Tuesday, March 23, 2010

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഏകീകൃത സംഘടന

രാജ്യത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ ബംഗളൂരുവിൽ ചേര്‍ന്ന് ഏകീകൃത സംഘടനയ്ക്ക് രൂപംനല്‍കി. ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ(എഫ്എസ്എംഐ) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികളായ 275 പേര്‍ പ്രത്യേകം യോഗം ചേര്‍ന്ന് ദേശീയതല സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനതല സംഘടനകളായ സ്വേഛ (ആന്ധ്രപ്രദേശ്), ഫ്രീസോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് കര്‍ണാടക, ഡെമോക്രാറ്റിക് അലയന്‍സ് നോളേജ് ഫോറം, ഫ്രീസോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ ഓഫ് തമിഴ്നാട്, ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് വെസ്റ് ബംഗാള്‍, പ്രാദേശികസംഘടനകളായ നോളേജ് കോമസ്, അക്കാദമിക് ഇനിഷ്യേറ്റീവ്, നാഷണല്‍ കസള്‍ട്ടേറ്റീവ് കമ്മിറ്റി ഓഫ് കംപ്യൂട്ടര്‍ ടീച്ചേഴ്സ് എന്നിവ എഫ്എസ്എംഐയുടെ ഭാഗമായി മാറി.

സമൂഹത്തിന്റെ എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും സ്വതന്ത്ര സോഫ്റ്റ്വെയറും അതിന്റെ ആശയധാരയും പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് മുഖ്യലക്ഷ്യമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ശാസ്ത്ര- ഗവേഷണ രംഗങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനത്തിനായി പ്രവര്‍ത്തിക്കും. സ്കൂള്‍- ഉന്നതവിദ്യാഭ്യാസ മേഖയിലും അക്കാദമിക് രംഗത്തും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഫലപ്രദമായി ഇടപെടും. സാധാരണക്കാരെയുള്‍പ്പെടെ കംപ്യൂട്ടര്‍സാക്ഷരരാക്കി ഈ രംഗത്തെ വിവേചനം അവസാനിപ്പിക്കാന്‍ പരിശ്രമിക്കും. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകും. എല്ലാതലത്തിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള നയപരമായ മാറ്റത്തിനായി പ്രവര്‍ത്തിക്കും. വിവരസാങ്കേതികവിദ്യയുടെ സ്വതന്ത്രമായ വളര്‍ച്ചയും വ്യാപനവും തടയുന്നതിനെതിരെ നിരന്തരം പൊരുതും- സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ജോസഫ് തോമസ് പ്രസിഡന്റ്, കിരൺ ചന്ദ്ര ജനറല്‍ സെക്രട്ടറി

പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ ജോസഫ് തോമസിനെയും ജനറല്‍ സെക്രട്ടറിയായി കിരൺചന്ദ്രയെയും(ആന്ധ്രപ്രദേശ്) തെരഞ്ഞെടുത്തു. പ്രൊഫ. ഗോപിനാഥ്, പ്രൊഫ. ദേബേഷ് ദാസ്, പ്രബീര്‍ പുര്‍കായസ്ത (വൈസ് പ്രസിഡന്റുമാര്‍), ജയകുമാര്‍, ഡോ. നന്ദിനി മുഖര്‍ജി, സിദ്ധാര്‍ഥ (സെക്രട്ടറിമാര്‍), പ്രതാപ് റെഡ്ഡി (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇവരടക്കം 28 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 69 പേരുള്ള ജനറല്‍ കൌൺസിലിനെയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ ഭരണഘടനയ്ക്ക് രൂപംനല്‍കാന്‍ ഈ സമിതിയെ ചുമതലപ്പെടുത്തി.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഉയരങ്ങളിലേക്ക്

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം എതാനും പ്രൊഫഷണലുകളും അക്കാദമിക് പണ്ഡിതന്മാരും മാത്രമടങ്ങിയ പരിമിത വൃത്തത്തില്‍നിന്ന് സാമൂഹ്യജീവിതത്തിന്റെ സമസ്ത തലങ്ങളിലും വേരോട്ടമുള്ള കരുത്തുറ്റ ബഹുജനപ്രസ്ഥാനമായി മാറുന്നു. രണ്ടുദിവസങ്ങളിലായി ബംഗളൂരുവില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ ദേശീയ സമ്മേളന ഇക്കാര്യത്തിന് അടിവരയിടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഐടി പ്രൊഫഷണലുകള്‍, അക്കാദമിക് പണ്ഡിതന്മാര്‍ എന്നിങ്ങനെ 1200ല്‍പരം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ പ്രതിനിധികള്‍ അണിനിരക്കുന്നത് ഇതാദ്യം.

