Friday, December 2, 2011

എം ടി യും മുകുന്ദനും കണ്ടു മുട്ടിയപ്പോള്‍

എം മുകുന്ദന്‍ : ജീവിതത്തില്‍ തന്നെ ഇതിഹാസമായിമാറിയ ആളാണ് എം ടി. കേരളത്തിലെങ്ങും ചിരപരിചിതമായ പേര്. നോവലിസ്റ്റ്, കഥാകൃത്ത്, സംവിധായകന്‍ , എലാറ്റിലുമുപരി ഏറ്റവും വിജയം നേടിയ തിരക്കഥാകൃത്ത്. ഏറെ വൈശിഷ്ട്യങ്ങളോടെ എഴുതുന്നതാണെന്നതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹമെഴുതിയ ഒരു പുസ്തകത്തിന്റെ പേര് "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്നാണ്. എന്നെ അത് വല്ലാതെ വശീകരിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ ആണ് ഞാനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാവരും പറയും ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കും തനിച്ചാവാന്‍ കഴിയില്ലെന്ന്. എന്നാല്‍ എന്റെ അനുഭവം അങ്ങനെയാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഫിക്ഷനിലാണ്. മലയാളത്തില്‍ വഴിത്തിരിവായ നോവലുകളും കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

അദ്ദേഹം ഏകനായ എഴുത്തുകാരനാണ്. അദ്ദേഹം ഏകനായി സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യമാറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹമെഴുതിയത്. തെക്കന്‍മലബാറില്‍ മരുമക്കത്തായ സംവിധാനമാണ് നിലനിന്നത്. സ്ത്രീയ്ക്കായിരുന്നു അധികാരവും സാമ്പത്തികാധികാരവും. ഇപ്പോള്‍ അതില്ല. മരുമക്കത്തായത്തില്‍നിന്ന് മക്കത്തായത്തിലേക്കുള്ള കാലപ്പകര്‍ച്ചയാണ് അദ്ദേഹത്തിന്റെ പല രചനകളുടെയും ഇതിവൃത്തമായത്. തികച്ചും പ്രതിബിംബാത്മകമായ ശൈലിയിലാണ് അദ്ദേഹം എഴുതിയത്. മുഴക്കത്തോടെയും നിശിതമായുമാണ് അദ്ദേഹമെഴുതിയത്. മികച്ച എഡിറ്റര്‍കൂടിയാണ് എം ടി. ഒരു കൈയില്‍ പേനയും ഒരു കൈയില്‍ കത്രികയുമായാണ് അദ്ദേഹം എഴുതിയത്. വലതുകൈകൊണ്ട് എഴുതുമ്പോള്‍ മറുകൈ കൊണ്ട് എഡിറ്റ് ചെയ്യുകയും ചെയ്യും. അദ്ദേഹത്തിന്റെ നോവലുകളോ കഥകളോ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഒരക്ഷരം പോലും അതില്‍ നിന്ന് ഒഴിവാക്കാനില്ലെന്ന്. അദ്ദേഹം ഒരേ സമയം എഴുത്തുകാരനും എഡിറ്ററും കൂടിയാണ്. എന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായ അദ്ദേഹമാണ് എന്റെ ആദ്യകഥ പ്രസിദ്ധീകരിച്ചത്. മാതൃഭൂമി വാരികയിലായിരുന്നു അത്. അക്കാലത്ത് ഒരാള്‍ക്കും മാതൃഭൂമിയില്‍ രചനകള്‍ പ്രസിദ്ധീകരിക്കാതെ ഒരു മികച്ച എഴുത്തുകാരനാവാന്‍ കഴിയില്ല. എം ടി എഡിറ്ററായ മാതൃഭൂമിയില്‍ ഒരു രചന വന്നാല്‍ അത് എഴുത്തുകാര്‍ക്കുള്ള ഒരു അഭിനന്ദനമാണ്. അംഗീകരിച്ചിരിക്കുന്നു, ധൈര്യമായി മുന്നോട്ടുപോയ്ക്കോളൂ എന്ന അനുമതി. ഞാന്‍ ബഹുമാനിക്കുന്ന ഈ എഡിറ്റര്‍ എന്നെയും അങ്ങനെ ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമാണ്. ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്.

ഞാന്‍ പറഞ്ഞു, ഞാന്‍ എം ടി കാരണമാണ് എഴുത്തുകാരനായതെന്ന്. അടുത്തതിനി അങ്ങയുടെ ഊഴമാണ്, എങ്ങനെ എഴുത്തുകാരനായതെന്ന് പറയാന്‍ .

