Tuesday, October 6, 2009

നാര്‍ക്കോ പരിശോധനയും പ്രത്യായനവും മനഃശാസ്ത്രപരമായ ചില വസ്തുതകള്‍

നാര്‍ക്കോ അനാലിസിസ് കുറ്റമറ്റതും ശാസ്ത്രീയവുമായ കുറ്റാന്വേഷണ സങ്കേതമാണെന്ന ധാരണ ചിലര്‍ക്കുണ്ട്. കേസില്‍ പ്രതിയാക്കപ്പെട്ട ആള്‍ നാര്‍ക്കോ പരിശോധനാ സമയത്ത് പറയുന്ന കാര്യങ്ങള്‍ കോടതികള്‍ തെളിവായി സ്വീകരിക്കണമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നാര്‍ക്കോ പരിശോധനയിലെ മനഃശാസ്ത്രപരമായ അപാകങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

മനഃശാസ്ത്രത്തിലെ സൈക്കോ അനാലിസിസില്‍ നിന്നാണ് നാര്‍ക്കോ അനാലിസിസ് ജന്മംകൊണ്ടത്. രസതന്ത്രത്തിലെ വിശ്ളേഷണപ്രക്രിയയെ മനഃശാസ്ത്രത്തിലേക്കു കൊണ്ടുവന്നത് ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡാണ്. അദ്ദേഹത്തിന്റെ കാലത്ത് വികസിച്ചുവന്നിരുന്ന രസതന്ത്രം എല്ലാ ശാസ്ത്രശാഖകളിലും സ്വാധീനം ചെലുത്തിയിരുന്നു. ഒരു രാസവസ്തുവിനെ പരീക്ഷണശാലയില്‍ വിശ്ളേഷിപ്പിച്ച് പഠിക്കുന്നതുപോലെ മനുഷ്യമനസ്സിനെയും വിശ്ളേഷിപ്പിച്ചും വിശകലനംചെയ്തും പഠിക്കാമെന്ന് ഫ്രോയിഡ് ധരിച്ചു. ഫ്രോയിഡിന്റെ സൈക്കോ അനാലിസിസ് മനുഷ്യമനസ്സിന്റെ മുഴുവനായുള്ള വിശകലനമല്ല, അബോധമനസ്സിന്റെമാത്രം വിശകലനമാണ്. മനുഷ്യന്റെ മനസ്സിന് അബോധമനസ്സ്, ഉപബോധതലം, ബോധതലം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ടെന്നാണ് ഫ്രോയിഡിന്റെ സിദ്ധാന്തം. അബോധമനസ്സിലെ സംഘര്‍ഷങ്ങളാണ് മനോരോഗങ്ങള്‍ക്ക് നിദാനമെന്നായിരുന്നു ഫ്രോയിഡിന്റെ വിശ്വാസം. അബോധമനസ്സിലെ സംഘര്‍ഷങ്ങളെ പുറത്തുകൊണ്ടുവന്ന് വിശകലനംചെയ്ത് അവയെക്കുറിച്ച് രോഗിയെ ബോധവാനാക്കിയാല്‍ രോഗമുക്തിയുണ്ടാകുമെന്നും അദ്ദേഹം ധരിച്ചു. ആദ്യമൊക്കെ രോഗിയെ ഹിപ്നോട്ടിക് നിദ്രയിലാക്കിയശേഷമായിരുന്നു അബോധത്തിലെ കാര്യങ്ങള്‍ രോഗികളെക്കൊണ്ട് പറയിച്ചിരുന്നത്. ഈ വിദ്യയാണ് ഹിപ്നോ അനാലിസിസ്. ഉറക്കത്തിലെ മനോവിശകലനം എന്നാണ് അര്‍ഥം. എല്ലാ രോഗികളെയും ഹിപ്നോട്ടിക് നിദ്രയിലാക്കാന്‍ കഴിയുകയില്ലെന്ന യാഥാര്‍ഥ്യവും ചില രോഗികള്‍ ഹിപ്നോട്ടിക് നിദ്രയില്‍ പറഞ്ഞ കാര്യങ്ങള്‍ ഭ്രമകല്‍പ്പനകളും ഭാവനാസൃഷ്ടികളും ആയിരുന്നെന്ന വസ്തുതയും തിരിച്ചറിഞ്ഞതോടെ ഹിപ്നോട്ടിക് പ്രയോഗം ഫ്രോയിഡ് ഉപേക്ഷിച്ചു. ഉണര്‍വില്‍ത്തന്നെ രോഗിയുമായി സംസാരിച്ച് അബോധമനസ്സിലെ സംഘര്‍ഷങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്ന നേര്‍മാര്‍ഗം സ്വീകരിച്ചു. രോഗിയെ ഒരു ചാരുകട്ടിലില്‍ കിടത്തിയശേഷം ചികിത്സകന്‍ രോഗിയുടെ കണ്ണില്‍പെടാതെ തലഭാഗത്ത് ഇരുന്നുകൊണ്ട് രോഗിയോട് മനസ്സില്‍ തോന്നിയതെല്ലാം പറയാന്‍ ആവശ്യപ്പെടുന്നു. രോഗി പറയുന്നത് ശ്രവിച്ച് ചികിത്സകന്‍ രോഗിയുടെ അന്തഃസംഘര്‍ഷങ്ങള്‍ മനസ്സിലാക്കുന്നു. ഈ വിദ്യയെ അനിബദ്ധ സംശ്ളേഷണം എന്നാണ് ഫ്രോയിഡ് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് അദ്ദേഹംതന്നെ അതിനെ സൈക്കോ അനാലിസിസ് (മനോവിശ്ളേഷണം) എന്നു വിളിച്ചു. ആധുനിക മനോരോഗ ചികിത്സയില്‍ സൈക്കോ അനാലിസിസിന്റെ സ്ഥാനം വളരെ പരിമിതമാണ്. ശാസ്ത്രലോകം ഫ്രോയിഡിന്റെ സിദ്ധാന്തങ്ങള്‍ പലതും തിരസ്കരിക്കുകയും ചെയ്തു.

