Wednesday, September 8, 2010

ഐക്യത്തിന്റെ മഹത്തായ വിജയം

സെപ്‌തംബര്‍ ഏഴിന്റെ ദേശീയ പണിമുടക്കുസമരം വന്‍വിജയമാക്കിയത് തൊഴിലാളി സംഘടനകളുടെ അചഞ്ചലമായ ഐക്യമാണ്. അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസിക സംഭവമായി ഈ പണിമുടക്ക് മാറി. ഐക്യം കെട്ടിപ്പടുക്കുന്നതിനും പണിമുടക്ക് വിജയിപ്പിക്കുന്നതിനും മുന്‍കൈയെടുത്ത നേതാക്കളും പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളും അനുമോദനം അര്‍ഹിക്കുന്നു.

ഈ പണിമുടക്കിന്റെ ഒരുക്കം റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ കാണിച്ച പിശുക്ക് ശ്രദ്ധിക്കേണ്ടതാണ്. പണിമുടക്കുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഐഎന്‍ടിയുസി നേതാവ് സഞ്ജീവറെഡ്ഡിയും മറ്റ് സംഘടനാനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനം ഉള്‍പ്പേജില്‍മാത്രം ഒരു കോളത്തില്‍ മൂന്നുനാല് സെന്റീമീറ്റര്‍മാത്രമായി ഒതുക്കി റിപ്പോര്‍ട്ടുചെയ്‌ത 'മുഖ്യധാരാ' മാധ്യമങ്ങള്‍ അവരുടെ തനിനിറം തുറന്നുകാട്ടാന്‍ സഹായിച്ചതില്‍ നന്ദി അറിയിക്കുന്നു.
തൊഴിലാളിസംഘടനകളുടെ ഐക്യം തകര്‍ക്കുന്നതിന് കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും ചില പത്രങ്ങള്‍ ഹീനമായ ശ്രമം നടത്തിയതും കാണാതിരുന്നുകൂടാ. പണിമുടക്ക് ആരംഭിച്ചശേഷം 'ദേശീയ പണിമുടക്ക് തുടങ്ങി' എന്ന മാതൃഭൂമി വാര്‍ത്തയിലെ ഒരു വാചകം പരാമര്‍ശിക്കാതിരിക്കാനാകില്ല. 'ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്‌ത പണിമുടക്കിനോട് സംസ്ഥാന സര്‍ക്കാര്‍ പൊതുവെ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഎന്‍ടിയുസി ഇടതുപക്ഷ ട്രേഡ് യൂണിയനായി ആ പത്രം തെറ്റിദ്ധരിക്കാനിടയായില്ലല്ലോ. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ് തുടങ്ങിയ ഒമ്പത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് ആഹ്വാനംചെയ്‌തത്. എന്നിട്ടും പണിമുടക്ക് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടേതുമാത്രമായി ചുരുക്കി കാണുന്നതിന്റെ നിഗൂഢലക്ഷ്യവും വ്യക്തമാണ്.

പണിമുടക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സഞ്ജീവറെഡ്ഡിയുടെ അഭിമുഖം വളരെയേറെ സഹായകരമായിരുന്നു. എന്നാല്‍, ജനപിന്തുണയില്ലാത്ത ഇടതുപക്ഷ തീവ്രവാദികളായ ചില ബുദ്ധിജീവികളുടെ ലേഖനം വന്‍പ്രാധാന്യത്തോടെ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കാറുള്ള പത്രങ്ങള്‍ സഞ്ജീവറെഡ്ഡിയുടെ അഭിമുഖം വെളിച്ചം കാണരുതെന്നാണ് ആഗ്രഹിച്ചത്.

