Tuesday, March 25, 2008

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭ

പ്രശസ്ത നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമായിരുന്ന കെ ടി മുഹമ്മദ് അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. നാല്‍തോളം നാടകങ്ങളും നിരവധി ചെറുകഥകളും നോവലുകളും ഗാനങ്ങളും കെ ടി രചിച്ചിട്ടുണ്ട്. ഇരുപതോളം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

നാടകം ജീവിതം

1929 നവംബറിലാണ് കെ ടി മുഹമ്മദ് ജനിച്ചത്. ഏറനാട്താലൂക്കിലെ മഞ്ചേരിയില്‍, ഗവര്‍മെണ്ട് ആശുപത്രിക്ക് സമീപം പാറത്തൊടിക വീട്ടില്‍. പിതാവ് മലപ്പുറം മേല്‍മുറിക്കാരന്‍ കളത്തിങ്ങല്‍ തൊടികയില്‍ കുഞ്ഞറമ്മു. മാതാവ് ഫാത്തിമക്കുട്ടി. മലബാര്‍ സ്പെഷ്യല്‍ പൊലീസിലായിരുന്നു കുഞ്ഞറമ്മു. ബ്യൂഗിള്‍ വിളിക്കുന്ന ജോലി. പിന്നീട് റിസര്‍വ് പൊലീസില്‍ കോണ്‍സ്റ്റബിളായി കോഴിക്കോട്ടേക്ക് മാറ്റം കിട്ടി. അതോടെ കുടുംബസമേതം കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.

സ്ഥലംമാറ്റമായി പലയിടത്തും ജോലി ചെയ്യേണ്ടിവന്നതിനാല്‍ കുഞ്ഞറമ്മുവിന് മകനെ സമയത്തിന് സ്കൂളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാംക്ലാസുവരെ പഠിച്ചിരുന്ന കുഞ്ഞറമ്മു താന്‍ പഠിച്ചിരുന്നതത്രയും വീട്ടിലിരുത്തി മകനെ പഠിപ്പിച്ചു. കോഴിക്കോട്ടെ പൊലീസ് ലൈനില്‍ സ്ഥിരതാമസമായെന്നുവന്നതോടെ പുതിയറക്കു സമീപത്തെ ബൈരായിക്കുളം യുപി സ്കൂളില്‍ ചേര്‍ത്തു. അധ്യാപകരുടെ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിയ കെ ടി മുഹമ്മദിന് മൂന്നാംക്ലാസിലേക്ക് പ്രവേശനം ലഭിച്ചു. മൂന്നാം ക്ലാസിലെ പരീക്ഷയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഡബിള്‍ പ്രൊമോഷനോടെ അഞ്ചാംതരത്തിലെത്തി.

കുഞ്ഞറമ്മുവിന് എട്ട് മക്കളായിരുന്നു. ആറ് പെണ്ണും രണ്ട് ആണും. അഞ്ചാംതരം ജയിച്ചപ്പോള്‍ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം കെ ടി മുഹമ്മദിന് പഠിപ്പ് നിര്‍ത്തേണ്ടിവന്നു. താമസസ്ഥലത്തിനു സമീപത്തെ ഷാജഹാന്‍ (ഇന്നത്തെ കോറണേഷന്‍) തിയറ്ററിനടുത്ത് സഹോദരീ ഭര്‍ത്താവ് നടത്തിയിരുന്ന പച്ചക്കറിപ്പീടികയില്‍ സഹായിയായി നിന്നു. സമപ്രായക്കാര്‍ സ്കൂളില്‍ പോകുന്നതും നോക്കി സങ്കടം കടിച്ചമര്‍ത്തി രണ്ടുവര്‍ഷം എങ്ങനെയൊക്കെയോ തള്ളിനീക്കി. പഠിപ്പു തുടരാന്‍ വാശിപിടിച്ച് ബാപ്പയുടെ സമ്മതം നേടി ഹിമായത്തുല്‍ ഇസ്ലാം സ്കൂളില്‍ ചേര്‍ന്നു. ആറുമുതല്‍ എട്ടാംതരംവരെ അവിടെ പഠിച്ചു.

