Thursday, October 7, 2010

ആകാശത്തോളം അപ്പു

ഒരു സന്ധ്യയില്‍ ചവറയിലെ നമ്പ്യാടിക്കല്‍ വീട്ടിലെ ഉമ്മറത്തിണ്ണയില്‍ നിലവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ അപ്പു വായിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ എന്തൊക്കെയോ കുത്തിക്കുറിക്കുകയും. മുറ്റത്ത് ഉലാത്തുന്ന കാരണവര്‍ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെന്ന് തോളില്‍തട്ടി ചോദിച്ചു, "അപ്പൂ, നീ തോന്ന്യാക്ഷരമെഴുതുമോ?''

അതൊരു പുതിയ അറിവ്. കവിത തോന്ന്യാക്ഷരമാണെന്ന് ! ചെറുപ്രായത്തില്‍ത്തന്നെ തോന്ന്യാക്ഷരങ്ങള്‍ കുത്തിക്കുറിക്കാന്‍ തുടങ്ങി.

ചവറയിലാണ് ജനിച്ചതെങ്കിലും ഏഴുവയസ്സുവരെ കൊല്ലം നഗരത്തില്‍. ആയുര്‍വേദവൈദ്യനും ശ്രീമൂലം പ്രജാസഭയിലെ അംഗവും മനീഷിയുമായ ഒ എന്‍ കൃഷ്ണക്കുറുപ്പ് മകനെ അപ്പു എന്നു വിളിച്ചു. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ പിതാവ് വേലുക്കുറുപ്പിന്റെ പേരിട്ടു. ക്ളാസില്‍ അപ്പൂപ്പന്റെ പേരു വിളിക്കുമ്പോള്‍ അപ്പു ഹാജര്‍ പറഞ്ഞു. വീട്ടിലെ സാഹചര്യങ്ങളും സാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടത്. അച്ഛന്റെ വലിയ ഗ്രന്ഥശേഖരം. ചെറുപ്രായത്തില്‍ത്തന്നെ വലിയ വലിയ പുസ്തകങ്ങളുമായി പരിചയപ്പെട്ടു. സംഗീതത്തിലും കഥകളിയിലും താല്‍പര്യമുണ്ടാക്കുന്നതായിരുന്നു അന്തരീക്ഷം.

കൊല്ലത്തെ പഴയ റെയില്‍വേ സ്റ്റേഷന്‍ സന്തോഷവും ഒപ്പം മഹാവേദനയുമാണ് അപ്പുവിന്. അച്ഛനോടൊപ്പം കഴിഞ്ഞ നാളുകളിലെ മാധുര്യമേറിയ ഓര്‍മ. ചികിത്സയ്ക്കായി തീവണ്ടി കയറിയ അച്ഛന്‍ ചേതനയറ്റ ശരീരമായി തിരിച്ചെത്തിയ ഓര്‍മ വേദനയുടെ വിഷാദപ്പൂക്കള്‍.

കൊല്ലത്തെക്കുറിച്ച് കവി:

"ഇത് എന്റെ പിതൃനഗരമാണ്. അച്ഛനുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മയും നിലനില്‍ക്കുന്നത് ഇവിടെ. അച്ഛന്റെ അകാല വേര്‍പാട് മാതൃദേശമായ ചവറയിലേക്കെത്തിച്ചു. 'പാളങ്ങള്‍', 'ഭൂമിയുടെ അറ്റം'എന്നീ കവിതകളില്‍ ഇവിടെ കഴിഞ്ഞ അനുഭവങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചവറ- ചെറുഗ്രാമത്തിന്റെ ചകിരിക്കുഴികളും ലോഹമണലും ചേര്‍ന്ന നാട്ടുവഴികളിലൂടെ തനിച്ച്. റാട്ട് കറങ്ങുന്ന ഒച്ചയും കായലോളങ്ങളുടെ താളവും കേട്ടു വളര്‍ന്നു. കൂട്ടുകാരില്ലാത്ത കാലത്ത് അക്ഷരങ്ങള്‍ കൂട്ടായി. മാസികകളിലെയും പുസ്തകങ്ങളിലെയും അറിവും ആഹ്ളാദവും തുടിക്കുന്ന വലിയ ലോകത്തില്‍ അഭിരമിച്ചു. പൂക്കളും പൂമ്പാറ്റകളും മനസ്സില്‍ നിറംപകര്‍ന്നു.

"പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍, കദളിച്ചെടി പൂത്തുനില്‍ക്കുന്ന വയല്‍വരമ്പുകള്‍, പേരറിയുന്നതും അറിയാത്തതുമായ മരങ്ങള്‍ നിഴല്‍വിരിച്ച തൊടികള്‍, പ്രാവുകള്‍ കൂട്ടമായി പറന്നെത്തുന്ന നെല്‍ക്കളങ്ങള്‍. കായലോരത്തെ ചകിരിക്കുഴികളിലെ നാറ്റം മറികടന്ന് കൈതപ്പൂമണം. പാലക്കടവിലെ ബോട്ടുജെട്ടിയില്‍ വന്നു നില്‍ക്കുന്ന ബോട്ടില്‍നിന്ന് തിരക്കിയിറങ്ങുന്ന മനുഷ്യര്‍.'' ഗ്രാമസൌഭഗത്തിന്റെ മായാക്കാഴ്ചകള്‍ ഇന്നും കവിമനസ്സിനെ കുളിര്‍പ്പിക്കുന്നു.

അപ്പു വളര്‍ന്നു, ആകാശത്തോളം. മലയാളികളുടെ സ്നേഹാക്ഷരങ്ങളുടെ ചുരുക്കപ്പേരായ ഒ എന്‍ വിയായി. നറുമൊഴിയായും നന്മൊഴിയായും ആ മനസ്സിലെ കവിത പരന്നൊഴുകി. വിപ്ളവാകാശത്തിലെ രക്തനക്ഷത്രമായും പ്രണയതടാകത്തിലെ ചെന്താമരയായും വളര്‍ന്നു വലുതായി. മലയാളിയുടെ ജീവിതതാളമായി.

ഇപ്പോള്‍ ഇന്ത്യന്‍സാഹിത്യത്തിലെ പരമോന്നത പുരസ്കാരം ജ്ഞാനപീഠം. മലയാളം ഒരിക്കല്‍ക്കൂടി അഭിമാനത്തിന്റെ കൊടുമുടിയിലേക്ക്...

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കഥകളിയുടെയും സ്വാധീനത്തില്‍ വളര്‍ന്ന് കൌമാരത്തിലേക്കു കടന്ന ഒ എന്‍ വി നാല്‍പതുകളുടെ അവസാനത്തോടെ മര്‍ദിതവര്‍ഗത്തിന്റെ ദത്തുപുത്രനായി. ജനിച്ചുവളര്‍ന്ന വരേണ്യസംസ്കാരത്തില്‍നിന്നു വ്യത്യസ്തമായ ജനകീയശൈലിയിലാണ് ആ കവിതകള്‍ വാര്‍ന്നുവീണത്. കീഴാളരുടെ നാടോടിത്താളങ്ങളും വായ്ത്താരികളും ഈണങ്ങളും ഉള്‍ച്ചേര്‍ന്ന കൃഷിപ്പാട്ടുകളുടെയും തൊഴില്‍പ്പാട്ടുകളുടെയും ഊര്‍ജവും ഉണര്‍വും സമന്വയിപ്പിച്ചാണ് ഒ എന്‍ വി അവയ്ക്ക് ശില്‍പമൊരുക്കിയത്.

ഒ എന്‍ വിയുടെ മൌലിക കാവ്യപ്രതിഭയ്ക്ക് സൂര്യശോഭ പകരുന്നത് അദ്ദേഹത്തിന്റെ ജീവിതദര്‍ശനംതന്നെ. മാനവികതയുമായി ബന്ധപ്പെട്ടതെല്ലാം കവിയെന്ന നിലയില്‍ ഒ എന്‍ വിയ്ക്കു സ്വീകാര്യമാണ്. മനുഷ്യകഥാനുഗായികളുമായി ഈ കവിയെ കണ്ണിചേര്‍ക്കുന്ന ഘടകവും മാനവികതയെ അഭിമുഖീകരിക്കുന്ന ദര്‍ശനം. ഇരുട്ടിനെ കീറിമുറിക്കുന്ന വെളിച്ചത്തിന്റെ വജ്രസൂചികളായി ഒ എന്‍ വിക്കവിത മാറിത്തീരുന്നത് ഈ ദര്‍ശനത്തിളക്കംകൊണ്ടുകൂടിയാണ്.

