Tuesday, March 16, 2010

ഒരിക്കലും കേടു തീര്‍ക്കാനാവാത്ത പൊതുബോധം

"മൈ നെയിം ഈസ് അഫ്ത്താബ്. അഫ്ത്താബ് അഹമ്മദ്. എന്റെ വീട് ഇന്ത്യയിലുള്ള ബംഗാള്‍ സംസ്ഥാനത്തെ കല്‍ക്കത്തയിലാണ്. എന്റെ മാതാവ് മുസ്ളിമാണ്. പിതാവും മുസ്ളിമായിരുന്നു. 13 വര്‍ഷം മുമ്പ് മരിച്ചുപോയി. അവര്‍ മുസ്ളിങ്ങളായതുകൊണ്ട് ഞാനും ഒരു മുസ്ളിമായി ജനിച്ചു. ഞാന്‍ കംപ്യൂട്ടര്‍ ആനിമേഷന്‍ പഠിച്ച ആളാണ്. അമേരിക്കയിലെ അതിന്റെ സാധ്യതകള്‍ കേട്ടതുവെച്ച് ഞാന്‍ അങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സെപ്തംബര്‍ പതിനൊന്നാം തീയതിക്കുശേഷം എനിക്ക് അമേരിക്കന്‍ വിസ നിഷേധിക്കപ്പെടുന്നു. എന്റെ സ്വപ്നലോകത്തിലേക്ക് പറക്കാന്‍ എന്തുകൊണ്ടാണ് എന്നെ അനുവദിക്കാത്തത്? ലാദന്‍ എന്റെ സുഹൃത്തല്ല.''

2002ല്‍ നിര്‍മിക്കപ്പെട്ട ലാദന്‍ ഈസ് നോട്ട് മൈ ഫ്രന്‍ഡ് എന്ന സിനിമയിലെ നായകന്‍ അഫ്താബ്അമേരിക്കന്‍ പ്രസിഡന്റിന് അയക്കുന്ന കത്താണിത്. ഈ ചിത്രം സംവിധാനം ചെയ്തത് ബിക്രം ജിത്ത് ഗുപ്തയാണ്. 25 വര്‍ഷമായി കമ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ കല്‍ക്കത്ത നഗരവും ആധുനികവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും ഫലമായി മാര്‍ക്സിനും കൊക്കക്കോളയ്ക്കും നടുവില്‍ (വിശ്വപ്രസിദ്ധ ഫ്രഞ്ച് സിനിമാസംവിധായകന്‍ ഗൊദാര്‍ദിന്റെ പ്രയോഗം) അകപ്പെട്ടിരിക്കുകയാണെന്നും അഫ്താബ് പറയുന്നു. നഗരത്തിന്റെ പുതിയ പ്രതീകങ്ങള്‍ക്കും ബിംബങ്ങള്‍ക്കുമിടയില്‍ സംവിധായകന്‍ സിനിമാതാരമായി കാണിക്കുന്നത് ഷാരൂഖ് ഖാനെയാണ്. പ്രസിഡന്റിന് അയക്കുന്ന മെയിലിന്റെ സബ്ജക്ട് ലാദന്‍ ഈസ് നോട്ട് മൈ ഫ്രന്‍ഡ് എന്നാണ്. സിനിമയുടെ പേരും അതുതന്നെ. പകല്‍സ്വപ്നംപോലെ കടന്നുവരുന്ന, ബിന്‍ലാദന്റെ മുഖംമൂടി ധരിച്ച ഒരാള്‍ പ്രകോപിപ്പിക്കുകയും കളിയാക്കുകയും പിന്നീട് അദൃശ്യനാവുകയും ചെയ്യുന്നത് അഫ്താബ് കാണുന്നുണ്ട്. കാലം സെപ്തംബര്‍ 11ന് പിന്നിലേക്ക് തിരിച്ചു സഞ്ചരിക്കുകയാണെങ്കില്‍ തനിക്ക് മുന്നോട്ട് നടക്കാമായിരുന്നെന്നും അഫ്താബ് അഹമ്മദ് സങ്കല്‍പിക്കുന്നു.

എട്ട് വര്‍ഷം കഴിയുമ്പോള്‍ കാര്യങ്ങള്‍ നേരെയാവുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ മോശമാകുന്നു എന്ന വസ്തുതാപരമായ സത്യം നിലനില്‍ക്കുന്നതിനാലാണ് മൈ നെയിം ഈസ് ഖാന്‍ എന്ന ഒരു ചിത്രം ബോളിവുഡില്‍ നിന്ന് വന്‍ ബജറ്റില്‍ നിര്‍മിക്കപ്പെട്ട് ലോകമെമ്പാടും 2010 ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കച്ചവടസിനിമകള്‍ നിഷ്കര്‍ഷിക്കുന്ന പൂര്‍ണത മാത്രമല്ല ഇതിനെ ലോകത്തെമ്പാടും വിജയിപ്പിച്ചെടുക്കുന്നത്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ആശയപ്രകാശനങ്ങളുടെ സമര്‍ത്ഥമായ ദൃശ്യവത്കരണം അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ അതിസൂക്ഷ്മമായ നിരീക്ഷണത്തിന്റെ ആവശ്യമില്ല.

ക്രിക്കറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ കളിക്കാരെ പൂര്‍ണ്ണമായും തഴഞ്ഞതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്ന ടീമിന്റെ ഉടമ കൂടിയായ ഷാരൂഖ് ഖാനെതിരെ വാളോങ്ങിയ ശിവസേന ഉണ്ടാക്കിയ വിവാദങ്ങള്‍ MNIKനെ അനുകൂലമായാണ് ബാധിച്ചത്. മുംബൈ, മൂംബൈക്കാര്‍ക്കുമാത്രം എന്ന പഴയ വാദവുമായി താക്കറെ ആന്‍ഡ് സണ്‍സ് രംഗത്തെത്തിയത് മഹാരാഷ്ട്രയിലുണ്ടായ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായിരുന്നു. അതിനെതിരെ ഇന്ത്യയിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ മുഴുവന്‍ പ്രതികരിക്കുകയുണ്ടായി. മൈ നെയിം ഈസ് ഖാന്‍ ബഹിഷ്കരിക്കാന്‍ താക്കറെകള്‍ നടത്തിയ ആഹ്വാനം ബോബെക്കാര്‍ തള്ളിക്കളഞ്ഞതിന്റെ ഫലം കൂടിയാണ് അതിന്റെ റെക്കോര്‍ഡ് കളക്ഷന്‍. മുമ്പ് നര്‍മദാ ബചാവോ ആന്തോളനും മേധാ പട്കര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് 'ഫന' ഗുജറാത്തില്‍ നിരോധിച്ച നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് പാത ഒരുപടി കൂടി കയറിയിരിക്കുകയാണ് താക്കറെ. 'പ്രാദേശിക സ്നേഹം' പ്രകടിപ്പിക്കാത്തതിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം ശിവസേനയുടെ അപ്രിയത്തിന് ഇരയായിട്ടുണ്ട്. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് തടയാനായി വാംഖഡേ സ്റ്റേഡിയത്തിലെ പിച്ച് കുത്തിക്കീറിയതും മഹാഗായകനായ ഉസ്താദ് ഗുലാം അലിയുടെ ഹാര്‍മോണിയവും സ്റ്റേജും അലങ്കോലപ്പെടുത്തിയതും ഉള്‍പ്പെടെ ശിവസേനയുടെ ഗുണ്ടാദേശീ പ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഇരയായ MNIKക്ക് ഈ വിവാദം ഗുണകരമാവുകയാണുണ്ടായത്.

