Sunday, September 30, 2012

"സുക്കോട്ടി പാര്‍ക്കി"ലെ സമരാരവം കൊച്ചിയിലും

വാള്‍സ്ട്രീറ്റിലെ സുക്കോട്ടി പാര്‍ക്കില്‍ കഴിഞ്ഞ സെപ്തംബറില്‍ ആരംഭിച്ച ആരവത്തിന് ശനിയാഴ്ച കൊച്ചിയും കാതോര്‍ത്തു. വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഒരുവര്‍ഷം തികഞ്ഞതിന്റെ ഭാഗമായി വൈറ്റിലയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കൊച്ചിക്കും സമരാഗ്നി പകര്‍ന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ച അമേരിക്കയിലെ സുക്കോട്ടി പാര്‍ക്കിനെ അനുസ്മരിപ്പിക്കുന്ന വേദിയായിരുന്നു വെറ്റില ജങ്ഷനില്‍ ഒരുക്കിയത്.

ഞങ്ങളാണ് 99 ശതമാനമെന്ന് മുതലാളിത്തത്തോട് ഉറക്കെ പ്രഖ്യാപിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് രാവിലെമുതല്‍ ശനിയാഴ്ച ഒഴുകിയെത്തിയത്. കൂട്ടായ്മ ചിത്രകാരന്‍ കരുണാകരന്‍ ചിത്രംവരച്ച് ഉദ്ഘാടനംചെയ്തു. മുതലാളിത്ത കോര്‍പറേറ്റ് കടന്നുകയറ്റത്തിനെതിരെ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരച്ച് പ്രതിഷേധിച്ചു.

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് നടന്ന സംവാദത്തില്‍ ചില്ലറവ്യാപാര മേഖലയിലെ കോര്‍പറേറ്റുകളുടെ കടന്നേറ്റത്തെക്കുറിച്ച് തിരുവനന്തപുരം ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ വി സുധാകരനും "അസമത്വ വളര്‍ച്ച" എന്ന വിഷയത്തില്‍ പ്രൊഫ.രമാകാന്തനും "വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങള്‍" പ്രൊഫ. വി കാര്‍ത്തികേയനും കലാസാംസ്കാരിക മേഖലയിലെ കടന്നുകയറ്റത്തെക്കുറിച്ച് ടി എം എബ്രഹാമും സംസാരിച്ചു.

കുത്തകകള്‍ സാമ്പത്തികരംഗം കീഴടക്കുന്ന അസന്തുലിതാവസ്ഥയ്ക്കെതിരെ ഒരുസംഘം യുവാക്കള്‍ വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ പ്രക്ഷോഭം ലോകംമുഴുവന്‍ പടര്‍ന്നതിന്റെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധപിടിച്ചുപറ്റി. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ടെലികോം, സോഫ്റ്റ്വെയര്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും കൂട്ടായ്മയ്ക്ക് ആശംസയേകാന്‍ എത്തി.

കൂട്ടായ്മയുടെ ഭാഗമായി നടന്ന ജനകീയ സദസ്സ് പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ജനങ്ങളിലെ മനുഷ്യത്വം ഇപ്പോഴും നശിച്ചിട്ടില്ലെന്ന സന്ദേശമാണ് വാള്‍സ്ട്രീറ്റ്പോലെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ നല്‍കുന്നതെന്ന് എം കെ സാനു പറഞ്ഞു.

"ഞങ്ങള്‍ വിചാരിച്ചു ഇതൊന്നും ഞങ്ങളെ ബാധിക്കില്ല..."എന്നു തുടങ്ങുന്ന കവിതയുമായി കവി എസ് രമേശന്‍ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സ്വാര്‍ഥലാഭങ്ങള്‍ക്കായി അമേരിക്ക ചോരപ്പുഴയൊഴുക്കിയ കാര്യം അദ്ദേഹം കവിതയിലൂടെ വരച്ചുകാട്ടി.

ഇന്നത്തെ ബാങ്കിങ്മേഖലയെക്കുറിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് സംസാരിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്തു നടന്ന വലിയ സംഭവവികാസമാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭമെന്ന് കൂട്ടായ്മയില്‍ പങ്കെടുത്ത തോമസ് ഐസക് എംഎല്‍എ പറഞ്ഞു. കേരളത്തില്‍ മാത്രമാണ് ഈ ചരിത്രസംഭവത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ ഭാഗമായി കവിതകള്‍, നാടന്‍പാട്ട്, ചാക്യാര്‍കൂത്ത് എന്നിവ വേദിയില്‍ അവതരിപ്പിച്ചു. ജനങ്ങള്‍ ഈ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയ സംവാദവും നടന്നു.

മൈക്കല്‍ മൂര്‍ സംവിധാനംചെയ്ത "ക്യാപ്പിറ്റലിസം എ ലവ് സ്റ്റോറി" എന്ന പ്രശസ്ത സിനിമയോടെ 12 മണിക്കൂര്‍ നീണ്ട ജനകീയ കൂട്ടായ്മയ്ക്ക് തിരശ്ശീലവീണു.

ഓക്ക്പ്പൈ വാള്‍സ്ട്രീറ്റ് വാർഷികാഘോഷം ചിത്രങ്ങളിലൂടെ :


 














ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും

എല്ലാ കിരണങ്ങളുടെയും പ്രഭവം ആസ്ട്രോണമിക്കലും കോസ്മോളജിക്കലുമാണ്. എല്ലാത്തിന്റെയും പ്രഭാവലയവും അതുതന്നെ. പ്രപഞ്ചം സ്ഥലത്തിലപാരവും കാലത്തില്‍ നിത്യവുമാണ്. പ്രപഞ്ചം ചലനാത്മകമാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ട് ചലിക്കുന്നു. സൂര്യകിരണങ്ങള്‍ സൗരയൂഥ ഗ്രഹോപഗ്രഹങ്ങളിലെല്ലാം പതിക്കുന്നു. നേര്‍ പ്രതിഫലനങ്ങളായും ഗ്രഹോപഗ്രഹങ്ങള്‍ക്കുള്ളിലൂടെ അപഭ്രംശിച്ച് ചരിഞ്ഞും അനന്തക്ഷീരപഥങ്ങളില്‍നിന്നുള്ള പ്രഭാകിരണങ്ങള്‍ ലഭ്യം. ഭീമനക്ഷത്രങ്ങള്‍മുതല്‍ എളിയ ഗ്രഹങ്ങള്‍വരെയുള്ളതില്‍നിന്നെല്ലാം റേഡിയേഷനുണ്ട്. ഇതും ഭൂമിയിലെ റേഡിയോ ആക്ടീവതയുള്ള (അതിപ്രസരണമുള്ള) വികിരണങ്ങളും കൂടിച്ചേര്‍ന്ന് പ്രകൃതിയൊരുക്കുന്ന വികിരണവലയമാണ് മനുഷ്യവാസ പശ്ചാത്തലം. ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ ഇതില്‍നിന്ന് ഉത്ഭൂതം.

ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും പാലനം ആകാശം, വായു, സൂര്യന്‍, ജലം, മണ്ണ് എന്നീ പഞ്ചഭൂതങ്ങളില്‍നിന്ന് ഉത്ഭൂതമാകുന്ന വിവിധ രൂപങ്ങളിലുള്ള ഊര്‍ജം സ്വീകരിച്ചാണ്. സസ്യജന്തുജീവജാലങ്ങള്‍ എല്ലാം പഞ്ചഭൂതാത്മകമാണ്. റേഡിയേഷന്‍ തീരെയില്ലെങ്കില്‍ സങ്കല്‍പ്പിക്കാനാകാത്ത നാശമായിരിക്കും ഫലം. എന്നാല്‍, റേഡിയേഷന്റെ ആരോഗ്യപരിണാമസീമ ഉല്ലംഘിച്ചാല്‍ അതും നാശകരംതന്നെ. അയണൈസിങ് റേഡിയേഷന്‍ സ്വഭാവമുള്ള (റേഡിയോ ആക്ടീവതയുള്ള) പരമാണുക്കള്‍ യുറേനിയത്തിനു മാത്രമല്ല വേറെ പല രാസമൂലകങ്ങള്‍ക്കുമുണ്ട്. കാര്‍ബണ്‍, പൊട്ടാസ്യം തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയുണ്ട്. റേഡിയേഷന്റെ തോത് നിര്‍ണയിക്കുന്നതിന് അംഗീകൃത ഇന്റര്‍നാഷണല്‍ സിസ്റ്റമുണ്ട് (ടi). പരിസരങ്ങളിലെ വികിരണത്തിന്റെ ആഗിരണസാധ്യത പലപ്പോഴും പലരിലും ഉളവാക്കുന്നത് സ്റ്റൊക്കാസ്റ്റിക് ഇഫക്ടാണ്. ചാന്‍സ് ഇഫക്ടാണ്. വികിരണം ഓരോരുത്തരിലും സൃഷ്ടിക്കുന്ന ആഘാതം വസ്തുനിഷ്ഠ ഘടകത്തോടൊപ്പം ആത്മനിഷ്ഠ ഘടകത്തെക്കൂടി ആശ്രയിച്ചിരിക്കും. ആഘാതസംബന്ധിയായി അനാവശ്യ ഭയം ഒരുവന്റെ മനസ്സിലുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതല്‍ വലുതായിരിക്കും. ജനമനസ്സുകളില്‍ ഇപ്രകാരം ഭയാശങ്കയും പരിഭ്രാന്തിയും എത്തിക്കുന്ന കുബുദ്ധികള്‍ മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്.

ഭയാശങ്കള്‍ക്ക് വിധേയരായവരെ അതില്‍നിന്ന് രക്ഷിക്കാനുള്ള, ബോധ്യപ്പെടുത്തല്‍ നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്തോ- യുഎസ് ആണവകരാറിനെ എതിര്‍ക്കുന്നവര്‍ കൂടംകുളം ആണവനിലയത്തെ അനുകൂലിക്കുന്നതില്‍ യുക്തിയില്ലെന്ന വാദം ചിലര്‍ ഉന്നയിച്ചുകണ്ടു. യാഥാര്‍ഥ്യം നേരെമറിച്ചാണ്. അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ത്തവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ കൂടംകുളം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ഒപ്പിട്ട രാജ്യമല്ല. എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ സാമഗ്രികളുടെ വ്യാപാരം നടത്തരുതെന്നാണ് അതിന്റെ നിബന്ധന. അതില്‍ സ്വയം അയവുവരുത്താന്‍ മാത്രമല്ല മറ്റ് ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ് (എന്‍എസ്ജി) രാജ്യങ്ങളെക്കൊണ്ടുകൂടി അയവുവരുത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഇന്തോ- യുഎസ് ആണവകരാര്‍ മുഖാന്തരം അമേരിക്കചെയ്തത്. ഒരു വന്‍ശക്തിയായി അംഗീകരിച്ച് ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ സന്നദ്ധതയ്ക്ക് തെളിവായി ഇതിനെ ഇന്ത്യന്‍ ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ ഊര്‍ജശേഷിയിലും സാങ്കേതികവിദ്യയിലും മുന്‍നിര പദവി നേടുന്നതില്‍നിന്ന് ഇന്ത്യയെ തടയുക എന്നതായിരുന്നു ആണവകരാറിനു പിന്നിലെ അമേരിക്കയുടെ ഗൂഢോദ്ദേശ്യം.

1973ലെ ആണവ വിസ്ഫോടന പരീക്ഷണത്തെത്തുടര്‍ന്ന് വിലക്കിയ യുറേനിയം ലഭ്യതയും ആണവ സാങ്കേതികവിദ്യയും വിലക്കെല്ലാം നീക്കി യാഥാര്‍ഥ്യമാക്കാന്‍ പുതിയ പ്രലോഭന വാഗ്ദാനങ്ങളുമായി അമേരിക്ക സിവില്‍ ന്യൂക്ലിയര്‍ കരാറിലൂടെ ഒരുമ്പെടുന്നതിന്റെ പിന്നിലെ സാമ്രാജ്യത്വതാല്‍പ്പര്യം മനസ്സിലാക്കാന്‍ ആഗോള വര്‍ഗസമരത്തിന്റെ മൗലികപ്രമാണങ്ങള്‍ വിസ്മരിക്കാത്തവര്‍ക്കേ കഴിയൂ. വികസ്വരരാജ്യമായ ഇന്ത്യ സ്വാശ്രയത്വത്തില്‍ ഊന്നി സ്വയംപര്യാപ്തതയിലേക്ക് എത്തുന്നത് സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

അമേരിക്കന്‍ സഹായത്തോടെ നിര്‍മിച്ച താരാപ്പുര്‍ ആണവനിലയത്തിനുള്‍പ്പെടെയുള്ള ഇന്ധനക്കരാറില്‍നിന്ന് അവര്‍ പുറകോട്ടുപോയി. മറ്റ് സഖ്യരാജ്യങ്ങളെക്കൊണ്ടുകൂടി അമേരിക്ക മുന്‍കൈയെടുത്ത് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സ്വന്തം നിലയ്ക്ക് ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി. അത് ഉര്‍വശീശാപം ഉപകാരം എന്ന നിലയ്ക്ക് ഭവിച്ചു. അങ്ങനെ ഇന്ത്യതന്നെ വികസിപ്പിച്ചതാണ് ഇന്ന് മുഖ്യമായി ഉപയോഗിക്കുന്ന പ്രഷറൈസ്ഡ് ഹെവിവാട്ടര്‍ റിയാക്ടര്‍ (പിഎച്ച്ഡബ്ല്യുആര്‍) സാങ്കേതികവിദ്യയും അതിന്റെ യന്ത്രങ്ങളും. തുടര്‍ന്ന് ഇന്ത്യ നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമാണ് തോറിയം ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍. മറ്റ് രാജ്യങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. പരീക്ഷണാര്‍ഥം 15 മെഗാവാട്ടിന്റെ ഫാസ്റ്റ് ബ്രീഡര്‍ ടെസ്റ്റ് റിയാക്ടര്‍ (എഫ്ബിടിആര്‍) നമ്മള്‍ കല്‍പ്പാക്കത്തെ പരീക്ഷണശാലയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. 500 മെഗാവാട്ടിന്റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ (എഫ്ബിടിആര്‍) ഇപ്പോള്‍ കല്‍പ്പാക്കത്തുതന്നെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. അത് വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരള, തമിഴ്നാട് തീരങ്ങളില്‍ സുലഭമായി (400 വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്) ലഭിക്കുന്ന ലോഹമണലില്‍നിന്ന് തോറിയം ലഭ്യമാക്കിയാല്‍ ഇന്ത്യ ഊര്‍ജകാര്യത്തില്‍ ലോകോത്തര പദവി നേടിയെടുക്കാന്‍ ഇടയാകുമെന്നത് പലരുടെയും വിശേഷിച്ച് സാമ്രാജ്യത്വശക്തികളുടെ ഉറക്കംകെടുത്തിയേക്കാം.

പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണ്. അണുപ്രസരണ സ്വഭാവമുള്ള മാലിന്യങ്ങളെ ഇന്ധനമായിത്തന്നെ പുനരുപയോഗം ചെയ്യുന്നതിന്റെ സാങ്കേതികവിദ്യ പരിപൂര്‍ണതയിലെത്തിക്കാന്‍ ചുരുക്കം വര്‍ഷങ്ങളിലെ ഗവേഷണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് ബന്ധപ്പെട്ട ഇന്ത്യന്‍ ആണവശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നു. എണ്ണ ഉല്‍പ്പാദകരാജ്യങ്ങള്‍ക്ക് തുറന്നുകിട്ടിയതുപോലുള്ള അഭിവൃദ്ധിയുടെ അവസരമായിരിക്കും അതിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത്.

1980നു മുമ്പുവരെ നമ്മുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 70 ശതമാനത്തിലധികം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചിരുന്നു. രാജീവ്ഗാന്ധി ഭരണകാലത്ത് ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ ആ പാതയില്‍നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചതിന്റെ ദുരന്തഫലങ്ങളാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളുടെ ജീവിതം തീക്ഷ്ണാനുഭവങ്ങളില്‍പ്പെട്ട് പിടയുന്നത് കാണാമല്ലോ. അമേരിക്കയുടെ ഈ ഗൂഢലക്ഷ്യം മനസ്സിലാക്കിയാണ് രാജ്യസ്നേഹികള്‍ ആണവകരാറിനെ എതിര്‍ത്തത്. അത് ആണവോര്‍ജം വേണ്ടെന്നുള്ളതുകൊണ്ടായിരുന്നില്ല; അമേരിക്കന്‍ നേതൃത്വത്തില്‍ ലോകമേധാവിത്വം നേടാനുള്ള സാമ്രാജ്യത്വനീക്കങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനാണ്. സ്വന്തം ശേഷിയില്‍ സുലഭമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടും അമേരിക്കയുടെ ആശ്രിതരാജ്യമായി ഇന്ത്യ മാറരുതെന്നുള്ള നിര്‍ബന്ധംകൊണ്ടുമായിരുന്നു.

ഇപ്പോള്‍ കൂടംകുളം വിരുദ്ധസമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ഇന്ത്യ ആണവോര്‍ജം വേണ്ടെന്നുവച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്? കൂടംകുളം ഉള്‍പ്പെടെയുള്ള മുഴുവന്‍ ആണവപരിപാടികളും നിര്‍ത്തിവക്കേണ്ടിവരും. നമ്മുടെ തനതായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ പദ്ധതിയും ഉപേക്ഷിക്കേണ്ടിവരും. ഇതുതന്നെയാണ് ആണവകരാര്‍വഴി നേടിയെടുക്കാന്‍ അമേരിക്ക ആഗ്രഹിച്ചത്. ഊര്‍ജരംഗത്ത് ഒരു മുന്‍നിര രാജ്യമായി ഉയരാനുള്ള ഇന്ത്യയുടെ സാധ്യതയെ തകര്‍ക്കണമെന്ന അമേരിക്കന്‍ സാമ്രാജ്യത്വതാല്‍പ്പര്യം പ്രാവര്‍ത്തികമാക്കാനാണ് അറിഞ്ഞോ അറിയാതെയോ ആണവോര്‍ജവിരുദ്ധ പ്രക്ഷോഭകരും ശ്രമിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ നയിക്കുന്നവര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ ഈ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും പ്രസക്തമാണ്.

എല്ലാത്തരം വൈദ്യുതോല്‍പ്പാദനത്തെയും എതിര്‍ത്താല്‍ നമ്മുടെ വൈദ്യുതി ആവശ്യം എങ്ങനെ നിറവേറ്റപ്പെടുമെന്ന ചോദ്യത്തിന് ഇവരെല്ലാം ഒരേ ഉത്തരമാണ് പറയുന്നതെന്നത് ശ്രദ്ധാര്‍ഹമാണ്. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ബദല്‍. ലോകത്ത് ഒരു രാജ്യവും ഈ ഊര്‍ജസ്രോതസ്സുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടാണ് അവയെ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ എന്ന് വിളിക്കുന്നത്. ഇന്നത്തെ സാങ്കേതികവിദ്യാ നിലവാരത്തില്‍ വന്‍തോതില്‍ ചെലവുകുറച്ച് തുടര്‍ച്ചയായി ഈ സ്രോതസ്സുകളില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകില്ല. എങ്കിലും ഇവയും കഴിയുന്നത്ര ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന് സബ്സിഡി നല്‍കേണ്ടിവരുന്നതും നഷ്ടമല്ല. കാരണം ഇവ ഉപയോഗപ്പെടുത്തിയെങ്കില്‍ മാത്രമേ പടിപടിയായി അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഭാവിയില്‍ ലാഭകരമായ ഉല്‍പ്പാദനത്തിലേക്ക് എത്തിക്കാനാവൂ.

ഈ ലേഖനം ആണവോര്‍ജത്തിനുവേണ്ടിയുള്ള വക്കാലത്തല്ല. കാരണം ആണവോര്‍ജത്തെമാത്രം ആശ്രയിച്ച് ഇന്ത്യയുടെ ഇന്നത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ല. ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയവ ഉപയോഗിച്ചുള്ള താപനിലയങ്ങളില്‍നിന്നാണ്. 20 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍നിന്നുമാണ്. മൂന്നു ശതമാനംമാത്രമാണ് ആണവനിലയങ്ങളില്‍നിന്നുള്ളത്. അത് 2030 ആകുമ്പോഴേക്കും ഏഴ് ശതമാനമായി (20000 മെഗാവാട്ട്) ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് ആഗോളതാപനത്തിന്റെ പേരില്‍ താപനിലയത്തിന്മേലുള്ള ആശ്രിതത്വം ഉടനെ കുറയ്ക്കണമെന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനെ അനുകൂലിക്കാനാകില്ല.

വരുന്ന ഒന്നിലധികം ദശാബ്ദക്കാലത്തേക്കെങ്കിലും താപവൈദ്യുതോല്‍പ്പാദനത്തിനുതന്നെ ഇന്ത്യക്ക് ഊന്നല്‍ നല്‍കേണ്ടിവരും. ജലവൈദ്യുതപദ്ധതിക്ക് രണ്ടാം പരിഗണന നല്‍കണം. കാരണം, അതിന്റെ സാധ്യതയുടെ 70 ശതമാനമെങ്കിലും നാമിപ്പോഴും ഉപയോഗപ്പെടുത്താതെ നഷ്ടപ്പെടുത്തുകയാണ്. കേരളംപോലെ കല്‍ക്കരി, എണ്ണ നിക്ഷേപങ്ങള്‍ ഇല്ലാത്തതും നദികള്‍ നിരവധി ഉള്ളതുമായ സംസ്ഥാനങ്ങളില്‍ ജലവൈദ്യുതിക്ക് ഒന്നാമത്തെ പരിഗണന നല്‍കേണ്ടിവരും. ഇതോടൊപ്പം ആണവവൈദ്യുതി ഉല്‍പ്പാദനവും മെച്ചപ്പെടുത്തണം. അതായത്, ജലവൈദ്യുതിക്കും താപവൈദ്യുതിക്കും വേണ്ടത്ര മുന്‍ഗണന നല്‍കിയും ആണവവൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുമാണ് ഇന്ത്യയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയുന്നത്. പവനോര്‍ജത്തിന് (Wind Energy) ഇന്ത്യയില്‍ ഏഴ് ശതമാനം സ്ഥാപിതശേഷി ഉണ്ടെങ്കിലും അതില്‍നിന്ന് പൊതു ഗ്രിഡിലേക്ക് ലഭിക്കുന്നത് 1.6 ശതമാനം മാത്രമാണ്. സൗരോര്‍ജം പല സ്ഥാപനങ്ങളും വീടുകളും ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ടെങ്കിലും പൊതു ഗ്രിഡിലേക്ക് നല്‍കപ്പെടുന്നില്ല. ഈ പരിമിതികള്‍ മറികടക്കാനും പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ വികസിപ്പിക്കാനും തുടര്‍ പരിശ്രമങ്ങള്‍ വേണം.

