ഹിന്ദുത്വശക്തികള്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തതിനെക്കുറിച്ച്, മധ്യവര്‍ഗത്തെയും 'മധ്യവര്‍ഗ ത്വ 'ത്തെയും കുറിച്ച്, ആള്‍ദൈവങ്ങളെക്കുറിച്ച്, ആരാധനാലയങ്ങളുടെ സ്വഭാവത്തെക്കുറിച്ച് , അതില്‍ മതനിരപേക്ഷവാദികള്‍ ഇടപെടേണ്ടതിനെക്കുറിച്ച് , കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എങ്ങനെ ഇന്ത്യന്‍ പൊതു അവസ്ഥയില്‍ നിന്നും വ്യത്യസ്ഥരാകുന്നു? അവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സാമ്പത്തികസംവരണം ആവശ്യമുണ്ടോ? തീവ്രവാദത്തെക്കുറിച്ച് 'ശത്രു'ചിന്തയെക്കുറിച്ച് ... ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന് പ്രത്യേകമായി അനുവദിച്ച സവിശേഷമായ അഭിമുഖം
ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തിലുള്ള ഒരു ബൃഹത് പദ്ധതിയാണല്ലോ "ടുവേര്‍ഡ്‌സ് ഫ്രീഡം'' പ്രോജക്‌ട്. സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ ബ്രിട്ടീഷ് ദാസ്യവേലയുടെ അസംഖ്യം രേഖാപരമായ തെളിവുകള്‍ ഈ പദ്ധതിയിലൂടെ താങ്കള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രകാരന്മാര്‍ പുറത്തുകൊണ്ടുവന്നു. അതിനെ തുടര്‍ന്ന് അച്ചടിക്കാന്‍കൊടുത്ത താങ്കളുടെ മാനുസ്‌ക്രിപ്‌റ്റ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്സില്‍ നിന്നും തിരിച്ചു വാങ്ങിയതും തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളും ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ ചരിത്ര മണ്ഡലങ്ങളെ പിടിച്ചു കുലുക്കിയ സംഭവമാണ്. ദേശസ്‌നേഹത്തിന്റെ കഥ പറഞ്ഞ് രാഷ്‌ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചവര്‍ യഥാര്‍ത്ഥ ചരിത്രം മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭയന്നോടി. ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഫാഷിസ്‌റ്റുകള്‍ ചരിത്രത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നൊന്ന് വിശദീകരിക്കാമോ?
"സ്വാതന്ത്ര്യത്തിലേക്ക് '': വിവാദങ്ങളുടെ പശ്ചാത്തലം
ഇതൊരു പ്രധാന കാര്യമാണ്. അതിനൊരല്‍പം പശ്ചാത്തലം പറയേണ്ടതുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അവസാന പത്തു വര്‍ഷത്തെ തെരഞ്ഞെടുത്ത ചരിത്ര രേഖകള്‍ 'ട്രാന്‍സ്‌ഫര്‍ ഓഫ് പവര്‍: കോണ്‍സ്‌റ്റിറ്റ്യൂഷന്‍ റിലേഷന്‍സ് ബിറ്റ്വീന്‍ ബ്രിട്ടന്‍ ഏന്റ് ഇന്ത്യ - സെലക്റ്റ് ഡോക്യുമെന്റ്‌സ് ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യം തന്നു തിരിച്ചു പോവുന്നു എന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു. അതിലെ രേഖകള്‍ ബ്രിട്ടീഷു സര്‍ക്കാര്‍ രേഖകള്‍ മാത്രമായിരുന്നു. ഇതല്ലല്ലോ നമ്മുടെ ചരിത്രകാരന്മാരുടെ കാഴ്‌ചപ്പാട്. നാം സമരം ചെയ്‌തു പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം. ഈ കാഴ്‌ചപ്പാട് വിശദീകരിക്കണം. ഈ ദിശയിലുള്ള ആലോചനയുടെ ഭാഗമായാണ് ടുവേര്‍ഡ്‌സ് ഫ്രീഡം പ്രൊജക്‌റ്റ് ഉടലെടുക്കുന്നത്. ഒരു വിപുലമായ പദ്ധതിയായിട്ടായിരുന്നു ഇത് അന്ന് വിഭാവനം ചെയ്യപ്പെട്ടത്.
രേഖാശേഖരണചുമതല നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയും പ്രോജക്‌റ്റിന്റെ ചുമതല ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (ICHR) ഏറ്റെടുത്തു. എഡിറ്ററായി പ്രാണ്‍നാഥ്ചോപ്രയെ നിയമിച്ചു.
എന്നാല്‍ തുടങ്ങി കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രോജക്‌റ്റിന് കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിന്റെ ഒരു കാരണം രേഖകള്‍ ശേഖരിച്ചെടുക്കുക എന്നത് ഭാരിച്ച ഒരു പണി തന്നെയായിരുന്നു എന്നതാണ്. അവസാനം ചോപ്രയുടെ നേതൃത്വത്തില്‍ 1937ലെ ഒരു വോള്യം പ്രസിദ്ധീകരിച്ചു. അതിനെ വിലയിരുത്തിയപ്പോള്‍ വേണ്ടത്ര നിലവാരമില്ല, ഇന്ത്യന്‍ കാഴ്‌ചപ്പാട് പ്രതിഫലിക്കപ്പെട്ടിട്ടില്ല എന്നീ വിമര്‍ശനങ്ങള്‍ അക്കാദമീയ സമൂഹത്തില്‍ നിന്നും ഉണ്ടായി. അതിന് ശേഷം ഇത് സ്‌തംഭനാവസ്ഥയിലായി.
ആ സന്ദര്‍ഭത്തിലാണ് പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ഐ.സി.എച്ച്.ആര്‍ ചെയര്‍മാനാകുന്നത്. അദ്ദേഹം പ്രൊഫസര്‍ എസ്.ഗോപാലിനെ ഈ പ്രോജക്‌റ്റ് ഏല്‍പിച്ചു. അതോടു കൂടി പ്രോജക്‌റ്റിന്റെ സ്വഭാവത്തിന് മാറ്റം വന്നു. പ്രോജൿറ്റ് മൊത്തം ഒരാളെ ഏല്‍പ്പിക്കുകയായിരുന്നല്ലോ മുമ്പ് ചെയ്‌തിരുന്നത്. അതു മാറി ഓരോ കൊല്ലത്തെ വാള്യം ഓരോ ചരിത്രകാരന്‍ എഡിറ്റ് ചെയ്യുക. അങ്ങിനെയാണ് പുതിയ രൂപം ഉണ്ടാവുന്നത്. അതിനായി ഡോ.ഗോപാല്‍ അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് പത്തു പേരെ കണ്ടെത്തി. ആരും ഇതു ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഭാരിച്ച പണിയാണ്. 2 ലക്ഷത്തോളം പേജുകള്‍വായിച്ച് എഴുന്നൂറ്റി അമ്പത് പേജുകള്‍ തിരഞ്ഞെടുക്കണം. എസ്.ഗോപാല്‍ വളരെ ബഹുമാനിക്കപ്പെടുന്ന ചരിത്രകാരന്‍ ആയതു കൊണ്ട് അദ്ദേഹം കണ്ടെത്തിയ ഞാനടക്കമുളള പത്തു പേരും അതേറ്റെടുത്തു. പ്രൊഫ. പാര്‍ത്ഥസാരഥി ഗുപ്‌ത, പ്രൊഫസര്‍ ബിപിന്‍ ചന്ദ്ര തുടങ്ങിയ ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രശസ്‌തരായിരുന്നു എല്ലാവരും.
