ജൂണ്‍മഴയില്‍ നനഞ്ഞുനിറഞ്ഞ് രാവ് ഉണര്‍ന്നിരിക്കുകയാണ്. സ്വീകരണമുറിയിലെ ടെലിവിഷന്‍ സ്ക്രീന്‍ വിശാലമായ പുല്‍പ്പരപ്പായി വളര്‍ന്നുകഴിഞ്ഞു. പുല്‍ത്തലപ്പുകളെ തഴുകി ഒരിളം കാറ്റ് കടന്നുപോകുന്നു. മഴനാരുകള്‍ക്കിടയിലൂടെ രാപ്പൂവിന്റെ ഗന്ധം കുശലം ചോദിക്കുന്നു. വിദൂരതയില്‍ കുറുങ്കുഴലിന്റെ ആത്മഹര്‍ഷം. മൈതാനത്തിന്റെ മറുകരയില്‍ വര്‍ണക്കുപ്പായമിട്ട കുറേപേര്‍ നടന്നുതുടങ്ങിയിരിക്കുന്നു. വിഹായസ്സിലേക്ക് മുഖംവിടര്‍ത്തി പ്രത്യാശയുടെ സന്ദേശഫലകങ്ങള്‍ വഴികാട്ടുന്നു.
ഉറക്കത്തെ ഉറങ്ങാന്‍വിട്ട് ആവേശപൂര്‍വം ചര്‍ച്ച നടത്തിയിരുന്നവര്‍ നിശ്ശബ്ദരായത് അവര്‍പോലും അറിഞ്ഞില്ല. അവരുടെ ഉള്ളില്‍ ഒരു പന്ത് ഉരുണ്ടുതുടങ്ങുകയാണ്. വര്‍ണക്കുപ്പായക്കാര്‍ മൈതാനം നിറഞ്ഞുകഴിഞ്ഞു. മെസി, കാക, റൊണാള്‍ഡോ, ഫാബിയാനോ, വിയ്യ...
സ്വീകരണമുറിക്ക് പൊടുന്നനെ അതിരുകള്‍ ഇല്ലാതായി. ചുമരുകളും വരാന്തയുമെല്ലാം കടന്ന് മൈതാനം വളരുകയാണ്. കാണികള്‍ ഓരോരുത്തരും വര്‍ണക്കുപ്പായവും ബൂട്ടുകളും അണിഞ്ഞിരിക്കുന്നു. മനസ്സില്‍ കളിയുടെ കൊടുങ്കാറ്റടിക്കുന്നു. ഇത് ഫുട്ബോളാണ്. എത്ര കളിച്ചാലും മുഴുമിക്കാനാവാത്ത കളി. തിരച്ചാര്‍ത്തുകളുടെ വൈവിധ്യംപോലെ സോക്കറിലും സാധ്യതകള്‍ അവസാനിക്കുന്നില്ല. മൈതാനത്ത് ഇനിയുമെത്രയോ ചിത്രത്തുന്നലുകള്‍ക്ക് ഇടം ബാക്കിയാണ്. അവ പൂര്‍ത്തിയാക്കാന്‍ തലമുറകള്‍ കാത്തുനില്‍ക്കുന്നു.
മനുഷ്യരാശിയുടെ സര്‍ഗാത്മകാന്വേഷണങ്ങളുടെ പൂര്‍ണതയാണ് ഫുട്ബോള്‍. മൈതാനത്തിന്റെ വലുപ്പമോ പന്തിന്റെ നിലവാരമോ ഒന്നും വിഷയമല്ല. കളിക്കുന്നവനും അതെ, കാഴ്ച്ചക്കാരനും അതെ. എഴുത്തും സംഗീതവും ചിത്രകലയും സിനിമയും നിസ്സാരമായിത്തീരുന്ന ഇടങ്ങളുണ്ട് ലോകത്ത്. ആസ്വാദകര്‍ പരിശീലിതരല്ലെങ്കില്‍ എല്ലാ സര്‍ഗാത്മക കലകളും തോറ്റുപോവുന്നു. അവിടെയാണ് ഫുട്ബാള്‍ വിജയിക്കുന്നത്. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കവിയുണ്ടല്ലോ. എല്ലാ മനുഷ്യര്‍ക്കും എഴുതാവുന്ന കവിതയാണ് ഫുട്ബോള്‍. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന കാവ്യം. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും ഏഷ്യക്കാരനും കറുത്തവംശജനും റെഡ് ഇന്ത്യക്കാരനും സൃഷ്ടിനടത്താവുന്ന, ആത്മാവില്‍ ഏറ്റുവാങ്ങാവുന്ന കവിത. 'ദി ബ്യൂട്ടിഫുള്‍ ഗെയിം' എന്നാണ് ഫുട്ബോളിനെ ഇംഗ്ളീഷില്‍ വിശേഷിപ്പിക്കാറ്. മനോജ്ഞമായ കളി നിശ്ചയമായും ഇതുതന്നെ.
