Friday, October 23, 2009

അക്ഷരവ്യവസായം 'അവകാശ'മാകുന്നു!

2009 ആഗസ്റ്റ് ആറിന് 'വിദ്യാഭ്യാസ അവകാശനിയമ'ത്തിന് പാര്‍ലിമെന്റ് അംഗീകാരം നല്‍കി. 6നും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 8-ാം ക്ളാസ്സുവരെ സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കാന്‍ 'സ്റ്റേറ്റിന്' ബാധ്യത ഉണ്ടെന്ന് നിയമം അനുശാസിക്കുന്നു. 1993-ല്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ വിധിപറഞ്ഞ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചാണ് എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന ഭരണഘടനയിലെ നിര്‍ദ്ദേശകതത്വം നടപ്പിലാക്കാനാവശ്യപ്പെട്ടത്. 86-ാം ഭരണഘടനാ ഭേദഗതിയില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടതോടെയാണ് 'വിദ്യാഭ്യാസബില്‍' ആലോചനയില്‍വന്നത്. 16 വര്‍ഷത്തിന് ശേഷം ഭരണകൂടം കോടതി നിര്‍ദ്ദേശം മാനിച്ചിരിക്കുന്നു! 2005-ല്‍ ബില്‍ കൊണ്ടുവന്നുവെങ്കിലും വ്യവസ്ഥകള്‍ അബദ്ധജടിലവും, കമ്പോളാഭിമുഖ്യമുള്ളതും, അപ്രായോഗികവുമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നു. ഇടതുപക്ഷം കൊണ്ടുവന്ന ബദല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാവാത്ത കോണ്‍ഗ്രസ് ബില്ല് ഇതുവരെ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുകയായിരുന്നു. അതാണ്, ഇടതുപക്ഷ തടസ്സമേതുമില്ലാതെ ഇപ്പോള്‍ പാസാക്കിയെടുത്തിരിക്കുന്നത്. പുതിയസര്‍ക്കാരിന്റെ നൂറു ദിന അജണ്ടയില്‍ ഒന്നായി 'വിദ്യാഭ്യാസനിയമം' കടന്നുവന്നവഴിയാണ് വിശദീകരിച്ചത്.

എന്താണ് നിയമത്തില്‍ പറയുന്നത്?

* 6നും 14നും ഇടയില്‍ പ്രായമുള്ള രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തും. 8-ാം ക്ളാസ്സുവരെ പഠിക്കാന്‍ കുട്ടികളുടെ സമീപപ്രദേശങ്ങളില്‍ തന്നെ മിനിമം അടിസ്ഥാന സൌകര്യങ്ങളോടെ സ്കൂളുകള്‍ ഉണ്ടാവണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

* നിയമം, വിജ്ഞാപനം ചെയ്ത് 3 വര്‍ഷത്തിനുള്ളില്‍ ആവശ്യത്തിന് പഠനോപകരണങ്ങള്‍, കെട്ടിടം, കളിസ്ഥലം, അടിസ്ഥാനസൌകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്ന വിധം സ്കൂളുകള്‍ സ്ഥാപിക്കുകയോ, നിലവിലുള്ളത് പരിഷ്കരിക്കുകയോ വേണം.

* നിയമപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലോ/സമ്പൂര്‍ണ്ണ എയ്ഡഡ് സ്കൂളുകളിലോ ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും 1-ാം ക്ളാസ് മുതല്‍ 8-ാം ക്ളാസ്സുവരെ പഠനം സൌജന്യമായിരിക്കും. സ്വകാര്യസ്കൂളുകളില്‍ 25% സീറ്റുകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്കായി നീക്കിവയ്ക്കണം. അവരില്‍ നിന്ന് ഫീസ് വാങ്ങരുത്.

* അണ്‍എയ്ഡഡ് സ്കൂളുകളില്‍ 25% സീറ്റ് ദരിദ്രര്‍ക്കായി മാറ്റിവയ്ക്കണം. ഇവരുടെ 'ഫീസ്' സര്‍ക്കാര്‍ നേരിട്ട് സ്കൂളിന് നല്‍കും. അംഗീകാരമില്ലാതെ സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മുഴുവന്‍ അണ്‍എയ്ഡഡ് സ്കൂളുകളും നിശ്ചയിച്ച അടിസ്ഥാന സൌകര്യങ്ങളുള്ളവയായി മാറ്റിയാല്‍ അംഗീകാരം നല്‍കുമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

* യാതൊരു ക്യാപ്പിറ്റേഷനോ; കോഴയോ അനുവദിക്കില്ല. കുട്ടികളെ ചേര്‍ക്കുന്നതിന് സ്ക്രീനിംഗ്, പ്രവേശന പരീക്ഷ തുടങ്ങിയവ പാടില്ല.

* 8-ാം ക്ളാസ്സ് വരെ പരീക്ഷയില്ല. അതുവരെ കുട്ടികളെ പറഞ്ഞുവിടില്ല.. 8-ാം ക്ളാസ്സിനുശേഷം പ്രത്യേക പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ സര്‍ക്കാരിന്റെ 'വിദ്യാഭ്യാസ ഉത്തരവാദിത്വം' അവസാനിക്കും. തുടര്‍ന്ന് പഠനം ആവശ്യമുള്ളവര്‍ സ്വന്തം ചിലവില്‍ പഠിക്കുക.

* പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ലോക്സഭാ/രാജ്യസഭാ സ്പീക്കര്‍മാര്‍, ദേശീയവിദ്യാഭ്യാസ വകുപ്പ് (എച്ച്.ആര്‍.ഡി) മന്ത്രി എന്നിവരടങ്ങിയ 'നാഷണല്‍ കമ്മീഷന്‍ ഓഫ് എലിമെന്ററി എഡ്യുക്കേഷനാണ്' നിയമത്തിന്റെ ദേശീയ ചുമതല.

* പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളുടെ ഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാവും. ഓരോസ്കൂളിനും രക്ഷിതാക്കളും, അദ്ധ്യാപകരും തദ്ദേശഭരണസ്ഥാപനത്തിന്റെ പ്രതിനിധികളും ചേര്‍ന്ന് ഭരണസമിതി (സ്കൂള്‍ മാനേജിംഗ് കമ്മിറ്റി) രൂപീകരിക്കണം. കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ 75ഉം മറ്റുള്ളവര്‍ 25 ശതമാനവും ആയിരിക്കണം.

