1
സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം എന്തു കൊണ്ടാണ് പലരെയും ഇത്രയധികം ചൊടിപ്പിക്കുന്നത്? വളരെയധികം പുഛവും അമർഷവും അടങ്ങുന്ന പ്രതികരണങ്ങളാണേറെയും. ഒരുവശത്ത് ആ ചിത്രത്തെ ഒരു ‘സ്വയം പീഢാനുഭവ’മായും മലയാളിയുടെ ആത്മപീഢനപ്രവണതയുടെ പ്രകാശനമെന്നും ചിലർ വ്യാഖ്യാനിക്കുമ്പോൾ മറ്റുചിലർ അതിനെ ഒരു താത്ക്കാലിക-ഒറ്റത്തവണ ‘ഫ്ലൂക്ക്’ എന്നു വിശേഷിപ്പിക്കുന്നു. എന്തുതന്നെയായാലും സിനിമയുമായി ബന്ധപ്പെട്ട വിവിധരംഗത്തിൽനിന്നുള്ളവരെ ഈ ചിത്രം പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വ്യവസ്ഥാപിത സിനിമാവ്യവസായക്കാരെയും, അതിന്റെ രുചിശീലങ്ങളെയും ജീവിതലോകത്തെയും അതേപടി (സ്വന്തം താല്പര്യസംരക്ഷണത്തിന്നായി) അറിഞ്ഞും (കുറേക്കാലമായുള്ള ശീലം എന്ന രീതിയിൽ സ്വാഭാവികവൽക്കരിക്കപ്പെട്ടതിനാൽ) അറിയാതെയും സ്വീകരിക്കുന്നവരെല്ലാം തന്നെ ഈ ചിത്രത്തെ ഐകകണ്ഠേന തിരസ്ക്കരിക്കയും പരിഹസിക്കുകയും ചെയ്യുന്നു. എന്തായിരിക്കും ഈ രീതിയിലുള്ള തീക്ഷ്ണപ്രതികരണങ്ങൾക്കുള്ള കാരണം?
2

3
“ഞാൻ കേരളത്തിലെ തൊണ്ണൂറു ശതമാനം പേരുടെ പ്രതിനിധിയാണ്” എന്ന് സന്തോഷ് പണ്ഡിറ്റ്
എന്തുകൊണ്ടാണ് നമ്മുടെ ‘അംഗീകൃത’താരങ്ങൾ ഇതെല്ലാം ചെയ്യുമ്പോൾ നമുക്കത് സ്വാഭാവികമായിരിക്കുകയും എന്നാൽ സന്തോഷ് പണ്ഡിറ്റ് പോലുള്ള ഒരു നടൻ/ശരീരം അതു ചെയ്യുമ്പോൾ അത് അപഹാസ്യമായിരിക്കുന്നത് എന്നത് നമ്മുടെയൊക്കെയുള്ളിലുള്ള ജാതീയതയെയും വർണവെറിയെയുമാണ് വെളിവാക്കുന്നത്.സിമി ഫ്രാന്‍സിസ് നസറേ തന്റെ ബ്ലോഗിൽ നിരീക്ഷിക്കുന്നതു പോലെ “ചൂടുള്ള ഒരു ഭൂപ്രദേശത്തു ജീവിച്ച് ഇരുണ്ടനിറവുമായി ജനിച്ച ഒരു ജനത സ്വന്തം തൊലിവെളുപ്പിക്കാന് കാക്കക്കുളി കുളിക്കുന്നതിനു ഇടയിലാണ്, കാണാന്‍ അവരെപ്പോലെയിരിക്കുന്ന, ഒരു ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ വേറിട്ടു തിരിച്ചറിയാത്ത, കാഴ്ച്ചയില്‍ ഒരു സാധാരണക്കാരന് സിനിമയുമായി വരുന്നത്. വില്ലനായല്ല, കോമാളിയായല്ല, ഡയലോഗടിക്കുന്ന, സംഘട്ടനം നടത്തുന്ന, നായികമാരുമായി ആടിപ്പാടുന്ന നായകനായി, അതും ഒന്നല്ല, എട്ടു പെണ്ണുങ്ങളുമായി ആടിപ്പാടുന്ന നായകനായി - പോരേ പൂരം…“
