ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന നാളുകളായിരുന്നു എന്റെ ബാല്യകാലം. 1942 മുതല്‍ 47 വരെയുള്ള കാലം. അവ്യക്തമായ ഓര്‍മ മാത്രമാണ് ആ കാലഘട്ടം എന്നില്‍ അവശേഷിപ്പിക്കുന്നത്. ജന്മി-മുതലാളി-കുടിയാന്‍ വ്യവസ്ഥ അന്യൂനമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. പാടം, കാട്, മലവാരം തുടങ്ങിയ എല്ലാത്തിന്റെയും ഉടമ ജന്മി ആയിരുന്നു, കോവിലകത്തെ തമ്പുരാക്കന്മാര്‍. സാമൂതിരി കോവിലകം, ദേശമംഗലം കോവിലകം, നിലമ്പൂര്‍, മഞ്ചേരി, കോട്ടക്കല്‍ കോവിലകങ്ങള്‍, അങ്ങനെ പോകുന്നു നാടുവാഴി നിര.
ജന്മിമാരില്‍നിന്ന് പാടങ്ങളും, കാടുകളും മുതലാളിമാര്‍ക്ക് കാണം ചാര്‍ത്തിക്കൊടുക്കുന്നു. മുതലാളി അവ കുടിയാന്മാര്‍ക്ക് പാട്ടത്തിനു കൊടുക്കും. കര്‍ഷകക്കുടിയാനും കര്‍ഷകത്തൊഴിലാളികളുംകൂടി അവ കൃഷി ചെയ്ത് നെല്ലുണ്ടാക്കുകയാണ് അന്നത്തെ സമ്പ്രദായം. കര്‍ഷകക്കുടിയാന്‍ മുതലാളിക്ക് പാട്ടം കൊടുക്കണം. പത്ത്പറ വിത്ത് ഉപയോഗിച്ചുണ്ടാകുന്ന നെല്ലില്‍നിന്ന് നൂറ്പറ നെല്ല് പാട്ടം കൊടുക്കുകയാണ് വ്യവസ്ഥ. ബാക്കിവരുന്നതും വൈക്കോലും കുടിയാനുള്ളത്. കര്‍ഷകത്തൊഴിലാളിക്ക് പ്രഭാതം മുതല്‍ പ്രദോഷംവരെ പണിയെടുത്താല്‍ പുരുഷന് രണ്ട് ഇടങ്ങഴി, പെണ്ണിന് ഒരു ഇടങ്ങഴി നെല്ല് - അതാണ് കൂലി.
നൂറ്പറ പാട്ടം കിട്ടുന്നതില്‍നിന്ന് മുതലാളി ഏതാണ്ട് മൂന്നില്‍ ഒന്നു ജന്മിക്ക് പാട്ടം (മിച്ചവാരം എന്നാണ് സാങ്കേതികമായി പറയുക) കൊടുക്കണം. ബാക്കി മുതലാളിക്കാണ്. ഭൂമിയുടെ മേല്‍നോട്ടവും സംരക്ഷണവും നിര്‍വഹിക്കേണ്ടത് മുതലാളിയാണ്. ജന്മിയുടെയും കുടിയാന്റെയും മധ്യത്തിലാണ് മുതലാളി, അതുകൊണ്ട് അയാളെ എടത്തട്ടുകാരന്‍ അഥവാ 'മധ്യവര്‍ത്തി' എന്നു പറഞ്ഞുവന്നിരുന്നു.
ഈ മധ്യവര്‍ത്തി കുടുംബത്തിലാണ് ഞാന്‍ പിറന്നത്. അതിന്റെ ഗുണഫലങ്ങളും, പ്രത്യേക അവകാശങ്ങളും അനുഭവിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നുവന്നതും. ജന്മി-മുതലാളി-കുടിയാന്‍ വ്യവസ്ഥയുടെ അനിവാര്യമായ സംഭവങ്ങളാണ് അതിര് തര്‍ക്കം, ഭൂമികൈയേറ്റം, അതിനാലുണ്ടാകുന്ന അടിപിടി, അത് കുത്തും കൊലയുംവരെ എത്തിയിരുന്നു. അതിനെ തുടര്‍ന്ന് കേസും കൂട്ടവുംതന്നെ. സിവിലും, ക്രിമിനലുമായ കേസുകള്‍ നിരവധി. വക്കീലന്മാരും ഗുമസ്തന്മാരും ബന്ധപ്പെട്ട ഓഫീസുകളും-അതൊരു പ്രസ്ഥാനംതന്നെയായിരുന്നു.
