Wednesday, December 24, 2008

ശബരി സമം പോൺസി സമം മേഡോഫ്

ശബരിയുടെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിന്റെ പുകില് കേരളത്തില്‍ കെട്ടടങ്ങിത്തുടങ്ങിയിട്ടേയുള്ളൂ. ശബരിയുടെ തട്ടിപ്പിന്റെ ഏതാണ്ട് 5000 മടങ്ങു വലുപ്പമുള്ള മേഡോഫ് തട്ടിപ്പ് അമേരിക്കയെ മാത്രമല്ല യൂറോപ്പിനെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ശബരിയുടെ തട്ടിപ്പിന്റെ ആഗോളപതിപ്പാണ് മേഡോഫിന്റെ തട്ടിപ്പ്.

ശബരിയുടെ സ്‌കീം വളരെ ലളിതമാണ്. ടോട്ടല്‍ ഫോര്‍ യുവില്‍ പണം നിക്ഷേപിച്ചാല്‍ മൂന്നുമാസംകൊണ്ട് ഇരട്ടിത്തുക തിരിച്ചുനല്‍കും. അത് പിന്നെയും പുനര്‍നിക്ഷേപിച്ചാല്‍ മറ്റൊരു മൂന്നുമാസംകൊണ്ട് വീണ്ടും ഇരട്ടി നല്‍കും. അങ്ങനെ മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിപ്പിക്കുന്ന സൂത്രവിദ്യയെന്താണ്? മറ്റൊന്നുമല്ല പുതിയ നിക്ഷേപകരുടെ മുതല്‍ എടുത്ത് മുന്‍ നിക്ഷേപകരുടെ പലിശയായി കൊടുക്കും. അത്രതന്നെ. ആദ്യ ഇടപാടുകാര്‍ക്കെല്ലാം ഇങ്ങനെ കൃത്യമായി പണം കിട്ടിയതോടെ ഇതിനു വലിയ പ്രചാരമായി. ഇതോടെ കൂടുതല്‍ കൂടുതല്‍ പേര്‍ നിക്ഷേപിക്കാന്‍ തുടങ്ങി. മുന്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനുപകരം വീണ്ടും വീണ്ടും നിക്ഷേപിച്ചുകൊണ്ടിരുന്നു. ഇനി ആരെങ്കിലും പണം പിന്‍വലിച്ചാല്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന പുതു നിക്ഷേപത്തുകയില്‍നിന്ന് അതു കൊടുക്കുന്നതിനും ബുദ്ധിമുട്ടില്ലല്ലോ.

ചുരുക്കത്തില്‍ തലകുത്തിനില്‍ക്കുന്ന ഒരു പിരമിഡ് ആണ് ശബരിയുടെ നിക്ഷേപപദ്ധതി. വളരെ ഇടുങ്ങിയ ഒരു അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഒരു മഹാസൌധം. സാധാരണഗതിയില്‍ ഇതങ്ങനെ വാനോളം പൊങ്ങുന്നതിന് തടസ്സമൊന്നുമില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒരു ആട്ടമുണ്ടായാല്‍ പിരമിഡാകെ താഴോട്ടുപതിക്കും. ശബരിയുടെ കൂട്ടുകാരെല്ലാം കൈയിട്ടുവാരാനും ശബരി കിട്ടുന്ന പണം ലക്കും ലഗാനുമില്ലാതെ ധൂര്‍ത്തടിക്കാനും തുടങ്ങിയതോടെ നിക്ഷേപം ഏതാണ്ട് 50 കോടി (?) രൂപയിലെത്തിയപ്പോഴേക്കും പിരമിഡ് തകര്‍ന്നുവീണു. നിക്ഷേപകരെല്ലാം പണം തിരിച്ചുവാങ്ങിക്കാന്‍ തിരക്കുകൂട്ടിയതോടെ ശബരി പാപ്പരായി. ശബരിയുടെ ആഡംബര കാറും പാതിതീര്‍ന്ന റിസോര്‍ട്ടും എല്ലാം വിറ്റാലും ഏതാനും കോടിയേ വരൂ. ബാക്കി പണം എവിടെപ്പോയി എന്നാര്‍ക്കും അറിയില്ല. ഏതായാലും ഒരുകാര്യം തീര്‍ച്ച. 50 കോടിയില്‍ നല്ലപങ്കും മനക്കണക്കു മാത്രമാണ്. മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ.

ഏതായാലും ശബരിയുടെ സൂത്രവിദ്യക്ക് ആഗോളമായിത്തന്നെ ഒരു ചരിത്രപാരമ്പര്യമുണ്ട്. ധനകാര്യചരിത്രത്തില്‍ ഇത്തരം ഇടപാടുകളെ പോൺസി സ്‌കീമുകളെന്നാണ് പൊതുവെ വിളിക്കാറുള്ളത്. പോൺസി 1920കളില്‍ അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു ഇറ്റലിക്കാരനായിരുന്നു. ഇന്നത്തെപ്പോലെ അന്ന് അമേരിക്കന്‍ ധനമേഖലയില്‍ അനിയന്ത്രിതമായ ഊഹക്കച്ചവടവും ഞൊടിനേരംകൊണ്ട് പണക്കാരനാകുന്ന മന്ത്രവാദങ്ങളും പെരുത്തുകൊണ്ടിരിക്കുന്ന ഒരു കാലംകൂടിയായിരുന്നു. വളരെ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനംചെയ്‌ത് പോൺസി വ്യാപകമായി നിക്ഷേപം സ്വീകരിച്ചു. ഇങ്ങനെ സമാഹരിച്ച പണംകൊണ്ട് പോസ്‌റ്റല്‍ കൂപ്പൺ വിപണിയില്‍ ചൂതാട്ടം നടത്തി. ഓഹരി വിപണിയിലെ ലാഭത്തോതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശനിരക്കാണ് പോൺസി വാഗ്ദാനം ചെയ്‌തിരുന്നത്. പെട്ടെന്ന് പണക്കാരനാകാനുള്ള ആര്‍ത്തിമൂലം പണം നിക്ഷേപിച്ചുകൊണ്ടിരുന്ന പുതിയ ഇടപാടുകാരുടെ മുതലില്‍നിന്ന് പഴയ ഇടപാടുകാരുടെ ലാഭം കൊടുത്തുകൊണ്ടിരുന്നു. അവസാനം പോൺസിയും പൊട്ടി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ധനതട്ടിപ്പുകളിലൊന്നായി ഇതറിയപ്പെടുന്നു. ഇന്ന് ഏത് ഇംഗ്ലീഷ് ഡിൿഷ്‌ണറിയിലും ഉള്‍പ്പെടുന്ന തട്ടിപ്പിന്റെ പ്രയോഗമായി പോൺസി മാറി.

