Saturday, November 8, 2008

സാനുമാഷ് എണ്‍പതിന്റെ നിറവില്‍

ഒരുപാടുപേരുടെ ജീവിതം എഴുതിയ ഒരാള്‍ക്കുമുന്നിലാണ് ഞാന്‍ ഇരിക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് ഇനിയും ഒന്നുമെഴുതിയിട്ടില്ലാത്തൊരാള്‍. വിമര്‍ശനസാഹിത്യത്തിലെ കുലീനവും ശ്രേഷ്ഠവുമായ സാന്നിധ്യമാണിത്. പ്രൊഫ. എം കെ സാനു. മലയാളികളുടെ സാനുമാഷ്. നിരൂപണത്തില്‍ കാവ്യഭാഷയുടെ വിലോഭനീയത വായനക്കാര്‍ തിരിച്ചറിഞ്ഞത് സാനുമാഷിലാണ്. സാനുമാഷിനൊപ്പമിരിക്കുമ്പോള്‍ സ്നേഹസാന്ത്വനങ്ങളുടെ അദൃശ്യകിരണങ്ങള്‍ നമ്മളില്‍ അനുരണനം സൃഷ്ടിക്കാതിരിക്കില്ല. സൌമ്യവും ഉദാരവുമായ ആ വാക്കുകളില്‍ നിറയുന്നതത്രയും ഗുരുപ്രസാദത്തിന്റെ അര്‍ഥപൂര്‍ണിമ.

ജീവിതം ആരാഞ്ഞാണ്, മനുഷ്യനെ അന്വേഷിച്ചാണ് സാഹിത്യവിമര്‍ശനത്തിന്റെ ഉത്തുംഗഗിരിശൃംഗങ്ങള്‍ സാനുമാഷ് കീഴടക്കിയത്. കൃതിയുടെ അടിത്തട്ടുകാട്ടിത്തരുന്ന തെളിഞ്ഞ ഭാഷയില്‍, അനര്‍ഗളമായ ഒഴുക്കില്‍ സമന്വയത്തിന്റെ മധ്യമാര്‍ഗമാണ് മാഷ് സ്വീകരിച്ചത്. മുണ്ടശ്ശേരിയിലും മാരാരിലും വഴിപിരിഞ്ഞുനിന്ന മലയാളവിമര്‍ശനധാരയെ അദ്ദേഹം ആസ്വാദനത്തിന്റെ സൂക്‍ഷ്‌മവിശകലനത്തില്‍ സംയോജിപ്പിച്ചു. കലയുടെ കേവല സൌന്ദര്യസങ്കല്‍പ്പങ്ങളായിരുന്നില്ല, ജീവിതമഹത്വസങ്കീര്‍ത്തനങ്ങളായിരുന്നു ആ എഴുത്ത്.

1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ മംഗലത്തുവീട്ടില്‍ എം സി കേശവന്റെയും കെ പി ഭവാനിയുടെയും മകനായി ജനിച്ച സാനുമാഷിനിപ്പോള്‍ 80 വയസ്സു തികഞ്ഞു.

ഞാന്‍ ആ പേരിന്റെ കാവ്യമര്‍മത്തില്‍നിന്നുതന്നെ തുടങ്ങി:

എങ്ങനെ സാനുവെന്നൊരു പേര്? അതും 80 വര്‍ഷങ്ങള്‍ക്കുമുമ്പ് ?

ചിരിയിലെ അരുണകാന്തിയൊഴിയാതെ മാഷ് പറഞ്ഞു:

"ഒരുപക്ഷേ അന്നേ എന്റെ അച്ഛന്‍ എന്റെ വഴി ഏതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവാം. വീട്ടുകാരൊന്നും അംഗീകരിക്കാത്തൊരു പേരായിരുന്നു. അമ്മയ്‌ക്കുപോലും ഇഷ്‌ടമല്ലായിരുന്നു. വീട്ടില്‍ മറ്റൊരു വിളിപ്പേരായിരുന്നു. ആലപ്പുഴയില്‍ ജൌളിവ്യാപാരമായിരുന്നു അച്‌ഛന്. ഒരു തുണിക്കട. അച്‌ഛന്‍ ധാരാളം പുരാണകഥകള്‍ പറഞ്ഞുതരുമായിരുന്നു. എന്റെ പത്താമത്തെ പിറന്നാളിന് അച്‌ഛന്‍ സമ്മാനമായി തന്നത് ടോള്‍സ്‌റ്റോയിയുടെ Twentythree Tales എന്ന കഥാപുസ്‌തകമായിരുന്നു. കുട്ടികള്‍ക്കുള്ള സാരോപദേശകഥകള്‍. ഒന്നുരണ്ടുവര്‍ഷത്തിനകം ഞാനത് വായിച്ചുതീര്‍ത്തു.''

ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്‌ഛന്റെ മരണം. അതോടെ അമ്മയും മകനും തനിച്ചായി. സമൃദ്ധിയുടെ ആമോദങ്ങളില്‍നിന്ന് പിന്നെ പൊറുതികേടിന്റെ നട്ടുച്ചയിലേക്ക്. "കഷ്‌ടപ്പാടുമുഴുവന്‍ കുട്ടിക്കാലത്തു കഴിഞ്ഞതുകൊണ്ടാവാം പിന്നീട് ജീവിതത്തില്‍ വലിയ ആഘാതങ്ങളോ തകര്‍ച്ചകളോ ഒന്നും ഉണ്ടായില്ല. ആരുടെയോ കാരുണ്യം.''

ഏകമകന്‍ എന്നതും അക്കാലത്തൊരു അപൂര്‍വതയാണ് ?

ഏകസന്തതിയല്ല ഞാന്‍. എനിക്കുമുമ്പേ നാലുപേരുണ്ടായിരുന്നു. അവരൊക്കെ നന്നേ ചെറുപ്പത്തില്‍ മരിച്ചുപോയി. ആ പേടിയോടെയാണ് എന്നെ വളര്‍ത്തിയത്. കൈവിട്ടുപോകുമോയെന്ന മരണഭയം. ചെറിയൊരു പനി വരുമ്പോഴേക്കും വല്ലാതെ പരിഭ്രമിച്ചിരുന്നു വീട്ടുകാര്‍.

ദുഃഖത്തിന്റെയും സഹനത്തിന്റെയും മൌനസംഗീതം സാനുമാഷിന്റെ രചനകളില്‍ സ്ഥായിഭാവമാവുന്നത് ഇതുകൊണ്ടാവാം. 'ഉച്ചയ്ക്ക് ഊണുകഴിക്കാനുള്ള ഇന്റര്‍വെല്‍സമയത്ത് കുറച്ചുകാലം സ്‌കൂള്‍ കോമ്പൌണ്ടിലെ പുളിമരത്തിന്റെ ചുവട്ടില്‍ ഒറ്റയ്‌ക്കിരുന്നു പുസ്‌തകം വായിക്കുന്ന സാനുവിന്റെ ചിത്രം' പഴയ സഹപാഠിയായ, സാനുമാഷെക്കുറിച്ച് അപൂര്‍ണമെങ്കിലും ഒരാത്മകഥയെഴുതിയ സി വി ആന്റണി ഓര്‍ത്തെടുക്കുന്നുണ്ട്. എന്തുകൊണ്ട് ഉച്ചയ്‌ക്കുണ്ണാന്‍ പോകുന്നില്ല എന്ന് ചോദിച്ചപ്പോള്‍ ഉത്തരം മൌനമായിരുന്നുവത്രെ.

സ്വയം എരിയുന്നവരില്‍നിന്നാണ് ലോകത്തിന് പ്രകാശം കിട്ടുന്നതെന്നും, സ്വന്തം ദുഃഖത്തില്‍ ധൈര്യവും അന്യരുടെ ദുഃഖത്തില്‍ അനുതാപവുമാണ് കുലീനതയുടെ ലക്ഷണമെന്നുമുള്ള സാഹിത്യവിചാരങ്ങള്‍ സാനുമാഷില്‍ ഉറയ്‌ക്കുന്നതും ഇങ്ങനെയാവാം.

