നിയോഗിക്കപ്പെട്ടത്‌. ചെയര്‍മാന്‍ ഐ.എം.എഫിന്റെ സാമ്പത്തിക ഉപദേഷ്‌ടാവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ രഘുരാം രാജന്‍. ഐ.സി.ഐ.സി.ഐ. ബാങ്ക്‌ മേധാവി കെ.വി. കാമത്ത്‌, ബേസിക്‌സ്‌ ചെയര്‍മാന്‍ വിജയ്‌മഹാജന്‍ എന്നിവര്‍ക്കൊപ്പം സ്റ്റേറ്റ്‌ബാങ്ക്‌ ചെയര്‍മാന്‍ ഒ.പി. ഭട്ടും ഉള്‍പ്പെടുന്ന പന്ത്രണ്ടു പേരാണ്‌ കമ്മിറ്റിയില്‍. അവരോടാവശ്യപ്പെട്ടത്‌ വരുന്ന ദശകത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ധനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലുള്ള വെല്ലുവിളികള്‍ കണ്ടെത്താനും അതിനു പര്യാപ്‌തമാക്കത്തക്കവിധം ധനേതരമേഖലകളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനുമാണ്‌.

കമ്മിറ്റിയുടെ ഘടനമാത്രം പരിശോധിച്ചാലറിയാം അതിന്റെ ഏകപക്ഷീയത. ടേംസ്‌ ഓഫ്‌ റഫറന്‍സും വളരെ വാചാലമാണ്‌. അതുകൊണ്ടുതന്നെയാണ്‌ നരസിംഹം അറച്ചറച്ചു പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട്‌ അമര്‍ത്തിപ്പറയുന്നതും ധനമേഖലയ്‌ക്കപ്പുറമുള്ള സമസ്‌തമേഖലകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ഔദ്ധത്യപൂര്‍വം നിര്‍ദേശങ്ങള്‍ നല്‍കുന്നതും. 240-ഓളം പേജുകളില്‍ പരന്നുകിടക്കുന്ന റിപ്പോര്‍ട്ടിലാകെ നിറഞ്ഞുനില്‍ക്കുന്നത്‌ കമ്പോളമൗലികവാദമാണ്‌. ഒന്നാം അധ്യായത്തില്‍ത്തന്നെ തങ്ങളുടെ പക്ഷപാതിത്വം വളരെ പച്ചയ്‌ക്ക്‌ വെളിപ്പെടുത്തുന്നുണ്ട്‌. സ്വകാര്യമേഖലയ്‌ക്കു ന്യായമായും അവകാശപ്പെട്ട പ്രവര്‍ത്തനമേഖല കൈയടക്കുന്നത്‌ സര്‍ക്കാറിന്റെ ധര്‍മമായിക്കൂടാ എന്നും പകരംവേണ്ടത്‌ ശക്തമായ പശ്ചാത്തലസൗകര്യങ്ങള്‍ ധനമേഖലയില്‍ അവര്‍ക്ക്‌ ഒരുക്കിക്കൊടുക്കുകയാണെന്നും അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നുണ്ട്‌.

പ്രഥമ നിര്‍ദേശംതന്നെ റിസര്‍വ്‌ ബാങ്കിനെ നോക്കുത്തിയാക്കി മാറ്റണമെന്നാണ്‌. സ്വന്തം നാണയവില പിടിച്ചു നിര്‍ത്താനാവാത്ത വികസ്വര രാജ്യങ്ങള്‍ക്ക്‌ എന്തിനാണ്‌ കേന്ദ്ര ബാങ്കുകള്‍ എന്ന ചോദ്യം സ്വതന്ത്രകമ്പോളവാദികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. അമേരിക്കയിലായാലും ഇംഗ്ലണ്ടിലായാലും ഫ്രാന്‍സിലായാലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയല്ലാതെ നിവൃത്തിയില്ലെന്ന്‌ അനുഭവം പഠിപ്പിക്കുമ്പോഴാണ്‌, റിസര്‍വ്‌ ബാങ്കിനെ അതിന്റെ ചുമതലകളില്‍ നിന്നെല്ലാം ഒഴിവാക്കി നാണയപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഒറ്റക്കാര്യത്തിനായി ഒതുക്കണം എന്ന്‌ പറയുന്നത്‌. ''ലോകത്ത്‌ ഇതര രാഷ്ട്രങ്ങളില്‍ വിജയകരമായി പ്രയോഗിച്ചു പോരുന്ന ധനോത്‌പന്നങ്ങള്‍പോലും ഇന്ത്യയില്‍ വിപണനാനുമതി കിട്ടാന്‍ കാലതാമസം നേരിടുന്നു'' എന്നാണ്‌ ഒരു ആക്ഷേപം. അമേരിക്കയിലും യൂറോപ്പിലാകെയും ബാങ്ക്‌ തകര്‍ച്ചകള്‍ക്ക്‌ ഇടവരുത്തിയ ഊഹക്കച്ചവടാധിഷ്‌ഠിതമായ പുതിയ ഡെറിവേറ്റീവ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ഇടം കിട്ടാന്‍ വൈകുന്നതിനെക്കുറിച്ചാണ്‌ ഈ വേവലാതി! കാര്യബോധമുള്ളവരാകെ ഇത്തരം വിസ്‌ഫോടക ധനോത്‌പന്നങ്ങളെ കരുതിയിരിക്കണം എന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞതൊന്നും കണക്കിലെടുക്കുന്നില്ല.

രണ്ടാമത്തെ ശുപാര്‍ശ കോര്‍പ്പറേറ്റ്‌ ബോണ്ടുകളിലും സര്‍ക്കാര്‍ കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക്‌ അവസരം നല്‍കണമെന്നതാണ്‌. നമ്മുടെ ബോണ്ട്‌ മാര്‍ക്കറ്റിന്‌ ആഴം വളരെ കുറവാണ്‌. അനാവശ്യ നിയന്ത്രണങ്ങളാണ്‌ അതിനു കാരണം എന്ന്‌ തെളിയിക്കാന്‍ ചൂണ്ടിക്കാട്ടുന്നത്‌ സര്‍ക്കാര്‍ കടപ്പത്രത്തില്‍ വിദേശനിക്ഷേപകര്‍ക്ക്‌ പരിമിതമായേ നിക്ഷേപിക്കാനാവൂ എന്നതാണ്‌. ഈ നിയന്ത്രണങ്ങളാകെ എടുത്തു കളഞ്ഞാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങളെപ്പറ്റി കമ്മിറ്റി വാഴ്‌ത്തിപ്പാടുന്നുണ്ട്‌. വിദേശ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ ബോണ്ടുകളുടെ വാതില്‍ മലര്‍ക്കെത്തുറന്നിട്ടാല്‍, നാട്ടിലെ ധനകാര്യസ്ഥാപനങ്ങള്‍ ഈ കടത്തിന്റെ ബാധ്യതയില്‍നിന്ന്‌ ഒഴിവാകുമത്രേ. ആ കാശ്‌ മറ്റു മാര്‍ഗങ്ങളില്‍ ഉപയോഗിക്കാമത്രേ.

വിദേശനിക്ഷേപകരുടെ വന്‍തോതിലുള്ള കടന്നുവരവുപോലെതന്നെ പ്രധാനമാണത്രെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക്‌ പുറത്തേക്കുള്ള വാതില്‍ തുറന്നുകിട്ടല്‍. മൂലധനത്തിന്‌ രാജ്യസ്‌നേഹമില്ലല്ലോ. ലാഭം കൂടുതലുള്ളിടങ്ങളിലേക്ക്‌ പരന്നൊഴുകാനാകത്തക്കവിധം അതിന്‌ സര്‍വതന്ത്രസ്വതന്ത്രമായേ തീരൂ. ഈ ഒരു താത്‌പര്യത്തില്‍ ഊന്നിക്കൊണ്ടാണ്‌ മൂലധന അക്കൗണ്ടിന്റെ ഉദാരവത്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ച. ആഗോള മൂലധനനാഥന്മാരുടെ ഉല്ലാസകേന്ദ്രമായിത്തീരാനുള്ള പ്രലോഭനീയത കൈവരിക്കുന്നതിന്റെ വിശദാംശങ്ങളാണ്‌ ആ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍. ഒപ്പം രൂപയുടെ സ്വതന്ത്രവിനിമയം ഉറപ്പാക്കുന്ന കാര്യവും. അതിനെ അതേപടി അംഗീകരിച്ചു രഘുരാം രാജന്‍ കമ്മിറ്റി.
ഈയിടെയായി പ്രചാരം നേടിയ ധനപരമായ ഉള്‍ച്ചേര്‍ക്കലി (Financial inclusion) നെ കൃത്യമായും തലതിരിച്ചിടാനാണ്‌ ശ്രമം. വരുന്ന മൂന്നു വര്‍ഷത്തിനകം ഇന്ത്യയിലെ 90 ശതമാനം വീടുകളിലും ബാങ്കിങ്ങ്‌ സൗകര്യം എത്തിക്കാനുള്ള ദേശീയലക്ഷ്യം പ്രഖ്യാപിക്കുമ്പോഴും ഗ്രാമപ്രദേശങ്ങള്‍ക്കുള്ള ഊന്നല്‍ മാറണമെന്നാണ്‌ വാദം. ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ എന്നാല്‍ വായ്‌പാ ലഭ്യത മാത്രമല്ലെന്നും മറ്റു ധനസേവനങ്ങളുടെ ലഭ്യത കൂടി ആണെന്നും വാദിക്കുന്നത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനല്ല, അവരില്‍ നിന്നുകൂടി സമ്പാദ്യം കുത്തിച്ചോര്‍ത്തി മൂലധന മാര്‍ക്കറ്റില്‍ എത്തിക്കാനാണ്‌. അതിനുള്ള വ്യക്തമായ രൂപരേഖയും വരച്ചുചേര്‍ത്തിട്ടുണ്ട്‌.

ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ വേണ്ടും വിധം സാധിക്കാതെ പോയതിനു കാരണം ഉയര്‍ന്ന ശമ്പളം വാങ്ങുന്ന നഗരങ്ങളില്‍ നിന്നുവരുന്ന ജീവനക്കാരാണത്രെ. ഹുണ്ടികക്കാരനെ സ്‌തുതിവചനങ്ങള്‍കൊണ്ട്‌ മൂടുന്നുണ്ട്‌ കമ്മിറ്റി. ''അയാള്‍ അയവുള്ളവനാണ്‌, പ്രമാണങ്ങള്‍ അവശ്യപ്പെടില്ല, കൃത്യത പാലിക്കും, കക്ഷികളുടെ അത്യാവശ്യകാര്യങ്ങളോട്‌ കൃത്യമായി പ്രതികരിക്കും'' ഇങ്ങനെ കൃത്യതയും ഗമ്യതയുമുള്ള ഹുണ്ടികക്കാരനെക്കൂടി ഗ്രാമീണ ബാങ്കിങ്ങിലേക്ക്‌ കണ്ണി ചേര്‍ക്കാം എന്നാണ്‌ നിര്‍ദേശം. അതു കൃത്യമായി പറഞ്ഞു വെക്കുന്നുമുണ്ട്‌. ''ഹുണ്ടികക്കാരും ബാങ്കുകളും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സാധ്യതകള്‍ കണ്ടെത്തുന്നത്‌ വിവേകമായിരിക്കു''മെന്ന്‌ !