1930കളിലെ മാന്ദ്യം പോൺസിയെ സൃഷ്‌ടിച്ചെങ്കില്‍ ഇന്നത്തെ മാന്ദ്യം മേഡോഫിന് രൂപം നല്‍കിയിരിക്കുകയാണ്. പോൺസിയെപ്പോലെ മേഡോഫും ഇംഗ്ലീഷ് ഭാഷയില്‍ ഒരു പ്രയോഗമായിത്തീരുമോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി പാശ്ചാത്യ കമ്പോളവാര്‍ത്തകളുടെ തലക്കെട്ട് മേഡോഫ് തട്ടിപ്പിനെക്കുറിച്ചുള്ളതായിരുന്നു. മേഡോഫ് ചില്ലറക്കാരനല്ല. ബര്‍ണാഡ് എല്‍ മേഡോഫ് ഇന്‍വെസ്‌റ്റ്‌മെന്റ് കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഏതാണ്ട് മൂന്നുപതിറ്റാണ്ടായി ഒരിക്കല്‍പ്പോലും നഷ്‌ടത്തിന്റെ കണക്കുപറഞ്ഞിട്ടില്ല. തന്റെ നിക്ഷേപകര്‍ക്ക് ശരാശരിയുടെ രണ്ടും മൂന്നും മടങ്ങ് ലാഭവിഹിതം കൊടുക്കുന്ന വിശ്വസ്‌ത കമ്പനി എന്ന ഖ്യാതിയും നേടി. അമേരിക്കന്‍ ഓഹരി വിലസൂചികയായ ഡൌജോൺസ് കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ നാസ്‌ഡാക് സൂചികയുടെ ചെയര്‍മാന്‍ (1990-93) പദവിയാണ് മേഡോഫിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍. പലപ്പോഴും അമേരിക്കന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമീഷന് സൌജന്യ ഉപദേശം നല്‍കാനും മേഡോഫിനു ക്ഷണമുണ്ടായിരുന്നു.

ഇദ്ദേഹമാണ് കഴിഞ്ഞയാഴ്ച മാലോകരോട് ഒരു സത്യം വെളിപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടായി താന്‍ ഇടപാടുകാരെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ട് 5000 കോടി ഡോളറിന്റെ (രണ്ടരലക്ഷം കോടി രൂപ) നിക്ഷേപമാണ് കമ്പനിയിലുള്ളത്. എന്നാല്‍, ഇടപാടുകാര്‍ക്ക് കൊടുക്കാന്‍ തന്റെ കൈയില്‍ ഒന്നും ബാക്കിയില്ല. താന്‍ പാപ്പരായിരിക്കുന്നു. "ഇത് വലിയൊരു നുണയാണ്. ഒരു ഭീമന്‍ പോൺസി സ്‌കീം''- മേഡോഫ് കോടതിയില്‍ സമ്മതിച്ചു.

ലോകധനകമ്പോളത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു വെളിപ്പെടുത്തലായി മേഡോഫിന്റെ കുമ്പസാരം. 5000 കോടി ഡോളറിന്റെ തട്ടിപ്പ് എക്കാലത്തെയും ഏറ്റവും വലിയതാണ്. കുപ്രസിദ്ധമായ എന്‍റോൺ ഇടപാട് 100 കോടി ഡോളറിന്റേതും വേൾഡ്‌കോം കുംഭകോണം 220 കോടി ഡോളറിന്റേതും മാത്രമായിരുന്നു എന്നോര്‍ക്കുക. പോൺസിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തില്‍ സമാനമായ ഏതാണ്ട് മൂന്നു ഡസന്‍ തട്ടിപ്പിന്റെ ചുരുക്കവിവരണം നല്‍കിയിട്ടുണ്ട്. പോൺസിയുടെ ദശലക്ഷഡോളര്‍ കണക്കിന്റെ തട്ടിപ്പില്‍നിന്ന് മേഡോഫിന്റെ ശതകോടി ഡോളറിലേക്കുള്ള വളര്‍ച്ച ഒരുകാര്യം അടിവരയിടുന്നു. അഴിമതിയും വെട്ടിപ്പും മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ്.

യഥാര്‍ഥത്തില്‍ വാൾ‌സ്‌ട്രീറ്റിലെ ലേമെന്‍സ്, ഗോൾ‌ഡ്‌മാന്‍ സാച്ചസ്, മെരില്‍ലിഞ്ച്, ബെയര്‍ സ്റ്റേൺസ്, സ്റ്റാന്‍ലി മോര്‍ഗൻ തുടങ്ങിയ നിക്ഷേപ ബാങ്കുകളും കഴിഞ്ഞൊരു ദശാബ്‌ദമായി ചെയ്‌തുകൊണ്ടിരുന്ന തിരിമറികള്‍ പോൺസി സ്‌കീമുകള്‍തന്നെയായിരുന്നില്ലേ എന്നു ചോദിക്കുന്നത് മാറ്റരുമല്ല. നോബല്‍സമ്മാന ജേതാവ് പോള്‍ ക്രുഗ്‌മാന്‍ ആണ്. ന്യൂയോര്‍ക്ക് ടൈംസില്‍ ഏറ്റവും പുതിയ ലേഖനത്തില്‍ അദ്ദേഹം എഴുതി:

"ഉദാഹരണമായി ഒരു ഫണ്ട് മാനേജരെ എടുക്കാം. ഇടപാടുകാരുടെ നിക്ഷേപത്തിന്റെ പലമടങ്ങ് വായ്‌പ അദ്ദേഹം സംഘടിപ്പിക്കുന്നു. വീടുപണയാധാരങ്ങളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതമല്ലാത്ത എന്നാല്‍ വലിയ നേട്ടം തരുന്ന സെക്യൂരിറ്റികളില്‍ ഈ പണം നിക്ഷേപിക്കുന്നു. ഭവനനിര്‍മാണ കുമിള നിലനില്‍ക്കുന്നിടത്തോളംകാലം ഫണ്ട് മാനേജ്‌മെന്റ് കമ്പനിക്ക് വലിയ ലാഭം ഉറപ്പാണ്. മാനേജര്‍ ആരെയും അസൂയപ്പെടുത്തുംവിധം ഉയര്‍ന്ന വാര്‍ഷിക ബോണസും എഴുതിയെടുക്കുന്നു. പക്ഷേ, ഭവനനിര്‍മാണ കുമിള പൊട്ടുന്നു. സെക്യൂരിറ്റികളുടെ വില തകരുന്നു. നഷ്‌ടം മുഴുവന്‍ ഫണ്ടിലെ നിക്ഷേപകര്‍ക്കുമാത്രം. മാനേജര്‍ക്കു കിട്ടാനുള്ള അഡ്വാന്‍സ് ബോണസായി എഴുതിയെടുത്തുകഴിഞ്ഞുവല്ലോ''.

"വാള്‍സ്ട്രീറ്റിലെ മുകളില്‍ വിവരിച്ച സര്‍വസാധാരണമായ ഇടപാട് എങ്ങനെയാണ് മേഡോഫ് തട്ടിപ്പില്‍നിന്നു വ്യത്യസ്‌തമാകുന്നത്? മേഡോഫ് ചില കടമ്പകള്‍ ഒഴിഞ്ഞുമാറി എന്നുമാത്രം. നിക്ഷേപകരുടെ അറിവില്ലായ്‌മ മുതലെടുത്തുകൊണ്ട് വലിയ ഫീസ് കൈക്കലാക്കി അവരെ ചൂതാട്ടത്തിലേക്ക് തള്ളിവിടുകയാണ്ഫണ്ട് മാനേജര്‍ ചെയ്‌തത്. മേഡോഫാകട്ടെ നിക്ഷേപകരുടെ പണം ആദ്യംതന്നെ മോഷ്ടിക്കുന്നു. പുതിയ നിക്ഷേപകരുടെ പണമെടുത്ത് പഴയവര്‍ക്കു നല്‍കുന്നു. മേഡോഫ് സ്വയം തിരിച്ചറിഞ്ഞ തട്ടിപ്പുകാരനാണ്. വാൾ‌സ്‌ട്രീറ്റ് മാനേജര്‍മാര്‍ സ്വന്തം വാചകമടിയില്‍ മതിമറന്നു നടക്കുന്നവരാണ്. പക്ഷേ, അന്ത്യഫലം ഒന്നുതന്നെ. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നു. മാനേജര്‍മാര്‍ സമ്പത്തു കൊയ്യുന്നു. (മേഡോഫിനു അനിവാര്യമായ ജയില്‍വാസം. പക്ഷേ, തകര്‍ന്ന ബാങ്കുകളുടെ മാനേജര്‍മാര്‍ ഇപ്പോഴും വിലസുന്നു)''.

ധനകാര്യമേഖലയുടെ വിശ്വാസ്യതയ്‌ക്കാണ് മേഡോഫ് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. ഇനി എത്രമേഡോഫുമാര്‍ ഒളിഞ്ഞിരിപ്പുണ്ടാകും? വേലിതന്നെ വിളവു തിന്നുന്ന അമേരിക്കയെ എങ്ങനെ വിശ്വസിക്കാം എന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. നിയോലിബറല്‍ ഉദാരവല്‍ക്കരണ ദുരന്തനാടകത്തിലെ അന്ത്യരംഗങ്ങളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. മേഡോഫിന്റെ തട്ടിപ്പിനിരയായവരില്‍ പ്രസിദ്ധ സിനിമാ സംവിധായകന്‍ സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗുമുതല്‍ അബുദാബിയിലെ ഷെയ്‌ഖുവരെ ഉള്‍പ്പെടും. അമേരിക്കന്‍ ചാരിറ്റി ട്രസ്‌റ്റുകൾ മുതല്‍ യൂറോപ്പിലെ ഭീമന്‍ നിക്ഷേപബാങ്കുകള്‍വരെ ഉള്‍പ്പെടും. അതുകൊണ്ട് മേഡോഫ് തട്ടിപ്പ് ദീര്‍ഘനാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കും. എന്നുവച്ചാല്‍ അത്രയും നാള്‍ നിയോലിബറല്‍ ധനലോകത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കും. ബാങ്കുകളുടെ നിലനില്‍പ്പുതന്നെ വിശ്വാസത്തിന്റെ അടിത്തറയിലാണ്. അതുകൊണ്ടുതന്നെ മേഡോഫ് തട്ടിപ്പ് സാമ്പത്തിക വീണ്ടെടുപ്പിനെ കൂടുതല്‍ ദുഷ്‌ക്കരമാക്കും.

*****

ഡോ. ടി എം തോമസ് ഐസക്

14 comments:

  1. ശബരിയുടെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിന്റെ പുകില് കേരളത്തില്‍ കെട്ടടങ്ങിത്തുടങ്ങിയിട്ടേയുള്ളൂ. ശബരിയുടെ തട്ടിപ്പിന്റെ ഏതാണ്ട് 5000 മടങ്ങു വലുപ്പമുള്ള മേഡോഫ് തട്ടിപ്പ് അമേരിക്കയെ മാത്രമല്ല യൂറോപ്പിനെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ശബരിയുടെ തട്ടിപ്പിന്റെ ആഗോളപതിപ്പാണ് മേഡോഫിന്റെ തട്ടിപ്പ്.