ആണവവൈദ്യുതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന പല വാദങ്ങളും തികച്ചും പരിഹാസ്യമാണ്. അവരുടെ ഏതാനും വിമര്‍ശനങ്ങളും അതു സംബന്ധിച്ച യാഥാര്‍ഥ്യങ്ങളും താഴെ കൊടുക്കുന്നു.

വിമര്‍ശം: ലോകത്തുള്ള 205 രാജ്യങ്ങളില്‍ 31 രാജ്യം മാത്രമാണ് ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് അതിനുള്ള സാങ്കേതിക- സാമ്പത്തിക ശേഷിയില്ല. വികസിതരാജ്യങ്ങളാണ് പ്രധാനമായും ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

വിമര്‍ശം: ലോക യുറേനിയം നിക്ഷേപത്തിലെ 23 ശതമാനവും ഉള്ള ഓസ്ട്രേലിയയില്‍ ആണവനിലയങ്ങള്‍ ഇല്ല.

യാഥാര്‍ഥ്യം: അവര്‍ക്ക് വിലകുറച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കല്‍ക്കരി, പ്രകൃതിവാതക നിക്ഷേപങ്ങള്‍ സുലഭമായുണ്ട്. കല്‍ക്കരി വന്‍തോതില്‍ കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ.

വിമര്‍ശം: ലോക വൈദ്യുതി ആവശ്യത്തിന്റെ ഏഴ് ശതമാനം മാത്രമാണ് ആണവോര്‍ജംവഴി ഉല്‍പ്പാദിപ്പിക്കുന്നത്.

യാഥാര്‍ഥ്യം: വികസിതരാജ്യങ്ങള്‍ എടുത്താല്‍ 25-30 ശതമാനം ആണവവൈദ്യുതിയാണ്. ഫ്രാന്‍സില്‍ 80 ശതമാനം വൈദ്യുതിയും ആണവനിലയങ്ങളില്‍നിന്നാണ്. ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാത്ത രാജ്യങ്ങളെ ചേര്‍ത്ത് ശരാശരി എടുക്കുന്നതില്‍ അര്‍ഥമില്ല.

വിമര്‍ശം: ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദനമാര്‍ഗമാണ് ആണവനിലയങ്ങളെന്ന വാദം ശരിയല്ല.

യാഥാര്‍ഥ്യം: അങ്ങനെ ഒരു വാദം ഇല്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് സൗരവൈദ്യുതിയേക്കാളും കാറ്റില്‍നിന്നുള്ള വൈദ്യുതിയേക്കാളും ചെലവു കുറഞ്ഞതാണ് ആണവവൈദ്യുതി. ചെലവ് കൂടിയതുകൊണ്ട് ആണവവൈദ്യുതിയോ സൗരവൈദ്യുതിയോ കാറ്റില്‍നിന്നുമുള്ള വൈദ്യുതിയോ വേണ്ടെന്നുവച്ചാല്‍ അവയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കഴിയില്ല.

വിമര്‍ശം :ആണവനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെല്ലാം രക്താര്‍ബുദം, തൈറോയ്ഡ്, ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു എന്നാണ് പ്രചരിക്കുന്ന മറ്റൊരു വിമര്‍ശം.
ആരുടേതാണെന്ന് വ്യക്തമാക്കാതെയുള്ള "പഠനറിപ്പോര്‍ട്ടു"കളുടെ പേരില്‍ ഇത്തരം അബദ്ധധാരണകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. പാരീസ് നഗരത്തിനുള്ളില്‍ത്തന്നെ ആണവനിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് പരിസ്ഥിതി പ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ ബയോട് 2011 മാര്‍ച്ച് 21ന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതി: "ഫുക്കുഷിമ ദുരന്തത്തിനുശേഷം ഞാന്‍ ആണവനിഷ്പക്ഷനല്ലാതായി. ഞാനിപ്പോള്‍ ആണവ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു". ഇത്രയും പഴക്കമുള്ളതും വേണ്ടത്ര സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതുമായ പ്ലാന്റ് തകര്‍ന്നിട്ടും ഒരാള്‍ക്കും മാരകമായ റേഡിയേഷന്‍ ഏറ്റില്ല എന്നതാണ് അതിനു കാരണമായി അദ്ദേഹം പറഞ്ഞത്.

റാന്‍ടല്‍ മണ്‍റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ താരതമ്യപഠനം  പറയുന്നത് ന്യൂക്ലിയര്‍പ്ലാന്റിന് 50 മൈല്‍ ദൂരത്തിനുള്ളില്‍ ജീവിച്ചാല്‍ ഏല്‍ക്കുന്ന വാര്‍ഷിക റേഡിയേഷന്‍ ഒരു ചിങ്ങന്‍പഴം തിന്നുമ്പോഴുള്ളതു  മാത്രമാണെന്നാണ്. ഫുക്കുഷിമ ദുരന്തത്തിനുശേഷം ടോക്യോ നിവാസികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ശരീരത്തിലെ സ്വാഭാവികമായുള്ള വികിരണശേഷിയുള്ള പൊട്ടാസിയത്തില്‍നിന്ന് ഒരുവര്‍ഷം ലഭിക്കുന്ന റേഡിയേഷന്റെ പത്തിലൊന്ന് (ഏതാണ്ട് 40 സീവേര്‍ട്സ്) മാത്രമാണ്. ത്രീമൈല്‍ ഐലന്റ് അപകടത്തെത്തുടര്‍ന്നുണ്ടായ പരമാവധി വികിരണം സാധാരണ ചുറ്റുപാടുകളില്‍ ലഭിക്കുന്ന റേഡിയേഷന്റെ (അതിന്റെ 85 ശതമാനം പ്രകൃതി സ്രോതസ്സുകളില്‍നിന്നും ബാക്കി മെഡിക്കല്‍ സ്കാനുകളില്‍നിന്നും) നാലിലൊന്നുമാത്രമാണ്. ഈ കണക്കുകള്‍ നല്‍കുന്നത് അപകടം ഉണ്ടായാലുള്ള ഗൗരവം കുറയ്ക്കാനല്ലെന്നും ഒരു കാഴ്ചപ്പാട് നല്‍കാന്‍ മാത്രമാണെന്നും മോണ്‍ ബയോട് എഴുതുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മാരകരോഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, ഡയബറ്റിക്സ് എന്നിവയാണ്. വിമര്‍ശകര്‍ പറയുമ്പോലെ ആണവനിലയങ്ങള്‍ അപൂര്‍വമായിരിക്കെ ഈ രോഗങ്ങള്‍ ഉണ്ടാകുന്നത് ആണവനിലയങ്ങള്‍ കാരണമല്ലെന്നുള്ളത് വ്യക്തമാണല്ലോ. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, എക്സ്-റേ ഇവയെല്ലാം കൂടുതലായെടുക്കുന്നത് ശരീരം ഏറ്റുവാങ്ങുന്ന റേഡിയേഷന്റെ അളവ് വര്‍ധിക്കാനിടയാക്കും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ ആധിക്യവും അനുവദനീയമായതിലധികം വികിരണത്തിന് ഇടയാക്കും. ഇതെല്ലാംമൂലമാണ് ക്യാന്‍സര്‍ ഒന്നാമത്തെ മാരകരോഗമായി മാറിയത്. സ്വാഭാവികമായും നഗരങ്ങളിലുള്ളവരാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്.

വിമര്‍ശം: 140 ഡിഗ്രി ചൂടിലാണ് ആണവനിലയത്തില്‍നിന്ന് ആണവ മാലിന്യമുള്ള ജലം കടലിലേക്ക് ഒഴുക്കുന്നത്. സമീപപ്രദേശത്തുള്ള കടലിന്റെ താപനില ഏതാണ്ട് 13 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കും.

യാഥാര്‍ഥ്യം: വെള്ളത്തിന് 140 ഡിഗ്രി ചൂട് എന്നുപറയുന്നത് അസംബന്ധം. ആണവ റിയാക്ടറിന്റെ കേന്ദ്രത്തെ തണുപ്പിക്കുന്ന വെള്ളത്തില്‍ മാത്രമേ ആണവമാലിന്യം കലരൂ. അത് പുറത്തേക്ക് വിടുന്നില്ല. കടലില്‍നിന്നുള്ള വെള്ളം റിയാക്ടറിന്റെ പുറമെ തണുപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതില്‍ ആണവമാലിന്യം കലരില്ല. ആ വെള്ളത്തിനാകട്ടെ, കടലിലേക്കൊഴുകിയെത്തുമ്പോള്‍ അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ അധികം ചൂട് ഉണ്ടാകില്ല. കടലിനടിയില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഉഷ്ണജല പ്രവാഹങ്ങളുണ്ട്. ഇതെല്ലാം വിസ്മരിച്ചാണ് ഇത്തരം ഭീതികള്‍ പ്രചരിപ്പിക്കുന്നത്.

വിമര്‍ശം: 1000 മെഗാവാട്ട് ശേഷിയുള്ള ഒരു ആണവനിലയം ഒരു വര്‍ഷം കുറഞ്ഞത് 30 ടണ്‍ ആണവമാലിന്യം പുറന്തള്ളും. ക്യാന്‍സറും ജനിതക വൈകല്യങ്ങളും സൃഷ്ടിക്കുന്ന ഇതിനെയാണ് കടലിലേക്ക് തള്ളുന്നത്.

യാഥാര്‍ഥ്യം: ആണവമാലിന്യം വലിയ സിമന്റ് അറകളില്‍ നിരവധി മീറ്റര്‍ ആഴമുള്ള കുഴിയിലാണ് നിക്ഷേപിക്കുന്നതെന്നും അത് ചെലവേറിയ ഏര്‍പ്പാടാണെന്നും ആണവനിലയത്തിന്റെ ചെലവ് കണക്കുകൂട്ടുമ്പോള്‍ അതുകൂടി കൂട്ടണമെന്നും ഇവര്‍തന്നെ എഴുതുന്നു. കടലില്‍ തള്ളുന്നു എന്നതിന് അടിസ്ഥാനമില്ലെന്ന് വിമര്‍ശകര്‍ക്കുതന്നെ അറിയാം.

വിമര്‍ശം: ആണവവികിരണം തണുപ്പിക്കാന്‍ ഉപയോഗിച്ച 12,000 ടണ്‍ വെള്ളം ഫുക്കുഷിമ നിലയത്തിന്റെ ബേസ്മെന്റില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍ ആറ് ശതമാനം പ്ലൂട്ടോണിയം അടങ്ങിയ മോക്സ് എന്ന ആണവവസ്തുവാണ്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് ഈ കെട്ടിക്കിടക്കുന്ന ജലം.
യാഥാര്‍ഥ്യം: ഫുക്കുഷിമയില്‍ സുനാമിയും ഭൂകമ്പവും (റിച്ചര്‍ സ്കെയിലില്‍ 10.5) മൂലം സപ്ലൈ നിലയ്ക്കുകയും തന്മൂലം തണുപ്പിക്കല്‍ സംവിധാനം തകരാറിലാവുകയും ചെയ്തതാണ് ചൂടുകൂടി റിയാക്ടര്‍ കേന്ദ്രം കത്തിനശിക്കാന്‍ ഇടയായത്. എന്നാല്‍, വൈദ്യുതിയില്ലാതെ സ്വാഭാവികമായ വായുപ്രവാഹം വഴി തണുപ്പിക്കല്‍ ഉറപ്പാക്കുന്ന സംവിധാനമാണ് കൂടംകുളത്തെ റിയാക്ടറിനുള്ളത്.

വിമര്‍ശം: 2012 മെയ് 12ന് ജപ്പാന്‍ തങ്ങളുടെ 54 ആണവനിലയവും ജര്‍മനി 17 നിലയവും അടച്ചുപൂട്ടി.


യാഥാര്‍ഥ്യം: ഫുക്കുഷിമ ദുരന്തത്തെത്തുടര്‍ന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും എട്ടെണ്ണം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫുക്കുഷിമ അടക്കമുള്ള ബാക്കി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ജപ്പാന്‍ നടത്തുന്നത്.ജര്‍മനി 2030ല്‍ അടച്ചുപൂട്ടും എന്നാണ് പറഞ്ഞത്. അതുവരെ പ്രവര്‍ത്തിക്കും എന്നുകൂടിയാണ് അതിനര്‍ഥം.

വിമര്‍ശം: ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വള്‍നറബിലിറ്റി അറ്റ്ലസ് പ്രകാരം മേഖല-3ല്‍ പെടുന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് കൂടംകുളം. കൂടംകുളം എന്ന പ്രദേശം ഒരു കാരണവശാലും ആണവനിലയത്തിന് പറ്റിയതേയല്ല.

യാഥാര്‍ഥ്യം: മേഖല രണ്ടിലാണ് കൂടംകുളം സ്ഥിതിചെയ്യുന്നത്. അത് ഭൂകമ്പസാധ്യത കുറവുള്ള പ്രദേശമാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ അവിടെ വലിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല.

വിമര്‍ശം: കൂടംകുളത്ത് ഉപയോഗിക്കുന്ന വിവിഇആര്‍ 1000 എന്ന മോഡല്‍ നിലയത്തിന് പല സാങ്കേതിക തകരാറുകളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ആണവ സാങ്കേതികവിദ്യയില്‍ ഫ്രാന്‍സും അമേരിക്കയുമാണ് റഷ്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലയത്തിന്റെ പ്രധാന ഭാഗത്ത് വെല്‍ഡിങ്ങുകള്‍ പാടില്ല എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ്ങുകള്‍ ഉള്ള റിയാക്ടറുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

യാഥാര്‍ഥ്യം: കൂടംകുളത്ത് പ്രവര്‍ത്തിക്കാന്‍ പോകുന്ന യന്ത്രം സുരക്ഷാ ക്രമീകരണങ്ങള്‍ ഫുക്കുഷിമയുടെ അനുഭവ പശ്ചാത്തലത്തില്‍ മെച്ചപ്പെടുത്തിയ ഒന്നാണ്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെപോലും പരിശോധനയ്ക്ക് വിധേയമാകുന്ന നിലയത്തില്‍ വെല്‍ഡിങ് പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കുന്നില്ലെന്ന വാദത്തെ ബാലിശമെന്നു വിളിച്ചാല്‍പോരാ. പട്ടിയുടെ തുടലറ്റുപോവുകയും അത് നദി കുടിച്ചുവറ്റിക്കുകയും ചെയ്താല്‍ കടി പറ്റിയതുതന്നെ എന്നാലോചിച്ച് പുതിയ കുട അടിച്ചൊടിച്ച് പട്ടിയെ അടിക്കാന്‍ കുടക്കാലുമായി നിന്ന പഴയ കഥയിലെ പട്ടരുടെ വാദമാണത്.

വിമര്‍ശം: ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സി സുരക്ഷാകാര്യങ്ങളില്‍ ഇപ്പോഴുള്ള അനാസ്ഥ തുടര്‍ന്നാല്‍ ചെര്‍ണോബിളും ഫുക്കുഷിമയും ഇവിടെ ആവര്‍ത്തിക്കുമെന്ന് സിഎജി അതിന്റെ ഓഡിറ്റില്‍ മുന്നറിയിപ്പ് നല്‍കി.

യാഥാര്‍ഥ്യം: സിവില്‍ ആണവനിലയങ്ങള്‍ക്ക് ഇന്ത്യന്‍ ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കുമേല്‍ അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സിയുടെകൂടി മേല്‍നോട്ടം ഉണ്ട്. സിഎജി കണക്കുകള്‍ ഓഡിറ്റുചെയ്യുന്നത് ഉദ്യോഗസ്ഥന്‍മാത്രം ആണെന്നുള്ളതുപോലും വിമര്‍ശം ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നു.

ആണവവികിരണ ഭീഷണിയെപ്പറ്റി പര്‍വതീകരിച്ച് പ്രചരിപ്പിക്കുന്നവര്‍ പ്രപഞ്ചത്തില്‍ ആകെ വികിരണം ഉണ്ടെന്നും വികിരണമാണ് എല്ലാ ജീവികളുടെയും ജീവന് ആധാരമെന്നുമുള്ള കാര്യം വിസ്മരിക്കുന്നു. അത് പ്രത്യേക പരിധി കടക്കുകയും തുടര്‍ച്ചയായി ഏല്‍ക്കുകയും ചെയ്യുമ്പോഴാണ് ആപല്‍ക്കരമാകുന്നത്.

വികസിത സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക രാഷ്ട്രീയ ബലാബലം വികസ്വരരാജ്യങ്ങളിലേക്ക് മാറുന്നു എന്നത് ഇന്നത്തെ ലോകരാഷ്ട്രീയത്തിലെ ശ്രദ്ധാര്‍ഹമായ ഒരു പ്രതിഭാസമാണ്. അത് സാമ്പത്തികനയങ്ങളോ രാഷ്ട്രീയനിലപാടുകളോ യുദ്ധമോ വികസ്വരരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലമാക്കുന്നു. അന്തര്‍ദേശീയ രംഗത്തെ വര്‍ഗസമരത്തില്‍ ലോക മുതലാളിത്തത്തെ ദുര്‍ബലമാക്കുന്ന ഘടകങ്ങളാണിവ. അത് സാധ്യമാക്കുന്നതില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച പ്രധാന ഘടകമാണ്. സാമ്പത്തികവളര്‍ച്ചയിലാകട്ടെ ഊര്‍ജലഭ്യതയ്ക്ക് പ്രധാന പങ്കാണുള്ളത്. ലോകമെങ്ങും ഊര്‍ജോല്‍പ്പാദനമേഖലകളില്‍ തങ്ങളുടെ സ്വാധീനവും സാന്നിധ്യവും ഉണ്ടാക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യ ഉള്‍പ്പെടെ ഒരു വികസ്വരരാജ്യവും ഊര്‍ജസുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കരുത് എന്നുള്ളത് സാമ്രാജ്യത്വ താല്‍പ്പര്യമാണ്. വര്‍ഗസമരത്തിന്റെ ഈ തലമൊന്നും മനസ്സിലാക്കാതെയോ മനസ്സിലായിട്ടും മനസ്സിലായില്ലെന്നു ഭാവിച്ചോ ആണ് ചിലരൊക്കെ സാമ്രാജ്യത്വവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ചില ജല്‍പ്പനങ്ങള്‍ നടത്തി സാമ്രാജ്യത്വസേവ ചെയ്യുന്നത്.

സാമ്രാജ്യത്വം ആണവായുധത്തെ ലോക മേധാവിത്വത്തിനും യുദ്ധവിജയത്തിനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആണവോര്‍ജം സമാധാനത്തിനും പുരോഗതിക്കും എന്ന മുദ്രാവാക്യമാണ് തൊഴിലാളിവര്‍ഗം ഉയര്‍ത്തുന്നത്. ഇതിനര്‍ഥം പരിസ്ഥിതി സംരക്ഷിക്കേണ്ട എന്നോ ആണവകാര്യത്തില്‍ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കാമെന്നോ അല്ല. പരിസ്ഥിതി സംരക്ഷണത്തെയും സുരക്ഷയെയും ലാഭത്തിനുവേണ്ടി അവഗണിക്കുന്നത് മുതലാളിത്തമാണ്. പരിസ്ഥിതിയും സുരക്ഷയും പരമാവധി ഉറപ്പാക്കി വികസനം എന്നതാണ് തൊഴിലാളിവര്‍ഗം ഉന്നയിക്കുന്ന ആവശ്യം. പരിസ്ഥിതി സംരക്ഷിക്കാത്ത വികസനമോ വികസനത്തെ അവഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമോ രണ്ടും അശാസ്ത്രീയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത് മനസ്സില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം.


*****
വി ബി ചെറിയാന്‍, ദേശാഭിമാനി

Saturday, September 29, 2012

തിളങ്ങുന്ന മോഡി ഞരങ്ങുന്ന ഗുജറാത്ത്

ആഗോളവല്‍ക്കരണം കാഴ്ചവച്ച 'വികസന' സംസ്‌ക്കാരത്തിന്റെ നെടുങ്കോട്ടയായാണ് ഗുജറാത്ത് കൊട്ടിഘോഷിക്കപ്പെട്ടത്. അവിടെയാണ് വികസനം കൊടിപാറിക്കുന്നതെന്ന് പലരും പറഞ്ഞുപരത്തുകയായിരുന്നു. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിയുടെ കൈകളില്‍ പുരണ്ട ന്യൂനപക്ഷഹത്യയുടെ ചോരപ്പാടുകള്‍ മറച്ചുവച്ചത് ഈ വികസനനേട്ടത്തിന്റെ പട്ടുതൂവാലകള്‍ കൊണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകളൊന്നും ഇത്തരം പ്രകീര്‍ത്തനങ്ങള്‍ക്കു തടസമായില്ല. മോഡിയും ബി ജെ പി ഗവണ്‍മെന്റും ന്യൂനപക്ഷങ്ങളോട് അവലംബിക്കുന്ന നയങ്ങളോട് യോജിക്കാത്തവര്‍പോലും മോഡിയുടെ കീഴില്‍ ഗുജറാത്ത് വികസനരംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കിയെന്ന് അടുത്ത ശ്വാസത്തില്‍ പറഞ്ഞു. നരേന്ദ്രമോഡിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നാണ് സംഘപരിവാറിലെ ഒരു ഭാഗം വിശേഷിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യയിലാകെ പ്രാവര്‍ത്തികമാക്കാന്‍ മോഡിക്കല്ലാതെ ആര്‍ക്കും കഴിയില്ലെന്നാണ് അവര്‍ വാദിച്ചത്. ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുടെ വേലിയേറ്റവും അതിലെല്ലാം നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രി നേരിട്ടു വഹിച്ച പങ്കും അത്തരക്കാരെ അലട്ടിയില്ല. അവര്‍ക്കു 'വികസനം' മതിയായിരുന്നു. സമ്പന്നന്മാര്‍ സര്‍വ്വം മറന്ന് അര്‍മാദിക്കുന്ന വികസനം! 'എമര്‍ജിംഗ് കേരള'യ്ക്കു ന്യായവാദങ്ങള്‍ ചികഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും താരതമ്യങ്ങള്‍ നടത്തിയത് ഗുജറാത്തിനോടായിരുന്നു. ആ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യഥാര്‍ഥചിത്രം ലോകത്തിന്റെ മുമ്പില്‍ അനാവൃതമാകാന്‍ കമ്പോള വ്യവസ്ഥയുടെ തമ്പുരാക്കന്മാര്‍ എപ്പോഴും തടസം നിന്നു. എങ്കിലും ആ യാഥാര്‍ഥ്യങ്ങള്‍ എക്കാലവും ഉറങ്ങിക്കിടക്കുന്നില്ല. അവ നാടിന്റെ കണ്ണില്‍ എത്തുക തന്നെ ചെയ്യും.