എം ടി: ഞാന്‍ എങ്ങനെ എഴുത്തുകാരനായെന്ന് ഈ സദസ്സിലിരിക്കുന്ന മലയാളികള്‍ക്കറിയാം. ഞാന്‍ അതെക്കുറിച്ച് എഴുതിയിട്ടുണ്ട്. പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ ഒരു നാട്ടിന്‍പുറത്തെ മധ്യവര്‍ഗ കര്‍ഷകകുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. എന്റെ വീടിന് ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റഷനിലേക്കും ഹൈസ്കൂളിലേക്കും ആറുമൈല്‍ നടക്കണം. ബസ്സ്റ്റോപ്പിലേക്ക് നാലു മൈലും. അത്രക്കും ഉള്‍പ്രദേശത്താണ് ഞാന്‍ വളര്‍ന്നത്. പുസ്തകങ്ങളുമായി ഒട്ടും സമ്പര്‍ക്കമില്ലായിരുന്നു. അപൂര്‍വമായി മാത്രമേ മാഗസിനുകളും പുസ്തകങ്ങളും കാണാന്‍കിട്ടൂ. ഗ്രാമത്തില്‍ ഒരു വീട്ടില്‍ മാത്രമേ ഇംഗ്ലീഷ് പത്രം വരുത്താറുള്ളൂ, അതും തപാലില്‍ . ആ വീട്ടിലെ കാര്യസ്ഥനാണ് പോസ്റ്റ്ഓഫീസില്‍ ചെന്ന് പത്രം ശേഖരിക്കുക. അയാളുമായി ഞാന്‍ ബന്ധം സ്ഥാപിച്ചു. മൂന്നു ദിവസം പഴക്കമുള്ള ഇംഗ്ലീഷ് പത്രം അയാളെനിക്ക് തരും. വീടുവരെ അയാള്‍ക്കൊപ്പം നടക്കും. അതിനിടയില്‍ പത്രത്തിന്റെ റാപ്പര്‍ മാറ്റി അതിലെ പ്രധാനപ്പെട്ടവ വായിക്കും. വീടെത്താറാവുമ്പോള്‍ റാപ്പറില്‍ വച്ച് പത്രം തിരിച്ചുനല്‍കും. പുസ്തകങ്ങള്‍ അപൂര്‍വമായിരുന്നു. വായനയില്‍ താല്‍പര്യം ജനിച്ചപ്പോഴും പുസ്തകങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഹൈസ്കൂളില്‍ ചെറിയൊരു ലൈബ്രറിയുണ്ട്. നല്ല പുസ്തകങ്ങളൊന്നും അതിലില്ല. ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകന് പുസ്തകം തരാന്‍ താല്‍പര്യമില്ല. ആരെങ്കിലും പുസ്തകത്തിന് ചെന്നാല്‍ അദ്ദേഹത്തിന് അത് ബുദ്ധിമുട്ടാണ്. അലമാര തുറക്കണം. പുസ്തകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. വായന എപ്പോഴോ ഒഴിയാബാധയായി. എങ്ങനെ എപ്പോഴാണ് അങ്ങനെ ആയതെന്ന് അറിയില്ല. ഞങ്ങള്‍ വെറും കര്‍ഷകരായിരുന്നു. ജ്യേഷ്ഠന്മാര്‍ വിദ്യാസമ്പന്നരായിരുന്നെങ്കിലും പുസ്തകങ്ങള്‍ കാര്യമായി കിട്ടാറില്ല.

ഗ്രാമത്തില്‍ എഴുത്തച്ഛന്റെ രാമായണം വായിക്കുന്ന പതിവുണ്ട് അന്ന്. രാമായണം തെറ്റാതെ വായിച്ചാല്‍ ആ കുട്ടി മിടുക്കനാണെന്ന് മുതിര്‍ന്നവര്‍ പറയും. വിദ്യാഭ്യാസം എങ്ങനെയെങ്കിലും പൂര്‍ത്തിയായാല്‍ കന്നുകാലികളെ പുഴയിലേക്കോ വയലിലേക്കോ കൊണ്ടുപോവണം. ഒരു ആണ്‍കുട്ടി അതിന് പ്രാപ്തനായാല്‍ എല്ലാവരും പറയും അവന്‍ കൃഷിക്ക് യോഗ്യനാണെന്ന്. ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പ്രഗത്ഭനായ ഒരു കവിയുടെ വീട്ടില്‍ നിന്ന് പുസ്തകങ്ങള്‍ കടം വാങ്ങാറുണ്ട്. അതായിരുന്നു വായനയുടെ തുടക്കം. ഒരിക്കല്‍ കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രസന്നകേരളത്തിന്റെ വാര്‍ഷികപ്പതിപ്പു കിട്ടിയത് ഞാനിപ്പോഴും ഓര്‍ക്കുന്നു. എങ്ങനെയോ കിട്ടിയതാണ്. അതില്‍ മൂന്നുനാലു പേജുകളില്‍ പ്രധാന എഴുത്തുകാരുടെ ചിത്രങ്ങളായിരുന്നു. തകഴി, ബഷീര്‍ പോലുള്ളവരുടെ. അതെല്ലാം മുറിച്ചെടുത്ത് ബൗണ്ട് ചെയ്ത് ഞങ്ങളുടെ പഴയ വീടിന്റെ പൂമുഖത്ത് തൂക്കി. വായനയോട് വല്ലാത്ത ആവേശമായിരുന്നു. ഞാന്‍ ആദ്യം എഴുതിയത് കവിതയായിരുന്നു. ഗ്രാമവഴികളില്‍ ഏകാന്തനായി നടക്കാറുണ്ടായിരുന്നു. എന്തെങ്കിലും കുത്തിക്കുറിക്കും. പിന്നെ എഴുതും. എഴുതിയത് നന്നായില്ലെന്ന് കണ്ടാല്‍ വീണ്ടും എഴുതും. അങ്ങനെയാണ് ഞാന്‍ എഴുത്തിന്റെ ലോകത്തെത്തിയത്.

