Saturday, August 7, 2010

ഒരു നദിനിറയെ മരണം

വര്‍ഷങ്ങള്‍ക്കുമുമ്പ് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു സമ്പന്ന കോളനിയില്‍വെച്ച് യൂണിയന്‍ കാര്‍ബൈഡ് എന്ന കീടനാശിനി നിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. മൊണ്‍സാന്റോ, ഡൂപോണ്‍ഡ് ദ മെനോര്‍ തുടങ്ങിയ വ്യാവസായിക, കീടനാശിനി ഭീമന്‍മാര്‍ തങ്ങളുടെ ഫാക്ടറി സ്ഥാപിച്ച അമേരിക്കയിലെ കനവാ നദീതീരത്ത് തങ്ങള്‍ക്കും ഒരു ഫാക്ടറി സ്ഥാപിക്കണമെന്നതായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
ഫാക്ടറി സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങള്‍ ഈ പ്രദേശത്ത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗത്തിന് അടിമപ്പെട്ടു എന്ന സത്യം 1970 ല്‍ നടന്ന ഒരു പഠനം പുറത്തുവിട്ടു.

'ശ്വസിച്ചാല്‍ മരണം' എന്ന ലേബലൊട്ടിച്ച് യൂണിയന്‍ കാര്‍ബൈഡിന്റെ ഈ കമ്പനി ലോകത്തെമ്പാടും അയച്ച മീഥൈന്‍ ഐസോസൈനേറ്റ്, സെവിന്‍ എന്ന പേരില്‍ പിന്നീട് ലോകമെമ്പാടും പ്രചരിച്ച കൊടും കീടനാശിനിയിലെ മുഖ്യ ഘടകമായിരുന്നു. ഏതാനും തുള്ളി വെള്ളവുമായോ അല്ലെങ്കില്‍ ലോഹപ്പൊടിയുമായോ സമ്പര്‍ക്കത്തില്‍ വരുന്നനിമിഷം അനിയന്ത്രിതമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് ആഴത്തിലുള്ള ദുരന്തം സൃഷ്ടിക്കാന്‍ കഴിയുന്ന മീഥൈല്‍ ഐസോ സൈനേറ്റിന്റെ മറ്റൊരു രൂപമായിരുന്നു സെവിന്‍ എന്ന കീടനാശിനി.

1984 ഡിസംബര്‍ മാസം രണ്ടാം തീയതി ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡിന്റെ കീടനാശിനി ഫാക്ടറിയിലെ വിഷചോര്‍ച്ച കൊന്നൊടുക്കിയത് പതിനാറായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ജനങ്ങളെയാണ്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് തലമുറകളിലേയ്ക്ക് പടരുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാലിലേത്. അന്ന് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര ഭീമന്‍ ഉല്‍പാദിപ്പിച്ചിരുന്ന നിരവധി കീടനാശിനികളില്‍ ഏറ്റവും മാരകമായത് 'സെവിന്‍' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര്‍ ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ആറുപേരടങ്ങിയ ഒരു സംഘം വലിച്ചെറിഞ്ഞത്.

മഴ കുറവായിരുന്ന ആ ദിവസം അര്‍ധരാത്രിയോടടുത്ത്, കുറച്ചുപേര്‍ നദിക്കരയില്‍ മിനിലോറിയുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് അനധികൃതമായി മണല്‍വാരാനെത്തിയവരാണെന്നാണ്. അല്ലെങ്കില്‍ വിവാഹപാര്‍ട്ടിയോ മറ്റോ കഴിഞ്ഞ് മാലിന്യം പുഴയിലൊഴുക്കാന്‍ വന്നവരാണെന്നുകരുതി നേരം വെളുത്തപ്പോള്‍ നദിയില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ശാരീരികാസ്വാസ്ഥ്യവും മേലാസകലം ചൊറിച്ചിലുമുണ്ടായപ്പോഴാണ് സംഗതിയുടെ ഗുരുതരാവസ്ഥ ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. തങ്ങളുടെ നദിയിലൂടെ ഒഴുകുന്നത് ജലമല്ല, മറിച്ച് വിഷമാണ് എന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കി.

ഒരൊറ്റ രാത്രികൊണ്ട് രണ്ടുലോറികളിലായി ഏഴു ടണ്ണോളം മാരക കീടനാശിനികളാണ് ആലക്കോട്ടുള്ള ഒരു കീടനാശിനി വ്യാപാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം കുപ്പം, രയരോം പുഴയില്‍ ഒഴുക്കിയത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പൂട്ടിക്കിടന്ന കീടനാശിനിക്കടയില്‍ കെട്ടിക്കിടന്ന രാസമാലിന്യങ്ങള്‍ ഒറ്റ രാത്രിയില്‍ ഒരു നദിയെ വിഷമയമാക്കി.

