Thursday, July 10, 2008

മതവും സാമൂഹ്യപാഠവും

'പാഠപുസ്‌തകങ്ങള്‍' മതവിശ്വാസത്തെ ദൃഢപ്പെടുത്താനോ ശിഥിലമാക്കാനോ ഉള്ളതല്ല. അതിനു ഹിന്ദുമതത്തെയോ ഇസ്ലാംമതത്തെയോ സേവിക്കേണ്ട കാര്യമില്ലാത്തതുപോലെ അവയ്‌ക്കെതിരേ സമരം ചെയ്യേണ്ട കാര്യവുമില്ല. ഒന്നും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്‌ എല്ലാറ്റിനെക്കുറിച്ചും അന്വേഷിക്കാനവസരമൊരുക്കുകയാണതു ചെയ്യേണ്ടത്‌. വിവരങ്ങളില്‍ നിന്നു വെളിച്ചമുണ്ടാക്കുംവിധം വികസിക്കുമ്പോഴാണ്‌ പാഠപുസ്‌തകങ്ങള്‍ക്കൊക്കെയും ചിറക്‌ മുളയ്‌ക്കുന്നത്‌!

പിന്നെയതിന്‌ ക്ലാസ്‌മുറികളില്‍ ഒതുങ്ങിയിരിക്കാന്‍ കഴിയില്ല. പരീക്ഷകള്‍ക്കുശേഷം സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ല.

അതോര്‍ക്കൂ, ഇതോര്‍ക്കൂ, അതിന്‌ അടിവരയിടൂ, ''ഇതില്‍ നിന്നും, 'സന്ദര്‍ഭം' ഉറപ്പ്‌,''പരമാവധി മുന്നൂറ്റി അമ്പത്‌ വാക്കില്‍വരെ ചിന്തിച്ചാല്‍ മതി... തുടങ്ങിയ പഴയ 'പരീക്ഷാകേന്ദ്രിത' കാഴ്‌ചപ്പാടിനു പകരം, 'ഇങ്ങനെയൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യും എന്ന ചോദ്യം പലരേയും വല്ലാതെ പരിഭ്രമിപ്പിക്കുന്നതാണ്‌, ഇപ്പോഴത്തെ പാഠപുസ്‌തകവിവാദങ്ങള്‍ക്കിടയില്‍ പതുങ്ങിക്കിടക്കുന്നത്‌.

ഇത്ര സ്‌ഥലത്ത്‌ ഇന്നിന്ന സമയത്ത്‌ ഇത്ര വര്‍ഗീയകലാപങ്ങള്‍ നടന്നു എന്നുമാത്രം പറയുന്നതിനു പകരം, നിങ്ങളുടെ വീട്ടില്‍, കലാപങ്ങളില്‍നിന്നു എങ്ങനെയോ രക്ഷപ്പെട്ട്‌ ഒരു കുട്ടി എത്തിപ്പെട്ടാല്‍ നിങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തില്‍ നിന്ന്‌ 'ചുളുവില്‍'ത്തര്‍ക്കം ഒഴിഞ്ഞുമാറാന്‍ പറ്റില്ല. സ്വന്തം മതത്തില്‍പ്പെട്ടവനല്ലെങ്കില്‍ 'എറിഞ്ഞോടിക്കും' എന്ന്‌ കേരളത്തില്‍നിന്നു പച്ചയ്‌ക്കു പറയാനുള്ള പ്രയാസമാണ്‌ പലരും 'മതത്തെ' മുന്നില്‍നിര്‍ത്തി പരിഹരിക്കുന്നത് ‌! സംഘപരിവാറിന്റെ താത്വികപ്രസിദ്ധീകരണമായ 'കേസരി'യാവട്ടെ, 'ഇടപെടല്‍, കൂട്ടായ്‌മ' തുടങ്ങിയ വാക്കുകളെത്തന്നെ കുറ്റവാളിയായി മുദ്രകുത്തുന്നതിലോളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു! മേല്‍ച്ചൊന്ന വാക്കുകള്‍ 'രാജ്യദ്രോഹപരമാണെന്ന് ‌' ഇനിയവര്‍ പ്രഖ്യാപിച്ചാല്‍പോലും അത്ഭുതപ്പെടേണ്ടതില്ല!