മുകുന്ദന്‍ : ചെറുപ്പത്തില്‍ എനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നു. റേഡിയോയും ടിവിയും ഇല്ലാത്ത കാലം. വായിക്കുക, വീണ്ടും വായിക്കുക എന്നതുമാത്രമായിരുന്നു ഏക വഴി. പുസ്തകങ്ങള്‍ വളരെ കുറവായിരുന്നു. മൈലുകള്‍ നടന്ന് ലൈബ്രറികളില്‍ ചെന്നാണ് നല്ല പുസ്തകങ്ങള്‍ വായിച്ചത്. വായന എളുപ്പമായിരുന്നില്ല. എം ടിയെപ്പോലെ ഞാനും ഒരു ഗ്രാമത്തിലാണ് ജനിച്ചത്.

14-15 വയസ്സുള്ളപ്പോള്‍ ഗൗരവതരമായ വായന തുടങ്ങി. ഞങ്ങളുടെ വീട്ടില്‍ അന്ന് വൈദ്യുതിയില്ല. എങ്ങനെ വായിക്കും. ചുമരില്‍ തൂക്കിയ മണ്ണെണ്ണ വിളക്കിന് താഴെ കിടന്നാണ് വായന. രാത്രി ചോറുണ്ടശേഷമാണ് വായന. ചുമരിലെ വിളക്കിന്റെ വെളിച്ചം അന്ന് പുസ്തകത്തില്‍ എത്തില്ല. ഡൊസ്റ്റോവ്സ്കിയെ വായിച്ചത് അര്‍ധ ഇരുട്ടിലായിരുന്നു. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ജീവിതത്തോടുള്ള അസ്പഷ്ടവും മ്ലാനവും ദുഃഖപൂര്‍ണവുമായ ഒരു കാഴ്ചപ്പാട് എനിക്കുണ്ടായത് ഇങ്ങനെയാണെന്ന്. ആ ഇരുട്ടില്‍ വെളിച്ചത്തെക്കുറിച്ച് ഒരു വീക്ഷണവുമില്ലായിരുന്നു. ഇരുട്ട് എന്റെ ജീവിതത്തില്‍ വളരെയേറെ സ്വാധീനിച്ചിരുന്നു. എം ടിയുടെ വീട്ടിലും അതേസ്ഥിതിയായിരുന്നിരിക്കണം. ഒരു പക്ഷേ അതിനെക്കാള്‍ നല്ല ഒരു വിളക്കുണ്ടായിരിക്കണം. എന്റെ നാട്ടില്‍ മണ്ണെണ്ണക്ക് റേഷനായിരുന്നു. കുറഞ്ഞ അളവിലേ കിട്ടു. ഞാന്‍ രാത്രിയില്‍ വായിക്കുമ്പോള്‍ അമ്മ പറയും വായന നിര്‍ത്താന്‍ . കുറച്ചു നേരം കൂടി വായിക്കും. രാത്രി മുഴവന്‍ വായിക്കും. എപ്പോഴോ ഉറങ്ങും. മൂന്നു മണിക്കോ നാലുമണിക്കോ എഴുന്നേല്‍ക്കുമ്പോള്‍ പുസ്തകം എന്റെ നെഞ്ചില്‍ കമിഴ്ന്നു കിടക്കുന്നുണ്ടാവും. എന്റെ കണ്ണുറങ്ങിയാലും ഹൃദയം പുസ്തകം വായിക്കുന്ന പോലെ. ഇങ്ങനെയായിരുന്നു ഞാന്‍ വായിച്ചത്. എം ടി എത്രയോ പുതിയ എഴുത്തുകാരെ അവതരിപ്പിച്ചു. ഏറ്റവുമധികം വായനയുള്ള എഴുത്തുകാരനാണ് എം ടി. എഴുത്തുകാര്‍ പലപ്പോഴും വായിക്കാറില്ല. കാരണം എഴുത്തിന്റെ തിരക്കിലായിരിക്കും.

