Sunday, April 18, 2010

വിദ്യാഭ്യാസത്തിന്റെ ഉദാരവല്‍ക്കരണത്തിനായി ഒരു ബില്ല്

"സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും അന്യായ നടപടികള്‍ തടയുന്നതിനുള്ള ബില്ലിന് (2010) കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ദീര്‍ഘനാളായുള്ള പൊതുജനാവശ്യത്തോട് കേന്ദ്ര ഗവണ്‍മെന്റ് രചനാത്മകമായി പ്രതികരിക്കുന്നു എന്ന പ്രതീതിയാണ് ഇതുളവാക്കിയിട്ടുള്ളത്. തലവരിപ്പണം പിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പ്രചരിപ്പിക്കുക, പ്രോസ്പെക്ടസ്സില്‍ ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പരമാവധി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിയ്ക്കാമെന്നും 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നും ഉള്ള വകുപ്പുകള്‍ ബില്ലിലുണ്ട്. രാജ്യത്തെങ്ങുമുള്ള മാധ്യമങ്ങള്‍ വളരെ പ്രശംസാപൂര്‍വമാണ് ഈ വകുപ്പുകളെ ഉയര്‍ത്തിക്കാണിക്കുന്നത്. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന നടപടികള്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യവും അക്കാദമികവുമായ ബാധ്യത ബില്ലില്‍ ഉറപ്പുവരുത്തുന്നുവെന്നതിന് അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.

സത്യം പറഞ്ഞാല്‍, സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല, മറിച്ച് തകിടം മറിയ്ക്കാനാണ് ഈ നിയമനിര്‍മാണം ഇടവരുത്തുക എന്നതാണ് അതിന്റെ മൊത്തത്തിലുള്ള ഫലം. ഈ ബില്ലിന് പ്രസ്താവിക്കപ്പെട്ടതും പ്രസ്താവിക്കപ്പെടാത്തതുമായ രണ്ട് ലക്ഷ്യങ്ങളുണ്ട്, സാമൂഹ്യവും അക്കാദമികവുമായ ബാധ്യതകളുടെ തലത്തില്‍ അവ കൂട്ടിമുട്ടുന്നില്ല എന്നതാണ് അതിന് കാരണം. ബില്ലിന്റെ പ്രത്യക്ഷത്തിലുള്ള ലക്ഷ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ്. അക്കാര്യം ബില്ലിന്റെ തലവാചകത്തില്‍ത്തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ വലിയ പ്രഖ്യാപനങ്ങളുടെയും കടുത്ത ശിക്ഷാ നടപടികളുടെയും കോലാഹലങ്ങള്‍ക്കിടയില്‍ പ്രസ്താവിക്കപ്പെടാത്ത ലക്ഷ്യം മിക്കവാറും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ബില്ലിന്റെ നിഷേധാത്മകമായ നിശ്ശബ്ദതയിലൂടെ എന്താണത് നേടാന്‍ ശ്രമിക്കുന്നത് എന്നറിയണമെങ്കില്‍, അത് തന്ത്രപരമായി എന്താണ് ഒഴിവാക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

അപര്യാപ്തത


ബില്ലിലെ വകുപ്പുകള്‍, ഇപ്പോഴത്തെ സ്ഥിതിയില്‍ അഭിനന്ദനീയമാണെങ്കില്‍ത്തന്നെയും അവ വേണ്ടത്ര പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം. വിദ്യാര്‍ഥികളെ ഏറ്റവും പ്രധാനമായി ബാധിക്കുന്ന മൂന്ന് വിഷയങ്ങളാണ് പ്രവേശനം, ഫീസ്, കോഴ്സിന്റെ ഉള്ളടക്കം എന്നിവ. എന്നാല്‍ ഇവ മൂന്നിനേയും നിയന്ത്രിക്കുന്നതിന് ബില്ലില്‍ വകുപ്പുകളൊന്നുമില്ല. ഈ മൂന്ന് കാര്യങ്ങളിലും ബോധപൂര്‍വമായ നിശ്ശബ്ദത പാലിക്കുന്നതിലൂടെ ബില്ല് ചെയ്യുന്നത്, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരം പറയാനുള്ള ബാധ്യതയെ, പ്രവേശനത്തിന്റെയും ഫീസ് പിരിവിന്റെയും സമയത്തുള്ള സുതാര്യത ഉറപ്പുവരുത്തുന്ന പ്രക്രിയയിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സാമൂഹ്യമായ നീതി, വിദ്യാഭ്യാസ മികവ് എന്നീ കൂടുതല്‍ വിപുലമായ പ്രശ്നങ്ങള്‍ തികച്ചും അവഗണിയ്ക്കപ്പെട്ടിരിക്കുന്നു.

