കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള നാലാമത് തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ഒക്‌ടോബര്‍ 23, 25 തീയതികളില്‍ നടന്നത്. വളരെ മാതൃകാപരമായി കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നതില്‍ ഏതൊരു കേരളീയനും സര്‍ക്കാരിനും അഭിമാനിക്കാവുന്നതാണ്. തിരഞ്ഞെടുപ്പിനുശേഷം നവംബര്‍ ഒന്നാം തീയതി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം വളരെ സന്തോഷപൂര്‍വം പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എന്നാല്‍ അടുത്ത ദിവസങ്ങളിലെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നു എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
തിരുവനന്തപുരം ജില്ലയില്‍ പുല്ലാമ്പാറ പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് രാജ് നിയമമനുസരിച്ച് പട്ടികജാതി വനിതയായ കലാകൃഷ്ണന്‍ ആയിരുന്നു പ്രസിഡന്റ്. 2010 ലെ തിരഞ്ഞെടുപ്പില്‍ ചുള്ളാളം രാജന്‍ ബി ജെ പിയുടെ പിന്തുണയോടെ പ്രസിഡന്റ് ആയി. പിന്നീട് അരങ്ങേറിയ നാടകങ്ങളാണ് സാമൂഹിക നീതിക്കും ജനാധിപത്യത്തിനും ദളിത് പിന്നോക്ക സമൂഹത്തിനും മുറിവേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പട്ടികജാതി സ്ത്രീ പഞ്ചായത്ത് ഓഫീസും ആ പദവിയും ''അശുദ്ധ''മാക്കിയെന്ന് ആരോപിച്ച് ചുള്ളാളം രാജനും അനുയായികളും പ്രസിഡന്റിന്റെ മുറിയും പരിസരവും ചാണകവെള്ളം കുടഞ്ഞ് ശുദ്ധിയാക്കിയെന്ന് മാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെക്കാള്‍ ഗുരുതരമായ സംഭവങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ഏനാദിമംഗലം പഞ്ചായത്തില്‍ അരങ്ങേറിയത്. കഴിഞ്ഞ രണ്ടു തവണയും പട്ടികജാതിക്കാരായ സരസമ്മകുട്ടപ്പനും കെ നാരായണനും ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍. കോണ്‍ഗ്രസ് മണ്ഡലം നേതാവായിരുന്ന മാരൂര്‍ സജി ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഇത്തവണ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് വര്‍ഷക്കാലം പട്ടികജാതിക്കാര്‍ പ്രസിഡന്റ് ആയിരുന്നതിനാല്‍ ''ശുദ്ധിയാക്കല്‍'' കര്‍മത്തിന് കുറെക്കൂടി വീറും വാശിയും കാണിച്ചു. മാരൂര്‍ സജിയും അനുയായികളും പ്രസിഡന്റ് ഇരുന്ന മുറി മുഴുനും കഴുകി വൃത്തിയാക്കി. ഉപകരണങ്ങള്‍ മുഴുവനും മാറ്റി ചാണകവെള്ളം തളിച്ചു കഴുകിയതിനുശേഷം സമീപ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യാഹം തളിച്ച് തേങ്ങയടിച്ചാണ് മുറിയില്‍ പ്രവേശിച്ചത്. നൂറ് കണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഈ വൈകൃതങ്ങള്‍. എത്രയോ പ്രമാണിമാരും പ്രഗത്ഭരും പ്രസിഡന്റുമാരും അംഗങ്ങളുമായി ഭരണം നടത്തിയിട്ടുള്ള പഞ്ചായത്തുകളാണ് ഏനാദിമംഗലവും പുല്ലമ്പാറയും.
നിരവധി നവോഥാന നായകന്‍മാര്‍ക്ക് ജന്‍മം നല്‍കിയ നാടാണ് കേരളം. ക്ഷേത്രപ്രവേശനത്തിനും തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ നടക്കുവാനും ജാതി ചിന്തകള്‍ അവസാനിപ്പിക്കാനും സാമൂഹ്യ നീതി ഉറപ്പുവരുത്തുവാനും രാഷ്ട്രീയ ഭേദമന്യേ എത്രയോ പ്രക്ഷോഭ സമരങ്ങള്‍ ഇവിടെ നടന്നു.
പഞ്ചായത്ത് മെമ്പര്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡന്റുവരെ പ്രതിനിധീകരിക്കുന്ന എത്രയോ ജനാധിപത്യ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവിടെയൊക്ക ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായിക്കൂടെന്നുണ്ടോ? എങ്കില്‍ നമ്മള്‍ പഴയ തലമുറയിലേയ്ക്കു തിരിച്ചു പോകേണ്ടിവരും. ഇത് മുളയിലെ നുള്ളിക്കളയണം.
ഈ രണ്ടു ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാരായി വന്നിട്ടുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളാണെന്നുള്ളത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരക്കാരുടെ രാജി ആവശ്യപ്പെടാത്തത്. കുറഞ്ഞപക്ഷം ശാസ്സിക്കുകപോലും ചെയ്യാതെ മൗനംപാലിക്കുന്നത്?
ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സത്യപ്രതിജ്ഞാ വാചകത്തിനുപോലും കളങ്കം ഉണ്ടാക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കുവാന്‍ ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം
പട്ടികവിഭാഗങ്ങളെ പരസ്യമായി ജനമധ്യത്തില്‍ വച്ച് ജാതിയുടെയോ വിഭാഗീയതയുടെയോ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് 1989 ലെ പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് വളരെ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണ്. നിയമം നിയമത്തിന്റെ വഴിയേ പോകണം. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം.
*
എന്‍ രാജന്‍ എം എല്‍ എ കടപ്പാട്: ജനയുഗം ദിനപത്രം 22 ഡിസംബര്‍ 2010

ReplyDelete