സ്വത്വം, സ്വത്വബോധം, സ്വത്വരാഷ്‌ട്രീയം എന്നിവ വ്യത്യസ്‌തവും വിരുദ്ധവുമാണെന്ന് പറയുന്നുണ്ട് ?
സ്വതം, സ്വത്വബോധം തുടങ്ങിയ പദങ്ങള്‍ സമീപകാലത്താണ് ഉപയോഗിക്കപ്പെട്ടതെങ്കിലും, സ്വത്വബോധം പുതിയ ഒരു കാര്യമല്ല. ഇന്ന് അത് വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിന് സ്വത്വരാഷ്‌ട്രീയം ഒരു കാരണമായിത്തീര്‍ന്നിട്ടുണ്ട്. ചരിത്രപരമായി പറഞ്ഞാല്‍ സ്വത്വബോധം ആധുനിക സമൂഹരൂപീകരണത്തോടൊപ്പം ഉണ്ടായതാണ്. മുതലാളിത്തസമൂഹം, അല്ലെങ്കില്‍ ആധുനിക സമൂഹം രൂപപ്പെടുമ്പോള്‍ പലതരത്തിലുള്ള സാമൂഹ്യശ്രേണികള്‍ അതിനകത്ത് നിലവില്‍ വരികയും, ഓരോ ശ്രേണിയിലും പെട്ടവര്‍ താന്താങ്ങളുടെ പ്രത്യേക പദവിയെക്കുറിച്ച് ബോധമുള്ളവരായി മാറിത്തീരുകയും, അതിനെ മുന്‍നിര്‍ത്തി സ്വയം വിശദീകരിക്കുവാനോ നിര്‍വ്വചിക്കാനോ ഒക്കെ ശ്രമിക്കുകയും ചെയ്യും. ആ നിലയില്‍ ഓരോ ഗ്രൂപ്പുകളും താന്താങ്ങള്‍ക്ക് ഒരു അനന്യത കല്‍പ്പിക്കുവാന്‍ തുടങ്ങും. ചില സാമൂഹ്യ ചിന്തകന്‍മാര്‍ സ്വത്വത്തെ an immagined sameness of an individual or a social group എന്ന് വിവരിക്കുന്നുണ്ട്. ഭാവനാത്‌മകമായ ഒരു അനന്യത... തങ്ങള്‍ക്കുണ്ടെന്ന് കരുതുക, ആ അനന്യതയെ മുന്‍നിര്‍ത്തി തങ്ങളെ മനസ്സിലാക്കുക, ഇതാണ് സ്വത്വബോധത്തിന്റെ അടിസ്ഥാനം. ഈ നിലയിലുള്ള സ്വത്വധാരണകള്‍ ജാതികളെ മുന്‍നിര്‍ത്തി വരുന്നുണ്ട്. മതവിഭാഗങ്ങളെ മുന്‍നിര്‍ത്തിയും ഭാഷാസമൂഹങ്ങളെ മുന്‍നിര്‍ത്തിയും വിശാലമായി ദേശീയതയെ മുന്‍നിര്‍ത്തിയും ഉണ്ടാവുന്നുണ്ട്. അപ്പോള്‍ ഇത് തികച്ചും ഒരു പുതിയ കാര്യമല്ല. മറിച്ച് അത് ചരിത്രത്തിന്റെ ഭാഗമാണ്.
നമ്മള്‍ ഇന്ന് കാണുന്നത് പോലുള്ള സ്വത്വരാഷ്‌ട്രീയത്തിന്റെയോ സ്വത്വവാദത്തിന്റെയോ തലത്തിലല്ല ഇതൊന്നും പ്രവര്‍ത്തിച്ചിരുന്നതെന്നുള്ള കാര്യം വ്യക്‌തമാണ്. നാം ഒരു ‘വാക്ക്’ എടുത്ത് ചരിത്രത്തില്‍ അതിനുള്ള പലതരം പ്രയോഗങ്ങളെയും പ്രവൃത്തികളെയും ആ വാക്കുകൊണ്ട് മൂടി വെക്കരുത്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്തും സ്വത്വബോധം ഉണ്ടായിരുന്നു. ഇപ്പോഴും സ്വത്വവാദമുണ്ട് എന്ന് പറയുമ്പോള്‍ രണ്ടും ഒരുപോലെയാണെന്നൊരു തോന്നല്‍ ഉണ്ടാക്കാന്‍ പറ്റും. അത് അങ്ങേയറ്റം അസംബന്ധമാണ്. കാരണം അവിടെ ചരിത്രം മറച്ചുവെയ്‌ക്കപ്പെടുകയും കൃത്രിമമായ ഒരാശയം കൊണ്ട് ഒരു പരികല്‍പ്പനകൊണ്ട് ചരിത്രത്തിലുടനീളം തുടരുന്നൊരു സത്തയെ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. സ്വത്വരാഷ്‌ട്രീയത്തിന്റെ ഒരു സന്ദര്‍ഭത്തിലാണ് ഈ വാക്ക്’ ഇങ്ങനെ ഉപയോഗിക്കപ്പെട്ടത്, മലയാളിമെമ്മോറിയലും ഈഴവമെമ്മോറിയലും ഉണ്ടായ സമയത്ത്, ദേശീയപ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒക്കെ പല രീതികളിലും മനുഷ്യരെ ഒരു ഗ്രൂപ്പായി കണക്കാക്കുന്നതിന് സ്വത്വബോധം ഉപയോഗപ്പെട്ടിട്ടുണ്ട്. തങ്ങളാരാണെന്ന് സ്വയം നിര്‍വ്വചിക്കാന്‍ ഒരു സമൂഹം ആശ്രയിക്കുന്ന ആശയാവലികളെ നമുക്ക് സ്വത്വബോധത്തിന്റെ പ്രാരംഭം എന്നൊക്കെ വേണമെങ്കില്‍ പറയാം. ഇത് തീര്‍ത്തും പുതിയതല്ല.
പക്ഷെ സ്വത്വരാഷ്‌ട്രീയം എന്നതിലേക്കെത്തുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയണം. ലോകവ്യാപകമായി സ്വത്വരാഷ്‌ട്രീയം രൂപപ്പെട്ടത് 1970കളോടെ അമേരിക്കയിലാണ്. അമേരിക്കയിലെ രാഷ്‌ട്രീയപ്രയോഗങ്ങളുടെ ഭാഗമായിട്ടാണ് അവിടെ അത് രൂപപ്പെട്ടത്. അവിടത്തെ ലെസ്‌ബിയന്‍ മൂവ്മെന്റ്, ബ്ളാക്ക് മൂവ്മെന്റ്, ഗേ മൂവ്മെന്റ് എന്നിങ്ങനെ പലതിന്റെയും ഭാഗമായി,’ തങ്ങള്‍ക്ക് സവിശേഷ ഐഡന്റിറ്റി വേണമെന്നുള്ള ആവശ്യം അവര്‍ ഉന്നയിച്ചു. അത് ആ ഘട്ടത്തില്‍ ഒരളവോളം ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ പരാധീനകള്‍ക്കെതിരെയുള്ള ഒരു വിമര്‍ശനം കൂടിയായിരുന്നു. പക്ഷെ പിന്നീട് ഉത്തരാധുനികതയുടെ പല ആശയാവലികള്‍ വന്നു... സോഷ്യലിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ തകര്‍ച്ച വന്നു... അങ്ങനെ വന്നപ്പോള്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ വിമര്‍ശനം എന്ന നിലയില്‍ രംഗത്തെത്തിയ ആശയാവലികളെ തന്നെ ബൂര്‍ഷ്വാസി ഏറ്റെടുക്കുകയും,
ബൂര്‍ഷ്വാസി എന്നതിനേക്കാള്‍ മൂലധനം അതേറ്റെടുക്കുകയും, ആധുനികരാഷ്‌ട്രീയത്തിന്റെ ശരിരൂപമായി മൂലധനം സ്വത്വരാഷ്‌ട്രീയത്തെ അവതരിപ്പിക്കുകയും ചെയ്‌തു.
ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന സ്വത്വരാഷ്‌ട്രീയത്തിന്റെ കാതല്‍ സത്താവാദമാണ്. കാരണം, ഒരു യാഥാര്‍ത്ഥ്യം അനുഭവിച്ച ഒരു വിഭാഗത്തിനുമാത്രമേ അവരുടെ അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കുവാന്‍ പറ്റൂ, അതിനെതിരെ പ്രതികരിക്കാന്‍ പറ്റൂ. അനുഭവങ്ങള്‍ നിശ്ചയമായും വ്യത്യസ്‌തമാണ്... സ്‌ത്രീയുടെ അനുഭവമല്ല പുരുഷന്റേത്, കറുത്തവന്റെ അനുഭവമല്ല വെളുത്തവന്റേത്, ബ്രാഹ്മണന്റെ അനുഭവമല്ല കീഴാള ജനതയുടേത്. അങ്ങിനെ സ്വത്വപരമായി നമ്മള്‍ പലതട്ടില്‍ ആയതുകൊണ്ട്, ഓരോ തട്ടിലും ഓരോ അനുഭവങ്ങളാണ് ഉള്ളത് എന്നതുകൊണ്ട്, അവര്‍ക്ക് മാത്രമാണ് അതിനെ വിശദീകരിക്കുവാന്‍ പറ്റുകയെന്ന വാദം വന്നു.
ഇതിന് സൈദ്ധാന്തിക അടിസ്ഥാനമാകുന്നത് ലോത്യാറെപ്പോലെയുള്ളവരുടെ സിദ്ധാന്തങ്ങളാണ്. എല്ലാറ്റിനെയും ഒരുപോലെ വിശദീകരിക്കുവാന്‍ പറ്റില്ല. ഓരോന്നിനും അതാതിന്റെ സിദ്ധാന്തങ്ങള്‍ വേണം, സമീപനങ്ങള്‍ വേണം, മഹാഖ്യാനങ്ങളൊക്കെ മരിച്ചിരിക്കുന്നു, ലിറ്റില്‍ നരേറ്റീവ്സിലേക്ക് പോവണം... ഓരോന്നും അതാതിന്റേതായ യാഥാര്‍ത്ഥ്യമായതുകൊണ്ട് മറ്റൊന്നുകൊണ്ടും അതിനെ വിശദീകരിക്കാന്‍ പറ്റില്ല, അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ യാഥാര്‍ത്ഥ്യമാകുന്നു... ഞാന്‍ എന്റെ യാഥാര്‍ത്ഥ്യമാകുന്നു. എന്റെ യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാന്‍ ഒരു പദ്ധതി. നിങ്ങളുടേത് വിശദീകരിക്കുവാന്‍ വേറൊരു പദ്ധതി. ഇത് തമ്മില്‍ ചേര്‍ച്ചയോ ബന്ധങ്ങളോ ഒന്നും സാധ്യമല്ല. എല്ലാം സത്താപരമായി വ്യത്യസ്‌തമാണ്. പിന്നെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു അഡ്‌ജസ്‌റ്റ്മെന്റ് എന്ന നിലയ്‌ക്ക് ഒരുമിച്ച് നില്‍ക്കാം...! ഇങ്ങനെയൊരു സ്വത്വരാഷ്‌ട്രീയസങ്കല്‍പ്പം ഉയര്‍ന്നു വരികയും, പൊതുവില്‍ പറഞ്ഞാല്‍, ആഗോളമൂലധനത്തിന് സ്വീകാര്യമായ ഒരാശമായി അത് മാറുകയും ചെയ്‌തു. കാരണം മൂലധനത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ പൊതുവെ ദുര്‍ബലപ്പെടുത്താനും, ഫലത്തില്‍ രാഷ്‌ട്രീയപ്രതിരോധത്തെ വലിയൊരളവോളം തിരുത്തിക്കളയാനും, അതിന് കഴിയുമെന്ന് ആഗോളമൂലധനത്തിന് അറിയാം. അതായത് രാഷ്‌ട്രീയപ്രതിരോധമെന്നത് റിഫോമിസത്തിനപ്പുറത്തേക്ക് പോവില്ല. സ്വത്വരാഷ്‌ട്രീയം ഒരിക്കലും റിഫോമിസത്തിനപ്പുറത്തേക്ക് പോവില്ല. വളരെ കൃത്യമായി പറഞ്ഞാല്‍ ബൂര്‍ഷ്വാ സിവില്‍ സൊസൈറ്റിയ്‌ക്കകത്തെ സ്ഥലം പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനപ്പുറം സ്വത്വരാഷ്‌ട്രീയം പോവില്ല. ബൂര്‍ഷ്വാ സിവില്‍ സൊസൈറ്റിക്ക് ആധാരമായ സമൂഹഘടനയെയും വര്‍ഗ്ഗബന്ധങ്ങളാകെയും തിരുത്തണമെന്ന ഒരു കാഴ്‌ചപ്പാട് സ്വത്വരാഷ്‌ട്രീയം ഉയര്‍ത്തില്ല.
ദേശരാഷ്‌ട്ര സങ്കല്‍പ്പങ്ങള്‍ക്ക് സ്വത്വരാഷ്‌ട്രീയം എതിരാണെന്ന് പറയേണ്ടിവരുമോ?
ദേശരാഷ്‌ട്ര സങ്കല്‍പ്പങ്ങള്‍ക്ക് അത് പലപ്പോഴും എതിരായിരിക്കും. കാരണം നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ ദേശരാഷ്‌ട്രം എന്നത് ഒരു പ്രത്യേക ഘട്ടത്തിലാണല്ലോ ഉണ്ടാകുന്നത്. ഇന്ത്യയിലാണെങ്കില്‍, സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഭാഗമായിട്ടാണ് ദേശരാഷ്‌ട്രം ഉണ്ടായത്. യൂറോപ്യന്‍സമൂഹങ്ങളില്‍ വ്യവസായവല്‍ക്കരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ബൂര്‍ഷ്വാ സമൂഹവല്‍ക്കരണത്തിന്റെയും ഒക്കെ പശ്ചാത്തലത്തിലാണ് ദേശരാഷ്‌ട്രസങ്കല്‍പ്പം ഉണ്ടായത്. അങ്ങനെയുണ്ടാവുമ്പോഴും, അഥവാ ഏത് ദേശരാഷ്‌ട്ര രൂപീകരണത്തിലും, ഒരു മേല്‍ക്കോയ്‌മാപ്രത്യയശാസ്‌ത്രം ഉണ്ടാകും. അതായിരിക്കും അതിന്റെ സ്വരൂപത്തെ നിര്‍ണ്ണയിക്കുക. ഏത് രാഷ്‌ട്രരൂപീകരണത്തിലും ആ പ്രശ്‌നം ഉണ്ടാവും. ഇന്ത്യന്‍ സാഹചര്യത്തില്‍ പൊതുവെ പറഞ്ഞാല്‍ ഒരു ബ്രാഹ്മണിക പ്രത്യയശാസ്‌ത്രത്തിന് ഒരു മേല്‍ക്കൈ കിട്ടിയിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ മുഴുവന്‍ ആളുകളെയും കൂട്ടിയിണക്കുന്ന ഒരു സാംസ്‌ക്കാരികയുക്‌തിപോലെ ബ്രാഹ്മണികമായ ഒരാശയം ഇവിടെ പ്രചരിച്ചിരുന്നു. ഒരു പക്ഷെ, ഇതിനൊക്കെ എതിരെയുള്ള ഒരു സാധ്യത ബുദ്ധമതത്തില്‍ ഉണ്ടായിരുന്നു. അംബേദ്ക്കര്‍ അതുകൊണ്ടാണ് അവസാന ഘട്ടത്തില്‍ ബുദ്ധമതത്തിലേക്ക് തിരിയുന്നത്. പക്ഷെ ബുദ്ധപാരമ്പര്യത്തില്‍ നിന്നല്ല, മറിച്ച് ബ്രാഹ്മണികപാരമ്പര്യത്തില്‍ നിന്നുമാണ് ദേശീയത അതിന്റെ സാംസ്‌ക്കാരികമൂലധനം കണ്ടെത്തിയത് എന്നു പറഞ്ഞാല്‍ തെറ്റല്ല. അതുകൊണ്ട് തന്നെ പ്രാന്തവല്‍കൃതസമൂഹങ്ങള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, കീഴാളജനവിഭാഗങ്ങള്‍ ഇവര്‍ക്കൊന്നും പലപ്പോഴും ദേശീയപൌരത്വം ലഭ്യമായില്ല. പലപ്പോഴും അതിന്റെ അപരങ്ങളായി അവര്‍ മാറുന്നു. എന്താണ് ആദിവാസിയുടെ പൌരത്വം എന്ന് ചോദിച്ചാല്‍ ഒരു പ്രശ്‌നം തന്നെയാണ്. അത് ഇന്ത്യയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. യൂറോപ്പിലാണെങ്കില്‍ ബ്ളാക്ക്‌സ് അങ്ങിനെ പല മൈനോറിറ്റി ഗ്രൂപ്പുകളും പുറത്തുതന്നെയാണ്. അങ്ങിനെ പറയുമ്പോള്‍ ദേശരാഷ്‌ട്രത്തിനകത്തുതന്നെയുള്ള ഒരു വിമര്‍ശനസ്വരമായി ഇത്തരം സംഗതികള്‍ രൂപപ്പെടാം.
മൂലധനത്തിന്റെ ചലനങ്ങളുമായി സ്വത്വരാഷ്‌ട്രീയത്തെ ബന്ധപ്പെടുത്താമോ?
ഞാന്‍ നേരത്തെ പറഞ്ഞതില്‍ അതിന്റെ ഭാഗികമായ ഉത്തരമുണ്ട്. മൂലധനത്തിന്റെ ചലനം എന്നു പറഞ്ഞാല്‍ രണ്ട് കാര്യങ്ങളുണ്ട്. അതായത് 70കളോടെ യൂറോപ്പില്‍ ക്ളാസ്സ് പൊളിറ്റിക്‌സ്, പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കക്ക് ലഭിച്ച വലിയ സാമ്പത്തിക അഭിവൃദ്ധിയും സായുധശക്‌തിയെന്ന നിലയ്‌ക്ക് കിട്ടിയ മേല്‍ക്കോയ്‌മയും കൊണ്ട് ക്ളാസ്സ് പൊളിറ്റിക്‌സ് ദുര്‍ബലപ്പെടുകയോ പിന്നോക്കാവസ്ഥയിലേക്ക് പോവുകയോ ഒക്കെ ചെയ്‌ത ഒരു അവസരത്തില്‍... പൊതുവില്‍ പരിഷ്‌ക്കരണപരമായ ബൂര്‍ഷ്വാ പ്രവര്‍ത്തനങ്ങളാണ് ശരിയെന്ന് കരുതുകയും ചെയ്‌ത ഘട്ടത്തിലാണ് സ്വത്വരാഷ്‌ട്രീയം വരുന്നത്. വര്‍ഗ്ഗരാഷ്‌ട്രീയം അത്രയൊന്നും പ്രായോഗികക്ഷമമല്ലാതായി എന്നതിനേക്കാള്‍ ആകര്‍ഷകമല്ലാതായി... എക്കാലത്തും നിങ്ങള്‍ക്ക് ഒരു രാഷ്‌ട്രീയമുദ്രാവാക്യത്തെ ആകര്‍ഷകവും തീവ്രവുമാക്കി തീര്‍ക്കാന്‍ കഴിയില്ല. അപ്പോള്‍ ചില മുദ്രാവാക്യങ്ങള്‍ പിന്‍വാങ്ങിപ്പോകും. ആ സമയത്ത് മറ്റു പലതും കേറി വരും... അങ്ങനെ 60-70കളിലെ സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ അമേരിക്കയില്‍ ക്ളാസ്സ് പൊളിറ്റിക്‌സ്, സോഷ്യലിസ്‌റ്റ് ആശയങ്ങള്‍ എന്നിവ പിന്‍വാങ്ങി നില്‍ക്കുന്ന ഒരു ഘട്ടത്തിലാണ് ഇത് കേറി വരുന്നത്. ആ സമയത്ത്, അല്ലെങ്കില്‍ അതിന്റെ ചില വിമര്‍ശനമൂല്യങ്ങളില്‍, പരിഗണനാര്‍ഹമായ അംശങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ബ്ളാക്ക്‌സിന് അമേരിക്കയില്‍ വെളുത്തവന് തുല്യമായ പരിഗണന കിട്ടിയിട്ടില്ലായിരുന്നു... അല്ലെങ്കില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക്. തുല്യപരിഗണന കിട്ടിയിട്ടില്ലായിരുന്നു... പിന്നീട് എന്തു സംഭവിച്ചുവെന്നുവെച്ചാല്‍ ഈ വിമര്‍ശനം ബൂര്‍ഷ്വാ സിവില്‍സൊസൈറ്റിക്ക് അകത്തുള്ളൊരു പങ്കുവെയ്‌ക്കലിന്റെ മാത്രം പ്രശ്‌നമായി തീരുകയും അതുകൊണ്ട് തന്നെ മൂലധനത്തിന് അത് സ്വീകാര്യമായി തീരുകയും ചെയ്‌തു.
ഇന്നിപ്പോള്‍ ലോകത്തെ സ്ഥിതിയെന്താണ്...? സ്വത്വരാഷ്‌ട്രീയത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അത്തരം അന്വേഷണങ്ങള്‍ക്കും നിര്‍ലോഭമായ പിന്തുണ മുതലാളിത്തം നല്‍കുന്നുണ്ട്. ഇപ്പോള്‍ സര്‍വ്വകലാശാലകളില്‍ നിന്ന് ഐഡന്റിന്റി പൊളിറ്റിക്‌സിനെ സംബന്ധിക്കുന്ന ഒരു പ്രോജക്ട് ലോകത്തെ ഏത് പ്രധാന ഫണ്ടിംഗ് ഏജന്‍സിക്ക് അയച്ചാലും പിറ്റേന്നത്തെ ആഴ്‌ച അതു പാസ്സായി വരും. അതേ സമയം നിങ്ങള്‍ വര്‍ഗ്ഗരാഷ്‌ട്രീയത്തിനെ സ്‌പര്‍ശിക്കുന്ന എന്തു പ്രമേയം അയച്ചാലും അത് പാസ്സായി വരില്ല... സര്‍വ്വകലാശാലകളും അക്കാദമിക് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വന്‍തോതില്‍ ഇന്ന് ഈ വിഷയത്തില്‍ ജ്ഞാനോല്‍പാദനം നടത്തുകയും ബുദ്ധിജീവികളെയും അതുമായി ബന്ധപ്പെട്ടവരെയും അതിന്റെ വലയിലാക്കുകയും ചെയ്യുന്ന പണി നടക്കുന്നുണ്ട്. അത് മൂലധനം ഏറ്റെടുക്കുകയാണ്. മൂലധനത്തിന്റെ വലിയപണി എന്താണെന്നുവെച്ചാല്‍ സാമൂഹ്യ പ്രസക്‌തമായ ഒരു വിഷയത്തെ തങ്ങള്‍ക്ക് പറ്റിയവിധത്തില്‍ ഏറ്റവുമധികം സ്വീകാര്യമാക്കിയെടുക്കാന്‍ അതിന് നന്നായിട്ട് അറിയാം. ഉദാഹരണമായി; പരിസ്ഥിതി ബോധം ശക്‌തമായി വരുന്ന സമയത്ത് പുതിയൊരുല്‍പ്പന്നം കമ്പോളത്തിലിറക്കുമ്പോള്‍ മൂലധനം അതിന് കൊടുക്കുന്ന ഒരു ലേബല്‍ 'eco friendly'എന്നാണ്. ഇക്കോഫ്രണ്ട്‌ലി വാഷിംഗ് മെഷീന്‍... ഇക്കോഫ്രണ്ട്‌ലി റഫ്രിജറേറ്റര്‍.... എന്നൊക്കെ പറയും. അല്ലെങ്കില്‍ സ്‌ത്രീവാദം ശക്‌തമായി വരുമ്പോള്‍ സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമെന്നു പറഞ്ഞ് ഒരു വാഷിംഗ് മെഷീന്‍ ഇറക്കും. അവിടെ മുതലാളിത്തം സ്‌ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരിക്കില്ല, മറിച്ച് സത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളൊരു സാമൂഹ്യബോധം ശക്‌തമാണെങ്കില്‍ അതിനെ മൂലധനം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മൂലധനം ഏറ്റെടുത്ത ഒന്നാണ് ഇന്നത്തെ സ്വത്വരാഷ്‌ട്രീയം... വാസ്‌തവത്തില്‍ അതിന്റെ മറ്റു തരത്തിലുള്ള പല്ലും നഖവുമൊക്കെ പോയിക്കഴിഞ്ഞു...
നവോത്ഥാനത്തിന്റെ ആരോഗ്യകരമായ തുടര്‍ച്ചയാണ് സ്വത്വരാഷട്രീയമെന്നൊരു വാദമുണ്ട്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നവോത്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ജാതിവിമര്‍ശനത്തെ പൂര്‍ണ്ണമായും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിജയിച്ചില്ല എന്നതൊരു വസ്‌തുതയാണ്. നവോത്ഥനപ്രസ്ഥാനങ്ങള്‍, നാരായണപ്രസ്ഥാനമായാലും, മറ്റു നവോത്ഥാനപ്രസ്ഥാനങ്ങളായാലും അടിസ്ഥാനപരമായി ഊന്നിയത് ജാതിവിമര്‍ശനത്തിലായിരുന്നു. ആ ജാതിവിമര്‍ശനത്തെ, അതിന്റെ ഭൌതികാടിസ്ഥാനം എന്ന നിലയ്‌ക്കുള്ള സമ്പദ്സ്വരൂപത്തെയാണ് കമ്യൂണിസ്‌റ്റുകാര്‍ പരാജയപ്പെടുത്തിയത്. സ്വത്വവാദികള്‍ എന്തുപറഞ്ഞാലും അതിപ്രബലങ്ങളായ ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുള്ള തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും കേരളത്തിലുള്ളതിന്റെ പലമടങ്ങാണ് ജാതിമര്‍ദ്ദനം . അതിന് കാരണം ജന്മിത്തമാണ്. അത് അവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്... ഇവിടെ ജന്മിത്വത്തെയും ജാതിപ്രസ്ഥാനത്തെയും കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷക്കാരും പരാജയപ്പെടുത്തിയത് വളരെ വിലകുറഞ്ഞ ഒരുകാര്യമായിട്ടാണ് ഇവിടെയുള്ള ജാതിപ്രസ്ഥാനങ്ങളും സ്വത്വരാഷ്‌ട്രീയത്തിന്റെ വക്‌താക്കളും കാണുന്നത്. അത് എത്ര വിലപിടിച്ചതാണെന്ന് അറിയണമെങ്കില്‍ തൊട്ടപ്പുറത്ത് പോയി നോക്കിയാല്‍ മതി. കീഴ്‌ജാതിക്കാര്‍ക്ക് ഇപ്പോഴും വഴി നടക്കാന്‍ പറ്റാത്ത വഴികള്‍... കേറാന്‍ പറ്റാത്ത ചായക്കടകള്‍... ഇതെല്ലാം ഇന്ത്യയില്‍ സാമാന്യവും സ്വാഭാവികവുമാണ്. എന്നാലത് കേരളം 50-60 കൊല്ലം മുമ്പ് പരിഹരിച്ച പ്രശ്‌നമാണ്. പക്ഷെ ജാതിയുടെ സാമ്പത്തികതലത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും അതിന്റെ പ്രത്യയശാസ്‌ത്രമണ്ഡലത്തെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. അതിന് കാരണം നവോത്ഥാനത്തിനകത്ത് തന്നെ ഒരു പ്രതിസന്ധിയുണ്ട് എന്നതാണ്... ഒരു പ്രതിവിപ്ളവ ശക്‌തി.
നവോത്ഥാനം എങ്ങനെയാണ് രൂപം കൊണ്ടത്.. അതിന്റെ അടിസ്ഥാനമെന്തായിരുന്നു?
കേരളത്തില്‍ നവോത്ഥാനത്തിന്റെ വര്‍ഗ്ഗപരമായ അടിസ്ഥാനം സൂക്‌ഷ്‌മമായി നോക്കിയാല്‍ മധ്യവര്‍ഗ്ഗമാണ്. മധ്യവര്‍ഗ്ഗമൂല്യങ്ങളില്‍ നിന്നാണ് അത് രൂപം കൊണ്ടത്. ഈ മധ്യവര്‍ഗ്ഗമാകട്ടെ, ജാതിവിമര്‍ശനത്തെ അതിന്റെ അങ്ങേയറ്റംവരെ കൊണ്ടുപോകുവാന്‍ പറ്റുന്ന ഒരു സാമൂഹ്യവിഭാഗമല്ല. ജാതി വിമര്‍ശനത്തെ അത് ഒരു പരിധി വരെ കൊണ്ടുപോകും. ഉദാഹരണത്തിന് നവോത്ഥാനകാലത്തെ ആശയങ്ങളിലൊന്നാണ് സമുദായസങ്കല്‍പ്പം. സമുദായം എന്നു പറയുന്നത് ജാതിയല്ല... ജാതിയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും കൂടിച്ചേരുന്നതെങ്കിലും ജാതിയെ മറികടക്കുകയെന്നതാണ് സമുദായസ്വത്വത്തിന്റെ താല്‍പര്യം. അല്ലാതെ ജാതിയില്‍ നില്‍ക്കുകയെന്നുള്ളതല്ല. ജാതിയെ മറി കടക്കുന്നതിനുവേണ്ടി ജാതിയില്‍ നിന്നും തുടങ്ങുന്ന ഒന്നാണ് അത്. ജാതീയമായ സ്വന്തം പിന്നോക്കാവസ്ഥയെ മറികടക്കുക ഒപ്പംതന്നെ സമൂഹത്തിലെ ജാതിവ്യവസ്ഥകളെ, ബന്ധങ്ങളെ പൊട്ടിക്കുകയും ചെയ്യുക... ഈ രണ്ട് താല്‍പര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഉള്ളത്. മധ്യവര്‍ഗ്ഗപരമായ അതിന്റെ ഉള്ളടക്കം അതിലുള്ളതുകൊണ്ടും അതിന്റെ പ്രത്യയ ശാസ്‌ത്രം ബ്രാഹ്മണികമായി തീര്‍ന്നിരുന്നുവെന്നതുകൊണ്ടും ഈ ആശയത്തെ അതിന്റെ അങ്ങേയറ്റത്തേക്ക് കൊണ്ടുപോകുവാന്‍ കഴിഞ്ഞില്ല. പകരം എന്തു സംഭവിച്ചു. ഈ സമുദായങ്ങളൊക്കെ പുതിയ തരത്തിലുള്ള ജാതിസ്വത്വങ്ങളായി സ്വയം കണ്ടെത്തി. അങ്ങനെ സമുദായമെന്നത്, ജാതി വിമര്‍ശനത്തിന്റെ സ്ഥാനമായി തുടങ്ങിയടത്ത് നിന്ന് തിരിച്ച് സമുദായം ജാതിസ്വത്വങ്ങളുടെ സ്ഥാനമായി മാറുന്ന പ്രക്രിയയാണ് ഇപ്പോള്‍ നാം കാണുന്നത്.
അതായത് നവോത്ഥന മൂല്യങ്ങളെ സ്വത്വരാഷ്‌ട്രീയം മുന്നോട്ട് കൊണ്ടുപോവുകയല്ല ചെയ്യുന്നത്, പിറകോട്ട് വലിച്ചിഴക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നവോത്ഥാനമൂല്യങ്ങള്‍ എന്നാല്‍ എന്താണ് ?
