Thursday, November 4, 2010

എന്‍ഡോസള്‍ഫാന്റെ ഇരകളെ നോക്കി കൊഞ്ഞനം കുത്തുന്ന കോണ്‍ഗ്രസ്

രണ്ടു പതിറ്റാണ്ടോളമായി കാസര്‍കോട് ജില്ലയിലെ പത്തിലധികം ഗ്രാമപഞ്ചായത്തുകളിലെ സാധാരണ മനുഷ്യരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ആരെയും ഞെട്ടിപ്പിക്കുന്ന ജീവിത ദുരന്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത മാരക കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. നാനൂറിലേറെ മനുഷ്യര്‍- കൈക്കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ- മരണപ്പെട്ടു. അയ്യായിരത്തോളം പേര്‍ ശരീരം തളര്‍ന്ന്, സാധാരണ മനുഷ്യരൂപം പോലും നഷ്‌ടപ്പെട്ട്, എന്‍ഡോസള്‍ഫാന്‍ വിതച്ച ഭയാനകതയുടെ അടയാളങ്ങളായി മരണത്തോട് മല്ലിടുന്നു. എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന കശുമാവിന്‍ തോട്ടങ്ങള്‍ക്ക് സമീപം പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും ബുദ്ധിവളരാതെയും ശാരീരിക വളര്‍ച്ചയില്ലാതെയും പെറ്റമ്മമാരുടെ കൈകളിലിരുന്നു തേങ്ങുന്നു.

ഭീതിജനകവും ദയനീയവും ആരുടെയും കരളലിയിക്കുന്നതുമായ ഈ അനുഭവ സത്യങ്ങളുടെ നേര്‍ചിത്രം മുന്നിലുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ കെ വി തോമസ് എന്‍ഡോസള്‍ഫാനെ പരസ്യമായി ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്‌തു. എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ഹാനികരമല്ലെന്ന് കണ്ണുമടച്ച് പ്രഖ്യാപിച്ച തോമസ് കാര്‍ഷിക മേഖലയ്‌ക്ക് അത്യധികം ഗുണകരമാണെന്ന് പ്രശംസിക്കുകയും ചെയ്‌തു.

എന്‍ഡോസള്‍ഫാന്റെ ബലിയാടുകളായി തീര്‍ന്ന പൈതങ്ങളുടെ അമ്മമാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച സങ്കട ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് അതിക്രൂരമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് തോമസ് മുതിര്‍ന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജില്ലയായ കാസര്‍കോട് തോട്ടവിള ഗവേഷണകേന്ദ്രത്തില്‍ വെച്ചാണ് കൃഷിസഹമന്ത്രിയുടെ അഭിപ്രായ പ്രകടനമുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം മനുഷ്യസ്‌നേഹികളുടെയും മാധ്യമങ്ങളുടെയും വിമര്‍ശനത്തിന് വിധേയമായപ്പോഴും തന്റെ വാദം ആവര്‍ത്തിക്കുന്ന അഹന്തയാണ് തോമസ് പ്രകടിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ മനുഷ്യര്‍ക്ക് ഹാനികരമല്ലെന്നും കൃഷിക്ക് ഗുണകരമാണെന്നുമുള്ള തന്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നുകൂടി അവകാശപ്പെട്ടു. എന്നാല്‍ രേഖകള്‍ പ്രസിദ്ധീകരിക്കുന്നതിനോ പഠന റിപ്പോര്‍ട്ടുകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്നതിനോ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ തോമസ് സന്നദ്ധമായതുമില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന കല്ലുവച്ച നുണയും തട്ടിവിട്ടു.

