Thursday, January 21, 2010

എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ


ജീവിച്ചിരിക്കുന്ന ഇതിഹാസമായ ഒരു കഥകളിനടനെക്കുറിച്ച് ഇന്ത്യയിലെ അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഒരു നര്‍ത്തകി നടത്തിയ പരാമര്‍ശമാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. മഹാനായ ആ കഥകളിപ്രതിഭയ്ക്ക് ഒരു 'പത്മശ്രീ'യെങ്കിലും ലഭിക്കാന്‍ 72 വയസ്സു വരെ കാത്തിരിക്കേണ്ടിവന്നു എന്നത് പക്ഷെ മലയാളിയുടെ ദുരവസ്ഥ!

കഥകളിക്കമ്പക്കാരുടെ അടങ്ങാത്ത ആവേശമായ കലാമണ്ഡലം ഗോപിയെക്കുറിച്ചു ലോകപ്രശസ്‌ത ഒഡിസ്സി നര്‍ത്തകി പത്മവിഭൂഷണ്‍ സൊണാല്‍ മാന്‍സിംഗ് കാല്‍നൂറ്റാണ്ടു മുമ്പു നടത്തിയ നിരീക്ഷണം അത്ഭുതാവഹമാണ്. ഒരു നൂറ്റാണ്ടു കാലം ഇന്ത്യയിലെ രാഷ്‌ട്രീയ സാംസ്‌ക്കാരിക മണ്ഡലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന പ്രശസ്‌തമായ ഒരു വാരികയായിരുന്നു 'ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ'. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പു പ്രസിദ്ധീകരണം നിര്‍ത്തിയ ഇതിന്റെ 1984 ജൂണ്‍ മൂന്നിലെ ലക്കത്തില്‍ മുഖ്യ പത്രാധിപര്‍ പ്രതീഷ് നന്ദിയുമായി നടത്തിയ അഭിമുഖത്തിലാണ്, ഇന്ത്യയിലെ എക്കാലത്തേയും വലിയ നര്‍ത്തകപ്രതിഭയാണു കലാമണ്ഡലം ഗോപിയെന്നു സോനാല്‍ മാന്‍സിങ് അഭിപ്രായപ്പെട്ടത്. കവര്‍സ്റോറിയായി പ്രസിദ്ധീകരിച്ച സുദീര്‍ഘമായ പ്രസ്തുത അഭിമുഖത്തിന്റെ അവസാന ഭാഗത്താണു ഗോപിയുടെ ആരാധകരെ കോരിത്തരിപ്പിച്ച ഈ പരാമര്‍ശം അവര്‍ നടത്തിയത്. അതിന്റെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു:

Prathish Nandy : Who do you think were the most powerful dancer, the most significant dancers of the generation preceding yours? Who are the best among your contemporaries?

Sonal Mansingh : Well, I mentioned about Vedantam Satyanarayana Sarma. He is tremendous. There is Birju Maharaj, the finest exponent of Kathak. There is Yamini Krishnamoorthy in Bharatha Natyam. Then there is my great favourite, who I think is the absolute great of all time, Kalamandalam Gopi, the Kathakali dancer. He is a consummate artiste..

കലാമണ്ഡലം ഗോപിക്ക് അന്ന് 50 വയസ്സു പോലും പ്രായമുണ്ടായിരുന്നില്ല. കലാമണ്ഡലം കൃഷ്ണന്‍ നായരും കലാമണ്ഡലം രാമന്‍കുട്ടിനായരുമൊക്കെ കത്തിജ്വലിച്ചു നില്ക്കുന്ന കാലഘട്ടമായിരുന്നു അത്. എന്നിട്ടും സൊണാല്‍ മാന്‍സിംഗ് തെരഞ്ഞെടുത്തത് കലാമണ്ഡലം ഗോപിയെ ആയിരുന്നു!

കേരളത്തിലെ ഏറ്റവും മനോഹരമായ അഞ്ചു വസ്തുക്കളുടെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ ആദ്യം പറയുക 'കലാമണ്ഡലം ഗോപിയുടെ പച്ച വേഷം' എന്നായിരിക്കും എന്ന് ആര്‍ട്ടിസ്റ് നമ്പൂതിരി ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്.

