Monday, August 4, 2008

ക്രിസ്തു സഭ കമ്യൂണിസം

ഇ എം എസ് മരിച്ചപ്പോള്‍ പ്രതികരണം ആരാഞ്ഞ പത്രലേഖകരോട് കേരളത്തിലെ ഒരു ബിഷപ്പ് പറഞ്ഞു. ഇ എം എസ്സിനു സ്വര്‍ഗത്തില്‍ ലഭിക്കുന്ന സ്ഥാനത്തേക്കാള്‍ വളരെ താഴ്ന്ന ഒരു സ്ഥാനത്തിനേ എനിക്കര്‍ഹതയുള്ളൂ. അത്ര മഹത്തായ കാര്യങ്ങളാണ് ഇ എം എസ് തന്റെ ജീവിതംകൊണ്ടു സാധിച്ചത്. ഇതു പറഞ്ഞ മെത്രാന്റെ പേര് പലര്‍ക്കും ഇന്നോര്‍മയുണ്ടാകില്ല.

അതാണ് ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് !

വൈദികനായിരിക്കുന്ന കാലം മുതല്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് യേശുക്രിസ്തു ആണ് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റുകാരന്‍ എന്നുദ്ഘോഷിക്കുകയും പള്ളികള്‍ പണം സൂക്ഷിക്കുന്ന ബാങ്കുകളായി മാറിയിരിക്കുന്നു എന്ന്ആക്രോശിക്കുകയും ചെയ്ത ഫാദര്‍ എം വി ജോര്‍ജ് എന്ന വിപ്ലവ വൈദികന് മെത്രാന്റെ കുപ്പായവും സ്ഥാനചിഹ്നങ്ങളും ഇണങ്ങുമെന്ന് അന്നാരും കരുതിയിരുന്നില്ല. ഒട്ടേറെ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണെങ്കിലും 1975 ഫെബ്രുവരി 16ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ അദ്ദേഹത്തെ മെത്രാന്‍ പദവിയിലേക്കുയര്‍ത്തി. തുടര്‍ച്ചയായി 33 വര്‍ഷം ഓര്‍ത്തഡോക്സ് സഭയുടെ കേരളത്തിലെ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന നിരണം ഭദ്രാസനത്തിന്റെ മേധാവിയായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ഒടുവില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാവേലിക്കര സെന്റ് പോള്‍സ് ആശ്രമത്തില്‍ എഴുത്തും വായനയുമായിക്കഴിയുന്നു മലയാളത്തിന്റെ ഈ മഹര്‍ഷിവര്യന്‍.

ഇംഗ്ളീഷിലും മലയാളത്തിലുമായി 59 പുസ്തകങ്ങള്‍ എഴുതിയ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ മെത്രാന്‍ സ്ഥാനാരോഹണ രജതജൂബിലി സ്മരണികയില്‍ പ്രസിദ്ധ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ള എഴുതിയ ലേഖനത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

'ക്രിസ്തുവിന്റെ കാല്‍പ്പാടുകള്‍ പിന്‍തുടര്‍ന്ന് ക്രിസ്തുവിനെപ്പോലെ ക്ഷേത്രങ്ങളില്‍ കടന്നുകയറി കച്ചവടക്കാരെയും, പണം പലിശയ്ക്കു കൊടുക്കുന്നവരെയും ആട്ടിയോടിക്കുന്നവരാണ് പുതിയ കാലത്തിന്റെ പ്രവാചകന്മാര്‍. അപ്രകാരമുള്ള ഒരു പ്രവാചകനാണ് ഒസ്താത്തിയോസ് തിരുമേനിയെന്ന് ചരിത്രം അല്പം പഠിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും ശ്രദ്ധിക്കുകയും ചെയ്യുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മള്‍ ഒസ്താത്തിയോസ് തിരുമേനിയെ ആരാധിക്കുന്നു. എന്നാല്‍ അദ്ദേഹമെഴുതിയ പുസ്തകങ്ങള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യാറില്ല. അന്ധമായ ആരാധനയല്ല വരികള്‍ക്ക് അപ്പുറത്തുള്ള അര്‍ഥം തേടലാണ് ആവശ്യം' (സ്മരണിക - നിരണം ഭദ്രാസനകേന്ദ്രം 1955 - പേജ് - 29).

കേരളത്തിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ ഒരു സ്വഭാവ സവിശേഷത അവര്‍ അവരുടെ പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും, എല്ലാ അറിവിന്റേയും എല്ലാ നന്മകളുടെയും ഉറവിടങ്ങളായിക്കണ്ട് ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യും എന്നതാണ്. എന്നാല്‍ അവരില്‍ തന്നെയുളള എഴുത്തുകാരെയും ചിന്തകരെയും തിരിച്ചറിയുകയില്ല. മെത്രാന്റെ പുസ്തകങ്ങളിലെ ചിന്താശകലങ്ങളെക്കാള്‍ അവരെ ഭ്രമിപ്പിക്കുന്നത് അദ്ദേഹത്തിന്റെ താടിമീശയുടെ ശോഭയും ധരിച്ചിരിക്കുന്ന കുപ്പായത്തിന്റെ ധവളിമയും ആഭരണങ്ങളുടെ തിളക്കവും ആണ്. ഒസ്താത്തിയോസ് തിരുമേനി ഇംഗ്ളീഷിലും മലയാളത്തിലും ആയി 59 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വായനക്കാരുടെ പട്ടികയില്‍ ക്രിസ്ത്യാനികളല്ലാത്തവരും മലയാളികളല്ലാത്തവരും ഉണ്ടെന്നതും അദ്ദേഹത്തിന്റെ അജഗണങ്ങള്‍ വലിയകാര്യമായി എടുക്കുന്നുണ്ടെന്നു തോന്നുന്നില്ല. താന്‍ പറയുന്നതും എഴുതുന്നതും ഒന്നും തന്റെ അജഗണങ്ങള്‍ വേണ്ടതുപോലെ ഉള്‍ക്കൊള്ളാത്തതില്‍ തൊണ്ണൂറുകളുടെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ഈ വല്ല്യ ഇടയനു ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ പ്രധാനപ്പെട്ട ഇംഗ്ളീഷ് പുസ്തകങ്ങള്‍ ഇവയാണ് My Lord and My God, New Life in an Old Church, Talk to Modern Youth, Theology of a Classless Society. എല്ലാം തന്നെ ദൈവശാസ്ത്രതത്വങ്ങളുടെ ആഴവും പരപ്പുമുള്ള വിശകലനങ്ങളാണ്.

