Sunday, December 13, 2009

ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ

"ഒരാള്‍ കാര്യങ്ങളെ ദര്‍ശിക്കുന്നത് അതേ പ്രകാരമല്ല അയാളെങ്ങനെയാണോ, അങ്ങനെയാണ്''
-ഫെര്‍ണാണ്ടോ പെരെസ്

1959 എന്ന വര്‍ഷം ക്യൂബയെ സംബന്ധിച്ച് സുപ്രധാനമാണ്. ക്യൂബയുടെ ചരിത്രം ആരംഭിക്കുന്നത് അമ്പത്തിഒമ്പതിലല്ലെങ്കിലും ക്യൂബ അതിന്റെ സ്വത്വം സ്ഥാപിച്ചെടുക്കുന്നത് ആ വര്‍ഷമാണ്. സ്പാനിഷ് ഏകാധിപതി ബാറ്റിസ്റ്റയുടെ ആധിപത്യത്തില്‍നിന്ന് വിപ്ളവത്തിലൂടെ ക്യൂബയെ ഫിദല്‍കാസ്ട്രോ മോചിപ്പിച്ചതോടെ മറ്റൊരു ചരിത്രം ആരംഭിക്കുകയായി. അമേരിക്കന്‍'സ്നേഹ'ത്തെയും ആലിംഗനത്തെയും ചെറുത്തുനില്‍ക്കുന്ന ആ ഇതിഹാസ ചിത്രം ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സമരമാണ്. ക്യൂബന്‍ സിനിമയുടെ പുരാവൃത്തവും രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞുകിടക്കുകയാണ്. ലൂമിയറിന് തൊട്ടുപിറകെ 1900ന് മുമ്പുതന്നെ ആദ്യപകുതി ആരംഭിച്ചു. ഹോളിവുഡ് സിനിമാ കച്ചവടത്തിന്റെ ശൈലി തന്നെയായിരുന്നു, മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ ക്യൂബയിലും പ്രത്യക്ഷമായത്. 1959ന് മുമ്പ് മെലോഡ്രാമകളായ എണ്‍പതോളം മുഴുനീള കഥാചിത്രങ്ങള്‍ ക്യൂബയില്‍ ഉണ്ടായിട്ടുണ്ട്.

1959 ല്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമറ്റോഗ്രാഫിക് ആര്‍ട് ആന്‍ഡ് ഫിലിം ഇന്‍ഡസ്ട്രി (ICAIC-Instituto Cubano de Arte e Industria Cinematográficos) സിനിമയുടെ നിര്‍മാണവും വിതരണവും ഉള്‍പ്പെടെ സകല മേഖലകളിലും സജീവമായി ഇടപെട്ടു. 1960കളിലും 70കളിലും നിലവിലുണ്ടായിരുന്ന 'ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ'യുടെ മുഖ്യ പ്രചോദനം ICAIC ആയിരുന്നു. മൂന്നാം സിനിമ, സ്വതന്ത്ര സിനിമ, അപൂര്‍ണ സിനിമ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ട ഈ ധാര നവകൊളോണിയലിസം, സാംസ്കാരിക സ്വത്വം എന്നീ പ്രശ്നങ്ങളെക്കുറിച്ചാണ് പ്രധാനമായും ഉത്കണ്ഠപ്പെട്ടത്. ഹോളിവുഡ് സിനിമകളിലെ കച്ചവടപൂര്‍ണതയും സ്രഷ്ടാവിലൂന്നിയുള്ള യൂറോപ്യന്‍ കലാസിനിമാ ശൈലിയും ഈ പ്രസ്ഥാനം ഒരുപോലെ നിരാകരിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ലക്ഷ്യമാക്കിയുള്ള ഉപകരണം എന്ന നിലയിലാണ് ലാറ്റിനമേരിക്കന്‍ സിനിമ ശ്രദ്ധയൂന്നിയത്. കേവല സൌന്ദര്യപരതയിലുപരി സക്രിയവും ജാഗ്രവുമായ സംവാദത്തില്‍ ഇടപെടാന്‍ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സിനിമകളായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വാഭാവികമായ പരിഹാര മാര്‍ഗങ്ങളില്ലാത്ത സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങിയതിനുശേഷം സാമൂഹിക മാറ്റത്തിനായി ശ്രമിക്കുമെന്നും ഈ പ്രസ്ഥാനം സങ്കല്‍പ്പിച്ചു.

ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍ ക്യൂബന്‍ സിനിമയുടെ സുവര്‍ണകാലഘട്ടമായാണ് നിരൂപകര്‍ കരുതുന്നത്. തോമസ് ഗിറ്ററസ് ഏലിയ, ഹെംബര്‍ടോ സൊളാസ് എന്നീ സംവിധായകരുടെ മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968), ലൂസിയ (1969) എന്നീ സിനിമകള്‍ ഈ കാലഘട്ടത്തിലാണ് നിര്‍മിക്കപ്പെട്ടത്. മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് ലോക സിനിമാ ചരിത്രത്തിലെതന്നെ എക്കാലത്തെയും മികച്ച നൂറ് ചിത്രങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ ക്യൂബന്‍സിനിമാ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭാവന ഡോക്യുമെന്ററി, ഷോര്‍ട് സിനിമകളുടെ ശക്തവും വ്യാപകവുമായ സാന്നിധ്യമായിരുന്നു.

ICAIC യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ 'സിനിമ ഒരു കല'യാണെന്ന് അസന്ദിഗ്ധമായി എഴുതിവച്ചിട്ടുണ്ട്. അമേരിക്കയും ഹോളിവുഡും ചെയ്തതുപോലെ അത് കച്ചവടമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രകടമാക്കുക കൂടിയാണ് ഇത് ചെയ്യുന്നത്. സിനിമാ പ്രവര്‍ത്തകര്‍, നിരൂപകര്‍ ജനങ്ങള്‍ എന്നിവര്‍ക്ക് ക്യൂബന്‍ സിനിമയുടെ മുന്‍കാല ചരിത്രത്തെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ പ്രസ്താവന. വിപ്ളവത്തോട് കൂറും ഉന്നത കലാമൂല്യവും സൂക്ഷിക്കുന്നതോടൊപ്പംതന്നെ ദേശീയ യാഥാര്‍ഥ്യത്തിലെ പ്രശ്നങ്ങളും വൈരുധ്യങ്ങളും ക്യൂബന്‍ സിനിമ പ്രതിഫലിപ്പിച്ചുവെന്നതാണ് മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്പോണ്‍സേഡ് സിനിമകളില്‍നിന്ന് ഇതിന് വ്യത്യസ്ത മുഖം നല്‍കിയത്. കേവല വിനോദ സിനിമകള്‍, പ്രത്യേക വിഭാഗ സിനിമകള്‍, മരണാനന്തര/പരലോക പ്രമേയങ്ങള്‍ എന്നിവയുടെ നിരാകരണവും മുന്‍നിര പരീക്ഷണങ്ങളും സെന്‍സര്‍ ബോര്‍ഡും ക്യൂബന്‍ സിനിമയുടെ സ്വഭാവം സ്വതഃസ്ഥാപിതമായി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