അതോടുകൂടി പ്രോജൿറ്റിന് പുതിയ ജീവന്‍ വന്നു. എഡിറ്റോറിയല്‍ കമ്മിറ്റി എല്ലാമാസത്തിലും കൂടും. അഞ്ച് വര്‍ഷം കൊണ്ട് രചന അവസാനിപ്പിക്കണം. അങ്ങനെയായാല്‍ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അത് പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നായിരുന്നു കണക്കുകൂട്ടിയത്.
പാര്‍ത്ഥസാരഥി ഗുപ്‌തയും ബസുദേവ ചാറ്റര്‍ജിയും ഞാനും ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ മാനുസ്‌ക്രിപ്‌റ്റ് ഐ.സി.എച്ച്.ആറിന് സമര്‍പ്പിച്ചു.ഇതില്‍ ആദ്യം ഗുപ്‌തയുടെ വോള്യമായി മൂന്ന് ഭാഗം പ്രസിദ്ധീകരിച്ചു. 1943 - 44 കാലത്തെ സംഭവങ്ങള്‍. 'ടുവേര്‍ഡ്‌സ് ഫ്രീഡം: ഡോക്യുമെന്റ്സ് ഓണ്‍ ദ മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്റന്‍സ് ഇന്‍ ഇന്ത്യ 1943 - 44'. അതു കഴിഞ്ഞു ബാസുദേവ ചാറ്റര്‍ജിയുടേതും പ്രസിദ്ധീകരിച്ചു. ഇനി സംഭവിച്ചത് അക്കാദമിക രംഗത്തു വളരെ ദു:ഖകരമായുള്ള അനുഭവമാണ്. ഇവിടെയാണ് നിങ്ങളുടെ ചോദ്യം വാസ്‌തവത്തില്‍ ഊന്നുന്നത്.
ആര്‍.എസ്.എസ് ഭയപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്ര രേഖകള്‍
മുമ്പു പറഞ്ഞ രണ്ടു വോള്യങ്ങളുടെ പ്രസിദ്ധീകരണത്തോടെ തന്നെ അതിനെതിരെ ആര്‍.എസ്.എസ് നേതൃത്വത്തില്‍ വലതു പക്ഷം നിശിതമായ ആരോപണങ്ങള്‍ കൊണ്ടു വന്നു. ഒന്നും അക്കാദമീയമല്ല.
അക്കാലത്താണ് വാജ്‌പേയി സര്‍ക്കാര്‍ (1996) അധികാരത്തില്‍ വരുന്നത്. ഇതിനിടയില്‍ എന്റെയും സുമിത് സര്‍ക്കാറിന്റേയും മാനുസ്‌ക്രിപ്‌റ്റുകൾ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന് കൈമാറിക്കഴിഞ്ഞിരുന്നു.
ഈ രേഖകള്‍ വെളിച്ചം കാണരുതെന്ന് ആര്‍.എസ്.എസിനു വലിയ നിര്‍ബന്ധമായിരുന്നു. ഇതിനായി ഓക്‌സ്‌ഫോര്‍ഡിനതെങ്ങിനെ കൈമാറി എന്നതിനെ സംബന്ധിച്ച് ഒരു വലിയ വിവാദം അവര്‍ കുത്തിപ്പൊക്കി. ഐ.സി.എച്ച്.ആര്‍ അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു വാദം. സത്യമതല്ല. ഐസി.എച്ച് ആറില്‍ ഈ പ്രോജക്‌റ്റ് നടത്താന്‍ ഒരു പ്രത്യേക സെല്‍ രൂപവല്‍ക്കരിച്ചിരുന്നു. തലവന്‍ എസ്.ഗോപാല്‍. ഈ സെല്ലാണ് പുസ്‌തകത്തിന്റെ എഡിറ്റിങ്ങ് നടത്തി പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുത്തത്. ഐ.സി.എച്ച്.ആറിന്റെ പബ്ളിക്കേഷന്‍ ഡിവിഷനു ഇതില്‍ പങ്കില്ല.
വാജ്‌പേയി സര്‍ക്കാര്‍ ഐ.സി.എച്ച്ആറിന് പുതിയ ചെയര്‍മാനേയും മെമ്പര്‍ സെക്രട്ടറിയേയും നിയമിച്ചു. ചെയര്‍മാന്‍ ബി.ആര്‍.ഗ്രോവര്‍ പ്രസിദ്ധീകരണത്തിനയച്ച ഞങ്ങളുടെ മാനുസ്‌ക്രിപ്‌റ്റുകൾ മടക്കിത്തരാന്‍ ഒ.യു.പിയോട് ആവശ്യപ്പെട്ടു. അതിന് പറഞ്ഞ കാരണം അത് പബ്ളിക്കേഷന്‍ ഡിവിഷനിലൂടെയല്ല ഒ.യു.പിയില്‍ എത്തിയത് എന്നാണ്.
'ഇങ്ങനെയൊരാവശ്യം വന്നിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായം അറിയണം' എന്നു ഒ.യു.പി ഞങ്ങള്‍ക്കെഴുതി. എല്ലാ വിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് മാനുസ്‌ക്രിപ്‌റ്റ് ഒ.യു.പിയില്‍ എത്തിയിരിക്കുന്നതെന്നും ഓതേഴ്‌സ് എന്ന നിലയില്‍ ഞങ്ങള്‍ക്കു ചില അവകാശങ്ങള്‍ ഉണ്ട് എന്നും തിരിച്ചയച്ചാല്‍ നിയമനടപടി സ്വീകരിക്കും എന്നും ഞങ്ങള്‍ മറുപടി നല്‍കി. അപ്പോള്‍ ഐ.സി.എച്ച്.ആര്‍ കോടതിയില്‍ പോയി. ഞങ്ങളുടെ പ്രതിഷേധം വകവെക്കാതെ ഒ.യു.പി അവ മടക്കിക്കൊടുക്കുകയും ചെയ്‌തു.
തുടര്‍ന്ന് ഇതു വീണ്ടും പരിശോധിക്കാന്‍ ഐ.സി.എച്ച്.ആര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്റെ മാനുസ്‌ക്രിപ്‌റ്റ് 2500 പേജായിരുന്നു. പക്ഷെ ഇങ്ങനെ പരിശോധനക്ക് കൊടുത്തത് കേവലം 750 പേജ് മാത്രം. ബാക്കിയുള്ളവക്ക് എന്തു പറ്റി എന്ന് ഇന്നും അറിഞ്ഞു കൂട. സോഫ്‌റ്റ് കോപ്പിയില്‍ നിന്നും അത് മായ്ച്ചു കളയുകയും ഹാര്‍ഡ് കോപ്പി നശിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതു ഞാനറിഞ്ഞത് വീണ്ടും കേന്ദ്രത്തില്‍ അധികാര മാറ്റം വന്നപ്പോള്‍ പ്രോജൿറ്റ് പുനരുജ്ജീവിപ്പിച്ച് അച്ചടിക്ക് കൊടുക്കാന്‍ നോക്കിയപ്പോഴാണ്. ബാക്കി ഭാഗം എവിടെ എന്നു ഞാന്‍. അതേ ഉള്ളൂ എന്ന് അവര്‍. ഞാന്‍ വസ്‌തുത പറഞ്ഞപ്പോള്‍ എല്ലാ ചെലവും വഹിച്ച് വീണ്ടും ആ രണ്ടായിരത്തി അഞ്ഞൂറ് പേജ് സമാഹരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാമെന്നും പുതിയ സമിതി നിര്‍ദ്ദേശം വെച്ചു. പക്ഷേ ഒരു കോപ്പി എന്റെ കൈയില്‍ ഭദ്രമായിരുന്നു. ഞാനത് കൊടുത്തു. അതിന്റെ ഒരു വോള്യം പുറത്തിറങ്ങി. രണ്ടാം വോള്യം ഈ വരുന്ന ജൂലായില്‍. 1940- 41 കാലത്തെ രേഖകളാണ് അതില്‍.