അത് ജനാധിപത്യപരമായി കൂടതുല്‍ പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ, കൂടുതല്‍ നീതിപൂര്‍ണ്ണമായ ഒരുസമൂഹം എന്നാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ കൂടുതല്‍ കൂടുതല്‍ വിഭജിതമായ, തങ്ങള്‍ ഒഴികെയുള്ളവര്‍ എല്ലാവരും തങ്ങള്‍ക്കെതിരാണ് എന്ന് ഓരോ ഗ്രൂപ്പും കരുതുന്ന സമൂഹമല്ല... ജാതിസ്വത്വം രൂപപ്പെടുന്നതോടെ തങ്ങള്‍ക്ക് പുറത്തുള്ളവരെല്ലാം തങ്ങള്‍ക്ക് ശത്രുക്കളാകും. ഇങ്ങനെ അന്യോന്യം ഒഴിച്ചുനിര്‍ത്തുന്ന, പലപ്പോഴും ശത്രുതയോടെ കാണുന്ന ഒരു കൂട്ടം ഗ്രൂപ്പുകള്‍ ഉണ്ടായിത്തീരും. ഈ ഗ്രൂപ്പുകള്‍ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തില്‍ ഫാസിസത്തിനെതിരെയോ തീവ്രവാദത്തിനെതിരെയോ ഐക്യപ്പെട്ടു നില്‍ക്കുന്നതാണ്, വിമോചനത്തിന്റെ വഴിയെന്ന് പറയുന്നത് എന്റെ നോട്ടത്തില്‍ അസംബന്ധമാണ്... അത്തരമൊരു പ്രത്യേക ഘട്ടത്തില്‍ അവര്‍ ചേരുമായിരിക്കും... ഇവിടെ ഒരു കാര്യം കൂടി പറയണം. ഇപ്പോള്‍ ജമായത്തെ ഇസ്ളാമി മതസ്വത്വത്തിനുവേണ്ടി വാദിക്കുന്നു. വാസ്‌തവത്തില്‍ ഈ മതസ്വത്വം ചരിത്രത്തില്‍ ഇല്ല. മതപരമായ ഒരു സ്വത്വം ഉണ്ടെന്ന് മതാധികാരം പറയുകയാണ്. അതുകൊണ്ട് ജമായത്തെ ഇസ്ളാമി പോലുള്ള ഒരു സംഘം തങ്ങളുടേത് ദേശരാഷ്‌ട്രത്തിനെതിരെയുള്ള പ്രതിരോധമാണെന്നും ആധുനികതയ്‌ക്കെതിരെയുള്ള വിമര്‍ശനമാണ്, പ്രതിരോധമാണ് എന്നൊക്കെ പറയും. സംശയരഹിതമായും ആധുനികതയുടെ ആധിപത്യപരവും അധിനിവേശപരവുമായ സ്വത്വ സങ്കല്‍പ്പംതന്നെയാണ് ഈ മതസ്വത്വസങ്കല്‍പ്പത്തിന് പിറകിലുള്ളത്. വേഷം മാറി എന്നുമാത്രമേയുള്ളൂ.
ഒരു കാലത്ത് മതേതര, ജാതിവിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ കൂട്ടായ്‌മയുടെ പ്രതീകമായിരുന്നു കേരള സമൂഹം. ഈ മേഖലകളില്‍ ഇന്ന് കേരളത്തിന്റെ പ്രതിരോധം ദുര്‍ബലമാണ്. മത-ജാതി സ്വത്വവാദത്തിന് ഇടതുപക്ഷം കീഴ്പ്പെട്ടതിന്റെ ഫലമായിട്ടാണോ ഈ മരവിപ്പ് ?
ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട് എന്നുള്ളത് നിസ്‌തര്‍ക്കമാണ്. കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ രംഗത്തെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്‌തി ഇടതുപക്ഷമായതുകൊണ്ട് തന്നെ ഇവിടെയുണ്ടാകുന്ന സാമൂഹ്യപരിവര്‍ത്തനത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നമുക്ക് ഇല്ലെന്ന് പറയാന്‍ പറ്റില്ല. എനിക്ക് തോന്നിയത് ഈ ജാതിവിമര്‍ശനത്തെ, അതിന്റെ പ്രത്യയശാസ്‌ത്രവിമര്‍ശനത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇടതുപക്ഷം കൂടുതല്‍ ജാഗരൂകമാകേണ്ടയിരുന്നു എന്നാണ്. ആ ഇടതുപക്ഷ ജാഗ്രത വേണ്ടത്ര ഇല്ലാത്തിടത്താണ് സ്വത്വവാദം കടന്നുകൂടിയത്. അങ്ങനെ ഇടതുപക്ഷം ചെയ്യേണ്ട പണി പല സ്ഥലത്തും ദുര്‍ബ്ബലപ്പെടുമ്പോള്‍ ആ സ്ഥലം ഏറ്റെടുത്തുകൊണ്ട് അത് വലതുപക്ഷത്തിന്റെ വളരെ ആസൂത്രിതമായ പ്രവര്‍ത്തനമേഖലയാക്കി മാറ്റുകയും, ഇടതുപക്ഷവേഷം ധരിച്ച് വലതുപക്ഷയുക്‌തിയെ മുന്നോട്ട് കൊണ്ടുപോവുകയുമാണ് ചെയ്‌തത്. ലളിതമായ ഒരു കാര്യം പറയാം. സോളിഡാരിറ്റിയുടെ ഒരു മുദ്രാവാക്യമാണ് ‘മുതലാളിത്തത്തെ വലിച്ചെറിയുക’ എന്നത്. വളരെ വ്യക്‌തതയുള്ള ഒരു മുദ്രാവാക്യമാണിത്. മുതലാളിത്തത്തെ വലിച്ചെറിഞ്ഞ് മുന്നോട്ട് വെക്കുന്നതെന്താണ്...? തികഞ്ഞ മതരാഷ്‌ട്രസങ്കല്‍പ്പം തന്നെ. മറ്റൊരു മതത്തിന്റെ ആശയപ്രരൂപങ്ങള്‍ക്കും ദൈവദര്‍ശനത്തിനും തങ്ങളുടെ മതത്തിന്റെ ആശയപ്രരൂപങ്ങള്‍ക്കും ദൈവദര്‍ശനത്തിനുമുള്ള അതേ സത്യാത്‌മകത ഉണ്ട് എന്ന് അംഗീകരിക്കാത്ത ഒരു മതവും ജനാധിപത്യപരമല്ല. അതുപോലെ മതം മനുഷ്യന്റെ സാധ്യതകളില്‍ ഒന്നാണെന്നും മതരാഹിത്യവും നിരീശ്വരത്വവും ഒക്കെ മനുഷ്യന്റെ പലതരം സാധ്യതകളാണെന്ന് അംഗീകരിക്കാത്ത ഒരു മതവും ജനാധിപത്യപരമല്ല. അത്തരം വാദങ്ങള്‍ അടിസ്ഥാനതലത്തില്‍ മതമൌലിക നിലപാടുകളാണ്... അതിന്റെ മുകളില്‍ നിങ്ങള്‍ സാമ്രാജ്യത്വവിമര്‍ശനം നടത്തിയാലും മുതലാളിത്തവിമര്‍ശനം നടത്തിയാലും, അതെല്ലാം അത്രത്തോളം നല്ലത്, ഞാനതിന്റെ വില കുറച്ചു കാണുകയല്ല, അതുകൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അടിസ്ഥാനപരമായ ഒരു കാഴ്‌ചയില്‍ അവിടെ അവര്‍ സ്വത്വവാദികളാണ്. സ്വത്വവാദം വിശാലാര്‍ത്ഥത്തില്‍ സത്താവാദമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ സത്തയുണ്ട് എന്നാണ് സ്വത്വരാഷ്‌ട്രീയം വാദിക്കുന്നത്.
പിന്നെ, ജാതിരഹിതവും മതരഹിതവുമായ ജീവിതം കരുപിടിപ്പിക്കുന്നതില്‍ ഇടതുപക്ഷത്തിന് തന്നെ വേണ്ടത്ര കരുതലുണ്ടായില്ല. ജാതിരാഹിത്യവും മതനിരപേക്ഷതയുമെല്ലാം ഇന്ന് റോഡിലേയുളളു; വീട്ടിലില്ല. നവോത്ഥാനം വഴി പുറത്താക്കിയ നിഷേധമൂല്യങ്ങളെല്ലാം, ജാതിയും മതവും ആചാരങ്ങളും പുരുഷാധിപത്യവും എല്ലാം. അതിനെതിരായി കര്‍ക്കശമായ നിലപാടെടുക്കാന്‍ കഴിയണം. ഇപ്പോള്‍ അതില്ല. പുറത്ത് ലെനിനും അകത്ത് പൂന്താനവും എന്ന നിലയിലാണ് മലയാളജീവിതത്തിന്റെ പോക്ക്. ആചാരപരത മതത്തെ അടിമുടി കീഴടക്കി. ആള്‍ദൈവങ്ങള്‍ ദൈവങ്ങളേക്കാള്‍ പലമടങ്ങ് വലുതായി. എല്ലാ പഞ്ചായത്തുകളിലും ആണ്ടോടാണ്ട് യാഗവും യജ്ഞവും നടത്തുന്ന സ്ഥിതിയായി. പൊതുസമൂഹവും പൊതുജീവിതവും അങ്ങേയറ്റം മതാത്‌മകമായി. ഇടതുപക്ഷം ഇതിനെതിരെ വേണ്ടപോലെ പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. അതിന്റെ ഫലമെന്താണെന്നുവെച്ചാല്‍ മതത്തിനകത്തെ പുരോഗമനശബ്‌ദങ്ങളും എതിര്‍സ്വരങ്ങളും നിശബ്‌ദമാകും. മതം ഇപ്പോള്‍ അതിനകത്തെ യാഥാസ്ഥിതികരുടെ പിടിയിലാണ്. വചനപ്രഘോഷണങ്ങളും ആള്‍ദൈവവങ്ങളുമല്ല മതം. മതത്തിന്റെ നൈതിക-ധാര്‍മികമാനമാണ് ഇടതുപക്ഷം അംഗീകരിക്കേണ്ടത്. അതിലെ അധികാരകേന്ദ്രങ്ങളെയല്ല.
മാര്‍ക്‌സിസം സ്വത്വരാഷ്‌ട്രീയത്തിന് എതിരാവുന്നത് എന്തുകൊണ്ടാണ് ?
മാര്‍ക്‌സിസം അടിസ്ഥാനപരമായി ഇതിന് എതിരാണ്. മാര്‍ക്‌സിന്റെ വളരെ പ്രസിദ്ധമായ ഒരു നിരീക്ഷണമുണ്ട്. Man is an ensemble of social relations... സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യന്‍. സാമൂഹ്യബന്ധങ്ങള്‍ നിശ്ചലമല്ലാത്തതുകൊണ്ട് മനുഷ്യന് സത്താപരമായി നിശ്ചലനായിരിക്കുവാനോ ഏകസത്തയില്‍ ഇരിക്കുവാനോ കഴിയില്ല. അതുകൊണ്ട് സ്വത്വം എന്നു പറയുന്നത് കലങ്ങി നില്‍ക്കുന്ന ഒരു പ്രക്രിയയാണ്. ആ പ്രക്രിയയില്‍ നിന്നും ചരിത്രത്തില്‍ നിന്നും അതിനെ എടുത്തു മാറ്റി ശാശ്വതമായ ഒരു നിശ്ചലവസ്‌തുവാക്കി അതിനെ ഉറപ്പിച്ചെടുക്കുന്ന പണിയാണ് സ്വത്വവാദികള്‍ ചെയ്യുന്നത്. ദേശരാഷ്‌ട്രത്തിനെതിരെ തങ്ങളും പൊരുതുന്നുവെന്നൊക്കെ അവര്‍ പറയും... പക്ഷെ ദേശരാഷ്‌ട്രപൌരത്വത്തിന്റെ മിനിയേച്ചറുകള്‍ തന്നെയാണ് അവര്‍ സ്വയം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. വിപരീത നിലയിലാണെന്നുമാത്രം. അവരുടെ ചെറിയ രാഷ്‌ട്രത്തിലെ പൌരന്മാരെ അവര്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത് രണ്ടും ഒരു പണി തന്നെയാണ്. അതുകൊണ്ടാണ് ബൂര്‍ഷ്വാ സിവില്‍ സൊസൈറ്റിക്ക് എതിരായ വിമര്‍ശനമല്ല സ്വത്വവാദം, മറിച്ച് അതിനകത്തെ പങ്കുവെക്കലിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞത്. ആ പങ്കുവെക്കലിന്റെ പ്രശ്‌നം ഉന്നയിക്കപ്പെടുന്നത് അപ്പാടെ തെറ്റാണെന്ന് ഞാന്‍ പറയുകയല്ല. കാരണം തങ്ങള്‍ക്കിടം കിട്ടിയില്ലയെന്ന് ഒരു ഗ്രൂപ്പ് പറയുന്നതില്‍ ഒരു ശരിയുണ്ടായേക്കാം. പക്ഷെ മാര്‍ക്‌സിസ്‌റ്റ് പൊളിറ്റിക്‌സ് അതുമാത്രമല്ല. അതായത് സ്വത്വരാഷ്‌ട്രീയം ഉന്നയിക്കുന്ന പ്രശ്‌നത്തില്‍ ചില ശരികള്‍ ഉണ്ടാകും എന്ന ഒറ്റക്കാരണം കൊണ്ട് ആ പ്രശ്‌നം അതേ നിലയില്‍ മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് ഏറ്റെടുക്കാനോ അതാണ് മാര്‍ക്‌സിസ്‌റ്റ്-വര്‍ഗ്ഗസമരത്തിന്റെ വഴിയെന്ന നിലയില്‍ കാണാനോ പറ്റില്ല. കണ്ടാല്‍ പിന്നെ അത് മാര്‍ക്‌സിസമാകില്ല.
കീഴാളരുടെ കൂട്ടായ്‌മയും ദളിതരുടെ രാഷ്‌ട്രീയവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുമെന്നാണ് വാദം.
ഇതിന് രണ്ട് തലങ്ങളുണ്ട്. ഇപ്പോള്‍ പല കീഴാളവിഭാഗവും പല പരിസ്ഥിതി പ്രസ്ഥാനങ്ങളും സമരങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അതുപോലെതന്നെ പല മതന്യൂനപക്ഷവിഭാഗങ്ങളും സമരങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ സമരങ്ങളുടെ ചില ഘട്ടങ്ങളില്‍ അവര്‍ നിര്‍ണ്ണായകമായ സാമ്രാജ്യത്വ വിരുദ്ധസ്വഭാവം പ്രകടിപ്പിച്ചുവെന്നു വരും... അത്തരം ഘട്ടങ്ങളില്‍ ആ വിഭാഗങ്ങളുമായി ഐക്യപ്പെടുകയോ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുകയോ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അത്തരത്തിലുള്ള വിശാലമുന്നണികള്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായി വരുന്നതാണ്. പക്ഷെ പ്രശ്‌നം നിങ്ങള്‍ അതായി തീരുന്നുണ്ടോ എന്നതാണ്. നിങ്ങള്‍ നിങ്ങളുടെ അടിസ്ഥാന നിലപാട് വിട്ടിട്ട് ഈ കാഴ്‌ചയെ ഏറ്റെടുക്കുന്നുണ്ടോ.? അത്തരം ഏറ്റെടുക്കല്‍ സംഭവിക്കുന്നുണ്ട് എന്നതാണ് അനുഭവം.
ജാതിയെ കൊളോണിയല്‍ അധികാരവുമായി ബന്ധപ്പെടുത്തിയോ ചരിത്രപരമായോ വിലയിരുത്തേണ്ടത് ?
സ്വത്വരാഷ്‌ട്രീയത്തിന്റെ വക്‌താക്കള്‍, ദളിത് പൊളിറ്റിക്‌സിന്റെ മുഖ്യധാരാ വക്‌താക്കള്‍ പൊതുവെ ജാതിയെ കൊളോണിയല്‍ അധികാരത്തിന് പുറത്ത് നിറുത്തി, ജാതിയെ ഇന്ത്യന്‍ പാരമ്പര്യത്തിനകത്ത് നിന്ന് മാത്രം കാണുകയാണ് ചെയ്യുന്നത്. പക്ഷെ യാഥാര്‍ത്ഥ്യം എന്താണ്..? ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കൂടുതല്‍ ദൃഢീകരിപ്പിക്കുകയും കൊളോണിയല്‍ ചൂഷണത്തിന്റെ ഉപകരണമാക്കി അതിനെ മാറ്റുകയും, ഒരു പക്ഷെ കോളനി വാഴ്‌ചയ്‌ക്ക് മുമ്പുള്ള ജാതി ബന്ധങ്ങളുടെ ഘടനയെ അടിമുടി അട്ടിമറിച്ച് അങ്ങേയറ്റം ചൂഷണാത്‌മകമായ ഒരു ജാതി വ്യവസ്ഥയെ സ്ഥാപിക്കുകയും ചെയ്‌തതില്‍ കൊളോണിയലിസത്തിന് വലിയൊരു പങ്കുണ്ട്. ഉദാഹരണത്തിന് മലബാര്‍ കലാപത്തില്‍ എത്തിച്ചേര്‍ന്ന ‘മതപ്രശ്‌നം; ഭൂമിയുടെ അധികാരി ജന്മിയായിരുന്നുവെന്നത് വളരെ ഔപചാരികമായിരുന്നു, കോളനിവാഴ്‌ചവരെ. അതേ ഔപചാരിക അധികാരം കുടിയാനുമുണ്ടായിരുന്നു. ഞാന്‍ അതിനെ ചൂഷണരഹിതമായ സുവര്‍ണ്ണയുഗമാക്കി അവതരിപ്പിക്കുകയല്ല. കോളനീകരണം കൊണ്ടുവന്ന മാറ്റം സൂചിപ്പിക്കുകയാണ്. കോളനിവാഴ്‌ച എന്തു ചെയ്‌തു? ഭൂമിയുടെ നിയമപരമായ ഉടമസ്ഥത ജന്മിക്ക് കൊടുത്തു. കുടിയാന്‍ അതോടെ അനാഥനായി. കുടിയാനെ പുറത്താക്കിയ കോളനി നിയമമാണ് അവിടെ ഈ ജന്മിയും കുടിയാനും തമ്മിലുള്ള തര്‍ക്കത്തെ ഹിന്ദു-മുസ്ളീം സംഘര്‍ഷമാക്കിമാറ്റിയത്. അതുകൊണ്ട് കോളനിവാഴ്‌ച അവിടെ ജന്മിത്തം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ജാതിബന്ധങ്ങളെ കര്‍ക്കശമാക്കുകയാണ് ചെയ്‌തത്. അല്ലാതെ മോചിപ്പിക്കുകയല്ല. അതേസമയം കോളനിമേലാളര്‍ മറുഭാഗത്ത് സ്‌കൂളുകള്‍ നടത്തിയിട്ടുണ്ടാകും. ക്രിസ്‌ത്യന്‍ മിഷനറിമാര്‍ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടാകും. പൊതുസ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിച്ചിട്ടുമുണ്ടാകും. പക്ഷെ, കൊളോണിയലിസം ജാതിയെ അതിശക്‌തമാക്കി മാറ്റുകയാണ് ചെയ്‌തത്. കാരണം അവരുടെ സാമ്പത്തികസ്രോതസ്സായി അവര്‍ കണ്ടത് ഇന്ത്യന്‍ ജാതിവ്യവസ്ഥയെയും അതിന്റെ തന്നെ മേല്‍ത്തട്ടിനെയുമാണ്. കോളനിവാഴ്‌ചയെ മൊത്തം പുറത്ത് നിറുത്തി ജാതിയെ വിമര്‍ശിക്കുന്ന സമയത്ത് നിങ്ങള്‍ ജാതിയെ ചരിത്രത്തിന് പുറത്തുള്ള ഏകരൂപമായി, സത്തയാക്കി മാറ്റുകയാണ് ചെയ്യുക. ഇതേ പണി ഇപ്പോഴും നടക്കുന്നുണ്ട്. നിയോലിബറിലിസത്തിന്റെ പിന്തുണക്കാരും ആഗോളവത്ക്കരണത്തിന്റെ വക്‌താക്കളുമാണ് ഇന്ത്യയിലെ കീഴാളരാഷ്‌ട്രീയ പ്രവര്‍ത്തകര്‍. അവര്‍ ജാതിയില്‍ നിന്നുമുള്ള മോചനമായിട്ടാണ് നിയോലിബറലിസത്തെ കാണുന്നത്. അവര്‍ക്ക് അതിന് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകും.
അതായത് ?
മൂലധനാധിപത്യത്തെയും അതിന്റെ ഇപ്പോഴത്തെ പ്രയോഗമാതൃകയുമായിട്ടുള്ള നിയോലിബറലിസത്തെയും എതിര്‍ക്കാതെ, അതിനെ കേന്ദ്രത്തില്‍ നിറുത്തിക്കൊണ്ടല്ലാതെ നിങ്ങള്‍ക്ക് മാര്‍ക്‌സിസ്‌റ്റ് വിമര്‍ശനം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ല. മറ്റൊരാള്‍ സ്‌ത്രീപക്ഷത്ത് നിന്നുകൊണ്ട് പേട്രിയാര്‍ക്കിയെ വിമര്‍ശിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവര്‍ മാര്‍ക്‌സിസ്‌റ്റാണെന്ന് വാദം ഉന്നയിക്കുന്നില്ല. പരിസ്ഥിതിവാദിയായ ഒരാള്‍ മാര്‍ക്‌സിസ്‌റ്റാണെന്ന വാദം ഉന്നയിക്കുന്നില്ല. അതിലത്രത്തോളം സത്യസന്ധതയുണ്ട്. ഞാനവരുടെ വിമര്‍ശനം അപ്പാടെ തെറ്റാണെന്നും പറയുന്നില്ല. ഇപ്പോള്‍ സ്‌ത്രീപക്ഷത്ത് നില്‍ക്കുന്നവര്‍ ഞങ്ങള്‍ മാര്‍ക്‌സിസ്‌റ്റല്ല എന്നു പറഞ്ഞുകൊണ്ട് പുരുഷാധിപത്യവിമര്‍ശനം നടത്തുന്നു. അതില്‍ തെറ്റൊന്നുമില്ല... പക്ഷെ ഇവിടെ സംഭവിക്കുന്നത് എന്താണ്....? മൂലധനവിമര്‍ശനം വേണ്ട, വര്‍ഗ്ഗബന്ധങ്ങളെക്കുറിച്ചുള്ള ആലോചന വേണ്ട... ഇതൊക്കെ അപ്രസക്‌തങ്ങളാണ് എന്ന വാദത്തെ ഒരു ഭാഗത്ത് നിലനിര്‍ത്തിക്കൊണ്ട് തന്നെ മറുഭാഗത്ത് ഇത് മാര്‍ക്‌സിസ്‌റ്റ് മുന്നണിയാണ് എന്നും പറയുന്നു. അത് അസംബന്ധമാണ്.
സ്വത്വവാദം ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാര്‍ക്‌സിസത്തിന് കഴിയില്ല എന്ന് ഒരു വാദമുണ്ട്.
സ്വത്വരാഷ്‌ട്രീയം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അപ്പാടെ തള്ളിക്കളയേണ്ട കാര്യമില്ല. സ്വത്വരാഷ്‌ട്രീയം മുന്നോട്ട് വെക്കുന്ന വാദങ്ങളെ മാര്‍ക്‌സിസം അഭിസംബോധന ചെയ്യും. അത് വേറൊരു രീതിയിലാണ് എന്നു മാത്രം. സ്വത്വരാഷ്‌ട്രീയം ഈ പ്രശ്‌നത്തെ കാണുന്നത് എങ്ങനെയാണ്...? ലളിതമായി പറഞ്ഞാല്‍ ബൂര്‍ഷ്വാ സിവില്‍ സൊസൈറ്റിക്കകത്തെ സ്ഥലം പങ്കുവെക്കുന്നതില്‍ തങ്ങളുടെ ഇടം ഉറപ്പിക്കലാണ് സത്വരാഷ്‌ട്രീയം പൊതുവെ ചെയ്യുന്നത്. അല്ലാതെ ബൂര്‍ഷ്വാ സിവില്‍സൊസൈറ്റിയെയോ അതിന്റെ ഘടനയെയോ ഭേദിക്കുന്നത് സ്വത്വരാഷ്‌ട്രീയത്തിന്റെ പ്രശ്‌നം അല്ല. മാര്‍ക്‌സിസത്തിന്റെ താല്‍പര്യം ബൂര്‍ഷ്വാ സിവില്‍സൊസൈറ്റിക്കകത്ത് ന്യായമായ പങ്ക് ഇവര്‍ക്കുംകൂടി കിട്ടണം എന്നിടത്ത് മാത്രമായി അവസാനിക്കുന്നില്ല. മാര്‍ക്‌സിസം ഇതിനെക്കാളുമൊക്കെ വലിയ, കൂടുതല്‍ ദീര്‍ഘമായ വ്യാപ്‌തിയുള്ള പ്രയോഗങ്ങളെയും താല്‍പര്യങ്ങളെയും ലക്ഷ്യം വെക്കുന്നതാണ്. ലളിതമായി പറഞ്ഞാല്‍ സ്വത്വവാദവും ഒരു റിഫോമിസമാണ്. ആ റിഫോമിസം ചുരുങ്ങി ചുരുങ്ങി ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയതയെയോ അല്ലെങ്കില്‍ മത-മൌലിക വാദത്തിനെയോ ഒക്കെ ആശ്രയിക്കാം. അതുകൊണ്ട് തന്നെ സ്വത്വവാദരാഷ്‌ട്രീയത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാര്‍ക്‌സിസത്തിന് കഴിയില്ലായെന്നത് മാര്‍ക്‌സിസ്‌റ്റ് വിരുദ്ധവാദമാണ്. എന്നാല്‍ സ്വത്വവാദികള്‍ കൈകാര്യം ചെയ്യുന്ന അതേ രീതിയില്‍ മാര്‍ക്‌സിസത്തിന് ഇത് ഏറ്റെടുക്കാന്‍ കഴിയില്ല. കാരണം അവരെന്ത് ചെയ്യുന്നോ അതേ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്‌താല്‍ മാര്‍ക്‌സിസം സ്വത്വരാഷ്‌ട്രീയമായി മാറിപ്പോകുകയാണ് സംഭവിക്കുക.
സ്വത്വവാദികള്‍ പറയുന്നത് സ്വത്വപരമായ സമൂഹവിഭജനം വര്‍ഗ്ഗരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ്.
വര്‍ഗ്ഗസമരം എന്നു പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതാണ്. അതിന് ശ്വാശ്വതവും സുനിശ്ചിതവുമായ യാതൊരുവിധ പാറ്റേണുമില്ല. വര്‍ഗ്ഗങ്ങളും വര്‍ഗ്ഗപരിണാമത്തിന്റെ പ്രക്രിയയും ചരിത്രത്തില്‍ മാറിക്കൊണ്ടിരിക്കുമല്ലോ... അതുകൊണ്ട് വര്‍ഗ്ഗസമരം സുനിശ്ചിതമായി ഈ വിധത്തില്‍ നടക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. അതിനെ ഓരോ തരത്തില്‍ മനസ്സിലാക്കേണ്ടി വരും. സ്വത്വബോധത്തെ മുന്‍നിര്‍ത്തി പല സാമൂഹികവിഭാഗങ്ങളും ഉയര്‍ന്ന് വരുന്നത് വര്‍ഗ്ഗരാഷ്‌ട്രീയത്തെ ഏകമുഖമായി ദുര്‍ബ്ബലപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനെ വര്‍ഗ്ഗപരമായി ഉള്‍ക്കൊള്ളുകയെന്നതാണ് പ്രധാനം. ഉദാഹരണത്തിന് പരിസ്ഥിതിയുടെ പ്രശ്‌നം ഇന്നൊരു വര്‍ഗ്ഗപ്രശ്‌നമാണ്. പക്ഷെ പരിസ്ഥിതിയുടെ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് വന്ന്, പരിസ്ഥിതിപ്രശ്‌നത്തിന്റെ പ്രതിസ്ഥാനത്ത് തൊഴിലാളികളെയും കര്‍ഷകരെയും ഒക്കെ നിര്‍ത്തുന്ന തരത്തിലാണ് ഇന്ന് പരിസ്ഥിതിവാദം എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്താണ് ഇപ്പോള്‍ ലോകത്തിന്റെ സ്ഥിതി... നമ്മുടെ തൊട്ടടുത്ത വയല്‍ നികത്തുന്ന പ്രശ്‌നത്തില്‍ ഇടതുപക്ഷത്തെ പ്രതിയാക്കുന്ന സമയത്ത് ആഗോളതലത്തില്‍ ഇതിന്റെ ചരിത്രമെന്താണ്... ? 18-ആം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ ലോകത്ത് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന കാര്‍ബണിന്റെ ഏതാണ്ട് ഇരട്ടിയാണ് 2010 ആകുമ്പോഴേക്കുള്ള കാര്‍ബണ്‍. 18-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാര്‍ബണിന്റെ അളവ് 200 ppm (Parts per Million) ആയിരുന്നു. ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ ജോണ്‍ ബെല്ലാമി ഫോസ്‌റ്റര്‍, 'വള്‍നറബിള്‍ പ്ളാനറ്റി'ല്‍, നിലനില്‍ക്കാന്‍ പറ്റാത്ത ഭൂമി എന്നാണ് പറയുന്നത്. ഇങ്ങനെ മാറ്റിത്തീര്‍ത്തത് മുതലാളിത്ത ഉല്‍പ്പാദനമാണ്. മുതലാളിത്ത ഉല്‍പ്പാദനം മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു പകരം മൂലധനത്തെയും ലാഭത്തെയും ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനമാക്കിയതാണ് ഭൂമിയുടെ ഈ അവസ്ഥയ്‌ക്ക് കാരണം.
ലോകത്തെ ചുട്ടുപൊള്ളിക്കുന്ന, കത്തിപ്പോകാവുന്ന ഒന്നാക്കി തീര്‍ക്കുന്ന ഒരു ഉല്‍പ്പാദന വ്യവസ്ഥയെക്കുറിച്ച് അറിയാതിരിക്കുകയോ മൌനം പാലിക്കുകയോ ചെയ്യുക.... പകരം ഈ മൂലധനാധിപത്യത്തിനെതിരെ കഴിഞ്ഞ നൂറ് നൂറ്റമ്പത് വര്‍ഷമായി പലനിലകളില്‍ സമരം നടത്തിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ/കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ഇതിന്റെ പ്രതിസ്ഥാനത്ത് കൊണ്ടു വരികയും ചെയ്യുക! ഞാന്‍ പറഞ്ഞത് ഇടതുപക്ഷത്തിനോ കമ്യൂണിസ്‌റ്റ് പ്രവര്‍ത്തകര്‍ക്കോ ഇപ്പറഞ്ഞതില്‍ വീഴ്‌ചകള്‍ ഒന്നുമില്ല എന്നര്‍ത്ഥത്തിലല്ല... ചരിത്രത്തിന്റെ വിശാലമായൊരു പരിപ്രേക്ഷ്യം നിങ്ങളുടെ കാഴ്‌ചയില്‍ ഉണ്ടെങ്കില്‍ 'പ്രതി' മുതലാളിത്തമാണ്. നിങ്ങള്‍ നിങ്ങളുടെ അയല്‍പക്കത്തെ പ്രശ്‌നം മാത്രം മുന്‍നിര്‍ത്തിയാണ് ലോകം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നതെങ്കില്‍ പ്രതികള്‍ കമ്യൂണിസ്‌റ്റുകാരായിരിക്കും. ഈ രണ്ടാമത്തെ കാഴ്‌ച പ്രബലമാകുകയും അതിനെ വന്‍തോതില്‍ മുതലാളിത്തം തന്നെ ഏറ്റെടുത്ത് നടപ്പാക്കികൊടുക്കുകയും ചെയ്യലാണ് ഇപ്പോള്‍ നടത്തുന്നത്. ഒരു പ്രചരണപരിപാടി എന്ന വണ്ണമാണത്. അതുകൊണ്ട് പരിസ്ഥിതിപ്രശ്‌നം ഇന്നൊരു വര്‍ഗ്ഗപ്രശ്‌നമാണ്. മുതലാളിത്തം നിലനില്‍ക്കാന്‍ യോഗ്യമല്ല എന്നതിന് ലോകത്തിന് ഇന്ന് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ തെളിവാണ് ആഗോളതാപനം. ഭൂമിയെ ചുട്ട് പൊള്ളിക്കുന്ന തരത്തിലാണ് കഴിഞ്ഞ മുന്നൂറ് കൊല്ലംകൊണ്ട് മുതലാളിത്തം ലോകത്തെ കൈകാര്യം ചെയ്‌തത്. അത് സുസ്ഥിരമായി നിലനില്‍ക്കുന്നതല്ല... അത് നീതിപൂര്‍വ്വകമല്ല... അപ്പോള്‍ ആ നിലയില്‍ പരിസ്ഥിതിപ്രശ്‌നം ഇന്നൊരു വര്‍ഗ്ഗപ്രശ്‌നമാണ്. ഒരു 20-30 കൊല്ലംമുമ്പ് പോലും ഇതിന് ഇങ്ങനെയൊരു ഡയമെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അന്നത് തിരിച്ചറിഞ്ഞില്ല. അതത്രവലിയ കുറ്റമൊന്നുമല്ല. ഇന്ന് നാം അതിന്റെ നടുക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് അത് തിരിച്ചറിയുന്നു... എന്നതുപോലെ വര്‍ഗ്ഗരാഷ്‌ട്രീയത്തിലേക്ക് സന്നിവശിക്കപ്പെടേണ്ട ആവശ്യങ്ങള്‍ പുതുതായി തിരിച്ചറിയപ്പെടാം. പരിസ്ഥിതിപ്രശ്‌നം നമ്മള്‍ ഇപ്പോള്‍ മാത്രം തിരിച്ചറിയുന്നു എന്നതുകൊണ്ട് അത് വര്‍ഗ്ഗപ്രശ്‌നം അല്ലാതാകുന്നില്ല. മുതലാളിത്ത ഉല്‍പാദനവുമായി ബന്ധപ്പെട്ട വര്‍ഗ്ഗപ്രശ്‌നങ്ങളില്‍ ഒന്നുതന്നെയാണിത്. പകരം നിങ്ങള്‍ ഇതിനെ ഇപ്പോള്‍ രൂപപ്പെട്ട ഒരു പ്രശ്‌നം എന്ന നിലയ്‌ക്ക് എടുക്കുകയാണെങ്കില്‍ അതിന് വര്‍ഗ്ഗമാനം ഇല്ലായെന്നും വരും.
