Thursday, August 12, 2010

ചൈനയിലെ തൊഴിലാളികളുടെ പണിമുടക്ക്

ചൈനയിലെ ചില കാര്‍ നിര്‍മ്മാണ ഫാൿടറികളിലും ഇലൿട്രോണിക് ഉപകരണ നിര്‍മ്മാണ ഫാൿടറികളിലും നടന്ന പണിമുടക്കുകള്‍ ലോകത്തിന്റെ ആകെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. പണിമുടക്ക് നടന്നു എന്നതിനെക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ചൈനീസ് ഗവണ്‍മെന്റും അതിനെ നയിക്കുന്ന കമ്യൂണിസ്‌റ്റ് പാര്‍ടിയും ഈ പണിമുടക്കുകളോട് സ്വീകരിച്ച അനുഭാവപൂര്‍ണമായ സമീപനത്തെക്കുറിച്ചാണ്. "ഫോര്‍ച്യൂണ്‍'' എന്ന അമേരിക്കന്‍ ബിസിനസ് പ്രസിദ്ധീകരണം ഇത്സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലവാചകം തന്നെ "ചൈനീസ് ഗവണ്‍മെന്റ് എന്തുകൊണ്ട് തൊഴിലാളികളുടെ പണിമുടക്ക് അനുവദിക്കുന്നു?'' എന്നാണ്.

പണിമുടക്ക് പ്രധാനമായും നടന്നത് തെക്കന്‍ ചൈനയിലെ ഷെന്‍ഷെന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കാര്‍ നിര്‍മ്മാണ ഫാൿടറിയായ ഹോണ്ടയിലാണ്. മെയ് 17 നായിരുന്നു കൂലി കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ട് ഹോണ്ട തൊഴിലാളികള്‍ ആദ്യം പണിമുടക്കിയത്. തുടര്‍ന്ന് ജൂണ്‍ 7, ജൂണ്‍ 10 തീയതികളിലും പണിമുടക്ക് നടന്നു. ജൂലൈ 20ന് ജാപ്പനീസ് ഇലൿട്രോണിക് ഉപകരണ നിര്‍മ്മാണ സ്ഥാപനമായ ഓമ്റോണിന്റെ ഗ്വാങ്ഷൌ പ്രവിശ്യയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കാണ് ഏറ്റവും ഒടുവില്‍ നടന്നത്.

കുറഞ്ഞ കൂലിക്ക് കൂടുതല്‍ സമയം അധ്വാനിക്കാന്‍ ആളെക്കിട്ടും എന്ന ആകര്‍ഷണീയതയാണ് ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലേക്ക് യൂറോപ്പും അമേരിക്കയും ജപ്പാനും മറ്റും ആസ്ഥാനമായുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരുകള്‍ ഈ കമ്പനികളെ ആകര്‍ഷിച്ച് നിര്‍ത്താന്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് സൌകര്യം ലഭിക്കുന്നു. തൊഴിലാളികളുടെ പണിമുടക്കോ മറ്റു ചെറുത്തുനില്‍പുകളോ ഉണ്ടായാല്‍ ഭരണകൂടം അതിനെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തുകയാണ്, മുതലാളിത്ത രാജ്യങ്ങളിലെല്ലാം നിലനില്‍ക്കുന്ന സ്ഥിതി. 2006ല്‍ ഇന്ത്യയില്‍ ഹരിയാനയിലെ ഗുഡ്‌ഗാവില്‍ പ്രവര്‍ത്തിക്കുന്ന ഹോണ്ട കമ്പനിയില്‍ നടന്ന തൊഴിലാളി പണിമുടക്കിനെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നേരിട്ടത് വെടിയുണ്ടകളും മര്‍ദ്ദനങ്ങളുംകൊണ്ടായിരുന്നല്ലോ. ഗുഡ്‌ഗാവില്‍ പോലീസും സിആര്‍പിയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മര്‍ദ്ദന സംവിധാനങ്ങള്‍ക്കു പുറമെ ഹോണ്ട കമ്പനിയുടെ സ്വകാര്യഗുണ്ടാപ്പടയും തൊഴിലാളികള്‍ക്കെതിരെ മര്‍ദ്ദനമഴിച്ചുവിടുകയുമുണ്ടായി.

