Sunday, April 27, 2008

തമിഴകം വാഴും ജാതിപ്പിശാച്

ഇപ്പവും ചെരട്ടയിലെ താന്‍ ചായ

“അന്ത കാലത്തിലെ ചെരട്ടയിലെ താന്‍ ചായ കുടുപ്പാങ്ക, ഇന്നേയ്ക്ക് എനക്ക് വയസ്സ് 75 ആച്ച്, അന്ത കൊടുമൈ ഇപ്പവും മാറവില്ലൈ”
(പഴയ കാലത്ത് ചിരട്ടയിലാണ് ചായ തന്നിരുന്നത്. ഇന്ന് എനിക്ക് വയസ്സ് 75 ആയി, ആ അക്രമം ഇപ്പോഴും മാറിയിട്ടില്ല.)

ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന ഈ വാക്കുകള്‍ ഉത്തപുരം ഗ്രാമത്തിലെ ശങ്കരന്റേതാണ്.

സവര്‍ണജാതിപ്പിശാചുക്കള്‍ താണ്ഡവമാടുന്ന തമിഴകത്തെ കഥകള്‍ കേട്ടാല്‍ ഇത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗംതന്നെയോ എന്നു തോന്നിപ്പോകും. ഈയിടെ തമിഴ്‌നാ‍ട്ടില്‍ നടന്ന ഒരു സര്‍വെയില്‍ പതിനായിരത്തിലധികം ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനില്‍ക്കുണ്ടെന്നു കണ്ടെത്തി. നെല്‍വയലില്‍ പണിയെടുക്കുന്ന ദളിതന് 1990 വരെ കഞ്ഞി കൊടുത്തിരുന്നത് കൈക്കുമ്പിളിലായിരുന്നു. ഇന്ന് അത് അലുമിനിയംപാത്രത്തിലായി. കറിയായി അച്ചാര്‍ കൊടുത്തിരുന്നത് കാലിന്റെ തള്ളവിരലിലായിരുന്നു. അതിന് ഇന്നും മാറ്റമില്ല.

ഷര്‍ട്ട് ഇടുന്നതും ചെരിപ്പു ധരിക്കുന്നതും മഹാപരാധം. ചില ഗ്രാമത്തില്‍ ഷര്‍ട്ടിടാം, പക്ഷേ ഇസ്തിരിയിട്ടതാകരുത്. നിയമം തെറ്റിച്ചാല്‍ ഗ്രാമത്തിലെ അരയാല്‍ത്തറയില്‍ കൂടുന്ന കട്ടപഞ്ചായത്തില്‍ (ഗ്രാമപഞ്ചായത്ത്) ചാട്ടവാര്‍അടി.

ചായക്കടകളില്‍ ഗ്ലാസ് സവര്‍ണനുമാത്രം. അവര്‍ണന് മുടി വെട്ടാനും അലക്കാനും പത്തും പന്ത്രണ്ടും കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. ചെരിപ്പിട്ടു നടന്നാല്‍ അടി ഉറപ്പ്. ദളിത് കോളനികളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നത് നിത്യസംഭവം. സവര്‍ണന്റെ മാളികയിലും അവര്‍ണന്റെ കുടിയിലും ജനനമോ മരണമോ നടന്നാല്‍ തപ്പട്ടയുമായി പാടുന്നത് ‘ചക്കിലിയര്‍ ’ എന്നറിയപ്പെടുന്ന അവര്‍ണ സമൂഹം. ചടങ്ങ് കഴിഞ്ഞാല്‍ പാട്ടുകാര്‍ക്ക് ഭക്ഷണം പടിക്കു പുറത്ത്.

ഒരേ ഗ്രാമത്തില്‍ സര്‍ക്കാര്‍ വക സ്കൂള്‍, വാട്ടര്‍ ടാങ്ക്, റേഷന്‍കട എല്ലാം രണ്ടു വീതം. ഉശിലംപട്ടി, കീരിപ്പട്ടി, ചെമ്പട്ടി തുടങ്ങിയ പ്രദേശങ്ങളിലെ ദളിത് ഗ്രാമങ്ങളില്‍ ഇതു കാണാം.

സവര്‍ണന്റെ മക്കളെ പഠിപ്പിക്കുന്ന അധ്യാപകര്‍ അവര്‍ണന്റെ മക്കളെ പഠിപ്പിക്കരുത്. സവര്‍ണരുടെ സ്കൂളില്‍ അവര്‍ണരായ അധ്യാപകരോ ജീവനക്കാരോ ഉണ്ടാകില്ല. ടാങ്ക് ജാതി തിരിച്ചാണെങ്കിലും വെള്ളം എത്തുന്നത് ഒരേ കിണറ്റില്‍നിന്ന്. റേഷന്‍കടയില്‍ പ്രവേശനം സവര്‍ണര്‍ക്കു മാത്രം. അവര്‍ണര്‍ക്ക് ഗ്രാമത്തില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് അരിയും പഞ്ചസാരയും മണ്ണെണ്ണയും എത്തിച്ചുകൊടുക്കും. “ജാതികള്‍ ഇല്ലയടി പാപ്പാ”എന്നു പാടിയ മഹാകവി സുബ്രഹ്മണ്യഭാരതിയുടെ നാട്ടില്‍ 1964 മുതല്‍ അധികാരത്തിലിരുന്ന ദ്രാവിഡപാര്‍ടികളുടെ സര്‍ക്കാരുകളാണ് ഇതെല്ലാം ചെയ്തുകൊടുത്തത്.