സിനിമയിൽ നമ്മൾ നിരന്തരം ശീലിച്ചും പാലിച്ചും പോന്ന ചില ചിട്ടവട്ടങ്ങൾ തന്നെയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ആരാണ്/ആരായിരിക്കണം നായകൻ, സുന്ദരൻ, വീരൻ തുടങ്ങിയ ധാരണകൾ ഇവിടെ അതിന്റെ ചിരപരിചിതമായ ശരീരങ്ങളുപേക്ഷിച്ച് ‘സാധാരണ’മാകുന്നു. ഒരു നായക സ്ഥാനത്ത് നമ്മൾ കാണാൻ ആഗ്രഹിക്കാത്ത പണ്ഡിറ്റ് ശരീരം നമ്മുടെതന്നെ സൌന്ദര്യമില്ലായ്മയെ കൂടിയായിരിക്കണം ഓർമ്മിപ്പിക്കുന്നത്; അങ്ങിനെ സിനിമ കാണൽ എന്ന ഇടപാടിലൂടെ എനിക്ക് എന്നിൽ നിന്ന് രക്ഷനേടാനുള്ള ഒരുപായം ഈ സിനിമ അനുവദിക്കുന്നില്ല എന്നതുകൊണ്ടുകൂടിയായതു കൊണ്ടായിരിക്കണം ഈ ചിത്രത്തെ നമ്മൾ ഇത്രയേറെ വെറുക്കുന്നതും, മറ്റൊരു താരചിത്രത്തിന്റെ പോകട്ടെ മറ്റൊരു ‘സാധാരണ‘ മുഖ്യധാരാചിത്രമായി അതിനെ പരിഗണിക്കാനോ അവയുമായി താരതമ്യം ചെയ്യാൻ പോലുമോ മടിയ്ക്കുന്നതും.
4
നവമാധ്യമങ്ങളോടുള്ള കൈകോർക്കൽ
മലയാളസിനിമാവ്യവസായവും അതിനെ ചുറ്റിപ്പറ്റിനിൽക്കുന്ന വിവിധ സംഘടനകളും നവമാധ്യമങ്ങളെ ഭയക്കുകയും അവയെ ശത്രുക്കളായും സ്വന്തം അന്നം മോഷ്ടിക്കുന്നവരായും കാണുമ്പോൾ ഈ ചിത്രം അവയെ വാരിപ്പുണരുന്നു. യൂട്യുബ്, ഫേസ്ബുക്ക് തുടങ്ങിയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളാണ് ഈ ചിത്രത്തിന്റെ മുഖ്യപ്രചാരകരും (വിമർശകരും). ഈ ചിത്രം തിയ്യറ്ററുകളിലെത്തുന്നതിനു എത്രയോ മുമ്പുതന്നെ ഇതിലെ പാട്ടുകളും പല രംഗങ്ങളുമെല്ലാം യൂട്യൂബിൽ വ്യാപകമായി പ്രചരിച്ചുതുടങ്ങിയിരുന്നു. മുമ്പു നടന്ന ഇത്തരമൊരു പരീക്ഷണം – ഹരികൃഷ്ണന്റെ ‘സിത്സിലാ ഹൈ സിത്സിലാ..’ എന്ന പാട്ട് – സൈബർലോകത്തും പിന്നീട് മുഖ്യധാരാമാധ്യമങ്ങളിലും പ്രചരിച്ചത് ഓർക്കുക. ആ പാട്ടിന്റെ കാര്യത്തിൽ സംഭവിച്ചത് അതു നിർമ്മിച്ചയാൾ കടുത്ത വിമർശനങ്ങളെ തുടർന്ന് ആ പാട്ട് നെറ്റിൽനിന്ന് സ്വയം പിൻവലിച്ചപ്പോഴും, അതിനെ ചീത്ത പറഞ്ഞവർ അത് വീണ്ടും അപ് ലോഡ് ചെയ്യുകയും ചർച്ച (എന്നുവെച്ചാൽ തെറി/വിമർശനം) തുടരുകയും ചെയ്തു എന്നുള്ളതാണ്.