Saturday, August 1, 2009

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദുരന്തപരിണാമങ്ങള്‍ എം ആര്‍ മസാനി മുതല്‍ വീരേന്ദ്രകുമാര്‍ വരെ

"അണ്ടിയോടടുക്കുമ്പോഴാണ് മാങ്ങയുടെ പുളിയറിയുക'' എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. അതേ പോലെ രാജ്യവും ജനങ്ങളും നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളോട് അടുക്കുമ്പോഴാണ് ഓരോ രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെയും അതിന്റെ നേതാക്കളുടേയും യഥാര്‍ത്ഥ സ്വഭാവം വെളിച്ചത്താവുക. ഇന്ത്യ അതിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരുരാഷ്‌ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത അടിമത്തകരാറുകളും ഉടമ്പടികളും സാമ്പത്തിക പരിഷ്‌ക്കാരങ്ങളും അടിച്ചേല്പ്പിക്കപ്പെടുകയാണ്. 15-ാം ലോകസഭാതിരഞ്ഞെടുപ്പിലെ ജനവിധിയുടെ അനുകൂലമായ സാഹചര്യം ഉപയോഗിച്ച് നവലിബറല്‍ നയങ്ങള്‍ തീവ്രഗതിയില്‍ നടപ്പാക്കുകയാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അമേരിക്കയ്ക്ക് അടിയറവെക്കുന്ന 123 കരാറും ഹൈഡ് ആൿടുമെല്ലാം വിവാദപരമായിത്തീര്‍ന്ന സാഹചര്യത്തിലായിരുന്നല്ലോ ജനതാദള്‍കൂടി ഉള്‍പ്പെട്ട ഇടതുപക്ഷം യു പി എ സര്‍ക്കാരിനു നൽ‌കിയ പിന്തുണ പിന്‍വലിക്കേണ്ടിവന്നത്.

ഇത്തരമൊരു ദേശീയസാഹചര്യമായിരുന്നല്ലോ സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിച്ച് കോണ്‍ഗ്രസ്സ് മുന്നണിയിലേക്ക് ചേക്കേറാനുള്ള വീരേന്ദ്രകുമാറിന്റെ കരുനീക്കങ്ങള്‍ അന്ന് ഉപേക്ഷിക്കാന്‍ ജനദാദളിനെ നിര്‍ബ്ബന്ധിച്ചത്. ആഗോളവല്‍ക്കരണനയങ്ങളോടും ആണവകരാറിനോടുമെടുത്ത തങ്ങളുടെ ആദര്‍ശാധിഷ്ഠിത നിലപാട് മാറ്റിവെച്ചുകൊണ്ട് സമാജ്‌വാദി പാര്‍ട്ടിയുമായൊരു ലയനം അണികളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാവുമെന്നതുകൊണ്ടുതന്നെയാണ് വീരേന്ദ്രകുമാര്‍ എല്‍ ഡി എഫില്‍ ഉറച്ച് നിന്നതും ആണവ കരാറിനെതിരെ ആഞ്ഞടിച്ചതും. വിശ്വാസവോട്ടെടുപ്പ് വേളയില്‍ അദ്ദേഹം പാര്‍ലിമെന്റില്‍ കുഴഞ്ഞുവീഴുകവരെയുണ്ടായി!

