Tuesday, September 23, 2008

വീണ്ടും ആക്രമിക്കപ്പെടുമ്പോള്‍

സാധാരണപോലെ, ദല്‍ഹി സ്‌ഫോടനത്തെതുടര്‍ന്നും അന്വേഷണം ആരംഭിക്കുംമുമ്പ് തന്നെ സിമിയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പ്രസ്താവന വന്നു. മുംബൈയിലെ കമ്പ്യൂട്ടര്‍ വിദഗ്ധനായ തൌഖീറാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനെന്നും ഈ സമയത്തിനകം പോലിസ് കണ്ടെത്തി. ഓരോ സ്‌ഫോടനം നടക്കുമ്പോഴും പോലിസ് അവകാശവാദം ഇതുതന്നെയാണ്. സൂത്രധാരനെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. അടുത്തൊരു സ്‌ഫോടനം നടക്കുന്നതുവരെ ഇത്തരം സൂത്രധാരന്മാരെല്ലാം പിടിയിലകപ്പെട്ടിരിക്കുന്നു എന്ന പോലിസ് ഭാഷ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പ്രതികളുടെ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങളും ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങളും പോലിസ് പുറത്തുവിട്ടുകൊണ്ടിരിക്കും. ജനങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന മിഥ്യാബോധം ഉണ്ടാവുകയും ചെയ്യും.


എന്നാല്‍ യഥാര്‍ഥ കുറ്റവാളികള്‍ ഇപ്പോഴും അകലെ എവിടെയോ സുരക്ഷിതരായി കഴിയുകയാണ്. കുറ്റം തെളിയിക്കപ്പെട്ട ഒരാളെപ്പോലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. പിടിക്കപ്പെട്ടവരൊക്കെ നിരപരാധികളായ സാധുക്കളാണ്. മൃഗീയപീഡനം നടത്തി അവരെക്കൊണ്ട് പോലിസ് കുറ്റസമ്മതം നടത്തിക്കുകയാണ്.

പോലിസിന്റെ ഭാഗത്തുനിന്നുള്ള ഈ പരാജയം പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്നാമത് ഒരു സമുദായത്തിലെ യുവാക്കളെ മാത്രമാണ് അവര്‍ ലക്ഷ്യംവെക്കുന്നത്. മറ്റ് സാധ്യതകളെക്കുറിച്ച് ആവര്‍ത്തിച്ചുള്ള സൂചനകള്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നല്‍കിയിട്ടും ആ ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ അവര്‍ സന്നദ്ധരായിട്ടില്ല. രണ്ടാമത് ഇത്തരം കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഭരണകക്ഷിയില്‍നിന്നും ഒരു സമുദായത്തെ മാത്രം ഇരകളാക്കാന്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ സമ്മര്‍ദം പോലിസിന് മേലുണ്ട്. ഇത്രയും വലിയ സ്‌ഫോടനങ്ങള്‍ നടത്താനുള്ള 'സിമി'യുടെ കഴിവ് തന്നെ സംശയകരമാണ്. കൃത്യമായ തെളിവുകളൊന്നും ഇതിന് കിട്ടിയിട്ടില്ല. തെളിവിന്റെ അഭാവത്തില്‍ സിമിനിരോധം നീട്ടാന്‍ ട്രൈബ്യൂണല്‍ തയാറാകാതിരുന്നത് കേന്ദ്രഗവണ്‍മെന്റിന് വലിയ ആഘാതമാണുണ്ടാക്കിയത്. ഉടനെ അവര്‍ സുപ്രീംകോടതിയിലേക്ക് ഓടുകയായിരുന്നു. നിരോധം നീട്ടിക്കിട്ടല്‍ സുപ്രീംകോടതിയിലും എളുപ്പമുള്ള കടമ്പയായിരിക്കില്ല.

ഇന്റലിജന്‍സ് കേന്ദ്രഗവണ്‍മെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. സിമിയെ നിരോധിച്ചില്ലെങ്കില്‍ ബി.ജെ.പി നടത്തിയേക്കാവുന്ന ശക്തമായ പ്രചാരണം ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന ഭയവും സര്‍ക്കാറിനുണ്ട്. നമ്മുടെ രാഷ്ട്രീയം തീര്‍ത്തും വര്‍ഗീയ-ജാതീയപരിഗണനകള്‍ക്ക് അടിപ്പെട്ടുപോവുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണഘടനാ തത്ത്വങ്ങള്‍ കാറ്റില്‍പറത്തുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. സെക്യുലര്‍ എന്നവകാശപ്പെടുന്ന യു.പി.എ പോലും ബി.ജെ.പി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിയാണ് നിലപാടെടുക്കുന്നത്.