കുട്ടികളെയാണ് സാനുമാഷ് ആദ്യം പഠിപ്പിച്ചത്. ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് ഒരു യുപി സ്‌കൂളില്‍. ഒരുവര്‍ഷം. 30 രൂപയായിരുന്നു ശമ്പളം. അടുത്ത അധ്യയനവര്‍ഷത്തില്‍ ആലപ്പുഴ എസ്‌ഡി കോളേജില്‍ സുവോളജി ഐച്‌ഛികമായെടുത്ത് ബിഎസ്‌സിക്ക് ചേര്‍ന്നു. ഈ ഘട്ടത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമാവുന്നുണ്ട് മാഷ്. ബി‌എസ്‌സി പാസായി വീണ്ടും അധ്യാപകവൃത്തിയിലേക്ക്. മൂന്നുവര്‍ഷം ഹൈസ്‌കൂളില്‍. ഇക്കാലത്ത് അധ്യാപകസംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുണ്ടശ്ശേരിമാഷുമായി ഇടപഴകുന്നുണ്ട്. തുടര്‍ന്ന് മലയാളം എംഎ പഠനത്തിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍. എംഎ കഴിഞ്ഞതും കൊല്ലം എസ്എന്‍ കോളേജില്‍ അധ്യാപകനായി. രണ്ടുവര്‍ഷത്തിനകം സര്‍ക്കാര്‍ സര്‍വീസില്‍ എറണാകുളം മഹാരാജാസിലെത്തി.

ക്ലാസ്‌മുറിക്കുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല അധ്യാപകജീവിതം. കുട്ടികളുമായുള്ള നിരന്തരസമ്പര്‍ക്കവും കഴിയുന്നത്ര അവരൊത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും മാഷ്‌ടെ രീതിയായിരുന്നു. കുട്ടികളെ ആവശ്യമറിഞ്ഞ് സഹായിക്കാനും ഈ അധ്യാപകന്‍ മുന്നിലുണ്ടായിരുന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥയില്‍ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ചികിത്സിക്കാനും മറ്റുമായി പത്തും പതിനഞ്ചും രൂപവീതം ചെറിയ ഫണ്ട് പിരിച്ചത്. ചെകിട്ടത്തടിയേറ്റ് കേള്‍വി പോയവരും കാഴ്‌ചശക്തി നഷ്‌ടപ്പെട്ടവരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഫലം: മാഷെ, മഹാരാജാസില്‍നിന്ന് തലശേരി ബ്രണ്ണനിലേക്കു മാറ്റി.

അജ്ഞാതരായ കുറേയെറെ പേരുടെ നന്മ എനിക്ക് പ്രതിഫലമായി കിട്ടുന്നുണ്ട്. ഞാന്‍ കണ്ടിട്ടുപോലുമില്ലാത്തവര്‍. എന്റെ മഹത്വംകൊണ്ടല്ല. എന്നും മനുഷ്യരുടെ നന്മ തിരിച്ചറിയാനും അവരില്‍നിന്ന് അത് സ്വാംശീകരിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു. എന്നെക്കൊണ്ട് അവര്‍ക്കല്ല നേട്ടം. അവരില്‍നിന്ന് ഞാനാണ് നേടുന്നത്. വലിയ എഴുത്തുകാരനായി കുറെ ദുഷ്‌ടതകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും എഴുതിയില്ലെങ്കിലും ജീവിതത്തില്‍ നന്മയും ശുദ്ധിയും സൂക്ഷിക്കുന്ന സാധാരണക്കാരിലാണ് മഹത്വമെന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണ്. "സാഹിത്യകൃതികള്‍ മാത്രമല്ല ഞാന്‍ ശ്രദ്ധിച്ചത്. അതിനുപിറകിലുള്ള ജീവിതമാണ്. അതുകൊണ്ട് ഒരു കവിത വായിക്കുമ്പോള്‍ ആ കവിയെക്കൂടി അറിയണമെന്നുതോന്നും. അയാളുടെ ജീവിതം കുറച്ചുകൂടി അടുത്ത് കാണണമെന്നു തോന്നും. ജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും നന്മതിന്മകളും സൂക്ഷ്‌മമായി തെരയും. ഇതു പലപ്പോഴും ജീവചരിത്രരചനകളിലാവും ചെന്നെത്താറ്.'' സാഹിത്യകൃതിയില്‍നിന്ന് എഴുത്തുകാരന്റെ ജീവിതചിത്രം തെളിഞ്ഞുകിട്ടുന്ന ആത്മാന്വേഷണങ്ങളായിരുന്നു അവ. ജീവചരിത്രഗ്രന്ഥങ്ങളുടെ വസ്തുസ്ഥിതികഥനങ്ങള്‍ക്കപ്പുറം എഴുത്തുകാരനും എഴുത്തും ഇഴചേര്‍ക്കപ്പെടുന്ന ആസ്വാദനത്തിലെ അനുപല്ലവികളായി സാനുമാഷ് രചിച്ച ജീവചരിത്രങ്ങളൊക്കെയും.