മൈ നെയിം ഈസ് ഖാന്‍ ബോളിവുഡില്‍ നിലനില്‍ക്കുന്ന രണ്ട് പ്രധാന ശ്രേണികളെ ഒരേ സമയം പ്രതിനിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ പ്രധാനമാണ്. ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളെ ഒരു ക്യാന്‍വാസില്‍ സംയോജിപ്പിക്കുന്ന 'ദില്‍ വാലേ ദുല്‍ഹനിയ ലേജായേംഗേ, കുച്ഛ് കുച്ഛ് ഹോത്താഹെ, കഭി ഖുഷി കഭീ ഗം, കഭീ അല്‍വിദ നാ കഹ്നാ' എന്നീ സിനിമകളുടെ നിരയില്‍ പുതിയതാണ് MNIK. ഇതിലെ നായകനായ ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത് ‘ലിബറലൈസ്ഡ് ഇന്ത്യയിലെ ഗ്ളോബലൈസ്ഡ് ഹീറോ‘ എന്നാണ്. പ്രധാന രാഷ്ട്രീയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍തന്നെ ലൈംഗികതയുടെ അതിപ്രസരങ്ങളുള്ള നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുത്തി ഗൌരവം കളയുന്ന സിനിമകളില്‍നിന്നു വ്യത്യസ്തമായി (ഉദാ. ഖുര്‍ബാന്‍) താരെ സമീന്‍ പര്‍, ഛക് ദേ ഇന്ത്യ, രംഗ്ദേ ബസന്തി പോലുള്ള സിനിമകളുടെ നിരയില്‍ സുപ്രധാനവുമാണ് ഈ രചന.

ഓട്ടിസം എന്ന രോഗത്തോടടുത്തു നില്‍ക്കുന്ന ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ബാധിച്ച റിസ്വാന്‍ ഖാന്‍ (ഷാരൂഖ് ഖാന്‍) എന്ന ബോംബെക്കാരന്‍ (ബോറിവേലി) ഉമ്മയുടെ മരണശേഷം അനിയന്‍ താമസിക്കുന്ന അമേരിക്കയിലേക്ക് പോകുന്നു. സമൂഹത്തില്‍ പ്രസാദാത്മകമായ ഇടപെടല്‍ അസാധ്യമാകുന്നതും ഉയര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളും ചെറുപ്പത്തില്‍ മനസ്സിലുറച്ച ചില ധാരണകളും മാത്രമാണ് റിസ്വാനെ ആള്‍ക്കൂട്ടത്തില്‍ തനിച്ചാക്കുന്നത്. ബുദ്ധിയും ഓര്‍മശക്തിയും സാങ്കേതിക ജ്ഞാനവും റിസ്വാന്‍ ചെറുപ്പത്തില്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാതിലുകള്‍ തോറും കൊണ്ട് നടന്ന് വില്‍ക്കുന്ന ജോലിയില്‍ പ്രവേശിക്കുന്ന റിസ്വാന്‍ ഹെയര്‍ഡ്രസിങ്ങ് സലൂണ്‍ നടത്തുന്ന, വിവാഹബന്ധം വേര്‍പെടുത്തിയ, സമീര്‍ (സാം) എന്ന കുട്ടിയുടെ മാതാവായ മന്ദിരയുമായി പ്രണയബദ്ധനാകുന്നു. വിവാഹശേഷം മന്ദിരയുടെ സലൂണിന്റെ പേര് മന്ദിര ഖാന്‍ സലൂണ്‍ എന്നും സമീറിന്റെ പേര് സമീര്‍ ഖാന്‍ എന്നും ആയി മാറുന്നു.

2002 സെപ്തംബര്‍ 11 ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ ഇരട്ട ടവര്‍ തീവ്രവാദാക്രമണത്തിലൂടെ തകര്‍ക്കപ്പെടുന്നതോടെ ഒരു കാലഘട്ടം രണ്ടായി വിഭജിക്കപ്പെടുന്നതിന്റെ കഥയാണ് മൈ നെയിം ഈസ് ഖാന്‍. ബി സി, എ ഡി എന്നതുപോലെ സെപ്തംബര്‍ 11ന് മുമ്പ്, അതിനുശേഷം എന്നിങ്ങനെ ധ്രുവീകൃതമായ ഒരു ലോകം സൃഷ്ടിക്കപ്പെടുന്നു. നിഷ്കളങ്കനായ ഏതൊരു മുസ്ളിമും തീവ്രവാദിയായി സംശയിക്കപ്പെടുന്ന മുസ്ളിം വിരുദ്ധമനോഭാവം ലോകമെമ്പാടും ശക്തിപ്പെട്ടതിന്റെ ദൃശ്യാഖ്യാനമായി ഈ സിനിമ മാറുന്നുണ്ട്.

ഒരു മാധ്യമം എന്ന നിലയ്ക്ക് വിഷ്വല്‍ സെന്‍സിബിലിറ്റി ആഴത്തില്‍ മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ സിനിമയില്‍ കാണാനാകും. മന്ദിരയെ വിവാഹം കഴിച്ച ശേഷം രാത്രി കൃത്യസമയത്തുതന്നെ കിടക്കണമെന്ന നിര്‍ബന്ധം റിസ്വാന്‍ എപ്പോഴും കാണിക്കുന്നുണ്ട്. അതില്‍ നിഷ്കളങ്കതയും ഓട്ടിസത്തിന്റെ മന്ദതയും പ്രണയത്തിന്റെ ആഹ്ളാദവും കണ്ട് മന്ദിര മന്ദഹസിക്കും. ഒരു ദിവസം അടുക്കളയില്‍ ജോലിയില്‍ വ്യാപൃതയായ മന്ദിരയോട് വാച്ച് നോക്കി കിടക്കാന്‍ സമയമായെന്നു പറയുന്ന റിസ്വാനേയും ഇതു കണ്ട് ചിരിക്കുന്ന മന്ദിരയേയും കാണാം. ഷോട്ട് കട്ട് ചെയ്യുന്നത് ഒന്നിച്ചു കിടന്നുറങ്ങുന്ന റിസ്വാനേയും മന്ദിരയേയും ആണ്. ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന മന്ദിര ഒരു വാര്‍ത്ത കേട്ട് ഞെട്ടുകയും ടെലിവിഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ കത്തിയാളുന്ന ട്വിന്‍ ടവറുകള്‍ കാണുകയും ചെയ്യുന്നു. ടി വിയുടെ ദൃശ്യത്തില്‍നിന്ന് ക്യാമറ പാന്‍ ചെയ്യുമ്പോള്‍ മേശപ്പുറത്ത് അടച്ചുവെച്ച ഖുര്‍ആനും അതുവെക്കുന്ന മരപ്പടിയും കാണുന്നു. ഒരു മുസ്ളിമിന്റെ സ്വത്വപ്രതിസന്ധി ആരംഭിച്ചുകഴിഞ്ഞു എന്ന് ഒരു സംഭാഷണത്തിന്റേയും സഹായമില്ലാതെ ഈ ദൃശ്യഖണ്ഡം വ്യാഖ്യാനിക്കുന്നു.