കോഴിക്കോട് സീറ്റ് പ്രശ്‌നത്തെ വിവാദമാക്കിക്കൊണ്ട് കോണ്‍ഗ്രസ്സ് മുന്നണിയിലേക്ക് ചേക്കേറിയ വീരേന്ദ്രകുമാറിന്റെ രാഷ്‌ട്രീയനിലപാടുകളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ എഴുതിയും പ്രസംഗിച്ചും നടന്ന ഒരാള്‍ നവലിബറല്‍ നയങ്ങളുടെ ഒന്നാം നമ്പര്‍ നടത്തിപ്പുകാരുടെ കൂടെ ചേര്‍ന്ന് സി പി ഐ (എം)നും അതിന്റെ നേതാക്കള്‍ക്കുമെതിരെ അപവാദങ്ങള്‍ വിളിച്ചുപറഞ്ഞും പോര്‍വിളി നടത്തിയും വിഹരിക്കുന്നത് ജനതാദള്‍ അണികളുടെ കമ്യുണിസ്‌റ്റ് വിരോധമെന്ന മൂലധനബലത്തിലാണ്. കുടിവെള്ളചൂഷണം മുതല്‍ ബാങ്കിംഗ്-ഇന്‍ഷുറന്‍സ് മേഖലകളിലും ഭക്ഷ്യസംസ്‌ക്കരണരംഗത്തും കാര്‍ഷികരംഗത്തുമെല്ലാം കടന്നുവരുന്ന കോര്‍പറേറ്റ് അധിനിവേശത്തെക്കുറിച്ച് മലയാളികളെ ഉദ്ബോധിപ്പിച്ച ഒരാള്‍ അത്തരം നയങ്ങളുടെ ഉപജാപകന്മാരും കാര്‍മ്മികരുമായ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് കമ്യൂണിസ്റ്റ്റുകാരെ പാഠംപഠിപ്പിക്കുമെന്ന് വീമ്പിളക്കുകയാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ ആദര്‍ശാത്മകനിലപാടുകളെ അത്തിമരത്തില്‍വെച്ച് ഇദ്ദേഹമിപ്പോള്‍ ജനതാദളിനെ മുതലപ്പുറത്ത് കയറ്റി നിറയെ ചുഴികളും അടിയൊഴുക്കുകളും നിറഞ്ഞ കോണ്‍ഗ്രസ് മുന്നണിയിലേക്ക് യാത്രയാക്കുകയാണ്. മുതലയെപറ്റിച്ച് അത്തിമരത്തിലേക്ക് തിരിച്ചുപോന്ന പഴങ്കഥയിലെ കുരങ്ങന്റെ ബുദ്ധി പ്രസിദ്ധമാണല്ലോ. ഇടതുപക്ഷമുന്നണിയിലെ അനൈക്യത്തെയും സി പി ഐ (എം)ന്റെ വല്യേട്ടന്‍ മനോഭാവത്തെയുംകുറിച്ച് തന്റെ നിയന്ത്രണത്തിലുള്ള പത്രത്തില്‍ തുടര്‍ക്കഥകളും, ഗോസിപ്പുകളും നിരത്തി ദ്രോഹകരമായ കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് സന്ധിയാവുന്ന അവസരവാദരാഷ്‌ട്രീയത്തെ ഏറെക്കാലമൊന്നും വീരേന്ദ്രകുമാറിന് മുന്നോട്ടുകൊണ്ടുപോകാനാവില്ല. നേതൃത്വം സ്വീകരിച്ച അവസരവാദപരമായ നിലപാടുകളാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപരമായ ദുരന്തങ്ങള്‍ക്ക് കാരണമായത്. ബ്രിട്ടീഷ് വിരുദ്ധസമരകാലം മുതല്‍ ജനതാപാര്‍ട്ടി പരീക്ഷണംവരെയുള്ള ചരിത്രാനുഭവങ്ങള്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ അവസരവാദപരവും കമ്യൂണിസ്റ്റ് വിരോധത്തിലൂന്നുന്നതുമായ നിലപാടുകളാണ് എല്ലാക്കാലത്തും വലതുപക്ഷവര്‍ഗ്ഗീയ ശക്തികള്‍ക്ക് വളം വെച്ചിട്ടുള്ളത് എന്നാണ്.