'അസ്‌തമിക്കാത്ത വെളിച്ചം' എന്ന കൃതിയാണ് പുസ്തകരൂപത്തില്‍ പ്രകാശിപ്പിക്കപ്പെടുന്ന ആദ്യജീവചരിത്രം. ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ എന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ കഥയാണത്. അദ്ദേഹത്തെക്കുറിച്ചൊരു ലേഖനം വായിച്ചതായിരുന്നു തുടക്കം. ജര്‍മനിയില്‍ സാമാന്യം ഭേദപ്പെട്ട കുടുംബത്തിലാണ് ഷ്വൈറ്റ്സര്‍ ജനിച്ചത്. ഗായകന്‍, പ്രഭാഷകന്‍ എന്നീ നിലക്കെല്ലാം നല്ല വരുമാനമുള്ളപ്പോഴാണ് എല്ലാം ത്യജിച്ച് ആഫ്രിക്കയിലെ നീഗ്രോകളുടെ അടിമജീവിതത്തിന് ആശ്വാസമേകന്‍ അദ്ദേഹം കപ്പല്‍കയറുന്നത്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയണമെന്നുതോന്നി. ചില പുസ്‌തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചു. 1965ല്‍ അദ്ദേഹം മരിച്ചെന്ന വാര്‍ത്ത വായിച്ചപ്പോള്‍, അതേ വര്‍ഷം അദ്ദേഹത്തെക്കുറിച്ചെഴുതിയ പുസ്‌തകം പ്രകാശിപ്പിക്കാന്‍ ഭാഗ്യമുണ്ടായി.

തുടര്‍ന്നിങ്ങോട്ട് ജീവചരിത്രശാഖയില്‍ വ്യതിരിക്തമായ കുറേ പുസ്‌തകങ്ങളുടെ പ്രവാഹമായിരുന്നു.

നാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, ആശാന്‍, ചങ്ങമ്പുഴ, എം സി ജോസഫ്, എം ഗോവിന്ദന്‍, പാര്‍വതിഅമ്മ, ബഷീര്‍, കെ സി മാമ്മന്‍മാപ്പിള.

പ്രസംഗത്തില്‍നിന്ന് എഴുത്തിലേക്കെത്തിയ വിമര്‍ശകനാണ് സാനുമാഷ്. തിരുവനന്തപുരത്തു നടന്നൊരു സമ്മേളനത്തില്‍ കെ ബാലകൃഷ്ണനും സാനുമാഷും പ്രസംഗിക്കാനുണ്ടായിരുന്നു. വാള്‍ട്ട് വിറ്റ്മാനെ ഉദാഹരിച്ച് സാഹിത്യപരീക്ഷണങ്ങളെക്കുറിച്ച് സാനുമാഷ് നടത്തിയ പ്രസംഗം ബാലകൃഷ്‌ണനെ വല്ലാതെ ആകര്‍ഷിച്ചു. അത് എഴുതിത്തരണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. ആ പ്രസംഗം ലേഖനരൂപത്തില്‍ കൌമുദി വാരികയുടെ മൂന്നുലക്കങ്ങളിലായി ബാലകൃഷ്‌ണന്‍ പ്രസിദ്ധീകരിച്ചതോടെയാണ് വിമര്‍ശകനെന്ന നിലയില്‍ എം കെ സാനു ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത് ഓര്‍മയില്‍വച്ചുകൊണ്ടല്ലെങ്കിലും ഞാന്‍ ചോദിച്ചു, എഴുത്തോ പ്രസംഗമോ ഏതാണ് കൂടുതല്‍ പ്രിയം.