വന്‍കിട പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ പകരം ചെറു ചെറു ബാങ്കുകളെ കെട്ടഴിച്ചുവിടാനാണ്‌ ശുപാര്‍ശ. ലോക്കല്‍ ഏരിയാ ബാങ്കുകള്‍ എന്ന പേരില്‍ മുമ്പ്‌ അവതരിപ്പിച്ചതും നടക്കാതെ പോയതുമായ ഒരു സംവിധാനത്തിന്റെ തിരിച്ചുവരവാണ്‌ കമ്മിറ്റി നിര്‍ദേശിക്കുന്നത്‌. ചെലവ്‌ ചുരുങ്ങിയ ഒരു ബാങ്കിങ്ങ്‌ സംവിധാനമാണത്രെ അഭികാമ്യം. ചെറു ചെറു ബാങ്കുകള്‍ ഒരുഭാഗത്ത്‌ മുളച്ചുവരുമ്പോള്‍ ബാങ്കിങ്ങ്‌ കറസ്‌പോണ്ടന്റുകള്‍ എന്ന സംവിധാനത്തെ ശക്തപ്പെടുത്താനായി വളരെ ഉദാരപൂര്‍വമായ സമീപനം കൈക്കൊള്ളണമത്രെ. ബാങ്കുകള്‍ ചെയ്യുന്ന പണി വളണ്ടറി ഏജന്‍സികളെക്കൊണ്ടും സാമുദായിക സംഘടനകളെക്കൊണ്ടുമൊക്കെ ചെയ്യിപ്പിക്കുന്ന ഒരു ഏര്‍പ്പാടാണിത്‌.

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ വൈദ്യനാഥന്‍ കമ്മിറ്റി നടത്തിയ ശുപാര്‍ശകളോട്‌ യോജിക്കുമ്പോള്‍തന്നെ അവയുടെ ഘടനയാകെ പൊളിച്ചെഴുതണമെന്നാണ്‌ ശുപാര്‍ശ. ഇപ്പോഴത്തെ സംവിധാനത്തിന്റെ പ്രധാന കുഴപ്പമായി ചൂണ്ടിക്കാട്ടുന്നത്‌ രാഷ്‌ടീയസ്വാധീനവും അധമര്‍ണനുള്ള അമിതാധികാരവുമാണത്രേ. ലാഭകരമല്ലാത്ത സഹകരണബാങ്കുകള്‍ അടച്ചുപൂട്ടുകയും ലാഭത്തിലോടുന്നവയെ കമ്പനികളാക്കി മാറ്റുകയും വേണം. നമ്മുടെ സഹകരണസ്ഥാപനങ്ങളെയാകെ അതിന്റെ ജനാധിപത്യസ്വഭാവം കുത്തിച്ചോര്‍ത്തി ലാഭം കറക്കുന്ന കമ്പനികളാക്കി കമ്പോളത്തില്‍ മത്സരിപ്പിച്ചുകൊള്ളാനാണ്‌ നിര്‍ദേശം.

മുന്‍ഗണനാ വായ്‌പകള്‍ പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ പ്രയോറിറ്റി സെക്ടര്‍ ലെന്റിങ്ങ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നൊരാശയം മുന്നോട്ടുവെക്കുന്നുണ്ട്‌. രജിസ്റ്റര്‍ ചെയ്‌ത ഏതു വായ്‌പാ സ്ഥാപനവുമാകട്ടെ, (ഹുണ്ടികക്കാരനാകാം, സഹകരണ സ്ഥാപനമാകാം, ലഘുവായ്‌പാ സ്ഥാപനമാകാം, ബാങ്കിങ്ങ്‌ കറസ്‌പോണ്ടന്റാവാം) മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക്‌ വായ്‌പ കൊടുക്കുന്നുവെങ്കില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്‌ അര്‍ഹത നേടുന്നു. മുന്‍ഗണനാവായ്‌പ തീരെ നല്‍കാത്തതോ ലക്ഷ്യത്തിലെത്താത്തതോ ആയ ഒരു ബാങ്കിന്‌ ഇങ്ങനെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി തങ്ങള്‍ക്ക്‌ നല്‍കിയ ടാര്‍ജറ്റ്‌ കൈവരിക്കാം. എന്നുവെച്ചാല്‍ ബാങ്കുകള്‍ മുന്‍ഗണനാവായ്‌പ നല്‍കേണ്ടതില്ല. അത്‌ ബ്ലെയ്‌ഡ്‌ കമ്പനിക്കാര്‍ ആയിക്കൊള്ളും എന്നര്‍ഥം.

മുന്‍ഗണനാ വിഭാഗങ്ങളുടെ വായ്‌പാലഭ്യതയ്‌ക്കു തടസ്സമായി നില്‍ക്കുന്നത്‌ പലിശനിയന്ത്രണമാണത്രെ. അതുകൊണ്ട്‌ പലിശനിരക്കിനെ നിയന്ത്രണവിമുക്തമാക്കി ഉദാരവത്‌കരിക്കണമെന്നാണ്‌ നിര്‍ദേശം.

നാലാമധ്യായത്തിന്റെ തലക്കെട്ടുതന്നെ കളിസ്ഥലം നിരപ്പാക്കല്‍ എന്നാണ്‌. ബാങ്കിങ്ങ്‌ മേഖലയില്‍ ഇപ്പോള്‍ പലതരം ടീമുകളുണ്ടെങ്കിലും നിരപ്പല്ലത്രെ കളിസ്ഥലം. പൊതുമേഖലാബാങ്കുകള്‍ക്ക്‌ പ്രത്യേക പരിഗണനയും പരിലാളനവും കിട്ടുന്നുണ്ട്‌. ഇതു മത്സരശേഷി കുറയ്‌ക്കും. അതു പരിഹരിക്കാനുള്ള ആലോചനകള്‍ കമ്മിറ്റിയെ കൊണ്ടുചെന്നെത്തിക്കുന്നത്‌, ''സര്‍ക്കാര്‍ ഉടമസ്ഥത തുടരുന്നതിനു നിര്‍ബന്ധിതമാക്കുന്ന യാതൊരു കാരണവും കമ്മിറ്റിയില്‍ ഭൂരിപക്ഷവും കാണുന്നില്ല'' എന്ന നിഗമനത്തിലാണ്‌. സ്വകാര്യവത്‌കരണത്തെക്കുറിച്ച്‌ രാജ്യത്തെ പൊതുജനാഭിപ്രായം വ്യത്യസ്‌തമാണെന്നു കമ്മിറ്റി തിരിച്ചറിയുന്നു. നരസിംഹം കമ്മിറ്റി നേരത്തേ നിര്‍ദേശിച്ചപോലെ സര്‍ക്കാര്‍ ഉടമസ്ഥത 50 ശതമാനത്തില്‍ താഴെയാക്കിക്കൊണ്ട്‌ അതിന്റെ നിയന്ത്രണം ഉറപ്പുവരുത്താനേ തത്‌കാലം കഴിയൂ. ഇപ്പോള്‍ പ്രായോഗികസമീപനം കാര്യക്ഷമമല്ലാത്ത കുറച്ചു പൊതുമേഖലാസ്ഥാപനങ്ങളെ തൂക്കിവില്‍ക്കുകയാണത്രെ. വില്‌പനപ്രക്രിയയില്‍ അനുഭവമാര്‍ജിച്ചശേഷം അതു വ്യാപകമാക്കാം എന്നാണ്‌ നിര്‍ദേശം. സ്വകാര്യവത്‌കരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ നിലവിലുള്ള വലിയ പൊതുമേഖലാബാങ്കുകളുടെ ഭരണസമിതി 'ശക്തിപ്പെടുത്താ'നാണ്‌ ശുപാര്‍ശ.

കൂടുതല്‍ അധികാരങ്ങളും ശക്തിയുമുള്ള ഡയറക്ടര്‍ ബോര്‍ഡുകള്‍ എന്നതിനര്‍ഥം സ്വകാര്യ ഷെയര്‍ ഉടമകള്‍ക്കു പ്രാതിനിധ്യമുള്ള ഭരണസമിതി എന്നതുതന്നെ. ഇങ്ങനെ ബോര്‍ഡുകള്‍ 'ശക്തിപ്പെടുത്തിയ'ശേഷം സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലുകളില്‍നിന്ന്‌ വിമുക്തമാക്കണം. സര്‍ക്കാര്‍ നിയന്ത്രണമുള്ള ബോര്‍ഡാണെന്നിരിക്കെ പിന്നെന്തിനു രണ്ടാമതൊരു സര്‍ക്കാര്‍ മേല്‍നോട്ടം എന്നാണ്‌ യുക്തി. കോടതികളുടെ ഇടപെടല്‍കൂടി ഒഴിവാക്കണമെന്ന്‌ പറയാഞ്ഞത്‌ ഭാഗ്യം!

ബാങ്കിങ്ങ്‌ മേഖലയിലാകെ സംയോജനത്തിനും ലയനത്തിനും അവസരമൊരുക്കിയാല്‍ മത്സരക്ഷമത വര്‍ധിക്കുമത്രെ. അങ്ങനെ എല്ലാ കടമ്പകളും തട്ടിമാറ്റിയാല്‍ പിന്നെ അവശേഷിക്കുന്നത്‌ ശാഖാലൈസന്‍സിങ്ങാണ്‌. അതും വേണ്ടെന്നുവെക്കണം. ഗ്രാമപ്രദേശങ്ങളില്‍ ശാഖ തുറക്കാന്‍ വിസമ്മതിക്കുന്ന കുലീന ബാങ്കുകളെ രക്ഷിക്കാനായി ഒരു പുതിയ നിര്‍ദേശം മുന്നോട്ടുവെക്കുന്നുണ്ട്‌.

സ്വകാര്യവത്‌കരണം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനായി ഒരു പുതിയ നിര്‍ദേശംകൂടി-വിവിധ ധനസേവനങ്ങള്‍ നല്‌കുന്ന നാനാമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക്‌ ഒരു ഹോള്‍ഡിങ്ങ്‌ കമ്പനി. അവയുടെ മേല്‍നോട്ടത്തിനായി ഫിനാന്‍ഷ്യല്‍ സെക്ടര്‍ ഓവര്‍സൈറ്റ്‌ ഏജന്‍സി!

ഇത്തരമൊരവസ്ഥയില്‍ അതിനു കണക്കായി മാര്‍ക്കറ്റ്‌ വൈവിധ്യവും വൈപുല്യവും ഉറപ്പുവരുത്തണം. പലിശയെയും വിദേശനാണ്യത്തെയും ആസ്‌പദമാക്കിയുള്ള ഡെറിവേറ്റീവുകളുടെ മാര്‍ക്കറ്റ്‌ ഒരുക്കണം. ഒരുതരത്തിലുള്ള ധനോത്‌പന്നത്തിനും മാര്‍ക്കറ്റ്‌ നിഷേധിച്ചുകൂടാ. അവിടെയൊക്കെ വിദേശനിക്ഷേപകര്‍ക്കു നിര്‍ബാധം കടന്നുവരാനാവണം. പേഴ്‌സി മേസ്‌ത്രി കമ്മിറ്റി മുംബൈയെ അന്താരാഷ്ട്ര ധനകേന്ദ്രമാക്കാനായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ രഘുരാം രാജനും ആവര്‍ത്തിക്കുന്നു-ധനമേഖലാനിയന്ത്രണങ്ങളെക്കുറിച്ചുള്ള എല്ലാ നിയമങ്ങളും അടിസ്ഥാനപരമായി മാറ്റിയെഴുതണം.

