Tuesday, April 28, 2009

ഭ്രഷ്ടകവിതയുടെ കാവുതീണ്ടല്‍

പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം നോബല്‍സമ്മാനം കൊടുത്തില്ലെന്ന് ലോകത്തിനറിയാം. എന്നാല്‍ കവിതയെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവിയെ വളരെ വൈകിയാണെങ്കിലും ആദരിക്കേണ്ടിവന്നു സ്വീഡിഷ് അക്കാദമിക്ക്. 1971 ഡിസംബര്‍ 19ന് സമ്മാനങ്ങളുടെ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് കവികളുടെ കവി സമ്മാനത്തമ്പുരാക്കളോടു പറഞ്ഞു: I never lost hope. It is perhaps because of this that I have reached as far as now have with my poetry and also with my banner. (ഞാന്‍ ഒരിക്കലും ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെയാകാം, ഇപ്പോള്‍ ഞാനെത്തിച്ചേര്‍ന്ന ഇത്രയും ദൂരെ, എന്റെ കവിതയും, ഒപ്പംതന്നെ എന്റെ കൊടിപ്പടവുമായി, എനിക്കെത്താനായതും).

നാലുപതിറ്റാണ്ടായി ഏഴാച്ചേരി ഇവിടുണ്ട്. മലയാളകവിതയുടെ ഹരിതസ്ഥലികളില്‍. എഴുതിയും പാടിയും പ്രസംഗിച്ചും പ്രവര്‍ത്തിച്ചും. ഒടുവിലിതാ, ഏഴാച്ചേരിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. ഇപ്പോള്‍, ആ പഴയ സ്വീഡിഷ് കഥയും നെരൂദയുടെ ആ വാക്കുകളും ഓര്‍ത്തുപോകുന്നു.

ഏഴാച്ചേരിയെ നമ്മുടെ കാലത്തെ അക്ഷരകുലപതികള്‍ നിര്‍ണയിച്ചത് ഇങ്ങിനെയൊക്കെ:

മനുഷ്യദുഃഖാന്വേഷിയായ കവിതയുടെ പ്രവാഹം- ഒ എന്‍ വി.

ഇന്നലെയുടെ അപ്പുറത്തെ അനശ്വരതയില്‍നിന്നും നാളെയുടെ അകലത്തെ അനന്തതയിലേക്കുള്ള ഒരു പ്രകാശപ്രവാഹമായി കവിതയെ കാണുന്ന കവി- എം ടി

ഇതേപോലെ, ഏഴാച്ചേരിക്കവിതയെ മലയാളകവിതയുടെ ഭൂപടത്തില്‍ തായാട്ടുമുതല്‍ അയ്യപ്പപ്പണിക്കര്‍വരെ അടയാളപ്പെടുത്തിയിട്ടുണ്ട്. നീലിയും കൃഷ്ണാഷ്ടമിയും അറയ്ക്കല്‍ ബീവിയും മലയാളത്തിന്റെ പ്രിയ കവിതകളാണ്. പക്ഷേ, സാമ്പ്രദായിക നിരൂപകരും കവിതാപണ്ഡിറ്റുകളും കുലീന സദസ്സുകളും നക്ഷത്രപ്രസിദ്ധീകരണങ്ങളും ആ കവിതയ്ക്ക് ഭ്രഷ്ടുകല്‍പ്പിച്ചിട്ടേയുള്ളൂ. കെ ഇ എന്‍ വിലയിരുത്തിയതുപോലെ സര്‍വസമ്മത പ്രശസ്തി ആഗ്രഹിക്കാത്ത കവിയായി ഏഴാച്ചേരി കഴിഞ്ഞു.