[ii] ഹരികൃഷ്ണൻ പിന്മാറി എങ്കിൽ സന്തോഷ് പണ്ഡിറ്റ് അവിടെനിന്ന് ഒരടികൂടി മുന്നോട്ടു പോയി ആ ചിത്രത്തെ തിയ്യറ്ററുകളിലെത്തിക്കുകയും അങ്ങിനെ സൈബർ ലോകത്തിലെ പ്രതികരണങ്ങളെ – നല്ലതും കെട്ടതും, പ്രകീർത്തിക്കുന്നവയും തെറിപറയുന്നവയെയും എല്ലാം – പുറം ലോകത്തേക്ക് കൊണ്ടുവരാൻ അതു വേദിയൊരുക്കുകയും ചെയ്തു. അങ്ങിനെ ആ സൈബർപ്രതികരണങ്ങൾ ഈ ചിത്രം വഴി യഥാർഥലോകത്തിൽ, തിയ്യറ്ററുകളിൽ തന്നെ പ്രകാശനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇവിടെ തീർച്ചയായും സിനിമ ഇതുവരെ പിന്തുടർന്നുവന്നിരുന്ന സാമ്പ്രദായികമായ പരിണാമഗുപ്തിയും, അതിലെ രഹസ്യങ്ങളും, കഥപറച്ചിലും അതിന്റെ കെട്ടുപിണച്ചിലുകളുമെല്ലാം അപ്രസക്തമാകുന്നു. പകരം സിനിമാസ്വാദനം എന്നത്, ഒരുതരത്തിൽ പ്രകടനാത്മകമായി (performative) മാറുന്നു; വെറുമൊരു ‘ഫാൻ’ മാത്രമല്ലാത്ത കാണി ഇവിടെ സിനിമയിൽ പങ്കാളിയാകുന്നു; എന്തെന്നാൽ ഇവിടെ നായകന് കാണിയെക്കാൾ വലുപ്പമില്ല; അതോടെ തിയ്യറ്റർ കാണിയുടെ ആഘോഷസ്ഥലമായി പരിണമിക്കുന്നു; തിരശ്ശീലയിൽ കാണുന്ന ദൃശ്യവും ആഖ്യാനവുമെല്ലാം മുന്നിൽ അരങ്ങേറുന്ന ആഘോഷത്തെ സംബന്ധിച്ചിടത്തോളം ആനുഷംഗികം മാത്രം.
അതുകൊണ്ടുതന്നെ നമ്മുടെ സിനിമ ഉയർത്തിപ്പിടിക്കുന്ന ഒരു വാദം - സിനിമയുടെ ഭാഗങ്ങൾ/രഹസ്യം വെളിപ്പെടുന്നതോടെ സിനിമയുടെ വിപണി നഷ്ടമാകും എന്നത് അഥവാ നെറ്റിലൂടെയും മറ്റും സിനിമയുടെ ഭാഗങ്ങളോ സിനിമയോ കണ്ടവർ പിന്നെ തിയ്യറ്ററിലേക്ക് വരില്ല എന്ന വാദം - കൃഷ്ണനും രാധയുടെയും കാര്യത്തിൽ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പലവട്ടം കണ്ടുകഴിഞ്ഞ പാട്ടുകളും രംഗങ്ങളും വീണ്ടും കാണുവാനാണ് ഇവിടെ പ്രേക്ഷകർ തിയ്യറ്ററിലേക്ക് പോകുന്നത്.
5
ഈ ചിത്രത്തിനെതിരായ മറ്റൊരു ആരോപണം അത് സാങ്കേതികമികവോ ഉല്പാദനത്തികവോ ഇല്ലാത്ത ‘അവിദഗ്ദമായ’ ഒരു ഉല്പന്നമാണ് എന്നതാണ്; പക്ഷെ അത്തരമൊരു വാദം വളരെ ആപേക്ഷികമാണ് എന്നതാണ് സത്യം. കാഴ്ച്ചപാടിന്റെ മാത്രം പ്രശ്നമാണത്. ഉദാഹരണത്തിന്, കോടികൾ ചിലവഴിച്ച് നിർമ്മിക്കപ്പെടുന്ന – നമ്മളെ സംബന്ധിച്ചിടത്തോളം ‘വലുതും സാങ്കേതികമികവുള്ളതും’ ആയ താരനിബിഡമായ ഒരു മലയാളസിനിമയെ ഒരാൾ തമിഴ്, ഹിന്ദി, അല്ലെങ്കിൽ ഹോളിവുഡിന്റെ കാഴ്ച്ചയിൽ നിന്നു നോക്കുമ്പോൾ ഇതു തന്നെയല്ലേ തോന്നുക? സ്വയം വലുതെന്നു കരുതുന്ന വലുത് അതിനെയപേക്ഷിച്ച് വലിപ്പത്തിൽ ചെറുതായതിനെ കാണുന്നതിലെ ‘ആധികാരികത’ മാത്രമേ ആ വാദത്തിലുള്ളൂ. അതുകൊണ്ടുതന്നെ സ്വന്തം ചെറിയ ലോകത്തിലെ വലിപ്പമേ ആ വാദത്തിനുമുള്ളൂ.