പലയിടത്തും ബസ് സ്റ്റോപ്പും രണ്ടാണ്. സവര്‍ണരുടെ ബസ് സ്റ്റോപ്പില്‍ അവര്‍ണന്‍ കയറരുത്. കയറാന്‍ അനുവാദമുള്ളിടത്ത് ഇരിക്കാന്‍ പാടില്ല. ഉത്തപുരത്ത് ദളിതുകളെ വഴിനടക്കാന്‍ അനുവദിക്കാതെ കോട്ടമതില്‍ പണിതിട്ട് 19 വര്‍ഷമായി. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ ഇന്ന് മാറുകയാണ്. ദളിത് വംശജരില്‍ പഠിച്ച യുവതീയുവാക്കള്‍ തീണ്ടായ്‌മാ നിര്‍മാര്‍ജന സമിതിയില്‍ അംഗങ്ങളായി പോരാട്ടത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നു. ദളിതുകള്‍ക്കെതിരായ പീഡനത്തിനെതിരെ ഉജ്വല സമരങ്ങളാണ് സമിതി ആസൂത്രണംചെയ്തിട്ടുള്ളത്. ഈ പോരാട്ടങ്ങളിലൂടെയാണ് ഉത്തപുരം പോലുള്ള ഗ്രാമങ്ങള്‍ മാധ്യമശ്രദ്ധ നേടുന്നത്.

ആണ്‍പട്ടിയെ വളര്‍ത്തിയ അവര്‍ണന് ചാട്ടവാറടി; പട്ടിക്ക് വധശിക്ഷ

തൂത്തുക്കുടി ജില്ലയിലെ ടി ഷണ്‍മുഖപുരം ഗ്രാമത്തിലെ കട്ടപഞ്ചായത്ത് (ആല്‍മരച്ചുവട്ടില്‍ ചേരുന്ന ഗ്രാമപഞ്ചായത്ത്). പെരിയകറുപ്പന്‍ എന്ന അവര്‍ണന്‍ വിചാരണ ചെയ്യപ്പെടുകയാണ് ഇവിടെ. ആണ്‍പട്ടിയെ വളര്‍ത്തിയതാണ് ഇയാളുടെപേരിലുള്ള കുറ്റം. നെറ്റിചുളിക്കാന്‍ വരട്ടെ. അവര്‍ണരും സവര്‍ണരുമായ നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ടി ഷണ്‍മുഖപുരം കൊടിയ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുന്ന ഗ്രാമമാണ്. അവണര്‍ ആണ്‍പട്ടികളെ വളര്‍ത്തരുതെന്നാണ് ഇവിടത്തെ സവര്‍ണനിയമം. അവര്‍ണ ആണ്‍പട്ടി സവര്‍ണ പെണ്‍പട്ടിയില്‍ വംശവര്‍ധന നടത്തിയാലോയെന്ന ആശങ്കയാണ് വിചിത്രമായ നിയമത്തിനുപിന്നില്‍. പെരിയകറുപ്പന്‍ ആണ്‍പട്ടിയെ വളര്‍ത്തിയത് സവര്‍ണസമുദായത്തെ അപമാനിക്കാനാണെന്ന് പഞ്ചായത്ത് കണ്ടെത്തി. കുറ്റവാളിക്ക് 101 ചാട്ടവാറടിയും ആണ്‍പട്ടിയെ കൊല്ലാനും ശിക്ഷ വിധിച്ചു. ഭയന്ന കണ്ണുകളോടെ നോക്കിനിന്ന അവര്‍ണര്‍ക്കു മുമ്പില്‍ ശിക്ഷ നടപ്പായി. ജാതിക്കെതിരെ പോരാടിയ ഇ വി രാമസ്വാമിനായ്ക്കര്‍ ജീവിച്ച മണ്ണില്‍ ഇന്നും തുടരുന്ന പാതകങ്ങള്‍ക്ക് കണക്കില്ല.

വിരുദുനഗര്‍ ജില്ലയിലെ നരിക്കുടി ഇരുഞ്ചിറ ദളിത് ഗ്രാമത്തിലെ ഗുരുസ്വാമി(38)ക്ക് തേച്ചുമിനുക്കിയ, തുമ്പപ്പൂപോലെ വെളുത്ത ഷര്‍ട്ടിടാന്‍ മോഹം. തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ഇഡി ജീവനക്കാരനാണ് ഗുരുസ്വാമി. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ യുടെ യൂണിറ്റ് സെക്രട്ടറി സുബ്ബുരാജിന്റെ മകന്‍. ഗ്രാമത്തിലെ അലക്കുകാരനായ പെരിയസ്വാമിയെ കണ്ട് ഗുരുസ്വാമി ഷര്‍ട്ട് ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ടു. സവര്‍ണര്‍ മാത്രമേ അലക്കിത്തേച്ച ഷര്‍ട്ടിടാവൂവെന്നാണ് ഗ്രാമത്തിലെ നിയമം. അലക്കുകാരന്‍ ഗുരുസ്വാമിയെ ഉപദേശിച്ചു:

“ ഇതെല്ലാം ചെയ്യ ഉനക്ക് അധികാരമില്ലൈ, വീണാ പ്രച്ചനയെ കിളപ്പാതെ, സമാധാനമാ പോറ ഗ്രാമത്തിലെ ചട്ടമിരിക്ക്, അത് പടി നടന്തുക്കോ”
(ഇസ്തിരിയിടാന്‍ നിനക്ക് അവകാശമില്ല. വെറുതെ പ്രശ്നം ഉണ്ടാക്കരുത്. സമാധാനത്തില്‍ കഴിയുന്ന ഗ്രാമത്തിലെ നിയമം അനുസരിച്ച് നടക്ക് ) എന്ന് പറഞ്ഞു.

ഗുരുസ്വാമി അലക്കുകാരനുമായി തര്‍ക്കിച്ചു. അടുത്തദിവസം ഗുരുസ്വാമി ഗ്രാമപഞ്ചായത്തിലേക്ക് വിളിപ്പിക്കപ്പെട്ടു. ഗ്രാമപ്രമുഖര്‍ കൂടിയ പഞ്ചായത്ത് ഗുരുസ്വാമി തെറ്റ് ചെയ്തതായി അറിയിച്ചു. ഞങ്ങളുടെ ജാതിക്കാര്‍ക്ക് അലക്കാനും ഇസ്തിരിയിടാനും വേണ്ടി നിയമിച്ച അലക്കുകാരനോട് നീ എങ്ങനെ ഇസ്തിരിയിടാന്‍ പറയുമെന്ന് ചോദിച്ച് വീരപാണ്ടി എന്ന സവര്‍ണന്‍ ഗുരുസ്വാമിയെ തലങ്ങും വിലങ്ങും തല്ലി. ബോധം വരുമ്പോള്‍ ശീര്‍കാഴിയിലെ ആശുപത്രിയിലാണ് ഗുരുസ്വാമി. ആശുപതിയില്‍ നിന്നിറങ്ങിയപ്പോള്‍ ശിവഗംഗയിലേക്ക് തട്ടിക്കൊണ്ടുപോയി വധഭീഷണി മുഴക്കി.

മധുരയ്ക്കടുത്ത ആണ്ടാര്‍കൊട്ടാരം, തനിയാര്‍മംഗലം ഗ്രാമങ്ങളില്‍ പോസ്‌റ്റ്മാന്‍ പോകാറില്ല. രണ്ടും അവര്‍ണര്‍ തിങ്ങിപ്പാര്‍ക്കുന്നവയാണ്. അവര്‍ണന് കത്ത് വന്നാല്‍ കൂട്ടത്തിലാരോടെങ്കിലും പോസ്റ്റ്മാന്‍ വിവരം പറയും. സമയത്ത് ചെന്നില്ലങ്കില്‍ കത്തു കിട്ടില്ല. സ്കൂളുകളില്‍ ബെഞ്ചിലിരിക്കുന്ന സവര്‍ണ കുട്ടികളുടെ കാല്‍ച്ചുവട്ടില്‍ തറയിലാണ് അവര്‍ണ കുട്ടികള്‍ക്ക് സ്ഥാനം. ചോദ്യങ്ങള്‍ക്ക് അവര്‍ണന്റെ കുട്ടി ഉത്തരം പറഞ്ഞില്ലെങ്കില്‍ അധ്യാപകന്‍ തല്ലില്ല. മറ്റൊരു അവര്‍ണക്കുട്ടിയെക്കൊണ്ട് തല്ലിക്കും. ക്ഷേത്രത്തില്‍ അവര്‍ണന് പ്രവേശനം ഇല്ല. സവര്‍ണഗ്രാമങ്ങളുടെ തെരുവില്‍പോലും അവര്‍ണന്‍ കടക്കരുത്.

അവര്‍ണര്‍ക്കെതിരായ ഇത്തരം പീഡനങ്ങള്‍ക്കെതിരെ ഉജ്വലസമരങ്ങളാണ് തീണ്ടായ്മ നിര്‍മാര്‍ജനസമിതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഉദുമല്‍പേട്ട സാളരപ്പെട്ടിയില്‍ ഇരട്ട ഗ്ലാസ് സമ്പ്രദായത്തിനെതിരെ കഴിഞ്ഞ മാസമാണ് ഉജ്വലസമരം നടന്നത്.