"എഴുത്ത് ധ്യാനമാണ്. സമയമെടുത്തേ എഴുതാന്‍ പറ്റൂ. ഒരു കത്താണെങ്കില്‍പ്പോലും എഴുതുന്ന ആളുമായുള്ള ആത്മബന്ധം അതില്‍ കടന്നുവരും. വാക്യങ്ങള്‍ പതുക്കെ സൂക്ഷിച്ചാണ് അടുക്കാറ്. പ്രസംഗം പ്രചോദനമാണ്. സ്വച്‌ഛതയുണ്ട്. എന്നാല്‍, അധ്യാപനംപോലെ ക്രിയാത്മകഫലം ഉണ്ടെന്ന് തോന്നിയിട്ടില്ല. ഇഷ്‌ടം അധ്യാപനത്തോടുതന്നെ.''

അന്തരീക്ഷത്തില്‍ ശബ്‌ദം മാത്രം വിലയിക്കുന്ന പ്രചണ്ഡ ഗിരിപ്രഭാഷണങ്ങളല്ല ശാസ്‌ത്രീയമായ ഉള്‍ക്കാഴ്‌ചയോടെ യുക്തിഭദ്രമായി കേള്‍വിക്കാരിലേക്ക് ആശയപ്രകാശനം നിര്‍വഹിക്കുന്നതാണ് സാനുമാഷ്‌ടെ പ്രസംഗങ്ങളെന്ന് ഞാനോര്‍മിപ്പിച്ചപ്പോള്‍ മാഷ് പറഞ്ഞു: എന്റെ പ്രസംഗത്തെക്കുറിച്ചറിഞ്ഞ് ഒരിക്കല്‍ സുഗതന്‍സാര്‍ എനിക്കെഴുതി, ഈ പ്രസംഗം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന്. ഞങ്ങളെന്നു പറഞ്ഞാല്‍ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്. സ്‌കൂളില്‍ സുഗതന്‍സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്. പാര്‍ടികാര്യങ്ങളൊക്കെ എന്നെക്കൊണ്ടും ചെയ്യിക്കാറുണ്ട്. ആ സ്വാധീനം എന്നിലുണ്ട്. അതുകൊണ്ടാണ് സുഗതന്‍ സാര്‍ അങ്ങനെ എഴുതിയത്.

ആശയവ്യക്തത വേണമെന്ന കാര്യത്തില്‍ ഇ എം എസ് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹമത് പറയാറുമുണ്ട്. പണ്ഡിതന്മാര്‍ക്ക് പരസ്‌പരം വായിക്കാനുള്ളതല്ല എഴുതേണ്ടതെന്ന്.

അധ്യാപകരില്‍ പ്രൊഫ. എന്‍ കൃഷ്ണപിള്ളയാണ് എക്കാലത്തും മാതൃക. അഭിഗമ്യമായ ശൈലിയല്ല കൃഷ്ണപിള്ളസാറിന്റേത്. വ്യക്തമായി പറയും. പുസ്‌തകം വായിച്ചുകേള്‍പ്പിക്കാറില്ല. അത് കൈക്കുമ്പിളില്‍ ഒതുക്കും.

കുറ്റിപ്പുഴയും വി ടിയുമടക്കമുള്ളവരുടെ നവോത്ഥാനമൂല്യങ്ങളോടും പി കെ ബാലകൃഷ്‌ണന്റെ സാഹിത്യസങ്കല്‍പ്പത്തോടുമായിരുന്നു സാനുമാഷ് കൂടുതല്‍ ചേര്‍ന്നുനിന്നത്. കൃഷ്ണപിള്ളസാറില്‍ നിന്നാകാം നാടകരൂപത്തോടുണ്ടായ അദമ്യാനുരാഗം. പ്രത്യേകിച്ച് ഇബ്‌സനോട്. ട്രാജഡികളായിരുന്നു പഥ്യം. ഇതോടൊപ്പം ശ്രീനാരായണഗുരുവിന്റെയും സഹോദരന്‍ അയ്യപ്പന്റെയും മനുഷ്യവിമോചനസ്വപ്‌നങ്ങളും സ്വാതന്ത്ര്യബോധവും സാനുമാഷില്‍ മേളിച്ചു.

'മാനവരാശിയുടെ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പവും വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യം എന്ന ആദര്‍ശവും സമന്വയിപ്പിക്കുക എന്ന സുവര്‍ണ മാര്‍ഗമാണ് അവലംബിക്കേണ്ടതെ'ന്ന് സാനുമാഷ് 'സ്വാതന്ത്ര്യം എന്ന സമസ്യ' എന്ന ലേഖനത്തില്‍ പറയുന്നുണ്ട്.

