യുക്തിവാദവും കേവല ഭൌതികവാദവും തമ്മിലെ വേര്‍തിരിവ് ഒരു പുതിയ സംവാദവിഷയമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിധിതീര്‍പ്പിലെത്തിച്ചേര്‍ന്നതും ആണ് അത്. പാര്‍ടി വിട്ടുപോകുന്നതിന്റെ ന്യായീകരണമായി കെ എസ് മനോജും മറ്റും ഉന്നയിച്ച ആരോപണത്തിന്റെയും മാധ്യമാഘോഷങ്ങളുടെയും പശ്ചാത്തലത്തില്‍ വീണ്ടുമൊരു സംവാദസാധ്യത അന്വേഷിക്കുകയാണ് യുക്തിവാദി നേതാവ് യു കഥാനാഥന്‍, സമകാലിക മലയാളത്തിലെ 'മതവിമര്‍ശനത്തിലെ വിമുഖത' (ലക്കം 36, ഫെബ്രു. 5) എന്ന ലേഖനത്തിലൂടെ.
നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ-സാമ്പത്തികവും സാമൂഹ്യവും ആശയപരവുമായ സമസ്‌ത മേഖലകളുടെയും- സമഗ്രവും സമ്പൂര്‍ണവുമായ അഴിച്ചുപണിയാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ കര്‍മപദ്ധതി. യുക്തിവാദത്തിന്റേതാകട്ടെ ദൈവാസ്‌തിത്വവുമായി ബന്ധപ്പെട്ട കേവലവും താരതമ്യേന ലളിതവുമായ ഒരാശയപ്രശ്‌നവും. മാര്‍ക്സിസ്റ്റ് മതവിമര്‍ശനത്തെ 'കറുപ്പു' സിദ്ധാന്തത്തിലേക്ക് വെട്ടിച്ചുരുക്കുന്നതുവഴി അതിന്റെ സമഗ്രതയെ ചോര്‍ത്തിക്കളയുന്നതില്‍ കെ എസ് മനോജുമാരോട് കൈകോര്‍ക്കുകയാണ് വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും സ്വയം പ്രഖ്യാപിത ശത്രുക്കളായ കലാനാഥന്മാര്‍ എന്നതാണ് രസകരമായ കാര്യം.
ദര്‍ശന ചരിത്രത്തിലെ - മാനവ ചരിത്രത്തിലെയും - രണ്ടു ഘട്ടങ്ങളെയാണ് യുക്തിവാദവും വൈരുധ്യാത്മക ഭൌതികവാദവും പ്രതിനിധാനം ചെയ്യുന്നത്. 17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു. ദൈവദത്തമായ രാജാധികാരം ചോദ്യം ചെയ്യപ്പെട്ടു. ഫ്രഞ്ച് വിപ്ളവം (1789) ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവങ്ങള്‍ രാജവാഴ്‌ച അവസാനിപ്പിക്കുകയും, ആധുനിക (ബൂര്‍ഷ്വാ) ജനാധിപത്യം സംസ്ഥാപിക്കുകയും ചെയ്‌തു. പൌരോഹിത്യം ഭരണരംഗത്തുനിന്ന് നിര്‍ബന്ധമായും മാറിനിര്‍ത്തപ്പെട്ടു. 'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്ന അടിസ്ഥാനത്തില്‍ മതനിരപേക്ഷത ആധുനിക ജനാധിപത്യത്തിന്റെ അടിക്കല്ലായി.
പൊതുരംഗത്തുനിന്ന് മതത്തെ മാറ്റിനിര്‍ത്തുക എന്ന നിലപാടിനര്‍ഥം, സ്വകാര്യമായി മതവിശ്വാസം പുലര്‍ത്താനോ, അവിശ്വാസിയായിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വ്യക്തിക്കു വിട്ടുകൊടുക്കുന്നു എന്നതുകൂടിയാണ്. എന്നാല്‍ വിശ്വാസം ശാസ്‌ത്രവിരുദ്ധമാണ്, ശാസ്‌ത്ര-സാങ്കേതിക മുന്നേറ്റങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക സമൂഹത്തില്‍ വ്യക്തിജീവിതത്തില്‍പ്പോലും വിശ്വാസത്തെ അനുവദിക്കാനാകില്ല എന്ന ഒരു ചിന്താഗതിയും രൂപമെടുത്തു. ഇതാണ് യുക്തിവാദം.
