തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സര്‍ക്കാരിന് അധികാരം കൈമാറാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഈജിപ്ത് സൈനിക നേതൃത്വം അറിയിച്ചു. എന്നാല്‍, ഇതിന് സമയപരിധി നിശ്ചിയിച്ചിട്ടില്ല. അതുവരെ അധികാരത്തില്‍ തുടരാന്‍ രാജിവച്ച പ്രസിഡന്റ് മുബാറക്കിനു കീഴില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിനോട് സൈന്യം ആവശ്യപ്പെട്ടു. മുബാറക് രാജിവച്ചതിനു പിന്നാലെ സായുധസേനയുടെ പരമോന്നത കൌണ്‍സില്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഔദ്യോഗിക ടെലിവിഷനില്‍ ശനിയാഴ്ചയാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തുടര്‍നടപടി പ്രഖ്യാപിച്ചത്. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും എല്ലാ ഉടമ്പടിക്കും കടപ്പാടിനും അനുസൃതമായി രാജ്യം നിലകൊള്ളുമെന്നും സേന വ്യക്തമാക്കി.
പതിനെട്ടു ദിവസത്തെ ജനകീയപ്രക്ഷോഭത്തില്‍ മുങ്ങിയ ഈജിപ്ത് നഗരങ്ങളില്‍ സ്ഥിതിഗതി ശാന്തമാക്കാനുള്ള നടപടി തുടങ്ങി. രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. ബാരിക്കേഡ് നീക്കി പാതകള്‍ ഗതാഗതയോഗ്യമാക്കി. നിലവിലെയും മുന്‍കാലത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുവാദംകൂടാതെ വിദേശത്തു പോകുന്നത് നിരോധിച്ചു. തലസ്ഥാനമായ കെയ്റോയില്‍ പ്രക്ഷോഭകരില്‍ ഒരുവിഭാഗം തെരുവുകളില്‍ത്തന്നെ നിലകൊള്ളുകയാണ്. ജനാധിപത്യത്തിനായി തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നിറവേറിയാല്‍ മാത്രമേ പിന്‍വാങ്ങൂ എന്ന് അവര്‍ പറയുന്നു.
ഹൊസ്നി മുബാറക്കിന്റെ 30 വര്‍ഷം നീണ്ട ഏകാധിപത്യഭരണം അവസാനിച്ചതോടെ ഈജിപ്ത് പുതുയുഗത്തിലേക്കു കടന്നു. പ്രധാന പ്രക്ഷോഭഭൂമിയായിരുന്ന തഹ്രിര്‍ചത്വരം ഉള്‍പ്പെടെ നഗരങ്ങള്‍ വെള്ളിയാഴ്ച രാത്രി മുഴുവന്‍ ആഹ്ളാദത്തിമിര്‍പ്പിന്റെ വേദിയായി. ആരവം മുഴക്കിയും കരിമരുന്ന് പ്രയോഗിച്ചും വാഹനങ്ങളില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചും യുവജനങ്ങള്‍ ആഘോഷിച്ചു.
1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിനുശേഷം ഏറ്റവും നിര്‍ണായക സംഭവവികാസമാണ് മേഖലയില്‍ ഉണ്ടായത്. ഇതോടെ, അറബ് രാജ്യങ്ങളിലെ രാഷ്ട്രീയം വഴിത്തിരിവിലെത്തി. ജനാധിപത്യശബ്ദത്തിന് കാതോര്‍ക്കാന്‍ ഇനി എല്ലാ ഭരണാധികാരികളും നിര്‍ബന്ധിതരാകും. മുബാറക്കിന്റെ പതനത്തില്‍ മധ്യപൂര്‍വ ഏഷ്യയിലാകെ ഉയര്‍ന്ന ആഹ്ളാദപ്രകടനങ്ങള്‍ തെളിയിക്കുന്നത് അറബ്ലോകത്ത് പുതുയുഗം പിറക്കുന്നുവെന്നാണ്. മുബാറക്കിന്റെ രാജിയെ സ്വാഗതംചെയ്തും ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കണമെന്ന ആഹ്വാനവുമായും ലോകരാജ്യങ്ങളൊന്നാകെ ഈജിപ്ഷ്യന്‍ ജനതയ്ക്കൊപ്പം നിന്നത് പുതിയ ലോകക്രമം രൂപപ്പെടുന്നതിന്റെകൂടി പ്രഖ്യാപനമാണ്. ഇതിനിടെ, മുബാറക്കിന്റെ ആസ്തികള്‍ സ്വിറ്റ്സര്‍ലന്‍ഡ് മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭരണകാലത്തിനിടെ മുബാറക്കും കുടുംബവും സമ്പാദിച്ച കോടികള്‍ സ്വിസ് ബാങ്കുകളിലാണ് നിക്ഷേപിച്ചത്. ലണ്ടന്‍, പാരിസ്, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും മുബാറക്കിനും കുടുംബത്തിനും സ്വത്തുവകകളുണ്ട്.