* അദ്ധ്യാപകരുടെ ശമ്പളവും സേവന വേതന വ്യവസ്ഥകളും നിയന്ത്രിക്കുന്നത് സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയാണ്. സ്കൂള്‍ സംബന്ധിച്ചുള്ള എല്ലാം കേള്‍ക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യുന്നത് അവരാണ്. സ്കൂള്‍ സിലബസ്, കരിക്കുലം, നിലവാര പരിശോധന തുടങ്ങിയവയും മാനേജിംഗ് കമ്മിറ്റി ചെയ്യണം.

* കുട്ടികളെ സ്കൂളില്‍ ചേര്‍ക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. പഠിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിലോ; ചേര്‍ക്കുന്നതിലോ പ്രാദേശിക ഭരണകൂടത്തിന് ഉത്തരവാദിത്വമില്ല.

* പ്രതിവര്‍ഷം 53,000 മുതല്‍ 73,000 കോടിരൂപയാണ് പുതിയ നിയമം നടപ്പാക്കുന്നതുവഴി സര്‍ക്കാര്‍ ബാധ്യതയെന്ന് ബില്‍ പറയുന്നു. ചിലവിന്റെ കേന്ദ്ര-സംസ്ഥാന വിഹിതം നിശ്ചയിച്ചിട്ടില്ല. 6 വര്‍ഷത്തേക്ക് 3.21 ലക്ഷം കോടിരൂപാ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

* അണ്‍എയ്ഡഡ് - സ്വകാര്യസ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ നിശ്ചയിച്ചിട്ടുള്ള (അധ്യാപകര്‍ക്കുള്ള) വേതനംതന്നെ നല്‍കണമെന്ന് നിയമം ആവശ്യപ്പെടുന്നു.

* രാജ്യത്തെ ഒരു കുട്ടിയേയും സ്കൂള്‍ പ്രവേശനത്തില്‍ നിന്ന് തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലന്ന് നിയമം അനുശാസിക്കുന്നു.

ബില്ലവതരിപ്പിച്ചുകൊണ്ട് HRD മന്ത്രി കപില്‍സിബാല്‍ പ്രഖ്യാപിച്ചത് "ഈ നിയമം രാജ്യത്തെ അറിവിന്റെ 'കൂടാര' മാക്കുമെന്നാണ്!'' "നമുക്ക് നിയമംവഴി ലഭിക്കാന്‍ പോകുന്നത്, 'വന്‍ ബൌദ്ധിക മൂലധന'മാണ്, ഈ ബില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു. സംസ്ഥാനങ്ങള്‍ അത് 'വിളമ്പി ഊട്ടണമെന്ന്' നിയമം നിര്‍ബന്ധിക്കുന്നു'' നിര്‍ബന്ധിത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഇനി അത് നല്‍കേണ്ടബാധ്യത സംസ്ഥാനങ്ങള്‍ക്കാണെന്ന് അദ്ദേഹം തുറന്നു പറയുകയാണ്. കേന്ദ്രവിഹിതവും, ദേശീയമായി അതിന്റെ വിതരണക്രമവും ഒന്നും തീരുമാനിക്കപ്പെട്ടിട്ടില്ലന്നതിനാല്‍ മന്ത്രിയുടെ വര്‍ത്തമാനം വാഗ്ദാന ലംഘനമായി ഭവിക്കുമെന്നതില്‍ തര്‍ക്കമില്ല. വേറൊരര്‍ത്ഥത്തില്‍; സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം പ്രായോഗികമാക്കാനുള്ള ഭരണകൂടത്തിന്റെ ബാധ്യത നിയമത്തില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സ് ഭരണത്തിന്റെ 'ചിറകില്‍ മിന്നുന്ന തൂവലാണ് പുതിയ നിയമം' എന്ന് ശ്ളാഘിക്കുന്ന മാധ്യമലോകം കാണാതെവിടുന്ന നിരവധി പ്രശ്നങ്ങള്‍ വേറെയുണ്ട്. ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ എഴുതിവച്ച പരമപ്രധാനമായ ഒരവകാശം സ്വാതന്ത്ര്യത്തിന്റെ 62 ആണ്ടുകള്‍ കഴിഞ്ഞ വേളയില്‍ പോലും നടപ്പാക്കപ്പെടുമെന്ന് ഉറപ്പുവരുത്താതെയും സ്റ്റേറ്റിന്റെ ബാധ്യത നിര്‍വ്വചിക്കാതെയും ഏറ്റെടുക്കുമെന്ന പ്രഖ്യാപനം തീര്‍ത്തും പരിഹാസ്യമാണ്. (62-ല്‍ 50 വര്‍ഷവും രാജ്യം ഭരിച്ചത് കോണ്‍ഗ്രസ്സായിരുന്നുവെന്ന് ഓര്‍ക്കുക!)

പുതിയ നിയമത്തിലൂടെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ സാര്‍വ്വദേശീയ പ്രമാണങ്ങളും സുപ്രീംകോടതിവിധിതന്നെയും ലംഘിക്കുന്നുണ്ട്. 1993-ല്‍ സുപ്രീംകോടതി പറഞ്ഞത് '14 വയസുവരെ പ്രായമുള്ള രാജ്യത്തെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണെ'ന്നായിരുന്നു. പുതിയ നിയമം ആറുവയസുവരെയുള്ള കുഞ്ഞുങ്ങളെ സൌകര്യപൂര്‍വ്വം മറന്നുകളയുന്നു! 3-ാം വയസില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നുവെന്നോ, അത് വളരെ നിര്‍ണ്ണായകമായ ആരോഗ്യപരിപാലനം കൂടി ഉള്‍പ്പെടുന്ന കാര്യമാണന്നോ കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ലന്നാണോ? ഫലത്തില്‍, പ്രീപ്രൈമറി വിദ്യാഭ്യാസം യാതൊരര്‍ത്ഥത്തിലും സ്റ്റേറ്റിന്റെ കടമയല്ലന്ന് (സുപ്രീംകോടതിവിധിയേ തിരസ്ക്കരിച്ചുകൊണ്ട്) സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.. അതിന് ഇന്ത്യയിലെ സമ്പന്നരുടെ പാര്‍ലിമെന്റിന്റെ അനുമതിയും അവര്‍ കരസ്ഥമാക്കിയിരിക്കുന്നു.