മുസ്ളിം ജനവിഭാഗവുമായി ബന്ധപ്പെടുന്ന ഓരോ ചിഹ്നവും ലോകസമൂഹത്തില്‍ ഒറ്റപ്പെടുന്നതിന്റെയും അവ ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെടുന്നതിന്റെയും പ്രത്യക്ഷ സൂചനകള്‍ ചിത്രത്തില്‍ പലയിടത്തും കടന്നുവരുന്നുണ്ട്. 9/11 ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി നടത്തുന്ന പ്രാര്‍ഥനയ്ക്കിടക്ക് റിസ്വാന്‍ഖാന്‍ ബിസ്മില്ലാഹി റഹ്മാന്‍ അ റഹീം എന്ന് ഉരുവിടുമ്പോള്‍ ഖാന്റെ വെള്ളത്തൊപ്പി ധരിച്ച തല നൂറുകണക്കിനാളുകളുടെ ഇടയില്‍ ഒരു ക്രെയിന്‍ഷോട്ടിലൂടെ ദൃശ്യമാകുന്നത് മനോഹരമായ ഷോട്ട് എന്നതിലുപരി മുസ്ളിം വിരുദ്ധതയെന്ന അരിപ്പയിലൂടെയുള്ള കാഴ്ചയായി മാറുന്നു. 9/11 അനന്തരകാലത്ത് റിസ്വാന്‍, മന്ദിര, സമീര്‍ എന്നിവരെല്ലാം തന്നെ സംശയത്തോടെ വീക്ഷിക്കപ്പെടുകയും മുന്‍വിധിയോടെ മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുകയാണ്. റിസ്വാന്റെ സഹോദരനായ സക്കീര്‍ ഖാന്റെ അധ്യാപികയായ ഭാര്യ ഹസീനാ ഖാന്റെ ശിരോവസ്ത്രം ബലാല്‍ക്കാരമായി വലിച്ചു മാറ്റപ്പെടുന്നു. മന്ദിരയുടെ മകന്‍ സമീറും അവന്റെ അടുത്ത സുഹൃത്തായ റീസിനാല്‍ അവഗണിക്കപ്പെടുന്നു. റീസിന്റെ അച്ഛന്‍ 9/11 ന്റെ ആക്രമണത്തില്‍ മരിച്ചയാളാണെന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

ഫുട്ബാള്‍ കളിക്കുന്നതിനിടെ, ഇതിനെ ചൊല്ലിയുണ്ടായ കലഹത്തെതുടര്‍ന്ന് റീസിന്റെ മുതിര്‍ന്ന സുഹൃത്തുക്കള്‍ സമീറിനെ ആക്രമിക്കുകയും അവന്‍ ദാരുണമായി വധിക്കപ്പെടുകയും ചെയ്യുന്നു. മകന്റെ പേരിന്റെ കൂടെ പുതിയതായി ചേര്‍ന്ന ഖാന്‍ എന്ന വാക്കാണ് പ്രശ്നകാരണമെന്നും അതുകൊണ്ട് റിസ്വാന്‍ തന്നെവിട്ടുപോകണമെന്നും മന്ദിര ശക്തമായി ആവശ്യപ്പെടുന്നു. താനെപ്പോഴാണ് തിരിച്ചുവരേണ്ടതെന്ന ചോദ്യത്തിന് റിസ്വാനോട് മന്ദിര പ്രതികരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിനെ താനൊരു ഭീകരനല്ല എന്ന് ധരിപ്പിച്ചതിനുശേഷം എന്നാണ്. റിസ്വാന്‍ ഖാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ കാണാനായി യാത്ര തുടങ്ങുന്നു. 'മൈ നെയിം ഈസ് ഖാന്‍ അയാം നോട്ട് എ ടെററിസ്റ്റ്' എന്നാണ് ആ അപ്പീല്‍. ഈ യാത്രയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍കൊണ്ടും ഉദാത്തമായ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടും കറുത്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുസ്ളിം ഭീകരതയെ എതിര്‍ത്തു കൊണ്ടും കടുത്ത രാജ്യസ്നേഹിയും മതേതരവാദിയും ആയുള്ള പ്രകടനങ്ങളിലൂടെ ഖാന്‍ മുന്നോട്ട് നീങ്ങുന്നു.

ജോര്‍ജ് ബുഷിനെ കാണാനുള്ള ഒരു ശ്രമത്തിനിടയില്‍ തന്റെ പേര് ഖാന്‍ എന്നാണ്, താന്‍ ഒരു ഭീകരവാദിയല്ല എന്ന ആക്രോശത്തിലെ ഭീകരവാദി എന്ന വാക്ക് ആടര്‍ത്തിയെടുത്തും എപ്പോഴും കൈയില്‍ കൊണ്ടുനടക്കാറുള്ള കല്‍കഷ്ണങ്ങളെ ആയുധമായി വ്യാഖാനിച്ചുകൊണ്ടും ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോമിന്റെ പെരുമാറ്റ വൈകല്യങ്ങള്‍ അതിശയോക്തീകരിച്ചുകൊണ്ടും അമേരിക്കന്‍ പൊലീസ് റിസ്വാനെ അറസ്റ്റ് ചെയ്യുകയും 10 വര്‍ഷത്തേക്ക് ജയിലിലടക്കുകയും ചെയ്യുന്നു. റിസ്വാന്‍ ഖാന്റെ പ്രത്യേക പെരുമാറ്റവും ചൊല്ലിപ്പറയലും നിരീക്ഷിക്കുകയും തന്റെ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ ജേര്‍ണലിസ്റ്റിന്റെ പരിശ്രമത്താലാണ് പിന്നീട് റിസ്വാന്‍ മോചിതനാകുന്നത്.

പഴയ യാത്രക്കിടയില്‍ ഒരു രാത്രി ചെലവഴിച്ച വെര്‍ജീനിയയിലെ കറുത്ത വര്‍ഗക്കാരുടെ ഒരു ഗ്രാമത്തില്‍ കത്രീന കൊടുങ്കാറ്റും വെള്ളപ്പൊക്കവുമുണ്ടാകുമ്പോള്‍ ഖാന്‍ എത്തിച്ചേരുകയും ജീവന്‍ പോലും അവഗണിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഇത് റിപ്പോര്‍ട് ചെയ്ത ഒരു ചാനല്‍ ദൃശ്യങ്ങളിലൂടെ ഖാന്‍ അമേരിക്കയിലെ ഹീറോ ആവുകയും മന്ദിര പുനഃസ്സമാഗമിക്കുകയും ഒരിന്ത്യക്കാരന്‍ അമേരിക്കയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. സമീറിന്റെ മരണത്തിന്റെ ഉത്തരവാദികളെ പിടികൂടാന്‍ പൊലീസ് വിസമ്മതിക്കുമ്പോള്‍ മന്ദിര ആ ദൌത്യം ഏറ്റെടുക്കുകയും ഒടുവില്‍ റീസ് കുറ്റം ഏറ്റുപറയുകയും മരണത്തിനുത്തരവാദികളായ മറ്റു നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അമേരിക്കയില്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ബരാക് ഒബാമ എന്ന ആഫ്രിക്കന്‍ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റാകുന്നു. റിസ്വാന്‍ഖാനും മന്ദിരയും ഒബാമയെ സന്ദര്‍ശിക്കുന്നു. ഒബാമ നേരത്തെ തന്നെ ചാനലിന്റെ എസ്ക്ളൂസീവ് കഥയിലൂടെ റിസ്വാന്റെ ധാര്‍മികത കണ്ടറിഞ്ഞിട്ടുണ്ട്. മൈ നെയിം ഈസ് ഖാന്‍ എന്ന റിസ്വാന്‍ പറയുമ്പോള്‍ ഒബാമ സമസ്യാപൂരണം പോലെ പറയുന്നു. യു ആര്‍ നോട്ട് എ ടെററിസ്റ്റ്. സ്ക്രീനില്‍ ടൈറ്റിലുകള്‍ തെളിയുന്നു എല്ലാം ശുഭം. സമാപ്തം.