അത്തരം ഒരഴിച്ചുപണിയാണ്‌, പൊളിച്ചെഴുത്താണ്‌ രഘുരാം രാജന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബാങ്കിങ്ങ്‌ സംവിധാനത്തെ, ധനമേഖലയെ, നിയമവ്യവസ്ഥയെ, വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെത്തന്നെ മാറ്റിമറിക്കാന്‍ ആവശ്യപ്പെടുന്ന അത്യന്തം അപകടകരങ്ങളായ നിര്‍ദേശങ്ങളാണ്‌ ഈ റിപ്പോര്‍ട്ടില്‍. ഇവിടെ പൊളിച്ചെറിയുന്നത്‌ കെട്ടിടം പണിക്കുള്ള തട്ടുകളല്ല, ഇന്ത്യന്‍ ധനമേഖലയുടെ മൂലക്കല്ലുകളാണ്‌. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്‌.

എ.കെ. രമേശ്‌ , കടപ്പാട്: മാതൃഭൂമി

(ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)

Wednesday, June 25, 2008

ലളിത ഭവനങ്ങള്‍

ടെലിവിഷന്‍ പരിപാടികളില്‍ ലേഖകന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പരിപാടികളിലൊന്ന് വീടുകളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണ്. എല്ലാ ചാനലിലും അത്തരം ഒരെണ്ണം അത്യന്താപേക്ഷിതമാണ്. സ്വപ്നഭവനം, എന്റെ വീട്, വീട്ടുവിശേഷം, വാസ്തുവിശേഷം...തുടങ്ങിയ മട്ടിലുള്ള ഒരു പേരോടുകൂടിയാണ് ടി പ്രോഗ്രാം പ്രത്യക്ഷപ്പെടുക. നമുക്ക് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിയ്ക്കുന്ന ഭവനങ്ങള്‍ എങ്ങനെ സാക്ഷാത്കരിക്കാം എന്നുള്ളതിന്റെ സോദാഹരണ ക്ലാസാണ് അത്തരം പരിപാടികള്‍.

അവതാരകന്‍, ഗൃഹനാഥന്‍ (ചിലപ്പോഴൊക്കെ ഗൃഹനാഥയും), എഞ്ചിനീയര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ട് ഇവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങള്‍. "ലളിതഭവനം പരിപാടിയിലേക്ക് സ്വാഗതം. ഇന്ന് നമുക്ക്.....ഇന്നാരുടെ വീട്ടിലേക്ക് കടന്നുചെല്ലാം എന്ന മട്ടിലൊരു ആമുഖത്തോടെ അവതാരകന്‍ നമ്മെ മാതൃകാഭവനത്തിലേക്ക് നയിക്കുന്നു. ഗേറ്റ് തുറക്കപ്പെടുന്നു. അഞ്ചുലക്ഷത്തോളം രൂപ വില മതിക്കാവുന്ന ലളിതമായൊരു ഗേറ്റ് നമുക്കിപ്പോള്‍ കാണാം. രണ്ടേക്കര്‍ വരുന്ന വിശാലമായ ചുറ്റളവോടു കൂടിയ മുറ്റത്ത് പുല്‍ത്തകിടിയല്ല, പുല്‍മേടുതന്നെ വെട്ടിയൊരുക്കി ഇട്ടേയ്ക്കുകയാണ്. നീന്തല്‍ക്കുളം രണ്ട്. ഗൃഹനാഥന്‍ ആന്‍ഡ് സണ്‍സിന് ഒരെണ്ണം സര്‍വന്റ്സിന് മറ്റൊന്ന്......എല്ലാം ലളിതം. നമുക്ക് എളുപ്പത്തില്‍ പണിതെടുക്കാന്‍ സാധിക്കുന്നവ....

ആര്‍ക്കിടെക്ട് പറയുന്നു: "കെ കെ സാര്‍ എന്നോട് പറഞ്ഞു. എല്ലാ സൌകര്യങ്ങളും വേണം. എന്നാല്‍ ലളിതമായൊരു വീടായിരിക്കണം. എന്നാല്‍ പ്രകൃതിയോട് ഇണങ്ങിയതായിരിക്കണം. എന്നാല്‍ പ്രത്യക്ഷത്തില്‍ പഴഞ്ചനെന്ന് തോന്നാനും പാടില്ല.....അങ്ങനെയാണ് ഞാന്‍ ഇത്തരം ഒരു ഡിസൈന്‍ തീരുമാനിച്ചത്. വളരെ സിംപിളും ലളിതവുമായ ഡിസൈനാണിത്. (അതെ വളരെ സിംപിളായി ഒരു ആറുകോടി രൂപ. ഒന്നു ശ്രമിച്ചുനോക്കൂ സാര്‍...നിങ്ങള്‍ക്കും പണിയാം) ദാ.....ഈ പൂമുഖം...ഇതിന്റെ പ്രത്യേകത...ഇവിടെയിരുന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ദാ.. മുകളിലെ ബാല്‍ക്കണി വഴി അകത്തുപ്രവേശിച്ച് നേരെ ഗോള്‍മുറിയിലേക്ക് വന്ന് ഒന്നു വിശ്രമിച്ച് നേരെ ഇങ്ങോട്ടേയ്ക്കെത്തുമെന്നതാണ്. അങ്ങിനെയാണ് ഇതിന്റെ നിര്‍മ്മിതി. ഗോഥിക് ശൈലിയാണ് വാതില്‍. ജര്‍മ്മനിയില്‍ നിന്നാണ് ഫിറ്റിംഗ്സ്. വളരെ ലളിതം. വാതില്‍ ഫിറ്റിംഗ്സിന് പന്ത്രണ്ടുലക്ഷം രൂപയായി. ലളിതം വളരെ ലളിതം'' (എന്താ നാണയപ്പെരുപ്പം 11.05 ശതമാനത്തിലെത്തി അന്തം വിട്ടിരിക്കുകയാണെന്നോ? കെ കെ സാറും നാണയം പെരുകി ഇനി ഇതെവിടെകൊണ്ട് വയ്ക്കുമെന്ന് പിടികിട്ടാതെയാണ് ലളിതഭവനം നിര്‍മ്മിച്ചത്)

ഇതിനിടെ ഗൃഹനാഥനും തന്റെ സ്വപ്നഭവനത്തെക്കുറിച്ച് ചിലതൊക്കെ പറയും. "ദാ ഈ ആറുതൂണുകളും നല്ല വൈറ്റ് മാര്‍ബിള്‍ കൊണ്ടുള്ളതാകണമെന്നാണ് ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷെ വൈറ്റ് മാര്‍ബിള്‍ കിട്ടാഞ്ഞിട്ട് അല്‍പം യെല്ലോയിഷ് വൈറ്റുള്ള മാര്‍ബിള്‍ കൊണ്ടാണ് മേസ്തിരിമാര്‍ തൂണുകെട്ടിയത്. പക്ഷെ അതിന് ലാളിത്യം പോരായിരുന്നു. ആര്‍ഭാടം തോന്നിക്കും. ഞാന്‍ ആ നാലുതൂണും ഇടിപ്പിച്ചു. പന്ത്രണ്ടുലക്ഷം രൂപയുടെ മാര്‍ബിളാണ് പൊട്ടിച്ചത്. പക്ഷെ എന്നാലെന്താ ദാ ലളിതമായി ഇപ്പോഴത്തെ രീതിയില്‍ വൈറ്റ് മാര്‍ബിള്‍ തന്നെ സ്ഥാപിക്കാന്‍ സാധിച്ചല്ലോ...''

പ്രേക്ഷകനെ അവതാരകരും ആര്‍ക്കിടെക്ടുമൊക്കെ ഓരോ മുക്കിലും മൂലയിലും മുറിയിലും കൊണ്ടുചെല്ലും-ദാ കണ്ടില്ലേ കേരളീയ വാസ്തുമാതൃകയില്‍ അസ്സല്‍ തേക്കു കൊണ്ടുള്ള മച്ച്. അതാ ഡൈനിംഗ്റൂമിലെ ആ കസേരകള്‍. ആ കസേരകള്‍ ആ വിധത്തില്‍ ക്രമീകരിച്ചത് chair specialist കളാണ്. ആ പൂച്ചട്ടികള്‍ അവിടെ വെച്ചത് പ്രകാശസംതുലിതത്വത്തിനും കൂടി വേണ്ടീട്ടാണ്.-''

ചുരുക്കത്തില്‍ സാറെ ഈ മട്ടില്‍ കുറെ പ്രോഗ്രാം കണ്ടുകണ്ടാണ് അവസാനം എന്റെ വീടിനെക്കുറിച്ച് ഒരു പ്രോഗ്രാം എടുക്കണമെന്ന് ലേഖകനും തീരുമാനിച്ചത്. നമുക്കും ഇല്ലേ സാര്‍ ഓരോ ആശയും മോഹവുമൊക്കെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്. ഒരു ക്യാമറക്കാരനെ സംഘടിപ്പിച്ച് എന്റെ വീടിനെക്കുറിച്ച് ഞാനും ഷൂട്ട് ചെയ്തിട്ടുണ്ട്. എന്റെ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്...മേസ്തിരി...തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ഗേറ്റു തുറന്നുകൊണ്ടാണ് ചാനലുകളില്‍ വീട്ടിലേക്ക് കയറുന്നതെങ്കില്‍ ലേഖകന്റെ ഗൃഹത്തിലേക്ക് ലേഖകന്‍ നിയമിച്ച അവതാരകന്‍ നേരെ അങ്ങ് കയറുകയാണ് (കാരണം ഗേറ്റ് ഇട്ടിട്ടില്ല. ലോണെടുത്ത തുക പാലുകാച്ചിനും ഒരു മാസം മുമ്പേ തീര്‍ന്നു)

അവതാരകന്‍: പ്രിയപ്പെട്ടവരെ. ലളിതഭവനം പരിപാടിയിലേക്ക് സ്വാഗതം. ഇതാ നമ്മളിപ്പോള്‍ നില്‍ക്കുന്നത് ഇന്നാരുടെ വീടിനു മുന്നിലാണ്. മനോഹരമായ കേരളീയ ശില്‍പ്പശൈലിയില്‍ ചെയ്ത വീട്ടിലേക്ക് നമുക്കു കടന്നുചെല്ലാം- സാര്‍, സാധാരണ ഇത്തരം പ്രോഗ്രാമുകളില്‍ ആദ്യം മുറ്റമാണ് കാണിക്കുന്നത്. പുല്‍ത്തകിടി അഥവാ Lawn (അതില്‍ നിന്നാകും തുടക്കം)

ഞാന്‍: ഞാനും ലോണില്‍ നിന്നു തന്നെ തുടങ്ങിയത്. ന്യൂജനറേഷന്‍ ബാങ്കീന്നാണ് ലോണെടുത്തത്. നീ പെട്ടെന്ന് ഷൂട്ട് ചെയ്യ്. ഇത്തവണത്തെ ഗഡു മുടങ്ങിയതുകൊണ്ട് ബാങ്കിന്റെ ആള്‍ക്കാര്‍ ഇപ്പോള്‍ വരും.

