Saturday, May 22, 2010

യുപിഎ ഭരണം എങ്ങോട്ട്?

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മെയ് 22ന് ഒരുവര്‍ഷം തികയുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ രണ്ടാംപതിപ്പ് ഒരു പൊതുമിനിമം പരിപാടി ആവിഷ്കരിച്ചിട്ടില്ല. പകരം, നവ ഉദാരവല്‍ക്കരണനയങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ടാണ് രണ്ടാം യുപിഎ ഭരണത്തിന് തുടക്കമിട്ടത്. ഒന്നാമൂഴത്തില്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന നയപരിപാടികള്‍ പുറത്തെടുക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ആം ആദ്മിക്കു(സാധാരണക്കാര്‍ക്ക്)വേണ്ടി ചില ക്ഷേമപദ്ധതികളും സര്‍ക്കാര്‍ വാഗ്ദാനംചെയ്തു. വിദേശനയത്തിന്റെ കാര്യത്തില്‍, അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളോട് ഒത്തുപോകുംവിധം ഒന്നാം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച പാതതന്നെ മുറുകെ പിടിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യവര്‍ഷം താഴെപ്പറയുന്ന കാര്യങ്ങളാല്‍ ശ്രദ്ധേയമായി.

അവശ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ഭക്ഷ്യസാധനങ്ങളുടെ നിരന്തരം കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടു. കഴിഞ്ഞവര്‍ഷം ജനങ്ങള്‍ക്ക് ഏറ്റവുമധികം ദുരിതം സൃഷ്ടിച്ചത് വിലക്കയറ്റമാണ്, ഭക്ഷണം കുറയുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് വിശപ്പും പോഷകാഹാരക്കുറവും വര്‍ധിക്കുന്നു. പക്ഷേ, ഇതൊരു 'പരാജയമല്ല', നവ ഉദാരവല്‍ക്കരണനയങ്ങള്‍ പിന്തുടരാനുള്ള തീരുമാനത്തിന്റെ ഫലമാണ്. ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും കമ്പോളത്തില്‍ മൊത്തമായി വില്‍ക്കുകയും ഊഹക്കച്ചവടത്തിന് വിധേയമാക്കുകയും ചെയ്യുന്നു. അവധി വ്യാപാരസമ്പ്രദായം വന്‍കിട കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും വിഹാരകേന്ദ്രമാണ്. കൂറ്റന്‍ ലാഭമുണ്ടാക്കുന്ന ഈ തല്‍പ്പരകക്ഷികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരെ താല്‍പ്പര്യം കാട്ടുന്നില്ല.

രണ്ടാമതായി, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ ധനമൂലധനത്തിന്റെയും വന്‍ ബിസിനസുകാരുടെയും പിടിയിലാണ്. ധനികരുടെ നികുതികള്‍ വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്; വന്‍കിട ബിസിനസുകാര്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നു, വിദേശ ധന ഊഹവ്യാപാരികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യക്ഷ നികുതികോഡ്, ഇന്ത്യയെ സമ്പന്നര്‍ക്ക് ഏറ്റവും കുറഞ്ഞതോതില്‍ നികുതിചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റും. കഴിഞ്ഞവര്‍ഷം കോര്‍പറേറ്റുകള്‍ക്ക് കേന്ദ്രം 80,000 കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കുന്ന സര്‍ക്കാര്‍നയം ഇന്ത്യയിലെ വന്‍കിട ബിസിനസുകാരുടെയും അമേരിക്കന്‍ കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. സര്‍വമേഖലയിലെയും നയരൂപീകരണം- പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയം, ടെലികോം സ്പെക്ട്രം ലേലം, ഖനന-ധാതുമേഖലകളുടെ തുറന്നുകൊടുക്കല്‍, ധനമേഖല, ചില്ലറവില്‍പ്പന,വിദേശസര്‍വകലാശാലകള്‍ക്ക് കടന്നുവരാന്‍ അനുമതി- എന്നീ വിഷയങ്ങളിലെല്ലാം സര്‍ക്കാരിന്റെ ഉന്നം വന്‍കിട ബിസിനസ് ശൃംഖലകളുടെയും അവരുടെ വിദേശ ധനപങ്കാളികളുടെയും താല്‍പ്പര്യസംരക്ഷണമാണ്.