വേഷംകെട്ടി അരങ്ങിലെത്തുന്ന ഗോപിയുടെ ചലനങ്ങള്‍ക്കും മുദ്രകള്‍ക്കും മുഖഭാവങ്ങള്‍ക്കും ഒക്കെയുള്ള അഴക് പറഞ്ഞറിയിക്കാന്‍ നിവൃത്തിയില്ല. അനുഭവിച്ചുതന്നെ അറിയേണ്ട ഒരു സൌന്ദര്യ ലോകമാണത്. കഥകളിയുടെ ദ്യശ്യ സൌന്ദര്യത്തെക്കുറിച്ച് ഇത്രമാത്രം ബോധവാനായ ഒരു കഥകളി നടന്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണു കലാമണ്ഡലം ഗോപിയുടെ 'നില'കള്‍ക്ക് (posture) ഇത്രയധികം ദൃശ്യചാരുത കൈവന്നത്. ഒരു കഥകളിഗ്രന്ഥത്തിലും പറയാത്ത, ഒരു കളരിയിലും പഠിപ്പിക്കാത്ത, കലാമണ്ഡലം ഗോപിയുടെ 'കഥകളിയിലെ നില'കളെക്കുറിച്ച് ഒരു ഡോൿടറേറ്റ് തീസിസിനുതന്നെയുള്ള വകയുണ്ട്.

എല്ലാ ദൃശ്യ കലകളിലും ഒരു നര്‍ത്തകന്റേയോ, അഭിനേതാവിന്റേയോ വേഷസൌഭാഗ്യം അയാളുടെ മറ്റു സിദ്ധികളുടെ പ്രകാശനത്തില്‍ വഹിക്കുന്ന പങ്കു ഗണ്യമാണ്. വര്‍ണ്ണശബളിമയാര്‍ന്ന കലാമണ്ഡലം ഗോപിയുടെ കഥകളി വേഷത്തില്‍ ഒരുതരം വിഗ്രഹ സൌന്ദര്യമുണ്ട്. ഏതോ ദിവ്യ ശില്പി കൊത്തിയെടുത്ത മനോഹരമായ ഒരു പുരുഷ ശില്പത്തിന്റെ ചൈതന്യം ഗോപിയുടെ ആകാരത്തിലും ചലനങ്ങളിലും അവയുടെ ഇടയിലെ നിശ്ചലതകളിലും തുളുമ്പിനില്ക്കുന്നു. കറുത്ത വലിയ കൃഷ്ണമണികള്‍ക്കു സ്വൈരവിഹാരം ചെയ്യാന്‍ തക്കവണ്ണം വെളുത്തു വിസ്‌തൃതമായ മിഴിമണ്ഡലം. കടഞ്ഞെടുത്തതുപോലെ മനോഹരമായ നാസിക. ശോക-ശൃംഗാര രസങ്ങള്‍ക്കു ഭാവദീപ്‌തി പകരുന്ന ചുണ്ട്. നീണ്ട ഉടലിനു യോജിച്ച ബാഹുക്കള്‍. കൈമുദ്രകള്‍ക്കു കാവ്യാത്മകമായ സൌന്ദര്യം പകരുന്ന നീണ്ട വിരലുകള്‍. ഒതുങ്ങിയ പാദങ്ങളും മനോഹരമായ പദചലനങ്ങളും. വേഷംകെട്ടി അരങ്ങിലെത്തുന്ന കലാമണ്ഡലം ഗോപിയെ അംഗപ്രത്യംഗം വായിക്കുന്ന ആസ്വാദകന് അറിയാന്‍ ഏറെയുണ്ട്.

കലാമണ്ഡലം രാമന്‍കുട്ടിനായരുടെ കറകളഞ്ഞ 'കല്ലുവഴിച്ചിട്ട' യുടെ മാസ്‌മരിക സൌന്ദര്യവും, കീഴ്‌പടം കുമാരന്‍നായരുടെ ഉദാത്തമായ പാത്രാവിഷ്‌ക്കാരവും, കലാമണ്ഡലം കൃഷ്ണന്‍നായരുടെ ഉജ്ജ്വലമായ രസാഭിനയവും ഏറെ ആരാധനയോടെ ആസ്വദിച്ചിട്ടുള്ള കഥകളിക്കമ്പക്കാര്‍ അനേകമുണ്ടെങ്കിലും കലാമണ്ഡലം ഗോപിയെപ്പോലെ ആസ്വാദകരുടെ മനസ്സിനെ ഭ്രമിപ്പിച്ച മറ്റൊരു കഥകളിനടന്‍ ഇല്ലെന്നുതന്നെ പറയാം. കലാമണ്ഡലം കൃഷ്ണന്‍നായരുടെ ബാഹ്യസവിശേഷതകളുമായി ഗോപിയുടെ വേഷം താരതമ്യം ചെയ്യാന്‍ ചിലര്‍ മുതിര്‍ന്നിട്ടുണ്ട്. വിദൂര ദൃഷ്‌ടിയില്‍ സാദൃശ്യം തോന്നിയേക്കാമെങ്കിലും സൂക്ഷ്‌മ പരിശോധനയില്‍ ഇവര്‍ തമ്മിലുള്ള അന്തരം ബോധ്യമാകും. യശ:ശ്ശരീരനായ കൃഷ്ണന്‍നായരെപ്പോലെ ഗോപിയും പച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതു മാത്രമാണ് ഇവര്‍ തമ്മിലുള്ള ഏക സമാനത.