(അവതാരകന്‍, ഞാന്‍, ആര്‍ക്കിടെക്ട് തുടങ്ങിയവര്‍ വീടിനുള്ളിലേക്ക്)

അവതാരകന്‍: ഈ ചുവരുകളില്‍ ചെറിയ ദ്വാരങ്ങള്‍ കാണുന്നുണ്ടല്ലോ. അത് ഏതു ശൈലിയാണ്.

ആര്‍ക്കിടെക്ട്: ഗോഥിക് ശൈലിയെന്നോ ക്ലാസിക് ശൈലിയെന്നോ പറയാം. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍, വീട് വെയ്ക്കാന്‍ സാറ് ഒരുപാട് പേരില്‍ നിന്നും കടം വാങ്ങിച്ചിട്ടുണ്ട്. ഏതു മുറിയിലിരുന്ന് നോക്കിയാലും പുറത്തു കടക്കാര്‍ വരുന്നുണ്ടോ എന്നു കാണാന്‍ സാധിക്കണം. അതിനു വേണ്ടിയാണ്.

മേസ്തിരി ഇടയ്ക്കുകയറി: ദാ. എനിക്കു തന്നെ പറഞ്ഞ തുക മുഴുവനും തന്നിട്ടില്ല. അതുകൊണ്ടാണ് ഞാനും ആര്‍ക്കിടെക്ട് സാറുമൊക്കെ ഈ സാറിനെച്ചുറ്റിപ്പറ്റിത്തന്നെ നില്‍ക്കുന്നത്.

അവതാരകന്‍: അടുക്കളഭാഗത്തെ ആ ഓപ്പണ്‍സ്പേസ്....?

ഞാന്‍: കടക്കാര്‍ പെട്ടെന്ന് കടന്നുവന്നാല്‍ ഓടി രക്ഷപ്പെടാന്‍ വേണ്ടീട്ടാണ്.

(ക്യാമറ ഓപ്പണ്‍സ്പേസിനെ ഒപ്പിയെടുക്കുന്നു)

അവതാരകന്‍: ചാനലുകളിലെ ഭവനപരിപാടികളിലെ ഭവനങ്ങളില്‍ പുറത്തുനിന്നുള്ള വെളിച്ചം കടന്നുവരാന്‍ ചില ക്രമീകരണങ്ങളൊക്കെ ഉണ്ടാകും...ഇവിടെ അത് ഏതു തരത്തിലാണ്?

ആര്‍ക്കിടെക്ട്: കോര്‍പ്പറേഷന്റെ അനുവാദമില്ലാതെ ആ ഭാഗത്ത് ഒരു ജനല്‍ വെച്ചു. അവര്‍ വന്നു ഇടിച്ചുകളഞ്ഞു. ഇപ്പോള്‍ ഫുള്‍ വെളിച്ചവും അകത്തു കിട്ടും....

ഈ മട്ടിലാണ് ഞാന്‍ എന്റെ സ്വപ്നഭവനപ്രോഗ്രാം തയ്യാറാക്കുന്നത്. ആറുകോടിയുടെ ലാളിത്യമാണോ, അത്തപ്പാടിയുടെ ലാളിത്യമാണോ മനോഹരമെന്നറിയണമല്ലോ. എങ്കിലും സാറേ , ചാനലിലെ ചില സ്വപ്നഭവനങ്ങള്‍ എന്നെപ്പോലുള്ള ശരാശരിക്കാരനും അരപ്പട്ടിണിക്കാരനുമൊക്കെ പേടിസ്വപ്നഭവനങ്ങളാണ്.

*

ശ്രീ കൃഷ്ണപൂജപ്പുര, കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Tuesday, June 24, 2008

അമര്‍ഷത്തിന്റെ കാവ്യകാലം

ഇന്ത്യയിലെ കവികള്‍ അടിയന്തിരാവസ്ഥയോട്‌ പ്രതികരിച്ച രീതി സവിശേഷമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്‌. ദേശീയതലത്തില്‍ നോക്കിയാല്‍ മൂന്നു വിധത്തില്‍ പ്രതികരിച്ചവരെ കാണാം. ഒന്ന് ‌: സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെ പൊട്ടിത്തെറിച്ചവര്‍. രണ്ട്‌: ആ ജനാധിപത്യവിരുദ്ധ വാഴ്ച്ചയെ പരസ്യമായിത്തന്നെ വാഴ്ത്തിപ്പാടിയവര്‍. മൂന്ന്‌: അങ്ങോട്ടും ഇങ്ങോട്ടും വ്യാഖ്യാനിക്കാന്‍ പാകത്തില്‍ മെയ്‌ വഴക്കത്തോടെ എഴുതിയവര്‍.

ദേശീയതലത്തില്‍ കവിതയില്‍ പ്രകടമായ മൂന്നു പ്രവണതകളും അന്നു കേരളത്തിലും കണ്ടു. 'ഇരുപതു തിരിയിട്ട മണിവിളക്കും നീട്ടി ഇതിഹാസ രൂപിണി വന്നു' എന്ന് ഇരുപതിനപരിപാടിയെയും അതിന്റെ ആവിഷ്കാരകയായ ഇന്ദിരാഗാന്ധിയെയും വാഴ്ത്തിപ്പാടിക്കൊണ്ട്‌ ഇവിടെയും പ്രമുഖരായ ചില കവികള്‍ പോലും കവിതയെഴുതി. അതേസമയം തന്നെ 'ഇരുപതു കഴുതകള്‍ കെട്ടിവലിക്കുന്നു പെരുമന്തുകാലിനെ' എന്ന് അതിനിശിതമായി ആക്രമിക്കുന്ന കവിതകളും ഇവിടെയുണ്ടായി.

ഏതായാലും കവിതയില്‍ അടിയന്തിരാവസ്ഥയുടേതായ നീക്കിയിരിപ്പ്‌ അമര്‍ഷത്തിന്റെ കനലുപാറുന്ന ഒരുപിടി കവിതകള്‍ തന്നെയാണ്‌. ഇവയില്‍ ഏറിയകൂറും രചിച്ചതാവട്ടെ, അന്നത്തെ പുതുമുറക്കവികളാണ്‌. എന്‍.വി.കൃഷ്ണവാരിയര്‍, പി.ഭാസ്കരന്‍ എന്നിങ്ങനെ ചില വളരെ പ്രമുഖരായ കവികള്‍, ഒരു പക്ഷെ, തെറ്റിദ്ധരിച്ചാവാം, അടിയന്തിരാവസ്ഥയെ വാഴ്ത്തി. എന്നാല്‍, അതേ തലമുറയില്‍പ്പെട്ട മഹാകവി വൈലോപ്പിള്ളി പച്ചയായിത്തന്നെ അടിയന്തിരാവസ്ഥയെ എതിര്‍ത്ത്‌ എഴുതി.

അന്നത്തെ ജനാധിപത്യധ്വംസനത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നറിയാന്‍ വൈലോപ്പിള്ളിയുടെ കവിതകളിലൂടെ കടന്ന് പോയാല്‍ മതി.

തിരുവായ്ക്കെതിര്‍വായ
മിണ്ടുകില്‍ കേള്‍ക്കാം രാവില്‍
പുരവാതിലില്‍ അങ്ങേ-
ക്കിങ്കരര്‍ മുട്ടും ശബ്ദം !
യാത്ര ചോദിക്കാന്‍ പോലുമാവാതെ
അവരെത്തും
കാത്തുനിന്നിടും; കഴു-
വിങ്കലോ തുറുങ്കിലോ ?

അടിയന്തിരാവസ്ഥയിലെ മനുഷ്യത്വരഹിതമായ, കിരാതമായ ഭേദ്യം ചെയ്യലുകള്‍ പുറത്തുവരുന്നതിനു മുമ്പുതന്നെ വൈലോപ്പിള്ളി അതു കണ്ടു; കവിതയിലേക്കു പകര്‍ന്നുവെച്ചു. തിരുവായ്ക്ക്‌ എതിര്‍വായ മിണ്ടിക്കൂടാത്ത ഏകശാസനത്തിന്റെ കാലമായിരുന്നു അത്‌. പുരവാതിലില്‍ അര്‍ദ്ധരാത്രികളില്‍ അധികാരത്തിന്റെ കിങ്കരന്മാര്‍ മുട്ടുന്ന കാലം. യുവാക്കളെ തുറുങ്കിലേക്കും കഴുവിലേക്കും കൂട്ടിക്കൊണ്ടു പോവുന്ന കാലം. വൈലോപ്പിള്ളി വരച്ചുവെച്ച കാലംതന്നെയായിരുന്നു കൃത്യമായും അത്‌ എന്നു കേരളം അറിഞ്ഞത്‌ പിന്നീടാണ്‌. വരാന്‍ പോവുന്നതു മുന്‍കൂട്ടി പറഞ്ഞു കവി.

അങ്ങുതാന്‍ നീതിന്യായം
അങ്ങുതാന്‍ വാര്‍ത്താകേന്ദ്രം
അങ്ങുതാന്‍ രാജ്യം
അങ്ങുതാന്‍ സമസ്തവും

എന്നു വൈലോപ്പിള്ളി എഴുതിയപ്പോള്‍ അധികാരമെല്ലാം ജനാധിപത്യവിരുദ്ധമായി ഇന്ദിരാഗാന്ധി എന്ന ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിന്റെ, സമസ്തസ്വഭാവവും ആ വാക്കുകളില്‍ പ്രതിഫലിക്കുകയായിരുന്നു.

ഭാരതം ഒരു രോഗാലയമാവുന്നതിന്റെ സങ്കടവും അമര്‍ഷവും അന്നു തന്നെ പകര്‍ന്നുവെച്ച കവിയാണ്‌ ഒ.എന്‍.വി.

ജാലകമിതു വലിച്ചടയ്കായ്ക, ഈ ആതു-
രാലയത്തിലേയ്ക്കല്‍പം കാറ്റു വന്നോട്ടെ

എന്ന് ഒ.എന്‍.വി എഴുതിയപ്പോള്‍ രാഷ്ട്രഗോത്രത്തിലെ രോഗാണുസഞ്ചാരമാണ്‌ ആ കവിതയില്‍ നിഴലിച്ചു നിന്നത്‌. അവസാനത്തെ ജാലകവും അടച്ച്‌ ശ്വാസം മുട്ടിക്കുന്നതിന്റെ, മനുഷ്യധ്വംസനത്തിന്റെ ചിത്രമാണ്‌ ആ വരികളില്‍ വന്നു തെളിഞ്ഞത്‌.

ഒരു ജനതയെയാകെ ബൗദ്ധികമായും സാംസ്കാരികമായും വന്ധീകരിക്കുന്നതിനെതിരായ പ്രതിഷേധമായിരുന്നു അയ്യപ്പപ്പണിക്കര്‍ 'കടുക്ക' എന്ന കവിതയിലൂടെ പങ്കുവെച്ചത്‌.

അടിച്ചല്ലേ, പിടിച്ചല്ലേ, കടുപ്പം കാട്ടല്ലേ- ഈ
കടുക്കാ ഞാന്‍ കുടിച്ചേക്കാം
കയിപ്പെന്നും പറേത്തില്ല - ഈ
കടുക്കാ ഞാന്‍ കുടിച്ചേക്കാം

എന്ന് അയ്യപ്പപ്പണിക്കര്‍ കുറിച്ചുവെച്ചപ്പോള്‍ ഒരു ജനതയെയാകെ കടുക്കാനീര്‍ കുടിപ്പിക്കുന്ന സ്വേച്ഛാചാരിണിയുടെ ചിത്രമാണ്‌ തെളിഞ്ഞുവന്നത്‌. ഒപ്പം അകര്‍മ്മണ്യതയിലാണ്ടുപോവുന്ന, പ്രതികരിക്കാന്‍ മടിക്കുന്ന ഒരു ജനതയുടെ നിര്‍വികാരതയും അതില്‍ നിഴലിച്ചുനിന്നു.