പരാജയപ്പെട്ട കവികളാണ് നിരൂപകരെന്നു പറയാറുണ്ട്. പരാജയപ്പെട്ട കളിക്കാര്‍ എഴുത്തുകാരാവുന്നത് ഫുട്ബോളിന്റെ മാത്രം അനുഭവമാണ്. വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ എഡ്വേഡോ ഗലിയാനോ കളിക്കളത്തില്‍ തോറ്റുപോയ കളിക്കാരനത്രെ. എഴുത്തില്‍ ജയിച്ച കളിക്കാരനും അദ്ദേഹം തന്നെ. "എന്റെ കാലുകള്‍ക്ക് കഴിയാതെപോയതാണ് കൈകള്‍കൊണ്ട് സാധിക്കാന്‍ ശ്രമിക്കുന്നത്'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഫുട്ബോളിനെ അത്രമേല്‍ നെഞ്ചേറ്റിയ ഒരു ജീവിതത്തിന്റെ ആത്മാലാപമാണ്. തെക്കേ അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന എഴുത്തുകാരനാണ് ലാറ്റിനമേരിക്കന്‍ സാമൂഹ്യജീവിതത്തെയും ഫുട്ബോളിനെയും ആഴത്തില്‍ പഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത ഗലിയാനോ. ഫുട്ബോളിന്റെ സാമൂഹ്യമാനങ്ങള്‍ അന്വേഷിക്കുന്ന അദ്ദേഹത്തിന്റെ 'സോക്കര്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ' ആധുനിക ഫുട്ബോളിലെ കറുപ്പും വെളുപ്പും അനാവരണം ചെയ്യുന്നു. ലാറ്റിനമേരിക്കയുടെ വിമോചനമോഹങ്ങളെ എക്കാലവും പിന്തുണച്ച ഗലിയാനോയ്ക്ക് എഴുത്തിന് ജീവന്‍പകരുന്ന ശുദ്ധവായുവാണ് ഫുട്ബോള്‍. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് സമ്മാനിക്കുകവഴി പ്രശസ്തമായ 'ഓപ്പണ്‍ വെയ്ന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്ക' എന്ന കൃതിയുടെ കര്‍ത്താവെന്ന നിലയ്ക്കാണ് ഗലിയാനോ ലോകമെങ്ങും അറിയപ്പെടുന്നത്. ലാറ്റിനമേരിക്കയുടെ ചരിത്രം പൊതുവെയും യൂറോപ്യന്‍ അധിനിവേശാനന്തരകാലം സവിശേഷമായും വിശകലനം ചെയ്യുന്ന പുസ്തകം സമ്മാനിച്ചതിലൂടെ യഥാര്‍ഥത്തില്‍ ഷാവേസ് ലാറ്റിനമേരിക്കയുടെ നയപ്രഖ്യാപനമാണ് നടത്തിയത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് ഗലിയാനോ പറഞ്ഞ വാക്കുകള്‍ ലോകത്തിന്റെ ഹൃദയവികാരമാണ്. 'ഒബാമ വെള്ളക്കൊട്ടാരത്തിലെ പാര്‍പ്പുകാരനാവുകയാണ്. ഈ കൊട്ടാരം അടിമകളായ കറുത്തവംശജര്‍ പണിതുയര്‍ത്തിയതാണ്. അദ്ദേഹം ഒരിക്കലും അക്കാര്യം മറന്നുപോകില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു'.