പൊലീസ് ലൈനിലെ കൂട്ടുകാരോടൊപ്പം ഷാജഹാന്‍ തിയറ്ററില്‍ നിന്ന് സിനിമയും വല്ലപ്പോഴും അരങ്ങേറിയിരുന്ന തമിഴ്- മലയാളം നാടകങ്ങളും കാണുമായിരുന്നു. അന്നൊരു ദിവസം ഷാജഹാന്‍ ഹാളില്‍ നിന്നു കണ്ട ഒരു നാടകമാണ് കെ ടിയുടെ മനസ്സിനെ നാടകത്തിന്റെ ലോകത്തേക്ക് നയിച്ചത്. 'നമുക്കും ഒരു നാടകം കളിച്ചാലെന്താ' എന്ന ചിന്ത കൂട്ടുകാരുടെ മുമ്പാകെ വെച്ചപ്പോള്‍ നാടകം എഴുതാനുള്ള ഉത്തരവാദിത്തം കെ ടിയുടെചുമലില്‍ തന്നെ വീഴുകയായിരുന്നു. ബാപ്പയുടെ സുഹൃത്തും തന്റെ 'ഗുരു'വും വഴികാട്ടിയുമായ പൊലീസുകാരന്‍ കുഞ്ഞഹമ്മദ്ക്കയുമുണ്ടായിരുന്നു പ്രോല്‍സാഹിപ്പിക്കാന്‍. ബാബുരാജിനായിരുന്നു സംഗീതച്ചുമതല. റിഹേഴ്സലും തുടങ്ങി. നാടകം പക്ഷേ, അരങ്ങിലെത്തിയില്ല. എങ്കിലും തന്റെ ആദ്യനാടകപ്രവര്‍ത്തനമായി എന്നും ആ സംരംഭത്തെ കെ ടി കണ്ടു.

ഹിമായത്തുല്‍ ഇസ്ലാം സ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന 'ഉന്നതി' എന്ന കയ്യെഴുത്തുമാസികയില്‍ കെ ടി ചെറുകഥ എഴുതിയിരുന്നു. കെ സി കോമുക്കുട്ടി മൌലവിയുടെ 'യുവലോകം' മാസികയിലാണ് ആദ്യമായി കഥ അച്ചടിച്ചു വന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ ടിയെ ചന്തുക്കുട്ടി എന്ന അധ്യാപകന്‍ തന്റെ 'സാധുസേവ' എന്ന നാടകത്തില്‍ അഭിനയിപ്പിച്ചു. സ്കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച ആ നാടകത്തില്‍ 'കഷ്ടകാലമീവിധമോ ലോകനായകാ..' എന്ന ശോകഗാനവും പാടി ഭിക്ഷക്കാരനായഭിനയിച്ച കെ ടി മുഹമ്മദിന് ഏറ്റവും നല്ല നടനുള്ള സമ്മാനവും കാണികളുടെ മുക്തകണ്ഠമായ പ്രശംസയും ലഭിച്ചു.

അടുത്തവര്‍ഷം വിദ്വാന്‍ കെ എസ് രാമന്‍ (ചലച്ചിത്ര സംവിധായകന്‍ കെ ആര്‍ മോഹനന്റെ പിതാവ്) തന്റെ 'പശ്ചാത്താപം' എന്ന നാടകത്തിന് പാട്ടെഴുതാന്‍ ചുമതലപ്പെടുത്തിയതോടെ പുതിയൊരു വിലാസം കൂടി കെടിക്കു കൈവന്നു. 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലെ 'മുടിനാരേഴായ്‌ചീന്തീട്ട് നേരിയപാലം കെട്ടീട്ട്....', 'കയിലുകള്‍ പിടിക്ക്ണ കൈകളുണ്ടുയര്ണ്' എന്നിവയടക്കമുള്ള വിഖ്യാതഗാനങ്ങളുടെ രചനക്ക് ബലം നല്‍കിയത് ആ ഇളം പ്രായത്തില്‍ ലഭിച്ച അംഗീകാരം കൂടിയാവണം. രാമന്‍മാസ്റ്ററുടെ നാടകത്തില്‍ കെ ടിക്ക് പ്രധാനവേഷം അഭിനയിക്കാനും ലഭിച്ചിരുന്നു. സ്കൂള്‍ വിട്ടശേഷവും ഈ അധ്യാപകരുടെ പ്രോല്‍സാഹനം തുടര്‍ന്നു.