സാഹിത്യരൂപങ്ങളിലുണ്ടാവുന്ന പുതുപരീക്ഷണങ്ങളോടും മുഖംതിരിക്കാറില്ല ഈ നിരൂപകന്‍. 70കളിലെ ആധുനികതയോടും ഉദാരസമീപനമായിരുന്നു. അടച്ചാക്ഷേപിച്ചില്ല. പുരോഗമനകലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റായിരിക്കുമ്പോഴും അയ്യപ്പപ്പണിക്കരുടെ കവിതകളിലെ മൃത്യുപാസന എഴുതാനും പ്രസംഗിക്കാനും തടസ്സമായിരുന്നിട്ടില്ല മാഷ്‌ക്ക്. എന്നാല്‍, ഇപ്പോഴത്തെ കഥകളോ കവിതകളോ മനസ്സിനെ വായനയിലേക്ക് അടുപ്പിക്കാറില്ലെന്ന് മാഷ് പറഞ്ഞു. കെട്ടുകാഴ്‌ചകളാവുന്നു പലപ്പോഴും പുതിയ എഴുത്ത്. ആധുനികതയ്‌ക്കുശേഷം വന്നവരെക്കൂടി മനസ്സിലാക്കാനായി. correction of taste വിമര്‍ശനത്തിന്റെ ചുമതലതന്നെയാണ്. എന്നാല്‍, കുറച്ചെങ്കിലും സമകാലികരചനകള്‍ വായിച്ചശേഷമേ അത് സാധിക്കൂ. ആദ്യം ട്രെന്‍ഡ് ഫെമിലിയര്‍ ആവണം. വയസ്സാവുന്നതിലെ പ്രാരബ്‌ധങ്ങളും തടസ്സങ്ങളും വേണ്ടുവോളമുണ്ട്. കാഴ്‌ചശക്തി വല്ലാതെ കുറഞ്ഞു. സ്‌പോണ്‍ഡിലൈറ്റിസിന്റെ ശല്യമുണ്ട്. ഏകാന്തതയും കിട്ടുന്നില്ല. തിരക്കൊഴിഞ്ഞ് സാവകാശവും.

ഈ 80-ാം വയസ്സിലും തിരക്കോ?

എനിക്ക് ആളുകളെപ്പറഞ്ഞ് ഒഴിവാക്കാനറിയില്ല. ഇപ്പോഴും എന്തെങ്കിലും കാര്യത്തിനായി പഴയ പരിചയക്കാരുടെ മക്കളോ ബന്ധുക്കളോ വരും. ഉച്ചവരെ അവരുണ്ടാവും. മിക്കപ്പോഴും അവര്‍ക്കൊപ്പം പോവുകയുംചെയ്യും. എന്തെങ്കിലും ആവശ്യത്തിന്. പഴയ ശീലം ഒഴിവാക്കാന്‍ പറ്റുന്നില്ല. പ്രസംഗവും വല്ലപ്പോഴും ഉണ്ട്.

ഒന്നു തിരിഞ്ഞുനോക്കാന്‍കൂടി അനുവദിക്കപ്പെട്ട സമയമാണിത്. മാഷങ്ങനെ ചെയ്‌തിട്ടുണ്ടോ?

സാഹിത്യജീവിതത്തെ സംബന്ധിച്ചാണെങ്കില്‍ വിചാരിച്ചതിലെ നാലിലൊന്നുപോലും ചെയ്‌തുതീര്‍ക്കാനായിട്ടില്ല. ചില പ്രമാണഗ്രന്ഥങ്ങള്‍ എഴുതണമെന്നുണ്ടായിരുന്നു. ഒന്ന് സാഹിത്യതത്വങ്ങള്‍. പാശ്ചാത്യസാഹിത്യവുമായി തുലനപ്പെടുത്തിയുള്ള പരിശ്രമങ്ങളല്ലാതെ മലയാളത്തിന്റേതായ ഒരു ഗ്രന്ഥം ഈ ഗണത്തിലുണ്ടായിട്ടില്ല. അതുപോലെ നാടകം എന്ന സാഹിത്യരൂപത്തെക്കുറിച്ചൊരു പുസ്‌തകവും മോഹമായിരുന്നു. എം പി പോള്‍ നോവല്‍ സാഹിത്യം രചിച്ചപോലെ. വൈലോപ്പിള്ളിയുടെ ജീവചരിത്രമാണ് മറ്റൊന്ന്. രണ്ടോ മൂന്നോ മാസം ശ്രദ്ധിച്ചാല്‍ ഇപ്പോഴും തീര്‍ക്കാവുന്നതേയുള്ളൂ വൈലോപ്പിള്ളിയെക്കുറിച്ചുള്ള പുസ്‌തകം. കുറെയേറെ പണിതീര്‍ത്തുവച്ചതാണ്. 1987ല്‍ എംഎല്‍എ ആയതോടെയാണ്അത് മുടങ്ങിയത്. വൈലോപ്പിള്ളിയുമായി അത്രയ്‌ക്ക് ആത്മബന്ധമുണ്ടായിരുന്നു. 'കണ്ണീര്‍പ്പാടം' കവിയുടെ ജീവിതംതന്നെയാണ്.