രാജ്യത്തെ 90% പ്രൈമറി സ്കൂളുകളും 78% അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും സര്‍ക്കാര്‍ ഉടമസ്തതയിലാണ്. അതില്‍ 40% വും ഏകാദ്ധ്യാപക വിദ്യാലയങ്ങളും! അടിസ്ഥാനസൌകര്യങ്ങളോ, അധ്യാപകരോ പരിമിതമായ അളവില്‍പ്പോലുമില്ലാത്ത ഈ സ്കൂളുകളെ മുഴുവന്‍, നിയമത്തില്‍ പറയുന്ന സൌകര്യങ്ങളും പഠനാന്തരീക്ഷവും സൃഷ്ടിച്ചെടുത്ത് 'നിലവാര' മുള്ളവിധം പുനര്‍ നിര്‍മ്മിക്കാന്‍ പ്രതിവര്‍ഷം ദേശീയ ഉല്‍പ്പാദനത്തിന്റെ 6% തുകയെങ്കിലും നീക്കിവയ്ക്കാതെ കഴിയില്ല എന്നാണ് വിദഗ്ധന്മാരുടെ നിഗമനം. എന്നാല്‍ അതിന്റെ മൂന്നിലൊന്നാണ് ഉയര്‍ന്ന കണക്കുകളില്‍പ്പോലും ബില്‍ വിഭാവനം ചെയ്യുന്നത്. ഫലത്തില്‍ നിയമം വെറുമൊരു നോക്കുകുത്തിയായി തുടരും.

ഈ പ്രതിസന്ധി പരിഹരിക്കാന്‍ പൊതു-സ്വകാര്യ (PPP) പങ്കാളിത്ത പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ദേശീയഖജനാവില്‍ നിന്ന് പണം സ്വകാര്യ അക്കൌണ്ടിലേക്കൊഴുക്കിക്കൊടുത്ത് അടിസ്ഥാന സൌകര്യങ്ങളുള്ള സ്കൂളുകള്‍ നിര്‍മ്മിച്ച് 25% സീറ്റ് ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക (അവരുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് നിയമം പറയുന്നു) എന്ന ലക്ഷ്യം സാധിക്കാനാണ് ഗവണ്‍മെന്റ് തുനിയുന്നത്. രാജ്യത്തെ വിദ്യാലയങ്ങള്‍ മുഴുവനും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച്, സ്വകാര്യമേഖലക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ബ്രഹത്പദ്ധതിയാണ് 'സൌജന്യവിദ്യാഭ്യാസ' നിയമത്തിലൂടെ കോണ്‍ഗ്രസ് നടത്താന്‍ പോകുന്നത്. 25% ദരിദ്രരുടെ പഠനചിലവിന്റെ 'വൌച്ചര്‍' സെറ്റില്‍ ചെയ്യുന്ന ഒരു ഏജന്‍സിയാക്കി സര്‍ക്കാര്‍ മാറുമെന്നതിനപ്പുറം ഈ നിയമത്തില്‍ നിന്ന് വേറൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് സ്കൂളുകളും രക്ഷിതാക്കള്‍ക്കും, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുന്നതാണ് പുതിയ നിയമം. സ്കൂള്‍ നടത്തിപ്പ് മുതല്‍ അധ്യാപകരുടെ നിയമനവും വേതനവും വരെ നിശ്ചയിക്കുന്നതിനും, പരാതികള്‍ പരിഹരിക്കാനും, സ്കൂള്‍പരിശോധന നടത്താനും അവര്‍ക്കാണ് (കമ്മിറ്റി) അവകാശം! 'വിജ്ഞാനത്തിന്റെ വിസ്ഫോടനം' എന്നു വിശേഷിപ്പിച്ച ബില്ലിലെ വ്യവസ്ഥ അനുസരിച്ച്, അച്ചടക്കനടപടിയെടുക്കാനും, സ്കൂള്‍ ഭരണം ഏറ്റെടുക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് അവകാശം! സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസവിഷയം, പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഏല്‍പ്പിച്ചുകൊടുക്കുക. ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ വ്യവസ്ഥ പ്രായോഗികമായാല്‍; ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടും പഞ്ചായത്ത് പ്രസിഡണ്ടാവാന്‍ അനുവദിക്കാത്ത ജാതിഫ്യൂഡല്‍ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാഴുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അക്ഷരം കൂടി തടവിലാക്കപ്പെടുമെന്നുറപ്പാണ്

അധ്യാപകരുടെ നിയമനവും, ശമ്പളകാര്യങ്ങളും മാനേജിംഗ് കമ്മിറ്റി തീരുമാനിക്കും എന്നാണ് വ്യവസ്ഥ! ട്രാന്‍സ്ഫറുകള്‍ അനുവദിക്കില്ല, പ്രമോഷനുണ്ടാവില്ല. ശിക്ഷിക്കാനും പരാതികേള്‍ക്കാനും ചുമതലപ്പെട്ടവര്‍ ഒരേ കമ്മിറ്റി തന്നെയാണ്. വിദ്യാഭ്യാസത്തേ ആധുനിക കാലത്തിന് വേണ്ടവിധം പ്രയോഗിക്കാന്‍ അധ്യാപകര്‍ക്ക് അവസരമുണ്ടാവില്ലന്ന് വ്യക്തം. സ്കൂള്‍ മാനേജിംഗ് കമ്മിറ്റിക്കെതിരെ പരാതി ഉയര്‍ന്നാല്‍ ആരോട് അത് പറയണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നില്ല. 'കുമ്പളങ്ങാപ്പട്ടണം' എന്നു കേട്ടിട്ടുള്ളത്, നേരിട്ട് കാണാനും അനുഭവിക്കാനും പുതിയ നിയമം നമുക്കവസരമുണ്ടാക്കും!

