Thursday, October 25, 2007

പട്ടിണികൊണ്ടു പൊരിയുന്ന ഗ്രാമങ്ങള്‍

ഓഹരിവില 18000 പോയിന്റ് കടന്നു എന്ന വിസ്മയവാര്‍ത്ത പത്രങ്ങള്‍ കൊട്ടിഘോഷിക്കേ, അവര്‍ മറച്ചുവെയ്ക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ഇന്ത്യയില്‍ പാവങ്ങള്‍ക്കിടയിലുള്ള ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാകുന്നുവെന്നതാണത്. വെറും ഊഹക്കച്ചവടമായ ഓഹരി വിലവര്‍ധനയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇത് കാണിക്കുന്നു. മധ്യപ്രദേശ് സംസ്ഥാനത്തിലെ രണ്ടു ജില്ലകള്‍ എടുത്ത് പഠനം നടത്തിയ ഫ്രണ്ട് ലൈന്‍ കാണിക്കുന്നത്, ഗ്രാമീണ ഭാരതം കൂടുതല്‍ കൂടുതല്‍ ദരിദ്രമായി കൊണ്ടിരിക്കുന്നുവെന്നാണ്.

2005-06ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെയുടെ കണക്കുകള്‍ അനുസരിച്ചുതന്നെ, മധ്യപ്രദേശിലെ വേണ്ടത്ര തൂക്കമില്ലാത്ത കുട്ടികളുടെ ശതമാനം 1998-99ല്‍ 54 ശതമാനം ആയിരുന്നത് ഇന്ന് 60 ശതമാനം ആയി വര്‍ധിച്ചിരിക്കുന്നു. അതായത് കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നില്ല. പോഷകാഹാരം തീരെ ലഭിയ്ക്കാത്ത കുട്ടികളുടെ ശതമാനം മേല്‍പ്പറഞ്ഞ കാലയളവില്‍ 20ല്‍നിന്ന് 33 ആയി വര്‍ധിച്ചു. ഗോത്രവര്‍ഗ വിഭാഗങ്ങളിലാണ് ദാരിദ്ര്യവും പോഷകാഹാരക്കുറവും ഏറ്റവും രൂക്ഷമായിരിക്കുന്നത്. മധ്യപ്രദേശില്‍ 29 നാഷണല്‍ പാര്‍ക്കുകളും റിസര്‍വ്ഡ് വനപ്രദേശങ്ങളുമുണ്ട്. അതിനര്‍ത്ഥം ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ഗിരിവര്‍ഗ ജനങ്ങള്‍ കുടിയിറക്കപ്പെടുന്നുവെന്നാണ്. ഉദാഹരണത്തിന് ശിവപുരി ജില്ലയിലെ ബല്‍ഹാര്‍പൂര്‍ ഗ്രാമത്തിന്റെ കഥയെടുക്കാം.

ആ ഗ്രാമത്തിലെ നിവാസികളില്‍ മിക്കവരും സഹാരിയ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ്. എട്ടുകൊല്ലംമുമ്പ് അവര്‍ ഒരു പുഴയുടെ വക്കത്താണ് താമസിച്ചിരുന്നത്. കുടിക്കാനും കൃഷിചെയ്യാനും ആവശ്യത്തിന് വെള്ളം കിട്ടിയിരുന്നു. എല്ലാ കുടുംബത്തിനും ആടും പശുവും ഉണ്ടായിരുന്നു. അല്‍പം കൃഷിയും. കൃഷിപ്പണിയില്ലാത്ത നാളുകളില്‍ 'ടെണ്ടു' ഇല (ബീഡിയില) നുള്ളാന്‍ പോകും. കാട്ടില്‍നിന്ന് തേനും പച്ചമരുന്നുകളും മറ്റും ശേഖരിച്ച് വില്‍ക്കും. അങ്ങനെ വലിയ കുഴപ്പമില്ലാതെ ജീവിച്ചുവന്ന അവരെ, മാധവ് നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ അവിടെനിന്ന് കുടിയിറക്കി. ബല്‍ഹാര്‍പുരില്‍ ഹൈവേയുടെ വക്കത്ത് പാറക്കൂട്ടം നിറഞ്ഞ, വെള്ളം കിട്ടാത്ത ഒരു പ്രദേശത്താണ് അവരെ കൂട്ടത്തോടെ താമസിപ്പിച്ചത്. പുതിയ സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാന്‍ സൌകര്യം ഉണ്ടാവില്ലെന്നറിഞ്ഞപ്പോള്‍, അവര്‍ തങ്ങളുടെ ആടുകളെയും മാടുകളെയും പഴയ സ്ഥലത്തെ ഒരു കാട്ടമ്പലത്തില്‍ ഉപേക്ഷിച്ചിട്ടാണ് ഇങ്ങോട്ടുപോന്നത്.