അവര്‍ണന്‍ പ്രസിഡന്റായാലും ഗ്രാമം സവര്‍ണന്‍ ഭരിക്കും

നീ തീരുമാനം എടുക്കണ്ട, ഞങ്ങള്‍ പറയുന്നത് അനുസരിച്ചാല്‍ മതി. യോഗത്തില്‍ ഒന്നും മിണ്ടരുത്

ഉത്തപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പുഷ്പത്തിന് സവര്‍ണരായ വെള്ളാളപ്പിള്ളമാര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ താക്കീത് നല്‍കി. സവര്‍ണ ഭൂരിപക്ഷമുള്ള ഗ്രാമമാണ് ഉത്തപുരം. സംവരണമുള്ളതിനാല്‍ പ്രസിഡന്റായത് അവര്‍ണയായ പുഷ്പം. താഴ്ന്നജാതിക്കാരിയുടെ ഭരണം ഉയര്‍ന്നജാതിക്കാര്‍ സഹിക്കുന്നതെങ്ങനെ? സവര്‍ണന്റെ നിര്‍ദേശാനുസരണം ഭരിക്കാന്‍ വിധിക്കപ്പെട്ട അവര്‍ണരായ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാള്‍മാത്രമാണ് പുഷ്പം. ഒന്നുംചെയ്യാനാകാത്ത അവസ്ഥ ഇവര്‍ വിവരിച്ചത് നിര്‍വികാരമായാണ്. സവര്‍ണരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന തെരുവില്‍ പോകാന്‍പോലും പ്രസിഡന്റിന് അനുവാദമില്ല. അഥവാ പോയാല്‍ കൊടിയ മര്‍ദനമായിരിക്കും ഫലം.

പ്രസിഡന്റുസ്ഥാനം അവര്‍ണന് സംവരണംചെയ്തതിനാല്‍ ഒന്നരപ്പതിറ്റാണ്ടോളം പഞ്ചായത്ത് ഭരണമില്ലാതെ പോയ ഗ്രാമപഞ്ചായത്തുകളുമുണ്ട്. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കുക സവര്‍ണന്റെ കാല്‍ച്ചുവട്ടില്‍ കഴിയുന്ന അവര്‍ണരായ അടിമകള്‍ മാത്രമാകും. തെരഞ്ഞെടുക്കപ്പെടുന്ന ഇവരെ പിറ്റേ ദിവസംതന്നെ രാജിവയ്പിക്കും. മത്സരിക്കാന്‍ മറ്റാരെങ്കിലും മുന്നോട്ടുവന്നാല്‍ സവര്‍ണന്റെ കൈക്കരുത്തറിയും. കീരിപ്പട്ടി, നാട്ടാര്‍മംഗലം, കൊട്ടക്കുറിശി, പാപ്പാപട്ടി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ ഈ ദുര്യോഗത്തിന് അവസാനമായത് സിപിഐ എം പോലുള്ള ഇടത് കക്ഷികള്‍ രംഗത്തുവന്നതോടെയാണ്. ഇപ്പോള്‍ നാലിടത്തും അവര്‍ണരായ പ്രസിഡന്റുമാര്‍ ഭരണം നടത്തുന്നു. ഇടതു സഹയാത്രികരായ അവര്‍ മാത്രമേ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാതെ തുടരുന്നുള്ളൂ.

സവര്‍ണരുടെ കുടിലതകള്‍ കാരണം ഉറക്കം നഷ്ടപ്പെട്ട ഗ്രാമമാണ് ഉത്തപുരം. 1964മുതല്‍ അവര്‍ണര്‍ വേട്ടയാടപ്പെടുകയാണ്. 1989ല്‍ കോട്ടയെ വെല്ലുന്ന മതില്‍കെട്ടി അവര്‍ണരുടെ നടവഴി അടച്ചു. ഇത് ചോദ്യംചെയ്തതില്‍ കുപിതരായ സവര്‍ണ്ണര്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് അവര്‍ണര്‍ കൊലപ്പെട്ടു. അഞ്ച് സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായി. രണ്ടുപേരെ കാണാതായി. ജീവച്ഛവങ്ങളായവരും നിരവധി. വീടും സ്വത്തുക്കളും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.

മതിലിലെ വിള്ളലിലൂടെ അവര്‍ണരുടെ ആടുമാടുകള്‍ കയറാതിരിക്കാന്‍ അടുത്തകാലത്ത് മതിലിനുമുകളില്‍ വൈദ്യുതിക്കമ്പിയിട്ടു. രണ്ട് പശുക്കളും നാല് കോഴികളും ചത്തതോടെയാണ് അവര്‍ണര്‍ അപകടം അറിഞ്ഞത്. തുടര്‍ന്ന് സമിതി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അവര്‍ണരെയും വെള്ളാളപ്പിള്ളമാരെയും കണ്ട് സംസാരിച്ചു. വൈദ്യുതിക്കമ്പി മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കലക്ടറെ സമീപിച്ചു. പത്രങ്ങളിലൂടെ പുറംലോകമറിഞ്ഞതോടെ വൈദ്യുതിക്കമ്പി മാറ്റാന്‍ സവര്‍ണര്‍ നിര്‍ബന്ധിതരായി.