സ്വത്വരാഷ്‌ട്രീയത്തിന്റെ പരിധിയില്‍ പരിസ്ഥിതിഗ്രൂപ്പുകളും വന്നു ചേരുന്നുണ്ട് ?
ഇല്ല, സ്വത്വരാഷ്‌ട്രീയത്തിന്റെ പരിധിയില്‍ ഒരിക്കലും പരിസ്ഥിതി വന്നു ചേരുന്നില്ല. ഞാന്‍ പറഞ്ഞത് മാര്‍ക്‌സിസ്‌റ്റുകള്‍ അതിനെ അതിന്റെ വിശാലമായ ചരിത്രവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കി തങ്ങളുടെ വര്‍ഗ്ഗപരമായ കാഴ്‌ചയിലേക്ക് ഉള്‍ച്ചേര്‍ത്ത്, പുതിയ സമരമുഖങ്ങള്‍ കൂടി തുറക്കണം എന്നാണ്. അക്കാര്യത്തില്‍ മാര്‍ക്‌സിസത്തിനും ഇടതുപക്ഷത്തിനും പരാജയം പറ്റിയിട്ടുണ്ട്. ആ ഇടങ്ങള്‍ സ്വത്വവാദികള്‍ കൈവശപ്പെടുത്തി മുതലാളിത്തത്തെ കുറ്റവിമുക്‌തമാക്കുന്നു എന്നുമാത്രം. ചൂഷണങ്ങളെ കുറ്റവിമുക്‌തമാക്കുന്നു എന്ന്മാത്രം.
സ്വത്വരാഷ്‌ട്രീയക്കാര്‍ക്ക് സാമ്രാജ്യത്വം ശക്‌തമായ സാമ്പത്തിക സ്രോതസ്സാണ് ?
സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് ഞാന്‍ നേരത്തെ പറഞ്ഞ പ്രശ്‌നം തന്നെയാണ്. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ (New Social Movements) പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ചില വിമര്‍ശനാത്‌മക മാനങ്ങള്‍ ഉണ്ട്. പക്ഷെ ആ വിമര്‍ശനാത്‌മക മാനത്തെ മിക്കവാറും ഇല്ലാതാക്കിക്കൊണ്ട് സാമ്രാജ്യത്വം ഫണ്ടിംഗ് വഴി അതിനെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്. ഇന്ന് അവ ഏതാണ്ട് സ്‌പോണ്‍സേര്‍ഡ് സമരങ്ങളുടേയും സ്‌പോണ്‍സേഡ് പ്രസ്ഥാനങ്ങളുടേയും അവസ്ഥയിലാണ്. ലളിതമായി പറഞ്ഞാല്‍, പരിഷ്‌ക്കരണവാദത്തിന്റെ കയ്യാലപ്പുറത്ത് അവ അവസാനിക്കുന്നു. അതുകൊണ്ട് പുറമേക്കത് വലിയ ശബ്‌ദകോലാഹങ്ങള്‍ ഉണ്ടാക്കും... അകമേ തികഞ്ഞ സാമ്രാജ്യത്വസേവയായിട്ട് തന്നെ മാറിപ്പോവുന്നു. ഇവിടെ എഡ്വേര്‍ഡ് സെയ്‌ദിനെ കുറിച്ച് ഐജാസ് അഹമ്മദ് ഉന്നയിച്ച വിമര്‍ശനം ഓര്‍ക്കാവുന്നതാണ്. ഓറിയന്റലിസത്തെക്കുറിച്ച് പറയുമ്പോള്‍, സെയ്‌ദിന് പറ്റിയത് രണ്ട് പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഒന്ന് പൌരസ്‌ത്യവാദം... പടിഞ്ഞാറ് കിഴക്കിനെ എല്ലാകാലത്തും ഒരു പ്രത്യേക നിലയ്‌ക്ക് അപരമാക്കി അവതരിപ്പിച്ചുവെന്ന് പറയും..., വളരെ ആദരവോടെ തന്നെയാണ് സെയ്‌ദിനെ ഐജാസ് അഹമ്മദ് വിമര്‍ശിക്കുന്നത്. കാരണം സെയ്‌ദ് വെറുമൊരു പണ്ഢിതനായ ഒരാളൊന്നുമല്ല. അദ്ദേഹം വലിയ പോരാളിയായിരുന്നു. സാമ്രാജ്യത്വവിരുദ്ധതയ്‌ക്ക് വളരെ വലിയ ആവിഷ്‌ക്ക്കാരം നല്‍കിയ ആളാണ്... അപ്പോഴും ഐജാസ് പറയുന്നത്, പക്ഷെ 'തനിക്ക് ഇത് പറയാതിരിക്കാന്‍ പറ്റില്ല' എന്നാണ്. കാരണം കിഴക്കിനെ ഇങ്ങനെയൊരു അപരമാക്കി, ശാശ്വതമാക്കി പ്രതിസ്ഥാനത്ത് നിറുത്തുകയാണ് പടിഞ്ഞാറ് ചെയ്യുന്നത് എന്ന് പറയുമ്പോള്‍, വാസ്‌തവത്തില്‍ പടിഞ്ഞാറ് കിഴക്ക് എന്ന വളരെ ചരിത്രേതരമായ രണ്ട് ഗണങ്ങളെ സെയ്‌ദ് ഉള്ളില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ട് വരികയാണ്... ഹോമറുടെ കാലം മുതല്‍, അക്കിലസിന്റെ കാലം മുതല്‍, പിന്നെ ഡാന്റെയിലൂടെയും മധ്യകാലങ്ങളിലൂടെയും മാര്‍ക്‌സിലൂടെയുമൊക്കെ തുടരുന്നുവെന്ന് സെയ്‌ദ് പറയുന്ന പടിഞ്ഞാറ് ചരിത്രേതരമാണ്. ആ പടിഞ്ഞാറിന് ഒരൊറ്റ യുക്‌തിയെ ഉള്ളൂ. അത് കിഴക്കിനെ എപ്പോഴും അപരമാക്കിക്കൊണ്ടിരിക്കുന്നു. കിഴക്കോ..? എല്ലാ കാലത്തും അത് പടിഞ്ഞാറിന്റെ ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എല്ലാ കാലത്തും ഇരയായിരിക്കുന്ന ഒരു കിഴക്കും എല്ലാ കാലത്തും വേട്ടക്കാരനായിരിക്കുന്ന ഒരു പടിഞ്ഞാറും. ഇത്... സെയ്‌ദ് ഏത് സത്താവാദത്തിനെതിരെയാണോ എതിര്‍ക്കാന്‍ പോയത്, ആ സത്താവാദത്തിന്റെ തന്നെ ആശയങ്ങളാണ്. ഒന്നാമത്തേത് ചരിത്രപരമായ പ്രശ്‌നമാണ്.
രണ്ടാമത്തെ പ്രശ്‌നം, കൂടുതല്‍ ഗൌരവമുള്ള പ്രശ്‌നം, കിഴക്കിനെ വാസ്‌തവത്തില്‍ അപരമാക്കി പടിഞ്ഞാറിന്റെ വിപരീതസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുക! കിഴക്കിനെ സമ്പൂര്‍ണ്ണമായി ചൂഷണം ചെയ്‌തത് ഈ 'പടിഞ്ഞാറ് ' എന്ന സത്തയൊന്നുമല്ല. മറിച്ച് കൊളോണിയലിസമാണ്. കൊളോണിയല്‍ ചൂഷണമാണ് കിഴക്കിനെ ഈ വിധത്തില്‍ ഉറപ്പിക്കുകയും അതിനെ മെരുക്കുകയോ അതിനെ ആദര്‍ശവല്‍ക്കരിക്കുകയോ ഒക്കെ ചെയ്‌തത്. അപ്പോള്‍ യഥാര്‍ത്ഥപ്രതി കൊളോണിയലിസമാണ്. ആ യഥാര്‍ത്ഥപ്രതി സെയ്‌ദിന്റെ ചര്‍ച്ചയിലില്ല. മറിച്ച് എല്ലാകാലത്തും വേട്ടക്കാരന്റെ സ്ഥാനത്തുള്ള ഒരു പടിഞ്ഞാറ്, എല്ലാ കാലത്തും ഇരയുടെ സ്ഥാനത്തുള്ള ഒരു കിഴക്ക്...
അപ്പോള്‍ യഥാര്‍ത്ഥപ്രതിയെ കുറ്റവിമുക്‌തമാക്കി ചരിത്രേതരമായ ചില സന്ദര്‍ഭങ്ങളെ ചര്‍ച്ചയുടെ കേന്ദ്രത്തില്‍ നിറുത്തിയെന്നതാണ് സെയ്‌ദിനെതിരായി ഐജാസ് ഉന്നയിക്കുന്ന വിമര്‍ശനം. അതിനെക്കാള്‍ എത്രയോ മാരകമാണ് ഇപ്പോള്‍ ചെയ്യുന്നത്. കാരണം യഥാര്‍ത്ഥ പ്രതിസ്ഥാനത്തുള്ള മൂലധനം, സാമ്രാജ്യത്വഅധിനിവേശം എന്നിവയൊന്നും ചര്‍ച്ചയിലില്ലല്ലോ. ചര്‍ച്ചയില്‍ ഉള്ളത് കറുത്തവന്റെ വിപരീതമായിട്ടുള്ള വെളുത്തവനെക്കുറിച്ചും ആണിന്റെ വിപരീതമായ പെണ്ണിനെക്കുറിച്ചും... പ്രകൃതിയുടെ വിപരീതമായ മനുഷ്യനെക്കുറിച്ചുമുള്ള ചില ദ്വന്ദകല്‍പനകളാണ്... നിരവധിയായ വിപരീതങ്ങളുടെ അവസാനിക്കാത്ത ഒരു ശൃംഖലയുണ്ടാക്കി കഴിയുമ്പോള്‍ യഥാര്‍ത്ഥപ്രതി പുറത്താണ്. വര്‍ഗ്ഗപരമായ വിശകലനത്തിന്റെ അഭാവം എന്നുമാത്രമല്ല, അതിനെ സമ്പൂര്‍ണ്ണമായി അട്ടിമറിക്കുകയാണ് ഇവിടെ സംഭവിക്കുന്നത് . അത്തരം ഒരു അട്ടിമറി ഇതിനകത്തുണ്ട് എന്നുള്ളതുകൊണ്ടാണ് ഫണ്ടിംഗ് ഏജന്‍സികള്‍ ഇമ്മാതിരി പഠനങ്ങള്‍ക്ക് പണം കൊടുക്കുന്നത്.
പണം വാങ്ങുന്നവരും ഈ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നവരും വാസ്‌തവത്തില്‍ ഓര്‍ക്കേണ്ടത് എന്തുകൊണ്ടാണ് സാമ്രാജ്യത്വമൂലധനം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ്... ഇത് ആത്യന്തികമായി അവര്‍ക്ക് എതിരാണെങ്കില്‍. നിങ്ങള്‍ക്കെതിരായിട്ടുള്ള ഒരു ശക്‌തിയെ നിങ്ങള്‍ പണം കൊടുത്ത് വളര്‍ത്താന്‍ ഉത്‌സുകരായിരിക്കുന്നത് എന്തുകൊണ്ടാണ് ? ഇത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇവിടെ മതസ്വത്വവാദത്തിന്റെ കാര്യം പ്രത്യേകം പറയണം. ഇന്ന് മാതാത്‌മകസ്വത്വവാദത്തിന്റെ പല നടത്തിപ്പുക്കാര്‍ക്കും വേണ്ടത്ര ഫണ്ടിംങ്ങ് ലഭിക്കുന്നുണ്ട്. വാസ്‌തവത്തില്‍ മതമൌലികവാദപ്രവണതകളുടെ വളര്‍ച്ചയ്‌ക്ക് പിന്നിലുളളത് ഫണ്ടിങ്ങാണ്. ഇത് കാണാതെ 'രചനാത്‌മകമതമൌലികവാദം' സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് കാരണമാവും എന്നെല്ലാം വാദിക്കുന്നത് അസംബദ്ധമാണ്. ഇടതുപക്ഷം അങ്ങനെ ചെയ്‌തുകൂടാ.
മതമൌലികതയുടെ ഏറ്റവും വലിയ നടത്തിപ്പുകാരാണ് സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങളായി മദ്ധ്യേഷയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് സൌദി അറേബ്യപോലുളള രാജ്യങ്ങളെ നോക്കിയാല്‍ മതി. ഈ ഒസാമാ ബിന്‍ലാദന്‍ തന്നെ സി.ഐ.എയുടെ ആളായി അഫ്‌ഗാനിസ്ഥാനില്‍ എത്തിയ ആളാണ്, അവിടുത്തെ നജീബുളള സര്‍ക്കാരിനെ തകര്‍ക്കാന്‍. പിന്നെ അവര്‍ തമ്മില്‍ തെറ്റിയെന്നുമാത്രം. അഫ്‌ഗാനിസ്ഥാനിലെ ഈ സി.ഐ.എ ഇടപെടലിന് ശേഷമാണ് ഇസ്ളാമിക ജിഹാദിപ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും ശക്‌തമായതെന്ന് ഐജാസ് അഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. സാമ്രാജ്യത്വം സ്‌പോണ്‍സര്‍ ചെയ്‌ത് തുടങ്ങിയതാണത്. ഇസ്ളാമിക നൈതികതയുടെ പേരില്‍ ഉയര്‍ന്നുവരുന്ന കൂട്ടായ്‌മകള്‍ മതകേന്ദ്രീകൃതമായാലും അധിനിവേശവിരുദ്ധഐക്യത്തിന് തടസ്സമാവില്ല എന്നൊക്കെ വാദിക്കുന്നവര്‍... ഐജാസ് പറയുന്നകാര്യംകൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
വ്യവസായവിപ്ളവത്തിന്റെയും മുതലാളിത്ത മുന്നേറ്റത്തിന്റെയും സമയത്ത് മതങ്ങളും സാമ്രാജ്യത്വവും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്രാജ്യത്വം മതങ്ങളെ തലോടുകയാണ്.
മതങ്ങള്‍, മതങ്ങള്‍ മാത്രമായി ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും നിലനിന്നിട്ടില്ല. മതങ്ങള്‍ എല്ലാ കാലത്തും സമൂഹത്തിലെ പലതരത്തിലുള്ള സാമ്പത്തിക ബന്ധങ്ങളിലൂടെയാണ് വളര്‍ന്ന് വന്നിട്ടുള്ളത്. ഉദാഹരണത്തിന് ജറുസലേമിലെ കച്ചവടപാതകള്‍ക്ക് വേണ്ടിയാണ് കുരിശ് യുദ്ധം നടന്നത്. എന്നാല്‍ ഇസ്ളാമും ക്രിസ്‌ത്യാനികളും തമ്മിലുള്ള വലിയ സംഘര്‍ഷമായാണ് അത് പുറത്ത് വന്നത്. ഇപ്പോള്‍ പാന്‍ ഇസ്ളാമിസം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആശയമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്ളീങ്ങള്‍ക്ക് ഒരു സത്തയാണ്, ഒരു സ്വത്വമാണ്... എന്നു പറയുന്ന ഒരു ഏകതാവാദം. എന്തൊരു അസംബന്ധം നിറഞ്ഞ വാദമാണിത്. എന്നാല്‍ ഈ വാദം ഇന്ന് വലിയ പിന്തുണ നേടുന്നുണ്ട്. ഇതിനെ ഏറ്റെടുക്കാന്‍ ലോകമെമ്പാടും വലിയ തോതില്‍ ആളുകളുണ്ട്. ആത്യന്തികമായി സാമ്രാജ്യത്വവും ഇതിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇതിനെ സ്വത്വരാഷ്‌ട്രീയത്തിന്റെ വക്‌താക്കള്‍ ആശ്ളേഷിക്കുകയും ചെയ്യുന്നുണ്ട്. വാസ്‌തവത്തില്‍ ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, ലോകത്തില്‍ എത്ര രാജ്യങ്ങളുണ്ടോ, എത്ര തരം സമൂഹങ്ങള്‍ ഉണ്ടോ, അത്രതരം മതസ്വത്വങ്ങളും ഒരു മതത്തിനുള്ളില്‍ തന്നെയുണ്ട് എന്നതാണ്. ഓരോ മതത്തിനുള്ളിലും ഇത്തരം വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ട്. ഈ വൈരുദ്ധ്യങ്ങളെ ആകെ തമസ്‌ക്കരിക്കലാണ് പാന്‍ ഇസ്ളാമിസം പോലുളള വാദങ്ങള്‍ ചെയ്യുന്നത്. കറുത്തവനെന്ന് പറയുമ്പോള്‍ അതും ഏകാത്‌മാകമായ ഒരു സ്വത്വമല്ല. അവരുടെ ഇടയിലും ധാരാളം വൈരുദ്ധ്യങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ സ്‌ത്രീ എന്നു പറയുന്നിടത്ത്, അവിടെയും ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. ഇതൊഴിവാക്കാന്‍ പറ്റാത്ത ഒരു ചരിത്രപ്രക്രിയയാണ്. ദേശീയപൌരത്വം എന്നു പറയുന്നിടത്ത് വൈരുദ്ധ്യം ഉണ്ട് എന്ന് പറയുന്നതുപോലെയാണ്... കറുത്തവര്‍ എന്ന് പറയുന്നതിലോ സ്‌ത്രീ എന്നു പറയുന്നതിലോ ഉള്ള വൈരുദ്ധ്യവും.
'ഒരാള്‍ക്ക് ഒരു സ്വത്വം മാത്രമല്ല ഉള്ളത്. സ്വത്വരാഷ്‌ട്രീയമാകട്ടെ, ഒരു വ്യക്‌തിയുടെ പ്രത്യേക സ്വത്വത്തെ മാത്രം രാഷ്‌ട്രീയപ്രാധാന്യമുള്ളതായി കാണുന്നു'’ എന്ന് ഇടതുചിന്തകനായ എറിക്‌സ് ഹോബ്‌സ് ബാം പറയുന്നുണ്ടല്ലോ?
അത് തീര്‍ത്തും ശരിയാണ്. ഒരാളും ഒരൊറ്റ സ്വത്വത്തിന്റെ ഉടമയല്ല. ലളിതമായി പറഞ്ഞാല്‍, കേരളത്തിലെ നവോത്ഥാനത്തിന്റെ നേതൃശ്രേണിയിലെ പലരെയും എടുത്താല്‍ ജാതീയമായും മതപരമായും പ്രാദേശികമായും പലതരം പ്രഭാവങ്ങള്‍ ഉള്ളവരാണ് അവര്‍. ഇതിന്റെയെല്ലാം കലര്‍പ്പിലാണ് അവരുടെ രാഷ്‌ട്രീയവ്യക്‌തിത്വം രൂപപ്പെട്ടത്. ആ രാഷ്‌ട്രീയവ്യക്‌തിത്വമാണ് അവരെ സമരത്തിലേക്ക് കൊണ്ടു വന്നത്, പരിവര്‍ത്തനത്തിന്റെ നേതൃത്വത്തിലേക്ക് എത്തിച്ചത്. ഇതില്‍ ഒരു ഘടകത്തെയെടുത്ത് നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരെ ആദര്‍ശവല്‍ക്കരിക്കാം... അല്ലെങ്കില്‍ പ്രതിയാക്കാം. ഇന്നിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്....? കേരളത്തില്‍ ആകമാനം മൃദുഹിന്ദുത്വം പടര്‍ന്നുപിടിച്ചിരിക്കുന്നു എന്നൊരു വാദം അവതരിപ്പിക്കുക... ആ വാദത്തെ തെളിയിക്കാനായിട്ട്- ഞാന്‍ ഈ അടുത്ത കാലത്ത് വായിച്ച പുസ്‌തകത്തില്‍ പറയുന്നത് - ചെറുകാട്, സി.വി. ശ്രീരാമന്‍, വൈലോപ്പിള്ളി, അല്ലെങ്കില്‍ ശ്രീനാരായണഗുരു...മുഴുവന്‍ ആളുകളും സവര്‍ണ്ണതയുടെ നടത്തിപ്പുകാരാണ് ! എം.ടി. വാസുദേവന്‍ നായര്‍ സവര്‍ണ്ണതയുടെ നടത്തിപ്പുകാരനാണ്... ഇങ്ങനെ നമുക്ക് വാദിക്കാന്‍ കഴിയും. കാരണം അവരിലൊക്കെ നമുക്ക് ഏറിയും കുറഞ്ഞും ഏതെങ്കിലും തെളിവ് കണ്ട് പിടിച്ച് സവര്‍ണ്ണതയാരോപിക്കാം. അങ്ങനെ വരുമ്പോള്‍ ഗാന്ധിജി സവര്‍ണ്ണനാണെന്ന് പറയാന്‍ നമുക്കൊരു പ്രയാസവും ഇല്ല. ഒരു തെളിവെടുത്തിട്ട്, നിങ്ങള്‍ അതിനെ സവര്‍ണ്ണതയുടെ തെളിവായിട്ടെടുക്കുന്നു. ഇങ്ങനെ ഇ.എം.എസിനെ സവര്‍ണ്ണനാക്കിയിട്ടുണ്ട്. മാര്‍ക്‌സിന്റെ ചില വാക്കുകള്‍ ഊരിയെടുത്ത് അദ്ദേഹത്തെ കൊളോണിയലിസത്തിന്റെ വക്‌താവാക്കിയിട്ടുണ്ട്. ഇതും അതുപോലൊരു വാദമാണ്. ഞാന്‍ പറയുന്നത്, ദേശീയതയ്‌ക്ക് അകത്ത് ഹിന്ദുത്വമില്ല എന്നതല്ല ഇവിടെ പ്രശ്‌നം. ദേശീയത = ഹൈന്ദവത എന്ന സമീകരണമാണ്. അത് പൂര്‍ണ്ണമായും ആര്‍.എസ്.എസ് വാദമാണ്. ആ വാദത്തെ അതേപടി ഏറ്റെടുത്ത് ഹൈന്ദവമൂല്യമായിരുന്നു ദേശീയത എന്നുപറയാം. അതുകൊണ്ട് ദേശീയതെക്കെതിരെ സമരത്തിനിറങ്ങാം... ദേശീയ മൂല്യങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങാം...!
ഹൈന്ദവമായ ഒരു ധാര ഇന്ത്യന്‍ ദേശീയതയ്‌ക്ക് അകത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്നത് നിസ്‌തര്‍ക്കമാണ്. അതേ സമയം ഇന്ത്യന്‍ ദേശീയത കോടാനുകോടി മനുഷ്യരുടെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളില്‍ നിന്നും, കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങളില്‍ നിന്നും കൂടി ഉണ്ടായതാണ്. ഇത് രണ്ടും പ്രത്യേകം ഒരു കലര്‍പ്പായി പ്രവര്‍ത്തിച്ചതാണ്. ഈ പ്രത്യേകതയെ മനസ്സിലാക്കി, പോരായ്‌മകളെ തിരുത്തുന്നതിന് പകരം, ഇതില്‍ ഉള്‍പ്പെട്ടു നിന്ന വ്യക്‌തികളെ ഒന്നൊന്നായി തിരഞ്ഞ് പിടിച്ച് അവരെ പ്രതിസ്ഥാനത്താക്കി, സവര്‍ണ്ണതയുടെ നടത്തിപ്പുകാരോ, വര്‍ഗ്ഗീയവാദികളോ ഒക്കെയാക്കി മുദ്രകുത്തി പുരോഗമനപരമോ, ജനാധിപത്യപരമോ ആയ കൂട്ടായ്‌മകള്‍ക്ക് അകത്ത് വമ്പന്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന പണിയാണ് ഇപ്പോള്‍ നടത്തുന്നത് എന്ന് പറയേണ്ടിവരും.
സമൂഹത്തില്‍ വിള്ളലുകള്‍ തീര്‍ത്തുകൊണ്ട് സ്വത്വവാദം മുന്നേറുന്നതിനാല്‍ സാമ്രാജ്യത്വം സ്വീകാര്യത നേടുകയാണ് എന്നുപറയാമോ?
സ്വത്വവാദത്തിന് അത് സ്വീകാര്യമാണ്. കാരണം അവരെ സംബന്ധിച്ച് ഐഡന്റിറ്റി ഒന്നേയുള്ളൂ. എം.ടി. വാസുദേവന്‍ നായര്‍ സവര്‍ണ്ണനാണെന്ന് വാദിക്കാം. സവര്‍ണ്ണതയുടെ നടത്തിപ്പുകാരനാണെന്ന് ഒരാള്‍ക്ക് വാദിക്കാം. പക്ഷെ ഈ എം.ടി. തന്നെയാണ് ആര്‍.എസ്.എസിന്റെ കൈകളില്‍ നിന്ന് തുഞ്ചന്‍ പറമ്പിനെ മാറ്റി നിര്‍ത്തുന്നതില്‍ നേതൃസ്ഥാനം നല്‍കിപ്പോന്നത്, ഈ എം.ടി. തന്നെയാണ് മുത്തങ്ങയില്‍ വെടിവെയ്പ്പുണ്ടായപ്പോള്‍ അവിടെ പോയി പ്രതികരിച്ചത്, ഈ എം.ടി.തന്നെയാണ് നാലുകെട്ട് എഴുതിയത്. ഗാന്ധിയെ നിങ്ങളെടുത്താല്‍ ഗാന്ധിജി ജാതിയെ അനുകൂലിച്ച് എഴുതിയിട്ടുണ്ട്. വര്‍ണ്ണാശ്രമത്തെ അനുകൂലിച്ചും ധാരാളം എഴുതിയിട്ടുണ്ട്. പക്ഷെ അതേ ഗാന്ധിതന്നെയാണ് ജാതിവിമര്‍ശനത്തിന് വേണ്ടി തന്റേതായ രീതിയില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ശ്രമം നടത്തിയത്. ഇര്‍ഫാന്‍ ഹബീബ് പറയുന്നത് ആയിരക്കണക്കിന് വര്‍ഷക്കാലം ഹിന്ദുമതത്തിലെ സ്വാഭാവിക ആചാരമായിരുന്ന അയിത്തത്തെ ഗാന്ധിജി 25 കൊല്ലം കൊണ്ട് ഹിന്ദുമതത്തിലെ കളങ്കമാണെന്ന് ഭൂരിപക്ഷം ഹിന്ദുക്കളെയും ബോധ്യപ്പെടുത്തി എന്നാണ് ഗാന്ധിജി ജയിച്ചോ പരാജയപ്പെട്ടോ, എന്നത് വേറൊരു കാര്യം. ഗാന്ധിജി എടുത്ത തീരുമാനമാണ് അവസാനത്തെ ശരിയെന്ന് ഞാന്‍ പറയുകയല്ല. മറിച്ച് ഇതില്‍ ഏതെങ്കിലും ഒരു കാര്യം മാത്രമെടുത്ത്, ചരിത്രമെന്ന വലിയ പ്രക്രിയയിലെ ഒരു സങ്കീര്‍ണ്ണതയും കാണാതെ അതിലെ ഏതെങ്കിലും ഒരു ഘടകമെടുത്ത് ആളുകളെ അതു വെച്ച് മാര്‍ക്ക് ചെയ്യുക, പ്രസ്ഥാനങ്ങളെ അതുവെച്ച് മാര്‍ക്ക് ചെയ്യുക, പ്രക്രിയകളെ മുഴുവന്‍ തള്ളിപ്പറഞ്ഞ് ആളുകളെ ലേബല്‍ ചെയ്യുക.. ഇന്നിപ്പോള്‍ പുരോഗമന-സാംസ്‌ക്കാരികതയുടെ പേരില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വലിയൊരു പ്രവര്‍ത്തനമിതാണ്.
കേരളത്തിലെ സ്വത്വവാദികള്‍ ആ പണി തുടരുക തന്നെയല്ലേ?
ഞാനിപ്പോള്‍ ഒരു കാര്യംകൂടി പറയാം, ജമാഅത്തിനെ വിമര്‍ശിച്ചപ്പോള്‍ സി.പി.ഐ.എം മൃദുഹിന്ദുത്വത്തിന്റെ വക്‌താക്കളാണെന്ന് അവര്‍ പറയുകയുണ്ടായി. ഈ വാദം കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ സന്നിവേശിപ്പിക്കലാണ് കഴിഞ്ഞ ആറേഴുവര്‍ഷമായി കേരളത്തിലെ സ്വത്വവാദം ചെയ്‌തിരിക്കുന്ന മുഖ്യകാര്യം. ദേശീയതയ്‌ക്കും മുഖ്യധാരയ്‌ക്കും സവര്‍ണ്ണസ്വഭാവമുണ്ട് എന്ന് പറയുന്നതും അതിന്റെ സവര്‍ണ്ണാംശത്തെ വിമര്‍ശിക്കണമെന്ന് പറയുന്നതും അതാകെ സവര്‍ണ്ണതയില്‍പ്പെട്ടുപോയതുകൊണ്ട് ഓരോരുത്തരെയും ചാപ്പകുത്തി, സി.വി. ശ്രീരാമനെപ്പോലെ ഒരാളെ, അല്ലെങ്കില്‍ ചെറുകാടിനെപ്പോലെ, എം.എന്‍. വിജയനെപ്പോലെ ഒരാളെ, അല്ലെങ്കില്‍ ആ നിലവാരത്തില്‍ തങ്ങളുടെ ജീവിതം കൊണ്ട് സവര്‍ണ്ണതയോട് അടിമുടി പോരാടി ഒരു തൊഴിലാളിവര്‍ഗ്ഗബോധരൂപീകരണത്തിനും പ്രസ്ഥാനത്തിനുംവേണ്ടി പ്രവര്‍ത്തിച്ചവരെ ചാപ്പകുത്തി സവര്‍ണ്ണരായി പുറത്താക്കാന്‍ പറയുകയും ചെയ്യുന്ന ഒരു യുക്‌തി ഇവിടെ വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അത് അത്യന്തം അപകടകരമാണ്. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷത്തിനകത്ത് തന്നെയുള്ള പലതരത്തിലുള്ള സംഘര്‍ഷങ്ങളുടെയോ സംഘടനാപരമായ പ്രശ്‌നങ്ങളുടേയോ ഇടയിലൂടെ ഈ വാദങ്ങളൊക്കെ സൂത്രത്തില്‍ കടന്നുപോരികയാണ് ഉണ്ടായത്. ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത് ഇ.എം.എസ്സിനെപ്പോലെ ഒരാള്‍ ജീവിച്ചിരുന്നെങ്കില്‍ ഈ സ്വത്വവാദമോ ഇരവാദമോ ഉയര്‍ന്ന ആദ്യദിവസം തന്നെ ഇം.എം.എസ്. അത് ഖണ്ഢിച്ചേനെ.