ഞാന്‍ പറഞ്ഞുവന്നത് 2500 പേജില്‍ 750 പേജൊഴിച്ച് നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചാണ്. നശിപ്പിക്കപ്പെട്ടതു കഴിച്ചുള്ള ബാക്കി 750 പേജും ഉന്നതനിലവാരം പുലര്‍ത്തുന്നു എന്നാണ് പിന്നീട് അവര്‍ നിയമിച്ച കമ്മിററിയും അഭിപ്രായപ്പെട്ടത്.
എന്തു കൊണ്ട് ഇത്ര എതിര്‍പ്പ് ?
പാര്‍ത്ഥസാരഥി ഗുപ്‌തയുടെ വോള്യം പുറത്തു വന്നപ്പോള്‍ തന്നെ ആര്‍.എസ്.എസും ഹിന്ദുമഹാ സഭയും ബ്രിട്ടീഷ് പക്ഷത്തു നിന്നു നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകളാണ് വെളിച്ചം കണ്ടത്. ഇതിലൂടെ ഇവരുടെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടപ്പെടുകയായിരുന്നു. എന്റെ വോള്യംകൂടി പുറത്തു വന്നാല്‍ എന്തൊക്കെയായിരിക്കും ജനസമക്ഷം പ്രത്യക്ഷപ്പെടുക എന്ന ഭയമായിരുന്നു അവര്‍ക്ക്. മറച്ചു വെക്കാന്‍ അത്രമാത്രം കാര്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു എന്നര്‍ത്ഥം.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ ബ്രിട്ടനെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. വൈസ്രോയിയുടെ ഉപദേശകസമിതിയിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ്സും ലീഗും നിരസിച്ചപ്പോള്‍ ആവശ്യമുള്ള ആളുകളെ തെരഞ്ഞെടുത്തോളൂ എന്നു പറഞ്ഞു ഒരു ലിസ്‌റ്റ് തന്നെ കൊടുക്കുകയാണ് ഹിന്ദുത്വ വാദികള്‍ ചെയ്‌തത്. ലിസ്‌റ്റില്‍ മൂണ്‍ഞ്ചെ മുതലായ അന്ന ത്തെ ഹിന്ദുത്വ ശക്തികളുടെ മുന്‍നിര നേതാക്കള്‍ ഉണ്ടായിരുന്നു.
'പണിക്കര്‍ ഒരു ഫാഷിസ്‌റ്റാണ്.'
അന്ന് മുരളി മനോഹര്‍ ജോഷി മാനവ വിഭവ ശേഷി മന്ത്രിയായിരുന്നല്ലോ. അദ്ദേഹത്തിനു ഞാനാദ്യം തന്നെ കണ്ണിലെ കരടായിരുന്നു. അദ്ദേഹം ഐ.സി.എച്ച്.ആര്‍ ചെയര്‍മാനായി ഗ്രോവറിനെ നിയമിച്ചപ്പോള്‍ ഇന്ത്യന്‍ എൿസ്പ്രസ്സിലെ ഒരു ലേഖിക എന്നെ വിളിച്ചു അഭിപ്രായം ആരാഞ്ഞിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ഞങ്ങള്‍ പരിചയക്കാരാണ്. മറ്റുകാര്യങ്ങളില്‍ ഞാനെങ്ങനെ അഭിപ്രായം പറയും. അദ്ദേഹത്തിന്റെ അക്കാദമിക് പിന്‍ബലത്തെക്കുറിച്ചറിയണമെങ്കില്‍ അദ്ദേഹത്തെ നിയമിച്ചവരുമായി ബന്ധപ്പെട്ടു ഒരു സ്‌റ്റേറ്റ്മെന്റ് വാങ്ങുന്നതായിരിക്കും ഉചിതം. ലേഖിക അപ്പോള്‍ മന്ത്രിയെബന്ധപ്പെട്ട് പണിക്കര്‍ ഇങ്ങനെയാണ് പറയുന്നതെന്നും നേരിട്ട് പറഞ്ഞില്ലെങ്കിലും ഗ്രോവര്‍ ഈ പദവിക്ക് യോഗ്യനല്ല എന്നാണ് ധ്വനി എന്നും ധരിപ്പിച്ചു. ജോഷി അവരോട് പറഞ്ഞത് "പണിക്കര്‍ ഈസ് എ ഫാസിസിസ്‌റ്റ് ' എന്നാണ്.
'ഔട്ട്സൈഡര്‍ ഏസ് എനിമി'യും ടൊറാന്റോ കോണ്‍ഫറന്‍സും
ഏകദേശം ഈ സമയത്താണ് ഇന്റര്‍നേഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഹിസ്‌റ്ററി കാനഡയിലെ ടൊറാന്റോയില്‍ നടക്കുന്നത്. അതിലേക്കു ക്ഷണിക്കപ്പെട്ട ഞാന്‍ "ഔട്ട്സൈഡര്‍ ഏസ് എനിമി'' എന്ന പ്രബന്ധമാണ് അവതരിപ്പിച്ചത്. ഇതു തടയാന്‍ അന്നത്തെ സര്‍ക്കാരും ഐ.സി.എച്ച്.ആറും, വി.എച്ച്.പിയും ആവുന്നത് ശ്രമിച്ചു. ഞാന്‍ സര്‍ക്കാര്‍ വിരുദ്ധനാണ് എന്നു തുടങ്ങിയ ആരോപണങ്ങളോടെ എന്നെ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ക്ഷണിക്കരുത് എന്ന് അവര്‍ കോണ്‍ഫറന്‍സ് പ്രസിഡന്റിന് എഴുതി. പ്രസിഡന്റ് നിരാകരിച്ചു. നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവിടെ ഖണ്ഡനമാവാമല്ലോ എന്നാണ് അദ്ദേഹം അവരോട് ചോദിച്ചത്.
സമര്‍പ്പിക്കാന്‍ പോകുന്ന എന്റെ പേപ്പറിനെക്കുറിച്ച് വലിയ പബ്ളിസിറ്റിയായിരുന്നു ടൊറാന്റോയില്‍. ഗ്രോവറും വി.എച്ച്.പിക്കാരുമായി 40 പേര്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ എത്തിയിരുന്നു. പക്ഷെ ഒന്നിനും സാധിക്കാതെ അവര്‍ക്കു തിരിച്ചു പോരേണ്ടിവന്നു. പക്ഷേ ഇതു കൊണ്ടൊക്കെ ചില ഗുണവും ഉണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചരിത്രത്തെപ്പറ്റി ജനകീയ താല്‍പര്യം കാര്യമായുണ്ടായി. ടുവേര്‍ഡ്‌സ് ഫ്രീഡം പ്രോജൿറ്റിനെക്കുറിച്ചും അത് തടയാന്‍ നടന്ന ശ്രമത്തെക്കുറിച്ചും ഭോപ്പാലില്‍ വെച്ച് ഒരു ചര്‍ച്ച നടന്നു. ഞാനാദ്യമായി ഇതിന്റെ ഉള്ളുകളളികള്‍ വിശദീകരിക്കുന്നത് അവിടെയാണ്.
ആര്‍.എസ്.എസും മറ്റു സംഘപരിവാര്‍ കുടുംബങ്ങളും സ്വാതന്ത്ര്യ സമരകാലത്ത് നടത്തിയ ബ്രിട്ടീഷ് പാദസേവ ഈയടുത്ത കാലത്തുള്ള സംഭവമാണ്. ചരിത്രകാരന്മാര്‍ക്കും മറ്റു സീരിയസ്സായിട്ടുള്ള പ്രവര്‍ത്തകര്‍ക്കും അതിന്റെ രേഖീയ തെളിവുകള്‍ ലഭ്യമാണ്. എന്നിട്ടും ഇത് മറച്ചു വെച്ചു കൊണ്ട് സ്വാതന്ത്ര്യ സമരകാലത്തെ ദേശസ്‌നേഹം ഒരു മുഖ്യ പ്രചരണോപാധിയാക്കാന്‍ ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത് എന്തു കൊണ്ടാണ് ?
