Friday, September 5, 2008

അതെ, ഓര്‍മകളുണ്ടായിരിക്കണം

2008 ജൂലൈ 22. പാതിരാ വരെ നീണ്ടു പോയേക്കുമെന്നു കരുതിയ വിശ്വാസ പ്രമേയ ചര്‍ച്ച സ്പീക്കര്‍ പൊടുന്നനെ വെട്ടിച്ചുരുക്കി. ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ ശ്രീ മന്‍‌മോഹന്‍ സിങ്ങിനെ ക്ഷണിച്ചു. ആരവങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ കഴിയാതെ പ്രധാനമന്ത്രി തന്റെ പ്രസംഗം മേശപ്പുറത്തു വച്ചു. പ്രമേയത്തിനു വേണ്ടി വോട്ടു ചെയ്യാനും രാജ്യസഭാംഗമായ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ല. അങ്ങനെ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു വിശ്വാസപ്രമേയത്തിനു വോട്ടു ചെയ്യാന്‍ കഴിയാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പദവി അദ്ദേഹത്തിനു ലഭ്യമായി. പ്രമേയം പാസാക്കി സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ ശ്ലാഘനീയമായ പങ്കു വഹിച്ചയാളെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വിശേഷണം ചാര്‍ത്തിയ പാര്‍ലമെന്ററി കാര്യ മന്ത്രി വയലാര്‍ രവിക്കും വോട്ടു ചെയ്യാതെ കയ്യടിക്കാനുള്ള അവസരം കിട്ടി.

നമ്മുടെ പ്രധാനമന്ത്രി ഓര്‍മകളുണ്ടായിരിക്കണമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ്. തന്റെ മറുപടി പ്രസംഗത്തില്‍ 91-ലെ പല കാര്യങ്ങളും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ താന്‍ തുടങ്ങി വച്ചതും മുന്നോട്ടു കൊണ്ടുപോയതുമായ കാ‍ര്യങ്ങള്‍. ഇന്ത്യക്ക് അതു മൂലം ഉണ്ടായ വളര്‍ച്ചയില്‍ അദ്ദേഹം അഭിമാനം കൊള്ളുന്നു. പിന്നീടു വന്നവര്‍ക്കൊന്നും, ഇടതുപക്ഷത്തിനടക്കം, അത് തിരിച്ചിടാന്‍ കഴിഞ്ഞില്ലെന്നും അവകാശവാദമുന്നയിക്കുന്നു. അത് സ്ഥലജല വിഭ്രാന്തി മൂലമാവാം. ഇതിനിടയില്‍ എപ്പോഴെങ്കിലും ഇടതുപക്ഷം അധികാരത്തില്‍ വന്നതായി അദ്ദേഹം ധരിച്ചിരിക്കാനിടയില്ലെന്ന് കരുതിയാല്‍ മതി. 91-92ലെ ബജറ്റവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിലെ ഒരു ഉദ്ധരണിയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

“No power on earth can stop an idea whose time has come".

പൊതുമേഖലയെ തകര്‍ത്ത് ആ സ്ഥാനത്ത് സ്വകാര്യ മൂലധന ശക്തികളെ പ്രതിഷ്ഠിക്കാനുള്ള ലക്ഷ്യത്തോടെയുള്ള ബജറ്റാണ് അന്ന് മന്‍‌മോഹന്‍ സിങ്ങ് അവതരിപ്പിച്ചത്. ലോകബാങ്ക്, ഐ. എം. എഫ്. പ്രഭൃതികള്‍ രൂപം നല്‍കിയ, ആഗോളവല്‍ക്കരണത്തിന് പാകപ്പെടുത്താനുള്ള ഉടച്ചു വാര്‍ക്കല്‍ പ്രക്രിയക്കുള്ള രേഖയാണിതെന്ന് ബജറ്റ് പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ ഇടതുപക്ഷ എം. പി. മാര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അവരുടെ നേരെ തിരിഞ്ഞാണ് വിക്ടര്‍ ഹ്യൂഗോയുടെ മുകളില്‍ പറഞ്ഞ ഉദ്ധരണി ശ്രീ മന്‍‌മോഹന്‍ സിങ്ങ് പ്രയോഗിച്ചത്.