ഗുജറാത്തിലെ യാഥാര്‍ഥ്യം മോഡിയും സംഘപരിവാറും പ്രചരിപ്പിക്കുന്നതല്ല, അത് അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങളേയും ജീവിത ദുരിതങ്ങളിലേക്കെറിയുന്നതാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ ആ സത്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. 'തിളങ്ങുന്ന ഗുജറാത്ത്' നഗരങ്ങളിലെ സമ്പന്നന്മാര്‍മാത്രം അനുഭവിക്കുന്നതാണ്. മഹാഭൂരിപക്ഷം ഗുജറാത്തുകാരും അനുഭവിക്കുന്നത് 'ഞരങ്ങുന്ന ഗുജറാത്തി'ലെ ജീവിതമാണ്. 2011  ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് ഗ്രാമങ്ങളിലെ 67 ശതമാനം വീടുകള്‍ക്ക് ഇന്നും കക്കൂസില്ല. 65 ശതമാനം ഗ്രാമീണര്‍ ഇന്നും തുറസായ സ്ഥലങ്ങളിലാണ് വെളിക്കിറങ്ങുന്നത്. അങ്ങനെ വിസര്‍ജിക്കപ്പെടുന്ന മലം ആ പ്രദേശങ്ങളെ മുഴുവന്‍ മലിനപ്പെടുത്തുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനോ മലിനജലം ഒഴുക്കിക്കളയുന്നതിനോ ഫലപ്രദമായ ഒരു സംവിധാനവും അവിടെയില്ല. തലസ്ഥാന നഗരമടക്കം ചില സമ്പന്ന കേന്ദ്രങ്ങള്‍ മാറ്റിവച്ചാല്‍ അവിടത്തെ ഗ്രാമങ്ങളും നഗരങ്ങളും ഇത്തരം ദുസഹമായ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്.

നരേന്ദ്രമോഡിയുടെ വികസന സ്വര്‍ഗത്തില്‍ നഗരങ്ങളിലെ സമ്പന്നന്മാര്‍ക്കു മാത്രമേ ആരോഗ്യപരിരക്ഷയ്ക്ക് അവസരങ്ങളുള്ളു. ഗ്രാമങ്ങളിലെ പാവങ്ങള്‍ മരിക്കാത്തതുകൊണ്ട് ജീവിക്കുന്നവരാണ്. ഗുജറാത്തിലെ 44 ശതമാനം ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. 30 ശതമാനം ഗ്രാമങ്ങളില്‍ മലമ്പനിയും 40 ശതമാനം ഗ്രാമങ്ങളില്‍ വയറിളക്കവും സര്‍വസാധാരണമാണ്. വൃക്കയിലെ കല്ല്, സന്ധിവേദന, ത്വക്ക് രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവ മൂലം വലയുന്നവരാണ് 25 ശതമാനം ഗ്രാമങ്ങളിലെ ജനങ്ങള്‍. ശുദ്ധമായ കുടിവെള്ളവും ശുചീകരണ സംവിധാനങ്ങളുമെല്ലാം ഗുജറാത്ത് ഗ്രാമങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്. 43 ശതമാനം ഗ്രാമങ്ങള്‍ മാത്രമാണ് ജലവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 16.7 ശതമാനം ഗ്രാമങ്ങളിലേ ശുദ്ധീകരിച്ചതെന്നു പറയപ്പെടുന്ന പൈപ്പുവെള്ളമെത്തിയിട്ടുള്ളു. 20 ശതമാനം ഗ്രാമങ്ങളിലെയും പാവപ്പെട്ട സ്ത്രീകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്.

ഗുജറാത്ത് നേടിയ മോഡി മോഡല്‍ വികസനത്തിന് പല പാര്‍ട്ടികളിലും സ്തുതിപാഠകരുണ്ടാകാം. അവര്‍ ഇത്രയുംകൂടി അറിയുക. ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട 35 കിലോ ഭക്ഷ്യധാന്യം അവിടെ കൊടുക്കുന്നില്ല. കേന്ദ്രം കണക്കുകൂട്ടിയതിനേക്കാള്‍ ബി പി എല്‍ കുടുംബങ്ങളുള്ളതിനാല്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും പങ്കിടുന്നുവെന്നാണ് മോഡിയുടെ ന്യായീകരണം. അവര്‍ക്കായി 'സമ്പന്നവും വികസിതവുമായ' ഗുജറാത്തിലെ ഗവണ്‍മെന്റ് സ്വന്തം നിലയ്ക്ക് ഒന്നും മാറ്റിവയ്ക്കുന്നില്ല. പൊതുവിതരണസമ്പ്രദായം, ഉച്ചഭക്ഷണപദ്ധതി, സമഗ്ര ശിശുക്ഷേമ പദ്ധതി ഇവയെല്ലാം ഏറ്റവും മോശമായി നടത്തപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

ഇനി അവിടത്തെ പട്ടിണിപാവങ്ങളുടെ കൂലിയുടെ സ്ഥിതി നോക്കുക: അസംഘടിത മേഖലയിലെ സാധാരണ കൂലിപ്പണിചെയ്യുന്ന പുരുഷന് 69 രൂപയും സ്ത്രീക്ക് 56 രൂപയും! ഇവയെക്കുറിച്ച് കണക്കെടുത്ത 20 സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമത്തേതാണ്. താഴെയുള്ള മറ്റു സംസ്ഥാനങ്ങളെല്ലാം ദരിദ്ര സംസ്ഥാനം എന്ന് പേരുകേട്ടവയാണ്. എന്നാല്‍ ഗുജറാത്ത് അങ്ങനെയല്ലല്ലോ. കുതികുതിച്ചു കയറുന്ന വികസനത്തിന്റെ സ്വര്‍ഗരാജ്യമാണല്ലോ അത്! വലതുപക്ഷ നയങ്ങളും അതിന്റെ മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്നവരും പറയാറ് ഗുജറാത്തിലെ വളര്‍ച്ചാനിരക്കിന്റെ കേമത്തമാണ്. അക്കങ്ങള്‍ കൊണ്ട് മായാജാലംകാണിക്കുന്ന ഇത്തരം വളര്‍ച്ചയുടെ അടിയില്‍ നരകതുല്യമായ മറ്റൊരുജീവിതമുണ്ടെന്നതാണ് സത്യം.
അടുത്തിടെ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കിയത് ഗുജറാത്തിലെ ജനങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നാണ്. തന്ത്രശാലിയായ മുഖ്യമന്ത്രി മോഡി അതിനും ന്യായം കണ്ടെത്തി. അവിടത്തെ ജനങ്ങളില്‍ ഏറിയപങ്കും ശരീരം വണ്ണിക്കാതെ നോക്കുന്നവരും പച്ചക്കറി കഴിക്കുന്നവരുമാണത്രെ. മിസ്റ്റര്‍ മോഡി വിളമ്പുന്നത് മൂക്കുതാഴേയ്ക്കുള്ളവരാരും വിശ്വസിക്കാത്ത വിതണ്ഡവാദങ്ങളാണ്. കഴിക്കാന്‍ പോക്ഷകമൂല്യമുള്ള ആഹാരം കിട്ടാത്തതുകൊണ്ടാണ്, അതുവാങ്ങാന്‍ ന്യായമായ കൂലിയും ജോലിയും ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഈ ദുഃസ്ഥിതിയുണ്ടാകുന്നത്. ഇല്ലായ്മകൊണ്ടും രോഗ പീഡയാലും വലയുന്ന ഈ പട്ടിണിപാവങ്ങളിലേറെയും ഹിന്ദുക്കളാണെന്നതും മോഡി അറിയുകതന്നെ വേണം. മുസ്‌ലിം വേട്ടയാണ് ഹിന്ദുധര്‍മ്മമെന്നു ധരിച്ചുവശായ അഭിനവ ഫാസിസത്തിന്റെ വികസന സങ്കല്‍പ്പങ്ങളുടെ തനിനിറം ഇന്ത്യന്‍ ജനതയും അറിയണം.

*
ജനയുഗം മുഖപ്രസംഗം 28 സെപ്തംബര്‍ 2012

ചൂതാട്ടത്തെ ചെറുക്കാന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ 2008ല്‍ ലോട്ടറിത്തൊഴിലാളി ക്ഷേമനിധി നിയമം കൊണ്ടുവരികയും ലോട്ടറി നവീകരിക്കുകയും ചെയ്തതോടെ കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഗണ്യമായി ഉയര്‍ന്നു. കേരള ഭാഗ്യക്കുറി കര്‍ശനമായി നിയമവ്യവസ്ഥകള്‍ പാലിച്ചതുകൊണ്ട് ലോട്ടറി മാഫിയകള്‍ക്ക് നിയന്ത്രണം വന്നു. കോടതിയുടെ ഇടപെടലുമുണ്ടായി. ഫലത്തില്‍ എല്‍ഡിഎഫിന്റെ കാലത്ത് 2010 സെപ്തംബര്‍ ഒന്നുമുതല്‍ അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിച്ചു. ലോട്ടറി മാഫിയകള്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കിയത് കേന്ദ്രസര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും മാത്രമാണ്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെങ്കിലും ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. മാര്‍ട്ടിനെപ്പോലുള്ളവര്‍ക്ക് പ്രചോദനം മണികുമാര്‍ സുബ്ബയെന്ന ലോട്ടറി മാഫിയാ സംഘത്തലവനാണ്. എഐസിസിയുടെ തെരഞ്ഞെടുപ്പു ഫണ്ടില്‍ 5000 കോടിവരെ സംഭാവന നല്‍കുന്ന ചൂതാട്ട ലോട്ടറി സംഘമാണ് ഇക്കൂട്ടരെന്ന് നേരത്തെ വ്യക്തമായതാണ്.

മാര്‍ട്ടിന് കേരളത്തില്‍ രജിസ്ട്രേഷന്‍ നല്‍കിയത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. 2004ല്‍ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിക്കും 2005ല്‍ പേപ്പര്‍ ലോട്ടറിക്കും രജിസ്ട്രേഷന്‍ നല്‍കി. അന്നുമുതലാണ് കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം ആരംഭിക്കുന്നത്. ജനരോഷം ശക്തിപ്പെട്ടപ്പോള്‍ യുഡിഎഫിന് 2005ല്‍ കേരള ഗെയിങ് ആക്ടിലെ 2-1 (ബി) വകുപ്പില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കേണ്ടി വന്നു. എന്നാല്‍, 2010 ഏപ്രില്‍ 1 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ചട്ടം കൊണ്ടുവന്നു. പ്രസ്തുത ചട്ടത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിയമവിധേയമാക്കി. "98ലെ നിയമത്തിന് ചട്ടം കൊണ്ടുവരുന്നത് 2010ല്‍; 12 വര്‍ഷത്തിനുശേഷം. അതാകട്ടെ ലോട്ടറി മാഫിയകള്‍ക്ക് വേണ്ടിയും. ഈ ചട്ടം വന്നപ്പോള്‍ 2010 ഏപ്രില്‍ 28ന് കേരള ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി.

കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരോടൊപ്പം കേന്ദ്രമന്ത്രി പി ചിദംബരത്തെ കണ്ട് ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു. നിഷേധനിലപാടായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സ്വീകരിച്ചത്. ലോട്ടറി മാഫിയകള്‍ക്ക് അനുകൂലമാണ് കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടെന്ന് പകല്‍പോലെ ഒരിക്കല്‍ക്കൂടി വ്യക്തമായി. നിയമപ്രകാരം ഓണ്‍ലൈന്‍ ലോട്ടറി അനുവദനീയമാണ്. അത് ഒരു സംസ്ഥാനത്തു മാത്രം നിരോധിക്കാനാകില്ല എന്നതായിരുന്നു കേന്ദ്രനിലപാട്. 2011 മെയില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രണ്ടുതരം ലോട്ടറിയും അനുവദിക്കാന്‍ ശ്രമം നടന്നുവരികയാണ്- പേപ്പര്‍ ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും. കേന്ദ്രത്തിലാണെങ്കില്‍ ചിദംബരം ശക്തനായ മന്ത്രിയാണു താനും. ലോട്ടറി മാഫിയകളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ ചിദംബരവും മനു അഭിഷേക്സിങ്വിയും സംസ്ഥാനത്ത് ഗോവന്‍ ലോട്ടറിക്കും ഓണ്‍ലൈന്‍ ലോട്ടറിക്കും വേണ്ടി ചരടുവലിക്കുന്നു. സംസ്ഥാന നിയമവകുപ്പ് പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. 2012 സെപ്തംബര്‍ 25നു ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഡയറക്ടര്‍ അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം വീണ്ടും വരാനിടയുണ്ടെന്നും യൂണിയനുകള്‍ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. പേപ്പര്‍ ലോട്ടറിയില്‍ നിയമവ്യവസ്ഥ പാലിച്ച് സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കേരള ഭാഗ്യക്കുറിയും നിയമം ലംഘിച്ചുനടത്തുന്ന അന്യരാജ്യ-അന്യസംസ്ഥാന ലോട്ടറികളുമുണ്ട്. അന്യരാജ്യ- അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികള്‍ ചൂതാട്ടമായാണ് നടത്തുന്നത്. അതുകൊണ്ട് കേരളത്തില്‍ കേരള ഭാഗ്യക്കുറി മാത്രം മതി. ഇതിനെല്ലാമായി കേന്ദ്രനിയമം ഭേദഗതി ചെയ്യണം. യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുമോ? വികലാംഗരും വൃദ്ധരും രോഗികളുമായ രണ്ടുലക്ഷത്തിലധികം വരുന്നവരുടെ ഉപജീവനമാര്‍ഗമാണ് കേരള ഭാഗ്യക്കുറി. 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ലോട്ടറി സമ്പൂര്‍ണമായി നിരോധിച്ചു. നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നു. ലോട്ടറി പുനഃസ്ഥാപിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് 2010 ആഗസ്ത് 30ന്റെ കോടതിവിധിയെ തുടര്‍ന്ന് ആഴ്ചയില്‍ ഒന്നായി കേരള ഭാഗ്യക്കുറി പരിമിതപ്പെട്ടു. ഇതും തൊഴിലാളികളുടെ തൊഴിലും കൂലിയും കുറയ്ക്കാനിടയാക്കി. വീണ്ടും സെക്രട്ടറിയറ്റ് ലോട്ടറിത്തൊഴിലാളികളുടെ സമര കേന്ദ്രമായി. 2011 മെയ് നാലിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്രകാരം കേരള ഭാഗ്യക്കുറി പ്രതിദിനമാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പു വേളയായതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പ്രതിദിന നറുക്കെടുപ്പ് പുനഃസ്ഥാപിക്കാനായില്ല. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ലോട്ടറി പ്രതിദിനമാക്കി പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. 2011 ആഗസ്ത് ഒന്നിനു പ്രതിദിന നറുക്കെടുപ്പ് ആരംഭിച്ചു. ഒരുകാര്യം വ്യക്തമാണ് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ലോട്ടറിയുടെ സമ്പൂര്‍ണ നിരോധനം പ്രായോഗികമല്ല. എന്നാല്‍, നിയമം ലംഘിച്ചുള്ള ചൂതാട്ട ലോട്ടറി തടയുക തന്നെ വേണം. അന്യരാജ്യ- അന്യസംസ്ഥാന ലോട്ടറികള്‍ പലതും ചൂതാട്ടമായാണ് നടത്തിവരുന്നതെന്ന് മുന്‍കാല അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് ചൂതാട്ട ലോട്ടറിക്കെതിരാണ്. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയന്‍ സംഘടനകളും ചൂതാട്ട ലോട്ടറിക്കെതിരാണ്. കേരളീയ സമൂഹം പൊതുവില്‍ ചൂതാട്ടത്തിനെതിരാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയവും നിയമവും ചൂതാട്ടക്കാര്‍ക്ക് സഹായമാണ്. ഒന്നരവര്‍ഷമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിയില്ല. എന്നാല്‍, ചൂതാട്ടം പൂര്‍ണമായി അവസാനിച്ചെന്നു പറയാനാകില്ല. 2005ലേതുപോലെ വ്യാപകമായി ഓണ്‍ലൈന്‍ ലോട്ടറി ആരംഭിക്കാനുള്ള നീക്കം ചില ലോബികള്‍ നടത്തുന്നുണ്ട്. പുതിയ മാര്‍ട്ടിന്‍മാര്‍ രംഗത്തുവന്നു. അതാണ് എഴുത്തുലോട്ടറിയെന്ന പുതിയ ചൂതാട്ടം. കംപ്യൂട്ടര്‍ പ്രിന്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും വിതരണം ചെയ്താണ് ഇപ്പോള്‍ ചിലത് നടത്തുന്നത്. ലോട്ടറിവകുപ്പിന്റെ അന്വേഷണത്തില്‍ ചില വന്‍കിട ഏജന്റുമാര്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. ഇത്തരക്കാരുടെ പേരില്‍ കര്‍ശനടപടി സ്വീകരിക്കണം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന 1267 കോടിയാണ്. സര്‍ക്കാര്‍ ലാഭം 515 കോടിയും. ഇത് മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇരട്ടിയോളം വരും. ഇനിയും വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയും. അതിന് ടിക്കറ്റിന്റെ അച്ചടി 50 ലക്ഷമാക്കണം. ജീവനക്കാരെ അധികം നിയമിക്കണം. താലൂക്കുതല വില്‍പ്പനകേന്ദ്രങ്ങള്‍ ആരംഭിക്കണം. ചെറുകിട ഏജന്റുമാര്‍ക്ക് യഥേഷ്ടം ടിക്കറ്റ് ലഭ്യമാക്കണം, കേരള ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ചൂതാട്ട ലോട്ടറിക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

എല്‍ഡിഎഫിന്റെ കാലത്ത് 35 ശതമാനം കമീഷന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ 27 മുതല്‍ 30 ശതമാനം വരെ മാത്രമാണ്. ഏജന്‍സി കമീഷന്‍ വര്‍ധിപ്പിക്കണം. കാരുണ്യ പോലെ മറ്റു ലോട്ടറികളുടെയും സമ്മാനഘടന ആകര്‍ഷകമാക്കണം. കാരുണ്യ ചികിത്സാ പദ്ധതിയില്‍ ലോട്ടറിത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ക്ഷേമനിധി പദ്ധതി കാര്യക്ഷമമാക്കണം. കുടിശ്ശിക വരുത്തിയ മുഴുവന്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും അംശാദായം അടയ്ക്കാന്‍ അനുമതി നല്‍കണം. പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കണം. വിദ്യാഭ്യാസ-ചികിത്സ-മരണാനന്തര കുടുംബസഹായം വര്‍ധിപ്പിക്കണം. വീട്- വാഹന വായ്പാ പദ്ധതി നടപ്പാക്കണം.

ലോട്ടറിയുടെ ലക്ഷ്യം വരുമാനം മുഴുവന്‍ ഖജനാവില്‍ പണം എത്തിക്കാന്‍ മാത്രമാകരുത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനാകണം. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. കേരള ഭാഗ്യക്കുറി വില്‍പ്പന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണം. പരസ്യം ഉള്‍പ്പെടെ ചില കാര്യങ്ങള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച് പടിപടിയായി ടിക്കറ്റ് അച്ചടിയും നടത്തിപ്പും സ്വകാര്യവല്‍ക്കരിക്കാനും ഫ്രാഞ്ചൈസി വഴിയാക്കാനും ചില നീക്കങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടക്കുന്നുണ്ട്. അതിനെയൊക്കെ ചെറുത്തു പരാജയപ്പെടുത്താന്‍ ലോട്ടറി മേഖലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമാണ്. ആദിവാസികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി സിഐടിയു മാറി. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) 3-ാം സംസ്ഥാനസമ്മേളനം കോട്ടയത്ത് സെപ്തംബര്‍ 29, 30 തീയതികളില്‍ നടക്കുമ്പോള്‍ രാജ്യവ്യാപകമായി യോജിച്ച സമരത്തിന്റെ പാതയിലാണ് തൊഴിലാളിവര്‍ഗം.

*
എം വി ജയരാജന്‍ ദേശാഭിമാനി 29 സെപ്തംബര്‍ 2012

നാട്ടിലെ വ്യവസായം നാടുകടത്തുന്നു

വിദേശികള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭകരെ ക്ഷണിച്ചുവരുത്തി എമര്‍ജിങ് കേരള പരിപാടി നടത്തിയവര്‍ നാട്ടിലെ പ്രശസ്തിയാര്‍ജിച്ച വ്യവസായങ്ങളെ നാടുകടത്തുന്ന വേലയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ കിറ്റെക്സ് വസ്ത്രനിര്‍മാണ ഗ്രൂപ്പ് ഏറെ പെരുമയുള്ളതാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. 8000 പേര്‍ക്ക് തൊഴില്‍നല്‍കുന്ന ഈ വ്യവസായം കഴിഞ്ഞവര്‍ഷം 550 കോടി രൂപയുടെ വിദേശനാണ്യം നാടിനു നേടിക്കൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ശോഷിച്ച ഖജനാവിലേക്ക് 21 കോടി രൂപ നികുതി നല്‍കി. നികുതി ഇനത്തില്‍ പഞ്ചായത്തിനും നല്‍കി 60 ലക്ഷം. ഇതൊന്നും യുഡിഎഫ് സര്‍ക്കാരിന് പ്രശ്നമേയല്ല. ഇത് നാടിന്റെ നേട്ടമായി അവര്‍ കാണുന്നുമില്ല. അവര്‍ക്ക് രാഷ്ട്രീയ താല്‍പ്പര്യമാണ് പ്രധാനം. അതോടൊപ്പം സ്വാര്‍ഥ താല്‍പ്പര്യവും.

സ്വന്തമായി എന്തു നേട്ടമുണ്ടായി എന്നതിലാണ് നോട്ടം. കിറ്റെക്സ് ഗ്രൂപ്പ് 262 കോടി രൂപ മുതല്‍മുടക്കി വ്യവസായം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ബാങ്ക് വായ്പ തരപ്പെടുത്തുകയും യന്ത്രസാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയുംചെയ്തു. 4000 പേര്‍ക്ക് പുതുതായി തൊഴില്‍നല്‍കാന്‍ കഴിയുന്ന മഹത്തായ സംരംഭമാണിത്. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയും പകപോക്കല്‍ സമീപനത്തിന്റെ ഫലമായി മനംമടുത്ത വ്യവസായി ഈ സ്ഥാപനം ശ്രീലങ്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ച വിവരമാണ് രണ്ടുദിവസം മുമ്പ് വെളിപ്പെടുത്തിയത്. വിദേശ വ്യവസായികളെ ക്ഷണിച്ചുവരുത്താന്‍ വ്യഗ്രത കാണിക്കുന്നവര്‍ നാട്ടിലെ പാരമ്പര്യമുള്ള വ്യവസായികളെ നാടുകടത്തുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുന്നത്. വ്യവസായ വികസനത്തില്‍ യുഡിഎഫ് സര്‍ക്കാരിന് ആത്മാര്‍ഥതയുടെ കണികപോലുമില്ലെന്ന് വെളിപ്പെടുത്താന്‍ ഇതിലധികം ഉദാഹരണം തേടിപ്പോകേണ്ടതില്ല.