പ്രത്യയശാസ്ത്രത്തിന്റെ പിരിമുറുക്കവും സര്‍ഗാത്മകതയും കലഹിച്ച നാല്‍പതുകളില്‍ എഴുത്തുകാര്‍ക്ക് ആത്മസംഘര്‍ഷത്തിന്റെ കാലമായിരുന്നു. പ്രത്യയശാസ്ത്രമോ എഴുത്തോ എന്ന വിവാദം സൃഷ്ടിച്ച പരിപ്രേക്ഷ്യം, യൌവനത്തിന്റെ ഇതള്‍വിരിയാന്‍ തുടങ്ങുമ്പോഴേ കാവ്യാത്മാവിലേക്ക് ആവാഹിച്ചെടുക്കാന്‍ സാധിച്ചതാണ് ഒ എന്‍ വിയുടെ കാവ്യജീവിതത്തിന് അടിത്തറയായത്. കവിയുടെ സഞ്ചാരപഥങ്ങളെക്കുറിച്ച് സന്ദേഹമേതുമുണ്ടായില്ല. പുരോഗമനസാഹിത്യത്തിന്റെ പാതയില്‍ പ്രതിജ്ഞാബദ്ധമായി മുന്നേറിയ കവിതകള്‍ സ്വാതന്ത്ര്യാനന്തരം നവോത്ഥാന ആശയങ്ങള്‍ വേരുറപ്പിക്കുന്നതില്‍ ഒട്ടൊന്നുമല്ല സഹായിച്ചത്. പുരോഗതിക്ക് വിലങ്ങുതീര്‍ക്കുന്ന കറുത്തശക്തികള്‍ ഏതെന്ന അവബോധം ഒ എന്‍ വിക്കവിത കേരളീയരിലുണ്ടാക്കി.

കവിതയെ ഭാവാത്മകത്വംകൊണ്ട് സമ്പന്നമാക്കിയ അദ്ദേഹം പതിന്നാലാം വയസ്സില്‍ എഴുതിയ 'മുന്നോട്ട് ' പ്രതിഭയുടെ തിളങ്ങുന്ന വിളംബരമായിരുന്നു. കുരുന്നുഹൃദയത്തില്‍ നിറഞ്ഞ സ്നേഹത്തിന്റെ സാന്ദ്രമധുരിമ ആദ്യകവിതയിലും തുളുമ്പി. പൂക്കളും പുല്ലാങ്കുഴലും പ്രകൃതിസൌന്ദര്യങ്ങളും മറികടന്ന് അരിവാളും ചോരയും അധ്വാനത്തിന്റെ കരുത്തുമായി കവിതയുടെ ഉള്ളടക്കം മാറിയപ്പോഴും മനസ്സില്‍ കിനിഞ്ഞ വാക്കുകളില്‍ തേന്‍തുള്ളിയുടെ മാധുര്യം മാഞ്ഞില്ല. 'പടപ്പാട്ടിന് ഒ എന്‍ വി ചക്കര നാവേകി ' എന്ന വൈലോപ്പിള്ളിയുടെ വിലയിരുത്തല്‍ പ്രസക്തമാണ്.

'വേലില്‍ വാടുന്ന

ജീവിതങ്ങള്‍ക്കു നിന്‍

തേനൊലിപ്പാട്ട്

പനിനീര്‍തളിക്കുകില്‍!'

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പിറന്നാളില്‍ പതിനേഴുകാരന്റെ കാവ്യഭാവനയിലുദിച്ച പ്രതീക്ഷ. അടിമത്തത്തിലാണ്ട ജനതയുടെ വിമോചനപ്രത്യാശ പീലിവിരിച്ചുനില്‍ക്കുന്ന അക്ഷരചൈതന്യത്തിന്റെ ഭാവപരിണാമങ്ങളാണ് പില്‍ക്കാല രചനകളില്‍. ആദ്യകാല കവിതകള്‍, ദാഹിക്കുന്ന പാനപാത്രം എന്നീ സമാഹരിച്ച രചനകളില്‍ മനുഷ്യാധ്വാനവും കവിതയും തമ്മിലുള്ള ബന്ധം കലാബോധത്തോടെ അവതരിപ്പിക്കുന്നു. സാമൂഹ്യനീതിക്കായി സാധാരണജനത ഉണര്‍ന്ന നാളുകളില്‍ കവി സമൂഹമനഃസാക്ഷിയും വഴികാട്ടിയുമായി. വേദനിക്കുന്നവരുടെ കണ്ണീര്‍ തുടയ്ക്കുകയും സ്നേഹത്തിന്റെ തെളിനീര്‍ തെളിക്കുകയുമാണ് കാവ്യധര്‍മമെന്ന് ആദ്യകാലകവിതകള്‍ പ്രഖ്യാപിക്കുന്നുണ്ട്.

