Tuesday, February 5, 2008

'അമ്മ''യ്ക്ക് 100 വയസ്സ്

മെലിഞ്ഞുനീണ്ട് അല്‍പ്പം വളവുള്ളവളായിരുന്നു അമ്മ. ഒരു വശത്തേക്ക് കുറച്ചു ചെരിവുണ്ട്. അനേകവര്‍ഷത്തെ അത്യധ്വാനവും ഭര്‍ത്താവിന്റെ അടിയും ഇടിയും അവരുടെ നട്ടെല്ലൊടിച്ചു കളഞ്ഞു. ക്രമേണ ഒരു വശത്തേക്ക് ചെരിഞ്ഞുനടക്കേണ്ടതായി വന്നു. വിസ്താരമുള്ള മുഖത്ത് വാര്‍ധക്യത്തിന്റെ ഞൊറിവു വീണിട്ടുണ്ട്. കണ്ണുകളില്‍ ലജ്ജയും ദു:ഖവും നിഴലിച്ചിരുന്നു. വലതു പുരികത്തില്‍ ഒരു മുറിവിന്റെ കലയുണ്ട്. വലതുചെവി ഇടതുചെവിയേക്കാള്‍ ഉയര്‍ന്നതാണ്. ഇടതൂര്‍ന്ന കറുത്തമുടിയില്‍ അങ്ങിങ്ങു കാണുന്ന നരച്ച മുടികള്‍ ഊക്കന്‍ അടികളുടെ പാടുപോലെ മിന്നി. ദൈന്യവും ദു:ഖവും നന്ദിയും ഉടലെടുത്ത സ്ത്രീരൂപം.

ഇതായിരുന്നു പാവേലിന്റെ അമ്മ. വ്യക്തിദു:ഖങ്ങള്‍ അവഗണിച്ച് വിപ്ലവപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയും ധീരതയും പ്രകടമാക്കിയ പാവേല്‍ എന്ന യുവാവിന്റെ ത്യാഗിയായ അമ്മ നിലോവ്ന. ഒരു ക്ലാസിക് കൃതിയായി ലോകം അംഗീകരിക്കുന്ന മാക്സിംഗോര്‍ക്കിയുടെ 'അമ്മ''യിലെ കേന്ദ്രകഥാപാത്രം. മനുഷ്യന്റെ ആന്തരികശക്തിയെ പരിപോഷിപ്പിച്ച് പുതിയചക്രവാളത്തിലേക്ക് ജൈത്രയാത്ര നടത്തിയ പാവേലും അമ്മയും കീഴടക്കിയത് ഓരോ വായനക്കാരന്റെയും ഹൃദയം.

ലോകം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങിയ ഈ വിശ്വോത്തരനോവലിന്റെ ശതാബ്ദിവര്‍ഷമായിരുന്നു 2007. റഷ്യന്‍ തൊഴിലാളിവര്‍ഗത്തിലുള്ള പ്രത്യയശാസ്ത്രപരമായ ഉണര്‍വിന്റെ ആദ്യത്തെ ശക്തമായ അവതരണമാണ് 'അമ്മ''. വെറുപ്പും അജ്ഞതയും വളര്‍ന്ന് ആത്മാവു നഷ്ടപ്പെട്ട മനുഷ്യനെ പുതിയൊരാത്മവീര്യമുള്ള മനുഷ്യനാക്കാനുള്ള മഹാകര്‍മമാണ് വിപ്ലവമെന്ന് മാക്സിംഗോര്‍ക്കി 'അമ്മ'യിലൂടെ പ്രഖ്യാപിക്കുന്നു.

1907 ലാണ് അമ്മ പ്രസിദ്ധീകൃതമായത്. 1905 ഡിസംബറില്‍ മോസ്കോയിലുണ്ടായ സായുധസമരത്തിന്റെ പുളകപ്രദമായ ചരിത്രമുഹൂര്‍ത്തം ഈ നോവലില്‍ ആവിഷ്കരിക്കുന്നു. മാക്സിംഗോര്‍ക്കി ഉയര്‍ത്തിക്കാട്ടിയ ശക്തി പത്തുവര്‍ഷം കൊണ്ട് ജനശക്തിയായി വിപ്ലവത്തിന്റെ പാതയില്‍ അധികാരത്തിലെത്തി. ഓരോ വായനക്കാരനും ഇന്നും ആവേശത്തോടെ വായിക്കുന്ന ഈ നോവലിന് പ്രവചനതുല്യമായ ഒരു സ്ഥാനമാണ് ലഭിച്ചത്.

വിപ്ലവകാരിയായ പാവേലിന്റെയും അമ്മയുടെയും കഥ ലോകം ഹൃദയത്തിലേറ്റുവാങ്ങി. അച്ഛനമ്മമാരുടെ ജീവിതത്തിലൂടെയാണ് പാവേല്‍ ലോകത്തെ കണ്ടത്. അച്ഛന്റെ പരുഷതകളിലൂടെ ജീവിതമാലിന്യത്തെയും തിരിച്ചറിയുകയാണ് മകന്‍. നിശ്ശബ്ദമായി കരയുന്ന അമ്മയോട് അവന്‍ പറയുന്നു:

'ഒന്നാലോചിക്കൂ. നിങ്ങള്‍ എന്തു ജീവിതമാണ് നയിക്കുന്നത്? നാല്‍പ്പതു കഴിഞ്ഞിട്ടും സുഖം എന്തെന്നറിഞ്ഞിട്ടുണ്ടോ?''

