Sunday, July 13, 2008

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം - ഒരു വിലയിരുത്തല്‍

പൊതു ഉടമസ്ഥതയിലായിരുന്ന, ഈ രംഗത്തെ പ്രൊഫഷണലുകളുടെ അറിവായിരുന്ന, സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ കൈയ്യടക്കി, അവയെ നിഗൂഢവല്‍ക്കരിച്ച്, അവയില്‍ കുത്തകാധിപത്യം സ്ഥാപിച്ച്, നിലനിര്‍ത്തി, തനത് മേഖലയിലെ മേലേക്കിടയിലുള്ള ഒരു ചെറിയ വിഭാഗം തൊഴിലാളികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട കൂലി കൊടുത്തുകൊണ്ട് ആ മേഖലയിലെ തന്നെ ബഹുഭൂരിപക്ഷത്തേയും മറ്റെല്ലാ മേഖലകളേയും കടുത്ത ചൂഷണത്തിനിരയാക്കുകയാണ് ഇന്ന് സാമ്രാജ്യത്വം ചെയ്തുവരുന്നത്. പൊതുസ്വത്തായിരുന്ന തങ്ങളുടെ ഉപകരണങ്ങള്‍ തട്ടിയെടുത്ത് ചൂഷണോപധിയാക്കിയ, തങ്ങളുടെ കണ്‍മുമ്പില്‍ നടക്കുന്ന, സാമ്രാജ്യത്വ കുടിലതയ്ക്കെതിരെ ആഗോളമായി വിവര സങ്കേതിക വിദ്യാ തൊഴിലാളികളുടെ സ്വാഭാവിക പ്രതികരണമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്‌മ ഉയര്‍ന്നു വന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ട് വരെ സോഫ്റ്റ്‌‌വെയര്‍ സാമൂഹ്യ ഉടമസ്ഥതയില്‍ തുടര്‍ന്നിരുന്നു. അടിസ്ഥാന സോഫ്റ്റ്‌വെയറുകളില്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അവയ്ക്ക് പേറ്റന്റ് നേടി പണമുണ്ടാക്കാനുള്ള മാര്‍ഗം തെളിഞ്ഞത് ഉറുഗ്വേ വട്ടം ഗാട്ട് ചര്‍ച്ചയുടേയും അതില്‍ ധാരണ ഉണ്ടാകാതെ വന്നപ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ പടച്ചുണ്ടാക്കിയ ലോക വ്യാപാര സംഘടനയുടേയും കുടക്കീഴിലാണ്. ഭൂമിയിലോ മറ്റുല്‍പാദനോപാധികളിലോ സ്വകാര്യ ഉടമസ്ഥത നൂറ്റാണ്ടുകള്‍കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതും നൂറ്റാണ്ടുകളായി നിലനില്ക്കുന്നതുമാണെന്നതിനാല്‍ ഇന്നത്തെ തലമുറയ്ക്ക് പൊതു ഉടമസ്ഥത നിലനിന്നിടത്ത് അക്കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയില്‍ സ്വകാര്യ ഉടമസ്ഥതയുടെ പുതിയ ബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതാണെന്നും തുടര്‍ന്ന് വളച്ചുകെട്ടലിലൂടെയും ബലപ്രയോഗത്തിലൂടെയും ശക്തിപ്പെട്ടതാണെന്നും മാറിയ ചുറ്റുപാടില്‍ പൊരുത്തപ്പെടാത്ത ഈ ബന്ധം മാറ്റപ്പെടാവുന്നതാണെന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി നടന്ന സോഫ്റ്റ്‌വെയറിന്റെ രംഗത്തെ സ്വകാര്യ വെട്ടിപ്പിടുത്തവും അതിന്റെ ഫലങ്ങളും സോഫ്റ്റ്‌വെയര്‍ രംഗത്തു തന്നെ പണിയെടുത്തുകൊണ്ടിരുന്ന പ്രൊഫഷണലുകള്‍ നേരില്‍ കണ്ടറിയുകയാണിന്ന്.