വളരെ വ്യക്തം. ജനങ്ങളുടെ അജ്ഞതയാണ് അവര്‍ മുതലെടുക്കുന്നത്. യഥാര്‍ത്ഥ വസ്‌തുത രേഖകളിലൂടെ പൊതു ജനങ്ങളില്‍ എത്തിച്ചിട്ടില്ലെങ്കില്‍ അവര്‍ പറയുന്നതാകും 'വസ്‌തുത'. ഉദാഹരണത്തിന് അയോധ്യാപ്രശ്‌നമെടുക്കാം. അയോധ്യയെക്കുറിച്ച് അവരുടെ കെട്ടുകഥകളാണ് നിറയെ. ജെ.എന്‍.യുവിലെ 8 - 10 വിദ്യാര്‍ത്ഥികള്‍ പറഞ്ഞു പേപ്പറുകളില്‍ വരുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ സത്യം പുറത്തറിയേണ്ടേ? ഹിസ്‌റ്ററി സെന്ററിന്റെ നേതൃത്വത്തില്‍ ഒരു യോഗം വിളിക്കാന്‍ പറഞ്ഞു. അതില്‍ മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. വെറും ചരിത്ര വിദ്യാര്‍ത്ഥികളല്ല, അല്ലാത്തവരും. അന്ന് അവര്‍ക്ക് നൽകിയ വിശദീകരണമാണ് 'പൊളിറ്റിക്കല്‍ അബ്യൂസ് ഓഫ് ഹിസ്‌റ്ററി' എന്ന പേരില്‍ ലഘു ലേഖയായി പുറത്തു വന്നത്. വിവിധ ഭാഷകളിലായി ഇതിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട് പോയിട്ടുണ്ട്. ഇതിനോട് വസ്‌തുതാപരമായി പ്രതികരിക്കാന്‍ ആര്‍.എസ്.എസ്സിനും വി.എച്ച്.പിക്കും ഇന്നും കഴിഞ്ഞിട്ടില്ല.
'മധ്യവര്‍ഗ'വും 'മധ്യവര്‍ഗത്വ'വും
നാമിപ്പോള്‍ ഇന്ത്യന്‍ ഫാഷിസത്തെ ബന്ധപ്പെടുത്തി ജനങ്ങളുടെ അജ്ഞതയില്‍ വിശ്വസിച്ചു അതു വളരാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. പക്ഷെ 'വര്‍ഗീയത' എന്ന പരികല്‍പനയെ മാത്രമെടുത്താല്‍ അത് ഇന്ന് വ്യാപകമായി എല്ലാ പ്രധാന സമൂഹങ്ങളിലും വളരുന്നില്ലേ? ഇങ്ങിനെ വളരുന്നതിന്റെ പതാകാവാഹകരായി പ്രവര്‍ത്തിക്കുന്നവര്‍ മധ്യവര്‍ഗമാണെന്ന് അങ്ങ് പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. വര്‍ഗീയവാദചിന്തകള്‍ പേറുന്ന 'മധ്യവര്‍ഗ'ത്തെക്കുറിച്ചു കുറച്ചു കൂടെ സൂക്ഷ്‌മമായ നിരീക്ഷണം സാധ്യമാണോ?
കേരള സന്ദര്‍ഭത്തിലാണോ ഊന്നുന്നത് ? എങ്കില്‍ അതു പറയാം. സാമ്പത്തിക സാമൂഹിക യാഥാര്‍ത്ഥ്യം എന്നതിനേക്കാള്‍ കൂടുതല്‍ ഒരു മധ്യ വര്‍ഗ രൂപീകരണം ഇവിടെ ഉണ്ട്. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഉല്‍പ്പാദന പ്രക്രിയയും അല്ലെങ്കില്‍ പ്രവര്‍ത്തന മണ്ഡലവുമായി ബന്ധപ്പെട്ടു വളര്‍ന്നു വരുന്ന മധ്യവര്‍ഗത്തില്‍ നിന്നും വ്യത്യസ്‌തമായി 'മധ്യവര്‍ഗത്വം' ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗം ഉണ്ട് എന്നാണ്. ഈ വിഭാഗം മറ്റു സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായൊരു ജീവിതരീതി നയിക്കുകയോ നയിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരാണ്.
'മധ്യവര്‍ഗത്വം' ഒരു പുതിയ പരികല്‍പനയാണെന്ന് തോന്നുന്നു. മുമ്പ് ഉപയോഗിക്കപ്പെട്ടതായി ശ്രദ്ധയില്‍ വന്നിട്ടില്ല. അതുകൊണ്ട് അതിന്റെ വിവക്ഷ ഒന്നു കൂടി വിശദമാക്കിയാല്‍ കൊള്ളാം.
'മധ്യവര്‍ഗത്വം' എന്നതു കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് മധ്യവര്‍ഗമായിരിക്കുക എന്ന ഗുണമാണ്. (The quality of being a middle class) ഈ 'മധ്യവര്‍ഗത്വ' ചിന്തയുടെ ഒരു മേല്‍ക്കോയ്‌മ സമൂഹത്തില്‍ ആകെ ഇന്ന് വ്യാപരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു വലിയ സാംസ്‌കാരിക പ്രതിസന്ധി കേരള സമൂഹത്തിലാകെ വളര്‍ന്നു വന്നിട്ടുണ്ട്. ഈ പ്രതിസന്ധി മധ്യവര്‍ഗത്തെ വര്‍ഗീയതയുമായി കൂട്ടിയിണക്കുന്നു. അതിന്റെ അടിത്തറയായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. അതേസമയത്തു തന്നെ മധ്യവര്‍ഗമല്ലാത്ത സാധാരണക്കാര്‍ 'മധ്യവര്‍ഗത്വം' ഉള്‍ക്കൊള്ളുമ്പോള്‍ അവര്‍ക്കു സംഭവിക്കുന്ന നിസ്സഹായത അവരെ വര്‍ഗീയതയുടെ വൈക്കോല്‍ (Fodder) ആക്കി മാറ്റുകയും ചെയ്യുന്നു. വര്‍ഗ്ഗീയ ലഹളകളില്‍ ഈ 'മധ്യവര്‍ഗത്വ'സമൂഹം പങ്കെടുക്കുന്നത് ആക്രമണത്തിനും കൊള്ളയടിക്കലിനുമൊക്കെയാണ്.
ശാസ്‌ത്ര പഠനത്തിന്റെ സ്വഭാവം കൊണ്ട് തന്നെ ശാസ്‌ത്ര വിദ്യാര്‍ത്ഥികള്‍ക്കു കിട്ടുന്ന അറിവിനു പരിമിതികള്‍ ഉണ്ട്. വൈദ്യശാസ്‌ത്ര രംഗത്തായാലും മറ്റു ശാസ്‌ത്രപഠന രംഗത്തായാലും ആ നിലയിലുള്ള ഒരു വിദ്യാഭ്യാസം വിദ്യാഭ്യാസമല്ലാതായി തീരുകയും അത് വെറും പരിശീലനമായി രൂപാന്തരപ്പെടുകയും ചെയ്‌തിരിക്കുന്നു. (more of training) ശാസ്‌ത്രരീതിയുമായി സംവദിക്കാനുള്ള സന്ദര്‍ഭം ഈ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നില്ല. മുമ്പ് ഐ.ഐ.ടി യില്‍ സാമൂഹിക ശാസ്‌ത്രം പഠിക്കുക എന്നത് നിര്‍ബന്ധമായിരുന്നു. ഇന്നും ഉണ്ട് ഒരു ചടങ്ങിന്. അതിനാല്‍ വിദ്യാഭ്യാസം ഒരു സമഗ്രമായ പ്രക്രിയയാകാതിരുന്നാല്‍ സംഭവിക്കുന്ന അപകടമാണ് ഇന്ന് സമൂഹം നേരിടുന്നത്.
