പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരേ,
സ്കൂള്‍ തുറന്നു കഴിഞ്ഞു. പുത്തനുടുപ്പും പുസ്തകവുമൊക്കെയായി സ്കൂളിലേക്കു പോയതും സ്കൂളില്‍ നിങ്ങള്‍ക്ക് മിഠായി കിട്ടിയതുമൊക്കെ പത്രങ്ങളില്‍ വായിച്ചു. ഇപ്പോള്‍ സ്കൂള്‍ തുറക്കുന്ന ദിവസം മഴയില്ലെന്നും മഴ നനഞ്ഞ് സ്കൂളില്‍ പോയിരുന്ന ആ പഴയ നാളുകള്‍ ഇല്ലാതായത് കഷ്ടമാണെന്നും ഒക്കെയുള്ള പതിവ് ഗൃഹാതുരത്വലേഖനങ്ങളും വായിച്ചു (അതു നിങ്ങള്‍ കാര്യമാക്കേണ്ട. പ്രസന്നമായ കാലാവസ്ഥയില്‍ സ്കൂളിലേക്കു പോകുമ്പോഴുള്ള സമാധാനമെവിടെ, മഴ നനഞ്ഞ് ചളിപിളിയായി ചെല്ലുമ്പോഴുള്ള അസ്വസ്ഥതയെവിടെ? മഴയില്ലെന്ന് കുറിപ്പുകളെഴുതുന്നവര്‍ക്ക് വീട്ടിലിരുന്ന് സ്വസ്ഥമായി എഴുതിയാല്‍ മതി. ആലോചിച്ചു നോക്കൂ കൂട്ടുകാരേ മഴയത്ത് നനഞ്ഞ് ബസിനുപിറകെ ഓടുന്നത്, ബസിനുള്ളില്‍ നനഞ്ഞ്വാരി കയറുന്നത്, സ്കൂളിലേക്ക് നടന്നിട്ടാണ് പോകുന്നതെങ്കില്‍ വഴിയിലെ വണ്ടികള്‍ നിങ്ങളെ നനച്ച് കുളിപ്പിച്ച് കടന്നുപോകുന്നത്, അച്ഛനോടൊപ്പം സ്കൂട്ടറിന്റെയും മറ്റും പുറകിലിരുന്നിട്ടാണ് പോകുന്നതെങ്കില്‍ ആ ഒരു മഴപ്രയാസങ്ങള്‍, പിന്നെ നിങ്ങളെ ഒരുക്കിവിടുന്ന അമ്മയുടെ വെപ്രാളം...അമ്മാവന് തോന്നുന്നത് സ്കൂള്‍ തുറന്ന് സ്കൂളുമായി ഒന്നു സിങ്ക് ആകുന്നതുവരെ തെളിഞ്ഞ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും നല്ലതെന്നാണ്. മഴ നനയാതെ സഞ്ചരിക്കാന്‍ പാകമാകുന്ന തരത്തില്‍ ഭാവിയില്‍ ഒരാള്‍ക്ക് കാറും മറ്റുമാകുമ്പോള്‍ ആദ്യദിവസം മഴയില്ലാത്തതിനെ കുറിച്ച് ഗൃഹാതുരത്വ വിഷാദം വിഷാദിക്കാം. വാസ്തവത്തില്‍ നിങ്ങള്‍ ഉത്കണ്ഠപ്പെടണം. എന്തിനെപ്പറ്റി? സ്കൂള്‍ തുറക്കുമ്പോള്‍ മഴ പെയ്യാത്തതിനെക്കുറിച്ചല്ല. മറിച്ചോ, മഴയെ ഇല്ലാതാക്കുന്നതിനെപ്പറ്റി, കാടുകള്‍ വെട്ടിമാറ്റപ്പെടുന്നതിനെപ്പറ്റി, കാട്ടുകള്ളന്മാരെപ്പറ്റി, കാലാവസ്ഥ തകരുന്നതിനെപ്പറ്റി.....അമ്മാവനറിയാം...ആ ചോദ്യങ്ങള്‍ നിങ്ങള്‍ ചോദിക്കും..മുതിര്‍ന്നവരുടെ ശരി അനുകരിക്കുന്നതിനേക്കാള്‍ ഇരട്ടിപ്രാധാന്യമാണ്, അവരുടെ തെറ്റ് തിരുത്തുക എന്നുള്ളത്. മഴയും മഞ്ഞുമൊക്കെ മാറിപ്പോകുന്നതിനെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ)
അമ്മാവന്‍ ഇപ്പോഴുള്ള ഒന്നാംപാഠവും രണ്ടാംപാഠവും ഒന്നും കാണാറില്ല. അതുകൊണ്ടു തന്നെ അതിന്റെ ഉള്ളടക്കവും കാലോചിതമായ മാറ്റങ്ങളും എത്രത്തോളമുണ്ടെന്ന് അമ്മാവനറിയില്ല. അമ്മാവന്‍ പഠിച്ചത് തറ-പറ-പന-കുഞ്ഞിരാമന്റെ പൊടിക്കൈ, രക്ഷിച്ചവന് തല കൊടുത്തു, തീവണ്ടി, തുടങ്ങിയ പാഠങ്ങളായിരുന്നു. ഇന്ന് മാറ്റം വന്നു കാണും. ഏതായാലും അമ്മാവന്‍ കളിയും ഒരല്‍പം കാര്യവും ചേര്‍ത്ത് ഒരു പ്രൈമറി പാഠം ഉണ്ടാക്കിയിട്ടുണ്ട്. അതിങ്ങനെ.
സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട
പണ്ട് ഞങ്ങള്‍ക്ക് പഠിക്കാനുള്ള ഒരു പാഠമായിരുന്നു. സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട. റോഡ് മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരുന്നു പ്രതിപാദ്യവിഷയം. റോഡുമുറിച്ചു കടക്കുമ്പോള്‍ ആദ്യം ഇടത്തും വലത്തും നോക്കുക. റോഡിന്റെ നടുവില്‍ ചെന്ന് വീണ്ടും നോക്കുക. അങ്ങനെയൊക്കെ. ചെറിയൊരു കഥ സഹിതമാണ് വിവരണം. ഇപ്പോള്‍ വീടിന്നൊരു കാറാണ്. കാല്‍നടയാത്രക്കാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ വാഹനാപകടം മറ്റൊരു തരത്തിലാണ്. അതിനെക്കുറിച്ചാണ് അമ്മാവന്റെ പുതിയ 'സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട'.
"ദാമുവിന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ക്ളാര്‍ക്കായിരുന്നു. അയാള്‍ ഒരു ദിവസം പത്രത്തില്‍ കാറിന്റെ പരസ്യം കണ്ടു. പ്രതിമാസം നാലായിരം രൂപ അടച്ചാല്‍ കാര്‍ വീട്ടില്‍ കൊണ്ടുപോകുന്ന സ്കീം. രാമുവിന്റെ കുടുംബത്തില്‍ കാറിന്റെ യാതൊരാവശ്യവുമില്ലായിരുന്നു. പക്ഷെ കമ്പനിക്കാരുടെ പരസ്യം പല അച്ഛന്‍മാരെയുമെന്ന പോലെ രാമുവിന്റെ അച്ഛനെയും മോഹിപ്പിച്ചു. അയാള്‍ കാറെടുത്തു. ക്രെഡിറ്റ്കാര്‍ഡെടുത്തു. ആവശ്യമില്ലാത്ത മറ്റു പലതും എടുത്തു. അവസാനം കടംകയറി നില്‍ക്കക്കള്ളിയില്ലാതെ പാവം ജീവനൊടുക്കി. രാമുവും കുടുംബവും അനാഥമായി. ഇതില്‍ നിന്നും നിങ്ങള്‍ എന്താണ് പഠിക്കുന്നത് കൂട്ടുകാരേ. നമ്മെ മോഹിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ചുറ്റിനുമുള്ളപ്പോള്‍ നമ്മള്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാല്‍ നടന്ന് പോകാനുള്ള ആവശ്യങ്ങള്‍ മാത്രമുള്ളവനും കാറിനു പുറകേ പായുമ്പോള്‍ ഇമ്മാതിരി വാഹനാപകടങ്ങളില്‍ ജീവിതങ്ങള്‍ നഷ്ടപ്പെടുന്നു. അപ്പോള്‍ കൂട്ടുകാരേ നിങ്ങള്‍ അച്ഛനമ്മമാരോടു പറയണം. അച്ഛാ സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട.''
ക്ളാക്ളാക്ളീക്ളീ
അമ്മാവന്‍ പഠിച്ച മറ്റൊരു പാഠം ഇങ്ങനെയാണ് തുടങ്ങിയിരുന്നത്. "ക്ളാക്ളാക്ളീക്ളീ...എവിടുന്നാണീ ശബ്ദം. സുരേഷ് തിരിഞ്ഞുനോക്കി. അതാ മുറ്റത്തൊരു മൈന'' ഒരുപാട് മിമിക്രിക്കാര്‍ പിന്നീട് അനുകരിച്ച ഒരു പാഠാരംഭമായിരുന്നു. പക്ഷികളെയും വിമാനങ്ങളെയുമൊക്കെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പാഠം. അത് ഈ വിധം ഒന്നുമാറ്റാം.