കിറ്റെക്സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് വേദനയോടെ വെളിപ്പെടുത്തിയ അനുഭവം മറ്റൊരു വ്യവസായിക്കും ഉണ്ടാകാന്‍ പാടില്ല. ബെന്നി ബഹനാന്‍ എന്ന കോണ്‍ഗ്രസ് എംഎല്‍എയും സാബുവിന്റെ വന്ദ്യപിതാവ് എം സി ജേക്കബ്ബും തമ്മില്‍ മൂന്നരപതിറ്റാണ്ടുമുമ്പ് 1978ല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ തലപൊക്കാനിടയായി. ഇതാണുപോലും കിഴക്കമ്പലത്തെ കോണ്‍ഗ്രസിലെ ഒരുവിഭാഗം കിറ്റെക്സിനെതിരെ തിരിയാന്‍ കാരണമായത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ വ്യക്തിവൈരാഗ്യം 12,000 പേര്‍ക്ക് തൊഴില്‍നല്‍കുന്ന ഒരു വ്യവസായം വിദേശത്തേക്ക് പറിച്ചുനടാന്‍ ഇടവരുത്തുന്നത് യുഡിഎഫിന് അപമാനംതന്നെയാണ്. യുഡിഎഫ് ഭരണത്തിലെത്തിയ 2001-06 വരെയുള്ള കാലത്തും 2011നു ശേഷവും കമ്പനിക്ക് വ്യാവസായിക ലൈസന്‍സ് ഗ്രാമപഞ്ചായത്ത് പുതുക്കി നല്‍കാന്‍ വിസമ്മതിച്ചു. 17 വര്‍ഷമായി ഇല്ലാതിരുന്ന മലിനീകരണപ്രശ്നം കഴിഞ്ഞ മൂന്ന് മാസമായി ചില തല്‍പ്പരകക്ഷികള്‍ ഉയര്‍ത്തികൊണ്ടുവന്നു. കമ്പനിവളപ്പില്‍ ഒരു ഗേറ്റ് സ്ഥാപിക്കാന്‍ അനുമതിക്കായി അപേക്ഷിച്ചു. 11 മാസമായിട്ടും അനുമതി നല്‍കാന്‍ പഞ്ചായത്തിന് കനിവുണ്ടായില്ല. തന്നെയും കുടുംബത്തെയും യുഡിഎഫിലെ ഒരു വിഭാഗം വേട്ടയാടുകയാണെന്നാണ് അടക്കാന്‍ കഴിയാത്ത അമര്‍ഷത്തോടെ സാബു എം ജേക്കബ് വെളിപ്പെടുത്തിയത്.

സ്ഥലത്തെ ചില തീവ്രവാദി സംഘടനകളെ കോണ്‍ഗ്രസുകാര്‍ ഇതിന് ഉപയോഗപ്പെടുത്തുന്നതായും പരാതിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്നാണ് പറയുന്നത്. അതിവേഗം ബഹുദൂരം ആവര്‍ത്തിച്ച് ഉരുവിടുന്ന ഉമ്മന്‍ചാണ്ടി ഈ വ്യവസായ ഗ്രൂപ്പിനോട് അല്‍പ്പംപോലും കനിവ് കാട്ടിയില്ലെന്നത് അദ്ദേഹത്തിന്റെ മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നു.

ആയിരങ്ങളെ ക്ഷണിച്ചുവരുത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും പോയി അപേക്ഷ നേരിട്ട് വാങ്ങി അവിടെ വച്ചുതന്നെ ഒപ്പിട്ട് ഓര്‍ഡറിറക്കി പരാതി പരിഹരിക്കുന്ന പുത്തന്‍ ശൈലി സ്വീകരിച്ച മുഖ്യമന്ത്രി കിറ്റെക്സ് ഗ്രൂപ്പിന്റെ പരാതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശ്രദ്ധിച്ചില്ല എന്നത് അദ്ദേഹത്തിന്റെ ഉന്നത പദവിക്ക് ഭൂഷണമായി തോന്നിയേക്കാം. അധികാരവും പദവിയുമൊക്കെ പകപോക്കാനുളള ഉപകരണമാണെന്നു വന്നാല്‍ അത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. യുഡിഎഫ്് സര്‍ക്കാരില്‍ നിന്നുള്ള അതിരുകടന്ന പീഡനം സഹിക്കാന്‍ കഴിയാതെ 262 കോടി രൂപ മുതല്‍മുടക്കുള്ള പുതിയ സംരംഭം ശ്രീലങ്കയില്‍ സ്ഥാപിക്കാന്‍ കിറ്റെക്സ് ഗ്രൂപ്പ് നിര്‍ബന്ധിതമായിരിക്കുന്നു. ചൈനയിലും സംരംഭം തുടങ്ങാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എമര്‍ജിങ് കേരള എന്നുചൊല്ലി 36 വിദേശ രാജ്യത്തില്‍നിന്ന് വ്യവസായ സംരംഭകരെ വിളിച്ചുവരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിനകത്ത് പരിചയസമ്പന്നരും രാജ്യസ്നേഹികളുമായ വ്യവസായികളെ നാടുകടത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 8000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന നിലവിലുള്ള കിറ്റെക്സ് വ്യവസായം ഇവിടെ തുടരുന്നത് തൊഴിലാളി കുടുംബങ്ങളെ ഓര്‍ത്തുമാത്രമാണെന്നാണ് എംഡി പറയുന്നത്. ഇത് കേവലം കിറ്റെക്സ് ഗ്രൂപ്പിനോട് കാണിക്കുന്ന വൈരനിര്യാതന ബുദ്ധിയായി ചുരുക്കിക്കാണാന്‍ കഴിയുന്നതല്ല.

കേരളത്തിലെ പൊതുമേഖല വ്യവസായങ്ങള്‍ നഷ്ടത്തിലാക്കി അടച്ചുപൂട്ടാനാണ് ശ്രമം. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ കൈത്തറി- കയര്‍- കശുവണ്ടി- ബീഡി- ഖാദി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളോടും ഇതേ ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്. പൊതുമേഖല വ്യവസായം അടച്ചുപൂട്ടി സ്ഥലവും കെട്ടിടവും ഹോട്ടല്‍ ഉടമയ്ക്ക് വില്‍ക്കാനാണല്ലോ വ്യവസായമന്ത്രി മുമ്പ് ശ്രമിച്ചത്. ചുരുക്കത്തില്‍ സ്ഥലം വില്‍പ്പനയിലാണ് താല്‍പ്പര്യം. ഭൂമാഫിയാ സംഘത്തെ സഹായിക്കലും പ്രോത്സാഹിപ്പിക്കലുമാണ് നയം. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും താല്‍പ്പര്യമുള്ളവരുടെ കടമയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 29 സെപ്തംബര്‍ 2012

കമ്മ്യൂണിസം ജീവിതമാക്കിയ ഒരമ്മ

ഓര്‍മ്മകളിലെ പത്മം   

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമാണ് സഖാവ് കെ ദാമോദരനെങ്കില്‍, ആ വലിയ ചരിത്രത്തിന്റെ മായ്ക്കപ്പെടാനാവാത്ത ഭാഗമാണ് അദ്ദേഹത്തിന്റെ വാമഭാഗമായിരുന്ന ഇന്നലെ വിടപറഞ്ഞ കെ പി പത്മം. കെ ദാമോദരനെന്ന മഹാഭൂമിയിലെ വായുവും വെളിച്ചവും വെള്ളവുമായിരുന്നു പത്മം ദാമോദരന്‍ എന്ന പത്മേടത്തിയുടെ ഊര്‍ജ്ജം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകം സ്ഥാപിച്ച സഖാവ് ദാമോദരന്റെ വലംകൈ തന്നെയായിരുന്നു പത്മേടത്തി. എഴുത്തിലും വായനയിലും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനത്തിലും വിപുലീകരണമുണ്ടായത് സഖാവിന്റെ സാന്നിധ്യവും സ്വാധീനവുമാണെന്ന് പത്മേടത്തിയും പറയുമായിരുന്നു.

സൈദ്ധാന്തിക വിഷയങ്ങളില്‍ സഖാവ് കുറിച്ചിടുന്നവ അവസാനമായി പകര്‍ത്തിയെഴുതുന്നത് പത്മേടത്തിയായിരുന്നു. നിരവധി പുസ്തകങ്ങള്‍ക്കൊപ്പം ചൈനീസ് വിപ്ലവം എന്ന ആധികാരിക ഗ്രന്ഥം എഴുതിയ അവര്‍, കമ്യൂണിസ്റ്റ് ചിന്തകരുടെ പട്ടികയിലും സ്ഥാനം പിടിച്ചു. ആഴത്തിലുള്ള വായനയും എഴുത്തുമാണ് പത്മത്തെ ജീവിതസഖിയായി സ്വീകരിക്കാന്‍ തയ്യാറായതെന്ന് ജീവചരിത്രത്തില്‍ കെ ദാമോദരനും രേഖപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ ക്ലേശങ്ങളനുഭവിച്ചിരുന്ന കാലത്താണ് പത്മം കെ ദാമോദരന്റെ പത്‌നിയാവുന്നത്. വിവാഹച്ചിലവിന് പണം കണ്ടെത്താന്‍പോലും കഴിയാതിരുന്ന അവസ്ഥയില്‍ തൃശൂരിലെ ഒരു പുസ്തക പ്രസാധകര്‍ 'പാട്ടബാക്കി'യുടെ റോയല്‍റ്റിയായി നല്‍കിയ 200 രൂപ വലിയ അനുഗ്രഹമായി എന്ന് പിന്നീട് കെ ദാമോദരന്‍ തന്നെ പറയുകയുണ്ടായിട്ടുണ്ട്.

വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു അക്കാലങ്ങളില്‍ ദാമോദരനുള്‍പ്പടെയുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കളെല്ലാം. തടവറയിലായിരിക്കുമ്പോള്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങളുമായി പുറത്തുവന്ന അദ്ദേഹം, കേട്ടതും കണ്ടതും തന്നോടൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ ഒട്ടുമിക്കവരും വിവാഹിതരായെന്നതാണ്. കുടുംബബന്ധം കൂടി അനുഭവിക്കുമ്പോഴാണ് തങ്ങളുടെ പ്രവര്‍ത്തനത്തിന് കുറേക്കൂടി മാനം കൈവരികയുള്ളൂവെന്ന ചിന്തകള്‍ നേതാക്കളിലുണ്ടായെന്നാണ് വിശദീകരണം. കെ ദാമോദരനും ഈ അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഉറച്ച നിലപാട് ആദ്യമൊന്നും എടുത്തിരുന്നില്ല.

കീഴേടത്ത് തറവാടുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗുരുവായൂരിലെ നങ്ങാക്കില്‍ കുട്ടികൃഷ്ണമേനോന് കെ ദാമോദരന്റെ വ്യക്തിത്വത്തിലും പാണ്ഡിത്യത്തിലും അങ്ങേയറ്റം ആരാധനയായിരുന്നു. ദാമോദരന്‍ ജയില്‍മോചിതനായ സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാരന്‍ പോലുമല്ലാതിരുന്ന മേനോന്‍ തന്റെ ആഗ്രഹം കീഴേടത്ത് തറവാട്ടില്‍ പ്രകടിപ്പിച്ചു. ദാമോദരനെക്കൊണ്ട് തന്റെ മകള്‍ പത്മത്തെ വിവാഹം കഴിപ്പിക്കണമെന്നതായിരുന്നു അത്. കമ്യൂണിസത്തോടും ദാമോദരനോടുമുള്ള തന്റെ ആദരവാണ്് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നത്രെ. കുടുംബ സംഗമങ്ങളുടെ ചില ഘട്ടങ്ങളില്‍ പത്മത്തെ കണ്ടിട്ടുണ്ടെങ്കിലും ദാമോദരന്‍ വിവാഹത്തോടുള്ള തന്റെ നിലപാടില്‍ കുറച്ചുനാള്‍ ഉറച്ചുനിന്നു. കുടുംബ ബന്ധത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ സങ്കല്‍പ്പം ചങ്കുറപ്പുള്ള കെ ദാമോദരന്റെ നിലപാടില്‍ അയവുവരുത്തി.

പത്മത്തിന്റെ എഴുത്തിലും വായനയിലുമുള്ള താല്പര്യങ്ങളെ എടുത്ത് പറഞ്ഞ കെ ദാമോദരന്‍ 1946 ഏപ്രില്‍ മാസത്തില്‍ അവരെ വിവാഹം ചെയ്തു. കമ്യൂണിസ്റ്റല്ലാത്ത കുടുംബത്തില്‍ നിന്ന് വലിയ കമ്യൂണിസ്റ്റുകാരന്റെ പത്‌നിയായി. വിവാഹശേഷം പത്മം, കമ്യൂണിസ്റ്റുകാരുടെ പ്രിയപ്പെട്ട പത്മേടത്തിയായി. പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകിയ പത്മേടത്തി, കെ ദാമോദരനെ പത്രപ്രവര്‍ത്തനത്തില്‍ സഹായിക്കുകയും ചെയ്തിരുന്നു. കെ ദാമോദരന്‍ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും പകര്‍ത്തിയെഴുതാനും ടൈപ്പ് ചെയ്യാനും സമയം കണ്ടെത്തി.

നവജീവനില്‍ പ്രൂഫ് റീഡറായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒരു വേളയില്‍ ദേശാഭിമാനിയില്‍ ലൈേബ്രറിയനായി. ന്യൂ ഏജ് ഉള്‍പ്പടെയുള്ള പത്രങ്ങളില്‍ നിന്ന് വാര്‍ത്തകളും ലേഖനങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് നവജീവനില്‍ പ്രസിദ്ധീകരിച്ചു. പത്രപ്രവര്‍ത്തനത്തില്‍ മുഴുകിയ ഈ കാലഘട്ടത്തില്‍ ചില ഇംഗ്ലീഷ്, ചൈനീസ് കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. എം ഇലീന്റെ 'മണ്ണും മനുഷ്യനും', മാക്‌സിം ഗോര്‍ക്കിയുടെ 'ചെല്‍ക്കാശ്', 'വെറും പ്രേമം' എന്നിവയാണ് പത്മം ദാമോദരന്റെ വിവര്‍ത്തന കൃതികളില്‍ ശ്രദ്ധേയമായവ. കെ ദാമോദരന്‍ എഴുതിയ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നതും പത്മേടത്തിയായിരുന്നു.

ചൈനീസ് വിപ്ലവം കഴിഞ്ഞയുടനെയാണ് 'ചൈനീസ് വിപ്ലവ'മെന്ന കൃതിയെഴുതിയത്. 1965ല്‍ രാജ്യസഭ അംഗമായ കെ ദാമോദരനൊപ്പം താമസം ഡല്‍ഹിയിലേക്ക് മാറ്റി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം രേഖപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യത്തില്‍ കെ ദാമോദരനെ സഹായിക്കലായിരുന്നു ഡല്‍ഹി ജീവിതത്തില്‍ പത്മേടത്തിയുടെ പ്രധാന കടമ. 1976ല്‍ സഖാവ് കെ ദാമോദരന്റെ മരണശേഷമാണ് പത്മേടത്തി കേരളത്തില്‍ മടങ്ങിയെത്തിയത്.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ കേരളത്തിലെത്തിയ ഗാന്ധിജിക്ക് കയ്യിലെ സ്വര്‍ണ്ണ വള ഊരിനല്‍കിയ കൗമുദി ടീച്ചര്‍ക്കൊപ്പമായിരുന്നു പത്മേടത്തിയുടെ കണ്ണൂരിലെ താമസം. കൗമുദി ടീച്ചറുടെ സാന്നിധ്യമാകാം അനീതിക്കെതിരെ പൊരുതാനുള്ള വീര്യം അവര്‍ക്ക് പകര്‍ന്ന് നല്‍കിയത്. കണ്ണൂരിലെ ജോലിക്കിടെ ഓഫിസ് മേലധികാരി അവിടത്തെ പ്യൂണിന്റെ മുഖത്തേക്ക് ഫയല്‍ വലിച്ചെറിഞ്ഞ സംഭവം പത്മേടത്തിയുടെ കണ്ണില്‍പ്പെട്ടു. മേലധികാരിയെ ചോദ്യം ചെയ്ത അവര്‍ 'നിങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന്' തുറന്നടിച്ചു. അനീതി തുടര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയ പത്മേടത്തി, ജോലി വലിച്ചെറിഞ്ഞ് ഓഫിസില്‍ നിന്നിറങ്ങുകയായിരുന്നു. ഒരു വര്‍ഷത്തോളമാണ് പത്മേടത്തി കണ്ണൂരില്‍ ജോലിചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ ആദര്‍ശം പഠിപ്പിച്ചതെന്ന് പത്മേടത്തി എന്നും പറയുമായിരുന്നു. മനുഷ്യരെ സഹായിക്കാനുള്ള മനസ് നേടിതന്നതും പാര്‍ട്ടിയാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് പാര്‍ട്ടി ഓഫിസുകള്‍ തറവാടാണെന്നും അവിടെ അവര്‍ സുരക്ഷിതരാണെന്നുമുള്ള ഓര്‍മ്മകളാണ് പത്മേടത്തി പങ്കുവക്കാറുണ്ടായിരുന്നത്.
(വത്സന്‍ രാമംകുളത്ത്)

കമ്മ്യൂണിസം ജീവിതമാക്കിയ ഒരമ്മ   

കമ്യുണിസ്റ്റ് ചിന്തകനായ കെ ദാമോദരന്റെ സഹധര്‍മ്മിണി പത്മം ദാമോദരന്‍ അന്തരിച്ചപ്പോള്‍ നഷ്ടമായത് കമ്യൂണിസം ജീവിതമാക്കിയ ഒരമ്മയെയാണ്. എഴുത്തും വായനയും പ്രവര്‍ത്തനവും ജീവിതവും അവര്‍ക്ക് കമ്യൂണിസമായിരുന്നു; മക്കളും കുടുബവും അതിന്റെ ഭാഗവും. 'മക്കളെക്കാള്‍ അമ്മ സ്‌നേഹിച്ചത് അച്ഛന്റെ ചിന്തകളെയായിരുന്നു'വെന്ന് അവസാന നാളുകളില്‍ അമ്മയെ ശുശ്രൂഷിച്ച മകള്‍ ഉഷ പറയുന്നു.  കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ ദമ്പതികള്‍ കേരള ചരിത്രത്തില്‍ പലതുണ്ടാം. പക്ഷെ, ഇതു പോലെ കമ്മ്യൂണിസ്റ്റ് ചിന്തകരായ ദമ്പതികള്‍ അപൂര്‍വമാണ്. പ്രിയതമന്റെ കൂടെയുണ്ടായിരുന്ന കാലത്തെക്കാളധികം കാലം അദ്ദേഹത്തിന്റെ വേര്‍പാടിന് ദൈര്‍ഘ്യമുണ്ടായിട്ടും അദ്ദേഹത്തിന്റെ സ്മരണകളിലേക്ക് മടങ്ങിയെത്തുന്ന സന്ദര്‍ഭങ്ങളില്‍ കെ. ദാമോദരന്‍ ആവേശമായി അവരില്‍ നിറയുന്നു.

1946 ല്‍ പത്തൊമ്പതാം വയസിലാണ് ഗുരുവായൂര്‍ കറുവന്നൂര്‍ പുത്തന്‍വീട്ടില്‍ (നങ്ങാത്തില്‍) പത്മത്തെ ദാമോദരന്‍ സഹധര്‍മ്മിണിയാക്കുന്നത്. അന്നു മുതല്‍ സഖാവിനോടൊപ്പം ജീവിച്ചിരുന്ന മുപ്പത് കൊല്ലവും ശേഷമുളള 25 കൊല്ലവും കര്‍മനിരതമായിരുന്നു പത്മത്തിന്റെ ജീവിതം. 1995 മുതല്‍ 2000 വരെ ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ ആയിരുന്നതാണ് അവസാനത്തെ പൊതുജീവിതം. പിന്നീട് കുടുംബത്തില്‍ രോഗബാധിതരായ സഹോദരങ്ങളെ ശ്രൂശ്രൂഷിക്കാന്‍ മുഴുവന്‍ സമയവും മാറ്റി വെക്കേണ്ടി വന്നപ്പോഴാണ് പൊതു പ്രവര്‍ത്തനത്തിന് സമയമില്ലാതായത്. അഞ്ച് മക്കളുടെ അമ്മയായെങ്കിലും സഖാവിനോടൊപ്പമുളള ജീവിത യാത്രയില്‍ സ്വന്തംമക്കളെ ലാളിക്കാന്‍ പോലും ശ്രദ്ധ തോന്നിയില്ല. കുട്ടികളെ ഒപ്പം നിര്‍ത്തണമെന്ന മാതൃസഹജമായ വാസനപോലും പ്രകടമായിരുന്നില്ലെന്നാണ് മക്കളുടെ അനുഭവം. 'അഞ്ചു പേരില്‍ ഏക പെണ്‍തരിയായിരുന്നിട്ടു പോലും  സാധാരണ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന പരിഗണന പോലും അമ്മ തന്നില്ലെന്ന് ഉഷ പറയുന്നു. 'അഞ്ചു മുതല്‍ എട്ടു വരെ ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തും 10,11 ക്ലാസുകളില്‍ ഡല്‍ഹിയിലും പഠിക്കുമ്പോഴാണ് അമ്മയോടും അച്ഛനോടുമൊപ്പം കഴിഞ്ഞിട്ടുള്ളത്.   അച്ഛനമ്മമാരും മക്കളും ഒത്തുകൂടുന്ന സന്തോഷമൊന്നും അന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയാലും അമ്മ അച്ഛന്റെ എഴുത്തുമുറിയില്‍ സഹായിയായി പോകും. ചര്‍ച്ച മുഴുവനും രാഷ്ട്രീയവും സാമ്പത്തികവും പുസ്തകങ്ങളും. ഞങ്ങളെ അമ്മ പുസ്തകങ്ങളോളം പോലും സ്‌നേഹിക്കുന്നില്ലെന്ന് അന്ന് തോന്നിയിട്ടുണ്ട്'. സമൂഹത്തെ ഇത്രയേറെ സ്‌നേഹിക്കുന്നതു കൊണ്ടാണ് അമ്മക്ക് ഞങ്ങളെ മാത്രമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നത് എന്ന് ചിന്തിക്കാനുള്ള പക്വതയൊന്നുമില്ലാത്തതു കൊണ്ട് അന്ന് സങ്കടമായിരുന്നു വെന്ന് ഉഷ ഓര്‍ക്കുന്നു.

ജീവിതപങ്കാളിയായിരുന്ന കെ ദാമോദരന്‍ പത്മത്തിന്  തീര്‍ത്തും സഖാവ് തന്നെയായിരുന്നു. അദ്ദേഹം നവയുഗം പത്രാധിപരായിരിക്കെ അതിന്റെ കമ്പോസിങ്ങ് മുതല്‍ പ്രൂഫ് റീഡിങ്ങ് വരെ ചെയ്തു.  ദാമോദരന്‍ മരിക്കുമ്പോള്‍ സമ്പാദ്യമായുണ്ടായിരുന്നത് വീടു നിറയെ പുസ്തകങ്ങളായിരുന്നു. അതില്‍ ഭൂരിപക്ഷവും ജെ എന്‍ യുവിനു നല്‍കുകയാണ് പത്മം ചെയ്തത്. കുറച്ചു പുസ്തകങ്ങള്‍ ഗുരുവായൂര്‍ നഗരസഭാ ലൈബ്രറിക്കും കൊടുത്തു. ശേഷിച്ചവ പലരുമായി കൊണ്ടു പോയി. സ്വകാര്യ ജീവിതത്തെപ്പോലും പൊതുസ്വത്തായി കണ്ട സഖാവിന്റെ ജീവിതസഖിക്ക് ഒന്നും കൂട്ടി വെക്കേണ്ടതില്ലല്ലോ.