സൈക്കോ അനാലിസിസില്‍നിന്ന് നാര്‍ക്കോ അനാലിസിസ് ജന്മമെടുക്കാന്‍ നിമിത്തമായത് അമേരിക്കയിലെ ഡാലസില്‍ ജോലിചെയ്തിരുന്ന പ്രസവശുശ്രൂഷകന്‍ ഡോ. റോബര്‍ട്ട് ഹൌസിന്റെ ഒരു അനുഭവമാണ്. പ്രസവവേദന അറിയാതിരിക്കാന്‍ അദ്ദേഹം ഒരു യുവതിക്ക് സ്കോപോലമീന്‍ എന്ന മയക്കുമരുന്ന് കുത്തിവച്ചു. അര്‍ധസുഷുപ്തിയിലായ യുവതി പ്രസവസമയത്ത് മനസ്സില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 1922ല്‍ ആയിരുന്നു ഈ സംഭവം. ഇത് സിഗ്മണ്ട് ഫ്രോയിഡ് ആദ്യം പ്രയോഗിച്ച ഹിപ്നോ അനാലിസിസിന് സമാനമാണെന്ന് ധരിച്ച ചില മനോരോഗചികിത്സകര്‍ പെന്റോതാല്‍ സോഡിം എന്ന മയക്കുമരുന്ന് കുത്തിവച്ച് അര്‍ധബോധാവസ്ഥയിലാക്കി ഉണര്‍വില്‍ പറയാന്‍ വിസമ്മതിക്കുന്ന കാര്യങ്ങള്‍ പറയിപ്പിക്കാമെന്നും അങ്ങനെ മനോരോഗിയുടെ അന്തഃസംഘര്‍ഷങ്ങള്‍ വിശകലനംചെയ്യാമെന്നും ധരിച്ചുവശായി. ഈ വിദ്യയെ അവര്‍ നാര്‍ക്കോ അനാലിസിസ് എന്നു വിളിച്ചു. നാര്‍ക്കോ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം ഉറക്കം എന്നാണ്. മയക്കുമരുന്ന് കുത്തിവച്ച് ആളിനെ അര്‍ധബോധാവസ്ഥയിലാക്കി മനസ്സിലുള്ളത് പറയിച്ച് വിശകലനംചെയ്യുക എന്നാണ് സാരം. നാര്‍ക്കോ അനാലിസിസ് നടത്താന്‍ കുത്തിവയ്ക്കുന്ന പെന്റോതാല്‍ കലക്കിയ ദ്രാവകത്തിന് സത്യം പറയിപ്പിക്കുന്ന ദ്രാവകം എന്ന അര്‍ഥത്തില്‍ ട്രൂത്ത് സീറം (സത്യദ്രാവകം) എന്ന കാല്‍പ്പനികത തുളുമ്പുന്ന പേരും നല്‍കി.

സത്യദ്രാവകം എങ്ങനെ മനസ്സിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടന്നു. മദ്യം മസ്തിഷ്കകോശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെതന്നെയാണ് സത്യദ്രാവകത്തിലെ ബാര്‍ബിച്യുറേറ്റ് എന്ന മയക്കുമരുന്നും പ്രവര്‍ത്തിക്കുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. മദ്യലഹരിയില്‍ വ്യക്തി വായാടിയാകുന്നതും മനസ്സിലുള്ളതെല്ലാം വിളിച്ചുപറയുന്നതും നാം നിത്യവും കാണുന്നതാണല്ലോ. ഉള്ളില്‍ ചെല്ലുന്ന മദ്യത്തിന്റെ അളവ് കൂടിയാല്‍ ലഹരിയുടെ അവസ്ഥയില്‍നിന്ന് അര്‍ധബോധാവസ്ഥയിലേക്ക് പോകും. അധികമായാല്‍ അബോധാവസ്ഥയിലുമാകും. ഇതേ പ്രക്രിയതന്നെയാണ് നാര്‍ക്കോ അനാലിസിസിലും നടക്കുന്നത്. വ്യക്തിയെ അര്‍ധബോധാവസ്ഥയിലാക്കി ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമാണ് നാര്‍ക്കോ അനാലിസിസില്‍ പ്രയോഗിക്കുന്നത്. അര്‍ധബോധാവസ്ഥയില്‍ ചോദിക്കുമ്പോള്‍ മറുപടി പറയാതെ പിടിച്ചുനില്‍ക്കാനും നുണകള്‍ പറയാനും ഉള്ള മനഃശേഷി ഇല്ലാതാകുന്നു. മനസ്സിലുള്ളത് പറയാന്‍ വ്യക്തി നിര്‍ബന്ധിക്കപ്പെടുന്നു. ഫ്രോയിഡിന്റെ ഹിപ്നോഅനാലിസിസ് പോലെതന്നെ നാര്‍ക്കോഅനാലിസിസും ഫലപ്രദമായ ചികിത്സയ്ക്ക് ഉപയുക്തമല്ലെന്ന് മനസ്സിലാക്കിയ മനോരോഗചികിത്സകര്‍ 1970കള്‍ ആയതോടെ നാര്‍ക്കോ അനാലിസിസിനെയും ഉപേക്ഷിച്ചു.

സൈക്കോ അനാലിസിസിലും നാര്‍ക്കോ അനാലിസിസിലും വ്യക്തി പറയുന്ന കാര്യങ്ങള്‍ എല്ലാം വസ്തുതാപരമല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുവെങ്കിലും സത്യദ്രാവകത്തിന്റെ അത്ഭുതം എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാവനകളില്‍ തങ്ങിനിന്നു. അവിടെനിന്നാണ് അത് നൃത്തച്ചുവടുകള്‍വച്ച് കുറ്റാന്വേഷണരംഗത്തേക്ക് പ്രവേശിച്ചത്. കുറ്റാന്വേഷണത്തിലും നാര്‍ക്കോ അനാലിസിസ് പ്രതീക്ഷിച്ച ഫലം തരുന്നില്ലെന്ന് കുറ്റാന്വേഷണ ഏജന്‍സികളും തിരിച്ചറിഞ്ഞു. പല രാജ്യങ്ങളിലെയും കുറ്റാന്വേഷണ ഏജന്‍സികള്‍ നാര്‍ക്കോ അനാലിസിസ് ഉപേക്ഷിച്ചു. കുറ്റാന്വേഷണ ഏജന്‍സികള്‍ വലിച്ചെറിഞ്ഞ നാര്‍ക്കോ അനാലിസിസ് ഏറ്റെടുത്തത് സിഐഎ എന്ന ചാരസംഘടനയാണ്. അവരത് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള “നാലാംമുറയായി ഉപയോഗിക്കാന്‍ തുടങ്ങി. ഈ ചരിത്രപശ്ചാത്തലം കണക്കിലെടുത്താണ് നാര്‍ക്കോ അനാലിസിസിനെ “മനഃശാസ്ത്രത്തിലെ മൂന്നാംമുറ” എന്ന് തമിഴ്നാട് ഗവമെന്റിലെ ഫോറന്‍സിക് സയന്‍സ് ഡിപാര്‍ട്മെന്റ് തലവനായിരുന്ന ഡോ. പി ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ ഫലപ്രദമല്ലെന്ന് മനസ്സിലാക്കിയ ചാരസംഘടനകളും നാര്‍ക്കോ അനാലിസിസ് ഉപേക്ഷിച്ചു. അമേരിക്കയില്‍ 1977ല്‍ നടന്ന സെനറ്റ് വിചാരണയില്‍ “ട്രൂത്ത് സീറം”എന്ന മാന്ത്രികവിദ്യ ഫലപ്രദമല്ലെന്ന് സിഐഎ തെളിവു നല്‍കി.

ആധുനികയുഗത്തില്‍ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിക്ക് കുറ്റസമ്മതം നടത്താതിരിക്കാനും തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പൊലീസിനോട് പറയാതിരിക്കാനും അവകാശമുണ്ട്. എല്ലാ പരിഷ്കൃത സമൂഹങ്ങളും അതംഗീകരിച്ചിട്ടുമുണ്ട്. മൂന്നാംമുറകള്‍ പ്രയോഗിച്ച് പൊലീസ് കുറ്റസമ്മതം നടത്തിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് പൊലീസ് അവതരിപ്പിക്കുന്ന പ്രതിയുടെ മൊഴി തെളിവായി സ്വീകരിക്കരുതെന്ന് പരിഷ്കൃതരാജ്യങ്ങളിലെ നിയമവ്യവസ്ഥ അനുശാസിക്കുന്നത്. നാര്‍ക്കോ അനാലിസിസില്‍ മര്‍ദനമുറകള്‍ പ്രയോഗിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ അത് മൂന്നാംമുറ അല്ലാതാകുന്നില്ല. കുറ്റം ചാര്‍ത്തപ്പെട്ട ആളിന്റെ ഇച്ഛയ്ക്ക് വിരുദ്ധമായാണ് അയാളെ മയക്കുമരുന്ന് കുത്തിവച്ച് അര്‍ധബോധാവസ്ഥയിലാക്കി ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുന്നത്. ഇത് പ്രച്ഛന്നമായ മര്‍ദനമുറയാണ്. പ്രതിയാക്കപ്പെട്ട ആളിന്റെ മൌലികമായ അവകാശത്തിന്റെ ധ്വംസനമാണ്. ഇക്കാരണത്താലാണ് പരിഷ്കൃതരാജ്യങ്ങളിലെ കോടതികള്‍ നാര്‍ക്കോ അനാലിസിസില്‍ പ്രതി പറയുന്ന കാര്യങ്ങള്‍ തെളിവായി സ്വീകരിക്കാത്തത്.