ഈ ലോകബാങ്ക്/ഐ.എം.എഫ് ‘ആശയം’ വിവിധ രാജ്യങ്ങളില്‍ 80-കള്‍ മുതല്‍ നടപ്പിലാക്കി വന്നവയാണ്. അതില്‍ മിക്ക രാജ്യങ്ങളും ഇന്നതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജനങ്ങള്‍ അത്തരം ഭരണാധികാരികളെ മാറ്റിക്കൊണ്ടിരിക്കുന്നു. നരസിംഹ റാവുവും വാജ്‌പേയിയും അങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നവരാണ്. മന്‍‌മോഹന്‍ സിങ്ങിനും ആ നയം നടപ്പിലാക്കാനുള്ള മാന്‍ഡേറ്റ് ജനങ്ങള്‍ നല്‍കിയിട്ടില്ല.

ഇവരുടെയൊക്കെ മൂത്താശാനായ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ 1930-കളിലെ സാമ്പത്തിക തകര്‍ച്ചയുടെ സ്ഥിതിയോടടുക്കുകയാണെന്ന് ബൂര്‍ഷ്വാ സാമ്പത്തിക വിദഗ്ദ്ധര്‍ തന്നെ പറയുന്നു. മൂന്നു ദശകത്തിലേറെയായി നടപ്പിലാക്കപ്പെട്ട സര്‍വതന്ത്ര സ്വതന്ത്ര കമ്പോള വ്യവസ്ഥയും, ലാഭം മാത്രം കുത്തിച്ചോര്‍ത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും, ഭക്ഷ്യധാന്യങ്ങളുടെ പോലും ഊഹക്കച്ചവടവും തുടരുന്നത് ആപല്‍ക്കരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിക്കാന്‍ ഭക്ഷണമില്ലാതെ ചെളി ചുട്ട് മക്കളെയൂട്ടുന്ന അമ്മയുടെ ചിത്രവും വാര്‍ത്തയും ആഫ്രിക്കയില്‍ നിന്നാണെങ്കില്‍ പാര്‍പ്പിടം നഷ്ടപ്പെട്ട് വെളിപ്പറമ്പില്‍ കുടില്‍ കെട്ടിയും ഉപേക്ഷിക്കപ്പെട്ട കാറുകള്‍ വീടാക്കിയും കഴിയുന്ന ജനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് വരുന്നത് അമേരിക്കയില്‍ നിന്നാണ്.

പണപ്പെരുപ്പ നിരക്ക് 12.1 ശതമാനമായതിലുള്ള ഉല്‍ക്കണ്ഠ പങ്കുവെച്ചു കൊണ്ടാണ് 1991-92ലെ ബജറ്റ് ശ്രീ മന്‍‌മോഹന്‍ സിങ്ങ് അവതരിപ്പിച്ചത്. അന്ന് പണപ്പെരുപ്പം വര്‍ധിച്ചത് അവശ്യസാധനങ്ങളുടെ വിലയില്‍ വന്ന വര്‍ധനവു മൂലമാണ്. വിദേശ കരുതല്‍ ധനം കുറയാനും, ബാലന്‍സ് ഓഫ് പേയ്‌മെന്റ് കുഴപ്പത്തിലായി സ്വര്‍ണ്ണം പണയം വെക്കാനുമുള്ള കാരണം പണപ്പെരുപ്പമാണെന്നു വരെ വാദിച്ചാണ് അതിനെല്ലാമുള്ള ഒറ്റമൂലിയായി ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ അടിച്ചേല്‍‌പിച്ചത്. കമ്പോളത്തിലേക്ക് പണം വഴി തിരിച്ച് വിടുന്നതിന് SLR, CRR നിരക്കുകള്‍ വെട്ടിക്കുറച്ചു. ഓഹരി മാര്‍ക്കറ്റിലേക്ക് നിക്ഷേപമൊഴുക്കി. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഝടുതിയില്‍ നീക്കം നടത്തി. പുതിയ സ്വകാര്യ ബാങ്കുകള്‍ ആരംഭിച്ചു. പൊതുമേഖലയുടെ നെടും തൂണായി നിന്ന ടേം ലെന്റിങ്ങ് സാമ്പത്തിക സ്ഥാപനങ്ങള്‍ ഇല്ലാതാക്കി. വായ്പാ പലിശ നിരക്കിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞു. നിക്ഷേപവും മൂലധനവും സ്വകാര്യ മേഖലയിലേക്കൊഴുക്കി. പണമൂലധനം വിദേശത്തു നിന്നും ഇന്ത്യന്‍ കമ്പോളത്തില്‍ പറന്നെത്തി. കമ്പോള ശക്തികള്‍ ഇവിടെ തിമിര്‍ത്താടി സമ്പത്ത് വീതം വെച്ചപ്പോള്‍ നാട്ടിലെ പാവപ്പെട്ട തൊഴിലാളിക്കും കര്‍ഷകനും കിട്ടിയതോ? മോഹനസുന്ദര വാഗ്ദാനങ്ങള്‍.