വൈലോപ്പിള്ളിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തില്‍ മാഷും വൈലോപ്പിള്ളിയും ഒരേ പാനലില്‍നിന്നു മത്സരിച്ച കഥ പറഞ്ഞത്. വെറുതെ ഒരു റസിസ്‌റ്റന്‍സെങ്കിലും കൊടുക്കണമല്ലോ എന്നുകരുതി നിന്നതാണ്. തോല്‍ക്കുമെന്നുറപ്പായിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഞങ്ങളുടെ പാനലില്‍നിന്ന് ഞാന്‍ ജയിച്ചു. വൈലോപ്പിള്ളി തോറ്റു. കവി പനിപിടിച്ച് കിടപ്പിലായി. ഒരുദിവസം വൈലോപ്പിള്ളിയെ കാണാന്‍ തൃശൂരില്‍ ചെന്നപ്പോള്‍ പിണക്കത്തിലായിരുന്ന ഭാര്യയുണ്ട് വൈലോപ്പിള്ളിക്കൊപ്പം. എനിക്ക് സന്തോഷമായി. പനിവന്നെങ്കിലും ശുശ്രൂഷിക്കാന്‍ ഭാര്യ കുടെയുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, വൈലോപ്പിള്ളി സ്വതഃസിദ്ധമായ ശൈലിയില്‍ പറഞ്ഞതെന്താണെന്നോ? സാനുവിന് എന്തറിയാം. കഷ്‌ടകാലം വരുമ്പോ ഇങ്ങനെ ഓരോ വ്യാധി വന്നുകൊണ്ടിരിക്കും എന്നായിരുന്നു.

ജീവിതത്തില്‍ രണ്ടു സിദ്ധികള്‍ നേടാനായില്ല എന്ന ദുഃഖമുണ്ട്. പാട്ടുപാടാനും കവിത എഴുതാനും. രണ്ടിനും മോഹമായിരുന്നു. സംസ്‌കൃതം പഠിക്കാനും കഴിഞ്ഞില്ല. എറണാകുളത്തൊരു ആദിവാസിയാണ് ഞാനിപ്പോ. അടുപ്പമുണ്ടായിരുന്ന അയല്‍ക്കാരൊക്കെ വീടുവിറ്റ് പോയി. ഇപ്പോള്‍ ഗുജറാത്തികളും തമിഴരും ഹിന്ദിക്കാരുമാണ് ചുറ്റിനും. ഒരാളെപ്പോലും അറിയില്ല. നാട്ടുമ്പുറത്തിന്റെ സൌമ്യഭാവമുണ്ടായിരുന്ന നഗരമായിരുന്നു എറണാകുളം. ഗ്രാമത്തിന്റെ ഗോസിപ്പുകളടക്കം അക്കാലത്തുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഈ മാറ്റത്തില്‍ പരിഭ്രമമുണ്ട്.

ആദ്യം ചോദിക്കാന്‍ കരുതിവച്ച ചോദ്യം അവസാനമാണ് ചോദിച്ചത്. മറ്റുള്ളവരുടെ ജീവചരിത്രം ഒരുപാടെഴുതിയ മാഷ് എന്തുകൊണ്ട് ആത്മകഥയെഴുതിയില്ല?

