Saturday, October 23, 2010

വിശ്വാസികള്‍ ആര്, അവിശ്വാസികള്‍ ആര്

'ഞങ്ങളില്‍ ചിലര്‍ക്ക് (പുരോഹിതര്‍) ഒരു ഭീമമായ തെറ്റിദ്ധാരണയുണ്ട്. ഞങ്ങള്‍ പള്ളിയില്‍ പറയുന്നതെല്ലാം വിശ്വാസികള്‍ അപ്പാടെ വിഴുങ്ങുമെന്നാണത്. ഞായറാഴ്‌ചകളില്‍ പള്ളികളെല്ലാം ഹൌസ് ഫുള്‍ ആകുമ്പോള്‍ ആ ധാരണ ഒന്നുകൂടി ശക്തിപ്പെടും. അവിടെ പുരോഹിതര്‍ എന്തു പറഞ്ഞാലും ആരും ഒന്നും തിരിച്ചു പറയില്ല. ഇവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ? ആരും ഒന്നും വിഴുങ്ങുന്നില്ല. പള്ളിയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതി അവര്‍ സമാധാനപരമായി തിരിച്ചുപോകുന്നു. എന്നാല്‍, അവരുടെ ഉള്ളറിയാതെ പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു. മെത്രാന്മാരുടെ വിശ്വാസമാണ് വിശ്വാസികള്‍ക്കും എന്നു വരുത്തിത്തീര്‍ക്കുന്നതിനു പിന്നില്‍ വലിയൊരു രാഷ്‌ട്രീയ അജന്‍ഡയുണ്ട്.'- മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറയുന്നു.

അടുത്ത കാലത്തായി കൂടിക്കൂടി വരുന്നതും വിവാദമാകുന്നതുമായ കത്തോലിക്ക സഭയുടെ ഇടയലേഖനങ്ങളെല്ലാം വിലകുറഞ്ഞ രാഷ്‌ട്രീയ ലേഖനങ്ങളും സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കുതന്ത്രങ്ങളുമാണ്. ഇടയലേഖനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനു പകരം, വിശ്വാസികളുമായുള്ള സംവാദാത്മകമായ ഇടപെടലിലൂടെ അവരുടെ വികാരം ഉള്‍ക്കൊള്ളാനാണ് സഭാമേധാവികളും പുരോഹിതന്മാരും ശ്രമിക്കേണ്ടത്.

മെത്രാപോലീത്തയുമായി ദേശാഭിമാനി നടത്തിയ അഭിമുഖത്തില്‍നിന്ന്: "അവിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും വോട്ട് ചെയ്യരുതെന്നാണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുറത്തു വന്ന ഇടലേഖനത്തിലെ ആഹ്വാനം. ഇതു പറയുന്നതിനു മുമ്പ് ആരാണ് വിശ്വാസികള്‍, ആരാണ് അവിശ്വാസികള്‍ എന്നത് ആദ്യം വിവക്ഷിക്കണം. ചില ബിഷപ്പുമാര്‍ മുദ്രകുത്തുന്ന രാഷ്‌ട്രീയപ്പാര്‍ടിക്കാരെല്ലാം അവിശ്വാസികള്‍, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെല്ലാം വിശ്വാസികള്‍ എന്ന സമീപനത്തില്‍ എന്താണ് നീതി? വിശ്വാസികള്‍ എന്ന് അഭിമാനിക്കുന്നവരെല്ലാം വിശ്വാസികളും അവിശ്വാസികള്‍ എന്ന് മുദ്രകുത്തപ്പെടുന്നവരെല്ലാം അവിശ്വാസികളുമാണെന്ന ധാരണയും അസംബന്ധം. അവിശ്വാസം പാപം, വിശ്വാസം നല്ലത് എന്ന വീക്ഷണവും തെറ്റാണ്.. ദൈവവിശ്വാസമില്ലാത്തവര്‍ക്കും മറ്റനേകം നന്മകളില്‍, കര്‍മങ്ങളില്‍, ദൌത്യങ്ങളില്‍ വിശ്വാസമുണ്ടാകാം. അടിസ്ഥാനപരമായി വിശ്വാസം എന്തിനെ ലക്ഷ്യമാക്കുന്നു എന്നതാണ് പ്രധാനം. എല്ലാ പ്രവാചകരുടെയും ആഹ്വാനങ്ങള്‍ അന്തിമമായി വിരല്‍ചൂണ്ടുന്നത് മനുഷ്യരുടെ വിമോചനമാണ്. അതു ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ മാത്രം ആവശ്യമല്ല, മുഴുവന്‍ ജനങ്ങളുടെയുമാണ്. അവിശ്വാസികള്‍ എന്നു മുദ്രകുത്തി ഒരുകൂട്ടരെ അകറ്റി നിര്‍ത്തുമ്പോള്‍ വലിയൊരു ജനകീയ കൂട്ടായ്‌മയുടെ സാധ്യതയാണ് നഷ്‌ടപ്പെടുത്തുന്നത്. ഇത് ക്രിസ്‌തുവിരുദ്ധവും ദൈവവിരുദ്ധവുമാണ്.