സമ്മേളനത്തെക്കുറിച്ച് തിങ്കളാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബന്ധം.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം എന്താണെന്ന് അറിയാത്തവരാണ് സമ്മേളനത്തിനും പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യക്കുമെതിരെ രംഗത്തുവന്നത്. മാതൃഭൂമി ആരോപിക്കുന്നതുപോലെ ഏതെങ്കിലും സംഘടനയെ പിളര്‍ത്തുന്നതിന്റെയോ ഹൈജാക്ക് ചെയ്യുന്നതിന്റെയോ പ്രശ്നം ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമുള്ളവര്‍ മാത്രമായിരുന്നില്ല പ്രതിനിധികളെന്ന് എഫ്എസ്എംഐ പ്രസിഡന്റ് ജോസഫ് തോമസ് പറഞ്ഞു. എല്ലാ കക്ഷികളുമായി ബന്ധമുള്ളവരും പ്രത്യേക രാഷ്ടീയ വിശ്വാസമില്ലാത്തവരും സമ്മേളനത്തില്‍ പങ്കെടുത്തു.

എഫ്എസ്എഫിനെ പിളര്‍ത്തിയാണ് പുതിയ സംഘടന രൂപംകൊണ്ടതെന്ന ആരോപണത്തില്‍ കഴമ്പില്ല. എഫ്എസ്എഫ് ഇപ്പോഴുമുണ്ട്. പൊതു ഉടമസ്ഥതയിലുള്ള ലൈസന്‍സ് സമ്പ്രദായം(ജിപിഎല്‍) ആവിഷ്കരിച്ച് അതിനായി നിയമപരമായ ചട്ടക്കൂട് രൂപപ്പെടുത്തിയത് എഫ്എസ്എഫാണ്. ആ നിലയില്‍ ഈ സംഘടന എക്കാലത്തും എഫ്എസ്എംഐയുടെ സഹോദരപ്രസ്ഥാനമായിരിക്കും. കുത്തക കമ്പനികളാണ് സമ്മേളനം സ്പോൺസര്‍ ചെയ്തതെന്ന ആക്ഷേപവും വസ്തുതാവിരുദ്ധമാണ്. കര്‍ണാടക ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്. യാഹൂ, നോവല്‍ തുടങ്ങിയ ചില സ്ഥാപനങ്ങള്‍ സമ്മേളനത്തെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ സ്വതന്ത്ര സോഫറ്റ്വെയര്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളാണിവ. മൈക്രോസോഫ്റ്റ് കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പൂര്‍ണമായും ലൈസന്‍സ് രഹിത സേവനരംഗത്തേക്ക് വരണമെന്നാണ് അവരോട് സംഘടന ആവശ്യപ്പെടുന്നത്- ജോസഫ് തോമസ് വിശദീകരിച്ചു.

സ്വാഗതസംഘം ചെയര്‍മാനെന്ന നിലയില്‍ സമ്മേളന നടത്തിപ്പിന്റെ മുഖ്യചുമതല വഹിച്ച ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ പ്രൊഫ. കെ ഗോപിനാഥ് മാര്‍ക്സിസ്റുകാരനല്ല. തമിഴ്നാട്ടില്‍ സ്വതന്ത്രസോഫ്റ്റ്വെയറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതങ്ങള്‍ സൃഷ്ടിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്നാട് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ മുന്‍ എംഡിയുമായ ഉമാശങ്കര്‍, ബംഗളൂരു സര്‍വകലാശാല വൈസ് ചാന്‍സലറും വിഖ്യാത ഹൃദ്രോഗവിദഗ്ധനുമായ ഡോ. പ്രഭുദേവ് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ബംഗളൂരു മഹാനഗരപാലിക(ബിബിഎംപി) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്. ഉദ്ഘാടകനായി നിശ്ചയിച്ച കര്‍ണാടക ഐടി മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി എന്നിവര്‍ക്കും വിട്ടു നില്‍ക്കേണ്ടി വന്നു. പശ്ചിമബംഗാള്‍ ഐടി മന്ത്രി ഡോ. ദേബേഷ് ദാസ് നഗരത്തില്‍ എത്തിയെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല.