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29,30 പ്രകാരം പ്രത്യേക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലന്നതാണ് അത്ഭുതകരമായ മറ്റൊരു കാര്യം. വിജ്ഞാപനം വന്ന് 3 വര്‍ഷത്തിനുള്ളില്‍ നിയമം ആവശ്യപ്പെടുന്ന വിധം നിലവിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഉണ്ടാക്കുന്നില്ലങ്കില്‍ അവയുടെ അംഗീകാരം പിന്‍വലിക്കുമെന്ന് 'വിദ്യാഭ്യാസ അവകാശനിയമ' ത്തില്‍ പറയുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളെ തുടച്ചുനീക്കി രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസമേഖല സ്വകാര്യമൂലധന ഉടമകള്‍ക്ക് പതിച്ചുനല്‍കാനുള്ള കൃത്യമായ അജണ്ടയാണ് ഈ നിര്‍ദ്ദേശത്തിന്റെ കാതല്‍! അണ്‍എയ്ഡഡ് സ്കൂളുകള്‍ എവിടെ വേണമെങ്കിലും തുടങ്ങാമെന്നും, നിലവിലുള്ളവര്‍ക്ക് അംഗീകാരം നല്‍കി സംരക്ഷിക്കുമെന്നും പകരം 25% സീറ്റുകള്‍ ബി.പി.എല്‍. വിഭാഗത്തിന് നല്‍കിയാല്‍ മതിയെന്നുമുള്ള വ്യവസ്ഥകള്‍ ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ളതാണ്. സ്കൂള്‍ നടത്തിപ്പില്‍ സ്വകാര്യ മൂലധനം നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥലം; ഗ്രാന്റ്; എന്നിവ സര്‍ക്കാര്‍ നല്‍കുമെന്നും; 25% പാവപ്പെട്ട കുട്ടികളുടെ പഠനചിലവ് (ഉടമ നിശ്ചയിക്കുന്ന ഫീസ്) സര്‍ക്കാര്‍ നല്‍കുമെന്നുംകൂടി നിയമത്തില്‍ പറഞ്ഞുവയ്ക്കുമ്പോള്‍, ഇതിനെക്കുറിച്ചുള്ള എല്ലാ സംശയവും മാറിക്കിട്ടും.

യഥാര്‍ത്ഥത്തില്‍ രാജ്യത്തെ എലിമെന്ററി വിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കുവാനും, വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ സ്വകാര്യമൂലധന നിക്ഷേപത്തിനും ലാഭത്തിനുമായിവരവുവക്കുവാനും ഈ നിയമം വഴിതുറക്കുന്നു.. ഒപ്പം സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ സബ്സിഡികള്‍ അതിദരിദ്രര്‍ക്ക് മാത്രമെ നല്‍കേണ്ടതുള്ളുവെന്ന കമ്പോളത്തിന്റെ കല്‍പ്പന ഇന്ത്യയില്‍ നടപ്പാക്കപ്പെടുകയും ചെയ്യും. ചുരുക്കത്തില്‍ അതിവിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ അടിവേരുകളില്‍ വരെ കമ്പോള ദര്‍ശനവും പരിപാടിയും വിളക്കിച്ചേര്‍ക്കുന്നതിനുള്ള കുറുക്കുവഴിയായി 'സൌജന്യ വിദ്യാഭ്യാസ' നിയമം പരിണമിക്കുകയാണ്. അധികാരം മൂലധന ദല്ലാള്‍മാര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്താല്‍, അവര്‍ വേറെ എന്താണ് ചെയ്യേണ്ടത്? അതിസമ്പന്നരുടെ പാര്‍ലിമെന്റില്‍ നിന്ന് ഈ 'കഞ്ഞി വീഴ്ത്തല്‍' അല്ലാതെ വേറെന്താണ് ഇന്ത്യന്‍ ജനതപ്രതീക്ഷിക്കേണ്ടത്?

9 കോടി ബാലവേലക്കാരെയുംകൊണ്ട് വികസിച്ച് മുന്നേറുന്ന ഇന്ത്യയില്‍ പുതിയ നിയമം എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? സ്കൂളിന്റെ പടി ചവിട്ടാത്ത 1.9 കോടി കുഞ്ഞുങ്ങളില്‍ എത്രപേര്‍ ഈ 8-ാം ക്ളാസ് സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങും? ഉന്നതവിദ്യാഭ്യാസം കമ്പോളത്തിന് ഏല്‍പ്പിച്ചുകൊടുത്തതിന്റെ 'നേട്ടങ്ങള്‍' ആത്മാഹൂതിയായി പെയ്തിറങ്ങുന്നതിന് കളമൊരുക്കുന്നതിനിടെ, വ്യവസായികള്‍ക്ക് ദേശീയഖജനാവ് കൈമാറി, കുഞ്ഞുങ്ങളുടെ ഭാവികരുപ്പിടിപ്പിക്കാന്‍ കഴിയുമോ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം - നിലവിലുള്ള എലിമെന്ററി/ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ മേഖലകളിലെ മൂലധന അധിനിവേശത്തിന്റെ ഫലം പരിശോധിച്ചുകൊണ്ട് കണ്ടെത്താവുന്നതാണ്.

അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണം

1991ലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണം ആരംഭിച്ചത്. സ്കൂള്‍ വിദ്യാഭ്യാസരംഗം ഘടനാപരമായി പരിഷ്കരിക്കുവാന്‍ 1993ല്‍ തന്നെ നരസിംഹറാവു സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയായിരുന്നു കമ്മിറ്റി അദ്ധ്യക്ഷന്‍. ഉദാരവല്‍ക്കരണനയങ്ങള്‍ക്കനുസൃതമായി പ്രൈമറി സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് അതിന്റെ ഗുണഭോക്താക്കളെത്തന്നെ ഏല്‍പ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. പഞ്ചായത്ത് രാജ് നിയമത്തെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് വിദ്യാഭ്യാസചുമതലയും ബാധ്യതയും ഗവണ്‍മെന്റുകളില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിയില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 73,74 ഭരണഘടനാ ഭേദഗതികള്‍ ഉപയോഗിച്ച് ജലസ്വകാര്യവല്‍ക്കരണ പദ്ധതി നടപ്പാക്കിയതിന്റെ മാതൃക തന്നെയാണ് ഈ കാര്യത്തിലും കമ്മറ്റിയും നിര്‍ദ്ദേശങ്ങളായി വന്നിട്ടുള്ളത്. ചില സുപ്രധാന നിര്‍ദ്ദേശ്ശങ്ങള്‍ ഇനി പറയുന്നു.