തന്റെ കലയോട് അനുഷ്ഠാനപരമായ ആത്മാര്‍ത്ഥത കാത്തുസൂക്ഷിക്കുന്ന ഗോപി കഠിനമായ 'കല്ലുവഴിച്ചിട്ട' അനുശാസിക്കുന്ന സമ്പ്രദായങ്ങള്‍ പിന്‍തുടരുമ്പോള്‍ത്തന്നെ സര്‍ഗാത്മകമായ ചില പാരമ്പര്യ നിഷേധങ്ങള്‍ തന്റെ രംഗാവതരണത്തില്‍ കൈക്കൊള്ളാന്‍ ശ്രമിക്കുന്നതായി കാണാം. മുദ്രകളുടെ വിന്യാസത്തിലും അവയിലൂടെ ആവിഷ‌കൃതമാകുന്ന ആശയ സ്വരൂപത്തിലും ഗോപി പാരമ്പര്യ നിഷേധിയായ സമീപനമാണു സ്വീകരിച്ചിട്ടുള്ളത്. എന്ത്, എവിടെ, മുതലായ മുദ്രകള്‍ക്കു കൈവിരലുകള്‍ ചേര്‍ത്തു പിടിക്കണമെന്ന നിബന്ധന നിരാകരിക്കുന്ന ഗോപി അവ വിരിയിച്ചു പിടിക്കുമ്പോള്‍ എത്രയെത്ര സൂക്ഷ്‌മ ബിംബങ്ങളാണു പ്രേക്ഷകന്റെ മനസ്സില്‍ വരിയിക്കുന്നത്. വികാരങ്ങളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുന്ന ഒരു കഥാപാത്രത്തിന്റെ മുദ്രകള്‍ അഥവാ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്ന മാനസികാവസ്ഥ സ്പഷ്‌ടമാക്കാന്‍ ഗോപിയുടെ മുദ്രകള്‍ ചിലപ്പോള്‍ അര്‍ധോക്തിയുടെ വരമ്പില്‍ മുറിയുന്നത് അതീവ ഹൃദ്യമായി അനുഭവപ്പെടാറുണ്ട്. പൂര്‍ണ്ണ വിരാമങ്ങളും അര്‍ദ്ധ വിരാമങ്ങളും കൊണ്ടു മുദ്രയിലൂടെ വികാരസന്നിവേശം നടത്തി പ്രേക്ഷകന്റെ ബോധ തലങ്ങളില്‍ യഥാര്‍ത്ഥ പ്രതീതിയുണര്‍ത്തുന്ന ഗോപി കഥകളിയുടെ അഭിനയ സങ്കേതത്തില്‍ വിപ്ളവപരമായ പരിവര്‍ത്തനം നടത്തിയിരിക്കുന്നു.

പട്ടിക്കാംതൊടിയുടെ ഉടലില്‍ കുഞ്ചുക്കുറുപ്പിന്റെ ശിരസ്സു ചേര്‍ന്ന ഒരു മാതൃകാ നടനെ കഥകളിക്ക് പുനര്‍ജന്മം നല്‍കിയ മഹാകവി വള്ളത്തോള്‍ സ്വപ്‌നം കണ്ടിരുന്നു. ഗോപി ആ സ്വപ്‌നത്തെ ഏറെക്കുറെ സഫലമാക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആംഗികാഭിനയവും സാത്വിക ഭാവങ്ങളും സംയോജിപ്പിച്ചു നിലനിര്‍ത്താന്‍ വളരെ പ്രയാസമാണ്. ലയനിബദ്ധമായ പാത്രാവതരണത്തിനുള്ള സഹജമായ വാസനയാണു ഗോപിയിലെ നര്‍ത്തകനേയും നടനേയും ഏകോപിപ്പിക്കുന്നത്. താളാനുസാരിയല്ലാത്ത ഒരു മുദ്രയോ, ചലനമോ ഗോപിയില്‍ കാണാനാവില്ല. കഠിനമായ ചിട്ടകള്‍ക്കു പേരുകേട്ട കോട്ടയം കഥകളും (കോട്ടയത്തു തമ്പുരാന്‍ രചിച്ച കല്യാണസൌഗന്ധികം, നിവാതകവച കാലകേയ വധം, കൃമ്മീര വധം, ബകവധം എന്നിവ) ജനകീയ കഥകളും (നളചരിതം, രുഗ്മാംഗദ ചരിതം, കര്‍ണ്ണശപഥം മുതലായവ) ഒരേപോലെ സ്വായത്തമാക്കിയ സാവ്യസാചിയാണു കലാമണ്ഡലം ഗോപി.