"ക്ളാക്ളാക്ളീക്ളീ..'' എവിടുന്നാണീ ശബ്ദം. സുരേഷ് തിരിഞ്ഞുനോക്കി. അതാ അച്ഛന്റെ മൊബൈല്‍. അതിലെ പുതിയ റിങ്ടോണ്‍. ഓരോ ദിവസവും അച്ഛന്‍ മൊബൈലില്‍ പുതിയ റിങ്ടോണുകള്‍ സെറ്റു ചെയ്യുന്നു. റിങ്ടോണുകള്‍ പലതരം. മരിച്ച വീട്ടില്‍ നില്‍ക്കുമ്പോഴും "മച്ചാമച്ചാ എന്റെ മച്ചാ'' എന്നുള്‍പ്പെടെ പലപാട്ടുകളും മാറിക്കൊണ്ടിരിയ്ക്കും. സുരേഷ് പലതും ആലോചിച്ചു. അച്ഛന്റെ മൊബൈല്‍ എടുത്തു. അതില്‍ നിലവിലെ റിങ്ടോണ്‍ മാറ്റി. മര്യാദയുള്ള ഒരു പുതിയ ടോണ്‍ വെച്ചു. അതുകണ്ട് അച്ഛന്‍ ക്ഷുഭിതനായി. മുപ്പതുരൂപ മാസവാടക കൊടുത്ത് ഫിക്സു ചെയ്ത റിങ്ടോണാണ്. അച്ഛന്‍ ചൂടായി. അച്ഛാ മൊബൈല്‍ഫോണ്‍ മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാനുള്ള ഉപകരണമല്ല. വിവരങ്ങള്‍ പെട്ടെന്ന് അറിയിക്കുക എന്നതാണ് പ്രധാനധര്‍മ്മം. അല്ലാതെ 'ക്ളാക്ളാക്ളീക്ളീ'യല്ല. ഇതു കേട്ട് അച്ഛന്‍ ലജ്ജിച്ചു തലതാഴ്ത്തി.
ച
മുമ്പ് ച എന്ന അക്ഷരത്തെ മനസ്സിലാക്കിത്തരാന്‍ ചര്‍ക്കയുള്ള പടം ചേര്‍ത്തിരുന്നു. ച-ചര്‍ക്ക. ഇപ്പോള്‍ നമുക്കൊക്കെ എളുപ്പം മനസ്സിലാകും. ച-ചവര്‍ "അതാ ഒരാള്‍ നടന്നുവരുന്നു. അയാളുടെ കൈയില്‍ നോക്കൂ. മനോഹരമായ പ്ളാസ്റ്റിക് കിറ്റ്. അയാള്‍ ഒരല്‍പം ടെന്‍ഷനോടെ ചുറ്റും നോക്കുന്നു. അതാ പ്ളാസ്റ്റിക് കിറ്റ് പൊതുനിരത്തില്‍ ഓരത്ത് വലിച്ചെറിയുന്നു. ആ കിറ്റില്‍ എന്താണ്? അതിനുള്ളില്‍ ചവറാണ്. വേസ്റ്റ് എന്ന് ഇംഗ്ളീഷ്പദം. സ്വന്തം വീട്ടിലെ വേസ്റ്റ് പൊതിഞ്ഞുകെട്ടി വല്ലവന്റെയും മണ്ടയ്ക്കെറിയുന്ന ആധുനികനഗരരീതിയാണ് നാം കണ്ടത്. ഈ കണ്ട കാഴ്ചയില്‍ നിന്നും നിങ്ങള്‍ കണ്ടുപിടിയ്ക്കേണ്ടത് കിറ്റിലാണോ ചവര്‍ അതോ അതെറിഞ്ഞ ആളാണോ?
പാല്‍
"അമ്മ എനിക്ക് കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്. ഞാന്‍ അച്ഛനെപ്പോലെ വലുതാകണം.'' പഴയ പാഠം. പുതിയത് ഈ രീതിയില്‍ "അമ്മ എനിക്ക് കാച്ചിയ പാല്‍ തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്. പാല്‍ കുടിച്ച് എല്ലിനും പല്ലിനുമൊക്കെ പെട്ടെന്ന് ബലം വയ്ക്കണം. എന്നാലേ റിയാലിറ്റിഷോയില്‍ പാടാനും പറക്കാനുമൊക്കെ കഴിയൂ.''
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം
പാട്ടിന്റെ റിയാലിറ്റിഷോയില്‍ മകന് പ്രവേശനം കിട്ടിയപ്പോള്‍ അമ്മ പറഞ്ഞു. നമ്മുടെ മോനു തന്നെ സമ്മാനം കിട്ടും.
"അതെ അതുറപ്പാ'' അച്ഛന്‍ പറഞ്ഞു.
"ഒന്നാം സമ്മാനം ഫ്ളാറ്റ്. ആ ഫ്ളാറ്റില്‍ നമുക്ക് സന്തോഷത്തോടെ താമസിക്കാം.'' അമ്മ.