ഇരകളുടെ ഐക്യം എന്ന് പറയുന്നത് വര്‍ഗ്ഗസങ്കല്‍പ്പത്തിന് എതിരാണ് എന്നറിയാന്‍ എളുപ്പം കഴിയും. എം.പി. പരമേശ്വരന്‍, നാലാം ലോകത്തിന്റെ ആശയം, ആ പേരിലൊന്നുമല്ല, പങ്കാളിത്ത ജനാധിപത്യ ആശയങ്ങളായി കൊണ്ടുവന്നപ്പോള്‍, ആരും ശ്രദ്ധിക്കാത്ത ഒരു പുസ്‌തകത്തില്‍ അത് പുറത്തുവന്നപ്പോള്‍, ഇ.എം.എസ് അത് കണ്ടെടുത്ത് അത് സമ്പൂര്‍ണ്ണമായി അംസബന്ധമാണെന്ന് അന്ന് എഴുതിയതാണ്. ആ നിലയില്‍ കര്‍ക്കശമായ രാഷ്‌ട്രീയജാഗ്രതയോടെ ഈ പ്രശ്‌നത്തെ നേരിടുന്നതില്‍ ഇടതുപക്ഷത്തിനും വീഴ്‌ച പറ്റിയിട്ടുണ്ട്. ഇടതുപക്ഷവേദികളില്‍ തന്നെ ഈ വാദം ധാരാളം മുഴങ്ങിക്കേള്‍ക്കുകയും അത് വര്‍ഗ്ഗരാഷ്‌ട്രീയത്തിന്റെ പുതിയമുഖമാണ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുകയും വരെ ചെയ്‌തുപോന്നു. അതിന് ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുള്ള ജാഗ്രതയുടെ അഭാവം ഒരു കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഇത് തിരിച്ചറിയപ്പെടാതെ പോയിട്ടൊന്നുമില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഇരകള്‍ എന്നൊരു കാറ്റഗറി, അതിപ്പോള്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറഞ്ഞതാണെന്ന് പറഞ്ഞാലും, കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ രേഖകളില്‍ ഈ വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞാലും, ഹോബ്‌സ് ബോം ഈ വാക്കുകളെക്കുറിച്ച് പറഞ്ഞിട്ടുള്ള ആശയം എടുത്ത് ഉദ്ധരിച്ചാലും ഒന്നും; ഈ ഇരകള്‍ എന്നു പറയുന്നതിന്റെ കൂട്ടായ്‌മയിലാണ് വര്‍ഗ്ഗം എന്നുപറയുന്നത്, അല്ലെങ്കില്‍ വര്‍ഗ്ഗത്തിലേക്ക് ഇരകളെ അങ്ങനെ വെറുതെ സംശ്ളേഷിപ്പിച്ച് കയറ്റാം എന്നു പറയുന്നത് മാര്‍ക്‌സിസ്‌റ്റ്വിരുദ്ധമായ ഒരു നിലപാടാണ്. ഇരകള്‍ എന്നത് അടിസ്ഥാനപരമായി, സ്വത്വപരമായി അപരവല്‍ക്കരണത്തില്‍ നിന്നുമുണ്ടായതാണ്. തൊഴിലാളിയെന്നത് ഒരു അപരമല്ല. തൊഴിലാളികള്‍ സാമൂഹ്യ പ്രക്രിയകളുടെ ഭാഗമായി രൂപപ്പെടുന്നത് സവിശേഷമായൊരു ചരിത്രബന്ധത്തിലൂടെയാണ്. അത് അപരയുക്‌തിയിലൂടെ നിലവില്‍വരുന്നതല്ല. ഇത് രണ്ടും രണ്ടു തരം കാറ്റഗറികളാണ്.
അതായത് ഇടതുപക്ഷം ഇരകളുടെ കൂട്ടായ്‌മയല്ല.
അങ്ങനെയാണെന്നുള്ള വാദം തീര്‍ച്ചയായും ചരിത്രനിഷേധമാണ്. വിവിധ തരത്തിലുള്ള ന്യൂനപക്ഷങ്ങള്‍ ഒത്തുചേര്‍ന്നുണ്ടാകുന്ന ഒരു കൂട്ടായ്‌മക്ക് ചില സവിശേഷ സന്ദര്‍ഭങ്ങളില്‍ ഒരു പ്രതിരോധമൂല്യം ഉണ്ടാകാമെങ്കിലും, അടിസ്ഥാനപരമായി അതിന്റെ വൈരുദ്ധ്യം തമ്മില്‍ തമ്മിലാണ്. ഇപ്പോള്‍ നായരെയും ഈഴവരെയും മുന്‍നിര്‍ത്തുന്ന ഒരു സ്വത്വധാരണയ്‌ക്ക് മറ്റെന്തിനേക്കാളും വൈരുദ്ധ്യം ഉണ്ടാവുക അവര്‍ക്കിടയില്‍ തന്നെയായിരിക്കും. ശക്‌തമായ സാമൂഹ്യ ഇടപെടലിനോ സാമൂഹ്യ ശാക്‌തീകരണത്തിനോ ആക്കംകൂട്ടിക്കൊണ്ട് വരുവാന്‍ അതിന് സാധ്യമല്ല. അതിന് തിരുവിതാംകൂര്‍ പൊളിറ്റിക്‌സ് നല്ല ഉദാഹരണമാണ്. നിവര്‍ത്തനപ്രക്ഷോഭവും പിന്നീടുണ്ടായിട്ടുള്ള മതജാതികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള രാഷ്‌ട്രീയവും തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ എങ്ങനെയൊക്കെ പ്രതികൂലമായി പ്രവര്‍ത്തിച്ചുവെന്നത് തിരുവിതാംകൂറിന്റെ 60-70 കൊല്ലത്തെ ചരിത്രം പരിശോധിച്ചാല്‍ കാണാം. ഈഴവന്റെ രാഷ്‌ട്രീയം ഒരുഭാഗത്ത്, ക്രിസ്‌ത്യാനിയുടെ രാഷ്‌ട്രീയം ഒരു ഭാഗത്ത്, ഇങ്ങനെയാണ് ഉണ്ടായത്. വിമോചനസമരത്തിന്റെയും പില്‍ക്കാലത്തെ വലതുപക്ഷവല്‍ക്കരണത്തിന്റെയും തായ്‌വേര് ഇവിടെയുണ്ട്, ഇത് നല്ലതാണ് എന്നും ഇങ്ങനെ വന്നത് നന്നാവും എന്നും കരുതുന്നവരുണ്ട്. പക്ഷേ അങ്ങനെ കരുതിയതിന് ശേഷവും നിങ്ങള്‍ക്ക് മാര്‍ക്‌സിസ്‌റ്റ് ആയി തുടരാനാവില്ല എന്നുമാത്രം.
സോഷ്യലിസ്‌റ്റ് അപചയവും നവലിബറലിസവും ചേര്‍ന്ന് ജന്മം നല്‍കിയ ഉത്തരാധുനികതയുടെ രാഷ്‌ട്രീയവും സാംസ്‌ക്കാരികവുമായ ഉള്ളടക്കം എന്താണ്...?
സ്വത്വവാദത്തെയും അതുപോലെ തന്നെ ഉത്തരാധുനികതയെയും സാമ്രാജ്യത്വ ഗൂഡാലോചന എന്ന നിലയില്‍ സാമാന്യവത്കരിയ്‌ക്കുന്നത് ശരിയല്ല. ഞാനാദ്യം സൂചിപ്പിച്ചതുപോലെ 1970കളില്‍ രണ്ടുമൂന്ന് കാര്യങ്ങള്‍ ലോകത്ത് ഉണ്ടാവുന്നുണ്ട്. ഒന്ന് അമേരിക്കയിലെ പ്രതിഷേധപ്രസ്ഥാനങ്ങള്‍ എന്ന നിലയ്‌ക്കുള്ള സ്വത്വപ്രസ്ഥാനങ്ങളുടെ വരവാണ്, രണ്ടാമതായി, വിയറ്റ്നാം വിരുദ്ധസമരം. അത് മുഖ്യമായും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്. മൂന്ന് 1968 ലെ ഫ്രഞ്ച് വിദ്യാര്‍ത്ഥികലാപം. ഈ മൂന്ന് സംഭവവികാസങ്ങളും ആ കാലഘട്ടത്തിലെ രാഷ്‌ട്രീയമാനത്തെ രൂപപ്പെടുത്തിയ സുപ്രധാനവിഷയങ്ങളാണ്. ഈ മൂന്ന് സംഗതികളിലും തൊഴിലാളിവര്‍ഗ്ഗത്തിന് കാര്യമായൊരു മേല്‍ക്കൈ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒന്നുകില്‍ വിദ്യാര്‍ത്ഥികള്‍ അല്ലെങ്കില്‍ പാര്‍ശ്വവത്കൃതവിഭാഗങ്ങള്‍... ഇവരുടെ നേതൃത്വത്തിലാണ് ആ സമരങ്ങള്‍ എല്ലാം ഉയര്‍ന്നു വന്നത്.
ഈ സമരങ്ങളാണ് സാമ്രാജ്യത്വത്തിനെതിരായുള്ള സമരങ്ങളായി അന്ന് മാറിയത്. അതുമാത്രവുമല്ല, ഈയൊരു പ്രത്യേക ഘട്ടത്തില്‍ രണ്ടാം ലോക യുദ്ധാനന്തരം കിട്ടിയ സൈനിക-സാമ്പത്തിക വളര്‍ച്ച അമേരിക്കന്‍സമൂഹത്തെ പൊതുവില്‍ ഒരു സമ്പന്നമായ സമൂഹമാക്കി തീര്‍ത്തു. ആ സമ്പത്തിന്റെ ചില ഗുണവശങ്ങള്‍ അവിടെയുള്ള തൊഴിലാളിവര്‍ഗ്ഗവിഭാഗത്തിന് കിട്ടുകയും ചെയ്‌തു. അതോടുകൂടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ, കൂടുതല്‍ മധ്യവര്‍ഗ്ഗവത്ക്കരണം ഒരു ഭാഗത്ത് നടന്നു. ഒപ്പം തൊഴിലാളിയുടെതായ ഒരു വിമര്‍ശനശേഷിയോ പ്രതികരണശേഷിയോ പതുക്കെ പതുക്കെ കുറഞ്ഞ് വരുന്ന സാഹചര്യവുമുണ്ടായി. മറുഭാഗത്ത് വിദ്യാര്‍ത്ഥികളുടെയും കറുത്തവരുടെയും പ്രസ്ഥാനങ്ങളും, ഗേ, ലെസ്‌ബിയന്‍ മൂവ്മെന്റുകളുടെയും വലിയ സമരമുഖങ്ങള്‍ ഉയര്‍ന്നുവന്നു... അങ്ങനെ വന്നപ്പോള്‍ മൂലധനത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള സമരങ്ങളുടെ നേതൃപദവിയില്‍ നിന്ന് തൊഴിലാളികളും തൊഴിലാളിപ്രസ്ഥാനങ്ങളും പതുക്കെ പിറകോട്ട് പോയതായി കാണാം. ഇത്തരമൊരന്തരീക്ഷം 70-80കളില്‍ യൂറോപ്പിലും അമേരിക്കയിലും രൂപപ്പെടുന്നുണ്ട്. ഇതൊരു കാരണമാണ്.
പിന്നീട് 80-90 കാലഘട്ടമാകുമ്പോഴേക്ക് ഉത്തരാധുനികതയുടെ ചില ആശയാവലികള്‍, അതായത് ഓരോ സമൂഹങ്ങളും സാമൂഹ്യവിഭാഗങ്ങളും ഒറ്റയൊറ്റയായ വിഭാഗങ്ങളാണ്; അവര്‍ക്കെല്ലാം ഒറ്റയൊറ്റയായേ നിലനില്‍ക്കാന്‍ പറ്റൂ; അല്ലാതെ എല്ലാംകൂടി ചേരുന്ന വര്‍ഗ്ഗം എന്നൊരു സങ്കല്‍പം, ആധിപത്യപരമാണ്, സമഗ്രാധിപത്യപരമാണ്; അതുകൊണ്ട് അതൊന്നും നിലനില്‍ക്കുന്നതല്ല; എന്നുളള ആശയങ്ങള്‍ വന്നു. ജനാധിപത്യം എന്നു പറയുന്നത് ബഹുസ്വരാത്‌മക സമൂഹമാണ്. കേന്ദ്രീകൃത ആധിപത്യത്തിനെതിരെ, കേന്ദ്രീകൃതമായൊരു ചെറുത്ത്നില്‍പ് എന്ന യുക്‌തിയെ അപ്പാടെ തള്ളിക്കളയുന്ന പ്രവണത വന്നു! ഒറ്റയൊറ്റയായ ഗ്രൂപ്പുകളാണ് വേണ്ടത് എന്ന ഒരു സൈദ്ധാന്തിക സമീപനം തന്നെ ഉണ്ടായി. ഈ സൈദ്ധാന്തികസമീപനത്തെ തുടര്‍ന്ന് 90കളില്‍ പോസ്‌റ്റ്-മാര്‍ക്‌സിസത്തിന്റെ പല ആശയങ്ങളും ഉയര്‍ന്നു വന്നു.
പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് ആയ ഷന്റാല്‍ മൌഫ് പറയുന്നത്, ലിബറല്‍ ജനാധിപത്യത്തിനകത്ത് വിവിധ വിഭാഗങ്ങള്‍ക്ക് കൃത്യമായ ഇടം കിട്ടുന്നതിന് വേണ്ടിയുള്ള സമരങ്ങളെ ഇടതുപക്ഷം പിന്തുണക്കണമെന്നാണ് വളരെ കൃത്യമാണ് ലക്ഷ്യം. ലിബറല്‍ ജനാധിപത്യം വര്‍ഗ്ഗതലത്തില്‍ രൂപപ്പെട്ടിരിക്കുന്ന സംവിധാനമല്ല. അതൊരു വര്‍ഗ്ഗപരമായ ഘട്ടവും അല്ല... മറിച്ച് അതൊരു തരം Absolute Space ആണ് ! അതുകൊണ്ട് അതിനകത്തുള്ള ഇടങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ പിന്തുണച്ച് ശക്‌തിപ്പെടുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് - അല്ലാതെ ലിബറല്‍ ഡെമോക്രസിയെ മറ്റൊരു വര്‍ഗ്ഗരൂപം മാത്രമായി കാണുന്നത് ശരിയല്ലെന്നാണ് മൌഫിനെ പോലുള്ളവര്‍ പറയുന്നത്. അപ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം ഒരര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഒരു പരിസമാപ്‌തി പോലെയാണ് 'ലിബറല്‍ ഡമോക്രസി' എന്നു പറയുന്നത്. അതുകൊണ്ട് അതിനകത്തുള്ള, (ലിബറല്‍ ഡമോക്രസിക്ക് അകത്തുള്ള) വിനിമയങ്ങള്‍ (engagements) മതി, അതിനായുള്ള ഒത്തു തീര്‍പ്പുകള്‍ മതി. ഇത്തരം വാദങ്ങള്‍ പോസ്‌റ്റ് മാര്‍ക്‌സിസത്തിന്റെ കീഴില്‍ ഉയര്‍ന്നു വന്നു. ഇതെല്ലാംകൂടി ചേര്‍ന്ന ഒരു അന്തരീക്ഷത്തിലാണ് വളരെ തീഷ്‌ണമായ സ്വത്വവാദങ്ങള്‍ മേല്‍ക്കൈ നേടിയത്.
ഇവിടെയുള്ള ഒരു പ്രത്യേകത മൂലധനത്തിന് ഇത്തരം ചെറുകിടമായ രൂപങ്ങളൊക്കെ പൊതുവെ സ്വീകാര്യമാണ് എന്നതാണ്. കാരണം അതിന് തമ്മില്‍തമ്മില്‍ ഏറ്റുമുട്ടാനല്ലാതെ, വൈരുദ്ധ്യങ്ങളെ പരിഹരിച്ച് മൂലധനത്തെ അട്ടിമറിക്കാന്‍ പോന്ന ഒരു നിര്‍ണ്ണായക, എതിര്‍ ശക്‌തിയാകാനായി കഴിയില്ല. മൂലധനാധിനിവേശത്തെ അട്ടിമറിക്കാനോ പ്രതിരോധിക്കാനോ കഴിയുന്ന ശക്‌തിയായി തീരാന്‍ ഈ ഗ്രൂപ്പുകള്‍ക്കൊന്നും കഴിയില്ല... അതിന്റെ ഉള്ളടക്കം തന്നെയാണ് അതിന്റെ കാരണം. എന്താണെന്നു വെച്ചാല്‍, ഓരോ സ്വത്വസ്ഥാനങ്ങളും ഓരോ നിലയ്‌ക്ക് പരിപൂര്‍ണ്ണമാണ്. അതുകൊണ്ട് തന്നെ മറ്റൊന്നിനെ അതിന് പുറം തള്ളേണ്ടിവരും... ഒഴിവാക്കേണ്ടിവരും. നിങ്ങളെയും കൂടി ഉള്‍പ്പെടുത്തി എനിക്ക് എന്നെ നിര്‍വ്വചിക്കാന്‍ പറ്റില്ല. ഇതൊരു പ്രശ്‌നമാണ്, അതുകൊണ്ട് പരസ്‌പരം വര്‍ജ്ജകമായിട്ടുള്ള, പരസ്‌പരം തള്ളിപ്പറയുന്നതായ തലത്തിലേ ഈ സ്വത്വങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റൂ. ഇവ തമ്മിലുള്ള ഐക്യവും ബഹുത്വവും വരുന്നുണ്ട് എന്ന്... വേണമെങ്കില്‍ വാദിക്കാമെന്നു മാത്രം!
ലളിതമായ ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ മതാത്‌മകസ്വത്വത്തിന് വേണ്ടിയുള്ള വാദവും ലിംഗനീതിപരമായ സ്വത്വത്തിനുവേണ്ടിയുള്ള വാദവും ഉണ്ടെന്ന് കരുതുക. ഇതില്‍ സ്‌ത്രീവാദമെന്നത് ലിംഗനീതിയ്‌ക്ക് വേണ്ടിയാണല്ലോ നിലകൊള്ളുക. അപ്പോള്‍ മതാത്‌മക സ്വത്വബോധവും സ്‌ത്രീയുടെ സ്വത്വബോധവും തമ്മില്‍ സ്വത്വപ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ ചേര്‍ന്നുനിന്നാല്‍ അവയ്‌ക്ക് തമ്മില്‍ ഏറ്റുമുട്ടേണ്ടിവരും. കാരണം ലോകത്ത് ഏതെങ്കിലും, ഒരു മതാത്‌മകസ്വത്വം സ്‌ത്രീനീതിയെ അംഗീകരിച്ചിട്ടില്ല. ഇവിടെയുള്ള ഇസ്ളാമികസ്വത്വവാദികളായ ആരും തന്നെ സ്‌ത്രീകളുടെ സാമൂഹിക-രാഷ്‌ട്രീയ രംഗപ്രവേശത്തെയോ, വിദ്യാഭ്യാസത്തെയോ പൊതുജീവിതത്തെയോ മനസ്സാ അംഗീകരിയ്‌ക്കുന്നവരല്ല... പിന്നെ നിവൃത്തികേടുകൊണ്ട് തെരഞ്ഞെടുപ്പിനൊക്കെ ആളുകളെ നിറുത്തുന്നുണ്ടാവും, പക്ഷെ താത്വികമായി അവര്‍ യോജിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ രണ്ട് സ്വത്വപ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് കീഴ്പ്പെട്ടവരുടെ ഐക്യമോ ഇരകളുടെ ഐക്യമോ ഒന്നുംതന്നെ സാധ്യമല്ല. കാരണം അവര്‍ തമ്മില്‍ തമ്മിലുള്ള വൈരുദ്ധ്യം അവര്‍ക്കു തന്നെ പരിഹരിക്കാന്‍ പറ്റില്ല.
നവോത്ഥാനകാലത്തെ സമുദായസങ്കല്‍പ്പവും ഇപ്പോഴത്തെ സ്വത്വവാദവും തമ്മില്‍ പൊരുത്തമുണ്ടോ?
ഇതിന് നവോത്ഥാനത്തിലെ സമുദായസങ്കല്‍പവുമായി അടിസ്ഥാനപരമായി അന്തരമുണ്ട്. കാരണം നവോത്ഥാനത്തിലെ ജാതിസങ്കല്‍പം എന്നു പറയുന്നത് ജാതിസ്വത്വമല്ല. ജാതിയില്‍ നിന്ന് സമുദായസ്വത്വത്തിലേക്ക് പ്രേഷണം (Transition) ചെയ്യലായിരുന്നു . സമുദായമെന്നത് അവിടെ ജാതിവിമര്‍ശനത്തിനുള്ള ഒരു സ്ഥാനമാണ്. ജാതിയില്‍ നിന്നുതന്നെയാണ് തുടങ്ങിയതെങ്കിലും, ജാതിവിമര്‍ശനമാണത്. ഇപ്പോഴുള്ള സ്വത്വവാദം ജാതി വിമര്‍ശനമല്ല... ജാതിയുടെ ദൃഡീകരണമാണ്. അതുകൊണ്ട്തന്നെ ഈ ജാതിസ്വത്വത്തെ പഴയ സമുദായസ്വത്വമായി കണ്ടിട്ട് കാര്യമില്ല. അതുകൊണ്ടാണ് പുതിയ എസ്.എന്‍.ഡി.പി' എന്നു പറയുന്നത്. മുന്‍പ് ജാതിയില്‍ നിന്നല്ലേ തുടങ്ങിയത് എന്നു ചോദിയ്‌ക്കാം.... ആണ്. പക്ഷെ മുന്‍പ് ജാതിയില്‍ നിന്ന് തുടങ്ങിയത് സമുദായസ്വത്വത്തിലേക്ക് വളര്‍ന്നിരുന്നു. ഇന്ന് ഈ സമുദായസ്വത്വത്തെ തിരിച്ച് ജാതിസ്വത്വമാക്കുകയാണ് ചെയ്യുന്നത്. ജാതിസ്വത്വമാക്കുമ്പോള്‍ സ്വാഭാവികമായി നിങ്ങള്‍ക്ക് ഇതര ജാതിസ്വത്വങ്ങളോട് യുദ്ധം തുടങ്ങേണ്ടിവരും... അവരെ വര്‍ജ്ജിക്കേണ്ടിവരും. ഇങ്ങനയൊരു സ്ഥിതി രൂപപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ട് തന്നെയാണ് മൂലധനം ഇത്തരം ആശയങ്ങളെ വന്‍തോതില്‍ പിന്തുണയ്‌ക്കുന്നത്. ഇതിനെ മുന്‍നിര്‍ത്തി മറ്റ് ഇടതുപക്ഷ കൂട്ടായ്‌മകളെയൊക്കെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ!
സോഷ്യലിസ്‌റ്റ് തകര്‍ച്ച ലക്ഷ്യമാക്കി റൊണാള്‍ഡ് റീഗന്റെ കാലത്ത് ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്ന സിദ്ധാന്തമാണ് ഉത്തരാധുനികതയും സ്വത്വരാഷ്‌ട്രീയവും എന്നൊരു നിരീക്ഷണമുണ്ട്...
അല്ല... അത്തരം വാദങ്ങള്‍ ലളിതവത്കൃതവും ഉപരിപ്ളവുമാണെന്നാണ് എന്റെ തോന്നല്‍, ഉത്തരാധുനികതയുടെ പല ആശയങ്ങളും സ്വത്വവാദവുമെല്ലാം അതിന്റെ ആദ്യഘട്ടങ്ങളില്‍ വ്യവസ്ഥകള്‍ക്ക് എതിരായിട്ടുള്ള വിമര്‍ശനങ്ങളായി തന്നെയാണ് ഉയര്‍ന്നുവന്നത്. അവയ്‌ക്ക് ഇപ്പോഴും ആ വിമര്‍ശനമൂല്യമുണ്ട്. അതുകൊണ്ടാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പ്രധാനമാണെന്ന് പറയുന്നത്. ഉദാഹരണത്തിന് മൂന്നാംലിഗത്തിന്റെ പ്രശ്‌നം, ആണ് പെണ്ണ് എന്നുള്ള ലിംഗപദവിയിലല്ലാത്ത നിലയില്‍ ഒരാള്‍ നില്‍ക്കുമ്പോള്‍... ന്യൂനപക്ഷമാണ് അവര്‍ എന്നതുകൊണ്ട് അവര്‍ക്ക് അവകാശങ്ങളില്ലാതെ വരുന്നില്ല. ന്യൂനപക്ഷത്തിന് അവകാശമില്ല എന്നു പറഞ്ഞാല്‍ അത് ഫാഷിസമാണ്. ആ പ്രശ്‌നം നമ്മള്‍ മുഖവിലയ്‌ക്ക് എടുത്തിട്ടില്ലായിരുന്നു. അത്തരത്തിലുള്ള പല പ്രശ്‌നങ്ങളും യാഥാര്‍ത്ഥ്യമാണ്.... ആ യാഥാര്‍ത്ഥ്യത്തെ തന്നെയാണ് ഈ പ്രസ്ഥാനങ്ങള്‍ തുടക്കത്തില്‍ പ്രതിനിധാനം ചെയ്‌തത്. ഒരാള്‍ പറയുന്നു ഞാന്‍ ലിബറല്‍ ഡമോക്രസിയില്‍ വിശ്വസിക്കുന്നു, .....ഞാനൊരു ബൂര്‍ഷ്വാ ലിബറല്‍ ആണ്... ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ നമ്മള്‍ അയാളെ അക്കാര്യത്തിന്റെ പേരില്‍ ചീത്ത വിളിയ്‌ക്കുകയൊന്നും വേണ്ട. സ്വത്വവാദപ്രസ്ഥാനങ്ങള്‍ അവരുടെ പരിമിതമായ നിലയ്‌ക്ക് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയതില്‍ ഒരു ശരിയുണ്ട് എന്നര്‍ത്ഥം. പിന്നീട് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും വര്‍ഗ്ഗനിലപാടുകള്‍ക്കും ഒക്കെ എതിരായി 'ശരിയായ രാഷ്‌ട്രീയം അവരുടേതാണ് ' എന്ന് അവര്‍ വാദിയ്‌ക്കാന്‍ തുടങ്ങി; ആ വാദത്തെ ശക്‌തിപ്പെടുത്താന്‍ പോന്ന മട്ടില്‍ മൂലധനശക്‌തികളുടെ പിന്തുണ കിട്ടുകയും ചെയ്‌തു. ഈ രണ്ടു ഘടകങ്ങളും കൂടി വന്നതോടെയാണ് സ്വത്വപ്രസ്ഥാനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് രാഷ്‌ട്രീയമായി നിഷേധാത്‌മകമായ മാനം രൂപപ്പെടാന്‍ തുടങ്ങിയത്. കാരണം അതോടെയാണ് ഇത് കീഴ്പ്പെട്ടുപ്പോയവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള വാദം എന്നതിന് അപ്പുറം പോയി മൂലധനത്തെ പിന്തുണക്കുകയും മൂലധനവിരുദ്ധ സമരങ്ങളെ അകമേ നിന്ന് അട്ടിമറിയ്‌ക്കാന്‍ പറ്റുന്ന ഒരു വിപരീതപ്രസ്ഥാനത്തിന്റെ സ്വഭാവം കൈവരിയ്‌ക്കുകയും ചെയ്യുന്നത്. ആ ഘട്ടത്തിലാണ് ഇത് സാമ്രാജ്യത്വത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് നീങ്ങുന്നത്.
സോവിയറ്റ് റിപ്പബ്ളിക്കുകളിലും കമ്മ്യൂണിസ്‌റ്റ് യൂറോപ്യന്‍ ചേരികളിലും സാമ്രാജ്യത്വം ഉപയോഗിച്ച വംശീയത ഏതര്‍ത്ഥത്തിലാണ്...?
സോവിയറ്റ്റിപ്പബ്ളിക്കുകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന വംശീയവാദത്തിനു പിന്നില്‍ സാമ്രാജ്യത്വം തന്നെയാണുള്ളത്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. സ്വത്വവാദപരമായി ഉയര്‍ന്നുവന്ന എല്ലാ പ്രസ്ഥാനങ്ങളും ഒരുപോലെ ശരിയെന്നല്ല ഞാന്‍ പറഞ്ഞത്. ഞാന്‍ വ്യക്‌തിപരമായി കരുന്നത് സ്‌ത്രീപ്രസ്ഥാനങ്ങള്‍, അല്ലെങ്കില്‍ കീഴാളപ്രസ്ഥാനങ്ങള്‍ (Black movements), ലെസ്‌ബിയന്‍, ഗേ പ്രസ്ഥാനങ്ങള്‍ ഇതെല്ലാം വിശാലാര്‍ത്ഥത്തില്‍ മനുഷ്യാവകാശത്തിനവേണ്ടിയുള്ള പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു എന്നാണ്. അവയ്‌ക്ക് ചില പ്രസക്‌തികള്‍ ഉണ്ട്. അതേ സമയം ജാതിസ്വത്വത്തിനും മതസ്വത്വത്തിനും വേണ്ടിയുള്ളവ നിശ്ചയമായും പിന്തിരപ്പനാണ്... സാമൂഹ്യവിരുദ്ധമാണ്. ഇതില്‍ മത-വംശീയ സ്വത്വങ്ങളെ ഉപയോഗപ്പെടുത്തികൊണ്ടാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ മുഴുവന്‍ പിളര്‍ത്താനും ഭിന്നിപ്പിക്കാനും സാമ്രാജ്യത്വത്തിന് പറ്റിയത്. അവിടെ മറ്റു പ്രശ്‌നങ്ങളൊന്നും വരുന്നില്ല. സ്ളോവാക്യക്കാരനെയും ചെക്ക്കാരനെയും തമ്മില്‍ പകരം അടിപ്പിക്കുക... ജോര്‍ജിയയില്‍ എത്ര വംശീയ വിഭാഗങ്ങളുണ്ടോ അവരെയൊക്കെ തമ്മില്‍ തമ്മില്‍ അടിപ്പിക്കുക.... എന്നിട്ട് ഓരോ റിപ്പബ്ളിക്കിനെയും അഞ്ചും ആറും കഷണങ്ങളാക്കി തകര്‍ക്കുക... അങ്ങിനെ തകര്‍ത്തു കഴിഞ്ഞാല്‍ പിന്നെ മൂലധനത്തിനും സാമ്രാജ്യത്വതാല്‍പര്യങ്ങള്‍ക്കും അവിടെ സുഗമമായ വേരോട്ടം കിട്ടും. ഒരു വലിയ രാഷ്‌ട്രത്തെ നിങ്ങള്‍ പതിനഞ്ച് കഷണങ്ങളാക്കുമ്പോള്‍ ഈ പതിനഞ്ച് സ്ഥലങ്ങളില്‍ നിങ്ങളുടെ ആധിപത്യം ഉറയ്‌ക്കും. പഴയ കിഴക്കന്‍ യൂറോപ്യന്‍ റിപ്പബ്ളിക്കുകളും, സോവിയറ്റ് യൂണിയനും അമേരിക്കയുടെ പലതരത്തിലുള്ള കുത്തിതിരുപ്പുകള്‍ക്ക് വിധേയമായിക്കൊണ്ടിരിയ്‌ക്കുകയാണ്. ഇപ്പോള്‍ ഏറ്റവും അടുത്ത് കിര്‍ഗിസ്ഥാനിലെ കലാപം വരെ അമേരിക്ക സ്‌പോണ്‍സര്‍ ചെയ്‌തതാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. അത് വംശീയസ്വത്വത്തിന്റെ പ്രശ്‌നമായാണ് പുറത്തുവന്നതെങ്കിലും..
ഉത്തരാധുനികതയിലെ മാര്‍ക്‌സിസ്‌റ്റ് വിരുദ്ധത, സൈദ്ധാന്തികമായി തന്നെ പുറത്തുകൊണ്ടുവന്ന ആളാണല്ലോ ഫ്രെഡറിക് ജെയിംസണ്‍. ഇന്ത്യന്‍ ഇടതുപക്ഷം ജെയിംസനെ വേണ്ട പോലെ മനസ്സിലാക്കിയിട്ടില്ലന്നുണ്ടോ?
അത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മാത്രം ഒരു പ്രശ്‌നമല്ല. കുറച്ചുകൂടി വ്യാപ്‌തിയുള്ളൊരു ദാര്‍ശനികപ്രശ്‌നം അതിനകത്ത് അടങ്ങിയിരിയ്‌ക്കുന്നുണ്ടെന്നാണ് എനിയ്‌ക്ക് തോന്നുന്നത്. ലോകമെമ്പാടും മുഖ്യധാരാ മാര്‍ക്‌സിസം, മാര്‍ക്‌സിസത്തെ ഒരു സ്‌റ്റാലിനിസ്‌റ്റ് ചട്ടക്കൂട്ടിനകത്ത് വെച്ചാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് സോവിയറ്റ് യൂണിയനില്‍ നടന്ന രാഷ്‌ട്രനിര്‍മ്മാണവും അതിന്റെ സാങ്കേതിക-സാമൂഹിക സജ്ജീകരണങ്ങളും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനസ്വഭാവമാണ് എന്ന ഒരു ധാരണയാണ് ലോകം മുഴുവന്‍ വല്ലാതെ ഉറച്ചുപോയത്. വാസ്‌തവത്തില്‍ മാര്‍ക്‌സിസം എന്നു പറയുന്നത് മുതലാളിത്ത വിമര്‍ശനത്തില്‍ അധിഷ്ഠിതമാണ്. മൂലധനവിമര്‍ശനവും മുതലാളിത്തവിമര്‍ശനവും കയ്യൊഴിഞ്ഞാല്‍ മാര്‍ക്‌സിസമില്ല. സ്വത്വരാഷ്‌ട്രീയം മാര്‍ക്‌സിസ്‌റ്റ് അല്ലാതാവുന്നത് അടിസ്ഥാനപരമായി അതിന് ഈ വിമര്‍ശനമില്ലാത്തതുകൊണ്ടാണ്. മൂലധനവിമര്‍ശനം അതിന്റെ കേന്ദ്രത്തിലില്ല, എന്നതുകൊണ്ടാണ്.
മുതലാളിത്ത ആധുനികതയെ തങ്ങളുടെ ലക്ഷ്യമാക്കുകയാണ് മാര്‍ക്‌സിസ്‌റ്റുകള്‍ ചെയ്‌തതെന്ന് പറയാമോ?