അപ്പോഴോക്കെയും എതിരാളികള്‍ എഴുന്നള്ളിച്ചുകൊണ്ടുനടന്ന ഏതു കവിമന്യന്റെ പടപ്പുകളെക്കാളും കതിരും കാമ്പുമുള്ളത് ഏഴാച്ചേരിയുടെ കവിതയ്ക്കുതന്നെയായിരുന്നു. വൈലോപ്പിള്ളിയുടെയും ഇടശേരിയുടെയും പിയുടെയും ഉദ്ധരണികള്‍ക്കു പിന്നാലെ, കേരളത്തിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ശൈലിപോലെ മലയാളം എണ്ണേണ്ട വരികള്‍ നീട്ടിനിന്നു ഈ കവി- നിശാഗന്ധി കണ്ണടച്ചാലസ്തമിക്കുമോ ചന്ദ്രിക, തുടരെച്ചവിട്ടേല്‍ക്കും ഊഴിയാണേഴാം സ്വര്‍ഗം, മുഷ്ടിയോളം മുഴുപ്പാര്‍ന്നൊരീ കൊച്ചു ഹൃദയത്തിന്റെ കണ്ണീര്‍ക്കുടുക്ക, ശുദ്ധീകരിക്കാത്ത തേനാണു ജീവിതം ഇപ്പൊഴും ഗ്രാമതടങ്ങളില്‍.

അന്നത്തെയേദന്‍ തോട്ടമ-
ത്രയ്ക്കു മാറിപ്പോയീ
തങ്ങളില്‍ത്തിരിച്ചറി-
യാത്തവരായീ നമ്മള്‍-

എന്നും

ഇപ്പോള്‍ നമുക്കു ഹേമന്തം, മലകളില്‍-
പ്പൊട്ടിച്ചിതറിക്കിരാതകാമങ്ങളില്‍,
പക്ഷിച്ചുടലകളില്‍ക്കിളിര്‍ക്ക നാം, നാഗ-
പുത്രികള്‍ക്കമ്മന്‍ തിരുവിഴാത്തിങ്കളായ്- എന്നും
അറിയുന്നതേറെ ചെറുത്; ഏറെയറിയാവന്‍ മാത്ര-
മിളയ ജന്മത്തിന്‍ അകക്കണ്ണുദാത്തമോ-

എന്നും

വേഗം തിരിച്ചെന്നൊന്നു കൂടി ധ്യാന-
പൂര്‍വം സ്നാനപ്പെടുക കണ്ണീരിനാല്‍-

എന്നും എഴുതുന്ന ഈ കവിയുടെ കവിതയ്ക്ക് പാര്‍ശ്വവല്‍ക്കരവും പ്രാന്തവല്‍ക്കരണവും വിധിക്കപ്പെട്ടത് കക്ഷിരാഷ്ട്രീയംകൊണ്ടാണെന്ന് പരക്കെ പറയാറുണ്ട്. അത് ലളിതവല്‍ക്കരണമാകും. ഏഴാച്ചേരിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ എതിര്‍പ്പുമായി ക്യാമറകള്‍ക്കു മുന്നിലെത്തിയ ഖദറിട്ട നിരൂപകവേഷധാരികള്‍ രാഷ്ട്രീയ യജനമാനപ്രീതിയും ഉദ്ദേശിച്ചിരിക്കാം. എന്നാല്‍, മലയാളനാടിന്റെ സംസ്കാരത്തിന്റെയും ഓര്‍മകളുടെയും ചരിത്രത്തിന്റെയും ഈടുവയ്പായി കവിതയെ ചരിത്രത്തില്‍ എഴുതിയിടുന്ന ഒരു കവിക്കു നേരെയുള്ള ഈ എതിര്‍പ്പിന് വേറെയും തളങ്ങളുണ്ട് എന്നാണ് എനിക്കു തോന്നത്.

ഏഴാച്ചേരിക്കവിതയുടെ ആദ്യന്തസവിശേഷത അതൊരു മലയാളിയുടെ കവിതയാണ് എന്നതാണ്. പോരാ, മലയാളി വായിക്കാന്‍വേണ്ടിത്തന്നെ എഴുതുന്ന കവിത.