ജനാധിപത്യത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് ഫുട്ബോളിലും ഗലിയാനോ കണ്ടെത്തുന്നത്. കാരണം ഇത്രമേല്‍ ജനാധിപത്യ കൂട്ടായ്മയുള്ള കളി വേറെ ഏതുണ്ട്. തന്നേക്കാള്‍ കൂട്ടുകാരുടെ സ്ഥാനമറിഞ്ഞാണ് ഏതൊരാളുടെയും ഫുട്ബോളാട്ടം. ഒരു തുണ്ട് ഭൂമി, ഒരേയൊരു പന്ത്, രണ്ടറ്റത്തും ഗോളിലേക്കുള്ള അടയാളക്കല്ലുകള്‍- ഇത്രയേ വേണ്ടൂ ലോകത്തെവിടെയും ഫുട്ബോള്‍ കളിക്കാന്‍. നിയമങ്ങളാവട്ടെ അതീവ ലളിതവും ശുദ്ധവും.
ലാറ്റിനമേരിക്കയ്ക്ക് ഫുട്ബോള്‍ ഹൃദയതാളമാണ്. അവര്‍ പന്തു തട്ടുമ്പോള്‍ അപാരമായ ലയം വന്നുനിറയുന്നു. പന്ത് കൈമാറുമ്പോള്‍ ചാരുതയുടെ പൂ വിരിയുന്നു. എന്തേ മറ്റാര്‍ക്കും അതു സാധിക്കാത്തത് എന്ന ചോദ്യത്തിന് ലോകകപ്പോളം പഴക്കമുണ്ട്. കാരണം ലാറ്റിനമേരിക്കയ്ക്ക് ഫുട്ബോള്‍ സാമൂഹ്യവും സാംസ്കാരികവുമായ അന്തര്‍ധാരയാണ്. അതവര്‍ക്ക് ജീവശ്വാസമാണ്. അവിടെ ജീവിതത്തിന്റെ ഓരോ അടരും ഫുട്ബോളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
ടെലിവിഷന്‍ സ്ക്രീനില്‍ നാം ഫുട്ബോളിനെ കൊണ്ടാടുകയാണ്. തെക്കേ അമേരിക്കയിലെ ഏതോ വിദൂര ഗ്രാമാന്തരത്തില്‍ പിറന്ന ദരിദ്രനായ ഒരു കുഞ്ഞിനെ കാകയെന്നോ ഫാബിയാനോ എന്നോ നമ്മളറിയുന്നു. എന്തുകൊണ്ട് 110 കോടി ജനങ്ങളുടെ നമ്മുടെ രാജ്യം ഫുട്ബാളില്‍ നന്നായി തോല്‍ക്കാന്‍പോലും കൊള്ളരുതാത്തവരായിപ്പോയെന്ന് വിലപിക്കുന്നു. ഓരോ കുഞ്ഞും നല്ല ഫുട്ബോള്‍ കളിക്കാരനാവണമെന്നാണ് ലാറ്റിനമേരിക്ക ആഗ്രഹിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളെയും എന്‍ജിനിയറും ഡോക്ടറുമാക്കാന്‍ ഒരുമ്പിട്ടിറങ്ങിയ ഒരു നാടിന് ഫുട്ബോളിന്റെ പൂരപ്പറമ്പിലേ സ്ഥാനമുള്ളൂ. ഇന്ത്യ ലോകകപ്പിന് ആതിഥ്യമരുളാന്‍ ശ്രമിക്കുമെന്നൊരു പഴയ വാര്‍ത്തയുണ്ട്. അങ്ങനെ ലോകകപ്പ് കളിക്കേണ്ടെന്നായിരുന്നു ഫിഫ അധ്യക്ഷന്‍ സെപ് ബ്ളാറ്ററുടെ പ്രതികരണം? ആതിഥേയര്‍ക്ക് യോഗ്യതാറൌണ്ട് കളിക്കാതെത്തന്നെ ഫൈനല്‍ റൌണ്ടില്‍ പ്രവേശനമുണ്ടല്ലോ.
