Tuesday, July 29, 2008

ജനാധിപത്യം പാര്‍ലമെന്റില്‍ മാനം കെട്ടു

പാര്‍ലമെന്റിന്റെ ഉദ്വേഗഭരിതമായ ഇക്കഴിഞ്ഞ സെഷനില്‍ എം.പിമാരും കാലാവധി കഴിയാറായ ഒരു പ്രധാനമന്ത്രിയും അധികാരാര്‍ത്തിപൂണ്ട രാഷ്ട്രീയ കക്ഷികളും എല്ലാറ്റിനുമുപരി കുടിലബുദ്ധികളായ രാഷ്ട്രീയ ദല്ലാളന്മാരും ചേര്‍ന്ന് മാലോകര്‍ക്കു മുമ്പാകെ ഭാരതമഹാരാജ്യത്തെ ഇകഴ്ത്തി തുച്ഛവത്കരിക്കുകയുണ്ടായി. ഭരണഘടനയിലും സ്വരാജിലും ഉത്തമവിശ്വാസമര്‍പ്പിച്ചുവരുന്ന ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ അവര്‍ ക്ഷയിപ്പിച്ചുകളഞ്ഞു. പാര്‍ലമെന്റിലും മന്ത്രിസഭയിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനും തല്‍സന്ദര്‍ഭത്തില്‍ ഇളക്കംതട്ടി. അക്കങ്ങളുടെ കണക്കുപ്രകാരം ഒരു കക്ഷി വിശ്വാസവോട്ടെടുപ്പില്‍ വിജയം വരിച്ചിട്ടുണ്ടാകാം. എന്നാല്‍, ഈ പ്രഹസനവേളയില്‍ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനാണ് കോട്ടം സംഭവിച്ചിരിക്കുന്നത്. 'തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാകുന്നു രാഷ്ട്രീയം' എന്ന നിര്‍വചനം അക്ഷരംപ്രതി സത്യമാണെന്ന് ഒരു തവണകൂടി തെളിയിക്കാനാണ് ബഹളമയമായ ആ പാര്‍ലമെന്റ് സമ്മേളനം ഉതകിയത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഉള്‍ക്കാഴ്ച നിറഞ്ഞ ആ വാക്കുകള്‍ ഇവിടെ സ്മരിക്കുന്നത് ഉചിതമാകും.

'അധ്വാനമില്ലാത്ത സമ്പത്ത്, മനഃസാക്ഷിയില്ലാത്ത ആഹ്ലാദം, സ്വഭാവവൈശിഷ്ട്യമില്ലാത്ത വിജ്ഞാനം, ധാര്‍മികത തീണ്ടാത്ത വ്യാപാരം, മാനുഷികതയില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ആരാധന, തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയം എന്നിവ വര്‍ജിക്കപ്പെടേണ്ടതാകുന്നു.'

വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചയില്‍ നമ്മുടെ പാര്‍ലമെന്റില്‍ അരങ്ങേറിയ ബഹളവും കസര്‍ത്തുകളും കോപ്രായങ്ങളും ആക്രമണോല്‍സുകതയും ഔദ്ധത്യ പ്രകടനങ്ങളും വീക്ഷിക്കുന്നവര്‍, മഹാത്മജിയുടെ മേലുദ്ധരിച്ച സാരോപദേശങ്ങള്‍ തൃണവല്‍ഗണിച്ചതിന്റെ ശാപ പ്രത്യാഘാതങ്ങളല്ലേ ഇവയെന്ന് സംശയിക്കാതിരിക്കില്ല. 1947 സ്വാതന്ത്ര്യം ആവശ്യപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഗുണ്ടകള്‍, തെമ്മാടികള്‍ എന്ന പ്രയോഗംകൊണ്ട് വിശേഷിപ്പിക്കുകയുണ്ടായി. വാസ്തവത്തില്‍ ആ വിശേഷണം ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കല്ലേ നന്നായി ഇണങ്ങുക എന്നും ജനങ്ങള്‍ സംശയിച്ചുപോകും. ഉജ്വല പ്രഭാഷണങ്ങള്‍ക്കും മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കും രംഗവേദിയാകാറുള്ള പാര്‍ലമെന്റിനെ അപചയം ഗ്രസിച്ചിരിക്കുന്നു. ചെറുകിട കക്ഷികള്‍ ധനലാഭ അധികാരാര്‍ജനങ്ങള്‍ക്കായി ഏതു അവിഹിതമാര്‍ഗവും അവലംബിക്കാന്‍ ഉദ്യുക്തരായിരിക്കയാണെന്നുവേണം കരുതാന്‍. സഭയില്‍ അരങ്ങേറിയ ഒറ്റും കൂറുമാറ്റങ്ങളും സര്‍വ ആദര്‍ശപ്രമാണങ്ങളെയും തകിടം മറിച്ചിരിക്കുന്നു. നിഷ്പക്ഷമതിയും ശുദ്ധനും സമാദരണീയനുമായ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിപോലും മൂര്‍ഛയേറിയ വിവാദങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും ശരവ്യമായി.