മതത്തിന്റെ മറപറ്റി, ഒരു കൊച്ചു സാമൂഹ്യപാഠത്തിനെതിരേ ഇളകിയാടുന്നവര്‍ മതത്തിന്റെ മഹത്വത്തെത്തന്നെയാണ്‌ മലിനപ്പെടുത്തുന്നത്‌. സ്വന്തം വിശ്വാസപരമായ ഉറപ്പില്ലായ്‌മയെയാണവര്‍ സന്തോഷപൂര്‍വം ആഘോഷിക്കുന്നത്‌.

തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കെ.എസ്‌.വൈ.എഫിന്റെ സംസ്‌ഥാനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന സി.പി ജോണ്‍, വിദ്യാഭ്യാസ കാര്യങ്ങളെക്കുറിച്ചുള്ള സ്വന്തം കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്ന കൂട്ടത്തില്‍ പറഞ്ഞ ഒരു കാര്യം, 'സ്വന്തം വിശ്വാസത്തില്‍' ഉറപ്പുള്ളവര്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു സമീപനമായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്ന്‌ നിസംശയം വ്യക്‌തമാക്കുന്നതാണ്‌. സെമിനാരിയിലെ ഒരു ക്ലാസില്‍ പ്രശസ്‌തനായ ഒരു ക്രിസ്‌ത്യന്‍ പുരോഹിതന്‍ ക്ലാസെടുക്കുകയാണ്‌. 'സുവോളജി' പഠിക്കുന്ന ഒരു വിദ്യാര്‍ഥി ആ ദൈവശാസ്‌ത്രജ്‌ഞനോട്‌, നിങ്ങളീപ്പറയുന്ന ബൈബിളിലെ കാര്യങ്ങളൊന്നും ഞങ്ങള്‍ കോളജില്‍ പഠിക്കുന്ന 'സുവോളജിയിലെ' കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലല്ലോയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞുവത്രേ! അതിന്‌ ബൈബിള്‍ നിങ്ങളുടെ 'സുവോളജി ടെക്‌സ്റ്റ്‌ ബുക്ക'ല്ലെന്ന് ‌!

ശാസ്‌ത്രജ്‌ഞാനത്തിന്റെ മുമ്പില്‍, 'അപകര്‍ഷതാബോധം' അനുഭവിക്കാത്ത, ഒരാധ്യാത്മിക ചിന്തയുടെ ഔന്നത്യമാണു നാമിവിടെ കാണുന്നത്‌. തങ്ങളുടെ മതവിശ്വാസവുമായി പൊരുത്തപ്പെടുന്ന എല്ലാ വിശ്വാസപ്രമാണങ്ങളുമായി പൊരുത്തപ്പെടാനും, അല്ലാത്തവയുമായി 'സ്‌നേഹസംവാദത്തി'ലേര്‍പ്പെടാനുമുള്ള ഒരാധ്യാത്മികചിന്തകന്റെ സന്നദ്ധതയാണ്‌ നാമിവിടെ കാണുന്നത്‌. ഏതെങ്കിലും പാഠപുസ്‌തകത്തിനെതിരേയല്ല, പ്രപഞ്ചപൊരുള്‍ വിശദമാക്കുന്ന മതഗ്രന്ഥങ്ങളെ വെറുമൊരു പാഠപുസ്‌തകമാക്കി ചുരുക്കുന്നതിനെതിരേയാണദ്ദേഹം പ്രതികരിച്ചത്‌.