കേരളത്തില്‍ അങ്ങയുടെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ സമിതി ഇക്കാര്യം ഗൌരവപൂര്‍വ്വമായി കണക്കിലെടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.
ശരിയാണ്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാ സര്‍വ്വകലാശാലകളിലും നടപ്പിലാക്കിക്കഴിഞ്ഞു.നിലവിലുള്ള ബിരുദതല വിദ്യാഭ്യാസം പൂര്‍ണ്ണമായും പൊളിച്ചെഴുതി. വിഷയങ്ങള്‍ക്കിടയിലുള്ള വലിയ മതില്‍ തകര്‍ക്കുകയാണ് ആദ്യം ചെയ്‌തത്. ഇതിലൂടെ ശ്രമിക്കുന്നത് ഒരു ഇന്റര്‍ ഡിസിപ്ളിനറി വിദ്യാഭ്യാസം നടപ്പാക്കുക എന്നതാണ്. ബി.എസ്.സിക്കും ബി.എക്കും മറ്റും ചേരുന്ന കുട്ടികള്‍ പത്ത് കോഴ്‌സുകള്‍ നിര്‍ബന്ധമായും ചെയ്‌തിരിക്കണം. അതില്‍ സയന്‍സുണ്ട്, ചരിത്രമുണ്ട് ഫിലോസഫിയുണ്ട്. അതു കഴിഞ്ഞ് മാത്രം സ്‌പെഷലൈസേഷന്‍. അങ്ങനെ പഠിച്ച് പാസായിട്ട് മാത്രം റിസേര്‍ച്ച്. അതിനുള്ള സമ്പൂര്‍ണ്ണ സൌകര്യം നമമ്മുടെ സംസ്ഥാനത്തില്ല. തുടക്കം എന്ന നിലയില്‍ മോശമല്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഈ രീതി പഠിക്കാന്‍ ഇവിടെ വിദഗ്ധ സമിതികളെത്തുന്നുണ്ട്. അവര്‍ക്കൊക്കെ വലിയ അഭിപ്രായമാണ് നമ്മുടെ ശ്രമങ്ങളെക്കുറിച്ച്.
ആള്‍ദൈവങ്ങള്‍: മതത്തിന് എന്തു സംഭവിച്ചു?
ഫ്രാന്‍സിസ് ഫുക്കുയാമയുടെ 'ട്രസ്‌റ്റ് ' എന്ന പുസ്‌തകം പുതിയ മുതലാളിത്തകാലത്ത് അമേരിക്കന്‍ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്ന ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് പറയുന്നുണ്ട്. പുതിയ മുതലാളിത്തത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം അത് സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യബോധം മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുന്നതിന് കാരണമാകുന്നുവെന്ന് അമേരിക്കന്‍ അനുഭവങ്ങളെ നിരീക്ഷിച്ചു കൊണ്ട് ആശങ്കപ്പെടുന്നുണ്ട്. മുതലാളിത്തം ഒരു ശാശ്വത സമ്പദ് വ്യവസ്ഥയായി നില്‍ക്കുവാന്‍ മുതലാളിത്ത പൂര്‍വ്വ മൂല്യ ബോധം, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നിവ തിരിച്ചു കൊണ്ടു വരണമെന്നാണ് പ്രതിവിധിയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഇന്നു കാണുന്ന കോര്‍പ്പറേറ്റ് ആള്‍ ദൈവങ്ങളെ ഫുക്കുയാമയുടെ ഈ നിരീക്ഷണവുമായി ബന്ധപ്പെടുത്തി പരിഗണിക്കാമോ? ബാങ്കുകള്‍ക്കുള്ളില്‍ ആള്‍ ദൈവ സ്വാധീനത്തെക്കുറിച്ച് ഫോറം ഒരു സാമ്പിള്‍ സര്‍വ്വെ നടത്തിയിരുന്നു. (സര്‍വ്വെഫലം അന്യത്ര ) സര്‍വ്വെയില്‍ പരിഗണിച്ച 40 പേരില്‍ 16 പേര്‍ ആള്‍ദൈവ ഭക്തന്മാരാണെന്നും ഇവരെല്ലാവരും കഴിഞ്ഞ 15 വര്‍ഷമായിട്ടാണ് ഇങ്ങനെയായതെന്നും വെളിപ്പെടുത്തുന്നു. ആള്‍ദൈവ സന്ദര്‍ശനം കൊണ്ട് എന്തു കിട്ടുന്നു എന്നു ചോദിച്ചപ്പോള്‍ 'എന്തോ ഒരു ഇത്' കിട്ടുന്നു എന്നാണ് ഏതാണ്ടെല്ലാവരുടേയും ഉത്തരം. പരമ്പരാഗതമായ മതവിശ്വാസം, ആള്‍ദൈവ വിശ്വാസം, മുതലാളിത്തം എന്നിവ ബന്ധപ്പെടുത്തി ഈ വിഷയത്തിലുള്ള അങ്ങയുടെ നിരീക്ഷണം.
നിങ്ങളുടെ സര്‍വ്വെയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ സര്‍വ്വേയുമായും ഈവിഷയത്തില്‍ ആഗോളകണക്കുകളുമായും ഒത്തു പോകുന്നുണ്ട്.
മുമ്പ് ചന്ദ്രസ്വാമിയെ കേന്ദ്രീകരിച്ച് ഞാന്‍ 'ഹിന്ദുവില്‍' ഒരു ലേഖനമെഴുതിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ 'റിലിജിയന്‍ ഇന്‍ പബ്ളിക് സ്‌ഫിയര്‍' എന്ന വിഷയത്തെക്കുറിച്ച് ഈയിടെ സമാപന പ്രസംഗം നടത്തുകയുണ്ടായി.
ഈ വിഷയത്തെ ഇപ്പോള്‍ രണ്ടു കോണില്‍ നോക്കിക്കാണേണ്ടതുണ്ട് എന്നാണെനിക്ക് തോന്നുന്നത്. സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ സാധാരണയായി ഭക്തന്മാര്‍ക്ക് എന്തു സംഭവിച്ചു, ഭക്തി എന്തു കൊണ്ടാണ് ഉണ്ടാകുന്നത്, അവരുടെ ജീവിതവും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം എന്നിങ്ങനെയായിരുന്നു പ്രശ്‌നത്തെ സമീപിച്ചിരുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ഒരാളുടെ സാംസ്‌കാരിക ക്രൈസിസിന് പ്രതിവിധി കാണാനുള്ള ശ്രമം വിശ്വാസത്തില്‍ കൊണ്ടെത്തിക്കുന്നു എന്നും അതില്‍ നിന്നും ലഭിക്കുന്ന സംതൃപ്‌തിയാണ് തേടുന്നത് എന്നുമൊക്കെ നിരീക്ഷിക്കപ്പെട്ടു. അതായത് അയുക്തികത (irrationality) ഉപയോഗപ്പെടുത്തിയുള്ള എസ്‌കേപ്പിസം.