ആര്‍ജവം, സത്യത, മാന്യത, ലാളിത്യം എന്നിവയിലൂടെയെല്ലാം വിശ്രുതനായ മന്‍മോഹന്‍ സിംഗുപോലും രാഷ്ട്രീയ സ്ഥാപിതതാല്‍പര്യക്കാരനാണെന്ന് വെളിപ്പെട്ടിരിക്കുന്നു. ലോകാധീശത്വവാഞ്ഛയുള്ള, അതുകൊണ്ടുതന്നെ ലോകമെമ്പാടും പഴിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിസന്റുമായി പ്രധാനമന്ത്രി നടത്തിയ നിഗൂഢ നീക്കുപോക്കുകള്‍ നമ്മുടെ ചേരിചേരാ നയപാരമ്പര്യങ്ങള്‍ക്കുമീതെ അപഖ്യാതിയുടെ കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു.

സോണിയ-മന്‍മോഹന്‍മാരുടെ കാഴ്ചപ്പാടുകള്‍ നെഹ്റുവിരുദ്ധവും ഇന്ദിരാ വിരുദ്ധവും ആകുന്നതോടൊപ്പം വന്‍ ബിസിനസിനെ മാത്രം അനുകൂലിക്കുന്നതുമല്ലേ? അംഗങ്ങളുടെ കൂറ്, ആദര്‍ശദാര്‍ഢ്യം, പ്രകടനപത്രികയിലെ നയനിലപാടുകളുടെ നിര്‍വഹണം, ഭരണഘടനയോടുള്ള പ്രതിബദ്ധത തുടങ്ങിയവ പാലിക്കപ്പെടുന്ന ബഹുകക്ഷി വ്യവസ്ഥയിലേ ജനാധിപത്യം ആരോഗ്യകരമായി നിലനില്‍ക്കൂ. വിശ്വാസവോട്ടെടുപ്പ് വേളയില്‍ ഏതാണ്ടെല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ ആദര്‍ശം ബലികഴിച്ച് കൂറുമാറി വോട്ട് രേഖപ്പെടുത്തിയത് ദൌര്‍ഭാഗ്യകരമായ സംഭവവികാസമാണ്. നിര്‍ണായക പ്രാധാന്യമുള്ള പ്രശ്നങ്ങളിന്മേലുള്ള പാര്‍ലമെന്റിന്റെ തീര്‍പ്പിന് ധാര്‍മികാടിത്തറകൂടി അനുപേക്ഷണീയമാകുന്നു. കൂറുമാറ്റ വഞ്ചനകളുടെ അടിസ്ഥാനത്തിലുരുത്തിരിയുന്ന പാര്‍ലമെന്റിന്റെ ഭൂരിപക്ഷ വിധി ദുര്‍ബലമാണ്. രോഗാതുരമാണ് അത്തരമൊരു പാര്‍ലമെന്റ്. വിശ്വാസവോട്ടില്‍ വിജയിച്ചിരിക്കുന്നു എന്ന് സ്പീക്കര്‍ ഔപചാരിക പ്രഖ്യാപനം നടത്തിയതുകൊണ്ടു മാത്രം ധാര്‍മിക വിജയമായി എന്ന് വിധിയെഴുതാന്‍ വയ്യ.