6
സ്പൂഫ്?
ഈ ചിത്രം മലയാളസിനിമയെയും നമ്മുടെ സിനിമാസ്വാദനരീതികളെയും നായകസങ്കല്പങ്ങളെയും കുറിച്ചുള്ള ഒരു സ്പൂഫ് ആണോ? സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം അദ്ദേഹം ഈ ചിത്രത്തെ അങ്ങിനെയേ അല്ല കാണുന്നത് എന്നതാണ്.പക്ഷെ ഒരു സിനിമ ആസ്വദിക്കുന്ന കാര്യത്തിൽ അത്തരം കർതൃത്വനിർദ്ദേശങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്? തിയ്യറ്ററിലോ ടെലിവിഷനിലോ കമ്പ്യൂട്ടർ സ്ക്രീനിലോ ഒരു ചിത്രം ആസ്വദിക്കുന്ന പ്രേക്ഷകരുടെ മേൽ അത്തരം കർതൃത്വസങ്കല്പങ്ങളുടെ നിയന്ത്രണങ്ങളില്ല, അതിന്റെ ആവശ്യവുമില്ല; അവരോരുത്തരും അവരവരുടേതായ രീതിയിലാണ് അതിനെ സ്വീകരിക്കുന്നതും ആസ്വദിക്കുന്നതും.

സൈബർ ലോകത്ത് വരേണ്യതകളോ മര്യാദകളുടെ യമനിയമങ്ങളോ ഇല്ല; അവിടെ ആർക്കും എന്തും പറയാം; സ്വന്തമായ ഒരിടം ഉണ്ടാക്കാം, അവിടെ അവനവനിഷ്ടമുള്ള നിയമങ്ങൾ ഉണ്ടാക്കി അവിടം ഭരിക്കാം, സ്വന്തം രീതിയിലുള്ള പ്രകാശനങ്ങൾ നടത്താം, ആരെയും വിമർശിക്കാം, ഗ്രൂപ്പിൽ നിന്നു പുറത്താക്കപ്പെടുന്നതുവരെ തെറി പറയാം. ഒരുതരം വരേണ്യതയെയും ഭയക്കേണ്ടതില്ലാത്ത, പ്രകാശനങ്ങളുടെ ഈ അരാജക ഇടത്തിൽ നിന്നു തന്നെയാണ് ഈ ചിത്രവും അതിന്റെ പ്രേക്ഷകരെ ആദ്യം കണ്ടെത്തിയതും, ഇപ്പോഴും പിന്തുണ തേടുന്നതും. പുറംലോകത്തോടും അവിടുത്തെ വരേണ്യനിയമങ്ങളോടുമുള്ള ഒരു നിരാസം ഇവിടെ വളരെ പ്രത്യക്ഷത്തിൽ തന്നെ കാണാം. പുറത്തേക്കും ‘മുഖ്യധാര‘യിലേക്കുമുള്ള അതിന്റെ ഒരു പൊട്ടി‘ത്തെറി‘ കൂടിയാണ് ഈ ചിത്രം.