എന്നാല്‍ കാര്യങ്ങള്‍ ശുഭകരമാണോ? 2009ന്റെ ലോകം അങ്ങനെയാണോ സമാപിച്ചത്? ഇത് യഥാതഥമാണോ? അതോ ഒരു സംവിധായകന്റെ സ്വപ്നവും ആഗ്രഹവും മാത്രമോ? ആകാം. അതിനുള്ള സ്വാതന്ത്ര്യം കരണ്‍ ജോഹറിനുണ്ട്. എന്നാല്‍ അമേരിക്ക, ഇന്ത്യ എന്ന വ്യത്യാസമില്ലാതെ ഈ സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പൊതുബോധമാണ് ഈ സിനിമയ്ക്കകത്തും കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മുസ്ളിമിന്റെ ആഗോളസ്വത്വപ്രതിസന്ധിയും ഉത്കണ്ഠകളും ചിത്രീകരിക്കുമ്പോഴും, അവന്റെ നിഷ്കളങ്കത തെളിയിക്കേണ്ടത് അവന്റെ മാത്രം ബാധ്യതയാണെന്നും അതില്‍ ലോകസമൂഹത്തിനോ ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ മനഃസാക്ഷിക്കോ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഈ സിനിമ അടിവരയിടുകയാണ്. ഹിന്ദുവായ ഭാര്യ, അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്തുപോയി കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തൂ എന്നു പറഞ്ഞ ഉടനെ ഷൂസിട്ട്, ഭാണ്ഡം മുറുക്കി ഖാന്‍ പുറപ്പെടുകയാണ്. കല്യാണസൌഗന്ധികം തേടി ഭീമന്‍ യാത്രയാകുന്നു. അമേരിക്കന്‍ മണ്ണിലൂടെയുള്ള ഈ യാത്ര അമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് പകരം അമേരിക്കയിലുള്ള ആകാശങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കുമാണ് പ്രാധാന്യം പകരുന്നത്. വ്യാപകമായ മുസ്ളിം വിരുദ്ധതയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ, ഇന്നും തുടരുന്ന വര്‍ണവിവേചനവും ബോളിവുഡിന്റെ ദൃശ്യസൌന്ദര്യപരിധിക്ക് പുറത്താകുന്നു എന്നതും ശ്രദ്ധേയമാണ്.

യാത്രക്കിടയില്‍ ഒരു പള്ളിയില്‍ നിസ്കരിക്കാന്‍ കയറുന്ന ഖാന്‍ അവിടെ ഒരു ഇന്ത്യക്കാരന്‍ ഡോക്ടറായ ഫസലുല്‍ റഹ്മാന്‍, ഇബ്രാഹിം നബി മകനായ ഇസ്മായിലിനെ ബലി കൊടുക്കാന്‍ കൊടുത്ത കഥ പറഞ്ഞ് അവിടെക്കൂടിയ ഇസ്ളാം മതവിശ്വാസികളെ അക്രമത്തിലേക്ക് എടുത്തുചാടുവാന്‍ പ്രേരിപ്പിക്കുന്നത് കാണുന്നു. ഇതിനെ എതിര്‍ക്കുന്ന ഖാന്‍ ഡോക്ടറെ ശെയ്ത്താന്‍ എന്നു പറഞ്ഞ് കല്ലെറിയുകയും FBIയുടെ ഫോണ്‍ നമ്പറിനായി പരക്കം പായുകയും ചെയ്യുന്നു. ഒരു അമുസ്ളിം പ്രകടിപ്പിക്കുന്ന രാജ്യസ്നേഹത്തിന്റെ പത്തിരട്ടി ഒരു മുസ്ളിം പ്രകടിപ്പിക്കേണ്ടതുണ്ട് എന്ന പൊതു സമൂഹത്തിന്റെ മിഥ്യാബോധവും മുസ്ളിമിന്റെ സംഘര്‍ഷാവസ്ഥയുമാണ് റിസ്വാനെ ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

മന്ദിരയുടെ കുറ്റാന്വേഷണത്തിനു ഒടുവില്‍ കുറ്റബോധം കൊണ്ട് ശിരസ്സ് കുനിഞ്ഞ് തടവറയിലേക്ക് നടക്കുന്ന അമേരിക്കക്കാരന്റെ ഇമേജുകള്‍ കഥാന്ത്യത്തില്‍ വരുന്നത് നേരത്തെ പറഞ്ഞ പൊതുബോധത്തിന്റെ മറുവശമാണ്. അമേരിക്കക്കാരനെ കുറ്റവിമുക്തനും മനസ്സാക്ഷിയുള്ളവനും ആയി ചിത്രീകരിക്കുകയും റീസിന്റെ മന്ദിരയോടുള്ള കുമ്പസാരം വ്യക്തമായി ദൃശ്യവത്കരിക്കുകയും ചെയ്യുന്നു. വെര്‍ജീനിയയിലെ വെള്ളപ്പൊക്കത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടെ ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകരും, ഹിന്ദുവിനെ വിവാഹം കഴിച്ചതിന് റിസ്വാനെ തള്ളിപ്പറഞ്ഞ സഹോദരന്‍ സക്കീറും. സക്കീറിന്റെ ഭാര്യ ഹസീനാഖാനും, മന്ദിര തന്നെയും സഹായങ്ങളുമായി വെള്ളത്തിലൂടെ നടന്നുവന്ന് റിസ്വാനെ അഭിന്ദിക്കുമ്പോള്‍ പണ്ട് പള്ളിയില്‍വെച്ച് കണ്ട തീവ്രവാദ ആഭിമുഖ്യമുള്ള ഒരു യാഥാസ്ഥിതിക മുസ്ളിം യുവാവ് റിസ്വാനെ ഒറ്റുകാരന്‍ എന്നു പറഞ്ഞുകൊണ്ട് കത്തികൊണ്ട് കുത്തുകയാണ്. പെണ്ണുതന്നെയാണ് പെണ്ണിന്റെ ശത്രു എന്ന പഴയ പെണ്‍വിരുദ്ധ ആശയം പോലെ മുസ്ളിം തന്നെയാണ് മുസ്ളിമിന്റെ ആത്യന്തിക ശത്രുവെന്നും അമേരിക്കയല്ലെന്നുമുള്ള അബദ്ധജടിലമായ നിഗമനമായും ഗുണപാഠമായും ഈ രംഗം മാറുന്നു.