ബാപ്പയുടെ ചെറിയ ശമ്പളംകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാതെ വന്നതിനാല്‍ കെ ടി മുഹമ്മദിന് പഠിപ്പുനിര്‍ത്തി ജോലിതേടേണ്ടിവന്നു. മിഠായിതെരുവില്‍ ഒരു കടയില്‍ പതിനെട്ടുരൂപാ ശമ്പളത്തില്‍ വില്‍പനക്കാരനായി ജോലി കിട്ടി. 1945ലായിരുന്നു ഇത്. രാവിലെ ഏഴരമുതല്‍ രാത്രി ഒമ്പതരവരെ ജോലി തന്നെ. ആറുമാസം കടയില്‍ കഴിച്ചുകൂട്ടി. വേറെ ജോലിയാക്കിത്തന്നില്ലെങ്കില്‍ നാടുവിടുമെന്നും പട്ടാളത്തില്‍ ചേരുമെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ സുഹൃത്തായ പോസ്റ്റുമാന്‍ സി മൂസയുടെ സഹായത്താല്‍ ബാപ്പ തപാല്‍വകുപ്പില്‍ പാക്കറുടെ ജോലി തരപ്പെടുത്തി. തപാല്‍വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ 1946ല്‍ അഖിലേന്ത്യാതലത്തില്‍ സമരം ആരംഭിച്ചപ്പോള്‍ താല്‍ക്കാലികക്കാരന്‍ മാത്രമായ കെ ടി സജീവമായി അതില്‍ പങ്കെടുത്തു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ദൃഢബന്ധമായിരുന്നു. ക്ലാസ് 3 ജീവനക്കാരുടെ സംഘടനയുടെ കോഴിക്കോട് ഡിവിഷന്‍ പ്രസിഡണ്ടായിരിക്കെ 1969ല്‍ ഉദ്യോഗത്തില്‍ നിന്ന്പിരിച്ചുവിടപ്പെട്ടത് 1968ലെ പണിമുടക്കുമായി ബന്ധപ്പെട്ടായിരുന്നു.

കെ ടിയും ബാബുരാജും കോഴിക്കോട് അബ്ദുള്‍ഖാദറുമൊക്കെ പ്രവര്‍ത്തകരായി 1948ല്‍ കോഴിക്കോട്ട് രൂപംകൊണ്ട ബ്രദേഴ്സ് മ്യൂസിക് ക്ളബിന്റെ വാര്‍ഷികത്തിന് 1950ല്‍ അവതരിപ്പിച്ച 'ഊരുംപേരു'മാണ് ആദ്യമായി അരങ്ങുകണ്ട കെടിയുടെ നാടകം. കബീര്‍ദാസ് എന്നപേരിലായിരുന്നു നാടകം എഴുതിയത്. 'വെളിച്ചംവിളക്കന്വേഷിക്കുന്നു' എന്ന പേരില്‍ മാറ്റിയെഴുതിയാണ് പിന്നീടത് അവതരിപ്പിച്ചതും പുസ്തകമാക്കിയതും. തൊട്ടടുത്തവര്‍ഷം 'അവര്‍ തീരുമാനിക്കുന്നു' എന്ന നാടകം എഴുതി. 1952ല്‍ കോഴിക്കോട് ടൌണ്‍‌ഹാളില്‍ അവതരിപ്പിച്ച 'മനുഷ്യന്‍ കാരാഗൃഹത്തിലാണ് ' എന്ന നാടകമാണ് നാടകകൃത്തെന്ന നിലയില്‍ കെടിക്ക് പ്രതിഷ്ഠനേടിക്കൊടുത്തത്. കുട്ടികൃഷ്ണമാരാര്‍ അന്ന് സദസ്സിനുമുമ്പാകെ വെച്ചും പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ നിരൂപണത്തിലും ചൊരിഞ്ഞ പ്രശംസ കെടിയുടെ കലാജീവിതത്തില്‍ വമ്പിച്ച പ്രോല്‍സാഹനമായി.