    ശബരിയുടെ സ്‌കീം വളരെ ലളിതമാണ്. ടോട്ടല്‍ ഫോര്‍ യുവില്‍ പണം നിക്ഷേപിച്ചാല്‍ മൂന്നുമാസംകൊണ്ട് ഇരട്ടിത്തുക തിരിച്ചുനല്‍കും. അത് പിന്നെയും പുനര്‍നിക്ഷേപിച്ചാല്‍ മറ്റൊരു മൂന്നുമാസംകൊണ്ട് വീണ്ടും ഇരട്ടി നല്‍കും. അങ്ങനെ മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിപ്പിക്കുന്ന സൂത്രവിദ്യയെന്താണ്? മറ്റൊന്നുമല്ല പുതിയ നിക്ഷേപകരുടെ മുതല്‍ എടുത്ത് മുന്‍ നിക്ഷേപകരുടെ പലിശയായി കൊടുക്കും. അത്രതന്നെ. ആദ്യ ഇടപാടുകാര്‍ക്കെല്ലാം ഇങ്ങനെ കൃത്യമായി പണം കിട്ടിയതോടെ ഇതിനു വലിയ പ്രചാരമായി. ഇതോടെ കൂടുതല്‍ കൂടുതല്‍ പേര്‍ നിക്ഷേപിക്കാന്‍ തുടങ്ങി. മുന്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനുപകരം വീണ്ടും വീണ്ടും നിക്ഷേപിച്ചുകൊണ്ടിരുന്നു. ഇനി ആരെങ്കിലും പണം പിന്‍വലിച്ചാല്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന പുതു നിക്ഷേപത്തുകയില്‍നിന്ന് അതു കൊടുക്കുന്നതിനും ബുദ്ധിമുട്ടില്ലല്ലോ.

    ചുരുക്കത്തില്‍ തലകുത്തിനില്‍ക്കുന്ന ഒരു പിരമിഡ് ആണ് ശബരിയുടെ നിക്ഷേപപദ്ധതി. വളരെ ഇടുങ്ങിയ ഒരു അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഒരു മഹാസൌധം. സാധാരണഗതിയില്‍ ഇതങ്ങനെ വാനോളം പൊങ്ങുന്നതിന് തടസ്സമൊന്നുമില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒരു ആട്ടമുണ്ടായാല്‍ പിരമിഡാകെ താഴോട്ടുപതിക്കും. ശബരിയുടെ കൂട്ടുകാരെല്ലാം കൈയിട്ടുവാരാനും ശബരി കിട്ടുന്ന പണം ലക്കും ലഗാനുമില്ലാതെ ധൂര്‍ത്തടിക്കാനും തുടങ്ങിയതോടെ നിക്ഷേപം ഏതാണ്ട് 50 കോടി (?) രൂപയിലെത്തിയപ്പോഴേക്കും പിരമിഡ് തകര്‍ന്നുവീണു. നിക്ഷേപകരെല്ലാം പണം തിരിച്ചുവാങ്ങിക്കാന്‍ തിരക്കുകൂട്ടിയതോടെ ശബരി പാപ്പരായി. ശബരിയുടെ ആഡംബര കാറും പാതിതീര്‍ന്ന റിസോര്‍ട്ടും എല്ലാം വിറ്റാലും ഏതാനും കോടിയേ വരൂ. ബാക്കി പണം എവിടെപ്പോയി എന്നാര്‍ക്കും അറിയില്ല. ഏതായാലും ഒരുകാര്യം തീര്‍ച്ച. 50 കോടിയില്‍ നല്ലപങ്കും മനക്കണക്കു മാത്രമാണ്. മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ.

    ഡോ. ടി എം തോമസ് ഐസക് എഴുതിയ കാലിക പ്രസൿതിയുള്ള ലേഖനം

    ReplyDelete
  2. ഫോറം ചേട്ടായിയേ, നമ്മുടെ വലത് പക്ഷ, മദ്ദ്ധ്യപക്ഷ രാഷ്ടീയക്കാരന്മാരും പോണ്‍സിമാരല്ലേ ചേട്ടായിയേ?

    ReplyDelete
  3. ലേഖനം നന്നായിരിക്കുന്നു.നിലവാരത്തോടൊപ്പം നിർണ്ണായകമായ ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. മുതലാളിത്വം മാത്രമല്ല കമ്മ്യൂണിസവും തകരുകയും അത് വലിയ ഒരു ജനവിഭാഗത്തിന്റെ ജീവിതം ദുരന്തപൂർണ്ണമാക്കുകയും ചെയ്തിട്ടില്ലെ?

    ഇനി ഈ മെഡോഫ് പോലെ കേരളത്തിലെ ഇടതിനെ ബാധിച്ചിരിക്കുന്ന അപചയം നമ്മുടെ രാഷ്ടീയ സാമൂഹിക രംഗത്തുണ്ടാക്കുവാൻ പോകുന്ന പ്രത്യാഖാതം എന്താ‍യിരിക്കും എന്ന് വർക്കേഴ്സ് ഫോറത്തിനു നിഷ്പക്ഷമായി പറയുവാൻ പറ്റുമോ? ഇടതിന്റെ വലതു സ്വഭാവങ്ങൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കൂന്നു. ഒരു പക്ഷ നേതാക്കന്മാരുടെ പുതിയ അഭിപ്രായങ്ങൾ അതിലേക്കല്ല്ലെ വിരൽ ചൂണ്ടുന്നത്? ഈ ലേഖകന്റെ തന്റെ സമീപകാല അഭിപ്രായങ്ങൾ (മുൻപും ഇതിൽ വaലിയ മാറ്റം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു,മുഴുവൻ ഓർമ്മയിൽ ഇല്ല)നാം എങ്ങിനെ നിരീക്ഷിക്കണം?

    ReplyDelete
  4. പാര്‍പ്പിടത്തിന്റെ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ നിവൃത്തിയില്ല.......!

    ReplyDelete
  5. നല്ല ലേഖനം. നമ്മുടെ നാട്ടില്‍ ഇടക്കിടെ പൊട്ടിമുളക്കുന്ന മ‌‌ള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങും ഇതിന്റെ വേറെ ഒരു പതിപ്പല്ലേ?