പശ്ചിമഘട്ടമലനിരയിലെ പൈതല്‍ മലയില്‍ നിന്ന് ഉദ്ഭവിച്ച് ആയിരങ്ങളുടെ കാര്‍ഷിക വൃത്തിക്ക് ജലമേകി നാല്‍പ്പതു മീറ്ററോളം വീതിയില്‍ ഒഴുകുന്ന രയരോം പുഴയില്‍ ഉടനീളം കീടനാശിനി ഒഴുക്കി രണ്ടുദിവസങ്ങള്‍ക്ക് ശേഷം ജലത്തിനുമുകളില്‍ വിഷപ്പാട കെട്ടിനില്‍ക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ രണ്ടുപേരടക്കം പതിനൊന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. നെല്ല്, റബ്ബര്‍ തുടങ്ങി മറ്റ് പച്ചക്കറി കൃഷികള്‍ക്കും വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്ന മോണോ പ്രോട്ടോഫോസ്, ഇഞ്ചി തുടങ്ങിയ വിളകളിലെ കളനശിപ്പിക്കുന്ന റൗണ്ട് അപ്പ് തുടങ്ങി, കാസര്‍കോട്ടെ പെദ്രെ, പെരിയെ, എന്‍മഗജെ, സ്വര്‍ഗെ തുടങ്ങിയ പ്രദേശങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോ സള്‍ഫാന്‍വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

കരയില്‍ ഒഴുകിയെത്തിയതും രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ നിന്നും ശേഖരിച്ചതുമായ കീടനാശിനികളുടെ കുപ്പികളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. ''കൈ കൊണ്ട് തൊടരുത്'', ''കുട്ടികള്‍ക്കരികെ സൂക്ഷിക്കരുത്'', ചിലതിലാവട്ടെ ''ജലവുമായി സമ്പര്‍ക്കത്തിനിടയാവരുത്'' എന്നിങ്ങനെ.

തങ്ങളുടെ പുഴയിലൂടെ ജീവന്‍ അപഹരിക്കാന്‍ കഴിയുംവിധം മാരകമായ അളവില്‍ കീടനാശിനികള്‍ ഒഴുകുന്നതറിഞ്ഞ് ഇപ്പോള്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. മുങ്ങിത്തപ്പി കീടനാശിനികള്‍ വാരിയെടുക്കുന്ന സുരക്ഷാപ്രവര്‍ത്തകരുടേതടക്കം ഈ നദിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ, നിര്‍ദാക്ഷണ്യം പുഴയില്‍ വിഷം കലര്‍ത്തിയവര്‍ ആരായാലും അവര്‍ നിയമത്തിന് മുന്നില്‍ ശിക്ഷാര്‍ഹരാണ്.

ശരീരം മുഴുവന്‍ മൂടുംവിധമുള്ള സ്വിമ്മിംഗ് സ്യൂട്ട് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ നാവികസേന വൈകുമ്പോള്‍, ഗ്വാളിയോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടര്‍ ദുരന്തസേനാസംഘം എത്തുമെന്നും തങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലുമാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍.

നെടുവോട്, വട്ടക്കയം, ബീമ്പുംകാട്, രയരോം, കരിങ്കയം, കുവേരി, എരുവാട്ടി, ഓടക്കയം, മംഗരം പ്രദേശങ്ങളിലെ ജനങ്ങളെയാണ് ഈ ദുരന്തം നേരിട്ട് ബാധിക്കുന്നത്. ജലവുമായി കലരുമ്പോള്‍ കൂടുതല്‍ മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ് പുഴയില്‍ ഒഴുക്കിയ കീടനാശിനികളില്‍ അധികവുമെന്നിരിക്കെ വരും ദിനങ്ങളില്‍ ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങള്‍ക്ക് ആഴം കൂടും. നദിയും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ആവാസ വ്യവസ്ഥയുടേയും മറ്റ് പാരിസ്ഥിതിക ദുരന്തങ്ങള്‍ വേറെ....

രയരോം പുഴ ഒഴുകി ചെപ്പാരപ്പടവിലെത്തുമ്പോള്‍ ഈ നദിയിലെ ജലമാണ് പ്രദേശത്തെ ആയിരങ്ങള്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്. വീട്ടില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞോ, നദിക്കരയിലെ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കേ ഒരച്ഛനോ ഏതു നിമിഷവും മരിച്ചുവീണേയ്ക്കാം എന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് ഭയപ്പെടണം.