ഗവണ്‍മെന്റ് ഏജന്‍സി നടത്തുന്ന പൊതുവായ പ്രവേശന പരീക്ഷയുടെയും കേന്ദ്രീകൃത കൌണ്‍സിലിങ്ങിന്റെയും അടിസ്ഥാനത്തില്‍ പ്രവേശന പ്രക്രിയ നടത്തുന്നതിനോ പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് സീറ്റ് അനുവദിക്കുന്നതിനോ ഉള്ള വകുപ്പുകളൊന്നും ബില്ലിലില്ല. വിദ്യാര്‍ഥികളുടെ മെറിറ്റും രക്ഷിതാക്കളുടെ വരുമാനവും കണക്കിലെടുത്തുകൊണ്ട് വ്യത്യസ്ത രീതിയില്‍ ഫീസ് പിരിക്കുന്നതിനുള്ള വകുപ്പും ബില്ലിലില്ല. എന്നു മാത്രമല്ല സുപ്രീംകോടതിയുടെ വിധിക്കനുസരിച്ച് (കേരളത്തില്‍ രൂപീകരിച്ചപോലെയുള്ള) പ്രവേശന നിയന്ത്രണ കമ്മീഷന്റെയും ഫീസ് നിയന്ത്രണ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളും, കേന്ദ്ര നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലെ സുതാര്യത മാത്രമാണ് ഒരേയൊരു നല്ല കാര്യം. ഫീസ് ഘടന, പ്രവേശന നടപടികള്‍, ഫാക്കല്‍ട്ടി, സിലബസ്, പശ്ചാത്തല സൌകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റിലോ പ്രോസ്പെക്ടസ്സിലോ പ്രസിദ്ധീകരിക്കണം എന്ന് ബില്ലില്‍ നിര്‍ബന്ധമായും പറയുന്നുണ്ട്. രസീറ്റ് കൊടുക്കാതെ പ്രവേശന ഫീസോ മറ്റ് ഏതെങ്കിലും ഫീസോ പിരിക്കുന്നത് നിരോധിക്കുന്ന വകുപ്പുകള്‍ ബില്ലിലുണ്ട്. പ്രോസ്പെക്ടസ്സില്‍ പറഞ്ഞപോലെ പ്രവര്‍ത്തിക്കാതിരിക്കല്‍, തലവരിപ്പണം പിരിക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുക, പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള വകുപ്പും ബില്ലിലുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഉയര്‍ന്നുവരാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്, വേണ്ടത്ര അധികാരങ്ങളോടുകൂടിയ, ട്രിബ്യൂണലുകള്‍ രൂപീകരിക്കുന്നതിനുള്ള വകുപ്പും നിയമത്തിലുണ്ട്. നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട ഒരേയൊരു നല്ല കാര്യം സുതാര്യതയാണെന്ന് കണ്ടെത്തിയ ഈ ബില്ല് മറ്റ്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയെല്ലാം ബിസിനസ് പ്രവര്‍ത്തനങ്ങളായിട്ടാണ് കാണുന്നത്. അക്കൌണ്ട് പുസ്തകങ്ങള്‍ തുറന്ന പുസ്തകങ്ങളാണെങ്കില്‍പ്പിന്നെ ലാഭമുണ്ടാക്കുന്നത് ന്യായീകരിയ്ക്കാം എന്നാണ് ബില്ല് കണക്കാക്കുന്നത്. നിയമകോടതികള്‍ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന്മേലുള്ള നിയന്ത്രണങ്ങളെല്ലാം ബില്ല് എടുത്തു മാറ്റുന്നുണ്ട്. പരിഷ്കരണ നയങ്ങളോട് അനുഭാവം കാണിക്കുന്ന ടിഎംഎ പൈ കേസിലെ വിധിപോലും, വിദ്യാഭ്യാസത്തില്‍നിന്ന് ലാഭമുണ്ടാക്കുന്ന പ്രവണത ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിട്ടുണ്ട്. കോര്‍പറേറ്റ് ഉത്തരവാദിത്വങ്ങളെയും കോര്‍പറേറ്റ് നൈതികതയേയും മാത്രമേ പുതിയ ബില്ല് അംഗീകരിക്കുന്നുള്ളു. ഈ ബില്ല് നിയമമായി തീര്‍ന്നാല്‍ വിദ്യാഭ്യാസം നല്‍കുന്നത് പേരിനുപോലും ദീനാനുകമ്പാപരമായ ഒരു പ്രവര്‍ത്തനമല്ലാതായിത്തീരും; നിയമപരമായി അംഗീകാരമുള്ള ബിസിനസ് പ്രവര്‍ത്തനമായിത്തീരും. അന്യായമായ നടപടികളെക്കുറിച്ചുള്ള നിയന്ത്രണ വിധേയമായ വ്യാഖ്യാനങ്ങള്‍മൂലം ഇന്ന് നടക്കുന്ന എത്രയോ സാമൂഹ്യദ്രോഹങ്ങളും അക്കാദമിക് അതിക്രമങ്ങളും ബില്ലിന്റെ പരിധിയില്‍നിന്ന് പുറത്താകും.