കടമ്മനിട്ടയുടെ 'കണ്ണൂര്‍ക്കോട്ട'യും സച്ചിദാനന്ദന്റെ നാവുമരവും ആ കാലത്തിന്റെ ഇടിമുഴക്കങ്ങളാണ്‌.

'എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും'

എന്ന് കണ്ണൂര്‍ക്കോട്ടയില്‍ കടമ്മനിട്ട എഴുതി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്കുശേഷം രാജ്യം കണ്ടത്‌ കടമ്മനിട്ട പകര്‍ന്നുവെച്ച പ്രത്യാശ സത്യമാവുന്നതാണ്‌.

നാവുമരത്തില്‍ സച്ചിദാനന്ദന്‍ അടിയന്തരാവസ്ഥയെ നടപ്പുദീനമായാണ്‌ ചിത്രീകരിച്ചത്‌. ആ കവിതയിലെ നാട്ടമ്മയായ നല്ലതേവി ഇന്ദിരാഗാന്ധിയാണ്‌.

നടവഴിയില്‍, നാലുകെട്ടില്‍
നാട്ടിലെല്ലാം നടപ്പുദീനം.
നാട്ടമ്മ, നല്ലതേവി
കോട്ടയില്‍ നിന്നരുള്‍ ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാന്‍.

സത്യം പറയാന്‍ ഒരുങ്ങുന്ന നാവുകളെല്ലാം അറുത്തെടുത്തു കുരുതി ചെയ്യാന്‍ കല്‍പിക്കുന്ന ആ നല്ലതേവി അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ സര്‍വ്വ നൃശംസതകളും ഉള്‍ച്ചേരുന്ന നല്ല പ്രതിരൂപമാവുന്നുണ്ട്‌. കവിത പ്രത്യയശാസ്ത്രത്തിന്റെ ആയുധമാവുന്നതിന്റെ നല്ല ഉദാഹരണമായി നാവുമരം.

അടിയന്തരാവസ്ഥക്കവിതകളെക്കുറിച്ച്‌ എഴുതുമ്പോള്‍ ആദ്യം പറയേണ്ടത്‌, പക്ഷെ, ഇവരുടെയൊന്നും പേരുകളല്ല. വൈലോപ്പിള്ളിയുടെ പേരു പോലുമല്ല. പിന്നെയോ, എം.കൃഷ്ണന്‍കുട്ടിയുടെ പേരാണ്‌. കവിത എഴുതിയതിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്തു മുഴുവന്‍ വിചാരണ പോലുമില്ലാതെ തടങ്കലിലടയ്ക്കപ്പെട്ട എം.കൃഷ്ണന്‍കുട്ടി.

അടിയന്തരാവസ്ഥയുടെ ആദ്യനാളുകളില്‍ത്തന്നെ ചിതറിത്തെറിക്കുന്ന കനല്‍ച്ചീളുകള്‍ പോലുള്ള വാക്കുകള്‍ കൊണ്ട്‌ അതിനെതിരായി പ്രതികരിച്ച കവിയാണ്‌ എം.കൃഷ്ണന്‍കുട്ടി. ഡിഫന്‍സ്‌ ഓഫ്‌ ഇന്ത്യാ റൂള്‍സ് പ്രകാരം കൃഷ്ണന്‍കുട്ടി അറസ്റ്റ്‌ ചെയ്യപ്പെട്ടു. വ്യവസ്ഥാപിതമായ നിയമസംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രഗവണ്മെന്റിന്റെ ഭരണനടത്തിപ്പിനെതിരെ ജനരോഷം വളര്‍ത്തി എന്നതായിരുന്നു പോലീസ്‌ ഭാഷയില്‍ കൃഷ്ണന്‍കുട്ടി ചെയ്ത കുറ്റം. ഗവണ്മെന്റിന്റെ ആഭ്യന്തരസുരക്ഷിതത്വത്തിനു ഹാനി സംഭവിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ കവിത എഴുതി എന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

ആത്മഗാഥ എന്ന കവിത എഴുതി പ്രസിദ്ധീകരിച്ചതിനാണ്‌ കൃഷ്ണന്‍കുട്ടിയെ തടങ്കലിലാക്കിയത്‌. കൃഷ്ണന്‍കുട്ടിക്കെതിരായ കുറ്റപത്രത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത, കൃഷ്ണന്‍കുട്ടിയുടെ കവിതാഭാഗം ഇതാണ്‌.

അധികാരിവര്‍ഗമേ നീ ചരിത്രത്തിന്റെ
ഇതളുകളൊന്നു മറിച്ചു നോക്കൂ.
അതിരറ്റ മര്‍ദ്ദകാഹന്തകള്‍ ചാമ്പലായ്‌
പുകയുന്ന ചിതകള്‍ ചികഞ്ഞുനോക്കൂ.

അതു കാണ്‍കിലെങ്കിലും നിന്റെ നെറികെട്ട
കുടിലതന്ത്രങ്ങള്‍ നിറുത്തിയെങ്കില്‍
ലഹരി പിടിച്ചു സമനില തെറ്റിയ
തലയില്‍ കൊടുങ്കാറ്റടങ്ങിയെങ്കില്‍...

ഇതു വായിച്ചപ്പോള്‍ സ്വാഭാവികമായും അധികാരികള്‍ക്ക്‌ തോന്നി ഇത്‌ ഇന്ദിരാഗാന്ധിയെക്കുറിച്ചല്ലാതെ വരാന്‍ തരമില്ല എന്ന്‌. കൃഷ്ണന്‍കുട്ടിയോട്‌ ചോദിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടി നിഷേധിച്ചുമില്ല. അറസ്റ്റു ഭയന്ന് വാക്കു മാറ്റാന്‍ കവിക്കു കഴിയില്ല.

അടിമുടി ആയുധം ചാര്‍ത്തിയാലും നിന-
ക്കൊരു നാളുമില്ല വിജയപീഠം
വെടിയുണ്ടകള്‍ക്കീ വിമോചനപ്പട്ടാള
നിരകള്‍ പിളര്‍ക്കുവാനാവുകില്ല.
..........................................
..........................................
ഇടിമുഴങ്ങീടുന്ന ചക്രവാളത്തില്‍ നി-
ന്നൊരു വെള്ളിടിവാള്‍ പിറന്നുവീഴും
മദകുരു പൊട്ടിയ നിന്റെ തലക്കുമേല്‍
അതുവന്നു വീണു പിളര്‍ന്നു വാഴും.

എന്നിങ്ങനെ പൊള്ളിക്കുന്നതും മുറിവേല്‍പ്പിക്കുന്നതുമായ വാക്കുകള്‍ വീശിയുള്ള കടുത്ത ആക്രമണം തന്നെയാണ്‌ കൃഷ്ണന്‍കുട്ടി കവിതകൊണ്ടും നടത്തിയത്‌. അത്‌ കൊള്ളേണ്ടിടത്ത്‌ കൊണ്ടു എന്നതിന്റെ സ്ഥിരീകരണമായിരുന്നു അറസ്റ്റും തടങ്കല്‍ പാര്‍പ്പും. കവിത സമൂഹത്തില്‍ സഫലമാവുന്നതിന്റെ വഴി തുറന്നുകാട്ടിയ രചനയായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ആത്മഗാഥ. ഇന്നത്തെ മുഖ്യമന്ത്രി വി.എസ്‌.അച്ച്യുതാനന്ദന്‍ പത്രാധിപരായ കര്‍ഷകത്തൊഴിലാളി മാസികയിലാണ്‌ ആ കവിത വന്നത്‌. വി.എസ്‌. മിസ പ്രകാരം നേരത്തെത്തന്നെ തടങ്കലിലായിരുന്നു. പ്രിന്ററായിരുന്ന പി.കെ.കുഞ്ഞച്ചന്‍ ഒളിവിലും. അതുകൊണ്ട്‌ കവിത മുന്‍നിര്‍ത്തി മൂന്നു പേര്‍ക്ക്‌ അറസ്റ്റുവാറന്റുണ്ടായിരുന്നുവെങ്കിലും അറസ്റ്റ്‌ കൃഷ്ണന്‍കുട്ടിയിലൊതുങ്ങി.

അടിയന്തരാവസ്ഥയുടെ വന്യവും കിരാതവുമായ ന്യായപ്രമാണങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട്‌ അഗ്നി പടര്‍ത്തിയ കവിയാണ്‌ ഏഴാച്ചേരി രാമചന്ദ്രന്‍.

ശിലകളിലഗ്നി വിടര്‍ത്തിയും
പൂക്കളില്‍ കുരുതിക്കളനിറം തൂകിയും
പര്‍വ്വതമുടികള്‍ കുലുക്കിയും

ഇടിമുഴക്കത്തോടൊത്തുള്ള ഒരു വരവിനെ ഏഴാച്ചേരി രാമചന്ദ്രന്‍ തന്റെ കവിതയില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. നിസ്സംസതയും നിര്‍വ്വികാരതയും നാട്ടുനടപ്പായ ഒരു കാലത്ത്‌ ആ അകര്‍മ്മണ്യതയുടെ നെഞ്ചുപിളര്‍ക്കുന്ന കര്‍മ്മധീരതയുടെ വാഴ്ത്തുപാട്ടാണ്‌ ഏഴാച്ചേരി പാടിയത്‌.

ഈ നാടിന്റെ പൂര്‍വ്വരാഷ്ട്രീയത്തെയും സംസ്കൃതിയെയും കുറിച്ചു പറഞ്ഞാല്‍ അതുപോലും അടിയന്തരാവസ്ഥക്കെതിരാണെന്നു വ്യാഖ്യാനിച്ചിരുന്ന കാലമായിരുന്നു അത്‌. ആ കാലത്തെ അതിന്റെ സകല ഭാവതീഷ്ണതയോടെയും പകര്‍ന്നുവെയ്ക്കുകയാണ്‌ അന്നു പഴവിള രമേശന്‍ ചെയ്തത്‌.

പഴയ കഥയിതു കേള്‍ക്കരുത്‌
ചെവിയോര്‍ക്കരുത്‌
ഇമ ചിമ്മരുത്‌
ഇനി നോക്കരുത്‌

'ഉരിയാടരുതൊരു വാക്കും' എന്ന പഴവിളയുടെ കവിതയില്‍ അതിന്റെ ശീര്‍ഷകത്തില്‍ പറയുന്ന അമര്‍ഷമാകെ വിസ്‌ഫോടനശേഷിയോടെ ത്രസിച്ചുനിന്നു.

എന്തിനെക്കുറിച്ചു പാടിയാലും അത്‌ അടിയന്തരാവസ്ഥക്കെതിരെയാണ്‌ എന്ന് വ്യാഖ്യാനിച്ചിരുന്ന ഒരു കാലം. അപ്പോള്‍ എന്തിനെക്കുറിച്ചു പാടും ? അത്തരമൊരു ചോദ്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ്‌ പുനലൂര്‍ ബാലന്‍ ശീമക്കൊന്നയെക്കുറിച്ച്‌ പാടിയത്‌.

