തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റ് പ്രൊഫ. ജോസഫിനെ എംജി സര്‍വകലാശാല സ്റാറ്റ്യൂട്ട് 45-ാം അധ്യായത്തിലെ 73-ാം വകുപ്പിലെ പാര്‍ട്ട് ഡി പ്രകാരം സര്‍വീസില്‍നിന്ന് നീക്കിയ നടപടി മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഏറ്റം ഹീനവും കഠിനവും നീതിരഹിതവുമായ ഒന്നാണ്. ഇതുതന്നെയാണ് കേരളസമൂഹം മൊത്തം വിലയിരുത്തുന്നതെന്ന് അടുത്തദിവസങ്ങളിലെ നിരവധിയായ പ്രതികരണങ്ങളില്‍നിന്ന് വ്യക്തം. സുറിയാനി കത്തോലിക്കാസഭയുടെ വക്താവായ ഫാ. പോള്‍ തേലേക്കാട്ടിന് പറയേണ്ടിവന്നു, തെറ്റിന് ആനുപാതികമായ ശിക്ഷയല്ല മാനേജ്‌മെന്റ് എടുത്തതെന്ന്. എങ്കിലും മാനേജ്‌മെന്റിന്റെ നടപടിയെ അപലപിക്കാനുള്ള മാനസിക ആര്‍ജവം അദ്ദേഹത്തിന് ഉണ്ടായതുമില്ല. മാനേജ്‌മെന്റ് പറഞ്ഞതുപോലെതന്നെ പ്രൊഫ. ജോസഫിന് അപ്പീല്‍പോകാമെന്ന ഉപദേശമാണ് അദ്ദേഹത്തിനും നല്‍കാന്‍ ഉണ്ടായിരുന്നത് എന്ന വസ്‌തുത അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ പ്രതികരിച്ച രാഷ്‌ട്രീയ- സാംസ്‌കാരിക നേതാക്കളും വിവിധ സംഘടനാ നേതാക്കളും ആരുംതന്നെ പറയാത്ത മറ്റൊരുകാര്യം കത്തോലിക്കാസഭാ സെമിനാരിയില്‍ 12 വര്‍ഷം പരിശീലനം കഴിഞ്ഞ് 39 വര്‍ഷം വൈദികനായിരുന്ന എനിക്ക് പറയാനുണ്ട്. ഇതൊരു ആത്മപരിശോധനയായിട്ടുവേണം കരുതാന്‍. കത്തോലിക്കാ വൈദിക പരിശീലനത്തിലുള്ള പഠനവിഷയത്തില്‍ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളുണ്ട്- ഒന്ന്, ലോജിക് അഥവാ ന്യായവാദം, രണ്ട്, കാനോന്‍നിയമസംഹിത.
എങ്ങനെയാണോ തീര്‍ത്തും സൌമ്യവും ശാന്തശീലനുമായ ഒരു യുവാവ് / യുവതി പൊലീസ് പരിശീലനം കഴിയുമ്പോള്‍ അവരുടെ ലക്ഷ്യംനേടാനായി എന്തുംചെയ്യാനും ഏതു പാഴ്വാക്കുപയോഗിക്കാനും മൂന്നാംമുറവരെ സ്വീകരിക്കാനും പ്രാപ്‌തനാക്കുന്നുവോ, അതുപോലെ വൈദിക വിദ്യാര്‍ഥിയെ അവര്‍ക്ക് നല്‍കുന്ന പരിശീലനത്തിലൂടെ മനുഷ്യത്വത്തെ മറക്കാനും തല്‍സ്ഥാനത്ത് നിര്‍ജീവമായ നിയമത്തെയും കാര്യങ്ങളെ അര്‍ഥശൂന്യമായി വേര്‍തിരിച്ച് വ്യാഖ്യാനിക്കുന്ന ന്യായവാദത്തെയും പ്രതിഷ്‌ഠിക്കാനും പ്രാപ്‌തനാക്കുന്നുണ്ട്. അത് മനുഷ്യത്വത്തെ മറന്ന് പ്രവര്‍ത്തിക്കുന്ന വൈദികവൃന്ദത്തിന്റെ പൊതുശൈലിയാണ്. ഇതു മനസിലാക്കാന്‍ ഏതൊരു വൈദികന്റെയും ഇടവക ശുശ്രൂഷാരീതിയോ സ്‌കൂള്‍, അനാഥശാല, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പുരീതിയോ അല്‍പ്പം ശ്രദ്ധിച്ചാല്‍ മനസിലാകും. യഥാര്‍ഥമായ മാനുഷിക ബന്ധമില്ല അവരുടെ ഇടപെടലില്‍. വൈദികന്റെ എല്ലാ കാര്യത്തിലും വര്‍ഷങ്ങള്‍ ഒന്നിച്ചുനിന്ന വ്യക്തിയെ തനിക്ക് സുഖിക്കാത്ത ചെറിയൊരു കാര്യത്തിന്റെ പേരില്‍ വഴിയാധാരമാക്കിയ നൂറുകണക്കിന് മനുഷ്യരുടെ പച്ചയായ ജീവിതകഥകള്‍ നിരത്തിവയ്‌ക്കാന്‍ എനിക്ക് സാധിക്കും.