യേശു വിഭാവനംചെയ്‌തത് വിവേചനമില്ലാത്ത സര്‍വലോകത്തിന്റെയും മഹാസന്തോഷമാണ്. ഇടയലേഖനമെന്നാല്‍ ഇടയന്റെ ലേഖനമെന്നാണര്‍ഥം. ഇടയന്‍ ക്രിസ്‌തുവാണ്. ക്രിസ്‌തുവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകണം ഇടയലേഖനങ്ങള്‍. അല്ലാതെ ശുഷ്‌കമായ രാഷ്‌ട്രീയ ലേഖനങ്ങളല്ല. വിശ്വാസികള്‍ ഇതെല്ലാം അംഗീകരിക്കുമെന്നത് പതിനാറാം നൂറ്റാണ്ടിലെ വിശ്വാസമാണ്. ഓരോ പ്രസ്‌താവനയുടെയും ലക്ഷ്യമെന്തെന്ന് വിശ്വാസികള്‍ സ്വയം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എണ്ണയ്‌ക്ക് എന്തുകൊണ്ട് വിലകൂടുന്നു എന്ന് വാഹനമുള്ളവര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം അറിയാം. സ്വാശ്രയ വിദ്യാഭ്യാസമെന്നത് കണക്കു കൂട്ടിയുള്ള കച്ചവടമാണെന്ന് ജനം മനസിലാക്കിയിരിക്കുന്നു. സാധാരണക്കാര്‍ക്കു വേണ്ടി ആരെല്ലാം നിലകൊള്ളുന്നു എന്നും അറിയാം. ഓരോരുത്തര്‍ക്കും വ്യക്തമായ രാഷ്‌ട്രീയ ധാരണകളുമുണ്ട്. അതെല്ലാം കേവലം ഒരു ഇടയലേഖനംകൊണ്ട് മാറ്റിക്കളയാമെന്നു കരുതുന്നത് മൌഢ്യമാണ്. കൂട്ടത്തില്‍ പറയട്ടെ ഞങ്ങളുടെ മലങ്കര ഓര്‍ത്തഡോകസ് സഭ ഈസ്‌റ്ററിനും ക്രിസ്‌മസിനും മാത്രമേ ഇടയലേഖനങ്ങള്‍ ഇറക്കാറുള്ളൂ. അതും ക്രിസ്‌തുവിന്റെ സന്ദേശം അറിയിക്കാനാണ്. അല്ലാതെ സ്വശ്രയ കോളേജ് മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളില്‍ ആരെയെങ്കിലും അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല. സ്വന്തം കസേരയ്‌ക്ക് ഇളക്കം തട്ടാതിരിക്കാനാണ് ചിലര്‍ കൂടെക്കൂടെ ഇടയേലഖനങ്ങള്‍ ഇറക്കുന്നത്. എന്നാല്‍, അവര്‍ അറിയാതെ വിശ്വാസികളുടെ മനസ്സില്‍നിന്ന് അവരുടെ കസേരകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്.

ഇത്രയൊക്കെ അച്ചടക്കത്തിന്റെ പടവാള്‍ ഉയര്‍ത്തിക്കാട്ടിയിട്ടും കന്യാസ്‌ത്രീകള്‍ വരെ പ്രതിഷേധവും പ്രതിരോധവുമായി രംഗത്തുവരുന്നത് ഇവരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. സിസ്‌റ്റര്‍ ജെസ്‌മി തിരുവസ്‌ത്രം ഉപേക്ഷിച്ച് മഠത്തിന്റെ പടിയിറങ്ങി. മറ്റൊരു കന്യാസ്‌ത്രീ സ്വന്തം അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായി ഒരാഴ്‌ച മഠത്തില്‍ നിരാഹാരം കിടന്നു. സഭയ്‌ക്കുള്ളില്‍തന്നെ അനീതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രതികരണങ്ങള്‍ പറുത്തുവന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ രാഷ്‌ട്രീയ ലക്ഷ്യംവച്ചുള്ള ഇടയലേഖനങ്ങളെ വിശ്വാസികള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കൂടുതല്‍ വിവരിക്കേണ്ടതില്ല.