സ്വാഭിപ്രായങ്ങള്‍ സത്യസന്ധമായും നിര്‍ഭയമായും ആര്‍ജവത്തോടെ, സുവ്യക്തമായി തുറന്നു പ്രകടിപ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം ലഭിക്കുക എന്നതാണ് പാര്‍ലമെന്റിന്റെ മാഹാത്മ്യം. എന്നാല്‍, അഴിമതിപ്പണത്തിന്റെയും അധികാരലബ്ധിയുടെയും പ്രലോഭനങ്ങള്‍ക്ക് അംഗങ്ങള്‍ വഴങ്ങുമ്പോള്‍, ശബ്ദങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോകുമ്പോള്‍, അംഗങ്ങള്‍ ആക്രമണോത്സുകതയും പോക്കിരിത്തരവും പ്രകടിപ്പിക്കുമ്പോള്‍ പാര്‍ലമെന്റ് ഭ്രാന്താലയമായി രൂപാന്തരപ്പെടുന്നു. വിവേകമതികളുടെ സ്വരങ്ങള്‍ക്കുമീതെ ഒച്ചപ്പാടുകള്‍ ഉയര്‍ന്നുനില്‍ക്കുകയും കരണംമറിയുന്ന അഭ്യാസലീലകള്‍ അരങ്ങേറുകയും കോഴയായി ലഭിച്ച കറന്‍സിക്കെട്ടുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ പാര്‍ലമെന്റിന്റെ പവിത്രതക്കാണ് കളങ്കമേറ്റത്. സര്‍വാദരണീയനായ സ്പീക്കറുടെ ബഹളനിയന്ത്രണ ശ്രമങ്ങളെല്ലാം ധിക്കരിക്കപ്പെട്ടശേഷം ഉരുത്തിരിയുന്ന ഒരു വിധിതീര്‍പ്പ് ധാര്‍മികമായി ശരിയാകുമോ എന്നത് സംശയാസ്പദമാകുന്നു.

പല അംഗങ്ങളുടെയും നിലപാട് വിശദീകരണങ്ങള്‍ ബഹളം കാരണം കേള്‍ക്കാനായില്ല. സഭ കാത്തിരുന്ന ഉജ്വല പ്രഭാഷകനായ സ്പീക്കര്‍ക്കുപോലും പ്രഭാഷണം നിര്‍വഹിക്കാന്‍ സാധിച്ചില്ല. കോഴയായി ലഭിച്ച കോടികള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പോലിസ് എന്തുകൊണ്ട് നിഷ്ക്രിയരായിനിന്നു? ഒരു കുറ്റകൃത്യം നടന്നതായി വെളിപ്പെട്ടിട്ടും അന്വേഷിക്കുക എന്ന പ്രാഥമിക ചുമതലയില്‍നിന്ന് ഒഴിവാകാന്‍ ആവശ്യപ്പെടുന്ന വല്ല വിധിന്യായവും സുപ്രീം കോടതി പുറത്തുവിടുകയുണ്ടായോ? അത്തരമൊരു ഓര്‍ഡിനന്‍സ് പാര്‍ലമെന്റും ആവിഷ്കരിച്ചിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് പ്രിവിലേജ് കമ്മിറ്റിയുടെ അനുവാദം തേടേണ്ടതില്ല. ശിക്ഷാര്‍ഹമായ സാഹചര്യത്തില്‍ കോഴ സ്വീകരിക്കുന്ന അംഗത്തിനെതിരെ നിയമനടപടികളുമായി പോലിസിന് ആരുടെയും ഉത്തരവിന് ചെവിയോര്‍ക്കേണ്ടതില്ല. വോട്ട് ഈവിധം ചെയ്യുക എന്നാവശ്യപ്പെട്ട് സി.ബി.ഐ ചില അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്. ഈ ആരോപണം ശരിയാണെങ്കില്‍ അത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. സഭയുടെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ ഉന്മൂലനം ചെയ്യുന്ന പ്രവൃത്തിയാണത്. ഒരിക്കലും ഈവിധം ഉപകരണമാക്കപ്പെടേണ്ട ഭരണഘടനാ സ്ഥാപനമല്ല പാര്‍ലമെന്റ്.