7
വാസ്തവത്തിൽ മലയാളസിനിമയുടെ തന്നെ സൃഷ്ടിയാണ് കൃഷ്ണനും രാധയും. നിലനിൽക്കുന്ന താരവ്യവസ്ഥയുടേയും അതിന്റെ രുചിശീലങ്ങളുടെയും തന്നെ ഒരു വലിച്ചുനീട്ടലോ പാരഡിയോ ആണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ. എന്തെന്നാൽ നമ്മൾ നിരന്തരം ശീലിച്ചിട്ടുള്ള ദൃശ്യപംക്തികളെയും ആഖ്യാനരീതികളെയും തന്നെയാണ് പണ്ഡിറ്റിന്റെ സിനിമയും ആശ്രയിക്കുന്നത്. പാട്ടും ഡാൻസും സ്റ്റണ്ടും ഉച്ചത്തിലുള്ള നായകഭാഷണങ്ങളും എല്ലാം ഇവിടെയുമുണ്ട്. ആകെയുള്ള മാറ്റം/പകരം വെയ്ക്കൽ അതെല്ലാം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ് എന്നുള്ളതു മാത്രമാണ്. തീർച്ചയായും അതുതന്നെയാണ് ആ ചിത്രത്തോടുള്ള രൂക്ഷപ്രതികരണങ്ങൾക്കുള്ള ഒരു കാരണവും. സിനിമയുമായി പ്രേക്ഷകർക്കുള്ള അകലം സൂക്ഷിക്കുകയും അങ്ങിനെ അതിന്റെ മായികത നിലനിർത്തുകയും ചെയ്യുക എന്ന നമ്മുടെ ശീലമാണ് ഇവിടെ ഇളകുന്നത്. സിനിമ എനിക്കും നിങ്ങൾക്കും ആർക്കും ചെയ്യാവുന്ന ഒന്നായി മാറുന്നുവോ എന്ന ഭീതിയാണ് ഒരു പക്ഷെ ഇവിടെ ഉണ്ടാകുന്നത്; അല്ലെങ്കിൽ തിരശ്ശീലയിൽ അവനവനെ കാണുന്നതിലെ ജുഗുപ്സ, ചമ്മൽ, ആത്മരതി എന്തുമാവാമത്..
അപ്പോൾ മലയാളസിനിമ തന്നെയാണ് സന്തോഷ് പണ്ഡിറ്റിനെയും ഇത്തരം ഇടപെടലുകളെയും സാധ്യമാക്കുന്നത്. മറ്റൊരു രീതിയിൽ നോക്കിയാൽ ഏതുസിനിമയും ആഖ്യാനവും മറ്റൊരു കെട്ടുകാഴ്ച്ചയോ വേഷമോ മാത്രമാണ് അവതരിപ്പിക്കുന്നത് എന്ന തത്വത്തിനു അടിവരയിടുക കൂടിയാണ് കൃഷ്ണനും രാധയും
*
സി എസ് വെങ്കിടേശ്വരൻ
[i] ഇതു സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കുറിച്ചുള്ള ഒരു നിരൂപണമോ വിലയിരുത്തലോ അല്ല. മറിച്ച് ആ ചിത്രം നമ്മുടെ സിനിമവ്യവസായത്തിലും ദൃശ്യ-ഉപഭോഗരീതികളിലും കൊണ്ടുവരുന്ന മാറ്റത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ മാത്രമാണ്. പാഠകേന്ദ്രിതമായ ഒരു ‘ഉള്ളടക്ക-കബറടക്ക’ സമീപനത്തിനു പകരം സിനിമയെ ഒരു സാംസ്ക്കാരികവ്യവസായമെന്ന രീതിയിൽ കാണുവാണാനും അതു നമ്മുടെ സമൂഹത്തിലും വിവിധ വ്യവഹാരങ്ങളിലും എങ്ങിനെ പ്രവർത്തിക്കുന്നു എന്നും അന്വേഷിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്
[ii] ഇതു മലയാളത്തിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. ഉദാഹരണത്തിന്, ഇതിനു സമാന്തരമായ ചില കാര്യങ്ങളാണ് ഇംഗ്ലീഷ് കലർത്തിയ തമിഴിൽ വിൽബർ സർഗുണരാജ് തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ചെയ്യുന്നതും. അവിടെ അതിസാധാരണമെന്നു നമുക്കുതോന്നുന്ന പലതും ആഗോളപ്രേക്ഷകർക്കായി സർഗുണരാജ് ഒരുക്കുന്നു – വിവരവിനിമയത്തിനും വിനോദത്തിനുമിടയിൽ നിൽക്കുന്ന, എന്നാൽ വളരെ വൈയക്തികമായ ഒരു സൈബർശൈലി അദ്ദേഹത്തിനു വികസിപ്പിച്ചെടുക്കാൻ കഴിയുന്നുണ്ട്, ഒപ്പം അതിലൂടെയുള്ള ജനപ്രിയതയും
[iii] ഈ പ്രയോഗത്തിന് ജി പി രാമചന്ദ്രനോട് കടപ്പാട്
*
മാതൃഭൂമി വാരികയില്‍ വന്ന ലേഖനം ഇവിടെ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്കിയ ശ്രീ. സി.എസ്. വെങ്കിടേശ്വരന് നന്ദി.
സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രം എന്തു കൊണ്ടാണ് പലരെയും ഇത്രയധികം ചൊടിപ്പിക്കുന്നത്? വളരെയധികം പുഛവും അമർഷവും അടങ്ങുന്ന പ്രതികരണങ്ങളാണേറെയും. ഒരുവശത്ത് ആ ചിത്രത്തെ ഒരു ‘സ്വയം പീഢാനുഭവ’മായും മലയാളിയുടെ ആത്മപീഢനപ്രവണതയുടെ പ്രകാശനമെന്നും ചിലർ വ്യാഖ്യാനിക്കുമ്പോൾ മറ്റുചിലർ അതിനെ ഒരു താത്ക്കാലിക-ഒറ്റത്തവണ ‘ഫ്ലൂക്ക്’ എന്നു വിശേഷിപ്പിക്കുന്നു. എന്തുതന്നെയായാലും സിനിമയുമായി ബന്ധപ്പെട്ട വിവിധരംഗത്തിൽനിന്നുള്ളവരെ ഈ ചിത്രം പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വ്യവസ്ഥാപിത സിനിമാവ്യവസായക്കാരെയും, അതിന്റെ രുചിശീലങ്ങളെയും ജീവിതലോകത്തെയും അതേപടി (സ്വന്തം താല്പര്യസംരക്ഷണത്തിന്നായി) അറിഞ്ഞും (കുറേക്കാലമായുള്ള ശീലം എന്ന രീതിയിൽ സ്വാഭാവികവൽക്കരിക്കപ്പെട്ടതിനാൽ) അറിയാതെയും സ്വീകരിക്കുന്നവരെല്ലാം തന്നെ ഈ ചിത്രത്തെ ഐകകണ്ഠേന തിരസ്ക്കരിക്കയും പരിഹസിക്കുകയും ചെയ്യുന്നു. എന്തായിരിക്കും ഈ രീതിയിലുള്ള തീക്ഷ്ണപ്രതികരണങ്ങൾക്കുള്ള കാരണം?
ReplyDeleteഇത് യൂണികോഡില് പ്രസിദ്ധീകരിച്ചതിന് നന്ദി.
ReplyDeleteവളരെ apt ആയ ഒരു വീക്ഷണം. കൂടുതലൊന്നും പറയാനില്ല.
ഒരു ചെറിയ തിരുത്ത്. സില്സിലക്കാരന്റെ പേര് ഹരികൃഷ്ണന് അല്ല, ഹരിശങ്കര്‍ കലവൂര്‍ എന്നാണ്.
നന്ദി ശാശ്വത്
ReplyDeleteമലയാളി, മലയാള സിനിമ എന്നീ രണ്ടു ഘടകങ്ങളും പഠനവിധേയമാക്കേണ്ട അവസ്ഥയിലാണെന്ന് വെളിവാക്കപ്പെടുകയാണ് സന്തോഷ് പണ്ഡിറ്റ് എന്ന ചെറുപ്പക്കാരനിലൂടെ.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതിനായ് സംസാരിച്ച് സമയം കൊല്ലുന്ന നമളാണോ, പണം വാരുന്ന പണ്ഡിറ്റാണോ പൊട്ടന്?
ReplyDeleteലാസര്‍ ആ കമന്റുകള്‍ ഡിലിറ്റ് ചെയ്തതെന്തേ?
ReplyDeleteThis comment has been removed by the author.