സ്വകാര്യ കോളേജ് സര്‍വീസില്‍നിന്നുള്ള പിരിച്ചുവിടലിലൂടെ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലോ അഫിലിയേറ്റ്ചെയ്‌ത സ്ഥാപനങ്ങളിലോ ജോലിതേടുന്നതിനുപോലും അയോഗ്യത കല്‍പ്പിക്കുന്ന നടപടിയാണ് സഭാമാനേജ്‌മെന്റ് പ്രൊഫ. ജോസഫിനുനേരെ എടുത്തിരിക്കുന്നത്. വന്നുപോയ പാകപ്പിഴയ്‌ക്ക് സഭയോടും മുസ്ളിം സമുദായത്തോടും മാപ്പപേക്ഷിച്ചിട്ടും കൈപ്പത്തി വെട്ടിയെടുത്തു. കഠിനമായ പീഡനമനുഭവിക്കുന്നു. ഇന്നും ചികിത്സയില്‍ കഴിയുന്നു. ഇതൊന്നും സഭാനേതൃത്വത്തെ ബാധിക്കുയില്ല; അതാണ് ഞങ്ങള്‍ക്ക് കിട്ടിയ പരിശീലനത്തിന്റെ സവിശേഷത.
ഞങ്ങളെപ്പോലെയുള്ള കത്തോലിക്കാ വൈദിക ശ്രേഷ്ഠര്‍ക്ക് മാത്രമേ സര്‍വീസില്‍നിന്ന് നീക്കിയ നടപടിയെ വ്യക്തിപരമല്ലെന്നും പ്രശ്‌നാധിഷ്ഠിതമാണെന്നുമുള്ള വേര്‍തിരിവു നടത്തി ഏറ്റം ക്രൂരവും മനുഷ്യത്വരഹിതവുമായ വിശദീകരണം നല്‍കി ആത്മനിര്‍വൃതി അടയാന്‍ പറ്റൂ. അതായത് പ്രൊഫ. ജോസഫിനോട് ഞങ്ങള്‍ക്ക് ഒരുവിധമായ വിരോധമോ വിദ്വേഷമോ വ്യക്തിപരമായി ഇല്ല; എന്തിന്, ഞങ്ങള്‍ക്ക് വലിയ സ്‌നേഹമാണ്. പക്ഷേ, വിഷയം വേറെയുണ്ട്. ഇതാണ് ഞങ്ങളുടെ ജീവിതം. ഈ സമീപനം ഒരു സാധാരണ മനുഷ്യന് ഒട്ടുംതന്നെ ദഹിക്കുന്നതല്ലെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
ഇതുപോലെ മനുഷ്യത്വരഹിതമായ ഒരു കാഴ്‌ചപ്പാടാണ് യുക്തിഭദ്രതയെപ്പറ്റി ഞങ്ങളുടെ വൈദിക പരിശീലനത്തില്‍ ലഭിച്ചിട്ടുള്ള ധാരണകള്‍. എന്താണ് മാനേജ്‌മെന്റിന്റെ വാദം? ചോദ്യപേപ്പര്‍ വിവാദവും അതിന്റെ പേരിലുണ്ടായ ആക്രമണവും രണ്ടായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. അധ്യാപകന്‍ ദാരുണമായി ആക്രമിക്കപ്പെട്ടതുകൊണ്ട് ഇതിനോടകം ശിക്ഷിക്കപ്പെട്ടുവെന്ന് പറയുന്നത് യുക്തിഭദ്രമല്ല. ആക്രമണം നടത്തിയവരെ ശിക്ഷിക്കേണ്ടത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ്. ചോദ്യപേപ്പര്‍ വിവാദത്തില്‍ പ്രതിയെ ശിക്ഷിക്കേണ്ടത് കത്തോലിക്കാ മാനേജ്‌മെന്റും. അവിടെ അവര്‍ കരുണാമൃതരാണ്. അവര്‍ക്ക് ശിക്ഷിക്കാതിരിക്കാന്‍ അവരുടെ "ദൈവിക''മനഃസാക്ഷി അനുവദിക്കുന്നില്ല. അതുകൊണ്ടാണീ നടപടി എടുത്തത്. എങ്കിലും അധ്യാപകന് കോടതിയെ സമീപിക്കാം എന്ന ആനുകൂല്യം മാനേജ്‌മെന്റ് അദ്ദേഹത്തിന് നല്‍കുന്നുണ്ട്.
ഇത്ര ഹീനമായിട്ട് ഒരു മനുഷ്യനും താഴാന്‍ പറ്റുകയില്ല. പക്ഷേ, ദൈവിക പരിവേഷം അണിഞ്ഞ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇതും ഇതിനപ്പുറവും സാധിക്കും. കാരണം ഞങ്ങളുടേതു 'മനുഷ്യ'മനഃസാക്ഷിയല്ല, മറിച്ച് 'ദൈവിക' കപട മനഃസാക്ഷിയാണ്. ഈയൊരു പ്രത്യേക 'ദിവ്യമായ' മനഃസാക്ഷിയുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ ബില്ലിനെ എതിര്‍ക്കാന്‍ പറ്റുന്നത് , സുതാര്യമായതും അഴിമതിരഹിതവുമായ ഏകജാലകസമ്പ്രദായത്തെ എതിര്‍ക്കാന്‍ പറ്റുന്നത്, വിദ്യാഭ്യാസത്തെ ഒരു മനഃസാക്ഷിയുമില്ലാത്ത കച്ചവടമായി തരംതാഴ്ത്താന്‍ പറ്റുന്നത്.... ഇങ്ങനെ പലതും.
*****
ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസ്
ഇത്ര ഹീനമായിട്ട് ഒരു മനുഷ്യനും താഴാന്‍ പറ്റുകയില്ല. പക്ഷേ, ദൈവിക പരിവേഷം അണിഞ്ഞ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇതും ഇതിനപ്പുറവും സാധിക്കും. കാരണം ഞങ്ങളുടേതു 'മനുഷ്യ'മനഃസാക്ഷിയല്ല, മറിച്ച് 'ദൈവിക' കപട മനഃസാക്ഷിയാണ്. ഈയൊരു പ്രത്യേക 'ദിവ്യമായ' മനഃസാക്ഷിയുള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്തുന്ന സ്വാശ്രയ വിദ്യാഭ്യാസ ബില്ലിനെ എതിര്‍ക്കാന്‍ പറ്റുന്നത് , സുതാര്യമായതും അഴിമതിരഹിതവുമായ ഏകജാലകസമ്പ്രദായത്തെ എതിര്‍ക്കാന്‍ പറ്റുന്നത്, വിദ്യാഭ്യാസത്തെ ഒരു മനഃസാക്ഷിയുമില്ലാത്ത കച്ചവടമായി തരംതാഴ്ത്താന്‍ പറ്റുന്നത്.... ഇങ്ങനെ പലതും.
ReplyDelete