അര്‍ധബോധാവസ്ഥയില്‍ പോലീസ് ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ പ്രതിയെക്കൊണ്ട് പറയിക്കാന്‍ സാധിക്കുമെന്നുള്ളതാണ് നാര്‍ക്കോഅനാലിസിസിലെ ഏറ്റവും വലിയ അപകടം. അന്വേഷണ ഏജന്‍സി കൃത്രിമത്തെളിവുണ്ടാക്കാന്‍ ഈ സങ്കേതം ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ട്. നാര്‍ക്കോപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോകുന്ന ആളിനോട് പരിശോധനയ്ക്ക് മുമ്പ് ഒരു കാര്യം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അയാള്‍ അക്കാര്യം നാര്‍ക്കോപരിശോധനാസമയത്തെ അര്‍ധബോധാവസ്ഥയില്‍ പറയാനിടയുണ്ട്. പ്രത്യായനത്തിന്റെ സ്വാധീനമാണ് ഇതിനു കാരണം. പ്രത്യായനം മനഃശാസ്ത്രത്തിലെ ഒരു സങ്കേതമാണ്. ആന്റ മെസ്മര്‍ എന്ന ഫ്രഞ്ച് വൈദ്യനാണ് ആദ്യം പ്രത്യായനം ചികിത്സാരംഗത്ത് പ്രയോഗിച്ചത്. തന്റെ ശരീരത്തിന് കാന്തശക്തിയുണ്ടെന്നും താന്‍ ഒരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അത് അയാളുടെ ശരീരത്തിലേക്ക് പ്രവഹിച്ച് രോഗശമനമുണ്ടാകുമെന്നും പറയുന്നു. അതിനുശേഷം രോഗിയെ സ്പര്‍ശിക്കുന്നു. മാനസികസംഘര്‍ഷങ്ങള്‍മൂലമുണ്ടായ ചില രോഗങ്ങള്‍ ഈ വിദ്യകൊണ്ട് ശമിച്ചു. ശരീരത്തില്‍ കാന്തശക്തിയുണ്ടെന്ന് മെസ്മര്‍ രോഗികളെ പറഞ്ഞു വിശ്വസിപ്പിച്ച വിദ്യയാണ് പ്രത്യായനം. ആന്റ മെസ്മറുടെ പേരില്‍നിന്നാണ് മെസ്മറിസം (ജാലവിദ്യ) എന്ന പദം സ്വീകരിക്കപ്പെട്ടത്.

ഒരു നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമായിത്തോന്നുമെന്ന് പറഞ്ഞ ഗീബല്‍സും പ്രത്യായനംതന്നെയാണ് നാസി സ്വേച്ഛാധിപത്യകാലത്ത് ജര്‍മനിയിലെ ജനങ്ങളില്‍ പ്രയോഗിച്ചത്. പരസ്യങ്ങളും പ്രത്യായനങ്ങള്‍തന്നെ. ഇന്നത്തെ ചില മാധ്യമങ്ങള്‍ പ്രയോഗിക്കുന്നതും പ്രത്യായനവിദ്യ തന്നെയാണ്. ജനങ്ങളെ വിശ്വസിപ്പിക്കാനായി നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

ലോകപ്രശസ്തനായ സൈക്കോ ഫാര്‍മക്കോളജിസ്റും ബംഗളൂരുവിലെ നിംഹാന്‍സിലെ പ്രൊഫസറുമായ ഡോ. ചിത്തരഞ്ജന്‍ ആന്ദ്രാദെ പറയുന്നു:

“വളരെ സുബോധത്തോടെ ഇരിക്കുന്ന ആളും പ്രത്യായനത്തിന്റെ ഫലമായി ഇല്ലാത്ത കാര്യം ഉണ്ടെന്ന് വിശ്വസിക്കാന്‍ തുടങ്ങും. അമ്പത് ശതമാനത്തോളം പേര്‍ വശഗത്വം ഉള്ളവരാണ്. നാര്‍ക്കോ അനാലിസിസിന്റെ അര്‍ധബോധാവസ്ഥയില്‍ ഒരാള്‍ക്ക് നുണ പറയാന്‍ കഴിയില്ലെന്നത് മനഃശാസ്ത്രപരമായ വസ്തുതയാണ്. പക്ഷേ, നാര്‍ക്കോ അനാലിസിസിനുമുമ്പ് അയാളോട് നുണ ആവര്‍ത്തിച്ചുപറഞ്ഞാല്‍ കേള്‍ക്കുന്നത് സത്യമാണെന്ന് അയാള്‍ ധരിക്കുകയും നാര്‍ക്കോപരിശോധനയുടെ സമയത്ത് അത് പറയുകയുംചെയ്യും. ഈ വശഗത്വം അന്വേഷണ ഉദ്യോഗസ്ഥര്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. പറയുന്നത് വ്യക്തി വിശ്വസിച്ചില്ലെങ്കില്‍പ്പോലും ഒരു കാര്യം അവര്‍ത്തിച്ചു പറയുന്നത് കേട്ടാല്‍ അതയാളുടെ മനസ്സില്‍ പതിയുകയും നാര്‍ക്കോപരിശോധനയുടെ സമയത്ത് പറയുകയുംചെയ്യും. നിങ്ങളാണ് കൊല ചെയ്തതെന്ന് ഒരാളോട് ആവര്‍ത്തിച്ചു പറഞ്ഞതിനുശേഷം അയാളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ അയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സൂചന നല്‍കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ പറയിക്കാന്‍ കഴിയും.

ഫോറന്‍സിക് ലബോറട്ടറിയില്‍ പ്രവൃത്തിയെടുക്കുന്ന വിദഗ്ധര്‍ക്ക് പൊലീസിന്റെ ഇംഗിതമെന്തെന്നോ യഥാര്‍ഥ സംഭവമെന്തെന്നോ അറിയില്ല. ഈ വിദഗ്ധരാണ് പൊലീസ് പറയുന്ന കഥയ്ക്കനുസരിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കി നാര്‍ക്കോപരിശോധനയ്ക്ക് വിധേയനാക്കുന്ന ആളെക്കൊണ്ട് ഉത്തരങ്ങള്‍ പറയിക്കുന്നത്. കുറ്റാന്വേഷണത്തില്‍ നാര്‍ക്കോപരിശോധനയുടെ വിശ്വസനീയത ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. വ്യക്തിയുടെ വശഗത്വം ദുരുപയോഗപ്പെടുത്താതെ ഉപയോഗിച്ചാല്‍ കുറ്റാന്വേഷണത്തിന് സഹായകമായ ചില സൂചനകള്‍ നാര്‍ക്കോപരിശോധനയില്‍നിന്നു പൊലീസിനു കിട്ടാന്‍ സാധ്യതയുണ്ടെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ കവിഞ്ഞുള്ള പ്രാധാന്യം ഇതിനു കൊടുത്താല്‍ പോലീസ് നാര്‍ക്കോപരിശോധനയെ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. നാര്‍ക്കോപരിശോധനാസമയത്ത് പ്രതി പറയുന്ന കാര്യങ്ങള്‍ കോടതികള്‍ തെളിവുകളായി സ്വീകരിക്കണമെന്ന വാദവുമായി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ നീതിന്യായ നിര്‍വഹണത്തില്‍ ഗൌരവതരമായ വീഴ്ചകള്‍ ഉണ്ടാകും.