*
കടപ്പാട്: ജനയുഗം ദിനപത്രം

Friday, September 28, 2012

ഒട്ടും നിഷ്കളങ്കമല്ലാത്ത ഒരു സാമ്രാജ്യത്വ കാപട്യം

ഈജിപ്തില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറി കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തിനു സമീപത്തുള്ള സെറിറ്റോസില്‍ സ്ഥിരതാമസമാക്കിയ സിനിമാ സംവിധായകനും കോപ്റ്റിക്ക് ക്രിസ്ത്യാനിയുമായ നക്കോല ബാസിലെ നക്കോല സംവിധാനം ചെയ്ത "മുസ്ലിങ്ങളുടെ നിരപരാധിത്വം" എന്ന ഫീച്ചര്‍ ഫിലിം ഇസ്ലാമിക ലോകത്തെ കലാപകലുഷിതമാക്കിയിരിക്കുന്നു. യു-ട്യൂബ് വഴി ലോകമാകെ പ്രചരിച്ച ഈ സിനിമയുടെ കേന്ദ്രപ്രമേയം പ്രവാചക നിന്ദയാണ്. സിനിമ വിവാദമായതോടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. അസോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ട ആദ്യ വിവരമനുസരിച്ച് സാംബാസിലെ എന്ന അമേരിക്കന്‍ ജൂതനാണ് സംവിധായകന്‍. കാലിഫോര്‍ണിയയിലെ സെറിറ്റോസില്‍ താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഇസ്രായേല്‍ പൗരനാണ് താനെന്നും അമേരിക്കയിലെ നൂറ് ജൂതകുടുംബങ്ങള്‍ സംഭാവന ചെയ്ത 50 കോടി ഡോളര്‍ ഉപയോഗിച്ചാണ് `Innocence of Muslims" എടുത്തതെന്നും സാംബാസിലെ ടെലിഫോണില്‍ അസോസിയേറ്റഡ് പ്രസ്സിനെ അറിയിച്ചു എന്നതായിരുന്നു ആദ്യ മീഡിയ റിപ്പോര്‍ട്ട്. പിന്നീടുള്ള അന്വേഷണത്തില്‍ സംവിധായകന്റെ യഥാര്‍ഥ പേര് നക്കോല ബാസിലെ നക്കോല എന്നാണെന്നും ഇദ്ദേഹം ജൂതനോ ഇസ്രായേല്‍ പൗരനോ അല്ലെന്നും തെളിഞ്ഞു.

ചിത്രത്തിന് ആദ്യം നല്‍കിയ പേര് `Innocence of Bin Laden" എന്നായിരുന്നു. പിന്നീട് `Innocence of Muslims"എന്ന് പുനര്‍നാമകരണം ചെയ്തു. അഭിനേതാക്കളടക്കം ഈ സിനിമയുടെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച എണ്‍പതു ശതമാനം പേര്‍ക്കും സിനിമയുടെ പ്രമേയത്തെക്കുറിച്ച് യാതൊരു മുന്നറിവുമുണ്ടായിരുന്നില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവിന്റെ ജീവിതമാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയമെന്നാണ് നിര്‍മാതാക്കള്‍ പ്രചരിപ്പിച്ചത്. `Desert Warrior" (മരുഭൂമിയിലെ യോദ്ധാവ്) എന്ന പേരിലാണ് സിനിമാ നിര്‍മാണം ആരംഭിച്ചത്. ചിത്രത്തിന്റെ നിര്‍മാണം, നിര്‍മാതാക്കള്‍, സംവിധായകന്‍, പണം നല്‍കിയവര്‍ എന്നീ കാര്യങ്ങളിലെല്ലാം തികഞ്ഞ നിഗൂഢതയും അനിശ്ചിതത്വവും ഇപ്പോഴും നിലനില്‍ക്കുന്നു. ഹോളിവുഡിലെ ഒരു തിയേറ്ററില്‍ ക്ഷണിക്കപ്പെട്ട പത്ത് വിശിഷ്ട വ്യക്തികള്‍ക്കു മുമ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഫിലിം പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചത്. കലാപരമായി ശരാശരിയിലും താഴെ നില്‍ക്കുന്ന ഈ ചിത്രം ശ്രദ്ധേയമായത് പ്രമേയത്തിലെ നീചത്വം കൊണ്ടാണ്. ക്രിമിനല്‍ പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഇയാള്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികത പച്ചയായി കാണിക്കുന്ന പോര്‍ണോ സിനിമകള്‍ സംവിധാനം ചെയ്തതു മാത്രമാണ് അധിക യോഗ്യത.

നക്കോല ബാസിലെയെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതാണ് ഈ സിനിമ. 14 മിനുറ്റ് ദൈര്‍ഘ്യം വരുന്ന `Innocence of Muslims" ന്റെ ട്രെയിലര്‍ ജൂലായ് മാസം യു-ട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. "മുഹമ്മദ് നബിയുടെ യഥാര്‍ഥ ജീവിതം" (The Real life of Muhammed) എന്ന പേരിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. സെപ്തംബര്‍ ആദ്യവാരം അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത ട്രെയിലര്‍ യു-ട്യൂബില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം പ്രവാചകനെ "വിഡ്ഢിയായും കപടമതപ്രചാരകനായും സ്ത്രീലമ്പടനുമായാണ്" ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. "സ്ത്രീലമ്പടനും സ്വവര്‍ഗഭോഗിയും ശിശുപീഡകനുമാ"യി ചിത്രം പ്രവാചകനെ അവതരിപ്പിക്കുന്നുവെന്ന് എന്‍ബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യഹൂദ മതഗ്രന്ഥമായ തോറയിലെ ഭാഗങ്ങളും ബൈബിളിലെ പുതിയ നിയമഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഖദീജ ഖുറാനുണ്ടാകുന്ന സീനുകള്‍ ചിത്രത്തിലുണ്ട്. നബി സ്ത്രീകളുമായി ബന്ധപ്പെടുന്ന രംഗങ്ങളും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ചുരുക്കത്തില്‍ അത്യന്തം നീചവും പ്രതിഷേധാര്‍ഹവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ട്രെയിലറിലൂടെ ലോകം കണ്ടത്.

ഇതേത്തുടര്‍ന്ന് ഇസ്ലാമിക ലോകത്ത് പ്രതിഷേധം ആളിപ്പടര്‍ന്നു. സെപ്തംബര്‍ 11ന് ലിബിയയിലെ ബന്‍ഗാസി നഗരത്തില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് കലാപകാരികള്‍ റോക്കറ്റാക്രമണത്തില്‍ തകര്‍ത്തു. ലിബിയയിലെ അമേരിക്കന്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മൂന്ന് എംബസി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപക അതിക്രമങ്ങളുണ്ടായി. കെയ്റോവിലെ അമേരിക്കന്‍ എംബസി ആക്രമിച്ച കലാപകാരികള്‍ അമേരിക്കന്‍ പതാക കത്തിച്ചു. അവിടെ ``There is no God but God and Mohammed is his Messenger""എന്ന് ആലേഖനം ചെയ്ത കറുത്ത പതാക ഉയര്‍ത്തി. പ്രവാചകനിന്ദയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ലോകത്ത് അമേരിക്കന്‍ വിരുദ്ധ വികാരത്തിന്റെ സുനാമിത്തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങള്‍ അധിവസിക്കുന്ന ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയാണ്. യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരുന്നു. കാബൂള്‍, ജക്കാര്‍ത്ത, മനില എന്നിവിടങ്ങളില്‍ പ്രകടനക്കാര്‍ അമേരിക്ക, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ പതാകകള്‍ കത്തിച്ചു. യൂറോപ്യന്‍മാരും അമേരിക്കന്‍ പൗരന്മാരും പലയിടങ്ങളും ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. ചുരുക്കത്തില്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രായേല്‍ എന്നിവരുടെ സ്ഥാനപതികാര്യാലയങ്ങളും പൗരന്മാരും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഈജിപ്തില്‍ മുസ്ലിം-ക്രിസ്ത്യന്‍ സംഘര്‍ഷം വ്യാപിക്കുകയാണ്. ചന്ദ്രക്കലയും കുരിശും വരച്ച കൊടികളേന്തി ബൈബിളും ഖുറാനും നെഞ്ചോടുചേര്‍ത്ത് ഈജിപ്ഷ്യന്‍ ജനത നടത്തിയ "ലോട്ടസ് വിപ്ലവ"ത്തിന്റെ ചൂടാറുംമുമ്പ് ഇരുവിഭാഗത്തേയും തമ്മിലടിപ്പിക്കാന്‍ ഇന്നസെന്റ് അല്ലാത്ത `Innocence "നു കഴിഞ്ഞു. മുഹമ്മദ് നബിയെ നിന്ദിക്കുന്ന ട്രെയിലര്‍ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ നിരോധിച്ചുകഴിഞ്ഞു.

അമേരിക്കയിലെ ജൂതര്‍ സിനിമയെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നിട്ടുണ്ട്. റബ്ബി അബ്രാഹം കൂപ്പര്‍ `Innocence "നെ നിശിതിമായി വിമര്‍ശിച്ചു. കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ചര്‍ച്ച്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവ "മുഹമ്മദ് നബിയെ അവഹേളിക്കുന്നതും മുസ്ലിം സഹോദരങ്ങളെ വേദനിപ്പിക്കുന്നതുമായ" ഈ സിനിമ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രവാചകനിന്ദയെ അപലപിച്ചു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മതസംഘര്‍ഷവും പടിഞ്ഞാറന്‍ വിരുദ്ധ കലാപങ്ങളും വ്യാപിക്കുകയാണ്.

"മുസ്ലിങ്ങളുടെ നിരപരാധിത്വം" പുറത്തുവന്ന സാഹചര്യം സവിശേഷ വിശകലനം ആവശ്യപ്പെടുന്നുണ്ട്. അമേരിക്കന്‍ സമൂഹത്തില്‍ ഇസ്ലാമിന്റെ സ്വാധീനം 1980കള്‍ മുതല്‍ പടിപടിയായി വര്‍ധിച്ചു വരികയാണ്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മത-സഹകരണസമിതി എന്ന എന്‍ജിഒ യുടെ പഠനറിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ അതിദ്രുതം വളരുന്ന മതം ഇസ്ലാമാണ്. പീ റിസര്‍ച്ച് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീ ഫോറം ഓഫ് റിലിജിയന്‍ ആന്‍ഡ് പബ്ലിക് ലൈഫിന്റെ കണക്കുപ്രകാരം അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ അമേരിക്കയിലെ മുസ്ലിം ജനസംഖ്യ ഇപ്പോഴുള്ളതിന്റെ രണ്ടരയിരട്ടിയാകും. 2010-ല്‍ മുസ്ലിം ജനസംഖ്യ 2.6 ദശലക്ഷമായിരുന്നു. അത് 2030 ല്‍ 6.2 ദശലക്ഷമായി ഉയരും. കറുത്ത വര്‍ഗക്കാര്‍, ഏഷ്യന്‍ വംശജര്‍, ആഫ്രോ-അമേരിക്കക്കാര്‍ എന്നിവരുടെയിടയില്‍ ഇസ്ലാമിന്റെ സ്വാധീനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മതപരിവര്‍ത്തനവും വ്യാപകമാണ്. വെള്ളക്കാരായ ബുദ്ധിജീവികള്‍, വിദ്യാര്‍ഥികള്‍, ടെക്നോക്രാറ്റുകള്‍, ആഗോളവല്‍ക്കരണ വിരുദ്ധര്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഇസ്ലാമിന്റെ സ്വാധീനം സെപ്തംബര്‍ 11/2002 നു ശേഷവും അനുക്രമമായി വര്‍ധിച്ചുവരുന്നത് അമേരിക്കയിലെ യാഥാസ്ഥിതിക വലതുപക്ഷത്തേയും ജൂതലോബിയേും അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ട്. അന്തംവിട്ട ആഗോളവല്‍ക്കരണവും ഹൃദയശൂന്യമായ ഭൗതികതയും മനംമടുപ്പിക്കുന്ന വ്യക്തിവാദവും കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച അടിതകര്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ആടിയുലയുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ പ്രത്യേകിച്ച് ചെറുപ്പക്കാര്‍ തങ്ങളുടെ "കൂട്ടായ്മാ അവബോധ"ത്തിന് ഉത്തരം കണ്ടെത്തുന്നത് ഇസ്ലാമിലാണ്. 2010-ല്‍ ഖുറാന്‍ കത്തിക്കാന്‍ ശ്രമിച്ച് വിവാദപുരുഷനായ അമേരിക്കന്‍ പാസ്റ്റര്‍ ടെറി ജോണ്‍സ് "ഇസ്ലാമിനെ ആഭ്യന്തരശത്രു" വായി പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. അമേരിക്കയില്‍ ശക്തിപ്പെടുന്ന നവയാഥാസ്ഥിതികസംഘങ്ങള്‍ അവിടെ പ്രചാരം നേടുന്ന വിദേശമതങ്ങള്‍ (ഇസ്ലാം, ഹിന്ദു, ബുദ്ധമതം) ക്കെതിരെ സംഘടിത പ്രചാരണങ്ങളും ആക്രമണങ്ങളും സംഘടിപ്പിച്ച് വരികയാണ്.

നവനാസികള്‍, കുക്ലസ് ക്ലാന്‍, ജൂത ഫണ്ടമെന്റലിസ്റ്റുകള്‍, ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍, പ്രൊട്ടസ്റ്റന്‍ ക്രിയേഷണലിസ്റ്റുകള്‍ തുടങ്ങിയ വിവിധ സംഘങ്ങള്‍ ആഫ്രോ-ഏഷ്യന്‍ വംശജര്‍ക്കും ജൂത-ക്രൈസ്തവേതര മതസ്ഥര്‍ക്കുമെതിരെ പ്രവര്‍ത്തിച്ചുവരുന്നു. കുറി തൊട്ടു നടക്കുന്ന ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന "ഡോട്ട് ബസ്റ്റേഴ്സ്" എന്ന നവനാസിസംഘം 1997നും 2007നുമിടയില്‍ കാലിഫോര്‍ണിയയില്‍ 150 ലധികം സംഘടിത ആക്രമണങ്ങള്‍ നടത്തുകയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ടി നവയാഥാസ്ഥിതിക സംഘങ്ങളോട് മൃദുസമീപനമാണ് പുലര്‍ത്തുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് (ജൂനിയര്‍) ഒരു ക്രിസ്ത്യന്‍ സയണിസ്റ്റായിരുന്നു എന്ന കാര്യം ഓര്‍ക്കുമല്ലോ. ബറാക് ഒബാമ പ്രസിഡന്റായതോടെ മുസ്ലിം രാജ്യങ്ങളോടുള്ള സമീപനത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

സെപ്തംബര്‍ 11/2002നുശേഷം പാശ്ചാത്യലോകത്ത് ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത് പ്രചരിപ്പിച്ച "ഇസ്ലാമോഫോബിയ" നിയന്ത്രണവിധേയമാക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇറാഖില്‍ നിന്നുള്ള പിന്‍മാറ്റം, അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചത്, ഇറാന്‍ ആക്രമണത്തിനുള്ള യുദ്ധക്കെതിയന്‍മാരുടെയും ജൂതലോബിയുടെയും ഇടപെടലുകള്‍ക്ക് തടയിട്ടത്- എന്നിവ ഗുണകരമായ സൂചനകളാണ്. ഇതോടൊപ്പം പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞതും ഇസ്രായേല്‍ സന്ദര്‍ശിക്കാതിരുന്നതും കൂട്ടിവായിക്കേണ്ടതാണ്. അമേരിക്കയുടെ സാമ്രാജ്യത്വ വിദേശനയത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും വരുത്താന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും "ഇസ്ലാമിക ലോകത്തിനെതിരെ പടിഞ്ഞാറന്‍ അച്ചുതണ്ട്" എന്ന ബുഷ് (ജൂനിയര്‍) ന്റെ തീവ്രനിലപാടിന്റെ സ്ഥാനത്ത് പരസ്പര ബഹുമാനത്തിലധിഷ്ഠിതവും ജനാധിപത്യപരവുമായ നയം സ്വീകരിക്കാന്‍ ഒബാമയ്ക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. 2012 മെയ് മാസത്തില്‍ ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിച്ചുതകര്‍ക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒബാമയുടെ അനുമതി ലഭിക്കാത്തതാണ് "ഇറാന്‍ ആക്രമണം" നീട്ടിവയ്ക്കാനുള്ള കാരണം. അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യാഥാസ്ഥിതിക സംഘങ്ങളും ജൂതലോബിയും യുദ്ധക്കൊതിയന്മാരും ഒബാമയ്ക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ലിബിയയില്‍ അമേരിക്കന്‍ അംബാസഡര്‍ കൊല്ലപ്പെട്ടത് അമേരിക്കക്കെതിരായ യുദ്ധപ്രഖ്യാപനമായി കാണണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിറ്റ് റോംനി അഭിപ്രായപ്പെട്ടു. ""ക്രൂരവും അധാര്‍മികവുമായ പ്രവൃത്തി"" എന്നാണ് ഒബാമയുടെ ആദ്യപ്രതികരണം. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ വിദേശമണ്ണില്‍ കൊല്ലപ്പെടുന്ന ആദ്യ അംബാസഡറാണ് ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ്. അമേരിക്കയുടെ അഭിമാനത്തിനേറ്റ കനത്ത പ്രഹരമാണിത്. ഇതിനോടുള്ള ഒബാമയുടെ പ്രതികരണം അമേരിക്കയുടെ കരുത്തിനും ദേശീയബോധത്തിനും ചേര്‍ന്ന വിധമായില്ല എന്ന വിമര്‍ശനം തീവ്ര വലതുപക്ഷക്കാര്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ നയതന്ത്ര ഓഫീസുകള്‍ക്കും പൗരന്മാര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളോട് ഒബാമ മൃദുസമീപനം പുലര്‍ത്തുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ടി പ്രസ്താവനയില്‍ പറഞ്ഞു. പ്രവാചകനിന്ദയില്‍ മനംനൊന്ത മുസ്ലിങ്ങളുടെ ചില അതിരുവിട്ട പ്രതികരണങ്ങളെ മറയാക്കി ദേശീയ വികാരമുണര്‍ത്തി പൊതുജനാഭിപ്രായം തങ്ങള്‍ക്കനുകൂലമാക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി ലക്ഷ്യം വയ്ക്കുന്നു. ഇസ്ലാമിക ലോകവുമായി അര്‍ഥവത്തായ സഹകരണത്തിന്റെ സാധ്യതകള്‍ തേടുന്ന ഒബാമയുടെ "മഞ്ഞുരുക്കല്‍ നയം" അട്ടിമറിക്കുക, ഇറാനെ ആക്രമിക്കുക, അമേരിക്കന്‍ സമൂഹത്തില്‍ ശക്തിപ്പെടുന്ന ഇസ്ലാമിന്റെ സ്വാധീനം ഇല്ലായ്മ ചെയ്യുക, പലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേലിന് ഉപാധിരഹിത പിന്തുണ നല്‍കുക, റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുക തുടങ്ങിയ വിപുലമായ അജന്‍ഡകള്‍ ഒറ്റയടിക്ക് നടപ്പിലാക്കാനുള്ള ബൃഹദ് പദ്ധതിയുടെ തുടക്കമാണ് "മുസ്ലിങ്ങളുടെ നിരപരാധിത്വം" എന്ന ഫീച്ചര്‍ ഫിലിം. ഇതോടൊപ്പം "അറബ് വസന്തത്തില്‍" ടൂണിഷ്യയിലും ഈജിപ്തിലും ലിബിയയിലും വിരിഞ്ഞ സാമ്രാജ്യത്വ വിരുദ്ധ സാമ്പത്തിക - രാഷ്ട്രീയനയങ്ങള്‍ സ്വീകരിക്കുന്ന ഗവണ്‍മെന്റുകളെ അസ്ഥിരപ്പെടുത്താനും അവിടങ്ങളില്‍ സൈനികമായി ഇടപെടാനും കഴിയുന്ന സാഹചര്യനിര്‍മിതിയും ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു.

അമേരിക്കന്‍ ലക്ഷ്യങ്ങള്‍ക്ക് പുറമേ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങളും പൗരന്മാരും ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സെപ്തംബര്‍ 11/2002 നുശേഷം യൂറോ-അമേരിക്കന്‍ രാജ്യങ്ങളിലുണ്ടായതിനു സമാനമായ "മുസ്ലിംവിരുദ്ധ വികാരം" പടിഞ്ഞാറന്‍ ലോകത്ത് ഉയര്‍ന്നുകഴിഞ്ഞു. പെട്ടന്ന് പൊട്ടിവീണ ഈ സിനിമയുടെ ലക്ഷ്യവും ഇതുതന്നെ. ഇറാന്‍ ആക്രമണത്തിന് യൂറോപ്യന്‍ യൂണിയന്‍ അനുകൂലമല്ല. ഒബാമയും ജൂതലോബിക്ക് വഴങ്ങിയിട്ടില്ല.

എന്നാല്‍ പുതിയ ലോകസാഹചര്യം കാര്യങ്ങള്‍ എളുപ്പമാക്കും. ഒബാമയും ഇറാനും അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമിന്റെ സ്വാധീനവും അറബ് വസന്തത്തില്‍ പിറന്ന ജനാധിപത്യ ഗവണ്‍മെന്റുകളെയും ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ തയ്യാറാക്കിയ ഈ ഗൂഢപദ്ധതിയുടെ യഥാര്‍ഥലക്ഷ്യം തിരിച്ചറിയാന്‍ പ്രവാചകനെ അതിരറ്റ് സ്നേഹിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കഴിയണം. അമേരിക്ക നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ ലോകവും ഇസ്ലാമിക ലോകവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ വാര്‍ന്നൊഴുകുന്ന രക്തത്തില്‍ കണ്ണുംനട്ട് പശ്ചിമേഷ്യയിലെ "കുറുക്കന്‍" നിലയുറപ്പിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പ്രതിഷേധിക്കാനുള്ള ന്യായമായ അവകാശത്തെ ജനാധിപത്യപരമായി നിവര്‍ത്തിക്കുവാനും ഭീകരവാദികള്‍ വേദി കൈയടക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനും ജാഗ്രതയോടു കൂടിയ സംഘടിത പരിശ്രമങ്ങള്‍ ജനാധിപത്യ-മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാജ്യങ്ങളും സംഘടനകളും വ്യക്തികളും നടത്തേണ്ടത് അടിയന്തരവും അനിവാര്യവുമാണ്.