ചൈനയില്‍ ഇതാദ്യമായിട്ടാണ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത് - അതും കൂലിക്കൂടുതലിനുവേണ്ടി. തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള ഭരണകൂടമുള്ള ചൈനയില്‍ കമ്പനിയുടെ സ്വകാര്യഗുണ്ടാപ്പട അനുവദനീയമല്ല. കൂലിക്കൂടുതല്‍ ചോദിച്ച് തെരുവിലിറങ്ങിയ തൊഴിലാളികളെ മര്‍ദ്ദിച്ചൊതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നു മാത്രമല്ല, പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെടാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. ചൈനീസ് തൊഴില്‍ വിപണിയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ചിങ് വോണ്‍ ലിയെ ഉദ്ധരിച്ചുകൊണ്ട് "ഫോര്‍ച്യൂണ്‍'' റിപ്പോര്‍ട്ടു ചെയ്യുന്നു: "കുറഞ്ഞ കൂലിക്ക് തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് അവര്‍ അവസാനിപ്പിക്കണമെന്നാണ് ഇതിലൂടെ ചൈനീസ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന സന്ദേശം''.

ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ടിയോ സര്‍ക്കാരോ ഔപചാരികമായി ഇതുസംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ "സിന്‍ഹ്വ'' അടുത്തയിടെ ഒരു ലേഖനത്തില്‍ സംശയാതീതമായി ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു - "ലോകത്തിന് കുറഞ്ഞ വിലയ്ക്ക് ചരക്കുകള്‍ എത്തിക്കുന്ന ചൈനീസ് തൊഴിലാളികളുടെ വില കയറുകയാണ്. എന്നാല്‍ കീശ നിറയെ പണമുള്ള തൊഴിലാളികള്‍, അവരെ ഉപഭോക്താക്കളായി കാണുന്ന വിദേശ കമ്പനികളെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്''. 30% കൂലി കൂടുതല്‍ കൊടുത്താലും ഹോണ്ട കമ്പനിക്ക് അവരുടെ ലാഭത്തില്‍ കഷ്ടിച്ച് ഒരു ശതമാനത്തിന്റെ കുറവ് മാത്രമേ വരുകയുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ചൈനീസ് വിപണി ലാക്കാക്കി കാറുകളുടെ ഉല്‍പാദനം 27% വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച ഹോണ്ട കമ്പനിക്ക്, തൊഴിലാളികളുടെ വേതന വര്‍ദ്ധനവിലൂടെ അവരുടെ സാമ്പത്തികനില ഭദ്രമാകുന്നത്, വിപണി വിപുലമാകാന്‍ - കൂടുതല്‍ കാറുകള്‍ വിറ്റഴിയാന്‍ - സഹായകമാകുന്നു. എന്നാല്‍ കൂടുതല്‍ ഉല്‍പാദിപ്പിച്ച് ന്യായമായ ലാഭം എന്നതല്ല, കുറച്ച് ഉല്‍പാദിപ്പിച്ച വലിയ ലാഭം എന്നതാണ് മുതലാളിത്ത യുക്തി. പക്ഷേ, ചൈനയില്‍ അത് നടപ്പില്ല എന്നാണ് ഹോണ്ട ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ഇപ്പോള്‍ ബോധ്യമായത്.

മെയ് 29ന് അഖില ചൈന ട്രേഡ് യൂണിയന്‍ഫെഡറേഷന്‍ (എസിഎഫ്‌ടിയു) പുറപ്പെടുവിച്ച പ്രസ്താവനയില്‍ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഇനിയും കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ആത്മാഭിമാനത്തോടെ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ പറ്റിയ വിധം "സംതൃപ്തമായ തൊഴില്‍ ബന്ധങ്ങള്‍'' വികസിപ്പിക്കുന്നത് തീവ്രമാക്കണമെന്നും തൊഴിലാളികളുടെയും സമൂഹത്തിന്റെയും സുസ്ഥിരത കൂടുതല്‍ ഫലപ്രദമായി പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാതെയും അവരുടെ ജീവിതനിലവാരം ഉയര്‍ത്താതെയും സാമൂഹിക സുസ്ഥിരതയും ഭദ്രതയും ഉറപ്പാക്കാനാവില്ല എന്നും ചൈനീസ് ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ സംശയാതീതമായി വ്യക്തമാക്കി. ചൈനീസ് അക്കാദമി ഫോര്‍ സോഷ്യല്‍ സയന്‍സസിലെ ഗ്രാമവികസന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറൿടര്‍ യു ജിയാന്‍ റോങ് ഒരു ലേഖനത്തില്‍ വിശദീകരിച്ചത് സാമ്പത്തിക പരിഷ്കാരങ്ങള്‍ സുസ്ഥിരമാകണമെങ്കില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വിപുലമാക്കപ്പെടുകയും ചെയ്യണമെന്നാണ്.