*
ഡോ. എന്‍ എം മുഹമ്മദലി കടപ്പാട്: ദേശാഭിമാനി

21 comments:

  1. നാര്‍ക്കോ അനാലിസിസ് കുറ്റമറ്റതും ശാസ്ത്രീയവുമായ കുറ്റാന്വേഷണ സങ്കേതമാണെന്ന ധാരണ ചിലര്‍ക്കുണ്ട്. കേസില്‍ പ്രതിയാക്കപ്പെട്ട ആള്‍ നാര്‍ക്കോ പരിശോധനാ സമയത്ത് പറയുന്ന കാര്യങ്ങള്‍ കോടതികള്‍ തെളിവായി സ്വീകരിക്കണമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നാര്‍ക്കോ പരിശോധനയിലെ മനഃശാസ്ത്രപരമായ അപാകങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

    ഡോ. എന്‍ എം മുഹമ്മദലിയുടെ പ്രസക്തമായ ലേഖനം.

    ReplyDelete
  2. Enviable style. Coherent presentation. Thanks for the article forum !

    A very relevant theme indeed.

    ReplyDelete
  3. ലേഖനം ഉഗ്രന്‍! നാര്‍ക്കോ അനാലിസിസ് എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ, സംഗതി എന്താണെന്ന് പിടികിട്ടുന്നത് ഇപ്പോഴാണ്. നന്ദി.

    ReplyDelete
  4. ഇന്ത്യയെപ്പോലെ ചില അപൂര്‍വം രാജ്യങ്ങളേ നാര്‍കോ പരിശോധനയിലെ ഫലം corroborative evidence ആയിപ്പോലും സ്വീകരിക്കുന്നുള്ളൂ. മുഖ്യ തെളിവായി ഇതു സ്വീകരിക്കുന്ന പരിപാടി ഇന്ത്യയിലും ഇല്ല എന്നാണ് അറിവ്. എങ്കിലും സമകാലീന കേസുകളിലെ മാധ്യമഘോഷം കോടതിയുടെ നിലപാടുകളെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ നാര്‍കോ അനാലിസിസിന്റെ അശാസ്ത്രീയത പൊളിച്ച്കാട്ടേണ്ടത് അവശ്യം തന്നെ.

    ReplyDelete
  5. വായിച്ചടത്തോളം നിങ്ങള്‍ ഇടതുപക്ഷമനസ്സുള്ള ബ്ലോഗര്‍ ആണെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ നാര്‍ക്കോ അനാലിസിസ് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് അഭയാ കേസ്സുമായി ബന്ധപ്പെട്ടിട്ടാണല്ലോ. സ്വബോധത്തോടെയല്ലെങ്കിലും ആ കേസ്സിലെ പ്രതികള്‍ നാര്‍ക്കോപരിശോധനയില്‍ പറഞ്ഞത് സത്യമാണെന്ന് വിവേകമുള്ള ഒരോ മലയാളിക്കും മനസ്സിലായിട്ടുണ്ട്.
    ഇത്തരം ഒരവസരത്തില്‍ നാര്‍ക്കോ പരിശോധനയുടെ വിശ്വാസ്യതെയെക്കുറിച്ചും ശാസ്ത്രീയതയെക്കുറിച്ചും ഒരു വിശകലനം നടത്തുമ്പോള്‍ സ്വാഭാവികമായും അതും അഭയാകേസ്സുമായി ബന്ധിപ്പിച്ചായിരിക്കും കേരള ജനത കാണുന്നത്. ഇത്തരത്തില്‍ ഒരു വിശകലനം നടത്താന്‍ ദേശാഭിമാനിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം.
    ഇടതുപക്ഷത്തെയും അവര്‍ കൈക്കൊള്ളുന്ന മതേതര സോഷ്യലിസ്റ്റ് നിലപാടുകളേയും പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുകയും ഏതു വിധേനയും ഇടതു പക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ഇടയലേഖനങ്ങളുടെ പരമ്പര തന്നെ സ്രുഷ്ടിക്കുകയും ചെയ്യുന്ന ക്രൈസ്തവ പുരോഹിതവര്‍ഗത്തിന്റെ ദുഷ്ചെയ്തികളുടെ പാപക്കറ കഴുകിക്കളയുകയാണോ ഇത്തരം. ഒരു ലേഖനത്തിന്റെ ലക്ഷ്യം.അതുകൊണ്ട് ഉടനെ അവര്‍ പുളകിതരായി കമ്യൂണിസ്റ്റ്കാരായിത്തീരുമെന്ന് വിചാരിച്ചൊ? അതോ ഇങ്ങനെ ഒരെണ്ണം പ്രസിദ്ധീകരിച്ചാല്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് പാര്‍ട്ടിയോട് സ്നേഹം കൂടും എന്ന് കണ്ടെത്തിയോ..
    എന്നാല്‍ കേട്ടോളൂ സുഹ്രുത്തേ ഈ സഭയിലെ ബഹുപൂരിപക്ഷം വരുന്ന വിശ്വാസികളും സിസ്റ്റര്‍ അഭയാ കേസ്സിലെ പ്രതികളെ ഏതു വിധേനയും ശിക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്.
    മാര്ക്സിസ്റ്റ് പാര്‍ട്ടിക്കോ.. സര്‍ക്കാരിനോ വിശാലമായ അര്ത്ഥത്തില്‍ കേരള സമൂഹത്തിനോ യാതൊരു വിധത്തിലുള്ള ഗുണവും ചെയ്യാത്ത് ഒരു ലേഖനം നാര്‍ക്കോ പരിശോധനയെപ്പറ്റി പത്രത്തിന്റെ വിലപ്പെട്ട ഇടങ്ങളില്‍ വരുന്നതു കാണുമ്പോള്‍ .. ഹാ കഷ്ടം എന്നാണ് പറയുവാന്‍ തോന്നുന്നത്..
    അച്ഛന്മാരെ ന്യായീകരിക്കാന്‍ നടക്കുന്നു..
    വേറെ പണിയൊന്നുമില്ലേ...

    ReplyDelete
  6. the post is pretty informative as far as the scientific aspects behind narco analysis is concerned. but the apprehension expressed in News@Kerala’s comment seems to be very relevant since the subject has an obvious relation to sister abhaya case.