*
ഡോ. വിന്‍സെന്റ് പി ജെ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

കെ ദാമോദരന്റെ ഭാര്യ സ: പത്മം നിര്യാതയായി

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരന്റെ ഭാര്യ പത്മം (87) നിര്യാതയായി. മകള്‍ ഉഷയുടെ, മരുതറോഡിലെ ബിആര്‍ജി അപ്പാര്‍ട്മെന്റില്‍ വ്യാഴാഴ്ച രാവിലെ 10.40നായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. എഴുത്തുകാരി, വിവര്‍ത്തക എന്നീ നിലകളില്‍ ഇവര്‍ ശ്രദ്ധേയയായിരുന്നു. കെ ദാമോദരന്‍ എഡിറ്ററായിരുന്ന "നവജീവനി"ല്‍ പ്രൂഫ്റീഡറായിരിക്കെ, ന്യൂ ഏജ് പോലുള്ള പത്രങ്ങള്‍ തര്‍ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇടക്കാലത്ത് "ദേശാഭിമാനി"യില്‍ ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഗുരുവായൂര്‍ നങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ പരേതരായ കുട്ടികൃഷ്ണമേനോന്റെയും കുഞ്ഞിലക്ഷ്മിയമ്മയുടെയും മകളായി 1926 ചിങ്ങത്തിലാണ് ജനിച്ചത്. ഇന്റര്‍മീഡിയറ്റില്‍ ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കണ്ണൂരില്‍ റെവന്യുവകുപ്പില്‍ ജോലി ചെയ്തു. 1946ലാണ് കെ ദാമോദരനുമായുള്ള വിവാഹം. 1965ല്‍ ദാമോദരന്‍ രാജ്യസഭാംഗമായപ്പോള്‍ ഡല്‍ഹിയിലേക്ക് താമസം മാറ്റി. 1976ല്‍ അദ്ദേഹത്തിന്റെ മരണശേഷം കേരളത്തിലേക്ക് മടങ്ങി. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും പൊതുപ്രവര്‍ത്തനവും എഴുത്തും തുടര്‍ന്നു. ഗുരുവായൂര്‍ നഗരസഭയുടെ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.


മക്കള്‍: മോഹന്‍, മധു(ഇരുവരും ഐഐഎസ്ആര്‍എ പുണെ), കെ പി ശശി(ചലച്ചിത്ര സംവിധായകന്‍, ബംഗളൂരു), രഘു. മരുമക്കള്‍: താര, കൃഷ്ണദാസ്, ഗീത. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പത്മത്തെ സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രീയ-സാമൂഹ്യരംഗത്തെ നിരവധിപേര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ഉണ്ണി, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. ദേശാഭിമാനി ജനറല്‍മാനേജര്‍ ഇ പി ജയരാജനുവേണ്ടി പാലക്കാട് ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടി പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഐ നേതാക്കളായ വി ചാമുണ്ണി, ജോസ് ബേബി, വിജയന്‍ കുനിശേരി എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

 പത്മം: ചിന്തകയായും എഴുത്തുകാരിയായും നിറഞ്ഞ വ്യക്തിത്വം

ഭര്‍ത്താവിന്റെ വിശേഷണപദങ്ങളില്‍ നിഴലായി ഒതുങ്ങാതെ സ്വന്തമായ സവിശേഷതകളാല്‍ മുഖ്യധാരയില്‍ നിറഞ്ഞുനിന്ന പോരാളിയായിരുന്നു കെ ദാമോദരന്റെ പത്നി പത്മം. "പാട്ടബാക്കി" എന്ന നാടകത്തിലൂടെ ഒരു കാലഘട്ടത്തെയാകെ കൈപിടിച്ചുയര്‍ത്താന്‍ കെ ദാമോദരന്‍ യത്നിച്ചപ്പോള്‍ എല്ലാ പിന്തുണയുമേകി പത്മവുമുണ്ടായിരുന്നു. കെ ദാമോദരനെ പത്രപ്രവര്‍ത്തനത്തില്‍ സഹായിക്കുക മാത്രമാണ് ആദ്യകാലത്ത് ചെയ്തിരുന്നതെങ്കിലും പിന്നീട് പത്മവും പൊതുരംഗത്തും എഴുത്തിലും സജീവമായി.വാര്‍ത്തകള്‍ തര്‍ജമ ചെയ്യാനുള്ള അവരുടെ പാടവം എടുത്തുപറയേണ്ടതാണ്. ന്യൂ ഏജിലും മറ്റും വരുന്ന വാര്‍ത്തകള്‍ അവര്‍ "നവജീവനി"ലേക്ക് തര്‍ജമ ചെയ്തു. മാക്സിംഗോര്‍ക്കിയുടെ "ചേല്‍ക്കാശ്", കെ ദാമോദരന്റെ ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുകയും ഇംഗ്ലീഷില്‍ ലേഖനങ്ങളെഴുതുകയും ചെയ്തു. സ്ത്രീ സ്വത്വത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും പ്രതീകമായിരുന്നു പത്മത്തിന്റെ ലേഖനങ്ങള്‍. ഇടക്കാലത്ത് ദേശാഭിമാനിയില്‍ ലൈബ്രേറിയനായും ജോലി ചെയ്തു. ഗാന്ധിജിക്ക് സ്വന്തം ആഭരണങ്ങള്‍ ഊരിനല്‍കിയ കൗമുദിടീച്ചറോടൊത്തുള്ള സഹവാസം മാനുഷികതയുടെ പുതിയ പാഠങ്ങള്‍ പത്മത്തെ പഠിപ്പിച്ചു. 1956ലെ പാലക്കാട് പാര്‍ടികോണ്‍ഗ്രസില്‍ പി സി ജോഷി, സി രാജേശ്വരറാവു എന്നിവരോടൊപ്പം ദേശീയ മുന്നണി എന്ന സങ്കല്‍പ്പം കെ ദാമോദരന്‍ മുന്നോട്ടുവച്ചത് ഏറെ കോളിളക്കമുണ്ടാക്കി. 1957ല്‍ വിമോചനസമരത്തിന്റെ ധാര്‍ഷ്ട്യങ്ങളെ കെ ദാമോദരന്‍ ധീരമായി നേരിട്ടപ്പോള്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കിയത് പത്മമാണ്. കെ ദാമോദരന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കുറച്ചുകാലം ഡല്‍ഹിയിലായി. അദ്ദേഹത്തിന്റെ മരണശേഷം 1976ല്‍ കേരളത്തിലേക്ക് മടങ്ങി. പൊതുരംഗത്ത് സജീവമായി. ഗുരുവായൂര്‍ പ്രഥമ നഗരസഭാ കൗണ്‍സിലില്‍ അംഗമായി. തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. പുസ്തകങ്ങളും ജനങ്ങളുമായിരുന്നു ദാമോദരന്‍-പത്മം ദമ്പതികളുടെ ജീവിതസമ്പാദ്യം. ദാമോദരന്റെ മരണശേഷം പുസ്തകങ്ങളില്‍ ഭൂരിഭാഗവും ഡല്‍ഹി ജെഎന്‍യുവിലേക്ക് നല്‍കി. കുറച്ച് പുസ്തകങ്ങള്‍ ഗുരുവായൂര്‍ നഗരസഭാലൈബ്രറിക്കും ശേഷിച്ചവ അടുത്ത സുഹൃത്തുകള്‍ക്കും.

ജനങ്ങള്‍ക്ക് നല്‍കിയ ജീവിതം

"ലോകത്തിലാകെ 220 കോടി ആളുകള്‍ ജീവിക്കുന്നുണ്ട്. ഇതില്‍ ചുരുങ്ങിയത് 150 കോടിയോളം പേര്‍ക്ക് വയറു നിറയാത്ത ദിവസങ്ങള്‍ നിരവധിയാണ്. ഏഷ്യയിലും തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും സ്ഥിരം പട്ടിണിയുള്ള പ്രദേശങ്ങള്‍ ഉണ്ട്. "ഇന്ത്യക്കാര"നെന്ന വാക്കിന് "വിശന്ന" എന്ന വിശേഷണ പദം ഒരു സാധാരണ പ്രയോഗമായി തീര്‍ന്നിരിക്കുന്നു. ബംഗാളില്‍ കൊല്ലക്കണക്കില്‍ നീണ്ടുനിന്ന ക്ഷാമം കാരണം ആകെ ജനസംഖ്യയില്‍ മൂന്നിലൊന്നു ചത്തൊടുങ്ങി. ഹെയ്റ്റിയിലെ വിഭവസമൃദ്ധമായ ഹോട്ടലുകള്‍ അറ്റംകാണാത്ത ദാരിദ്ര്യ മഹാസമുദ്രത്തിലെ സുഭിക്ഷ ദ്വീപുകളാണെന്ന് ഒരമേരിക്കന്‍ എഴുതുന്നു. ഈ അമേരിക്കക്കാരന്‍ വിശന്നു പൊരിഞ്ഞവരെ കാണാന്‍വേണ്ടി ഇത്രയും വിദൂരമായ ഹെയ്റ്റിയിലേക്കൊന്നും പോകേണ്ടിയിരുന്നില്ല. അദ്ദേഹത്തിനത് സ്വന്തംനാട്ടില്‍തന്നെ കാണാമായിരുന്നു. സ്വന്തം കുടുംബാവശ്യത്തിന് മതിയായ ഭക്ഷണം വാങ്ങാന്‍ കഴിയാത്ത അമേരിക്കക്കാര്‍ ഒരു കോടിയിലധികം വരുമെന്ന് വേര്‍മണ്ടിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോര്‍ജ് എയ്ക്കണ്‍ പറയുകയുണ്ടായി. ഇക്കാലങ്ങളില്‍ "ലോകത്തിലെ വിശപ്പ്" പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും ഒരു പ്രധാന വിഷയമായി തീര്‍ന്നിട്ടുണ്ട്...." കെ പി പത്മം വിവര്‍ത്തനം ചെയ്ത എം ഇലിന്റെ മണ്ണും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ലോകത്തിലെ പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രസംഗങ്ങളും ലേഖനങ്ങളും പുസ്തകങ്ങളുമല്ല മറിച്ച് ആത്മാര്‍ഥമായി പാവപ്പെട്ടവരുടെയും അധഃകൃതരുടെയും ഇടയില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഉറച്ച് വിശ്വസിച്ച് അതിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു കെ പി പത്മം എന്ന പത്മം ദാമോദരന്റെ ജീവിതം. കമ്യൂണിസ്റ്റുകാര്‍ക്ക് ക്ലേശങ്ങള്‍ മാത്രം സമ്പത്തായിരുന്ന കാലഘട്ടത്തില്‍ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ ദാമോദരന്റെ പത്നിയായി ജീവിതം തുടങ്ങിയ പത്മേടത്തി എന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ വിളിച്ചിരുന്ന കെ ദാമോദരന്റെ ഭാര്യ പത്മം ദാമോദരന്‍ നടന്നുതീര്‍ത്ത വഴികള്‍ ഏറെയാണ്. 1926 ആഗസ്റ്റിലാണ് പത്മം ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ ചിങ്ങത്തിലെ അത്തം നാളില്‍ . ഇന്റര്‍മീഡിയറ്റ് പാസായി കണ്ണൂരില്‍ റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. പ്രശസ്ത ഗാന്ധിയന്‍ കൗമുദി ടീച്ചറോടൊപ്പമാണ് പത്മേടത്തി കണ്ണൂരില്‍ താമസിച്ചിരുന്നത്. കൗമുദി ടീച്ചറുടെ സ്വാധീനം അനീതികള്‍ക്കെതിരെ പൊരുതേണ്ടത് ഉത്തരവാദിത്തമുള്ള പൗരന്റെ കടമയാണെന്ന ബോധം ഇവരിലുണ്ടാക്കി. അനീതികള്‍ക്കെതിരെ ഏതു സാഹചര്യത്തിലും പ്രതികരിക്കുന്ന സ്വഭാവം ഒരു വര്‍ഷത്തിനുള്ളില്‍ അവരുടെ ജോലി തന്നെ പോകാനും കാരണമായി. ഒരു ദിവസം മേലധികാരി ഓഫീസിലെ പ്യൂണിന്റെ മുഖത്തേക്ക് ഫയല്‍ വലിച്ചെറിയുന്നതുകണ്ട പത്മത്തിന് പ്രതികരിക്കാതിരിക്കാനായില്ല. ഇതിനെതിരെ മേലധികാരിയോട് തന്റെ പ്രതിഷേധം അറിയിക്കുക മാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അവര്‍ പറയുകയും ചെയ്തു. ഇനി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ അനീതിക്കെതിരെ പ്രതികരിച്ചതിന് വിലനല്‍കേണ്ടി വന്നത് പത്മത്തിന് തന്റെ ജോലിതന്നെയായിരുന്നു.

1946ല്‍ കെ ദാമോദരനുമായുള്ള വിവാഹത്തിനു ശേഷമാണ് പത്മം സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്. ഭര്‍ത്താവിനെ പത്രപ്രവര്‍ത്തനത്തിലും പത്മം സഹായിച്ചിരുന്നു. നവജീവനില്‍ പ്രൂഫ്റീഡറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ന്യൂഏജ് പോലെയുള്ള പത്രങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ തര്‍ജമചെയ്ത് നവജീവനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം ഇംഗ്ലീഷില്‍നിന്ന് എം ഇലീന്റെ "മണ്ണും മനുഷ്യനും" മാക്സിം ഗോര്‍ക്കിയുടെ "ചേല്‍ക്കാശ്" എന്നീ പ്രമുഖ പുസ്തകങ്ങള്‍ പത്മം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ചൈനീസ് വിപ്ലവം അവസാനിച്ച ഉടന്‍തന്നെ "ചൈനീസ് വിപ്ലവം" എന്ന ഒരു പുസ്തകവും പത്മം എഴുതി. സ്വന്തം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും എഴുത്തിന്റെ തിരക്കിനിടയിലും ദാമോദരന്‍ എഴുതിയിരുന്ന ലേഖനങ്ങളും പുസ്തകങ്ങളും പകര്‍ത്തി എഴുതുകയും ടൈപ്പ് ചെയ്യുകയും എല്ലാം ചെയ്തിരുന്നത് പത്മേടത്തിയായിരുന്നു. ഇതിനെല്ലാം പുറമേ കെ ദാമോദരന്‍ എഴുതിയ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും പത്മേടത്തി ചെയ്തിരുന്നു. അതിനിടെ കുറച്ചുകാലം ദേശാഭിമാനിയില്‍ ലൈബ്രറേറിയനായും സേവനമനുഷ്ഠിക്കുകയുണ്ടായി.

1965ല്‍ കെ ദാമോദരന്‍ രാജ്യസഭാംഗമായപ്പോള്‍ പത്മവും ദില്ലിയിലേക്ക് താമസം മാറ്റി. 1976ല്‍ ദാമോദരന്റെ മരണശേഷമാണ് പത്മം കേരളത്തില്‍ തിരിച്ചെത്തിയത്. ദില്ലിയില്‍ താമസിച്ചിരുന്ന കാലത്തും പത്മേടത്തി വെറുതെ സമയം കളയുകയായിരുന്നില്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം രേഖപ്പെടുത്തുക എന്ന ക്ലേശകരമായ ദൗത്യത്തില്‍ ദാമോദരനെ സഹായിക്കുകയായിരുന്നു. 1991ല്‍ ആദ്യമായി തൃശൂര്‍ ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ പത്മം അതില്‍ അംഗമായിരുന്നു. ഗുരുവായുര്‍ ഡിവിഷനില്‍ നിന്നാണ് ജയിച്ചത്. പ്രഥമ ഗുരുവായൂര്‍ നഗരസഭയിലും ഇവര്‍ കൗണ്‍സിലറായിരുന്നു. 1949ല്‍ ദാമോദരന്‍ ജയിലിലായിരുന്നപ്പോള്‍ കാണാന്‍ അനിയത്തി കമലത്തോടും കെ പി മാധവമേനോനും ഒപ്പം പോയ അവസരത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച വിവരം ഇവര്‍ അറിയുന്നത്. അതിനെക്കുറിച്ച് പത്മേടത്തിയുടെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ "റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് സഖാവ് മരിച്ച വിവരം മാധവമേനോന്‍ അറിയിച്ചത്. ഞാന്‍ സ്തംഭിച്ചുപോയി. വളരെ അടുത്ത ഒരാള്‍ നമ്മളെ വിട്ടുപോയ പോലെയാണ് തോന്നിയത്. അനിയത്തി കമലം ചോദിച്ചു - "ആരാണ് സഖാവ്?" "സഖാവെന്നാല്‍ ഒരാള്‍ മാത്രം, കൃഷ്ണപിള്ള". അദ്ദേഹം മരിക്കുമ്പോള്‍ ദാമോദരേട്ടന്‍ കണ്ണൂര്‍ ജയിലിലായിരുന്നു. ആ മരണം എല്ലാ പാര്‍ടി പ്രവര്‍ത്തകര്‍ക്കും താങ്ങാന്‍ കഴിയാത്തതായിരുന്നു. അത് ഒരു വീടിന്റെ കാര്യമല്ല. ഒരു കുടുംബത്തിന്റെ കാര്യവുമായിരുന്നില്ല. മറിച്ച് വലിയ ഒരു കുടുംബസമുച്ചയത്തില്‍ സംഭവിച്ച മഹാദുരന്തമായിരുന്നു." "കമ്യൂണിസ്റ്റ് പാര്‍ടി ഓഫീസുകള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് തറവാടുപോലെയായിരുന്നു. അവിടെയെത്തിയാല്‍ അവര്‍ സുരക്ഷിതത്വം അനുഭവിച്ചിരുന്നു. എനിക്കും അവിടെ എത്തിയാല്‍ എന്റെ സ്വന്തം വീട്ടിലെത്തിയപോലെ സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയാണ് എന്നെ ആദര്‍ശം പഠിപ്പിച്ചത്. മനുഷ്യരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ് എനിക്ക് നേടിതന്നതും ഈ പാര്‍ടിയാണ്." ഈ നല്ല ഓര്‍മകളാണ് പത്മേടത്തിയെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വലിയ അവശത അനുഭവിക്കുമ്പോഴും വല്ലപ്പോഴും തന്റെ ഓര്‍മകളിലേക്കുവരുമ്പോള്‍ പൊതുപ്രവര്‍ത്തനവുമായി നടന്ന ആ നല്ല നാളുകള്‍ മാത്രമാണ് അവരുടെ മനസ്സു നിറയെ ഇപ്പോഴും.

*****

എ കൃഷ്ണകുമാരി

മൃത്യുവിന്റെ ഗുഹയില്‍ വിരിഞ്ഞ പുഷ്പങ്ങള്‍

1975 ഒക്ടോബര്‍ 27ന് വയലാര്‍ അന്തരിച്ചു; 47ാമത്തെ വയസ്സില്‍. വയസ്സിന്റെ കണക്കില്‍ നോക്കിയാല്‍ വളരെ നേരത്തെ. പക്ഷേ ഈ ചെറുപ്രായത്തില്‍തന്നെ ഒരായുസ്സില്‍ ചെയ്യാന്‍ കഴിയുന്നത്രയും അദ്ദേഹം നമുക്കായി തന്നു. കവിതകളും ഗാനങ്ങളും ഒക്കെയായി. ചിന്തകളുടെ ലോകം കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചത്. സിനിമാ, നാടകഗാനലോകത്ത് അദ്ദേഹമുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍. പാട്ടിനെ കവിതയോടും സംഗീതത്തോടും അടുപ്പിച്ചുനിര്‍ത്തിയ അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ മലയാളി മറക്കും? കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ദുബായില്‍ നിസാര്‍ സെയ്ദ് എന്ന മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതായത് മലയാള സിനിമയുടെ 75ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായി. 75 വര്‍ഷത്തെ മലയാള സിനിമയില്‍നിന്ന് എസ്എംഎസിലൂടെ തെരഞ്ഞെടുക്കുന്ന കലാകാരന്മാര്‍ക്ക് അവാര്‍ഡു നല്‍കല്‍. അതായിരുന്നു പരിപാടി. ഏറ്റവും നല്ല ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടത് വയലാറായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഏത് തലമുറയില്‍പ്പെട്ട മലയാളിക്കും സുപരിചിതനാണ് വയലാര്‍. കവിയായ വയലാറിനെ അറിഞ്ഞുകൂടാത്തവര്‍ക്കുപോലും ഗാനരചയിതാവായ വയലാറിനെ അറിയാതിരിക്കില്ല. കുട്ടിക്കാലത്ത് ഞാന്‍ കേട്ട പാട്ടുകളില്‍ അധികവും വയലാറിന്റേതും പി ഭാസ്കരന്റേതുമായിരുന്നു. നാടകഗാനങ്ങളില്‍ ഭൂരിപക്ഷവും ഒ എന്‍ വിയുടേതും. പാടിയ പാട്ടുകളധികവും പി ഭാസ്കരന്റേത്. സ്ത്രീശബ്ദത്തില്‍ പാടുന്ന കുട്ടിക്കാലത്ത് എസ് ജാനകിയുടെ പാട്ടുകളാണ് അധികവും പാടിയിരുന്നത്.

താമരക്കുമ്പിളല്ലോ മമഹൃദയം തുടങ്ങിയ ഗാനങ്ങള്‍. അധികവും ഭാസ്കരന്‍ മാസ്റ്റരുടെ രചനയാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പാട്ടില്‍ എന്റെ പ്രധാന പ്രതിയോഗി അശോകന്‍ എന്ന സുഹൃത്തായിരുന്നു. ""കണ്ണുതുറക്കാത്ത ദൈവങ്ങളെ"" എന്ന വയലാര്‍, ബാബുരാജ്, സുശീല ഗാനമായിരുന്നു അവന്‍ അധികവും പാടിയിരുന്നത്. സിനിമാപ്പാട്ടുകള്‍ മത്സരങ്ങള്‍ക്കായി പാടുന്നതില്‍ അന്ന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല. സിനിമാപ്പാട്ടുകള്‍ പാടില്ല എന്ന നിയമം എന്തിനാണ് കൊണ്ടുവന്നതെന്ന് അറിയില്ല. സിനിമയ്ക്ക് പുറത്ത് പുതിയ പുതിയ ലളിതഗാനങ്ങള്‍ ഉണ്ടാവട്ടെ എന്ന് കരുതിയാവാം. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്. ഒരു വര്‍ഷം സമ്മാനം കിട്ടിയതിന്റെ പിന്‍പറ്റിപ്പോവുക മാത്രമാണ് മത്സരവേദി ചെയ്തത്. മത്സരത്തിനു വേണ്ടിയുള്ള പ്രത്യേക അച്ചുണ്ടാക്കി പാട്ടിനെ അതില്‍ വാര്‍ത്താണ് കുട്ടികളെ പഠിപ്പിക്കുന്നത്. സിനിമാപ്പാട്ടുകള്‍ പാടുന്ന കാലത്ത് ആ പ്രശ്നമില്ലായിരുന്നു. നമ്മുടെ യുവജനോത്സവത്തിന്റെ വ്യാകരണരചയിതാക്കള്‍ എന്തെങ്കിലും കാര്യങ്ങള്‍ ഇതില്‍ കണ്ടിരിക്കാം എന്നല്ലാതെന്ത് പറയാന്‍. വയലാറിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഒരു മലയാളിക്ക് ഉറങ്ങാനോ ഉണരാനോ പ്രവൃത്തിക്കാനോ കഴിയുമായിരുന്നില്ല.