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാസോഷ്യലിസ്റ്റ് നേതൃത്വം സ്വീകരിച്ചുപോന്ന സോവിയറ്റ്വിരുദ്ധതയും കമ്യൂണിസ്റ്റ് വിരോധവും കുപ്രസിദ്ധമാണല്ലോ. സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമിടയില്‍ വ്യക്തമായൊരു രാഷ്‌ട്രീയനിലപാട് സ്വീകരിക്കാന്‍ കഴിയാതെപോയതാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തിന് വഴിയൊരുക്കിയത്. എം ആര്‍ മസാനിയുടെ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളോട് സമരം ചെയ്ത് കമ്യൂണിസ്‌റ്റുകാരുമായി സഹകരിച്ചുകൊണ്ടൊരു പ്രതിപക്ഷം കെട്ടിപ്പടുക്കാനാണ് ജയപ്രകാശ് നാരായണനെപ്പോലുള്ള നേതാക്കള്‍ ശ്രമിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടെടുത്ത ചരിത്രസന്നര്‍ഭങ്ങളിലെല്ലാം സോഷ്യലിസ്‌റ്റുകള്‍ ശിഥിലമാകുന്നതാണ് കണ്ടത്. ഇപ്പോള്‍ ജനതാദള്‍ സ്വീകരിച്ചിരിക്കുന്ന കോണ്‍ഗ്രസ് അനുകൂലനിലപാടുകള്‍ ആത്മഹത്യാപരമാണെന്ന് ചരിത്രബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. വീരേന്ദ്രകുമാറിന്റെ മലക്കം മറിച്ചിലുകള്‍ കേരളത്തിലെ ആഗോളവല്‍ക്കരണവിരുദ്ധ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതും വലതുപക്ഷ രാഷ്‌ട്രീയത്തെ സേവിക്കുന്നതുമാണെന്ന് ജനതാദള്‍ പ്രസ്ഥാനത്തിലെ സാധാരണപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിലെതന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനം എസ് പിയും കെ എസ് പിയും എസ് എസ് പിയുമെല്ലാമായി ശിഥിലമായതും രൂപപരിണാമങ്ങള്‍ക്ക് വിധേയമായതും കോണ്‍ഗ്രസ് അനുകൂലനിലപാട് മൂലമാണ്. 1970 കളില്‍ സോഷ്യലിസ്റ്റ്പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിന്റെ പരിണതഫലമെന്തായിരുന്നുവെന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിലെ അണികളില്‍ വലിയൊരുവിഭാഗം ആര്‍ എസ് എസ്സിലേക്കെത്തിച്ചേരുകയായിരുന്നു. മലബാറിലെ ഇന്നത്തെ ആര്‍ എസ്സ് എസ് കേന്ദ്രങ്ങളെല്ലാം പഴയസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമേഖലകളായിരുന്നു. പി ആര്‍ കുറുപ്പിന്റെ ജന്മസ്ഥലമായിരുന്ന പാനൂര്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ്സിന് വേരോട്ടമുണ്ടാക്കിയത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ രാഷ്‌ട്രീയ മലക്കം മറിച്ചിലുകളാണ്. ഇടതുപക്ഷ ജനാധിപത്യനിലപാടുകളെ കയ്യൊഴിഞ്ഞ് താല്‍ക്കാലികമായ ക്ഷോഭത്തിന്റെയോ സങ്കുചിതമായ രാഷ്‌ട്രീയ താത്പര്യങ്ങളുടേയോ പ്രേരണയാല്‍ എടുക്കുന്ന അവസരവാദ നിലപാടുകള്‍ ആഗോളവത്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. മാത്രമല്ല ഇന്ത്യയുടെ സവിശേഷസാഹചര്യത്തില്‍ അത്തരം നിലപാടുകള്‍ വര്‍ഗ്ഗീയഫാസിസത്തിനുഗുണമായി പരിണമിക്കുന്നതാണെന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