മലയാളനാട്ടിലെ സ്ഥലനാമങ്ങളും പഴങ്കഥകളും ശൈലികളും - ചുരുക്കിപ്പറഞ്ഞാല്‍ മലയാളപ്പഴമയും പെരുമയും- അത്രയേറെ കവിതകളില്‍ വാരിവിതറുന്നു ഈ കവി. നമ്മുടെ പഴയ കൃതികളില്‍നിന്ന് സഞ്ചയിച്ച സംസ്കാരം ഇത്ര വിദഗ്ധമായി സ്വന്തം കവിതയില്‍ ഇഴചേര്‍ത്ത മറ്റൊരു കവിയും ഏഴാച്ചേരിയുടെ തലമുറയിലില്ല. എന്നാല്‍, കേവലമായ നാട്ടഭിമാനമോ ഭാഷാഭ്രാന്തോ അല്ല ഏഴാച്ചേരിയില്‍ ഈ പ്രവണത. ബൈബിളും ഖുര്‍ ആനും അടക്കമുള്ള മറുനാടന്‍ പുരാണങ്ങളും ഇലിയഡും ഒഡീസിയുമടക്കമുള്ള മറു സംസ്കാരങ്ങളിലെ ഇതിഹാസങ്ങളും ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള നവോത്ഥാനകൃതികളും ചരിത്രവും ഓര്‍മയും എന്തിന്, അറിയപ്പെടാത്ത നാടുകളില്‍നിന്നുള്ള കറുത്ത വാര്‍ത്തകള്‍പോലും ഏഴാച്ചേരിക്കവിതയില്‍ ശബ്ദപ്പെടുന്നു. ടോള്‍സ്റ്റോയിമുതല്‍ പോള്‍ റോബ്സണും ബെഞ്ചമിന്‍ മൊളോയ്സും വരെയുള്ള വിശ്വമാനവരുടെ സ്വപ്നസ്ഥലികളിലാണ് ഏഴാച്ചേരി തന്റെ മലയാളകവിതയെ സ്ഥാനപ്പെടുത്തുന്നത്. ഈ കവിയുടെ ഭൂമിക ഭൂമിമലയാളമല്ല, മലയാളികളുടെ ശുഭപ്രതീക്ഷകളുടെ ഭൂമിയാണ്: സ്വപ്നമലയാളംതന്നെയാണ്.

ഉടഞ്ഞ ചരിത്രത്തിന്റെ ചീളുകള്‍കൊണ്ടാണ് ഏഴാച്ചേരി കവിതയെഴുതുന്നതെന്ന് എം എന്‍ വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്. ലോകത്തെ കൃത്രിമമായ ഒരാഗോള ഗ്രാമമാക്കാന്‍ കോപ്പിടുന്ന, ഓരോ ജനതയുടെയും സംസ്കാര വൈവിധ്യങ്ങളെയൊക്കെ ഓരേയൊരു അധീശസംസ്കാരത്തില്‍ ഞെരിച്ചു തകര്‍ക്കാന്‍ വെമ്പുന്ന, ചരിത്രം മരിച്ചെന്നു പ്രഖ്യാപിക്കുന്ന ഒരു കെട്ടകാലത്ത് ഇതൊരു ചെറിയ കാര്യമല്ല. സംഭവങ്ങളുടെ, അനുഭവങ്ങളുടെ ദേശപുരാണങ്ങളുടെ, ഐതിഹ്യങ്ങളുടെ കാലപ്രസക്തിയുള്ള ഈ സര്‍ഗാത്മക പുനഃസൃഷ്ടികള്‍ ആരെയൊക്കെയോ പേടിപ്പിക്കുന്നുണ്ട്. ചരിത്രനിരാസത്തിനും സാംസ്കാരിക സ്മൃതിനാശത്തിനും ജനതകളെ ശിക്ഷിച്ച ഭൂമിവിഴുങ്ങികള്‍ക്കെതിരായ അക്ഷരകലാപമായി ഈ കവിതകള്‍ മാറുന്നത് ആരൊക്കെയോ തിരിച്ചറിയുന്നുണ്ട്. കേരളത്തിന്റെ സാംസ്കാരികോത്സവ ശിബിരങ്ങളില്‍ ഏഴാച്ചേരിക്കവിതയ്ക്ക് ഇടമില്ലാത്തതിനെ ഇങ്ങനെ നോക്കിക്കാണണം.