മറ്റൊന്നും പാടാനില്ല, പാടട്ടെ
നിന്നെപ്പറ്റി നിന്‍ മഹത്വത്തെപ്പറ്റി

എന്നാണ്‌ ആ കവിത തുടങ്ങുന്നത്‌. ഒന്നിനും കൊള്ളായ്കയുടെ പ്രതീകമായ ശീമക്കൊന്നയെ മുന്‍നിര്‍ത്തി എല്ലാം പറഞ്ഞുവെയ്ക്കുന്ന ഒരു രീതി പുനലൂര്‍ ബാലന്‍ അടിയന്തരാവസ്ഥയില്‍ പരീക്ഷിച്ചു.

പറയേണ്ടത്‌ പറയേണ്ടപോലെ പറയാന്‍ കഴിയാതാവുമ്പോള്‍ കവിത പറച്ചിലിന്റെ പുതുരൂപം തേടും. അങ്ങനെയാണ്‌ അടിയന്തരാവസ്ഥയില്‍ കാര്‍ട്ടൂണ്‍ കവിത വ്യാപകമായി പരീക്ഷിക്കപ്പെട്ടത്‌. ആധുനികനായ അയ്യപ്പപ്പണിക്കരും ആധുനികനല്ലാത്ത വൈലോപ്പിള്ളിയും കാര്‍ട്ടൂണ്‍ രൂപകങ്ങള്‍ സൃഷ്ടിച്ച്‌ കവിതകളുണ്ടാക്കി. എല്ലാം കുറിക്കു കൊണ്ടു. വൈലോപ്പിള്ളിയുടെ പശുവും കിടാവും ഈ രംഗത്ത്‌ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന്റെ പൊതുവിലും ഇന്ദിരാ-സഞ്ജയരുടെ വിശേഷിച്ചും ചിത്രം അതില്‍ തെളിഞ്ഞുവന്നു. കവിത ആവിഷ്കാരത്തിന്റെ പുതുരൂപങ്ങള്‍ തേടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു അന്ന്‌. അങ്ങനെയാണ്‌ അയ്യപ്പപ്പണിക്കരുടെ സമാചാരം പോലുള്ളവയുമുണ്ടായത്‌.

എന്തൊക്കെ സമാചാരം
എല്ലാം നമുക്കു ചാരം ?

എന്ന് അയ്യപ്പപ്പണിക്കര്‍ പറഞ്ഞപ്പോള്‍ വാര്‍ത്ത ഭസ്മമാവുന്ന സെന്‍സര്‍ഷിപ്പിന്റെ കാലത്തെ അതു മൂര്‍ച്ചയോടെ ചിത്രീകരിക്കുന്നതായി അനുവാചകര്‍ക്ക്‌ അനുഭവപ്പെട്ടു.

എം.ഗോവിന്ദന്‍ ചോദിച്ചതുപോലെ 'എഴുത്തോ നിന്റെ കഴുത്തോ ഏറെക്കൂറ്‌ ഏതിനോട് ‌' എന്ന്‌ അധികാരികള്‍ കവികളോട്‌ ചോദിച്ച കാലമായിരുന്നു അത്‌. എഴുത്തിനോടു കൂറു പ്രഖ്യാപിച്ചു ജയിലിലേക്കു പോയവരും കഴുത്തിനോടു കൂറു പ്രഖ്യാപിച്ചു വൈതാളികവൃന്ദത്തില്‍ ചേര്‍ന്നവരുമുണ്ട്‌ എഴുത്തുകാര്‍ക്കിടയില്‍.

ശിവരാമകാരന്ത്‌, ദുര്‍ഗാഭഗവത്‌, ദാണ്ഡേക്കര്‍, ഉമാശങ്കര്‍ ദീക്ഷിത്‌ എന്നിങ്ങനെ എത്രയോ പ്രമുഖന്മാര്‍ എഴുത്തിനോടു കൂറു പ്രഖ്യാപിച്ച കാലമാണത്‌.

ലങ്കേഷ് ‌(കന്നഡ), സുനില്‍ ഗംഗോപാധ്യായ, ദേവപ്രസാദ്‌ മുഖോപാധ്യായ, മണിക്‌ ചക്രവര്‍ത്തി (ബംഗാളി), ഓം പ്രകാശ്‌ നിര്‍മല്‍, സുരേന്ദ്ര ചതുര്‍വേദി(ഹിന്ദി), എസ്‌.ഗണേശന്‍, അറിവന്‍ (തമിഴ്‌), എസ്‌.മനോഹരന്‍, അശോക്‌ (തെലുങ്ക്‌), അക്തറുള്‍ ഇമാം (ഉര്‍ദു), വിഷ്ണു ശ്രീറാം കലാല്‍ (ഗുജറാത്തി) എന്നിങ്ങനെ ഇന്ത്യയുടെ പലഭാഗത്തായി അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച്‌ സാഹിത്യരചന നടത്തിയ നിരവധിപ്പേരുണ്ട്‌.

ആ പേരുകളോട്‌ ചേര്‍ത്തുവെയ്ക്കാന്‍ നമുക്ക്‌ മലയാളക്കരയിലും കുറേ കവികളുണ്ടായി എന്നത്‌ അഭിമാനകരമാണ്‌. വിഷ്ണുനാരായണന്‍ നമ്പൂതിരി, കക്കാട്‌, സി.പി.അബൂബക്കര്‍, മുല്ലനേഴി, കുഞ്ഞപ്പ പട്ടാനൂര്‍, പി.നാരായണക്കുറുപ്പ്‌, പി.ഉദയഭാനു തുടങ്ങിയവരൊക്കെയുണ്ട്‌ ആ നിരയില്‍.

അന്ന് എഴുത്തിന്റെ പ്രാരംഭഘട്ടത്തില്‍ നിന്നിരുന്നവരും എഴുത്തിലൂടെ അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചു. കരിവെള്ളൂര്‍ മുരളി, കവിയൂര്‍ രാജഗോപാലന്‍, ഉമേഷ്‌ ബാബു കെ.സി, ഹിരണ്യന്‍, എന്നിവരൊക്കെ അതില്‍പെടും.

പൊതുവെ മലയാള കാവ്യരംഗം ധീരവും ആദര്‍ശോജ്ജ്വലവുമായ രീതിയിലാണ്‌ അടിയന്തരാവസ്ഥയോടു പ്രതികരിച്ചത്‌. എന്‍.വി.യെയും പി.ഭാസ്കരനെയും പോലെ അത്യപൂര്‍വ്വം ചിലര്‍ ആ പൊതുരീതിക്ക്‌ അപവാദമായി എന്നത്‌ സത്യമാണ്‌. ട്രെയിന്‍ സമയത്ത്‌ ഓടുന്നുവെന്നും ജീവനക്കാര്‍ സമയത്ത്‌ ഓഫീസിലെത്തുന്നുവെന്നും ഒക്കെ പ്രചരിപ്പിച്ച്‌ അടിയന്തരാവസ്ഥ ശ്രേഷ്ഠമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണാധികാരികള്‍ നടത്തിയ പ്രചാരണത്തില്‍ അവര്‍ ഒരു പക്ഷെ ഒഴുകിപ്പോയതാവാം.

എന്നാല്‍ ഈ പ്രചാരണത്തിന്റെ മറയിട്ടുകൊണ്ട്‌ പൗരസ്വാതന്ത്ര്യവും ജനാധിപത്യസ്വാതന്ത്ര്യവുമെല്ലാം നിശ്ശേഷം ഇല്ലായ്മ ചെയ്യുകയായിരുന്നു അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി. നൂറുകണക്കിനു യുവാക്കളാണ്‌ കേരളത്തിലെ വിവിധ ഭേദ്യ അറകളില്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടത്‌. എത്രയോ പേര്‍ കൊല്ലപ്പെട്ടു. അതെല്ലാം പതിയെപ്പതിയയാണ്‌ പുറത്ത്‌ വന്നത്‌.

മഴ കഴിഞ്ഞിട്ടും മരം പെയ്യുന്നുണ്ടല്ലോ. അതുപോലെ, അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷവും അന്നത്തെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കവിതകള്‍ വന്നുകൊണ്ടിരുന്നു.

എല്ലാത്തിനും മൂകസാക്ഷിയായി മുഖ്യമന്ത്രിക്കസേരയില്‍ അക്കാലത്ത്‌ ഇരുന്ന സി. അച്ച്യുതമേനോനോട്‌ 'മിണ്ടുക മഹാമുനേ....' എന്ന് വൈലോപ്പിള്ളി കവിതയിലൂടെ പറഞ്ഞു.

അരിയവെള്ളരി കണികാണേണ്ടുന്നിടത്ത്‌
ഒരു കിശോരന്റെ മൃതദേഹം

എന്ന് വിഷുക്കണി എന്ന കവിതയില്‍ വൈലോപ്പിള്ളി എഴുതി. തീവ്രമായ അനുഭവങ്ങള്‍ വാറ്റി കവിതയുണ്ടാക്കുന്നത്‌ എങ്ങനെ എന്നതിന്‌ ഉദാഹരണമായി അവ.

*

ശ്രീ പ്രഭാവര്‍മ്മ. കടപ്പാട് ‌: സ്റ്റുഡന്റ്‌ മാഗസിന്‍

(അടിയന്തരാവസ്ഥക്കാലത്ത്‌ എസ്‌.എഫ്‌.ഐയുടെ ചെങ്ങന്നൂര്‍ താലൂക്ക്‌ സെക്രട്ടറിയായിരുന്നു പ്രഭാവര്‍മ്മ)

അധിക വായനയ്ക്ക്

Memories Of a Father - ടി വി ഈച്ചരവാരിയര്‍

Monday, June 23, 2008

കാനോന്‍ നിയമവും കന്യാസ്ത്രീ വിവാദവും

നെപ്പോളിയന്‍ ഫ്രാന്‍സില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഫ്രാന്‍സിലെ പഴകി ജീര്‍ണിച്ച കത്തോലിക്കാ സഭയെ കാലോചിതമായി ഒന്ന് നവീകരിക്കുവാന്‍ ശ്രമിച്ചു. കര്‍ദ്ദിനാളന്മാരും മെത്രാന്മാരുമുണ്ടോ അതിനു സമ്മതിക്കുന്നു. ഒച്ചപ്പാടും ബഹളവും ആയി. ഒടുവില്‍ സന്ധിസംഭാഷണത്തിനു ചില സഭാദ്ധ്യക്ഷന്മാരെ നെപ്പോളിയന്‍ വിളിച്ചുകൂട്ടി. ഒരു കര്‍ദ്ദിനാളിന്റെ അതിരുവിട്ട അവകാശവാദങ്ങളും പദപ്രയോഗങ്ങളും നെപ്പോളിയനെ ക്ഷുഭിതനാക്കി. അദ്ദേഹം കര്‍ദ്ദിനാളിനെ നോക്കിപ്പറഞ്ഞു. വേണ്ടിവന്നാല്‍ ഫ്രാന്‍സിലെ കത്തോലിക്കാ സഭയെ ഒന്നാകെ നശിപ്പിക്കാന്‍ എനിക്കു കഴിയുമെന്നും തിരുമേനിക്കറിയില്ലേ? കര്‍ദ്ദിനാള്‍ പെട്ടന്നു ശാന്തനായി ചിരിച്ചുകൊണ്ട് പറഞ്ഞു: 'കഴിഞ്ഞ ആയിരത്തി എണ്ണൂറു വര്‍ഷങ്ങളായി ഞങ്ങള്‍ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും രാപകലില്ലാതെ പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണോ അങ്ങ് ഒറ്റയ്ക്കു നടത്താന്‍ പോകുന്നത്. നടക്കില്ല സര്‍! നമ്മുടെ കേരളത്തിലെ ചില മെത്രാന്മാരുടെ പോക്കുകാണുമ്പോള്‍ തോന്നുന്നത്, ഇവര്‍ ഇവിടുത്തെ കത്തോലിക്കാ സഭയെ ഒന്നാകെ നശിപ്പിച്ചേ അടങ്ങൂ എന്നാണ്.