എം ടി: വായനയോട് എന്നും പ്രിയമാണ്. തകഴി, ബഷീര്‍ , കേശവദേവ് എന്നിവരുടെ പുസ്തകങ്ങള്‍ എല്ലാം കിട്ടിയതൊക്കെ ഞാന്‍ വായിച്ചു.

ഈ തലസ്ഥാന നഗരത്തില്‍ ഒരു യുവകവിയുണ്ടായിരുന്നു. അയാള്‍ പഠിക്കുന്ന കാലത്ത് രണ്ടു കവിതാസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചു. അയാള്‍ക്ക് പഠിക്കാന്‍ ഫീസിന് പണം വേണം. ഒരു പൊലീസ് ഓഫീസര്‍ അയാളോട് പറഞ്ഞു. എന്റെ ഡിപ്പാര്‍ട്മെന്റില്‍ ആരും വായിക്കില്ല. ഏതായാലും നീവന്നതല്ലേ, ഞാനൊരു പുസ്തകം വാങ്ങാം. പൊലീസുകാരന്‍ ഒരു രൂപക്ക് ഒരു പുസ്തകം വാങ്ങി. ആ കവിയാണ് പിന്നീട് പ്രശസ്തമായ രമണന്‍ എഴുതി പ്രസിദ്ധീകരിച്ചത്. രമണന്റെ കോപ്പി കിട്ടാന്‍ എന്റെ നാട്ടില്‍ വളരെ പ്രയാസമായിരുന്നു. ഒരാളില്‍ നിന്ന് കടംവാങ്ങി കോപ്പിയെടുത്തു തിരിച്ചു നല്‍കുകയായിരുന്നു. അന്ന് ആ പുസ്തകത്തിന് വന്‍ വില്‍പ്പനയായിരുന്നു. ഇടപ്പള്ളിയിലെ പോസ്റ്റ്ഓഫീസിലേക്ക് മണിയോഡര്‍ ഒഴുകുകയായിരുന്നു. അസം റൈഫിള്‍സിലെ പട്ടാളക്കാര്‍ പോലും വാങ്ങി വായിച്ചു.

മുതിര്‍ന്ന എഴുത്തുകാരായ ബഷീറും കേശവദേവും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച് വില്‍ക്കുകയായിരുന്നു. അവര്‍ ക്യാമ്പസുകളില്‍ ചെന്ന് സ്വയം പരിചയപ്പെടുത്തും. പുസ്തകം പരിചയപ്പെടുത്തും. വിദ്യാര്‍ഥികള്‍ അത് വാങ്ങി വായിക്കും. അത് നിലനില്‍പ്പിനു വേണ്ടിയായിരുന്നു. അങ്ങനെ ചെയ്തേ തീരൂ എന്നവര്‍ക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മള്‍ അവരുടെ കൃതികള്‍ വായിച്ചു. അവരുടെ ജീവിതത്തെക്കുറിച്ച് വായിച്ചു. ഞങ്ങളും അങ്ങനെയാവണമെന്ന് വിചാരിച്ചു. ബഷീറിന്റെ ഏറ്റവും നല്ല പുസ്തകമായ "പ്രേമലേഖനം" സാറാമ്മയുടെയും കേശവന്‍നായരുടെയും പ്രണയകഥയാണ് പറയുന്നത്. സര്‍ സിപി രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ അത് നിരോധിച്ചു. എന്തിനാണെന്ന് നമുക്കറിയില്ല. ആ മനുഷ്യന്‍ തടസ്സങ്ങളോട് ഏറെ പൊരുതിയാണ് എഴുതിയതും പ്രസിദ്ധീകരിച്ചതും അത് കുറച്ചെങ്കിലും വായനക്കാരിലെത്തിച്ചതും. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ഒരിക്കല്‍ ആരോ വീട്ടില്‍വന്ന് ഏടത്തിയമ്മയോട് പറഞ്ഞു, മാതൃഭൂമി വാരികയില്‍ എസ് കെ പൊറ്റെക്കാടിന്റെ കഥ അടുത്തയാഴ്ച പ്രസിദ്ധീകരിക്കാന്‍ പോകുന്നതിന്റെ പരസ്യമുണ്ടെന്ന്. എല്ലാവര്‍ക്കും മാതൃഭൂമി കിട്ടണം. രമണന്റെ കോപ്പിയെടുക്കാനും തിരിച്ചു നല്‍കാനും വേണ്ടി കുന്നുകള്‍ താണ്ടിയ ഞാന്‍ എസ് കെയുടെ കഥയുള്ള മാതൃഭൂമിയുടെ ഒരു കോപ്പിക്കുവേണ്ടി കുറ്റിപ്പുറം വരെ ചെന്നു. കുഗ്രാമമായിട്ടും പുസ്തകങ്ങളോടുള്ള ആളുകളുടെ താല്‍പര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.