തന്റെ സര്‍ക്കാരിനെ നിലനിര്‍ത്താനയി ജനപ്രതിനിധികളെ വിലക്കു വാങ്ങാന്‍ നടത്തിയ സ്വതന്ത്ര കമ്പോള വിലപേശല്‍ നാടകം ഒരു ഭാഗത്ത് അരങ്ങേറുന്നത് കണ്ട് ജനങ്ങള്‍ ഞെട്ടിത്തരിച്ചപ്പോഴാണ് തന്റെ സര്‍ക്കാരിന്റെ മേന്മയെപ്പറ്റി സംസാരിക്കാന്‍ പ്രധാനമന്ത്രി ശ്രമം നടത്തിയത്. 1991-ല്‍ തുടങ്ങി വച്ച സാമ്പത്തിക മേഖലയിലെ വിധേയത്വം വിവിധ മേഖലകള്‍ പിന്നിട്ട് സൈനിക വിധേയത്വത്തിലൂടെ കടന്ന് ആണവ കരാറെന്ന സമ്പൂര്‍ണ്ണ വിധേയത്വമായി പരിണമിക്കുന്നത് സ്വപ്നം കാണുന്ന നമ്മുടെ പ്രധാന മന്ത്രി ഇന്ത്യന്‍ ജനതയോട് ‘നിങ്ങളെന്നെ വിശ്വസിക്കൂ’ എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നു. അദ്ദേഹം പലപ്പോഴും വികാരാധീനനാണ്. ജീവിതത്തിന്റെ ആദ്യത്തെ പത്തു വര്‍ഷങ്ങളില്‍ കുടിവെള്ളം ലഭ്യമല്ലാത്ത, വൈദ്യുതിയില്ലാത്ത, ആശുപത്രിയില്ലാത്ത, റോഡില്ലാത്ത ഗ്രാമത്തില്‍ മൈലുകള്‍ നടന്ന് സ്കൂളില്‍ പോയി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച തന്റെ പ്രതിബദ്ധതയെപ്പറ്റി 1991 ജൂലൈ 24-ന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് 2008 ജൂലൈ 22നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. അന്നത്തെ പ്രസംഗത്തില്‍ കര്‍ഷകരെയോര്‍ത്ത് അദ്ദേഹം കണ്ണീര്‍ മഴ തൂകിയിരുന്നു.

ഈ നയം നടപ്പിലായ 17 വര്‍ഷ കാലയളവില്‍ കോടാനുകോടി വരുന്ന സാധാരണ ഭാരത പൌരന് എന്തു കിട്ടിയെന്ന് അവന്റെ കണക്കു പുസ്തകം മറിച്ചു നോക്കി മനസ്സിലാക്കാന്‍ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രമിച്ചുവോ? അവിടെ കാണുന്നതെന്താണ്?

1991-ല്‍ അങ്ങു ചൂണ്ടിക്കാട്ടിയ പണപ്പെരുപ്പം അന്നത്തെ സീമ ലംഘിച്ച് 2008-ല്‍ മുകളിലേക്ക് പോവുകയാണ്. അവശ്യവസ്തുക്കളുടെ വിലയില്‍ വന്ന വര്‍ധനവ് അന്നത്തേക്കാള്‍ രൂക്ഷമാണ്. കാര്‍ഷിക മേഖലയിലെ നിക്ഷേപം കുറഞ്ഞു. ഉല്പാദനം കുറഞ്ഞു. കൃഷി കേവലം കച്ചവടമായി. മണ്ണില്‍ പണിയെടുക്കുന്നവന്‍ അവിടെ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്നു.