മൂന്നാമതായി, നവ ഉദാരവല്‍ക്കരണകാലത്തെ ഇത്തരം വളര്‍ച്ച ക്രോണി മുതലാളിത്തത്തിന് വഴിതെളിച്ചു. വന്‍കിട ബിസിനസുകാരും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധബന്ധം കോണ്‍ഗ്രസ് ഭരണത്തിന്റെ മുഖമുദ്രയായി. മൌറീഷ്യസ് റൂട്ടുപോലുള്ള നികുതിവെട്ടിപ്പുകേന്ദ്രങ്ങളിലെ നിഗൂഢസ്രോതസ്സുകളില്‍നിന്ന് ഒഴുകിയെത്തുന്ന വിദേശമൂലധനത്തിന് നിയമപരിരക്ഷ നല്‍കുന്നു; രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തില്‍ അനധികൃത ഖനനവ്യവസായം തഴച്ചുവളരുന്നു, വന്‍ധനികര്‍ നടത്തുന്ന നികുതിവെട്ടിപ്പുകളും നിയമലംഘനവും തടയാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല- ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അനാരോഗ്യകരവും വഴിപിഴച്ചതുമായ മുതലാളിത്തമാണ് ഇന്ത്യയുടെ കൊട്ടിഘോഷിക്കുന്ന വളര്‍ച്ചകഥനങ്ങളുടെ അടിസ്ഥാനം. ഇത് ഉളവാക്കിയ അഴിമതിയും നിയമവിരുദ്ധതയും സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും പടര്‍ന്നിരിക്കുന്നു. സര്‍ക്കാരിന്റെ ഒന്നാംവര്‍ഷത്തില്‍ ഐപിഎല്‍ കുംഭകോണവും 2ജി സ്പെക്ട്രം ലേലംവിവാദവും റെഡ്ഡി സഹോദരന്മാരുടെ ഖനനവിവാദവും അരങ്ങേറി. വന്‍കിട ബിസിനസുകാരും ഭരണരാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതബന്ധം ഇവ പുറത്തുകൊണ്ടുവന്നു.

നാലാമതായി, ആം ആദ്മിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വേവലാതി പൊള്ളയാണെന്ന് തെളിഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം, കാര്‍ഷിക കടാശ്വാസനിയമം, വനാവകാശനിയമം എന്നിങ്ങനെ ചില നടപടികള്‍ സ്വീകരിച്ചു. ഇവയെല്ലാം പൊതുമിനിമം പരിപാടിയുടെ ഭാഗമായിരുന്നു, ഇടതുപക്ഷം തുടര്‍ച്ചയായി ചെലുത്തിയ സമ്മര്‍ദത്തിന്റെയും നടത്തിയ പോരാട്ടങ്ങളുടെയും ഫലമായാണ് ഇവയൊക്കെ നടപ്പാക്കിയത്. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജനക്ഷേമപരമായ ഒരു നിയമംപോലും കൊണ്ടുവന്നിട്ടില്ല. നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാനിയമം ഒരു രീതിയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതല്ല. ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇത്തരമൊരു നടപടി എങ്ങനെ സ്വീകരിക്കണമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ സംവാദം തുടരുകയാണ്. പൊതുവിതരണസംവിധാനം കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും വെട്ടിച്ചുരുക്കുകയും ചെയ്തു. കഴിഞ്ഞ ബജറ്റില്‍ വളം സബ്സിഡി 3000 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാരിന് കര്‍ഷകരുടെ ദുരവസ്ഥയില്‍ ആശങ്കയൊന്നുമില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ വിദ്യാഭ്യാസമേഖലയിലെ പൊതുചെലവ് മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) ആറ് ശതമാനമായും ആരോഗ്യമേഖലയിലെ സര്‍ക്കാര്‍വിഹിതം ജിഡിപിയുടെ മൂന്ന് ശതമാനംവരെയും ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാനവിഹിതങ്ങള്‍ ചേര്‍ന്നാല്‍പ്പോലും ഇപ്പോള്‍ നാല് ശതമാനത്തില്‍ താഴെയാണ് മുതല്‍മുടക്ക്. ആരോഗ്യമേഖലയില്‍, 2009-10ല്‍ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 1.06 ശതമാനം മാത്രമായിരുന്നു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം മുതല്‍മുടക്ക്.