എം മുകുന്ദന്‍ : എം ടി പറഞ്ഞതുപോലുള്ള അനുഭവം കുറച്ചൊക്കെ എനിക്കുമുണ്ടായിരുന്നു. പഴയ എഴുത്തുകാരുടെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. പലരും ദരിദ്രരായിരുന്നു. അവര്‍ക്ക് ഏറെ പൊരുതേണ്ടിവന്നു. ലളിത ജീവിതമായിരുന്നു അവരുടേത്.

എംടി: പലരും കാശിനെക്കുറിച്ച് ആലോചിച്ചുപോലുമുണ്ടായിരുന്നില്ല. വള്ളത്തോള്‍ തന്റെ വരികള്‍ക്ക് പണം ആവശ്യപ്പെട്ടപ്പോള്‍ പ്രഗത്ഭനായ ഒരു കവി പറഞ്ഞത് വലിയ കോലാഹലമായിരുന്നു. കവനത്തിന് കാശ് കിട്ടണം പോല്‍ , ശിവനേ കൈരളി തേവടിശ്ശി എന്നാണ് മറ്റൊരു മഹാകവി പറഞ്ഞത്. എഴുതിയതിന് പണം കിട്ടുമെന്ന് അന്നാരും കരുതിയില്ല. മുതിര്‍ന്ന എഴുത്തുകാര്‍ പലരും ഏറെ പൊരുതിയവരാണ്. എഴുതിയതിന് പണം കിട്ടുമെന്ന് ഉറപ്പില്ലാതെയാണ് അവര്‍ എഴുതിയത്.

എം മുകുന്ദന്‍ : അത് ശരിയാണ്. പണം അവരുടെ മനസ്സിലുണ്ടായിരുന്നില്ല. അതേക്കുറിച്ച് ആലോചിച്ചുപോലുമുണ്ടായിരുന്നില്ല. അന്ന് ആവശ്യങ്ങളും കുറവായിരുന്നു. ഇന്നാണെങ്കില്‍ വാങ്ങാന്‍ പലതുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എനിക്കോര്‍മയുണ്ട്. ബഷീര്‍ നിലത്തിരുന്ന് മീന്‍ മുറിക്കുന്ന പടമാണതിലുള്ളത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ അതില്‍ എം ടിയുണ്ട്. പട്ടത്തുവിള കരുണാകരനുണ്ട്. ഉച്ചഭക്ഷണമുണ്ടാക്കാനുള്ള തിരക്കിലാണ് ബഷീര്‍ . ഇത് ഇപ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. കാലം മാറി. എഴുത്തുകാര്‍ മാറി. അതില്‍ പശ്ചാത്തപിക്കേണ്ട കാര്യവുമില്ല.

എം ടി: അവരുടെ എഴുത്താണ് ഞങ്ങളെ ആകര്‍ഷിച്ചത്. അവര്‍ ചെയ്തത് മഹത്തായ കാര്യമാണ്. തകഴി കേരളത്തിലെ മറ്റു ഭാഗത്തുള്ളവര്‍ക്ക് പരിചയമില്ലാത്തവരുടെ ജീവിതമാണ് അവതരിപ്പിച്ചത്. തോട്ടിയുടെ മകനില്‍ പറയുന്നത് ആലപ്പുഴയിലെ മുനിസിപ്പാലിറ്റി തൊഴിലാളികളുടെ കഥയാണ്. ഇശക്കുമുത്തുവും ചുടലമുത്തുവുമാണ് അതിലെ കഥാപാത്രങ്ങള്‍ . കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ അവസ്ഥയും മറ്റിടങ്ങളിലുള്ളവര്‍ക്ക് അറിയാത്തതാണ്. അത്തരം ജീവിതങ്ങളാണ് അവര്‍ ശക്തമായി അവതരിപ്പിച്ചത്.