ദര്‍ശനത്തിന്റെ രണ്ടു കൈവഴികള്‍- ഭൌതികവാദവും ആശയവാദവും- മനുഷ്യചിന്തയുടെ ആരംഭം മുതല്‍തന്നെ നിലനിന്നുപോന്നിട്ടുണ്ട്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് മനുഷ്യന്‍ കടന്നുചെന്ന ഘട്ടങ്ങളോരോന്നിലും അറിവിന്റെ വികാസത്തിനനുസരിച്ച്, ഭൌതികവാദം അധികമധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ആശയവാദമാകട്ടെ പുതിയ അറിവുകള്‍ക്കനുസരിച്ച് സ്വയം നവീകരിച്ച് നിലനിൽക്കാന്‍ ശ്രമിച്ചുപോരുകയും ചെയ്‌തു. ആധുനിക യന്ത്രോപകരണങ്ങളുടെ വികാസം വ്യാവസായിക വിപ്ളവത്തോളം വളര്‍ന്നപ്പോള്‍ വികസിച്ചുവന്ന ഭൌതികവാദം യാന്ത്രിക ഭൌതികവാദം എന്നറിയപ്പെട്ടു. പ്രപഞ്ചത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിനു തുല്യമായാണ് അത് വ്യാഖ്യാനിച്ചത്.
യാന്ത്രിക ഭൌതികവാദത്തിന്റെ നിലപാടുതറയിലാണ് യുക്തിവാദം നിലയുറപ്പിച്ചത്. പ്രകൃതി പ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ ശാസ്‌ത്രത്തിന്റെ രീതികളെ പ്രയോജനപ്പെടുത്തിയ മുതലാളിത്ത ഭൌതികവാദം പക്ഷേ മനുഷ്യസമൂഹത്തിന്റെ വികാസപഠനത്തില്‍ ആ രീതി പ്രയോഗിക്കാന്‍ വിസമ്മതിച്ചു. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം തുടങ്ങിയ മാനവിക വിഷയങ്ങള്‍ ശാസ്‌ത്രത്തിന് പുറത്തുനിന്നു. ഭൌതികപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ വ്യാഖ്യാനിക്കാനോ, ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക് നടുവിലും വിശ്വാസം നിലനിൽക്കുന്നതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനോ ഈ തത്വസംഹിതക്കായില്ല.
മനുഷ്യസമൂഹം ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ അതിന്റെ സമഗ്രതയിലും പരസ്‌പരബന്ധത്തിലും കാണാതെ ഒറ്റപ്പെടുത്തി വിശകലനം ചെയ്യുന്ന ഈ ചിന്താപദ്ധതിയെ മാര്‍ക്സ് കേവലഭൌതികവാദം എന്നു വിളിച്ചു. ശാസ്‌ത്രനിഗമനങ്ങളെ സ്വായത്തമാക്കി സ്വയം നവീകരിക്കാനുള്ള ആശയവാദത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് വൈരുധ്യവാദം ആവിഷ്‌ക്കരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വൈരുധ്യാത്മകത എന്ന് വിവിധ ശാസ്‌ത്രശാഖകള്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ ഭൌതികപ്രപഞ്ചത്തിനും, ആശയലോകത്തിനും ഒരേപോലെ ബാധകമായ ഈ തത്വത്തെ ആശയമണ്ഡലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്താനാണ് ഹെഗലിയന്‍ വൈരുധ്യവാദം ഉത്സാഹം കൊണ്ടത്.