ഭക്ഷ്യ സംഭരണവും വിതരണവും മുതലാളി കയ്യടക്കി. അന്നം ഊഹക്കച്ചവടത്തിനുള്ള കേവലമായ ചരക്കായി. പട്ടിണി വച്ചാണ് ലാഭക്കൊതിയന്‍‌മാര്‍ വില പേശുന്നത്. അങ്ങ് മുന്നോട്ടുവച്ച നയം നടപ്പാകുന്ന മുറയ്ക്ക് ഓരോ 30 മിനുട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു. ഇത്രയധികം കര്‍ഷകരെ ആത്മഹത്യയിലേക്കു നയിച്ച പ്രധാനമന്ത്രിയെന്ന ഖ്യാതിയുടെ പൊന്‍‌‌തൂവല്‍ അങ്ങയുടെ തൊപ്പിയില്‍ തിളങ്ങുന്നു.

1990-91നും 2000-2001നുമിടയില്‍ കാര്‍ഷിക ചിലവ് 114.4% വര്‍ധിച്ചപ്പോള്‍ കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുള്ള വര്‍ധനവ് 100.2% മാത്രം. പണ്ടൊരിക്കല്‍ അങ്ങു തന്നെ സാരഥ്യം വഹിച്ച റിസര്‍വ് ബാങ്കിന്റെ കണക്കാണ്. സബ്‌സിഡികള്‍ പിന്‍‌വലിച്ചും വളത്തിനു വില കൂട്ടിയും ഉല്‍‌പന്നത്തിനു വില കുറച്ചും അങ്ങു നടപ്പിലാക്കിയ കമ്പോളവല്‍‌ക്കരണം കര്‍ഷകരെ രക്ഷിച്ചതിന്റെ കഥയാണിത്.

1969-നു മുന്‍പ് കര്‍ഷക വിഭാഗത്തില്‍ 18 ശതമാനത്തിനു മാത്രമാണ് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിച്ചിരുന്നത്. അങ്ങ് പലപ്പോഴും പുകഴ്ത്തിപ്പറയുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി 1969-ല്‍ ബാങ്കുകള്‍ പൊതുമേഖലയാക്കിയ ശേഷം കൃഷിക്കാരന്റെ ബാങ്കു വായ്പയിലെ ആശ്രിതത്വം വര്‍ധിച്ച് 63 ശതമാനം വരെയെത്തി. ഇപ്പോഴത് പഴയ 18 ശതമാനത്തിലേക്ക് പോവുകയാണ്.

പണ്ട് വട്ടിപ്പലിശക്കാരനാണ് കര്‍ഷകന് കൊള്ളപ്പലിശക്ക് പണം കടം കൊടുത്തത്. വട്ടിപ്പലിശക്കാരനില്‍ നിന്നും രക്ഷ തേടിയ കര്‍ഷകന്‍ വീണ്ടും അവന്റെ അടിമയായിരിക്കുന്നു. ഇപ്പോള്‍ വട്ടിപ്പലിശക്കാരനെ രക്ഷകനാക്കി പുനരവതരിപ്പിക്കാനും അതിനുള്ള നിയമം പാസാക്കിയെടുക്കാനുമാണല്ലോ അങ്ങ് ശ്രമിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി ദിവസം ഒന്നെന്ന കണക്കിന് ബാങ്കുകളുടെ ഗ്രാമീണ ശാഖകള്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. 2006-ല്‍ മാത്രം 1503 ശാഖകളാണ് ഇങ്ങനെ അടച്ചു പൂട്ടിയത്. സാമ്പത്തിക വികസന പ്രക്രിയയില്‍ ഗ്രാമീണ ജനതയെ ഉള്‍പ്പെടുത്തുമെന്ന്‍ അവകാശപ്പെടുന്ന സാമ്പത്തികമായ ഉള്‍ച്ചേര്‍ക്കലിനെപ്പറ്റി ഊറ്റം കൊള്ളുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്താണ്? 2005-06ല്‍ പൊതുമേഖലാ ബാങ്കുകള്‍ 486 പുതിയ ശാഖകളാണ് തുറന്നത്. അതിലൊന്നു പോലും ഗ്രാമീണ മേഖലയില്‍ ഇല്ല. വാക്കും പ്രവര്‍ത്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഉല്പാദന മേഖലയിലെ വളര്‍ച്ച ആശാവഹമായിരുന്നില്ല. പൊതുമേഖലയെ തകര്‍ക്കാനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ തേടുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള കരുതല്‍ ധനം വ്യവസായ വികസനത്തിനനുവദിക്കാതെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയാണ് പ്ലാനിംഗ് കമ്മീഷന്‍ ചെയ്തത്.