1989ലെ പ്രശ്നത്തിനുശേഷം ഉണ്ടാക്കിയ കരാറനുസരിച്ച് വേണം അവര്‍ണര്‍ ജീവിക്കാനെന്നാണ് വെള്ളാളപ്പിള്ളമാരുടെ നേതാവ് പാല്‍സ്വാമിപ്പിള്ള തറപ്പിച്ചു പറയുന്നത്. റോഡിന്റെ ഇടതുവശത്ത് സവര്‍ണരുടെയും വലതുവശത്ത് അവര്‍ണരുടെയും വീടുകളാണ്. അവര്‍ണന്റെ ജഡംപോലും റോഡിന്റെ സവര്‍ണന്റെ വീടുള്ള വശത്തുകൂടി കൊണ്ടുപോകാന്‍ പാടില്ലെന്നതടക്കമുള്ള പ്രാകൃതമായ വ്യവസ്ഥകളാണ് അടിച്ചേല്‍പ്പിച്ച കരാറിലുള്ളത്.

ആരെങ്കിലും ദളിതരെ വീടിനകത്തു കടത്തുമോ? എന്ത് യോഗ്യതയാണവര്‍ക്കുള്ളത്?”

തീണ്ടായ്‌മയില്ലെന്നു പറയുന്ന പാല്‍സ്വാമി സംഭാഷണത്തിനിടെ ചോദിച്ചു.

സക്കിലിയന്‍ വരുകിറേന്‍ വഴി വിടുങ്കള്‍

'സാവുക്ക് കുഴി വെട്ടി, സാക്കടക്ക് വഴി വെട്ടി, തലമുറ തലമുറയായ്, തലച്ചുമടായ് തമിഴരിന്‍ പീ ചുമന്ത, സക്കിലിയന്‍ വരുകിറേന്‍ വഴി വിടുങ്കള്‍'
(ശവത്തിന് കുഴി വെട്ടി, അഴുക്കുചാലിനു വഴി വെട്ടി, തലമുറ തലമുറയായി, തലച്ചുമടായ് തമിഴരുടെ മലം ചുമന്ന ചക്കിലിയന്‍ വരുന്നു, വഴി മാറുക)

ഇതൊരു ഗാനത്തിന്റെ തുടക്കമാണ്. തമിഴ്‌നാട്ടിലെ 'അരുന്ധതിയര്‍' എന്നറിയപ്പെടുന്ന മലം ചുമക്കുന്ന അവര്‍ണരുടെ ഉജ്വലമായ പ്രകടനത്തില്‍ മുഴങ്ങിയ ഉണര്‍ത്തുപാട്ട്. ചക്കിലിയന്റെ ജീവിതദുരിതവും ഉയിര്‍ത്തെഴുന്നേല്‍പ്പും വരച്ചുകാട്ടുന്നതാണ് തമിഴ്‌നാട്ടിലെ പുരോഗമനകവിയായ തമിഴ്‌ശെല്‍വന്‍ എഴുതിയ ഈ ഗാനം. തീണ്ടായ്‌മാ നിര്‍മാര്‍ജനസമിതി അരുന്ധതിയരുടെ അവകാശസമരത്തിലൂടെയാണ് ഏറ്റവും കൊടിയ അവഗണന അനുഭവിക്കുന്ന അവര്‍ണവിഭാഗത്തിന്റെ ദുരിതം സമൂഹമനഃസാക്ഷിക്കുമുമ്പില്‍ ഉയര്‍ന്നുവന്നത്. മലം ചുമക്കുന്ന അവര്‍ണരുടെ സമൂഹത്തിലെ ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും മാധ്യമ ശ്രദ്ധയിലെത്തി. മീന എന്ന പെണ്‍കുട്ടിയുടെ അഭിമുഖം അരുന്ധതിയരുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കണ്ണാടിയായി.

ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. ഒമ്പതാം വയസ്സില്‍ ഞാന്‍ ആദ്യമായി മലം ചുമന്നു. തലയില്‍ മലവുമായി നടന്നുകൊണ്ടിരിക്കെ കാല്‍വഴുതി അഴുക്കുചാലില്‍ വീണു. തലയിലെ പാത്രത്തിലുണ്ടായിരുന്ന മലം മുഴുവന്‍ എന്റെ ശരീരത്തിലും തലയിലും ഒഴുകി. ആരും സഹായിച്ചില്ല. എല്ലാവരും മൂക്കുപൊത്തി കടന്നുപോയി. അവസാനം എന്നെപ്പോലെ മലം ചുമക്കുന്ന ഒരു പെണ്‍കുട്ടി വന്നാണ് എന്നെ അഴുക്കുചാലില്‍നിന്ന് കരകയറ്റിയത്.”

മീനയുടെ വാക്കുകള്‍ വെറും വാക്കുകളല്ല. മലംചുമക്കുന്നവരും കുഴിവെട്ടുന്നവരുമായ ലക്ഷക്കണക്കിന് അരുന്ധതിയരുടെ ജീവിതവേദനയാണത്.