കെ ആര്‍ നാരായണന്‍ പ്രസിഡന്റായതിനുശേഷം ഇന്ത്യയിലെ ദളിത്പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും നരേന്ദ്രമോഡി മുഖ്യമന്ത്രിയായതിനുശേഷം ഗുജറാത്തില്‍ സമത്വസുന്ദരരാജ്യം സ്ഥാപിക്കപ്പെട്ടുവെന്നും അബ്ദുള്‍കലാം രാഷ്ട്രപതിയായതോടെ ഇന്ത്യയിലെ മുസ്ളിം കൂട്ടഹത്യകള്‍ അവസാനിച്ചുവെന്നുമുള്ള വിചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നതുപോലെതന്നെയാണ് ബരാക് ഒബാമ പ്രസിഡന്റായതോടെ കാര്യങ്ങള്‍ നേരെയാകുന്നു എന്ന തോന്നല്‍. മാര്‍ട്ടിന്‍ ലൂഥറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതായി ലോകം മനോരാജ്യം കാണുന്നു. എന്നാല്‍ ഇറാഖ്, ഇറാന്‍, പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമായിത്തന്നെ അവശേഷിക്കുകയാണ്. സക്കീര്‍ ഖാനായി കാസ്റ്റ് ചെയ്യപ്പെട്ട ആമിര്‍ ബഷീറിന് മുസ്ളിം നാമധാരിയായതിനാല്‍ വിസ നിഷേധിക്കപ്പെട്ടതും, പകരം ജിമ്മി ഷെര്‍ഗില്‍ അഭിനയിച്ചതും, അറംപറ്റിയതുപോലെ സിനിമയുടെ ചിത്രീകരണശേഷം ഷാരൂഖ്ഖാന്‍ അമേരിക്കന്‍ എയര്‍പോര്‍ടില്‍ അപമാനിക്കപ്പെട്ടതും പണ്ട് ചുവപ്പു പരവതാനിയിലൂടെ നടന്ന എ പി ജെ അബ്ദുള്‍കലാം അമേരിക്കന്‍ സുരക്ഷാ പരിശോധനയില്‍ വിവസ്ത്രനാക്കപ്പെട്ടതും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. അബ്ദുള്‍കലാം നേരിട്ട അപമാനം ഇന്ത്യന്‍ ഭരണകൂടം രഹസ്യമാക്കിവെക്കാന്‍ ശ്രമിച്ചത് അമേരിക്കന്‍ ദാസ്യംകൊണ്ടു മാത്രമല്ല ,അമേരിക്ക വെച്ചു പുലര്‍ത്തുന്ന മുസ്ളിംവിരുദ്ധത അതേ അളവില്‍ ഒരു പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഡിഗ്രിയില്‍ ഇന്ത്യ സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. ഒബാമ കറുത്തവനാണോ, മുസ്ളിമാണോ എന്നതു മാത്രം പരിഗണനക്ക് വിഷയീഭവിപ്പിക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയപക്ഷപാതിത്വം, ആ രാജ്യത്തിന്റെ സംസ്കാരം എന്നിവ കൂടി പരിഗണിക്കാന്‍ ഒരു സിനിമാ പ്രവര്‍ത്തകന് ബാധ്യതയുണ്ട്. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ അബ്ബാസ് ഖൈരോസ്തമി റിപ്പബ്ളിക്കിനെ കുറിച്ച് പറയുന്നത് അമേരിക്കയുടെ കാര്യത്തില്‍ മറ്റേത് രാജ്യങ്ങളേക്കാള്‍ പ്രസക്തമാണ്: അധികാരത്തില്‍ വന്നവര്‍ കാലാവധിയുടെ ആദ്യപകുതി തന്റെ ഇരിപ്പിടം ഉറപ്പിക്കാനാണ് ശ്രമിക്കുക. രണ്ടാമത്തെ പകുതിയാകട്ടെ അടുത്ത തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിനായും.

സെപ്തം. 11ന് നടന്ന സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദികള്‍ ഒസാമബിന്‍ ലാദനും കൂട്ടരുമാണെന്ന മുന്‍വിധിയെക്കുറിച്ച് പ്രസിദ്ധ അമേരിക്കന്‍ ഡോക്കുമെന്ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍ 'ഫാരന്‍ഹീറ്റ് 9/11 'എന്ന ചിത്രത്തില്‍ വിവരിക്കുന്നുണ്ട്. ബുഷിനും ഒസാമയ്ക്കും ഇടയിലുള്ള ആയുധക്കച്ചവടത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇരട്ട ടവര്‍ തകര്‍ന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ബുഷ് ഒരു കിന്റര്‍ഗാര്‍ട്ടനില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചുംപിന്നീട് ഒരു വിചാരണക്കോ വിശകലനത്തിനോ ആരും മുതിര്‍ന്നിട്ടില്ലെന്നത് പഠനവിധേയമാക്കേണ്ടതാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പഴയ കഥ ഇന്നും പിന്‍തുടരുന്ന രീതിയും പൊതുബോധത്തിന്റെ ഫലമാണ്.

വീട്ടില്‍ നിന്ന് പുറത്തായ ശേഷം ജീവിക്കാനും യാത്ര ചെയ്യാനുമായി 'Repair almost anything' എന്ന ബോര്‍ഡ് ഉയര്‍ത്തിപിടിച്ച് റോഡരികത്തു നില്‍ക്കുന്ന ഖാന്‍ അമേരിക്കന്‍ ജനതയുടെ മുസ്ളിം വിരോധവും കേടുതീര്‍ക്കുമെന്നാണ് സിനിമയിലൂടെ അവകാശപ്പെടുന്നത്. 'ഞങ്ങള്‍ അതിജീവിക്കും, ഞങ്ങള്‍ അതിജീവിക്കും, ഒരു നാള്‍' എന്ന സാര്‍വദേശീയ ഗാനം ഹിന്ദുവും മുസ്ളിമും കറുത്തവനും വെളുത്തവനും ഇംഗ്ളീഷിലും ഹിന്ദിയിലും വീണ്ടും വീണ്ടും സിനിമയില്‍ ആവര്‍ത്തിച്ച് പാടുന്നുണ്ട്. അത് എത്രയും വേഗമാവട്ടെ എന്നു തന്നെയാണ് മനുഷ്യസ്നേഹികള്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും. എന്നാല്‍ മുസ്ളിം - ദളിത് - കറുപ്പ് വിരുദ്ധ പൊതുബോധത്തിനെ സാധൂകരിക്കുന്ന സിനിമകള്‍, ചരിത്രത്തെ അതിവേഗത്തില്‍ പുറകോട്ടടിപ്പിക്കുക മാത്രമേ ചെയ്യൂ. ഷാരൂഖ് ഖാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം, പ്രസിദ്ധമായ ഷാരൂഖ് - കജോള്‍ ജോഡികളുടെ പ്രണയം, രവി കെ ചന്ദ്രന്റെ ഛായാഗ്രഹണം, ശങ്കര്‍-എസ്ഹാന്‍-ലോയ് ടീമിന്റെ സംഗീതം എല്ലാം സച്ചിന്‍, യുവരാജ്, സെവാഗ്, ഗംഭീര്‍ എന്നിവര്‍ മികച്ച ഇന്നിംഗ്സുകള്‍ കളിക്കുമ്പോഴും ആത്യന്തികഫലത്തില്‍ ടീം ഇന്ത്യ തോറ്റുപുറത്താകുന്ന കളിയെയാണ് ഓര്‍പ്പിക്കുന്നത്.