തോമസിന്റെ പ്രസ്‌താവനയെ സംബന്ധിച്ചുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ അവരുടെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടും തെളിയിക്കുന്നതായിരുന്നൂ. തോമസ് പറഞ്ഞതില്‍ തെറ്റില്ലെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായമാണെന്നും എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാട് എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്നുമാണ്- എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞത്. കേരളീയ സമൂഹത്തെ നോക്കി കൊഞ്ഞനംകുത്തുന്ന അഭിപ്രായ പ്രകടനമാണിത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ സുചിന്തിതമായ അഭിപ്രായം കേരളത്തിലെ തന്നെ കോണ്‍ഗ്രസുകാരനായ കെ വി തോമസിനു പോലും ബോധ്യമില്ലേ? കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുവാനും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാനും കെ പി സി സിയ്‌ക്ക് കഴിയാതിരിക്കുന്നതെന്തുകൊണ്ട് ? ഇവിടെയാണ് കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നത്.

എന്‍ഡോസള്‍ഫാന്‍ സൃഷ്‌ടിക്കുന്ന ദുരന്തം തിരിച്ചറിയപ്പെട്ടപ്പോള്‍, 1996 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം തടഞ്ഞു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന ആന്റണി-ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റുകള്‍ നിരോധനത്തിനൊപ്പം നിന്നില്ല. കീടനാശിനി നിരോധിക്കുവാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നു പറഞ്ഞു തടിതപ്പുകയായിരുന്നു. 2006 ല്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളായി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും സഹായധനം നല്‍കുകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ചെയ്‌തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരോധന തീരുമാനത്തിനെതിരായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുകയും കേന്ദ്ര കൃഷി മന്ത്രി എന്‍ഡോസള്‍ഫാനെ വാഴ്ത്തുകയും ചെയ്‌തു. കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള കീടനാശിനി കമ്പനികള്‍ക്ക് ഹാനികരമായതൊന്നും സംഭവിക്കരുതെന്ന നിര്‍ബന്ധ ബുദ്ധി കോണ്‍ഗ്രസിനും അവര്‍ നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിനുമുണ്ട്. മറ്റു പല മേഖലകളിലുമെന്നപോലെ സാധാരണക്കാരും പാവപ്പെട്ടവരും പട്ടിണികിടന്നാലും മരിച്ചാലും കുത്തകകള്‍ക്ക് ഗുണകരമായ നിലപാട് കൈക്കൊള്ളണമെന്ന നയം എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും അവര്‍ വെച്ചു പുലര്‍ത്തുന്നുവെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

ഈ നിലപാടിനെ പിന്‍തുണയ്‌ക്കാനായി കുത്തക മുതലാളിമാരുടെ സ്വന്തം പേനയുന്തുകാരും സജീവമായി രംഗത്തുണ്ട്. 'എപ്പിഡെമിയോളജി സര്‍വെ ഫലം' പുറത്തുവരുന്നതുവരെ എന്‍ഡോസള്‍ഫാനെ നിരോധിക്കുവാന്‍ പാടില്ലെന്നാണ് കാര്‍ഷിക ശാസ്‌ത്രജ്ഞരുടെയും ഗവേഷകരുടെയും വേഷം കെട്ടിയിരിക്കുന്ന അത്തരക്കാരുടെ ആവശ്യം. എന്നാല്‍ എം എസ് സ്വാമിനാഥനെപോലുള്ള വിഖ്യാത കാര്‍ഷിക ശാസ്‌ത്രജ്ഞരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ എസ് പി ഗൗതവും അര്‍ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത് എന്‍ഡോസള്‍ഫാന്റെ ഉപയോഗം പ്രകൃതിക്കും മനുഷ്യര്‍ക്കും വന്‍തോതില്‍ ഹാനികരമാണെന്നാണ്

അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്ന് കണ്ടെത്തി നിരോധിച്ചിട്ടുണ്ട്. ഇന്ത്യ എന്തിനും ഏതിനും മുട്ടിലിഴയുന്ന അമേരിക്കയും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യ നിരോധനത്തിന് സന്നദ്ധമല്ലെന്നു മാത്രമല്ല വിലകുറഞ്ഞ കീടനാശിനി എന്ന പേരില്‍ രാജ്യത്തെ മറ്റിടങ്ങളിലേയ്‌ക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണവും നടത്തുന്നു.