ജന്മനാടായ ഉറുഗ്വേയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞും 'ഗോള്‍' എന്നാണ് കരയാറുള്ളതെന്ന് ഗലിയാനോ എഴുതിയിട്ടുണ്ട്. ആശുപത്രികളിലെ പ്രസവവാര്‍ഡുകള്‍ 'ഗോള്‍' കരച്ചില്‍കൊണ്ട് മുഖരിതമാണെന്ന് അദ്ദേഹം പറയുമ്പോള്‍ അതിശയോക്തി തോന്നാമെങ്കിലും അന്നാടിന്റെ ലളിതവും സൂക്ഷ്മവുമായ ചിത്രമാണത്.
ഫുട്ബോള്‍, കളി മാത്രമല്ല, ജീവിതകാമനകളുടെ സമസ്ത സഞ്ചാരങ്ങളുമാണ്. മൂല്യങ്ങളുടെ മഹാപ്രസ്ഥാനമാണ്. നാസികളുടെ തടവില്‍ പീഡനങ്ങളില്‍നിന്നു രക്ഷപ്പെടാനും ജീവന്‍ നിലനിര്‍ത്താനുമായി ഫുട്ബോള്‍ കളിച്ച ജീവിതങ്ങളെക്കുറിച്ച് ലോകം കൊണ്ടാടിയ ചലച്ചിത്രങ്ങളുണ്ടായിട്ടുണ്ട്. ജീവിതവും ഫുട്ബോളും ജനാധിപത്യമൂല്യങ്ങളുമാണ് അവിടെ ഒന്നുചേരുന്നത.് കൊളംബിയയിലെ ഒരു കളിക്കാരനെക്കുറിച്ച് ഗലിയാനോ പറയുന്നത് ഫുട്ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കഥയാണ്. ഒമര്‍ ലോറന്‍സോ ദെവന്നിയാണ് അയാള്‍. കൊളംബിയന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ബൊഗോട്ടയിലെ പ്രശസ്ത ടീമുകളും ചിരന്തനവൈരികളുമായ സാന്ത ഫേയും മില്യനേഴ്സും മുഖാമുഖം. നിറഞ്ഞുകവിഞ്ഞ കാണികള്‍ ഇരുപക്ഷത്തുമായി ആരവമുയര്‍ത്തുന്നു. ഉഗ്രപോരാട്ടത്തില്‍ മത്സരം അവസാനനിമിഷംവരെ സമനിലയില്‍. പെട്ടെന്ന് ദെവന്നി എതിര്‍ ഗോള്‍മുഖത്ത് കാലിടറി വീഴുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ റഫറി പെനല്‍റ്റിക്ക് വിസില്‍ മുഴക്കി. യഥാര്‍ഥത്തില്‍ അതൊരു പെനല്‍റ്റി ആയിരുന്നില്ല. ദെവന്നിയെ ആരും ഫൌള്‍ ചെയ്തതല്ല, അദ്ദേഹം കാല്‍തെറ്റി വീണതായിരുന്നു. ദെവന്നി റഫറിയുടെ അടുത്തെത്തി താങ്കള്‍ക്ക് തെറ്റുപറ്റിയെന്നും തന്നെ ആരും ഫൌള്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞുനോക്കി. റഫറിക്ക് അബദ്ധം ബോധ്യമായിരുന്നു. പക്ഷേ അയാള്‍ സമ്മതിക്കാന്‍ തയ്യാറായില്ല. 'ആര്‍ത്തിരമ്പുന്ന ഈ ജനക്കൂട്ടത്തോട് തെറ്റുപറ്റിയെന്ന് എങ്ങനെ സമ്മതിക്കാനാകും. തീരുമാനം പിന്‍വലിക്കുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും'- റഫറി ചോദിച്ചു.