ഈ പുഴയിലെ ജലവുമായി യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

*
എം യു പ്രവീണ്‍ കടപ്പാട്: ജനയുഗം

7 comments:

  1. 1984 ഡിസംബര്‍ മാസം രണ്ടാം തീയതി ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡിന്റെ കീടനാശിനി ഫാക്ടറിയിലെ വിഷചോര്‍ച്ച കൊന്നൊടുക്കിയത് പതിനാറായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ജനങ്ങളെയാണ്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് തലമുറകളിലേയ്ക്ക് പടരുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാലിലേത്. അന്ന് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര ഭീമന്‍ ഉല്‍പാദിപ്പിച്ചിരുന്ന നിരവധി കീടനാശിനികളില്‍ ഏറ്റവും മാരകമായത് 'സെവിന്‍' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര്‍ ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ആറുപേരടങ്ങിയ ഒരു സംഘം വലിച്ചെറിഞ്ഞത്.

    ReplyDelete
  2. മഹനീയമായ പോസ്റ്റ്.
    കേവലം ഒരു കടയില്‍ തന്നെ ഒരു പുഴയേ വിഷമയമാക്കാനുള്ള കീടനാശിനി ഉണ്ടെന്നിരിക്കേ...
    എല്ലാ കടകളില്‍ നിന്നും അല്‍പ്പാല്‍പ്പമായി പ്രകൃതിയിലേക്ക് കുതിച്ചെത്തുന്ന രാസവിഷത്തിന്റെ അളവെന്തായിരിക്കും എന്നോര്‍ത്ത്
    ഞേട്ടളുളവാകുന്നു.
    കീടനാശിനി ഉപഭോഗത്തെ നിയന്ത്രിക്കുന്നതില്‍
    ജന ബോധവല്‍ക്കരണവും,പ്രാദേശിക-സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങളുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉറപ്പുവരുത്താനായി ജനകീയ ജാഗ്രത ഉയരേണ്ടിയിരിക്കുന്നു.
    കാലിക പ്രസക്തമായ ഈ നല്ല പോസ്റ്റിനെ ചിത്രകാരന്‍ അഭിവാദ്യം ചെയ്യട്ടെ !!!

    ReplyDelete
  3. രയറോം എന്റെ സ്വന്തം നാടാണ്. ഞാന്‍ മാസങ്ങള്‍ മുന്‍പേ “രയറോം കഥകള്‍” എന്ന പേരില്‍ ഒരു ബ്ലോഗ് ഉണ്ടാക്കിയിരുന്നു. എന്റെ നാടിനെ ഈ ലോകത്തിനു പരിചയപ്പെടുത്തിയിരുന്നു. ഈ പുഴയെ എല്ലാവ്ര്ക്കും പരിചയപ്പെടുത്തിയിരുന്നു. അന്നെനിയ്ക്ക് അഭിമാനമായിരുന്നു. ഇന്ന് സങ്കടവും ലജ്ജയും.
    ഇതും കൂടെ ഒന്നു നോക്കുക.
    പുഴയില്‍ വിഷം കലര്‍ത്തുന്നവര്‍‍

    ReplyDelete
  4. മലയാളിക്ക് പരിസ്ഥിതി സ്നേഹം പ്രസംഗിക്കാന്‍ മാത്രമാണ്..

    കഷ്ടം!!

    ReplyDelete
  5. ഇവരുടെയൊക്കെ കയ്യാണു വെട്ടേണ്ടത്.
    നായിന്റെ മക്കൾ.........