ഇതിനു പല ന്യായീകരണങ്ങളും കൊടുക്കാം. വിശ്വാസമില്ലാതെ ജീവിക്കാന്‍ പറ്റില്ല; ദൈവത്തിനോടോ അച്‌ഛനോടോ അമ്മയോടോ ഭാര്യയോടോ വിശ്വാസമാകാം. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവരോട് ചോദിക്കാം. നിങ്ങള്‍ക്കു സ്വന്തം യുക്തി ചിന്തയിലും വിശ്വസിക്കാം. അങ്ങനെയായാല്‍ പ്രശ്‌നം വരുമ്പോള്‍ നിങ്ങളോടു തന്നെ ചോദിക്കാം. വിശ്വാസത്തിന്റെ ന്യായീകരണം ഇങ്ങനെയൊക്കെ പോകുന്നു.
പക്ഷെ നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സാമൂഹിക പ്രക്രിയ മനസ്സിലാക്കാന്‍ ഇത്തരം വിലയിരുത്തല്‍ മാത്രം പരിഹാരമാവുന്നില്ല. ഇന്ന് ചോദിക്കേണ്ട ചോദ്യം വ്യത്യസ്‌തമാണ്. ആ ചോദ്യം വ്യക്തികള്‍ക്കും സമൂഹത്തിനും എന്തു സംഭവിച്ചു എന്നതിനോടൊപ്പം തന്നെ മതത്തിനും എന്തു സംഭവിച്ചു എന്നതു കൂടിയാണ്.
14-15, 19 നൂറ്റാണ്ടുകളിലെ മതമല്ല ഇന്നത്തെ മതം. മതത്തിന്റെ സ്വഭാവം മാറിക്കഴിഞ്ഞിരിക്കുന്നു. മതം ഇന്ന് ഒരു വിശ്വാസം മാത്രമല്ല. മതം ഇന്ന് ഒരു ചരക്കാണ്. എന്തു കൊണ്ടാണ് മതം ഇന്ന് അമ്പലങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തെരുവുകളിലെത്തിയിരിക്കുന്നത് ? ഈ കോമോഡിഫിക്കേഷന്റെ (ചരക്കുവല്‍ക്കരണത്തിന്റെ) കാരണം നവലിബറല്‍ വ്യവസ്ഥയുടെ സ്വാധീന ഫലമാണ്. അതായത് ഈ പരിവര്‍ത്തനത്തിന്റെ പിന്നില്‍ വളരെ വലിയൊരു സംഘടനാരൂപമുണ്ട്. സാമ്പത്തികതാല്‍പര്യമുണ്ട്. ആ സാമ്പത്തിക താല്‍പര്യം മത സംഘനടകള്‍ക്കു വളരെ ആധുനികമായൊരു മുഖം കൊടുത്തിരിക്കുന്നു.
മാതാ അമൃതാനന്ദമയി നടത്തുന്ന ആശുപത്രി ഏറ്റവും ആധുനിക സൌകര്യങ്ങളുള്ള ആശുപത്രിയാണ്. അവരുടെ എഞ്ചിനീയറിങ്ങ് കോളേജ് ഏറ്റവും ആധുനികമാണ്. ഇതവര്‍ക്ക് വളരെ ആധുനികമായൊരു മുഖം കൊടുത്തിരിക്കുന്നു. ഈ സംഘടനാ രൂപം വളരെ സങ്കീര്‍ണ്ണമായ ഒരു തരത്തിലുള്ളതാണ്. ഇതിലേക്കാണ് ,ഈ പുതിയ സാഹചര്യത്തിലേക്കാണ്, മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന പില്‍ഗ്രിമേജ് ടൂറിസം (തീര്‍ത്ഥാടന വിനോദയാത്ര) ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. മധ്യ വര്‍ഗത്തിനു ടൂറിസം വേണം. ടൂറിസത്തിനു വേണ്ടി വിശ്വാസം സൃഷ്‌ടിക്കപ്പെടുകയാണ്.
മനുഷ്യന് വിശ്വാസം ആവശ്യമാണെന്നതും അത് മതം കൊമോഡിഫൈ (ചരക്കുവല്‍ക്കരിക്കപ്പെടല്‍) ചെയ്യുന്നതുമാണ് ഇന്നത്തെ സ്ഥിതിവിശേഷം സൃഷ്‌ടിച്ചിട്ടുള്ളത്. ഇതിന്റെ ആകര്‍ഷണീയത വളരെ വലിയതാണെന്നതിനാല്‍ മനുഷ്യന് ഇതില്‍ നിന്നും എളുപ്പം മോചനമില്ല. ഐ.പി.എല്‍ ക്രിക്കറ്റല്ലാത്തതു പോലെ മതമിന്ന് മതമല്ല എന്നു തിരിച്ചറിയേണ്ടതുണ്ട്.
ബി.ജെ.പി തകരുകയാണെന്നും അതിന്റെ പ്രത്യ യ ശാസ്‌ത്രം പിന്നോട്ടടിക്കുകയാണെന്നും സവര്‍ണ മധ്യവര്‍ഗത്തിനെ ആവേശംകൊള്ളിക്കാന്‍ അത് ഇന്ന് ഉതകുന്നില്ല എന്നും പ്രഫുല്‍ ബിദ്വായ് അഭിപ്രായപ്പെടുന്നു. (ഫ്രണ്ട്‌ലൈന്‍ വോള്യം.27. നമ്പര്‍ 8.ഏപ്രില്‍ 10-23-2010) അതുകൊണ്ട് ബി.ജെ.പിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷതയെ പുനഃദൃഡീകരിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്നും പറയുന്നു. ഈ നിരീക്ഷണത്തോടുള്ള പ്രതികരണമെന്താണ് ?
ബിദ്വായിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നില്ല. ഇന്ത്യന്‍ ഫാഷിസത്തിന്റെ ശക്തി രാഷ്‌ട്രീയമായി പിന്നോട്ടു പോയിരിക്കുന്നു എന്നതുശരി. പക്ഷെ അതിന്റെ യഥാര്‍ത്ഥശക്തി സ്രോതസ്സ് സാംസ്‌കാരിക സാമൂഹിക സ്വാധീനമാണ്. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി വളര്‍ത്തിക്കൊണ്ടുവന്നത്. രാഷ്‌ട്രീയ സ്വാധീനം ഇല്ലാത്തപ്പോള്‍ പോലും ഒരു അസംബ്ളിയിലോ പാര്‍ലമെന്റിലോ നിര്‍ണ്ണായകശക്തി അല്ലാത്തപ്പോള്‍ പോലും ഇന്ത്യന്‍ ഫാഷിസം ഒരു തരത്തിലും പരിഭ്രമിച്ചിട്ടില്ല. വളരെ അവധാനതയോടുകൂടി മാത്രമാണ് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് പരിഭ്രമം വന്നത് അധികാരം കൈയിലെത്തും എന്നു തോന്നിയപ്പോള്‍ മാത്രം. അതുകൊണ്ടാണ് രാഷ്‌ട്രീയമായി അടിച്ചമര്‍ത്താന്‍ സാധിച്ചാല്‍പോലും ഹിന്ദുവര്‍ഗീയതയുടെ ശക്തി അതോടുകൂടി നശിക്കില്ല എന്നു ഞാന്‍ പറയുന്നത്. അവരുടെ ശക്തി വാസ്‌തവത്തില്‍ ഒരു കള്‍ച്ചറല്‍ ലോജിക്കിലാണ്. ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെ മതപരമായി വ്യാഖ്യാനിച്ച് പ്രവര്‍ത്തിക്കുന്നതാണ് അവരുടെ പ്രവര്‍ത്തന ശൈലി. അതു വളരെ സാധ്യതയുള്ള ഒരു മേഖലയാണ്.
