Thursday, December 3, 2009

ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍

ജറുസലേമിലെ മസ്ജിദുന്‍ അഖ്സാ ലോകത്തെ പ്രസിദ്ധമായ മുസ്ളിംപള്ളികളിലൊന്ന് ഇയ്യിടെ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയി. അത് ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍. അറബ് രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രവേശമില്ല. അമ്പതു വയസ്സിനു മുകളിലുള്ള പലസ്തീനികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയരായി വരാം. ടൂറിസ്റ്റുകളായതുകൊണ്ട് എനിക്കും കൂട്ടുകാര്‍ക്കും അനുമതി ലഭിച്ചു. പണ്ട് വിശ്വാസികള്‍ നിറഞ്ഞിരുന്ന പള്ളിയില്‍ ഇപ്പോള്‍ പ്രാര്‍ഥനയ്ക്ക് കുറച്ചുപേരേ വരാറുള്ളു. പരിസരത്തു താമസിച്ചിരുന്ന പലസ്തീനികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. അവിടെയൊക്കെ യഹൂദരാണിപ്പോള്‍. താമസിയാതെ പള്ളി യഹൂദരുടെകൂടി ദേവാലയമായേക്കും. പള്ളിക്കു തൊട്ടുതാഴെ ഇസ്രയേല്‍ പുരാവസ്തുവകുപ്പിന്റെ ഖനനം. അത് തറയുടെ അടിഭാഗംവരെ എത്തിയിട്ടുണ്ട്. പള്ളിക്കടിയില്‍ ഏതോ പുരാതന ദേവാലയത്തിന്റെ ശേഷിപ്പു തേടുകയാണ് ഗവേഷകര്‍. പള്ളിയില്‍ പ്രവേശിക്കാന്‍ പലസ്തീനികള്‍ക്ക് ഇസ്രയേല്‍ പട്ടാളത്തിന്റെ പരിശോധന കഴിയണം. പള്ളിപ്പറമ്പിലാണ് ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ് മൌലാന മുഹമ്മദലിയുടെ കബറിടം. അതിനെ പലസ്തീനികള്‍ ഏറെ ബഹുമാനിക്കുന്നു.

പള്ളിയില്‍ പലസ്തീന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ഫയ്യാദ് മുഹമ്മദിനെ കണ്ടു. പലസ്തീനികളുടെ സ്വരാജ്യത്തിനുവേണ്ടി ശക്തമായി പൊരുതുന്ന പാര്‍ടി രകാഹ് എന്നാണറിയപ്പെടുന്നത്. അല്‍ ഹിസ്ബുശ്ശുയൂഉല്‍ ഇസ്രാഈലി എന്നാണ് പാര്‍ടിയുടെ ഔദ്യോഗിക പേര്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇസ്രയേല്‍ (സിപിഐ) എന്നും പറയും. എമില്‍ ഹബീബി, തൌഫീഖ് തൌബി, മീര്‍ വില്‍നെര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965ലാണ് രകാഹ് രൂപീകരിക്കപ്പെടുന്നത്. സോവിയറ്റ് യൂണിയന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയുംചെയ്തു. 1977ല്‍ ഇടതുപക്ഷ സംഘടനകളോടും അറബ് പാര്‍ടികളോടും ചേര്‍ന്ന് ഹദശ് എന്ന മുന്നണി രൂപീകരിച്ചു. അതിന്റെ നായകത്വം രകാഹിനാണ്. അറബിഭാഷയിലുള്ള ഔദ്യോഗിക ദിനപത്രമാണ് അല്‍ ഇത്തിഹാദ്.