    ReplyDelete
  6. ആഗോളചൂഷകമുതലാളിത്തഭീകരർ ഭോപ്പാലിൽ അധഃസ്ഥിതജനങ്ങളെ കൊന്നൊടുക്കാനുപയോഗിച്ചതിൽ ഏറ്റവും മാരകമായത് 'സെവിന്' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര് ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ഭരണകൂട ഉത്തരവാദിത്തമില്ലായ്മയുടെ സൂഷ്മതാരാഹിത്യം വലിച്ചെറിയിച്ചത്. , കാസര്കോട്ടെ പെദ്രെ, പെരിയെ, എന്മഗജെ, സ്വര്ഗെ തുടങ്ങിയ പ്രദേശങ്ങളെ തീരാദുരിതത്തിലാഴ്ത്തി സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെ നിത്യരോഗാവസ്ഥയിലും ദാരിദ്ര്യത്തിലും തളച്ചിടാനായി മുതലാളിത്തഭീകരർ കൂട്ടിക്കൊടുപ്പുകാരായജനവഞ്ചക നേതാക്കളുടേയും ഉദ്യോഗസ്ഥദുഷ് പ്രഭുക്കളുടേയും കാർമ്മികത്വത്തിലൂടെ ഭീകരപ്രവർത്തനപരീക്ഷണത്തിനുപയോഗിച്ച എന്ഡോ സള്ഫാന്വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.തൊഴിലാളി പാർട്ടിയുടെ മുതലാളിനേതാക്കളുടെ ജനവ്ഞ്ചനയുടെ ജീവിക്കുന്ന പ്രതീകങ്ങളായ എന്റോസൾഫാൻ ഇരകൾ പുഴുക്കളേപ്പോലെ പിടഞ്ഞിഴയുമ്പോൾ നൂറും ഇരുന്നൂറും കൊടുത്തു കബളിപ്പിക്കാനാകുമെന്ന ഇടതുപക്ഷമുഖമൂടിയിട്ട മുതലാളിത്ത ധാഷ്ട്യമാണിതെല്ലാം വ്യക്തമാക്കുന്നത്.

    ReplyDelete
  7. തീർച്ചയായും ഇതു പരിസ്ഥിതിയേയും പച്ചമനുഷ്യനേയും കാലങ്ങളോളം കടുത്തദുരിതത്തിലാക്കുന്ന കൊടുംഭീകരപ്രവർത്തനം തന്നെയാണ്. അച്ചുതാനന്തൻ സർക്കാർ ഈ ദുരന്തങ്ങൾക്കുത്തരവാദികളാണ്.രാജിവച്ചു ശിക്ഷയേൽക്കാനുള്ള സന്നാദ്ധതയോടെ കോടതിയിലേക്കുപോയി കീഴടങ്ങി മുഴുവൻ ജനങ്ങളോടും മാപ്പുപറയുകയാണ് മാന്യത അല്പമെങ്കിലുമുണ്ടെങ്കിൽ അഭികാമ്യം. ജനവഞ്ചകഭരണ കെടുകാര്യസ്ഥതയും നീതിനിയമപാലന ശേഷിക്കുറവുമാണിത്തരം ജനനശീകരണഭീകരപ്രവർത്തനങ്ങൾക്കു ഒട്ടും മടിയില്ലാത്ത ദുരുപയോഗപ്പെടുത്തലിനു പ്രോത്സാഹനമേകുന്നത്.അധികാരത്തിലുള്ള ഭരണകൂടഭീകരരുടേയും കുറ്റകരമായ അനാസ്ഥക്കിടയാക്കിയ ഉദ്യോഗസ്ഥരുടേയും സകല സ്വത്തുക്കളും പിടിച്ചെടുത്ത് കാലാകാലം ജയിലിലടക്കാൻ നീതിപീഠം തയ്യാറായ്യാലല്ലാതെ ഇത്തരം ജനഘാതകമുതലാളിത്തഭീകരത അവസാനിക്കില്ല. ജനങ്ങളിവിടെ ഭരണകൂടനെറികേടുകൊണ്ടുണ്ടായ മരണഭീതികൊണ്ട് ഞെട്ടിവിറക്കുമ്പോൾ സംസ്ഥാനം വിട്ടങ്ങകലെ നേതാക്കളും ഭരണകൂട മന്ത്രിഭീകരരും മുതലാളിത്തഭീകരകൂട്ടിക്കൊടുപ്പിന്റെ വിഹിതംവർദ്ധിപ്പിക്കാനുള്ള പുതുപുത്തൻ തന്ത്രങ്ങളാവിഷ്കരിക്കാൻ പാർട്ടീകേളീ മാമാങ്കരതിരസലീലകളാടിത്തിമിർക്കുകയാണ്.

    സാധാരണക്കാരും
    പാവപ്പെട്ടവരുമായ അണികളേ തൊഴിലാളിനേതാക്കളെന്ന മുതലാളിത്തഭീകരപിമ്പുകളെ തിരിച്ചറിയുക.അവർ ഒട്ടുമുക്കാലും ചൂഷകമുതലാളിത്തഭീകരരുടെ ജനനാശികളാണിപ്പോഴെന്നു പകൽ വെളിച്ചം പോലെ തെളിയിച്ചു കൊണ്ടാണ് പാർട്ടീമാമാങ്കം കൊണ്ടാടുന്നത്.

    ReplyDelete