'വിശ്വാസദാര്‍ഢ്യമുള്ളവര്‍ക്ക്‌ ഭൂമിയില്‍ത്തന്നെ ദൃഷ്‌ടാന്തങ്ങളുണ്ട്‌. നിങ്ങളുടെ സ്വന്തം ദേഹങ്ങളിലും; എന്നിട്ടും നിങ്ങളതിനെ നോക്കിക്കാണുന്നില്ലേ' എന്നത്രേ വിശുദ്ധ ഖുര്‍ ആന്‍ വിളിച്ചുചോദിക്കുന്നത്‌. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സ്വന്തം പാര്‍ട്ടിയുടെ ദേഹത്തിലും ദൃഷ്‌ടാന്തങ്ങളേറെയുണ്ട്‌ ! അതൊന്നും ശ്രദ്ധിക്കാതെയാണവര്‍, ഏഴാം ക്ലാസിലെ ഒരൊറ്റ പാഠം മുന്‍നിര്‍ത്തി 'ഇസ്ലാം അപകടത്തില്‍' എന്നലറിവിളിക്കുന്നത്‌. ഏഴാം ക്ലാസ്‌ സാമൂഹ്യപാഠത്തിലെ 'അന്‍വര്‍ റഷീദ്‌' മിശ്രവിവാഹം കഴിക്കുന്നതിന്‌ എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ സ്വന്തം പാര്‍ട്ടിയുടെ സ്‌ഥാപകനേതാവായ മുഹമ്മദലി ജിന്ന, മിശ്രവിവാഹം ചെയ്‌തുകഴിഞ്ഞിരുന്നു എന്ന ചരിത്രയാഥാര്‍ഥ്യമാണവര്‍ ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നത് ‌! എന്നാല്‍ അതേ ജിന്ന, സ്വന്തം മകളുടെ വിവാഹസ്വാതന്ത്ര്യത്തെ തടയാനാണ്‌ ശ്രമിച്ചത്‌. ഒരു ക്രിസ്‌ത്യന്‍ യുവാവിനെ പ്രണയിച്ച സ്വന്തം മകളോട്‌ അദ്ദേഹം ചോദിച്ചത്‌ ആയിരക്കണക്കിന്‌ മുസ്ലിം യുവാക്കളില്‍ ഒരാളെപ്പോലും നിനക്കു പ്രണയിക്കാന്‍ കിട്ടിയില്ലേ എന്നായിരുന്നു. മകള്‍ തിരിച്ചു ചോദിച്ചത്‌, അന്ന്‌ പതിനായിരക്കണക്കിന്‌ മുസ്ലിം യുവതികളുണ്ടായിരുന്നിട്ടും അങ്ങ്‌ എന്തിന്‌ ഒരു പാര്‍സി പെണ്ണിന്റെ പിറകെ പോയി എന്നത്രേ! എന്തായാലും ക്രിസ്‌ത്യനെ പ്രണയിച്ച മകളോട്‌ ഒരു മുസ്ലിമിനെ പ്രണയിക്കാമായിരുന്നില്ലേ എന്നു ചോദിക്കാന്‍ ജിന്നയ്‌ക്കും തിരിച്ച്‌ 'അതിനുംമുമ്പ് ‌' അങ്ങേയ്‌ക്ക് എന്തേ അങ്ങനെയെങ്കില്‍ ഒരു മുസ്ലിം പെണ്ണിനെ പ്രണയിക്കാന്‍ കഴിയാതെ പോയതെന്ന്‌ ചോദിക്കാന്‍ കഴിയുംവിധം മകള്‍ ദീനയ്‌ക്കുമിടയില്‍ ഒരു സംവാദാത്മക ബന്ധമെങ്കിലുമുണ്ടായിരുന്നു. ഇന്നാകട്ടെ പരമാവധി ഒരു 'പ്രമോദ്‌- റെജീന' സ്‌റ്റൈല്‍ മിശ്രവിവാഹം മാത്രം മതി 'നമ്മള്‍ക്ക്‌' എന്നാണോ?