    ReplyDelete
  6. " ഈ ലേഖകന്‍ന്‍റെ സമീപകാല അഭിപ്രായങ്ങള്‍ നാം എങ്ങനെ നിരീക്ഷിക്കണം..."
    ഈ ലേഖകന്‍ എന്നത് കൊണ്ടു ഐസ്സക്കിനെയാണ് ഉദ്ദേശിച്ഛതെന്നു തോന്നുന്നു.എന്ത് സമീപകാല അഭ്പ്രായം.അദ്ദേഹത്തിന്‍റെ അഭിപ്രായമല്ലേ സാര്‍ ഇവിടെ ലേഖനത്തില്‍.പിന്നെ എന്ത് അഭിപ്രായമുന്ടെന്കിലും അത് നയമായി മാറാന്‍ അദ്ദേഹത്തിന്‍റെ പാര്‍ടി തീരുമാനിക്കും.അതായത് വി എസ്,കാരാട്ട്,വിജയന്‍,യെച്ചുരി,ബുദ്ധദേവ്‌ എന്നിവരൊക്കെ ഉള്‍പ്പെട്ട പാര്‍ടി.പുരിഞ്ഞാ.. ബിര്‍ളയെ(നാടന്‍ മുതലാളി)കൊണ്ടു വന്നതും സ്മാര്‍ട്ട് സിടി(വിദേശകുത്തക മുതലാളി)വന്നതും ഒക്കെ നയത്തിന്‍റെ ഭാഗം."ഇടതിന്‍റെ വലതു വല്‍ക്കരണം' എന്നൊക്കെ ഉള്ള വലിയ വിപ്ലവം നമ്മള്‍ എത്ര കേട്ടു സാര്‍. ഇതു തന്നെ അല്ലെ അജിതയും, വേണും,വര്‍ഷങ്ങള്‍ക്കു മുംബ് പറഞ്ഞതു.ഒടുവില്‍ അവര്‍ യഥാര്ത്ഥ "ഇടതിനെ" കണ്ടത് യു.ഡി.എഫില്‍ ചെര്ര്നു ഇളക്ഷിനില്‍ മല്സരിച്ഛല്ലേ.ഇപ്പൊ 'യഥാര്ത്ഥ' ഇടതു അന്വേഷിച്ചു മുരളിം എത്തി അവിടെ.സോറി,ഇമ്മാതിരി വലിയ ലൊട്ട അടിക്കല്ലേ.
    അതുകൊണ്ട്, ലേഖകന്‍റെ പാര്‍ടി കൂട്ടായി ചര്‍ച്ച ചെയ്തു ഡോക്യുമെന്റ് ചെയ്ത(അതൊക്കെ എടുത്തൊന്നു വായിച്ചു നോക്ക് പാര്‍പ്പിടം) നയത്തിനെതിരെന്കില്‍,ലേഖകന്‍റെ പാര്‍ടി അദ്ദേഹത്തെ തിരുത്തും,അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അദ്ദേഹം പറയുന്നതു പാര്‍ടി നയം തന്നെ.പിന്നെ എവിടെ ആണ് കാന്ഫുഷന്‍,വെറുതെ അങ്ങനെ ഭാവിക്കല്ലേ."വലതു" വല്ക്കരണത്തില്‍ ഹതാശയനായ താന്കള്‍ 'വലതു'മാധ്യമങ്ങള്‍ വായിക്കുമ്പോളും കാണുമ്പോളും ഒന്നു തല ഉറപ്പിച്ചു നിര്‍ത്തുക.

    ReplyDelete
  7. ത്രീർച്ചയായും തോമാസ് ഐസക്ക് കൊണ്ടുവന്ന പലതിനേയും മുഖ്യമന്ത്രി എതിർത്തിട്ടുണ്ട് എന്നത് ഒരു പക്ഷെ താങ്കൾ അറിഞ്ഞിട്ടുണ്ടാകില്ല.ഇന്നു നടക്കുന്ന അഭിപ്രായ വ്യതിയാനങ്ങളിൽ ഒരു പക്ഷത്തെ പ്രധാന ധനകാര്യ സംഗതികൾ നിർണ്ണയിക്കുന്നതിൽ പ്രധാനപങ്ക് ലേഖകനുണ്ടെന്ന് തോന്നുന്നു.

    ഇടതെന്ന് പറയുകയും വലതുനയങ്ങളെ ചുവപ്പൻ കവറിൽ പൊതിഞ്ഞു അവതരിപ്പിക്കുകയും ചെയ്യുന്നത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതെന്റെ കുറ്റമല്ല അതുകൊണ്ട് അനോണിയോട് തൽക്കാലം ഏറ്റുപിടിക്കുവാൻ താല്പര്യം ഇല്ല.

    അദ്ദേഹത്തിന്റെ പാർടി ഒരു സ്വകര്യ കമ്പനിയല്ലെന്ന് ഓർക്കുന്നഥ് നല്ലതാണ്. അതിവിടത്തെ ജനജീവിതത്തെ നിർണ്ണയിക്കുന്ന ഒരു വിഷയവുമാണ്.അതുകോണ്ട് അത് ജനങ്ങൾ അറിയുകയും വേണ്ട ഒന്നാണ്.മാത്റ്റ്രമല്ല അവർ പാവങ്ങളുടെ/അധ്വാനിക്കുന്നവരുടെ പക്ഷത്താണെന്ന് പേർത്തുമ്പേർത്തും പറയുന്നുമുണ്ട്.അതു തുറന്നുകാണിക്കുന്ന്ത് ളോട്ടയല്ല മാഷേ.ഇടത് ഇടത് എന്ന് പരസ്യം ചെയ്ത് അകത്ത് വലതു നിറച്ച് നൽകുന്ന ഇരട്ടത്താപ്പ് കാണുമ്പോൾ ആരും ചോദിച്ചുപോകും.

    അല്ലാതെ അതു രാജ്യത്തെ ആക്രമിക്കുന്ന ആർക്കൊക്കെയോ വേണ്ടി വികലമനസ്കരുടെ നയിക്കപ്പെടുന്ന സ്വകാര്യ സങ്കടനയല്ല.

    വേണു പോയത് അങ്ങേരുടെ ചിന്തയിൽ വന്ന ദൌർഭഗ്യകരമായ മാറ്റം.മറ്റുചില കാര്യങ്ങളിലെ എന്റെ നിലപാടിൽ ഉള്ള അസഹിഷ്ണുതയണിതെന്ന് മനസ്സിലാക്കുന്നു.. അനോണിയുടെ വാക്കുഅക്ല്ക്ക് കൂടുതൽ മറുപടിപറയുവൻ ഇവിടം ഞാൻ വേദിയാക്കുന്നില്ല.