നിരോധിത രാസവസ്‌തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കഴിഞ്ഞ വര്‍ഷം റോമിലും ഈ വര്‍ഷം ജനീവയിലും നടന്ന കണ്‍വന്‍ഷനുകളില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ റോമിലെ സമ്മേളനത്തില്‍ 26 രാഷ്‌ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ പാടില്ലെന്നുവാദിച്ചു. ജനീവയിലാവട്ടെ നിരോധനം പാടില്ലെന്ന് ശഠിക്കുവാന്‍ ഇന്ത്യ മാത്രമാണുണ്ടായിരുന്നത്. ഇതിന് ഇന്ത്യയെ പ്രേരിപ്പിക്കുന്ന ശാസ്‌ത്രീയ പഠനത്തെക്കുറിച്ചു മാത്രം നമ്മുടെ ഭരണാധികാരികള്‍ പറയുന്നില്ല. മുതലാളിയുടെ താല്‍പര്യത്തില്‍ കവിഞ്ഞ് മറ്റൊന്നുമില്ലെന്ന് വ്യക്തമാണ്.

അനുഭവമാണ് സാക്ഷി. അതിലേറെ വലിയ തെളിവും കണ്ടെത്തലുമില്ല. കാസര്‍കോടെ കശുമാവിന്‍ തോട്ടങ്ങള്‍ക്കരികില്‍ വസിക്കുന്നവരുടെ ജീവിതവും മരണവുമാണ് എന്‍ഡോസള്‍ഫാന്റെ ഭീകരതയ്‌ക്കുള്ള സാക്ഷ്യപത്രം. ജലത്തില്‍ അനുവദനീയമായ എന്‍ഡോസള്‍ഫാന്റെ അളവിന്റെ 900 ഇരട്ടി കാസര്‍കോടെ ചിലരുടെയെങ്കിലും രക്തത്തില്‍ ഉണ്ടത്രേ.

പക്ഷേ കേന്ദ്ര സര്‍ക്കാരിനും തോമസിനും രമേശ് ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിയ്‌ക്കും നരകജീവിതത്തിന്റെയും ജീവിത നിഷേധത്തിന്റെയും ഈ അനുഭവക്കാഴ്ചകള്‍ കാണാന്‍ കഴിയുന്നില്ല. കഷ്‌ടം തന്നെ.


*****

വി പി ഉണ്ണികൃഷ്ണന്‍ കടപ്പാട്: ജനയുഗം

3 comments:

  1. തോമസ് കള്ളന്‍ തന്നെ.. പക്ഷേ നമ്മുടെ പാര്‍ട്ടി അഞ്ചു വര്‍ഷം ഭരിച്ചിട്ട് ഇവറ്റകള്‍ക്ക് എന്ത് നേടിക്കൊടുത്തു? ആ പാര്‍ട്ടി ഇവര്‍ക്ക് കുളിക്കാ‍ന്‍ ഒരു വാട്ടര്‍ പാര്‍ക്ക് കോഴിക്കോട് പണിതു അല്ലേ :)

    ReplyDelete
  2. എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

    ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൽഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... ഇനിയിപ്പോൾ എൻഡൊസൽഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

    ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറരോഗങ്ങളുടെ വില്ലൻ എന്ന്‌ തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... കുമ്പളങ്ങി തോമസ് വായടയ്‌ക്കുക...

    ReplyDelete
  3. മുക്കുവന്‍ ചേട്ടാ,

    കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന സമയത്ത് ദാ ഈ ലിങ്ക് ഒന്നു കാണണേ..

    ഇടതുമുന്നണി വല്ലോം ചെയ്തോ എന്നറിയാമല്ലോ

    ReplyDelete