ഈജിപ്തിന് ലോകത്തിന്റെ അഭിനന്ദനം
ഈജിപ്തിനെ കാല്‍ക്കീഴിലാക്കിയിരുന്ന ഏകാധിപതി ഹൊസ്നി മുബാറക്കിന്റെ വീഴ്ചയില്‍ ലോകമെങ്ങും ആഹ്ളാദം അലയടിച്ചു. ഇത് ജനകീയശക്തിയുടെ വിജയമാണെന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. മുബാറക്കിന്റെ പതനവാര്‍ത്ത മധ്യപൂര്‍വ ഏഷ്യ ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. മേഖലയിലെങ്ങും ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ളാദം പ്രകടിപ്പിച്ചു. പലയിടത്തും മധുരവിതരണവും പടക്കംപൊട്ടിക്കലും നടന്നു. പലസ്തീന്‍, ജോര്‍ദാന്‍, തുര്‍ക്കി, യെമന്‍, ബഹറൈന്‍, അള്‍ജീരിയ, ലെബനന്‍, സിറിയ, ഇറാന്‍ എന്നിവിടങ്ങളില്‍ വന്‍ ആഹ്ളാദപ്രകടനമാണ് നടന്നത്. ഈജിപ്ത് ജനതയെ അനുമോദിക്കുന്നതായും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് സൈന്യം സുഗമമായി അധികാരം കൈമാറണമെന്നും തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ് ഇര്‍ദോഗന്‍ പറഞ്ഞു. അറബ്-മുസ്ളിം ലോകത്തിന്റെ നേതൃസ്ഥാനത്തേക്ക് ഈജിപ്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ ഭരണകൂടം പ്രത്യാശിച്ചു.
ഈജിപ്ത് ജനത നേടിയത് ഉജ്വലവിജയമാണെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കയില്‍നിന്നും ഇസ്രയേലില്‍നിന്നും സ്വതന്ത്രമായ മധ്യപൂര്‍വ ഏഷ്യ രൂപപ്പെട്ടുവരികയാണെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈജിപ്തില്‍ സ്ഥിരതയും സാമൂഹ്യക്രമവും വളരെവേഗം സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന പറഞ്ഞു. ഈജിപ്തുമായുള്ള ബന്ധം ശക്തമാകുമെന്ന് ആത്മവിശ്വാസം പുലര്‍ത്തുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് മാ ഷൌക്സു പറഞ്ഞു. ഈജിപ്ത് ജനതയുടെ ആവശ്യങ്ങളെ ബഹുമാനിക്കുന്നതും രാജ്യത്തിന് സ്ഥിരത നല്‍കുന്നതുമായ വിശാലമായ ഒരു ജനകീയ സര്‍ക്കാരിനായുള്ള ചര്‍ച്ച സജീവമാകണമെന്ന് യൂറോപ്യന്‍ കൌണ്‍സില്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന് കൃത്യമായ സമയക്രമം നിശ്ചയിക്കണമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു. ഈജിപ്ത് ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങിയ മുബാറക്കിന്റെ നടപടിയെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതംചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ജെയിംസ് കാമറോണ്‍ എന്നിവര്‍ ഈജിപ്തില്‍ സംഭവിച്ചത് ചരിത്രമാണെന്നു വിശേഷിപ്പിച്ചു. റഷ്യ, കനഡ, സ്പെയിന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈജിപ്തില്‍ സുസ്ഥിരമായ ഭരണത്തിനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആഹ്വാനംചെയ്തു.