ജനാധിപത്യത്തിന്റെ ഡമ്മിയേയല്ല രാജ്യത്ത് നടപ്പാക്കേണ്ടത്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി നിര്‍വഹിക്കാത്ത ഒരു വ്യാജവ്യവസ്ഥിതിക്കു മുമ്പാകെ വിധേയത്വത്തോടെ കുമ്പിടേണ്ടവരല്ല നാം ഇന്ത്യന്‍ പൌരന്മാര്‍. ലോക്സഭയിലെ വിശ്വാസവോട്ട് ചര്‍ച്ച രണ്ടാംലോക മഹായുദ്ധവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെതിരെ അവതരിപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ചില വശങ്ങളുമായി സാദൃശ്യം പുലര്‍ത്തുന്നുണ്ട്. അന്നത്തെ കക്ഷിരാഷ്ട്രീയ മാല്‍സര്യാടിസ്ഥാനത്തിലുള്ള തുറന്ന പ്രസ്താവനകള്‍ക്ക് ചര്‍ച്ചയില്‍ നല്‍കിയ മറുപടി പ്രഖ്യാതമാണ്. 'നമ്മുടെ ദീര്‍ഘ ചര്‍ച്ചകള്‍ ഇപ്പോള്‍ അതിന്റെ പരമകാഷ്ഠയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. യുദ്ധകാലഘട്ടത്തിലും നമ്മുടെ പാര്‍ലമെന്റിന് ലഭിച്ചിരിക്കുന്ന കടിഞ്ഞാണില്ലാത്ത ഈ സ്വാതന്ത്ര്യം എന്തു മാത്രം സമുജ്വലമായ മാതൃകയാണ്! ഈ സര്‍ക്കാറിലുള്ള വിശ്വാസത്തെ തകര്‍ക്കാന്‍ ഏന്തെല്ലാമാണ് ചികഞ്ഞുപുറത്തിടുന്നത്. സൈനികരുടെ വിശ്വാസ്യതപോലും തകര്‍ത്ത് രാജ്യത്തിനു മുമ്പാകെ പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പിടിപ്പുകേടുകള്‍ തുറന്നുകാട്ടുന്ന ഈ പ്രസ്താവനകളും നടപടികളും മാധ്യമങ്ങള്‍ വഴി മുഴുവന്‍ ലോകവും ഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇത് നമ്മുടെ മിത്രങ്ങളെ ദുഃഖിപ്പിക്കുകയും നമ്മുടെ ശത്രുക്കളെ ആഹ്ലാദത്തിലാഴ്ത്തുകയും ചെയ്യാതിരിക്കില്ല. മറ്റൊരു രാജ്യവും അനുഭവിക്കാത്ത കടുത്ത യുദ്ധസാഹചര്യത്തില്‍ മറ്റൊരു രാജ്യവും ഉപയോഗിക്കാന്‍ ധൈര്യപ്പെടാത്ത ഈ സ്വാതന്ത്യ്രത്തിനുതന്നെ എന്റെയും പിന്തുണ.' ഇവിടെ നമ്മുടെ പാര്‍ലമെന്റില്‍ ഉയര്‍ന്ന ശബ്ദഭീകരതയാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് മിണ്ടാന്‍ സാധിച്ചില്ല.

അത്യധികം ഖേദകരമായ പ്രാകൃതാവസ്ഥക്കാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇന്ത്യ സൌരോര്‍ജം ചൂഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യം ശശിതരൂര്‍ ഈയിടെ ഒരു പ്രബന്ധം മുഖേന ഇന്ത്യന്‍ ദേശീയ നേതാക്കളെ ഓര്‍മിപ്പിക്കുകയുണ്ടായി. സൌരോര്‍ജത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യപൂര്‍വം പരാമര്‍ശങ്ങള്‍ നടത്താറുള്ള വ്യക്തിയാണ് മന്‍മോഹന്‍ സിംഗും.