ഫയ്യാദ് എന്‍ജിനിയറാണ്. പലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അയാള്‍ എണ്ണിപ്പറഞ്ഞു. കേള്‍ക്കുന്നതിലും എത്രയോ ഭീകരമാണ് ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍. ജറുസലേമില്‍നിന്ന് അറബികളെ തുരത്തുകയാണു ലക്ഷ്യം. പലസ്തീനി കേന്ദ്രങ്ങളില്‍ വെള്ളവും വെളിച്ചവും മുടക്കുന്നു. വീടുവിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു. ജറുസലേമിലെ പലസ്തീനികള്‍ക്ക് തൊട്ടപ്പുറത്ത് ബത്ലഹേമിലും റമല്ലയിലുമൊക്കെയുള്ള ബന്ധുക്കളെ കാണാന്‍പോലും മുന്‍കൂര്‍ അനുവാദം വേണം. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേലി ഫ്ളാറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഭവനരഹിതരാകുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയില്ല. യുഎന്‍ അഭയാര്‍ഥികേന്ദ്രങ്ങളിലാണ് പലരും. പലസ്തീന്‍ ഭാഗങ്ങള്‍ക്കുചുറ്റും കൂറ്റന്‍ മതില്‍കെട്ടി സഞ്ചാരം നിയന്ത്രിച്ചിരിക്കയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ നരനായാട്ടിന്റെ മുറിപ്പാടുകള്‍ ഉണങ്ങിയിട്ടില്ല. ഫയ്യാദിന്റെ വിവരണത്തില്‍ കണ്ണുനനയാതിരിക്കില്ല.

ഇസ്രയേലില്‍ 18 ശതമാനം അറബികളുണ്ട്. അവരെല്ലാം പലസ്തീനികള്‍. ഏകദേശം ഒമ്പതുലക്ഷം വരും. ഇവരുടെ അവകാശങ്ങളാണ് യഹൂദസര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. ഇതില്‍ നല്ലൊരു വിഭാഗം കര്‍ഷകരാണ്. വെണ്ണക്കല്‍ കച്ചവടക്കാരുമുണ്ട്. ഇസ്രയേലില്‍ വെണ്ണക്കല്‍ ധാരാളമാണ്. ഈ പ്രദേശങ്ങളിലെ പലസ്തീനികളെ പുറത്താക്കി യഹൂദികളെ കുടിയിരുത്താനാണു ശ്രമം. ഹെബ്രോണിലേക്ക് പോകുംവഴിയാണ് യുഎന്‍ വക പലസ്തീനി അഭയാര്‍ഥികേന്ദ്രങ്ങള്‍. അതിനുചുറ്റും വൈദ്യുതി പ്രവഹിപ്പിച്ച കമ്പിവേലി കെട്ടിയിരിക്കുന്നു. അതിക്രമിച്ചു കടക്കാതിരിക്കാനാണത്രേ. ഹെബ്രോണില്‍ ഫ്ളാറ്റുകളില്‍നിന്ന് പലസ്തീനികളെ കുടിയിറക്കി കുടിയേറ്റക്കാരായ യഹൂദികളെ താമസിപ്പിച്ചിരിക്കുന്നു. താഴെ കച്ചവടക്കാര്‍ ഇപ്പോഴും പലസ്തീനികള്‍തന്നെ. ഫ്ളാറ്റുകളിലെ യഹൂദികള്‍ ചപ്പുചവറുകളെറിഞ്ഞ് താഴെക്കൂടി പോകുന്ന അറബികളെയും മുസ്ളിം തീര്‍ഥാടകരെയും ദ്രോഹിക്കുന്നു.

മുസ്ളിങ്ങള്‍ ബൈതുല്‍ മുഖദ്ദസ് എന്നു വിളിക്കുന്ന ജറുസലേം ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും മുസ്ളിങ്ങള്‍ക്കും ഒരുപോലെ പുണ്യകേന്ദ്രമാണ്. പ്രവാചകന്‍ മോശ (മൂസാ നബി)യുടെ കബറിടവും യേശുവിന്റെ ജന്മസ്ഥലവും(ബത്ലഹേം) പ്രവാചകന്‍ മുഹമ്മദ് നബി കേന്ദ്രമാക്കിയ പള്ളിയും (മസ്ജിദുല്‍ അഖ്സാ) ഇവിടെ. ജനങ്ങള്‍ ഭൂരിപക്ഷവും അറബി മുസ്ളിങ്ങളാണ്. അറബി ‘ഭരണകാലത്ത് ഈ വൈവിധ്യവും സഹിഷ്ണുതയും കാത്തുസൂക്ഷിച്ചിരുന്നു. ഇതൊക്കെ കാറ്റില്‍പറത്തിയാണ് സാമ്രാജ്യത്വശക്തികള്‍ ഇസ്രയേല്‍ എന്ന ജാരരാജ്യത്തെ അറബ്ലോകത്ത് കുടിയിരുത്തിയത്..