ഏഴാച്ചേരിക്കവിത ബഹിഷ്കരിക്കപ്പെടുമ്പോള്‍ അത്, ആ കലാപത്തിനെതിരായ സാംസ്കാരികമായ അത്യാചാരമാണ്. അതോടൊപ്പം, കേരളത്തിന്റെ ഇന്നലെയും ഇന്നുമില്ലാത്ത, മലയാളികളുടെ ആധികളും ആഗ്രഹങ്ങളുമില്ലാത്ത, ഉക്തിവൈചിത്ര്യങ്ങളും വര്‍ത്തമാനക്കെട്ടുകളും കവിതയായി ആഘോഷിക്കപ്പെടുകകൂടി ചെയ്യുമ്പോള്‍ ഒരു ദൂഷിതവൃത്തം പൂര്‍ത്തിയാകുന്നു.

നിനക്കു നിന്നെക്കാണാ-
നുള്ളൊരീ വാല്‍ക്കണ്ണാടി
തുടയ്ക്കാറില്ലേ ഞാറ്റു-
വേലകള്‍ ചോദിക്കുന്നു-

എന്ന ഏഴാച്ചേരിയുടെ ചോദ്യം ആ ഗൂഢാലോചനയുടെ ഇരകളുടെ മുണ്ഡനം ചെയ്യപ്പെട്ട മസ്തിഷ്കങ്ങള്‍ക്കുമേലാണ് മുഴങ്ങുന്നത്.

ചെറുമച്ചെറുക്കന്റെ
ചാളയില്‍ വാഴച്ചോട്ടില്‍
കഴുകിക്കമഴ്ത്തിയ
കറുത്ത മണ്‍ചട്ടിയായ്
ഉടയാന്‍ ഊഴം കാത്തു
കഴിയാനല്ലോ ജന്മം-

എന്ന വരികള്‍ ഈ കവിയുടെ ആത്മനൊമ്പരംതന്നെയാണ്.

നിന്‍ വിരല്‍തൊട്ട പവിത്രദാഹങ്ങളെ
പെണ്‍ജാതകങ്ങളെ, പ്രേമവടുക്കളെ,
നാദരഹിതമാം ചണ്ഡവാതങ്ങളെ,
നാഭിയില്‍ ഹോമിച്ചൊതുക്കിച്ചിരിച്ചു നീ-

എന്ന് കവി കാണിച്ചുതന്ന കേദാരഗൌരി കവിയുടെ സ്വന്തം കവിതകൂടിയാണ്.

എത്രയാള്‍ത്തിരക്കിന്‍ നടുക്കാകിലും
എപ്പൊഴും നീ തനിച്ചാണു ജൂലിയ-

എന്നു പാടുമ്പോള്‍ ഈ കവി തന്റെ കവിതയെത്തന്നെയാണ് അഭിസംബോധനചെയ്യുന്നത്.

കവിതയുടെ മരയോടുമായൊരാള്‍ കാലനദി താണ്ടി നിന്നരികില്‍ വരും; അറിയുക- എന്ന കവിവാക്യം, നാടും മൂടും തിരിയാത്ത ഈ കാലത്തെ നഷ്ടപ്പെട്ട തലമുറയോടുകൂടിയുള്ളതാണ്.