ബി.ജെ.പി ശക്തമായ ഒരു പ്രസ്താവന ഇറക്കുമ്പോഴേക്കും യു.പി.എ സര്‍ക്കാര്‍ അവരുടെ നിലപാടുകള്‍ മാറ്റുകയും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുകയും ചെയ്യുന്നു. വര്‍ഗീയ ശക്തികളെ എതിരിടാനും രാഷ്ട്രീയമായി പരാജയപ്പെടുത്താനുമുള്ള ഇച്ഛാശക്തി സര്‍ക്കാറിന് നഷ്ടമായിരിക്കുന്നു. ബി.ജെ.പിക്കാവട്ടെ, ഭീകരതയെ നേരിടാനുള്ള ഏക പോംവഴി 'പോട്ട' പുനരവതരിപ്പിക്കലും കൂടുതല്‍ നിരപരാധികളായ മുസ്ലിംചെറുപ്പക്കാരെ വേട്ടയാടലുമാണ്.

തങ്ങളുടെ പോലിസിനെക്കൊണ്ട് സ്‌ഫോടനക്കേസുകള്‍ സത്യസന്ധമായി അന്വേഷിപ്പിക്കാനും കുറ്റവാളികളെ കണ്ടെത്താനുമുള്ള ധൈര്യം യു.പി.എക്കില്ല. ഭീകര പ്രവര്‍ത്തനങ്ങളിലുള്ള പങ്ക് സിമി നേതൃത്വം ശക്തമായി നിഷേധിച്ചിട്ടുണ്ട്. ആദ്യനിരോധത്തോടെ തന്നെ സംഘടന പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ടെന്ന് നിരോധസമയത്തെ സിമി പ്രസിഡന്റായ ഷാഹിദ് ബദര്‍ ട്രൈബ്യൂണല്‍ മുമ്പാകെ സത്യവാങ്‌മൂലം സമര്‍പ്പിച്ചുട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുകയാണ് സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിരോധത്തിനുമുമ്പേ അത്രയൊന്നും പ്രസക്തിയില്ലാത്ത സംഘടനയായിരുന്നു സിമി. നേരത്തേ സിമിക്ക് ആശീര്‍വാദം നല്‍കിയിരുന്ന ജമാഅത്തെ ഇസ്ലാമിയും അതിവാദ ചിന്തകള്‍ കാരണം അവരെ കൈയൊഴിഞ്ഞിരുന്നു. പിന്നീട് അവര്‍ക്ക് അവര്‍ മാത്രമാണുണ്ടായിരുന്നത്. സിമിക്ക് തീവ്രവാദ ചിന്തകള്‍ ഉണ്ടായിരുന്നു എന്നതും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് അവിവേകങ്ങള്‍ സംസാരിച്ചിരുന്നുവെന്നതും തര്‍ക്കമില്ലാത്ത കാര്യങ്ങളാണ്. മുസ്ലിം പൊതുസമൂഹത്തിലോ ബുദ്ധിജീവികളിലോ സിമിക്ക് ഒരു വേരോട്ടവും ഉണ്ടായിരുന്നില്ല. 'മഹ്‌മൂദ് ഗസ്നവിയെ ഇന്ത്യ കാത്തിരിക്കുകയാണ് ' എന്ന പ്രകോപനപരമായ പോസ്റ്റര്‍ പതിക്കുകവഴി കാണ്‍പൂര്‍ കലാപത്തിന് കാരണമാവുന്നതില്‍ ഒരു പങ്ക് വഹിച്ചതുമൂലം അവര്‍ നിരോധിക്കപ്പെട്ടിരുന്നു. ഉത്തരവാദപ്പെട്ട എല്ലാ മുസ്ലിം നേതാക്കളും ചിന്തകരും സിമിയുടെ ആ പോസ്റ്ററിനെ ശക്തമായി അപലപിച്ചിരുന്നു.

