Tuesday, November 13, 2007

വഴുക്കുന്ന വരമ്പുകള്‍

ജയില്‍കവാടത്തിന് മുന്നില്‍ അവരെല്ലാവരും കാത്തുനില്‍പ്പണ്ടായിരുന്നു-- ജയില്‍ സൂപ്രണ്ട്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു പൊലീസുകാര്‍, വെള്ളവസ്ത്രം ധരിച്ച തടവുകാര്‍....

വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ വേര്‍തിരിച്ചറിയാനാവാത്ത ഭാവങ്ങളുടെ കൂടിക്കുഴയല്‍!

ആദ്യമായിട്ടാണ് ഇവിടെ...

സൂപ്രണ്ടിന്റെ മുറിയിലിരിക്കുമ്പോള്‍ അവരെത്തി.

എന്തൊരു സന്തോഷവും ഉത്സാഹവുമാണ് അവര്‍ക്കിപ്പോള്‍. ഉത്സവത്തിന്റെ ലഹരിയിലാണവര്‍. അതോ പുതുജീവന്റെ ഉന്മേഷത്തിലോ.... സിനിമയിലല്ലാതെ നേര്‍ക്കുനേരെ അവരെ കാണുന്നത് ആദ്യമാണ്. മധ്യവയസ്കനായ ഗീവര്‍ഗീസിനാണ് കൂടുതല്‍ ഉത്സാഹം.

"സാറേ! ഇന്നലെ രാത്രി ഉറങ്ങാതിരുന്നെഴുതിയ ഇംഗ്ളീഷ് കവിതയാണിത്, വായിക്കട്ടെ?''

അയാളതെന്നെ വായിച്ചു കേള്‍പ്പിച്ചു. കൂട്ടത്തില്‍ മറ്റൊരു മലയാളം കവിതയും. രണ്ടിലും സറ്റയറിന്റെ ചുവയും, ആഴത്തില്‍ നൊമ്പരവും.

കേരള സാഹിത്യ അക്കാദമിയുടെ നവോത്ഥാനസന്ദേശ പ്രചാരണവര്‍ഷ പരിപാടികളുടെ ഭാഗമായി, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപുലമായ ഒരു സാംസ്കാരിക പരിപാടി നടത്താനെത്തിയതായിരുന്നു ഞങ്ങള്‍- അക്കാദമി സെക്രട്ടറി ഐ വി ദാസ്‌മാഷും നിര്‍വാഹകസമിതിയംഗങ്ങളായ രാവുണ്ണിയും പ്രഭാവര്‍മയും ഞാനും.

തടവുകാരുമായി ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും മനസ്സില്‍ വല്ലാത്ത വിങ്ങലും സംഘര്‍ഷവും.

അവര്‍ക്കും നമുക്കുമിടയിലുള്ള അതിര്‍രേഖ ഏതാണ്? ഏതാണ് ജയില്‍- അകത്തുള്ളതോ പുറത്തുള്ളതോ? ആരാണ് കുറ്റവാളികള്‍? അവരോ നമ്മളോ? വാസ്തവികവും ദാര്‍ശനികവുമായ ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കലമ്പല്‍ കൂട്ടി.

വിചാരണ ചെയ്യപ്പെടുന്നതും വിധിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും പലപ്പോഴും അതിനര്‍ഹതയുള്ളവരല്ല എന്നതാണ് സത്യം. ഭീകരന്മാരായ കുറ്റവാളികള്‍ പണത്തിന്റെയും മറ്റുപല സ്വാധീനങ്ങളുടെയും ബലത്തില്‍ അന്തസ്സോടെ, അഹന്തയോടെ പുറത്ത് സ്വതന്ത്രമായി വിലസുമ്പോള്‍ നിരപരാധികളും താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചെയ്തവരും തടവറക്കുള്ളില്‍ ജീവിതം ഹോമിക്കുന്നു. വിശക്കുന്നവന്റേത് വഴുക്കുന്ന വരമ്പുകളാണെന്ന് അവര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മിച്ചു. ആരും കുറ്റവാളികളായി ജനിക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് പലരെയും അങ്ങനെയാക്കിത്തീര്‍ക്കുന്നതെന്നുമുള്ള സത്യം വീണ്ടും ബോധ്യപ്പെടുകയാണ്.

വേദിക്ക് മുന്നില്‍ വെയിലില്‍, സ്കൂള്‍ കുട്ടികളെപ്പോലെ അച്ചടക്കത്തോടെ നിരന്നിരിക്കുന്ന അവരില്‍ ജീവപര്യന്തത്തടവുകാരുണ്ട്. കൊലപാതകക്കുറ്റം ചെയ്തവരുണ്ട്, വൃദ്ധന്മാരും യുവാക്കളുമുണ്ട്. കാമുകന്മാരും നവവിവാഹിതരുമുണ്ട്.

മന്ത്രിമാരുടെ പ്രസംഗങ്ങളും കേരളത്തിലെ പ്രശസ്തരായ കവികളുടെ കവിതകളും ഹൃദയം കൊണ്ടൊപ്പിയെടുത്ത് മണിക്കൂറുകളോളം അവരങ്ങനെയിരുന്നു.

ഞങ്ങള്‍ക്ക് മുന്നില്‍ ദൂരെ ജയില്‍ ടവറിന് മുകളിലെ ചുറ്റുവരാന്തയില്‍ സ്ത്രീ തടവുകാര്‍.....

വേദിയുടെ ഇടതുവശത്തുള്ള നിരക്കെട്ടിടത്തിന് മുന്നില്‍ നിറയെ പൂത്തുനില്‍ക്കുന്ന റോസാച്ചെടികള്‍...