നിലവറയില്‍ നീ തടവിലാണെന്നറിഞ്ഞു
നീ തന്നെ ഞാനെന്നു തൊട്ടറിഞ്ഞു-

എന്ന് ഈ കവി എഴുതുമ്പോള്‍, ഏതൊക്കെ വിശ്വഭാഷാമദഘോഷങ്ങള്‍ പടയോട്ടം നടത്തിയാലും മലയാളം മരിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

പ്രിയപരിഭവങ്ങള്‍ നമുക്കാദ്യ മക്കള്‍- എന്ന് ഈ കവി വിസ്മയിപ്പിക്കുമ്പോള്‍ കവിത ജീവിക്കുന്നുവെന്നു ഞാന്‍ ഉറപ്പിക്കുന്നു.

ഫാല്‍ഗുനം കഴിയുമ്പോള്‍
മാളവം കടന്നെത്തും
നീര്‍ക്കിളിക്കൂട്ടം പോല്‍ നീ
ചിന്തയില്‍ നിറയുമ്പോള്‍-

എന്ന് ഈ കവി വിപ്രലംഭസ്നേഹത്തില്‍ വീഴുമ്പോള്‍, പ്രഭൂത്വത്തിന്റെ തടവില്‍ക്കഴിയുകയും പ്രിയങ്ങള്‍ വിദൂരത്താവുകയും ചെയ്ത എന്റെ കവിമനസ്സില്‍ ഇതാ, അപാരമായ യക്ഷസങ്കടം നരകത്തിലെ കൂരിരിട്ടുപോലെ കുമിയുന്നു

ഏഴാച്ചേരിക്കുള്ള പുരസ്കാരം, കാലത്തോടു നേരുകാട്ടാന്‍ ശ്രമിച്ച ഒരു പാവംകവിയുടെ കവിതയ്ക്കുള്ള സമ്മാനമായി ഞാന്‍ എണ്ണുന്നു. നോബല്‍സമ്മാനം ഒട്ടുകാലം തരാതിരിക്കുകയും പിന്നെത്തരികയും ചെയ്തവരോട്, കവിതയോടൊപ്പം കൊടിക്കൂറയും കൈയിലേന്തിയാണ് ഞാന്‍ ഈ സമ്മാനം വാങ്ങാന്‍ വന്നുനില്‍ക്കുന്നതെന്ന് വിളിച്ചുപറഞ്ഞ നെരൂദയുടെ വാക്കുകള്‍ പറയാതെ പറഞ്ഞുകൊണ്ട് അക്കാദമിയുടെ അവാര്‍ഡ് ഏഴാച്ചേരി ഏറ്റുവാങ്ങട്ടെ. കൊടുങ്ങല്ലൂരില്‍ കാവുതീണ്ടുന്ന വിമത കവിതകളുടെ വീരപുളകത്തോടെ അക്കാദമിയുടെ സമ്മാനം ഏഴാച്ചേരി ഏറ്റുവാങ്ങട്ടെ.

എല്ലാ ചുരങ്ങളിലൂടെയും ഞാന്‍ വരും
എന്നെയെനിക്കു തിരിയെപ്പിടിക്കുവാന്‍-

എന്ന വാക്കുകള്‍ ഏഴാച്ചേരിയുടെ കവിതയ്ക്ക് മാനിഫെസ്റ്റോവും മാഗ്നാകാര്‍ട്ടയുമായി മാറട്ടെ.

സംസ്കാരത്തെ വീണ്ടെടുക്കാന്‍ പൊരുതുന്ന ഈ കവിക്ക് ഞാന്‍ കൂടുതല്‍ കടുത്ത ഭ്രഷ്ടുകള്‍ നേരുന്നു. ജീവിതത്തെ തിരികെപ്പിടിക്കാന്‍ പൊരുതുന്ന ഈ കവിതയ്ക്ക് ഞാന്‍ ഭ്രഷ്ടുകളെ മറികടക്കാനുള്ള മാന്ത്രികതയും നേരുന്നു.

