Thursday, May 27, 2010

എന്‍പിടിയില്‍ ഇന്ത്യ ഒപ്പിടണമെന്ന് യുഎന്‍

ഐക്യരാഷ്ട്രകേന്ദ്രം: ആണവപരീക്ഷണ നിരോധനകരാറുകളില്‍ ഇന്ത്യ ഒപ്പിടണമെന്ന് യുഎന്‍ ആണവനിര്‍വ്യാപന അവലോകന സമ്മേളനം. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു പ്രമേയം തയ്യാറാക്കി ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയത്. സമ്മേളനം തയ്യാറാക്കിയ അന്തിമ കരടുപ്രമേയത്തില്‍ പാകിസ്ഥാനോടും ഇസ്രയേലിനോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പതിവില്‍നിന്ന് വ്യതിചലിച്ചാണ് ഇത്തവണ പ്രമേയത്തില്‍ രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചത്. മുന്‍കാലങ്ങളില്‍ ആണവനിര്‍വ്യാപനത്തിന് പൊതുവായ ആഹ്വാനം മാത്രമാണ് യുഎന്‍ സമ്മേളനം നല്‍കിയിരുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ബോധപൂര്‍വം ഇന്ത്യയുടെയും മറ്റും പേര് ഉള്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യ-അമേരിക്ക ആണവകരാര്‍പ്രകാരമുള്ള ഇടപാടുകള്‍ മുന്നോട്ടുനീങ്ങാന്‍ ഇന്ത്യ ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പിടണമെന്ന് അമേരിക്ക പലതലങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. യുഎന്‍ സമ്മേളനവേദിയെ കരുവാക്കി ഇന്ത്യയെക്കൊണ്ട് ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടുവിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ ഒപ്പിട്ടുവെന്ന ആരോപണം ഒഴിവാക്കാനും ഇതുവഴി സാധിക്കും. ആണവനിര്‍വ്യാപന ശ്രമങ്ങളിലെ പുരോഗതി വിലയിരുത്താന്‍ അഞ്ചുവര്‍ഷത്തിലൊരിക്കലാണ് യുഎന്‍ സമ്മേളനം ചേരുന്നത്. മെയ് മൂന്നിന് ആരംഭിച്ച നടപ്പുസമ്മേളനം 28നാണ് സമാപിക്കുക. 2005ല്‍ ചേര്‍ന്ന സമ്മേളനം ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. കാലതാമസം വരുത്താതെയും നിരുപാധികമായും ആണവനിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിലും (സിടിബിടി) ഒപ്പിടാനാണ് കരടുപ്രമേയം ആവശ്യപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥാനും ആണവപരീക്ഷണങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

1970 മാര്‍ച്ച് അഞ്ചിന് നിലവില്‍വന്ന എന്‍പിടി വിവേചനപരമാണെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടുന്നത് ആണവോര്‍ജമേഖലയില്‍ ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തും. തനതായ ആണവപരീക്ഷണങ്ങള്‍ക്കോ ഇന്ധനസമ്പുഷ്ടീകരണത്തിനോ കഴിയാതാകും. ആണവരംഗത്ത് മുന്‍കൂട്ടി ആധിപത്യം നേടിയ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ത്യക്ക് നീങ്ങേണ്ടിവരും. എന്‍പിടിയില്‍ ഒപ്പിടാത്ത ഇന്ത്യക്ക് ആണവസാമഗ്രികള്‍ നല്‍കുന്നതിനെ ആണവവിതരണ രാജ്യങ്ങളുടെ ഗ്രൂപ്പ് (എന്‍എസ്ജി) എതിര്‍ത്തിരുന്നു. എന്നാല്‍, അമേരിക്ക ഇടപെട്ട് ഇന്ത്യക്ക് ഇളവ് നല്‍കുകയായിരുന്നു. ഭാവിയില്‍ ഇന്ത്യയെ എന്‍പിടിയില്‍ അംഗമാക്കാമെന്ന് എന്‍എസ്ജിക്ക് അമേരിക്ക നല്‍കിയ ഉറപ്പില്‍നിന്നാണ് ഇപ്പോഴത്തെ യുഎന്‍ പ്രമേയത്തിന്റെ പിറവി. യുഎന്‍ സമ്മേളനം പ്രമേയം അംഗീകരിച്ചാലും എന്‍പിടിയില്‍ ഒപ്പിടാന്‍ ഇന്ത്യക്ക് നിയമപരമായി ബാധ്യതയുണ്ടാകില്ല. എന്നാല്‍, യുഎന്‍ പ്രമേയം ചൂണ്ടിക്കാട്ടി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്കും എന്‍എസ്ജി രാജ്യങ്ങള്‍ക്കും ഇന്ത്യയുടെമേല്‍ സമ്മര്‍ദം ശക്തിപ്പെടുത്താനാകും. ഈ സാഹചര്യത്തില്‍, അമേരിക്കയുമായുള്ള ആണവകരാര്‍ ഇന്ത്യക്കുമേല്‍ ഭീഷണിയായി ഉരുണ്ടുകൂടുകയാണ്. ഇസ്രയേലിനും പാകിസ്ഥാനും ആണവസാമഗ്രികള്‍ നല്‍കുന്നതിനെയും എന്‍എസ്ജി എതിര്‍ത്തുവരികയാണ്. ഇവരുടെ കാര്യത്തിലും അമേരിക്ക ഉദ്ദേശിച്ച കാര്യം നടത്താനാണ് യുഎന്‍ പ്രമേയംവഴി ലക്ഷ്യമിടുന്നത്.