*
മധു ജനാര്‍ദ്ദനന്‍ കടപ്പാട്: ദേശാഭിമാനി വാരിക

8 comments:

  1. കെ ആര്‍ നാരായണന്‍ പ്രസിഡന്റായതിനുശേഷം ഇന്ത്യയിലെ ദളിത്പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും നരേന്ദ്രമോഡി മുഖ്യമന്ത്രിയായതിനുശേഷം ഗുജറാത്തില്‍ സമത്വസുന്ദരരാജ്യം സ്ഥാപിക്കപ്പെട്ടുവെന്നും അബ്ദുള്‍കലാം രാഷ്ട്രപതിയായതോടെ ഇന്ത്യയിലെ മുസ്ളിം കൂട്ടഹത്യകള്‍ അവസാനിച്ചുവെന്നുമുള്ള വിചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നതുപോലെതന്നെയാണ് ബരാക് ഒബാമ പ്രസിഡന്റായതോടെ കാര്യങ്ങള്‍ നേരെയാകുന്നു എന്ന തോന്നല്‍. മാര്‍ട്ടിന്‍ ലൂഥറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതായി ലോകം മനോരാജ്യം കാണുന്നു. എന്നാല്‍ ഇറാഖ്, ഇറാന്‍, പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമായിത്തന്നെ അവശേഷിക്കുകയാണ്. സക്കീര്‍ ഖാനായി കാസ്റ്റ് ചെയ്യപ്പെട്ട ആമിര്‍ ബഷീറിന് മുസ്ളിം നാമധാരിയായതിനാല്‍ വിസ നിഷേധിക്കപ്പെട്ടതും, പകരം ജിമ്മി ഷെര്‍ഗില്‍ അഭിനയിച്ചതും, അറംപറ്റിയതുപോലെ സിനിമയുടെ ചിത്രീകരണശേഷം ഷാരൂഖ്ഖാന്‍ അമേരിക്കന്‍ എയര്‍പോര്‍ടില്‍ അപമാനിക്കപ്പെട്ടതും പണ്ട് ചുവപ്പു പരവതാനിയിലൂടെ നടന്ന എ പി ജെ അബ്ദുള്‍കലാം അമേരിക്കന്‍ സുരക്ഷാ പരിശോധനയില്‍ വിവസ്ത്രനാക്കപ്പെട്ടതും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. അബ്ദുള്‍കലാം നേരിട്ട അപമാനം ഇന്ത്യന്‍ ഭരണകൂടം രഹസ്യമാക്കിവെക്കാന്‍ ശ്രമിച്ചത് അമേരിക്കന്‍ ദാസ്യംകൊണ്ടു മാത്രമല്ല ,അമേരിക്ക വെച്ചു പുലര്‍ത്തുന്ന മുസ്ളിംവിരുദ്ധത അതേ അളവില്‍ ഒരു പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഡിഗ്രിയില്‍ ഇന്ത്യ സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. ഒബാമ കറുത്തവനാണോ, മുസ്ളിമാണോ എന്നതു മാത്രം പരിഗണനക്ക് വിഷയീഭവിപ്പിക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയപക്ഷപാതിത്വം, ആ രാജ്യത്തിന്റെ സംസ്കാരം എന്നിവ കൂടി പരിഗണിക്കാന്‍ ഒരു സിനിമാ പ്രവര്‍ത്തകന് ബാധ്യതയുണ്ട്.

    ReplyDelete
  2. മൈ നെയിം ഈസ് ഖാൻ ഏസ്തെറ്റിക്കലിയും പൊളിറ്റിക്കലിയും ചവറ് സിനിമയാണ്.മുസ്ലീങ്ങൾക്കെതിരെയുള്ള മുദ്രകുത്തലുകൾക്കെതിരെയെന്ന് പ്രത്യക്ഷത്തിൽ തോന്നാ‍മെങ്കിലും ഈ സിനിമ യഥാർത്ഥത്തിൽ പ്രതിലോമരാഷ്ട്രീയം തന്നെയാണ് ഉൾക്കൊള്ളൂന്നത്. മുസ്ലീം താനൊരൂ തീവ്രവാദിയല്ല എന്ന് എപ്പോഴും തെളിയിക്കേണമെന്നാണ് സിനിമ പറയുന്നത്. അതും അമേരിക്കൻ പ്രസിഡന്റിന്റെ സർട്ടിഫിക്കറ്റ് വേണം!

    എന്നാൽ ഷാരൂഖ് യഥാർത്ഥജീവിതത്തിൽ എടുത്ത കർക്കശമായ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.

    റിവ്യൂ‍വിനോട് വിയോജിപ്പ്.

    ReplyDelete
  3. ....ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ആശയപ്രകാശനങ്ങളുടെ സമര്‍ത്ഥമായ ദൃശ്യവത്കരണം അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ അതിസൂക്ഷ്മമായ നിരീക്ഷണത്തിന്റെ ആവശ്യമില്ല.

    ....എന്നാല്‍ അമേരിക്ക, ഇന്ത്യ എന്ന വ്യത്യാസമില്ലാതെ ഈ സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പൊതുബോധമാണ് ഈ സിനിമയ്ക്കകത്തും കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മുസ്ളിമിന്റെ ആഗോളസ്വത്വപ്രതിസന്ധിയും ഉത്കണ്ഠകളും ചിത്രീകരിക്കുമ്പോഴും, അവന്റെ നിഷ്കളങ്കത തെളിയിക്കേണ്ടത് അവന്റെ മാത്രം ബാധ്യതയാണെന്നും അതില്‍ ലോകസമൂഹത്തിനോ ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ മനഃസാക്ഷിക്കോ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഈ സിനിമ അടിവരയിടുകയാണ്.

    തുടങ്ങിയ ഭാഗങ്ങളും മറ്റു ചില ഭാഗങ്ങളും അവസാന പാരഗ്രാഫുമൊക്കെ ശ്രദ്ധിച്ചില്ലേ കാല്വിന്‍?

    ReplyDelete
  4. തങ്ങള്‍ ക്കു പറ്റിയതെന്നു തോന്നുന്ന എന്തിനെയും പൊക്കിപ്പിടിക്കാനും വാഴ്ത്തി സ്തുതിക്കാനും വേണ്ടാത്തപ്പോള്‍ അതുപോലെ തള്ളിക്കളയാനും മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിയെ പോലെ മിടുക്കന്‍മാറ്‍ വേറെ ഇല്ല ഡെ ഇതാ ഒരു പറട്ട പടം പൊക്ക്‌ പിടിച്ചു കൊണ്ട്‌ വന്നിരിക്കുന്നു കരണ്‍ ജോഹറ്‍ എന്ന ആത്മരതിയില്‍ അഭിരമിക്കുന്ന ഒരു ഡയറക്ടറും ഷാരുഖ്‌ ഖാനും കൂടി പടച്ചു വിട്ട ഒരു തല്ലിപ്പൊളി സിനിമയാണൂ മൈ നെയിം ഈസ്‌ ഖാന്‍ അതു മുഴുവന്‍ കാണണമെങ്കില്‍ അപാര ക്ഷമ വേണം അതു ശിവസേനക്കാറ്‍ എതിറ്‍ത്ത്‌ വലിയ ഹിറ്റാക്കി ശിവസേനക്കു കരണ്‍ ജോഹറ്‍ പണം കൊടുത്തു കാണും എനി ബാഡ്‌ പബ്ളിസിറ്റി ഈസ്‌ ഗുഡ്‌ പബ്ളിസിറ്റി എന്ന ആപ്തവാക്യം അപ്പോഴേ പടത്തിലേക്കു വരാം മൈ നെയിം ഈെസ്‌ ഖാന്‍ ബട്‌ ഐ ആം നോട്‌ അ ടെററിസ്റ്റ്‌ എന്നു ഒബാമയോട്‌ പറയാന്‍ നടക്കുന്ന ഷാ രുഖ്‌ ആണൂ ഈ കഥയിലെ നായകന്‍ അതു ഒബമയോടൂ ചെന്നു പറയാന്‍ നോക്കുന്നതിനിടയില്‍ ജെയിലിലും ഒക്കെ ചെന്നു പെടുന്നു ഇതിനിടെ അവിശ്വസനീയമായ പല ധീര ക്റ്‍ത്യങ്ങളും നടത്തുന്നു ഫോറസ്റ്റ്‌ ഗമ്പ്‌ എന്ന ഒരു പടം ആണു പ്റധാനമായും മോഷ്ടിച്ചിരിക്കുന്നത്‌