സമീപകാലത്തെ പ്രഭാഷണത്തില്‍ അദ്ദേഹം സ്പഷ്ടമാക്കി: നമ്മുടെ സമ്പദ്ഘടനയെ ചലിപ്പിക്കാനും നമ്മുടെ ജനങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നതിനും സര്‍വ ശാസ്ത്ര സാങ്കേതിക വിഭവങ്ങളും അവലംബിച്ച് സൌരോര്‍ജം പ്രയോജനപ്പെടുത്താന്‍ രാജ്യം തയാറാവുകയാണ്. അതിശയോക്തിയെന്ന് ധരിക്കേണ്ട, മന്‍മോഹന്‍ ഇത്രകൂടി കൂട്ടിച്ചേര്‍ത്തു. 'സൌരോര്‍ജ മേഖലയിലെ നമ്മുടെ പരിശ്രമങ്ങള്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയായി.'

*
വി.ആര്‍. കൃഷ്ണയ്യര്‍ കടപ്പാട്: മാധ്യമം ദിനപ്പത്രം 29.07.08

7 comments:

  1. പാര്‍ലമെന്റിന്റെ ഉദ്വേഗഭരിതമായ ഇക്കഴിഞ്ഞ സെഷനില്‍ എം.പിമാരും കാലാവധി കഴിയാറായ ഒരു പ്രധാനമന്ത്രിയും അധികാരാര്‍ത്തിപൂണ്ട രാഷ്ട്രീയ കക്ഷികളും എല്ലാറ്റിനുമുപരി കുടിലബുദ്ധികളായ രാഷ്ട്രീയ ദല്ലാളന്മാരും ചേര്‍ന്ന് മാലോകര്‍ക്കു മുമ്പാകെ ഭാരതമഹാരാജ്യത്തെ ഇകഴ്ത്തി തുച്ഛവത്കരിക്കുകയുണ്ടായി. ഭരണഘടനയിലും സ്വരാജിലും ഉത്തമവിശ്വാസമര്‍പ്പിച്ചുവരുന്ന ഇന്ത്യന്‍ ജനതയുടെ ആത്മവീര്യത്തെ അവര്‍ ക്ഷയിപ്പിച്ചുകളഞ്ഞു. പാര്‍ലമെന്റിലും മന്ത്രിസഭയിലും ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനും തല്‍സന്ദര്‍ഭത്തില്‍ ഇളക്കംതട്ടി. അക്കങ്ങളുടെ കണക്കുപ്രകാരം ഒരു കക്ഷി വിശ്വാസവോട്ടെടുപ്പില്‍ വിജയം വരിച്ചിട്ടുണ്ടാകാം. എന്നാല്‍, ഈ പ്രഹസനവേളയില്‍ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനാണ് കോട്ടം സംഭവിച്ചിരിക്കുന്നത്. 'തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാകുന്നു രാഷ്ട്രീയം' എന്ന നിര്‍വചനം അക്ഷരംപ്രതി സത്യമാണെന്ന് ഒരു തവണകൂടി തെളിയിക്കാനാണ് ബഹളമയമായ ആ പാര്‍ലമെന്റ് സമ്മേളനം ഉതകിയത്.

    ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ എഴുതിയ ലേഖനം.

    ReplyDelete
  2. സൂര്യ പ്റകാശം കൊണ്ടൂ ജനറേറ്റര്‍ പമ്പ്‌ സെറ്റ്‌ ഓടിക്കാനുള്ള സാങ്കേതിക വിദ്യ ആരും കണ്ടു പിടിച്ചിട്ടില്ല, വയലുകളില്‍ വെള്ളം വരണമെങ്കില്‍ പമ്പു സെറ്റ്‌ പ്റവറ്‍ത്തിക്കണം സൂര്യപ്റകാശം കൊണ്ടു മാക്സിമം ഒരു സോളാറ്‍ ഹീറ്ററ്‍ ഉണ്ടാക്കാം , ബ്റിട്ടനില്‍ റ്റു പാറ്‍ടീ സിസ്റ്റം ആണൂ ഇവിടെ അതല്ല , ഇപ്പൊള്‍ എന്തൊരു നെഹ്രു ഭക്തി, ഇന്ദിരാ ഭക്തി ക്റിഷ്ണയ്യറ്‍ ക്കു, വയസ്സാകുമ്പോള്‍ മറവി ഒരു അനുഗ്രഹമാണൂ