ഇങ്ങനെ നോക്കുമ്പോള്‍ ഹിന്ദു വര്‍ശീയതയുടെ ശക്തി കുറഞ്ഞു പോയിട്ടുണ്ടോ എന്നു ചോദിക്കുകയാണെങ്കില്‍ എന്റെ ഉത്തരം ഇല്ല എന്നാണ്. പക്ഷെ ആ യാഥാര്‍ത്ഥ്യം ഒരതിര്‍ത്തിവരെ നമ്മുടെ മതേതര കക്ഷികളും മാധ്യമങ്ങളും ബുദ്ധിജീവികളും തിരിച്ചറിയുന്നില്ല. ഇത് വര്‍ഗ്ഗീയതക്കെതിരെ മതേതര പ്രവര്‍ത്തനങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. മതേതര രാഷ്‌ട്രീയം എന്തുകൊണ്ട് വളരെ വലിയൊരു പ്രതിസന്ധിയില്‍ 5-6 വര്‍ഷങ്ങള്‍ക്കുമുമ്പ് എത്തിപ്പെട്ടു എന്നതു ഇതില്‍ തന്നെയാണ് അന്വേഷിക്കേണ്ടത്.
ഹിന്ദു ഫാഷിസ്‌റ്റു ഭീകരതക്കൊപ്പം തന്നെ ഇസ്ളാമിന്റെ പേരിലുള്ള ഭീകരാക്രമണങ്ങള്‍ക്കും വ്യാപകമായി ഇന്ത്യന്‍ സമൂഹം ഇന്ന് ഇരയാകുന്നുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും അനുഭവത്തില്‍ പരസ്‌പരം സഹായിക്കുന്ന ഒരു 'ഏജന്റ് പ്രെവൊക്കേറ്റര്‍' (Agent provocator) എന്ന നിലയില്‍ ഫാഷിസ്‌റ്റുകളെയും മുസ്ളീം ഭീകരവാദികളെയും കാണാമോ? മതമൌലികവാദം ഭീകരവാദത്തിലേക്ക് നയിക്കുമോ?
ഏതു വര്‍ഗീയ ചേരിതിരിവും ഒരു ശത്രുവിനെ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. ഇന്ത്യയില്‍ മുസ്ളീം, കൃസ്‌ത്യന്‍ എന്ന ശത്രുവില്ലാതെ ഹിന്ദുവര്‍ഗീയതക്ക് പ്രവര്‍ത്തിക്കുവാനാകില്ല. കഴിഞ്ഞ പത്തന്‍പത് വര്‍ഷങ്ങളായി ഇവിടെ പ്രധാനമായും മുസ്ളീം എന്ന ശത്രുവിനെ സൃഷ്‌ടിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ ഒരു ഫലം സാധാരണക്കാരന്റെ മനസ്സില്‍ പോലും ഈ ആശയം ദൃഢീകരിക്കാന്‍ കാരണമായിട്ടുണ്ട് എന്നതാണ്. ആ അര്‍ത്ഥത്തില്‍ ഭീകരവാദം ഒരു 'ഏജന്റ് പ്രൊവൊക്കേറ്റര്‍' എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നു നമുക്ക് കാണാന്‍ കഴിയും. പക്ഷെ അതിലുള്ള ഒരു പ്രധാനപ്പെട്ട പ്രശ്‌നം കണക്കിലെടുക്കേണ്ടത് ഭീകരവാദം ഒരു മതത്തിന്റെയും അടിസ്ഥാന പ്രമാണമായും ബന്ധപ്പെട്ടതല്ല എന്നതാണ്. പക്ഷെ മതമൌലികവാദം ഭീകരതക്ക് വഴി ഒരുക്കുന്നു. വാസ്‌തവത്തില്‍ 'ഏജന്റ് പ്രൊവൊക്കേറ്റ'റായി രംഗത്തു വരുന്നത് മത മൌലികവാദികളാണ്.
ആരാധനാലയങ്ങളും പ്രവര്‍ത്തനവും
ആരാധനാലയങ്ങളെ വര്‍ഗീയതയുടെ കേന്ദ്രങ്ങളാക്കിതീര്‍ക്കാന്‍ ഇന്ന് വ്യാപകമായി ശ്രമമുണ്ട്. ഇതെങ്ങിനെ പ്രായോഗികമായി പ്രതിരോധിക്കുമെന്നതാണ് അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക - സാമൂഹിക പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നം. മതമൌലികവാദികളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഇവിടങ്ങളില്‍ ഇടപെടുന്ന മതനിരപേക്ഷ വാദികളായ പൊതുപ്രവര്‍ത്തകര്‍പോലും പിന്നീട് പൊതു സമൂഹത്തില്‍ നിന്നും വിട്ട് അമ്പലത്തിന്റെയും പള്ളിയുടെയും ആളായി മാറുന്നു. ഇത് ?
ഒരു ആരാധനാലയത്തെ എങ്ങനെയാണ് നാം നോക്കി കാണുന്നത് ! നമുക്ക് തല്‍ക്കാലം അമ്പലത്തെ എടുക്കാം. എന്താണ് അമ്പലം? എന്താണ് ഉത്സവം? അമ്പലത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മൌലികസ്വഭാവം എന്താണ്? ഏതെങ്കിലും ഒരു ഭൂവുടമ അത് കൈക്കലാക്കുന്നതിന് മുമ്പ് ഒരു ഗ്രാമത്തിലെ അമ്പലം പരമ്പരാഗതമായി ഒരു 'തുറന്ന ഇട'മാണ്. ജാതിവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും ഇവിടം അതിന്നതീതമാണ്. അതുകൊണ്ട് അമ്പലങ്ങളെ നാം നോക്കി കാണേണ്ടത് ആരാധനാലയങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല. ആ പ്രദേശത്തിന്റെ സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ കൂടിയാകണം.
വിശ്വാസമില്ലാത്തവര്‍പോലും അമ്പലത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളണമോ എന്നത് സംശയമില്ലാത്ത കാര്യം. പങ്കുകൊള്ളേണ്ടത് ആവശ്യമാണ്.
ഞാനൊരിക്കല്‍ എന്റെ നാട്ടില്‍ വന്നപ്പോള്‍ അവിടുത്തെ ഒരു പ്രധാന അമ്പലത്തിലെ (അരിയന്നൂര്‍, അവിടെയാണ് കേട്ടോ കോവിലന്റെ തട്ടകം) മരംകൊണ്ടു തീര്‍ത്ത മനോഹരങ്ങളായ ശിൽപങ്ങള്‍ നാശോന്മുഖമായതറിഞ്ഞു. അതു സംരക്ഷിക്കാന്‍ നടപടികളെടുക്കണമെന്ന ഉദ്ദേശ്യത്തോടെ അവിടെ പോയി. സാധാരണയായി അമ്പലത്തില്‍ പോകാത്ത ആളാണ് ഞാന്‍.
'സാറെന്താ ഇവിടെ വന്നിരിക്കുന്നത്?' നാട്ടുകാര്‍ക്ക് അത്ഭുതം. അതാരെങ്കിലും സംരക്ഷിച്ചിട്ടില്ലെങ്കില്‍ നഷ്‌ടപ്പെട്ടുപോകും. മതവും സംസ്‌കാരവും ഒന്നല്ല. എന്നാല്‍ മതവും സംസ്‌കാരവും തമ്മില്‍ ബന്ധമുണ്ട് താനും. രണ്ടും അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുന്നു. ഈ ബന്ധം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അമ്പലത്തോടുള്ള സമീപനത്തില്‍ വ്യക്തതയുണ്ടാകും.