ഒന്നും അശ്രദ്ധമൂലമല്ല

ബില്ലില്‍ ഇങ്ങനെ പലതും ഒഴിവാക്കപ്പെട്ടത് അശ്രദ്ധമൂലമാണെന്ന് തോന്നുന്നില്ല. ബില്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ഈ ബില്ല് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 1993ലെ ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയിലൂടെ പൊതുവായ പ്രവേശന പരീക്ഷയും വ്യത്യസ്ത രീതിയിലുള്ള ഫീസ് ഘടനയും പ്രാബല്യത്തില്‍വന്നു. ആ സംവിധാനത്തെ തകിടം മറിയ്ക്കുന്നതായിരുന്നു 2002ലെ ടിഎംഎപൈ ഫൌണ്ടേഷന്‍ കേസിലെ സുപ്രീംകോടതി വിധി. ഈ വിധി മൂലം ഉണ്ടായ പ്രശ്നങ്ങളെ മറികടക്കുന്നതിനും സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഫീസ്, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതിനും ആയി സമഗ്രമായ ഒരു കേന്ദ്ര നിയമനിര്‍മാണം നടത്തേണ്ടത് ആവശ്യമായിവന്നു.

സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ തുല്യതയും മികവും പുനഃസ്ഥാപിക്കുന്നതിനായി സമഗ്രമായ ഒരു കേന്ദ്ര നിയമം നിര്‍മിക്കണം എന്ന് വ്യാപകമായി ഉയര്‍ന്നുവന്ന പൊതുവായ ആവശ്യത്തോടുള്ള പ്രതികരണമെന്ന നിലയില്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു കേന്ദ്ര നിയമം ഉണ്ടാക്കുന്നതിന് ഒന്നാമത്തെ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് രണ്ടുതവണ ശ്രമം നടക്കുകയുണ്ടായി. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം. 2005ലാണ് ആദ്യത്തെ കരട് നിയമം തയ്യാറാക്കിയത്. അത് ചര്‍ച്ചകള്‍ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. യുജിസി നിയമിച്ച ഒരു കമ്മിറ്റിയാണ് രണ്ടാമത്തെ കരട് നിയമം 2007ല്‍ തയ്യാറാക്കിയത്. മെറിറ്റും സംവരണവും പാലിച്ചുകൊണ്ടുള്ള പ്രവേശനവും രക്ഷിതാവിന്റെ സാമ്പത്തിക കഴിവിന് അനുസരിച്ചുള്ള ഫീസ് ഘടനയും ഉറപ്പുവരുത്തുന്ന ഒരു നിയമം വേണമെന്ന ആവശ്യത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല, "2005ലെ സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസ് നിര്‍ണയവും നിയന്ത്രിക്കുന്നതിനുള്ള ബില്ല്''. അതെന്തായാലും പൊതുപ്രവേശന പരീക്ഷ, കേന്ദ്രീകൃത കൌണ്‍സിലിങ്, ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടക്കം വിവിധ വിഭാഗങ്ങള്‍ക്ക് സീറ്റ് വകയിരുത്തല്‍, വിവിധ രീതിയിലുള്ള ഫീസ് ഘടന തുടങ്ങിയ തത്വങ്ങളെ അത് കുറെയൊക്കെ ഉള്‍ക്കൊണ്ടിരുന്നു.