മേല്‍പ്പറഞ്ഞവയില്‍ ഒടുക്കം സൂചിപ്പിച്ച പുസ്തകം ഈ ലേഖകന്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് ഇതിനകം രണ്ടു പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഒസ്താത്തിയോസ് തിരുമേനിയുടെ മാസ്റ്റര്‍പീസെന്നു പറയാവുന്ന ഈ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് ‘വര്‍ഗരഹിതസമൂഹം: മാര്‍ക്സിസ്സത്തിലും ക്രിസ്തുമതത്തിലും' എന്ന പേരില്‍ ചിന്താപബ്ളിഷേഴ്സ് ഉടനെ പ്രസിദ്ധീകരിക്കുന്നുണ്ട്. പുസ്തകത്തില്‍ ചേര്‍ക്കാന്‍ തയാറാക്കിയ അഭിമുഖമാണ് ചുവടെ. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ വിവര്‍ത്തകനെന്ന നിലയിലും ഒരേ സഭയിലെ അംഗങ്ങളെന്ന നിലയിലും തിരുമേനി എന്നോട് പ്രത്യേകമായ ഒരു സ്നേഹവാത്സല്യം എന്നും പ്രകടിപ്പിച്ചിരുന്നു. വാര്‍ധക്യത്തിന്റെ അവശതയെ അവഗണിച്ചും അദ്ദേഹത്തിന്റെ ശുശ്രൂഷകനായ ശെമ്മാശന്റെ വിലക്കുകളെ മറികടന്നും ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു.

'വര്‍ഗരഹിതസമൂഹം' പ്രസിദ്ധീകരിച്ചിട്ട് രണ്ടു ദശാബ്ദങ്ങള്‍ പിന്നിട്ടു. ഈ പുസ്തകത്തിലെ ആശയങ്ങള്‍ ക്രൈസ്തവ സമൂഹം വേണ്ടത്ര ഗൌരവത്തില്‍ ഇതുവരെയും ചര്‍ച്ചചെയ്തിട്ടില്ല. എന്തുകൊണ്ട്?

മനുഷ്യന്‍ ജന്മനാ സ്വാര്‍ഥനാണ്. ഈ സ്വാര്‍ഥതയാണ് ക്രൈസ്തവ ചിന്തയിലെ ആദിപാപം. ഇതു പരിഹരിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു യേശുക്രിസ്തുവിന്റെ സിദ്ധാന്തങ്ങള്‍. ഇതു ക്രിസ്ത്യാനികള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. അവര്‍ ആദിപാപത്തിനു മറ്റു ദുര്‍ഗ്രഹമായ വ്യാഖ്യാനങ്ങള്‍ തേടിപ്പോയി. അതുപോലെ തന്നെ യേശുവിന്റെ ഉപദേശങ്ങളെ ഈ ലോകത്തില്‍ നിന്നു നാടുകടത്തി അതിനെ ഒരു പരലോക അജന്‍ഡയാക്കി മാറ്റി.

തിരുമേനിയുടെ അഭിപ്രായത്തില്‍ കേരളത്തില്‍ വര്‍ഗപരമായ അസമത്വം കൂടുകയാണോ കുറയുകയാണോ ചെയ്തിട്ടുള്ളത്?

തീര്‍ച്ചയായും കൂടുകയാണ് ചെയ്തിട്ടുള്ളത്. ഇതു കേരളത്തില്‍ മാത്രമല്ല. ലോകവ്യാപകമായി സംഭവിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. ഒരുവശത്തു സമ്പത്തു കുന്നുകൂടുന്നു. മറുവശത്ത് ഇല്ലായ്മകള്‍ പെരുകുന്നു. വര്‍ഗ്ഗപരമായ ഈ അസന്തുലിതാവസ്ഥയെ കണ്ടില്ലെന്നു നടിക്കുന്നവര്‍ ക്രിസ്ത്യാനി എന്ന പേരിനര്‍ഹരല്ല.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വന്‍ പ്രാധാന്യം നല്‍കുന്ന ക്രൈസ്തവസഭകള്‍ അതിനായി അത്രയൊന്നും ശരിയായ മാര്‍ഗത്തിലൂടെയല്ലാതെ തന്നെ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു. ഇതു ശരിയാണോ?

ശരിയല്ല. ഒരു മുതലാളിത്ത സാമൂഹ്യഘടനയില്‍ സഭകളും അതിന്റെ ഭാഗമാണ്. ഇത്തരം ഒരു വ്യവസ്ഥയില്‍ പണം ശേഖരിക്കാനും ചെലവഴിക്കാനുമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യത്തിനു യാതൊരു വിധ നിയന്ത്രണങ്ങളുമില്ല. അതുകൊണ്ടു തന്നെ ഈ അവസ്ഥ ഉറപ്പു തരുന്ന ഒരേ ഒരു സ്വാതന്ത്ര്യം പരസ്പരം ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇന്നൊരു ബിസിനസ്സ് ആയി മാറിയിട്ടുണ്ട്. വലിയ മുതല്‍ മുടക്കൊന്നും കൂടാതെ കൂടുതല്‍ ലാഭം കൊയ്യാവുന്ന വന്‍ ബിസിനസ്സ്. നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവസഭകളാണ് ഇന്ന് ഈ രംഗത്തെ കൂടുതല്‍ കലുഷമാക്കിക്കൊണ്ടിരിക്കുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളേക്കാള്‍, ജീവകാരുണ്യപ്രവര്‍ത്തനം അനിവാര്യമാക്കുന്ന വ്യവസ്ഥിതി ഇല്ലായ്മ വരുത്തുകയെന്നതാണ് ക്രിസ്ത്യാനികള്‍ ലക്ഷ്യമാക്കേണ്ടത്.