കബറടക്കുന്ന ചേരിചേരാ നയം

ഇന്ത്യയോട് പലസ്തീനികള്‍ക്ക് പഴയ മതിപ്പില്ല. തങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നതിന് സഹായിക്കുകയാണെന്ന് അവര്‍ക്കറിയാം. ആയുധക്കരാറില്‍ റഷ്യയെ അവഗണിച്ചാണ് ഇസ്രയേല്‍ കൂട്ടുകെട്ട്. പലസ്തീന്‍കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപഗ്രഹമായ ടെക്സാര്‍ വിക്ഷേപിച്ചതും ഇന്ത്യയാണ്. ചാന്ദ്രയാന്‍ ദൌത്യത്തിലും ഇസ്രയേലിനു പങ്കുണ്ട്. അവിടത്തെ ചാരസംഘടനയായ മൊസാദ് ഇന്ത്യയാകെ ചിറകുവിടര്‍ത്തിയിരിക്കയാണ്. വാജ്പേയി സര്‍ക്കാര്‍ ഹിന്ദുത്വ ശാക്തീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഇസ്രയേല്‍ബന്ധം കോണ്‍ഗ്രസും തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും മുസ്ളിങ്ങളുടെയും മതേതര സംഘടനകളുടെയും എതിര്‍പ്പു കൂസാതെയാണിത്.

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നും പ്രശ്നം യുഎന്നിലെത്തിക്കാന്‍ ആവശ്യപ്പെടണമെന്നും ഇടതുപക്ഷവും മറ്റും ഉന്നയിച്ചപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത വിധമുള്ള പ്രസ്താവനയാണ് വിദേശമന്ത്രാലയം പുറപ്പെടുവിച്ചത്. ഇസ്രയേലിനെ വേദനിപ്പിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്്. ലോകജനതയ്ക്കുമുന്നില്‍ നമ്മുടെ പ്രതിച്ഛായ തകരാന്‍ ഇതു കാരണമായി. ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളും പലസ്തീനികള്‍ക്കുവേണ്ടി ഇടപെട്ടപ്പോള്‍ ഇന്ത്യ അമേരിക്കന്‍ അനുകൂല നയമാണ് സ്വീകരിച്ചത്.

ഇനി ഇസ്രയേലിനുവേണ്ടി ഇറാനുമായുള്ള ബന്ധവും ഇന്ത്യക്ക് വിഛേദിക്കേണ്ടിവന്നേക്കും. ഇറാനെതിരെ ശക്തമായ നടപടി വരുമെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനെ അനുകൂലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമുണ്ടാവുമോ? അതോടെ ചേരിചേരാനയത്തെ എന്നന്നേക്കുമായി കബറടക്കും. പലസ്തീനികള്‍ക്കും അവരുടെ വാസസ്ഥലങ്ങള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെ ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായി എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷവുമായി രകാഹ് ബന്ധപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളോടും യഹൂദരോടും സ്ത്രീകളോടും ഇസ്രയേല്‍ കാട്ടുന്ന അവഗണനക്കെതിരെയും രകാഹ് പൊരുതുന്നു. അറബിഭാഷയ്ക്ക് ഔദ്യോഗികാംഗീകാരമുണ്ടെങ്കിലും അറബി ഇസ്ളാം സംസ്കാരങ്ങളെ പൂര്‍ണമായും}ഒഴിവാക്കി വിദ്യാഭ്യാസരംഗം യഹൂദവല്‍ക്കരിക്കുന്നതിനെതിരെ ക്യാമ്പയിനുകളും സംഘടിപ്പിക്കുകയാണ്. .