രണ്ടുവര്‍ഷം കഴിഞ്ഞാണ് യുജിസി അതിന്റെ കരട് ബില്ല് കൊണ്ടുവന്നത്. "സ്വകാര്യ എയ്ഡഡ് - അണ്‍ എയ്ഡഡ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച നിയമം 2007'' എന്നായിരുന്നു അതിന്റെ പേര്. ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്ര ഭരണ പ്രദേശത്തിന്റെയും ഭൂപരമായ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കുന്നതിന് അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അധികാരം നല്‍കുന്ന വകുപ്പുകള്‍ അതില്‍ ഉണ്ടായിരുന്നു. ഗവണ്‍മെന്റ് ജനറല്‍ ക്വാട്ട, ഗവണ്‍മെന്റ് റിസര്‍വ്ഡ് ക്വാട്ട, സ്ഥാപനത്തിന്റെ ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിങ്ങനെ സീറ്റ് വകയിരുത്തുന്നതിനുള്ള വകുപ്പുകളും ആ ബില്ലില്‍ ഉണ്ടായിരുന്നു. അത്തരം ക്വാട്ടകള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെയും ന്യൂനപക്ഷങ്ങളുടേതല്ലാത്ത സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളുമായിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കുന്ന ഏജന്‍സികള്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയിലൂടെയും കേന്ദ്രീകൃത കൌണ്‍സിലിങ്ങിലൂടെയും പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളും ആ ബില്ലില്‍ ഉണ്ടായിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കുന്ന ഫീസ് റഗുലേറ്ററി കമ്മിറ്റികള്‍, അതത് സംസ്ഥാനത്തിലെ സാമൂഹ്യ - സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നിശ്ചയിക്കുന്ന വ്യത്യസ്ത രീതിയിലുള്ള ഫീസ് ഘടന എന്നിവയ്ക്ക് ആ ബില്ലില്‍ വകുപ്പുകളുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെമേല്‍ ശിക്ഷാ നടപടി കൈക്കൊള്ളുന്നതിനും ഉതകുന്ന വകുപ്പുകളും അതില്‍ ഉണ്ടായിരുന്നു.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലെ തുല്യതയും മികവും ഒരതിര്‍ത്തിവരെ നിലനിര്‍ത്തുന്നതിന് യഥാര്‍ത്ഥത്തില്‍ ഈ രണ്ടു കരടു ബില്ലുകളും പര്യാപ്തമായിരുന്നു. എന്നാല്‍ അവ രണ്ടും സ്വയം റദ്ദായിപ്പോകുന്നതിന് അനുവദിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തത്. ആ രണ്ടു കരടു ബില്ലും ഉപേക്ഷിച്ച കപില്‍ സിബാല്‍ ഇപ്പോള്‍ തികച്ചും പുതിയതായ ഒരു ബില്ലുമായി വന്നിരിക്കുകയാണ്. രണ്ടാം യുപിഎ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള പുതിയ വിദ്യാഭ്യാസ നയത്തിന്റെ സന്തതിയാണ് പുതിയ ബില്ല്. കേന്ദ്ര മനുഷ്യവിഭവ വികസന മന്ത്രിയുടെ പുതിയ നയപ്രഖ്യാപനങ്ങളുടെയും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിക്കുന്ന നിരവധി നിയമനിര്‍മാണ -ഭരണപരിഷ്കാര നടപടികളുടെയും മൊത്തത്തിലുള്ള പശ്ചാത്തലത്തില്‍ ഈ ബില്ലിനെ നിര്‍ത്തി പരിശോധിക്കുമ്പോഴേ, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും വേണ്ടത്ര ധാരണ ലഭിക്കുകയുള്ളൂ. 1991ല്‍ സാമ്പത്തിക മേഖലയില്‍ എന്താണോ നടപ്പാക്കിയത്, അതുതന്നെയാണ് ഇപ്പോള്‍ താന്‍ വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാന്‍ പോകുന്നത് എന്ന് കപില്‍ സിബാല്‍ പ്രസ്താവിച്ചിട്ടുള്ളതായി രേഖകളുണ്ട്. ഈ ലക്ഷ്യത്തോടെയാണ് നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹം ജ്വരം ബാധിച്ചപോലെ വ്യഗ്രത കാണിക്കുന്നത്. അവയ്ക്കെല്ലാം തന്നെ പൊതുവായ ഒരു ലക്ഷ്യമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തും സാങ്കേതിക വിദ്യാഭ്യാസരംഗത്തും പുത്തന്‍ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ അതിവേഗം നടപ്പാക്കുക എന്നതാണത്.

*
എം എ ബേബി കടപ്പാട്: ചിന്ത വാരിക

2 comments:

  1. "സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും അന്യായ നടപടികള്‍ തടയുന്നതിനുള്ള ബില്ലിന് (2010) കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ദീര്‍ഘനാളായുള്ള പൊതുജനാവശ്യത്തോട് കേന്ദ്ര ഗവണ്‍മെന്റ് രചനാത്മകമായി പ്രതികരിക്കുന്നു എന്ന പ്രതീതിയാണ് ഇതുളവാക്കിയിട്ടുള്ളത്. തലവരിപ്പണം പിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പ്രചരിപ്പിക്കുക, പ്രോസ്പെക്ടസ്സില്‍ ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പരമാവധി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിയ്ക്കാമെന്നും 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നും ഉള്ള വകുപ്പുകള്‍ ബില്ലിലുണ്ട്. രാജ്യത്തെങ്ങുമുള്ള മാധ്യമങ്ങള്‍ വളരെ പ്രശംസാപൂര്‍വമാണ് ഈ വകുപ്പുകളെ ഉയര്‍ത്തിക്കാണിക്കുന്നത്. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന നടപടികള്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യവും അക്കാദമികവുമായ ബാധ്യത ബില്ലില്‍ ഉറപ്പുവരുത്തുന്നുവെന്നതിന് അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.

    ReplyDelete
  2. മറ്റൊരുവശം. കോണ്ഗ്രസ്സില് നിന്ന് പ്രതീക്ഷിക്കാവുന്നത്.

    ReplyDelete