അഞ്ചാമതായി, അനുകൂല രാഷ്ട്രീയസാഹചര്യവും മതനിരപേക്ഷശക്തികളുടെ കരുത്തും ഉപയോഗിച്ച് വര്‍ഗീയതയ്ക്ക് എതിരായി നടപടികള്‍ സ്വീകരിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ശുപാര്‍ശചെയ്ത രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുന്നു. കശ്മീര്‍പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ല. മാവോയിസ്റ് അതിക്രമങ്ങളെ സര്‍ക്കാര്‍ കേവലം ക്രമസമാധാനപ്രശ്നമായിമാത്രമാണ് കാണുന്നത്, ആദിവാസികളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതരത്തില്‍ വനമേഖലകളില്‍ വിവേചനരഹിതമായി ഖനനം നടത്താന്‍ ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍നയങ്ങള്‍ ഈ പ്രശ്നത്തിനുപിന്നിലുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നില്ല. സര്‍ക്കാരില്‍ പങ്കാളിയായ തൃണമൂല്‍ കോണ്‍ഗ്രസ് മാവോയിസ്റുകളെ നേരിടുന്നതില്‍ സര്‍ക്കാരിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. പശ്ചിമബംഗാളില്‍ മാവോയിസ്റുകളില്ലെന്നും അതുകൊണ്ട് അവിടെ സംയുക്തസേനാ നടപടിയുടെ ആവശ്യമില്ലെന്നും തൃണമൂല്‍ മേധാവി മമത ബാനര്‍ജി പ്രഖ്യാപിച്ചു.

ആറാമതായി, മന്‍മോഹന്‍സര്‍ക്കാരിന്റെ കാലത്ത് വിദേശനയംഅമേരിക്കയോട് വിശ്വസ്തത പുലര്‍ത്തുന്നതായി അതിവേഗം പരിണമിച്ചു. ആണവ ഇടപാടിന് അടിത്തറ ഒരുക്കാന്‍ അമേരിക്കയില്‍നിന്ന് ശതകോടി ഡോളറുകളുടെ ആയുധസാമഗ്രികള്‍ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചു. ഇന്ത്യന്‍മണ്ണില്‍ അമേരിക്കയുടെ പരിശോധനകള്‍ക്ക് അനുമതി നല്‍കാന്‍ എന്‍ഡ് യൂസ് മോണിറ്ററിങ് ഉടമ്പടി ഒപ്പിട്ടു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിവില്‍ ആണവബാധ്യതനിയമം ഇന്ത്യന്‍ജനതയുടെ സുരക്ഷ ബലികഴിച്ച് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. അമേരിക്കയുമായും ഇസ്രയേലുമായും വര്‍ധിച്ചുവരുന്ന സൈനിക- സുരക്ഷാ സഹകരണം ഇന്ത്യയുടെ സ്വതന്ത്രനയങ്ങളെ അട്ടിമറിക്കുന്നു. ആണവപ്രശ്നത്തില്‍ ഇറാനെ ലക്ഷ്യമിട്ടിരിക്കുന്ന അമേരിക്കയ്ക്ക് ഒപ്പമാണ് ഇന്ത്യ നീങ്ങുന്നത്. മറ്റ് ചേരിചേരാ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഐഎഇഎയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട്

*
പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മെയ് 22ന് ഒരുവര്‍ഷം തികയുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി ഇതിന്റെ രണ്ടാംപതിപ്പ് ഒരു പൊതുമിനിമം പരിപാടി ആവിഷ്കരിച്ചിട്ടില്ല. പകരം, നവ ഉദാരവല്‍ക്കരണനയങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ടാണ് രണ്ടാം യുപിഎ ഭരണത്തിന് തുടക്കമിട്ടത്. ഒന്നാമൂഴത്തില്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന നയപരിപാടികള്‍ പുറത്തെടുക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ആം ആദ്മിക്കു(സാധാരണക്കാര്‍ക്ക്)വേണ്ടി ചില ക്ഷേമപദ്ധതികളും സര്‍ക്കാര്‍ വാഗ്ദാനംചെയ്തു. വിദേശനയത്തിന്റെ കാര്യത്തില്‍, അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളോട് ഒത്തുപോകുംവിധം ഒന്നാം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച പാതതന്നെ മുറുകെ പിടിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

    ReplyDelete