'ദാഹിക്കുന്ന പാനപാത്ര'ത്തിന്റെ അവതാരികയില്‍ (1955) ജോസഫ് മുണ്ടശ്ശേരി ഒ എന്‍ വിയുടെ കവിഹൃദയം തിരിച്ചറിയുന്നുണ്ട്. അദ്ദേഹം നിരീക്ഷിക്കുന്നതു നോക്കൂ: “ഒ എന്‍ വി ഒരു വ്യക്തിനീതിവാദിയല്ല, ഉറച്ച സാമൂഹികനീതിവാദിയാണ്. ആ അടിസ്ഥാനത്തില്‍ പരിവര്‍ത്തനത്തിനുവേണ്ടി ബോധപൂര്‍വം കാഹളമൂതിയേ അദ്ദേഹം അടങ്ങിയിട്ടുള്ളു. പക്ഷേ, ഒന്നുണ്ട്. ഒ എന്‍ വിയുടെ കൈയില്‍ കാഹളമിരിക്കുന്നതായി വായനക്കാര്‍ കാണുകയില്ല. മധുരമനോഹര ശൈലിയിലൂടെ അതങ്ങനെ ഒഴുകുകയാണ്. ഇടയ്ക്കിടയ്ക്ക് മര്‍മസ്ഥാനങ്ങളില്‍ ആ കാഹളധ്വനി വേണ്ടത്ര ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യും”.

നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്ക് അന്ത്യംകുറിക്കാനും വരാനിരിക്കുന്ന പുലരിക്ക് ചെന്നിണം പൂശാനും കാഹളംമുഴക്കുന്ന കവിതകളെ 'ചുവന്ന രാഷ്ട്രീയ'ത്തിന്റെ പ്രശ്നമായി കേവലവല്‍ക്കരിക്കുകയായിരുന്നു വ്യവസ്ഥാപിത വിമര്‍ശകര്‍. ആദ്യകാല കവിതകളില്‍ ചോരയും അരിവാളുംമാത്രം കണ്ടെത്തിയവര്‍ തിരിച്ചറിയാതെപോയത് ആ ചോര തങ്ങളുടേതുകൂടിയാണെന്നും അരിവാള്‍ അധ്വാനപ്രതീകമാണെന്നുമാണ്. ഒ എന്‍ വി എന്ന കവിയുടെ അനുഭവതീവ്രമായ കാലഘട്ടത്തിന്റെ പ്രതികരണങ്ങളാണ് ആദ്യകാല കവിതകള്‍. അതിനെ മുദ്രാവാക്യകവിതയായി പരിമിതപ്പെടുത്തുന്നവര്‍ കാലഘട്ടത്തെത്തന്നെയാണ് തിരസ്കരിക്കുന്നത്.

ഭാഷയുടെ അര്‍ഥപൂര്‍ണിമ നിറനിലാവു ചൊരിയുന്ന കാവ്യാനുഭവമായി മാറിയിട്ടുണ്ട് ആ കവിതകളില്‍. കവിതയെയും അതിനാധാരമായി വര്‍ത്തിക്കുന്ന ഭാഷയെയും കേന്ദ്രസ്ഥാനത്തുനിര്‍ത്തിയ കവിയാണ് അദ്ദേഹം. കവിതയുടെ രക്തധമനികളാണ് പദവിന്യാസക്രമം. അവയ്ക്ക് ഊര്‍ജവും ബലവും നൽകിയ കവിയാണ് ഒ എന്‍ വിയെന്ന് എം കൃഷ്ണന്‍നായര്‍ നിരീക്ഷിച്ചിട്ടുണ്ട്. കാല്‍പനികതയുടെ വര്‍ണരേണുക്കള്‍ പതിഞ്ഞ ഭാവോജ്ജ്വലമായ കാവ്യശൈലി നമ്മുടെ കാവ്യഭാഷയുടെ മുഗ്ധതേജസ്സാണ്.

