Thursday, January 6, 2011

ബിനായക് സെന്നിനെതിരായ കോടതിവിധിയും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയും

ജനാധിപത്യ ഭരണ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങള്‍ എണ്ണത്തില്‍ കൂടുകയും വണ്ണത്തില്‍ (ഗുണ നിലവാരത്തില്‍) കുറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേവലം പത്ത് രാജ്യങ്ങളാണ് ഇത്തരമൊരു ഭരണ സംവിധാനത്തിന്‍ കീഴില്‍ കഴിഞ്ഞതെങ്കില്‍ 2005 ല്‍ ഇത് നൂറ്റിപത്തൊമ്പതായി ഉയര്‍ന്നു. വര്‍ധനവ് 1090 ശതമാനം! അതേസമയം ഈ വര്‍ധനവ് ജനങ്ങളുടെ ജീവിത രീതിയിലോ അവകാശങ്ങളിലോ പ്രതിഫലിക്കുന്നില്ല എന്നുമാത്രമല്ല അവരുടെ പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതായുമാണ് അനുഭവം, പ്രത്യേകിച്ച് സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ വരവോടെ. മൂലധന ശക്തികളുടെയും സമ്പന്നവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായി മാറിയിരിക്കുന്നു പല ജനാധിപത്യ ഭരണകൂടങ്ങളുടെയും ലക്ഷ്യം. ഒരര്‍ഥത്തില്‍ ഭരണകൂടങ്ങള്‍ തന്നെ സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

വികസനം എന്ന ഉമ്മാക്കി കാട്ടി സാധാരണക്കാരുടെ മണ്ണും വിണ്ണും ജലവുമെല്ലാം ബഹുരാഷ്ട്ര കുത്തകകളും മൂലധന ശക്തികളും കൊള്ളയടിക്കുന്നത് ഭരണകൂടങ്ങള്‍ നോക്കി നില്‍ക്കുകയും ഒരുവേള അതിനുവേണ്ടുന്ന ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ ചെറുവിരല്‍ അനക്കിയാല്‍ മതി, ജനാധിപത്യത്തിന്റെ പേരില്‍ നാഴികയ്ക്ക് നാല്‍പതുവട്ടം ആണയിടുന്ന സര്‍ക്കാരുകള്‍പോലും അതിനെ അമര്‍ച്ച ചെയ്യുവാന്‍ ഒരുമ്പെടുന്നു. ഗോത്രസമൂഹങ്ങളും പ്രാന്തവല്‍ക്കരിക്കപ്പെട്ട ഇതര ജനവിഭാഗങ്ങളും ഇതിന് വര്‍ധിച്ച തോതില്‍ ഇരയാവുന്ന നേര്‍ക്കാഴ്ചയാണ് നമ്മുടെ മുന്നില്‍. ഇത്തരം അടിച്ചമര്‍ത്തലുകളെ ജനപ്രതിനിധികളും നിയമസഭയും എന്തിനേറെ ചില അവസരങ്ങളില്‍ നീതിപീഠങ്ങള്‍പോലും ന്യായീകരിക്കുന്നതായാണ് അനുഭവം. ഇന്ത്യയും ഇതിനൊരപവാദം ആവുന്നില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഡോ ബിനായക് സെന്നിന് എതിരെ ഛത്തീസ്ഗഢിലെ റായ്പൂര്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധി.

ഡോ സെന്‍ ഒരു ഭിഷഗ്വരന്‍ മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ആദിവാസി മേഖലയിലെ ദരിദ്രജനവിഭാഗങ്ങളുടെ ഇടയിലാണ്. ഈ മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ അംഗീകാരമാണ് അദ്ദേഹത്തിന് ഏതാനും നാളുകള്‍ക്ക് മുമ്പ് ലഭിച്ച ജോനാഥന്‍മാന്‍ പുരസ്‌ക്കാരം. ഇനിയാണ് പ്രശ്‌നം ആരംഭിക്കുന്നത്. റായ്പൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന് എതിരെയുള്ള കുറ്റാരോപണം എന്തെന്നല്ലേ? രാജ്യദ്രോഹവും ഭരണകൂടത്തെ അട്ടിമറിക്കുവാന്‍ ശ്രമിച്ചതും! ഡോ സെന്‍ യഥാര്‍ഥത്തില്‍ ചെയ്തത് ഇത്രമാത്രം. ജയിലില്‍ കഴിയുന്ന നക്‌സല്‍ നേതാവ് നാരായണ്‍ സന്യാലിനെ ജയില്‍ അധികാരികളുടെ അനുമതിയോടെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിനാവശ്യമായ ശുശ്രൂഷ നല്‍കുകയും ചെയ്തു.