"ഇതുവരെയുള്ള ദാര്‍ശനികര്‍ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുകയായിരുന്നു. നമുക്കാവശ്യം അതിനെ മാറ്റിത്തീര്‍ക്കുകയാണ് '' എന്ന ലക്ഷ്യപ്രഖ്യാപനവുമായാണ് മാര്‍ക്സിസം ദാര്‍ശനിക ലോകത്തേക്ക് കടന്നത്. 'എല്ലാം മാറ്റത്തിന് വിധേയമാണ് എന്ന നിയമമൊഴികെ മറ്റെല്ലാം മാറിക്കൊണ്ടിരിക്കുന്നു' എന്ന പ്രപഞ്ചസത്യം ഹെഗലിയന്‍ ആശയവാദത്തില്‍നിന്നാണ് മാര്‍ക്സ് കണ്ടെത്തിയത്. ആശയരംഗത്തെ മാറ്റങ്ങളിലായിരുന്നില്ല ഭൌതികജീവിതത്തിലെ പരിവര്‍ത്തനത്തിലായിരുന്നു മാര്‍ക്സിന്റെ താല്പര്യം. മുതലാളിത്ത ഭൌതികവാദത്തിന്റെ പരിമിതികളെ മറികടക്കാനും, അതിനെ വിപ്ളവത്തിന്റെ ദര്‍ശനമായി രൂപാന്തരപ്പെടുത്താനും വൈരുധ്യവാദം സഹായകമായി. വൈരുധ്യാത്മക ഭൌതികവാദം എന്ന ശാസ്‌ത്രീയദര്‍ശനം - മാര്‍ക്സിയന്‍ ദര്‍ശനം - പിറവികൊണ്ടത് ഇങ്ങനെയാണ്. ഫ്രഞ്ച് വിപ്ളവം പ്രതിനിധാനം ചെയ്‌ത ബൂര്‍ഷ്വാ ജനാധിപത്യഘട്ടത്തിന്റെ തത്വശാസ്‌ത്രമായാണ് യുക്തിവാദം രൂപപ്പെട്ടതെങ്കില്‍ പാരീസ് കമ്യൂണിനാല്‍ (1871) പ്രതിനിധീകരിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ തത്വശാസ്‌ത്രമായാണ് മാര്‍ക്സിസം പിറവികൊണ്ടത്.
വൈരുധ്യാത്മക ഭൌതികവാദം പ്രപഞ്ചത്തിന്റെ 'അടിസ്ഥാന നിയമ' വ്യവസ്ഥകളെ ഇങ്ങനെ സംഗ്രഹിച്ചു. എല്ലാ വസ്‌തു പ്രതിഭാസങ്ങളും ആശയങ്ങളും പരസ്പരബന്ധിതമാണ്. എല്ലാം എപ്പോഴും ചലിച്ചുകൊണ്ടും മാറിക്കൊണ്ടും ഇരിക്കുന്നു. പരസ്പര വിരുദ്ധമായ ഈ ഘടകങ്ങള്‍ ഏതൊന്നിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ തമ്മിലുള്ള ഐക്യവും സമരവുമാണ് നിലനില്പിന്റെയും മാറ്റത്തിന്റെയും അടിസ്ഥാനം. അളവിലുള്ള - സാവധാനത്തിലുള്ള മാറ്റം ഒരു നിശ്ചിതഘട്ടത്തില്‍ എടുത്തുചാട്ടത്തിലേക്കും ഗുണത്തിലുള്ള മാറ്റത്തിലേക്കും വീണ്ടും അളവിലെ മാറ്റത്തിലേക്കും എന്നിങ്ങനെ ഒരുനുസ്യൂത പ്രവാഹമായാണ് മാറ്റം സംഭവിക്കുന്നത്. എല്ലാ മാറ്റവും മുന്നോട്ടാണ്. പുരോഗതിയിലേക്കാണ്. ലളിതമായതില്‍നിന്ന് സങ്കീര്‍ണമായതിലേക്കാണ്.
ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവികളിലേക്കും ഏറെ സങ്കീര്‍ണതകളുള്ള മനുഷ്യജീവിയിലേക്കും ഉള്ള ജൈവലോക വികാസത്തിന്റെ സൂക്ഷ്‌മ ഘട്ടങ്ങളെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പുറത്തുകൊണ്ടുവന്നു. പ്രാകൃത ജീവിതാവസ്ഥയില്‍നിന്ന് ബഹുമുഖവും സങ്കീര്‍ണവുമായ മുതലാളിത്ത ലോകത്തേക്ക് മനുഷ്യസമൂഹം പരിണമിച്ചെത്തിയതെങ്ങനെയെന്നും തുടര്‍പ്പരിണാമം എങ്ങോട്ട് എന്നും മാര്‍ക്സ് വിശദീകരിച്ചു. പ്രകൃതി നിയമങ്ങളെ മാനവവികാസ ചരിത്രത്തിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചരിത്രപരമായ ഭൌതികവാദം രൂപംകൊണ്ടു.
സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണ് എന്നും രാഷ്‌ട്രീയ, സാംസ്‌ക്കാരിക ആശയ മണ്ഡലങ്ങള്‍ അതിന്റെ മേല്‍പ്പുരയാണ് എന്നും മാര്‍ക്സ് നിരീക്ഷിച്ചു. അടിത്തറയാണ് മേല്‍പ്പുരയെ രൂപപ്പെടുത്തുന്നത്. മേല്‍പ്പുരയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടിത്തറയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. എന്നാല്‍ അടിത്തറ തകരുന്നതോടെ ഒറ്റയടിക്ക് ആശയമേല്‍പ്പുര മാറ്റപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ രൂപപ്പെട്ടുകഴിഞ്ഞാല്‍ ആശയമേല്‍പ്പുരക്ക് സ്വതന്ത്രമായ ഒരസ്‌തിത്വം നിലവില്‍ വരുന്നുണ്ട്. വൈരുധ്യാത്മകമായ ഈ ബന്ധത്തെ മാര്‍ക്സ് ഇങ്ങനെ വിശദീകരിച്ചു. "ഒരാശയം മനുഷ്യമനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞാല്‍ അതൊരു ഭൌതികശക്തിയായി മാറും.''
ശാസ്‌ത്ര സാങ്കേതിക വികാസം സാമ്പത്തികാടിത്തറയില്‍ എത്രതന്നെ മാറ്റങ്ങള്‍ വരുത്തിയാലും പഴയ ആശയമണ്ഡലം അപ്പാടെ മാറ്റപ്പെടുന്നില്ല എന്നാണ് ഇപ്പറഞ്ഞതിനര്‍ഥം. സമൂഹം വര്‍ഗവിഭജിതമാകുന്നതോടെയാണ് ഭരണകൂടമെന്നപോലെ മതവും രംഗത്തുവരുന്നത്. ഭരണകൂടം കായികമര്‍ദനത്തിന്റെയും, മതം ആത്മീയമര്‍ദനത്തിന്റെയും ഉപകരണങ്ങളായി ചരിത്രത്തിലുടനീളം നിലനിന്നു. മുതലാളിത്തമാകട്ടെ ശാസ്‌ത്രവികാസത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോഴും, കൊടും ചൂഷണ വ്യവസ്ഥയായിത്തന്നെ തുടരുകയും ആണ്. അതിനാല്‍ രൂക്ഷമായ മുതലാളി-തൊഴിലാളിവര്‍ഗ സമരത്തില്‍ ഭരണകൂടത്തിനെന്നപോലെ മതത്തിനും ഒരിടം അവശേഷിക്കുന്നുണ്ട്.
കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.
നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം. ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം. അപ്പോള്‍ വിശ്വാസിയായിരിക്കരുത് എന്നപോലെത്തന്നെ പ്രധാനമാണ് കേവല ഭൌതികവാദിയായിരിക്കരുത് എന്നതും.
അപ്പോള്‍ മാര്‍ക്സിയന്‍ ഭൌതികവാദം കേവലം വിശ്വാസത്തോടുള്ള സമീപനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിര്‍വചിക്കപ്പെടേണ്ടതല്ല. പൊതുചടങ്ങുകളില്‍ പ്രാര്‍ഥനാലാപനം നടക്കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം എഴുന്നേറ്റു നില്ക്കുന്നതില്‍ ഒരു മാര്‍ക്സിസ്റ്റ് യാതൊരുവിധ ആദര്‍ശഭംഗവും അനുഭവിക്കുന്നില്ല. അതേസമയം, അയാളാണ് മുഖ്യ സംഘാടകനെങ്കില്‍ കാര്യപരിപാടിയില്‍ പ്രാര്‍ഥന ഉള്‍പ്പെടുത്തുകയും ഇല്ല.
മഹാനായ ജ്യോതിബസുവിനെപ്പോലെ മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കാം. മതാചാരങ്ങളില്ലാതെ സംസ്‌ക്കരിക്കണമെന്ന് മുന്‍കൂട്ടി നിര്‍ദേശിക്കുകയുമാകാം. പക്ഷേ പിതാവിന്റെ മരണാനന്തരച്ചടങ്ങ് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നത് മറ്റു കുടുംബാംഗങ്ങളുടെ ധാരണകളെക്കൂടി മാനിച്ചായിരിക്കണം.