    ReplyDelete
  7. ന്യൂസ്@കേരളേ,

    ഇതൊരു രാഷ്ട്രീയ ലേഖനമല്ല,മറിച്ച് സമൂഹത്തില്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട ഒരു ശാസ്ത്രവിഷയത്തെ പറ്റിയുള്ള മിഥ്യകളെ തുറന്നുകാട്ടുന്ന ഒന്ന്‍ മാത്രമാണ്. ആ മിഥ്യാധാരണകള്‍ നിലവിലെ ഒരു കേസുമായി ബന്ധപ്പെട്ടതായതു കൊണ്ടോ, ആ കേസില്‍ പബ്ലിക് ഒപ്പീനിയന്‍ ഏതെങ്കിലും ഒരു പക്ഷത്തിനൊപ്പമാണ് എന്നതുകൊണ്ടോ ഒന്നും ആ തെറ്റിദ്ധാരണ തെറ്റിദ്ധാരണ അല്ലാതാവുന്നില്ലല്ലോ.

    പിന്നെ, “ആ കേസ്സിലെ പ്രതികള്‍ നാര്‍ക്കോപരിശോധനയില്‍ പറഞ്ഞത് സത്യമാണെന്ന് വിവേകമുള്ള ഒരോ മലയാളിക്കും മനസ്സിലായിട്ടുണ്ട് ” എന്ന് താങ്കളെഴുതി.

    നാര്‍കോ അനാലിസിസില്‍ അന്വേഷകര്‍ക്ക് ചോദ്യം ചെയ്യപ്പെടുന്ന ആളുകളെ എത്രത്തോളം മാനിപ്പുലേറ്റ് ചെയ്യാനാവും എന്നു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ആ മാനിപ്പുലേറ്റിവ് സാധ്യത കൂടുതലായതുകൊണ്ടാണ് ഈ രീതിയിലെ ചോദ്യം ചെയ്യലിന് നിയമസാധുത ഏതാണ്ട് മിക്ക രാജ്യങ്ങളിലും എടുത്തു കളഞ്ഞതും.

    നാര്‍ക്കോ പരിശോധന നടത്തുന്നതിനും അതിന്റെ റിസല്‍ട്ട് വിശകലനം ചെയ്യുന്നതിനും വ്യവസ്ഥാപിതമായ രീതികളുമുണ്ട്. “വിവേകമുള്ള മലയാളിക്കൊക്കെ” ടീവിയിലോ ഇന്റര്‍നെറ്റിലോ മൂന്നാലു വീഡിയോ ക്ലിപ്പിംഗ് കണ്ടിട്ട് “പ്രതി പറഞ്ഞതു സത്യമാണ്” എന്ന് വിധിപ്രസ്താവിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ നാട്ടില്‍ കോടതിയും വക്കീലും ഒന്നും വേണ്ടല്ലോ. നാര്‍കോ അനാലിസിസിന്റെ വിഡിയോ ക്ലിപ്പ് കാണിച്ച് ഗ്യാലപ്പ് പോള്‍ നടത്തി ജനം വിധിയും പറയുക! ആഹ !

    അഭയക്കേസില്‍ സിസ്റ്റര്‍ “കോടാലി കൊണ്ട് തലയ്ക്കടിച്ചു” എന്നു പറഞ്ഞാല്‍ അതുടനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു എന്ന് കോടതി ഈ ടേപ്പ് കണ്ട് ഉറപ്പിക്കുകയൊന്നുമില്ല. നാര്‍കോ അനാലിസിസ് ഇന്ത്യയില്‍ അനുവദിച്ചിരിക്കുന്നതു തന്നെ അന്വേഷണത്തിനു തുമ്പുണ്ടാക്കാന്‍ മാത്രമാണ്. അനുബന്ധ തെളിവുകള്‍ ആയി മാത്രം ഇതിലെ വിവരങ്ങള്‍ ഉപയോഗിക്കാം എന്ന്. അല്ലാതെ നേരിട്ടുള്ള എവിഡന്‍സ് ആയി ഇത് കോടതി എടുക്കുകയില്ല. അഭയക്കേസില്‍ സിസ്റ്ററുടെയോ ഫാദറുടെയോ നാര്‍കോയില്‍ കിട്ടുന്ന മൊഴിയില്‍ നിന്ന് അതിനെ ബലപ്പെടുത്തുന്ന തുമ്പ് - ഉദാഹരണത്തിന് കൊല്ലാനുപയോഗിച്ച ഉപകരണം, അല്ലെങ്കില്‍ കൊല്ലുന്നതു കണ്ട മറ്റൊരു സാക്ഷിയെപ്പറ്റിയുള്ള വിവരം - കിട്ടാന്‍ മാത്രമേ അന്വേഷകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റൂ. അല്ലാതെ ‘ഇതാ കൊന്നത് തങ്ങളാണ് എന്ന് സിസ്റ്റര്‍ സമ്മതിച്ചേ’ എന്ന് പറഞ്ഞൊന്നും ഈ അനാലിസിസ് ഫലം അന്വേഷകര്‍ക്ക് കോടതിയുടെ മുന്‍പില്‍ വയ്ക്കാനാവില്ല, അത് കോടതിക്ക് സ്വീകരിക്കാനും നിയമപരമായി ബാധ്യതയില്ല. കുറ്റസമതം നടത്തി മൊഴി ഒപ്പിട്ട് പൊലീസിനു കൊടുത്താല്‍ പോലും അത് കേസ് വാദിക്കുമ്പോള്‍ കോടതിയില്‍ ചലഞ്ച് ചെയ്യാം. അങ്ങനെയൊക്കെയാണ് നിയമവ്യവസ്ഥ. അത് ജനം ഇന്റര്‍നെറ്റിലും ടീവിയിലും ഓരോന്ന്‍ കണ്ടിട്ടോ പത്രത്തില്‍ വല്ലതും വായിച്ചിട്ടോ അഭിപ്രായം പറയുമ്പോലെ പോലെ അത്ര സിമ്പിളല്ല.

    ReplyDelete
  8. ഉണ്ടീരുന്ന നായറ്‍ക്കു ഒരു വിളി തോന്നി എന്നു പറഞ്ഞപോലെ ആണു ഈ ലേഖനം മൂന്നു ഉപ്തെരഞ്ഞെടുപ്പ്‌ വരാന്‍ പോകുന്നു എന്നാല്‍ പിന്നെ അച്ചന്‍മാരുടെയും ക്റ്‍സ്ത്യാനിയുടെയും വോട്ട്‌ കിട്ടുന്നേല്‍ കിട്ടിക്കോട്ടെ കിടക്കട്ടെ ഒരു ലേഖനം

    പുറം രാജ്യങ്ങളില്‍ നാറ്‍ക്കോ പരിശോധനക്കു വിധേയന്‍ ആകാതിരിക്കാനുള്ള സ്വാതന്ത്റ്യം പ്റതിക്കുണ്ട്‌

    അഭയ കേസില്‍ ആരും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല ഇനി ഒരു റ്റേപ്‌ തന്നെ പിടിച്ചു കൊല്ലുന്നതു കാണിച്ചാലും അതു കോടതിയില്‍ തെളിവല്ല സിസ്റ്ററിനെയും അച്ചന്‍മാരെയും സമൂഹം കുറ്റക്കാരെന്നു വിധിച്ചു കഴിഞ്ഞല്ലോ അതാണു അവറ്‍ ക്കു കിട്ടുന്ന ശിക്ഷ, കോടതി അവരെ തെളിവില്ലാതെ വെറുതെ വിടൂം

    നാറ്‍ക്കോ പരിശോധനയും പീഡനവും കൊണ്ടൊന്നും ഗ്വണ്ടനമോ ബേയില്‍ അടക്കപ്പെട്ട പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ പൌരന്‍മാരില്‍ നിന്നും വ്വേള്‍ഡ്‌ ട്റേഡ്‌ സെണ്റ്ററ്‍ അറ്റാക്കിണ്റ്റെ വിശദ വിവരം കണ്ടു പിടിക്കാനോ ലോക ടെററിസം ഇല്ലാതാക്കനോ അമേരിക്കക്കു കഴിഞ്ഞില്ല.