മുഹമ്മദലി ജിന്നയ്‌ക്ക് ഇസ്ലാം വിലക്കിയ പന്നിയിറച്ചിയും മദ്യവും അദ്ദേഹം സ്‌ഥാപിച്ച മുസ്ലിംലീഗിനോളം പ്രിയപ്പെട്ടതായിരുന്നു. വെള്ളിയാഴ്‌ച പോലും പള്ളിയില്‍പ്പോകുന്ന പതിവുണ്ടായിരുന്നില്ല ജിന്നയ്‌ക്ക് ! നിയമപുസ്‌തകങ്ങളില്‍ അവഗാഹമുണ്ടായിരുന്നെങ്കിലും, മുസ്ലിം വിശ്വാസികള്‍ വേദഗ്രന്ഥമായിക്കരുതുന്ന ഖുര്‍ആനെക്കുറിച്ച്‌ കാര്യമായ വിവരമുണ്ടായിരുന്നില്ല ജിന്നയ്‌ക്ക്. ജിന്നയുമായുള്ള സംഭാഷണത്തിനിടയില്‍ മഹാത്മാഗാന്ധി പലപ്പോഴും വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ചില ആശയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, ജിന്ന അത്ഭുതപ്പെട്ട്‌, 'മിസ്‌റ്റര്‍ ഗാന്ധി, ഇത്രയും ഗംഭീരമായ ആശയങ്ങള്‍ എവിടെ നിന്നാണ്‌ നിങ്ങള്‍ ഉദ്ധരിക്കുന്നത് ‌' എന്ന്‌ ചോദിക്കാറുണ്ടായിരുന്നത്രെ. അപ്പോള്‍ ഗാന്ധി ചിരിച്ചുകൊണ്ട്‌, ജിന്നാ, ഇതൊക്കെ നിങ്ങളുടെ ഖുര്‍ആനിലുള്ളതാണെന്ന്‌ പറയുമായിരുന്നത്രേ! അപ്പോഴൊന്നും ജിന്നയ്‌ക്ക് ഒരു ജാള്യവും തോന്നിയിരുന്നില്ല. എന്നാല്‍ ഇന്നു 'മിശ്രവിവാഹിതനായ' താന്‍ സ്‌ഥാപിച്ച ഒരു പാര്‍ട്ടിയിലെ അംഗങ്ങള്‍, ഒരേഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വെറുമൊരു 'മിശ്രവിവാഹപാഠ'ത്തിന്റെ പേരില്‍ ഇത്രമാത്രം കോലാഹലമുണ്ടാക്കുന്നത്‌ ഏതെങ്കിലും നിലയില്‍ 'അവിടെയിരുന്ന്‌' അറിയാന്‍ ജിന്ന സാഹിബിനു കഴിയുമായിരുന്നെങ്കില്‍, സ്വന്തം അനുയായിയുടെ അവസ്‌ഥയോര്‍ത്ത്‌ അദ്ദേഹം ചൂളിപ്പോകുമായിരുന്നു.

നാളെ മുതല്‍ കേരളത്തില്‍ സര്‍വരും മിശ്രവിവാഹം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്ന ഒരുത്തരവ്‌ കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നു തോന്നുംവിധമുള്ള ബഹളമാണ്‌ ഇപ്പോള്‍ ചിലര്‍ സൃഷ്‌ടിക്കുന്നത്‌. ഇങ്ങനെ മാത്രം കരുതുന്നവര്‍ നാളെ കടമ്മനിട്ടയുടെ 'മകനോട് ‌' എന്ന കവിത രാജ്യദ്രോഹപരമാണെന്നു വിളിച്ചുകൂവും! 'മകനേ, നീ നാട്ടുപൗരനാകാതൊരു മനുഷ്യനായ്‌ത്തന്നെ വളരൂ' എന്ന വരി, ഇന്ത്യന്‍ പൗരത്വത്തിനും അതുവഴി ആര്‍ഷപാരമ്പര്യത്തേയും പുച്‌ഛിക്കുന്നതാണെന്നും കവിതയിലെ മനുഷ്യനാകാനുള്ള ആഹ്വാനം വിദ്യാര്‍ഥികളെ 'ചൈനീസ്‌ മനുഷ്യരാക്കാനുള്ള' കമ്യൂണിസ്‌റ്റ് ഗൂഢാലോചനയാണെന്നും, 'മാന്യനാകാതെ, മനുഷ്യന്റെ 'പച്ചയാകാനുള്ള' രണ്ടാമത്തെ ആഹ്വാനം, മാര്‍ക്‌സിസ്‌റ്റ്-സെമിറ്റിക്‌ മിശ്രിതമാണെന്നും മറ്റും മറ്റും വ്യാഖ്യാനങ്ങളുണ്ടാകും!

വിദ്യാഭ്യാസ വിചക്ഷണനായ യശ്‌പാല്‍ എന്തുപറഞ്ഞിട്ടും കാര്യമില്ല, കേരളത്തിലെ വിദ്യാഭ്യാസ കാര്യങ്ങള്‍ വയലാര്‍ രവി തീരുമാനിക്കും!

ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പഠിച്ചാല്‍, പിള്ളേരൊക്കെ ഇപ്പംതന്നെ മിശ്രവിവാഹിതരായി മാറിപ്പോകുമെന്നാണ്‌ വയലാര്‍ രവി കണ്ടുപിടിച്ചിരിക്കുന്നത്‌! എന്നാല്‍ എത്രയോ കൊല്ലം മുമ്പ്‌, മേഴ്‌സിയെ കണ്ടെത്തിയപ്പോള്‍, വയലാര്‍ രവിയുടെ കയ്യിലുണ്ടായിരുന്ന ആ പുസ്‌തകം കൂടി ഇല്ലാതാക്കാതെ എങ്ങനെ പ്രണയവിരുദ്ധമായ മതേതര സാംസ്‌കാരിക ദൗത്യം പൂര്‍ത്തിയാവും? 'ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ, നീയെന്റെ ജീവനല്ലേ' തുടങ്ങിയ കവിതകളിലെ 'ഭൗതികവാദ' വരികളൊക്കെ തിരുത്തിയെഴുതാതെ, എങ്ങനെ നമ്മുടെ, 'സാംസ്‌കാരിക വിശുദ്ധി' കാത്തുരക്ഷിക്കും?

