Wednesday, June 15, 2011

രാംദേവിന്റെ ഉയര്‍ച്ച റോക്കറ്റ് വേഗത്തില്‍

അഴിമതിക്കും കള്ളപ്പണത്തിനും എതിരെ സമരം പ്രഖ്യാപിച്ച ബബാ രാംദേവിനെതിരെ കൂടുതല്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. രാംദേവിന് 1100 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ, ഇതൊക്കെ ഏതു വഴിയിലൂടെയാണ് സമ്പാദിച്ചതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. പത്തു വര്‍ഷം മുമ്പ് സൈക്കിളില്‍ ആയുര്‍വേദ മരുന്ന് വിറ്റുനടന്ന രാംദേവ് ഇത്ര ചുരുങ്ങിയ കാലത്തിനിടയില്‍ എങ്ങിനെ സഹസ്രകോടിപതിയായി എന്നതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ രാംദേവിന്റെ അടുത്ത അനുയായികള്‍ക്ക് കഴിയുന്നില്ല.

ഹരിയാനയിലെ അലിപൂര്‍ ഗ്രാമത്തില്‍ ജനിച്ച രാംദേവ് 1992 നുശേഷമാണ് ഹരിദ്വാറില്‍ ആയുര്‍വേദ മരുന്നു വില്‍ക്കാന്‍ തുടങ്ങിയത്. സൈക്കിളിലും സൈക്കിള്‍ റിക്ഷയിലും സഞ്ചരിച്ചായിരുന്നു മരുന്നു വില്‍പന. 1995 ല്‍ ദിവ്യയോഗ ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് രാംദേവിന്റെ പ്രവര്‍ത്തനമേഖല വിപുലമാകാന്‍ തുടങ്ങിയത്. ദിവ്യയോഗ ട്രസ്റ്റ് ഉള്‍പ്പെടെ രാംദേവ് രൂപം നല്‍കിയ ട്രസ്റ്റുകള്‍ക്കു സംഭാവനകള്‍ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ലഭിക്കുന്ന സംഭാവനകള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കായി രാംദേവ് തിരിച്ചുവിട്ടു. ആയുര്‍വേദ മരുന്നുകള്‍ മുതല്‍ ജൈവഭക്ഷണ പദാര്‍ഥങ്ങള്‍വരെ ഉല്‍പ്പാദിപ്പിക്കുന്ന നാല്‍പതില്‍പരം കമ്പനികളാണ് രാംദേവ് പടുത്തുയര്‍ത്തിയത്.

വാണിജ്യ സാമ്രാജ്യം വിപുലീകരിക്കുന്നതിനിടയില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ രാംദേവ് ഏര്‍പ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഹരിദ്വാറില്‍ അദ്ദേഹം പതഞ്ജലി ആയുര്‍വേദ കമ്പനിക്കുവേണ്ടി ഭൂമി വാങ്ങിയതില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതായാണ് ആരോപണം.

നികുതി വെട്ടിച്ചതിന് 45 ലക്ഷം രൂപ പിഴയടക്കണമെന്ന് ഹരിദ്വാര്‍ എസ് ഡി എം കോടതി 2010 ല്‍ വിധിച്ചിരുന്നു. ആയുര്‍വേദ ചെടികള്‍ വളര്‍ത്തുന്നതിനാണ് ഭൂമി വാങ്ങിയതെന്നായിരുന്നു രാംദേവിന്റെ വാദം. എന്നാല്‍ ആ സ്ഥലത്ത് ഔഷധ കൃഷിയൊന്നുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഹരിദ്വാര്‍ ആസ്ഥാനമായുള്ള യോഗഗ്രാം എന്ന സുഖവാസ കേന്ദ്രം രാംദേവിന്റെ വകയാണ്. സമീപവാസികളുടെ സ്ഥലം കയ്യേറിയാണ് ഇവിടെ റിസോര്‍ട്ട് പണിതത്. അനധികൃത കയ്യേറ്റത്തിനെതിരെ ഗ്രാമവാസികള്‍ സമരം തുടങ്ങി. സമീപത്തുള്ള മറ്റ് ഗ്രാമങ്ങളില്‍ പകരം ഭൂമി വിലക്കുവാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാമീണരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ രാംദേവ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു വര്‍ഷമായി ഗ്രാമീണരും രാംദേവുമായുള്ള തര്‍ക്കം തുടരുകയാണ്. ''ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം. അവിടെ നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്യണം'' എന്നാണ് ഗ്രാമവാസിയായ അജാബസിംഗ് ചൗഹാന്‍ ഔട്ട്‌ലുക്ക് വാരികയുടെ ലേഖകനോട് പറഞ്ഞത്.