തപാല്‍വകുപ്പില്‍ പാക്കറായിരിക്കെ 1951ല്‍ കെ ടി എഴുതിയ 'കണ്ണുകള്‍' ലോക ചെറുകഥാ മല്‍സരത്തില്‍ സമ്മാനം നേടി. 'ചെണ്ടയും മതവും', 'രോദനം' എന്നിങ്ങനെ തുടര്‍ന്നും ചില കഥകളെഴുതിയെങ്കിലും നാടകമാണ് തന്റെ മാധ്യമമെന്ന് കെ ടി തിരിച്ചറിഞ്ഞു. 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' എന്ന നാടകത്തിനു ലഭിച്ചതുപോലെയുള്ള സ്വീകരണങ്ങള്‍ കൂടിയായപ്പോള്‍ ഈ നാടകകാരന് പിന്നീട് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1953ല്‍ കെടിയുടെ 'ഇത് ഭൂമിയാണ് ' എന്ന നാടകം അരങ്ങേറിയപ്പോള്‍ വലിയ കോലാഹലമുണ്ടായി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ച നാടകമായിരുന്നു അത്.

അരൂര്‍പാലം വരുന്നതിനുംമുമ്പ് ഈ നാടകവുമായി ചങ്ങാടത്തില്‍ കയറിയെത്തിയ കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബായിരുന്നു മലബാറില്‍ നിന്ന് ആദ്യമായി തിരുവിതാംകൂറിലെത്തിയ നാടകസംഘം. കറവറ്റപശു, ഞാന്‍ പേടിക്കുന്നു, ഉറങ്ങാന്‍ വൈകിയരാത്രികള്‍, ചുവന്ന ഘടികാരം, പുതിയ വീട്, താക്കോലുകള്‍, രാത്രിവണ്ടികള്‍, ഓപ്പറേഷന്‍ തിയറ്റര്‍, കടല്‍പ്പാലം, കളിത്തോക്ക് എന്നിങ്ങനെ നിരവധി നാടകങ്ങള്‍ എഴുതിയ കെ ടി 1963ല്‍ 'കാഫര്‍' എഴുതിയശേഷം നാടകരംഗത്തു നിന്നു വിട്ടു നിന്നു. ഇക്കാലത്ത് കഥകളും നോവലുകളും എഴുതിയെങ്കിലും അന്വേഷണം കാര്യമായും നാടകത്തിനുവേണ്ടിത്തന്നെയായിരുന്നു. പുതിയൊരു സൃഷ്ടിപരമ്പരയാണ് പിന്നെ മലയാള നാടകവേദി കണ്ടത്.

രംഗഭാഷയുടെ പൊളിച്ചെഴുത്ത്

നീണ്ട ഇടവേളക്കുശേഷം 1969ല്‍ 'സൃഷ്ടി'യുമായി വീണ്ടും കെടി അരങ്ങിലെത്തി. അതൊരു പുനര്‍ജന്മമായിരുന്നു. രംഗഭാഷയുടെ പൊളിച്ചെഴുത്തിന്റെ കാലം. നാടകത്തെ സ്ഥലത്തിന്റെയും കാലത്തിന്റെയും ബന്ധനത്തില്‍നിന്നു മുക്തമാക്കാനുള്ള സര്‍ഗാത്മകഅന്വേഷണത്തിന്റെ ഫലമായി സൃഷ്ടിക്കു പിറകെ സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം എന്നിങ്ങനെ 'സ'കാര നാടകങ്ങളുടെ നിര തന്നെ അവതീര്‍ണമായി. സംഗമം എന്നപേരില്‍ സ്ഥാപിച്ച പുതിയ നാടക സമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ നാടകങ്ങള്‍ അവതരിപ്പിച്ചത്. നാടക പര്യവേഷണത്വരയുടെ നാളുകളില്‍ എക്സ്പെരിമെന്റല്‍ ആര്‍ട്സ് സെന്റര്‍ എന്നൊരു സമിതിയുടെ സ്ഥാപനത്തിനും കെ ടി നേതൃത്വം നല്‍കിയിരുന്നു. ഒടുവില്‍ കലിംഗ തിയറ്റര്‍ രൂപീകരിച്ചാണ് നാല്‍ക്കവല, കൈനാട്ടികള്‍, ദീപസ്തംഭം മഹാശ്ചര്യം, കുചേലവൃത്തം, അസ്തിവാരം, വേഷം പ്രഛന്നം, വെള്ളപ്പൊക്കം തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചത്. കെപിഎസിക്കുവേണ്ടി ജീവപര്യന്തം, സൂത്രധാരന്‍, പെന്‍ഡുലം തുടങ്ങിയ നാടകങ്ങള്‍ എഴുതി.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി എഴുതിയതാണ് കടല്‍പാലം, സംഗമം (അഛനും ബാപ്പയും), മുത്തുച്ചിപ്പി, സ്വന്തം ലേഖകന്‍ തുടങ്ങിയ നാടകങ്ങള്‍.രാജ്‌ഭവന്‍, പ്രവാഹം, തുറക്കാത്തവാതില്‍, തീക്കനല്‍, ദൈവശാസ്ത്രം എന്നിവ കെടിയുടെ മറ്റുപ്രമുഖ കൃതികളില്‍പ്പെടുന്നു. ചിരിക്കുന്ന കത്തി, ശബ്ദങ്ങളുടെ ലോകം,കളിയും കാര്യവും എന്നീ കഥാസമാഹാരങ്ങളും മാംസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളുംപ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ ടി യുടെനാടകങ്ങള്‍ മിക്കതും പുസ്തക പത്തില്‍പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചില നാടകങ്ങള്‍ഇനിയും പുസ്തകമാക്കിയിട്ടില്ല.