മുതലാളിത്തം വളര്‍ന്നത് അക്കാലഘട്ടത്തിലെ കൈത്തൊഴിലുകാരുടെ തൊഴിലുപകരണങ്ങള്‍ പിടിച്ചു പറിച്ചുകൊണ്ടായിരുന്നു. അവരുടെ വ്യക്തിസ്വത്തായിരുന്ന ചെറു ഉപകരണങ്ങള്‍ക്ക് പകരം വന്‍കിട യന്ത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫാക്ടറികള്‍ പടുത്തുയര്‍ത്തിക്കൊണ്ടും അവയില്‍ നിന്നിറക്കിയ ഉല്‍‌പ്പന്നങ്ങളുടെ കുറഞ്ഞ വില എന്ന ആകര്‍ഷണം ഉപയോഗിച്ച് അവരെ രംഗത്തു നിന്ന് നിഷ്‌ക്രമിപ്പിച്ചുകൊണ്ടുമായിരുന്നു. കൈത്തൊഴിലുകാര്‍ ചിതറിക്കിടന്ന അസംഘടിതരായിരുന്നു, വെട്ടിപ്പിടുത്തം പരോക്ഷമായിരുന്നു, അന്ന് പിടിച്ചുപറിക്കപ്പെട്ടത് ഭൌതികോപകരണങ്ങളായിരുന്നു, ബൌദ്ധിക സ്വത്തവകാശം അന്ന് ബാധകമായിരുന്നുമില്ല. ഇന്നാകട്ടെ, രംഗം വിവരവിനിമയമാണ്, ഇരകള്‍ പ്രൊഫഷണലുകളാണ്, അവരൊഴിച്ച് മറ്റാര്‍ക്കും നാളിതുവരേ വഴങ്ങാത്ത വിവരവിനിമയ ശൃംഖലയാകട്ടെ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു, അതുപയോഗിക്കാനും മറ്റാരേക്കാളും അവര്‍ക്കാണ് കഴിയുക, ഔപചാരികമായതെങ്കിലും, ജനാധിപത്യം, പൂര്‍ണ്ണമായല്ലെങ്കിലും വളരെയേറെ വികസിച്ചിരിക്കുന്നു, സാമ്രാജ്യത്വം തങ്ങളുടെ താല്‍‌പ്പര്യത്തില്‍ ബൌദ്ധിക സ്വത്തവകാശം നിലവില്‍ വരുത്തിയിരിക്കുന്നു. സ്വത്തവകാശം സമൂഹത്തിനുമാകാം, പുറംപോക്കുപോലെ, നദികള്‍ പോലെ, മേച്ചില്‍സ്ഥലം പോലെ, റോഡുകള്‍ പോലെ. പൊതു ഉടമസ്ഥതയിലായിരുന്ന, പ്രൊഫെഷനലുകളുടെ അറിവായിരുന്ന സോഫ്റ്റ്‌വെയറും വളച്ചുകെട്ടപ്പെടാത്ത വിധത്തില്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവശ്യമായ നിയമ ചട്ടക്കൂടാണ് ജി.പി.എല്‍. സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രൊഫഷണലുകളുടെ പ്രതികരണം ചടുലവും ശക്തവും തീക്ഷ്ണവുമായത് സ്വഭാവികം മാത്രമാണ്.

ഇന്ന് നമ്മുടെ നാട്ടില്‍ ഭൂമി പുറംപോക്കുകള്‍ പോലും വളച്ചുകെട്ടപ്പെടുന്ന അവസ്ഥയില്‍ പൊതു ഉടമസ്ഥതയുടെ പ്രശ്നം, മറ്റുമേഖലകളിലും അതിന്റെ പ്രയോഗ സാധ്യത, ഉല്‍‌പ്പാദനോപാധികളുടെ പൂര്‍ണ്ണമായ പൊതു ഉടമസ്ഥതയിലേക്കുള്ള പരിവര്‍ത്തനതിന്റെ ഗതിവേഗം കൂട്ടുന്നതിനുള്ള സാധ്യതകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സജീവമാകാന്‍ ഈ വിഷയത്തിന്മേലുള്ള ചര്‍ച്ചകള്‍ വഴിയൊരുക്കുന്നു.