അതിനുശേഷം സിമി തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കാര്യമായ തെളിവുകളൊന്നുമില്ല. അതിനാല്‍തന്നെ, യു.പി മുഖ്യമന്ത്രിയായിരിക്കെ മുലായം സിംഗ് യാദവ് സിമിക്കെതിരായ കേസുകള്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ സിമിയുടെ മിക്ക ഉന്നത നേതാക്കളെയും പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മധ്യപ്രദേശില്‍ വെച്ച് സഫ്‌ദര്‍ നാഗൂരിയെയും മറ്റ് നേതാക്കളെയും അറസ്റ്റു ചെയ്തപ്പോള്‍ മുംബൈ ട്രെയിന്‍സ്‌ഫോടനം അടക്കമുള്ള എല്ലാ കേസുകള്‍ക്കും തുമ്പുണ്ടാവും എന്നായിരുന്നു പോലിസിന്റെ അവകാശവാദം. നാഗൂരിയും കൂട്ടരും കസ്റ്റഡിയില്‍ തന്നെയാണെങ്കിലും ഒരു കേസിലും തുമ്പുണ്ടാക്കാന്‍ ഇതുവരെ പോലിസിനായിട്ടില്ല.

പിന്നെയാണ് അഹ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങള്‍ നടക്കുന്നത്. ധാരാളം ആളുകള്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം ബോംബുകള്‍ വെച്ചത് ആരാണെന്നത് ഇപ്പോഴും നിഗൂഢതയായി തുടരുകയാണ്. ഈ ബോംബുകളാവട്ടെ, മരങ്ങളിലും പരസ്യബോര്‍ഡുകളിലും പാലങ്ങളിലും മറ്റുമാണ് വെച്ചിരുന്നത്. ആരുമറിയാതെ ഇത്രയധികം ബോംബുകള്‍ ഇത്തരം സ്ഥലങ്ങളില്‍ വെക്കാന്‍ കഴിഞ്ഞതെങ്ങനെ? ഉത്തരംകിട്ടാത്ത ചോദ്യമായി തുടരുകയാണത്.

മറക്കുപിന്നില്‍ ആരോ കളിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അവരിലേക്കെത്താന്‍ പോലിസിന് ഇതുവരെ ആയിട്ടില്ല. ഓരോ സ്‌ഫോടനശേഷവും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യും. സ്‌ഫോടനങ്ങള്‍ വീണ്ടും മുടക്കമില്ലാതെ നടക്കുമ്പോള്‍ പോലിസ് വിരല്‍ കടിക്കുകയാണ്. എന്തുകൊണ്ടാണ് ഇതിങ്ങനെ തുടരുന്നത്? പോലിസും ഇന്റലിജന്‍സും കഠിനപ്രയത്നം ചെയ്യാതിരിക്കുകയും മുന്‍വിധിയില്‍ തളച്ചിടപ്പെടുകയും ചെയ്തതു മൂലം മാത്രം ഒരു രാജ്യത്തിലെ ജനങ്ങള്‍ എത്ര കാലം ഇത് സഹിക്കണം?

സംശയത്തിന്റെ പേരുപറഞ്ഞ് മുസ്ലിംചെറുപ്പക്കാരെ പിടികൂടുന്ന ഏര്‍പ്പാട് ദല്‍ഹി സ്‌ഫോടനത്തിനുശേഷവും പോലിസ് തുടരുകയാണ്. മുസ്ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ അവബോധത്തിനായി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സല്‍ നോളജ് ട്രസ്റ്റിന്റെ മേധാവിയായ അബ്ദുറഷീദ് അഗ്വാനെ ഇത്തരത്തില്‍ പിടിച്ചിരിക്കുകയാണ്. പ്രശസ്ത സാമൂഹികപ്രവര്‍ത്തകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അറസ്റ്റിനെ മുസ്ലിം മജ്‌ലിസെ മുശാവറ ശക്തമായ ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ഇനിയും എത്ര നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരാണ് ഇങ്ങനെ പിടിക്കപ്പെടാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം.