മെയ് 17നും ജൂണ്‍ 7നും നടന്ന പണിമുടക്കുകളെ ഹോണ്ട കമ്പനി അവഗണിച്ചപ്പോള്‍ ചൈനീസ് അധികാരികളുടെ മൌനാനുവാദത്തോടെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് ജൂണ്‍ രണ്ടാംവാരത്തോടെ പണിമുടക്ക് വ്യാപിപ്പിച്ചതായാണ് സിഎന്‍എന്‍ വാര്‍ത്താ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളികള്‍ 75 ശതമാനം ശമ്പള വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ 40 ശതമാനം ശമ്പള വര്‍ദ്ധനവ് അനുവദിച്ചുകൊണ്ട് പണിമുടക്ക് ഒത്തുതീര്‍പ്പിലാക്കാന്‍ കമ്പനി അധികാരികള്‍ നിര്‍ബന്ധിതരായി. ഫോക്സ്കോണ്‍ എന്ന തൈവാന്‍ ഇലൿട്രോണിക് കമ്പനി 65 ശതമാനം കൂലി കൂടുതല്‍ അനുവദിക്കുകയുണ്ടായി. ഓമ്റോണ്‍ 40 ശതമാനം കൂട്ടി.

ഈ വര്‍ഷം ആദ്യം തന്നെ ചൈനയിലെ പ്രവിശ്യാ സര്‍ക്കാരുകളും നഗരസഭകളും പ്രാദേശിക സര്‍ക്കാരുകളും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും 27 ശതമാനം വരെ ശമ്പള വര്‍ദ്ധനവ് വരുത്തിയിരുന്നു. മാത്രമല്ല, ചൈനയിലെ കയറ്റുമതി പ്രധാനമായ പ്രത്യേക സാമ്പത്തിക മേഖലകള്‍ പ്രവര്‍ത്തിക്കുന്ന തെക്കന്‍ പ്രവിശ്യകള്‍ സ്വകാര്യമേഖലയില്‍ വേതന പരിഷ്കരണ കൂടിയാലോചനകള്‍ നടത്തുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും മിനിമം കൂലി ഉയര്‍ത്തി നിശ്ചയിച്ചുകൊണ്ടും നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിച്ചതായും സിന്‍ഹ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

1978നുശേഷമാണ്, പ്രത്യേകിച്ച് 1980കളുടെ മധ്യത്തോടുകൂടിയാണ് ചൈനയില്‍ പ്രത്യേക സാമ്പത്തികമേഖലയും സ്വകാര്യമൂലധന നിക്ഷേപവും - പ്രധാനമായും വിദേശ വന്‍കിട കമ്പനികളും പ്രവാസി ചൈനക്കാരുടെ സ്ഥാപനങ്ങളും - വ്യാപകമായി തുടങ്ങിയത്.

