മലയാളത്തിലെ ഏറെ പ്രിയപ്പെട്ട രണ്ടു പ്രതിഭാധനരെയാണ് ഒക്‌ടോബര്‍ കൂട്ടിക്കൊണ്ടുപോയത്. കഥയുടെ കുലപതി കാക്കനാടനും കവിതയിലെ സ്ഥിരവാസി മുല്ലനേഴിയും. മലയാളനാട് സൂര്യശോഭയോടെ നിലനിന്നിരുന്ന എഴുപതുകളില്‍ പറങ്കിമല എന്ന നോവലിലൂടെയാണ് കാക്കനാടന്‍ മലയാള യുവമനസുകളെ പ്രകമ്പനംകൊള്ളിച്ചത്. പറങ്കിമലയിലെ തങ്ക വായനക്കാരന്റെ മനസ്സില്‍ സൗന്ദര്യാസ്വാസ്ഥ്യത്തിന്റെ കടലിളക്കി. ഉഷ്ണമേഖലയും ഒറോതയും മഴനിഴല്‍ പ്രദേശവും വസൂരിയും ഈ നായ്ക്കളുടെ ലോകവും ആധുനികമായ ഒരു സംവേദന പ്രപഞ്ചം സൃഷ്ടിച്ചു. ആധുനിക കഥ കാക്കനാടനിലൂടെ ആരംഭിച്ചു.
അഷ്ടമുടിക്കായലിനെയും അതിന്റെ തീരനഗരമായ കൊല്ലത്തേയും ഭ്രാന്തമായി സ്‌നേഹിച്ചു കാക്കനാടന്‍. എഴുപതുകളില്‍ കൊല്ലത്തെത്തിയ അദ്ദേഹവും കുടുംബവും ആ നഗരത്തിന്റെ ഭാഗമായി മാറി.
രാത്രികളെ പകലാക്കിയ സര്‍ഗസംവാദങ്ങളിലൂടെ കാക്കനാടന്‍മാരുടെയും സുഹൃത്തുക്കളുടേയും സമ്മേളനങ്ങള്‍ നവീന അര്‍ഥതലങ്ങളുടെ ചക്രവാളങ്ങള്‍ നിവര്‍ത്തിയെടുത്തു. കുഞ്ഞമ്മപ്പാലവും ചന്ദ്രികപ്പാലവും മണിമേടയും കമ്പോളത്തിലെ അസംഖ്യം തൊഴിലാളികളും കാക്കനാടന്റെ പേനയിലൂടെ പുതിയ വര്‍ണമണിഞ്ഞു.
സ്‌നേഹത്തിന്റെ കുബേരനായിരുന്നു കാക്കനാടന്‍. എണ്‍പതുകളില്‍ കൊല്ലത്തെത്തിയ നിന്ദര്‍ഗില്‍ എന്ന പഞ്ചാബി എഴുത്തുകാരന്‍ അതിനു സാക്ഷ്യം പറയുന്നു. തകഴിയടക്കമുള്ള കലാകാരന്മാരെ കാണുവാനും സംസാരിക്കുവാനും കേരളത്തിലുടനീളം സഞ്ചരിച്ച നിന്ദര്‍ഗില്‍ സസ്യഭുക്കായ എഴുത്തുകാരനായിരുന്നു. കാക്കനാടന്റെ വീട് കായലോരത്തായിരുന്നതിനാല്‍ ആ പരിസരം മുഴുവന്‍ മത്സ്യഗന്ധിയെ ഓര്‍മിപ്പിച്ചു. കേരളത്തിലെ പ്രഖ്യാപിത പുരോഗമന സാഹിത്യകാരന്മാരെ സന്ദര്‍ശിച്ച നിന്ദര്‍ഗിലിന് സൗഹൃദത്തിന്റെ കസ്തൂരിഗന്ധം നിറഞ്ഞുനിന്ന തേവള്ളിയിലെ കാക്കനാടന്‍ ഭവനം ഏറെയിഷ്ടപ്പെട്ടു. ഏറ്റവും അധികം സമയം അദ്ദേഹം അവിടെ ചെലവഴിച്ചു. വാക്കുകള്‍ കൊണ്ടും സല്‍ക്കാരങ്ങള്‍ കൊണ്ടും കാക്കനാടന്‍ നിന്ദര്‍ഗില്ലിലെ സുഹൃത്തിനെയും സഹോദരനേയും ഉണര്‍ത്തുകതന്നെ ചെയ്തു.
കമ്മ്യൂണിസ്റ്റുകാരനായ നിന്ദര്‍ഗില്‍ പറഞ്ഞത് കേരള സന്ദര്‍ശനത്തില്‍ ഏറെ പ്രിയപ്പെട്ടത് കാക്കനാടനുമായുള്ള കൂടിക്കാഴ്ചയായിരുന്നുവെന്നതാണ്.
മതങ്ങളെ അംഗീകരിക്കുകയും അതോടൊപ്പം അതിനെ നിരാകരിക്കുകയും ചെയ്യുന്ന ഒരു മതേതര ബോധമായിരുന്നു കാക്കനാടന് ഉണ്ടായിരുന്നത്. മതവിശ്വാസിക്കു ചിന്തിക്കാന്‍ കഴിയാത്ത രീതിയിലാണ് അദ്ദേഹം സ്‌നേഹത്തെ രക്തബന്ധമാക്കി മാറ്റിയത്. കൊല്ലം നഗരം അമ്പരപ്പോടെ നോക്കിനിന്ന ഒരു കന്യാദാനമാണ് കാക്കനാടന്‍ നിര്‍വഹിച്ചത്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകന്‍ ഗിരിക്ക് ജോര്‍ജ്‌വര്‍ഗീസ് കാക്കനാടന്‍ സ്വന്തം മകളായ രാധയെ വലിയൊരു സദസിന്റെ മുന്നില്‍ വച്ച് വിവാഹം ചെയ്തുകൊടുത്തു. വധൂവരന്‍മാരോടൊപ്പം വിവാഹവേദിയില്‍ നിന്ന വെളുത്ത തലമുടിക്കാരായ ആ പിതാക്കന്മാര്‍ മതനിയമങ്ങളെ നിരാകരിച്ചുകൊണ്ട് മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു മഹത്തായ കന്യാദാനം.