സാഹിത്യഭംഗിയുള്ള പാട്ടുകള്‍. അന്നത്തെ മലയാളി സമൂഹം എത്ര ആദരവോടെയാണ്, എത്ര സ്നേഹത്തോടെയാണ് ഈ കവിയെ സ്വീകരിച്ചത്. അന്നാണെങ്കില്‍ കവിക്ക് എഴുത്തിനപ്പുറം ഒന്നും ഇല്ല. മാധ്യമ പിന്‍ബലത്തിലൊന്നും ആളാവാന്‍ കഴിയില്ലല്ലോ. വല്ലപ്പോഴും റേഡിയോവില്‍ വരുന്ന ഈ പാട്ടുകളെല്ലാം മലയാളി ഹൃദിസ്ഥമാക്കി. ഞങ്ങളെപ്പോലുള്ളവര്‍ പാടുമ്പോള്‍ വാക്കുകളും ഉച്ചാരണവും ഒക്കെ അവര്‍ ശ്രദ്ധിച്ചു. തെറ്റുമ്പോള്‍ അത് തെറ്റ് എന്നു വിളിച്ചുപറഞ്ഞു. ഇപ്പോള്‍ അതൊക്കെമാറി. പാട്ടെഴുത്തത് സാങ്കേതിക വിദ്യയായി മാറി. എന്നിട്ടും നല്ല പാട്ടുകള്‍ ഉണ്ടാവുന്നുണ്ട് എന്നത് മറ്റൊരു കാര്യം. ഒരുപാട് വിസ്തൃതിയുള്ള വയലാറിന്റെ ഗാനപ്രപഞ്ചത്തെ വിശദീകരിക്കുവാനോ അപഗ്രഥിക്കുവാനോ അതിനൊരാസ്വാദനം എഴുതുവാനോ അല്ല ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന കാലത്തെക്കുറിച്ചുള്ള ചില ഓര്‍മകള്‍ അയവിറക്കുകമാത്രം. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഞാന്‍ ആ കാലത്ത്. രാഷ്ട്രീയത്തില്‍ സജീവമല്ലെങ്കിലും സംഗീത കോളേജില്‍ രാഷ്ട്രീയമുള്ള അപൂര്‍വം വിദ്യാര്‍ഥികളില്‍ ഒരാള്‍. വയലാറിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ എന്നിലെ രാഷ്ട്രീയബോധവും ഉണരും. വെറും സിനിമാപ്പാട്ടെഴുത്തുകാരനല്ല എനിക്കദ്ദേഹം. അദ്ദേഹത്തിന്റെ പാട്ടുകളിലെ രാഷ്ട്രീയം, മതേതരത്വം എല്ലാം ഞങ്ങളുടെ ചര്‍ച്ചയ്ക്ക് വിഷയമാവും. ചിലപ്പോള്‍ അനവസരങ്ങളില്‍ പോലും തന്റെ ആശയങ്ങള്‍ പാട്ടിലൂടെ, കഥാപാത്രങ്ങളുടെ ചുണ്ടുകളിലൂടെ ജനമധ്യത്തില്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കലാകാരനെ വിലയിരുത്താന്‍ വെറും ഒരു മതിപ്പ് മാത്രം പോരാ എന്ന് അന്നേ തോന്നിയിരുന്നു. പലരും പ്രശസ്തിയുടെ അടിസ്ഥാനത്തിലുള്ള മതിപ്പുകള്‍ മാത്രമാണ് കൊണ്ടുനടന്നിരുന്നത്. എന്തുകൊണ്ട് എന്ന ചോദ്യം അന്നും സ്വയം ചോദിച്ചിരുന്നതിന്റെ പ്രധാന കാരണം ഉള്ളിലെ രാഷ്ട്രീയം തന്നെയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

വയലാറിനെ പൊതുവേദികളിലൊന്നിലും കാണാന്‍ ഈ ലേഖകന് അവസരമുണ്ടായിട്ടില്ല. അതിനിടയ്ക്ക് ഗുരുവായൂരമ്പലവമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വന്നത് ഓര്‍ക്കുന്നു. പൊതുവെ ഭക്തനല്ലാത്ത വയലാറാണ് മലയാളത്തിലെ നല്ല ഭക്തിഗാനങ്ങളെഴുതിയത്. ശബരിമല അയ്യപ്പനെക്കുറിച്ചും ഗുരുവായൂരപ്പനെക്കുറിച്ചുമൊക്കെ എഴുതിയ ഗാനങ്ങള്‍ ഇന്നും നമ്മുടെ പ്രാര്‍ഥനാഗീതങ്ങള്‍ തന്നെ. അതെന്നും നിലനില്‍ക്കുകയും ചെയ്യും. ""ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും"" എന്ന ഗാനം യേശുദാസിന്റെ ഒരു മുദ്രാവാക്യമായിട്ടാണ് മലയാളി കണ്ടത്. അദ്ദേഹത്തിന്റെ ഈ ജീവിതാഭിലാഷവുമായി ബന്ധപ്പെട്ട് നാം ഒരുപാട് ആവശ്യവും അനാവശ്യവുമായ ചര്‍ച്ചകള്‍ നടന്നിയിട്ടുണ്ട്. ഗുരുവായൂരില്‍ യേശുദാസിനെ കയറ്റാമോ എന്ന ചര്‍ച്ച ഇന്നും നടക്കുന്നു. പൊതുസമൂഹത്തില്‍ അത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ശബരിമലയിലും മൂകാംബികയിലും പോകുന്ന യേശുദാസിനെ നാം കണ്ടിട്ടുണ്ട്. പിന്നെ ഗുരുവായൂരും ആയാലെന്താ എന്ന ചോദ്യം പലരും ഉന്നയിക്കുന്നു. എല്ലാം ഒന്നാണെന്ന് പറയുന്ന ഈ കലാകാരന് പിന്നെ ഗുരുവായൂരില്‍ പോയില്ലെങ്കിലെന്താ എന്ന ചോദ്യവും ഉയരുന്നു. യേശുദാസിന് വേണ്ടി എഴുതിയ പാട്ടല്ലെങ്കില്‍പോലും യേശുദാസിന്റെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകളും വിവാദങ്ങളും സംവാദങ്ങളും ഒക്കെ നടന്നത്. "ഒതേനന്റെ മകന്‍" എന്ന സിനിമയിലെ കഥാപാത്രത്തിനു പാടാന്‍ ഉണ്ടാക്കിയ പാട്ടിന് മറ്റൊരു അര്‍ഥതലം കൈവന്നു. പാട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലവഴിക്കും പോയി. രചനാപരമായി അത്രയേറെ ഗുണം പറയാനുള്ള കോപ്പില്ലാഞ്ഞിട്ടുപോലും ആശയതലത്തില്‍ ഈ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

വയലാറിന് ദേശീയാംഗീകാരം ലഭിച്ച ""മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു"" എന്ന ഗാനവും ആശയതലത്തില്‍ ശ്രദ്ധ നേടി. രചനാപരമായി വലിയ സവിശേഷത തോന്നിയിട്ടില്ലെങ്കിലും ആശയതലത്തില്‍ അത് കൊടുങ്കാറ്റ്തന്നെ അഴിച്ചുവിട്ടു. വരികളുടെ സൗന്ദര്യാത്മകതയില്‍ ആ ഗാനത്തെക്കാള്‍ മികച്ച എത്രയോ വയലാറില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പക്ഷേ പാട്ടിന്റെ ഉദ്ദേശം സമകാലിക കേരളീയ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടു എന്ന് ഉറപ്പിച്ചുപറയാം. സ്വാതി തിരുനാളിനെക്കുറിച്ചും വയലാര്‍ ചില വിവാദങ്ങള്‍ കൊണ്ടുവന്നിരുന്നു. ആ വിവാദങ്ങള്‍ സംവാദങ്ങളായി നിലനില്‍ക്കുന്നു. അന്ന് അത് ഞെട്ടലോടെ കേട്ടവര്‍ ഇന്നതിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതി തിരുനാളിന്റെതായി ഇന്നറിയപ്പെടുന്ന കൃതികള്‍ രചിച്ചത് ""തഞ്ചൈനാല്‍വര്‍"" എന്ന പേരില്‍ പ്രസിദ്ധരായ പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദ, വടിവേലു സഹോദരന്മാരാണെന്ന വാദഗതി വന്നു. അതല്ല ഷഡ്ക്കാല ഗോവിന്ദമാരാണ് എന്നും ചിലര്‍ പറഞ്ഞു.

മദ്രാസില്‍ ചേര്‍ന്ന ഒരു സമ്മേളനത്തില്‍ വയലാറാണ് ഇക്കാര്യം ആദ്യം പ്രസംഗിച്ചതെന്നും അന്ന് ആ പ്രസംഗം കേട്ടിരുന്ന ശിവാനന്ദനും പൂര്‍വികരുടെ മഹത്വം ഉയര്‍ത്താനായി അതൊരു വിവാദമാക്കി എന്നും പറയുന്നു. എന്തായാലും ഈ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയത് വയലാര്‍ ആണെന്ന് ഡോ. എസ് കെ നായര്‍ പറയുന്നു. രാജാവ് എന്ന നിലയില്‍ അധികാരം ഉപയോഗിച്ച് തന്റേതാക്കി മാറ്റിയതാണ് ഈ കൃതികളൊക്കെ എന്നാണ് വാദം. രാജഭക്തിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കാണുന്നവരും ഉണ്ട്. അല്ലാതെ ഗവേഷണബുദ്ധ്യാ കാണുന്നവരും ഉണ്ട്. എങ്ങനെയായാലും സ്വാതി തിരുനാളിന്റേതല്ലെങ്കില്‍തന്നെ കുറെ മികച്ച സംഗീത കൃതികള്‍ കര്‍ണാടക സംഗീതത്തിന് ലഭിച്ചുവല്ലോ എന്നുപറയുന്ന മിതവാദികളും ഉണ്ട്. പക്ഷേ ഇതൊക്കെ സ്ഥാപിച്ചെടുക്കാനുള്ള അവസരം വയലാറിന് ലഭിച്ചില്ല.

തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ മരണാസന്നനായി കിടക്കുമ്പോള്‍പോലും വയലാറിനെ കാണാന്‍ അവസരമുണ്ടായില്ല. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സക്കായി ധാരാളം രക്തം ആവശ്യമുണ്ടായിരുന്നു. രക്തദാനത്തെക്കുറിച്ച് ഇന്നത്തെയത്ര അവബോധമുള്ള കാലമൊന്നുമല്ല. 1975 കാലം. ഇന്നും പൂര്‍ണ മനസ്സോടെ രക്തദാനത്തിനു തയാറാവുന്ന ചെറുപ്പക്കാര്‍ എത്രയുണ്ടെന്ന് ആലോചിക്കണം. വയലാറിന് രക്തം ദാനം ചെയ്യണമെന്ന അഭ്യര്‍ഥനയുമായി സംഗീത കോളേജിലെ സുഹൃത്തുക്കളെ സമീപിച്ചപ്പോള്‍ എല്ലാവരും വിസമ്മതിച്ചു. പാട്ടുകാരായതുകൊണ്ട് പിന്നീട് പാടുന്നതിനെ ബാധിച്ചെങ്കിലോ എന്ന പ്രശ്നം അവര്‍ ഉന്നയിച്ചു. പക്ഷേ ഞാന്‍ തയാറായി. മനസ്സിലെ രാഷ്ട്രീയം തന്നെയാണ് അതിനു പ്രേരിപ്പിച്ചത്. അത് എന്റെ പാട്ടിനും മേലെയായിരുന്നു. ചെങ്കല്‍ചൂളയിലേയും മറ്റും ധാരാളം തൊഴിലാളികള്‍ രക്തദാനത്തിനു തയാറായി എന്ന് പിന്നീട് അറിഞ്ഞു. അദ്ദേഹത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ബ്ലഡ്ബാങ്കില്‍ രക്തദാനം നടത്തിയതിന് ലഭിച്ച ഒരു മഞ്ഞക്കാര്‍ഡ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അഭിമാനത്തോടെ, അദ്ദേഹത്തിന്റെ അവസാനകാലത്ത്, പ്രത്യേകിച്ച് രക്തഗ്രൂപ്പ് നിര്‍ണയിച്ചതിലെ അപാകതയെക്കുറിച്ച് ഈയിടെ ഒരു വിവാദം കവി ഏഴാച്ചേരി ഉയര്‍ത്തുകയുണ്ടായി. അതിലേക്കൊന്നും ഇവിടെ കടക്കേണ്ടതില്ല.

നൂറുകണക്കിന് പാട്ടുകള്‍ എഴുതിയ വയലാറിന്റെ ഒരു പാട്ട് ഉള്ളില്‍ വല്ലാത്ത വികാരം ഉണ്ടാക്കാറുണ്ട്. ആ ഗാനം വയലാറിന്റെ ഓര്‍മകള്‍ മാത്രമല്ല മനസിലുണര്‍ത്തുന്നത്. അന്തരിച്ച പ്രതിഭാശാലിയായ നടന്‍ സത്യന്‍, തകഴി, ദേവരാജന്‍ മാസ്റ്റര്‍ അങ്ങനെ പലരും മുന്നിലെത്തും. ""അനുഭവങ്ങള്‍ പാളിച്ചകള്‍"" എന്ന കെ എസ് സേതുമാധവന്റെ സിനിമ എന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നതാണ്. അതിന്റെ കഥ, സത്യന്‍, ഷീല, ബഹദൂര്‍, ലളിത തുടങ്ങിയവരുടെ അഭിനയം, വയലാറിന്റെ പാട്ടുകള്‍, ദേവരാജന്റെ സംഗീതം ഇങ്ങനെ ഒരു പാട് ഘടകങ്ങള്‍ അതിവിദഗ്ധമായി ഒത്തുചേര്‍ന്ന സിനിമ. കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ചെല്ലപ്പന്റെ ജീവിതം - എല്ലാ പ്രലോഭനങ്ങളില്‍നിന്നും വഴുതിമാറുന്ന ആദര്‍ശദാര്‍ഢ്യമുള്ള കമ്യൂണിസ്റ്റുകാരന്‍. കുടുംബജീവിതത്തിലെ പാളിച്ചകള്‍. സ്വന്തം ഭാര്യ കുടുംബജീവിതത്തില്‍നിന്ന് വ്യതിചലിച്ചുപോയത് കണ്ടുനില്‍ക്കേണ്ടി വന്ന തൊഴിലാളി പ്രവര്‍ത്തകന്‍. സത്യന്‍ ഈ വേഷം അഭിനയിക്കുന്ന സമയത്ത് തീര്‍ത്തും രോഗാവസ്ഥയിലായിരുന്നുവെന്നും രോഗത്തെ വെല്ലുവിളിച്ചാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും കൂടി അറിഞ്ഞപ്പോള്‍ സത്യന്‍ മനസ്സില്‍ ഒരു വിഗ്രഹമായി. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത വിഗ്രഹം.

ഷീലയുടെ അഭിനയ ജീവിതത്തില്‍ ചെമ്മീനിലെ കറുത്തമ്മയും കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മയുമല്ല, അനുഭവങ്ങള്‍ പാളിച്ചകളിലെ കഥാപാത്രമാണ് ഏറ്റവും മികച്ചതെന്ന് തോന്നിപ്പോകും. ഓരോ രംഗവും കണ്ണിന്റെ, മനസ്സിന്റെ മുന്നിലൂടെ കടന്നുപോകുന്നു. ഏതിനെക്കുറിച്ച് എഴുതണമെന്ന് തീരുമാനമെടുക്കാന്‍ കഴിയാത്ത വിധം. ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ണമാകുന്നതിന് മുമ്പ് സത്യന്‍ മരിച്ചുപോയി. സത്യനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അതിന്റെ പശ്ചാത്തല സംഗീതമായി ""കഴുകാ ഹേ കഴുകാ കറുത്ത ചിറകുമായ് താണു പറന്നീ കനലിനെ കൂട്ടില്‍ നിന്നെടുത്തു കൊള്ളൂ."" എന്ന വരികള്‍ ഓര്‍മ വരും.

വയലാര്‍, സത്യന്‍, തകഴി, പ്രേംനസീര്‍, ദേവരാജന്‍ എല്ലാം ഈ പാട്ടിന്റെ ഓര്‍മകളില്‍ കണ്‍മുന്നില്‍ അണിനിരക്കുന്നു. ""നാളത്തെ പ്രഭാതത്തില്‍ ഈ കനലൂതിയൂതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും"". എത്ര അന്വര്‍ഥമായ വരികള്‍. ഇവരൊക്കെ കത്തുന്ന പന്തങ്ങളായി, നക്ഷത്രജ്വാലകളായി, തീജ്വാലകളായി ഉള്ളില്‍ ജീവിക്കുന്നു. അതു കെട്ടുപോവുകയില്ല തീര്‍ച്ച. ഗാനം അഗ്നിപര്‍വ്വതം പുകഞ്ഞു - ഭൂ ചക്രവാളങ്ങള്‍ ചുവന്നു മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു രക്തപുഷ്പം വിടര്‍ന്നു (അഗ്നി...) * കഴുകാ ഹേ കഴുകാ കറുത്ത ചിറകുമായ് താണുവാ നീ കനലിനെ കൂട്ടില്‍ നിന്നെടുത്തുകൊള്ളു നാളത്തെ പ്രഭാതത്തില്‍ ഈ കനലൂതിയൂതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും. (അഗ്നി...) * ഗരുഡാ- ഹേ ഗരുഡാ ചുവന്ന ചിറകുമായ് താണുപറന്നി പവിഴത്തെ ചെപ്പില്‍ നിന്നെടുത്തുകൊള്ളു നാളത്തെ നിശീഥത്തില്‍ ഈ മുത്തു രാവി രാകി കാലമൊരു നഷരത ജ്വാലയാക്കും തീജ്വാലയാക്കും. (അഗ്നി....) ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ (1971) രചന: വയലാര്‍ സംഗീതം: ദേവരാജന്‍ പാടിയത്: യേശുദാസ്

*
വി ടി മുരളി ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2012

തെറ്റിദ്ധരിപ്പിക്കുന്ന പ്രധാനമന്ത്രി

പ്രധാനമന്ത്രി രാജ്യത്തെ തുടരെ തെറ്റിദ്ധരിപ്പിക്കുകയാണ്. സാമ്പത്തിക പരിഷ്കാരം തുടങ്ങിവച്ച തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞ അതേ വാചകം അദ്ദേഹം ഇപ്പോഴും വള്ളിപുള്ളി വ്യത്യാസമില്ലാതെ ആവര്‍ത്തിക്കുന്നു. അല്‍പ്പം കഴിയുമ്പോള്‍ ഈ ഉദാരീകരണ പരിഷ്കാരങ്ങളുടെ ഗുണഫലങ്ങള്‍ സാധാരണ പൗരന്മാര്‍ക്ക് അനുഭവിക്കാറായി തുടങ്ങും എന്നതാണാ വാചകം. ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ നയങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ അതിശക്തമായ എതിര്‍പ്പ് നേരിട്ടപ്പോള്‍ മന്‍മോഹന്‍സിങ് പറഞ്ഞത് ഒന്നാംഘട്ട പരിഷ്കാരത്തിന്റെ സന്ദര്‍ഭത്തില്‍ (ഫസ്റ്റ് ജനറേഷന്‍ റിഫോം) ജനങ്ങള്‍ക്ക് മുണ്ട് അല്‍പ്പം മുറുക്കിയുടുക്കേണ്ടിവരുമെന്നും രണ്ടാംഘട്ട പരിഷ്കാരത്തിന്റെ സന്ദര്‍ഭമാകുമ്പോള്‍ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങുമെന്നുമാണ്. ഒന്നാംഘട്ട പരിഷ്കാരം ആദ്യപതിറ്റാണ്ടുകൊണ്ട് പൂര്‍ത്തിയായി. രണ്ടാംഘട്ടമായപ്പോള്‍, അതായത് രണ്ടായിരത്തിന്റെ ആദ്യപതിറ്റാണ്ടായപ്പോള്‍ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയോ? ഗുണഫലം അനുഭവിക്കാറാകുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞ സെക്കന്‍ഡ് ജനറേഷന്‍ റിഫോമിന്റെ ഘട്ടത്തിലാണ് കര്‍ഷകരുടെ കൂടി ആത്മഹത്യകളുണ്ടായി തുടങ്ങിയത്. അതായിരുന്നോ ഗുണഫലം?

രണ്ടാംഘട്ട പരിഷ്കാരങ്ങളും പൂര്‍ത്തിയാക്കി മൂന്നാംഘട്ടത്തിലെത്തി. ഇതിനിടെ, കര്‍ഷക ആത്മഹത്യ വ്യാപകമായി. പണപ്പെരുപ്പം കൂടി. വിലക്കയറ്റം നിയന്ത്രണാതീതമായി. ജനജീവിതം സമസ്ത തലങ്ങളിലും ദുസ്സഹമായി. മൂന്നാംഘട്ടത്തിന്റെ തുടക്കത്തിലും ലജ്ജയില്ലാതെ മന്‍മോഹന്‍സിങ് പറയുന്നു; ഇപ്പോള്‍ കുറച്ച് സഹിക്കണം; പിന്നീടെല്ലാം ശരിയായിക്കൊള്ളുമെന്ന്. രണ്ടാംതലമുറ പരിഷ്കാരവേളയാകുമ്പോള്‍ കണ്ടുതുടങ്ങുമെന്നു പറഞ്ഞ ഗുണഫലങ്ങള്‍ എവിടെയെന്ന് ചൂണ്ടിക്കാട്ടിയിട്ടു മതി ജനങ്ങളെ കബളിപ്പിക്കുന്ന ഈ വാചകമടി. എന്നും എല്ലാവരെയും കബളിപ്പിക്കാമെന്ന് മന്‍മോഹന്‍സിങ് കരുതരുത്. രാഷ്ട്രീയം പറയാന്‍ വായ തുറക്കാത്ത ഈ പ്രധാനമന്ത്രി ധനകാര്യമേ പറയൂ. ഓരോ തവണ അദ്ദേഹം അത് പറയുമ്പോഴും രാജ്യം നിലയില്ലാക്കയങ്ങളിലേക്കാഴുകയാണ്. പട്ടിണിയും പരിവട്ടവും വര്‍ധിക്കുകയാണ്. തൊഴിലില്ലായ്മ പെരുകുകയാണ്; ആഭ്യന്തര വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണ്; ന്യായവില കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. ജീവിതം ജീവിക്കാന്‍ കൊള്ളരുതാത്ത നിലയിലാകുകയാണ്. ഇതെല്ലാം വരുത്തിവച്ച വികലനയങ്ങളെ ന്യായീകരിക്കാന്‍ പ്രധാനമന്ത്രിയുടെ തത്വശാസ്ത്രപ്രസംഗത്തിനാകുകയില്ല. പ്രധാനമന്ത്രിയുടെ ധനമാനേജ്മെന്റ് കോര്‍പറേറ്റുകള്‍ക്ക് ഓരോവര്‍ഷവും ലക്ഷക്കണക്കിന് കോടികളുടെ ഇളവുകൊടുത്തും സാധാരണക്കാരന്റെ ജീവിതത്തെ ഞെരിച്ചമര്‍ത്തിയുമാണ് മുന്നേറുന്നത്.