തോമസ് ഏലിയ, ഹെംബര്‍ടോ സൊളാസ്, മാന്വല്‍ പെരസ്, ഫെര്‍ണാണ്ടോ പെരസ്, പവേല്‍ ഗിറൌഡ്, ജുവാല്‍ കാര്‍ലോസ് ക്രെമറ്റ, റെബേക്ക ഷാവേസ് എന്നീ സംവിധായകരെല്ലം തന്നെ തൊണ്ണൂറുകളില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അതിഭീകര സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടന്നവരാണ്. ഏലിയയുടെ ആദ്യത്തെ വിഖ്യാതമായ രചന 'ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്' (1966) കോമഡി സിനിമയുടെ ചരിത്രത്തിന് പ്രണാമമര്‍പ്പിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്നുണ്ട്. ബസ്റ്റര്‍ കീറ്റണ്‍, ലോറല്‍ ആന്‍ഡ് ഹാര്‍ഡി, ലൂയി ബുനുവല്‍ തുടങ്ങിയ നിരവധി പ്രശസ്തരുടെ ചിത്രങ്ങളുടെ ശൈലിയുടെ പരോക്ഷ സൂചനകള്‍ ഈ ചിത്രം നല്‍കുന്നു. 1968ല്‍ പുറത്തുവന്ന 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ്' വിപ്ളവത്തിനുശേഷം അമേരിക്കയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ക്യൂബന്‍ ചിത്രമാണ്. വിപ്ളവാനന്തര ക്യൂബയില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത ഒരു ബൂര്‍ഷ്വാബുദ്ധിജീവിയുടെ, ശൂന്യതയിലേക്ക് വിലയംപ്രാപിക്കുന്ന ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഈ സിനിമയെ ഒരു'കൊളാഷ്' ആയാണ് ഏലിയ വിശേഷിപ്പിക്കുന്നത്. റഷ്യന്‍ സിനിമയിലെ പ്രധാനിയും മൊണ്ടാഷ് എന്ന എഡിറ്റിങ് സിദ്ധാന്തത്തിന്റെ സ്രഷ്ടാവും ആദ്യ പ്രയോക്താവുമായ സെര്‍ഗി ഐസന്‍സ്റ്റീന്റെ ഉദ്വേഗവും ക്ഷോഭവും ജനിപ്പിക്കുന്ന മൊണ്ടാഷ് സീക്വന്‍സുകളുടെ രീതി ഈ ചിത്രത്തില്‍ കാണാം. സുദീര്‍ഘമായ ഡോക്യുമെന്ററി ഷോട്ടുകള്‍, സ്റ്റില്‍ഫോട്ടോഗ്രാഫുകള്‍, ന്യൂസ് റീല്‍ ആര്‍ക്കൈവ് ഷൂട്ടേജുകള്‍, ഹോളിവുഡ് സിനിമയുടെ ക്ളിപ്പിങ്ങുകള്‍, ഫിദല്‍ കാസ്ട്രോ- ജോണ്‍ എഫ് കെന്നഡി എന്നിവരുടെ പ്രസംഗങ്ങള്‍ എന്നീ വ്യത്യസ്ത മാധ്യമപ്രയോഗങ്ങളുടെ സംയോജനത്തിലൂടെ ഹോളിവുഡ് ഋജു ശൈലിയെ പിച്ചിച്ചീന്തിക്കൊണ്ട് ഈ സിനിമ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലെന്നപോലെ വിരുദ്ധധ്രുവത്തില്‍ നിലയുറപ്പിക്കുന്നു.

'ലാസ്റ്റ് സപ്പര്‍' ഒരു ബൈബിള്‍ ദൃശ്യത്തിന്റെ സ്പാനിഷ് ക്യൂബന്‍ ആധിപത്യകാലത്തിലുള്ള പുനരവതരണമാണ്. ഡാവിഞ്ചിയുടെ സുപ്രസിദ്ധ റിയലിസ്റ്റിക് പെയിന്റിങ്ങിന്റെ ആധുനിക കാലത്തുള്ള സംഘര്‍ഷഭരിതമായ പാരഡിയായി ഇതിലെ രംഗങ്ങള്‍ മാറുമ്പോള്‍ സിനിമാ ചരിത്രത്തിലെ ആധുനിക ക്ളാസിക് രചനയായാണ് പരിണമിക്കുന്നത്. ചരിത്രത്തെയും വിപ്ളവത്തെയും വിമര്‍ശനാത്മകമായി നിരീക്ഷിക്കുമ്പോള്‍ തന്നെ ഏലിയ ക്യൂബന്‍ സോഷ്യലിസത്തെ അനുഭാവപൂര്‍വം പിന്തുണച്ചുകൊണ്ടാണ് അവസാനംവരെ ജീവിച്ചത്. വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടിയ 1993ലെ 'സ്ട്രോബറീസ് ആന്‍ഡ് ചോക്ളേറ്റ്' എന്ന സിനിമയില്‍ സദാചാരവിരുദ്ധമെന്ന് കരുതപ്പെടുന്ന സ്വവര്‍ഗലൈംഗികതയാണ് സംഘര്‍ഷഭരിതമായ കുടിയേറ്റ പ്രശ്നങ്ങള്‍ക്കൊപ്പം ഏലിയ ചിത്രീകരിച്ചത്. പാവേല്‍ ഗിറൌഡ് ചിത്രരചനയും പരസ്യചിത്രനിര്‍മാണവും കഴിഞ്ഞ് ചലച്ചിത്രത്തിലെത്തിയ പ്രതിഭയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഒരൊറ്റ ചിത്രംപോലും പ്രചാര സ്വഭാവം പുലര്‍ത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.