അടുത്ത മുന്നേറ്റം എവിടെ?
ഇനി അള്‍ജീരിയയിലോ യമനിലോ? ടുണീഷ്യയില്‍ ബിന്‍ അലിയുടെയും ഈജിപ്തില്‍ ഹൊസ്നി മുബാറക്കിന്റെയും ഏകാധിപത്യവാഴ്ചകള്‍ ജനമുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞു. അറ്റ്ലസ് മലനിരകളിലെ ചെറുരാജ്യമായ ടുണീഷ്യയിലെ ജനകീയപ്രക്ഷോഭത്തെ 'മുല്ലപ്പൂ വിപ്ളവമായാണ്' നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. ടുണീഷ്യയുടെ ദേശീയപുഷ്പമാണ് മുല്ലപ്പൂ. ടുണീഷ്യയില്‍മാത്രം ഒതുങ്ങുന്ന സംഭവമായി അവിടത്തെ ജനമുന്നേറ്റത്തെ കാണാനാണ് രാഷ്ട്രീയനിരീക്ഷകര്‍ മുതിര്‍ന്നതെന്ന് അര്‍ഥം. എന്നാല്‍, അറബ് രാജ്യങ്ങളിലാകെ ആഞ്ഞുവീശാന്‍ പാകത്തിലുള്ള കൊടുങ്കാറ്റിനാണ് ടുണീഷ്യയില്‍ തുടക്കംകുറിച്ചത്. അസംതൃപ്തിയിലും അമര്‍ഷത്തിലും കഴിഞ്ഞിരുന്ന ഈജിപ്ത് ജനതയും ഉണര്‍ന്നെഴുന്നേറ്റു. അമേരിക്കയുടെ ഹിതാനുസരണം ഈജിപ്ത് അടക്കിവാണിരുന്ന മുബാറക്കിന് കൊട്ടാരത്തിന്റെ പിന്‍വാതില്‍വഴി രക്ഷപ്പെടേണ്ടിവന്നു.
ടുണീഷ്യന്‍വിപ്ളവം ഈജിപ്ത് ജനതയ്ക്ക് പ്രചോദനം പകര്‍ന്നെങ്കില്‍ ഈജിപ്തുകാരുടെ വിജയം വന്‍തോതിലുള്ള പ്രത്യാഘാതമാണ് ലോകരാഷ്ട്രീയത്തില്‍ സൃഷ്ടിക്കുക. എട്ട് കോടിയില്‍പ്പരം ജനസംഖ്യയുള്ള ഈജിപ്ത് അറബ് ലോകത്തെ ഏറ്റവും വലിയ രാജ്യമാണ്. രാഷ്ട്രീയമായും സാംസ്കാരികമായും മധ്യപൌരസ്ത്യ നാടുകളെ സ്വാധീനിക്കുന്ന കേന്ദ്രം. ഭൂമിശാസ്ത്രപരമായി ആഫ്രിക്കയെയും ഏഷ്യയെയും യൂറോപ്പിനെയും സംയോജിപ്പിക്കുന്ന ഈജിപ്ത് തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ദേശവുമാണ്. അതുകൊണ്ടാണ് അമേരിക്കയ്ക്ക് ഈജിപ്തില്‍ ഇത്രയേറെ താല്‍പ്പര്യം.
ഈജിപ്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ ഈജിപ്ത് വിപ്ളവം അയല്‍നാടുകളിലും മധ്യപൌരസ്ത്യരാജ്യങ്ങളിലാകെയും വരുത്തിയേക്കാവുന്ന മാറ്റങ്ങളും പരിശോധിക്കേണ്ടതുണ്ട്. മേഖലയില്‍ യമന്‍, അള്‍ജീരിയ, ജോര്‍ദാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യമനിലും അള്‍ജീരിയയിലും ജനങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തു. സൌദി അറേബ്യയില്‍പ്പോലും പുരോഗമനവാദികളായ പത്ത് മതപണ്ഡിതര്‍ ചേര്‍ന്ന് രാഷ്ട്രീയപാര്‍ടിക്ക് രൂപം നല്‍കി. പാര്‍ടിക്ക് അംഗീകാരം നല്‍കണമെന്ന് ഇവര്‍ സൌദി ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിശക്തമായ സൈന്യത്തിന്റെയും വിപുലമായ രഹസ്യപൊലീസ് സംവിധാനത്തിന്റെയും ബലത്തിലാണ് മുബാറക് ഇത്രയുംനാള്‍ പിടിച്ചുനിന്നത്. ഈജിപ്തില്‍ ഉയര്‍ന്നതിന്റെ പത്തിലൊന്നു തീവ്രതയിലുള്ള പ്രക്ഷോഭം അലയടിച്ചാല്‍പ്പോലും യമനിലെയും ജോര്‍ദാനിലെയും മറ്റും ഭരണകൂടങ്ങള്‍ നിലംപൊത്തും. യമന്‍ തലസ്ഥാനമായ സനയില്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേഹിക്കെതിരെ കഴിഞ്ഞ ആഴ്ചകളില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സലേഹി പ്രഖ്യാപിക്കുകയും ചെയ്തു. ഈജിപ്തിലും തുടക്കം ഇങ്ങനെയായിരുന്നു.