അടിസ്ഥാന മേഖലയുടെ തകര്‍ച്ചയുടെ പ്രതിഫലനമാണ് പണപ്പെരുപ്പത്തിലൂടെ, വിലക്കയറ്റത്തിലൂടെ, ആത്മഹത്യയിലൂടെ പ്രകടമാകുന്നത്. കലാവതിയെയും മക്കളെയും പോലെ പര:ശ്ശതം ജനങ്ങള്‍ കഞ്ഞി കുടിക്കാന്‍ വകയില്ലാതെ ഉഴലുമ്പോള്‍ അവര്‍ക്കു വേണ്ടത് ന്യൂക്ലിയര്‍ ഊര്‍ജമാണെന്ന് രാ‍ജീവപുത്രന്‍ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ പഠിപ്പിക്കുകയാണ്.

ഇവിടെ കഴിഞ്ഞ പതിനേഴു വര്‍ഷം കൊണ്ട് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?

ഇന്ത്യന്‍ മുതലാളിമാര്‍ ബഹുരാഷ്ട്ര മുതലാളിമാരായി. അവരിന്ന് വിദേശത്തെ ഉരുക്കുകമ്പനിയും മരുന്നുകമ്പനിയുമൊക്കെ പിടിച്ചടക്കാന്‍ കഴിവുള്ള പെരുത്ത മുതലാളിമാരാണ്. ഇവിടെയുള്ള ഇരുമ്പയിരു പോലെയുള്ള വിഭവങ്ങളും വൈദഗ്ദ്ധ്യവും ഉപയോഗിച്ച് വിദേശ കമ്പനികളില്‍ ഉല്പാദനം നടത്തി അവര്‍ സമ്പത്ത് കുന്നുകൂട്ടുന്നു.

ഇവിടത്തെ ശതകോടീശ്വരന്‍‌മാരുടെ എണ്ണം മൂന്നക്ക സംഖ്യയിലെത്തി. ഇവിടെ വളരുന്നത് ബില്യണയര്‍ ക്ലബ്ബുകളാണ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ മുതലാളി അര്‍ഹത നേടുന്നതു കണ്ട് ചിദംബരം ഹര്‍ഷപുളകിതനാകുന്നു.

ബില്യണയര്‍ ക്ലബ്ബുകളില്‍ വിനീതവിധേയനായി പ്രധാനമന്ത്രി കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയെപ്പറ്റി പ്രസംഗിക്കുന്നു. പാവപ്പെട്ടവര്‍ക്കായി മുതലാളിയോട് കേഴുന്നു. വേറെ പണി നോക്കാന്‍ അവര്‍ പറയുന്നതു കേട്ട് നിശ്ശബ്ദനാകുന്നു.

കോര്‍പറേറ്റ് മുതലാളിമാരുടെ സ്വത്തു തര്‍ക്കം തീര്‍ക്കുന്നയാളെന്ന ഖ്യാതിയും പ്രധാനമന്ത്രി നേടിയെടുത്തിരിക്കുന്നു.