സാമ്പത്തിക പരിഷ്കാരങ്ങളുടെ വിവിധഘട്ടങ്ങളിലൂടെ രാജ്യം നീങ്ങിയ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ലാഭത്തില്‍ നടന്നിരുന്ന ഇന്‍ഷുറന്‍സ് മേഖല മുതല്‍ വ്യോമയാനമേഖല വരെയും ചെറുകിട- ചില്ലറ വ്യാപാരമേഖല മുതല്‍ കൃഷിമേഖല വരെയും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനായി തുറന്നുകൊടുത്തു. ജനങ്ങള്‍ തുടരെ പാപ്പരീകരിക്കപ്പെട്ടു. എല്ലാ മേഖലയിലും നാശം വിതച്ച ഈ നയം തുടരാന്‍ അമേരിക്കയ്ക്കു മുമ്പില്‍ ബാധ്യസ്ഥനാണ് രാഷ്ട്രീയമോ, ജനങ്ങളുടെ നാഡിമിടിപ്പോ അറിയാനിട വന്നിട്ടില്ലാത്ത ഈ ഉദ്യോഗസ്ഥ പ്രധാനമന്ത്രി. ആ നയങ്ങള്‍ അദ്ദേഹം കൂടുതല്‍ ശക്തമായി പാര്‍ലമെന്റിനെപ്പോലും മറികടന്ന് മുന്നോട്ടുകൊണ്ടുപോകുകയാണ്. അടിസ്ഥാനപരമായി നയങ്ങളില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പ്രകടനപത്രികയിലൂടെ അത് ജനങ്ങളോട് പറയണം. ജനവിധി വാങ്ങണം. തെരഞ്ഞെടുപ്പുവേളയില്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ച് ജനവിധിക്കുശേഷം നടപ്പാക്കുകയാണ് ജനദ്രോഹനയങ്ങള്‍. ഇത് ജനാധിപത്യവിരുദ്ധമാണ്; രാഷ്ട്രവിരുദ്ധവുമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ നമ്മുടെ റിപ്പബ്ലിക്കിനെ "സോഷ്യലിസ്റ്റ്" എന്നു വിശേഷിപ്പിക്കുന്നുണ്ട്. ആ അടിസ്ഥാന സങ്കല്‍പ്പത്തിനുതന്നെ തീര്‍ത്തും വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കാന്‍ മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും ആരു നല്‍കി അധികാരം?

ഭരണഘടനാവിരുദ്ധമാണ്, സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായ ഓരോ നടപടിയും. ഇപ്പോള്‍ ഓരോ തവണ മന്ത്രിസഭ ചേരുമ്പോഴും ഓരോ ആഘാതം ജനങ്ങള്‍ക്കുമേല്‍ ഏല്‍പ്പിക്കുകയാണ്. ഡീസല്‍ വിലവര്‍ധനയാണ് ഒരു ദിവസമെങ്കില്‍ പഞ്ചസാര വിലവര്‍ധനയാണ് അടുത്തദിവസം. ചില്ലറവ്യാപാരം ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കലാണ് അടുത്തദിവസം. കോര്‍പറേറ്റ് വമ്പന്മാര്‍ക്കുവേണ്ടി കോര്‍പറേറ്റ് നിയമംതന്നെ പരിഷ്കരിച്ചുകൊടുക്കുകയാണ് ഈ സര്‍ക്കാര്‍. ഇതെല്ലാം ഭരണഘടനാവിരുദ്ധമാണെന്ന് ഡോ. മന്‍മോഹന്‍സിങ്ങിന് അറിയാം. അതുകൊണ്ടുതന്നെയാണ് സാമ്പത്തിക ഉദാരീകരണനയങ്ങള്‍ നടപ്പാക്കുന്നതിനെ ആഗോള കാഴ്ചപ്പാടില്‍ കാണണമെന്ന നിര്‍ദേശം ഇന്റര്‍നാഷണല്‍ അക്കാദമിക് കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനംചെയ്ത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ മുമ്പില്‍ വച്ചത്. 21-ാം നൂറ്റാണ്ടിലെ ജഡ്ജിമാര്‍ സാമ്പത്തിക വിദഗ്ധര്‍ കൂടിയാകണമെന്നു പറഞ്ഞ മന്‍മോഹന്‍സിങ്ങിനോട് 21-ാം നൂറ്റാണ്ടിലെ പ്രധാനമന്ത്രി ജനവികാരം മനസ്സിലാക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരനാകണമെന്ന് രാഷ്ട്രം തിരിച്ചുപറയേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത മന്‍മോഹന്‍സിങ്ങിനും ജനവികാരം അറിയാനിടവന്നിട്ടില്ലാത്ത സോണിയഗാന്ധിക്കും ഒരുപോലെ സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാമെന്ന് തോന്നുന്നതില്‍ അത്ഭുതമില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ള ഇതര കോണ്‍ഗ്രസ് നേതാക്കളാകട്ടെ ഈ നയത്തിനെതിരെ ശബ്ദിക്കാന്‍ വേണ്ട ആര്‍ജവമോ ധൈര്യമോ ഉള്ളവരല്ല. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ കണ്ടത്. ഇതുകൊണ്ടാണ് 2014ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പോലും ഭയക്കാതെ അമേരിക്കന്‍ കല്‍പ്പനകളെ ഇവര്‍ പിന്‍പറ്റുന്നത്. അല്ലെങ്കില്‍ തന്നെ, ഒരു കോണ്‍ഗ്രസ് നേതാവ് നിര്‍ലജ്ജം പറഞ്ഞത് ജനങ്ങളെല്ലാം ക്രമേണ മറന്നുകൊള്ളുമെന്നാണല്ലോ. ഒന്നും തങ്ങള്‍ മറക്കുന്നില്ലെന്ന് ഇവരെ ഓര്‍മിപ്പിക്കാനുള്ള അവസരം കാത്തുകഴിയുകയാണ് ഇന്ത്യയിലെ സാധാരണജനങ്ങള്‍. ജനജീവിത പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇപ്പോള്‍ രാജ്യത്തെമ്പാടും പ്രകടമാകുന്ന വിപുലമായ ജനസാന്നിധ്യവും ആ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്ന രോഷവും അതാണ് കാണിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 28 സെപ്തംബര്‍ 2012

Thursday, September 27, 2012

ഉമ്മന്‍ചാണ്ടിയുടെ "ഹിന്ദു"നിര്‍വചനം

ആരാണ് ഹിന്ദു എന്ന ചോദ്യം ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ വിവാദപരമായി ഉന്നയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനുവേണ്ടി ഒരു ഓര്‍ഡിനന്‍സിന് ഭരണഗര്‍ഭഗൃഹത്തില്‍ പിറവി നല്‍കുകയാണ്. നിയമസഭാംഗങ്ങളുടെ പ്രതിനിധിയെ ദേവസ്വംബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുന്നത് ഹിന്ദു എംഎല്‍എമാരാണ്. നിലവിലുള്ള ഹിന്ദു നിര്‍വചനത്തിന് ഭേദഗതി നിര്‍ദേശിക്കുന്ന, പുറത്തുവരാന്‍ പോകുന്ന ഓര്‍ഡിനന്‍സ് ചെറുതാണ്. പക്ഷേ, അത് ഉയര്‍ത്തുന്ന വിപത്ത് വലുതാണ്. ഭേദഗതി നിയമത്തിന് മുന്‍കാലപ്രാബല്യം നല്‍കിയാല്‍ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമി മുതല്‍ ജവഹര്‍ലാല്‍ നെഹ്റുവരെയുള്ളവര്‍ അഹിന്ദുക്കളാകും. ഹിന്ദുസമുദായത്തില്‍ ജനിച്ചവരാണെങ്കിലും കമ്യൂണിസ്റ്റ്- ഇടതുപക്ഷ- മതനിരപേക്ഷ ആശയഗതിക്കാരാണെങ്കില്‍, അവരെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിയമഭേദഗതി. ദൈവവിശ്വാസിയാണെങ്കിലും മതനിരപേക്ഷ വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ ദൃഢപ്രതിജ്ഞയെടുത്താന്‍ ആ വ്യക്തിയെ ഹിന്ദുവായി കാണാന്‍ പറ്റില്ല എന്ന ഏറെ അപകടകരമായ വ്യവസ്ഥയും നിര്‍ദേശിക്കുന്നുണ്ട്.

കെ കരുണാകരന്റെ മൂന്നാംമന്ത്രിസഭയുടെ കാലത്ത് ഇത്രത്തോളം വരില്ലെങ്കിലും ഏറെക്കുറെ സമാനമായ ഒരു ദേവസ്വംനിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതിനെ അസാധുവാക്കി തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന (ഭേദഗതി) ബില്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി. ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നുവെന്ന സത്യപ്രസ്താവന നല്‍കുന്നവര്‍ക്കേ വോട്ടവകാശമുള്ളൂവെന്ന ഭേദഗതിയാണ് കരുണാകരന്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. അത് റദ്ദാക്കി, ജന്മംകൊണ്ടോ വിശ്വാസംകൊണ്ടോ ഹിന്ദുവായ എംഎല്‍എമാര്‍ക്കെല്ലാം ദേവസ്വംബോര്‍ഡ് പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് നായനാര്‍സര്‍ക്കാര്‍ പാസാക്കിയത്. 1950ല്‍ പരവൂര്‍ ടി കെ നാരായണപിള്ളയുടെ ഭരണകാലത്ത് കൊണ്ടുവന്ന മൂലനിയമത്തിന് ബലമേകുന്നതായിരുന്നു നായനാര്‍ സര്‍ക്കാരിന്റെ ഭേദഗതി നിയമം. എന്നാല്‍, അതിനെ കരുണാകരഭരണകാലത്തേക്കാള്‍ മോശമായവിധത്തില്‍ ഭേദഗതിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടിയുടെ പുറപ്പാട്. നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ക്കാണ് ദേവസ്വംബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം. എംഎല്‍എമാരെ സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നത് ആശാസ്യമല്ല. എന്നാല്‍, അതില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നോട്ടം.

""പുതിയ സഭയില്‍ ഹിന്ദു എംഎല്‍എമാരില്‍ 46 പേര്‍ എല്‍ഡിഎഫിലാണ്. യുഡിഎഫിന് 27 പേര്‍മാത്രമാണ്"" എന്ന കണക്കാണ് ഹിന്ദുവിന് പുതിയ നിര്‍വചനം നല്‍കുന്ന സാഹസത്തിന് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ മറയില്ലാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ രണ്ട് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ ചേര്‍ന്ന് നോമിനേറ്റ് ചെയ്യും. മറ്റൊരാളെ നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കും. ആ മൂന്നുപേര്‍ ഒന്നിച്ചിരുന്ന് പ്രസിഡന്റിനെ നിശ്ചയിക്കും. ഇന്നത്തെ സ്ഥിതിയില്‍ പ്രസിഡന്റ്സ്ഥാനം അടക്കം ദേവസ്വംബോര്‍ഡുകളില്‍ ഭൂരിപക്ഷം അംഗങ്ങളും ഭരണപക്ഷത്തിനു ലഭിക്കുമെന്നിരിക്കെ, പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒരംഗത്തെ ഇല്ലാതാക്കാനുള്ള ലജ്ജാകരമായ അധികാരക്കൊതിയാണ് നിയമഭേദഗതിക്ക് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നത്. അതിനായി ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയുടെ ജനാധിപത്യാവകാശത്തെ അസാധുവാക്കാന്‍, ഈശ്വരവിശ്വാസവും ദൈവവിശ്വാസവും ഹിന്ദുമതവിശ്വാസവും ഉണ്ടെന്ന സത്യവാങ്മൂലം എംഎല്‍എമാര്‍ എഴുതിക്കൊടുക്കണമെന്നാണ് നിയമ ഭേദഗതി. മാത്രമല്ല, നിയമസഭാംഗമായി ദൃഢപ്രതിജ്ഞയെടുത്തവരെയും വോട്ടെടുപ്പിനുള്ള അവകാശത്തില്‍നിന്ന് ഒഴിവാക്കുന്നു. അംഗങ്ങളുടെ എണ്ണം കൂട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേവസ്വം നിയമത്തിലെ ഏത് ഭേദഗതിക്കും രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി വേണം. അത്രമാത്രം ശ്രദ്ധേയമായ ഒരു നിയമത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. അതിനുവേണ്ടി ഹിന്ദുവിന്റെ അംഗീകൃത നിര്‍വചനംപോലും തിരുത്തുന്നു. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ ദേവസ്വംനിയമംതന്നെ ഭേദഗതിചെയ്യുന്ന അധികാരക്കൊതിയും ജനാധിപത്യക്കുരുതിയും അരുതെന്ന് ഉമ്മന്‍ചാണ്ടിയോട് പറയാന്‍ ആര്‍ജവമുള്ള കോണ്‍ഗ്രസുകാരും യുഡിഎഫ് കക്ഷികളും ഇല്ലേ?

മന്ത്രിയും ജനപ്രതിനിധിയും എന്നനിലയില്‍ താന്‍ ചെയ്യുന്ന പ്രവൃത്തികളുടെ പൂര്‍ണ ഉത്തരവാദിത്തം ദൈവത്തില്‍ ഏല്‍പ്പിക്കാതെ തന്നില്‍ത്തന്നെ നിക്ഷിപ്തമാക്കുന്നതിനാണ് താന്‍ ദൃഢപ്രതിജ്ഞയെടുത്തതെന്നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ നിയമം മുന്‍കാലപ്രാബല്യത്തോടെ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നെങ്കില്‍ നെഹ്റുവിനുപോലും വോട്ടവകാശം ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ നിയമഭേദഗതിമൂലം അവരും അഹിന്ദുക്കളാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജാതി സങ്കല്‍പ്പം പ്രസിദ്ധമാണ്. ""മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസൈ്യവം ഹ! തത്ത്വം വേത്തി കോപി ന."" അതായത്, പശുക്കള്‍ക്ക് പശുത്വമാണ് ജാതി. അതേപ്രകാരം മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണന്‍ തുടങ്ങിയുള്ളവ ജാതി അല്ല. എന്തു കഷ്ടമാണ്, ഈ തത്വം ആരുമറിയുന്നില്ലല്ലോ എന്നാണ് ഗുരു ആത്മരോഷത്തോടെ ചോദിച്ചത്. "നരജാതിയില്‍ നിന്നത്രേ പിറന്നിടുന്നു വിപ്രനും, പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍" എന്ന് കുറിച്ചുകൊണ്ട്, എല്ലാവരും ജനിക്കുന്നത് ഒരൊറ്റ ജാതിയില്‍നിന്നാണെന്നും അപ്പോള്‍പ്പിന്നെ നരജാതിക്കുള്ളില്‍ അന്തരത്തിന് അര്‍ഥമില്ലെന്നുമാണ് ഗുരു ഉപദേശിച്ചത്. "ജാതി ചോദിക്കരുത്, പറയരുത്", "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്", "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"- എന്നീ ആഹ്വാനങ്ങളിലൂടെ ശ്രീനാരായണഗുരു വലിയൊരു സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റാണ് കെട്ടഴിച്ചുവിട്ടത്. "പല മതസാരവുമേക"മെന്നായിരുന്നു ഗുരുവിന്റെ സന്ദേശം.

അങ്ങനെ ജാതിമേധാവിത്വത്തിനെതിരായ താത്വികവിമര്‍ശവും സമരാഹ്വാനത്തിനുള്ള പ്രായോഗികപ്രേരണയുമാണ് നല്‍കിയത്. അതിനെ നിഷേധിച്ച്, മതത്തെ സങ്കുചിതമാക്കുകയാണ് ദേവസ്വം ഭേദഗതി ഓര്‍ഡിനന്‍സിലൂടെ യുഡിഎഫ് സര്‍ക്കാര്‍. ശ്രീനാരായണദര്‍ശനവും അതിന്റെ പ്രായോഗികതലവും പരിശോധിച്ചാല്‍ അതിന്റെ പ്രഭവകേന്ദ്രമായി പ്രാചീനഭാരതത്തിലെ ആസ്തിക, നാസ്തിക ദര്‍ശനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏടുകള്‍ തെളിയും. വേദോപനിഷത്താദി പ്രാമാണികഗ്രന്ഥങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നവര്‍ ആസ്തികരും അംഗീകരിക്കാത്തവര്‍ നാസ്തികരുമായി. പക്ഷേ, നാസ്തികരിലും ദൈവവിശ്വാസികള്‍ ഉണ്ടായിരുന്നു. ലോകായതം, ചാര്‍വാകം, ജൈന- ബുദ്ധ സാംഖ്യദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം നാസ്തികദര്‍ശനങ്ങളായിരുന്നു. അവയില്‍തന്നെ ദൈവവിശ്വാസവും ആത്മീയവീക്ഷണവുമുള്ളവരും ഉണ്ടായിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് പില്‍ക്കാല തലമുറയില്‍പ്പെട്ട ശ്രീനാരായണഗുരുവും സ്വാമി വിവേകാനന്ദനുമെല്ലാം. അതിനാല്‍, നാസ്തിക ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സ്, ശ്രീനാരായണഗുരുവിനെയും സ്വാമി വിവേകാനന്ദനെയും അധിക്ഷേപിക്കലാണ്. ഈ വഴിത്താരയില്‍ സഞ്ചരിച്ചാല്‍ ശ്രീബുദ്ധനെയും മഹാവീരനെയും യുഡിഎഫ് സര്‍ക്കാര്‍ കരിതേക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ ഒരംഗത്തെ കിട്ടാന്‍ വേണ്ടി ഇത്രവലിയ പാതകം മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ, താങ്കള്‍ ചെയ്യണമോ? മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി കേശവന്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനും ഇന്ന് വോട്ടവകാശം കിട്ടില്ലായിരുന്നു. കാരണം, ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് ശബരിമല കത്തിയപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു സി കേശവന്‍. അത് പറയാനുള്ള ദൃഢവിശ്വാസമുണ്ടായത്, ശ്രീനാരായണ ദര്‍ശനം ഗ്രഹിച്ചതിനാലാണ്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പെരുകുന്നതുകണ്ട് ഗുരു പറഞ്ഞത്, അത് മുടി വെട്ടുന്നതുപോലെയാണെന്നാണ്. വെട്ടുംതോറും വേഗവും അധികവും ഉണ്ടാകാന്‍ തുടങ്ങും. വിഗ്രഹങ്ങള്‍ പാടില്ലെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വര്‍ധിച്ചതെന്നായിരുന്നു ഗുരു വ്യക്തമാക്കിയത്. അപ്പോള്‍ വിഗ്രഹാരാധനയും അമ്പലവും ഹിന്ദുവിനെ നിര്‍ണയിക്കുന്നതിന് ഘടകമാക്കുന്നത് നമ്മുടെ ഋഷിവര്യന്മാരോടും സദ്പാരമ്പര്യം പുലര്‍ത്തിയ മുന്‍ഭരണാധികാരികളോടും കാണിക്കുന്ന അനീതിയാണ്. സി കേശവന് പുറമെ, സഹോദരന്‍ അയ്യപ്പനും ജീവിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അയിത്തത്തിന് ഇരയായേനെ. "ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് ശ്രീനാരായണദര്‍ശനത്തെ വളര്‍ത്തിയുപയോഗിച്ച സഹോദരന്‍ അയ്യപ്പന്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കൊച്ചിരാജ്യത്ത് മന്ത്രിയായിരുന്ന നേതാവാണ്. ദളിത്വിഭാഗങ്ങളെയടക്കം ഉള്‍പ്പെടുത്തി അവരുടെ മോചനസമരത്തിന്റെ ഭാഗമായി ചെറായിയില്‍ മിശ്രഭോജനം നടത്തിയപ്പോള്‍ സഹോദരന്‍ അയ്യപ്പനെ "പുലയന്‍ അയ്യപ്പനാ"ക്കിയതുപോലെ ഇന്ന് സഹോദരന്‍ അയ്യപ്പനെ ഉമ്മന്‍ചാണ്ടി "അഹിന്ദു അയ്യപ്പനാ"ക്കിയേനെ. ആധുനിക ഇന്ത്യന്‍ചരിത്രത്തെ തിളക്കമുള്ളതാക്കിയ അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വോട്ടവകാശം നല്‍കുമായിരുന്നില്ല.

സ്വസമുദായത്തിന്റെ അവശതകള്‍ക്കെതിരെ പോരാടിയതിന്റെ ഭാഗമായി ഹിന്ദുസമുദായത്തിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ അംബേദ്കര്‍ കലാപക്കൊടി ഉയര്‍ത്തി. ദളിതുകള്‍ക്ക് ഹിന്ദുക്കളായി ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ അവരോട് ബുദ്ധമതം സ്വീകരിക്കാന്‍ നിവൃത്തികേടുകൊണ്ട് ഒരുഘട്ടത്തില്‍ അംബേദ്കര്‍ നിര്‍ദേശിച്ചു. അങ്ങനെ നിര്‍ദേശിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഭരണഘടനാ ശില്‍പ്പി, ഇന്നു ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിനും വോട്ടവകാശം നിഷേധിക്കുന്ന ഭേദഗതി ഓര്‍ഡിനന്‍സ് ജനാധിപത്യപരമാണോയെന്ന് ഉമ്മന്‍ചാണ്ടി നെഞ്ചില്‍ കൈവച്ച് ആലോചിക്കണം.

രാഷ്ട്രീയ വിശ്വാസങ്ങളിലും രാഷ്ട്രീയ സമ്പര്‍ക്കങ്ങളിലും താന്‍ എവിടെ നില്‍ക്കുന്നുവെന്ന് അടയാളപ്പെടുത്തുന്നതാണ് നിര്‍ദിഷ്ട ഓര്‍ഡിനന്‍സ് എന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹിന്ദുനിര്‍വചനം അപകടകരമാണെങ്കിലും ഇതേപ്പറ്റി ഇതുവരെ ഒരക്ഷരം സമുദായ ഐക്യപ്രഖ്യാപനം നടത്തിയ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ പറഞ്ഞിട്ടില്ല. രണ്ട് സമുദായസംഘടനകളുടെയും നേതാക്കള്‍ക്ക് നാക്കില്‍തൊടാന്‍ മധുരംതേച്ചുകൊടുത്താല്‍ ഹിന്ദുനിര്‍വചനം പൊളിച്ചെഴുതുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ അപചയത്തിനുനേരെ കണ്ണടച്ചുകൊടുക്കും എന്ന ധൈര്യത്തിലാണ് ഭരണക്കാര്‍.

*
ആര്‍ എസ് ബാബു ദേശാഭിമാനി 27 സെപ്തംബര്‍ 2012