    ReplyDelete
  3. വിശ്വാസ വോട്ടിന്റെ വിജയ ലഹരിയില്‍ ആറാടി നില്ക്കുന്നവര്‍ക്കിതൊന്നും മനസ്സിലാവില്ല. പിന്നെ, മഹാത്മാഗാന്ധിയുടെ വാക്കുകള്‍ എന്നൊക്കെ കേട്ടാല്‍ 21-ആം നൂറ്റാണ്ടിലെ കോണ്ഗ്രെസ്സുകാര്‍ അന്തംവിട്ടു കുന്തം വിഴുങ്ങുകയെ ഉള്ളൂ....!

    ReplyDelete
  4. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന സാമാന്യ തത്വം. അല്ലാതെ നെഹ്‌റു/ഇന്ദിര ഭക്തിയെവിടെ?

    ReplyDelete
  5. നാഷണലൈേഷന്‍ ഒഫ്‌ ബാങ്കു നടത്തിയപ്പോള്‍ ജേ ആറ്‍ ഡീ ടാറ്റ ഇന്ദിരാ ഗാന്ധിയെ അതി നിശിതമായി വിമറ്‍ശീച്ചു നെഹ്റുവിണ്റ്റെ സാമ്പത്തിക നയങ്ങള്‍ റഷ്യന്‍ പഞ്ച വത്സര പധതിയുടെ പിന്‍ തുടറ്‍ച്ചയായിരുന്നു അതെല്ലാം ഓള്‍ഡ്‌ ഹിസ്റ്ററി , നവ ഇന്ത്യന്‍ ചരിത്രം എഴുതുമ്പോള്‍ നരസിംഹ റാവുവിനു അറ്‍ഹിക്കുന്ന സ്ഥാനം കിട്ടുമെന്നു പ്റതീക്ഷിക്കാം

    ReplyDelete
  6. ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ എന്തെങ്കിലും നെട്ടമുണ്ടയിട്ടുണ്ടെങ്കില്‍ അത് പഞ്ചവത്സരപദ്ധതി മൂലമാണ്. സോവിയറ്റ് സഹകരണത്തിന് അതില്‍ വലിയ സംഭാവനയുണ്ട്. അത് അംഗീകരിക്കാന്‍ യാതൊരു മടിയും കാട്ടേണ്ടതില്ല. സ്വതന്തൃനന്തരം അമേരിക്കയുമായി സഹകരിച്ച പാക്കിസ്ഥാനില്‍ എന്ത് നേട്ടമുണ്ടായി? തീവ്രവാതവും ഏകാതിപത്യവും ആ രാജ്യത്തെ കുട്ടിച്ചോറാക്കിയില്ലേ!

    നരസിംഹറാവുവിനും, മന്‍മോഹന്‍ സിംഗിനും, ചിതംബരത്തിനും അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയേ മതിയാവു. അതിനല്ലേ ചരിത്രത്തിന്‍റെ ചവറ്റുകൊട്ട എന്ന് പറയുന്നതു........!

    ReplyDelete
  7. Aarushi പറഞ്ഞു

    “സൂര്യ പ്റകാശം കൊണ്ടൂ ജനറേറ്റര്‍ പമ്പ്‌ സെറ്റ്‌ ഓടിക്കാനുള്ള സാങ്കേതിക വിദ്യ ആരും കണ്ടു പിടിച്ചിട്ടില്ല.“

    കണ്ടു പിടിച്ചെന്ന് ആരു പറഞ്ഞു?

    ReplyDelete