വര്‍ഗ്ഗീയകലാപങ്ങള്‍കൊണ്ട് കുപ്രസിദ്ധമായ മഹാരാഷ്‌ട്രയിലെ മാലെഗാവ് മുമ്പ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമേഖലയായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ ശിവസേനയും ആര്‍ എസ് എസും ഈ പ്രദേശത്തെ മുസ്ളീങ്ങള്‍ക്കെതിരെ കലാപം അഴിച്ചു വിടാന്‍ എല്ലായ്പ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഛത്രപതി ശിവജിയെ തടവിലാക്കിയ ഔറംഗസീബിന്റെ പടനായകന്‍ അഫ്‌സല്‍ഘാന്‍ ജനിച്ചത് മലെഗാവിലായിരുന്നു. ഹിന്ദുത്വവാദികള്‍ മലെഗാവിലെ മുസ്ളീങ്ങളെ അഫ്‌സല്‍ഘാന്റെ പിന്തുടര്‍ച്ചക്കാരായിട്ടാണ് ചിത്രീകരിച്ചുപോരുന്നത്. വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ എല്ലാകുത്തിത്തിരുപ്പുകളെയും രണ്ടുദശാബ്ദക്കാലം മുമ്പുവരെ മലെഗാവിലെ ഹിന്ദുക്കളും മുസ്ളീങ്ങളും ഒന്നിച്ചുനിന്ന് എതിരിട്ടിരുന്നു. മതേതരരാഷ്‌ട്രീയത്തിന് ഈ പ്രദേശത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി സ്വാധീനം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. നിഹില്‍ അഹമ്മദ് എന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ് സ്ഥിരമായി മലെഗാവ് മണ്ഡലത്തെ മഹാരാഷ്‌ട്ര അസംബ്ളിയില്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിവിടുകയും പല സോഷ്യലിസ്റ്റ് നേതാക്കളും കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയും ചെയ്തതതോടെ ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയം നിലനിന്നിരുന്ന ഈ പ്രദേശം ആര്‍ എസ് എസ്സിന്റെ സ്വാധീനവലയത്തിലാകുകയായിരുന്നു. ബാബറി മസ്‌ജിദ് സംഭവത്തോടെ മാലെഗാവ് ഇരുവര്‍ഗ്ഗീയതയുടെയും വിളയാട്ടരംഗമായി മാറുകയായിരുന്നു. മതേതരരാഷ്‌ട്രീയത്താലും തൊഴിലാളിസംഘടനകളാലും വര്‍ഗ്ഗീയതയെ പ്രതിരോധിച്ചിരുന്ന മലെഗാവിലെ ജനങ്ങളെ കോണ്‍ഗ്രസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയിടാന്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ കളിച്ച അവസരവാദരാഷ്‌ട്രീയത്തിന്റെ കൂടി ദുരന്തഫലമാണിന്നത്തെ അവിടുത്തെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം.