നിയമ നടപടി ആലോചിക്കും: എഫ്എസ്എംഐ

ബംഗളൂരു: പുതുതായി രൂപംകൊണ്ട ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ(എഫ്എസ്എംഐ) ജനറല്‍ സെക്രട്ടറി കിരൺ ചന്ദ്രയെ ബഹുരാഷ്ട്ര ഐടി കമ്പനിയായ 'നോവലി'ന്റെ പ്രതിനിധിയായി ചിത്രീകരിച്ച മാതൃഭൂമിക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് പ്രസിഡന്റ് ജോസഫ് തോമസ് അറിയിച്ചു. കിരൺ ചന്ദ്രയ്ക്ക് നോവലുമായി ഒരു ബന്ധവുമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രപ്രദേശിലെ സ്വേച്ഛയുടെ പ്രതിനിധിയാണ് കിരൺ. ആ നിലയില്‍ തന്നെയാണ് നേരത്തെ ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്റെ(എഫ്്എസ്എഫ്) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും- അദ്ദേഹം പറഞ്ഞു.

5 comments:

  1. രാജ്യത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ ബംഗളൂരുവില്‍ ചേര്‍ന്ന് ഏകീകൃത സംഘടനയ്ക്ക് രൂപംനല്‍കി. ഫ്രീ സോഫ്റ്റ്വെയര്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ(എഫ്എസ്എംഐ) എന്നാണ് ഈ കൂട്ടായ്മയുടെ പേര്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളുടെ പ്രതിനിധികളായ 275 പേര്‍ പ്രത്യേകം യോഗം ചേര്‍ന്ന് ദേശീയതല സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    ReplyDelete
  2. തട്ടി മുട്ടി നില്‍ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന് പുതിയ ഒരു ഉണര്‍വ്വ് കൈവരട്ടെ.. സത്യത്തില്‍, ഒരു താങ്ങ് ലഭിക്കാത്തതാണ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതില്‍ നിന്നും പലരെയും വിലക്കുന്നത്.. പുതിയ സംഘടനയ്ക്ക് ആശംസകള്‍..

    ReplyDelete
  3. പേരിട്ടതുകൊണ്ടുമാത്രം ഫ്രീ സോഫ്റ്റ്വെയര്‍ കൂട്ടായ്മയാവില്ലല്ലോ. സ്വാതന്ത്ര്യം നഷ്ടമാകുന്നതുകൊണ്ടുതന്നെ ഫ്രീ സോഫ്റ്റ്വെയറും സോഫ്റ്റ്‌വെയര്‍ പാറ്റന്റും ഒന്നിച്ചുപോകില്ല. സോഫ്റ്റ്‌വെയര്‍ പാറ്റന്റിനെ തള്ളിപ്പറയാത്ത വ്യക്തികള്‍/സംഘടനകള്‍/കമ്പനികള്‍/etc. പോറ്റുന്ന കൂട്ടായ്മ(?!)ക്കു് മറ്റെന്തെങ്കിലും പേരാവാമായിരുന്നു.

    ReplyDelete
  4. സുരേഷു്,
    സംഘടനകളുടെ കൂട്ടായ്മയായിട്ടാണു് FSMI രൂപീകരിച്ചിരിക്കുന്നതു്. അതില്‍ കമ്പിനികളില്ല.

    അതിലെ എല്ലാ സംഘടനകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തു് പ്രവര്‍ത്തിക്കുന്നതും, സോഫ്റ്റ്‌വെയര്‍ പാറ്റന്റിന്റെ ഭീഷണി തിരിച്ചറിഞ്ഞു് അതിനെതിരെ നിലപാടു് സ്വീകരിച്ചവരുമാണു്.

    സുരേഷിനു് മറിച്ചൊരു ധാരണയെങ്ങനെയുണ്ടായി ?

    ReplyDelete