    ReplyDelete
  8. പ്രിയ പാർപ്പിടം, അനോണി, ബൈജു കുതിരവട്ടൻ

    വായനയ്‌ക്കും അഭിപ്രായങ്ങൾക്കും നന്ദി
    ഞങ്ങൾ ഉയർത്തി പിടിക്കാൻ ശ്രമിക്കുന്നത് വർഗ വീക്ഷണമാണ്. കക്ഷി രാഷ്ട്രീയമല്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും എന്നു കരുതുന്നു.
    ഇടതു പാർട്ടികളുടെ വലതുവൽക്കരണം ഞങ്ങൾ അംഗീകരിക്കുന്നില്ല. അതിനെതിരെ നിരന്തരം പോരാടേണ്ടതുമാണ്. ഈ ലേഖനത്തിൽ അത്തരം വലതുവൽക്കരണ ശ്രമമൊന്നും കാണാനായില്ല. ലേഖനത്തെ ആത്മ നിഷ്ഠമായല്ല ഞങ്ങൾ വിലയിരുത്തുന്നത് എന്ന് മാത്രം സൂചിപ്പിക്കട്ടെ

    ReplyDelete
  9. പ്രിയ വർക്കേഴ്സ് ഫോറം ക്രിയാത്മകവും മുൻ‌വിധിയ്യില്ലാത്തതുമായ ചർച്ചകളും പ്രവർത്തനങ്ങളും മാത്രമേ ഗുണം ചെയ്യൂ.ഇന്നിപ്പൊൾ നടക്കുന്ന ചർച്ചകളിൽ ഒരു അഭിപ്രയം പ്രകടിപ്പിച്ചാൽ ചിലർ ഓടിയെത്തുകയായി മറ്റു ചില തറ വിഷയ്യങ്ങളുമായി.ധീരവിപ്ലവകാരികൾ ജീവൻ കൊടുത്ത് കെട്ടിപ്പൊക്കിയപ്രസ്ഥാനം ആർക്കുവേണ്ടിയാണോ തുടങ്ങിയത് ആരുടെ മോചനത്തിനുവേണ്ടിയാണോ മുന്നോട്ടുകൊണ്ടുപോയത് ആ പ്രസ്ഥാനം ഇന്നു ചിലർ ചുളുവിൽ അടിച്ചൂമാറ്റി തങ്ങളുടെ ഹിഡൻ അജണ്ട നടപ്പിലാക്കുവാൻ ഉള്ള ശ്രമങ്ങളെ യദാരഠ്ഹ വിപ്ലവബോധം മുള്ളവർക്ക് ഒരു പക്ഷെ അംഗീകരിക്കുവാൻ കഴിയില്ല.ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നവർക്കുനേരെ “അഞ്ജാത ആക്രമണങ്ങൾ/വെട്ടിനിരത്തലുകൾ പതിവാണല്ലോ? അതിന്റെ ലൊട്ടയായി ലഘൂകരിക്കുന്നത് മറ്റൊരു അജണ്ടയുടെ ഭാഗമാണ്.ഇതു തിരിച്ചറിയാതെ(ഇടതിലെ വർഗ്ഗീയ് നുഴഞ്ഞുകയ്അറ്റങ്ങൾ) പോകുന്നതാണ് പലപ്പോഴും ആപത്ത് വരുത്തുന്നത്.

    വലതിനെ വലതായി തന്നെ കാണുമ്പോൾ അതിൽ വിമർശനങ്ങൾക്ക് പ്രസക്തിയില്ലല്ലോ?

    വർക്കേഴസ് ഫോരത്തിന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ. ക്രിയാത്മകമായ കമന്റുകൾ ഉൾക്കൊള്ളുവാൻ കഴിയും എന്നുകരുതുന്നു.

    ReplyDelete
  10. " ജീവന്‍ കൊടുത്ത് കെട്ടിപ്പൊക്കിയപ്രസ്ഥാനം..... ആ പ്രസ്ഥാനം ഇന്നു ചിലർ ചുളുവിൽ അടിച്ചൂമാറ്റി തങ്ങളുടെ ഹിഡൻ അജണ്ട നടപ്പിലാക്കുവാൻ ഉള്ള ശ്രമങ്ങളെ യദാരഠ്ഹ വിപ്ലവബോധം മുള്ളവർക്ക് ഒരു പക്ഷെ അംഗീകരിക്കുവാൻ കഴിയില്ല..."