മുതലാളിത്തഉത്പാദനം, വ്യവസായവത്കരണം, ദേശരാഷ്‌ട്രത്തിന്റെ രൂപീകരണം വ്യക്‌തിഗത പൌരത്വം, ആധുനികശാസ്‌ത്രം, അച്ചടി, കോളനിവത്ക്കരണം, ഇതെല്ലാം കൂടിച്ചേര്‍ന്ന്, ഇവയൊക്കെ തമ്മില്‍ തമ്മില്‍ പരസ്‌പരം ബന്ധപ്പെട്ടുണ്ടായ വലിയൊരു ബന്ധവ്യവസ്ഥയാണ് ആധുനികത. അതിന്റെ കേന്ദ്രത്തില്‍ നിശ്ചയമായും മുതലാളിത്തമുണ്ട്. മുതലാളിത്തകേന്ദ്രീകൃതമാണ് ആധുനികത എന്നാണ് മാര്‍ക്‌സിസ്‌റ്റ് കാഴ്‌ച്ചപ്പാട്. അതുകൊണ്ട് ആധുനികത മാര്‍ക്‌സിസത്തെ സംബന്ധിച്ച് മുതലാളിത്ത ആധുനികതയാണ്. പക്ഷെ മറ്റു പലയാളുകളും മുതലാളിത്തത്തെ ആധുനികതയുടെ കേന്ദ്രമായിട്ട് കാണുന്നില്ല. അവര്‍ സ്വതന്ത്രവ്യക്‌തിയെ കാണുന്നുണ്ട്, ദേശരാഷ്‌ട്രത്തെ കാണുന്നുണ്ട്, പലതിനെയും കാണുന്നുണ്ട്. ഞാന്‍ പറയുന്നത് ആധുനികത മുതലാളിത്ത കേന്ദ്രീകൃതമാണ് എന്നതുകൊണ്ട് തന്നെ, മുതലാളിത്തത്തെ വിമര്‍ശിക്കുക എന്നു പറഞ്ഞാല്‍ വിശാലാര്‍ത്ഥത്തില്‍ അത് ആധുനികതാവിമര്‍ശമാണ്. മുതലാളിത്തം നിലനിന്നുപോവണമെങ്കില്‍ ആധുനികതയുടെ ഇതരഘടകങ്ങളില്ലാതെ പറ്റില്ല. ദേശരാഷ്‌ട്രമില്ലാതെ നിങ്ങള്‍ക്ക് വലിയ കമ്പോളമുണ്ടാക്കാന്‍ പറ്റില്ല. ദേശരാഷ്‌ട്രമെന്നത് വലിയ കമ്പോളങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ്. അല്ലാതെ വെറുതെ ഒരു ദേശീയത ഉണ്ടായി വരില്ല. അതുപോലെ തന്നെയാണ് സ്വതന്ത്രപൌരത്വം. എന്റെ അദ്ധ്വാനത്തിന്റെ ഉടമാവകാശം എനിയ്‌ക്ക് തന്നെയാണ് എന്ന് വന്നാലാണ് മുതലാളിത്തത്തിന് അത് കമ്പോളത്തില്‍ വിലപേശി വാങ്ങാന്‍ കഴിയുക. അങ്ങനെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ അധ്വാനശേഷി, അവരവര്‍ക്ക് തന്നെ വിറ്റഴിക്കാന്‍ പറ്റാവുന്ന രീതിയിലാവുമ്പോഴാണ് തൊഴില്‍കമ്പോളം ഉണ്ടാവുക. അപ്പോഴാണ് നിങ്ങള്‍ക്ക് വില തന്ന് എന്റെ അദ്ധ്വാനം വാങ്ങാനാവുക. എന്റെ അദ്ധ്വാനം വിലയ്‌ക്കു വാങ്ങുവാന്‍ കഴിയുമ്പോഴാണ് മുതലാളിത്ത ഉത്പാദനത്തിന് മുന്നോട്ട് പോകാന്‍ കഴിയുക. അതുകൊണ്ട് ഈ സ്വതന്ത്രകര്‍തൃത്വം എന്നു പറയുന്നത്, ദേശരാഷ്‌ട്രം, എന്ന് പറയുന്നത്, വ്യവസായവത്ക്കരണം എന്നു പറയുന്നത്... ഇതൊന്നും മുതലാളിത്തത്തിന് പുറത്തുള്ളതല്ല. മാര്‍ക്‌സിസത്തിന്റെ യാന്ത്രികവാദപരമായ കാഴ്‌ച്ചപ്പാടില്‍ ഇതെല്ലാം മുതലാളിത്തത്തിനപ്പുറത്തായി എന്നുമാത്രം. പിന്നെ വിമര്‍ശനം മുഴുവനും മുതലാളിത്തത്തിനോട് മാത്രമായി!
മുതലാളിത്തം അങ്ങനെ ഒറ്റതിരിഞ്ഞ ഒരു ഘടകമല്ല. ഒരു ഘടനയാണ്! ആധുനികതയുടെ വിപുലമായ ഘടനയ്‌ക്ക് അകത്താണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത്. വ്യക്‌തികളെയും ദേശരാഷ്‌ട്രത്തെയും ശാസ്‌ത്രത്തെയും വ്യവസായത്തെയും... ഒക്കെ ഇല്ലാതാക്കിയിട്ട് നിങ്ങള്‍ക്ക് മുതലാളിത്തത്തെ മാത്രം നിലനിര്‍ത്താന്‍ പറ്റില്ല. ഞാന്‍ പറഞ്ഞുവന്നത് മാര്‍ക്‌സിസം അതിന്റെ വിശാലാര്‍ത്ഥത്തില്‍ ആധുനികതാവിമര്‍ശനം കൂടിയാണ് എന്നാണ്. പക്ഷെ ആധുനികതയുടെ മൂല്യങ്ങളില്‍ പലതിനെയും അത് അംഗീകരിക്കുന്നുണ്ട്, ഉള്‍ക്കൊള്ളുന്നുണ്ട് എന്നു മാത്രം.
ഇതൊരു വൈരുദ്ധ്യമല്ലേ എന്ന ചോദ്യയമുയരുന്നുണ്ട്.
ചരിത്രത്തിന്റെ ഒരു സന്ദര്‍ഭത്തെ ഒരൊറ്റ കല്ലില്‍ കൊത്തിയെടുത്ത ഒരു ശില്‍പം പോലെ കാണുമ്പോഴാണ് ആധുനികതയെ വിമര്‍ശിക്കുകയും ആധുനികതയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യം ഉണ്ടോ എന്ന് സംശയം തോന്നുന്നത്. ആധുനികത എന്നു പറഞ്ഞാല്‍ തന്നെ വൈരുദ്ധ്യാത്‌മകമാണ്. ഈ ആധുനികതയാണ് ജനാധിപത്യത്തിന്റെ മൂല്യങ്ങളെ കൊണ്ടുവന്നത്... ആധുനികതയാണ് സ്വാതന്ത്ര്യമെന്ന സങ്കല്‍പത്തെ സാമൂഹ്യജീവിതത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചത്. ഈ ആധുനികതയാണ് പുരോഗതിയെക്കുറിച്ചുള്ള ആശയങ്ങള്‍ കൊണ്ടുവന്നത്... മതനിരപേക്ഷതയെ കുറിച്ചുള്ള ആശയങ്ങള്‍ കൊണ്ടുവന്നത്... പക്ഷെ ഇതേ ആധുനികതയുടെ മറുവശത്താണ് ഫാസിസം ഉണ്ടായത്... ഇതേ ആധുനികതയിലാണ് പ്രാദേശികസമൂഹങ്ങളെ അമര്‍ച്ച ചെയ്‌തുകൊണ്ട് ദേശരാഷ്‌ട്രങ്ങള്‍ ഉയര്‍ന്നുവന്നത്... ഇങ്ങനെ വരുമ്പോള്‍ഇതില്‍ ഏതാണ് ആധുനികത എന്ന് ചോദിച്ചാല്‍ മേല്‍പറഞ്ഞ രണ്ടുമാണ് എന്നാണ് ഉത്തരം. അതുകൊണ്ട് ആധുനികതയെ യാന്ത്രികമായി ഏതെങ്കിലും ഒന്നിനോട് മാത്രം ചേര്‍ത്തു വെയ്‌ക്കേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞത് ആധുനികത അതില്‍ തന്നെ പരസ്‌പരവിരുദ്ധമാണ്; അല്ലെങ്കില്‍ വൈരുദ്ധ്യാത്‌മകമാണ് എന്നാണ്. ഈ വൈരുദ്ധ്യാത്‌മകതയോടുള്ള മാര്‍ക്‌സിസ്‌റ്റ് പ്രതികരണമാണ്, അതിനെ ആധുനികതാവിമര്‍ശനം ആക്കുന്നതും ആധുനികതയുടെ മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാക്കുന്നതും. ഇതില്‍ ആധുനികതാവിമര്‍ശനമെന്ന ഘടകത്തെ നമ്മള്‍ വേണ്ടത്ര കണ്ടില്ല.
മുതലാളിത്തത്തിന്, മനുഷ്യനും, മാനവികതയും, സ്വാതന്ത്ര്യവും എല്ലാം അവരുടെ ലോകനിര്‍മ്മിതിക്കുള്ള ഇഷ്‌ടികകള്‍ മാത്രമാണ് എന്ന് വരുമോ?
ആധുനികതയെക്കുറിച്ച് പറയുമ്പോള്‍ നാം പലപ്പോഴും 'മാനവവാദം', 'മനുഷ്യന്‍' എന്നൊക്കെ പറയുമല്ലോ... മാര്‍ക്‌സ് കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞിട്ടുണ്ട് 'ബൂര്‍ഷ്വാസി സ്വന്തം മാതൃകയിലാണ് ലോകത്തെ നിര്‍മ്മിക്കുക.' എന്ന് അതിന്റെ അര്‍ത്ഥം മനുഷ്യന്‍ എന്നു പറയുമ്പോള്‍ ബൂര്‍ഷ്വാസി അതില്‍ എല്ലാ മനുഷ്യരെയും ഉള്‍പ്പെടുത്തിയിട്ടല്ല എന്നാണ്. 'ബൂര്‍ഷ്വാ മനുഷ്യരെ' മാത്രം ഉള്‍പ്പെടുത്തിയിട്ടാണ് അത് നിര്‍മ്മിക്കുന്നത്. അതില്‍ ആദിവാസി പെടില്ല. കറുത്തവന്‍ ഉള്‍പെടില്ല. അതിനകത്ത് പെടുന്നത് യൂറോപ്യനായിട്ടുള്ള, പാശ്ചാത്യനാഗരികതയുടെ പ്രതിനിധയായിട്ടുള്ള മനുഷ്യരെയാണ്, ഇത് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചതാണ്.
ഇതിലും ഗംഭീരമായിട്ടുള്ള ഒരു നിരീക്ഷണം 'ഗ്രുണ്‍ഡ്രിസ്സെ' (Grundrisse) യില്‍ ഉണ്ട്. ഇവിടെ പറയുന്നുണ്ട് "World history has never existed; history as world history a result....) ...''എന്നാണ്. ലോകചരിത്രം എന്നൊന്ന് നിലനിന്നിട്ടില്ല. ഉള്ള ചരിത്രം ലോകത്തിന്റെ ചരിത്രമായി എന്നുള്ളതാണ് ! അപ്പോള്‍ "ലോകത്തിന്റെ ചരിത്രം'' എന്നു പറയുന്നത് അപ്പോഴുള്ള ചരിത്രമാണ്... അതാണെങ്കില്‍ യൂറോപ്പിന്റെ ചരിത്രമാണ്. ഗ്രീസില്‍ തുടങ്ങി റോമില്‍ വളര്‍ന്ന് പിന്നെ യൂറോപ്പില്‍ മണ്ണടിഞ്ഞ് കിടന്ന് പിന്നെ വീണ്ടും അവിടെ പുനര്‍ജനിച്ച് നവോത്ഥാനം വഴി വിജ്ഞാനം വളര്‍ന്ന് വളര്‍ന്ന് വന്നു എന്നാണല്ലോ പറയുന്നത്. ഇതാണ് കോളനീകരണത്തിന്റെ ജ്ഞാനസമീക്ഷ.
ഞാന്‍ പറയുന്നത് പോസ്‌റ്റ് മോഡേണ്‍ ആശയങ്ങള്‍ മാര്‍ക്‌സിസത്തിനകത്ത് കൊണ്ടുപോയി കുത്തിക്കയറ്റുകയൊന്നും വേണ്ടെന്നാണ്. മാര്‍ക്‌സിസത്തിനകത്ത് അടിസ്ഥാനപരമായി ആധുനികതയുടെ വിമര്‍ശനം ഉണ്ട്. ആധുനിക രാഷ്‌ട്രരൂപീകരണത്തിന്റെ കാലത്താണ് സോവിയറ്റ് യൂണിയനില്‍ മാര്‍ക്‌സിസം പ്രബലമായത് എന്നതുകൊണ്ട് മാര്‍ക്‌സിസം തന്നെ ഒരാധുനിക രാഷ്‌ട്രനിര്‍മ്മാണത്തിന്റെയോ സാങ്കേതികതയുടെയോ ഒക്കെ യുക്‌തിയാണ് എന്നൊരു കാഴ്‌ചപ്പാട് പലപ്പോഴും അതില്‍ പ്രബലമായിട്ടുണ്ട്. ചുരുക്കം ചില സൈദ്ധാന്തികസമീപനങ്ങളിലോ ചിന്തകളിലോ ഒഴികെ മുഖ്യധാരാ ഇടതുപക്ഷരാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ അത്തരത്തിലുള്ളൊരു സമീപനം തന്നെയാണ് പിന്‍തുടര്‍ന്നത് എന്നാണ് എനിയ്‌ക്ക് തോന്നിയിട്ടുള്ളത്.
'മാര്‍ക്‌സിസം ഒരു സമഗ്രാധിപത്യമാണ്...' എന്നുളള ഉത്തരാധുനികരുടെയും സ്വത്വവാദികളുടെയും കാഴ്‌ചപ്പാട് രൂപപ്പെടുന്നതില്‍ സോഷ്യലിസ്‌റ്റ്പ്രയോഗത്തിലെ ജനാധിപത്യരാഹിത്യം കാരണമായിട്ടുണ്ടോ?
ഒരളവുവരെ ഉണ്ട്. കാരണം മാര്‍ക്‌സിസത്തിന് തന്നെ അതിന്റെ ആന്തരികശേഷി ഉപയോഗപ്പെടുത്താന്‍ പറ്റിയില്ല. ഒരു കാര്യം പറയാം. പരിസ്ഥിതിയെ പറ്റി ലോകത്ത് ആരും കാര്യഗൌരവത്തോടെ ചിന്തിക്കാത്ത ഒരു കാലത്താണ്, ഒന്നര നൂറ്റാണ്ട് മുമ്പാണ് മാര്‍ക്‌സും എംഗല്‍സും അതിനെ കുറിച്ച് അത്രയേറെ എഴുതിയത്. 'പ്രകൃതിയുടെ വൈരുദ്ധ്യാത്‌മകത'യില്‍ എംഗല്‍സ് നടത്തിയ നിരീക്ഷണങ്ങള്‍ ഇന്ന് നമ്മള്‍ വായിച്ചാല്‍ അത്ഭുതപ്പെട്ടുപോവും. അതില്‍ പറയുന്നുണ്ട്, "പ്രകൃതിയില്‍ നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഒന്നാമത്തെ ഫലം നിങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുമെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ഫലങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാത്തതും ഒന്നാമത്തെ നേട്ടത്തെ തട്ടികിഴിച്ചു കളയുന്നതും ആയിരിക്കും'' എന്ന്.
ഇന്നിപ്പോള്‍ നാം ആഗോളതാപനം എന്ന് പറയുന്നു. വ്യവസായവത്ക്കരണവും മുതലാളിത്തവത്ക്കരണവും നിര്‍മ്മിച്ചെടുത്ത കുതിപ്പിന്റെ ഫലമായി പാരിസ്ഥിതിക നാശത്തിലേക്കും പ്രതിസന്ധിയിലേക്കും ലോകം നീങ്ങുന്നു. ഇത് കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിന്റെ 'വളര്‍ച്ച' എന്നതിന്റെ വിപരീതഫലമാണ്. ഇതുപോലെ തന്നെ മാര്‍ക്‌സും പല നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്... "ഏതെങ്കിലും ഒരു ജനവിഭാഗമോ രാഷ്‌ട്രങ്ങളോ മനുഷ്യവംശം അപ്പാടെയോ ഈ പ്രകൃതിയുടെ ഉടമകളല്ല'' എന്ന്. നോക്കൂ മനുഷ്യവംശം അപ്പാടെ പോലും പ്രകൃതിയുടെ ഉടമകളല്ല...! എന്നിട്ട് മാര്‍ക്‌സ് പറയുന്നത് "നല്ലവനായ ഒരു കുടുംബനാഥനെ പോലെ തനിയ്‌ക്ക് കിട്ടിയ വിഭവങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ അടുത്ത തലമുറയ്‌ക്ക് കൈമാറുകയാണ് മനുഷ്യവംശം ചെയ്യേണ്ടത് '' എന്നാണ്. നിങ്ങള്‍ ഉപയോഗിച്ച് ചുട്ടുപൊട്ടിച്ച് തീര്‍ക്കുകയല്ല. മറിച്ച് മെച്ചപ്പെടുത്തി അടുത്ത തലമുറയ്‌ക്ക് കൈമാറുകയാണ് വേണ്ടത്. ഇതാണ് മനുഷ്യന്‍ പ്രകൃതിയില്‍ നടത്തേണ്ടത്.
മാര്‍ക്‌സിന്റെ മറ്റൊരു നിരീക്ഷണമുണ്ട്. "പ്രകൃതി മനുഷ്യന്റെ അഭൌതികശരീരമാണ്,'' അഭൌതിക ശരീരം എന്നാണ് പറയുന്നത്. അത് അങ്ങേയറ്റം വൈരുദ്ധ്യാത്‌മകമായ ഒരു സ്ഥാനമാണ്. നിങ്ങളുടെ ശരീരത്തിന്റെ തുടര്‍ച്ചയുണ്ട് പ്രകൃതിയില്‍. നമ്മള്‍ ഇപ്പുറത്തും പ്രകൃതി അപ്പുറത്തും എന്നാണ് നാം സാധാരണ കരുതുന്നത്. പ്രകൃതി അതാ അപ്പുറത്ത് നില്‍ക്കുന്നു. നിങ്ങള്‍ അത് നോക്കിക്കാണുന്നു. അങ്ങിനെയല്ല എന്നാണ് മാര്‍ക്‌സ് ഉറപ്പിച്ചു പറഞ്ഞത്. കാരണം നിങ്ങള്‍ പ്രകൃതിയില്‍ നിന്ന് എപ്പോള്‍ മാറിയോ അപ്പോള്‍ നിങ്ങളില്ല. നിങ്ങള്‍ ശ്വസിക്കുന്ന വായു പ്രകൃതിയാണ്... നിങ്ങള്‍ കുടിക്കുന്ന വെള്ളം പ്രകൃതിയാണ്. അപ്പോള്‍ ഇതിന്റെയെല്ലാം പുറത്തേയ്‌ക്ക് നിങ്ങള്‍ എപ്പോള്‍ നീങ്ങിയാലും നിങ്ങള്‍ അവസാനിച്ചു... പക്ഷെ അതേ സമയം പ്രകൃതിയെന്നത് നിങ്ങളല്ല. നിങ്ങളുടെ ശരീരം ഒരിടത്ത് അവസാനിച്ച്, വേറൊന്ന് തുടങ്ങുന്നുണ്ട്. അപ്പോള്‍ എന്തു സംഭവിയ്‌ക്കുന്നു... ഒരു തുടര്‍ച്ചയും ഒരു വിച്ഛേദവും ഉണ്ട്. ഇതിനെ രണ്ടിനെയും ചേര്‍ത്താണ് മാര്‍ക്‌സ് 'അഭൌതിക ശരീരം' എന്ന വാക്ക് കൊണ്ടുവരുന്നത്. മനുഷ്യന്‍ ഭൌതികശരീരമാണ്... പ്രകൃതി അഭൌതികശരീരമാണ്...
പക്ഷെ, അത്തരത്തിലുള്ള വൈരുദ്ധ്യാത്‌മക ധാരണകള്‍ അല്ല; മറിച്ച് പ്രകൃതി എന്നത് നമുക്ക് ചൂഷണം ചെയ്‌തവിഭവങ്ങള്‍ സമാഹരിച്ച് വളരാനുള്ളതാണ് എന്ന ഒരു വ്യവസായ മുതലാളിത്തത്തിന്റെ യുക്‌തിയാണ് പലപ്പോഴും മാര്‍ക്‌സിസ്‌റ്റ് വിചാരമായി മേല്‍ക്കൈ, നേടിയിട്ടുള്ളത്. ഇപ്പോള്‍, പക്ഷെ, മാര്‍ക്‌സിസത്തിനകത്ത് പാരിസ്ഥിതികബോധം വളരെ നന്നായിട്ട് കൈവന്നിട്ടുണ്ട്. എന്നാല്‍ പോലും പ്രകൃതി നിങ്ങള്‍ക്ക് പുറത്തുള്ള കാര്യമാണ് എന്നുള്ള ഒരു ധാരണ; ഒരു സൈദ്ധാന്തികമായ തെറ്റിദ്ധാരണ; നിലനില്‍ക്കുന്നുണ്ട്.
ലിംഗനീതിയിലും ഇത്തരത്തിലുള്ള മാര്‍ക്‌സിസ്‌റ്റ് നിരീക്ഷണങ്ങള്‍ പ്രബലങ്ങളാണല്ലോ.
'കുടുംബം, സ്വകാര്യസ്വത്ത് ഭരണകൂടം' എന്ന പുസ്‌തകത്തില്‍ എംഗല്‍സ് ഇക്കാര്യം വിശദമായി പരിഗണിച്ചിട്ടുണ്ട്. മാര്‍ക്‌സ് പറഞ്ഞത് 'ഒരു സമൂഹത്തിന്റെ മൊത്തം പുരോഗതിയുടെ, മാനദണ്ഡം ആ സമൂഹത്തിലെ സ്‌ത്രീകളുടെ പുരോഗതിയാണ് '' എന്നാണ്. ഇതൊക്കെ സ്‌ത്രീപ്രശ്‌നം പ്രബലമായി ഉയരുന്നതിന് എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങളാണ് !
പറഞ്ഞു വന്നത്; സ്‌ത്രീപ്രശ്‌നമായാലും പാരിസ്ഥിതികപ്രശ്‌നമായാലും പുറത്ത് നിന്ന് ഒരു അറിവ് നേടിയിട്ട് മാര്‍ക്‌സിസത്തെ നവീകരിക്കേണ്ട കാര്യമൊന്നുമില്ല. അതിനകത്ത് തന്നെ ഈ വിഷയങ്ങളുണ്ട്. പക്ഷെ ആ വിവരങ്ങള്‍ തിരിച്ചറിയപ്പെടുകയോ അതിനെ മുന്‍നിര്‍ത്തി മാര്‍ക്‌സിസം സ്വയം മനസ്സിലാക്കുകയോ ചെയ്‌തില്ല എന്ന പോരായ്‌മ ഉണ്ടായിട്ടുണ്ട്. ഈ പോരായ്‌മയെ മുതലാക്കികൊണ്ടാണ് മാര്‍ക്‌സിസം ആധുനികതയുടെ അഥവാ മുതലാളിത്ത ചട്ടകൂടിനകത്താണ് എന്ന് ഉത്തരാധുനികര്‍ വിമര്‍ശിയ്‌ക്കാന്‍ തുടങ്ങിയത്. എല്ലാ ഉത്തരാധുനികരും അങ്ങനെ പറഞ്ഞിട്ടില്ല എന്നതുമോര്‍ക്കണം.
സൂക്ഷിച്ചു നോക്കിയാല്‍ അത് ആര്‍ക്കും മനസ്സിലാവും. പൊതുവില്‍ സാമ്രാജ്യത്വവാദികളും മുതലാളിത്തവാദികളും ഉത്തരാധുനിക ചര്‍ച്ചക്കാരുമൊക്കെ മാര്‍ക്‌സിസത്തെ ആധുനികതയുടെ (modernity) ഉത്പന്നമായി കാണുകയാണ്. ഇതില്‍ മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് വന്നുപെട്ട വലിയ ഒരപകടം എന്താണെന്നുവെച്ചാല്‍, മാര്‍ക്‌സിസത്തിന്റെ ഈ വൈരുദ്ധ്യാത്‌മകയുക്‌തിയെ അതല്ലെങ്കില്‍ അതിന്റെ ആധുനികതാവിമര്‍ശനത്തെ വേണ്ടത്ര മനസ്സിലാക്കാതെ, മാര്‍ക്‌സിസത്തെ ആധുനികതയുടെ ചട്ടക്കൂടിനകത്ത് വെച്ച് കാണാനും അതിനെ defend ചെയ്യാനും തുടങ്ങി. അത് ഒരു പരാധീനതയാണ്. അതുകൊണ്ട് വ്യവസായവത്കരണത്തിന്റെയോ ദേശരാഷ്‌ട്രങ്ങളുടെയോ ഒക്കെ എക്കാലത്തേയും വക്‌താക്കളായി സ്വയം നിലകൊള്ളേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്നുള്ള ഒരു ധാരണ ഇടയ്‌ക്കിടയ്‌ക്ക് വരുന്നുണ്ട്. വാസ്‌തവത്തില്‍ അതിന്റെ ആവശ്യമില്ല. ദേശരാഷ്‌ട്രത്തിന് മാര്‍ക്‌സിസം അതേപടി എതിരല്ല. കാരണം ഇത് ഒരു ചരിത്രഘട്ടത്തില്‍ ഉണ്ടായതാണ്. ഇന്ത്യയിലാണെങ്കില്‍ സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായിട്ട് വന്നതാണ്.. അത് പ്രധാനമാണ്. എന്നാല്‍ അതിന്റെ പേരില്‍ ദേശരാഷട്രം മര്‍ദ്ദകമാണെന്ന് പറഞ്ഞാല്‍ മാര്‍ക്‌സിസ്‌റ്റുകാര്‍ ചാടി വീഴേണ്ട കാര്യമൊന്നുമില്ല. ദേശരാഷ്‌ട്രം മര്‍ദ്ദകമായിരിക്കും. ഏത് ദേശരാഷ്‌ട്രം ക്രമീകരിയ്‌ക്കപ്പെട്ടാലും അതില്‍ ആധിപത്യപ്രവണതകള്‍ ഉണ്ടാവും, അത് ഇതിന്റെ അകത്തുളള, ഒരു ആഭ്യന്തര പ്രശ്‌നമാണ്. അതിനെ ആ നിലയ്‌ക്ക് തന്നെ നമ്മള്‍ കാണണം.
ജയിംസണിലേക്ക് മടങ്ങിവന്നാല്‍...?
ജെയിംസന്റെ കാര്യത്തിലേക്ക് വന്നാല്‍, ഉത്തരാധുനികത എന്ന പ്രമേയം തന്നെ, അതിന്റെ വിശാലാര്‍ത്ഥത്തിലുള്ള ഒരു വ്യാപ്‌തിയില്‍ മനസ്സിലാക്കുന്നതില്‍ നമ്മള്‍ വേണ്ടത്ര വിജയിച്ചില്ല. ഉത്തരാധുനികതയില്‍ പല ധാരകളുണ്ട്. ഒന്ന് ആധുനികതയുടെ യുക്‌തികളോടുള്ള വിമര്‍ശനമാണ്. മറ്റൊന്ന് മൂലധനത്തിന്റെയും അല്ലെങ്കില്‍ കേവലമായ ആഘോഷാന്തരീക്ഷത്തിന്റെയും ഒരവതരണം. ഇതില്‍ രണ്ടാമത്തെ ധാരയാണ് കൊണ്ടാടപ്പെട്ടിട്ടുള്ളത്. ആദ്യത്തെ ധാരയിലാണ് അതിന്റെ രാഷ്‌ട്രീയമുള്ളത്. മാര്‍ക്‌സിസത്തിന് പങ്കുവെക്കാവുന്ന പലതും അതിനകത്തുണ്ട്. രണ്ടാമത്തെ ഈ കേവലാഘോഷങ്ങള്‍, ജനപ്രിയതയുടെ കേവലമായ കൊണ്ടാടലുകള്‍ (ആ ഉത്സവലഹരി...) അത് മാര്‍ക്‌സിസത്തിന് സ്വീകാര്യമല്ല. ആദ്യത്തെ ഘടകത്തോട് പല നിലയില്‍, ബന്ധപ്പെടാന്‍ പറ്റും. ബൂര്‍ഷ്വാസിയുടെ വിമര്‍ശനം തന്നെയാണ് വിശാലാര്‍ത്ഥത്തില്‍ ഇതില്‍ പലതും. ആ നിലയിലുള്ള ഒരു ബന്ധപ്പെടല്‍ രൂപപ്പെടുത്തുന്നതില്‍ പൊതുവെ മാര്‍ക്‌സിസ്‌റ്റ് ചിന്തയ്‌ക്ക്, മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന ഒരു പരാധീനത ഉണ്ട്.
ജെയിംസണ്‍ ഉത്തരാധുനികതയുടെ കാര്യത്തില്‍ ചെയ്‌ത ഒരു കാര്യം ഉത്തരാധുനികത ശരിയാണോ തെറ്റാണോ എന്ന് തര്‍ക്കിക്കുന്നതിന് പകരം ജെയിംസണ്‍ പറഞ്ഞത് മൂലധനവളര്‍ച്ചയുടെ ഒരു ഘട്ടമാണ് അതെന്നായിരുന്നു. Late capitalism (Earnest Mendle കൊണ്ടുവന്ന ഒരു ആശയമാണ് Late capitalism എന്നത്...) മൂലധനത്തിന്റെ പ്രവര്‍ത്തനം വ്യവസായത്തില്‍ നിന്നൊക്കെ എടുത്തിട്ട് സേവനത്തുറകളിലേക്കും വിവരസാങ്കേതിക മേഖലകളിലേക്കും ഒക്കെ വലിയ തോതില്‍ വിക്ഷേപിച്ചു. അതോടെ യഥാര്‍ത്ഥത്തില്‍ മൂലധനത്തിന് ഒരര്‍ത്ഥത്തില്‍ 'ഭൌതികാടിസ്ഥാനം' ഇല്ലാതായി. ഒരു തരം ഒഴുകുന്ന മൂലധനം. ഇപ്പോള്‍ ഊഹകമ്പോളത്തിലെ മൂലധനത്തിന് എന്താണ് അടിസ്ഥാനം എന്ന് ചോദിച്ചാല്‍ അതിന് ഒരടിസ്ഥാനവുമില്ല... ഇന്നലെ 50 രൂപയുണ്ടായിരുന്ന ഓഹരിയ്‌ക്ക്, ഇന്ന് 150 രൂപയായി... എന്ത് അടിസ്ഥാനത്തിലാണ് 100 രൂപ കൂടിയത് എന്ന് ചോദിച്ചാല്‍, അതിന് ഭൌതികമായ ഒരടിസ്ഥാനവുമില്ല. ജെയിംസണ്‍ പറയുന്നത്, ഒരു ആഴമില്ലായ്‌മ, ഒരു യഥാര്‍ത്ഥമില്ലായ്‌മ, എല്ലാത്തിന്റെയും ഉപരിതലവത്കരണം സംഭവിച്ചു എന്നാണ്. ഈ ഉപരിതലത്തിന്റെ പിറകില്‍ മറ്റൊന്നില്ല. പ്രതീതിയുടെ പുറകില്‍ വേറെ യാഥാര്‍ത്ഥ്യമില്ല. നിഴലിന്റെ പുറകില്‍ വസ്‌തുവില്ല.... എന്ന നിലയിലുള്ള ഒരു പുതിയ അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടു.