ഇതു തന്നെയല്ലേ കമ്മ്യൂണിസ്റ്റുകാരും പറയുന്നത്?

അതെ. ക്രിസ്ത്യാനികളും കമ്യൂണിസ്റുകാരും തമ്മില്‍ യോജിപ്പുകളുടെ ഒട്ടേറെ മേഖലകളുണ്ട്. കമ്യൂണിസ്റ്റു പാര്‍ടിക്കു ഞാന്‍ വോട്ടു ചെയ്യാറുണ്ടെന്ന കാര്യം പരസ്യമായി പറയാന്‍ എനിക്കു മടിയില്ല. എന്റെ ഈ നിലപാട് പലരെയും അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അറിയാം. മനുഷ്യരെ മനുഷ്യരില്‍നിന്നകറ്റി നിറുത്തുന്ന എല്ലാ വേര്‍തിരിവുകളും ചരിത്രത്തിന്റെ സൃഷ്ടിയാണ്. മനുഷ്യരാണ് ചരിത്രം നിര്‍മിക്കുന്നത്. ചരിത്രത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തിക്കൊണ്ട് പുതിയ ചരിത്രം സൃഷ്ടിക്കുവാന്‍ ഉള്ള കടമ അവര്‍ക്കുണ്ട്. വെളിപാടു പുസ്തകം ഏഴാം അധ്യായത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വര്‍ഗരഹിതസമൂഹത്തിന്റെ സൃഷ്ടി ദൈവത്തിനു പൂര്‍ണമായും വിട്ടുകൊടുത്തുകൊണ്ട് മനുഷ്യന്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്നത് ശരിയല്ല. ദൈവത്തോടൊപ്പം ജോലി ചെയ്യുന്നതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. സമൂഹപുനര്‍നിര്‍മാണം എന്നത് തീര്‍ച്ചയായും ദൈവികമായ ഒരു ജോലിയാണ്. അതില്‍ കഴിവുപോലെ പങ്കെടുക്കുന്നതിനുള്ള ബാധ്യത എല്ലാ നല്ല മനുഷ്യര്‍ക്കും ഉണ്ട്.

വര്‍ഗരഹിതസമൂഹം ഒരു ഉട്ടോപ്യ ആണെന്ന വിമര്‍ശനത്തെക്കുറിച്ച് എന്തു പറയുന്നു?

ഉട്ടോപ്യകളെല്ലാം നഷ്ടപ്പെട്ട ഒരു ലോകത്തേക്കാള്‍ എന്തുകൊണ്ടും മെച്ചം, ഉട്ടോപ്യകളെക്കുറിച്ചുള്ള വിദൂര പ്രതീക്ഷകള്‍ എങ്കിലും വെച്ചു പുലര്‍ത്തുന്ന ഒരു ലോകമാണ്. ഉട്ടോപ്യകളെ മുന്നില്‍ക്കണ്ടുകൊണ്ടു മനുഷ്യന്‍ നടത്തിയ പ്രയാണമാണ് ഇതുവരെ മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങളെല്ലാം. ഇനിയും അതു തുടരുക തന്നെ വേണം.

വര്‍ഗ്ഗരഹിതസമൂഹത്തില്‍ നിന്നു സംഭാഷണം സമകാലിക രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ വ്യക്തിപരമായി തനിക്കുള്ള ഇടതുപക്ഷാഭിമുഖ്യം തിരുമേനി മറച്ചുവെച്ചില്ല. സംഭാഷണത്തിനു സാക്ഷിയായിരുന്ന തിരുമേനിയുടെ സഹായി ശെമ്മാശന്‍ സംസാരം ഈ വഴിക്കു തിരിഞ്ഞു പോകുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. അദ്ദേഹം ആരെയോ എന്തിനെയോ ഭയപ്പെടുന്നതുപോലെ തോന്നി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഭാഷണത്തിനു വിരാമം കുറിക്കാന്‍ തിടുക്കം കാട്ടിയ ശെമ്മാശനെ തിരുമേനി തന്നെ തടഞ്ഞു. താന്‍ കൂട്ടിലടയ്ക്കപ്പെട്ട സിംഹം അല്ലെന്നും രോഗശയ്യയിലും താന്‍ പ്രവര്‍ത്തനനിരതനാണെന്നും പറയാനുള്ളത് ആരോടും തുറന്നുപറയാന്‍ തനിക്കു ഒരു മടിയുമില്ലെന്നും ഇദ്ദേഹം തറപ്പിച്ചു പറഞ്ഞപ്പോള്‍ സഹായിയ്ക്കു പത്തി മടക്കേണ്ടിവന്നു.

ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും ഒരു വിഭാഗം മെത്രാന്മാരും തമ്മില്‍ സ്വാശ്രയവിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചു നടക്കുന്ന സംഘര്‍ഷത്തെ തിരുമേനി എങ്ങനെ കാണുന്നു?

ഈ സംഘര്‍ഷത്തില്‍ ക്രൈസ്തവമെന്നോ ന്യൂനപക്ഷമെന്നോ ഒന്നും പറയാവുന്ന താല്പര്യങ്ങളൊന്നും ഞാന്‍ കാണുന്നില്ല. സഭകള്‍ ഇത്തരം വാണിജ്യ താത്പര്യങ്ങളുപേക്ഷിച്ച് സ്വന്തം അണികളെ കൂടുതല്‍ ക്രൈസ്തവവത്ക്കരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ക്രൈസ്തവവത്ക്കരിക്കുക എന്നു പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ ആശയങ്ങളുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലുക എന്നതാണ്. ഇന്നു ഈ ലേബലില്‍ നടക്കുന്നതെല്ലാം ദൈവത്തിന്റെയല്ല പിശാചിന്റെ പ്രവര്‍ത്തനങ്ങളാണെന്നെനിക്കു തോന്നുന്നു.

ഇപ്പോള്‍ നടന്നുവരുന്ന പാഠപുസ്തകവിവാദം?