ഇത്തരം ഒരു സമീപനം ഉണ്ടായിട്ടും ആറുകോടിയില്‍പ്പരം തൊഴിലാളികള്‍ പങ്കെടുത്തുകൊണ്ട് പണിമുടക്ക് വന്‍വിജയമായി മാറിയത് തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച മുദ്രാവാക്യത്തിന്റെ പ്രസക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമാണ് വെളിപ്പെടുത്തുന്നത്. പണിമുടക്കിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ തൊഴിലാളികളെമാത്രം ബാധിക്കുന്നവയല്ല. സമൂഹത്തെയാകെയും രാഷ്ട്രതാല്‍പ്പര്യത്തെയും ബാധിക്കുന്നതാണ്. വിലക്കയറ്റവും ഓഹരിവില്‍പ്പനയും തടയുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ അഞ്ച് ആവശ്യം മുന്നോട്ടുവച്ചാണ് പണിമുടക്ക് നടന്നത്. ഈ പണിമുടക്കിന്റെ വിജയം ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിന് അമിതവ്യഗ്രത കാണിക്കുന്ന ഭരണാധികാരിവര്‍ഗത്തിന് പാഠമായിരിക്കുമെന്നതില്‍ സംശയമില്ല. ആഗോളവല്‍ക്കരണത്തിനെതിരായ 13-ാമത്തെ ദേശീയ പണിമുടക്ക് ഭരണാധികാരിവര്‍ഗത്തിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കാം.

4 comments:

  1. ആറുകോടിയില്‍പ്പരം തൊഴിലാളികള്‍ പങ്കെടുത്തുകൊണ്ട് പണിമുടക്ക് വന്‍വിജയമായി മാറിയത് തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച മുദ്രാവാക്യത്തിന്റെ പ്രസക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമാണ് വെളിപ്പെടുത്തുന്നത്. പണിമുടക്കിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ തൊഴിലാളികളെമാത്രം ബാധിക്കുന്നവയല്ല. സമൂഹത്തെയാകെയും രാഷ്ട്രതാല്‍പ്പര്യത്തെയും ബാധിക്കുന്നതാണ്. വിലക്കയറ്റവും ഓഹരിവില്‍പ്പനയും തടയുക, തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ അഞ്ച് ആവശ്യം മുന്നോട്ടുവച്ചാണ് പണിമുടക്ക് നടന്നത്. ഈ പണിമുടക്കിന്റെ വിജയം ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിന് അമിതവ്യഗ്രത കാണിക്കുന്ന ഭരണാധികാരിവര്‍ഗത്തിന് പാഠമായിരിക്കുമെന്നതില്‍ സംശയമില്ല. ആഗോളവല്‍ക്കരണത്തിനെതിരായ 13-ാമത്തെ ദേശീയ പണിമുടക്ക് ഭരണാധികാരിവര്‍ഗത്തിന്റെ കണ്ണുതുറക്കാന്‍ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  2. ഈ പണിമുടക്ക്‌ കാരണം നഷ്ടമായത് 26000 കോടി രൂപയാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ ഇരിക്കുന്ന പീപിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയില്‍ എത്ര പണിമുടക്കുകള്‍ നടക്കുന്നു എന്ന് നമ്മള്‍ നോക്കേണ്ടിയിരിക്കുന്നു. അവര്‍ കൈ വരിച്ച സാമ്പത്തിക വളര്‍ച്ച അതിന്റെ കൂടെ കൂട്ടി വായിച്ചാല്‍ മതി. ഇന്ന് കേരളത്തിലെ ജനങ്ങള്‍ മദ്യം കുടിച്ചു ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഓരോ ഹര്‍ത്താലും പണിമുടക്കും ഉള്ള ദിവസം വീടുകളില്‍ തന്നെ ഇരിക്കുന്നത്. പുറത്തിറങ്ങിയാല്‍ ഹര്‍ത്താല്‍ അല്ലെങ്ങില്‍ പണിമുടക്ക്‌ അനുകൂലികള്‍ അവരുടെ വാഹനങ്ങള്‍ തല്ലി പൊട്ടിക്കും.ഭരണഗടനയോക്കെ കാറ്റില്‍ പറത്തിയാണ് ഇത്തരം അക്രമങ്ങള്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇനിയെങ്ങിലും ഹര്‍ത്താലുകളും പണിമുടക്കുകളും ഒഴിവാക്കണം എന്ന് അഭ്യര്‍തിക്കുകയാണ്. ഇത് കൊണ്ട് ഒരു പാട് മനുഷ്യ വിഭവശേഷി നഷ്ടവും സാമ്പത്തിക നഷ്ടവും അല്ലാതെ വേറെ യാതൊരു പ്രയോജനവും ഇല്ല.