ഇത് പുതിയ യാഥാര്‍ത്ഥ്യമാണ് എന്നാണ് ബോദ്രിയാറിനെ പോലുള്ളവര്‍ പറയുന്നത്. എന്നാല്‍ ജെയിംസണ്‍ പറയുന്നത്, 'പില്‍ക്കാല മുതലാളിത്തത്തിന്റെ' സാംസ്‌ക്കാരിക യുക്‌തിയാണ് ഉത്തരാധുനികത എന്നാണ്. അതുകൊണ്ട് അതൊരു ഭൌതികാവസ്ഥയോട് ബന്ധപ്പെട്ടതാണ്. ഉണ്ടോ, ഇല്ലയോ എന്ന് നിങ്ങള്‍ തര്‍ക്കിച്ചിട്ട് കാര്യമൊന്നുമില്ല. ഉണ്ട്. അതിനോട് എങ്ങിനെ ബന്ധപ്പെടണം എന്നിടത്താണ് മാര്‍ക്‌സിസ്‌റ്റുകള്‍ നിലപാട് എടുക്കേണ്ടത്... പക്ഷേ പലരും അങ്ങനെ അല്ല... ആന്‍ഡേഴ്‌സണും, ടെറി ഈഗില്‍ടണും വ്യത്യസ്‌തമായ നിലപാടുള്ളവരാണ്. മൂലധനത്തിന്റെ പുതിയ സാംസ്‌ക്കാരിക പദ്ധതിയായിട്ടാണ് അവര്‍ ഉത്തരാധുനികതയെ കാണുന്നത്. അതൊരു ഭൌതികാവസ്ഥയോട് ബന്ധപ്പെട്ടതാണെന്ന് അവര്‍ വിശ്വസിയ്‌ക്കുന്നില്ല.
പറഞ്ഞുവരുന്നത്, മാര്‍ക്‌സിസ്‌റ്റുകള്‍ക്കിടയില്‍ തന്നെ ഉത്തരാധുനികതയെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ട് എന്നാണ്. ഈ വ്യത്യാസത്തെക്കുറിച്ചുള്ള തര്‍ക്കം എന്തുതന്നെ ആയിരുന്നുന്നാലും മാര്‍ക്‌സിസത്തെ ആധുനികതയുടെ ഒരു സമഗ്രപദ്ധതിയുടെ ഭാഗമായി, അതിന് അകത്തുള്ള ഒരു ഘടകമായിട്ട് കാണാതെ, അതിനകത്തെ ഒരു വിമര്‍ശന സ്ഥാനമായിട്ട് കാണണം. അത് ഉത്തരാധുനികര്‍ കാണണമെന്നില്ല. കാരണം അവര്‍ മാര്‍ക്‌സിസത്തെ തള്ളിക്കളയുന്നവരാണ്. ആധുനികതയുടെ കൂടെ മാര്‍ക്‌സിസത്തെയും തള്ളിക്കളയുക എന്നതാണ് അവരുടെ രീതി. എന്നാല്‍ ആ വാദം മാര്‍ക്‌സിസ്‌റ്റുകള്‍ ഏറ്റെടുത്താല്‍ 'ചരിത്രപരമായി കാലഹരണപ്പട്ടതാണ് മാര്‍ക്‌സിസം' എന്നാവും സ്ഥാപിക്കപ്പെടുക. മാര്‍ക്‌സിസം ആധുനികതയുടെ ഒരു ഘടകസാമഗ്രിയല്ലെന്നു മാത്രമല്ല ആധുനികമായ രാഷ്‌ട്രനിര്‍മ്മാണത്തിന്റെ യുക്‌തിയുമല്ല. അതായത് സോഷ്യലിസ്‌റ്റ് കമ്പോളം, മൂലധനത്തിന്റെ പൊതുഉടമസ്ഥത, തുടങ്ങിയ സാമ്പത്തികവും ഭരണകൂടപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല മാര്‍ക്‌സിസം. മാര്‍ക്‌സിസം ഇതിലും എത്രയോ വലുതായ, മഹത്തായ ലക്ഷ്യമുള്ള ഒന്നാണ്.
മാര്‍ക്‌സിസ്‌റ്റായ ജെയിംസണേക്കാള്‍ സോഷ്യലിസ്‌റ്റു പോലുമല്ലാത്ത നോം ചോസ്‌കിഎന്തടിസ്ഥാനത്തിലാണ്, ഇന്ത്യന്‍ ഇടതുപക്ഷത്തിന് സ്വീകാര്യമാവുന്നത് ?
നോം ചോംസ്‌കി, ഒന്നാമതായി ഒരു ഭാഷാശാസ്‌ത്രജ്ഞനാണ്. മാര്‍ക്‌സിസത്തിന് സ്വീകരിക്കാവുന്ന ഒരു ഭാഷാദര്‍ശനമല്ല ചോംസ്‌കിയുടേത്. അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍ മനുഷ്യനുള്ള ഒരു സത്താപരമായിട്ടുള്ള ഒരു വൈഭവമാണ് ഭാഷാബോധം, അല്ലാതെ അതിന്റെ സാമൂഹികതലത്തെ അദ്ദേഹം പ്രധാനമായി കാണുന്നതുതന്നെയില്ല. അതുകൊണ്ട് മാര്‍ക്‌സിസ്‌റ്റുകള്‍ അദ്ദേഹത്തിന്റെ ഭാഷാദര്‍ശനത്തോട് വിമര്‍ശനമുള്ളവരാണ്. അതൊരു കാര്യം എന്നാല്‍ ലോകത്തില്‍ ഇന്ന് അമേരിക്കന്‍ ആധിപത്യത്തിനെതിരായി, മൂലധനത്തിനെതിരായി നടത്തുന്ന വിമര്‍ശനങ്ങള്‍ ഇത്രയും നിശിതമായും ജാഗ്രതയോടെയും നടത്തുന്ന ആളുകളെ നമുക്ക് അധികം കാണാന്‍ കിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാഷാദര്‍ശനങ്ങളോടുളള വിയോജിപ്പുകളേക്കാള്‍ എത്രയോ പ്രധാനമാണ് അദ്ദേഹത്തിന്റെ മൂലധനവിമര്‍ശനത്തോടും അധിനിവേശത്തിനെതിരായിട്ടുള്ള സമരത്തോടുമുള്ള ഐക്യം. കാരണം അദ്ദേഹം അമേരിക്കയില്‍ തന്നെ ഇരുന്നുകൊണ്ട് അവിടെ കിട്ടാവുന്ന പരമാവധി എല്ലാ അംഗീകാരങ്ങളും വേണ്ടെന്ന് വെച്ചിട്ടാണ് ഈ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്.
കേരളത്തില്‍ അദ്ദേഹത്തെ അറിയുന്ന അത്രയും ഒരു പക്ഷെ അമേരിക്കയില്‍ അദ്ദേഹത്തെ അറിയുന്നുണ്ടാവില്ലെന്നാണ് പറയുക. അമേരിക്കയുടെ അത്രയും വലിയ വിമര്‍ശകനാണ് ചോംസ്‌കി. അതുകൊണ്ട് അവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളോ ഭരണകൂടമോ ഒന്നും അദ്ദേഹത്തെ കണ്ടതായി പോലും നടിക്കില്ല. പക്ഷെ അദ്ദേഹത്തിന്റെ സ്വരം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ട്. അതെല്ലാം അവര്‍ക്ക് നന്നായി അറിയാം. ഇങ്ങനെ മൂടിവെക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം ഈ പോരാട്ടം നടത്തുന്നത്. അതൊരു വലിയ കാര്യമാണ്. അതായത് സ്വന്തം ചുറ്റുവട്ടത്തും അക്കാദമിക് സര്‍ക്കിളിലും ഒക്കെ ഒരുപാട് ഒറ്റപ്പെടുത്തലുകളും വേട്ടയാടലുകളും നേരിട്ടുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോഴും പോരാടി നില്‍ക്കുന്നുണ്ട്. അതിനെ നമ്മള്‍ ആദരിക്കുക തന്നെ വേണം. ജെയിംസനേക്കാള്‍ കൂടുതലായി നോം ചോസ്‌കി ആരാധിക്കപ്പെടുന്നു എന്നത് ഒരു കുഴപ്പമായിട്ട് കാണണ്ട. കാരണം ജെയിംസണ്‍ ഒരു ആക്ടീവിസ്‌റ്റല്ല. ഒരു സൈദ്ധാന്തികന്‍ മാത്രമാണ്. മറിച്ച് നോം ചോംസ്‌കി ഒരു ആക്ടിവിസ്‌റ്റാണ്, അതൊരു ചെറിയകാര്യമല്ല.
ആഗോളകമ്പോള തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ലോകം മാര്‍ക്‌സിനെ കൂടുതല്‍ വായിക്കുകയാണ്. അടുത്തിടെ വത്തിക്കാന്‍ പോലും മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വിലയിരുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ 'ലോത്യാറിന്റെ ബൃഹദാഖ്യാനങ്ങള്‍ തകര്‍ന്നു' എന്ന വ്യാഖ്യാനം നിലനില്‍ക്കുന്നതാണോ...?
ഈ, ബൃഹദാഖ്യാനങ്ങളുടെ തകര്‍ച്ച എന്നുള്ളത്, വാസ്‌തവത്തില്‍ മാര്‍ക്‌സിസത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു വാദമല്ല. ആധുനികതയുടെ ചില വിശദീകരണരീതികള്‍ സാര്‍വത്രികമായ നിലനില്‍പുള്ള ചില വിശദീകരണപദ്ധതികളാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് ശാസ്‌ത്രം... ഏറ്റവും സൂക്‌ഷ്‌മം മുതല്‍ ഏറ്റവും സ്ഥൂലമായതുവരെ വിശദീകരിയ്‌ക്കാന്‍ കഴിയുന്ന ഒരു ജ്ഞാനപദ്ധതിയാണ് ശാസ്‌ത്രം. ഇത്തരം ജ്ഞാനപദ്ധതികളോ വിശദീകരണങ്ങളോ നിലനില്‍ക്കുന്നുണ്ടെന്നും ആ വിശദീകരണക്രമങ്ങള്‍ തങ്ങളുടേത് ആണെന്നുള്ളത്കൊണ്ട് ആധിപത്യപരമായി തങ്ങള്‍ക്ക് മേല്‍ക്കൈ ഉണ്ടെന്നൊക്കെയുള്ള വാദഗതികള്‍ തകര്‍ന്നിരിയ്‌ക്കുന്നുവെന്നും കൂടി ലോത്യാര്‍ പറയുന്നുണ്ട്. ഈ ബൃഹദാഖ്യാനത്തിന് അകത്തേക്ക് ലോത്യാര്‍ മാര്‍ക്‌സിസത്തെയും ഉള്‍പ്പെടുത്തുന്നുണ്ട്. ഗായത്രി ചക്രവര്‍ത്തി സ്‌പീവാക്ക് പറയുന്നത് "മഹാഖ്യാനമൊക്കെ തകര്‍ന്നു കഴിഞ്ഞാലും ചൂഷണം എന്ന മഹാഖ്യാനത്തിന് ഒരു തകര്‍ച്ചയും വന്നിട്ടില്ല...'' എന്നാണ് ! കഴിഞ്ഞ രണ്ടു നൂറ്റാണ്ടായിട്ട് മൂലധനം എന്ന മഹാഖ്യാനത്തിന് ഒരു തകരാറും സംഭവിയ്‌ക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്‌ക്കുകയാണ്.... അതിന്റെ പ്രവര്‍ത്തന രീതികളൊക്കെ മാറ്റിയിട്ടുണ്ടാവും. അതുകൊണ്ട് തകര്‍ന്നു എന്നു പറയുന്ന മഹാഖ്യാനമേതാണ്... തകരണമെന്ന് പറയുന്ന മഹാഖ്യാനമേതാണ്... അത് പ്രതിരോധത്തിന്റെ മഹാഖ്യാനമാണ്. അധിനിവേശത്തിന്റെ മഹാഖ്യാനത്തിന് തകര്‍ച്ചയൊന്നും ഉണ്ടാവുന്നില്ല.
മാര്‍ക്‌സിസ്‌റ്റുകള്‍ മഹാഖ്യാനങ്ങളെക്കുറിച്ചുള്ള ഈ ഏകമുഖവാദത്തെ നിരസിക്കുന്നു. മഹാഖ്യാനം എന്ന വളരെ abstract ആയിട്ടുള്ള ഒരു പരികല്‍പനകൊണ്ട് സാമൂഹ്യപ്രതിഭാസങ്ങളെ മുഴുവന്‍ കെട്ടിയിടുന്ന മട്ടിലുള്ള വിശദീകരണരീതിയെ തള്ളിക്കളയുകയും വേണം. മാര്‍ക്‌സിസം ആധുനികതയുടെ അകത്തുള്ള ഒരു ഉത്പന്നമല്ല എന്നുള്ളത് നിര്‍ണ്ണായകമായ വിധത്തില്‍ പറഞ്ഞുറപ്പിക്കേണ്ടതും സ്വയം തിരിച്ചറിയപ്പെടേണ്ടതുമുണ്ട്. അങ്ങനെ ആകുമ്പോള്‍ ലോത്യാറൊന്നും മാര്‍ക്‌സിസത്തിന്റെ മുമ്പിലെ വലിയ വെല്ലുവിളിയല്ല എന്നാണ് എനിക്ക് തോന്നുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടിന്റെ ലോകചരിത്രം മുന്‍നിര്‍ത്തി നോക്കിയാല്‍ ഇത്രയും അനാകര്‍ഷകവും അസത്യപൂര്‍ണ്ണവുമായ ആശയം വേറെയില്ല എന്നുപറഞ്ഞുകൊണ്ട് എഡ്വേര്‍ഡ് സെയ്‌ദ് തന്നെ ഇതിനെ തളളിക്കളയുന്നുണ്ട്. 'ബൃഹദാഖ്യാനങ്ങളുടെ മരണം' എന്നു പറഞ്ഞാല്‍, പല ഉത്തരാധുനികര്‍ക്കും അത് മാര്‍ക്‌സിസത്തിന്റെ മരണമാണ്. അവരതിനെ ഇടതുപക്ഷത്തിനും മാര്‍ക്‌സിസത്തിനും എതിരായ വിമര്‍ശനം മാത്രമാക്കിമാറ്റി.
ബൃഹദാഖ്യാനങ്ങളുടെ തലത്തിലെടുത്താന്‍ ഏറ്റവും വലിയ ബൃഹദാഖ്യാനമാണ് മതം... കാരണം എല്ലാ പ്രക്രിയകളെയും അത് വിശദീകരിയ്‌ക്കുന്നുണ്ട്. ജീവിതത്തെ... പ്രപഞ്ചത്തെ അപ്പാടെ അത് വിശദീകരിയ്‌ക്കും... ഏത് മണ്ഡലത്തെയും. ശാസ്‌ത്രം എവിടെയൊക്കെ പോകുമോ അവിടെയൊക്കെ മതവും പോകും. ഉദാഹരണത്തിന് സ്ഥൂലപ്രപഞ്ചം: ശാസ്‌ത്രത്തിന് ചിലത് പറയാനുണ്ട്, മതത്തിനും ചിലത് പറയാനുണ്ട്. ബൃഹദാഖ്യാനം മരിച്ചു എന്നതുകൊണ്ട് മതം മരിച്ചു എന്ന് ഇവരാരും പറയുന്നില്ല; ബൃഹദാഖ്യാനം മരിച്ചതുകൊണ്ട് ശാസ്‌ത്രം മരിച്ചു എന്ന് ഇവരാരും പറയുന്നില്ല. ബൃഹദാഖ്യാനം മരിച്ചത് കൊണ്ട് മാര്‍ക്‌സിസം മരിച്ചു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഫലത്തില്‍ ബൃഹദാഖ്യാനം മാര്‍ക്‌സിസം മാത്രമായി ചുരുങ്ങി. മാര്‍ക്‌സിസ്‌റ്റ് വിരുദ്ധ ആശയമായിട്ട് ഇതിനെ മാറ്റി. അതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് നന്നായി ലഭിക്കുകയും ചെയ്‌തു.
'സ്വത്വരാഷ്‌ട്രീയത്തിന്റെയോ സ്വത്വപ്രതിസന്ധിയുടെയോ പ്രശ്‌നങ്ങളെ ഏറ്റെടുത്തു കൊണ്ടല്ലാതെ ഇനി ഇടതുപക്ഷസാംസ്‌ക്കാരിക പ്രവര്‍ത്തനം സാധ്യമല്ല'. അങ്ങനെ ഒരു വിശദീകരണം പലയിടത്തുനിന്നും വരുന്നുണ്ട്.
സ്വത്വം യഥാര്‍ത്ഥ്യമാണ് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. പക്ഷെ ഇരവാദത്തിലേക്ക് പാര്‍ട്ടിയ്‌ക്ക് എത്തേണ്ടിവരും എന്ന മട്ടിലൊക്കെ വിശദീകരണമുണ്ടായത് തീര്‍ത്തും അസംബന്ധമാണ്. എനിയ്‌ക്ക് തോന്നുന്നത് ഇടതുപക്ഷ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ രണ്ട് മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട് എന്നാണ്. ഒന്ന് സാംസ്‌ക്കാരികമണ്ഡലത്തിന്റെ പ്രാധാന്യത്തെ, ശക്‌തിയായി ഉയര്‍ത്തി കാണിക്കണം. ക്ളാസിക്കല്‍ രീതിയില്‍, ഇടതുപക്ഷം ഒരു സാമ്പത്തിക മാത്രവാദത്തിലേക്ക് പലപ്പോഴും ചുരുങ്ങിപോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം ഒരു ഘടകം വേണം. മറ്റൊന്ന് ആധുനികതയുടെ ഇരകളായിതീര്‍ന്നു പോയവരുണ്ടല്ലോ, ആധുനികതയുടെ തമസ്‌ക്കരണത്തിന് വിധേയമായ ആളുകള്‍ മാത്രമല്ല അവസ്ഥകള്‍, ലിംഗനീതി, പരിസ്ഥിതി, സ്‌ത്രീകള്‍ ഇത്തരം പ്രശ്‌നങ്ങളെ വികസിപ്പിച്ചെടുക്കാന്‍ പറ്റുന്ന, അതിനെ വര്‍ഗ്ഗപരമായിട്ട് കാണാന്‍ പറ്റുന്ന ഒരു വീക്ഷണം ഉണ്ടാവണം. ഓരോന്നിനും സവിശേഷമായ സ്ഥാനങ്ങളുണ്ടെന്നും ആ സ്ഥാനങ്ങളിലാണ് അവ വികസിച്ച് വരുന്നതെന്നും... അവയെ കൂട്ടിയിണക്കിയാല്‍ വര്‍ഗ്ഗഐക്യമായി എന്നുള്ള കാഴ്‌ച്ചപ്പാടല്ല അത്. അത് സാധ്യമല്ല. അത് ഹോബ്സ് ബോം പറയുന്ന കാര്യമാണ് ; വിവിധ തരം ന്യൂനപക്ഷങ്ങളുടെ കൂട്ടായ്‌മയല്ല ഇടതുപക്ഷം എന്നകാര്യം. പലതരം ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചിരിയ്‌ക്കലല്ല ഇടതുപക്ഷം.
മൂലധന വിമര്‍ശനത്തെ നിങ്ങള്‍ എപ്പോള്‍ കൈവിടുന്നുവോ അപ്പോള്‍ നിങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്നും മാര്‍ക്‌സിസത്തില്‍നിന്നും അകലും. അങ്ങനെ ഒരാള്‍ അകന്നു നില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല... മൂലധനവിമര്‍ശനം അപ്രധാനമാണെന്നും സാംസ്‌ക്കാരികസ്വത്വവിമര്‍ശനമാണ് പ്രധാനമെന്നും ഒരാള്‍ക്ക് കരുതാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അങ്ങനെ വാദിച്ചതിനുശേഷം, സാംസ്‌ക്കാരികമായ സ്വത്വവിമര്‍ശനമാണ് കേന്ദ്രപ്രശ്‌നമെന്ന് പറഞ്ഞതിനു ശേഷം, മൂലധനവിമര്‍ശനം ഇല്ലെങ്കിലും മാര്‍ക്‌സിസ്‌റ്റ് ആയി നില്‍ക്കാന്‍ പറ്റും എന്നു പറയുന്നത് അസംബന്ധമാണ്... സ്വത്വരാഷ്‌ട്രീയത്തെ കുറിച്ചുള്ളൊരു പുസ്‌തകത്തില്‍ പറയുന്നുണ്ട്. "ദളിത് രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ നിയോലിബറലിസത്തെ എതിര്‍ക്കുന്നില്ലെങ്കിലും, ആഗോളീകരണത്തെ അനുകൂലിയ്‌ക്കുന്നുണ്ടെങ്കിലും ഇടതുപക്ഷം അവരോട് ഐക്യപ്പെടുകയാണ് വേണ്ടത് '', എന്ന്. ജാതിവിമര്‍ശനത്തിന്റെ ഒരു സന്ദര്‍ഭത്തില്‍ വേണമെങ്കില്‍ അവരോടൊപ്പം നില്‍ക്കാം... പക്ഷെ അവരോട് ഐക്യപ്പെട്ട് പോകാന്‍ പറ്റില്ല. അങ്ങനെ ആണെങ്കില്‍ സാമ്രാജ്യവിരുദ്ധത പറയുന്നതിന്റെ പേരില്‍ ജമാഅത്തിനോടും ഐക്യപ്പെടാം. അങ്ങനെ ഐക്യത്തിന്റെ പല ഭാഗങ്ങള്‍ വരും. അങ്ങനെ ഐക്യപ്പെട്ട് വരുമ്പോള്‍ ഐക്യപ്പെട്ടു വരുന്നവര്‍ എല്ലാം അവിടെ ഉണ്ടാകും.... നിങ്ങളുണ്ടാവില്ല. നിങ്ങളുടെ കേന്ദ്രം എന്താണ്..? മാര്‍ക്‌സിസ്‌റ്റ് പ്രക്രിയയുടെ കേന്ദ്രമെന്താണ്..? സാമ്രാജ്യത്വമൂലധനത്തിന്റെ വിമര്‍ശനമാണ് അത്. ആ മൂലധനവിമര്‍ശനം മാറ്റിവെച്ച് നിങ്ങള്‍ ഒരു ഭാഗത്ത് ദളിത് സ്വത്വത്തോട് ഐക്യപ്പെട്ടു! വേറൊരു ഭാഗത്ത് മതസ്വത്വത്തോട് ഐക്യപ്പെട്ടു മൂന്നാമതൊരു സ്ഥലത്ത് ലിംഗനീതിയോട് ഐക്യപ്പെട്ടു.... ഈ ഐക്യപ്പെടലുകള്‍ എല്ലാം കഴിഞ്ഞ് വരുമ്പോള്‍ നിങ്ങള്‍ക്ക് ഈ മൂലധന വിമര്‍ശനത്തെ നിലനിര്‍ത്താന്‍ പറ്റില്ല.... അതാണ് പ്രശ്‌നം.
മൂലധനവിമര്‍ശത്തെ നിലനിര്‍ത്തി കൊണ്ട് ഈ പ്രശനത്തെ എങ്ങനെ അഡ്രസ്സ് ചെയ്യാം?
സ്വത്വരാഷ്‌ട്രീയത്തില്‍ നിന്ന് വര്‍ഗ്ഗരാഷ്‌ട്രീയത്തിലേക്കുള്ള മാറ്റം (Shift) എന്നു പറയുന്നതിന്റെ കാതല്‍ ഇത് തന്നെയാണ്. ഇത് എളുപ്പവഴിയില്‍ ക്രിയചെയ്യാവുന്ന ഒന്നല്ല. ഇപ്പോള്‍ പരിസ്ഥിതിയുടെ പ്രശ്‌നമെടുത്താല്‍, അതിനകത്ത് ഒരു മൂലധനം പ്രശ്‌നം, അല്ലെങ്കില്‍ ഒരു വര്‍ഗ്ഗപ്രശ്‌നമുണ്ട്. ആ വര്‍ഗ്ഗപ്രശ്‌നത്തിലേക്ക് പരിസ്ഥിതിപ്രശ്‌നം വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. അങ്ങനെ വികസിപ്പിച്ചെടുക്കുന്നതില്‍ ഇടതുപക്ഷത്തിന് പരാജയമുണ്ടെന്നതില്‍ യാതൊരു സംശയവും എനിക്കില്ല. പക്ഷെ, ആ പ്രശ്‌നത്തിനുള്ള പരിഹാരം അതിനെ ഒറ്റ തിരിച്ച് എടുത്തിട്ട് അതിന്റെ കൂടെ കൂടലല്ല. ഞാന്‍ പറയുന്ന കാര്യമിതാണ്. ജാതിപ്രശ്‌നത്തെ തിരിച്ചറിയുന്നതില്‍ ഇടതുപക്ഷം വേണ്ടത്ര വിജയിച്ചിട്ടില്ല എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ ബി.എസ്.പി ആകണമെന്നല്ല. ജാതിയെ വര്‍ഗ്ഗപരമായിട്ട് കാണുന്നതില്‍ വന്ന പോരായ്‌മയെ എങ്ങനെ പരിഹരിക്കാം എന്ന് അന്വേഷിക്കുമ്പോള്‍ ഒരുപക്ഷെ കാലിടറി പോയി എന്നൊക്കെ വരാം... എന്നാല്‍ ഇന്ന് പറയുന്ന മട്ടില്‍ ജാതിവാദമായി ഉയര്‍ന്നു വരുന്ന സ്വത്വബോധത്തോട് ഐക്യപ്പെട്ട്, നിങ്ങളുടെ യഥാര്‍ത്ഥ സ്ഥാനവും മൂലധന വിമര്‍ശനവും ഒക്കെ ഒഴിവാക്കി, ആഗോളവത്ക്കരണ വിമര്‍ശനം ഒഴിവാക്കി, ജാതിപ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് മേല്‍ജാതിവിരുദ്ധസമരം എന്ന ഒറ്റ അജണ്ടയുമായി ഇറങ്ങി പുറപ്പെടലാണ് ശരിയെന്ന് പറയുന്നത് അസംബന്ധമാണ്.
സ്വത്വവാദക്കാരുടെ അഭിപ്രായത്തില്‍കേരളത്തില്‍ ആകെ നിലനില്‍ക്കുന്ന ഒറ്റ പ്രശ്‌നമേയുള്ളൂ, സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ പ്രശ്‌നമാണത്. അവര്‍ക്ക് ദേശീയത എന്നു പറഞ്ഞാല്‍ ബ്രാഹ്മണ്യമാണ്. ദേശീയതയ്‌ക്ക് അകത്ത് ബ്രാഹ്മണ്യത്തിന്റെ ഘടകങ്ങള്‍ ഉണ്ടായിരുന്നു എന്നത് നിസ്‌തര്‍ക്കമാണ്. ബ്രാഹ്മണികമായ ഒരു തലത്തില്‍ തന്നെയാണ് ദേശീയത രൂപപ്പെട്ടു വന്നത്... എന്നാല്‍ അത് സാമ്രാജ്യവിരുദ്ധവുമാണ്. അതൊരിക്കലും നമ്മള്‍ മറന്നു പോകരുത്. സാമ്രാജ്യവിരുദ്ധസമരം വഴി തന്നെയാണ് ദേശീയത ഉണ്ടായത്, അല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കിയതല്ല, കൊളോണിയലിസം തന്ന സംഭാവനയല്ല. മറിച്ച് സാമ്രാജ്യത്വവിരുദ്ധമാണ് അതിന്റെ ഉള്ളടക്കം. ഈ സാമ്രാജ്യത്വവിരുദ്ധസമരങ്ങളില്‍ ഉള്‍പ്പെട്ട് നിന്നവരില്‍ തന്നെയാണ് നമ്മള്‍ ഈ കാണുന്ന ബ്രാഹ്മണ്യവും ഉള്ളത്. അതാണ് ഇന്ത്യന്‍ ദേശീയതയുടെ ആന്തരവൈരുധ്യം.
ചരിത്രത്തിനകത്ത് നില്‍ക്കുന്ന ഏതൊരാള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒക്കെ വൈരുദ്ധ്യങ്ങള്‍ക്ക് അകത്ത് നില്‍ക്കാനേ പറ്റൂ. പക്ഷെ ഈ വൈരുദ്ധ്യങ്ങളെ നിങ്ങള്‍ ഏത് തരത്തിലാണ് ക്രമീകരിക്കുക. നിങ്ങള്‍ അതിനെ ഏത് രീതിയിലാണ് മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് പ്രധാനം. നിങ്ങളെ തന്നെ പിളര്‍ത്തി കളയാന്‍ വേണ്ടിയിട്ടാണോ, അതോ... മൂലധനാധിപത്യത്തിനെതിരെയാണോ വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യേണ്ടത് ? എന്നാല്‍ തൊഴിലാളികള്‍ എന്നു വിളിക്കാവുന്ന, തൊഴിലാളി വര്‍ഗ്ഗം എന്നോ സാമ്രാജ്യത്വവിരുദ്ധമുന്നണി എന്നോ വിളിക്കാവുന്ന, ഒന്നികത്തുള്ള വൈരുദ്ധ്യങ്ങളെ കൂടുതല്‍ കൂടുതല്‍ ശക്‌തമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതല്ലാതെ രൂപപ്പെട്ടുവരുന്ന പൊതുവൈരുദ്ധ്യത്തിനെതിരെ സംഘടിതശക്‌തി തിരിച്ചു വിടുകയല്ല ഇതിന്റെ താത്പര്യം. ഈ താത്പര്യം സ്വത്വരാഷ്‌ട്രീയം പങ്കുവെയ്‌ക്കുന്നതാണ്. അതൊരാള്‍ക്ക് ഏറ്റെടുക്കാം. പക്ഷെ അത് മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയമല്ല എന്നേയുള്ളൂ.
"വേട്ടക്കാര്‍ മാത്രമേ ഇരകളുടെ ഐക്യം കാണുമ്പോള്‍ ഭയപ്പെടുകയുള്ളൂ. അല്ലെങ്കില്‍ മനസ്സിന്റെ ഏതോ തലത്തില്‍ വേട്ടക്കാരുമായി ശൃംഗരിയ്‌ക്കുന്നവരില്‍ മാത്രമേ അത് അസ്വസ്ഥത ഉണ്ടാക്കേണ്ടതുള്ളൂ.'' സ്വത്വരാഷ്‌ട്രീയത്തെ കുറിച്ചുള്ള ഇടതുപാര്‍ട്ടികളുടെ അഭിപ്രായം വേട്ടക്കാരുമായുള്ള ശൃംഗാരമാണെന്ന് വരുമോ...?
ഇടതുപാര്‍ട്ടികള്‍ വേട്ടക്കാരാണ് എന്ന് വാദിക്കുന്ന സ്വത്വരാഷ്‌ട്രീയക്കാര്‍ ധാരാളമുണ്ട്. ആ അഭിപ്രായത്തിലാണ് ഇത് ചെന്ന് ചേരുക. ലളിതമായി പറഞ്ഞാല്‍ ചില അലങ്കാരങ്ങളില്‍ അല്ലെങ്കില്‍ ചില പ്രയോഗങ്ങളില്‍പെട്ട് അത് കുടുങ്ങി പോകുകയാണ് ചെയ്യുന്നത്. കാരണം വളരെ തെറ്റായ ഒരു രൂപകത്തില്‍ പോയി വീണിട്ട് പിന്നെ ആ രൂപകത്തിന്റെ ചുറ്റും കിടന്ന് കളിച്ച് കളിച്ച്, കെട്ടിയിട്ട പശുവായി തീരുകയാണ്. അവിടെ നിന്ന് പുറത്തുപോകാന്‍ പറ്റില്ല. ഇര എന്നു പറയുന്ന ഒരു കാറ്റഗറി ആലങ്കാരികമായിട്ട് നല്ലതാണ്. പക്ഷെ സാമൂഹ്യവിശകലനത്തിന് അത് അപര്യാപ്‌തമാണ്. വര്‍ഗ്ഗം എന്ന കാറ്റഗറിക്ക് തുല്യമാകുമോ? സൈദ്ധാന്തിക അടിസ്ഥാനവും വ്യക്‌തതയുമുള്ള ഒരു സംവര്‍ഗ്ഗമാകുമോ...? അലങ്കാരം കൊണ്ട് കളിയ്‌ക്കാവുന്ന ഒരു തലമുണ്ട്... അത് ചിലപ്പോള്‍ നല്ലതുമാണ്... അതിന് ഒരു ആലങ്കാരികഭംഗിയൊക്കെ ഉണ്ടാവും. അതു കഴിഞ്ഞാല്‍ പിന്നെയത് ദുര്‍ബലമായി പോകും.