കെ ടി യുടെ നാടകങ്ങള്‍ റേഡിയോനാടകങ്ങളെന്ന നിലക്കും ആസ്വാദകശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കെ ടിയുടെ 'ടാക്സി'എന്ന റേഡിയോനാടകം കേള്‍ക്കാനിടയായതാണ് 'സ്വയംവര'ത്തിന്റെ പ്രമേയത്തിനുപ്രചോദനമായതെന്ന് കെ പി കുമാരന്‍ അനുസ്മരിച്ചിട്ടുണ്ട്. 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലേതുള്‍പ്പെടെ കുറെനാടകഗാനങ്ങളും കെടി യുടേതായുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളടങ്ങിയ ഓഡിയോകാസറ്റ് 'കെ ടി മുഹമ്മദിന്റെ നാടകഗാനങ്ങള്‍ ' എന്നപേരില്‍ പുറത്തിറക്കിയിട്ടുണ്ട്.

1962ല്‍ മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ചകോട്ട്' എന്ന നാടകത്തിനു തിരക്കഥ എഴുതിചലച്ചിത്ര രംഗത്തു പ്രവേശിച്ചകെ ടി ഒട്ടേറെചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുംഎഴുതിയിട്ടുണ്ട്. കണ്ണും കരളും, കടല്പാലം,മുത്തുച്ചിപ്പി, അച്ഛനും ബാപ്പയും, തുറക്കാത്ത വാതില്‍, ശരപഞ്ജരം, രാജഹംസം, പ്രവാഹം, മയിലാടും കുന്ന്, അടിമക്കച്ചവടം,അര്‍ച്ചന, ആരാധന എന്നിവ അവയില്‍ചിലതാണ്. 'സൃഷ്ടി' എന്ന സിനിമയുടെസംവിധാനവും കെ ടി നിര്‍വഹിച്ചു.