ഈ പോക്ക് ശരിയല്ലെന്നു ഇടതുപക്ഷം പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. ശക്തിയായി പറയേണ്ടി വന്നപ്പോള്‍ ശക്തിയായി പറഞ്ഞു. ഇടതുപക്ഷം തന്നെ അടിമയാക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്. ഒരു സാധാരണ ബ്യൂറോക്രാറ്റിന്റെ മാനസികാവസ്ഥയിലേക്ക് അദ്ദേഹം ചെന്നു പെട്ടതാകാം. അപകടവശാല്‍ രാഷ്ട്രീയക്കാരനാകേണ്ടി വന്ന ശ്രീ മന്‍‌മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയാധിഷ്ടിത സാമ്പത്തിക സമീപനങ്ങളും രാഷ്ട്രീയ നീക്കങ്ങളും അനുഭവിക്കുന്ന, കാര്യങ്ങള്‍ നേരെ ചൊവ്വെ നോക്കിക്കാണുന്ന എല്ല്ലാവരും അദ്ദേഹം ആരുടെ അടിമയാണെന്ന് ശരിയാം വണ്ണം മനസ്സിലാക്കിയിട്ടുണ്ട്. ശ്രീ മന്‍‌മോഹന്‍ സിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് പ്രതീക്ഷിച്ചല്ല ഇടതുപക്ഷം ഈ സര്‍ക്കാരിന് പിന്തുണ നല്‍കിയത്.

ഈ നാട്ടിലെ 77 ശതമാനം ജനങ്ങളും ദിവസം കഴിച്ചു കൂട്ടുന്നത് 20 രൂപയില്‍ കുറഞ്ഞ വരുമാനം കൊണ്ടാണെന്ന് ചൂണ്ടുക്കാണിച്ചത് ഈ സര്‍ക്കാര്‍ തന്നെ നിയമിച്ച കമ്മിറ്റിയാണ്. കഴിയുന്നത്ര പേരെ BPL-ല്‍ നിന്ന് APL ആക്കുന്ന മാന്ത്രിക വിദ്യ പ്രയോഗിച്ച ശേഷവും ഈ രാജ്യം അഭിമുഖീകരിക്കുന്ന അതിദാരുണമായ സ്ഥിതിയാണിത്. 2006-07ല്‍ കോര്‍പറേറ്റ് മേഖലയ്ക്ക് 50000 കോടി രൂപയുടെ നികുതിയിളവാണ് നല്‍കിയത്. എക്സൈസ് ഡ്യൂട്ടിയിനത്തില്‍ ഒരു ലക്ഷം കോടി രൂപയാണ് അവര്‍ക്ക് ഇളവായി ലഭിച്ചത്. 4 കോടിയോളം വരുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് കമ്പോളത്തില്‍ നിലവിലുള്ള പലിശ നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. 8.5 ശതമാനം നിരക്കില്‍ പലിശ നല്‍കി 2.7 ലക്ഷം കോടിയോളം വരുന്ന നിക്ഷേപത്തില്‍ നിന്ന് അന്യായമായ കൊള്ളയാണ് സര്‍ക്കാര്‍ ഇക്കാലമത്രയും നടത്തി വന്നത്. ഇനി പി. എഫ്. നിക്ഷേപം ഓഹരി മാര്‍ക്കറ്റിലെ ചൂതാട്ടത്തിനായി അനില്‍ അംബാനി, എച്. എസ്. ബി. സി തുടങ്ങിയ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് വീതം വയ്ക്കുവാനാണ് തീരുമാനം. ബാങ്കു മെര്‍ജറും ഇന്‍ഷുറന്‍സ് സ്വകാര്യവല്‍ക്കരണവും ത്വരിതപ്പെടുത്താനുള്ള കാബിനറ്റ് തീരുമാനം ജൂലൈ 23-നു തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഓരോ ദിവസവും പുലരുന്നത് തലസ്ഥാനത്തു നിന്നുള്ള ഭയാനകമായ വാര്‍ത്തകളോടെയാണ്.

ന്യൂക്ലിയര്‍ കരാര്‍ മാത്രമല്ല, 2005 ജൂലൈ 18-ന് മന്‍‌മോഹന്‍ സിങ്ങിന്റെയും ബുഷിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്ത്യയിലെ കോര്‍പറേറ്റ് ഭീമന്‍‌മാരും ബ്യൂറോക്രാറ്റുകളും അവരുടെ അമേരിക്കന്‍ സമാനരും ചേര്‍ന്ന് രൂപം നല്‍കിയ സി. ഇ. ഓ. ഫോറം തീരുമാനിച്ച പദ്ധതികളെല്ലാം തന്നെ വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതിനെ ചെറുക്കാന്‍, പ്രതിരോധിക്കാന്‍, ജനങ്ങളും തയ്യാറെടുക്കുകയാണ്. പ്രധാനമന്ത്രി ഒന്നോര്‍ക്കുക - ജനവിധി അങ്ങേക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഒന്നുകൂടിയോര്‍ക്കുക - അങ്ങ് ജനവിധി തേടി ഇനിയും ജനങ്ങളെ സമീപിച്ചെന്നു വരില്ല. പക്ഷെ അങ്ങയുടെ പാര്‍ടിക്ക് ജനങ്ങളോട് ഉത്തരം പറയേണ്ടി വരും.