    ReplyDelete
  3. ഇടതുപാര്‍ട്ടികളും ഒമ്പത് പ്രധാന ട്രേഡ്‌യൂണിയനുകളും സംയുക്തമായി ആഹ്വാനംചെയ്ത പൊതുപണിമുടക്ക് തമിഴ്‌നാട്ടില്‍ ജനജീവിതത്തെ ബാധിച്ചില്ല. പശ്ചിമബംഗാളില്‍ പണിമുടക്ക് വന്‍വിജയമായതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള ആറു വിമാന സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കി.

    ബാങ്കിങ് മേഖലയിലെ കരുത്തുറ്റ സംഘടനയായ അഖിലേന്ത്യാ ബാങ്ക് ജീവനക്കാരുടെ അസോസിയേഷനും മറ്റു ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുത്തതിനാല്‍ പണിമുടക്ക് ബാങ്കിങ് മേഖലയെ ബാധിച്ചു.

    ചെന്നൈ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ സി.ഐ.ടി.യു. ഉള്‍പ്പെടെ വിവിധ ട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ട്രെയിന്‍ തടയല്‍ സരമത്തിനെത്തിയ 2000 ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ചെന്നൈയിലെ സബര്‍ബന്‍ ഇ.എം.യു. തീവണ്ടി ഗതാഗതം തടസംകൂടാതെ നടന്നു.

    ചെന്നൈ ബീച്ച്-താമ്പരം-ചെങ്കല്‍പെട്ട്, ചെന്നൈ ബീച്ച്-ആര്‍ക്കോണം, ചെന്നൈ ബീച്ച്-ഗുമ്മുഡിപുണ്ടി മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സംകൂടാതെ നടന്നു. ദീര്‍ഘദൂര ട്രെയിനുകളും തടസ്സംകൂടാതെ ഓടി.

    കൊല്‍ക്കത്തയ്ക്കുള്ള അഞ്ചു വിമാനസര്‍വീസുകളും വിശാഖപട്ടണത്തേക്കുള്ള ഒരു സര്‍വീസുമാണ് യാത്രക്കാര്‍ കുറവായതിനെത്തുടര്‍ന്ന് റദ്ദാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ നഗരത്തില്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
    ബസ്സുകളും ഓട്ടോറിക്ഷകളും ഓടി. അനിഷ്ടസംഭവങ്ങള്‍ എങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ്.

    ''ബാങ്ക് ജീവനക്കാര്‍ക്ക് പുറമെ, പോസ്റ്റല്‍ ജീവനക്കാരും ഒരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതായി എ.ഐ.ബി.ഇ.എ. പ്രസിഡന്റ് സി.എച്ച്. വെങ്കിടാചലം അവകാശപ്പെട്ടു.

    സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് പുതിയ ബാങ്ക് ലൈസന്‍സ് അനുവദിക്കരുത്, പൊതുമേഖലാ ബാങ്കുകളുടെ ശാഖകള്‍ നിലവിലുള്ള 40000ത്തില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്കിങ് മേഖല പണിമുടക്കിയത്. സംസ്ഥാനത്തെ 12,000 സഹകരണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. സ്വകാര്യബാങ്കുകളെ പണിമുടക്ക് ബാധിച്ചില്ല.

    ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെയും ജോലിക്കെത്തുന്നവരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവശ്യസേവന മേഖലകളായ പാല്‍, കുടിവെള്ളം, വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു.

    സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെയൊന്നും പണിമുടക്ക് ബാധിച്ചില്ല. ചെന്നൈ പോര്‍ട്ട്ട്രസ്റ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

    ReplyDelete