1940 കളിലെ ഹവാനയില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്തിരുന്ന ഒരാളുടെ ജീവിതമാണ് ഗിറൌഡിന്റെ 'ഒമര്‍ട്ട'യുടെ പ്രതിപാദ്യം. ക്യൂബന്‍ വിപ്ളവത്തോടെ അയാള്‍ കാലഹരണപ്പെടുന്നു. 'പ്രായം ചെല്ലുന്നതിനെക്കുറിച്ചാണ് ഈ സിനിമ. ഒരുപക്ഷേ വാര്‍ധക്യത്തിലേക്കുള്ള യാത്രയുടെ കലയെക്കുറിച്ചും'- സംവിധായകന്‍ പറയുന്നു. 'ക്യൂബയിലെ യഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് എന്റെ സിനിമകള്‍. കാരണം അത് ഞാനുള്‍പ്പെടെ ക്യൂബയില്‍ ജീവിക്കുന്നവരുടെ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു ക്യൂബന്‍ പൌരനെന്ന നിലയ്ക്ക് അത് എന്റെ ഉത്തരവാദിത്തമാണ്. ക്യൂബയേക്കാള്‍ മെച്ചപ്പെട ഒരു ദേശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നും ഗിറൌഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്യൂബന്‍ വിപ്ളവത്തിന്റെ വിജയത്തിന് മുമ്പുള്ള ഒരു നഗരത്തിന്റെ ചിത്രണമാണ് റെബേക്ക ഷാവേസിന്റെ പുതിയ ചിത്രമായ 'സിറ്റി ഇന്‍ റെഡ്'. ഇത് 1950കളിലെ രോഷാകുലരായ ഒരു തലമുറയുടെ കഥ കൂടിയാണ്.