ഇന്നവര്‍ക്ക് കൃഷിയില്ല; കന്നുകാലികളില്ല; ജോലിയില്ല; കുടിവെള്ളമില്ല. നാഷണല്‍ പാര്‍ക്കിന്റെ സ്ഥലത്തുനിന്ന് ഇങ്ങോട്ടു പറിച്ചു നട്ടപ്പോള്‍, അവര്‍ക്ക് ചെറിയ വീടുവെച്ചു കൊടുത്തിരുന്നു. പക്ഷെ അവയ്ക്കൊന്നും കക്കൂസില്ല; വെള്ളമില്ല; ടാപ്പില്ല. കല്ലിന്റെ പാളികൊണ്ടുള്ള മേല്‍പ്പുരയായിരുന്നു വീടുകള്‍ക്ക്. ഏതു സമയത്തും വീഴാവുന്നതും ചൂടെടുക്കുന്നതുമായ മേല്‍പ്പുര. പലരും അത് താഴത്തിറക്കി, വില്‍ക്കാന്‍ നിര്‍ബന്ധിതരായി. തൊട്ടടുത്ത് ആശുപത്രികളില്ല. 'ദീന്‍ ദയാല്‍ അന്ത്യോദയ ഉപചാര്‍ യോജന' എന്ന പദ്ധതിയിന്‍കീഴില്‍ പാവങ്ങള്‍ക്ക് 'ഹെല്‍ത്ത് കാര്‍ഡ്' നല്‍കും എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇവിടെ മിക്കവര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ല. ഉണ്ടായിട്ടും പ്രയോജനമില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. ദൂരെ ആശുപത്രിയില്‍ ചെന്നാല്‍ അവിടെ ഡോക്ടറില്ല; മരുന്നില്ല. ഏറ്റവും പാവങ്ങളായ ആളുകള്‍ക്ക് 'മഞ്ഞ റേഷന്‍' കാര്‍ഡ് നല്‍കുന്നുണ്ടത്രെ. പക്ഷെ അതും ഇവിടെ മിക്കവര്‍ക്കും കിട്ടിയിട്ടില്ല - സഹാരിയാ ഗിരിവര്‍ഗക്കാര്‍ ആ കാര്‍ഡ് കിട്ടാനര്‍ഹരാണെങ്കിലും.

പദ്ധതി പ്രദേശത്തുനിന്നു പോരുമ്പോള്‍ ഓരോ കുടുംബത്തിനും 20000 രൂപ വീതം നഷ്ടപരിഹാരം ലഭിച്ചിരുന്നു. പക്ഷെ അത് ഗുണ ഗ്രാമീണ ക്ഷേത്രീയ ബാങ്കില്‍ നിക്ഷേപിയ്ക്കണം. ഗുണഭോക്താവിന് അതില്‍നിന്ന് 8000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂ. ബാക്കിതുക ഗ്രാമീണര്‍ താമസിക്കുന്ന പ്രദേശത്തിന്റെ വികസനത്തിനുള്ള ഫണ്ടാണ്. എട്ടുകൊല്ലമായിട്ടും അവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. ആകെ പറയാനുള്ളത് പ്രവര്‍ത്തനക്ഷമമായ ഒരു ഹാന്റ് പമ്പാണ്.