"മതിലുകളിലെ ബഷീര്‍ നട്ടുവളര്‍ത്തിയ റോസാച്ചെടികളാവുമല്ലേ?'' അടുത്തിരിക്കുന്ന പ്രഭാവര്‍മയോട് ഞാന്‍ പതുക്കെ ചോദിച്ചു.

മതിലിനപ്പുറത്തുനിന്ന് നാരായണിയുടെ സ്വരം കേള്‍ക്കുന്നപോലെ.

തടവുകാര്‍ക്കിടയില്‍നിന്ന് കവികളും ഗായകരും മിമിക്രി ആര്‍ടിസ്റ്റുകളുമെല്ലാം മുഖപടം നീക്കിപ്പുറത്തുവന്നു. അവരുടെ സര്‍ഗവാസനയാല്‍ എല്ലാവരെയും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ഒരു ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ നോവിച്ചു.

"ഇതെല്ലാം കഴിഞ്ഞ് നിങ്ങളെല്ലാം പോകും. പിന്നെ, ഞങ്ങള്‍ മാത്രമാകും. ഞങ്ങളുടെ മനസ്സ് ആരും കാണുന്നില്ല; ഞങ്ങളുടെ സങ്കടം ആരുമറിയുന്നില്ല. ഒരാള്‍മാത്രം ഞങ്ങളുടെ മനസ്സ് കണ്ടു. ഈയിരിക്കുന്ന സഹോദരി. ആ കവിതയിലെ പാവക്കരടി ഞങ്ങളാണ്.''

ഞാന്‍ ചൊല്ലിയ 'ടെഡ്ഡിബെയര്‍' എന്ന കവിതയെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. എന്റെ മനസ്സില്‍ സങ്കടമിരമ്പി. എങ്കിലും കവിയെന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ പ്രശംസയും അംഗീകാരവുമാണതെന്നെനിക്ക് തോന്നി.

"നിങ്ങളുടെ നിമിഷങ്ങളില്‍ കുറച്ചെങ്കിലും സന്തോഷവും ആശ്വാസവും നിറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ചരിതാര്‍ഥരാണ്''- അവരോട് ഞാന്‍ പറഞ്ഞു.

മടങ്ങുമ്പോള്‍, ഇനിയും വരണേ എന്നവര്‍ അപേക്ഷിച്ചു. വേര്‍പാടിന്റെ നൊമ്പരവും സ്നേഹവും അവരുടെ കണ്ണുകളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

ഈ തടവറയും ഇവിടെ കഴിയുന്ന നാളുകളും നിങ്ങളെ ശുദ്ധീകരിക്കട്ടെ എന്നാശംസിച്ചുവെങ്കിലും, സൌകര്യങ്ങള്‍ പരിമിതമായ ജയില്‍മുറികളും ശാസ്ത്രീയമല്ലാത്ത നടപടിക്രമങ്ങളും അവരെ ശുദ്ധീകരിക്കുകയാണോ കൂടുതല്‍ കുറ്റവാസനയുള്ളവരാക്കിത്തീര്‍ക്കുകയാണോ ചെയ്യുന്നത് എന്നൊരു സംശയം മനസ്സിനെ ശല്യപ്പെടുത്തി.

നിരവധി തടവുകാര്‍ ശിക്ഷയുടെ കാലാവധി തീര്‍ന്ന് പുറത്തുകടന്ന ജയില്‍ കവാടത്തിലൂടെ വെളിയിലെത്തുമ്പോള്‍ സന്ധ്യമാഞ്ഞുതുടങ്ങിയിരുന്നു. ഒരു തടവുകാരന്‍ പാടിയ പാട്ടിന്റെ ഈരടികള്‍ ഉള്ളില്‍ വിതുമ്പി.

"എന്റെ മണ്‍വീണയില്‍ കൂടണയാനൊരു

മൌനം പറന്നുപറന്നു വന്നു.''...

(ലേഖിക: അമൃത, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവും, ചേര്‍ത്തല എസ്.എന്‍. കോളേജ് അദ്ധ്യാപികയുമാണ് - 2007 സെപ്തംബര്‍ നാലാം തീയതി കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ സാംസ്കാരിക പരിപാടിയുടെ ഓര്‍മക്കുറിപ്പ്.)

2 comments:

  1. ഭീകരന്മാരായ കുറ്റവാളികള്‍ പണത്തിന്റെയും മറ്റുപല സ്വാധീനങ്ങളുടെയും ബലത്തില്‍ അന്തസ്സോടെ, അഹന്തയോടെ പുറത്ത് സ്വതന്ത്രമായി വിലസുമ്പോള്‍ നിരപരാധികളും താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചെയ്തവരും തടവറക്കുള്ളില്‍ ജീവിതം ഹോമിക്കുന്നു. വിശക്കുന്നവന്റേത് വഴുക്കുന്ന വരമ്പുകളാണെന്ന് അവര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മിച്ചു. ആരും കുറ്റവാളികളായി ജനിക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് പലരെയും അങ്ങനെയാക്കിത്തീര്‍ക്കുന്നതെന്നുമുള്ള സത്യം വീണ്ടും ബോധ്യപ്പെടുകയാണ്. പൂജപ്പുര ജയിലില്‍ കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്കാരിക പരിപാടികളില്‍ പങ്കിടുത്ത അമൃതടീച്ചര്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  2. ഹ്രസ്വമെങ്കിലും നല്ല ഓര്‍മക്കുറിപ്പ്...

    ReplyDelete