    പറയാന്‍ വന്നത്‌ അതല്ല അമേരിക്കയെ കുത്താന്‍ ആണല്ലോ ഈ സിനിമ നിരൂപണം , അമേരിക്കയില്‍ സെപ്റ്റമബ്റ്‍ പതിനൊന്നിനു ശേഷം ഒരു ബോംബ്‌ വെയ്ക്കാന്‍ ആറ്‍ക്കും കഴിഞ്ഞിട്ടില്ല അതു അവിടത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മിടുക്കു പലരും ശ്രമിക്കുന്നു ഇവരെല്ലാം മുസ്ളീങ്ങള്‍ ആണെന്നു പ്റത്യേക്കം ശ്രധിക്കണം ആഫ്രിക്കന്‍ മുസ്ളീങ്ങള്‍ ആംഗ്ളോ സാക്സണ്‍ തന്നെയായ മുസ്ളീങ്ങള്‍ അമേരിക്കന്‍ മുസ്ളീങ്ങളുടെ ഗേള്‍ ഫ്റണ്ട്സ്‌ ഒക്കെയാണു പിടിക്കപ്പെട്ടവറ്‍ അപ്പോള്‍ അമേരിക്ക ജാഗരൂകമായിരിക്കുന്നതു കൊണ്ടാണൂ ഇതുവരെ ഒരു ബോംബും പൊട്ടാഞ്ഞത്‌ പല നൂതന പരീക്ഷണങ്ങളൂം അല്‍ ഖൈദ നടത്തി നോക്കി ഏറ്റവും ഒടുവില്‍ കാലില്‍ ബന്‍ഡേജു കെട്ടിവച്ചു അതില്‍ കുത്തി വച്ച്‌ വിമാനം തകറ്‍ക്കാന്‍ ശ്രമിച്ച ആഫ്റൊക്കന്‍ വംശജനാജ മുസ്ളീം അപ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്‌ എല്ലാ മുസ്ളീങ്ങളും ടെററിസ്റ്റ്‌ അല്ല പക്ഷെ പിടിക്കപ്പെട്ട ടെററിസ്റ്റ്‌ എല്ലാം മുസ്ളീങ്ങള്‍ ആണു തടീയണ്റ്റവിട നസീറും മദനിയും സൂഫിയ മദനിയും ഒക്കെ അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഗ്വ്ണ്ടനാമോ ജയിലില്‍ തന്നെ കിടന്നേനെ ഇവിടെ പചായത്തിലെ പതു വോട്ട്‌ കിട്ടാന്‍ സീ പീ എം അവരെ ഒക്കെ തുറന്നു വിട്ടു അതിനാല്‍ അവരൊക്കെ തോന്നിയ പോലെ ഇന്ത്യ ഒട്ടാകെ ബോംബ്‌ വച്ചു നടക്കുന്നു

    കളമശ്ശേരി ബസ്‌ കത്തിക്കലിനു പിറകില്‍ സൂഫിയ മദനി ആണെന്നു ഇതിനകം ദേശീയ സുരക്ഷ ഏജന്‍സി കണ്ടു പിടിച്ചു ഇത്‌ കേരളത്തിലേ ഏതു കൊച്ചു കുട്ടിക്കും പണ്ടേ അറിയാവുന്ന കാര്യം പക്ഷെ പോലീസ്‌ എന്നു എഴുതാന്‍ അറിയാത്ത പോലീസ്‌ മന്ത്റിക്കു അറിവില്ലെന്നു മാത്റം , ഇതു പോലെ ഏതെങ്കിലും ഹിന്ദു പെണ്ണാണു ചെയ്തതെങ്കിലോ അവള്‍ എന്നേ ഇടി കൊണ്ട്‌ ചത്തേനെ, ഇവിടെ സൂഫിയക്കു നിസ്കരിക്കാന്‍ ജെയിലില്‍ പുതിയ പള്ളി , ധരിക്കാന്‍ സാറ്റിന്‍ പറ്‍ദ എന്നു വേണ്ട എന്താ പുകില്‍

    ReplyDelete
  5. Osama is not responsible for 9/11? that too based on a documentary. This is similar to Iranian president's views on holocaust.

    Some people will go to any extend to appease a community. Best thing is to make islamic caps mandatory in your meetings.

    Oppose fanatics in both sides with same energy. Both are enemies of people, do not go soft on either side.

    Shahrukh's film was boring, excpet for Kajol the film did not have any meat. Yes, it is sad that muslims are stereotyped. But they should take a deep look inside to see how they can change it. Moderate muslims should come out with full force against the fanatics, before they point fingers at people who stereotype them. I am very very clear on this view. if they don't raise their voice now, tomorrow they will be the victims of these fanatics. Same goes for moderate Hindus against fanatics. And same for Christians, if they do not opose the illegal interference by bishops in politics, they will suffer later (forget what happens to other communities, make that change in your community).

    Stereotyping is not good, but in some cases you need to think why it happens. Instead of being aggressive against those who stereotype, be aggressive against those who create reasons for it (atleast in this case it is the need of the hour).

    PS; I was sad to hear that Muslims and Christians are killing each other in Nigeria. So foolish to follow imported religions and kill own brothers for it (I know the situation is more complex there with tribes). Point is religions are not doing any good any more.