വ്യവഹാര വിഷയങ്ങളില്‍ ചിലര്‍ക്ക് വലിയ താല്പര്യമായിരുന്നു. അവര്‍ സ്വന്തമായി കേസുകള്‍ നടത്തുകയും കേസുകൂടാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്നു. അവരെ വ്യവഹാരി എന്നാണ് പറഞ്ഞിരുന്നത്. എന്റെ പിതാമഹന്‍ വ്യവഹാര കാര്യങ്ങളില്‍ അതീവ തല്പരനായിരുന്നു. ആ പൈതൃകം ബാപ്പയും തുടര്‍ന്നുപോന്നു.
ബാപ്പ കേസു കഴിഞ്ഞുവന്ന് വീട്ടില്‍വെച്ചു സുഹൃത്തുക്കളുമായി നടത്തുന്ന സംഭാഷണങ്ങളും ചര്‍ച്ചകളും ഹരംപിടിപ്പിക്കുന്ന മട്ടിലായിരുന്നു. അഡ്വ. രാമസ്വാമിഅയ്യര്‍ ആയിരുന്നു ബാപ്പയുടെ ഇഷ്ടപ്പെട്ട വക്കീല്‍. രാമസ്വാമിഅയ്യരും വക്കീല്‍ കേശവന്‍നായരും അന്യോന്യം കൊമ്പുകോര്‍ക്കുന്ന വാദപ്രതിവാദങ്ങള്‍-ബാപ്പയുടെ ദൃക്സാക്ഷിവിവരണം ആവേശഭരിതവും ഹരംപിടിപ്പിക്കുന്നതുമായിരുന്നു. ബാപ്പയുടെ അനുഭവത്തില്‍പ്പെട്ട ഒരു കേസിനെ സംബന്ധിച്ച വിവരണം അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
ബീച്ചി കൊലക്കേസ്
ബീച്ചി കൊലക്കേസിനെപ്പറ്റി ബാപ്പ പറഞ്ഞുതന്ന വിവരണം എന്റെ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിപിടിച്ചിരിക്കണം. ഞാന്‍ ഇന്നും അത് ഓര്‍ക്കുന്നു.
മഞ്ചേരി കച്ചേരിപ്പടി ഭാഗത്ത് 'ബീച്ചി' എന്ന യുവതിയാണ് കഥാനായിക. അവള്‍ വഴിവിട്ടു സഞ്ചരിക്കുകയായിരുന്നു. ആധുനിക രീതിയില്‍ വസ്ത്രംധരിച്ച്, കൂളിങ്ഗ്ളാസ് കണ്ണടവെച്ച്, സദാ സൈക്കിളില്‍ സഞ്ചരിക്കുമായിരുന്നു അവള്‍. സമൂഹത്തിലെ പ്രമാണിമാരില്‍ ചിലരും, ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും, പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അവളുടെ സഹവാസത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ അവളെ നിയന്ത്രിക്കാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. അവസാനം അവളുടെ ദുഷ്ചെയ്തികളില്‍ പൊറുതിമുട്ടിയ സമൂഹത്തിലെ ഉന്നതരില്‍ ചിലരും, മറ്റ് ചില ധൈര്യശാലികളുംകൂടി ആലോചിച്ചു, ബീച്ചിയുടെ കഥ കഴിക്കാന്‍തന്നെ തീരുമാനിച്ചു.
മുള്ളമ്പാറ പരിസരത്ത് എവിടെയോ ഒരു കല്ല്വെട്ടിക്കുഴിയില്‍ കൊണ്ടുപോയി അവളെ കൊലപ്പെടുത്തി, കഷ്ണം നുറുക്കി, മൃതശരീരം നശിപ്പിച്ച്, തെളിവുകള്‍ ഇല്ലാതാക്കി.