ReplyDeleteഞാനിതിനെ ഒരു നല്ല സന്ദേശമായിത്തന്നെയാണ് കാണുന്നത്. ചെറിയ ചിലവില്‍ സിനിമയെടുക്കന്‍ താല്‍പ്പര്യമുള്ള ഇന്റെര്‍നെറ്റ് മാര്‍ക്കെറ്റിംഗ് ഉപയോഗപ്പെടുത്താനുള്ള ബുദ്ധിശേഷിയുള്ള കഴിവുള്ള ചെറുപ്പക്കാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനമല്ലേ?.ഇതുവരെ എത്ര മികച്ച സംവിധായകര്‍ പുത്തന്‍ യുഗത്തിന്റെ സാധ്യതകള്‍ മുതലെടുത്തിട്ടുണ്ട്?......സന്തോഷ് പണ്ഡിറ്റ് ഒരു പ്രചോദനം തന്നെയല്ലേ ?.കഴിവുള്ള ചെറുപ്പക്കാര്‍ക്ക് ഈ വഴി ശ്രമിക്കാന്‍ പാടില്ലേ..? അതിലൂടെ നല്ല സിനിമകള്‍ പിറക്കില്ലേ...?...പൂന ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റും വര്‍ഷങ്ങള്‍ ചിലവാക്കി പ്രഗല്ഭ സംവിധായകരുടെ കീഴില്‍ വര്‍ഷങ്ങള്‍ ചിലവാക്കി സമയം കളയാതെ പതിവു രീതികള്‍ അവലംബിക്കാതെ കഥാമോഷണങ്ങള്‍ നടത്താതെ അയാള്‍ നേരെയിങ്ങു വന്നൊരു സിനിമയെടുത്തു. നിലവാരം കുറച്ചു കുറഞ്ഞോട്ടെ സിനിമ ഇങ്ങനെയാവണം എന്നാരും വാശി പിടിക്കണ്ട....! കുറെ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളും. ചിലര്‍ പറയുന്നു ഇന്നത്തെ മലയാള സിനിമ കണ്ട് ദേഷ്യം വരുന്ന സിനിമാപ്രേമികള്‍ പ്രതികരിക്കാന്‍ സന്തോഷിന്റെ പടം തീയേറ്ററില്‍ പോയി കണ്ട് തെറിവിളിക്കുകയാണെന്ന്....അതു ശരിയാണോ?.....ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി മോശം ഭക്ഷണം കഴിച്ചിട്ട് ഒരു പാവപ്പെട്ടവന്റെ ചായക്കടയില്‍ കയറി തെറിവിളിക്കുകയാണോ വേണ്ടത്...സന്തോഷിന്റെ പടം നല്ല സിനിമയാണെന്നഭിപ്രായപ്പെടുന്നില്ല ...
ReplyDeleteമികച്ച അഭിനേതാക്കളെന്നുവിളിക്കുന്ന സൂപ്പര്‍താരങ്ങള്‍ തലയില്‍ കൊമ്പും വച്ചു ആണും പെണ്ണും കെട്ട ശബ്ദത്തില്‍ കോമാളിത്തം കാട്ടുമ്പോള്‍ മനോരോഗ വിദഗ്ധരെ കൊണ്ടുവന്ന് ചാനലില്‍ ചര്‍ച്ച നടത്തുന്നില്ലല്ലോ?....അശ്ലീലവാക്കുകള്‍ പഞ്ച് ഡയലോഗായി പറഞ്ഞ് കയ്യടിവാങ്ങുന്ന രാജാവിന്റെ മക്കളും, രതിചിത്രങ്ങള്‍ പോലും നാണിക്കുന്ന മാംസപ്രദര്‍ശനം നടത്തുന്ന സമകാലീക മലയാള ചിത്രങ്ങളുടേ തന്തമാരും അരങ്ങു തകര്‍ക്കുമ്പോള്‍ ആരും തെറി പറയുന്നില്ലല്ലോ...ഒരു പാവപ്പെട്ടവന് വന്ന് അവനറിയുന്ന പോലെ ഒരു സിനിമയെടുത്തപ്പോള്‍ ആകെ കുറ്റമായി അവനു താളമില്ല സംഗതി പോരാ...ശ്രുതി പോയി...എന്താ കഥ..? അയാളും സിനിമയെടുത്തോട്ടെ കുറേ ചെയ്തു കഴിയുമ്പോള്‍ ശരിയായിക്കൊള്ളുമെന്നേയ്....അഭിനവ സദാചാരക്കമ്മിറ്റിക്കാര്‍ പൊറുക്കണം....!