    സിസ്റ്ററിനും അച്ചന്‍മാറ്‍ ക്കു സ്റ്റേറ്റു നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണു എനിക്കു തോന്നുന്നത്‌

    സീ ഡിറ്റ്‌ വഴി നാറ്‍കോ സീ ഡി ചോറ്‍ന്നത്‌ പാറ്‍ട്ടി അജന്‍ഡ അല്ലെന്നു പറയാന്‍ പറ്റുമോ?

    ReplyDelete
  9. "Police moved a petition in the First Class Magistrate Court at Ramankari near Alappuzha on Thursday citing that subjecting Om Prakash and Puthenpalam Rajesh for polygraph test and narco analysis were necessary to ascertain their involvement in the crime."

    Hindustan Times
    Thu,24 Sep 2009

    lavanmar ini 'bodhakkedil' enthellam pozhatharangal vilichu parayum ennaru kandu. athinu oru muzham munpe irikkattee oru 'shastreeya vishakalanam'....!

    ReplyDelete
  10. നാർക്കോപരിശോധന ശാസ്ത്രീയമായ ഒരു കുറ്റാന്വേഷണമാർഗ്ഗമല്ലെന്നറിയാം. പല രാജ്യങ്ങളും അതിനാൽ അതു് ഉപേക്ഷിച്ചുകഴിഞ്ഞു എന്നതും വ്യക്തം.

    ഇവിടെ മറ്റു് ചില കാര്യങ്ങൾ പക്ഷേ ചിന്തനീയമാണെന്നു് തോന്നുന്നു. ഇന്നത്തെ ചുറ്റുപാടിൽ പ്രമാദമായ അഭയക്കൊലക്കേസുമായി ഈ വിഷയത്തെ ബന്ധിപ്പിക്കാതിരിക്കാൻ കേരളീയസമൂഹത്തിൽ അധികമാർക്കും കഴിയില്ല എന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയായതിനാൽ, ഈ ലേഖനം പ്രത്യക്ഷപ്പെട്ട സമയം അനുചിതമായിപ്പോയി എന്നു് പറയാതിരിക്കാൻ വയ്യ. ആ കേസിനോടനുബന്ധിച്ചു് നടത്തപ്പെട്ട നാർക്കോപരിശോധനക്കു് മുൻപായിരുന്നു ഇത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതെങ്കിൽ അതിന്റെ ശാസ്ത്രീയമായ അടിത്തറയും ആത്മാർത്ഥതയും കൂടുതൽ വിലമതിക്കപ്പെട്ടേനെ.

    പാശ്ചാത്യരാജ്യങ്ങളിൽ നിന്നും 'നമുക്കു് വേണ്ടതു്' മാത്രം പകർത്താൻ ശ്രമിക്കുന്ന കേരളീയസമൂഹം കാണാത്ത, അല്ലെങ്കിൽ കണ്ടില്ലെന്നു് നടിക്കുന്ന, മറ്റു് പല നിലപാടുകളും സാങ്കേതികത്വങ്ങളും അവിടങ്ങളിൽ നിലനിൽക്കുന്നുണ്ടു്. ക്രിമിനൽ കുറ്റങ്ങളെപ്പറ്റി അന്വേഷിക്കാൻ വേണ്ടത്ര വിദ്യാഭ്യാസവും പരിശീലനവും നൽകി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരിലും അവരുടെ നിഷ്പക്ഷതയിലും അവിടങ്ങളിലെ ജനങ്ങൾക്കു് പൂർണ്ണമായ വിശ്വാസം അർപ്പിക്കാം. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തിന്റേയോ, മതത്തിന്റേയോ, മാധ്യമങ്ങളുടെയോ കേസന്വേഷണത്തെ സ്വാധീനിക്കാൻ പര്യാപ്തമായേക്കാവുന്ന 'ഇടപെടലുകൾ' ഉണ്ടാവുന്നില്ല. അതുപോലെതന്നെ, പഴകിയ കുറ്റാന്വേഷണരീതികൾ ഉപേക്ഷിക്കുവാനും ഏറ്റവും ആധുനികമായവ മാത്രം ഉപയോഗിക്കുവാനും അവർ സദാ പരിശീലിപ്പിക്കപ്പെടുന്നു. ഒരു ആധുനിക ക്രിമിനൽ കുറ്റപരിശോധനക്കുള്ള ഉപകരണം അതു് എങ്ങനെ ഉപയോഗിക്കണം എന്നറിയാത്തവന്റെ കയ്യിൽ, അല്ലെങ്കിൽ അതൊരു ധനസമ്പാദനമാർഗ്ഗമായി ദുരുപയോഗം ചെയ്യാൻ മടിക്കാത്തവന്റെ കയ്യിൽ കൊടുത്തിട്ടു് എന്തു് പ്രയോജനം?

    ഒരുകാര്യം ഉറപ്പിച്ചു് പറയാം: അഭയക്കൊലക്കേസ്‌ പോലുള്ള ഒരു കുറ്റകൃത്യം ഏതെങ്കിലും ഒരു പാശ്ചാത്യരാജ്യത്തിലായിരുന്നെങ്കിൽ ഏതാനും ദിവസങ്ങൾകൊണ്ടു്, കൂടിയാൽ ആഴ്ചകൾ കൊണ്ടു്, തെളിയിക്കപ്പെടുമായിരുന്നു. ആ കേസിന്റെ നാൾവഴി വിരൽ ചൂണ്ടുന്നതു് ഈ സത്യത്തിലേക്കാണു്.

    മരിച്ചു് ചോരയിൽ കുളിച്ചു് കിടക്കുന്ന മൃതശരീരങ്ങളെ മുൻപേജിൽ തന്നെ പ്രദർശിപ്പിക്കുന്നതിൽ ഒരു സദാചാരവിരുദ്ധതയും കാണാത്ത, തൂങ്ങിമരിച്ച അനാധപ്രേതങ്ങളെ കഴുത്തിലെ കയർ സഹിതം പ്രദർശിപ്പിക്കാൻ സാന്മാർഗ്ഗികമോ മനുഷ്യത്വപരമോ ആയ യാതൊരു സങ്കോചവും തോന്നാത്ത കേരളത്തിലെ മാധ്യമങ്ങൾ ആദ്യം അത്തരം കാര്യങ്ങളെപ്പറ്റിയാണു് ചിന്തിക്കേണ്ടതു്. അവയൊക്കെ തവള മുട്ടയിടുന്നതുപോലെ നിരന്തരം പുറത്തിറങ്ങുന്ന മലയാളസിനിമകളിൽ കാണാമെന്നല്ലാതെ, 'ആധുനിക ക്രിമിനോളജിയിൽ' പെടുന്ന കാര്യങ്ങളല്ല. (മുട്ടയിടുന്ന കാര്യത്തിൽ പക്ഷേ തവളകൾക്കുമുണ്ടു് സാമ്പത്തികത്തിൽ അധിഷ്ഠിതമല്ലാത്ത ചില സമയനിബന്ധനകൾ!)