കേരളത്തിലെ ഇടതുപക്ഷമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം)ന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വേണ്ടി കുഴലൂത്ത് നടത്തിയതെങ്കില്‍, രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന രാഷ്‌ട്രീയമായ നിലപാടുകളും ആശയാദര്‍ശങ്ങളും ഒരു പ്രതികാരവാഞ്ഛക്കുവേണ്ടി വലിച്ചെറിയാവുന്നത്ര നിസ്സാരമാണോ? സാമ്രാജ്യത്വത്തിന്റെ നവലിബറല്‍ നയങ്ങള്‍ ജീവകോശങ്ങളെപോലും പേറ്റന്റ് ചെയ്യുന്ന ആസുരകാലത്തെകുറിച്ച് എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും നടത്തിയ ആശങ്കകള്‍ ഒരു പാര്‍ലമെന്റ് സീറ്റിന്റെ തര്‍ക്കത്തോളം മാത്രം ആയുസ്സ് ഉള്ളതാണെന്നാണോ നാം മനസ്സിലാക്കേണ്ടത്.

ബൂര്‍ഷ്വാസോഷ്യലിസ്‌റ്റുകള്‍ക്ക് തങ്ങളുടെ ആദര്‍ശങ്ങളോട് അത്രയേകൂറുള്ളുവെന്ന് എം ആര്‍ മസാനി മുതല്‍ ഇപ്പോള്‍ വീരേന്ദ്രകുമാര്‍ വരെ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാ പാര്‍ലിമെന്ററി വ്യവസ്ഥക്കകത്തെ അധികാരം പങ്കുവെയ്‌ക്കുന്നതിലെ അവസരങ്ങളെക്കുറിച്ചല്ലാതെ ജനതയുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ ഒരിക്കലും പ്രതിബദ്ധരെല്ലന്ന് സ: ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ബദലായ ഒരു ബൂര്‍ഷ്വാപാര്‍ലിമെന്ററി പാര്‍ട്ടി എന്ന ധര്‍മ്മംപോലും നിര്‍വ്വഹിക്കാനാവാത്തവിധം ഇന്ത്യയിലെ സോഷ്യലിസ്‌റ്റ് പ്രസ്ഥാനം അപചയവിധേയമായിരിക്കുന്നു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസും നിധീഷ്‌കുമാറും പോലുള്ളവര്‍ ബി ജെ പിയുടെ ഭ്രമണപഥത്തിലാണ്. എഴുപതുകളിലെ ജയപ്രകാശ് നാരായണന്റെ വിപ്ളവപരിപാടിയില്‍നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് ദേശീയ രാഷ്‌ട്രീയരംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച ലാലുവും ബൂര്‍ഷ്വാപാര്‍ലിമെന്ററി രാഷ്‌ട്രീയത്തിന്റെ യാതൊരു തത്വദീക്ഷയുമില്ലാത്ത അധികാരക്കളിയിലാണ്. വര്‍ഗ്ഗസമരത്തിന് പകരം വര്‍ണ്ണസമരം വിഭാവനം ചെയ്ത ലോഹ്യയുടെ അനുയായികള്‍ ജാതിരാഷ്‌ട്രീയം കളിച്ച് പാര്‍ലിമെന്ററിപദവികള്‍ക്കായി മത്സരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളുടെയും സാമ്രാജ്യത്വവിരുദ്ധവീക്ഷണത്തിന്റെയും അഭാവത്തില്‍ ഈ പഴയ സോഷ്യലിസ്‌റ്റ് വിഭാഗങ്ങളെല്ലാം കോണ്‍ഗ്രസ്സിന്റെയും ബി ജെ പിയുടെയും പാശ്വവര്‍ത്തികളോ കുഴലൂത്തുകാരോ ആയി നാനാവിധമായിരിക്കുകയാണ്. യുറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെപ്പോലെ പാര്‍ലിമെന്ററിരംഗത്ത് തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതിലപ്പുറം ബഹുജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമീപനങ്ങളൊന്നും സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കിന്നില്ല. കമ്യൂണിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം അത് മുന്നോട്ടുവെയ്ക്കുന്ന ജനകീയ ജനാധിപത്യവിപ്ളവപരിപാടിയെ ലക്ഷ്യത്തിലെത്തിക്കാനുള്ള അടവുപരമായ സമീപനമെന്ന നിലയിലാണ് തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത്. പാര്‍ലിമെന്റേതരപ്രവര്‍ത്തനങ്ങളുടെ ഭാഗവും തുടര്‍ച്ചയുമെന്നനിലയിലാണ് കമ്യൂണിസ്‌റ്റുകാര്‍ പാര്‍ലിമെന്ററിസമരത്തെ കാണുന്നത്. ജനകീയ ജനാധിപത്യ വിപ്ളവപ്രക്രിയയിലേക്കെത്തിച്ചേരാനുള്ള പ്രവര്‍ത്തനമെന്ന നിലയിലാണ് തിരഞ്ഞെടുപ്പ് മുന്നണി ബന്ധങ്ങളെയും അതിനാവശ്യമായ അടവുനയങ്ങളെയും കമ്യൂണിസ്‌റ്റുകാര്‍ രൂപപ്പെടുത്തുന്നത്. അതില്‍ വരുന്നപാളിച്ചകളും തെറ്റുകളും കണ്ടെത്തിയും കലവറയില്ലാതെ തുറന്നുപറഞ്ഞുമാണ് കമ്യൂണിസ്‌റ്റുകാര്‍ മുന്നോട്ടുപോകുന്നത്.