2005 ലെ കാന്‍ ചലച്ചിത്രമേളയില്‍ 'ഗ്രാന്‍ഫ്രീ എക്രാന്‍ഡ് ജൂനിയേഴ്സ്' പുരസ്കാരം നേടിയ 'വിവ ക്യൂബ' (സംവിധായകന്‍: ജുവാന്‍ കാര്‍ലോസ് ക്രെമാറ്റ) ക്യൂബയിലെ പ്രാദേശിക സാമൂഹിക പ്രശ്നങ്ങള്‍ രണ്ടു കുട്ടികളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നു. ക്യൂബയെ എക്കാലവും അലട്ടുന്ന കുടിയേറ്റ പ്രശ്നങ്ങളാണ് വിവ ക്യൂബയുടെ വിഷയം. അത് വ്യക്തിജീവിതങ്ങളെ എങ്ങനെ അന്യവല്‍ക്കരിക്കുന്നു എന്നും കുടുംബത്തിനെ എങ്ങനെ ശിഥിലപ്പെടുത്തുന്നു എന്നും ആ കുട്ടികളുടെ സിനിമ അന്വേഷിക്കുന്നു. മാലു, ജോര്‍ജിറ്റോ എന്നീ കുട്ടികള്‍ അവരുടെ വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍ കാരണം പരസ്പരം ഇടപഴകുന്നതില്‍നിന്ന് വിലക്കപ്പെട്ടവരാണ്. വേര്‍പിരിയാനാവാത്ത സൌഹൃദം ഉറപ്പിച്ചെടുക്കാനായി അവര്‍ നടത്തുന്ന യാത്രയിലൂടെ ക്യൂബയുടെ രാഷ്ട്രീയ സമസ്യകളും സംഘര്‍ഷങ്ങളും തന്നെയാണ് വെളിപ്പെടുന്നത്. 20 വര്‍ഷത്തിനുശേഷം ഒരു സിനിമയുമായി തിരിച്ചുവന്ന മാനുവല്‍ പെരസിന്റെ 'പേജസ് ഫ്രം മൌറീഷ്യോസ് ഡയറി'യിലൂടെ (2006) ക്യൂബന്‍ സമകാലിക ജീവിതത്തിലെ സിനിമാ നിര്‍മാണത്തിന്റെ സാധ്യതയും അസാധ്യതയും സന്ദിഗ്ധതയും കൂടിയാണ് തെളിയുന്നത്. 1990ന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സിനിമാ നിര്‍മാണം തന്നെ ഒരു വെല്ലുവിളിയാണെന്നും കാഴ്ചക്കാരോടും നിരൂപകരോടുമുള്ള ഒരു കൂടിക്കാഴ്ച മാത്രമാണിതെന്നും പെരസ് പറയുന്നു. 1988നും 2000നും ഇടയില്‍ നടക്കുന്ന കഥാകാലം ക്യൂബയുടെ വിപ്ളവാനന്തര ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകമായിരുന്നു. 2000ല്‍ 60-ാം പിറന്നാളാഘോഷിക്കുന്ന മൌറീഷ്യോസിന്റെ 12 വര്‍ഷത്തെ മുന്‍ജീവിതം ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച മുതല്‍ സിഡ്നി ഒളിമ്പിക്സില്‍ അമേരിക്ക ക്യൂബയെ ബേസ്ബോളില്‍ തോല്‍പ്പിക്കുന്നതുവരെയുള്ള കാലഘട്ടമാണ്. മാര്‍ക്സിസം പഠിപ്പിക്കുന്ന മൌറീഷ്യോയുടെ ഭാര്യയും മകളും 'മെച്ചപ്പെട്ട' ജീവിതം തേടി വിദേശത്തേക്ക് കുടിയേറുന്നു. വൈരുധ്യാത്മക ജീവിതം നയിക്കേണ്ടിവരുന്ന മൌറീഷ്യോയിലൂടെ ക്യൂബയെ പെരസ് വീണ്ടും വീണ്ടും കണ്ടെത്തുന്നു.

'എല്ലാം വിപ്ളവത്തിനകത്തുനിന്നുകൊണ്ട് മാത്രം- ഒന്നും എതിരായിട്ടാകരുത്' എന്ന് ഫിദല്‍ കാസ്ട്രോ 1961 ല്‍ ക്യൂബയിലെ കലാകാരന്മാരോടും ബുദ്ധിജീവികളോടും പറഞ്ഞിരുന്നു. വിപ്ളവവും സോഷ്യലിസവും വിശാലതയും സഹിഷ്ണുതയും വിമര്‍ശനവും ഉള്‍പ്പെട്ട ഒരു വലിയ തുറന്ന മൈതാനമാണ് എന്ന് ക്യൂബന്‍ സിനിമകള്‍ ബോധ്യപ്പെടുത്തുന്നു.

*
മധു ജനാര്‍ദ്ദനന്‍ ദേശാഭിമാനി വാരിക

8 comments:

വര്‍ക്കേഴ്സ് ഫോറം said...