സോഫ്റ്റ്‌വെയര്‍ രംഗത്തെ ഇത്തരം പ്രവണതകള്‍, ഉല്‍പ്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയില്‍ അധിഷ്‌ഠിതമായ മുതലാളിത്തം മാറ്റി പൊതു ഉടമസ്ഥതയില്‍ അധിഷ്‌ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനമേകുന്നതാണ്. തൊഴിലാളി വര്‍ഗത്തിന്റെ ഭാഗമെങ്കിലും നാളിതുവരേ തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കാന്‍ തയ്യാറാകാതിരുന്ന, ഇന്നും അതിന് പൂര്‍ണ്ണമായി തയ്യറായിക്കഴിഞ്ഞിട്ടില്ലാത്ത, ബൌദ്ധിക തൊഴിലാളികള്‍ സംഘടിത തൊഴിലാളികള്‍ക്കൊപ്പം അണിചേരുന്നതിന്റെ വ്യക്തമായ സൂചനകൂടിയാണിത്. അദ്ധ്വാനശക്തിയുടെ ചരക്ക് രൂപവും സമ്പത്തിന്റെ പണരൂപവും മിച്ചമൂല്യം സ്വയത്തമാക്കുന്നതിലൂടെയുള്ള പരോക്ഷമായ ചൂഷണവും അത് സാധരണ തൊഴിലാളികളില്‍ നിന്ന് മറച്ചുപിടിക്കാന്‍ മുതലാളിത്തത്തിനെ സഹായിക്കുന്നുണ്ട്. പക്ഷേ, ബൌദ്ധിക തൊഴിലാളികളായ വിവര സങ്കേതിക വിദ്യാ രംഗത്തെ പ്രൊഫഷണലുകളുടെ കാര്യത്തില്‍ അവരുടെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച ഉപകരണങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കെതിരേ നില്ക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിത്തീരുകയാണ്.

ലോകവ്യാപകമായി പ്രൊഫഷണലുകളുടെ കൂട്ടായ്മ കെട്ടിപ്പടുക്കാനും അവരുടെ അദ്ധ്വാനവും കഴിവുകളും പരസ്പര പൂരകമായി പ്രയോജനപ്പെടുത്താനും അതിലൂടെ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളേക്കാള്‍ വിപുലമായ വിഭവങ്ങള്‍ സമാഹരിക്കാനും കുത്തകകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാനും അവരുടേതിനേക്കാള്‍ മെച്ചപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാനും തങ്ങളുടെ വരുതിയിലുള്ള വിവര വിനിമയ ശൃംഖലയും അതിലൂടെ കോര്‍ത്തിണക്കപ്പെടുന്ന പ്രൊഫഷണലുകളുടെ ആഗോള കൂട്ടായ്മയും അവര്‍ക്ക് സഹായകമാകും. മുതലാളിത്ത ആഗോളവല്‍ക്കരണത്തിനെതിരേ തൊഴിലാളി വര്‍ഗ സാര്‍വദേശീയതയുടെ ഒരു രൂപരേഖ ഇവിടെ തെളിയുന്നു.

*

ജോസഫ് തോമസ്

8 comments:

  1. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ട് വരെ സോഫ്റ്റ്‌‌വെയര്‍ സാമൂഹ്യ ഉടമസ്ഥതയില്‍ തുടര്‍ന്നിരുന്നു. അടിസ്ഥാന സോഫ്റ്റ്‌വെയറുകളില്‍ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അവയ്ക്ക് പേറ്റന്റ് നേടി പണമുണ്ടാക്കാനുള്ള മാര്‍ഗം തെളിഞ്ഞത് ഉറുഗ്വേ വട്ടം ഗാട്ട് ചര്‍ച്ചയുടേയും അതില്‍ ധാരണ ഉണ്ടാകാതെ വന്നപ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ പടച്ചുണ്ടാക്കിയ ലോക വ്യാപാര സംഘടനയുടേയും കുടക്കീഴിലാണ്. ഭൂമിയിലോ മറ്റുല്‍പാദനോപാധികളിലോ സ്വകാര്യ ഉടമസ്ഥത നൂറ്റാണ്ടുകള്‍കൊണ്ട് ഉരുത്തിരിഞ്ഞ് വന്നതും നൂറ്റാണ്ടുകളായി നിലനില്ക്കുന്നതുമാണെന്നതിനാല്‍ ഇന്നത്തെ തലമുറയ്ക്ക് പൊതു ഉടമസ്ഥത നിലനിന്നിടത്ത് അക്കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയില്‍ സ്വകാര്യ ഉടമസ്ഥതയുടെ പുതിയ ബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതാണെന്നും തുടര്‍ന്ന് വളച്ചുകെട്ടലിലൂടെയും ബലപ്രയോഗത്തിലൂടെയും ശക്തിപ്പെട്ടതാണെന്നും മാറിയ ചുറ്റുപാടില്‍ പൊരുത്തപ്പെടാത്ത ഈ ബന്ധം മാറ്റപ്പെടാവുന്നതാണെന്നും മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി നടന്ന സോഫ്റ്റ്‌വെയറിന്റെ രംഗത്തെ സ്വകാര്യ വെട്ടിപ്പിടുത്തവും അതിന്റെ ഫലങ്ങളും സോഫ്റ്റ്‌വെയര്‍ രംഗത്തു തന്നെ പണിയെടുത്തുകൊണ്ടിരുന്ന പ്രൊഫഷണലുകള്‍ നേരില്‍ കണ്ടറിയുകയാണിന്ന്.