തമിഴ്‌നാട്ടില്‍ നിരവധി ദളിത്‌സംഘടനകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടതു പാര്‍ട്ടികള്‍ മാത്രമാണ് അവര്‍ണരെ മനുഷ്യരാക്കാനുള്ള പോരാട്ടത്തില്‍ സജീവമായുള്ളത്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ഇല്ലാതാക്കാന്‍ 'അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്' (തൊട്ടുകൂടായ്മാ നിര്‍മാര്‍ജനസമിതി) രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സമിതിയില്‍ അറുപതോളം ദളിത് സംഘടനകള്‍ അംഗങ്ങളാണ്. ആദിതമിഴര്‍ പേരവൈ, അരുന്ധതിയര്‍ സംഘം, അരുന്ധതിയര്‍ ജനനായക മുന്നണി, അരുന്ധതിയര്‍ മഹാസഭ, പുരച്ചിപുലികള്‍ ഇയക്കം, ദ്രാവിഡമക്കള്‍ വിടുതലൈ കക്ഷി എന്നിവയാണ് ഇതിലെ പ്രധാനസംഘടനകള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ പി സമ്പത്ത് ആണ് തീണ്ടായ്‌മാ നിര്‍മാര്‍ജന സമിതി ജനറല്‍സെക്രട്ടറി.

സമിതിയുടെ നേതൃത്വത്തില്‍ 2007 ജൂണ്‍ 12ന് ചെന്നൈയില്‍ അരുന്ധതിയര്‍ സമ്മേളനവും 20,000 പേര്‍ പങ്കെടുത്ത പ്രകടനവും നടന്നു. ഇതില്‍ 5000 പേര്‍ സ്ത്രീകളായിരുന്നു. അതിനു ശേഷം സമിതി നേതാക്കള്‍ മുഖ്യമന്ത്രി എം കരുണാനിധിയുമായി സംസാരിച്ചതിനെത്തുടര്‍ന്ന് അരുന്ധതിയരുടെ ഉന്നമനത്തിന് സഹായകമാകുന്ന ഒട്ടേറെ കാര്യങ്ങള്‍ നേടിയെടുക്കാനായി. അരുന്ധതിയര്‍ക്കായി ക്ഷേമനിധിയും ബോര്‍ഡും സ്ഥാപിച്ചതാണ് ഇതില്‍ പ്രധാനം. ചക്കിലിയരായ ശ്‌മശാനം കാവല്‍ക്കാരെ സഹായികളായി (അസിസ്‌റ്റന്റ്) അംഗീകരിച്ച് അവര്‍ക്ക് ശമ്പളം നിശ്ചയിച്ചു. 178 പേര്‍ക്ക് ആദ്യഘട്ടത്തില്‍ നിയമനം ലഭിച്ചു. എല്ലാ പഞ്ചായത്തിലും ഇത് നടപ്പാക്കണമെന്ന ആവശ്യമുയര്‍ന്നു കഴിഞ്ഞു. അടിമകളായ അരുന്ധതിയരുടെ ഉന്നമനത്തിന് വികസന പ്രവൃത്തികള്‍ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അരുന്ധതിയര്‍ സമുദായത്തിന്റെ മാത്രമല്ല, തമിഴ്‌നാട്ടിലെ മുഴുവന്‍ അവര്‍ണരുടെയും മോചനത്തിനുള്ള പോരാട്ടങ്ങള്‍ മുന്നേറുക തന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിരുപാധികപിന്തുണ ഇതിനു ലഭിക്കുന്നുമുണ്ട്. ഇന്ന് 60 ലക്ഷത്തിലധികം പേര്‍ തൊട്ടുകൂടായ്‌മാ നിര്‍മാര്‍ജനസമിതിയില്‍ അംഗങ്ങളാണ് എന്നത് ഭാവി പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും, തീര്‍ച്ച.

-ശ്രീ ഇ എന്‍ അജയകുമാര്‍ ദേശാഭിമാനിയില്‍ എഴുതിയ പരമ്പരയെ അധികരിച്ച് തയ്യാറാക്കിയത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് ദേശാഭിമാനി,ഹിന്ദു

12 comments:

  1. പഴയ കാലത്ത് ചിരട്ടയിലാണ് ചായ തന്നിരുന്നത്. ഇന്ന് എനിക്ക് വയസ്സ് 75 ആയി, ആ അക്രമം ഇപ്പോഴും മാറിയിട്ടില്ല.

    ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന ഈ വാക്കുകള്‍ ഉത്തപുരം ഗ്രാമത്തിലെ ശങ്കരന്റേതാണ്.

    സവര്‍ണജാതിപ്പിശാചുക്കള്‍ താണ്ഡവമാടുന്ന തമിഴകത്തെ കഥകള്‍ കേട്ടാല്‍ ഇത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗംതന്നെയോ എന്നു തോന്നിപ്പോകും. ഈയിടെ തമിഴ്‌നാ‍ട്ടില്‍ നടന്ന ഒരു സര്‍വെയില്‍ പതിനായിരത്തിലധികം ഗ്രാമങ്ങളില്‍ തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനില്‍ക്കുണ്ടെന്നു കണ്ടെത്തി. നെല്‍വയലില്‍ പണിയെടുക്കുന്ന ദളിതന് 1990 വരെ കഞ്ഞി കൊടുത്തിരുന്നത് കൈക്കുമ്പിളിലായിരുന്നു. ഇന്ന് അത് അലുമിനിയംപാത്രത്തിലായി. കറിയായി അച്ചാര്‍ കൊടുത്തിരുന്നത് കാലിന്റെ തള്ളവിരലിലായിരുന്നു. അതിന് ഇന്നും മാറ്റമില്ല.