* ഭരണഘടനാപരമായ അധികാരങ്ങളോടെ ഓരോ പഞ്ചായത്തിലും പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. ശിശു/അനൌപചാരിക/വയോജന വിദ്യാഭ്യാസം, പ്രൈമറി/അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം എന്നിവയുടെ മേല്‍നോട്ടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിക്കായിരിക്കണം.

* പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ നിയന്ത്രണം, മേല്‍നോട്ടം, സ്കൂള്‍ കലണ്ടര്‍ തയ്യാറാക്കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്.

* നിലവിലുള്ള എല്ലാ ഗവണ്‍മെന്റ് / എയ്ഡഡ് വിദ്യാലയങ്ങളുടെയും മേല്‍നോട്ടത്തിനായി ഓരോ പഞ്ചായത്തിലും 'പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഓണ്‍ എഡ്യുക്കേഷന്‍' രൂപീകരിക്കണം. ഈ സമിതിക്ക് അക്കാഡമിക് മേല്‍നോട്ടങ്ങള്‍ക്കും അധികാരമുണ്ടായിരിക്കണം.

* സര്‍ക്കാര്‍ കൈമാറ്റം ചെയ്ത അധികാരമുപയോഗിച്ച് സ്കൂള്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ സമിതിക്കവകാശമുണ്ടായിരിക്കണം.

* സെക്കന്ററി തലത്തില്‍ ഈ ചുമതല ജില്ലാപഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റിക്കായിരിക്കും. ഈ നിര്‍ദ്ദേശങ്ങളനുസരിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സ്കൂള്‍ വിദ്യാഭ്യാസചുമതല പ്രാദേശിക ഭരണകൂടങ്ങളെ ഏല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറി കഴിഞ്ഞുവെന്ന് പട്ടിക ഒന്ന് വിശദീകരിക്കുന്നു.

പട്ടിക ഒന്ന്
സ്കൂള്‍ വിദ്യാഭ്യാസം ആരുടെ ചുമതലയില്‍
ചുമതലകളൊക്കെ കൈമാറി വിദ്യാഭ്യാസം കയ്യൊഴിഞ്ഞെങ്കിലും ഈ സംസ്ഥാനങ്ങളിലൊന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനവിഹിതമോ, പദ്ധതി വിഹിതമോ പോലുള്ള വിഭവകൈമാറ്റം നടത്തിയിട്ടില്ലെന്നോര്‍ക്കുക. ഫലത്തില്‍ രക്ഷാകര്‍തൃ സമിതികളുടെ സംഭാവനകളും പഞ്ചായത്തുകളുടെ പരിമിത വിഹിതവും സ്പോണ്‍സര്‍ഷിപ്പും എസ്.എസ്.എ. പോലുള്ള (സമീപഭാവിയില്‍ തീരുന്ന) പദ്ധതികളുമാണ് ഇന്നീ സ്കൂളുകളെ നിലനിര്‍ത്തുന്നത്. രക്ഷിതാക്കളുടെ സ്വന്തം സംഭാവന കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏര്‍പ്പാടായി വളരെ വേഗം സ്കൂള്‍ വിദ്യഭ്യാസം പുഃനസംഘടിപ്പിച്ചു കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്.

1991-ല്‍ തുടങ്ങിയ 'വിദ്യാഭ്യാസ വ്യാപാരത്തിന്റെ' ഉദാരവല്‍ക്കരണഫലമായി ഇന്ത്യയില്‍ ധ്രുതഗതിയില്‍ പടര്‍ന്നുപിടിച്ച അണ്‍എയ്ഡഡ് വ്യവസായം ഇന്ന് മൊത്തം വിദ്യാലയങ്ങളുടെ 19% വരെ വരുമെന്നാണ് കണക്ക്. വന്‍ഫീസും ക്യാപ്പിറ്റേഷന്‍ ഫീസും ഈടാക്കിസമ്പന്നരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇടമാണിതെങ്കിലും കമ്പോളത്തിന്റെ മല്‍സരങ്ങളില്‍ ഒരുകൈനോക്കാന്‍ ഈ വിദ്യാലയങ്ങള്‍ തന്നെ വേണമെന്ന് ഇടത്തരക്കാരും സാധാരണക്കാരും കരുതുന്നതുകൊണ്ടാണ് ഈ വളര്‍ച്ചകൈവരിച്ചതെന്നത് സത്യം. ഉന്നതവിദ്യാഭ്യാസമേഖലയിലെ 'സ്വാശ്രയ' സ്ഥാപനങ്ങളുടെ അതേ മാതൃകയില്‍ തഴച്ചുവളരുന്ന അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ സാര്‍വ്വത്രികമാക്കുന്നതിനാണ് പുതിയ ബില്‍ വിഭാവനം ചെയ്യുന്നത്...

പുതിയ മേച്ചില്‍പ്പുറവും ലാഭം കൊയ്യാനുള്ള ഇടവുമായി അതിവിശാലമായ ഇന്ത്യന്‍ സ്കൂള്‍ വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ വേണ്ടി; കോണ്‍ഗ്രസ് ആരംഭിച്ച 'കഞ്ഞിവീഴ്ത്തല്‍' ആണ് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമമായി അവതരിച്ചിരിക്കുന്നത്!

വിദ്യാഭ്യാസം പോലുള്ള സാമൂഹ്യകടമയില്‍ നിന്ന് സ്റ്റേറ്റിന്റെ പിന്‍മാറ്റത്തെ ചെറുക്കാന്‍ - സൃഷ്ടിപരമായ ബദലുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമൂഹത്തിനാവുന്നില്ലങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ മൂലധന അധിനിവേശത്തെ മറികടക്കുവാന്‍ നമുക്ക് കഴിയില്ലന്നതിന്റെ തെളിവാണ് പുതിയ നിയമം.

എന്താണ് സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍?