1959 ല്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമറ്റോഗ്രാഫിക് ആര്‍ട് ആന്‍ഡ് ഫിലിം ഇന്‍ഡസ്ട്രി (ICAIC-Instituto Cubano de Arte e Industria Cinematográficos) സിനിമയുടെ നിര്‍മാണവും വിതരണവും ഉള്‍പ്പെടെ സകല മേഖലകളിലും സജീവമായി ഇടപെട്ടു. 1960കളിലും 70കളിലും നിലവിലുണ്ടായിരുന്ന 'ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ'യുടെ മുഖ്യ പ്രചോദനം ICAIC ആയിരുന്നു. മൂന്നാം സിനിമ, സ്വതന്ത്ര സിനിമ, അപൂര്‍ണ സിനിമ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ട ഈ ധാര നവകൊളോണിയലിസം, സാംസ്കാരിക സ്വത്വം എന്നീ പ്രശ്നങ്ങളെക്കുറിച്ചാണ് പ്രധാനമായും ഉത്കണ്ഠപ്പെട്ടത്. ഹോളിവുഡ് സിനിമകളിലെ കച്ചവടപൂര്‍ണതയും സ്രഷ്ടാവിലൂന്നിയുള്ള യൂറോപ്യന്‍ കലാസിനിമാ ശൈലിയും ഈ പ്രസ്ഥാനം ഒരുപോലെ നിരാകരിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ലക്ഷ്യമാക്കിയുള്ള ഉപകരണം എന്ന നിലയിലാണ് ലാറ്റിനമേരിക്കന്‍ സിനിമ ശ്രദ്ധയൂന്നിയത്.

ലത said...

1959 ക്യൂബയ്ക്കൊന്നുമല്ല സുഹൃത്തേ. ശ്വാസം വിടാന്‍ അനുവാദം വാങ്ങേണ്ടിവരുന്ന മുഴുപ്പട്ടിണിക്കാരന് അധികാരകേന്ദ്രത്തിന്റെ പേര് എ-യെന്നായതുകൊണ്ടോ ബി-യെന്നായതുകൊണ്ടോ എന്തു വ്യത്യാസം?

power corrupts, absolute power corrupts absolutely.

Unknown said...

power corrupts, absolute power corrupts absolutely, and absolute blindness is birth right...
എന്ന് സ്വന്തം -Vidharbha Kalavathi--

ശ്വാസം വിട്ടോ കലാവതി, വെള്ളവും, ഒണക്ക ചപ്പാത്തീം,വൈദ്യുതിയും (കൃഷി) absolutely ഇല്ലാ. ആത്മഹത്യക്ക് റെഡി ആയിക്കോ.

ലത said...

ക്യൂബയെപ്പറ്റി പറയുമ്പോള്‍ കലാവതിയെ കൊണ്ടുവരുന്ന സ്വതന്ത്രശബ്ദം, അതു ഹവാനയില്‍ നിന്ന് പഠിച്ചതാവണം. ഫ്രീവോയ്സ് നിറകവിഞ്ഞൊഴുകുന്ന ക്യൂബ!!! വിഷയം മാറ്റുന്നതില്‍ മിടുക്കന്മാര്‍ വേറാര്?

ജനശക്തി said...

....അധികാരകേന്ദ്രത്തിന്റെ പേര് എ-യെന്നായതുകൊണ്ടോ ബി-യെന്നായതുകൊണ്ടോ എന്തു വ്യത്യാസം?

എന്നാല്‍ പിന്നെ എയെ മാത്രം എതിര്‍ക്കാതെ ഒരു ചെയ്ഞ്ചിനു ഇടക്ക് ബിയെയും എതിര്‍ത്ത് കൂടേ? കൃത്യമായി ഒരു പക്ഷത്തെ മാത്രം എതിര്‍ക്കുകയും എന്നിട്ട് സ്വതന്ത്ര, നിഷ്പക്ഷ അഭിനയം കാഴ്ചവെക്കുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല.

ലത said...