കവി മുല്ലനേഴിയാണ് ആറാം തിരുമുറിവുകാരന്‍ പി എം ആന്റണിയുടെ മകള്‍ അജിതയുടെ വിവാഹത്തിന് പൂമാലയെടുത്തുകൊടുത്തത്. പള്ളിയുടെ പരിസരത്തുപോലും പോകാതെ നടത്തിയ ഒരു വിവാഹമായിരുന്നു അത്.
മഹാകവി വൈലോപ്പിള്ളിയായിരുന്നു മുല്ലനേഴിയുടെ ദൈവം. കവിതയുടെ തെളിച്ചവും വെളിച്ചവും അദ്ദേഹം പറിച്ചെടുത്തത് വൈലോപ്പിള്ളിക്കവിതയില്‍ നിന്നാണ്. ഉന്നതമായ മാനവിക ബോധം മുല്ലനേഴി കവിതയുടെ മുഖമുദ്രയായത് ഈ പാഠശാലയിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതുകൊണ്ടാണ്. വൈലോപ്പിള്ളി കവിതയില്‍ നിന്നും കൊളുത്തിയെടുത്ത വിളക്കുമായി പുറത്തിറങ്ങിയ മുല്ലനേഴി സ്വന്തം കാവ്യനക്ഷത്രത്തെ നിര്‍മിച്ചെടുത്തു.
തലയില്‍ വെളിച്ചംചൂടി വരുന്നൊരു തലമുറകള്‍-
ക്കെന്‍ താലോലം എന്നാണല്ലോ മഹാകവി വൈലോപ്പിള്ളി പാടിയത്. തലയെന്നു പറയുമ്പോള്‍ ചീപ്പെടുക്കാനോങ്ങും തലമുറയാണെന്റെ ശത്രു
മുലയെന്നു പറയുമ്പോള്‍ തെറിയെന്നു കരുതുന്ന തലമുറയാണെന്റെ ശത്രു എന്നാണ് മുല്ലനേഴി രേഖപ്പെടുത്തിയത്. കവിതകള്‍ കൂടാതെ നിരവധി മാനവിക ഗീതങ്ങളും മുല്ലനേഴി നമ്മള്‍ക്കുതന്നു. അമ്മയും നന്മയും ഒന്നാണ്, ഞങ്ങളും നിങ്ങളും ഒന്നാണ്, അറ്റമില്ലാത്തൊരീ ജീവിതത്തില്‍ നമ്മള്‍ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല എന്ന മാനവിക ഗീതത്തിലൂടെ മലയാളിയുടെ അരക്ഷിതത്വം തുടച്ചുകളയുകയായിരുന്നു മുല്ലനേഴി.
മരണാനന്തരം അദ്ദേഹത്തിന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്ത രണ്ടുപേര്‍ക്കു ദാനമായി നല്‍കി. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ റൊളാണ്ട് ഗോഡ്‌ലിയാണ് കവിയുടെ നിശ്ചല ശരീരത്തില്‍ നിന്നും നേത്രപടലം സൂക്ഷ്മതയോടെ സ്വീകരിച്ച് കരുതിവച്ചത്. മരണാനന്തരം കണ്ണുകള്‍ ദാനംചെയ്ത ആദ്യത്തെ മലയാള കവിയായി മുല്ലനേഴി.
മുല്ലനേഴി മലയാളത്തിന്റെ മുറ്റത്തെ മുല്ലയാണ്. നിറയെ പൂക്കളും സുഗന്ധത്തിന്റെ ആവരണവുമുള്ള മുല്ല.
*
കുരീപ്പുഴ ശ്രീകുമാര്‍
മലയാളത്തിലെ ഏറെ പ്രിയപ്പെട്ട രണ്ടു പ്രതിഭാധനരെയാണ് ഒക്‌ടോബര്‍ കൂട്ടിക്കൊണ്ടുപോയത്. കഥയുടെ കുലപതി കാക്കനാടനും കവിതയിലെ സ്ഥിരവാസി മുല്ലനേഴിയും. മലയാളനാട് സൂര്യശോഭയോടെ നിലനിന്നിരുന്ന എഴുപതുകളില്‍ പറങ്കിമല എന്ന നോവലിലൂടെയാണ് കാക്കനാടന്‍ മലയാള യുവമനസുകളെ പ്രകമ്പനംകൊള്ളിച്ചത്. പറങ്കിമലയിലെ തങ്ക വായനക്കാരന്റെ മനസ്സില്‍ സൗന്ദര്യാസ്വാസ്ഥ്യത്തിന്റെ കടലിളക്കി. ഉഷ്ണമേഖലയും ഒറോതയും മഴനിഴല്‍ പ്രദേശവും വസൂരിയും ഈ നായ്ക്കളുടെ ലോകവും ആധുനികമായ ഒരു സംവേദന പ്രപഞ്ചം സൃഷ്ടിച്ചു. ആധുനിക കഥ കാക്കനാടനിലൂടെ ആരംഭിച്ചു.
ReplyDelete