    സുഹൃത്തെ ജീവന്‍ കൊടുത്തതിന്‍റെ പാറ്റെന്റ്റ് താന്കള്‍ മാത്രം ചുളുവില്‍ അടിച്ചു മാറ്റല്ലേ. താന്കളും തറ educated illiterate നെ പോലെ സംസാരിക്കല്ലേ.'ചിലര്‍'അടിച്ചു മാറ്റുമ്പോള്‍ പി.ബി. യിലും സി.സി യിലും ഇരിക്കുന്ന ഭൂരിപക്ഷം'മറ്റുള്ളവര്‍' നോക്കി ഇരിക്കുന്നതാണോ. അതല്ല ഈ 'ചിലര്‍'മഹാ മജിശ്യന്മാരാണോ.'മറ്റുള്ള'വരുടെ തലച്ചോര്‍ അഖിലെന്ത്യാ തലത്തില്‍ തന്നെ 'ചിലര്‍' വിലക്കെടുത്തോ.അല്ലാ പാര്‍പിടനെ പോലുള്ളവരുടെ തലച്ചോര്‍ മാത്രേ പ്രവര്‍ത്തിക്കുന്നുല്ലോ.പിന്നെ ഈ ഹിഡന്‍,ഹിഡന്‍ അജണ്ട എന്നാല്‍ എന്താ സാര്‍.ആ ഹിഡന്‍ എടുത്തു പുറത്തിടൂ സാര്‍.തെഹല്‍ക്ക, ബി.ജെ.പ്പി ക്കാരന്‍ ബന്കാര് ലക്ഷ്മനെ എടുത്തു പുറത്തിട്ട പോലെ,കാശ് വാങ്ങി പെട്ടിയിലിട്ടത് നമ്മളൊക്കെ കണ്ടു 'ബോധിച്ഛല്ലോ'. മനുഷ്യക്കടത്തിന് ബി.ജെ.പി കാരന്‍ എം.പി.കാശ് വാങ്ങുന്നതും നമ്മള്‍ കണ്ടു ബോധിച്ചില്ലേ.ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ കാശ് വാങ്ങി പോക്കറ്റില്‍ ഇട്ടതും 'കണ്ടു' ബോധിച്ചു ...ഈ കേരള രാജ്യത്തില്‍ കാക്കത്തൊള്ളായിരം മാര്‍ഡോക്ക് നെറ്റുകളും,മുനീര്‍ വിഷനുകളും,റബ്ബര്‍ പത്രങ്ങളും ഇല്ലേ സാര്‍. താന്കള്‍ പറഞ്ഞ ചിലരില്‍ 'ചിലര്‍' ഇതാ ഇന്ന സ്ഥലത്ത് വച്ച് ഇന്ന വെറുക്കപ്പെട്ടവനുമായി ഇന്ന രീതിയില്‍ 'ഇടപാട്'നടത്തിയതിന്‍റെ ഓഡിയോ, അഥവാ വീഡിയോ ഞങ്ങള്‍ ഇതാ പ്രക്ഷേപണം ചെയു‌ന്നു എന്ന് നമുക്കു കാണിച്ചു തന്നിരുന്നെന്കില്‍ ഇന്നു തന്നെ നമുക്കു ഈ 'ചിലരെ'പരസ്യമായി കാറിത്തുപ്പാം.ഇന്ന മാഫിയയുമായി ഇന്ന 'ചിലര്‍' ഇന്ന വിദേശ/സ്വദേശ ആഡംബര ഹോട്ടലില്‍ ബന്ധപ്പെട്ടു,ഇന്ന തീയതി,ഇതാ തെളിവ്,എന്ന് ബോധ്യപ്പെടുത്തി തന്നെന്കില്‍ നമുക്കു ഈ'ചിലരുടെ' തുണി ഉരിയാം സാര്‍.എന്താ നമ്മുടെ മാധ്യമങ്ങള്‍ അത്ര ഷണ്ടന്‍മാര്‍ ആണോ.അതല്ല ഈ 'ചിലര്‍' അത്ര സ്മാര്‍ട്ട് ആണോ.അതല്ലാതെ 'പൊതു' താല്പര്യ ഹരജിയുമായി ആര്ക്കും കോടതിയില്‍ പോയി ആരെയും ഇന്നത്തെ കാലത്ത് നാറ്റിക്കാം.എന്നെയും താന്കളെയും.ഒരു മന്ത്രി രണ്ടര വര്ഷം ഒരു വകുപ്പില്‍ ഭരിക്കുന്നു.ഏറ്റവും കാര്യക്ഷമമായി ഭരിച്ചത്തിനു,പവര്‍ കട്ട് കേരളത്തില്‍ നിന്നു തുടച്ചു നീക്കിയതിന് രണ്ടാമത്തെ വലിയ പത്രം മന്ത്രിയെയും ബോര്‍ഡിനെയും പ്രകീര്‍ത്തിച്ച്ചു എഡിറ്റോറിയല്‍ എഴുതുക.ആറു വര്ഷം കഴിയുമ്പോള്‍ പിന്നെ ഒരിക്കലും ഒരു വകുപ്പും ഭരിക്കാത്ത പഴയ മന്ത്രി രണ്ടര വര്‍ഷത്തെ ഭരണത്തില്‍ അഴിമതി നടത്തിയെന്ന് ആ പത്രം തന്നെ പറയുക.ആദ്യം പറഞ്ഞതോ,രണ്ടാമത് പറഞ്ഞതോ ഏത് വിശ്വസിക്കണം.പൈങ്കിളി ലെവലില്‍ അല്ലാതെ യുക്തി ഭദ്രമായി ഇതൊന്നും തലയില്‍ കേറുന്നില്ല സാര്‍.
    താന്കളും ഞാനും മരവുരി ധരിച്ചു,പച്ചവെള്ളം കുടിച്ചു,ചെരിപ്പിടാതെ,കിലോമീട്ടരുകളോളം നടന്നു ചാണം മെഴുകിയ തറയില്‍ ഇരുന്നു പണ്ടു കൃഷ്ണപ്പിള്ള ചെയ്തപോലെ ആണല്ലോ വിപ്ലവം നടത്തുന്നത്.എന്‍റെ കീബോര്‍ഡ് മരത്തിന്‍റെതും,മോണിട്ടര്‍ കാര്‍ ബോര്‍ഡ് കൊണ്ടും മൌസ് കടലാസുകൊണ്ടും നിര്‍മ്മിച്ചതാണ്‌ താങ്കളുടെതോ... പിന്നെ വര്‍ഗ്ഗീയ നുഴഞ്ഞു കയറ്റം എന്താണ്.ടി.കെ.ഹംസയും,മാക് അലിയും, സെബാസ്ട്യന്‍ പോളും,നുഴഞ്ഞു കയറിയതാ.വേണം,വേണം പരിശുദ്ധി നിലനിര്‍ത്തണ്ടേ.ഒന്നു പോ മാഷേ.

    OT.പുതിയ ലക്കം'വനിത'കാണുക.നമ്പി നാരായണന്‍ന്‍റെ കദനകഥ വായിക്കാം.അതെ ഐ.എസ്.ആര്‍.ഓ ചാരനെന്ന് മനോരമ പ്രതിപക്ഷത്തെക്കാളും മുദ്ര കുത്തിയ നമ്പി നാരായണന്‍. ഓ,എന്തൊരു ഒലിപ്പിക്കല് വനിത വക.വായിച്ചാല്‍ 'കരഞ്ഞു'പോകും കേട്ടോ.ഇതേ മനുഷ്യനെ ആണ് ഒരു ഷക്കീലസചിത്ര നായകനെ പോലെ മനോരമ അവതരിപ്പിച്ചത്.ഒരു വ്യാഴ വട്ടം മുമ്പ്.അപ്പോള്‍ ഏതാണ് സത്യം അന്ന് പറഞ്ഞതോ, ഇന്നു പറയുന്നതോ..സോറി, ഞാന്‍ സഹിഷ്ണുത കൂടിയ പാര്പിടത്തില്‍ പൊറുക്കാന്‍ തീരുമാനിച്ചിട്ടില്ല.ഒന്നു 'തറയില്‍' ഇരുന്നോട്ടെ.