*****

എ. സിയാവുദീന്‍

(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

5 comments:

  1. പണപ്പെരുപ്പ നിരക്ക് 12.1 ശതമാനമായതിലുള്ള ഉല്‍ക്കണ്ഠ പങ്കുവെച്ചു കൊണ്ടാണ് 1991-92ലെ ബജറ്റ് ശ്രീ മന്‍‌മോഹന്‍ സിങ്ങ് അവതരിപ്പിച്ചത്. അന്ന് പണപ്പെരുപ്പം വര്‍ധിച്ചത് അവശ്യസാധനങ്ങളുടെ വിലയില്‍ വന്ന വര്‍ധനവു മൂലമാണ്. വിദേശ കരുതല്‍ ധനം കുറയാനും, ബാലന്‍സ് ഓഫ് പേയ്‌മെന്റ് കുഴപ്പത്തിലായി സ്വര്‍ണ്ണം പണയം വെക്കാനുമുള്ള കാരണം പണപ്പെരുപ്പമാണെന്നു വരെ വാദിച്ചാണ് അതിനെല്ലാമുള്ള ഒറ്റമൂലിയായി ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ അടിച്ചേല്‍‌പിച്ചത്.

    കമ്പോളത്തിലേക്ക് പണം വഴി തിരിച്ച് വിടുന്നതിന് SLR, CRR നിരക്കുകള്‍ വെട്ടിക്കുറച്ചു. ഓഹരി മാര്‍ക്കറ്റിലേക്ക് നിക്ഷേപമൊഴുക്കി. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഝടുതിയില്‍ നീക്കം നടത്തി. പുതിയ സ്വകാര്യ ബാങ്കുകള്‍ ആരംഭിച്ചു. പൊതുമേഖലയുടെ നെടും തൂണായി നിന്ന ടേം ലെന്റിങ്ങ് സാമ്പത്തിക സ്ഥാപനങ്ങള്‍ ഇല്ലാതാക്കി. വായ്പാ പലിശ നിരക്കിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞു. നിക്ഷേപവും മൂലധനവും സ്വകാര്യ മേഖലയിലേക്കൊഴുക്കി.

    പണമൂലധനം വിദേശത്തു നിന്നും ഇന്ത്യന്‍ കമ്പോളത്തില്‍ പറന്നെത്തി. കമ്പോള ശക്തികള്‍ ഇവിടെ തിമിര്‍ത്താടി സമ്പത്ത് വീതം വെച്ചപ്പോള്‍ നാട്ടിലെ പാവപ്പെട്ട തൊഴിലാളിക്കും കര്‍ഷകനും കിട്ടിയതോ? മോഹനസുന്ദര വാഗ്ദാനങ്ങള്‍.

    ഇന്നിപ്പോള്‍ പണപ്പെരുപ്പ നിരക്ക് നിരീക്ഷിക്കുന്ന ആരെങ്കിലും ഇതൊക്കെ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ അവരെ കുറ്റം പറയാനാവുമോ?