എന്നാല്‍ വ്യക്തമായ നയമോ ലക്ഷ്യമോ ഇല്ലാത്ത ബൂര്‍ഷ്വാസോഷ്യലിസ്‌റ്റുകള്‍ എപ്പോഴും തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉപജാപങ്ങളും കുത്തിത്തിരിപ്പുകളും നടത്തിക്കൊണ്ടിരിക്കും. വീരേന്ദ്രകുമാര്‍ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങള്‍ വ്യക്തിപരമായ സ്വഭാവവിശേഷമെന്നതിലുപരി രണ്ടാമത്തെ ഇന്റര്‍നാഷണലിന്റെ (രണ്ടാം ഇന്റര്‍ നാഷണലിന്റെ പരിഷ്‌ക്കാരങ്ങളുടെ നിലപാടുകളുടെ തുടര്‍ച്ച) കമ്യൂണിസ്റ്റ് വിരുദ്ധ ഗുഢാലോചനയുടെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസ് വിരുദ്ധമായ ഒരു രാഷ്‌ട്രീയ ബദലിന്റെ സന്ദിഗ്ധത കമ്യൂണിസ്റ്റ് വിരുദ്ധമായ പ്രത്യയശാസ്‌ത്രവിചാരത്തിന്റെ വിഷമവൃത്തത്തിലും പെട്ടുപോയ ഇന്ത്യയിലെ സോഷ്യലിസ്‌റ്റുകള്‍ ദുഷിപ്പും ഉപജാപവുംകൊണ്ട് എതിരാളികളെ നേരിട്ടവരാണ്. മാതൃഭൂമിയുടെ ലേഖകനായിരുന്ന പരേതനായ എം ബാലകൃഷ്ണക്കുറുപ്പ് "സോഷ്യലിസ്റ്റുകളെ''കുറിച്ച് നടത്തിയ നിരീക്ഷണം ഒരു മുതിര്‍ന്ന പാര്‍ട്ടി സഖാവ് ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഞങ്ങളുടെയൊക്കെ ആദരണീയനായ സുഹൃത്തായിരുന്നു ബാലകൃഷ്ണക്കുറുപ്പ്. ദുഷിപ്പും നുണയും ഈയുള്ള ലോകത്ത് നിലനിൽ‌ക്കുന്ന കാലത്തോളം "സോഷ്യലിസ്റ്റുകള്‍ക്ക് നിലനിൽക്കാനാവുമെന്നായിരുന്നു ബാലകൃഷ്ണകുറുപ്പിന്റെ നിരീക്ഷണം. ഇത് ആത്മനിഷ്ഠമായൊരു നിരീക്ഷണമാകാം. പക്ഷെ 30 കളിലും 50 കളിലും സാര്‍വ്വദേശീയതലത്തില്‍ തന്നെ ഉപജാപങ്ങളും ഗൂഢാലോചനകളും നടത്തിയാണ് ഇന്റര്‍നാഷണല്‍ എന്നുവിളിക്കുന്ന സോഷ്യലിസ്റ്റ് ഇന്റര്‍ നാഷണലിലെ അംഗപാര്‍ട്ടികളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വേട്ടയാടിയത്. എം ആര്‍ മസാനിയെപോലുള്ളവര്‍ ഇന്ത്യയില്‍ ചെയ്‌തതുമതാണ്. എന്നാല്‍ ജയപ്രകാശിനെ പോലുള്ളനേതാക്കള്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിച്ച് പോകുന്ന നിലപാടുകള്‍ക്കുവേണ്ടി വാദിച്ചവരായിരുന്നു. ലോഹ്യയെപ്പോലുള്ളവര്‍ ജയപ്രകാശിന്റെ കൂടെ നിന്നവരായിരുന്നുവെങ്കിലും പലപ്പോഴും ചാഞ്ചാടിക്കളിച്ചിട്ടുണ്ട്.