എത്ര വലിയ രഹസ്യവും അറിയാതെ ഒരുവേള പരസ്യമാകും എന്നത് ഇതിലും സംഭവിച്ചു. പൊലീസിലെ ചില ഉന്നതന്മാര്‍ക്കും അവളില്‍ താല്പര്യം ഉണ്ടായിരുന്നതിനാല്‍ കേസു രജിസ്റ്റര്‍ ചെയ്ത് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചു. തികച്ചും സാഹചര്യത്തെളിവുകള്‍ മാത്രമേ പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ബീച്ചിയുടേതെന്നു കരുതുന്ന വസ്ത്രത്തിന്റെ ചില കഷ്ണങ്ങളും കൂളിങ്ഗ്ളാസ് കണ്ണടയുടെ ചില ഭാഗങ്ങളും സംഭവസ്ഥലമെന്നു കരുതുന്നേടത്തുനിന്ന് കണ്ടുകിട്ടിയത് തെളിവുകള്‍ക്ക് ബലം നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ താല്പര്യംകാരണം കേസ് കോടതിയിലെത്തി. നെച്ചിക്കുണ്ടിലെ ഡ്രൈവര്‍ കുഞ്ഞീന്‍കാക്ക ഈ കേസിലെ ഒരു പ്രതിയായിരുന്നു എന്നു കേട്ടിട്ടുണ്ട്.
സെഷന്‍സ് കോടതി വിചാരണ ചെയ്തു പ്രതികളില്‍ ചിലരെ കുറ്റക്കാരാണെന്നുകണ്ട് തൂക്കിക്കൊല്ലാന്‍ ശിക്ഷ വിധിച്ചു. തുടര്‍ന്ന്, കേസ് നടത്താന്‍ സഹായിക്കുന്ന പ്രമാണിമാര്‍ ഒത്തുകൂടി അപ്പീല്‍കൊടുക്കാന്‍ തീരുമാനിച്ചു. അപ്പീല്‍കേസില്‍ വാദം നടത്താന്‍ നിയമജ്ഞനായ ഒരു സായിപ്പിനെത്തന്നെ കൊണ്ടുവന്നു. അദ്ദേഹം നടത്തിയ വാഗ്വാദത്തിന്റെ അവസാനം ജഡ്ജിയുടെ മുമ്പാകെ ഒരു പ്രസ്താവന നടത്തി.
"ഈ കേസില്‍ പ്രധാനപ്പെട്ട ഏക തെളിവ് ബീച്ചിയുടേതാണെന്ന് പറയപ്പെടുന്ന ചില തുണിക്കഷ്ണങ്ങളും കണ്ണടയുടെ ഭാഗങ്ങളും മാത്രമാണ്. ഒരു ശീലയുടെ കെട്ടില്‍നിന്ന് എത്രയോ ആളുകള്‍ വസ്ത്രങ്ങള്‍ക്ക് വേണ്ടി മുറിച്ചു വാങ്ങും, ഒരു കമ്പനിയില്‍നിന്നു ഒരേ പോലെത്തെ എത്രയോ കണ്ണടകള്‍ ഉണ്ടാക്കും. ഈ തുണിക്കഷ്ണവും കണ്ണടയ്ക്കും ബീച്ചി ധരിച്ചിരുന്നതാണെന്ന് ബോധ്യപ്പെടാന്‍ പ്രത്യേക അടയാളങ്ങളൊന്നുമില്ല. ബീച്ചി മരിച്ചു എന്നു കരുതാന്‍ മറ്റു യാതൊരു തെളിവുമില്ല. അതുകൊണ്ട് ഈ തുണിക്കഷ്ണവും കണ്ണടഭാഗങ്ങളും അടിസ്ഥാനപ്പെടുത്തി ബീച്ചിയെ കൊന്നതാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ആ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്നുകണ്ട് അവരെ തൂക്കിക്കൊല്ലുകയും ചെയ്താല്‍, ബീച്ചി ഇഷ്ടപ്രകാരം പല സ്ഥലത്തും സഞ്ചരിക്കുന്ന ആളാണ്, ഏതെങ്കിലും സമയത്ത് അവള്‍ മടങ്ങിവന്നാല്‍ അന്നു എന്റെ പ്രതികളെ ജീവനോടെ മടക്കിത്തരും എന്ന് ബഹുമാനപ്പെട്ട കോടതി ഉറപ്പ് തരണം. കോടതിക്ക് അങ്ങനെ ഉറപ്പ് തരാന്‍ കഴിയില്ല. കാരണം ബീച്ചി മരിച്ചു എന്നതിനു ഉറപ്പായ തെളിവില്ല. നിസ്സാരമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരു സംശയം മാത്രമേ ഉള്ളു. പ്രതികള്‍ കുറ്റകൃത്യം ചെയ്തു എന്നതും സംശയം മാത്രമാണ്. അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്കാണ് എന്ന നിയമം സ്വീകരിച്ചു പ്രതികളെ വെറുതെ വിടണം-'' ഇതായിരുന്നു വക്കീല്‍ സായിപ്പിന്റെ വാദം. ആ വാദം സ്വീകരിച്ചു പ്രതികളെ കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.