ജസ്റ്റിസ് ശ്രീദേവി അധ്യക്ഷയായുള്ള വനിതാക്കമ്മീഷന്‍ അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് കണ്ടെത്തിയതാണ് കേരളത്തില്‍ കന്യാസ്ത്രീമഠങ്ങളോട് അനുബന്ധിച്ചു നടന്നു വരുന്ന നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ . തൊടുപുഴയിലെ അഗസ്റ്റിന്‍ എന്ന ഒരു സത്യക്രിസ്ത്യാനി നല്‍കിയ പരാതിയാണ് തങ്ങളുടെ അന്വേഷണത്തിനു പ്രേരകമായതെന്ന കാര്യവും കമ്മീഷന്‍ അംഗങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളെ ഒന്നാകെ സന്തോഷിപ്പിച്ച ഒരു ശിപാര്‍ശയായിരുന്നു പെണ്‍കുട്ടികളെ പതിനെട്ടു വയസ്സിനു മുമ്പ് കന്യാസ്ത്രീമഠത്തിലയക്കരുതെന്നും അതിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുടെ പേരില്‍ നടപടിയെടുക്കണമെന്നതും. ഇതിന്റെ പേരില്‍ എന്തിനാണിത്രമാത്രം വിവാദം ഉണ്ടാക്കാന്‍ മെത്രാന്മാര്‍ തുനിയുന്നതെന്ന് ഓര്‍ത്തു സാധാരണ വിശ്വാസികള്‍ ആശ്ചര്യപ്പെടുകയാണ്.

അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന മട്ടിലാണ് ഇതിന്റെ പേരില്‍ ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെയുള്ള പടപ്പുറപ്പാട്. ദ്വീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജുകളാണ് ഇതില്‍ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ അരങ്ങാക്കിയിരിക്കുന്നത്. ആരൊക്കെയാണ് വാളും കുന്തവും എടുത്ത് അങ്കപ്പുറപ്പാടു നടത്തിയിരിക്കുന്നത്. ദൈവശാസ്ത്രം, ബൈബിള്‍ ദര്‍ശനം ഇവയെക്കാളൊക്കെ പ്രധാനപ്പെട്ടതാണ് കാനോന്‍ നിയമം എന്ന് കണ്ടെത്തിയ ചില വലിയ ഇടയന്മാര്‍! മാര്‍ജോസഫ് പവ്വത്തില്‍, മാര്‍ പെരുന്തോട്ടം, മാര്‍ ക്ലെമ്മീസ് , മാര്‍ വലിയമറ്റം, മാര്‍ കല്ലറങ്ങാട്, ഫാദര്‍ ചന്ദ്രന്‍ കുന്നേല്‍. ഇത് കൂടാതെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ സ്ത്രീകളുടെയും പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട് ഒരു സിസ്റ്റര്‍ ജെസ്സി കുര്യന്‍.

സ്വാശ്രയകോളേജ് നിയമമാകട്ടെ, ഏകജാലകസംവിധാനമാകട്ടെ, പാഠപുസ്തക വിവാദമാകട്ടെ, കന്യാസ്ത്രീപ്രശ്നമാകട്ടെ, പൊതുനന്മ ലാക്കാക്കി ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കുന്ന ഏതു നയപരിപാടികളെയും വിമര്‍ശിക്കാന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സ്ഥിരം എതിര്‍പ്പുകാരായ മേല്‍പ്പറഞ്ഞ ചില വൈദിക നാമധാരികള്‍ മാത്രമായത് എന്തുകൊണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രമേശ് ചെന്നിത്തലയും വയലാര്‍രവിയും ഒക്കെ ഇലത്താളവും മദ്ദളവും ഒക്കെ കൊട്ടി വിശ്വാസികളുടെ വികാരം ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ അരക്കൈ നോക്കുന്നുണ്ട്.

കത്തോലിക്കാസഭയില്‍ അല്‍‌മായരുടെ (സാധാരണ വിശ്വാസികള്‍) വംശം കുറ്റിയറ്റുപോയിട്ടൊന്നുമില്ലല്ലോ. സഭയെന്നാല്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സ്വകാര്യസ്വത്താണോ? ആണെന്ന തരത്തിലാണിവരുടെ മുന്നേറ്റം. യൂറോപ്പിലെ കത്തോലിക്കാസഭയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതും ഈ വൈദിക-അല്‍‌മായ വേര്‍തിരിവായിരുന്നു. മെത്രാന്മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ - ഇവര്‍ സഭാ സാമ്രാജ്യത്തിലെ പൂര്‍ണപൌരാവകാശമുള്ളവര്‍. കേരള കത്തോലിക്കാ സഭയിലും ഈ അവസ്ഥ സംജാതമായിരിക്കുന്നു. ഭൂരിപക്ഷം വിശ്വാസികളും നല്ല ഒരു ഭാഗം അഭ്യസ്ഥവിദ്യരായ വൈദികരും ഈ അവസ്ഥയില്‍ അമര്‍ഷം ഉള്ളില്‍ അമര്‍ത്തുന്നവരാണ്.

കന്യാസ്ത്രീകളാകാനും പുരോഹിതരാകാനും പതിനെട്ടു വയസ്സിനുമേല്‍ പ്രായമെത്തിയവര്‍ക്കു മാത്രം കഴിയത്തക്ക വിധം കാനോന്‍നിയമം അനുശാസിക്കുന്നുണ്ടെന്നും അതു പഠിക്കാതെയാണ് വനിതാക്കമ്മീഷന്‍ ഇല്ലാത്ത ഒരാരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് സിസ്റ്റര്‍ ജെസ്സി കുര്യനെപ്പോലുള്ളവരുടെ പ്രചരണം. കേരളത്തിലുടനീളം പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞാലുടന്‍ വിവിധ കന്യാസ്ത്രീസമൂഹങ്ങള്‍ തങ്ങളുടെ മഠത്തിലേക്ക് ആളെ ചേര്‍ക്കാനായി ഗ്രാമഗ്രാമാന്തരങ്ങളില്‍ ദൈവവിളിക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മിക്ക കോണ്‍ഗ്രിഗേഷനുകളും പത്രപരസ്യവും നല്‍കാറുണ്ട് എന്നതാണ് വസ്തുത.

ഏതു പ്രായത്തില്‍ സഭാവസ്ത്രം ധരിക്കുന്നു എന്നതല്ല ഇവിടെ പരിശോധിക്കപ്പെടേണ്ടത്. ഏതു പ്രായത്തില്‍ വൈദികനാകാനുള്ള അഥവാ കന്യാസ്ത്രീയാകാനുള്ള പരിശീലനം ആരംഭിക്കുന്നു എന്നതാണ്. ഇതു പതിനഞ്ചുവയസ്സില്‍ തുടങ്ങുന്നു എന്ന പരമാര്‍ത്ഥത്തെ എന്തിനാണ് മറച്ചുപിടിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും ഈ രീതി തന്നെയാണ്.

കന്യാസ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല വൈദികരുടെ കാര്യത്തിലും പരിശീലനാരംഭം 21 വയസ്സ് പൂര്‍ത്തിയായതിനു മേലായിരിക്കണം എന്ന ആവശ്യം ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള പരിഷ്ക്കരണവാദികള്‍ എത്രയോ കാലമായി ഉന്നയിക്കുന്നതാണ്. 16-ാംനൂറ്റാണ്ടിലെ പോര്‍ട്ടുഗീസാഗമനത്തിനു മുമ്പ് കേരളത്തില്‍ കന്യാസ്ത്രീകള്‍ എന്നൊരേര്‍പ്പാടേ ഉണ്ടായിരുന്നില്ല. ഇന്നു നിലവിലുള്ള കന്യാസ്ത്രീ മഠങ്ങളും വൈദിക സെമിനാരികളും പൂര്‍ണമായും പാശ്ചാത്യ ഇറക്കുമതിയാണ്. പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ ഇവിടെ നിലനിന്നിരുന്ന വൈദിക പരിശീലനം ഗുരുകുല മാതൃകയിലുള്ളതായിരുന്നു. ഈ ഗുരുകുലങ്ങളെ തകര്‍ത്തുകൊണ്ടാണ് സെമിനാരികള്‍ ആവിര്‍ഭവിച്ചത്; വൈദീക ജീവിതത്തില്‍ ഇന്നു കാണുന്ന ആര്‍ഭാടവും പൊങ്ങച്ചപ്രകടനവും സമാന്യജനങ്ങളില്‍ നിന്നുള്ള അന്യവത്കരണവും നിര്‍ബന്ധിത വിവാഹവിലക്കും ഒക്കെ നടപ്പിലായത്. ഇതെല്ലാം കേരളത്തിലെ പുരാതന സഭാപാരമ്പര്യങ്ങള്‍ക്കന്യമായിരുന്നു. കേരളസഭയുടെ ഭാരതവത്കരണത്തെക്കുറിച്ചു വായ്ത്താരി മുഴക്കുന്നവര്‍ പോര്‍ട്ടുഗീസാഗമനത്തിനു മുമ്പുണ്ടായിരുന്ന സഭാപാരമ്പര്യങ്ങളുടെ വീണ്ടെടുക്കലില്‍ യാതൊരു താത്പര്യവും കാണിക്കുന്നില്ല.

വൈദിക പരിശീലനത്തില്‍ കത്തോലിക്കേതര ക്രൈസ്തവസഭകള്‍ പിന്തുടരുന്ന മാതൃക കുടുതല്‍ ആശാസ്യമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 10-ാംക്ലാസ്സിനു ശേഷം 5 വര്‍ഷത്തെ കലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ മാത്രമെ ഈ സഭകള്‍ വൈദിക പഠനത്തിനായുള്ള സെമിനാരികളില്‍ പ്രവേശിപ്പിക്കാറുള്ളൂ. സ്വാഭാവികമായും 25 വയസ്സിനു താഴെ ആര്‍ക്കും പൌരോഹിത്യ പദവിയില്‍ പ്രവേശിക്കേണ്ടി വരുന്നില്ല. ഓര്‍ത്തഡോക്സ് സഭകളില്‍ പട്ടമേറ്റതിനുശേഷം വിവാഹം അനുവദിക്കാറില്ല. എന്നാല്‍ വിവാഹിതരായവര്‍ക്കു പട്ടം ഏല്‍ക്കാന്‍ തടസ്സവും ഇല്ല. അതുകൊണ്ടുതന്നെ വൈദികസെമിനാരികളിലെ പരിശീലനം പൂര്‍ത്തിയായാല്‍ തന്നെ വിവാഹം തരപ്പെടുന്നതുവരെയും പൌരോഹിത്യ സ്ഥാനത്തേക്കു പ്രവേശനം വിലക്കപ്പെട്ടിരിക്കുന്നു. പ്രായവും പക്വതയും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടും സ്വരൂപിച്ചതിനുശേഷം വൈദികവൃത്തി ഏറ്റെടുക്കുവാന്‍ ഈ സഭകളിലെ യുവാക്കന്മാര്‍ക്കു കഴിയുമ്പോള്‍ കത്തോലിക്കാസഭയിലാകട്ടെ ഇത്തരം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെല്ലാം അവഗണിക്കപ്പെടുന്നു. ഏതാണ്ട് ഒരു ദശകം നീണ്ടുനില്‍ക്കുന്ന പരിശീലനം ഏതൊരു മനുഷ്യനെയും അച്ചിലിട്ട് വാര്‍ക്കപ്പെട്ട ഒരു കൃത്രിമ വ്യക്തിത്വത്തിന്റെ ഉടമസ്ഥനായി മാറ്റുന്നു. ഇത്തരം വികലവ്യക്തിത്വങ്ങള്‍ക്കെങ്ങനെയാണ് ഒരു സമൂഹത്തെ നയിക്കാന്‍ കഴിയുക?