മുകുന്ദന്‍ : അന്നവര്‍ക്ക് അങ്ങനെ എഴുതാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ "ഭഗവദ്ഗീതയും കുറെ മുലകളും" എന്ന കഥയെഴുതിയുണ്ട്. ഭഗവദ്ഗീതയെ മുലകളുമായി താരതമ്യപ്പെടുത്തുന്ന ഇത്തരമൊരു തലക്കെട്ട് ഇപ്പോള്‍ നല്‍കാനാവാത്തവിധം മതപരമായ അസഹിഷ്ണുത വളര്‍ന്നു കഴിഞ്ഞു. അത് സുപ്രധാനമാണ്. എനിക്ക് ഇങ്ങനെ എഴുതണമെന്നുണ്ട്. പക്ഷേ സാധ്യമല്ല. അന്നത്തെ എഴുത്തുകാര്‍ക്ക് ഇഷ്ടപ്രകാരം എഴുതുന്നതിന് സ്വാതന്ത്ര്യമുണ്ട്. എം ടിയുടെ നിര്‍മാല്യം സിനിമയുടെ ഒടുവില്‍ വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്ന രംഗമുണ്ട്. അങ്ങനെയൊരു രംഗം ഇപ്പോള്‍ സാധ്യമല്ല. അന്നത്തെ എഴുത്തുകാരുടെ കാലത്ത് ജീവിച്ചാല്‍ മതിയായിരുന്നു എന്ന് ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്. കേരളത്തില്‍ സാഹിത്യം സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചും ഏറെ പറയാനുണ്ട്. എഴുത്തുകാര്‍ സമൂഹത്തിന്റെ സൃഷ്ടിയാണ്. എം ടി എഴുത്തു തുടങ്ങിയ കാലത്ത് കേരളത്തിലെ സാഹിത്യരംഗത്ത് സാമൂഹ്യമായ സമ്മര്‍ദം വളര്‍ന്നുവന്നിരുന്നു. എഴുത്തുകാരന്‍ സമൂഹത്തെക്കുറിച്ചും അതിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ അവസ്ഥയും എഴുതണമെന്നുമുള്ള നിലപാട് ശക്തമായിരുന്നു. സ്വന്തം കാര്യമല്ല, സമൂഹത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നുമുള്ള വാദം ശക്തമായിരുന്നു. എം ടി ആ ധാരയുടെ പ്രതിനിധിയായിരുന്നില്ലെങ്കിലും അദ്ദേഹം മലയാളിയുടെ സെന്‍സിലിബിലിറ്റിയെ വളരെയധികം മാറ്റി. തകഴിയും മറ്റും രൂപഭദ്രതയെ പരിഗണിച്ചിരുന്നില്ല. രൂപമോ ഉള്ളടക്കമോ പ്രധാനം എന്ന അനന്തമായ സംവാദം വളരെയേറെ ശക്തമായിരുന്നു. അത് ഗൗരവമേറിയ ബൗദ്ധിക സംവാദമായിരുന്നു.

ഉള്ളടക്കം തന്നെയാണ് പ്രധാനമെന്ന വാദമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്. പഴയ എഴുത്തുകാരുടെ രചനകള്‍ വിലയിരുത്തുകയാണെങ്കില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടപ്പെട്ട ജനതയെക്കുറിച്ചുള്ള ശക്തമായ രചനയായിരുന്നു. രൂപത്തെക്കുറിച്ച് അവര്‍ വ്യാകുലപ്പെട്ടിരുന്നില്ല. എന്റെ ഈ അഭിപ്രായത്തോട് എം ടി അനുകൂലിക്കണമെന്നില്ല. രൂപത്തെക്കുറിച്ചും ഭാഷയെക്കുറിച്ചുമുള്ള ധാരണകള്‍ മാറ്റിയത് എം ടിയാണ്. അതാണ് എം ടിയുടെ പ്രാധാന്യം. എം ടി രചനയുടെ രൂപത്തിനും ഭാഷയ്ക്കും ഏറെ പ്രാധാന്യം നല്‍കി. മലയാളിയുടെ കാഴ്ചപ്പാടിനെ മാറ്റി മറിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പ്രാധാന്യം. എം ടിയുടെ "മഞ്ഞ്" അത്തരത്തിലുള്ള ഏകാന്തതയെക്കുറിച്ചുള്ള അത്ഭുതകരമായ രചനയാണ്. ഞാനുള്‍പ്പെടെയുള്ള എഴുത്തുകാര്‍ എം ടിയോട് കടപ്പെട്ടിരിക്കുന്നു. ആധുനികര്‍ എന്നാണ് എന്നെപ്പോലുള്ളവരെ പലരും വിശേഷിപ്പിക്കുന്നത്. ആധുനികത അമൂര്‍ത്തമായ ഒരു പ്രയോഗമാണ്. മലയാള സാഹിത്യത്തിലെ ആധുനികത എം ടിയോട് കടപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ പറയും. അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഞങ്ങളാരും എഴുത്തുകാര്‍ ആകുമായിരുന്നില്ല. അദ്ദേഹമാണ് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതും ഞങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിച്ചതും. അവ പ്രസിദ്ധീകരിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ എഴുത്തുകാരാകുമായിരുന്നില്ല.