എന്തു ചെയ്യണമെന്ന് ദെവന്നി ആശയക്കുഴപ്പത്തിലായി. പെനല്‍റ്റി സ്പോട്ടില്‍ പന്ത് കാത്തുനില്‍ക്കുന്നു. ഗോളി തയ്യാറായിക്കഴിഞ്ഞു. ജനം ആര്‍ത്തുവിളിക്കുന്നു. ദെവന്നി പന്തിനു പിന്നിലെത്തി. ഒരുനിമിഷം ചിന്തിച്ചു. പന്ത് ഗോള്‍വലയ്ക്കു പുറത്തേക്ക് അടിച്ചുപറത്തി സ്വന്തം മനഃസാക്ഷിക്കുമുന്നില്‍ അദ്ദേഹം വിജയിച്ചു.
ഇത് ഫുട്ബോളിലെ ഒരു സാരോപദേശ കഥയാണെന്ന് ആധുനിക പ്രൊഫഷണലുകള്‍ അപഹസിച്ചേക്കും. ഫുട്ബോള്‍ ഇന്ന് കളിയല്ല ചുമതലയും ജോലിയും ഉത്തരവാദിത്തവുമാണെന്ന് ഗലിയാനോ വിമര്‍ശിക്കുന്നത് വെറുതെയല്ല. അടരാടുക എന്ന കളിയുടെ അടിസ്ഥാനധര്‍മം വിസ്മരിക്കപ്പെടുകയും കളിക്കാതെത്തന്നെ ജയിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയും അതിനായി പണം വാരിയെറിയുകയും ചെയ്യുന്നതിനെയാണ് ഗലിയാനോ ചോദ്യംചെയ്യുന്നത്. ലാറ്റിനമേരിക്കയ്ക്ക് ഹൃദയപൂര്‍വം ഫുട്ബോള്‍ കളിക്കാനാവുന്നത് അത് ജീവിതമായതുകൊണ്ടാണ്. ആഫ്രിക്കയിലും കളിയുടെ നിലമൊരുങ്ങിക്കഴിഞ്ഞു. ആ 'കറുത്തഭൂഖണ്ഡം' ലോകത്തെ വിരുന്നൂട്ടുന്ന ദിനങ്ങളാണിനി.
തെംസിന്റെ കാറ്റേറ്റ് ഉള്ളുനിറഞ്ഞ തുകല്‍തുണ്ട്
ആമസോണ്‍തടങ്ങളില്‍ വിളഞ്ഞുലയുന്നു,
നൈലിന്റെ തീരങ്ങളില്‍ കറുത്ത വിത്ത് കിളിര്‍ക്കുകയാണ്
പാതിരാസൂര്യന്റെ നാട്ടില്‍ ഒരു പന്ത് തിളച്ചുമറിയുന്നുണ്ട്
ഗംഗാതടങ്ങള്‍ കര്‍ഷകര്‍ക്കായി കാത്തിരിപ്പുതുടരുന്നു.
ഫുട്ബോളിന്റെ ഉടുപ്പ്
ലോകകപ്പിലെ തിരുവസ്ത്രങ്ങളാണ് ജഴ്സികള്‍. ദേശീയ ടീമിന്റെ കുപ്പായം ധരിച്ചെത്തുന്ന കളിക്കാര്‍ രാജ്യാതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെടുന്ന സൈനികരെപ്പോലെ ആത്മപ്രചോദിതരാകുന്നു. നാടിന്റെ നിറം അണിയുമ്പോള്‍ ദേശസ്നേഹത്തിന്റെ അഗാധമായ ഊര്‍ജം കളിക്കാരെ പൊതിയുന്നു. ഫുട്ബോളിനുമുന്നില്‍ യുദ്ധവും കലാപങ്ങളും വഴിമാറിയിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ രാജ്യങ്ങള്‍ പടയോട്ടങ്ങളുടെ കണക്കു ചോദിക്കുന്നു. ഫുട്ബോളില്‍ ഇംഗ്ളണ്ടും അര്‍ജന്റീനയും കണ്ടുമുട്ടുമ്പോഴെല്ലാം യുദ്ധത്തിന്റെയും തിരിച്ചടിയുടെയും ഓര്‍മകളാണുണരുക. ബ്രിട്ടീഷുകാര്‍ കൈയടക്കിയ ഫാക്ലന്‍ഡ് ദ്വീപുകളുടെ സ്വാതന്ത്യ്രത്തിന് 1982ല്‍ അര്‍ജന്റീന രംഗത്തുവന്നപ്പോള്‍ മൂന്നുമാസത്തോളം നീണ്ട യുദ്ധമായി. ആ പോരാട്ടത്തിന്റെ വിക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു 1986ലെ മെക്സിക്കോ ലോകകപ്പില്‍ ഇംഗ്ളണ്ട്-അര്‍ജന്റീന മുഖാമുഖം. ദേശാഭിമാന യുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ അര്‍ജന്റീനയുടെ നീലക്കുപ്പായക്കാര്‍ രാജ്യത്തിന്റ മാനം വീണ്ടെടുത്തു. ഫുട്ബോള്‍ ഇതിഹാസം മാറഡോണ എക്കാലത്തെയും മികച്ച ഗോള്‍ കണ്ടെത്തിയ മത്സരം അങ്ങനെ ചരിത്രത്തില്‍...