പിന്നെ ഈ 'ഇരവാദ'വുമായിട്ട് ബന്ധപ്പെട്ട് എനിയ്‌ക്ക് തോന്നിയ ഒരു വലിയ പ്രശ്‌നം, ഈ സൈദ്ധാന്തിക വിചാരങ്ങളെ മുഴുവന്‍ ഒരു തരം rhetorical ആയിട്ടുള്ള ഭാഷയില്‍ അല്ലെങ്കില്‍ ചൊടിപ്പിക്കുന്ന ഒരു ആലങ്കാരികതയില്‍ ഇങ്ങനെ തിമര്‍ത്ത് മറിയുകയാണ് എന്നാണ്. അതല്ലാതെ സൂക്‌ഷ്‌മാംശങ്ങളിലേക്ക് ഒരിയ്‌ക്കലും പോകുന്നില്ല. ഗൌരവതരമായോ ആരോഗ്യകരമായോ ആയ ഒരു സാമൂഹ്യസംവാദവും ഇത് ഉണ്ടാക്കിയിട്ടില്ല. മറിച്ച് വളരെ ഉപരിപ്ളവമായ ചില തര്‍ക്കങ്ങളും ഒച്ചകളുമുണ്ടാക്കി. ഒരു തര്‍ക്കവിതര്‍ക്കം ഉണ്ടാക്കി കടന്നുപോയി എന്നുമാത്രം. ഇത് കേരളത്തില്‍ പൊതുവെ നടക്കുന്നതാണ്... വിശകലനങ്ങളെ മുഴുവന്‍ കൊതികെറുവ് പറച്ചിലുകളാക്കി... സംവാദത്തിന്റെ ഒരു തലം ഇല്ലാതാക്കി, ചില അലങ്കാരങ്ങളില്‍ അത് കുറ്റിയടിച്ച് കെട്ടുക. മാര്‍ക്‌സ് ഒക്കെ ധാരാളം രൂപകങ്ങള്‍ ഉപയോഗിച്ചത് ഒരു താത്വിക അടിസ്ഥാനത്തില്‍ ഏതെങ്കിലും വിഷയത്തെ വിശദീകരിയ്‌ക്കാന്‍ വേണ്ടിയിട്ടായിരുന്നു. അതായത് ചിന്തയുടെ ആഴത്തെ മാര്‍ക്‌സ് ഈ മെറ്റഫറുകള്‍ കൊണ്ട് തെളിയിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ എന്താണുണ്ടായത് എന്ന് വെച്ചാല്‍ ചിന്തയുടെ അപാരമായ 'ശൂന്യത'യെ മെറ്റഫര്‍കൊണ്ട് 'മറ'യ്‌ക്കുകയാണ്. പക്ഷെ ഈ മറ അധികകാലം നില്‍ക്കില്ല.
"ദളിത് രൂപീകരണമെന്ന മൂര്‍ത്ത യാഥാര്‍ത്ഥ്യം അസംബന്ധമാണെന്നും പകരം തൊഴിലാളിവര്‍ഗ്ഗമാണ് ഒരേയൊരു യാഥാര്‍ത്ഥ്യം എന്നും പറയുന്നത് പ്രക്രിയകളെ ഉത്പന്നം എന്നു വിളിക്കുന്നതിന് തുല്യമാണ്...'' സമീപകാലത്ത് ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഈ സൈദ്ധാന്തിക വിശകലനത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാമോ...?
ഇപ്പറഞ്ഞതില്‍ ദളിതത്വം, ദളിത് രൂപീകരണം എന്നൊക്കെ പറയുന്നത് നിശ്ചയമായും പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ദളിത് ജീവിതം മുന്‍പും ഉണ്ട്. എന്നാല്‍ ദളിത് സ്വത്വവും ദളിതത്വത്തെ മുന്‍നിര്‍ത്തിയുള്ള സ്വയം തിരിച്ചറിയലുമൊക്കെ കഴിഞ്ഞ അരനൂറ്റാണ്ടിനകം ആണ് ഇന്ത്യയില്‍ സുപ്രധാനമായിട്ട് വന്നെത്തിയത്. അതാണ് ഇന്ത്യയിലെ ജാതിവിമര്‍ശനത്തിന്റെ കേന്ദ്രമായിട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. അത് അപ്രധാനമായിട്ടുള്ള കാര്യമല്ല. അതുപോലെതന്നെയാണ് തൊഴിലാളി വര്‍ഗ്ഗബോധവും. ഈ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ പല നിലയില്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണത്. അപ്പോള്‍ ഇത് രണ്ടും യാഥാര്‍ത്ഥ്യങ്ങളാണ്... ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളും ഇന്ത്യയില്‍ നില നില്‍ക്കുന്നുണ്ട്. അപ്പോള്‍ ദളിതത്വത്തെ മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് തൊഴിലാളിവര്‍ഗ്ഗപരം എന്നു വിളിക്കാവുന്ന ഒരു രാഷ്‌ട്രീയത്തെ നിരസിക്കണോ... അതിനെ പിളര്‍ക്കാന്‍ പോന്ന മട്ടിലേക്ക് ഇതിനെ കടത്തി വിടാന്‍ അനുവദിയ്‌ക്കണമോ...? ഞാന്‍ മനസ്സിലാക്കുന്നത്, ഇന്ത്യയിലെ ഏതെങ്കിലും ഒരു ദളിത് പ്രസ്ഥാനമോ ദളിത് കാഴ്‌ച്ചപ്പാടോ മാര്‍ക്‌സിസത്തെ ഉള്‍ക്കൊള്ളാന്‍ പൊതുവില്‍ സന്നദ്ധമല്ല, എന്നു തന്നെയാണ്. മറ്റു തരത്തിലുള്ള ചിന്തകന്മാര്‍ ഉണ്ട്. മരിച്ചുപോയ ഡി.ആര്‍ നാഗരാജ്, അങ്ങനെ ചിലര്‍ മാര്‍ക്‌സിസ്‌റ്റ് ദളിത് ഐക്യത്തിന് വേണ്ടി ശക്‌തമായി വാദിച്ചവരായുണ്ട്. പൊതുവില്‍ പറഞ്ഞാല്‍, ഇടതുപക്ഷത്തിനും മാര്‍ക്‌സിസത്തിനും കടുത്ത എതിരാണ് ദളിത് പ്രസ്ഥാനങ്ങളും ദളിത് ചിന്തകന്മാരും. ഇവരില്‍ മഹാഭൂരിപക്ഷവും ആഗോളീകരണത്തിനും മൂലധനാധിനിവശത്തിനും എതിരായി ഒന്നും പറയുന്നവരല്ല... പകരം അത് ശരിയാണ് എന്ന് വാദിക്കുന്നവരാണ്.
ജാതിയെ കൊളോണിയലിസം എങ്ങനെയാണ് ഉപയോഗപ്പെടുത്തിയത് എന്ന് കാണാതെ കൊളോണിയലിസത്തെ ജാതിയന്ത്രത്തില്‍ നിന്നുള്ള വലിയൊരു മോചനമാര്‍ഗ്ഗമായിട്ടാണ് പലപ്പോഴും ഇവര്‍ അവതരിപ്പിക്കുക. ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ കൊളോണിയലിസം നടത്തിയ ഇടപെടലുകളെ മറച്ചുവെച്ച് കഴിഞ്ഞാല്‍, രക്ഷപ്പെടുന്നത് മുതലാളിത്തമാണ്. ജാതിയെ നമ്മള്‍ ഇന്നു കാണുന്ന തരത്തിലുള്ള 'ജാതി'യാക്കിയത് കൊളോണിയലിസമാണ്. ജാതിയുടെ ഈ മര്‍ദ്ദകസ്വഭാവം ഈ നിലയില്‍ രൂപപ്പെടുത്തിയെടുത്തതിന് കൊളോണിയലിസത്തിന് വലിയ പങ്കുണ്ട്. അതിനെ മുഴുവന്‍ ഒഴിച്ചു നിര്‍ത്തിയിട്ട് നിങ്ങള്‍ ജാതിയെക്കുറിച്ച് മാത്രം സംസാരിച്ച് തുടങ്ങുമ്പോള്‍ രക്ഷപ്പെടുന്നതാരാണ്....? 'ദളിത് രൂപീകരണം' എന്ന യാഥാര്‍ത്ഥ്യത്തെ സംശയരഹിതമായി അംഗീകരിച്ച് ഇതരയാഥാര്‍ത്ഥ്യങ്ങളെ മറയ്‌ക്കാമോ...? മറയ്‌ക്കല്‍ നടക്കുന്നുണ്ട്. മാര്‍ക്‌സിസത്തിന് ദളിത് സ്വത്വ രൂപീകരണമെന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി മൂലധനാധിനിവേശമെന്ന യാഥാര്‍ത്ഥ്യത്തെ ഒളിച്ചു വെയ്‌ക്കേണ്ടതോ പിന്നിലേക്ക് നിറുത്തേണ്ടതോ ആയ ഒരു കാര്യവും ഇല്ല. അതാണ് പ്രശ്‌നം... ഇന്ന് പക്ഷെ, മൂലധന വിമര്‍ശനത്തെ, പിന്നിലേക്ക് നിര്‍ത്താന്‍ വേണ്ടിയുള്ളൊരു ന്യായവാദമായിട്ട് ദളിത്വാദം മാറുന്നു. സ്വത്വരാഷ്‌ട്രീയം എന്ന പുസ്‌തകം വായിച്ചാല്‍ ഇതിന്റെ രൂപം കിട്ടും. അതില്‍ പറയുന്ന രണ്ടു കാര്യങ്ങളുണ്ട്. മതാത്‌മകമായ സ്വത്വരൂപങ്ങളുണ്ടായി വരുന്നത് ഈ കാലത്ത് ഒരു സ്വാഭാവികതയാണ്. ഇടതുപക്ഷത്തിന് അതുമായി ഐക്യപ്പെടാം. രണ്ടാമതൊരു സ്ഥലത്ത് കേരളം നേടിയ സാര്‍വ്വത്രികമായ പുരോഗതിയെക്കുറിച്ചുള്ള പറച്ചിലായിട്ടാണ് സവര്‍ണ്ണത ഇപ്പോള്‍ പ്രത്യക്ഷപ്പെടുക എന്നും പറയുന്നുണ്ട്. അതായത് ഈ സാമൂഹ്യവളര്‍ച്ച... സവര്‍ണ്ണതയുടെ പ്രചാരണായുധമാണ് എന്നാണ് പറയുന്നത്. ഈ വാദമൊക്കെ അവസാനമായി എവിടേക്കാണ് ചെല്ലുക...?
കേരളം സാമൂഹ്യവളര്‍ച്ച നേടി എന്നു പറയുന്നത് സവര്‍ണ്ണതയ്‌ക്ക് വേണ്ടിയിട്ടൊന്നുമല്ല. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും കമ്യൂണിസ്‌റ്റ് രാഷ്‌ട്രീയവും ഉണ്ടാക്കിയ വലിയ വിജയത്തിന്റെ അടയാളമാണ് സാമൂഹ്യവളര്‍ച്ച. പണിയെടുക്കുന്നതിന് ന്യായമായ കൂലികിട്ടുന്ന സ്ഥിതിയോ, ജാതിമര്‍ദ്ദനങ്ങള്‍ പ്രത്യക്ഷത്തില്‍ ഒഴിഞ്ഞുപോയ സ്ഥിതിയോ, അല്ലെങ്കില്‍ ശിശുമരണനിരക്കും മാതൃമരണ നിരക്കും കുറഞ്ഞിരിക്കുന്നതോ വിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രിക വ്യാപനമോ... ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സവര്‍ണ്ണതയെ ഒളിച്ചുവെക്കാന്‍ വേണ്ടിയിട്ടല്ല. അതിനകത്ത് പോരായ്‌മകള്‍ പലതുണ്ട്. ഈ വളര്‍ച്ച, സവര്‍ണ്ണതയുടെ മറയാണ് എന്നു പറയുമ്പോള്‍ വാസ്‌തവത്തില്‍ നിങ്ങള്‍ ആക്രമിക്കുന്നത് ഇതിനെ രൂപപ്പെടുത്തിയ ചരിത്രപ്രക്രിയയെ ആകമാനമാണ്. ഇടതുപക്ഷത്തിനകത്ത് ഇത്തരം സ്വത്വവിചാരം എത്തിയിട്ടുണ്ട്. ഇടതുപക്ഷ സ്വത്വവിചാരം എത്ര വലിയ വലതുപക്ഷ യുക്‌തിയിലേക്കാണ് എത്തിയിരിക്കുന്നത് എന്നുതന്നെയാണ് അത് തെളിയിക്കുന്നത്.
'ഭരണകൂടത്തെയും അതിന്റെ നിര്‍മ്മിതിയെയും ന്യൂനപക്ഷ വര്‍ഗ്ഗീയതയ്‌ക്ക് ഒരു കാലത്തും കീഴപ്പെടുത്താനാവില്ല.'' സ്വത്വവാദികളുടെ അടുക്കളയില്‍ നിന്ന് വന്ന മറ്റൊരു വിഭവമാണിത്.... എന്താണ് മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാട്...?
ഇന്ത്യയിലെ കാര്യമെടുത്താല്‍ ന്യൂനപക്ഷവര്‍ഗ്ഗീയ നിലപാടുകള്‍ക്ക് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ അതേ മാനം കൈവരിയ്‌ക്കാന്‍ പറ്റില്ല എന്നത് ഒരു ഭൌതികയാഥാര്‍ത്ഥ്യമാണ്, എന്നതുകൊണ്ട് ന്യൂനപക്ഷവര്‍ഗ്ഗീയതയ്‌ക്ക് എന്തെങ്കിലും മികവ് വരികയൊന്നുമില്ല. ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ ഏത് തരത്തിലുള്ള സാന്നിധ്യവും ഭൂരിപക്ഷ വര്‍ഗ്ഗീയത വളരെ സമര്‍ത്ഥമായി ഉപയോഗിയ്‌ക്കുകയാണ് ചെയ്യുക. ന്യൂനപക്ഷവര്‍ഗ്ഗീയത ഒരു ഫാസിസ്‌റ്റ് അധികാരശക്‌തിയാവില്ല എന്നുള്ളതുകൊണ്ട്, അതിനെന്തെങ്കിലും തരത്തിലുള്ള ഒരു ന്യായീകരണവുമില്ല. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം കൊണ്ടാണ് വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ആ ബോംബ് സ്‌ഫോടനം ഇല്ലായിരുന്നെങ്കില്‍ ആ തെരഞ്ഞെടുപ്പില്‍ 40സീറ്റും ബീ.ജെ.പി എ.ഐ.ഡി.എം.കെ. സംഖ്യത്തിന് കിട്ടില്ലായിരുന്നു. കിട്ടിയില്ലായിരുന്നെങ്കില്‍ വാജ്‌പേയി ഗവണ്‍മെന്റ് അധികാരത്തില്‍ വരുമായിരുന്നില്ല. അതുകൊണ്ട് എന്‍.ഡി.എ.യ്‌ക്ക് അംഗീകാരം നേടികൊടുത്തതില്‍ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തിനുള്ള അത്രയും വലിയ പങ്ക് വേറൊന്നിനുമില്ല. ഇതാണ് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടാക്കിയ ആത്യന്തികഫലം. അത് സമൂഹത്തെ കൂടുതല്‍ വിഭജിയ്‌ക്കും. അതുകൊണ്ട് അത് സ്വയം അധികാരം പിടിയ്‌ക്കുകയോ അതിന്റെ ചിലവില്‍ വേറെ ആരെങ്കിലും അധികാരം പിടിയ്‌ക്കുമോ എന്നത് അത്ര പ്രധാനപ്പെട്ട ഒരു കാര്യമൊന്നുമല്ല. ഈ വാദങ്ങളൊക്കെ വാസ്‌തവത്തില്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയുടെ നടത്തിപ്പുകാര്‍ക്ക് ഏറ്റു പിടിയ്‌ക്കാം എന്നല്ലാതെ മതനിരപേക്ഷ ബോധം ഉള്ളവര്‍ ഉന്നയിക്കേണ്ട വാദങ്ങളല്ല. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്‌ക്ക് അധികാരത്തിലെത്താന്‍ പറ്റാത്തത്; ഭൌതികമായി അങ്ങനെ എത്താന്‍ പറ്റാത്തത് കൊണ്ടാണ്. അതിനെ നമ്മള്‍ ഒരു ന്യായവാദമാക്കേണ്ടതില്ല. അതെല്ലാം ഫാസിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ ഒരു പ്രത്യേകയുക്‌തിയാണ്.
ന്യൂനപക്ഷവര്‍ഗ്ഗീയതയും ഭൂരിപക്ഷവര്‍ഗ്ഗീയതയും സമമാണ്... അതുകൊണ്ട് അവരോട് ഒരു സമദൂര സമീപനം സ്വീകരിയ്‌ക്കണമെന്ന് പറയാറുണ്ടല്ലോ?
സമദൂരം എന്നു പറയുമ്പോള്‍ അതിലൊരു പ്രശ്‌നമുണ്ട്. സമദൂരമെന്ന് നമ്മള്‍ പറയുമ്പോള്‍ ഇന്ത്യയുടെ ചരിത്രയാഥാര്‍ത്ഥ്യത്തെ കാണാതെ പോവും. കാരണം, ഇന്ത്യയില്‍ സമദൂരം എന്നു പറയുമ്പോള്‍, ന്യൂനപക്ഷവര്‍ഗ്ഗീയത ഇവിടെ ഒരിയ്‌ക്കലും ഭൂരിപക്ഷവര്‍ഗ്ഗീയത പോലെയല്ലല്ലോ പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയില്‍... ഗാന്ധിയുടെ വധമായാലും ഗുജറാത്ത് ആയാലും അയോദ്ധ്യ ആയാലും... ഒക്കെ ഇന്ത്യയിലെ ഭൂരിപക്ഷവര്‍ഗ്ഗീയതയുടെ പേരിലുണ്ടായ വലിയ കലാപങ്ങളും കൂട്ടക്കൊലകളുമാണല്ലൊ. അതുകൊണ്ട് തന്നെ അതിന്റെ ദിശയെ നമ്മള്‍ വേറിട്ട് കാണണം. ന്യൂനപക്ഷവര്‍ഗ്ഗീയതയോടുള്ള വിമര്‍ശനം എന്ന പേരില്‍ നിങ്ങള്‍ തപസ്യയുടെ വേദിയിലും വിചാരവേദിയുടെ വേദിയിലും പോയി പ്രസംഗിക്കുന്നതിലും അതിനെയൊക്കെ ന്യായീകരിക്കുന്ന മട്ടില്‍ സ്വയം പ്രത്യക്ഷപ്പെട്ടിട്ടും വലിയ കഥയൊന്നും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല... അത് യുക്‌തിവാദപരമായ സമീകരണമാണ്, കൃത്രിമമായ തുല്യത ഉണ്ടാക്കല്‍ മാത്രമായി പോകും. എന്‍.എസ്.എസ്സിന്റെ സമദൂര സിദ്ധാന്തമല്ല ഇവിടെ എടുക്കേണ്ടത്. ചരിത്രയാഥാര്‍ത്ഥ്യത്തെ ആ നിലയില്‍ തന്നെ കാണണം. സമദൂരം എന്നു പറയുന്നത് ചരിത്രബോധമില്ലായ്‌മയാണ്.
ആര്‍.എസ്.എസിന്റെ പത്ത് 'ലക്ഷണങ്ങള്‍' കണ്ടെത്തിയാല്‍ അതേ പത്ത് ലക്ഷണങ്ങള്‍ ജമാഅത്തെ ഇസ്ളാമിയ്‌ക്കുണ്ടെന്ന് വാദിച്ചാല്‍, ജമാഅത്ത് അപകടകാരിയാണെന്ന് വാദിക്കുന്നതോടൊപ്പം ആര്‍.എസ്സ്.എസ് ചെറുതാണെന്ന് കൂടി സ്ഥാപിക്കപ്പെടും. ജമാഅത്തിനെ പോലുള്ള ഒരു സാധനമൊന്നുമല്ല ആര്‍.എസ്സ്.എസ്. ജമാഅത്തിന് മതമൌലികതയുണ്ടെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ആര്‍.എസ്സ്.എസ്സിന്റെ സംഘടനയും പരപ്പും ഒക്കെ ജമാഅത്ത് ഇസ്ളാമിയുടെസ്വാധീനത്തിന്റെ എത്രയെത്രമടങ്ങാണ്...! അതുകൊണ്ട് നിങ്ങള്‍ ഇക്വേറ്റ് ചെയ്യുമ്പോള്‍ ചെന്ന് ചാടുന്ന ഒരു അപകടം ഉണ്ട്. ഇതുപോലെ തന്നെയാണല്ലോ അതും എന്നൊരു ന്യായം അപ്പോള്‍ വരും.
ഈ വ്യത്യാസം പറഞ്ഞ് ന്യൂനപക്ഷവുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പുകള്‍ ഗുണം ചെയ്യുമോ?
മൌലിക പ്രസ്ഥാനങ്ങളുമായി ഇടതുപക്ഷം ഐക്യപ്പെട്ടാല്‍ ഇടതുപക്ഷത്തെ അവര്‍ വിഴുങ്ങുന്നതല്ലാതെ അവരെ ഇടതുപക്ഷമാക്കാനൊന്നും പറ്റില്ല. ഇതുവരെ പറ്റിയിട്ടില്ല, ഇനിയങ്ങോട്ട് പറ്റുകയുമില്ല. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം, സമൂഹത്തെക്കുറിച്ച് നമ്മള്‍ എപ്പോഴും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വലതുപക്ഷബോധം എന്നത് സമൂഹത്തിന്റെ സാമാന്യബോധമാണ്, ഇടതുപക്ഷബോധം എന്നു പറയുന്നത് ഒരു എതിര്‍ബോധമാണ്. അതുകൊണ്ട് എതിര്‍ബോധത്തില്‍ സമൂഹത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ പ്രയാസമാണ്. വലതുപക്ഷബോധത്തില്‍ എത്തിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണം അത് അതിന്റെ സ്വഭാവമാണ്. നമ്മുടേത് പോലുള്ള ഒരു സമൂഹത്തില്‍ വലതുപക്ഷമായിരിക്കുക എന്നു പറഞ്ഞാല്‍ വെറുതെ ഇരുന്നാല്‍ മതി. മറിച്ച് ഇടതുപക്ഷമായിരിയ്‌ക്കാന്‍ നിങ്ങള്‍ക്ക് ഓരോ തവണയും നിങ്ങളോട് തന്നെ സമരം ചെയ്യണം... നിങ്ങളെതന്നെ തിരുത്തണം. ആ തിരുത്തല്‍ വലിയ പ്രയാസമുള്ള ഒരു കാര്യമാണ്. അതിനു പകരം നിങ്ങള്‍ വലതുപക്ഷത്തിന്റെതായ ചില ഒത്തുതീര്‍പ്പുകളില്‍ നില്‍ക്കുമ്പോള്‍ രണ്ടും ഒന്നാണെന്ന് തോന്നുന്ന ഒരു അവസ്ഥയില്‍ പെടും. അപ്പോള്‍ പലപ്പോഴും എന്തു പറ്റുന്നു എന്നുവെച്ചാല്‍ രാഷ്‌ട്രീയപ്രവര്‍ത്തനം മധ്യവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമായി തീരും. അതായത് മദ്ധ്യവര്‍ഗ്ഗത്തിന്റെ കാര്യസാധ്യത്തിനുള്ള ഒരു ഉപാധിയായി, രാഷ്‌ട്രീയം മാറും.
അപ്പോള്‍ ഇടതുപക്ഷ രാഷ്‌ട്രീയം നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ പിന്നെ ആരാണ് ഏറ്റെടുക്കുന്നത്? അവരായിരിക്കും രാഷ്‌ട്രീയ പ്രക്രിയയുടെ പുതിയ നേതൃത്വമായിട്ട് മാറുക. അങ്ങനെ ഏറ്റെടുക്കാനായിട്ട് മതമൌലികപ്രസ്ഥാനങ്ങളോ മതതീവ്രവാദികളോ സ്വത്വരാഷ്‌ട്രീയക്കാരോ ഒക്കെ വരും. അതുകൊണ്ട് അവര്‍ ഏറ്റെടുക്കുന്ന രീതിയെ നമുക്ക് വിമര്‍ശിക്കാമെങ്കിലും ഏറ്റെടുക്കപ്പെടാന്‍ ഉള്ള അവസ്ഥയുണ്ടായതില്‍ പൊതുവെ ഇടതുപക്ഷത്തിന്റെ പങ്കും വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.
സോഷ്യലിസം സമഗ്രാധിപത്യമല്ലന്നു തെളിയിക്കുന്നതിനുള്ള അന്വേഷണങ്ങളോ പുത്തന്‍ മാതൃകകളോ സോഷില്യസ്‌റ്റുകള്‍ പടുത്തുയര്‍ത്തിയില്ല. സ്വത്വരാഷ്‌ട്രീയം വളരാന്‍ അതും ഒരു കാരണമല്ലേ...?
ഈ വിമര്‍ശനങ്ങളില്‍ വസ്‌തുതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സ്‌റ്റാലിനിസത്തിന്റെ രീതിയിലുള്ള ആധുനിക രാഷ്‌ട്രനിര്‍മ്മാണക്രമമാണ് മാര്‍ക്‌സിസം എന്ന മട്ടില്‍ ഒരു ധാരണയുണ്ടായിട്ടുണ്ട്. സ്‌റ്റാലിന്‍ തന്നെ ഒരുപാട് വട്ടം അങ്ങനെ പറഞ്ഞതാണല്ലോ... സോവിയറ്റ് യൂണിയനില്‍ വര്‍ഗ്ഗസമരം അവസാനിച്ചു. സോവിയറ്റ് യൂണിയന്‍ ഒരു സോഷ്യലിസ്‌റ്റ രാഷ്‌ട്രമായി എന്നൊക്കെ അദ്ദേഹം പല സ്ഥലത്തും പ്രസ്‌താവിച്ചു. ചരിത്രപരമായി വമ്പന്‍ തെറ്റുകളാണ് അതെല്ലാം. അതു പക്ഷെ അവിടുത്തെ പാര്‍ട്ടിയും അംഗീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ചതുകൊണ്ട് വൈരുദ്ധ്യം ഇല്ലാണ്ടാവില്ല. വൈരുദ്ധ്യം ഇല്ല എന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം പാസാക്കാമെന്നല്ലാതെ സാമൂഹ്യവൈരുദ്ധ്യം തീരുന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടല്ല. അതുകൊണ്ട് സ്‌റ്റാലിന്‍ തീരുമാനിച്ച ശേഷവും വൈരുദ്ധ്യം തുടര്‍ന്നു.
പക്ഷെ ഈ സത്യം കണക്കാക്കാതെയുളള പുതിയ ലോകത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്ക് മുകളില്‍ രാഷ്‌ട്രനിര്‍മ്മാണം ആരംഭിച്ചു. സ്‌റ്റാലിനിസ്‌റ്റ് രീതികളുടെ ഒരു തകരാറ് എന്താണെന്ന് വെച്ചാല്‍ അത് ഈ പറയുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്നതല്ല. കുറച്ചുകൂടെ ലളിതമായി പറഞ്ഞാല്‍ പലപ്പോഴും വൈരുദ്ധ്യാത്‌മക സമീപനമല്ല അതിന്റേത്. ദ്വന്ദ വാദപരമാണ്. മറിച്ച് വൈരുദ്ധ്യാത്‌മകമായി മനസ്സിലാക്കിയാല്‍ മുതലാളിത്തം എന്ന കേന്ദ്രത്തില്‍ നിന്നുകൊണ്ടുള്ള ഒരു വലിയ ബന്ധവ്യവസ്ഥയാണ് മുതലാളിത്ത ആധുനികത എന്നു മനസ്സിലാക്കിയാല്‍, സ്‌ത്രീ പ്രശ്‌നവും, പരിസ്ഥിതിപ്രശ്‌നവും കീഴാളപ്രശ്‌നവും ഒക്കെ വലിയ വര്‍ഗ്ഗപ്രശ്‌നങ്ങളായി വികസിപ്പിക്കാന്‍ പറ്റും. അങ്ങനെ വികസിപ്പിച്ചതിന്റെ ചരിത്രം വാസ്‌തവത്തില്‍ വി.വി.തോംസണ്‍നെപ്പോലുള്ള ചില മാര്‍ക്‌സിസ്‌റ്റ് ചരിത്രകാരന്മാരെങ്കിലും പറഞ്ഞിട്ടുണ്ട്. ഇംഗ്ളണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ രൂപീകരണത്തിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍, എങ്ങിനെയാണ് അവിടുത്തെ 'പെറുക്കികള്‍' കൂടി ഉള്‍പ്പെട്ട വലിയ ഒരു പ്രക്രിയയിലൂടെ തൊഴിലാളിവര്‍ഗ്ഗബോധം വികസിച്ചത് എന്ന് ഇ.പി. തോംസണ്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
അമ്മാതിരി പ്രക്രിയയെകുറിച്ച് നമുക്കും ആലോചിക്കാവുന്നതാണ്. പക്ഷെ, അത്തരത്തിലുളള ഒരു ആലോചനയും ഉണ്ടായില്ല. അങ്ങനെ നാം ഉപേക്ഷിച്ച ഇടങ്ങളില്‍നിന്ന്, നവസാമൂഹിക പ്രസ്ഥാനങ്ങളുടെയോ സ്വത്വവാദ പ്രസ്ഥാനങ്ങളുടെയോ രൂപത്തില്‍ അവ തിരിച്ചു വരികയും ചെയ്‌തു. വാസ്‌തവത്തില്‍ മാര്‍ക്‌സിസത്തിന്നു തന്നെ ആന്തരികമായി ആര്‍ജ്ജിച്ചെടുക്കാവുന്ന ഒരു ശേഷിയായിരുന്നു ഇത്. ആ ശേഷിക്കുറവില്‍ നിന്നാണ് ഈ പ്രശ്‌നത്തിന്റെ വലിയൊരളവോളം രൂപപ്പെടുന്നത്... വലിയൊരളയോളം എന്നേ ഞാന്‍ പറയുന്നുളളൂ...
ഉദാഹരണമായി, കേരളത്തിലൊക്കെയുളള പരിസ്ഥിതി ചര്‍ച്ച നോക്കി കഴിഞ്ഞാല്‍ മുതലാളിത്തമോ മൂലധനവികാസമോ ഒന്നും പ്രശ്‌നമല്ല. ആഗോളതാപനത്തെപ്പറ്റി പറയുമ്പോള്‍ മുന്നൂറ് കൊല്ലത്തെ മുതലാളിത്ത ഉത്പാദനമല്ല പ്രതി. പ്രതിയാക്കപ്പെടുന്നത് മനുഷ്യര്‍ എല്ലാവരുമാണ്. യു.എന്‍ രേഖകള്‍ പറയുന്നത് man made problem എന്നാണ്. മനുഷ്യനുണ്ടാക്കിയ പ്രശ്‌നം...! ഏത് മനുഷ്യനുണ്ടാക്കിയ പ്രശ്‌നമാണിത്? അത് മുതലാളിത്തം ഉണ്ടാക്കിയതാണ്. പക്ഷെ പ്രതിയാവുമ്പോള്‍ ഞാനും നിങ്ങളും പ്രതിയാണ്. ടാറ്റയും മനുഷ്യനാണ്, നിങ്ങളും മനുഷ്യനാണ്... അംബാനിക്കും നിങ്ങള്‍ക്കും തുല്യഅവകാശമാണ്, ഒരു വോട്ടാണ് എന്നൊക്കെ പറയുന്ന സിവില്‍ സൊസൈറ്റിയിലെ ഒരു വ്യക്‌തിയെ എടുത്ത് പ്രയോഗിക്കുകയാണ്, എന്നിട്ട് എല്ലാവര്‍ക്കും തുല്യമായ ഉത്തരവാദിത്വമുള്ള ഒരു പ്രശ്‌നമാണിതെന്നും അതുകൊണ്ട് നമ്മള്‍ എല്ലാവരും കാര്‍ബണിന്റെ പുറംതളളല്‍ തടയണമെന്നും പറയുന്നു. നിങ്ങളും ഈ പ്രശ്‌നത്തിന് ഉത്തരവാദികളാണെന്ന് പറയുന്നു... അതുകൊണ്ട് നിങ്ങള്‍ വിളക്ക് കത്തിക്കരുത്... ഞങ്ങള്‍ നാല് കാറ് ഉപയോഗിക്കട്ടെ എന്നാണു പറയുന്നത്.
ഈ ഭൂമി നിലനില്‍ക്കുന്നത്, ദരിദ്രരാഷ്‌ട്രങ്ങളുടെ കാരുണ്യത്തിലാണ് ?
കാര്‍ബണ്‍ പുറന്തളളലിന്റെ ഇപ്പോഴെത്തെ ഒരു കണക്കെടുത്ത് കഴിഞ്ഞാല്‍, അമേരിക്കയില്‍ ഇപ്പോള്‍ ഒരു പൌരന്റെ പ്രതിശീര്‍ഷ കാര്‍ബണ്‍ വിസര്‍ജ്ജനം 27 ടണ്ണോ മറ്റോ ആണ്. അമേരിക്കയില്‍ ഏതാണ്ട് ലോകജനസംഖ്യയുടെ ഏതാണ്ട് 4% വരും 30 കോടി ജനങ്ങള്‍ അവരുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം 27 ടണ്‍ എന്ന കണക്കിലാണ്. ഇന്ത്യയില്‍ 120കോടി ആളുകളുണ്ട്; അതില്‍ വളരെ മേല്‍തട്ടിലുള്ള ആളുകളുടെ വെറും 20% ശതമാനത്തിന്റെ മാത്രം... ഏതാണ്ട് 10 ടണ്ണോ 11 ടണ്ണോ ഒക്കെ വരുന്നുണ്ട്. അപ്പോള്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെയും കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം 1.1-1.2% ആണ്. ശരാശരി എടുക്കുമ്പോള്‍ അത് 3-4 ടണ്ണിന് മുകളിലേക്ക് പോകുന്നില്ല. ചൈനയിലാണെങ്കില്‍ അത് കുറച്ചുകൂടി മുകളിലാണ്. 10 -11 ടണ്ണിന് മുകളിലായി അവിടെ കാര്‍ബണ്‍ വിസര്‍ജ്ജനം മാറിയിട്ടുണ്ട്.