ഒഴിവാക്കേണ്ടതായിരുന്നു. പാഠപുസ്തകത്തില്‍ ഉണ്ടെന്നാരോപിക്കുന്ന ഈശ്വരനിന്ദ, മതനിഷേധം ഇവയൊക്കെ ഒരു വിഭാഗത്തിന്റെ സങ്കല്പസൃഷ്ടിയാണ്. സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ അതു ബോധപൂര്‍വം മറച്ചുപിടിച്ച് ദൈവത്തെയും മതത്തെയും ഒക്കെ മുന്‍നിര്‍ത്തി കാര്യസാധ്യം എളുപ്പമാക്കുന്ന തന്ത്രം എന്നും ഉണ്ടായിരുന്നു. ഇതും ആ തന്ത്രത്തിന്റെ ഭാഗം തന്നെ.

മതേതരത്വത്തെക്കുറിച്ച് തിരുമേനിയുടെ കാഴ്ചപ്പാട്?

വളരെ തെറ്റായ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു വാക്കാണിത്. ഇംഗ്ളീഷിലെ സെക്കുലറിസത്തിന്റെ ശരിയായ മലയാള തര്‍ജമയല്ലിത്. സെക്കുലറിസം എന്നാല്‍ സ്റെയിറ്റിന്റെ ദൈനംദിന വ്യവഹാരങ്ങളില്‍ മതവും അതിന്റെ താല്പര്യങ്ങളും കൈകടത്താതിരിക്കുക എന്നാണ്. ഇവിടെ നേരെ തിരിച്ചാണ് പലരും മനസ്സിലാക്കിയിരിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യ പദവി നല്‍കുന്നതും മതേതരത്വമാണെന്നാണ്. ക്രിസ്താനിയായ എനിക്കെങ്ങനെയാണ് മറ്റൊരു മതത്തെ തുല്യ നിലയില്‍ കാണാന്‍ കഴിയുക. എന്റെ മതം മറ്റു മതങ്ങളേക്കാള്‍ മെച്ചമാണെന്ന ധാരണ പുലര്‍ത്താനുള്ള അവകാശം എനിക്കുണ്ട്. അതിന്റെ പേരില്‍ മറ്റു മതങ്ങളെ നിന്ദിക്കുവാന്‍ എനിക്കവകാശമില്ലെന്നത് മറ്റൊരുകാര്യം. ഓരോ മതവും അതാതു മതങ്ങളെക്കുറിച്ചു പഠിപ്പിക്കട്ടെ. സ്റ്റേറ്റ് അതിന്റെ പൌരസഞ്ചയത്തെ മതപരമായ പക്ഷഭേദം കൂടാതെ നോക്കിക്കാണണം. നിലവിലുള്ള മതങ്ങളുടെ എന്നതുപോലെ മണ്‍മറഞ്ഞുപോയ മതങ്ങളെക്കുറിച്ചും ഉള്ള പഠനം, മതതാരതമ്യ പഠനം ഇവയൊക്കെ സ്റ്റേറ്റ് മുന്‍കൈ എടുത്തു നടത്തുന്ന സെക്കുലര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാകട്ടെ. ഇതില്‍ വല്ല പോരായ്മകളും ഉണ്ടെങ്കില്‍ തെരുവുയുദ്ധത്തിനും പുസ്തകം കത്തിക്കലിനും ഒന്നും മുതിരാതെ, സ്വന്തം മതപാഠശാലകളില്‍ സ്വന്തം കുട്ടികള്‍ക്കാവശ്യമായ മതബോധനം മതവിഭാഗങ്ങള്‍ നല്‍കട്ടെ. അതിന്നും ഒരു തടസ്സവും കൂടാതെ നടക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉയര്‍ത്തി ഇങ്ങനെയൊരു സമരം.

ആള്‍ദൈവങ്ങള്‍, ഇവാഞ്ചലിക്കല്‍ എക്സ്ട്രീമിസം, സന്യാസാശ്രമങ്ങളെ കേന്ദ്രീകരിച്ചു വളര്‍ന്നുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഇവയും ഞങ്ങളുടെ സംസാരവിഷയമായി. ഇവയിലെല്ലാം തിരുമേനി പൂര്‍ണമായും പുരോഗമന പക്ഷത്ത് നിന്നുകൊണ്ടുള്ള നിരീക്ഷണങ്ങളാണ് നടത്തിയത്. മതം, ആത്മീയത ഇവയുടെ ഒക്കെ ഉപരിപ്ലവപരമായ പ്രയോഗത്തിലാണ് ബഹുജനങ്ങള്‍ക്കു താല്പര്യം. ദൈവശാസ്ത്രത്തിന്റെ കാതോലികത (Catholicism) കളഞ്ഞുകുളിച്ച് അതിനെ കേവലം കള്‍ട്ടുകളില്‍ (Cultism) തളച്ചിടുകയാണിന്നു ചെയ്യുന്നത്. ഇതിനെതിരെ കാര്യമായി ഒന്നും ചെയ്യാനാകാത്തതിന്റെ വ്യസനം ആ മുഖത്തു പ്രതിഫലിച്ചു.

കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ് എന്നീ ത്രിവിധ സഭാവിഭജനത്തില്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കു പലപ്പോഴും സ്വന്തം ഐഡിന്റിറ്റി നഷ്ടപ്പെടുന്നു എന്ന വിമര്‍ശനത്തെക്കുറിച്ച് എന്തുപറയുന്നു?