ഇളംനീലയും വെള്ളയും ഇടകലര്‍ന്ന അര്‍ജന്റീനയുടെ കുപ്പായം 1978, '86 ലോകകപ്പുകളിലൂടെയാണ് ലോകമെങ്ങും പ്രചാരത്തിലായത്. വിശേഷിച്ചും 1986ലെ മാറഡോണയുടെ മാസ്മര പ്രകടനത്തെത്തുടര്‍ന്ന്. ഇന്ന് അര്‍ജന്റീനയുടെ ദേശീയ പതാകയേക്കാള്‍ ജനപ്രീതിയുള്ളതാണ് അവരുടെ ഫുട്ബോള്‍കുപ്പായം. നല്ല കളിയുടെ പ്രഖ്യാപനവും പ്രതീക്ഷയുമായി അത് ഫുട്ബോള്‍ ഭ്രാന്തന്മാരുടെ മനസ്സിളക്കുന്നു.
കാനറിപ്പക്ഷികള്‍ എന്നറിയപ്പെടുന്ന ബ്രസീലിന്റെ മഞ്ഞയും നീലയും നിറങ്ങളുള്ള വേഷം അസുലഭ സൌന്ദര്യമാര്‍ന്ന കളിയനുഭവത്തിന്റെ പ്രതീകമാണ്. ആ വര്‍ണക്കുപ്പായം ഓരോ ഫുട്ബോള്‍പ്രേമിക്കും ഉത്സാഹവും പ്രതീക്ഷയും ആവേശവുമാണ്. ബ്രസീല്‍ ജനതയുടെ ഹൃദയത്തില്‍ നീറിനില്‍ക്കുന്ന ഒരു മുറിവില്‍ ലേപനമായി തയ്യാറാക്കിയതാണ് മഞ്ഞക്കിളികളുടെ ആ ഉടുപ്പ്. 1950ലെ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യമരുളിയത് നിറഞ്ഞ കിരീടപ്രതീക്ഷയോടെയായിരുന്നു. ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ ഉറുഗ്വേക്കെതിരെ അന്തിമയുദ്ധത്തിനിറങ്ങിയ ടീമിന്റെ കീരിടധാരണത്തിന് ബ്രസീല്‍ജനത കാത്തുനിന്നു. പക്ഷേ ആ മത്സരം ബ്രസീലിന് മഹാദുരന്തമായി. 2-1നു കളി ജയിച്ച് ഉറുഗ്വേ ലോകകപ്പ് ഏറ്റുവാങ്ങി.
ഈ തോല്‍വി ബ്രസീലിനെ ചുട്ടുപൊള്ളിച്ചു. നീലയും വെള്ളയും നിറങ്ങളുള്ള ദേശീയ കുപ്പായം ദുരന്തപ്രതീകമായി മാറി. 1954ലെ ലോകകപ്പില്‍ പുതിയ ജഴ്സിയിലേക്കു മാറാന്‍ തീരുമാനിച്ചു. ഉടുപ്പിന് രൂപകല്‍പ്പനചെയ്യാന്‍ രാജ്യവ്യാപക മത്സരം നടത്തി. 301 പേര്‍ പങ്കെടുത്തതില്‍നിന്ന് ഒരു ഡിസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. പത്രസ്ഥാപനത്തിലെ ചിത്രകാരനായ അലഡെയര്‍ ഗാര്‍ഷ്യ ഷ്ലീ എന്ന പത്തൊമ്പതുകാരന്‍ അങ്ങനെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള കുപ്പായത്തിന്റെ സ്രഷ്ടാവായി. നീല നിക്കറും പച്ചയില്‍ അരികുതുന്നിയ ആ മഞ്ഞക്കുപ്പായവും ലോകത്തിന്റെ ഇഷ്ടവസ്ത്രമായി. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ബ്രസീല്‍ എന്നാല്‍ ആ മഞ്ഞക്കുപ്പായമാണ്.