വിപുലമായ വായനകൊണ്ട് ഇന്ത്യയ്ക്കപ്പുറം സംഭവിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. എം ടിയ്ക്കുശേഷമുള്ള തലമുറയിലെ പുനത്തില്‍ കുഞ്ഞബ്ദുള്ളയെയും സേതുവിനെയും എന്നെയും പോലുള്ളവരെ എഴുത്തുകാരാക്കിയതില്‍ എഡിറ്റര്‍ എന്ന നിലയില്‍ എം ടിക്ക് വലിയ പങ്കുണ്ട്. എന്റെ തലമുറയിലെ എഴുത്തുകാരുടെ മേല്‍ സാമൂഹ്യ സമ്മര്‍ദമുണ്ടായിരുന്നു. തന്നെക്കുറിച്ചല്ല, സമൂഹത്തെക്കുറിച്ചാണ് എഴുതേണ്ടതെന്ന സമ്മര്‍ദം. എഴുത്തുകാരന് സ്വന്തമായ അസ്തിത്വമില്ലെന്ന വാദവുമുണ്ടായി. അത് വേദനാജനകമായിരുന്നു. ഞാന്‍ എന്നെക്കുറിച്ചാണ് എഴുതിയത്. പക്ഷേ എം ടി തന്നെക്കുറിച്ച് എഴുതിയെങ്കിലും സമൂഹം അത് സ്വീകരിച്ചു. അതാണ് എം ടിയുടെ എഴുത്തിലെ ഇന്ദ്രജാലം. സ്വത്വത്തെക്കുറിച്ച് എഴുതിയിട്ടും അത് സ്വീകാര്യമായി.

എം ടി: അവര്‍ നേരിട്ട പ്രശ്നങ്ങള്‍ പലതാണ്. തകഴിയും കേശദേവും ശക്തമായ ഭാഷയില്‍ എഴുതി. സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അവര്‍ ഉത്കണ്ഠപ്പെട്ടിരുന്നില്ല. കൃഷിഭൂമി കര്‍ഷകന് എന്ന് പ്രസ്താവനയോടെയാണ് ഒരു നോവല്‍ അവസാനിക്കുന്നത്. സ്റ്റൈലിനെകുറിച്ചല്ല, പറയാനുള്ള കാര്യങ്ങള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കിയത്. പിന്നീട് പ്രശ്നങ്ങള്‍ മാറി. മനഃശാസ്ത്രപരവും ആന്തരികവുമായ പ്രശ്നങ്ങളാണ് പിന്നീടുള്ളവര്‍ക്ക് വിഷയമായത്. അവര്‍ക്ക് പറയാനുള്ളത് മറ്റുചില വിഷയങ്ങളായിരുന്നു. ഓരോഘട്ടത്തിലും ശൈലിയും ഭാഷയും മെറ്റീരിയലിന്റെ തെരഞ്ഞെടുപ്പും മാറും. എന്നാലും അതില്‍ ഒരു തുടര്‍ച്ചയുണ്ടാവും. സൃഷ്ടിപരമായ പ്രക്രിയുടെ തുടര്‍ച്ച.

സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കി (സദസ്സിലുണ്ടായിരുന്ന ശശി തരൂര്‍ എംപിയും സംവാദത്തില്‍ പങ്കെടുത്തു)

? വര്‍ഗീയവാദികള്‍ എഴുത്തിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞല്ലോ? ആരെയാണ് ഭയക്കുന്നത്?

മുകുന്ദന്‍ : ആരെയും ഭയക്കുന്നില്ല. ഞാന്‍ വര്‍ഗീയതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്റെ കോലം അവര്‍ കത്തിച്ചിട്ടുമുണ്ട്. എനിക്ക് ഭയമില്ല. എനിക്ക് എഴുതാനുള്ളത് ഞാന്‍ എഴുതും.

? ശശി തരൂര്‍ : കുട്ടിയായിരിക്കെ അറുപതുകളില്‍ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ എെന്‍റ ബന്ധുക്കള്‍ സാര്‍ത്രിനെയും കമ്യൂവിനെയും വായിക്കുന്നത് കാണാറുണ്ട്. ഇത്തരം എഴുത്തുകാരുടെ രചനകള്‍ ഇവിടെ ലഭിക്കുന്നത് ഞെട്ടലോടെയാണ് കാണുന്നത്. നിങ്ങളുടെ രചനകള്‍ അവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നോ? അവയോടുള്ള പ്രതികരണമായിരുന്നോ?