അണ്‍എയ്ഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയും, അവര്‍ക്കിനിലഭ്യമാകാന്‍പോകുന്ന നിയമപരവും ഭരണഘടനാപരവുമായ അംഗീകാരവും ആണ് ഇങ്ങനെ ഒരു നിഗമനത്തിലെത്താന്‍ പ്രേരിപ്പിക്കുന്നത് പി.പി.പി.പദ്ധതികളോ, വൌച്ചര്‍ പേമന്റോ കൊണ്ടു മാത്രമല്ല; മറിച്ച് ഇന്ത്യയിലെ എലിമെന്ററി വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സാന്നിദ്ധ്യം എത്രയേറെ ദുര്‍ബലമാണന്നുള്ള സാമൂഹിക യാഥാര്‍ത്ഥ്യം, അതിവേഗത്തിലുള്ള സ്വകാര്യവിദ്യാഭ്യാസ വ്യവസായ വളര്‍ച്ചക്ക് വളമിടുന്നുവെന്നതും കാരണമാണ്. ഫലത്തില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കുകയെന്ന സ്റ്റേറ്റിന്റെ കടമയില്‍ നിന്ന് സമ്പൂര്‍ണ്ണമായി പിന്‍മാറുവാന്‍ ഭരണകൂടത്തിന്, പുതിയ നിയമം അനുമതി നല്‍കുന്നു! അതിദരിദ്രര്‍ക്കായി സര്‍ക്കാര്‍കൊണ്ടുവരുന്ന 'ഫൂഡ് സ്റ്റാമ്പ്' പദ്ധതിക്ക് സമാനമായ 'വൌച്ചര്‍ വിദ്യാഭ്യാസം' വഴി കുഞ്ഞുങ്ങള്‍ക്ക് അക്ഷരവും, സംസ്കാരവും നല്‍കുവാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഭരണവര്‍ഗ്ഗം തലയൂരുകയാണ്. അതറിയാന്‍ വിദ്യാഭ്യാസ മേഖലയില്‍ രാജ്യം ഇന്ന് അനുഭവിക്കുന്ന പരാധീനതകളുടെ ഒരേകദേശചിത്രം കണ്ടുനോക്കുക.

* ഇന്ത്യയില്‍ പ്രൈമറി വിദ്യാഭ്യാസത്തിന്റെ 90% വും സര്‍ക്കാര്‍ വകയാണ് (2008) 10% മാത്രമാണ് നിലവില്‍ സ്വകാര്യവിഹിതം. അപ്പര്‍പ്രൈമറി തലത്തില്‍ 22 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും 78 ശതമാനം സര്‍ക്കാരും നിയന്ത്രിക്കുന്നു.

* പ്രൈമറി വിദ്യാലയങ്ങള്‍ മാത്രമെടുത്താല്‍ 60ശതമാനത്തിലും; രാജ്യത്തെ സ്കൂളുകള്‍ ഒരുമിച്ചെടുത്താല്‍ 55% ത്തിലും മൂന്നോ അതില്‍താഴെയോ മാത്രമാണ് അദ്ധ്യാപക സാന്നിദ്ധ്യമുള്ളത്.

* രാജ്യത്തെ 1,70,00,000 കുഞ്ഞുങ്ങള്‍ (6-14 പ്രായത്തിലുള്ളവര്‍) സ്കൂള്‍ വിദ്യാഭ്യാസം കണികാണാത്തവരാണ്. ഇതില്‍ മഹാഭൂരിപക്ഷവും പെണ്‍മക്കളാണ്. 49% പെണ്‍കുട്ടികള്‍ മാത്രമെ അക്ഷരലോകത്ത് കടന്നിരിക്കുകപോലും ചെയ്യുന്നുള്ളുവെന്നാണ് വിദ്യാഭ്യാസ സര്‍വ്വെകള്‍ കണ്ടെത്തിയിട്ടുള്ളത്.

* ദേശീയ വിദ്യാഭ്യാസ സര്‍വ്വെകള്‍ പറയുന്നതനുസരിച്ച് 2008-ല്‍ മൊത്തം പെണ്‍കുഞ്ഞുങ്ങളുടെ 48.22 ശതമാനമാണ് പ്രൈമറി സ്കൂളില്‍ എന്‍റോള്‍ചെയ്യപ്പെട്ടത്. അപ്പര്‍ പ്രൈമറിഘട്ടത്തില്‍ ഇത് 47ശതമാനമായികുറയുന്നുവെന്നു മാത്രം.

* നമ്മുടെ രാജ്യത്തെ 88 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസ മേഖലക്ക് പുറത്താണ്.

* 2000-01 ല്‍ ജി.ഡി.പി.യുടെ 3.23 ശതമാനമായിരുന്നു വിദ്യാഭ്യാസത്തിന് രാഷ്ട്രം മാറ്റിവച്ചത്. കൂടാതെ 2008-ല്‍ ഇത് 2.88% ആയി കുറഞ്ഞുവെന്നാണ് സാമ്പത്തിക സര്‍വ്വെ വിശദീകരിക്കുന്നത്. മൊത്തം സര്‍ക്കാര്‍ ചെലവുകളില്‍ വിദ്യാഭ്യാസചിലവ് 11.1 ശതമാനത്തില്‍ നിന്ന് 9.98 ശതമാനമായി താണു.

* 2007-08ല്‍ എലിമെന്ററി വിദ്യാഭ്യാസമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതം (മൊത്തം വിദ്യാഭ്യാസ ചിലവിന്റെ) 71 ശതമാനമായിരുന്നു. 2008-09 ല്‍ അത് 59 ശതമാനമായും ഈ വര്‍ഷത്തെ ബജറ്റില്‍ 48 ശതമാനമായും കുറച്ചിരിക്കുന്നു.

കണക്കുകള്‍ കഥപറയും...

പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് ദേശീയ-സംസ്ഥാന നിക്ഷേപങ്ങള്‍ അടിയ്ക്കടി കുറയുമ്പോള്‍ സംഭവിക്കുന്നത്...

പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയുടെ വിഹിതം അടിക്കടി വര്‍ദ്ധിക്കുകയാണ്...സ്വകാര്യ വിദ്യാലയങ്ങള്‍ മൊത്തം പ്രാഥമിക വിദ്യാലയങ്ങളുടെ എത്ര ശതമാനം?
പ്രൈമറി - സെക്കന്ററി തലത്തില്‍ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വെട്ടികുറയ്ക്കുമ്പോള്‍ സ്വകാര്യ-അണ്‍ എയ്ഡഡ് വളര്‍ച്ച ഭീകരമാണ്. 2003-08 കാലത്ത് സര്‍ക്കാര്‍ ഉടമയിലുള്ള പ്രാഥമിക വിദ്യാലയങ്ങളുടെ എണ്ണത്തില്‍ 26% വളര്‍ച്ചയാണുണ്ടായത് (7,94,265 സ്കൂളുകള്‍ - 10,02,915 ആയി) എന്നാല്‍ സ്വകാര്യ മേഖലയില്‍ 94 ശതമാനം വളര്‍ച്ചയാണ് ഈ കാലത്ത് ഉണ്ടായത്! (1,25,842ല്‍ നിന്ന് 2,43,895ലേക്കുള്ള കുതിപ്പ്)

'സ്വകാര്യവിദ്യാഭ്യാസ' ചിലവില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് കണക്കുകള്‍ പറയുന്നു.
ഏറെ വിശദീകരിക്കേണ്ടതില്ല.. സംസാരിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ ഇന്ത്യയിലെ പ്രൈമറി/സെക്കന്ററി വിദ്യാഭ്യാസമേഖലയുടെ നേര്‍ചിത്രം വരിച്ചിടുന്നു. ഈ പ്രതിസന്ധികള്‍ പരിഹരിക്കുകയല്ല; സ്വകാര്യമൂലധനത്തെക്കൊണ്ട് ഓട്ടയടപ്പിച്ച്, സാമൂഹിക കടമകള്‍ കൈയ്യൊഴിയുകയാണ് പുതിയ നിയമം വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്! സൌജന്യ വിദ്യാഭ്യാസത്തിന്റെ ലേബലില്‍ മൂലധന അധിനിവേശം അതിവേഗം പൂര്‍ത്തിയാക്കുന്ന ഈ പ്രക്രിയക്ക് തടയിടേണ്ടത് ജനങ്ങളുടെ കടമയാണ്. അതിന് കഴിയുമെങ്കില്‍ ഇനിയും പ്രതീക്ഷക്ക് വകയുണ്ട്.

അക്ഷരം വ്യവസായമാക്കിയ നൂറുദിനങ്ങള്‍

ഇടതുപക്ഷത്തിന്റെ സ്വാധീനമില്ലെന്നുമാത്രമല്ല, 350 കോടീശ്വരന്മാരുടെ പാര്‍ലിമെന്റാണ് ഇന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. അതിനനുസൃതമായ 'കമ്പോളപ്പെരുമഴ'യാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അജണ്ടകളായി പുറത്ത് വന്നിരിക്കുന്നത്. വിദേശസര്‍വ്വകലാശാലകളെ ക്ഷണിക്കുന്നതിനുളള നിയമനിര്‍മ്മാണമാണ് (അഞ്ചുവര്‍ഷകാലമായി തടഞ്ഞുവച്ചിരുന്നത്) 'സൌജന്യവിദ്യാഭ്യാസ നിയമ'ത്തിനുപിറകെവരുന്നത്. യാതൊരു നിയമനിര്‍മ്മാണവും ഇല്ലാതെ തന്നെ 144 വിദേശസര്‍വ്വകലാശാലകളുടെ പരസ്യങ്ങള്‍ ഇന്ത്യന്‍ വര്‍ത്തമാന പത്രങ്ങളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. അതില്‍ 44എണ്ണവും അവരുടെ സ്വന്തം രാജ്യത്ത്പോലും അംഗീകരിക്കപ്പെട്ടവയല്ലെന്നും വെറും 'പെട്ടിക്കട സര്‍വ്വകലാശാല'കളാണെന്നും മാധ്യമനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യപങ്കാളിത്തത്തോടെ മാത്രമേ ഇനി ഈ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുകയുളളൂവെന്ന് മന്ത്രി ദിവസംതോറും പ്രഖ്യാപിക്കുന്നു! ഫീസ് നിയന്ത്രണം ഉണ്ടാവില്ല, കേന്ദ്രീയ വിദ്യാലയങ്ങള്‍ മുതല്‍ ഐ.ഐ.ടി. വരെയുളള സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി വിഹിതം (ഫീസ്) സ്വകാര്യകോളേജുകളിലേതിന് തുല്യമായി വര്‍ദ്ധിപ്പിക്കും, തുടങ്ങിയ പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയാണ് 100 ദിനം കൊണ്ട് കപില്‍സിബാല്‍ നടത്തിയത്.. ഉന്നത വിദ്യാഭ്യാസരംഗത്തെ മൂലധന അധിനിവേശം സമ്പൂര്‍ണ്ണമാക്കുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പറയുന്നത്. (ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ 1991 മുതല്‍ ആരംഭിച്ചതാണ്. അതിന്റെ വിശദാംശങ്ങള്‍, വേറൊരു അന്വേഷണവിഷയമായതിനാല്‍ മാറ്റിവയ്ക്കുന്നു‍)