    ചുരുക്കത്തിൽ, നാർക്കോ പരിശോധന അവിടെ, നാർക്കോപരിശോധന ഇവിടെ, ഒന്നരദശാബ്ദത്തിൽ ഏറെയായ ഒരു ക്രിമിനൽ കേസ്‌ തെളിയിക്കപ്പെടണമോ വേണ്ടയോ? വേണമെങ്കിൽ, അതിന്റെ ചുമതല ക്രിമിനോളജിസ്റ്റുകൾക്കോ അതോ മതത്തിനോ, രാഷ്ട്രീയത്തിനോ, മാധ്യമങ്ങൾക്കോ? അതാണു് ഏതൊരു കേരളീയനും അവനോടുതന്നെ ചോദിക്കേണ്ട ചോദ്യം. ആ ചോദ്യം കേരളത്തിൽ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന ഏതു് ക്രിമിനൽ കുറ്റത്തിനും ബാധകമാണു്.

    (കുറ്റാന്വേഷണപശ്ചാത്തലത്തിലെ നാർക്കോപരിശോധന ആയിരുന്നു വിഷയം എന്നതിനാലാണു് ആനുകാലികപ്രസക്തിയുള്ള അഭയക്കൊലക്കേസ്‌ പരാമർശിക്കേണ്ടിവന്നതു്.)

    ReplyDelete
  11. ബൈജു പറഞ്ഞതാണു സത്യം ഓം പ്റകാശ്‌ മയക്കു മരുന്നു അനാലിസിസില്‍ പണ്ടു താനും ബിനീഷ്‌ കൊടിയേരിയും കൂടി യൂണിവേറ്‍സിറ്റി കോളേജില്‍ എസ്‌ എഫ്‌ ഐ ലേബലില്‍ അടി ഉണ്ടാക്കിയ കാലം മുതല്‍ ഇപ്പോള്‍ നടന്നതെല്ലാം തുറന്നുപറഞ്ഞാല്‍ അടുത്ത നാറ്റക്കേസാകും ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ ഇതാ ലേഖനം ഇനി ആ നാറ്‍ക്കോ പരിശോധന വരുമ്പോള്‍ സീ ഡി ലീക്കാക്കുന്നത്‌ പിണറായി ഗ്രൂപ്പായിരിക്കും

    ReplyDelete
  12. I won't be surprised if a prominent leader from Kerala has to go through a narco analysis in future, this looks like a pre-emptive strike

    I meant it as a joke, article is useful to know.

    ReplyDelete
  13. അഭയകേസില്‍ കുറ്റാരോപിതരെ സഹായിക്കാനാണ്‌ ഈ ലേഖനമെന്നു കരുതിയവര്‍ക്കു തെറ്റി. പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതികളായ രാജേഷിനെയും ഓംപ്രകാശിനെയും നാര്‍ക്കോ അനാലിസിസിനു വിധേയമാക്കാനുള്ള രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റിന്റെ തീരുമാനം ഇന്നാണ്‌(6/10/2009) ഉണ്ടായത്. സംഗതി പ്രതീഷിച്ച് ദേശാഭിമാനി ഒരു നേരു "നേരത്തേ" അവതരിപ്പിച്ചു എന്നു മാത്രം.

    തന്നെയുമാല്ല ലാവലിന്‍ കേസില്‍ നാര്‍ക്കോ അനാലിസിസ് നടത്തണം എന്ന് ആരോ ആവശ്യപ്പെട്ടതായും കേട്ടു.

    ReplyDelete
  14. "അഭയകേസില്‍ കുറ്റാരോപിതരെ സഹായിക്കാനാണ്‌ ഈ ലേഖനമെന്നു കരുതിയവര്‍ക്കു തെറ്റി. പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതികളായ രാജേഷിനെയും ഓംപ്രകാശിനെയും നാര്‍ക്കോ അനാലിസിസിനു വിധേയമാക്കാനുള്ള രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റിന്റെ തീരുമാനം ഇന്നാണ്‌(6/10/2009) ഉണ്ടായത്."

    oru off:

    Joju,

    onnu chodichode, enthanu ee deepika stylil abhaya kessilethu "kuttaaropithar" um paul vadha kessilethu "prathikal" um? randu kessukalum indian shiksha niyamathinte paridhil thanne varunnathalle? atho ithilum ini enthenkil 'bharanaghadana paramaya nyoonapaksha anukooliyam' nila nilkunnundo abhaya kessile prathikal "kuttaropithar" ennu visheshippikkapedan? kodathi orikkalum ivare "kuttaropithar" ennu visheshippichu kandittilla!

    athupole, sister abhaya athmahathya cheythathalla kola cheyyappettathu anennu kodathikkum bodhyappettittundu. kuttavaali/kal arrennu mathrame theliyikkappedendathu ulloo. appol athu verum "abhaya case" um polinteth "vadha case" um aakunnathu engine? randum "vadha case" thanne alle?

    ReplyDelete
  15. എന്റെ മുകളിലത്തെ കമന്റിലെ "അഭയകേസില്‍ കുറ്റാരോപിതരെ " എന്നത് "അഭയകേസില്‍ പ്രതികളെ" എന്നോ "പോള്‍ ജോര്‍ജ് വധക്കേസിലെ പ്രതികളായ" എന്നത് "പോള്‍ ജോര്‍ജ് വധക്കേസിലെ കുറ്റാരോപിതരായ" എന്നോ തിരുത്തിവായിക്കാനപേക്ഷ.

    ReplyDelete
  16. അഭയ കൊലക്കേസ്, പോള്‍ വധം, ലാവലിന്‍ കേസ്..വ്യത്യസ്തമായ കാരണങ്ങളാണ് പലരും ഈ ലേഖനത്തിനു പിന്നില്‍ ആരോപിക്കുന്നത്. ഓരോരുത്തരും അവരുടെ അഭിപ്രായങ്ങള്‍ ലേഖനത്തില്‍ ആരോപിക്കുന്നു എന്നേ തോന്നുന്നുള്ളൂ. അതില്‍പ്പോലും ഒരു ഏകാഭിപ്രായം ഇല്ലല്ലോ. അത്തരത്തില്‍ വിലയിരുത്തുകയാണെങ്കില്‍ നാര്‍കോ പരിശോധനയിലെ കുഴപ്പങ്ങളെക്കുറിച്ച് ലേഖനം ഒരു കാലത്തും എഴുതാന്‍ പറ്റാതാവും. ഏതെങ്കിലും ഒരു കേസിന് എവിടെയെങ്കിലുമൊക്കെ നാര്‍കോ അനാലിസിസുമായി ബന്ധം കാണും. ഒരു പക്ഷെ,ഏതെങ്കിലും തരത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന്റെയും ശാസ്ത്രീയവശം എഴുതാന്‍ പറ്റാതാവും. അതൊരിക്കലും ആരോഗ്യകരമല്ല.

    ReplyDelete
  17. നാര്‍ക്കോ അനാലിസിസ്‌ എല്ലാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ചത് നല്ലത് തന്നെ.

    ബാക്കി എന്തെങ്കലും ഉണ്ടെങ്കില്‍ കാത്തിരുന്നു കാണാം...

    കേരളമല്ലേ സ്ഥലം..!

    ReplyDelete
  18. നാര്‍ക്കോ അനാലിസിസിനേക്കുറിച്ച് ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിന്റെ സമയത്തേക്കുറിച്ചുള്ള ബാബുവിന്റെ അഭിപ്രായം ശരിയാണെന്നു കരുതാനേ ന്യായമുള്ളു.