ഈ വിമര്‍ശനം പൂര്‍ണമായും ശരിയാണ്. യൂറോ - അമേരിക്കന്‍ കേന്ദ്രീകൃതമായ ഒരു ലോകവീക്ഷണത്തില്‍ മറ്റു ക്രിസ്ത്യാനികളോടൊപ്പം ഓര്‍ത്തഡോക്സ് വിശേഷണം പേറുന്ന ക്രിസ്ത്യാനികളും കീഴ്പ്പെട്ടുപോകുന്നതാണ് ഈ പതനത്തിനു കാരണം. ഓര്‍ത്തഡോക്സ് സഭകള്‍ മാത്രമല്ല കേരളത്തിലെ കത്തോലിക്കസഭയിലെ ഒരു വിഭാഗവും പാശ്ചാത്യനാടുകളിലെ വിവിധ വിഘടിത ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ രൂപപ്പെട്ട വിവിധ കരിസ്മാറ്റിക്ക് പ്രാര്‍ഥനാഗ്രൂപ്പുകളില്‍ അകപ്പെട്ട് പൂര്‍ണമായും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇതു ഭാവിയില്‍ സഭയ്ക്കും സമൂഹത്തിനും വലിയ അപകടം വരുത്തിവെയ്ക്കും. സഭകള്‍ തമ്മിലുള്ള തര്‍ക്കം യാതൊരു വിധ ആശയങ്ങളുടെയും പേരിലല്ല. പിന്നയോ, സമ്പത്തിന്റെ കൈവശാവകാശത്തിന്റെയും അധികാര മത്സരത്തിന്റെയും പേരിലാണ്. ആശയപരമായ തര്‍ക്കങ്ങള്‍ നല്ലതാണ്. അത് ആരോഗ്യപരമായ വളര്‍ച്ചയുടെ ലക്ഷണമാണ്. ക്രൈസ്തവസഭകള്‍ തമ്മില്‍ ഇന്നിത്തരം ആശയസംവാദങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് പരമാര്‍ഥം. ഇതു വളരെ സങ്കടകരമായ ഒരവസ്ഥയാണ്.

ദൈവശാസ്ത്രത്തില്‍ തുടങ്ങി സമകാലിക കേരളരാഷ്ട്രീയത്തിലൂടെ സഞ്ചരിച്ച് ക്രൈസ്തവസഭകളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള പര്യാലോചനയില്‍ മുഴുകിയ ഞങ്ങളുടെ ചിന്തയില്‍ പെട്ടെന്നുകടന്നുവന്നത് വിമോചനദൈവശാസ്ത്രത്തിന്റെ ഇന്നത്തെ അവസ്ഥയാണ്. മുഖ്യധാരാസഭകള്‍ പാവപ്പെട്ടവന്റെ ഭൌതികവിമോചനം ലക്ഷ്യമാക്കുന്ന വിമോചനദൈവശാസ്ത്രത്തെ സ്വന്തം അണികളില്‍ നിന്നും മറച്ചുവെച്ചിരിക്കുന്നതിലുള്ള എന്റെ അമര്‍ഷം ഞാന്‍ പ്രകടമാക്കിയതിനോടു തിരുമേനി ഇങ്ങനെയാണ് പ്രതികരിച്ചത്.

ബൈബിളും, പ്രവാചകന്മാരും യേശുക്രിസ്തുവും പഠിപ്പിച്ച വര്‍ഗരഹിതസമൂഹത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും, ആദിമസഭാപിതാക്കന്മാര്‍ ആവിഷ്കരിച്ച ത്രിത്വസിദ്ധാന്തവും (Doctrine of Holy Trinity) ശരിയായ അര്‍ഥത്തില്‍ പ്രചരിപ്പിച്ചാല്‍ അതില്‍നിന്നു വേറിട്ടൊരു വിമോചന ദൈവശാസ്ത്രത്തിന്റെ ആവശ്യമേ വരുന്നില്ല. ക്രൈസ്തവ ദൈവശാസ്ത്രം അടിസ്ഥാനപരമായി വിമോചന ദൈവശാസ്ത്രമാണ്. സമൂഹത്തില്‍ പൊതുവെയും ക്രൈസ്തവസഭകളില്‍ പ്രത്യേകിച്ചും അനിവാര്യമായ വര്‍ഗസമരത്തിന്റെ പ്രത്യയശാസ്ത്രമാണ് ക്രൈസ്തവ ദൈവശാസ്ത്രം. മാര്‍ക്സിസത്തിലെ വര്‍ഗസമരമല്ല ക്രൈസ്തവമായ വര്‍ഗസമരം. അത് ഹിംസയേയോ അക്രമത്തെയോ അനുകൂലിക്കുന്നില്ല. ഓരോ ക്രിസ്ത്യാനിയും അയാളോടു തന്നെ നടത്തുന്ന സമരത്തില്‍ നിന്നുവേണം വര്‍ഗരഹിതസമൂഹം സ്ഥാപിക്കാനുള്ള ക്രൈസ്തവ വര്‍ഗസമരം ആരംഭിക്കേണ്ടത്.

ഇപ്പോള്‍ നടന്നുവരുന്ന ആണവ പരീക്ഷണ കരാറിനെ ചൊല്ലിയുള്ള തര്‍ക്കം?

ലോകമേധാവിത്വത്തിനായി അമേരിക്ക നടത്തുന്ന പരിശ്രമത്തില്‍ പിന്‍നില നാടുകളിലെ ഭരണാധികാരികളെ പങ്കാളികളാക്കാനുള്ള ഉദ്യമം ആണിത്. നമ്മുടെ നിസ്സഹായതയില്‍ നിന്നു മുതലെടുക്കാനുള്ള അമേരിക്കന്‍ തന്ത്രം. പൂര്‍ണമായും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ മാത്രമേ ഇത്തരം കരാറുകള്‍ എതിര്‍പ്പൊന്നും കൂടാതെ നടപ്പിലാക്കുവാന്‍ കഴിയൂ.

ആഗോളവത്ക്കരണത്തിന്റെ നല്ല വശങ്ങളും ചീത്തവശങ്ങളും ?