ഞാന്‍ ആ സിനിമ കണ്ടിട്ടില്ല, പക്ഷേ പാട്ടുകള്‍ എല്ലാം കണ്ടു. കണ്ടിടത്തോളം, പണ്ടിറ്റ് ഒരു 'കറുത്ത' നായികയെ അതില്‍ കാസ്റ്റ് ചെയ്തതായി തോന്നിയില്ല. ഇത്രയും വലിയ വലിയ നിരീക്ഷ്ണങ്ങള് ഒന്നും ആ സിനിമക്കു കല്പ്പിച്ചു നല്‍കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ReplyDeleteഇതില്‍ എന്നെ പറ്റി പരാമര്‍ശി ച്ചത്തില്‍ വന്നിട്ടുള്ള തെറ്റുകള്‍ മാതൃഭുമി കത്തുകളിലൂ ടെ പ്രസിദ്ധീകരിച്ചിരുന്നു. അത് എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതും കൂടെ വായികണമെന്നു അഭ്യര്‍ത്ഥിക്കുന്നു. www.harisankarkalavoor.blogspot.com
ReplyDeleteഎന്റെ നാല് പാട്ടുകൾ..ഹരിശങ്കർ കലവൂർ ടിവിയും മൊബൈലും സൈബര്‍ ലോകവും എല്ലാം കൈയ്യെത്തും ദൂരത്ത് എത്തുമ്പോഴും കൃഷിയും തൊഴിലും നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിൽ ആകുന്ന കുട്ടനാടൻ കര്‍ഷക തൊഴിലാളികളുടെ ജീവിതം പ്രതിഭലിപ്പിക്കുന്നതായിരുന്നു എന്റെ ആദ്യ ആൽബം 'യന്ത്രപ്പാട്ട്' . വികസനവും പരിഷ്കാരവും എപ്പോഴും സ്വന്തം തനിമ നിലനിര്ത്തിക്കൊണ്ടാകണം എന്നതായിരുന്നു അതിന്റെ സന്ദേശം. ആധുനിക ജീവിതത്തിന്റെ പിരിമുറുക്കങ്ങളും വിഷാദരോഗവും പോലെയുള്ള പ്രശ്നങ്ങല്ക്ക് പ്രതിവിധി തേടുന്ന ആശയം ആയിരുന്നു 'സിൽസില'യിലൂടെ ആവിഷ്കരിക്കാൻ ശ്രമിച്ചത്. യുവതലമുറ കൃഷിയിൽ നിന്ന് മാറുന്നത്തിൽനിന്നും ഉണ്ടാകുന്ന പ്രശനങ്ങളെയും അമിതമായ രാസവള കീടനാശിനി ഉപയോഗം മൂലം പരിസ്ഥിതിയ്ക്കും സമൂഹത്തിനും ഉണ്ടാകുന്ന ദോഷങ്ങളെയും കലാപരമായി ആവിഷ്കരിച്ച തായിരുന്നു 'ഒരുപക്ഷിപോലും' എന്ന പാട്ട്. 'പുന്നമട കായലിലെ..' എന്ന നാലാമത്തെ പാട്ട് ഐക്യമാണ് അഭിവൃദ്ധി എന്ന സന്ദേശം പ്രചരിപ്പിക്കുന്ന താണ് . കുടുംബം ആണെങ്കിലും സമൂഹം ആണെങ്കിലും രാജ്യം ആണെങ്കിലും പുരോഗമിക്കണമെങ്കിൽ ഐക്യം വേണം എന്നതാണ് സത്യം. വള്ളം കളികൽ ഐക്യത്തിന്റെ പ്രതീകം ആയാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്.
ReplyDeleteകച്ചവട ലക്ഷ്യങ്ങൾ മാറ്റി നിർത്തി ആധുനിക കാലഘട്ടത്തിലെ പ്രശ്നങ്ങൾ ആവിഷ്കരിക്കുകയും വര്‍ത്തമാനകാല സമസ്യകൾക്ക് ഉത്തരം തേടാൻ ശ്രമിക്കുകയും ചെയ്യുന്ന സോദ്ദേശ കലാസൃഷ്ടികളെ ജനങ്ങളിൽ എത്തിക്കാൻ സഹായിക്കണം എന്ന് എല്ലാ ജനങ്ങളോടും മുഖ്യ ധാരാമാധ്യമങ്ങളോടും അഭ്യര്ത്തിക്കുന്നു.. ഹരിശങ്കർ കലവൂർ