ആയതിനാല്‍ ഇനി നമുക്ക്‌ 'ഇരുമെയ്യാണെങ്കിലും, നമ്മളൊരൊറ്റ മതമല്ലേ' എന്നു മാറ്റിയെഴുതി, മുന്നോട്ടു മാര്‍ച്ചുചെയ്യാം. ഉറുക്ക്‌, ഏലസ്‌, ചരട്‌, തകിട്‌, ഊത്ത്‌, ഉദ്ദിഷ്‌ട കാര്യസിദ്ധിക്കുള്ള മോതിരങ്ങള്‍ എന്നിങ്ങനെയുള്ള ജാതിമത പരിഗണനകളേതുമില്ലാത്ത, 'തനി തങ്കം സ്‌റ്റൈല്‍' മതേതരത്വം കൊണ്ട്‌ നമുക്കീ നാടിനെ മഹത്വപ്പെടുത്താം.

അങ്ങേയറ്റം മതവിശ്വാസിയായിരുന്ന മഹാത്മാഗാന്ധിയും അങ്ങേയറ്റം നിരീശ്വരവാദിയായിരുന്ന രാമചന്ദ്രഗോറയും തമ്മിലുണ്ടായിരുന്ന ബന്ധമെങ്കിലും, വയലാര്‍ രവി, പുസ്‌തകവിരുദ്ധ സമരാവേശത്തില്‍ വിസ്‌മരിക്കരുത്‌. രാമചന്ദ്രഗോറയുടെ മകളുടെ 'മിശ്രവിവാഹം' സ്വന്തം ആശ്രമത്തില്‍വച്ച്‌ നിര്‍വഹിക്കാമെന്നേറ്റപ്പോള്‍, മിസ്‌റ്റര്‍ വയലാര്‍ രവീ, ഗാന്ധിജിയുടെ മുട്ടുകള്‍ വിറച്ചിരുന്നില്ല.

'ഈശ്വരനാമത്തില്‍' എന്നു പറയുന്നതിനു പകരം നിങ്ങളുടെ മകളുടെ വിവാഹത്തില്‍ 'സത്യനാമത്തില്‍' എന്നായിരിക്കും ഞാന്‍ പറയുന്നത്‌. ആസ്‌തികര്‍ക്കും നാസ്‌തികര്‍ക്കും സത്യം സ്വീകാര്യമാകും എന്നതുകൊണ്ടാണ്‌ ഞാന്‍ അങ്ങനെ ചെയ്യാനാഗ്രഹിക്കുന്നത്‌. എന്നാല്‍, ആ വിവാഹം നടത്തിക്കൊടുക്കുന്നതിനു മുമ്പെ, നാഥുറാം വിനായക്‌ ഗോഡ്‌സെ ഗാന്ധിജിയെ കൊല്ലുകയാണുണ്ടായത്‌. എന്നിട്ടും ഗാന്ധിജി ആഗ്രഹിച്ചവിധം, രാമചന്ദ്രഗോറ ആഗ്രഹിച്ചവിധം, മതരഹിതമായി, മതാത്മകവിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന മഹാത്മാഗാന്ധിയുടെ ആശ്രമത്തില്‍വച്ച്‌, ഗാന്ധിജിയുടെ സ്‌മരണകളെ സാക്ഷിയാക്കി, അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ആ വിവാഹം നടത്തിക്കൊടുത്തു. അവിടെവച്ച്‌, ഡല്‍ഹിയിലെ വര്‍ഗീയകലാപത്തിന്റെ നാളുകളില്‍ ഗാന്ധി തന്നോടു പങ്കുവച്ച ഒരാശയം പണ്ഡിറ്റ്‌ സുന്ദര്‍ലാല്‍ ആ വിവാഹസദസില്‍ പങ്കുവച്ചു. സമുദായങ്ങളെ നാസ്‌തികരാക്കി മാറ്റിയാല്‍ വര്‍ഗീയവിദ്വേഷങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍, അവരെയങ്ങനെയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നത്രെ ഗാന്ധി പറഞ്ഞത് ‌! മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നു പറഞ്ഞ നെഹ്‌റു പോട്ടെ, അടിമുടി ദൈവവിശ്വാസത്താല്‍ ദൃഢപ്പെട്ട ഗാന്ധിയുടെ സമീപനമെങ്കിലും ഒരു 'സാമൂഹ്യപാഠത്തിന്റെ' മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍, പേരിന്‌ ഒരു മിശ്രവിവാഹിതന്‍ കൂടിയായ വയലാര്‍ രവി പ്രകടിപ്പിക്കേണ്ടതായിരുന്നു.