    ReplyDelete
  2. സ്വതന്ത്ര സോഫ്ട്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നറ്റും അപ്പോള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാകുന്നു അല്ലേ? ഒരു തരത്തിലുള്ള ജനപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം.

    ReplyDelete
  3. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം തന്നെയാണു്.

    റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ എഴുതിയത് വായിക്കൂ

    ReplyDelete
  4. what about deshabhimani news paper ?.

    ReplyDelete
  5. നിഷാന്‍, അനോനിമാരേ
    വായനയ്ക്ക് നന്ദി
    ദേശാഭിമാനി പത്രവും സ്വതന്ത്ര സോഫ്റ്റ്‌‌വെയറിലേക്ക് മാറേണ്ടതുണ്ട്. ആ വിമര്‍ശനം ഞങ്ങള്‍ക്കുമുണ്ട്.

    ReplyDelete
  6. സ്വതനത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് താങ്കളുടെ ആഭിപ്രായങ്ങളോട് യോജിക്കുന്നു.
    സോഫ്റ്റ് വെയര്‍ വിപ്ളവം എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള എന്‍റെ അഭിപ്രായം
    ഇവിടെ വായിക്കാം
    സോഫ്റ്റവെയര്‍ വിപ്ളവം എങ്ങിനെയായിരിക്കണം?

    ReplyDelete
  7. ലേഖകന്റെ കുറിപ്പ് താഴെ കൊടുക്കുന്നു.

    ഒരു പ്രസ്ഥാനം രാഷ്ട്രീയ ലക്ഷ്യത്തോടെ തുടങ്ങിയതാണോ അല്ലയോ എന്നതല്ല, അത് നിറവേറ്റുന്ന ധര്‍മ്മങ്ങളില്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടൊപ്പം സാമൂഹ്യ പുരോഗതിക്കുതകുന്ന ഘടകങ്ങളുണ്ടൊ എന്നതായിരിക്കണം അതിനെ
    വിലയിരുത്താനുപയോഗിക്കുന്ന മാനദണ്ഡം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന വാദഗതി ഉന്നയിക്കുന്നില്ല. മറിച്ച്, അതിന്റെ പ്രണേതാക്കള്‍ മുന്നില്‍ കാണുന്ന, സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരടക്കം ഉപയോഗിക്കുന്നവരുടെ സ്വതന്ത്ര്യം, ബന്ധപ്പെട്ടവരുടേയെല്ലാം കഴിവുകള്‍ സമാഹരിക്കുമ്പോള്‍ ഉണ്ടാക്കാന്‍
    കഴിയുന്ന സാങ്കേതിക മികവ് തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടുന്നതോടൊപ്പം, അവ നേടുന്നതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഒട്ടേറെ മുന്നേറിക്കഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ല, അതില്‍ അവര്‍ക്ക് തികച്ചുംഅഭിമാനിക്കാം, അത് സാമൂഹ്യ പുരോഗതിക്ക് ഉതകുന്നുണ്ടെന്നതാണ് പരാമര്‍ശവിഷയം.