കാനോന്‍ നിയമത്തിന്റെ ചുവടുപിടിച്ച് പതിനഞ്ചുവയസ്സിലെ കന്യാസ്ത്രീമഠ പരിശീലനത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് പാഴ്വേലയാണ്. എന്താണീ കാനോന്‍നിയമം? ഇതു ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും നൂലില്‍ കെട്ടിത്താഴ്ത്തി വിശ്വാസികള്‍ക്കു നല്‍കിയ വിശുദ്ധ ലിഖിതങ്ങളൊന്നും അല്ല. കാലാ കാലങ്ങളില്‍ ആവശ്യാനുസൃതം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന താത്ക്കാലിക സഭാ നിയമങ്ങള്‍ മാത്രമാണ് . അളവുകോല്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് വാക്കാണ് ‘കാനോന്‍’. സഭയുടെ സംഘടനാരൂപം ദുര്‍ബലമായി പോകാതിരിക്കുക എന്ന ലക്ഷ്യത്തോടെ അതാത് കാലത്തെ സഭാധികാരികള്‍ ക്രമീകരിച്ച നിയമാവലിയാണിത്. ഇതിനു യാതൊരു വിധ ദൈവിക പരിവേഷവും അവകാശപ്പെടാനാവുകയില്ല. ആദിമനൂറ്റാണ്ടുകള്‍ മുതല്‍ തന്നെ വിവിധ സുന്നഹദോസുകള്‍ (പ്രാദേശിക മെത്രാന്മാരുടെ സമ്മേളനം) അതതുകാലത്തിന് ആവശ്യമായ കാനോനുകള്‍ ക്രോഡീകരിച്ചിരുന്നു. ഇതിനു പുറമെ പല സഭാ പിതാക്കന്മാരും ഓരോരോ പ്രാദേശികാവശ്യങ്ങള്‍ക്കായി കാനോനുകള്‍ ക്രോഡീകരിച്ചിരുന്നു. അവയ്ക്കു പിന്നീട് വ്യാപകമായ അംഗീകാരം ലഭിക്കുകയുണ്ടായി. ബൈബിളില്‍ ഏതൊക്കെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തണം, ഏതൊക്കെ ഒഴിവാക്കപ്പെടണം എന്ന കാര്യത്തില്‍ സഭാപിതാക്കന്മാര്‍ യോജിച്ചു കൈക്കൊണ്ട് ‘ഓള്‍ഡ് ടെസ്റ്റ്‌മെന്റ് കാനോന്‍’, ‘ന്യൂ ടെസ്റ്റ്‌മെന്റ് കാനോന്‍’ എന്നീ കാനോനുകള്‍ക്ക് മാത്രമാണ് ക്രൈസ്തവ ലോകത്ത് സാര്‍വത്രികമായ അംഗീകാരം ഉള്ളത്.

സന്യാസ സ്വീകരണം പതിനെട്ടു വയസ്സിനു താഴെ നടത്തരുതെന്ന് കാനോന്‍ ചട്ടം അനുശാസിക്കുന്നതിന്റെ അര്‍ത്ഥം അതിലുംകൂടിയ പ്രായത്തില്‍ നടത്തിക്കൂടെന്നല്ല. പതിനഞ്ചുവയസ്സില്‍ തന്നെ കന്യാസ്ത്രീ പരിശീലനവും പുരോഹിത പരിശീലനവും ആരംഭിക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടം കത്തോലിക്കാ സഭയ്ക്കുണ്ടായിട്ടുള്ളതായി ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. മഠങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ചുള്ള ആത്മഹത്യകളും കൊലപാതകങ്ങളും മറ്റു മാനസിക വിഭ്രാന്തികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശീലനം ആരംഭിക്കുന്ന പ്രായത്തെ സംബന്ധിച്ച് കാലോചിതമായ ഒരു പൊളിച്ചെഴുത്ത് ഒരു പരിഷ്കൃത സമൂഹത്തിന്റെ അനിവാര്യതയാണ്. ഒരു മതേതര രാജ്യത്തിലെ നീതിന്യായവ്യവസ്ഥ അനുശാസിക്കുന്ന പരിഷ്കൃത നിര്‍ദേശങ്ങളോട് മറുത്തു നില്‍ക്കും എന്ന ശാഠ്യം എല്ലാ മതങ്ങളുടെയും പുരോഹിത വൃന്ദം അവസാനിപ്പിക്കുന്നതാണ് നല്ലത്.

കാനോന്‍ നിയമത്തെക്കുറിച്ച് മുറവിളികൂട്ടുന്നവര്‍ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹാനായ മാര്‍പാപ്പായെന്ന് സര്‍വ്വരാലും പ്രകീര്‍ത്തിക്കപ്പെട്ട ജോണ്‍ 23-ാമന്‍ മാര്‍പാപ്പായുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാനോനുകളെ അവ അച്ചടിച്ച കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ അവഗണിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കേണ്ടതുണ്ട്. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ. അല്‍‌മായരുടെ അപ്പോസ്തോലിക ദൌത്യത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാനോനുകള്‍ ആര്‍ട്ടിക്കിള്‍ ഏഴ് ഇങ്ങനെപറയുന്നു. ‘സാമൂഹ്യപുനര്‍നിര്‍മ്മാണത്തില്‍ അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ ആയ നീതി, സമത്വം, സ്നേഹം, സാഹോദര്യം മുതലായവയെ അംഗീകരിക്കുന്നവരോട് മത,വര്‍ഗ്ഗ, വര്‍ണ്ണ, നാസ്തിക, ആസ്തിക്യ, ഭേദംകൂടാതെ സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ എല്ലാ കത്തോലിക്കരും ബാധ്യസ്ഥരാണ്.’ (വിവര്‍ത്തനം-ഫാദര്‍: എസ്.കാപ്പന്‍, എസ്.ജെ - വിശ്വാസത്തില്‍ നിന്ന് വിപ്ലവത്തിലേക്ക്, കറന്റ് ബുക്ക്സ് കോട്ടയം 1995 പേജ് 85)

ചെറിയ കുട്ടികളെ പരിചരിക്കുക, വിദ്യാലയങ്ങളുടെ നടത്തിപ്പ്, ആതുരശുശ്രൂഷാരംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പൊതുസമൂഹത്തിനു ക്രൈസ്തവകന്യാസ്ത്രീകളില്‍ നിന്നു ലഭിച്ചിട്ടുള്ളതും ഇപ്പോഴും ലഭിക്കുന്നതുമായ സേവനങ്ങള്‍ തീര്‍ച്ചയായും പ്രശംസാര്‍ഹം തന്നെ. പക്ഷേ കത്തോലിക്കാ സഭയ്ക്കുള്ളിലെ നിശ്ശബ്ദരാക്കപ്പെട്ട, മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, ശ്രദ്ധയര്‍ഹിക്കുന്ന ഒരു വിഭാഗമാണിവര്‍ എന്നകാര്യം ആരും വേണ്ടത്ര ഗൌരവത്തോടെ കണക്കിലെടുക്കുന്നില്ല. സീനിയര്‍ കന്യാസ്ത്രീകളില്‍ നിന്നും ജൂനിയേഴ്സായ സിസ്റ്ററന്മാര്‍ക്കനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനത്തിന്റെ ചെറിയ ഒരംശമേ പുറംലോകം അറിയാറുള്ളൂ. അഭ്യസ്ഥവിദ്യരായ കന്യാസ്ത്രീകള്‍ക്കുപോലും പുറംലോകവും ആയി ഇടപെടാന്‍ അനുവാദമില്ല. തങ്ങളുടെ ചുറ്റുപാടും എന്തു സംഭവിക്കുന്നു എന്നവര്‍ അറിയുന്നില്ല. വായിക്കുന്നതിനും എഴുതുന്നതിനും ഒക്കെ വിലക്കുകള്‍. എപ്പോഴും അധികാരികളുടെ കണ്ണുകള്‍ അവര്‍ക്കുമേല്‍ പതിഞ്ഞിരിക്കും.

ഒരിക്കല്‍ സന്യാസവ്രതം സ്വീകരിച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോകജീവിതത്തിലേക്കു മടങ്ങിപ്പോകാം എന്നു പറയുന്നത് അന്തസ്സാരശൂന്യമായ വാദഗതിയാണ്. ഇങ്ങനെ വരുന്നവരുടെ പുനരധിവാസം അത്രയൊന്നും എളുപ്പമല്ല. പുരുഷന്മാര്‍ക്ക് എങ്ങനെയും പിടിച്ചു നില്‍ക്കാന്‍ പറ്റും. മഠം ചാടിയവര്‍ എന്ന ആക്ഷേപപ്പേരും പേറി സ്ത്രീകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ മറ്റേതെങ്കിലും ഒരു പുരുഷനു കൂടുതല്‍ വിധേയപ്പെട്ടുകൊണ്ടേ സാധ്യമാകൂ. വറചട്ടിയില്‍ നിന്നും എരിതീയിലേക്കെന്ന തരത്തിലുള്ള ഇത്തരം ഒരു പതനത്തെ അധികം ആരും ഇഷ്ടപ്പെടാനിടയില്ല. ഇവര്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ പുറത്തു പോകുമ്പോള്‍ തിരികെ കിട്ടുമെന്നോ ഇവര്‍ തങ്ങളുടെ സന്യാസ സമൂഹത്തില്‍ ചെലവഴിച്ച വര്‍ഷങ്ങളുടെയും ചെയ്ത ജോലികളുടെയും അടിസ്ഥാനത്തില്‍ ജീവനാംശം കിട്ടുമെന്നൊ വന്നാല്‍ ക്രൈസ്തവ സന്യാസാശ്രമങ്ങളില്‍ നിന്നു പുറത്തേക്കുള്ള ഒഴുക്ക് ഇതേതുടര്‍ന്ന് വളരെ കൂടുതലാകും. സ്വയം പുറത്തുപോകുന്നവര്‍ക്കു മാത്രമല്ല നടപടികളെടുത്തു പുറത്താക്കപ്പെടുന്നവര്‍ക്കും അവരര്‍ഹിക്കുന്ന ജീവനാംശം ധനാഠ്യരായ ആശ്രമ മേധാവികള്‍ നല്‍കാറില്ല.

കെ.സി.വര്‍ഗീസ്, ചിന്ത വാരിക