ഇതേ പോലുള്ള കേസ്വിസ്താരങ്ങളുടെ പൊടിപ്പും തൊങ്ങലുംവെച്ച, ഹരംപിടിപ്പിക്കുന്ന ചര്‍ച്ചകള്‍ വീട്ടില്‍വെച്ച് ബാപ്പയും മറ്റും നടത്തുന്നത് തുടര്‍ച്ചയായി കേള്‍ക്കാനിടവന്ന എന്റെ ഹൃദയത്തില്‍ ചെറുപ്പത്തില്‍തന്നെ കോടതി, കേസ്, വക്കീല്‍, വാദം എന്നിവ വലിയ തോതില്‍ ആവേശവും അഭിനിവേശവും ഉളവാക്കിയിരുന്നു. അങ്ങനെ കുട്ടിക്കാലത്തുതന്നെ ഒരു വക്കീലായി പ്രശസ്തനാവണം എന്ന വിചാരം എന്റെ ഹൃദയത്തില്‍ വേരൂന്നി എന്നു ഞാന്‍ കരുതുന്നു. ആ ഉള്‍പ്രേരണ കൊണ്ടാവണം പില്‍ക്കാലത്ത് വലിയ പ്രയാസങ്ങള്‍ നേരിട്ടും പ്രതിബന്ധങ്ങള്‍ മറികടന്നും പഠനം പൂര്‍ത്തിയാക്കി 1968 ല്‍ അഡ്വക്കറ്റായി മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങിയത്.
എന്നാല്‍ 1946 ല്‍ സ്കൂള്‍പഠനം നിര്‍ത്തി, തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു മതവിദ്യാര്‍ഥിയായി കഴിഞ്ഞ എനിക്ക് അങ്ങനെ ഒരു സ്ഥിതിയിലെത്താന്‍ കഴിയുമെന്ന് ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. കുറേക്കാലം കാളപൂട്ടും നായാട്ടും മീന്‍പിടുത്തവും സമകാലികര്‍ക്കിടയില്‍കൂടി പലതരം കളിവിനോദങ്ങളുമായി നടന്ന ഒരു ഗ്രാമീണന്‍, അതായിരുന്നു അന്നത്തെ സ്ഥിതി. പിന്നീടാണ് ഞാന്‍ പള്ളിദര്‍സില്‍ കിത്താബ് ഓതാന്‍ പോയി കുടിമുസ്ള്യാരായത്.
*
ടി കെ ഹംസ (‘ഞാന്‍ എങ്ങിനെ കമ്യൂണിസ്റ്റായി’ എന്ന ആത്മകഥയില്‍ നിന്ന്)
കടപ്പാട്: ദേശാഭിമാനി വാരിക
ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന നാളുകളായിരുന്നു എന്റെ ബാല്യകാലം. 1942 മുതല്‍ 47 വരെയുള്ള കാലം. അവ്യക്തമായ ഓര്‍മ മാത്രമാണ് ആ കാലഘട്ടം എന്നില്‍ അവശേഷിപ്പിക്കുന്നത്. ജന്മി-മുതലാളി-കുടിയാന്‍ വ്യവസ്ഥ അന്യൂനമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. പാടം, കാട്, മലവാരം തുടങ്ങിയ എല്ലാത്തിന്റെയും ഉടമ ജന്മി ആയിരുന്നു, കോവിലകത്തെ തമ്പുരാക്കന്മാര്‍. സാമൂതിരി കോവിലകം, ദേശമംഗലം കോവിലകം, നിലമ്പൂര്‍, മഞ്ചേരി, കോട്ടക്കല്‍ കോവിലകങ്ങള്‍, അങ്ങനെ പോകുന്നു നാടുവാഴി നിര.
ReplyDelete