കേരളത്തിലെ സ്‌ത്രീപുരുഷബന്ധം-കുടുംബം, വിവാഹം, വിവാഹമോചനം- അമേരിക്കയിലേതുപോലെയല്ല. അമ്പതുകൊല്ലം മുമ്പ് നിലവിലിരുന്ന ജാതി ജന്മിനാടുവാഴി വ്യവസ്ഥയുടെ നിയമങ്ങള്‍ക്കനുസരിച്ചുമല്ല. അതിനാല്‍ ഇവിടത്തെ സ്‌ത്രീ -പുരുഷബന്ധം സക്കറിയ വാദിച്ചപോലെയും ഉണ്ണിത്താന്‍ നിര്‍വഹിച്ചപോലെയും ആയിരിക്കണമെന്ന് മാര്‍ക്സിസത്തിന് നിര്‍ദേശിക്കാനാവില്ല. സമൂഹ വികാസത്തിന്റെയും സാമൂഹ്യബോധ നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്നതാണ് ഇത്തരം കാര്യങ്ങളിലെ വൈരുധ്യാത്മക നിലപാട്.
അറുപത്തേഴില്‍ മുസ്ളിംലീഗുമായുണ്ടാക്കിയ ബന്ധത്തെയും, എഴുപത്തേഴില്‍ അടിയന്തരാവസ്ഥക്കെതിരെ ജനസംഘവുമായുണ്ടാക്കിയ പൊതുവേദിയെയും, അതുപോലുള്ള നിരവധിയായ രാഷ്‌ട്രീയ നിലപാടുകളെയും മനസ്സിലാക്കേണ്ടത് അന്നന്നത്തെ ചരിത്ര സാഹചര്യങ്ങളിലാണ്. മുഖ്യശത്രുവായ മുതലാളിത്തശക്തികളെ താൽക്കാലികമായെങ്കിലും പരാജയപ്പെടുത്തുന്നതില്‍ അത്തരം നീക്കങ്ങള്‍ വഹിച്ച പങ്കാണ് പ്രധാനം. അതെത്രമാത്രം മതവിമുക്തമായിരുന്നു എന്നതല്ല.
കെ എസ് മനോജ് ആരോപിക്കുന്നതുപോലെയും യു കലാനാഥന്‍ തെറ്റിദ്ധരിക്കുന്നതുപോലെയും സിപിഐ എമ്മിന്റെ തെറ്റുതിരുത്തല്‍ രേഖ ഇതുവരെ പാര്‍ടി പിന്തുടര്‍ന്നുപോന്ന സമീപനങ്ങളെയാകെ തള്ളിപ്പറയുകയോ മാറ്റിപ്പണിയുകയോ ചെയ്യുന്നില്ല. ചിലേടങ്ങളില്‍ ചിലപ്പോഴൊക്കെ സംഭവിച്ചുപോകുന്ന വ്യതിയാനങ്ങളെയും സ്‌ഖലിതങ്ങളെയും നിരുത്സാഹപ്പെടുത്താന്‍ തീരുമാനിക്കുന്നുവെന്നു മാത്രം. അതിനാല്‍ ലെനിന്‍ പറഞ്ഞ പുരോഹിതനു മാത്രമല്ല, മതവിരുദ്ധനായ അസ്സല്‍ യുക്തിവാദിക്കും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമാകാം. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പ്രവര്‍ത്തിക്കണം എന്നു മാത്രം.
*****
ഇ രാമചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക
കേവല ഭൌതികവാദത്തിന്റെ നിരാസവും അതില്‍നിന്നുള്ള വികാസവുമാണ് മാര്‍ക്സിയന്‍ ദര്‍ശനം. അതിനാല്‍ ഇവ തമ്മില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല. അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.