ആഗസ്റ്റ് 22 മുതല്‍ 24 വരെ ഹൈദരാബാദില്‍ നടന്ന പൊതുതെളിവെടുപ്പിലെ ഒരു ജൂറി അംഗമായിരുന്നു ഞാന്‍. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട നിരവധി മുസ്ലിം ചെറുപ്പക്കാരുടെ കഥകളാണ് ഞങ്ങള്‍ക്ക് അന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇത്തരം എല്ലാ അറസ്റ്റുകള്‍ക്കും ശേഷവും മുഖ്യ സൂത്രധാരന്‍ പിടിയിലായി എന്നായിരുന്നു പോലിസ് അവകാശപ്പെട്ടിരുന്നത്. പിന്നീട് തെളിവില്ലാത്തതിന്റെ പേരില്‍ കോടതികളാണ് ഈ സൂത്രധാരന്മാരെ വെറുതെവിട്ടത്. പീഡിപ്പിച്ച് പറയിപ്പിക്കുന്ന കുറ്റസമ്മതങ്ങള്‍ മാത്രമേ പോലിസിന് തെളിവായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഇത്തരം കുറ്റസമ്മതങ്ങളെയും തെളിവായി സ്വീകരിക്കുന്ന 'പോട്ട' തന്നെ വേണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെടുന്നതും.

പോട്ട പിന്‍വലിക്കുന്നതിനു മുമ്പ് പിടിക്കപ്പെട്ടവരൊക്കെ ഇതുപോലുള്ള 'കുറ്റസമ്മത'ത്തിന്റെ പേരില്‍ ജയിലില്‍ തന്നെയാണ്. ഗോധ്ര സംഭവത്തിനുശേഷം പിടിക്കപ്പെട്ട നൂറോളം ദരിദ്ര മുസ്ലിംകള്‍ കുറ്റവിചാരണ പോലും നടത്താതെ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. പോട്ട പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ പോലും തെളിവുകളില്ലെന്ന് റിവ്യൂ കമ്മിറ്റി അഭിപ്രായപ്പെട്ടെങ്കിലും അവരെ വിട്ടയക്കാന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമായില്ല.

സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുടനെ അയക്കപ്പെടുന്ന ഇ - മെയിലുകള്‍ സൂചിപ്പിക്കുന്നത്, ഇന്ത്യന്‍ മുജാഹിദീന്റെ മറവില്‍ വിദഗ്ധരായ കുറച്ചാളുകള്‍ പണിയെടുക്കുന്നുണ്ടെന്നാണ്. അവര്‍ക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ അറിയുന്നതോടൊപ്പം ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും ഇന്ത്യയിലെ മുസ്ലിം സ്ഥിതിഗതികളെക്കുറിച്ചും നല്ല പിടിപാടുണ്ട്. അവരുടെ ഇംഗ്ലീഷ് പരിജ്ഞാനവും മികച്ചതാണ്. സിമിയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാരും തന്നെ ഇത്രയും വിദഗ്ധരല്ല. മുഖ്യ സൂത്രധാരന്മാരെയും നേതാക്കളെയും പിടികൂടിയെന്ന പോലിസ് ഭാഷ്യം പൊളിയുന്നതും ഇവിടെയാണ്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലിസില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ യു.പി.എയും കോണ്‍ഗ്രസും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും രാജ്യത്തെ രക്ഷിക്കാനും തയാറാവുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതീക്ഷകള്‍ വിരളമാണ്. വര്‍ഗീയശക്തികളെ അതൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിവില്ലാതായിരിക്കുന്നു.

സര്‍ക്കാറിന്റെ തെറ്റായ രീതികളില്‍ പ്രതിഷേധിക്കാനും സമ്മര്‍ദം ചെലുത്താനും കഴിയാത്തവണ്ണം പൊതുസമൂഹവും ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇനി പോലിസ് ഭാഷ്യം പോലെ സിമിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് കരുതിയാലും ദുരന്തങ്ങള്‍ തടയാനാവാത്തത് പോലിസിന്റെ വീഴ്ച തന്നെയാണ്. സിമി ഒരു ചെറിയ സംഘടനയും ഇന്ത്യന്‍ പോലിസ് ഒരു വന്‍ സംവിധാനവുമാണ്. പോലിസ് വിചാരിച്ചാല്‍ ഏതു സംഘടനയെയും തടുക്കാവുന്നതേയുള്ളൂ. ഇത്തരം വന്‍ സ്‌ഫോടനങ്ങള്‍ നടത്തണമെങ്കില്‍ സിമിക്ക് വലിയ സാമ്പത്തിക പിന്‍ബലം ഉണ്ടാവേണ്ടതല്ലേ? എവിടെനിന്നാണ് പണം വരുന്നത്? മറ്റ് രാജ്യങ്ങളില്‍ നിന്ന് പണം വരുന്നുണ്ടെങ്കില്‍ അത് തടയുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെടുകയല്ലേ? സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത, ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഇന്റലിജന്‍സ് സംവിധാനത്തെ അടിയോടെ പിഴുതെറിയേണ്ടതുണ്ട്.