ഭാവുകത്വം മാറിവരുമ്പോഴും ആധുനികജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും കാവ്യവല്‍ക്കരിക്കുമ്പോഴും ഒ എന്‍ വി കാവ്യഭാഷയുടെ തേജസ്സ് നിലനിര്‍ത്തുകയുണ്ടായി. അമ്പതുകളിലും എഴുപതുകളിലും ആധുനികതയുടെ സങ്കീര്‍ണ ഭാഷാശൈലികള്‍ ആര്‍ത്തെത്തിയപ്പോഴും ആ കവിതയുടെ സൌരഭ്യം ഒട്ടും ഉലഞ്ഞില്ല.

ഋതുപ്പകര്‍ച്ചകള്‍ക്കുമുന്നില്‍ പതറാത്ത കവിഹൃദയമാണത്. അറുപതുകളിലുണ്ടായ ദേശീയ-സാര്‍വദേശീയ അനുഭവങ്ങള്‍ പുരോഗമനശക്തികള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ അന്തരീക്ഷമായിരുന്നില്ല. ഇക്കാലത്താണ് ഒ എന്‍ വിയുടെ മയില്‍പ്പീലി കവിതകള്‍ പുറത്തുവന്നത്. അവതാരികയില്‍ എന്‍ വി കൃഷ്ണവാരിയര്‍ സാമൂഹികാഭിമുഖ്യത്തില്‍നിന്നുള്ള പിന്‍മടക്കമായി ചില രചനകളെ വിലയിരുത്തി. കാലഘട്ടത്തിന്റെ സവിശേഷതകളുള്‍ക്കൊണ്ട് സര്‍ഗാത്മകതയുടെ പുതുവഴികള്‍ തുറക്കുകയായിരുന്നു കവി. പിന്നീട് അഗ്നിശലഭങ്ങള്‍, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ് തുടങ്ങിയ സമാഹാരങ്ങളിലൂടെ മലയാളത്തിലെ ഏറ്റവും ഉദാത്തമായ കവിതകളുടെ കര്‍ത്താക്കളില്‍ ഒരാളാണ് താനെന്നു തെളിയിച്ചു.

അധീശത്വത്തിനെതിരെ അഗ്നിസ്‌ഫുലിംഗം ആത്മാവില്‍ ആവാഹിച്ച കവിയാണ് ഒ എന്‍ വി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്വവര്‍ഗത്തെയും കുരുതികൊടുക്കുന്ന കിരാതനീതിക്കെതിരെ ഉയര്‍ന്നുകത്തുന്ന കാവ്യാഗ്നിയായി ആ കവിത മാറുന്ന സന്ദര്‍ഭങ്ങളേറെ. കവിയുടെ ബോധാബോധങ്ങളില്‍ ജ്വലിക്കുന്ന സഹജാതസ്നേഹത്തില്‍നിന്നാണ് ഈ അഗ്നി. 'കണ്ണകി'യുടെ കഥയും 'പഴയൊരു പാട്ടും' ഈ ജ്വലനാഗ്നിയുടെ തീച്ചുവപ്പ് ആവാഹിക്കുന്നുണ്ട്. 'മനയും മഞ്ചലും നാലുകെട്ടും മണിയറമഞ്ചവും' വെന്തുപോവാന്‍ ശപിച്ച് പഴയപാട്ടിലെ പേരറിയാത്ത സ്ത്രീയുടെ പ്രാണന്‍ പിടഞ്ഞ് അഗ്നിച്ചിറകുള്ള' പക്ഷിയായി പാഞ്ഞുപോകുകയാണ്. ശാപാഗ്നി ദഹിപ്പിക്കുന്നത് അധീശത്വത്തിന്റെ നാഗരികതയെത്തന്നെ.

'കത്തിയെരിയുന്നു മഹാ

നഗരവും മഹാപണങ്ങളും

തേരും ഗൃഹനിരകളും

സേനാനികരവും

നെറികേടിന്‍

സിംഹാസനങ്ങളും

കത്തിയെരിയുന്നു;

ജ്വാല പടരുന്നു...'

സ്ത്രീയുടെ പ്രണയവിശുദ്ധിയെ അവഹേളിക്കുന്ന അധികാര വ്യവസ്ഥയ്ക്കുനേരെ ആളിപ്പടരുന്ന കണ്ണകിയുടെ ഉഗ്രശാപവും 'പഴയൊരുപാട്ടി'ലെ സ്ത്രീയുടെ ആത്മബലിയും ഇതിഹാസത്തിലെ കരുത്താര്‍ന്ന മുഹൂര്‍ത്തങ്ങളാണ്. പുരുഷന്റെ ഭോഗലോലുപതയ്ക്കിരയാവുന്ന സ്ത്രീത്വത്തിന്റെ ഉഗ്രപ്രതിഷേധത്തിന്റെ കാവ്യരൂപമായി മാറുന്നുണ്ട് ഈ കവിതകള്‍.