തീവ്രവാദികള്‍ കൈവെട്ടിയെടുത്ത ന്യൂമാന്‍ കോളേജിലെ അധ്യപകനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സഭാമേധാവികളുടെ നടപടി അങ്ങേയറ്റം ക്രൂരമാണ്. ചെയ്‌ത തെറ്റിനു ക്ഷമ പറഞ്ഞ അധ്യാപകനെ മനസിലാക്കാനുള്ള ഹൃദയവിശാലത സഭ കാണിക്കണമായിരുന്നു. ഈ വിഷയം ശുഷ്‌കമായ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കണ്ട് അവിശുദ്ധമായ ചില കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനുള്ള നീക്കമാണിതിനു പിന്നില്‍. ചില സഭകളുടെ കമ്യൂണിസ്‌റ്റ് വിരോധം കുപ്രസിദ്ധമാണ്. കമ്യൂണിസ്‌റ്റുവിരോധവുമായി അധികകാലം ഒരു സഭയ്‌ക്കും മുന്നോട്ടുപോകാനാവില്ല. തങ്ങളെ സഹായിക്കുന്നവരെ തങ്ങളും സഹായിക്കുമെന്ന സിദ്ധാന്തവും അധികകാലം വിലപ്പോവില്ല.

അധികാരവികേന്ദ്രീകരണം യഥാര്‍ഥ അര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കിയത് കേരളത്തിലാണ്. വിദേശികള്‍വരെ ഇതു കണ്ടുപഠിക്കാന്‍ കേരളത്തിലെത്തുന്നു. സമ്പത്തും അധികാരവും വികേന്ദ്രീകരിക്കുക വഴി സാധാരണക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു. പ്രാദേശിക ആവശ്യങ്ങളും ദേശീയ വികസന ലക്ഷ്യവും സമ്മേളിക്കുകയാണിവിടെ. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ജനങ്ങള്‍ക്ക് പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട തഴേക്കിടയിലുള്ളവരെ പങ്കെടുപ്പിച്ചൂകൊണ്ടുള്ള വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പുതിയ വികസന സംസ്‌കാരം ഇടതുപക്ഷത്തിന്റെമാത്രം സംഭാവനയാണ്. അതു ജനം തിരിച്ചറിയുന്നുണ്ട്. ഈ വികസനത്തിന് തുടര്‍ച്ചയുണ്ടാവണം എന്ന് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. അല്ലാതെ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പോരാട്ടമല്ല തെരഞ്ഞെടുപ്പ്.

ചിന്തിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍രാഷ്‌ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ കാണാതിരിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമാണ്. പാർലമെന്റില്‍ ആണവബില്‍ വന്നപ്പോള്‍ ഇടതുപക്ഷം മാത്രമാണ് അതിനെ എതിര്‍ക്കാനുണ്ടായതെന്ന കാര്യം കാണാതിരിക്കാനാവില്ല. കുത്തകകള്‍ക്ക് സൌകര്യമൊരുക്കുന്ന രാഷ്‌ട്രീയ വ്യവസ്ഥിതി ഉള്ളിടത്തോളം കാലം ഇടതുപക്ഷത്തിന്റെ പ്രസക്തി ഏറെയാണ്. കേരളത്തില്‍ ഭൂപരിഷ്‌കരവണവും സാര്‍വത്രികമായ വിദ്യാഭ്യാസവും തുടങ്ങി അധികാര വികേന്ദ്രീകരണംവരെ ഇടതുപക്ഷ സംഭാവനകളാണ്. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുകയാണ് ക്രിസ്‌തു ചെയ്‌തത്. മറ്റൊരര്‍ഥത്തില്‍ കമ്യൂണിസ്‌റ്റുകാരും ഇടതുപക്ഷവും ചെയ്‌തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസിക്ക് ഇടതുപക്ഷക്കാരാവാനേ പറ്റൂ. ഇത് കേവലം പാര്‍ടി രാഷ്‌ട്രീയാഭിമുഖ്യത്തിന്റെ പ്രശ്‌നം മാത്രമല്ല, ഉള്ളവനും ഇല്ലാത്തവനും എന്ന ദേഭമില്ലാത്ത സമത്വസുന്ദരമായ ലോകം ഉണ്ടാവണമെന്ന സോഷ്യലിസ്‌റ്റ് സമീപനംകൂടിയാണ്. ക്രിസ്‌തു അത്തരം ദൈവരാജ്യത്തെയാണ് വിഭാവനംചെയ്‌തത്.