    ശ്രീ ഇ എന്‍ അജയകുമാര്‍ എഴുതിയ ഫീച്ചറിനെ അധികരിച്ച് തയ്യാറാക്കിയ പോസ്റ്റ്.

    ReplyDelete
  2. http://www.youtube.com/watch?v=WBxy1R0jitM

    ReplyDelete
  3. പ്രസക്തമായ ലേഖനം. ആധുനിക ഇന്ത്യയെക്കുറിച്ചുളള ഇത്തരം അറിവുകള്‍ പങ്കുവയ്ക്കുന്നതിന് നന്ദി. നാട്ടില്‍ നടക്കുന്നതെന്തെന്ന് നാലാള്‍ അറിയട്ടെ.

    ReplyDelete
  4. പ്രിയ റോബി,

    താങ്കള്‍ തന്ന ലിങ്കിനു നന്ദി...ഹൃദയസ്പൃക്കാണീ വീഡിയോ ദൃശ്യങ്ങള്‍. എല്ലാവരും കണ്ടിരിക്കേണ്ടത്. അതിനു മുന്നില്‍ ഈ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന അന്യഥാ ക്രൂരമായ വസ്തുതകള്‍ ഒന്നുമല്ല. ദൃശ്യങ്ങള്‍ വാക്കുകളേക്കാള്‍ എത്രയോ ശക്തം.

    മാരീചന്‍

    വായനക്ക് നന്ദി

    ReplyDelete
  5. വളരെ പ്രസക്തമായ ലേഖനം. ഭീകരം തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു.

    ReplyDelete
  6. ജാതി
    ഒരു വലിയ ജനാധിപത്യവിരുദ്ധതയാണ്.
    ചിലയിടങ്ങളില്‍ അത് ഒളിഞ്ഞിരിക്കുന്നു.
    മറ്റിടങ്ങളില്‍ അത് തെളിഞ്ഞിരിക്കുന്നു.
    തമിഴുനാട്ടിലെ അവസ്ഥ ഭീകരം തന്നെ.
    ഈ പോസ്റ്റ് അത് വ്യക്തമായി തെളിയിച്ചിരിക്കുന്നു.
    ഒപ്പം കേരളത്തിലെ ഒളിഞ്ഞിരിക്കുന്ന ജാതിയതയെ കുറിച്ചുകൂടെ എഴുതുമല്ലോ.
    ആശംസകള്‍

    ReplyDelete
  7. തമിഴ്‌നാട്ടിലും, ആന്ധ്രയിലും, വടക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ ജാതിബോധം വളരെ ശക്തമാണ്. അതിനെ തകര്‍ക്കണമെങ്കില്‍ രാഷ്ട്രീയബോധം വളര്‍ത്തുകതന്നെ വേണം. മത-സാമുദായിക ശക്തികളുമായി ബന്ധമില്ലാത്തതും, അതേ സമയം, മതേതര-ജനാധിപത്യ വിശ്വാസികളുടേതുമായ ഒരു വിശാലസഖ്യത്തിന്റെ രാഷ്ട്രീയമാകും ഏറെ ഗുണകരം.