ഈയൊരു ചരിത്രപരവും രാഷ്‌ട്രീയവുമായ പശ്ചാത്തലത്തില്‍വേണം വീരേന്ദ്രകുമാറിന്റെ നിലപാടുകളെ കാണേണ്ടത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സാമൂഹ്യനീതിക്കും ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെയുമുള്ള ഇടതുപക്ഷനിലപാടുകളുടെ കൂടെ നിന്നതാണ് ജനതാദളിനെ സമീപകാലത്ത് പ്രസക്തമാക്കിയത്. ഉറച്ച ആഗോളവല്‍ക്കരണവിരുദ്ധ നിലപാടുകള്‍ എടുക്കാന്‍ വര്‍ഗ്ഗപരമായ പരിമിതികള്‍കൊണ്ടുതന്നെ ബൂര്‍ഷ്വാരാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് കഴിയില്ല. ഗാട്ടിന്റെ കാണാച്ചരടുകളെക്കുറിച്ചും ഐ എം എഫ് - ലോകബാങ്ക് ചൂഷണത്തിന്റെ അദൃശ്യതയെക്കുറിച്ചും ഗിരിപ്രഭാഷണങ്ങള്‍ നടത്തിയ വീരേന്ദ്രകുമാര്‍ ചിദംബരത്തോടൊപ്പം സഹധനമന്ത്രിസ്ഥാനം പങ്കിട്ടത് ബദല്‍ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടല്ലല്ലോ. 1994 ല്‍ അന്നത്തെ ഐ എം എഫ് മേധാവിയായിരുന്ന മൈക്കേല്‍കാംഡെസെസ്സിനെ ഹസ്‌തദാനം ചെയ്‌ത് സ്വീകരിച്ച വീരേന്ദ്രകുമാര്‍ ഐ എം എഫിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ മടികാണിച്ചിട്ടില്ല. ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെ കാണാവുന്ന ചരടുകളില്‍ കളിക്കുന്ന വീരേന്ദ്രകുമാര്‍ സങ്കുചിതമായ താത്പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം പ്രസ്ഥാനത്തിനുതന്നെ മരണക്കുരുക്കൊരുക്കുകയാണ്.

ആഗോളവല്‍ക്കരണ നയങ്ങളുടെ നടത്തിപ്പുകാരായ കോണ്‍ഗ്രസ്- ബി ജെ പി മുന്നണിക്ക് ബദലായി ജനാധിപത്യമതനിരപേക്ഷ ബദല്‍ പടുത്തുയര്‍ത്തുകയെന്ന ഇടതുപക്ഷനിലപാടുകളുടെ കൂടെ നില്ക്കുകയെന്നതാണ് ജെ പിയുടേയും ലോഹ്യയുടെയും ആശയാദര്‍ശങ്ങള്‍ പിന്തുടരുന്നവര്‍ ചെയ്യേണ്ടത്, ഇടതുമുന്നണിക്കകത്ത് സംഭവിച്ച തര്‍ക്കങ്ങളെല്ലാം ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാനാവശ്യമായ രാഷ്‌ട്രീയവിശാലതയാണിന്ന് ആവശ്യം.

*

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : യുവധാര

7 comments:

  1. കേരളത്തിലെതന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനം എസ് പിയും കെ എസ് പിയും എസ് എസ് പിയുമെല്ലാമായി ശിഥിലമായതും രൂപപരിണാമങ്ങള്‍ക്ക് വിധേയമായതും കോണ്‍ഗ്രസ് അനുകൂലനിലപാട് മൂലമാണ്. 1970 കളില്‍ സോഷ്യലിസ്റ്റ്പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിന്റെ പരിണതഫലമെന്തായിരുന്നുവെന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിലെ അണികളില്‍ വലിയൊരുവിഭാഗം ആര്‍ എസ് എസ്സിലേക്കെത്തിച്ചേരുകയായിരുന്നു. മലബാറിലെ ഇന്നത്തെ ആര്‍ എസ്സ് എസ് കേന്ദ്രങ്ങളെല്ലാം പഴയസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമേഖലകളായിരുന്നു. പി ആര്‍ കുറുപ്പിന്റെ ജന്മസ്ഥലമായിരുന്ന പാനൂര്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ്സിന് വേരോട്ടമുണ്ടാക്കിയത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ രാഷ്‌ട്രീയ മലക്കം മറിച്ചിലുകളാണ്. ഇടതുപക്ഷ ജനാധിപത്യനിലപാടുകളെ കയ്യൊഴിഞ്ഞ് താല്‍ക്കാലികമായ ക്ഷോഭത്തിന്റെയോ സങ്കുചിതമായ രാഷ്‌ട്രീയ താത്പര്യങ്ങളുടേയോ പ്രേരണയാല്‍ എടുക്കുന്ന അവസരവാദ നിലപാടുകള്‍ ആഗോളവത്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. മാത്രമല്ല ഇന്ത്യയുടെ സവിശേഷസാഹചര്യത്തില്‍ അത്തരം നിലപാടുകള്‍ വര്‍ഗ്ഗീയഫാസിസത്തിനുഗുണമായി പരിണമിക്കുന്നതാണെന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ""അണ്ടിയോടടുക്കുമ്പോഴാണ് മാങ്ങയുടെ പുളിയറിയുക'' എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. അതേ പോലെ രാജ്യവും ജനങ്ങളും നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളോട് അടുക്കുമ്പോഴാണ് ഓരോ രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെയും അതിന്റെ നേതാക്കളുടേയും യഥാര്‍ത്ഥ സ്വഭാവം വെളിച്ചത്താവുക."

    ഹ ഹ ഹ സ്വാശ്രയ പ്രശനം മന്ത്രി ബേബി പരിഹരിച്ച സ്ഥിതിക്ക് സിന്ധു ജോയ് യുടെ കാലിലെ മുടന്തു മാറി എന്ന് വിശ്വസിക്കുന്നൂ....!

    ReplyDelete
  4. ബൈജുവിന്റെത് നിലവാരം കുറഞ്ഞ കമന്റായിപ്പോയി.

    ReplyDelete
  5. സങ്ങതി ശരിയല്ലെ. സ്വാശ്രയകരാറിനെക്കുരിച്ച് വറ്ക്കേഴ്സ് ഫോറത്തിന്റെ അഭിപ്രായം എന്ത്.അതു ജനപക്ഷത്ത് നിന്നുള്ള കരാറാണോ അതോ സ്വകാര്യ മാനേജുമെന്റുകളെ സഹായിക്കന് വേണ്ടിയുള്ളതോ?

    ആഗസ്ട് 14 ന് ശേഷം കോളേജ് വിടുന്ന ഒരു കുട്ടിക്ക് ടി.സി. കിട്ടണമെങ്കില്‍ 4 കൊല്ലത്തെ ഫീസും അടക്കണമത്ത്രെ. ഇതെന്തു ന്യായം ഇതെന്തു നീതി, മറുപടി പറയു (ഇടതുമുന്നണീ)സര്‍ക്കാരേ.

    ReplyDelete
  6. തലക്കെട്ടു് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണു്.
    ഇന്ത്യയിലെ സോഷ്യലിസ്റ്റു് പാര്‍ടിയാണു് വിഷയം.
    സോഷ്യലിസ്റ്റു് പ്രസ്ഥാനം അതിനുമൊക്കെ എത്രയോ വിപുലമായ ഒന്നാണു്.

    ReplyDelete
  7. വീരേന്ദ്രകുമാറിനെ ഇനി എന്ത് പറഞ്ചു വിമര്‍ശിച്ചിട്ടും കാര്യമില്ല
    അദ്ദേഹത്തിനെ വയസയവര്ക് വരാറുള്ള ഒരു ബ്രന്ത്മോടല്‍ അസുഗമുണ്ടല്ലോ
    ചെന്നി അതാണ് അദ്ദേഹത്തെ എങ്ങിനെ എങ്ങിലും നല്ലത് പറഞ്ചു പിടിച്ചു
    കൊണ്ട് പോയി ആയുര്‍വേദിക് ചികില്സനടതനം
    ഈ പോസ്റ്റിനു ആശംസകള്‍

    ReplyDelete