ReplyDeleteമഹത്തായ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കമ്മ്യൂണിസം പടുത്തുയർത്താൻ അവസരവാദം നടപ്പിൽ വരുത്തി, മതവിശ്വാസികളെ ഒപ്പം നിർത്തി ഭരണം പിടിക്കുന്നതിനെ തെറ്റ് പറയാൻ കഴില്ലെങ്കിലും കമ്മ്യൂണിസത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന യുക്തിവാദികളെ, (അവർ എണ്ണത്തിൽ കൂറവാണെങ്കില്പോലും) അവരെ അകറ്റിനിർത്തുന്നത് ശരിയല്ലയെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteവരും കാലങ്ങളിൽ കമ്മ്യൂണിസന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസികളും അവിശ്വാസികളും പാർട്ടിയിൽ അപസ്വരങ്ങൾ ഉയർത്തുന്നതിനെയായിരിക്കും. പാർട്ടിയിലുള്ള പല നേതാക്കൽക്കും /ഏകദേശം 40ശതമാനം വരുന്്അണികൽക്കും ഈ മതങ്ങളെ താലോലിക്കുന്നതിനോട് യോജിപ്പുണ്ടാകില്ല തന്നെ.
അത്പോലത്തന്നെ ചില സന്ദിഗ്ദ ഘട്ടങ്ങളിൽ പാർട്ടിക്ക് മതങ്ങളെ കൈഒഴിയേണ്ടിയും വരാറുണ്ട്. ഇത് മനസ്സിലാക്കിത്തരുന്നത് പാർട്ടിയിൽ ഭൂർഭാഗവും യുക്തിവാദികൾ തന്നെയാണെന്നതാണ്.
good discussion
ReplyDelete"വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്."
ReplyDelete(പ്രകാശ് കാരാട്ട് )
ഈ പോസ്റ്റില്‍ മനോജിന്റെ പ്രശ്നം പരാമര്‍ശിച്ചപ്പോള്‍ ഈ ബ്ലോഗില്‍ വന്ന കാരാട്ടിന്റെ ദേശാഭിമാനി ലേഖനം ഓര്‍ത്തു.
ഇതാണ് ആ ലിങ്ക്
http://workersforum.blogspot.com/2010/01/blog-post_1011.html
എല്ലാവര്‍ക്കും നന്ദി
ReplyDeleteവായനയ്ക്കും അഭിപ്രായങ്ങള്‍ക്കും
നന്ദന
“ഇന്ത്യയില്‍ കമ്മ്യൂണിസം പടുത്തുയര്‍ത്താന്‍ അവസരവാദം നടപ്പില്‍ വരുത്തി, മതവിശ്വാസികളെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കുന്നതിനെ തെറ്റ് പറയാന്‍ കഴില്ലെങ്കിലും.....”എന്ന പ്രസ്താവത്തോട് യോജിപ്പില്ല. അതിന്റെ കാരണങ്ങള്‍ താഴെപ്പറയുന്ന വരികളിലുണ്ട്.
“വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമല്ല സാമൂഹ്യമാറ്റത്തിനടിസ്ഥാനം. വര്‍ഗവൈരുധ്യമാണ്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ അധ്വാനിക്കുന്ന ജനതയെയാകെ അണിനിരത്തലാണ്. സമരരംഗത്തണിനിരക്കുന്ന ജനകോടികളാകെ അവിശ്വാസികളായിരിക്കണമെന്നോ വൈരുധ്യാത്മക ഭൌതികവാദികളായിരിക്കണമെന്നോ നിര്‍ബന്ധിക്കാനാകില്ല ”.
എന്നാല്‍ താങ്കള്‍ പറയുന്നത് ഭാഗികമായി ശരിയാണ്. “കമ്മ്യൂണിസത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന യുക്തിവാദികളെ, (അവര്‍ എണ്ണത്തില്‍ കൂറവാണെങ്കില്പോലും) അവരെ അകറ്റിനിര്‍ത്തുന്നത് ശരിയല്ലയെന്നാണ് എന്റെ അഭിപ്രായം.” പക്ഷെ ഇവിടെ ഒരു കാര്യം താങ്കള്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരാള്‍ക്ക് യുക്തിവാദി ആയിരിക്കെ തന്നെ തൊഴിലാളി വര്‍ഗ( പൊതു) താല്‍പ്പര്യങ്ങള്‍ക്ക് എതിരായ ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നത് ഓര്‍ക്കേണ്ടതുണ്ട്.