*
ടി ആര്‍ മധുകുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
പരാജയപ്പെട്ട കവികളാണ് നിരൂപകരെന്നു പറയാറുണ്ട്. പരാജയപ്പെട്ട കളിക്കാര്‍ എഴുത്തുകാരാവുന്നത് ഫുട്ബോളിന്റെ മാത്രം അനുഭവമാണ്. വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ എഡ്വേഡോ ഗലിയാനോ കളിക്കളത്തില്‍ തോറ്റുപോയ കളിക്കാരനത്രെ. എഴുത്തില്‍ ജയിച്ച കളിക്കാരനും അദ്ദേഹം തന്നെ. "എന്റെ കാലുകള്‍ക്ക് കഴിയാതെപോയതാണ് കൈകള്‍കൊണ്ട് സാധിക്കാന്‍ ശ്രമിക്കുന്നത്'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഫുട്ബോളിനെ അത്രമേല്‍ നെഞ്ചേറ്റിയ ഒരു ജീവിതത്തിന്റെ ആത്മാലാപമാണ്. തെക്കേ അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന എഴുത്തുകാരനാണ് ലാറ്റിനമേരിക്കന്‍ സാമൂഹ്യജീവിതത്തെയും ഫുട്ബോളിനെയും ആഴത്തില്‍ പഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത ഗലിയാനോ. ഫുട്ബോളിന്റെ സാമൂഹ്യമാനങ്ങള്‍ അന്വേഷിക്കുന്ന അദ്ദേഹത്തിന്റെ 'സോക്കര്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ' ആധുനിക ഫുട്ബോളിലെ കറുപ്പും വെളുപ്പും അനാവരണം ചെയ്യുന്നു. ലാറ്റിനമേരിക്കയുടെ വിമോചനമോഹങ്ങളെ എക്കാലവും പിന്തുണച്ച ഗലിയാനോയ്ക്ക് എഴുത്തിന് ജീവന്‍പകരുന്ന ശുദ്ധവായുവാണ് ഫുട്ബോള്‍. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് സമ്മാനിക്കുകവഴി പ്രശസ്തമായ 'ഓപ്പണ്‍ വെയ്ന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്ക' എന്ന കൃതിയുടെ കര്‍ത്താവെന്ന നിലയ്ക്കാണ് ഗലിയാനോ ലോകമെങ്ങും അറിയപ്പെടുന്നത്. ലാറ്റിനമേരിക്കയുടെ ചരിത്രം പൊതുവെയും യൂറോപ്യന്‍ അധിനിവേശാനന്തരകാലം സവിശേഷമായും വിശകലനം ചെയ്യുന്ന പുസ്തകം സമ്മാനിച്ചതിലൂടെ യഥാര്‍ഥത്തില്‍ ഷാവേസ് ലാറ്റിനമേരിക്കയുടെ നയപ്രഖ്യാപനമാണ് നടത്തിയത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് ഗലിയാനോ പറഞ്ഞ വാക്കുകള്‍ ലോകത്തിന്റെ ഹൃദയവികാരമാണ്. 'ഒബാമ വെള്ളക്കൊട്ടാരത്തിലെ പാര്‍പ്പുകാരനാവുകയാണ്. ഈ കൊട്ടാരം അടിമകളായ കറുത്തവംശജര്‍ പണിതുയര്‍ത്തിയതാണ്. അദ്ദേഹം ഒരിക്കലും അക്കാര്യം മറന്നുപോകില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു'.
ReplyDelete