വര്‍ഗരഹിതസമൂഹം ലക്ഷ്യമാക്കുന്നത് തീര്‍ച്ചയായും ഒരു ആഗോളവത്കൃത സമൂഹത്തെ തന്നെയാണ്. എന്നാല്‍ ഇന്നു നടക്കുന്ന ആഗോളവത്ക്കരണം ലക്ഷ്യമാക്കുന്നത് സമ്പന്നരുടെ ഒരു ആഗോള പറുദീസയാണ്. ഇത് എല്ലാവിധ ക്രൈസ്തവ നീതിക്കും എതിരാണ്. ബൈബിളിലെ ധനവാന്‍, ലാസര്‍ കഥയ്ക്കു സാര്‍വദേശീയമാനം കൈവന്നിരിക്കുകയാണ്. ധനവാന്റെ വീട്ടുപടിക്കല്‍ അയാളുടെ മേശയില്‍നിന്നു പൊഴിഞ്ഞു വീഴുന്ന അപ്പക്കഷണത്തിനായി നായ്ക്കളുമായി മത്സരിക്കുന്ന ലാസര്‍ ഇന്നൊരു സാര്‍വദേശീയ യാഥാര്‍ഥ്യമായിരിക്കുന്നു. ലാസര്‍ സ്വര്‍ഗത്തിലും ധനവാന്‍ നരകത്തിലും തള്ളപ്പെടുന്ന അവസ്ഥയാണ് ഭൂമിയില്‍ സ്ഥാപിതമാകുന്ന സ്വര്‍ഗരാജ്യം. അതിനായുള്ള പ്രാര്‍ഥനയും പ്രത്യാശയുമാണ് ക്രിസ്ത്യാനിയുടെ കരുത്ത്. അതു യാഥാര്‍ഥ്യമാകുന്നതുവരെ ക്രിസ്ത്യാനികള്‍ ധനവാനെ സ്തുതിക്കുകയും ലാസറിനെ നിന്ദിക്കുകയും ചെയ്യണം എന്നു പറയുന്നതില്‍ ക്രൈസ്തവതയില്ല. അതു സാമാന്യ നീതിക്കു നിരക്കുന്നതുമില്ല. അതിനാല്‍ വര്‍ഗരഹിത സമൂഹത്തിനായുള്ള തന്റെ ദൈവശാസ്ത്രത്തെ പോരാട്ടത്തിന്റെ ദൈവശാസ്ത്രമെന്നു വിളിച്ചാലും തെറ്റാവുകയില്ല.

അഭിമുഖം കഴിഞ്ഞ് ഉന്മേഷവദനനായി സഹായിയുടെ കൈത്താങ്ങോടെ പുറത്തെ വരാന്തയിലേക്കിറങ്ങി അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തു. തൊട്ടടുത്ത ഹാളില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാവി വൈദികരെ രൂപപ്പെടുത്തുന്നതിനുള്ള പരിശീലനം നടക്കുകയാണ്. ദീര്‍ഘസമയമായി അവര്‍ പുരാതന സുറിയാനി സഭയുടെ പിതാക്കന്മാര്‍ യെല്‍ദോപ്പെരുന്നുളിന്റെ (ക്രിസ്തുമസ്) രാത്രിയാരാധനയ്ക്ക് കൊഴുപ്പുകൂട്ടാന്‍ രൂപപ്പെടുത്തിയ, സുറിയാനി യുവവൈദികാര്‍ഥികള്‍ ചേര്‍ന്നാലപിക്കുന്ന പാട്ടുകള്‍ പാടി പരിശീലിക്കുകയാണ്. എത്രയോ ദശാബ്ദങ്ങളായി ഈ പൌരാണിക സഭ ശ്രുതിമധുരമായ ഇത്തരം കാവ്യ ശകലങ്ങള്‍ ഇമ്പത്തോടെ ആലപിക്കുന്നു. ഇതിന്റെ ഒക്കെ അര്‍ഥം പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇനിയും മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒസ്ത്താത്തിയോസ് തിരുമേനിയും അന്തരിച്ച ഗ്രിഗോറിയോസ് തിരുമേനിയുമൊക്കെ ഇതിന്റെയെല്ലാം അര്‍ഥം അവര്‍ക്ക് മനസ്സിലായ ഭാഷയില്‍ ലളിതമായി വിശദീകരിക്കുവാന്‍ എത്രയോ പുസ്തകങ്ങള്‍ എഴുതിയിരിക്കുന്നു. ആര്‍ക്കാണ് ഇതൊക്കെ വായിക്കാന്‍ താല്പര്യം? വിശ്വാസികളും അവരുടെ പുരോഹിതന്മാരും അര്‍ഥമറിയാത്ത പാട്ടുകളിലും പ്രാര്‍ഥനകളിലും അഭിരമിക്കുന്നു. ഗാനപരിശീലനം ആശ്രമപരിസരത്തെയാകെ ഭക്തിസാന്ദ്രമാക്കുന്നു. തിരുമേനിയോടും സഹായിയോടും യാത്രപറഞ്ഞ് ആശ്രമകവാടത്തിനു പുറത്തിറങ്ങുമ്പോഴും ആ ഗീതത്തിന്റെ ചില ശീലുകള്‍ എന്റെ കാതുകളില്‍ അലയടിച്ചുകൊണ്ടിരുന്നു.

'ദാവീദിന്‍ - മകള്‍ കന്നി

ജനതാ മധ്യേ നി - ന്നീ - ടുന്നൂ

കൈകളില്‍ - മേ - വുന്നുണ്ണി

താര്‍ക്കികരവനെ ചൂ - ഴു - ന്ന - ല്ലൊ,

പാര്‍ക്കുന്നേ - കന്‍; നേര്‍ക്കുന്ന - ന്യന്‍

സാക്ഷിച്ചന്യനിവന്‍ - താന്‍ - ദൈവം'

അത്ഭുതവാ - ര്‍ത്താ വിസ്മയ വാ - ര്‍ത്ത

വാദിഗണം വായ് മൂ - ടീ - ടട്ടെ.

*
കെ സി വര്‍ഗീസ്, കടപ്പാട്: ദേശാഭിമാനി വാരിക

8 comments:

  1. വൈദികനായിരിക്കുന്ന കാലം മുതല്‍ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് യേശുക്രിസ്തു ആണ് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റുകാരന്‍ എന്നുദ്ഘോഷിക്കുകയും പള്ളികള്‍ പണം സൂക്ഷിക്കുന്ന ബാങ്കുകളായി മാറിയിരിക്കുന്നു എന്ന്ആക്രോശിക്കുകയും ചെയ്ത ഫാദര്‍ എം വി ജോര്‍ജ് എന്ന വിപ്ലവ വൈദികന് മെത്രാന്റെ കുപ്പായവും സ്ഥാനചിഹ്നങ്ങളും ഇണങ്ങുമെന്ന് അന്നാരും കരുതിയിരുന്നില്ല. ഒട്ടേറെ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ടാണെങ്കിലും 1975 ഫെബ്രുവരി 16ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ അദ്ദേഹത്തെ മെത്രാന്‍ പദവിയിലേക്കുയര്‍ത്തി. തുടര്‍ച്ചയായി 33 വര്‍ഷം ഓര്‍ത്തഡോക്സ് സഭയുടെ കേരളത്തിലെ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന നിരണം ഭദ്രാസനത്തിന്റെ മേധാവിയായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.

    ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസുമായുള്ള അഭിമുഖം..

    ReplyDelete
  2. കമ്മ്യൂണിസം, നിരീശ്വരവാതം എന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കുന്നവര്‍ ക്രിസ്തുവിന്റെ വഴിയും കമ്മുനിസവും തമ്മിലുള്ള ദൂരം എത്ര ഹൃശ്വമാണെന്നു തിരുമേനിയുടെ വാക്കുകളിലൂടെ കാണുക. സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയും അതോപോലെ ഉച്ചനീച്ചത്വങ്ങളില്ലാത്ത സമൂഹവും ലക്‌ഷ്യം വയ്ക്കുന്നതാണ് കിസ്തുവിന്ടെ ഉത്ബോധനങ്ങള്‍. കാറല്‍ മാക്സിനെ പോലുള്ള സാമൂഹിക ചിന്തകരും ചിന്തിച്ചതും പ്രയത്ന്നിച്ചതും അതിനുവേണ്ടിതന്നെയല്ലെ! അപ്പോള്‍ സംഘര്ഷത്തേക്കാളധികം സഹകരണത്തിന്റെ മേഖലകളല്ലേ സഭക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സമൂഹനന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാനള്ളതു്?

    ReplyDelete
  3. ക്ക്രിസ്തുവിണ്റ്റെ വഴിയും കാറല്‍ മാര്‍ക്സിണ്റ്റെ വഴിയും ഒക്കെ ഒന്നായിരിക്കാം, പക്ഷെ കേരളത്തിലെ ക്രിസ്ത്യാനികള്‍ ബൈബിളില്‍ നിനും വ്യ്തിചലിക്കുന്നു എന്നു ആരോപിക്കുന്നതു പോലെ തന്നെ കാറല്‍ മാര്‍ക്സ്‌ വിഭാവന ചെയ്ത കമ്യൂണിസവും ഇന്നു കേരളത്തില്‍ കമ്യൂണിസം എന്ന പേരില്‍ നടത്തിവരുന്ന പരിപാടികളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം എങ്കിലും ഉണ്ടോ? ദസ്‌ കാപിറ്റല്‍ വാങ്ങിച്ചു ചില്ലലമാരയില്‍ വച്ചിട്ടുള്ളതല്ലാതെ അതു വായിച്ചിട്ടുണ്ടോ? എന്നെ കഴിഞ്ഞ്നാരെടാ എന്ന ധാര്‍ഷ്ട്യം വിദ്യാഭ്യാസ മേഖലയില്‍ കാണിക്കുന്നതിനെതിരെ ക്രാിസ്തവ സഭ പ്രതികരിച്ചു എന്നല്ലേയുള്ളു, സ്വാശ്രയ സ്ഥാപനം കല്ലെറിയാനും മറ്റും അഞ്ചു പൈസ മുടക്കാത്ത എസ്‌ എഫ്‌ ഐക്കു എന്തു കാര്യം? മതമില്ലാത്ത ജീവന്‍ പ്രോത്സാഹിപ്പിക്കുന്ന്വര്‍ ഈയിടെ ഒരു ക്രിസ്ത്യാനിയും ഹിന്ദുവും പ്രേമിച്ചു കെട്ടിയതും ഒടുവില്‍ തന്ത മക്കളെ ബലാത്സംഗം ചെയ്തു കൊന്നതും കൂടി കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനമാക്കി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും വറ്‍ഗ്ഗ രഹിത സമുദായം എന്ന ഉട്ടോപ്യ സ്വ്പ്നം കാണുന്നത്‌ യഥാറ്‍ത്ത വറ്‍ഗ്ഗ രഹിത സമുദായത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നന്നായിരിക്കും, ഹ ഹ എവിടെയാ ഈ വറ്‍ഗ രഹിത സമുദായം ? പാറ്‍ട്ടിക്കകത്‌ ഉണ്ടോ? പാറ്‍ട്ടിയില്‍ തെക്കനും വടക്കനും ഇല്ലേ? ചോവനും നായരും ഇല്ലേ? റഷ്യയില്‍ പൊളിറ്റ്ബ്യൂറോ മെമ്പറ്‍ക്കു കിട്ടിയ സുഖം പാവപ്പെട്ട ഖനിതൊഴിലാളിക്കു കിട്ടിയിരുന്നോ? അതല്ലേ ഗ്ളാസ്നോസ്റ്റു വന്നപ്പ്പോള്‍ എല്ലാവരെയും ഓടിച്ചിട്ടു തല്ലിയത്‌? എന്തിനു റഷ്യയില്‍ പോകണം? പിണറായിയുടെ ബീ കോ ജസ്റ്റ്‌ പാസായ മകനെ ബറ്‍മിംഗ്‌ ഹാമില്‍ അയച്ചു പഠിപ്പിക്കുമ്പോള്‍ നല്ല മിടുക്കരായ ദിനേശ്‌ ബീഡി തൊഴിലാളിക്കു ഒരു സ്കോളറ്‍ഷിപ്പു എങ്കിലും പാറ്‍ട്ടി കൊടുക്കുന്നുണ്ടോ? നമ്മടെ കൂടെ നിന്നാല്‍ വാനോളം പുകഴ്തും നമ്മളെ വിമറ്‍ശീക്കുന്നവനു കഴുമരം, ഈ പറഞ്ഞ അച്ചനു സാഹിത്യ അക്കാദമിമെമ്പറ്‍ ഷിപ്‌ പ്റതീക്ഷിക്കാം

    ReplyDelete
  4. കമന്റ് കോതയുടെ പട്ടിനെക്കാള്‍ കേമം.......!!