1949ല്‍ ചൈനീസ് വിപ്ളവം വിജയിക്കുകയും ജനകീയ ചൈന റിപ്പബ്ളിക് നിലവില്‍ വരികയും ചെയ്തപ്പോള്‍ തന്നെ വിദേശ മൂലധനവുമായി, ബിസിനസ്സുകാരുമായി ഇടപെടുന്നതിന്റെ ആവശ്യകത ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ടി കണ്ടിരുന്നതാണ്. മൌ സേ ദോങ് തന്റെ പ്രസിദ്ധമായ "ജനകീയ ജനാധിപത്യ സര്‍വാധിപത്യം'' എന്ന കൃതിയില്‍ (1949 ജൂണ്‍ 30ന് എഴുതിയത്) ഇങ്ങനെ എഴുതിയിരിക്കുന്നു - "ആഭ്യന്തരവും സാര്‍വദേശീയവുമായ എല്ലാ ശക്തികളെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് അകത്തും പുറത്തുമുള്ള പിന്തിരിപ്പന്മാരെ അടിച്ചൊതുക്കുമ്പോള്‍ തന്നെ, തുല്യതയുടെയും പരസ്പര നേട്ടത്തിന്റെയും പ്രദേശപരമായ പരമാധികാരത്തിനും ഉദ്ഗ്രഥനത്തിനുമായുള്ള പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളുമായി ബിസിനസ് ബന്ധങ്ങളും നയതന്ത്രബന്ധങ്ങളും സ്ഥാപിക്കേണ്ടതുണ്ട്'' (തെരഞ്ഞെടുത്ത കൃതികള്‍, വാല്യം IV പേജ് 416). അദ്ദേഹം തുടര്‍ന്ന് ഇങ്ങനെ പറയുന്നു - "എന്തുകൊണ്ടാണ് ഈ രാജ്യങ്ങള്‍ നമ്മളുമായി വ്യാപാര ഇടപാടുകള്‍ക്ക് തയ്യാറാവുന്നത്? ഭാവിയില്‍ പരസ്പര നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് പണം വായ്പ നല്‍കാന്‍ ഇടയാകുന്നത് എന്തുകൊണ്ടാണ്? കാരണം, അവരുടെ മുതലാളിമാര്‍ക്ക് പണമുണ്ടാക്കണം, ബാങ്കുകള്‍ക്ക് പലിശ സമ്പാദിക്കണം; അവര്‍ അകപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുവേണ്ടിയാണിത് - അല്ലാതെ ചൈനയിലെ ജനങ്ങളെ സഹായിക്കാനൊന്നുമല്ല''. (ടി കൃതി, പേജ് 417).

എന്നാല്‍ യുദ്ധാനന്തര സാമ്പത്തിക വളര്‍ച്ചയുടെ 'സുവര്‍ണകാല'ത്തിലായിരുന്ന ലോകമുതലാളിത്തം ചൈനയെ തകര്‍ക്കാന്‍ പറ്റുമെന്ന വ്യാമോഹത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനാണ് അന്ന് ശ്രമിച്ചത്. അതുകൊണ്ട് ചൈനയുമായി സാമ്പത്തിക - വ്യാപാര ഇടപാടുകള്‍ക്ക് അന്ന് തയ്യാറായില്ല. 1970കളില്‍ മുതലാളിത്തത്തിന്റെ 'സുവര്‍ണകാലം' പൊലിയുകയും മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതോടെയാണ്, തകരാതെ തല ഉയര്‍ത്തി നിന്നിരുന്ന ചൈന എന്ന വലിയ വിപണി തേടി കടുത്ത യാഥാസ്ഥിതികനും ചൈനാവിരുദ്ധനും ആയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് നിക്സന്‍ തന്നെ ചൈനയിലെത്തി മൌവിന്റെ കരം ഗ്രഹിച്ചത്. 1960കളിലും 70കളുടെ തുടക്കത്തിലും ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇടതുപക്ഷ വ്യതിയാനത്തില്‍നിന്ന് 1978നുശേഷം ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ടി കരകയറുകയും കൂടി ചെയ്തതോടെയാണ് 1949ല്‍ മൌ തന്നെ മുന്നോട്ടുവെച്ച നയം ദെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ "തുറന്ന സമീപനം'' എന്ന പേരില്‍ കൂടുതല്‍ കാലോചിതമാക്കപ്പെട്ട് നടപ്പിലാക്കാനും തുടങ്ങിയത്. ചൈനീസ് തൊഴിലാളി വര്‍ഗത്തിന്റെയും കമ്യൂണിസ്‌റ്റ് പാര്‍ടിയുടെയും നേതൃത്വവും നിയന്ത്രണവും ഭരണകൂടത്തില്‍ ശക്തമായി നിലനിന്നതുകൊണ്ടു തന്നെയാണ്, വിദേശത്തുനിന്ന് മൂലധന പ്രവാഹമുണ്ടായിട്ടും മൂലധനത്തിന്റെ അധിനിവേശത്തിനും വ്യവസ്ഥയെ തന്നെ അട്ടിമറിക്കാനുമുള്ള സാധ്യത ഇല്ലാതാക്കിയത്. മൂലധനത്തിനെ മൂക്കു കയറിട്ട് സാമ്പത്തികാഭിവൃദ്ധിയുടെ ഗുണഫലങ്ങള്‍ അവിടത്തെ തൊഴിലാളികളുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനായത് ഇത് ഒരിക്കല്‍കൂടി തെളിയിക്കുന്നു.