കലാപത്തിന്റെയും ഗൂഢമായ യോഗങ്ങളുടെയും മൃഗീയമായ ചൂഷണത്തിന്റെയും പരുഷസത്യങ്ങള്‍ പാവേല്‍ അമ്മയോട് പറഞ്ഞു. മനുഷ്യസ്നേഹത്തിന്റെ അഗാധമായ ചില വികാരങ്ങള്‍ മകനില്‍ ഉടലെടുക്കുന്നത് അമ്മ കണ്ടു. അവര്‍ മകനെ അനുഗ്രഹിച്ചു.

പാവേലിന്റെ വീട്ടില്‍ യോഗത്തിനെത്തുന്ന ലിറ്റില്‍ റൂസി, ഡഷേങ്കാ, നടാഷ, ഐലേക്സി, ഇവാനോവിച്ച് എന്നീ സഖാക്കളുടെയെല്ലാം അമ്മയായി അവര്‍ മാറുന്നു. മാക്സിംഗോര്‍ക്കിയുടെ ഈ ആവിഷ്കരണം രോമാഞ്ചജനകമാണ്.

വിപ്ലവകാരിയായ പാവേല്‍ നോട്ടപ്പുള്ളിയായി. ഒടുവില്‍ പൊലീസ് അറസ്റ്റുചെയ്തു. കൂട്ടത്തില്‍ നാല്‍പ്പത്തിയെട്ടു സഖാക്കളുമുണ്ട്. ലഘുലേഖാവിതരണത്തിന്റെ ഉത്തരവാദിത്തം അമ്മ ഏറ്റെടുത്തു.
അമ്മ സ്വന്തം സ്നേഹത്തിന്റെ പരിമിതി മനസ്സിലാക്കി. അവര്‍ക്ക് സ്വന്തക്കാരെ മാത്രമേ സ്നേഹിക്കാന്‍ കഴിയുന്നുള്ളൂ. വിപ്ളവകാരികള്‍ ലോകത്തെ സ്നേഹിക്കുന്നു. സ്നേഹം നിത്യമാണ്.

ഫാക്ടറിയുടെ പശ്ചാത്തലത്തിലുള്ള മെയ്ദിനാഘോഷത്തില്‍ അമ്മയും പങ്കെടുത്തു. അവര്‍ തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയായി മാറി. രാഷ്ട്രീയപ്രസംഗം നടത്തി. പാവേലിനെ സൈബീരിയയിലേക്ക് നാടുകടത്തി.

റെയില്‍വേസ്റ്റേഷനില്‍ വെച്ച് ലഘുലേഖകളുള്ള പെട്ടിയുമായി അമ്മയെ പൊലീസ് പിടിച്ചു. അമ്മ ലഘുലേഖകള്‍ വാരിയെറിഞ്ഞു. ആളുകള്‍ അവയെല്ലാം എടുത്തു. ഒരു പൊലീസുകാരന്‍ അമ്മയുടെ കഴുത്തില്‍ പിടിച്ചുഞെക്കി ശ്വാസം മുട്ടിച്ചു. അമ്മ രക്തസാക്ഷിയാവുന്നതോടെ നോവല്‍ അവസാനിക്കുന്നു.

പീറ്റര്‍ ബലാമോവ് എന്ന തൊഴിലാളിയും അയാളുടെ അമ്മയും ഈ നോവലിന്റെ രചനയ്ക്ക് പ്രേരകമായ യഥാര്‍ത്ഥവ്യക്തികളാണ്. ആവര്‍ത്തിക്കുന്ന ഓരോ ദിവസവും ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുള്ള സന്ദേശമാണ് 'അമ്മ'' നല്‍കുന്നത്.

പ്രേമാനന്ദ് ചമ്പാട്. കടപ്പാട്: ദേശാഭിമാനി

നോവലിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണ്ണരൂപം ഇവിടെ

2 comments:

  1. ലോകം മുഴുവന്‍ ഹൃദയത്തിലേറ്റുവാങ്ങിയ മാക്സിം ഗോര്‍ക്കിയുടെ അമ്മ എന്ന വിശ്വോത്തരനോവലിന്റെ ശതാബ്ദിവര്‍ഷമായിരുന്നു 2007.

    വെറുപ്പും അജ്ഞതയും വളര്‍ന്ന് ആത്മാവു നഷ്ടപ്പെട്ട മനുഷ്യനെ പുതിയൊരാത്മവീര്യമുള്ള മനുഷ്യനാക്കാനുള്ള മഹാകര്‍മമാണ് വിപ്ലവമെന്ന് മാക്സിംഗോര്‍ക്കി 'അമ്മ'യിലൂടെ പ്രഖ്യാപിക്കുന്നു.

    ReplyDelete
  2. അമ്മയേയും ഗോര്‍ക്കിയേയും ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.

    ReplyDelete