എം ടി: മററു ഭാഷകളിലെ രചനകള്‍ ഞങ്ങളെ സ്വാധീനിച്ചിരുന്നെങ്കിലും ഞങ്ങളുടെ ഭൂമിശാസ്ത്രവും രൂപകങ്ങളും ഇതിഹാസങ്ങളും ഞാന്‍ സഞ്ചരിച്ച സമൂഹവുമാണ് എന്നെ സ്വാധീനിച്ചത്. തീര്‍ച്ചയായും മറ്റു രാജ്യങ്ങളുടെ രചനകളുടെ ആരാധകനുമാണ്. പക്ഷേ എന്റെ പ്രകൃതിയും എന്റെ സമൂഹവുമാണ് എന്നെ സ്വാധീനിച്ചത്.

മുകുന്ദന്‍ : ഞാന്‍ ആദ്യനോവല്‍ "മയ്യഴിപ്പുഴയുടെ തീരങ്ങളില്‍" എഴുതിയത് എന്റെ ഗ്രാമത്തിന്റെ സ്വാധീനത്താലാണ്. പക്ഷേ മറ്റ് നഗരങ്ങളില്‍ ചെല്ലുമ്പോള്‍ അവസ്ഥ മാറും. ഗ്രാമം പോലെ ആവര്‍ത്തിച്ചുള്ള കാഴ്ചകളല്ല. അവിടെ ജീവിതത്തിെന്‍റ സങ്കീര്‍ണതകളും വൈവിധ്യങ്ങളുമുണ്ട്. അത് ഗ്രാമങ്ങളില്‍ അസാധ്യമാണ്.

മലയാളികളെ ഏറെ സ്വാധീനിച്ചവരാണ് മോപസാങ്ങും ചെക്കോവും. ഞാന്‍ ഇതില്‍ ചെക്കോവിനാണ് വോട്ട് ചെയ്യുക. അദ്ദേഹത്തിന്റെ രചനകള്‍ സങ്കീര്‍ണമാണെന്നതുകൊണ്ടാണത്. എഴുത്തില്‍ ചില നിഗൂഢതകള്‍ വേണമെന്നതുകൊണ്ടാണത്. മറ്റു ഭാഷകളിലെയും മറ്റു രാജ്യങ്ങളിലെയും രചനകള്‍ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. ഫ്രഞ്ച്, ലാറ്റിന്‍ , റഷ്യന്‍ രചനകളില്‍ നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുമുണ്ട്. പിക്കാസോയുടെ ക്യൂബിസ്റ്റ് രചനകളില്‍നിന്നുള്ള സ്വാധീനം എന്റെ "ദല്‍ഹി" എന്ന രചനയിലുണ്ട്. ക്യൂബിസ്റ്റ് ചിത്രം പിക്കാസോക്ക് വരയ്ക്കാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ക്യൂബിസ്റ്റ് നോവല്‍ എഴുതിക്കൂടാ എന്നു തോന്നിയതിന്റെ ഫലമാണ്. മലയാളികളുടെ പരമ്പരാഗത രചനാശൈലിയില്‍ നിന്നുള്ള വ്യതിയാനമായിരുന്നു. മലയാളി അതും സ്വീകരിച്ചു. എല്ലാ ആശയങ്ങളും സ്വീകരിക്കുന്നത് മലയാളിയുടെ ശീലമാണ്. അതുകൊണ്ടാണ് മാര്‍ക്സിന് ജന്മനാടിനെക്കാള്‍ സ്വീകാര്യത കേരളത്തില്‍ ലഭിക്കുന്നത്. പക്ഷേ എം ടി പറഞ്ഞതുപോലെ നാം നമ്മുടെ വേരുകളിലാണ് ഊന്നേണ്ടത്.

*
(തയ്യാറാക്കിയത്: എന്‍ എസ് സജിത്)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതത്തില്‍ തന്നെ ഇതിഹാസമായിമാറിയ ആളാണ് എം ടി. കേരളത്തിലെങ്ങും ചിരപരിചിതമായ പേര്. നോവലിസ്റ്റ്, കഥാകൃത്ത്, സംവിധായകന്‍ , എലാറ്റിലുമുപരി ഏറ്റവും വിജയം നേടിയ തിരക്കഥാകൃത്ത്. ഏറെ വൈശിഷ്ട്യങ്ങളോടെ എഴുതുന്നതാണെന്നതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹമെഴുതിയ ഒരു പുസ്തകത്തിന്റെ പേര് "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്നാണ്. എന്നെ അത് വല്ലാതെ വശീകരിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ ആണ് ഞാനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാവരും പറയും ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കും തനിച്ചാവാന്‍ കഴിയില്ലെന്ന്. എന്നാല്‍ എന്റെ അനുഭവം അങ്ങനെയാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഫിക്ഷനിലാണ്. മലയാളത്തില്‍ വഴിത്തിരിവായ നോവലുകളും കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ശ്രീജിത് കൊണ്ടോട്ടി. said...

ഷെയര്‍ ചെയ്തതിന് നന്ദി.

Sabu Hariharan said...

Good. Thanks for sharing.