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി വാരാന്തപ്പതിപ്പ്
ചിത്രം ഇവിടെ നിന്ന്

2 comments:

  1. ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നും പ്രശ്നം യുഎന്നിലെത്തിക്കാന്‍ ആവശ്യപ്പെടണമെന്നും ഇടതുപക്ഷവും മറ്റും ഉന്നയിച്ചപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത വിധമുള്ള പ്രസ്താവനയാണ് വിദേശമന്ത്രാലയം പുറപ്പെടുവിച്ചത്. ഇസ്രയേലിനെ വേദനിപ്പിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്്. ലോകജനതയ്ക്കുമുന്നില്‍ നമ്മുടെ പ്രതിച്ഛായ തകരാന്‍ ഇതു കാരണമായി. ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളും പലസ്തീനികള്‍ക്കുവേണ്ടി ഇടപെട്ടപ്പോള്‍ ഇന്ത്യ അമേരിക്കന്‍ അനുകൂല നയമാണ് സ്വീകരിച്ചത്.

    ReplyDelete
  2. ഇസ്ളാം തീവ്റവാദം ഭയങ്കമായി ലോകമാകെ വളരുകയാണു പാകിസ്ഥാന്‍ താന്‍ വളറ്‍ത്തിയ ഭസ്മാസുരണ്റ്റെ ഇരയായി മാറിക്കഴിഞ്ഞു എന്നും അവിടെ സ്ഫോടനങ്ങളും മനുഷ്യക്കുരുതിയുമാണു കാഷ്മീരിലേക്കു കടക്കാന്‍ തയ്യാറായി താലിബാനികള്‍ അതിറ്‍ത്തിക്കപുറം പാകിസ്ഥന്‍ ആറ്‍മിയുടെ പിന്തുണയോടെ നില്‍ക്കുന്നു ഒരു തീവ്റാവാദി അതിറ്‍ത്തി കടന്നു വരുമ്പോള്‍ നമ്മുടെ എത്റ മിലിട്ടറി ഉദോഗസ്ഥരാണു മരിക്കുന്നത്‌, ജീവന്‍ കളഞ്ഞും ജിഹാദിനു വരുന്നവരെ നമ്മുടെ ജനാധിപത്യം കൊണ്ടു തടയാന്‍ കഴിയില്ല റഷ്യയില്‍ നിന്നും വാങ്ങിയ പടക്കോപ്പുകല്‍ ഉപയോഗശൂന്യമാണൂ സുഖോയ്‌ വിമാനങ്ങള്‍ തകറ്‍ന്നു വീഴുന്നു അമേരിക്കയെക്കാള്‍ നമുക്കു ടെററിസത്തിനെതിരെ സപ്പോറ്‍ട്ടൂ തരുന്നത്‌ ഇസ്റായേല്‍ ആണു , താലിബാനികളെ ഒതുക്കാന്‍ ഇസ്റായേലിനു മാത്റമേ കഴിയു , ഇന്ത്യ അതിനാല്‍ പലസ്തീനികളുമായി പഴയ കെട്ടിപ്പിടി നടത്താന്‍ പോകാതെ ഇസ്റായേലുമായി കൂടുതല്‍ സഹകരിക്കണം അല്ലെങ്കില്‍ ഇവിടെ എന്നും പാകിസ്ഥാനിലെപോലെ സ്ഫോടനം ആയിരിക്കും ഫലം, തടിയണ്റ്റവിട നസീറും മറ്റും ഹുസൈന്‍ രണ്ടത്താണി പിന്തുടരുന്ന ഇസ്ളാം ടെററിസത്തിണ്റ്റെ പ്റോഡ്കറ്റുകള്‍ ആണല്ലോ പീ ഡീ പീ ബന്ധം ഇനിയും വിടറ്‍ത്തിയിട്ടില്ല മാറ്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടി എന്നു ഈ ലേഖനം ദേശാഭിമാനിയില്‍ വന്നതോടെ വ്യകതമായിരിക്കുന്നു

    ReplyDelete