    ReplyDelete
  11. പരിമിതമായ സ്വാ‍ാതന്ത്രത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് താങ്കളുടേ കമന്റിനു മറുപടീ പറയുവാൻ നിൽക്കുന്നില്ല. പിന്നെ ഞാൻ ഉദ്ദേശിച്ചത് മനസ്സിലാകേണ്ടവർക്ക് മനസ്സിലായിക്കാണും.ഇതു ഞാൻ മാത്രം പറയുന്നത് അല്ല പല തലങ്ങളിൽ നട്ടക്കുന്ന ചർച്ചയാണ്. സങ്കീർണ്ണമായ കാര്യങ്ങൾക്ക് വിപുലമായ വിശദീകരണങ്ങൾ പലപ്പോഴും ആവശ്യം വരും.പക്ഷെ അതിനു യോജിച്ച ഒരു ഇടമല്ല ഞാൻ ഇരിക്കുന്നത്.

    പിന്നെ ബി.ജെ.പി & മനോരമ ഹ്ഹാഹ് ഹ്ഹാഹ..ബി.ജെ.പി. അത് ഒരു രാഷ്ടീയ ....കേരളത്തിൽ, അതിനെ കുറിച്ച് എന്തുപറയുവാൻ ഹഹഹ .

    ReplyDelete
  12. പാർപ്പിടത്തോടു ഘൊര ഘോരം വാദിക്കുന്ന അനോണിപറയുന്നത് പാർപ്പിടത്തിനോ മറിച്ചൊ മനസ്സിലാകുന്നില്ല അല്ലെങ്കിൽ ഇല്ലെന്ന് നടിക്കുന്നു. അനോണി പറയുന്നവർ അല്ല നുഴഞ്ഞുകയറിയവർ.നുഴഞ്ഞുകയറ്റം പ്രാദേശിക തലത്തിൽ ആണ്.ഇങ്ങനെ കയറുന്നവർ ഉണ്ടാക്കുന്ന പുകിലുകൾ പാർടിക്ക് ചീത്തപ്പേരുണ്ടാക്കുന്നു എന്നത് ഒരു സത്യമല്ലെ?

    കഴിഞ്ഞദിവസം മാധ്യമത്തിൽ തുടർച്ചയായി ഒരു ലേഖനം വന്നിരുന്നു.മാധ്യമം പലർക്കും ഒരു വിശ്വാസയോഗ്യമായ പത്രം ആണല്ലോ? മനോരമക്കും മാതൃഭൂമിക്കും “ഇല്ലാത്ത”(ഞാൻ പറയുന്നതല്ല) “നിഷ്പക്ഷത”(ഇതും ഞാൻ പറയുന്നതല്ല) അവർക്കുണ്ടെന്ന് കരുതുന്ന ആളുകൾ അതെന്തേ കണ്ടില്ല?

    ഷൊർണ്ണൂരും ഒഞ്ചിയവും ആലപ്പുഴയും കേവലം നിസ്സാരസംഭവങ്ങൾ അല്ലെന്നും എന്തുകൊണ്ട് പലരും പാർടിവിടുന്നു എന്നും സാമാന്യ ബോധം ഉള്ളവർക്ക് മനസ്സിലാ‍ക്കാം.ആശയസമരം നടക്കുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത അനോണികളെ അവഗണിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല ഹേ!

    പിന്നെ പാർളിമെന്റെ തിരഞ്ഞെടുപ്പ് അല്ലേ വരുന്നത് കാത്തിരുന്നു കാണാം.തോൽക്കുമ്പോൾ വർഗ്ഗീയ - അവിശുദ്ധ കൂട്ടുകെട്ട് എന്ന് വെണ്ടക്ക നിരതിയും മറ്റും സമാധാനിക്കാം.കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ പോയി കാര്യങ്ങൾ നേടുവാൻ കഴിയാത്ത ഇടതിനേക്കാൾ നല്ലത് വലതുതന്നെ ആണ്.

    ReplyDelete
  13. മനസ്സില്‍ സന്കീര്‍ണതകളും,പകയും വെറുപ്പും ഒക്കെ കൊണ്ടു നടക്കുമ്പോള്‍ എല്ലാം സന്കീര്‍ണമായി തോന്നും.അങ്ങനെ ആവുമ്പോള്‍ സുതാര്യമായി,ലളിതമായി പറയാന്‍ സാധ്യമല്ലാതെ വരും."യോജിച്ച' ഇടം വേണ്ടി വരും,നിരൂപിക്കാന്‍.താങ്കള്‍ക്കു നന്മ വരട്ടെ.പിന്നെ,മനസ്സിലായി കാണും എന്ന് ഏകപക്ഷീയമായി താങ്കള്‍ക്കു പ്രഖ്യാപിക്കാം.അങ്ങനെ വേണമെന്നു ശഠിക്കരുത്.

    "കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ പോയി കാര്യങ്ങൾ നേടുവാൻ കഴിയാത്ത ഇടതിനേക്കാൾ നല്ലത് വലതുതന്നെ ആണ്",എന്ന മറുപക്ഷത്തിന്‍റെ അഭിപ്രായം 'സങ്കീര്‍ണത'ഇല്ലാതെ തുറന്നു പറഞ്ഞതിന് നമോവാകം.കാരണം മറുപക്ഷം മറക്കു പിന്നില്‍ ഒരഭിപ്രായവും,മുന്നില്‍ ഇടതിന്‍റെ 'വലതുവല്‍ക്കരണ'ത്തില്‍ ഉള്ള കപട ആസ്ത്മയും പ്രകടിപ്പിക്കാത്തത് കൊണ്ടു തന്നെ. എങ്കിലും ഞാന്‍ തീര്‍ച്ചയായും മരുപക്ഷത്തോടു ബഹുമാനപൂര്‍വ്വം വിയോജിക്കുന്നു.പിന്നെ പ്ലീസ്, മാധ്യമം പത്രത്തെ ഒക്കെ കൊട്ട് ചെയ്യല്ലേ.അതിലും ഭേദം മനോരമ അല്ലെ.

    ReplyDelete
  14. "ബാങ്കുകളുടെ നിലനില്‍പ്പുതന്നെ വിശ്വാസത്തിന്റെ അടിത്തറയിലാണ്"
    വിശ്വാസമെന്നതു അന്ധവും അശാസ്ത്രീയവുമല്ലേ? അതിനെ അടിസ്ഥാനമാക്കിയുള്ളതൊക്കെ പിന്തിരിപ്പൻ മൂരാച്ചികളൂടെ ചൂഷണോപകരണങ്ങളല്ലേ?

    ReplyDelete