പുരുഷന്മാരൊക്കെ ജോലി അന്വേഷിച്ച് മറ്റ് ഗ്രാമങ്ങളിലേക്ക് പോയി. പലര്‍ക്കും കരിങ്കല്‍ ക്വാറികളിലാണ് ജോലി ലഭിച്ചത്. ഈ ഗ്രാമപ്രദേശത്ത് പ്രായപൂര്‍ത്തിയായ 87 സ്ത്രീകളുള്ളതില്‍ 26 പേരും വിധവകളാണെന്ന് പറഞ്ഞാല്‍ പൊതു ആരോഗ്യ സ്ഥിതി ഏതാണ്ട് ഊഹിക്കാമല്ലോ. പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികള്‍ എല്ലും തോലുമായിരിക്കുന്നു. ശരിക്ക് ശുശ്രൂഷിച്ചില്ലെങ്കില്‍ മരണം തന്നെയാണ് ഗതി.

കുടിയൊഴിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരമായി അഞ്ച് ക്വിന്റല്‍ ഭക്ഷ്യധാന്യം നല്‍കാമെന്നായിരുന്നു കരാര്‍. പക്ഷെ, അതൊക്കെ ഇടത്തട്ടുകാര്‍ ആരൊക്കെയോ തട്ടിയെടുത്തു. ചില കുടുംബങ്ങള്‍ക്ക്, ഉള്ള വീടിന് പട്ടയം ലഭിച്ചിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും അതൊന്നും കിട്ടിയിട്ടില്ല. സമീപത്തുള്ള ഹുണ്ടികക്കാരില്‍നിന്ന് നൂറുശതമാനം വരെ പലിശയ്ക്ക് കടം വാങ്ങാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു. ഇവിടെ ജോലിയില്ലാത്തതിനാല്‍ മറ്റു ഗ്രാമങ്ങളില്‍ ജോലിയന്വേഷിച്ച് പോകുന്നവര്‍ക്ക് പലപ്പോഴും ഇരുപതു രൂപയാണ് കൂലി കിട്ടുന്നത്. ചിലര്‍ അടുത്തുള്ള കാട്ടില്‍ വിറകുവെട്ടാന്‍ പോകും. വിറകുവെട്ടി, ബസ്സിന്റെ മുകളില്‍ കയറ്റി പട്ടണപ്രാന്തത്തിലെത്തിച്ച് വിറ്റ്, തിരിച്ചുവരുമ്പോള്‍ ചെലവു കഴിച്ച് കയ്യില്‍ മിച്ചം നിസ്സാര തുകയായിരിക്കും. സര്‍ക്കാര്‍ നല്‍കുന്ന റേഷനെ ആശ്രയിച്ചാണ് ഗ്രാമീണര്‍ ജീവിക്കുന്നത്. ബിപിഎല്‍ മഞ്ഞക്കാര്‍ഡ് ലഭിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അഞ്ഞൂറു രൂപ കൈക്കൂലി കൊടുക്കണം. മഹാ കൈക്കൂലിക്കാരനായ ഒരു സെക്രട്ടറിയെ ഈയിടെ സസ്പെന്‍ഡ് ചെയ്തതേയുള്ളൂ. പുതിയ ആളും അങ്ങനെതന്നെ.

ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുന്ന ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുപദ്ധതിയിലും പരക്കെ അഴിമതി തന്നെ. ഉദാഹരണത്തിന് നയാ ഗാവോണ്‍ എന്ന ഗ്രാമത്തില്‍ (കുനോ നാഷണല്‍ പാര്‍ക്കിനുവേണ്ടി ഒഴിപ്പിക്കപ്പെട്ടവരാണ് ഇവിടെ താമസം) ആളുകള്‍ക്ക് മൂന്നോ നാലോ ദിവസം മാത്രമാണ് ആകെ ജോലികിട്ടിയത്; അതിന്റെ കൂലിയും കിട്ടി. എന്നാല്‍ 77 ദിവസം ജോലി നല്‍കി എന്നാണ് റെക്കോര്‍ഡ്. ഗ്രാമീണര്‍ ജില്ലാ കളക്ടറെ കണ്ട് ആവലാതി പറഞ്ഞു. ഒരു ഫലവുമില്ല. ചില ഗ്രാമങ്ങളില്‍, പണിയെടുപ്പിച്ചതിനുള്ള കൂലി കഴിഞ്ഞ മാര്‍ച്ച് തൊട്ട് കുടിശ്ശികയാണ്. കൂലിയുമില്ല; തൊഴിലില്ലായ്മയ്ക്കുള്ള നഷ്ടപരിഹാരത്തുകയുമില്ല. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്റെ മണ്ഡലത്തിലെ ഗ്രാമങ്ങളിലും സ്ഥിതി ഇതുതന്നെ.