അള്‍ജീരിയയില്‍ 1999ല്‍ സൈന്യത്തിന്റെ പിന്തുണയോടെ അധികാരം പിടിച്ച അബ്ദുള്‍അസീസ് ബൌട്ടിഫ്ളിക്ക അന്നുമുതല്‍ ജനാധിപത്യസംവിധാനങ്ങളെ അടിച്ചമര്‍ത്തി. എല്ലാ അധികാരവും പ്രസിഡന്റില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായ അള്‍ജീരിയയിലും യുവജനത കടുത്ത രോഷത്തിലാണ്. വെള്ളിയാഴ്ചയും ഇവിടെ പ്രതിഷേധപ്രകടനം ഉണ്ടായി. വരുംനാളുകളില്‍ പ്രക്ഷോഭം ശക്തമാകുമെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനമായ അള്‍ജിയേഴ്സില്‍ വന്‍തോതില്‍ പൊലീസിനെയും പട്ടാളത്തെയും നിയോഗിച്ചിട്ടുണ്ട്.
സൌദിയിലെ അബ്ദുള്ള രാജാവ്, യമനിലെ സലേഹി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്, തുര്‍ക്മെനിസ്ഥാനിലെ ഗര്‍ബാംഗുലി ബെര്‍ദിമുഖാംദോവ് തുടങ്ങിയവരും അമേരിക്കന്‍ അനുകൂലനയങ്ങളുടെ ജനരോഷം നേരിടുന്നവരാണ്. മുബാറക്കിന്റെ പതനം ഇവര്‍ക്കെല്ലാം പാഠമാണ്.
പക്ഷേ, ഈജിപ്ത് സംഭവവികാസങ്ങള്‍ ഏറ്റവും നടുക്കത്തോടെ വീക്ഷിക്കുന്ന രാജ്യം ഇസ്രയേലാണ്. പതിറ്റാണ്ടുകളായി പശ്ചിമേഷ്യയില്‍ എന്തും കാട്ടിക്കൂട്ടാന്‍ ഇസ്രയേലിന് ധൈര്യം പകര്‍ന്നിരുന്നത് ഈജിപ്താണ്. 1979 മുതല്‍ അന്‍വര്‍ സാദത്തും പിന്നീട് 81 മുതല്‍ ഇതുവരെ മുബാറക്കും ഈജിപ്ത്ജനതയുടെ താല്‍പ്പര്യങ്ങളേക്കാള്‍ വിലമതിച്ചത് ഇസ്രയേലിന്റെയും അമേരിക്കയുടെയും അധിനിവേശസ്വപ്നങ്ങളാണ്. സാമ്രാജ്യത്വത്തിന്റെതന്ത്രപരമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ ഇസ്രയേലിന് കുറഞ്ഞവിലയില്‍ പ്രകൃതിവാതകം നല്‍കുന്ന രാജ്യവുമാണ് ഈജിപ്ത്. അതുകൊണ്ടുതന്നെ ഈജിപ്തില്‍ ദേശാഭിമാനബോധമുള്ള സര്‍ക്കാര്‍ നിലവില്‍വരുന്നത് ഇസ്രയേലും അമേരിക്കയും സഹിക്കില്ല. വരുംനാളുകളില്‍ ഒട്ടേറെ അട്ടിമറിനീക്കങ്ങള്‍ ഈജിപ്ത്ജനത പ്രതീക്ഷിക്കണം.