    ദേശാഭിമാനിയുടെ പ്രശ്നമെന്താണ് ? ദേശാഭിമാനി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ തുടക്കം മുതലേ അംഗീകരിച്ചും പിന്തുണച്ചും വരുന്നുണ്ട്. അതിനപ്പുറം ദേശാഭിമാനിക്ക് സോഫ്റ്റ്‌വെയര്‍ വിഷയത്തില്‍ എന്തുചെയ്യാന്‍ കഴിയും ?സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദേശഭിമാനിയില്‍ ഉപയോഗിക്കുന്ന കാര്യമാണ് പരാമര്‍ശിക്കുന്നതെങ്കില്‍ അതിനുള്ള സമയം ആയോ എന്ന കാര്യം അതിന്റെ മാനേജ്‌മെന്റ് നിലവിലുള്ള അവരുടെ ആവശ്യവും സങ്കേതിക പിന്തുണയുടെ ലഭ്യതയും പരിഗണിച്ച് തീരുമാനിക്കേണ്ടതാണ്. തീര്‍ച്ചയായും ദേശാഭിമാനിയുടെ തീരുമാനം സ്വതന്ത്ര സോഫ്റ്റ്‌വെയറിന് അനുകൂലമാകാനേ
    വഴിയുള്ളു.

    ഇവിടെ, ചര്‍ച്ചാ വിഷയം ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അവരുടെ ഏതെങ്കിലും ഒരാവശ്യത്തിന് കമ്പ്യൂട്ടര്‍ വെയ്ക്കുമ്പോള്‍ അതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ടോ, ഉപയോഗിക്കണോ എന്നതല്ല.

    ഇക്കാര്യത്തില്‍ വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ലാത്തതു മൂലം ആരുടേയും തീരുമാനങ്ങള്‍ തെറ്റിപ്പോകുകയും ചെയ്തേക്കാം . അതൊക്കെ തിരുത്തപ്പെടുകയും ചെയ്യും . വിഷയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ പ്രസക്തിയാണ്.
    തീര്‍ച്ചയായും മറ്റേതൊരു മേഖലയും പോലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രവര്‍ത്തനതിനും ഒരു രാഷ്ട്രീയ മാനമുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റേതല്ല, വര്‍ഗരാരാഷ്ട്രീയത്തിന്റെ. അതുമാത്രമല്ല, അതിനൊരു സാമ്രാജ്യത്വ വിരുദ്ധ-കുത്തക വിരുദ്ധ മാനമുണ്ട്. അതിലുപരി, ഇന്നു നിലനില്ക്കുന്ന വര്‍ഗബന്ധങ്ങളില്‍ മാറ്റം വരുത്താനുതകുന്ന ഒട്ടേറെ പ്രസ്ഥാനങ്ങളുടെ ബീജങ്ങള്‍
    സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം മുന്നോട്ടുവെയ്ക്കുന്ന സാമൂഹ്യ ഉടമസ്ഥതയുടെ നിയമ ചട്ടക്കൂടായ ജനറല്‍ പബ്ലിക് ലൈസന്‍സില്‍ (ജി.പി.എല്‍ ) അടങ്ങിയിട്ടുണ്ട്.

    സോഫ്റ്റ്‌വെയര്‍ വിപ്ലവത്തേക്കുറിച്ചുള്ള കിഴക്കുനോക്കിയന്ത്രത്തിലെ വീക്ഷണങ്ങള്‍ വളരെ സ്വാഗതാര്‍ഹമാണ്. പക്ഷെ, അത്തരമൊരു കൂട്ടായ്മ രൂപപ്പെട്ടുവരാന്‍ ഇനിയും നാം ഒട്ടേറെ പണിയെടുക്കേണ്ടതുണ്ട്.

    ReplyDelete
  8. ഇടതു പക്ഷ ചിന്താഗതി ഉള്ളവര്‍ക്ക് സ്വതന്ത്ര സോഫ്ട്വെയര്‍ സ്റ്റഡി ക്ലാസ്സ് നടത്തണം അല്ലെ..
    കിരണിനെ പോലെയുള്ളവര്‍ക്ക് !!

    ദേശാഭിമാനിയുടെ പ്രശ്നമെന്താണ് ?
    http://chithrangal.blogspot.com/2008_04_01_archive.html

    ഇതൊന്നും അറിയാത്തതോ അറിയില്ലെന്ന് നടിക്കുന്നതോ ?

    ReplyDelete