നമുക്ക് ഒന്നാംലോകരാജ്യങ്ങളാണല്ലോ ഇപ്പോള്‍ മാതൃക. നമ്മളെല്ലാം 'വികസിക്കുന്നത്' അമേരിക്കയോ, യൂറോപ്പോ ആയി തീരാനായിട്ടാണ്. അത്രയും വലിപ്പമുള്ള റോഡുകള്‍, അത്ര വലിയ കെട്ടിടങ്ങള്‍... വിമാനത്താവളങ്ങള്‍... ഇതൊക്കെയാണ് നമ്മുടെ ലക്ഷ്യം. അപ്പോള്‍ പ്രശ്‌നം ഇതാണ് അങ്ങനെ വികസിച്ചാല്‍ ഇതേ പോലെ തന്നെയുള്ള കാര്‍ബണ്‍ വിസര്‍ജ്ജനവും ഊര്‍ജ്ജ ഉപഭോഗവും ഉണ്ടാവണമല്ലോ...! 27 ടണ്‍ പ്രതിശീര്‍ഷ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനമുള്ള ഒരു ലോകവ്യവസ്ഥ ഈ 680 കോടി ആളുകള്‍ക്കും സാധ്യമാവുകയാണെങ്കില്‍, ആ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം വഴി ഉണ്ടാവുന്ന അന്തരീക്ഷതാപംകൊണ്ട് ഈ ഭൂമി എന്നേ കത്തിതീരുമായിരുന്നു. ഭൂമിയ്‌ക്ക് താങ്ങാന്‍ പറ്റുന്നതിന്റെ എത്രയോ ഇരട്ടി കാര്‍ബണ്‍ വിസര്‍ജ്ജിക്കപ്പെടുകയും അതുവഴി ഭൂമിയിലെ താപം വളരെ വളരെ ഉയര്‍ന്ന് ഭൂമി ജീവിതയോഗ്യം അല്ലാതാവുകയും ചെയ്യും.
വാസ്‌തവത്തില്‍ ഈ 100 കോടിയാളുകള്‍ 20-25 ടണ്‍ പ്രതിശീര്‍ഷ കാര്‍ബണ്‍ ഉല്‍സര്‍ജ്ജനം നടത്തുമ്പോള്‍, ബാക്കി 580 കോടി ജനങ്ങള്‍ 1.1ഉം 1.5ഉം, 2ടണ്ണുമൊക്കെയുള്ള കാര്‍ബണ്‍ ഉസര്‍ജ്ജനവുമായിട്ട് ജീവിക്കുന്നത് കൊണ്ട് തന്നെയാണ് ഈ ഭൂമി പച്ചയില്‍ ഇപ്പോഴും തുടിക്കുന്നത്; 580 കോടി ജനങ്ങളുടെ ഈ പിന്നോക്കാവസ്ഥയ്‌ക്ക് മുകളിലാണ് ഈ ലോകത്തിന്റെ നിലനില്‍പ്. മാര്‍ക്‌സ് പറയുന്ന ഒരു കാര്യമുണ്ട്... തൊഴിലാളിയുടെ അദ്ധ്വാനത്തിന്റെ പുറത്താണ് മുതലാളി നില്‍ക്കുന്നത് എന്ന്. അതുകൊണ്ട് മുതലാളിയാണ് യഥാര്‍ത്ഥത്തില്‍ പരാശ്രിതന്‍, തൊഴിലാളിയല്ല. മൂന്നാംലോകത്തിന്റെ പിന്നോക്കാവസ്ഥയില്‍ ആണ് ഒന്നാംലോകത്തിന്റെ വികസിതാവസ്ഥ പോലും ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് നമുക്ക് പറയാന്‍ പറ്റും.
ഇതൊന്നും പറയാതെ, ഇതിനെപറ്റി ഒരു വാക്ക് പോലും പറയാതെ, ഈ പ്രശ്‌നങ്ങളിലേക്ക് ഒരു ചുവടുപോലും വെക്കാതെ, ഇടതുപക്ഷരാഷ്‌ട്രീയത്തിന്റെ ചെറുതും വലുതുമായ പ്രശ്‌നങ്ങളെ പെരുപ്പിച്ച് പെരുപ്പിച്ച് കൊണ്ടുവരുന്നത് ആര്‍ക്കാണ് സഹായകമാവുക?
ഇടതുപക്ഷത്തിന് ഇത്തരം പ്രശ്‌നങ്ങളില്‍ പോരായ്‌മ ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. ഞാനത് അംഗീകരിക്കുന്നു. പരിസ്ഥിതി പ്രശ്‌നം വികസനവിരുദ്ധമാണ് എന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇപ്പോഴും ചിലര്‍ അതുതന്നെ പറയുന്നുണ്ട്. അതൊരുവീഴ്‌ചയാണ്. വിവരക്കുറവ് പോലുമാണ്. പക്ഷേ അതിന്റെ പേരില്‍ നമ്മള്‍ ഈ കാഴ്‌ച വിടരുത്. ഈ കാഴ്‌ച വിട്ട് നിങ്ങള്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ അപ്പുറത്തേക്ക് പോകരുത്. പലപ്പോഴും ഇന്നത്തെ പരിസ്ഥിതി ചര്‍ച്ചയുടെ കേന്ദ്രത്തില്‍ പ്രതി മുതലാളിത്തമല്ല, മൂലധനമല്ല, സാമ്രാജ്യത്വമല്ല... ഇടതുപക്ഷവും മാര്‍ക്‌സിസവുമാണ്. അത് ശരിയായ വീക്ഷണമല്ല. ഏതെങ്കിലും പഞ്ചായത്ത് മെമ്പര്‍ ആയിരിക്കും അവസാനം പ്രതി. പല ചര്‍ച്ചയുടെയും കേന്ദ്രം നോക്കിയാല്‍, അത്തരത്തില്‍ പ്രശ്‌നങ്ങളെ ചുരുക്കിയെടുക്കാന്‍ മൂലധന പ്രത്യയശാസ്‌ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ തന്നെ, വ്യവസായ വകുപ്പിനെതിരെ വമ്പന്‍ ആക്രമണമാണല്ലോ നടക്കുന്നത്. (ഞാനവരുടെ പരിസ്ഥിതി വീക്ഷണത്തെ അംഗീകരിക്കുന്നില്ല. അത് മറ്റൊരു കാര്യം.) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം എത്ര വ്യവസായങ്ങള്‍ ലാഭത്തിലേക്ക് പോയി. എത്ര ആയിരം തൊഴിലാളികളുടെ ജീവിതത്തിന് മെച്ചങ്ങളുണ്ടായി... ഒരു പക്ഷെ കേരളത്തിന്റെ ചരിത്രത്തില്‍ ആ നിലയിലുള്ള ഒരു വ്യാവസായിക വളര്‍ച്ചയുടെ ഒരു ഘട്ടം ഉണ്ടായിട്ടില്ല. ഒരു പക്ഷെ, നമ്മുടെ ഏതെങ്കിലും ഒരു മാധ്യമം ഇതിനെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. പിന്നെ, പെന്‍ഷനുകള്‍, ജനക്ഷേമകരമായ കാര്യങ്ങള്‍... ഇവയൊന്നും പൊതുചര്‍ച്ചയുടെയോ സംവാദത്തിന്റെയോ ഏഴയലത്ത് പോലും മാധ്യമങ്ങള്‍ കൊണ്ടുവരില്ല.
യഥാര്‍ത്ഥത്തില്‍ മുതലാളിത്തം സാമൂഹികവിരുദ്ധവും, പ്രകൃതിവിരുദ്ധവുമാണെന്നുള്ള മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടിനെ ആഗോളതാപനം ആയിരം വട്ടം അടിവരയിടുകയാണ്. ചരിത്രത്തിന്റെ അന്ത്യമാണ് ആഗോളവല്‍ക്കരണമെന്നുള്ള മൂലധനത്തിന്റെ വാദങ്ങള്‍ 'ലോകത്തിന്റെ തന്നെ അന്ത്യ'മാണെന്ന് തിരുത്തിയെഴുതണമെന്ന് ചുരുക്കം. ഈ ലോകാവസാനത്തിന്റെ ഭീഷണിനേരിടാന്‍ മനുഷ്യ സമൂഹത്തിന് മുമ്പില്‍ ഒറ്റവഴിയേ ഉള്ളൂ. അത് ലാഭകേന്ദ്രീകൃതവും ചൂഷണാധിഷ്‌ടിതവുമായ ഉല്‍പ്പാദനവ്യവസ്ഥയ്‌ക്ക് പകരം നീതിപൂര്‍ണ്ണമായ ചൂഷണരഹിത സാമൂഹിക വ്യവസ്ഥ പടുത്തുയര്‍ത്തുക എന്നതാണ്.
സ്വത്വവാദങ്ങള്‍ക്ക് പ്രത്യയശാസ്‌ത്ര പിന്‍ബലം ലഭിക്കാന്‍ അന്തോണിയോ ഗ്രാംഷിയുടെ വഴിയിലൂടെ നടന്നാല്‍ മതിയെന്ന് പറയുന്നതിനെ എങ്ങിനെയാണ് കാണുന്നത് ?
സ്വത്വരാഷ്‌ട്രീയത്തിലേക്ക് മാര്‍ക്‌സിസത്തില്‍ നിന്നൊരു വഴി അന്തോണിയോ ഗ്രാംഷിയിലൂടെ ഉണ്ടെന്നാണ് പരക്കെ പറയപ്പെടുന്നത്. വാസ്‌തവത്തില്‍ ഗ്രാംഷിയുടെ മൌലികപ്രാധാന്യം എന്താണെന്ന് വെച്ചാല്‍ ക്ളാസ്സിക്കല്‍ മാര്‍ക്‌സിസം പൊതുവെ സാമ്പത്തിക ഉത്പാദനത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള ഒരു സാമ്പത്തികവിശകലനം കൊണ്ടുവന്നപ്പോള്‍ (ജാതിവ്യവസ്ഥയെ ഒക്കെ മനസ്സിലാക്കുന്നതില്‍ ഒരു ക്ഷീണാവസ്ഥ ഉണ്ടാക്കിയത് ആ വിശകലനമാണ്) അതിനപ്പുറത്ത് സംസ്‌ക്കാരം എന്നൊരു ഘടകം എങ്ങിനെയാണ് വര്‍ഗ്ഗസമൂഹങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്, അതിനെ എങ്ങനെയാണ് തിരുത്താന്‍ പറ്റുക തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഫലപ്രദമായ വിശദീകരണം നല്‍കുകയും ചെയ്‌തു എന്നതാണ് ഗ്രാംഷി ചെയ്‌തത്. വര്‍ഗ്ഗസമരത്തെ സാംസ്‌ക്കാരികപ്രവര്‍ത്തനമാക്കി മാറ്റുക അല്ല... മറിച്ച് സംസ്‌ക്കാരം എന്നത് വര്‍ഗ്ഗസമരത്തിന്റെ മേഖലയാണ് എന്ന് ഉറപ്പിക്കുകയാണ് ഗ്രാംഷി ചെയ്‌തത്.
ഇപ്പോഴുള്ള വാദം വര്‍ഗ്ഗസമരം തന്നെ സാംസ്‌ക്കാരികസമരമാണ് എന്നാണ്. സാംസ്‌ക്കാരിക സ്വത്വത്തിന്റെ രൂപീകരണവും അതിന്റെ പിറകിലെ പ്രത്യയശാസ്‌ത്രവും തുറന്ന് കാണിക്കുന്നതാണ്. വര്‍ഗ്ഗസമരം; അല്ലെങ്കില്‍ അതാണ് മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയം എന്ന് പറയാനാണ് സ്വത്വവാദക്കാര്‍ ശ്രമിക്കന്നത്. ഗ്രാംഷിയുടെ വീക്ഷണം അതല്ല. ഗ്രാംഷി പറഞ്ഞത്, -വര്‍ഗ്ഗം എന്നത് സാമ്പത്തികമായി മാത്രം നിലനില്‍ക്കുന്നതല്ല; വര്‍ഗ്ഗാധിപത്യം സാമ്പത്തികം മാത്രമല്ല... സാംസ്‌ക്കാരികം കൂടിയാണ്. അതുകൊണ്ട് വര്‍ഗ്ഗവിശകലനത്തില്‍ സംസ്‌ക്കാരത്തെ ഒരു ഉപപ്രതിഭാസമായി കാണുന്നത് മാറ്റണം. മറിച്ച് വര്‍ഗ്ഗരൂപീകരണത്തിന്റെ കേന്ദ്രത്തിലേക്ക് സംസ്‌ക്കാരവും വരുന്നുണ്ട് എന്നാണ്. അതിനുപകരം സംസ്‌ക്കാരമാണ് വര്‍ഗ്ഗസമരത്തിന്റെ, മാര്‍ക്‌സിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ കേന്ദ്രം എന്ന നിലയിലേക്കുള്ള ഒരു തിരിച്ചിടലാണ് ഗ്രാംഷിയുടെ പേരില്‍ നടക്കുന്നത്. അത് വാസ്‌തവത്തില്‍ സംസ്‌ക്കാരമാത്രവാദമാണ്. Culturalismആണ്. materialism അല്ല. മാര്‍ക്‌സിസവും അല്ല.
യൂറോപ്പിലും ഗ്രാംഷിയെ പ്രതി വര്‍ഗ്ഗരാഷ്‌ട്രീയ നിലപാടുകള്‍ വിട്ടൊഴിഞ്ഞ ഒരു സാഹചര്യമുണ്ടായിരുന്നല്ലോ?
ഉണ്ട്. യൂറോപ്പില്‍ ഇത് വലിയ തോതില്‍ സംഭവിച്ചതാണ്. ഗ്രാംഷിയുടെ പേരില്‍ തന്നെയാണ് യൂറോപ്യന്‍ മാര്‍ക്‌സിസം വലിയ തോതില്‍ വര്‍ഗ്ഗരാഷ്‌ട്രീയ നിലപാടുകളില്‍ നിന്ന് അകന്നു പോയത്. പെരി ആന്‍ഡേഴ്‌സണ്‍ പറയുന്ന ഒരു കാര്യമുണ്ട്; 'എത്രത്തോളം കൂടുതല്‍ സംസ്‌ക്കാരവാദത്തിലേക്ക് മാര്‍ക്‌സിസം അടുത്തടുത്ത് പോകുന്നുണ്ടോ അത്രത്തോളം കൂടുതല്‍ അത് തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയത്തില്‍നിന്ന് അകന്നു പോകും' എന്ന്. അതുകൊണ്ട് നിങ്ങള്‍ എത്രത്തോളം ഒരു സാംസ്‌ക്കാരികരാഷ്‌ട്രീയം (Cultural politics) എന്നു പറഞ്ഞ് പോകുന്നുവോ അത്രത്തോളം നിങ്ങള്‍ വര്‍ഗ്ഗരാഷ്‌ട്രീയ (Class politics) ത്തില്‍ നിന്ന് അകന്നകന്ന് പോകുന്നു. എന്നിട്ട് അത് ഒരു തരം അക്കാദമിക് പരിശീലനമായിട്ട് (Academic exercise) മാറും. വാസ്‌തവത്തില്‍ കേരളത്തില്‍ സംഭവിച്ചത് അതാണ്...
ഡോ.കെ.എന്‍. പണിക്കരും ഇത് വ്യക്‌തമാക്കിയിട്ടുണ്ടല്ലോ?
ഉണ്ട്. ഗ്രാംഷി സംസ്‌ക്കാരത്തെ വിശകലനം ചെയ്‌തിട്ട് വര്‍ഗ്ഗത്തിലേക്ക് തിരിച്ചുവരികയാണ് ചെയ്‌തത്.... അല്ലാതെ വര്‍ഗ്ഗത്തെ കയ്യൊഴിയുകയല്ല ചെയ്‌തത് എന്ന് പണിക്കര്‍മാഷ് വ്യക്‌തമാക്കിയിരുന്നു. മാഷ് ഗ്രാംഷിയുടെ ഏതെങ്കിലും ഒരു മൂല വായിച്ചയാളല്ല, കമ്പോട് കമ്പ് വായിച്ച ഒരാളാണ് (പിന്നെ വേണമങ്കില്‍ പണിക്കര്‍ ആണെന്നത് കൊണ്ട് സവര്‍ണ്ണനാണെന്ന് പറയാവുന്നതാണ് !! കാരണം ഇപ്പോഴത്തെ ഒരു നടപ്പുരീതി അതാണല്ലോ) വര്‍ഗ്ഗരാഷ്‌ട്രീയത്തെ ഉറപ്പിക്കുകയാണ് ഗ്രാംഷി ചെയ്‌തത് എന്നാണ് മാഷ് പറയുന്നത്. ഒരു കാര്യം കൂടി പറയാമെന്ന് തോന്നുന്നു. ഈ ഗ്രാംഷി, സെയ്‌ദ്, ഫാനന്‍ തുടങ്ങിയ കുറെ പേരുകള്‍ അവിടവിടെ ഇങ്ങനെ വെറുതെ വാരി വിതറിയതുകൊണ്ടൊന്നും ഈ പ്രശ്‌നത്തിന് പരിഹാരമാകില്ല. നേരത്തെ നമ്മള്‍ പറഞ്ഞതുപോലെയാണത്. ഇര എന്ന് പറയുമ്പോള്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ രേഖകളില്‍ അതുണ്ട് എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം? കമ്യൂണിസ്‌റ്റ പാര്‍ട്ടിയുടെ രേഖകളില്‍ ഒരു സൈദ്ധാന്തിക സങ്കല്‍പമായിട്ടല്ല അത് ഉപയോഗിച്ചത്. ഒരു രൂപകമായിട്ടാണ്. എത്രയോ കാലമായി ഇവിടെ ആളുകള്‍ ഇര എന്നു പറയുന്നുണ്ട്. അത് ഒരു സൈദ്ധാന്തിക സംവര്‍ഗ്ഗമാകണമെങ്കില്‍ അതിനെ സൈദ്ധാന്തികമായി വിശദീകരിയ്‌ക്കണം. അതിന് പുസ്‌തകത്തിന്റെ പുറത്ത് 'മാനിഫെസ്‌റ്റോ' എന്നെഴുതി വെച്ചാല്‍ പോരാ. മാനിഫെസ്‌റ്റോ എന്നെഴുതിയത് കൊണ്ട് നിങ്ങള്‍ എഴുതിയ വാദം ഒരു താത്വികപ്രശ്‌നമോ ദാര്‍ശനികവാദമോ ആകില്ല. മാര്‍ക്‌സ് കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റൊ എന്ന് എഴുതിയത് കൊണ്ട് മാര്‍ക്‌സിസ്‌റ്റ് ദര്‍ശനം ഉണ്ടായിവന്നതല്ല. മുതലാളിത്തത്തിന്റെ പ്രക്രിയാബന്ധങ്ങളെ ശാസ്‌ത്രീയമായി വിശദീകിരിച്ചിട്ടാണ് ആ ദര്‍ശനം രൂപപ്പെട്ടത്. അതൊരു അലങ്കാരപ്പണിയല്ല.
ഈ കഴിഞ്ഞ ദിവസം കേട്ടത് ഇ.എം.എസ് മലയാളസ്വത്വത്തിന് വേണ്ടി വാദിച്ചിരുന്നു എന്നാണ്.
നമ്മുടെ ചരിത്രപരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ ഭാഷാദേശീയതകള്‍ രൂപപ്പെട്ടത് എങ്ങിനെയാണ്, എന്തുകൊണ്ട് കേരളം ഒരു ഭാഷാദേശീയത ആകാന്‍ അര്‍ഹമാണ് എന്ന ഒരു പ്രശ്‌നമാണ് ഇ.എം.എസ് 'കേരളം മലയാളികളുടെ മാതൃഭൂമി'യിലൂടെ പറയുന്നത്. അന്ന് സ്വത്വരാഷ്‌ട്രീയമില്ല, സ്വത്വവാദവുമില്ല. മലയാളി എന്നാല്‍ മലയാളി സ്വത്വവാദമാണെന്ന ഒരു വാദഗതിയൊന്നുമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇപ്പോള്‍ അങ്ങനെ പറയാം എന്നുമാത്രം. ഇപ്പോള്‍ പറയുന്നത് എന്തിനാണെന്ന് വെച്ചാല്‍ സ്വത്വവാദത്തിന് ചരിത്രത്തില്‍ വേരു കണ്ടുപിടിയ്‌ക്കുകയാണ്. തികച്ചും ചരിത്രപരമായ ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗവിശകലനം നടത്തിക്കൊണ്ട് കേരള സമൂഹരൂപീകരണത്തിന്റെ ഒരു പ്രത്യേക ഘട്ടത്തെ ഇ.എം.എസ് വിശദീകരിക്കുന്നു. നിങ്ങള്‍ അത് എടുത്ത് കൊണ്ടുവന്നിട്ട് ഇപ്പോള്‍ പടച്ചുണ്ടാക്കിയ ഒരു വാദത്തിന്റെ അടയാളം അതില്‍ ഉണ്ട് എന്ന് പറയുന്നു. വാസ്‌തവത്തില്‍ നിങ്ങളുടെ ഇപ്പോഴത്തെ നില്‍ക്കകള്ളിക്ക് വേണ്ടി ഇ.എം.എസിനെ കൂട്ടു പ്രതിയാക്കലാണ് അത്. ഇ.എം.എസ്സിന്റേത് ഭാഷാദേശീയബോധത്തെ ചരിത്രപരമായി വിശദീകരിയ്‌ക്കാനുളള ഒരു ശ്രമമാണ്.
ദേശീയബോധത്തിനകത്ത് സ്വത്വബോധം അടങ്ങിയിരിയ്‌ക്കുന്നു എന്നത് നിസ്‌തര്‍ക്കമായ ഒരു കാര്യമാണ്. പക്ഷെ അത് സ്വത്വവാദമല്ല. സ്വത്വബോധം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദീകരിയ്‌ക്കുന്നതും സ്വത്വവാദവും ഒന്നല്ല. ഇപ്പോഴുള്ളത് സ്വത്വവാദപരമായ നിലപാടാണ് അത് സ്വത്വബോധത്തെ വിശദീകരിയ്‌ക്കുന്ന പണിയല്ല. എഡ്വേര്‍ഡ് സെയ്‌ദിനെയുംഫ്രാന്‍സ് ഫാനനെയും ഗ്രാംഷിയെയും ഒക്കെ തങ്ങള്‍ക്കുവേണ്ടിടത്തേയ്‌ക്ക് കൂട്ടുവിളക്കുന്നു. ഇതൊരുതരത്തില്‍ എന്‍.ഗോപാലകൃഷ്ണനൊക്കെ ചെയ്യുന്ന പണിയാണ്.. ക്വാണ്ടം മെക്കാനിക്‌സ്, വേദാന്തം, ദൈവം, എന്നൊക്കെ പറഞ്ഞിട്ട്, വേദാന്തത്തിലുള്ളത് ക്വാണ്ടം മെക്കാനിക്‌സ് ആണെന്ന് പറയും. അമ്പലപ്പറമ്പിലിരുന്ന് കേള്‍ക്കുന്ന ആള്‍ക്ക് ക്വാണ്ടം മെക്കാനിക്‌സും അറിഞ്ഞുകൂട, വേദാന്തവും അറിഞ്ഞുകൂട. അതുകൊണ്ട് പറയുന്നത് വിശ്വസിക്കുക. അതേ നിവൃത്തിയുള്ളൂ. ക്വാണ്ടം മെക്കാനിക്‌സിനകത്തെ ചലനതത്വം ഇതാണ്. ഇതുതന്നെയാണ് വേദാന്തത്തിലെ ശ്ളോകത്തിന്റെ അര്‍ത്ഥം എന്ന് ഒരാള്‍ വേദിയില്‍ നിന്ന് പറയുമ്പോള്‍ നാട്ടുകാര്‍ എന്തു ചെയ്യും കേള്‍ക്കുയല്ലാതെ? ഈ മട്ടിലാണ് ഇവിടെ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. ഗ്രാംഷിയെ നാല് വരി ഉദ്ധരിയ്‌ക്കുക... അല്ലെങ്കില്‍ സെയ്‌ദിനെ നാല് വരി ഉദ്ധരിയ്‌ക്കുക. നമുക്ക് ആവശ്യമുള്ള വരി അവിടുന്നും ഇവിടുന്നും എടുക്കുക ഇതിനെക്കുറിച്ച് ഏതെങ്കിലും സംവാദത്തിനോ സൈദ്ധാന്തികമായ ചര്‍ച്ചയ്‌ക്കോ ഒരു ഇടം രൂപപ്പെടുത്താതെ, അത്തരത്തിലുള്ള യാതൊരു അന്വേഷണവും നടത്താതെ, ഇതിനെ ഈ രൂപത്തില്‍ പറയുക. ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അയാളെ ഉടനെ ബ്രാന്‍ഡ് ചെയ്യുക. അതോടെ പ്രശ്‌നം കഴിഞ്ഞല്ലോ. നിങ്ങള്‍ ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്.
ഇത് ഇപ്പോള്‍ കേരളത്തില്‍ വളരെ സജീവമായിട്ടുള്ളതാണ്. ഒരു എതിര്‍വാദം ഉന്നയിക്കുന്ന സമയത്ത് അത് സവര്‍ണ്ണതയില്‍ വഴുക്കി വീണിട്ടാണ്, ബ്രാഹ്മണ്യം അകത്ത് ഇരിക്കുന്നതുകൊണ്ടാണ് എന്നുപറയുക! പ്രശ്‌നം തീര്‍ന്നു! അത് മാര്‍ക്‌സിസ്‌റ്റ് സമീപനമല്ലെന്നത് പോകട്ടെ, ജനാധിപത്യത്തിന്റെ പ്രാഥമികമായ മര്യാദപോലുമില്ല. അതായത് ഒരു വാദത്തെ ഉന്നയിക്കപ്പെട്ട വാദം കൊണ്ടാണ് എതിര്‍ക്കേണ്ടത്. അല്ലാതെ പറഞ്ഞ ആളുടെ ജാതികൊണ്ടല്ല. അത് തികഞ്ഞ ഗോസിപ്പിംഗാണ്. ഈ വാദത്തിന്റെ ആത്യന്തികഫലം ഇതാണ്. ഒരുമിച്ച് നിലനിന്നിരുന്ന നമ്മള്‍ നാല് പേരും നാല് വിഭാഗങ്ങളാണെന്ന് നമുക്ക് അന്യോന്യം ബോധ്യപ്പെട്ടു! തമ്മില്‍തമ്മില്‍ ചേരില്ലെന്നും ബോധ്യപ്പെട്ടു! ഇത്തരത്തിലുള്ള ബോധ്യം ഉത്പാദിപ്പിക്കലാണ് ഇക്കഴിഞ്ഞ 5-8 വര്‍ഷമായി ഇവിടെ നടന്ന പണി എന്നാണ് എനിയ്‌ക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് മാത്രമാണ് ഞാനിതിനെ ആദ്യം മുതല്‍ക്കെ എതിര്‍ത്തത്. അല്ലാതെ അതില്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ അപ്പാടെ തെറ്റായത് കൊണ്ടോ ആ പ്രശ്‌നങ്ങള്‍ അസംഗമാണെന്ന് കരുതുന്നത് കൊണ്ടോ അല്ല. അതിന്റെ ഫലം ആത്യന്തികമായിട്ട് ഈ ശിഥിലീകരണമാണ് എന്നതുകൊണ്ടാണ്. അത്തരത്തിലുള്ള പ്രവണതകള്‍ക്കെതിരായി ഇ.എം.എസ്സിനുണ്ടായിരുന്ന സൈദ്ധാന്തികജാഗ്രതയൊന്നും പൊതുവില്‍ ഇന്ന് കേരളത്തില്‍ ഇല്ല.. ആര്‍ക്കും ഇല്ല എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ പറയുന്നത്. ഉള്ളവര്‍ ആ മണ്ഡലത്തില്‍ അത് പ്രയോഗിക്കുന്നില്ല. പിന്നെ അങ്ങനെ പ്രയോഗിക്കേണ്ടതാണ് എന്ന മട്ടിലുള്ള ഒരു ജാഗ്രത വളര്‍ത്തിയെടുക്കാന്‍ പൊതുവെ ശ്രമവും ഇല്ല. അതുകൊണ്ടു കൂടിയാണ് ഇമ്മാതിരി സംഗതികള്‍ വലിയ സൈദ്ധാന്തികപ്രശ്‌നങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.
*****
ഡോ. സുനില്‍ പി. ഇളയിടവുമായി മുഖാമുഖം
അഭിമുഖം നടത്തിയത് : രമേശ്, അനില്‍ ; കടപ്പാട് : പി എ ജി ബുള്ളറ്റിന്‍
മൌലിക പ്രസ്ഥാനങ്ങളുമായി ഇടതുപക്ഷം ഐക്യപ്പെട്ടാല്‍ ഇടതുപക്ഷത്തെ അവര്‍ വിഴുങ്ങുന്നതല്ലാതെ അവരെ ഇടതുപക്ഷമാക്കാനൊന്നും പറ്റില്ല. ഇതുവരെ പറ്റിയിട്ടില്ല, ഇനിയങ്ങോട്ട് പറ്റുകയുമില്ല. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം, സമൂഹത്തെക്കുറിച്ച് നമ്മള്‍ എപ്പോഴും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വലതുപക്ഷബോധം എന്നത് സമൂഹത്തിന്റെ സാമാന്യബോധമാണ്, ഇടതുപക്ഷബോധം എന്നു പറയുന്നത് ഒരു എതിര്‍ബോധമാണ്. അതുകൊണ്ട് എതിര്‍ബോധത്തില്‍ സമൂഹത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ പ്രയാസമാണ്. വലതുപക്ഷബോധത്തില്‍ എത്തിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണം അത് അതിന്റെ സ്വഭാവമാണ്. നമ്മുടേത് പോലുള്ള ഒരു സമൂഹത്തില്‍ വലതുപക്ഷമായിരിക്കുക എന്നു പറഞ്ഞാല്‍ വെറുതെ ഇരുന്നാല്‍ മതി. മറിച്ച് ഇടതുപക്ഷമായിരിയ്‌ക്കാന്‍ നിങ്ങള്‍ക്ക് ഓരോ തവണയും നിങ്ങളോട് തന്നെ സമരം ചെയ്യണം... നിങ്ങളെതന്നെ തിരുത്തണം. ആ തിരുത്തല്‍ വലിയ പ്രയാസമുള്ള ഒരു കാര്യമാണ്. അതിനു പകരം നിങ്ങള്‍ വലതുപക്ഷത്തിന്റെതായ ചില ഒത്തുതീര്‍പ്പുകളില്‍ നില്‍ക്കുമ്പോള്‍ രണ്ടും ഒന്നാണെന്ന് തോന്നുന്ന ഒരു അവസ്ഥയില്‍ പെടും. അപ്പോള്‍ പലപ്പോഴും എന്തു പറ്റുന്നു എന്നുവെച്ചാല്‍ രാഷ്‌ട്രീയപ്രവര്‍ത്തനം മധ്യവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമായി തീരും. അതായത് മദ്ധ്യവര്‍ഗ്ഗത്തിന്റെ കാര്യസാധ്യത്തിനുള്ള ഒരു ഉപാധിയായി, രാഷ്‌ട്രീയം മാറും
ReplyDeleteസുനില്‍ പി ഇളയിടം ന്റെ വീക്ഷണങ്ങളോട് യോജിക്കുന്നു. എങ്കിലും ഒരു കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍കുന്നു.
ReplyDeleteദേശീയത = ഹിന്ദുത്വം എന്ന വീക്ഷണം ഇപ്പോള്‍ പരക്കെ നിലനില്‍കുന്നു. എങ്ങിനെയാണ് അതിനോടുള്ള സ്വതവാധികളുടെ വിമര്‍ശനത്തെ പാര്‍ട്ടി സഹായികേണ്ടത്.
സ്വത്വരാഷ്ട്രീയത്തെ സംബന്ധിച്ച് സിപിഎമ്മിന്റേതാണോ, സുനില്‍ പി ഇളയിടത്തിന്റേതാണോ ശരിയായ നിലപാട്?
ReplyDelete