ലോക ചെറുകഥാമത്സരത്തില്‍ സമ്മാനംനേടി ജനശ്രദ്ധ പിടിച്ചുപറ്റിയ കെ ടിമുഹമ്മദിന് പിന്നീട് ഒട്ടേറെ പുരസ്കാരങ്ങള്‍ലഭിച്ചു. കോഴിക്കോട് കേന്ദ്രകലാസമിതി 1953ഓണക്കാലത്ത് നടത്തിയ നാടകമഹോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയത് ബ്രദേഴ്സ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച കെടി മുഹമ്മദിന്റെ 'കറവറ്റപശു' ആയിരുന്നു. രണ്ടാം സമ്മാനം തിക്കോടിയന്റെ ജീവിത'വും ചെറുകാടിന്റെ 'സ്വതന്ത്ര'യും പങ്കുവെച്ചു.പിന്നീട് കെ ടി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയായിരുന്നു. 'കാഫറി'ന് 1964ല്‍ നാടകത്തിനുള്ളകേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മദിരാശി സാഹിത്യ അക്കാദമിയും കെ ടിയെ അവാര്‍ഡ് നല്‍കി ആദരിച്ചു. 'സൃഷ്ടി' കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് നേടി.കേരള സംഗീതനാടക അക്കാദമിയുടെയുംകേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ഫെലോഷിപ്പ് കെ ടിക്ക് ലഭിച്ചിട്ടുണ്ട്. പി ജെആന്റണി ഫൌണ്ടേഷന്‍, അബുദാബി മലയാള സമാജം, പുഷ്പശ്രീ ട്രസ്റ്റ്, പത്മപ്രഭാസ്മാരകട്രസ്റ്റ് എന്നിവയും നാടകരംഗത്തെ സംഭാവനകള്‍ മാനിച്ച് കെ ടിക്ക്പുരസ്ക്കാരങ്ങള്‍ നല്‍കി. 2005ലെ ശങ്കരനാരായണന്‍തമ്പി അവാര്‍ഡും ഫാസ് നാടക പ്രതിഭാപുരസ്ക്കാരവും കെ ടിക്കായിരുന്നു. പാട്യം അവര്‍ഡും (2004) രാമാശ്രമം അവാര്‍ഡും (2005) ലഭിച്ചിട്ടുണ്ട്. അച്ഛനും ബാപ്പയും, തുറക്കാത്ത വാതില്‍ എന്നീചിത്രങ്ങള്‍ ദേശീയോദ്ഗ്രഥനത്തിനുള്ള കേന്ദ്രചലച്ചിത്ര അവാര്‍ഡ് നേടി. പ്രഥമ എസ് എല്‍ പുരം അവാര്‍ഡും(2007) കെടിക്കായിരുന്നു.

തന്റെ കലാജീവിതത്തിന്റെ തുടക്കംമുതല്‍ തന്നെ നാടകാഭിനയത്തില്‍ മികവ് പ്രകടിപ്പിച്ച കെ ടി 'തുറക്കാത്ത വാതില്‍','അന്ന', 'യാഗാശ്വം', 'ഉണരു' തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കെ പി ഉമ്മര്‍, നെല്ലിക്കോട് ഭാസ്കരന്‍, കുതിരവട്ടം പപ്പു, ശാന്താദേവി, വിക്രമന്‍നായര്‍ എന്നിങ്ങനെ നിരവധി കലാകാരന്‍മാരെ കെ ടി രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്റെയും കേരള സംഗീതനാടകഅക്കാദമിയുടെയും ചെയര്‍മാന്‍, പുരോഗമനകലാസാഹിത്യസംഘം,വൈസ് പ്രസിഡണ്ട്, കേരള സാഹിത്യഅക്കാദമി അംഗം, 'ചിത്രകാര്‍ത്തിക' വാരിക പത്രാധിപര്‍ എന്നീ നിലകളിലും കെ ടി മുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനായി നിലക്കൊണ്ടു ഈ നാടക പ്രതിഭ. പ്രശസ്ത നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകനുണ്ട് - ജിതിന്‍. പ്രശസ്ത നടനും കലിംഗ തിയറ്റേഴ്സിന്റെ സംഘാടകനുമായ കെ ടി സെയ്ത് ഏക സഹോദരനാണ്. അന്തരിച്ച പ്രശസ്ത നാടകകൃത്ത് പി എം താജ് സഹോദരീപുത്രനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന രക്തസാക്ഷി കുഞ്ഞാലി സഹോദരീ ഭര്‍ത്താവാണ്.

അന്തരിച്ച അതുല്യ പ്രതിഭയ്ക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ പ്രണാമം.

-കടപ്പാട്: ദേശാഭിമാനി

3 comments:

  1. അരങ്ങൊഴിഞ്ഞ അതുല്യ നാടക പ്രതിഭയ്ക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍..

    ReplyDelete
  2. ഇത്‌ ഭൂമിയാണ്‌ എന്ന് നമ്മെ ഓര്‍മിപ്പിച്ച്‌ കൊണ്ടിരുന്ന അതുല്യ പ്രതിഭക്ക്‌ ആദരാഞ്ജലികള്‍..

    ReplyDelete
  3. അരങ്ങൊഴിഞ്ഞ നാടകാചാര്യന്‍ ആദരാഞലികള്‍. ഒപ്പം നാടകാചാര്യന് ഈ പൊസ്റ്റ് സമര്‍പ്പിച്ച വര്‍ക്കേര്‍സ് ഫോറത്തിന് ആശംസകള്‍..

    ReplyDelete