"അതെ. ഇളയമകനും റിയാലിറ്റിക്കാരനാകും. അപ്പോള്‍ നമുക്ക് രണ്ടു ഫ്ളാറ്റ്. ''
"മൂത്തവന്‍ ഡാന്‍സിംഗ് റിയാലിറ്റിയിലും ഒന്നാമനാകും. ഫ്ളാറ്റുമുണ്ട്.''
"ഇളയവന്‍ ഫൈറ്റിംഗ് റിയാലിറ്റിയില്‍ ഒന്നാമനാകും. ഫ്ളാറ്റ് നാല്''
"നാല് ഫ്ളാറ്റില്‍ മൂന്നെണ്ണം നമുക്ക് വില്‍ക്കാം'' അമ്മ
"ഏയ് വാടകയ്ക്ക് കൊടുത്താല്‍ മതി''. അച്ഛന്‍.
പറഞ്ഞു പറഞ്ഞു അവര്‍ തമ്മില്‍ പൊരിഞ്ഞ തല്ലായി. രണ്ടും ഇപ്പോള്‍ മെഡിക്കല്‍ കോളേജിലാണ്. ''
ഇതില്‍ നിന്നും എന്താണ് കുട്ടികളേ മനസ്സിലാക്കുന്നത്. പഴയ മലര്‍പ്പൊടിക്കാരനെപ്പോലെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വിട്ടുള്ള സ്വപ്നങ്ങള്‍ ആപത്തുണ്ടാക്കും. അത്യാഗ്രഹവും അതിമോഹവും ആശുപത്രിയിലെത്തിക്കും. ''
ഈ മട്ടിലൊക്കെയാണ് കൂട്ടുകാരേ വെറും നേരമ്പോക്കിന് അമ്മാവന്‍ ഒരു പാഠാവലി തയ്യാറാക്കുന്നത്. ഏതായാലും നിങ്ങള്‍, വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങുന്ന നിങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ കണ്‍തുറന്ന് കണ്ട് പഠിച്ച് മുന്നേറുന്ന പുതിയ തലമുറയായി വരട്ടെ എന്ന് അമ്മാവന്‍ ആശംസിക്കുന്നു.
സ്നേഹപൂര്‍വം
അമ്മാവന്‍
*
ശ്രീ കൃഷ്ണ പൂജപ്പുര, കടപ്പാട്:ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
ാട്ടിന്റെ റിയാലിറ്റിഷോയില്‍ മകന് പ്രവേശനം കിട്ടിയപ്പോള്‍ അമ്മ പറഞ്ഞു. നമ്മുടെ മോനു തന്നെ സമ്മാനം കിട്ടും.
ReplyDelete"അതെ അതുറപ്പാ'' അച്ഛന്‍ പറഞ്ഞു.
"ഒന്നാം സമ്മാനം ഫ്ളാറ്റ്. ആ ഫ്ളാറ്റില്‍ നമുക്ക് സന്തോഷത്തോടെ താമസിക്കാം.'' അമ്മ.
"അതെ. ഇളയമകനും റിയാലിറ്റിക്കാരനാകും. അപ്പോള്‍ നമുക്ക് രണ്ടു ഫ്ളാറ്റ്. ''
ശ്രീ കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന
പുതിയ മണ്ണെഴുത്തില്‍ ഗാന്ധിജിയുടെ പാഠത്തില്‍ ഗാന്ധിജിയുടെ പടത്തിനു പകരം തവളയുടെ പടം ആണു കൊടുത്തിരിക്കുന്നത് ഇതു ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോഴോ ഈ എം എസിണ്റ്റെ പാഠത്തിലോ ആയിരുന്നെങ്കില്‍ ഇന്നു കേരളം കത്തിയേനെ ഇതിപ്പം ഗാന്ധിജി ആയതുകൊണ്ട് കൊണ്‍ഗ്രസിനും പ്രശ്നമില്ല കമ്യൂണിസ്റ്റിനും പ്രശ്നമില്ല രാഷ്ട്ര പിതാവു തവളയെ പോലെ കരഞ്ഞെന്നോ അതോ വെള്ളത്തിലും കരയിലും ജീവിച്ചെന്നൊ കുട്ടിക്കു തോന്നുന്ന എന്തെഴുതിയാലും പരീക്ഷ എ പ്ളസോടു കൂടി ജയിക്കുകയും ചെയ്യും വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ വിജയിപ്പൂതാക പാഠപുസ്തക കമ്മറ്റി കണ്‍ വീനര്‍ എം എ ബേബിയുടെ പീ എ ഓ എം എസ് ഇതൊന്നും അറിഞ്ഞില്ലെ അല്‍പ്പം വിവരം ഉള്ള ഒരു കമ്യൂണിസ്റ്റാണല്ലോ!
ReplyDelete