അവനവനെ മനസ്സിലാക്കാനാണ് ഏറെ പ്രയാസം. മറ്റൊന്ന്, മറ്റുള്ളവര്‍ക്കറിയാന്‍മാത്രം പ്രാധാന്യം എന്റെ ജീവിതത്തിനുണ്ടോയെന്ന സംശയവുമാണ്. ആത്മകഥയെഴുതാതിരുന്നത് ഈ സങ്കോചംകൊണ്ടാണ്. മറ്റൊരു രഹസ്യംകൂടി തന്നോടു പറയാം. ഒരു കൂട്ടരുടെ നിര്‍ബന്ധം സഹിക്കാതെ ഞാനെന്റെ ജീവിതം കുറച്ചെഴുതിവച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കിയിട്ടില്ല. അതിന് സാവകാശം കിട്ടുമോ എന്നും അറിയില്ല. പുഞ്ചിരിയുടെ അര്‍ധവിരാമത്തില്‍ മാഷ് നിര്‍ത്തി.

'സന്ധ്യ'യുടെ പടിവരെ വന്ന് എന്നെ യാത്രയാക്കുമ്പോള്‍ കവിവാക്യത്തില്‍ മാഷ് മന്ത്രിച്ചതും ഞാനാവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

തന്റെ ജീവചരിത്രം തനിക്കാവുന്ന മട്ടിലെഴുതണമെന്ന് നിര്‍ബന്ധിച്ച് ആത്മമിത്രം സി വി ആന്റണിക്കയച്ച കത്തും ഹെയ്‌ഡന്റെ കവിതയിലാണ് മാഷ് നിര്‍ത്തിയതെന്ന് ഞാനോര്‍ത്തു.

My strength has gone
I am old and weak...
Death Knocks at my door,
I open it without fear,
Heaven! receive my thanks!

സാന്ധ്യശോണിമയില്‍ നീലാംബരത്തിന് ചാരുതയേറുമെന്ന് മാഷോടു പറയാന്‍ ഞാനാശിച്ചു.

****

എന്‍ രാജന്‍, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

7 comments:

  1. ആദ്യം ചോദിക്കാന്‍ കരുതിവച്ച ചോദ്യം അവസാനമാണ് ചോദിച്ചത്. മറ്റുള്ളവരുടെ ജീവചരിത്രം ഒരുപാടെഴുതിയ മാഷ് എന്തുകൊണ്ട് ആത്മകഥയെഴുതിയില്ല?

    അവനവനെ മനസ്സിലാക്കാനാണ് ഏറെ പ്രയാസം. മറ്റൊന്ന്, മറ്റുള്ളവര്‍ക്കറിയാന്‍മാത്രം പ്രാധാന്യം എന്റെ ജീവിതത്തിനുണ്ടോയെന്ന സംശയവുമാണ്. ആത്മകഥയെഴുതാതിരുന്നത് ഈ സങ്കോചംകൊണ്ടാണ്. മറ്റൊരു രഹസ്യംകൂടി തന്നോടു പറയാം. ഒരു കൂട്ടരുടെ നിര്‍ബന്ധം സഹിക്കാതെ ഞാനെന്റെ ജീവിതം കുറച്ചെഴുതിവച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കിയിട്ടില്ല. അതിന് സാവകാശം കിട്ടുമോ എന്നും അറിയില്ല. പുഞ്ചിരിയുടെ അര്‍ധവിരാമത്തില്‍ മാഷ് നിര്‍ത്തി.

    സാനുമാഷിന് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ആശംസകള്‍

    ReplyDelete
  2. All the best wishes to Sanu Master

    ReplyDelete
  3. ഇനിയുമൊരുപാടു കാലം നമ്മുടെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ പ്രകാശം പരത്താന്‍ സാനു മാഷിനു ഭാഗ്യവും,അദ്ദേഹത്തിന്റെ കര്‍മ്മ കുശല സാമീപ്യം മലയാളികള്‍ക്കും ഉണ്ടാവട്ടെ.

    ReplyDelete
  4. സാനുമാഷിന് വന്ദനം.

    ReplyDelete
  5. മറ്റു പല സൂപ്പർസ്റ്റാറുകളേയും എഴുന്നള്ളിക്കുന്നതിനിടയിൽ നാം മറന്ന ഒരു പേരാണ് സാനുമാഷുടേത്.മാഷിന് ആശംസകൾ...

    ReplyDelete