*
കടപ്പാട്: ദേശാഭിമാനി

2 comments:

  1. ആണവപരീക്ഷണ നിരോധനകരാറുകളില്‍ ഇന്ത്യ ഒപ്പിടണമെന്ന് യുഎന്‍ ആണവനിര്‍വ്യാപന അവലോകന സമ്മേളനം. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു പ്രമേയം തയ്യാറാക്കി ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയത്. സമ്മേളനം തയ്യാറാക്കിയ അന്തിമ കരടുപ്രമേയത്തില്‍ പാകിസ്ഥാനോടും ഇസ്രയേലിനോടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പതിവില്‍നിന്ന് വ്യതിചലിച്ചാണ് ഇത്തവണ പ്രമേയത്തില്‍ രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചത്. മുന്‍കാലങ്ങളില്‍ ആണവനിര്‍വ്യാപനത്തിന് പൊതുവായ ആഹ്വാനം മാത്രമാണ് യുഎന്‍ സമ്മേളനം നല്‍കിയിരുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ബോധപൂര്‍വം ഇന്ത്യയുടെയും മറ്റും പേര് ഉള്‍പ്പെടുത്തുകയായിരുന്നു.

    ReplyDelete
  2. ഇന്ത്യ എന്‍പിടിയില്‍ ഒപ്പിടണമെന്ന പ്രമേയം യുഎന്‍ പാസാക്കി
    ഐക്യരാഷ്ട്രകേന്ദ്രം: ഇന്ത്യയോടും പാകിസ്ഥാനോടും ഇസ്രയേലിനോടും എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടാന്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ സമ്മേളനം അംഗീകരിച്ചു. ഒരുമാസമായി നടന്നുവന്ന യുഎന്‍ ആണവനിരായുധീകരണ അവലോകന സമ്മേളനമാണ് പ്രമേയം അംഗീകരിച്ചത്. പതിവില്‍നിന്ന് വ്യത്യസ്തമായാണ് രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ച് പ്രമേയം പാസാക്കിയത്. പശ്ചിമേഷ്യയെ ആണവായുധവിമുക്ത മേഖലയാക്കി മാറ്റണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. നിരുപാധികമായും കാലതാമസം കൂടാതെയും ആണവനിര്‍വ്യാപന കരാറിലും(എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിലും(സിടിബിടി) മൂന്നു രാജ്യവും ഒപ്പിടണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

    അമേരിക്കയുടെ ഒത്താശയോടെ പാശ്ചാത്യരാജ്യങ്ങള്‍ മുന്‍കൈ എടുത്താണ് പ്രമേയം കൊണ്ടുവന്നത്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടേണ്ടത് വാഷിങ്ടണിന്റെ ആവശ്യമാണ്. ആണവവിതരണ രാജ്യങ്ങള്‍ക്ക്(എന്‍എസ്‌ജി) അമേരിക്ക മുന്‍കൂട്ടി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇതിനായി പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യ-അമേരിക്ക ആണവകരാര്‍ അംഗീകരിക്കാന്‍ എന്‍എസ്‌ജി വിസമ്മതിച്ചപ്പോള്‍ ഉടന്‍തന്നെ ഇന്ത്യയെക്കൊണ്ട് എന്‍പിടിയില്‍ ഒപ്പിടീപ്പിക്കാമെന്ന് അമേരിക്ക ഉറപ്പ് നല്‍കിയിരുന്നു.

    പ്രമേയം ഇതേ രീതിയില്‍ പാസാക്കുന്നതിനെ ഇറാനും സിറിയയും മറ്റു ചേരിചേരാ രാഷ്ട്രങ്ങളും എതിര്‍ത്തു. ഒടുവില്‍ ശബ്ദവോട്ടെടുപ്പോടെ പ്രമേയം പാസാക്കുകയായിരുന്നു. അംഗീകരിക്കുന്ന പ്രമേയത്തില്‍നിന്ന് മൂന്ന് രാജ്യത്തിന്റെയും പേര് ഒഴിവാക്കുമെന്ന് കരുതിയിരുന്നു.

    ആയിരത്തിതൊള്ളായിരത്തി എഴുപതില്‍ ഒപ്പിട്ട ആണവവനിര്‍വ്യാപന കരാറിന്റെ അവലോകസമ്മേളനത്തില്‍ 189 രാജ്യമാണ് പങ്കെടുത്തത്. കരാറില്‍ ഒപ്പിടാത്ത ഇന്ത്യയും പാകിസ്ഥാനും ഇസ്രയേലും പ്രതിനിധികളെ അയച്ചിരുന്നില്ല. ഭരണകൂട ഭീകരതയുടെ ചരിത്രമുള്ള പാകിസ്ഥാനും ഇസ്രയേലിനും ഒപ്പം ഇന്ത്യയുടെ പേര് വന്നതും രാജ്യത്തിന്റെ സമീപകാല വിദേശനയത്തിനേറ്റ തിരിച്ചടിയാണ്.

    ReplyDelete