നിര്‍ഭാഗ്യകരമായ ചില സ്വഭാവദൂഷ്യങ്ങള്‍ക്കിരയായി രോഗാതുരനായിത്തീര്‍ന്ന കലാമണ്ഡലം ഗോപി അതില്‍നിന്നെല്ലാം ഇപ്പോള്‍ പരിപൂര്‍ണമായും മോചിതനായിരിക്കുന്നു. പൂര്‍വാധികം ഊര്‍ജസ്വലതയോടെ ഈ 72-ാം വയസ്സിലും കഥകളിയുടെ അലൌകികമായ അരങ്ങില്‍ നക്ഷത്ര ശോഭയോടെ ഇന്നും നിറഞ്ഞു നില്ക്കുന്നു എന്നത് അദ്ദേഹത്തിന്റെ ആരാധകരെ ആനന്ദതുന്ദിലരാക്കുന്ന കാര്യമാണ്. ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന നൃത്ത-അഭിനയ-രംഗ കലയിലെ ഏറ്റവും മഹാനായ കലാകാരനാണു കാലമണ്ഡലം ഗോപിയെന്നു ചില വിദേശ കലാ മര്‍മ്മജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ അഭിമാനമായ ഈ മഹാപ്രതിഭ നാലു തവണ ബീമിന്റെ വേദികളെ ധന്യമാക്കിയിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.

*****

എ. എന്‍.രവീന്ദ്രന്‍,
കടപ്പാട് : ബീം രജത ജൂബിലി സ്‌മരണിക
ചിത്രങ്ങൾ : ഉന്മേഷ് ദസ്തക്കിർ

8 comments:

  1. പട്ടിക്കാംതൊടിയുടെ ഉടലില്‍ കുഞ്ചുക്കുറുപ്പിന്റെ ശിരസ്സു ചേര്‍ന്ന ഒരു മാതൃകാ നടനെ കഥകളിക്ക് പുനര്‍ജന്മം നല്‍കിയ മഹാകവി വള്ളത്തോള്‍ സ്വപ്‌നം കണ്ടിരുന്നു. ഗോപി ആ സ്വപ്‌നത്തെ ഏറെക്കുറെ സഫലമാക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആംഗികാഭിനയവും സാത്വിക ഭാവങ്ങളും സംയോജിപ്പിച്ചു നിലനിര്‍ത്താന്‍ വളരെ പ്രയാസമാണ്. ലയനിബദ്ധമായ പാത്രാവതരണത്തിനുള്ള സഹജമായ വാസനയാണു ഗോപിയിലെ നര്‍ത്തകനേയും നടനേയും ഏകോപിപ്പിക്കുന്നത്.

    ReplyDelete
  2. "...കറുത്ത വലിയ കൃഷ്ണമണികള്‍ക്കു സ്വൈരവിഹാരം ചെയ്യാന്‍ തക്കവണ്ണം വെളുത്തു വിസ്‌തൃതമായ മിഴിമണ്ഡലം." - ഇതെത്രമാത്രം ശരിയാണെന്നു സംശയമുണ്ട്. സാധാരണ സൌന്ദര്യസങ്കല്പത്തിലുള്ള കണ്ണുകളല്ല അദ്ദേഹത്തിന്റേത്, ഒന്നു ചെറുതും മറ്റൊന്ന് വലുതും. എന്നാല്‍ അതൊരു കുറവേയാവുന്നില്ല എന്നത് മറ്റൊരു അത്ഭുതം!