അദ്ദേഹത്തിനെതിരെ ചമച്ച കേസിന്റെയും കോടതിവിധികളുടെയും പശ്ചാത്തലവും ചരിത്രവും ഇങ്ങനെ. ഏതാണ്ട് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്. കാരണം മുകളില്‍ സൂചിപ്പിച്ചതും. മുപ്പത്തിമൂന്ന് പ്രാവശ്യം അദ്ദേഹം നാരായണന്‍ സന്ന്യാലിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് കത്തുകള്‍വാങ്ങി പീയുഷ് ഗുഹ എന്ന മറ്റൊരു 'നക്‌സലൈറ്റ്' പ്രവര്‍ത്തകന് കൈമാറുകയും ചെയ്തുവത്രെ! ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനായി പ്രോസിക്യൂഷന്റെ കൈവശമുള്ളത് രണ്ടേ രണ്ട് തെളിവുകള്‍! മൂന്ന് കത്തുകളും പീയുഷ് ഗുഹ പൊലീസ് കസ്റ്റഡിയില്‍ വച്ച് നല്‍കിയ മൊഴിയും! സെന്നിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി എന്നവകാശപ്പെടുന്ന കത്തുകളില്‍ ഒന്ന് കമ്പ്യൂട്ടര്‍ പ്രിന്റും ആരും ഒപ്പിടാത്തതുമാണ്. മറ്റൊരു കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ''പ്രിയപ്പെട്ട സുഹൃത്ത് 'വി', എന്റെ ആരോഗ്യം അനുദിനം വഷളായിക്കൊണ്ട് ഇരിക്കുന്നു. തളര്‍വാതമാണ് പുതിയ സന്ദര്‍ശകന്‍. പ്രായവും അതിന്റെ ക്ഷതം ഏല്‍പ്പിച്ച് തുടങ്ങിയിരിക്കുന്നു......'' രണ്ടാമത്തെ തെളിവായ പീയുഷിന്റെ മൊഴി, മുമ്പ് സൂചിപ്പിച്ചതുപോലെ, അദ്ദേഹം ഏതെങ്കിലും മജിസ്‌ട്രേറ്റിന്റെ മുമ്പാകെ നല്‍കിയതല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. അദ്ദേഹം കസ്റ്റഡിയില്‍ കഴിയുന്ന വേളയില്‍ പൊലീസിനോട് ഏറ്റുപറഞ്ഞതാണ് ഇത്.

ഒരു നിരപരാധിക്കെതിരെ ഭരണകൂടം നിരത്തുന്ന ഏറ്റവും ദുര്‍ബലവും പ്രഥമദൃഷ്ട്യാതന്നെ സംശയകരമായ പശ്ചാത്തലവുമുള്ള തെളിവുകളെ നീതിപീഠങ്ങള്‍ക്ക് ഏതുവിധം അധികാരികളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കുവാനും അതിന്റെ ബലത്തില്‍ മൗലികമായ മനുഷ്യാവകാശംപോലും നിഷേധിക്കുവാനും കഴിയും എന്നതിന്റെ ലിഗ്മസ് ടെസ്റ്റാണ് ബിനായക് സെന്‍ കേസ്. പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച സകല 'തെളിവും' കണ്ണുമടച്ചു വിശ്വസിച്ച കോടതി പ്രതിഭാഗം ഉന്നയിച്ച ചില പ്രാഥമികമായ ചോദ്യങ്ങള്‍ക്കുപോലും ഉത്തരം തേടാന്‍ ശ്രമിച്ചില്ലെന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. കേവലം മുന്ന് കത്തുകളും ഒരു കസ്റ്റഡി മൊഴിയും ഒരു വ്യക്തിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുവാന്‍ പര്യാപ്തമാണോ? ഒപ്പിടാത്തൊരു കത്തലും തടവില്‍ കഴിയുന്ന ആളിന്റെ ആരോഗ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മറ്റൊരു കത്തിലും എന്ത് രാജ്യദ്രോഹകുറ്റമാണ് നമുക്ക് കണ്ടെത്താനാവുക? ഒരു വ്യക്തി പൊലീസ് കസ്റ്റഡിയില്‍വച്ച് നല്‍കുന്ന മൊഴിക്ക് എന്ത് നിയമ സാധുതയാണ് ഉള്ളത്? സെഷന്‍സ് കോടതി ഉത്തരം നല്‍കുന്നതുപോയിട്ട് ശ്രദ്ധിക്കാന്‍പോലും മിനക്കെടാതിരുന്ന ചോദ്യങ്ങളാണ് ഇവ.