ഗാന്ധിജിയും രാമചന്ദ്രഗോറയും തമ്മിലുള്ള സൗഹൃദവും അവര്‍ നിര്‍വഹിച്ച സംവാദങ്ങളും മതരഹിതമായി സ്വന്തം ആശ്രമത്തില്‍വച്ച്‌ ഗോറയുടെ മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ഗാന്ധി സമ്മതിച്ചതും ഉള്‍പ്പെടെയുള്ള ചരിത്രം, കുട്ടികള്‍ക്കുള്ള ഒരു പാഠമായി ഏതെങ്കിലുമൊരു ടെക്‌സ്റ്റ്‌ ബുക്കില്‍ ഉള്‍പ്പെടുത്തിയാല്‍, ഇന്നത്തെ പാഠപുസ്‌തകവിരുദ്ധ സമരത്തിന്റെ ഒരു നിലവച്ചു നോക്കിയാല്‍, മതരഹിതരെ പിന്‍തുണയ്‌ക്കുകയും മിശ്രവിവാഹത്തിന്‌ കാര്‍മികത്വം വഹിക്കാന്‍ സന്നദ്ധത പുലര്‍ത്തുകയും ചെയ്‌ത ആ മഹാത്മാഗാന്ധിയെ തടവിലിടുക എന്ന മുദ്രാവാക്യം 'കോണ്‍ഗ്രസും' വിളിക്കും!

മുസ്ലിംലീഗും കോണ്‍ഗ്രസുമെല്ലാം മുമ്പും ഏതര്‍ഥത്തിലും പ്രസക്‌തമായിരുന്ന പാഠപുസ്‌കതങ്ങള്‍ക്കെതിരേ കൊടിപിടിച്ചിട്ടുണ്ട്‌. ആദ്യത്തെ കമ്യൂണിസ്‌റ്റു സര്‍ക്കാര്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്‌തമായ 'ന്റുപ്പൂപ്പക്കൊരാനേണ്ടാര്‍ന്ന്‌' ടെക്‌സ്റ്റ്‌ ബുക്കാക്കിയപ്പോള്‍, ഇന്നത്തെപ്പോലെ അന്നും നിങ്ങള്‍ ഉറഞ്ഞുതുള്ളിയതും പിന്നെ കിടന്നുറങ്ങിയതും അത്രവേഗം ആരും മറക്കുകയില്ല! ബഷീര്‍ 'പാത്തുമ്മയുടെ ആടി'ന്റെ മുഖവുരയില്‍ എഴുതി: '...കേരളത്തില്‍ കമ്യൂണിസ്‌റ്റു മന്ത്രിസഭ അധികാരത്തില്‍ വന്നു. ഭാഗ്യത്താലോ, നിര്‍ഭാഗ്യത്താലോ, അനേകം നോണ്‍-ഡീറ്റെയിലുകളുടെ കൂട്ടത്തില്‍: 'ന്റെപ്പൂപ്പക്കൊരാനേണ്ടാര്‍ന്ന്‌' എന്നതും അവര്‍ പെടുത്തി. (... ബഹുമാനപ്പെട്ട പരശുരാമന്‍ കേരളം പടച്ചതിനുശേഷം ഉണ്ടായ ആദ്യത്തെ അത്ഭുതസംഭവമാകുന്നു ഇത്‌. അതായത്‌, ഒരു മുസല്‍മാന്റെ പുസ്‌തകം നോണ്‍-ഡീറ്റെയിലായിട്ടെങ്കിലും സ്വീകരിക്കുക എന്ന മഹാസംഭവം. ഇതു ചെയ്‌തത്‌ കമ്മ്യൂണിസ്‌റ്റ് ഗവണ്മെന്റാണ്‌ ! സംഭവം അല്‍പം ഗൗരവമാക്കണമല്ലോ! മറ്റുള്ള എല്ലാ പുസ്‌തകങ്ങളേയും സൗകര്യത്തിനു മറന്നിട്ട്‌ ഇതിനെ മാത്രം വീറോടെ എതിര്‍ക്കുക). അങ്ങനെ എതിര്‍പ്പു തുടങ്ങി, ഘോരഘോരമായ എതിര്‍പ്പ്‌ ! ആ പുസ്‌തകം എല്ലാവരുമെതിര്‍ത്തു. കത്തോലിക്കാ ക്രിസ്‌ത്യാനികള്‍ എതിര്‍ക്കുമെന്ന്‌ ആയിടെ ചില സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞിരുന്നു. എതിര്‍പ്പിന്റെ കാരണം എന്താണെന്ന്‌ എനിക്കറിഞ്ഞുകൂടാ. എന്തായാലും എല്ലാവരും കുശാലായെതിര്‍ത്തു - കത്തോലിക്കാ കോണ്‍ഗ്രസ്‌, പി.എസ്‌.പി, കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്‌. പത്രങ്ങളില്‍ കണ്ടത്‌ ശരിയാണെങ്കില്‍ എല്ലാവരും വേണ്ടുവോളം പുഴുത്ത നുണ പറഞ്ഞുവെന്നാണ്‌ തോന്നുന്നത്‌. പ്രതിപക്ഷം എന്നെയൊരു കമ്മ്യുണിസ്‌റ്റു പാര്‍ട്ടി മെംബറാക്കിയതായി പത്രങ്ങളില്‍ കാണുന്നു! സ്‌റ്റൈല്‍!

പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവേ! 'ഇവര്‍ എന്താണു ചെയ്യുന്നതെന്ന്‌ ഇവര്‍ക്കറിഞ്ഞുകൂടാ; ഇവര്‍ക്ക്‌ മാപ്പുനല്‍കേണമേ'. അന്ന്‌ ബഷീര്‍ പറഞ്ഞതിലപ്പുറം 'സാമൂഹ്യപാഠപുസ്‌തക വിരുദ്ധ സമര'ത്തെക്കുറിച്ച്‌ ഇന്നും ഏറെപ്പറയേണ്ടതില്ല. അവരിപ്പോള്‍ ഒരു സാമൂഹ്യപാഠ പുസ്‌തകത്തെത്തന്നെയാണ്‌ കമ്യൂണിസ്‌റ്റാക്കിയിരിക്കുന്നത്‌.

എന്നാല്‍ ഒരു കാര്യം വലതുപക്ഷ സുഹൃത്തുക്കളോര്‍ക്കണം. കേരളത്തിന്റെ മനസിലേക്ക്‌ കമ്യൂണിസ്‌റ്റുപാര്‍ട്ടി കടന്നത്‌ ഒരു ടെക്‌സ്റ്റു ബുക്കിന്റേയും പുറത്തുകയറിയല്ല. അതറിയണമെങ്കില്‍ ഏഴാംക്ലാസിലെ സാമൂഹ്യപാഠമല്ല, പുസ്‌തകം വേറേ വായിക്കണം. പ്രാണന്‍ സമരഭൂമിക്ക്‌ പകുത്തു നല്‍കിയ പോരാളികളുടെ ചോരയില്‍ക്കുതിര്‍ന്ന കഥകള്‍ക്കു മുമ്പിലെന്ത്‌ 'ടെക്‌സ്റ്റ്‌ ബുക്ക്‌'!
*

കെ ഇ എന്‍ , കടപ്പാട് : മംഗളം

7 comments:

  1. പാഠപുസ്‌തകങ്ങള്‍' മതവിശ്വാസത്തെ ദൃഢപ്പെടുത്താനോ ശിഥിലമാക്കാനോ ഉള്ളതല്ല. അതിനു ഹിന്ദുമതത്തെയോ ഇസ്ലാംമതത്തെയോ സേവിക്കേണ്ട കാര്യമില്ലാത്തതുപോലെ അവയ്‌ക്കെതിരേ സമരം ചെയ്യേണ്ട കാര്യവുമില്ല. ഒന്നും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്‌ എല്ലാറ്റിനെക്കുറിച്ചും അന്വേഷിക്കാനവസരമൊരുക്കുകയാണതു ചെയ്യേണ്ടത്‌. വിവരങ്ങളില്‍ നിന്നു വെളിച്ചമുണ്ടാക്കുംവിധം വികസിക്കുമ്പോഴാണ്‌ പാഠപുസ്‌തകങ്ങള്‍ക്കൊക്കെയും ചിറക്‌ മുളയ്‌ക്കുന്നത്‌!