    ReplyDelete
  5. കമന്റ് കോതയുടെ പാട്ടിനെക്കാള്‍ കേമം.......!

    ReplyDelete
  6. ക്രിസ്ത്യാനികള്‍ എന്ന് പറയുന്നവര്‍ ബൈബിളില്‍
    നിന്നും വ്യ്തിചലിക്കുന്നു എന്നത് ആരോപണമല്ല
    സത്യമാണ്

    ബൈബിള്‍ വാങ്ങിച്ചു വച്ചിട്ടുള്ളതല്ലാതെ അതു
    വായിച്ചിട്ടുണ്ടോ? മനസ്സിലാക്കിയിട്ടുണ്ടൊ?

    പൈസ മുടക്കി എന്തിനു സ്വാശ്രയ സ്ഥാപനം തുടങുന്നു?

    മിഷനറിമാര്‍ വന്ന കാലത് പാവപെട്ടവനു
    വെണ്ടിയാണു പള്ളിക്കുടവും ആശുപത്രിയും
    തുടങിയത്

    നിന്ദിതരും പീഡീതരും നിരാശ്രയരും
    ആയവര്‍ക്കുവേണ്ടിയാണു ക്രിസ്ത്യാനികള്‍
    നിലകൊള്ളേണ്ടത്

    ക്രിസ്ത്യാനിയും ഹിന്ദുവും പ്രേമിച്ചു കെട്ടിയ എല്ലാ‍
    തന്തമാരും മക്കളെ ബലാത്സംഗം ചെയ്തു
    കൊന്നിട്ടുണ്ടോ?

    മിശ്രവിവാഹിതരുടെ മക്കള്‍ക്ക് വേണ്ടത് മതം
    തിരഞെടുക്കലല്ല
    സംവരണം നിലനില്‍ക്കുന്നിടതൊളം രാജ്യതെ ഏറ്റവും
    ഉയര്‍ന്ന സംവരണം ആണു കൊടുക്കെണ്ടത്

    മലയാളം ടയ്പിങ് തെറ്റുകള്‍ ദയവായി ക്ഷമിക്കുക

    ReplyDelete
  7. ആരു പുതുതായി ഒരു സ്ഥാപനം തുടങ്ങിയാലും അതു പലറ്‍ക്കും തൊഴില്‍ നല്‍കുന്നു ഉപജീവനം നല്‍കുന്നു, സാണ്റ്റിയാഗോ മാറ്‍ട്ടിണ്റ്റെ ഒരു കോടി കൊണ്ട്‌ ഒരു നറ്‍സിംഗ്‌ സ്കൂള്‍ തുടങ്ങാമായിരുന്നു, ലിസ്‌ ചാക്കോയുടെ ഒരു കോടി കൊണ്ട്‌ ഒരു ഐ ടീ ഐ തുടങ്ങാമായിരുന്നു, വല്ലതും തുടങ്ങിയോ? ഇല്ല , ഇവിറ്റെ ൧൦൦ കുട്ടികള്‍ ഉണ്ടെങ്കില്‍ ൫൦ നേ മെറിറ്റില്‍ കിട്ടുകയുള്ള ബാക്കി എല്ലാം സംവരണം അപ്പോള്‍ പണം ഉണ്ട്‌ പക്ഷെ മാറ്‍ക്കു കുറവു അവനു കാശൂ കൊടുത്ത്‌ പഠിക്കാന്‍ ഇഷ്ടം ഉണ്ട്‌ ഗവണ്‍മണ്റ്റ്‌ അങ്ങിനെ ഉള്ള സ്ഥാപനം അനുവദിക്കുന്നു, ഈ പണം അച്ചണ്റ്റെയും ബിഷപ്പിണ്റ്റെയും വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ലല്ലോ പള്ളിയില്‍ നിന്നും പാറ്‍ട്ടി ലെവി പിരിക്കുന്നപോലെ പിരിച്ചതാണു ആ പണം ഒന്നും ചെയ്യാതെ പാവം എന്ന ഒരു ലേബലും ഒട്ടിച്ചു നടക്കുന്ന ഒരാളെക്കൂടി പഠിപ്പിക്കണം എന്നൊക്കെ പറഞ്ഞാല്‍ അതു ഉട്ടോപ്യ കണ്‍സെപ്റ്റ്‌ ആണു, പറയുന്നവന്‍ ആദ്യം പ്റവറ്‍ത്തിച്ചു കാണിക്കണം, ആകെ എം വീ രാഘവന്‍ ഒന്നു രണ്ട്‌ സ്ഥാപനം തുടങ്ങി അതെങ്ങിനെ പൊളിക്കാം എന്നല്ലാതെ കേരള ജനതക്കു വെണ്ടി എന്താനു മാറ്‍ക്സിറ്റു പാറ്‍ട്ടി ചെയ്തിട്ടുള്ളത്‌? ഒരുത്തന്‍ കഷ്ടപ്പെട്ടു പത്തു വാഴ വെക്കുന്നു, കുലയ്ക്കാറാകുമ്പോള്‍ ഇതു അവിടെ ഉള്ള പാവപ്പെട്ടവനും കൂടി പഴം കൊടുക്കണം എന്നു പറയുന്നത്‌ ശരിയായ കാര്യമല്ല. ദേശാഭിമാനി എല്ലാ താലൂക്കിലും എഡീഷന്‍ തുടങ്ങൌന്നതിനെക്കാള്‍ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി കാണിക്കു, എന്താണൂ ഈഴവനും നായറ്‍ക്കും ഒന്നും സ്വാശ്റയം പറ്റാത്തതു, ഇതിനൊക്കെ പണം മാത്റമല്ല മാനേജുമെണ്റ്റും വേണം പാറ്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും ലെവി പിരിക്കുന്നതിനു നാണമില്ല. എതു ചെയ്യുന്നു ജനത്തിനു വേണ്ടീ?

    ReplyDelete
  8. അപ്പോള്‍ സഭ ആത്മീയ ആസ്ഥാനമോ, വ്യവസായ സ്ഥാപനമോ......?

    ReplyDelete