എല്ലാത്തിലും ഉപരി, ചില സുപ്രധാന തെളിവുകള്‍ക്കും വസ്തുതകള്‍ക്കും നേരെ കോടതി കണ്ണടച്ചു എന്ന പ്രശ്‌നവും അവശേഷിക്കുന്നു. നാരായണ്‍ സന്ന്യാല്‍ ഡോ സെന്നിന് കത്തുകള്‍ നല്‍കിയത് തങ്ങള്‍ കണ്ടില്ലെന്ന് രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ ഒരേ സ്വരത്തില്‍ നല്‍കിയ മൊഴി; സെന്നിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ 'തെളിവുകള്‍' സൂക്ഷിച്ചിരുന്ന പെട്ടി സീല്‍ ചെയ്യാതിരുന്ന പൊലീസ് നടപടി; ഡോ സെന്നും അദ്ദേഹം കത്ത് നല്‍കി എന്നാരോപിക്കപ്പെട്ട പീയുഷ് ഗുഹയും പരസ്പരം എപ്പോഴെങ്കിലും കണ്ടെന്ന് സ്ഥാപിക്കുവാന്‍ ഛത്തീസ്ഗഢ് പൊലീസ് പരാജയപ്പെട്ടത്'; സാക്ഷികളില്‍ മഹാഭുരിപക്ഷവും പൊലീസ് ഉദ്യോഗസ്ഥന്മാര്‍ മാത്രം ആയിരുന്നെന്ന കാര്യം, ഇവയെല്ലാം ഈ കേസില്‍ തമസ്‌ക്കരിക്കപ്പെട്ട അമൂല്യ വസ്തുതകളാണ്. ഏറ്റവും രസകരമായ മറ്റൊരുകാര്യം, ഡോ ബിനായക് സെന്നിെന രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം 'കത്തുകള്‍ വാങ്ങിയ' നാരായണ്‍ സന്ന്യാലിനെതിരെ തുടക്കത്തില്‍ ഉന്നയിച്ച ആരോപണം ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 പ്രകാരമുള്ള കൊലക്കുറ്റമായിരുന്നു എന്നതാണ്. അദ്ദേഹത്തിനെതിരെ (നാരായണ്‍ സന്ന്യാലിന് എതിരെ) നക്‌സലൈറ്റ് ബന്ധംപോലും തുടക്കത്തില്‍ ആരോപിച്ചിരുന്നില്ല എന്നതും സെന്നിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരം പകല്‍പോലെ വ്യക്തമാക്കുന്നു.