    കെ.ഇ.എന്‍ എഴുതിയ ലേഖനം..

    ReplyDelete
  2. http://www.rediff.com/money/2008/jul/10guest.htm

    ReplyDelete
  3. If you have different opinion you are free to express and it will be published. But using the Anonymous option to say unparliamentary things and unwanted links including is really an anonymous way ie it is like fatherless act.

    I think you may remove the anonymous filthy postings

    ReplyDelete
  4. പ്രിയ ആരുഷി
    ഇടപെടലിനു നന്ദി
    ഇത്തരം കമന്റുകള്‍ ഇടുന്നവര്‍ അവരവരുടെ സംസ്ക്കാരം വെളിപ്പെടുത്തുന്നു. അത്ര തന്നെ.

    ReplyDelete
  5. സംഗതി ലേഖനം കിടിലം തന്നെ. പക്ഷെ ഈ കമ്മ്യൂണിസവും ഒരു മതം തന്നെ അല്ലെ? ഒരു മതത്തിന്റെ എല്ലാ ചുറ്റുപാടുകളും കമ്മുനിസതിനും ഉണ്ട് - എല്ലാത്തിനും ഉപരിയായി നില്ക്കുന്ന പോളിറ്റ് ബ്യുരോവും, പോപ്പായ പാര്ട്ടി സെക്രട്ടറിയും, വിശ്വാസത്താല്‍ അന്ധമായ കണ്ണുകളോടെ സ്വന്തം അയല്‍കാരനെ തന്നെ വെട്ടികൊല്ലുന്ന പാര്ട്ടി അനുയായികളും, പാര്ട്ടി ചെയ്യുന്ന എന്തിനേയും ന്യായികരികുന്ന നട്ടെല്ലില്ലാത്ത ബുദ്ധിജീവികളും. ഇവ എല്ലാം ഒരു മതത്തിന്റെ പരിവേഷം പാര്‍ട്ടിക്ക് നല്കുന്നു. പാര്ട്ടി അധികാരത്തില്‍ ഇരികുമ്പോള്‍ മറ്റു മതങ്ങള്‍ ഇളകിയാടുനത് വെറുതെയല്ല, അവരുടെ ഇടയില്‍ നിന്നും ആരെങ്ങിലും മതം മാറി പുതിയ മതത്തില്‍ ചെര്നാലോ എന്ന ഭയം, അല്ലാതെ വേറെ ഒന്നും അല്ല :-)

    ReplyDelete
  6. എവിടെല്ലാം പാര്‍ട്ടി അംഗങ്ങള്‍ തങ്ങളുടെ കടമകളെക്കുറിച്ച് , അവകാശങ്ങളെ ക്കുറിച്ച് ബോധവാന്മാരായി ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തുന്നുവോ അവിടെ കമ്യൂണിസം `മത‘മല്ലാതാകും. പിന്നെ മതം എന്നാല്‍ അഭിപ്രായം എന്നര്‍ത്ഥത്തില്‍ ആണെങ്കില്‍ കമ്യൂണിസവും ഒരു ദര്‍ശനം തന്നെ..ലോകത്തെ നോക്കിക്കാണല്‍..മാക്സ് പറഞ്ഞ പോലെ ലോകത്തെ വ്യാഖ്യാനിക്കുകയല്ല, മാറ്റി ത്തീര്‍ക്കുകയാണ് വേണ്ടത്. അതിനു നിയതമായ മാതൃകകളൊന്നുമില്ലാത്തതിനാല്‍ തെറ്റു പറ്റുക സ്വാഭാവികം..മെച്ചപ്പെട്ട..കൂടുതല്‍ മെച്ഛപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായി ജാഗ്രതയായി പ്രവര്‍ത്തിക്കുക ..അല്ലാതെ കുറുക്കുവഴികളെന്നുമില്ല.

    ReplyDelete
  7. ലേഖനത്തിനും ഫോറത്തിന്റെ വിശദീകരണത്തിനും നന്ദി. അനോണിയേപ്പോലെയുള്ള കൃമി/കീടങ്ങളെ അവഗണിക്കുക!

    ReplyDelete