സാര്‍, എ അഥവാ Fulgencio Batista ഞാനുണ്ടാകുന്നതിനുമുമ്പ് തട്ടിപ്പോയ ആളാണ്. എന്റെ ജീവിതകാലമായപ്പോഴേക്കും ക്യൂബ ബി അഥവാ പുതിയ ആപത്തുകള്‍ നേരിടുന്നതുകണ്ടു. ആദ്യത്തെ കക്ഷിയെ എതിര്‍ത്തുസംസാരിക്കാന്‍ അവസരം കിട്ടാത്തതുകൊണ്ടാണ് സാര്‍.

പിന്നെ നാടന്‍ രാഷ്ട്രീയമാണു വ്യംഗ്യമെങ്കില്‍ പിണറായിയും ചെന്നിത്തലയും പ്രമോദ് മഹാജനും ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം നാണയത്തിന്റെ ഒരേ വശങ്ങള്‍ തന്നെയാണു സാര്‍.

അരാഷ്ട്രീയവാദിയെന്നൊരുവിളി പ്രപഞ്ചത്തിന്റെ ഏതോ കോണകത്തില്‍ സൃഷ്ടിക്കപ്പെടുന്നുവോ?

Unknown said...

"എ അഥവാ Fulgencio Batista ഞാനുണ്ടാകുന്നതിനുമുമ്പ് തട്ടിപ്പോയ ആളാണ്. എന്റെ ജീവിതകാലമായപ്പോഴേക്കും ക്യൂബ ബി അഥവാ പുതിയ ആപത്തുകള്‍ നേരിടുന്നതുകണ്ടു. ആദ്യത്തെ കക്ഷിയെ എതിര്‍ത്തുസംസാരിക്കാന്‍ അവസരം കിട്ടാത്തതുകൊണ്ടാണ് സാര്‍."

ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ആയിരക്കണക്കിന് വര്ഷം മുമ്പ് പോയി,കൃഷ്ണനെ ദ്വാപര യുഗത്തില് തന്നെ തട്ടി.യേശു തട്ടിപ്പോയത്‌ എത്ര കാലം മുമ്പാ. നബിയോ,പറയണ്ടാ.അതുകൊണ്ട് ദൈവം ജാതി മതം ഇവയൊക്കെ വ്യഭിച്ചരിച്ച്ചു, കൂട്ടിക്കൊടുത്തു ഏറ്റവും ചുരുങ്ങിയത് വിമോചന സമരം നടത്തി 'തലകള്'.
എനിക്ക് എല്ലാം പിച്ചാക്കത്തി, നിനക്കോ കത്തിപ്പിച്ച. അതാണ്‌ 'വിദര്‍ഭയിലെ'നിയമം.
ഞാന്‍ അഞ്ചും മൂന്നും കൂട്ടിയാല്‍ തൊള്ളായിരം എന്നു പറയും,'ധ്വനിപ്പിക്കും'.നീ അഞ്ചും മൂന്നും കൂട്ടിയാല്‍ എട്ടര എന്ന് പറഞ്ഞാലും പാപം.അത് ക്യൂബയില്‍ നിന്നല്ല ഞാന്‍ പഠിച്ചത് മനുസ്മൃതിയില്‍ നിന്ന്നാ, എന്താ വരുന്നോ, ഒതിത്തരാം.

Calicocentric കാലിക്കോസെന്‍ട്രിക് said...

മധു വളരെക്കാലമായി film society പ്രസ്ഥാനത്തിലുള്ള ആളാണ്. I am Cuba എന്നു തലക്കെട്ടെഴുതുമ്പോള്‍ അത് മറ്റൊരു ചലച്ചിത്രത്തിന്റെ പേരാണെന്നു മധു ഓര്‍ക്കേണ്ടതായിരുന്നു. Soy Cuba ക്യൂബയെപ്പറ്റിയുള്ള സോവിയറ്റ് ചിത്രമായിരുന്നു.
http://en.wikipedia.org/wiki/I_Am_Cuba
"The movie was not received well by either the Russian or Cuban public and was almost completely forgotten until it was re-discovered by filmmakers in the United States 30 years later."
മധുവിനു വേണമെങ്കില്‍ പടം ഞാന്‍ കൊടുക്കാം.