    ReplyDelete
  2. യൂ പീ എക്കു ഭരണം കിട്ടില്ലെങ്കില്‍ പിന്നെ ബീ ജെ പി ആയിരിക്കുമല്ലോ ഇന്ത്യ ഭരിക്കാന്‍ പോകുന്നത്‌ , കെരളത്തിലെ മികച്ച ഭരണം കൊണ്ടു കെരളത്തില്‍ രണ്ടില്‍ കൂടുതല്‍ സീറ്റു കമ്യൂണിസ്റ്റുകാര്‍ പ്രതീക്ഷിക്കണ്ട പിടിച്ചതിനേക്കാള്‍ വലുതാണു മാളത്തില്‍ എന്നതു അപ്പോള്‍ മനസ്സിലാകും, ഭരണ പരിചയം ആണു കോണ്‍ഗ്രസിണ്റ്റെ മേന്‍മ, ഭരണ പരിചയം ഇല്ലായ്മയും പിടിപ്പുകേടും ആണൂ ബീ ജേപ്പിക്കും സീ പീ എമിനും ഉള്ളത്‌ മായാവതി ഏതായാലും യൂ പീയില്‍ പോലും ഒന്നും ആകാന്‍ പോകുന്നില്ല, കരാര്‍ ഒപ്പിടണമെന്നു തന്നെയാണു ബീജെപ്പിക്കും അല്ലെങ്കില്‍ പത്തു എം പീ മാര്‍ കൂറു മാറി വോട്ട്‌ ചെയ്യില്ലല്ലോ കോണ്‍ഗ്രസിണ്റ്റെ സാമ്പത്തിക നയങ്ങള്‍ തന്നെ കുറെക്കൂടി തീവ്രവും പ്രാക്ര്‍തവുമായ രൂപത്തില്‍ ബീ ജേ പി തുടരും താരകമലരുകള്‍ വിടരും പാടം അപ്പോഴും ദൂരെ അങ്ങു ദൂരെ ചക്രവാളത്തില്‍

    തെറ്റു ചെയ്യുക തിരുത്തുക ചെയ്യുക തിരുത്തുക എന്നതാണല്ലോ നമ്മടെ നയം, പിണറായി ചേട്ടന്‍ മാത്റം വിസ്മയ പാര്‍ക്കും ഫൈവ്‌ സ്റ്റാറ്‍ ഹോട്ടലും ഉണ്ടാക്കി മുന്നോട്ടു പോകുന്നുണ്ട്‌ കാരാട്ടിനും ബ്രുന്ദക്കും അവിടെ എ സിയില്‍ താമസിക്കാം

    ReplyDelete
  3. Aarushi, better sent your frustuations to Veekshanam

    ReplyDelete
  4. യൂ പീ എക്കു ഭരണം കിട്ടില്ലെങ്കില്‍ പിന്നെ ബീ ജെ പി ആയിരിക്കുമല്ലോ ഇന്ത്യ ഭരിക്കാന്‍ പോകുന്നത്‌ ?

    തന്നേ???

    കെരളത്തിലെ മികച്ച ഭരണം കൊണ്ടു കെരളത്തില്‍ രണ്ടില്‍ കൂടുതല്‍ സീറ്റു കമ്യൂണിസ്റ്റുകാര്‍ പ്രതീക്ഷിക്കണ്ട

    ആരുഷിയുടെ ഒരു ഹ്രിദയ വിശാലത...

    ഭരണ പരിചയം ആണു കോണ്‍ഗ്രസിണ്റ്റെ മേന്‍മ,

    ഇപ്പോ രണ്ടര സംസ്ഥാനത്തിലേ കാങ്ക്രസ് ഭരണം ഉള്ളൂ..നല്ല പരിചയം ആ അവസ്ഥയിലെത്തിച്ച്.

    ഒപ്പിടണമെന്നു തന്നെയാണു ബീജെപ്പിക്കും അല്ലെങ്കില്‍ പത്തു എം പീ മാര്‍ കൂറു മാറി വോട്ട്‌ ചെയ്യില്ലല്ലോ

    എന്റമ്മച്ചീ...നല്ല വിശകലനം. കൂറുമാറാത്തവര്‍ എന്തിനാണാവോ രാഷ്ടീയത്തില്‍ ഇപ്പോഴും?

    കോണ്‍ഗ്രസിണ്റ്റെ സാമ്പത്തിക നയങ്ങള്‍ തന്നെ കുറെക്കൂടി തീവ്രവും പ്രാക്ര്‍തവുമായ രൂപത്തില്‍ ബീ ജേ പി തുടരും

    ഇത് ശരി...ആരുഷി വന്ന് വന്ന് ഇടതായോ? അവരും പറയുന്നത് സാമ്പത്തിക നയങ്ങള്‍ രണ്ടുപേരുടെയും ഒന്നു പോലെ എന്നു തന്നെ.

    ReplyDelete
  5. അരൂഷി = കോത. പാട്ടു പാടും, പക്ഷെ അര്‍ത്ഥമാറിയില്ല........!!

    ReplyDelete