    "എന്ത്, എവിടെ, മുതലായ മുദ്രകള്‍ക്കു കൈവിരലുകള്‍ ചേര്‍ത്തു പിടിക്കണമെന്ന നിബന്ധന നിരാകരിക്കുന്ന ഗോപി..." - അര്‍ദ്ധചന്ദ്രമാണ് ഈ വാക്കുകളുടെ അര്‍ത്ഥം കിട്ടുവാനായി പിടിക്കേണ്ടത്. ചില നിലകള്‍ക്ക്‍, ഒരുപക്ഷെ വിരലുകള്‍ അകത്തിയേക്കാമെങ്കിലും അതിനെ സാമാന്യവല്‍കരിച്ച് പറയേണ്ടതില്ല. പദം ചൊല്ലിയാടുമ്പോള്‍ അര്‍ദ്ധചന്ദ്രം പിടിക്കുന്നത് ചെറുവിരല്‍, മോതിരവിരല്‍, നടുവിരല്‍ എന്നിവ ഒരുമിച്ചു തന്നെയാണ്, വിടര്‍ത്തിയല്ല. അങ്ങിനെ വിടര്‍ത്തി അര്‍ദ്ധചന്ദ്രം പിടിച്ചാല്‍ അതാരായാലും അഭംഗിയായി തന്നെയാണ് തോന്നാറുള്ളതും.

    "നിര്‍ഭാഗ്യകരമായ ചില സ്വഭാവദൂഷ്യങ്ങള്‍ക്കിരയായി..." - ശീലങ്ങള്‍ എന്നതാവും ഒന്നു കൂടി യോജിച്ചത്.
    --

    ReplyDelete
  3. സോമന്‍ സുകുമാരന്‍ രതീഷ്‌ രാജന്‍ പീ ദേവ്‌ ലോഹിതദാസ്‌ ഇവരെയെല്ലാം പോലെ ഗോപിയാശാനും മദ്യത്തിനടിമയായി ജഗതി ശ്റീകുമാറിനെ പോലെ എന്നും മദ്യം കഴിക്കുമെങ്കിലും മദ്യത്തിനടിമയാകാതെ നിന്നാലെ ഒരു കലാകാരന്‍ രക്ഷപെടുകയുള്ളു

    ReplyDelete
  4. "ശീലങ്ങള്‍ എന്നതാവും ഒന്നു കൂടി യോജിച്ചത്" എന്ന ഹരിയുടെ അഭിപ്രായത്തോട് യോജിപ്പുണ്ട്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. The term 'Dancer' may be replaced with 'Stylized Actor' - In malayalam, 'Narthakan' with 'saileekritha natan'. Whenpeople like Ms.Sonal Mansingh writes it may sound better if accurate Terpsichorean 'terms' are used. As she has rightly mentioned, the others in the list are dancres. Essentially Kathakali, as all of us know, is not a 'dance', but more of a Natya or one type of Roopaka - A type of Drama. Dance elements, in the rigid technical sense are few in Kathakali, compared to the other styles mentioned by Ms. Sonal Mansingh. I write this only to be specific about Kathakali, since it's about Gopi aasan who belongs to a generation of attractive stylized performers.

    ReplyDelete
  7. ഗോപിശായാനെപ്പറ്റിയാവുമ്പോൾ എക്കാലത്തേയും വലിയ നർത്തകപ്രതിഭ എന്ന വിശേഷണം അതിസൂക്ഷ്മമായ ഒരു നിരീക്ഷണം തന്നെയാണ്,എല്ലാ അതിശയോക്തികളും ചീന്തിക്കളഞ്ഞാലും.
    പക്ഷേ,ലേഖനത്തിൽ മൌലികമായ നിരീക്ഷണങ്ങളൊന്നും കണ്ടില്ലെന്നതു ഖേദകരമാണ്,പറഞ്ഞുതേഞ്ഞുപോയ കാര്യങ്ങളുടെ ആവർത്തനം മാത്രം.
    ഗോപിയാശാനെ ഇനിയുമിനിയും എത്രയോ വീക്ഷണകോണുകളിലൂടെ വിലയിരുത്താനുണ്ട്!അവയ്ക്കൊന്നുമുള്ള ശ്രമങ്ങളുണ്ടാവാത്തതാണു ഖേദകരം.(ഞാനൊട്ടും ഇക്കാര്യത്തിൽ മുക്തനല്ല)
    കുറച്ചുമുൻപ്,എന്റെ ബ്ലോഗിലും കഴിയും വിധം ആശാനെക്കുറിച്ചൊരു പോസ്റ്റ് എഴുതിയിരുന്നു,കണ്ടിരുന്നുവോ?
    സ്വപ്നത്തിന്റെ ഞരമ്പുകൾ

    ReplyDelete
  8. In all honesty, I don't believe the similarities between Kalamandalam Krishnan Nair and Kalamandalam Gopi begin and end with their mutually remindful looks. Or that it was because they predominantly handled pachcha characters. Even in deep-focus observations, you can easily find a lot of commonness between the two amazingly gifted Kathakali artistes.
    T K Sreevalsan
    Madras

    ReplyDelete