ഈ ലേഖനവും മുകളില്‍ ഷാജി സൂചിപ്പിച്ചിരിക്കുന്ന പ്രകാശ് കാരാട്ടിന്റെ ലേഖനവുംഒന്നുകൂടി മനസ്സിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസ്റ്റ് റെഫെറെന് ആയി ഇതിരിക്കട്ടെ:
ReplyDeleteസി പി എം/ദേശാഭിമാനി സൈദ്ധാന്തിക മണ്ടന്റെ എമണ്ടന്‍ വിവരക്കേടുകള്‍
അതേസമയം ജനമുന്നേറ്റങ്ങളുടെ നേതൃത്വം വ്യക്തമായ ലക്ഷ്യബോധവും ശാസ്‌ത്രീയമായ ഉള്‍ക്കാഴ്ചയും ഉള്ളതായിരിക്കുകയും വേണം. അവിടെ അന്ധവിശ്വാസികളെയും, ചാഞ്ചാട്ടക്കാരെയും നിയോഗിക്കാനാകില്ല. എന്തുകൊണ്ടെന്നാല്‍, അത്തരമൊരു സമീപനം പരാജയത്തെ ക്ഷണിച്ചുവരുത്തലായിരിക്കും.
ReplyDelete(T.K Hamza സാഹിബ് തികഞ്ഞ അന്ധവിശ്വാസിയാണല്ലോ എന്തുകൊണ്ടദ്ദേഹത്തെ നേതൃത്വ നിരയില്‍ നിര്‍ത്തുന്നു താങ്കളുടെ പാര്‍ട്ടിയെ പരാജയത്തിലേക്ക് സ്വയം നടത്തിക്കാനാണോ ഇദ്ദേഹത്തെ മുന്‍ നിരയില്‍ നിര്‍ത്തിയിരികുന്നത് ?)
----------------------------
നേതൃത്വം ഏകപക്ഷീയമായും ഏകാധിപത്യപരമായും സ്വന്തം വീക്ഷണം അടിച്ചേല്പിക്കുന്നവരും ആകരുത്. സമീപനം, പെരുമാറ്റം, സംഭാഷണം, പ്രതികരണം എല്ലാം സമരമുന്നണിയിലേക്ക് കൂടുതല്‍ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതായിരിക്കണം.
(പീണറായിയുടെ സമീപനം തികച്ചും സ്വേഛാപരമല്ലേ കേരള ജനത വെറുക്കുന്ന ഒരു നേതാവല്ലേ അദ്ദേഹം ? താങ്കളുടെ വാക്കുകള്‍ക്ക് സാമ്യത പുലര്‍ത്തുന്ന ഒരു ജനകീയനല്ലാത്ത വ്യക്തിയാണല്ലോ പീണറായി എന്ന ഏകാധിപതി)
ജനങ്ങളുടെ താഴ്ന്ന ബോധത്തിനുനേരെ വെടിയുതിര്‍ക്കലല്ല സഹാനുഭൂതിയോടും സഹിഷ്‌ണുതയോടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കലാണ് ശരിയായ സമീപനം
(ജയരാജുമാരുടേയും,കോടിയേരിയുടേയുമെല്ലാം പ്രസംഗവും പ്രസ്താവനകളുമെല്ലാം ശരിക്കും ജനങ്ങളുടെ മേല്‍ വെടിയുതിര്‍ക്കലല്ലേ ?)
ഈ കാലിക്കോ സെൻട്രിക്ക് എന്നു പറയുന്ന വങ്കൻ ഇത്ര മണ്ണുണ്ണി ആണെന്ന് അറിയില്ലാരുന്നു.
ReplyDelete"17-18 നൂറ്റാണ്ടുകളിലെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും വ്യാവസായിക വിപ്ളവത്തിന്റെയും ഉല്പന്നമാണ് യുക്തിവാദം. ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തിലേക്കും നയിച്ച വ്യാവസായിക വിപ്ളവം നവോത്ഥാനത്തിന്റെ സര്‍ഗശക്തികളെ കെട്ടഴിച്ചുവിട്ടു " എന്ന് പറയുന്നത് കേട്ട് 14-ആം നൂറ്റാണ്ടിലെ നവോത്ഥാനത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത് എന്ന് ചിന്തിക്കണമെങ്കിൽ മണ്ണുണ്ണി ആകാതെ വയ്യ.
വിക്കിപ്പീഡിയയിൽ നവോത്ഥാനം എന്നു ചികഞ്ഞാൽ അത് മാത്രമേ വരൂ..നവോത്ഥാനത്തിന്റെ ശക്തികൾ നവോത്ഥാനം എന്നീ വാക്കുകൾ തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാവാത്ത പാവം.