    നാര്‍ക്കോ അനാലിസിസ് അഭയകേസില്‍ കോടതി തെളിവായി എടുക്കുമോ ഇല്ലയോ എന്നൊന്നും ആരും പ്രശ്നമാക്കുമെന്നും തോന്നുന്നില്ല. ഇനി എടുത്താല്‍ തന്നെ അതിന്റെ വെളിച്ചത്തില്‍, ഇപ്പോള്‍ കുറ്റം ചാര്‍ത്തപ്പെട്ടവര്‍ ശിക്ഷിക്കപ്പെടുമെന്നും ആരും ദുസ്വപ്നം കാണുന്നും ഇല്ല. ഇനി അവര്‍ തന്നെയാണു പ്രതികളെങ്കില്‍ പോലും നീണ്ട 17 വര്‍ഷം നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചു നടക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ സമര്‍ദ്ധമായി ശിക്ഷയില്‍ നിന്നും ഊരിപ്പോരാനുള്ള കോപ്പും അവരുടെ കയ്യിലുണ്ട്.

    നാര്‍ക്കോ അനാലിസിന്റെ അശാസ്ത്രീയത പൊളിച്ചു കാട്ടുന്നു എന്നൊക്കെ വാചടോപം നടത്തുന്നവര്‍, തമസ്കരിക്കാന്‍ ശ്രമിക്കുന്നത്, അത് ഒരു കാലത്ത് വളരെ ശാസ്ത്രീയമായി വൈദ്യശാസ്ത്രം കണ്ടിരുന്നു എന്ന സത്യമാണ്. മാനസിക പ്രശ്നങ്ങള്‍ വിശകലം ചെയ്യാന്‍ അതുപയോഗിച്ചിരുനു. കുറ്റം തെളിയിക്കനും അതുപയോഗിച്ചിരുന്നു. പിന്നീടെപ്പോഴോ ആധുനിക വൈദ്യശാസ്ത്രത്തിനു സുബോധമുണ്ടായപ്പോള്‍ മറ്റു പലതും പോലെ അതും അശാസ്ത്രീയമായി തള്ളിക്കളഞ്ഞു.

    ഒരു കോടതിയും ഇതു മാത്രം തെളിവായി പണ്ട് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും സ്വീകരിക്കുന്നുമില്ല. അഭയ കേസ് പോലെ തെളിവുകള്‍ നശിപിക്കപ്പെട്ട കേസുകളില്‍ സാഹചര്യത്തെളിവുകള്‍ വച്ച് കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടും കുറ്റം സമതിക്കാത്ത കേസുകളില്‍ മാത്രമേ നാര്‍ക്കോ പരിശോധന നടത്താന്‍ ഇന്‍ഡ്യയിലെ കോടതികള്‍ ഉത്തരവിടാറുള്ളു. നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ട് മാത്രം വച്ച് ഇന്നുവരെ ഒരു കോടതിയും കുറ്റവാളികളെ ശിക്ഷിച്ചിട്ടില്ല.

    അങ്ങനെ ഒരു പരിശോധന നടത്തി എന്നതും മഹാപരാധമയി കണേണ്ടതുമില്ല. മനുഷ്യരില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു മരുന്നും ഇതിനായി ഉപയോഗിക്കുന്നും ഇല്ല.

    ഈ റിപ്പോര്‍ട്ടും സി ഡിയും പുറത്താക്കിയവര്‍ക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ട്. അത് നേടാന്‍ ഇത് ചാനലുകള്‍ക്ക് നല്കി, അവര്‍ വാര്‍ത്തയാക്കി, വലിയ ചര്‍ച്ചയാക്കി. ആ റ്റെസ്റ്റ് ഒരു ഹീനപ്രവര്‍ത്തിയാണെന്നു സ്ഥാപിക്കാനുദ്ദേശിച്ചു തന്നെയാണത് ചെയ്തത്.

    ഇതിന്റെ രാഷ്ട്രീയ സാമുദായിക വൈദ്യശാസ്ത്ര വശങ്ങള്‍ എന്തൊക്കെയായാലും , പുരോഹിതരും കന്യാസ്ത്രീകളും അറിയാതെ അഭയ കൊല്ലപ്പെടില്ല എന്നാണ്, സുബോധമുള്ള എല്ലാ കേരളീയരും വിശ്വസിക്കുന്നത്. പുറത്തുനിനുള്ള അരെങ്കിലുമാണത് ചെയ്തതെങ്കില്‍ പെട്ടെന്നു തന്നെ പ്രതിയെ പിടികൂടാന്‍ പറ്റുമായിരുന്നു. ആരും തെളിവു നശിപ്പിക്കില്ലായിരുന്നു. ഒന്നുകില്‍ പുരോഹിതരും കന്യസ്ത്രീകളും ചേര്‍ന്ന് കൊല നടത്തി, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരാരെങ്കിലും കൊല നടത്തി. വിചാരണ വേളയില്‍ പ്രതികള്‍ക്ക് അത് ഒരു പക്ഷെ സമ്മതിക്കേണ്ടിവരും. അര്‍ത്ഥ ബോധാവസ്ഥയില്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടെ വിശദമാക്കാന്‍ കോടതി ആവശ്യപ്പെടും. അഭയകേസില്‍ മത്രമല്ല സമാനമായ മറ്റു പല കേസിലും ഇത് സംഭവിക്കാം. ഒന്നുകില്‍ പൊതുജനങ്ങളുടെ സഹാനുഭൂതി പിടിച്ചു പറ്റാന്‍ പ്രതികളുടെ അറിവോടേ സി ഡി പരസ്യമാക്കിയതാകാം. അല്ലെങ്കില്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്ന രീതിശാസ്ത്രമനുസരിച്ച് മറ്റു ചിലര്‍ ചെയ്തതാകാം.

    ReplyDelete
  19. ചില കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നിയത്: ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം! ഈ വിഷയം അഭയക്കേസുമായി ബന്ധപ്പെടുത്തിക്കൊണ്ട് COMMONSENSE എന്ന ബ്ലോഗിലെ “അഭയ കേസും നാര്‍കോഅനാലിസിസും” എന്ന പൊസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. താല്പര്യമുള്ളവര്‍ക്ക് വായിക്കാം. എന്റെ രചനകള്‍ വായിച്ചപ്പോള്‍ ഞാന്‍ ഒരു ‘ഇടതുപക്ഷക്കാരന്‍’ ആണെന്ന് ഒരാള്‍ക്ക് തോന്നിയതില്‍ ആഹ്ലാദമുണ്ട്. ഞാന്‍ ഒരു മാര്‍ക്സിക്റ്റാണ്; സി.പി.ഐ.(എം) അംഗവുമാണ്.
    http://momali-manas.blogspot.com/

    ReplyDelete
  20. അകിട്ടിൽ ക്ഷീരത്തിനോടൊപ്പം ചോരയുമുണ്ടായതിനു് കൊതുകെന്തു് ചെയ്യാൻ? ചോര ഇല്ലായിരുന്നെങ്കിൽ കുത്തി നോക്കിയിട്ടു് 'കൊതുകുകൾ' മിണ്ടാതെ മടങ്ങിയേനെ! കുറ്റം അകിടിന്റേതാണു്, കൊതുകിന്റേതല്ല. :)

    ReplyDelete