1970കള്‍ മുതല്‍ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതികള്‍ (ഒരു കുടുംബം, ഒരു കുട്ടി) വിജയം കാണുകയും ജനസംഖ്യാ വര്‍ദ്ധനവിന്റെ അനുപാതം കുറയുകയും ചെയ്തത് തൊഴില്‍സേനയുടെ എണ്ണം കുറയുന്നതിന് ഇടയാക്കി. മാത്രമല്ല, ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചൈന നടപ്പിലാക്കിയ 58600 കോടി ഡോളറിന്റെ (29.3 ലക്ഷം കോടി രൂപ) ഉത്തേജക പദ്ധതി ചൈനയില്‍ വലിയ തോതില്‍ തൊഴില്‍ അവസരം സൃഷ്ടിച്ചത് അവിടത്തെ തൊഴിലാളികളുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. കാര്‍ഷികമേഖലയിലും മറ്റ് ഉല്‍പാദന മേഖലകളിലും പശ്ചാത്തല വികസനത്തിലും സേവനമേഖലകളിലും സര്‍ക്കാര്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിനാണ് ഉത്തേജക പദ്ധതിക്ക് ചൈന രൂപം നല്‍കിയത്. ഇതാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയത്. ഇന്ത്യ ഉള്‍പ്പെടെ മുതലാളിത്ത ലോകത്താകെ ആഗോളമാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചൈനയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുകയും തൊഴിലാളികളുടെ വിലപേശല്‍ ശേഷി കൂടുകയുമാണുണ്ടായത്. ഇത് ആഭ്യന്തരവിപണിയേയും വിപുലമാക്കിയിരിക്കുന്നു.

ഇതാണ് കൂലി വര്‍ദ്ധനവിനുവേണ്ടി സമരരംഗത്തിറങ്ങാന്‍ ചൈനീസ് തൊഴിലാളികളെ പ്രേരിപ്പിച്ചതും അത് നേടിയെടുക്കാന്‍ അവരെ സഹായിച്ചതുമായ പശ്ചാത്തലം. ഹോണ്ട കമ്പനിയിലെ അവിദഗ്ദ്ധ തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 500 യുവാന്‍ (76 ഡോളര്‍ - ഏകദേശം 3800 രൂപ) വര്‍ദ്ധനവ് നേടിയെടുക്കാന്‍ കഴിഞ്ഞു. ഇന്ന് ചൈനയിലെ അവിദഗ്ദ്ധ തൊഴിലാളിയുടെ ഒരു മണിക്കൂര്‍ നേരത്തെ ശരാശരിവേതനം 1.08 ഡോളര്‍ ആണ് (50 രൂപയില്‍ അധികം). ഇത് ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലിയാണ്. ഇതുകൊണ്ട് ഈ വിദേശ കമ്പനികള്‍ ചൈനയില്‍നിന്ന് കുറ്റിയും പറിച്ച് ഇന്ത്യയിലേക്കും മറ്റും പ്രവഹിക്കും എന്നാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രവചിക്കുന്നതെങ്കിലും ചൈനയ്ക്ക് ആ വക ഉല്‍ക്കണ്ഠ ഒന്നും തന്നെ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചൈന എന്ന വലിയ വിപണി കൈവിടാന്‍ കോര്‍പ്പറേറ്റുകള്‍ക്കും ആവില്ലല്ലോ.

*****

ജി വിജയകുമാര്‍, കടപ്പാട് : ചിന്ത വാരിക

3 comments:

  1. 1970കള്‍ മുതല്‍ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതികള്‍ (ഒരു കുടുംബം, ഒരു കുട്ടി) വിജയം കാണുകയും ജനസംഖ്യാ വര്‍ദ്ധനവിന്റെ അനുപാതം കുറയുകയും ചെയ്തത് തൊഴില്‍സേനയുടെ എണ്ണം കുറയുന്നതിന് ഇടയാക്കി. മാത്രമല്ല, ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചൈന നടപ്പിലാക്കിയ 58600 കോടി ഡോളറിന്റെ (29.3 ലക്ഷം കോടി രൂപ) ഉത്തേജക പദ്ധതി ചൈനയില്‍ വലിയ തോതില്‍ തൊഴില്‍ അവസരം സൃഷ്ടിച്ചത് അവിടത്തെ തൊഴിലാളികളുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. കാര്‍ഷികമേഖലയിലും മറ്റ് ഉല്‍പാദന മേഖലകളിലും പശ്ചാത്തല വികസനത്തിലും സേവനമേഖലകളിലും സര്‍ക്കാര്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിനാണ് ഉത്തേജക പദ്ധതിക്ക് ചൈന രൂപം നല്‍കിയത്. ഇതാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയത്. ഇന്ത്യ ഉള്‍പ്പെടെ മുതലാളിത്ത ലോകത്താകെ ആഗോളമാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചൈനയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുകയും തൊഴിലാളികളുടെ വിലപേശല്‍ ശേഷി കൂടുകയുമാണുണ്ടായത്. ഇത് ആഭ്യന്തരവിപണിയേയും വിപുലമാക്കിയിരിക്കുന്നു.