*****

വി എം രാധാകൃഷ്ണന്‍

3 comments:

  1. യേശു വിഭാവനംചെയ്‌തത് വിവേചനമില്ലാത്ത സര്‍വലോകത്തിന്റെയും മഹാസന്തോഷമാണ്. ഇടയലേഖനമെന്നാല്‍ ഇടയന്റെ ലേഖനമെന്നാണര്‍ഥം. ഇടയന്‍ ക്രിസ്‌തുവാണ്. ക്രിസ്‌തുവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകണം ഇടയലേഖനങ്ങള്‍. അല്ലാതെ ശുഷ്‌കമായ രാഷ്‌ട്രീയ ലേഖനങ്ങളല്ല. വിശ്വാസികള്‍ ഇതെല്ലാം അംഗീകരിക്കുമെന്നത് പതിനാറാം നൂറ്റാണ്ടിലെ വിശ്വാസമാണ്. ഓരോ പ്രസ്‌താവനയുടെയും ലക്ഷ്യമെന്തെന്ന് വിശ്വാസികള്‍ സ്വയം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എണ്ണയ്‌ക്ക് എന്തുകൊണ്ട് വിലകൂടുന്നു എന്ന് വാഹനമുള്ളവര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം അറിയാം. സ്വാശ്രയ വിദ്യാഭ്യാസമെന്നത് കണക്കു കൂട്ടിയുള്ള കച്ചവടമാണെന്ന് ജനം മനസിലാക്കിയിരിക്കുന്നു. സാധാരണക്കാര്‍ക്കു വേണ്ടി ആരെല്ലാം നിലകൊള്ളുന്നു എന്നും അറിയാം. ഓരോരുത്തര്‍ക്കും വ്യക്തമായ രാഷ്‌ട്രീയ ധാരണകളുമുണ്ട്. അതെല്ലാം കേവലം ഒരു ഇടയലേഖനംകൊണ്ട് മാറ്റിക്കളയാമെന്നു കരുതുന്നത് മൌഢ്യമാണ്. കൂട്ടത്തില്‍ പറയട്ടെ ഞങ്ങളുടെ മലങ്കര ഓര്‍ത്തഡോകസ് സഭ ഈസ്‌റ്ററിനും ക്രിസ്‌മസിനും മാത്രമേ ഇടയലേഖനങ്ങള്‍ ഇറക്കാറുള്ളൂ. അതും ക്രിസ്‌തുവിന്റെ സന്ദേശം അറിയിക്കാനാണ്. അല്ലാതെ സ്വശ്രയ കോളേജ് മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങളില്‍ ആരെയെങ്കിലും അനുകൂലിക്കാനോ പ്രതികൂലിക്കാനോ അല്ല. സ്വന്തം കസേരയ്‌ക്ക് ഇളക്കം തട്ടാതിരിക്കാനാണ് ചിലര്‍ കൂടെക്കൂടെ ഇടയേലഖനങ്ങള്‍ ഇറക്കുന്നത്. എന്നാല്‍, അവര്‍ അറിയാതെ വിശ്വാസികളുടെ മനസ്സില്‍നിന്ന് അവരുടെ കസേരകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്.

    ReplyDelete
  2. വിശ്വാസി/ അവിശ്വാസി എന്നതു മാറി വ്യക്തികളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും ദിശാബോധവും ഉൾപ്പെടെയുള്ള ഒരു മിനിമം യോഗ്യത സ്ഥാനാർത്ഥിത്വത്തിനും നിശ്ചയിക്കേണ്ടിയിരിക്കുന്നു. പാർട്ടി കൂറുള്ളവർ എതു പാർട്ടിയിലായാലും ആ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിയ്ക്കട്ടെ. എന്നാൽ പഞ്ചായത്ത് തലം മുതൽ തന്നെ അധികാര കസേരകളിൽ മുൻ പ്രസ്താവിച്ച യോഗ്യതാ മാനദണ്ഡത്തിൽ മാത്രം സ്ഥാനാർത്ഥികൾ വരട്ടെ , തെരഞ്ഞെടുക്കപ്പെടട്ടേ.. കേരളവും ഇന്ത്യയും വളരട്ടെ..

    ReplyDelete
  3. “ദൈവവിശ്വാസമില്ലാത്തവര്‍ക്കും മറ്റനേകം നന്മകളില്‍, കര്‍മങ്ങളില്‍, ദൌത്യങ്ങളില്‍ വിശ്വാസമുണ്ടാകാം. അടിസ്ഥാനപരമായി വിശ്വാസം എന്തിനെ ലക്ഷ്യമാക്കുന്നു എന്നതാണ് പ്രധാനം“

    ശരിയാണ്.

    ReplyDelete