'അടിമക്കിടാത്തിക

ളല്ല നാം! മോചന!

പ്പടയാളികള്‍

തന്‍ സഖാക്കളത്രെ!

കടമകള്‍ നിറവേറ്റാ

നടരിന്‍ നടുവില്‍ നാ-

മവരൊത്തു

മുന്നോട്ടു മാര്‍ച്ചു ചെയ്യാം!'

(പൊരുതുന്ന സൌന്ദര്യം 1949)

എന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പേ ആഹ്വാനംചെയ്ത മനസ്സിലെ ലാവ തിളച്ചുരുകി കവിതയുടെ ലാവണ്യമാവുന്ന കാഴ്ചയാണ് പില്‍ക്കാല രചനകളില്‍.

സാമൂഹ്യാന്തരീക്ഷത്തില്‍ കരിനിഴല്‍ പരക്കുമ്പോള്‍ ധര്‍മത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ച് പക്ഷപാതിത്വം പ്രകടിപ്പിക്കാനുള്ള ആര്‍ജവം കാണിച്ച കവിയാണദ്ദേഹം.

ആധുനിക ജീവിതസമസ്യകള്‍ക്ക് പലപ്പോഴും ഉത്തരംതേടുന്നത് ഇതിഹാസത്തിന്റെ അക്ഷയഖനിയിലാണ്. ഉജ്ജയിനി, മൃഗയ, സ്വയംവരം തുടങ്ങിയ കാവ്യങ്ങള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കവിരത്നത്തെ സദസ്സിനും സ്ത്രീരത്നത്തെ അന്തഃപുരത്തിനും അലങ്കാരമായി കാണുന്ന രാജാവിന്റെ അധികാരഭാവത്തിനുമുന്നില്‍ രക്തസാക്ഷികളായിത്തീരുന്ന കാളിദാസനും മാളവികയുമാണ് ഉജ്ജയിനിയിലെ കഥാപാത്രങ്ങള്‍. 'സിംഹാസനത്തിലേക്കു വീണ്ടും', 'പഴയൊരു പാട്ട്' എന്നീ കവിതകളിലെ അധികാരവ്യവസ്ഥയ്ക്കുനേരെയുള്ള നിഷേധവും ആത്മബലിയും ഉജ്ജയിനിയില്‍ സമ്മേളിക്കുന്നുണ്ട്. വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണതകളും ഉദ്വിഗ്നതകളും ഉള്‍ക്കൊണ്ട് രചിച്ചവയാണ് 'ദിനാന്തം'വരെയുള്ള പില്‍ക്കാല കൃതികള്‍.

*****

നാരായണന്‍ കാവുമ്പായി, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

2 comments:

  1. കവിതയെ ഭാവാത്മകത്വംകൊണ്ട് സമ്പന്നമാക്കിയ അദ്ദേഹം പതിന്നാലാം വയസ്സില്‍ എഴുതിയ 'മുന്നോട്ട് ' പ്രതിഭയുടെ തിളങ്ങുന്ന വിളംബരമായിരുന്നു. കുരുന്നുഹൃദയത്തില്‍ നിറഞ്ഞ സ്നേഹത്തിന്റെ സാന്ദ്രമധുരിമ ആദ്യകവിതയിലും തുളുമ്പി. പൂക്കളും പുല്ലാങ്കുഴലും പ്രകൃതിസൌന്ദര്യങ്ങളും മറികടന്ന് അരിവാളും ചോരയും അധ്വാനത്തിന്റെ കരുത്തുമായി കവിതയുടെ ഉള്ളടക്കം മാറിയപ്പോഴും മനസ്സില്‍ കിനിഞ്ഞ വാക്കുകളില്‍ തേന്‍തുള്ളിയുടെ മാധുര്യം മാഞ്ഞില്ല. 'പടപ്പാട്ടിന് ഒ എന്‍ വി ചക്കര നാവേകി ' എന്ന വൈലോപ്പിള്ളിയുടെ വിലയിരുത്തല്‍ പ്രസക്തമാണ്.

    ReplyDelete
  2. ഈ ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് ഇതിലും ഉന്നതങ്ങളായ കവിതകൾ അദ്ദേഹത്തിൽ നിന്നുണ്ടവട്ടെ എന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

    ReplyDelete