ഒരു ഗ്രാമത്തില്‍ 25 കുട്ടികളുടെ തൂക്കം നോക്കിയതില്‍ 24 കുട്ടികള്‍ക്കും വേണ്ടത്ര തൂക്കമില്ല; പോഷകാഹാരം വേണ്ടത്ര ലഭിക്കുന്നില്ല. മറ്റൊരിടത്ത് പത്ത് ഹാന്റ് പൈപ്പ് ഉള്ളതില്‍ ഒരൊറ്റ എണ്ണമേ പ്രവര്‍ത്തിക്കുന്നതായുള്ളൂ. ബുധനി ബ്ളോക്കിലെ ഒരു ഗ്രാമത്തില്‍, കഴിഞ്ഞ പത്തൊമ്പതുകൊല്ലക്കാലം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇന്നും ഒരു അംഗന്‍വാടി അനുവദിച്ചിട്ടില്ല; ആര്‍ക്കും ഹെല്‍ത്ത്കാര്‍ഡില്ല. ശുദ്ധമായ കുടിവെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അധികൃതര്‍ സമ്മതിക്കുന്നതുതന്നെയില്ല. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി മണ്ഡലത്തിലെ (മുഖ്യമന്ത്രിയാകുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം എംപിയായിരുന്നു) കൈരിചൌക്കിയിലും അതുതന്നെയാണ് അവസ്ഥ. ഈ ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ പോയാലേ, ഒരു സംയോജിത ശിശു വികസന കേന്ദ്രത്തില്‍ എത്താന്‍ കഴിയൂ.

ഇവിടെ പുതിയ റേഷന്‍ കാര്‍ഡു നല്‍കിയപ്പോള്‍, പാവങ്ങളായ പലരുടെയും പേര് ബിപിഎല്‍ ലിസ്റ്റില്‍നിന്ന് വെട്ടിക്കളഞ്ഞിരിക്കുന്നു. 80 വയസ്സായ, മറ്റാരുംതുണയായിട്ടില്ലാത്ത അഗതികളുടെ പോലും ഗതി ഇതാണ്. അവര്‍ക്ക് വയസ്സായവര്‍ക്കുള്ള പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. അസുഖം ബാധിച്ച കുഞ്ഞിനേയും കൊണ്ട് ദൂരെയുള്ള ആശുപത്രിയിലേക്ക് പോകാന്‍ അമ്മമാര്‍ക്ക് ഭയം. വീട്ടിലുള്ള മറ്റ് കുഞ്ഞുങ്ങളെ ആര് നോക്കും? ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി മറ്റുള്ള കുഞ്ഞുങ്ങളെ അവഗണിക്കാന്‍ കഴിയുമോ?