    ഇതാണ് കൂലി വര്‍ദ്ധനവിനുവേണ്ടി സമരരംഗത്തിറങ്ങാന്‍ ചൈനീസ് തൊഴിലാളികളെ പ്രേരിപ്പിച്ചതും അത് നേടിയെടുക്കാന്‍ അവരെ സഹായിച്ചതുമായ പശ്ചാത്തലം. ഹോണ്ട കമ്പനിയിലെ അവിദഗ്ദ്ധ തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞത് 500 യുവാന്‍ (76 ഡോളര്‍ - ഏകദേശം 3800 രൂപ) വര്‍ദ്ധനവ് നേടിയെടുക്കാന്‍ കഴിഞ്ഞു. ഇന്ന് ചൈനയിലെ അവിദഗ്ദ്ധ തൊഴിലാളിയുടെ ഒരു മണിക്കൂര്‍ നേരത്തെ ശരാശരിവേതനം 1.08 ഡോളര്‍ ആണ് (50 രൂപയില്‍ അധികം). ഇത് ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലിയാണ്. ഇതുകൊണ്ട് ഈ വിദേശ കമ്പനികള്‍ ചൈനയില്‍നിന്ന് കുറ്റിയും പറിച്ച് ഇന്ത്യയിലേക്കും മറ്റും പ്രവഹിക്കും എന്നാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രവചിക്കുന്നതെങ്കിലും ചൈനയ്ക്ക് ആ വക ഉല്‍ക്കണ്ഠ ഒന്നും തന്നെ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചൈന എന്ന വലിയ വിപണി കൈവിടാന്‍ കോര്‍പ്പറേറ്റുകള്‍ക്കും ആവില്ലല്ലോ.

    ReplyDelete
  2. If Chinese government is allowing the strike, then definitely there is something to help them negotiate better bribes from Honda.

    Did you forget Tianmen square massacre or Tibet ? Wasn't that also protest? Ridiculous attempt to prove that China allows protests.

    Why is there an attempt to justify what China does and smear the party also with the Chinese mess?

    ReplyDelete
  3. ചൈനയില്‍ നടക്കുന്ന ചൂഷണവും മനുഷ്യാവകാശ ലംഘനവും കണ്ടില്ലെന്നു നടിച്ചു ഒരു പണിമുടക്കിനെ ഉദാത്തവല്ക്കരിക്കുന്നത് ശരിയല്ല. മുതലാളിത്ത രാജ്യങ്ങള്‍ ഉരുക്കുമുഷ്ടി കൊണ്ട് തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന് നിങ്ങള്‍ തന്നെ പറയുന്നു. എന്തുകൊണ്ട് ചൈനയിലേക്കും ഇന്ത്യയിലേക്കും ആ മുതലാളിത്ത രാജ്യങ്ങള്‍ ജോലി കയറ്റുമതി ചെയ്യുന്നു? ചൈന എന്തിനു ആ ജോലികള്‍ സ്വീകരിക്കുന്നു? മുതലാളിത്ത രാജ്യങ്ങളില്‍ പോലും നടക്കാത്ത ചൂഷണം അവിടെ സാധിക്കുന്നത് കൊണ്ട്. അവിടെ ഇത്ര സംഘടിത തൊഴിലാളി വര്‍ഗ്ഗം ഉണ്ടെങ്കില്‍ എന്തിനു സ്വയം ചൂഷണത്തിന് വിധേയരാകുന്നു? തൊഴിലാളി പാര്‍ട്ടി ഭരിക്കുമ്പോള്‍ എന്തും ആകാം, തൊഴിലാളികള്‍ എന്തും സഹിക്കണം എന്നായിരിക്കും.

    പിന്നെ ചൈനയുടെ പുറകെ പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. അടുത്ത നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചൈന ആയിരിക്കും.

    ReplyDelete