ഇപ്പോള്‍തന്നെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ അറവുകേന്ദ്രങ്ങളായി മാറികഴിഞ്ഞുവെന്നതിന് ഏറ്റവും കൃത്യമായ തെളിവ് രാജ്യത്തെ വിദ്യാഭ്യാസ വായ്പയില്‍ വന്ന ഭീമാകാരമായ വര്‍ദ്ധനവാണ്. 2009 മാര്‍ച്ച് 31ന് രാജ്യത്തെ കോമേഴ്സ്യല്‍ ബാങ്കുകളില്‍നിന്ന് 24,000 കോടിരൂപയുടെ വിദ്യാഭ്യാസ വായ്പയാണ് നല്‍കിയിട്ടുളളത്. 2011ല്‍ ഇത് 50,000 കോടി രൂപയായി ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് എസ്റിമേറ്റ്! ഈ ധനമെല്ലാം ആരാണ് വരവ് വയ്ക്കുന്നത്? വിദ്യാഭ്യാസവും വിജ്ഞാനവും മൂലധനഉടമകള്‍ക്ക് കൈമാറുമ്പോള്‍ സംഭവിക്കുന്നത് അതാണ്. സ്വകാര്യ സ്വാശ്രയ മേഖലയുടെ വളര്‍ച്ചക്കും വികാസത്തിനും പൊതുസമൂഹമാണ് ഫണ്ടു ചെയ്യുന്നതെന്ന്, ഈ കണക്ക് വ്യക്തമാക്കുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഈ ധനപ്രവാഹത്തിന് ശക്തികൂട്ടുന്ന തീരുമാനങ്ങള്‍ മാത്രമാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ എടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സബ്സിഡികള്‍ പിന്‍വലിക്കുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചുകൊണ്ടാണ് അധികാരമേറ്റതിന്റെ നൂറാം ദിനം സര്‍ക്കാര്‍ ആഘോഷിച്ചത്. യൂസര്‍ ഫീ പിരിക്കാനും, ഹോസ്റ്റലുകളില്‍ കമ്പോളനിരക്കില്‍ വാടകവാങ്ങാനും, ട്യൂഷന്‍ഫീ 'ഡോളര്‍നിരക്കില്‍' ഉയര്‍ത്താനും അധികാരികളോട് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ എച്ച്. ആര്‍. ഡി. സെക്രട്ടറിയുടെതായി പുറത്തുവന്നിട്ടുണ്ട്. 11-ാം പദ്ധതി കാലത്ത് 6000 മോഡല്‍സ്കൂളുകള്‍ സ്ഥാപിക്കുമെന്നുളള മന്ത്രിയുടെ പ്രഖ്യാപനമാണ് അവസാനം കേട്ടത്. 10,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം പ്രതീക്ഷിക്കുന്നതിനാല്‍ ഇതില്‍ 2500 എണ്ണം സ്വകാര്യപങ്കാളിത്തത്തോടെയാണത്രെ സ്ഥാപിക്കുന്നത്. 25കോടി ആസ്തിയുള്ള മുതലാളിമാര്‍ക്ക് കേന്ദ്ര ഖജനാവിന്റെ ചെലവില്‍ ഈ മോഡല്‍ സ്കൂള്‍ സ്വന്തമാക്കാമെന്നാണ് പ്രഖ്യാപനം. അവിടെ പ്രവേശിപ്പിക്കുന്ന ഓരോ കുട്ടിക്കും ഫീസിനത്തില്‍ 1400 രൂപാവീതം (ഉടമയ്ക്ക്) സര്‍ക്കാര്‍ നല്‍കും. സ്വകാര്യ നിക്ഷേപത്തിന് പലിശയും സര്‍ക്കാര്‍ കൊടുക്കുമെന്നാണ് മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞത്. പ്രസ്തുത സ്കൂളുകളില്‍ SC/ST വിദ്യാര്‍ത്ഥികളുടെ പ്രതിമാസ ട്യൂഷന്‍ഫീസ് 25 രൂപയും വരുമാനനികുതി നല്‍കാത്ത രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് 100രൂപയും ആയിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതങ്ങനെ തുടരുമ്പോള്‍, രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് 5 മുതല്‍ 8 മടങ്ങ് വരെ ഉയര്‍ത്തികൊണ്ടുളള സര്‍ക്കാര്‍ സര്‍ക്കുലര്‍ എല്ലാ വിദ്യാലയ അധികൃതരുടെയും മേശപ്പുറത്ത് ഇപ്പോള്‍ എത്തിയിട്ടുണ്ടത്രെ!

അതെ, ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ അതിഭീകരമായ അസമത്വങ്ങള്‍ വാരിവിതക്കുന്ന മൂലധന അധിനിവേശത്തിന്റെ കാവല്‍ക്കാരെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിപ്പിച്ചതെന്ന് 100 ദിവസം കൊണ്ട് തന്നെ വ്യക്തമായിക്കഴിഞ്ഞു. അത്തരം നയപരിപാടികളുടെ വേലിയേറ്റമാണ് 'അക്ഷരവ്യവസായ മേഖലയില്‍' ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്! ആരാണ് ഇത് തടയേണ്ടത്.?
*
Reference:
1. Network for Social Accountability-www.nsa.org.in
2. Edustat Data Base, World Bank website
3. Global Monitoring reporte on education for all - 2009
4. National network on education website
5. Right to education bill website HRD Ministry
6. India together website
*
അനന്തകൃഷ്ണന്‍ അടൂര്‍ ananthakrishnanadoor@gmail.com
കടപ്പാട്: പി.എ.ജി ബുള്ളറ്റില്‍ ലക്കം 75

1 comment:

  1. രാജ്യത്തെ 90% പ്രൈമറി സ്കൂളുകളും 78% അപ്പര്‍ പ്രൈമറി വിദ്യാലയങ്ങളും സര്‍ക്കാര്‍ ഉടമസ്തതയിലാണ്. അതില്‍ 40% വും ഏകാദ്ധ്യാപക വിദ്യാലയങ്ങളും! അടിസ്ഥാനസൌകര്യങ്ങളോ, അധ്യാപകരോ പരിമിതമായ അളവില്‍പ്പോലുമില്ലാത്ത ഈ സ്കൂളുകളെ മുഴുവന്‍, നിയമത്തില്‍ പറയുന്ന സൌകര്യങ്ങളും പഠനാന്തരീക്ഷവും സൃഷ്ടിച്ചെടുത്ത് 'നിലവാര' മുള്ളവിധം പുനര്‍ നിര്‍മ്മിക്കാന്‍ പ്രതിവര്‍ഷം ദേശീയ ഉല്‍പ്പാദനത്തിന്റെ 6% തുകയെങ്കിലും നീക്കിവയ്ക്കാതെ കഴിയില്ല എന്നാണ് വിദഗ്ധന്മാരുടെ നിഗമനം. എന്നാല്‍ അതിന്റെ മൂന്നിലൊന്നാണ് ഉയര്‍ന്ന കണക്കുകളില്‍പ്പോലും ബില്‍ വിഭാവനം ചെയ്യുന്നത്. ഫലത്തില്‍ നിയമം വെറുമൊരു നോക്കുകുത്തിയായി തുടരും.

    ReplyDelete