    മുഖ്യധാരയിലേക്ക് അധികം വരാത്ത ഇത്തരം കഥകള്‍ ഇവിടെ പകര്‍ത്തിയതിനു നന്ദി.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  8. തമിഴുനാട്ടിലും ആന്ധ്രയിലും മാത്രമല്ല കേരളത്തിലും ജാതിപിശാചുകള്‍ നിലവിലുണ്ടു. ഇവിടെ മറ്റു സംസ്ഥാനങ്ങളിലെ പോലെ ആക്രമാസക്തമല്ല, പക്ഷേ അതിനെക്കാള്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള മാനസികമായ പീഡനം, ഒരു തരം പരിഹാസവും പുച്ഛവും, (അംഗബലമുണ്ടെങ്കില്‍ പരസ്യമായി തന്നെ) ഇവിടെ നടക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെല്ലാം കണ്ടു വരുന്ന് രീതിയിലുള്ള റേസിസം അടിയൊഴുകുന്ന ഒരു സമൂ‍ഹമാണു നമ്മുടെത്. എന്നാല്‍ കേരളത്തില്‍ സവര്‍ണ്ണാധിപത്യം മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാരണം അതു വലിയ ഉളുപ്പ്കുടാ‍ാതെ പ്രകടമാകുന്നു. ഭുരിപക്ഷ സാമാന്യബോധത്തിന്റെ ഭാഗം.
    ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ് ഒന്നു നോക്കു ഗാരേജ് ചെറുമന്റെ പുസ്‍തപ്രകാശനം (റിപ്പോര്‍ട്ട്)
    എന്തെല്ലാം തരത്തിലുള്ള ജാതിപരമായ മുന്‍‌വിധികളണു ഇതിലുള്ളതു എന്നു നോക്കാം:
    1. ഗ്രന്ഥ്കര്‍ത്താവിന്റെ പേര്: ഗാരേജ് ചെറുമന്‍ --ഗാരേജ് ചെറുമന്‍ അട്ടപ്പാടി മേഖലയിലെ ചെറുമന്‍ സമുദായത്തില്‍പ്പെട്ട ഒരു പാവം മനുഷ്യനാണ്.
    എന്നു വച്ചാല്‍ അധഃകൃതനായതു കൊണ്ട് പ്രത്യേക പേരിന്റെ ആവശ്യമില്ല.
    2. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്‍: 'ന്റെ കോയ്‍ക്കോടന്‍ കനബ്‍കള് ' ചെറുമന്മാര്‍ക്ക് അക്ഷരം എഴുതുവാന്‍ അറിയില്ലല്ലോ.
    3. ചെറുമന്റെ സവിശേഷത: ബ്രാന്‍ഡി വിസ്‍കി തുടങ്ങി നല്ല കള്ള് വരെ ഒന്നു രുചിച്ചു പോലും നോക്കാതെ മാതൃക കാട്ടിയ ആളാണ് ശ്രീ ചെറുമന്‍... ഈ വക പാനീയങ്ങള്‍ സവര്‍ണ്ണര്‍ക്ക് മാത്രം. അദ്ദേഹം കുടിക്കുന്നത് അട്ടപ്പാടിയലും മറ്റും ഇപ്പോഴും കിട്ടുന്ന റാക്ക് എന്നു പറയുന്ന ദ്രാവകമാണ്. ഇത് സ്വന്തമായി വാറ്റാനും അദ്ദേഹത്തിനറിയാം.
    4 ഈ ഗാരേജ് എന്നത് ?മോഷ്ടിക്കുന്ന വാഹനങ്ങളുടെ ബോഡി പൊളിച്ച് വേറെ കേറ്റി എന്‍ജിനും മാറ്റി വച്ച് കച്ചവടം നടത്തുന്ന ഒരു ഗാരേജ് നടത്തുകയാണ് ചെറുമന്‍ ഇപ്പോള്‍. അതായതു ചെറുമന്റെ തോഴില്‍ കളവ്.
    ഈ ലിസ്റ്റ് നീട്ടുന്നില്ല. പ്രകടമായി ‘‘താഴ്ന്ന“ ജാതിയെ കളിയാക്കുകയാണെന്ന ബോധം ഇതെഴുതിയ ബ്ലോഗ്ഗര്‍ക്ക് ഇല്ല. അദ്ദേഹം വിറ്റടിക്കുകയാണു. ആ ബ്ലോഗില്‍ കണ്ട കമന്റുകളും ഇതൊരു നിരുപദ്രവകരമായ മറ്റൊരു ബെര്‍ളിത്തരമായെ കാണുന്നൂള്ളു. ഇതാണു കേരളത്തിന്റെ ദുരന്തം.

    ReplyDelete
  9. അല്ല മെര്‍ക്കുഷ്യോ, ഇത്തവണ സ്വന്തം ഐഡിയില്‍ നിന്നാണല്ലോ.എടാ കഴുവേറീ. എന്തിലും ഏതിലും ജാതി കണ്ടെത്തുന്ന നിന്നെപ്പോലുള്ള തന്തയില്ലാത്തവന്മാരാണ് കേരളത്തിന്റെ ദുരന്തം. സ്വന്തം തള്ളയുടെ മുകളില്‍ കയറി തന്ത കിടന്നാല്‍ അതിനെ കീഴാള-മേലാള വികാരങ്ങളുടെ പ്രതീകമായി കണ്ട് തന്തയെ അടിച്ചുകൊല്ലാനും മടിക്കാത്ത നിന്നെപ്പോലുള്ള മൈക്കുണാപ്പന്മാരുടെ സ്ഥാനം ഇവിടെയല്ല.കുറെ നാളായി നീ ഈ പണി തുടങ്ങിയിട്ട്. ബെര്‍ളി എന്തും തണലാക്കുന്നവനായതുകൊണ്ട് ഇതും ഒരു ഭൂഷണമായേ കാണൂ. എന്നാല്‍ ഈ നമ്പരുമായി മറ്റുള്ളവന്റെ ബ്ലോഗിലേക്കു വന്നാല്‍ നിന്റെ കച്ചോടം അവസാനിപ്പിക്കും. കേട്ടോടാ പൊലയാടി മോനേ ?

    ReplyDelete
  10. അങ്ങനെ കൊട് അനോനിചേട്ടാ, ഈഴവനെയും ചെറുമനെയും പോലെ പുലയന്‍ ആടിയവനെ ശരിപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  11. ..........ജാതിയുടെപേരില്‍ ദളിത് പിന്നോക്കവിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന തമിഴ്നാട്ടിലെ ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പുറം കൊട്രം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വൃന്ദയെയും സഹപ്രവര്‍ത്തകരെയും രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചു. യാത്ര തുടരുമെന്ന കര്‍ശന നിലപാടിനെ തുടര്‍ന്ന് വൃന്ദയെ മോചിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.

    ReplyDelete