    ReplyDelete
  6. അമേരിക്കയും ഖയ്ദയും അവിടെ നില്‍ക്കട്ടെ.കാരണം അമേരിക്കയുടെ അഫ്ഗാന്‍ തന്ത്രത്തിലെ ഓഫ്‌ ഷൂട്ട്‌ ആണ് കയ്ദ.തലയില്‍ വെളിവ് ഉള്ളവര്‍ക്ക് എല്ലാം അതറിയാം.ലാദന്റെ അപ്പന്‍,ഡിക്കന്‍ ചിനി മൊതലാളീടെ ഹാലിബര്‍ടനിനിലെ എണ്ണ കൂട്ടാളി ആയിരുന്നു എന്നും അറിയാം. ഇനി പുതിയ വിവരം കൂടി. ഹെട്ലി എല്ലാ കുറ്റവും "സമ്മതിച്ചിരിക്കുന്നു"
    ആരുഷി ടൈപ്പ്‌ അണ്ണന്മാര്ടെ ഉണ്ട പോയി.ആ പുള്ളിയെ ഇന്ത്യക്ക് കൊടുക്കില്ല.വധശിക്ഷയും ഇല്ല. കാരണം വ്യക്തം.വിവരമുള്ള കാര്ക്കാരെമാര് ഹെട്ളിയെ ചോദ്യം ചെയ്താ,ഒന്നുകില്‍ പല 'ദേശസ്നേഹികളും'കുടുങ്ങും. അല്ലെങ്കില് തടിയന്ടവിടയുടെ അളിയനായി വരും അമേരിക്ക.ചുരുക്കത്തില്‍ ഇനി ചോപ്പന്മാരെ ചുമ്മാ തെറിപറഞ്ഞു കാലം കഴിക്കാം.
    ഇനി മദനി ക്കാര്യം.കളമശ്ശേരി ബസ്സ് കത്തിക്കളിലെ ആദ്യ പ്രതി കൊണ്ഗ്രെസ്സ് സ്ഥാനാര്‍ത്തി ആയിരുന്നു കണ്ണൂരില്‍.തദ്ദേശ തിരഞ്ഞെടുപ്പില്. പിന്നെ ആ പ്രതിയെ മുക്കി പുതിയ പ്രതിയായി.മറ്റൊരു പ്രതി ഒരു മാസം മുമ്പ് നടന്ന കൊണ്ഗ്രെസ്സ് ധരണയില്‍ ചെന്നിത്തലക്കൊപ്പമായിരുന്നു. അതിന്റെ ഫോട്ടോ ആരുഷി കണ്ടില്ല. പാവം കണ്ണില്‍ പിടിച്ചില്ല.നായനാര്‍ വധക്കേസ് ഉടായിപ്പ് കേസ് എന്നാണ് സുധാകരനും ചാണ്ടിയും അന്ന് പറഞ്ഞത്. ആ ഭീകരനെ കേസില്‍ നിന്ന് വിട്ടു കൊടുക്കാന്‍ സര്‍ക്കാരില്‍ തന്നെ ഡപ്യൂട്ടി സെക്രട്ടറിയെ കൊണ്ട് കത്തെഴുതിച്ച്ചു. മുട്ടനാടിന്റെ പിന്നില്‍ കുറുക്കന്‍ പോലെ ചാണ്ടിയും രാഘവനും മറ്റും പല പ്രാവശ്യം മദനിയെ ജയിലില്‍ പോയി കണ്ടു,മാത്രല്ല രണ്ടു സീറ്റ് മദനിക്ക് കൊടുക്കുകയും ചെയ്തു രണ്ടായിരത്തി ഒന്നിലെ ഇലക്ഷനില്‍.എന്നിട്ടും നാണമില്ലാതെ, വിളമ്പുന്നു വിഡ്ഢിത്തം.
    ഇനി സുഫിയ ക്കാര്യം.അദ്വാനിയും ചാണ്ടിയും ആഭ്യന്ദരമന്ത്രി ആയ കാലത്തെ കേസ്.കളമശ്ശേരി കേസ് ,രാജ്യദ്രോഹം എന്ന് പറയപ്പെടുന്ന കേസ് പോലും പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാ കൊണ്ഗ്രെസ്സും,ബീയെപ്പിയുമൊക്കെ ഇങ്ങനെ നാറുന്നത്. ഇനി ഹിന്ദു പെണ്ണാണ് ചെയ്തതെങ്കില്‍ എന്ന്,ഒരു ചുക്കും സംഭവിക്കില്ല. സംഭവിച്ചിട്ടും ഇല്ല. താക്കറെ,ഉമാഭാരതി,രീതംഭാര എന്തെല്ലാം പറയുന്നു, പറഞ്ഞു എന്ത് സംഭവിച്ചു. കാര്ക്കാരെ ഇടപെട്ടതിനാല്‍ പ്രഗ്യാ സിംഗ് ഒന്ന് ഇരുന്നു. കാര്‍ക്കരയെ ഒഴിവാക്കി(?) ഇപ്പൊ വീണ്ടും എണീറ്റു.

    ReplyDelete
  7. ((Some people will go to any extend to appease a community. Best thing is to make islamic caps
    Oppose fanatics in both sides with same energy. Both are enemies of people, do not go soft on either side))

    Think, seriously when this extremism start to become a menace for the world? that too 'first world' ?
    The answer is by 1970s the seeds were sown and the harvest started after the collapse of Soviets. No doubt, Qaida are fanatics and worst,but US and these fanatics were comrades in Afgan warin 1970s. Thousdands were flown from Egypt, saudi, pakistan,sudan.....to Afgan for fighting the soviets and armed by US.Like IndiraGandhi was patron to extremist BindranWala against Prakashsing Badal and moderate Akalidal,and killed by the same snake. so who is culprit ? This is a futile exercise of arguing on which snake has got more poisonous venom.

    (( Instead of being aggressive against those who stereotype, be aggressive against those who create reasons for it))

    From my point above it might be clear "who create reason for it"

    PS: I have written the extremism became a menace for "first world now", why ?Not Long back ago, the Khalistan head quarters was in London.Khalistan extremists were running a parrallel government in London,some extend with the help of UK. Their cousins US helped them.In the streets of Punjab,there was a time when the ordinary (common man!!)men had to strip their trousers to 'prove' their religion. My point is, "now" the first world feels the heat of terrorism.

    ReplyDelete
  8. ഞാന്‍ എഴുതിയതിനു ഉപോല്‍ബലകമായ മറ്റൊരു വസ്തുത കൂടി,വായിക്കാന്‍ ഇടയായി.ഇപ്പോഴത്തെ തീവ്രവാദി താരം,എന്‍.ഐ.എ arrest ചെയ്ത ഷമ്മി ഫിറോസിനെ രണ്ടു തവണ പോലീസ് പിടിച്ചു 'പുഷ്പം' പോലെ വിട്ടയച്ചിരുന്നു.കേരളകൗമുദി കാണുക. കോഴിക്കോട് ജലാറ്റിന്‍ ബോംബ്‌ കേസിലും പിന്നെ മാറാട് കലാപത്തിനു ശേഷവും. രണ്ടു സമയത്തും ആരുഷിയുടെ ചാണ്ടി ആന്റണി കുഞ്ഞാലി ഭരണമായിരുന്നു. ഇങ്ങനെ വിട്ടയ്ച്ഛവര്ടെ കണക്കെടുത്താല്‍ മൊത്തം യു.ഡി.എഫ് കുടുങ്ങും. എന്നിട്ടും ഒരു നാണവുമില്ലാ, എല്‍.ഡിഎഫ്,സീ പി എം വിട്ടയച്ചു എന്നൊക്കെ പറയാന്‍.പാവം മദനി,കൊണ്ഗ്രെസ്സിനു പിന്തുണ കൊടുത്തിരുന്നെങ്കില്‍,(2001 ല് കൊടുത്ത പോലെ) ഇന്നും മറ്റൊരു സമാദാനിയോ, ഷമ്മി ഫിരോസോ, ശിഹാബ് തങ്ങളോ ഒക്കെ ആയി വാഴ്ത്തപ്പെടുമായിരുന്നു.

    ReplyDelete