ചില ശക്തമായ സ്രോതസ്സുകളും സംഘടനകളും ഇതിന് പിന്നിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷപാതരഹിതമായ നിലപാടും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ടെങ്കിലേ ഈ നിഗൂഢതയെ തകര്‍ക്കാനാവൂ. അല്ലാത്തപക്ഷം വിലകൊടുക്കേണ്ടിവരിക ഇന്ത്യന്‍ ജനതയായിരിക്കും. രാജ്യത്തിന്റെ ശത്രുക്കളും ഭീകരരും അന്തിമവിജയം നേടുകയും ചെയ്യും. അതിനാല്‍ ഭീകരതയെ ചെറുക്കണമെങ്കില്‍ പോലിസ് അന്വേഷണത്തിന്റെ ഗതി മാറ്റിയേ മതിയാവൂ.

മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നതിനുപകരം അവരെ വിശ്വാസത്തിലെടുത്തും ആത്മവിശ്വാസം നല്‍കിയും മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. മുന്‍ ഡി.ജി.പി ജൂലിയോ റബിറോ അഭിപ്രായപ്പെട്ടപോലെ സമുദായത്തിന്റെ സഹകരണം ഭീകരതയെ വെറുക്കുന്നതിന് ഏറെ ഗുണകരമായിരിക്കും. പക്ഷേ, ഭീകരവിരുദ്ധ സ്ക്വാഡും സര്‍ക്കാറും ഇതൊക്കെ കേള്‍ക്കാന്‍ തയാറാവുമോ?

ശ്രീ അസ്‌ഗര്‍ അലി എഞ്ചിനീയര്‍ എഴുതിയ And They Struck Again എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

കടപ്പാട്: മാധ്യമം

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ക്കാറിന്റെ തെറ്റായ രീതികളില്‍ പ്രതിഷേധിക്കാനും സമ്മര്‍ദം ചെലുത്താനും കഴിയാത്തവണ്ണം പൊതുസമൂഹവും ദുര്‍ബലപ്പെട്ടിരിക്കുന്നു. ഇനി പോലിസ് ഭാഷ്യം പോലെ സിമിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് കരുതിയാലും ദുരന്തങ്ങള്‍ തടയാനാവാത്തത് പോലിസിന്റെ വീഴ്ച തന്നെയാണ്. സിമി ഒരു ചെറിയ സംഘടനയും ഇന്ത്യന്‍ പോലിസ് ഒരു വന്‍ സംവിധാനവുമാണ്. പോലിസ് വിചാരിച്ചാല്‍ ഏതു സംഘടനയെയും തടുക്കാവുന്നതേയുള്ളൂ. ഇത്തരം വന്‍ സ്‌ഫോടനങ്ങള്‍ നടത്തണമെങ്കില്‍ സിമിക്ക് വലിയ സാമ്പത്തിക പിന്‍ബലം ഉണ്ടാവേണ്ടതല്ലേ? എവിടെനിന്നാണ് പണം വരുന്നത്? മറ്റ് രാജ്യങ്ങളില്‍ നിന്ന് പണം വരുന്നുണ്ടെങ്കില്‍ അത് തടയുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെടുകയല്ലേ? സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത, ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഇന്റലിജന്‍സ് സംവിധാനത്തെ അടിയോടെ പിഴുതെറിയേണ്ടതുണ്ട്.

ചില ശക്തമായ സ്രോതസ്സുകളും സംഘടനകളും ഇതിന് പിന്നിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷപാതരഹിതമായ നിലപാടും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ടെങ്കിലേ ഈ നിഗൂഢതയെ തകര്‍ക്കാനാവൂ. അല്ലാത്തപക്ഷം വിലകൊടുക്കേണ്ടിവരിക ഇന്ത്യന്‍ ജനതയായിരിക്കും. രാജ്യത്തിന്റെ ശത്രുക്കളും ഭീകരരും അന്തിമവിജയം നേടുകയും ചെയ്യും. അതിനാല്‍ ഭീകരതയെ ചെറുക്കണമെങ്കില്‍ പോലിസ് അന്വേഷണത്തിന്റെ ഗതി മാറ്റിയേ മതിയാവൂ.

മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നതിനുപകരം അവരെ വിശ്വാസത്തിലെടുത്തും ആത്മവിശ്വാസം നല്‍കിയും മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. മുന്‍ ഡി.ജി.പി ജൂലിയോ റബിറോ അഭിപ്രായപ്പെട്ടപോലെ സമുദായത്തിന്റെ സഹകരണം ഭീകരതയെ വെറുക്കുന്നതിന് ഏറെ ഗുണകരമായിരിക്കും. പക്ഷേ, ഭീകരവിരുദ്ധ സ്ക്വാഡും സര്‍ക്കാറും ഇതൊക്കെ കേള്‍ക്കാന്‍ തയാറാവുമോ?

Anonymous said...

ജയറം പടിക്കലിനെ പോലെയുള്ള ഉറച്ച പരിചയസമ്പന്നരായ പോലീസ്‌ ഉദ്യോഗസ്തരുടെയും കരുണാകരനെപോലെ മികച്ച സപ്പോര്‍ട്ട്‌ നല്‍കാന്‍ കഴിവുള്ള നേതാക്കളുടെയും അഭാവം ആണൂ ഇതിനൊക്കെ കാരണം സോണിയയുടെ ചെരുപ്പുനക്കിയായ ശിവരാജ്‌ പാട്ടീലിനെ മാറ്റി കേ പീ എസ്‌ ഗിലിനെ നിയമിക്കാനുള്ള ബുധി കാണിക്കാത്തതിനു യൂ പീ എ വലിയ വില കൊടുക്കേണ്ടി വരും ബീ ജേ പിക്കാലത്തും ഗതി ഇതൊക്കെ തന്നെ മുസ്ളീം ഒരു ക്ളോസ്ഡ്‌ സൊസൈറ്റി ആണു വടക്കേ ഇന്ത്യയില്‍ മുസ്ളീങ്ങള്‍ പോലീസ്‌ ഫോര്‍സിലും ആര്‍മിയിലും തീരെ ഇല്ല എന്നു തന്നെ പറയാം ഇതു ബേസിക്‌ ഇണ്റ്റലിജന്‍സു കളക്ട്‌ ചെയ്യാന്‍ തടസ്സമാണു റാ സീ ബീ ഐ ഒക്കെ വളരെ കറപ്റ്റ്‌ ആയിരിക്കുന്നു നക്സലിസവും വര്‍ധിച്ചു വരും

Baiju Elikkattoor said...

അപ്പൊ അരൂഷിയെ തന്നെ ഇപ്പണി അങ്ങ് ഏല്‍പ്പിച്ചാലോ.....?! ഇത്ര വിവരമുള്ള ഒരാളുള്ളപ്പള്‍ വേറൊരാളെ തപ്പി എന്തിന് സമയം കളയണം!

Anonymous said...

മുതല്‍ വാന്‍ സിനിമയിലെപ്പോലെ നടക്കാത്ത ഐഡിയ ആണെങ്കിലും വെല്‍കം, നമ്മള്‍ ഭരിച്ചാലും ഭരും എന്നു കാണിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ പിന്നോട്ടു പോവില്ല ബൈജൂ കൊടിയേരിയെക്കാളും എം എ ബേബിയെക്കാളും പീ കേ ശ്രീമതിയെക്കാളും വാചകവീരന്‍ ബട്‌ നോ എഫിഷ്യണ്റ്റ്‌ പ്രേമ ചന്ദ്രന്‍, യൂസ്‌ ലെസ്‌ അ കേ ബാലന്‍ എന്നിവരെക്കാളൊക്കെ ബെറ്റര്‍ ആയിരിക്കുമെന്നു ആത്മവിശ്വാസവും ഉണ്ട്‌ വിദ്യാഭ്യാസവും ഉണ്ട്‌ താങ്ക്സ്‌ ഫോര്‍ കോമ്പ്ളിമെണ്റ്റ്സ്‌ എനിക്കങ്ങു സുഖിച്ചു

Anoop Technologist (അനൂപ് തിരുവല്ല) said...

:)