രാംദേവിന്റെ പതാഞ്ജലി യോഗപീഠം ട്രസ്റ്റിനും അദിവ്യയോഗമന്ദിറിനും ഹരിദ്വാറില്‍ ആയിരത്തോളം ഏക്കര്‍ ഭൂമിയുണ്ട്. അവിടെയുള്ള ആശുപത്രിക്കും ഭൂമിക്കും തന്നെ 1200 കോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

ഹരിദ്വാറിലെ കൃപാലുബാഹില്‍ ഒരു വാടകകെട്ടിടത്തില്‍ താമസിച്ചിരുന്ന രാംദേവ് ഇപ്പോള്‍ കഴിയുന്നത് ശിവകുടിയില്‍ പണിത രമ്യഹര്‍മ്യത്തിലാണ്. ആറ് ഏക്കര്‍ ഭൂമിയിലാണ് വീട്. 30 കോടിയിലധികം രൂപ വില മതിക്കുന്ന കെട്ടിടമാണിത്.

രാംദേവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആചാര്യ ബാലകൃഷ്ണയാണ്. രാംദേവിന്റെ വക്താവായി അറിയപ്പെടുന്ന ബാലകൃഷ്ണയ്ക്ക് എതിരായും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പതാഞ്ജലി ട്രസ്റ്റില്‍ 3.47 കോടി രൂപയുടെ ഓഹരി ബാലകൃഷ്ണയ്ക്കുണ്ട്. നേപ്പാള്‍ സ്വദേശിയായ ബാലകൃഷ്ണ വ്യാജ സത്യവാങ്മൂലം നല്‍കിയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ആയുധ ലൈസന്‍സും സമ്പാദിച്ചതെന്നാണ് ഒരു ആരോപണം.

അര്‍ബുദം തുടങ്ങി എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്ന് തന്റെ പക്കലുണ്ടെന്നാണ് രാംദേവ് അവകാശപ്പെടുന്നത്. രാംദേവിന്റെ ആയുര്‍വേദ മരുന്ന് സേവിച്ച് അര്‍ബുദ രോഗമുക്തി നേടിയവരുണ്ടെന്ന് അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനുള്ള വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.

രാംദേവിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ സി ബി ഐ അന്വേഷിക്കണമെന്ന് ഉത്തരഖണ്ഡിലെ നാലു എം എല്‍ എമാര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഈ എം എല്‍ എമാര്‍ കോണ്‍ഗ്രസുകാരാണ്. ഗോമൂത്രമാണ് രാംദേവ് വില്‍ക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ ഒന്ന്.

''രാംദേവ് വില്‍പന നടത്തുന്നു എന്ന് അവകാശപ്പെടുന്നത്ര ഗോമൂത്രത്തിന്റെ അളവോളം വെള്ളം ഉത്തരഖണ്ഡിലെ പശുക്കള്‍ കുടിക്കുന്നില്ല'' എന്നാണ് കിഷോര്‍ ഉപാധ്യായ എം എല്‍ എ ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് എം എല്‍ എ മാര്‍ക്ക് രാംദേവിന്റെ ദിവ്യശക്തിയില്‍ വിശ്വാസമില്ലെങ്കിലും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പല കോണ്‍ഗ്രസ് നേതാക്കന്‍മാരും അദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്. കമല്‍നാഥ്, സുബോധ്കാന്ത് സഹായ് തുടങ്ങിയവര്‍ അവരില്‍ ഉള്‍പ്പെടും.

*
ജനയുഗം 15 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴിമതിക്കും കള്ളപ്പണത്തിനും എതിരെ സമരം പ്രഖ്യാപിച്ച ബബാ രാംദേവിനെതിരെ കൂടുതല്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. രാംദേവിന് 1100 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ, ഇതൊക്കെ ഏതു വഴിയിലൂടെയാണ് സമ്പാദിച്ചതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. പത്തു വര്‍ഷം മുമ്പ് സൈക്കിളില്‍ ആയുര്‍വേദ മരുന്ന് വിറ്റുനടന്ന രാംദേവ് ഇത്ര ചുരുങ്ങിയ കാലത്തിനിടയില്‍ എങ്ങിനെ സഹസ്രകോടിപതിയായി എന്നതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ രാംദേവിന്റെ അടുത്ത അനുയായികള്‍ക്ക് കഴിയുന്നില്ല.