രണ്ടാമതൊരു കാര്യം: അത് വളരെ പ്രധാനപ്പെട്ടതാണ്. അമ്പലങ്ങളിൽ / പള്ളികളില്‍ പങ്കെടുക്കുന്നതോടുകൂടി അവിടുത്തെ ആളായി മാറുന്ന പ്രക്രിയ പങ്കെടുക്കുന്നവരുടെ മതേതര സങ്കല്‍പ്പത്തിന്റെ ദൌര്‍ബല്യമാണ് വെളിവാക്കുന്നത്. പ്രത്യയ ശാസ്‌ത്രപഠനത്തിന്റെ പിന്‍ബലമില്ലാത്തവരാണ് ഇത്തരക്കാര്‍. യുക്തി ഭദ്രതയും വിമര്‍ശനാത്മകതയുമുള്ള സമൂഹത്തെ സൃഷ്‌ടിക്കാനുള്ള പഠനങ്ങള്‍ ഇന്ന് കാര്യമായി സംഭവിക്കുന്നില്ല. നവോത്ഥാന കാലത്ത് വി.ടി.യെ പോലുള്ളവര്‍ യാഥാസ്‌തികത്വത്തെ നേരിട്ട രീതി ഇന്ന് വശമില്ല.
ആനുഷംഗികമായി ഞാന്‍ ഒരു രസകരമായ കാര്യം പറയാം. എന്റെ വീടിന് തൊട്ടടുത്ത് ഒരു മുസ്ളീം പള്ളിയുണ്ട്. എന്റെ കുടുംബവുമായി പള്ളി സമിതിക്ക് വളരെ അടുത്ത ബന്ധമാണ്. ഞാന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അവിടെ ഉച്ചഭാഷിണി വെച്ച് ബാങ്കുകൊടുക്കുകയാണ്. രണ്ടു ദിവസം രാത്രിയില്‍ തുടര്‍ച്ചയായി. കിടന്നുറങ്ങാന്‍ വിഷമം. ഞാന്‍ മുസ്ള്യാരുടെ അടുക്കല്‍ചെന്ന് കാര്യം പറഞ്ഞു. മുസ്ള്യാര്‍ക്ക് നൂറുശതമാനം സമ്മതം. നിര്‍ത്താം. പക്ഷെ ചെറിയൊരു നിബന്ധന: സാറ് ആദ്യം ഗുരുവായൂര്‍ അമ്പലത്തില്‍ പോയി അവിടുത്തെ സ്‌പീക്കര്‍ പരിപാടി നിര്‍ത്താന്‍ പറയണം.''ഇതും കാതലായ പ്രശ്‌നം തന്നെയാണ്. ബാങ്കും കീര്‍ത്തനങ്ങളും മൈക്കുകെട്ടി വിളിച്ചു പറഞ്ഞാണോ ആരാധന നടത്തേണ്ടത് എന്ന്. സത്യത്തില്‍ മതങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പരസ്‌പരം മത്സരിക്കുകയാണ്.
നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്‌ത വിഷയങ്ങളുമായി നേരിട്ടുള്ളതല്ലെങ്കിലും ബന്ധമുള്ള മറ്റൊരു പ്രധാന വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇന്ത്യയെ മൊത്തത്തിലെടുക്കുമ്പോള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെയാണ്. സംശയമില്ല. എന്നാല്‍ കേരളത്തിന്റെ കാര്യമെടുത്താല്‍ സത്യത്തില്‍ ഇവിടെ അത്തരമൊരു ന്യൂനപക്ഷമുണ്ടോ? ഇന്ത്യക്ക് പൊതുവായി പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ അതേപടി പകര്‍ത്തുന്നത് സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടക്കലല്ലേ ? മതത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക- സാമ്പത്തിക മുന്നോക്ക- പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത് തെറ്റല്ലേ ?
കേരളത്തിലെ ന്യൂനപക്ഷം ഇന്ത്യയില്‍ പൊതുവെ കാണുന്നതില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്. ഒരു ന്യൂനപക്ഷ സമുദായവും ന്യൂനപക്ഷമാണെന്ന കാരണത്താല്‍ ഗുജറാത്തിലും ഒറീസയിലും പോലെ ഇവിടെ പീഡിപ്പിക്കപ്പെടുന്നില്ല.
രണ്ടാമതായി സാമ്പത്തിക ശേഷിയുടെ കാര്യം: എല്ലാ സമുദായങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കിടയില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നവരാണ്. ധനികരും ദരിദ്രരും എല്ലാവരിലും ഉണ്ട്. ഉദാഹരണം കൃസ്‌ത്യാനികള്‍. അവരുടെ ഇടയില്‍ സാമ്പത്തിക ശേഷിയുള്ള വിഭാഗങ്ങള്‍ വളരെ വലുതാണ്. മുസ്ളീങ്ങളുടെ ഇടയിലും സാമ്പത്തികശേഷിയുള്ള വലിയ വിഭാഗമുണ്ട്. കൃസ്‌ത്യാനികളുടെ അത്ര വലിയതല്ലെങ്കില്‍കൂടി. ഹിന്ദുക്കളുടെ ഇടയിലും മേല്‍ജാതിക്കാരുടെ ഇടയില്‍ അതു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് സാമ്പത്തികമായി മതസമുദായങ്ങളെ വേര്‍തിരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതു വര്‍ഗാടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അതേപോലെതന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, കൃസ്‌ത്യാനികള്‍ വളരെയേറെ മുന്നോട്ടുപോയ ഒരു സമുദായമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു വലിയ പങ്ക് അവരുടെ കൈവശമാണ്. ഈ കാരണം കൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നത് ഒരു റിവേഴ്‌സ് ഡിസ്‌ക്രിമിനേഷ (വിപരീത വിവേചനം) നായിമാറിയേക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നത്. പക്ഷേ ഇതുകൊണ്ട് യഥാര്‍ത്ഥ ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നോ, ന്യൂനപക്ഷ അവകാശങ്ങളൊക്കെ തിരസ്‌കരിക്കണമെന്നോ അര്‍ത്ഥമാകുന്നില്ല.
കേരളത്തിലെ ബാങ്കിങ്ങ് രംഗത്തെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസിദ്ധീകരണമായ ബാങ്ക് വര്‍ക്കേഴ്സ് ഫോറം അങ്ങയുടെ ഈ പൂര്‍ണ്ണ മനസ്സോടെയുള്ള സഹകരണത്തിന് നന്ദി പറയുന്നു.
സന്തോഷം.
അഭിമുഖം: എഡിറ്റോറിയല്‍ ഡസ്‌കിനൊപ്പം ശ്രീകുമാര്‍ (ബാങ്ക് ഓഫ് ബറോഡ, തിരുവനന്തപുരം), സി.സുരേഷ്‌കുമാര്‍ (കനറാബാങ്ക്, തിരുവനന്തപുരം)
ഹിന്ദുത്വശക്തികള്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തതിനെക്കുറിച്ച്, മധ്യവര്‍ഗത്തെയും 'മധ്യവര്‍ഗ ത്വ 'ത്തെയും കുറിച്ച്, ആള്‍ദൈവങ്ങളെക്കുറിച്ച്, ആരാധനാലയങ്ങളുടെ സ്വഭാവത്തെക്കുറിച്ച് , അതില്‍ മതനിരപേക്ഷവാദികള്‍ ഇടപെടേണ്ടതിനെക്കുറിച്ച് , കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എങ്ങനെ ഇന്ത്യന്‍ പൊതു അവസ്ഥയില്‍ നിന്നും വ്യത്യസ്ഥരാകുന്നു? അവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സാമ്പത്തികസംവരണം ആവശ്യമുണ്ടോ? തീവ്രവാദത്തെക്കുറിച്ച് 'ശത്രു'ചിന്തയെക്കുറിച്ച് ... "ഡോ.കെ.എന്‍.പണിക്കര്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന് പ്രത്യേകമായി അനുവദിച്ച അഭിമുഖം
ReplyDelete