മധ്യപ്രദേശിലെ 'ബാലസഞ്ജീവനി അഭിയാന്‍' സംഭരിച്ച കണക്കുകള്‍ അനുസരിച്ച്, ആറ് വയസ്സിനു താഴെയുള്ള കുട്ടികളില്‍ 47.5 ശതമാനവും വേണ്ടത്ര പോഷകാഹാരം ലഭിയ്ക്കാത്തവരാണ്. അവരില്‍ത്തന്നെ ഒരു ചെറിയ ഭാഗം, കടുത്ത പോഷകാഹാരക്കുറവ് അനുഭവിയ്ക്കുന്നവരാണ്- എന്നുവെച്ചാല്‍ മരണത്തോട് അഭിമുഖം നില്‍ക്കുന്നവരാണെന്നര്‍ത്ഥം. ഇത് ബാലസഞ്ജീവനിയുടെ പത്താമത്തെ സര്‍വെയിലെ കണക്കുകളാണ്. ഒമ്പതാമത്തെ സര്‍വെയുടെ കണക്കുകളെ അപേക്ഷിച്ച്, ഇതല്‍പം കുറവാണത്രെ. കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മരണനിരക്ക് 30 ശതമാനമാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. നൂറ് കണക്കിന് കുട്ടികള്‍ ഇക്കൊല്ലവും പോഷകാഹാരക്കുറവുകൊണ്ട് മാത്രം മരണമടയും. കടുത്ത പോഷകാഹാര കുറവുള്ള കുട്ടികളില്‍ 2.56 ശതമാനവും ഷിയോപുര്‍ ജില്ലയിലാണ്. ഇവിടെ 600ഓളം കുട്ടികള്‍ മരണമടയാന്‍ സാധ്യതയുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, പുരോഗതികൊണ്ട് തിളങ്ങുന്ന ഇന്ത്യയില്‍, ഒരൊറ്റ ജില്ലയില്‍ മാത്രം 600 ഓളം കുട്ടികള്‍ വേണ്ടത്ര ഭക്ഷണം കിട്ടാതെ, പോഷകാഹാരക്കുറവുകൊണ്ട്, മരണമടയുന്നു എന്നത് ഭീകരമായ ഒരുസത്യം തന്നെ. ഇങ്ങനെ മരിക്കുന്നവരില്‍ മിക്കവരും ആദിവാസികളോ ദളിതരോ ആണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സഹാരിയ ഗോത്രവര്‍ഗക്കാരുടെ കഥ അതാണ് കാണിക്കുന്നത്. അവരുടെ സംഖ്യ ഒന്നുകില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു; അഥവാ ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നു. അവരുടെ കുടുംബങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാത്തതുകൊണ്ടല്ല. പക്ഷെ ജനിച്ച കുഞ്ഞുങ്ങള്‍ പറക്കമുറ്റാതെ മരിച്ചു പോകുന്നു. ബിപിഎല്‍ പദ്ധതിയിന്‍ കീഴില്‍നിന്ന് ദരിദ്രരെ ഒഴിവാക്കി ഒഴിവാക്കിവരുന്ന സര്‍ക്കാരിന്റെ നയമാണ് അതിന് കാരണം. പാവങ്ങളെ ബിപിഎല്ലിന്‍ കീഴില്‍ കൊണ്ടുവരുന്നതിനല്ല, എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി ബിപിഎല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിനാണ് ഗവണ്‍മെന്റിന് വ്യഗ്രത. ഇങ്ങനെപോയാല്‍ ബിപിഎല്ലില്‍ ഉള്‍പ്പെടുത്താവുന്ന കുടുംബങ്ങള്‍ കുറവായിരിക്കും. ക്രമേണ ദരിദ്രരെയും ഇല്ലാതാക്കാം.

വിശാലമായ ഒരു ശവക്കുഴി കുഴിച്ചാല്‍ മതി.

(വിവര്‍ത്തനം: നാരായണന്‍ ചെമ്മലശ്ശേരി, കടപ്പാട്: ഫ്രണ്ട്‌ലൈന്‍, ANNIE ZAIDI. ചിത്രങ്ങള്‍: എ.എം.ഫാറൂഖി)

6 comments:

  1. പുരോഗതികൊണ്ട് തിളങ്ങുന്ന ഇന്ത്യയില്‍, ഒരൊറ്റ ജില്ലയില്‍ മാത്രം 600 ഓളം കുട്ടികള്‍ വേണ്ടത്ര ഭക്ഷണം കിട്ടാതെ, പോഷകാഹാരക്കുറവുകൊണ്ട്, മരണമടയുന്നു എന്നത് ഭീകരമായ ഒരുസത്യം തന്നെ. ഇങ്ങനെ മരിക്കുന്നവരില്‍ മിക്കവരും ആദിവാസികളോ ദളിതരോ ആണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. സഹാരിയ ഗോത്രവര്‍ഗക്കാരുടെ കഥ അതാണ് കാണിക്കുന്നത്. അവരുടെ സംഖ്യ ഒന്നുകില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു; അഥവാ ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നു. അവരുടെ കുടുംബങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാത്തതുകൊണ്ടല്ല. പക്ഷെ ജനിച്ച കുഞ്ഞുങ്ങള്‍ പറക്കമുറ്റാതെ മരിച്ചു പോകുന്നു.

    ReplyDelete
  2. എന്തിനാണ് ഇത്തരം വിഷമിപ്പിക്കുന്ന കണക്കുകളൊക്കെ എഴുന്നള്ളിക്കുന്നത്? ബില്‍ഗേറ്റ്സിനെ പുറംതള്ളി നമ്മുടെ അംബാനി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായത് ഒരു ചില്ലറക്കാര്യമാണോ? 20-20-യില്‍ നമ്മള്‍ ചരിത്രവിജയം കൊയ്തില്ലേ? സെന്‍സെക്സ് കുതിച്ചുയരുന്നത് കാണുന്നില്ലേ? അമേരിക്കപോലും നമ്മുടെ മുന്‍പില്‍ പഞ്ചപുച്ഛമടക്കി നിന്ന്, നമ്മുടെ ദേശീയ-പ്രതിപക്ഷ നേതാക്കളെ കാണാന്‍ വെയില്‍കൊണ്ട് കാത്തുകെട്ടിക്കിടക്കുന്നത് കാണുന്നില്ലേ? മിലിറ്ററി ഗെയിംസിനു ആതിഥ്യമരുളുക എന്നത് ചില്ലറക്കാര്യമോ മറ്റൊ ആണോ? എത്രയെത്ര സുന്ദരന്‍ ചില്ലറ വില്‍പ്പനശാലകളാണ് ഓരോ മുക്കിലും മൂലയിലും വന്നു നിറയാന്‍ പോകുന്നത് എന്നോ? ഇതൊക്കെ കാണാതെ, അല്ലെങ്കില്‍, കണ്ടിട്ടും കണ്ട മട്ടു നടിക്കാതെ, ഏതോ ഗ്രാമങ്ങളിലെ കുറച്ചാളുകളുടെ പോഷകാഹാരത്തെക്കുറിച്ചും മറ്റും പറയാന്‍ ലജ്ജയില്ലേ?

    വെറുതെയല്ല, ഒരു ബ്ലോഗ്ഗര്‍ ദമ്പതികളുടെ കല്ല്യാണവിശേഷത്തില്‍ കാണിക്കുന്ന താത്പ്പര്യം പോലും ആരും ഇത്തരം പോസ്റ്റുകളുടെ കാര്യത്തില്‍ കാണിക്കാത്തത്. ഒരാള്‍പോലും കമന്റിയില്ലല്ലോ. അങ്ങിനെത്തന്നെ വേണം.ഞങ്ങളെ സുഖിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച്, കൊച്ചുവര്‍ത്തമാനങ്ങള്‍ പറയൂ വര്‍ക്കേഴ്സേ.

    ആശംസകള്‍

    ReplyDelete
  3. വളരെ നല്ല ലേഖനം. നമ്മള്‍ കാണാതെ പോകുന്നതും, വായിക്കാതെ പോകുന്നതുമായ ഇത്തരം കാഴ്ചകള്‍ നമ്മിലെക്കെത്തിക്കാന്‍ വര്‍ക്കേഴ്സ് ഫോറത്തിന്റെ പങ്കു ചെറുതല്ല. നന്ദി.

    ReplyDelete
  4. ഗ്രാമങ്ങള്‍ പൊരിഞ്ഞാലെന്താ, നമ്മള്‍ അമേഴിക്കേമായി കട്ടയ്ക്ക് കട്ടയ്ക്ക് നിക്കാന്‍ പോവുകയല്ലേ.

    ReplyDelete