ഡോ സെന്‍ ഒരിക്കലും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ രൂപീകരിച്ച ഭരണകൂടത്തിനെതിരെ പോയിട്ട് ഏതെങ്കിലും വ്യക്തികള്‍ക്കെതിരെപോലുമോ ആക്രമണത്തിന് പ്രേരിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം. അദ്ദേഹം ഭരണഘടനയെ അട്ടിമറിക്കുവാനോ നിരോധിക്കപ്പെട്ട ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെടുവാനോ ശ്രമിച്ചിട്ടില്ലെന്നതും സത്യമായി അവശേഷിക്കുന്നു. അടിസ്ഥാനപരമായി അദ്ദേഹം ഒരു ഭിഷഗ്വരനും മനുഷ്യാവകാശ പ്രവര്‍ത്തകനും മാത്രമാണ്. യഥാര്‍ഥ പ്രശ്‌നം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍, ഒരു പരിധി വിടുമ്പോള്‍, ഭരണകൂടത്തെ അസ്വാരസ്യപ്പെടുത്തുന്നു എന്നതാണ്. അതിന്റെ (ഭരണകൂടത്തിന്റെ) അതിരുവിട്ട ചെയ്തികള്‍ക്കെതിരെയാണല്ലോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതും ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതും.

മനുഷ്യാവകാശ പ്രവര്‍ത്തനം ഒരു തരം താഴേനിന്ന് (ജനങ്ങളുടെ ഭാഗത്ത് നിന്ന്) മുകളിലോട്ട് (ഭരണ കൂടത്തോട്) ചോദ്യം ചോദിക്കുന്ന രീതിയാണ്. സംവാദത്തിന്റെയും വിമര്‍ശനത്തിന്റെയും മാര്‍ഗമാണ്. പക്ഷേ സ്വന്തം ചെയ്തികള്‍ക്ക് എതിരെയുള്ള വിമര്‍ശനത്തെ ജനാധിപത്യത്തിന്റെ തുറസില്‍ അഭിമുഖീകരിക്കാന്‍ തയ്യാറുള്ള ഭരണാധിപന്മാരുടെ എണ്ണം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് ആധുനിക ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വേച്ഛാധിപത്യത്തില്‍ എന്നതുപോലെ 'ജനാധിപത്യത്തിലും' ഇപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് എതിര്‍ ദിശയിലാണ്, മുകളില്‍ നിന്ന് താഴോട്ട്. ഇവിടെയാണ് ബിനായക് സെന്നിനെ പോലെയുള്ളവര്‍ ഭരണകൂടത്തിന് അസൗകര്യമാവുന്നത്, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍പോലും അതിനെ അലോസരപ്പെടുത്തുന്നതും കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി നവലിബറലിസത്തിന്റെ അച്ചിന്‍ മൂശയില്‍ പാകപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ സ്ഥാപന സ്വരൂപങ്ങളും ഏതുവിധം ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ചൂണ്ടുപലകയാണ് ഇത്.

*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം 05-01-11

2 comments:

  1. ജനാധിപത്യ ഭരണ സമ്പ്രദായം നിലവിലുള്ള രാജ്യങ്ങള്‍ എണ്ണത്തില്‍ കൂടുകയും വണ്ണത്തില്‍ (ഗുണ നിലവാരത്തില്‍) കുറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേവലം പത്ത് രാജ്യങ്ങളാണ് ഇത്തരമൊരു ഭരണ സംവിധാനത്തിന്‍ കീഴില്‍ കഴിഞ്ഞതെങ്കില്‍ 2005 ല്‍ ഇത് നൂറ്റിപത്തൊമ്പതായി ഉയര്‍ന്നു. വര്‍ധനവ് 1090 ശതമാനം! അതേസമയം ഈ വര്‍ധനവ് ജനങ്ങളുടെ ജീവിത രീതിയിലോ അവകാശങ്ങളിലോ പ്രതിഫലിക്കുന്നില്ല എന്നുമാത്രമല്ല അവരുടെ പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതായുമാണ് അനുഭവം, പ്രത്യേകിച്ച് സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ വരവോടെ. മൂലധന ശക്തികളുടെയും സമ്പന്നവര്‍ഗത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായി മാറിയിരിക്കുന്നു പല ജനാധിപത്യ ഭരണകൂടങ്ങളുടെയും ലക്ഷ്യം. ഒരര്‍ഥത്തില്‍ ഭരണകൂടങ്ങള്‍ തന്നെ സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

    ReplyDelete
  2. Really an eye opener to the human right violation taking place in the biggest democratic country in the world. Shame on our India!!!

    ReplyDelete