*
എന്‍ പി ചന്ദ്രശേഖരന്‍

4 comments:

  1. പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം നോബല്‍സമ്മാനം കൊടുത്തില്ലെന്ന് ലോകത്തിനറിയാം. എന്നാല്‍ കവിതയെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവിയെ വളരെ വൈകിയാണെങ്കിലും ആദരിക്കേണ്ടിവന്നു സ്വീഡിഷ് അക്കാദമിക്ക്. 1971 ഡിസംബര്‍ 19ന് സമ്മാനങ്ങളുടെ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് കവികളുടെ കവി സമ്മാനത്തമ്പുരാക്കളോടു പറഞ്ഞു: I never lost hope. It is perhaps because of this that I have reached as far as now have with my poetry and also with my banner. (ഞാന്‍ ഒരിക്കലും ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെയാകാം, ഇപ്പോള്‍ ഞാനെത്തിച്ചേര്‍ന്ന ഇത്രയും ദൂരെ, എന്റെ കവിതയും, ഒപ്പംതന്നെ എന്റെ കൊടിപ്പടവുമായി, എനിക്കെത്താനായതും).

    നാലുപതിറ്റാണ്ടായി ഏഴാച്ചേരി ഇവിടുണ്ട്. മലയാളകവിതയുടെ ഹരിതസ്ഥലികളില്‍. എഴുതിയും പാടിയും പ്രസംഗിച്ചും പ്രവര്‍ത്തിച്ചും. ഒടുവിലിതാ, ഏഴാച്ചേരിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. ഇപ്പോള്‍, ആ പഴയ സ്വീഡിഷ് കഥയും നെരൂദയുടെ ആ വാക്കുകളും ഓര്‍ത്തുപോകുന്നു.

    ReplyDelete
  2. ചന്ദന മണിവാതില്‍ പാതി ചാരി..എന്ന മനോഹരമായ ഗാനം മറക്കുവതെങ്ങനെ?

    ReplyDelete
  3. അവാര്‍ഡിനെ രാഷ്ട്രീയവുമായി കൂട്ടി വായിച്ചവര്‍ക്കുള്ള മറുപടി നന്നായിരിക്കുന്നു
    ആശംസകള്‍..

    ReplyDelete
  4. പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം നോബല്‍സമ്മാനം കൊടുത്തില്ലെന്ന് ലോകത്തിനറിയാം. എന്നാല്‍ കവിതയെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവിയെ വളരെ വൈകിയാണെങ്കിലും ആദരിക്കേണ്ടിവന്നു സ്വീഡിഷ് അക്കാദമിക്ക്.
    >>>>>>>>>>>>>>>>>>>>>>>>>>>>>>>>>
    അവാര്‍ഡിനെ രാഷ്ട്രീയവുമായി കൂട്ടി വായിച്ചവര്‍ക്കുള്ള മറുപടി നന്നായിരിക്കുന്നു
    ആശംസകള്‍..
    hAnLLaLaTh
    >>>>>>>>>>>>>>>>>>>>>>>>>>>>>>>
    എന്തു വിരുദ്ധമായ അഭിപ്രായങ്ങള്‍..
    ആദ്യത്തേത് നെരൂദയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്‍റെ രാഷ്ട്രീയം ചൂണ്ട്ക്കാണിക്കുമ്പോള്‍
    മറുപടിപറഞ്ഞയാള്‍ അതിന്‍റെ കടകവിരുദ്ധമായ അഭിപ്രായം ..
    ഏഴാച്ചേരിയുടെ പുരസ്കാരലബ്ധിയെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയം നോക്കിയാണെന്ന് ഹന്‍ലല്ലത്ത്.
    എല്ലാക്കുപ്പായങ്ങളും അവനവനിഷ്ടമുള്ളപ്പോള്‍ എടുത്തണിയാനുള്ളതാണെന്ന് എല്ലാരും ഇങ്ങനെ ഉറക്കെ സമ്മയ്തിക്കണോ?
    ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് ഹന്‍ല്ലല്ലത്തേ അതുതാങ്കള്‍ കണ്ടിട്ടുള്ള പാര്‍ട്ടി രാഷ്ട്രീയമല്ല.

    ReplyDelete