അള്‍ജീരിയയും യെമനും പ്രക്ഷോഭത്തീയിലേക്ക്
ഈജിപ്തിലെ ജനകീയപ്രക്ഷോഭത്തിന്റെ ചരിത്രവിജയം ആവേശമാക്കി അള്‍ജീരിയയിലും യെമനിലും ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. അള്‍ജീരിയയില്‍ വര്‍ഷങ്ങളായി തുടരുന്ന നിരോധനം ലംഘിച്ച് വന്‍ ജനകീയ റാലി നടന്നു. ജനങ്ങള്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രസിഡന്റ് അലി അബ്ദുള്ള സലേഹി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് യെമനില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. യെമന്‍ തലസ്ഥാനമായ സനയില്‍ വന്‍ പ്രകടനം നടന്നു. അള്‍ജീരിയ തലസ്ഥാനമായ അള്‍ജിയേഴ്സിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു. നിരോധനം വയ്ക്കാതെ, ഈജിപ്തില്‍ ഹൊസ്നി മുബാറക് സ്ഥാനമൊഴിഞ്ഞതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് രാജ്യമെങ്ങളും റാലി നടന്നു. റാലിക്കെത്തിയവരെ തടയാന്‍ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുചുറ്റും സുരക്ഷാവലയം തീര്‍ത്തു. തലസ്ഥാനത്തേക്കുള്ള പ്രക്ഷോഭകരുടെ വാഹനങ്ങളും തടഞ്ഞു. മാധ്യമങ്ങളുടെ ഓഫീസുകള്‍ക്കും സായുധ പൊലീസ് കാവലേര്‍പ്പെടുത്തി. പ്രതിരോധങ്ങള്‍ വകവയ്ക്കാതെ നീങ്ങിയ ചിലരെ അറസ്റ്റ് ചെയ്തു. പൊലീസ് രാഷ്ട്രം വേണ്ടെന്നും പ്രസിഡന്റ് അബ്ദേല്‍ അസീസ് ബൌട്ടഫ്ളിക്ക ഒഴിയണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
അള്‍ജീരിയയില്‍ ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നവരുടെ കൂട്ടായ്മയും മനുഷ്യാവകാശസംഘടനകളും തൊഴിലാളിസംഘടനകളും അഭിഭാഷകരും മറ്റുമാണ് റാലിക്ക് നേതൃത്വം നല്‍കിയത്. ഹൊസ്നി മുബാറക്കിന് ശേഷം സലേഹിയുടെ ഊഴമാണെന്നും പ്രസിഡന്റ് ഒഴിയണമന്നും യെമനില്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. നാലായിരത്തോളം പേരാണ് തെരുവില്‍ അണിനിരന്നത്. ഇവരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. പ്രസിഡന്റിനെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികളുമായി ഭരണകക്ഷിയായ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഈജിപ്തില്‍ ഹൊസ്നി മുബാറക് സ്ഥാനമൊഴിഞ്ഞതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ജനങ്ങള്‍ പ്രകടനം നടത്തിയിരുന്നു.
*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 130211
തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സര്‍ക്കാരിന് അധികാരം കൈമാറാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഈജിപ്ത് സൈനിക നേതൃത്വം അറിയിച്ചു. എന്നാല്‍, ഇതിന് സമയപരിധി നിശ്ചിയിച്ചിട്ടില്ല. അതുവരെ അധികാരത്തില്‍ തുടരാന്‍ രാജിവച്ച പ്രസിഡന്റ് മുബാറക്കിനു കീഴില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിനോട് സൈന്യം ആവശ്യപ്പെട്ടു. മുബാറക് രാജിവച്ചതിനു പിന്നാലെ സായുധസേനയുടെ പരമോന്നത കൌണ്‍സില്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഔദ്യോഗിക ടെലിവിഷനില്‍ ശനിയാഴ്ചയാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തുടര്‍നടപടി പ്രഖ്യാപിച്ചത്. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും എല്ലാ ഉടമ്പടിക്കും കടപ്പാടിനും അനുസൃതമായി രാജ്യം നിലകൊള്ളുമെന്നും സേന വ്യക്തമാക്കി.
ReplyDelete