ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. സമൂഹത്തിന്റെ സജീവപ്രശ്നങ്ങളുടെ ചര്‍ച്ചകളും ഭാവിഭാഗധേയങ്ങളും നിര്‍ണയിക്കപ്പെടുന്ന നിയമനിര്‍മ്മാണങ്ങളുടെ ശ്രീകോവില്‍. ചൂടുപിടിച്ച സംവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍, പുട്ടിന് തേങ്ങ എന്ന പോലെ, മേമ്പൊടിക്ക് നര്‍മ്മ ഭാഷണങ്ങളും സഭക്ക് അന്യമാകുന്നില്ല. പന്ത്രണ്ടാം നിയമസഭയില്‍ നടന്ന കൌതുകകരമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും മലയാളിയുടെ ആസ്വാദനലോകത്തേക്ക് എത്തിക്കുന്നതും സരസന്മാരില്‍ ഒരുവനായ നിയമസഭാംഗമാണ്. എം.എം. മോനായി. പന്ത്രണ്ടാം നിയമസഭയുടെ 17 സമ്മേളനങ്ങളില്‍ സഭയില്‍ ഉയര്‍ന്നുവന്ന ഫലിത മൊഹൂര്‍ത്തങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് പുസ്തകരൂപത്തില്‍ മോനായി വായനക്കാര്‍ക്ക് എത്തിക്കുന്നത്. ‘വാക്‍പയറ്റ് 12 ാം നിയമസഭയിലെ ഫലിതങ്ങള്‍’ എന്ന നൂറിലേറെ പേജുള്ള പുസ്തകത്തില്‍ മോനായി തന്നെ രചിച്ച മുഴുവന്‍ എം.എല്‍.എമാരുടെയും രേഖാചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമസഭ. ചോദ്യോത്തരവേള.
പ്രവാസികേരളീയരെപ്പറ്റി പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: എന്റെ മണ്ഡലത്തിലെ ചിലയാളുകള്‍ കൊലാലംപൂരില്‍ പീഢനം ഏല്‍ക്കുകയാണ്.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍: സ്ഥാനത്തും അസ്ഥാനത്തും ഒട്ടനവധി കാര്യങ്ങള്‍ ഉന്നയിക്കുന്ന തിരുവഞ്ചൂര്‍ ഈ കാര്യം ഇത്രയും നാള്‍ പറയാന്‍ വിട്ടുപോയതെന്ത്?
തിരുവഞ്ചൂര്‍: ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഞാന്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി: അപ്പോള്‍ കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ...?
(സഭയില്‍ ആരവം. പൊട്ടിച്ചിരിക്ക് ഭരണ- പ്രതിപക്ഷ ഭേദമില്ല.)
*
സഭയിലെ മറ്റൊരവസരം. ഇത്തവണ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം ചര്‍ച്ചചെയ്യുന്നതിനിടയില്‍ കല്യാണാവീട്ടിലെ വിശേഷം വിളമ്പിയത് ഭരണപക്ഷത്തെ മുതിര്‍ന്ന അംഗം പി ജയരാജനും
'ഞങ്ങളെപ്പോലെ പ്രതിപക്ഷ എംഎല്‍എമാര്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഞങ്ങള്‍ക്ക് പൈസ തരണമെന്ന് അപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ അതിനെ ആക്ഷേപിച്ചവരാണ്. പ്രതിപക്ഷത്തുള്ള ഒറ്റയൊരാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒറ്റനയാപൈസപോലും തരില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്തത്? അവിടെ കേരള കോണ്‍ഗ്രസിന്റെ അദ്ധ്വാനവര്‍ഗത്തിന്റെ നേതാവുണ്ടല്ലോ ശ്രീ കെ എം മാണി, അദ്ദേഹം ഓരോ വീട്ടിലുംപോയി നിങ്ങള്‍ക്ക് സുനാമി വേണ്ടെ എന്നല്ലേ ചോദിച്ചത്?
*
ധനവിനിയോഗ ബില്ലിന്‍മേല്‍ ചര്‍ച്ചയില്‍ എം എം മോനായി.
സര്‍, വൃദ്ധരടക്കമുള്ളവരുടെ സാമൂഹ്യക്ഷേമത്തിനായി അവതരിപ്പിച്ച ഈ ധനവിനിയോഗ ബില്ലിനെ ഞാന്‍ അനുകൂലിക്കുന്നു. ഈയിടെ സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പോഷക യുവജനസംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് സീനിയര്‍ സിറ്റിസണ്‍സണായിട്ടുള്ള പല ആളുകളും കടന്നുകയറിയതിന്റെ ആഘാതങ്ങളും പ്രത്യാഘാതങ്ങളും പത്രദ്വാരാ നാം വായിക്കുകയുണ്ടായി. 'ഞാന്‍ രാജിവയ്ക്കാം' എന്നുപറഞ്ഞപ്പോള്‍ 'നീ രാജിവയ്ക്കേണ്ടതില്ല. നിന്നെ ഞങ്ങള്‍ ചവിട്ടി പുറത്താക്കിക്കൊള്ളാം' എന്നായിരുന്നു ഒരുയുവതുര്‍ക്കിയുടെ ആത്മരോഷം! ഗോദറേജ് ചായമുണ്ടെങ്കില്‍ ഏത് വയസ്സനും യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാകാം.
(വാക്കുകളിലെ ഒളിയമ്പുകള്‍ ഏതൊക്കെ നെഞ്ചുകളിലാണ് ആഞ്ഞ് തറച്ചെതെന്ന് ഇപ്പോഴും പരിശോധന തുടരുകയാണ്.)
*
ആഭ്യന്തരമാണ് ചര്‍ച്ചാ വിഷയം. ബഹുമാനപ്പെട്ട സഭാംഗം പൂഞ്ഞാര്‍ മെമ്പറും
സര്‍... സ്ത്രീകളെ പീഢിപ്പിച്ച് ജയിലിലായ സന്തോഷ് മാധവനില്‍നിന്ന് പിടിച്ച സിഡികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍മാത്രം രഹസ്യമായി കണ്ട് സുഖിക്കുന്നത് ശരിയാണോ? കാസറ്റ് നിയമസഭാംഗങ്ങള്‍ക്കുംകൂടി കാണാന്‍ സൌകര്യമൊരുക്കണം!
(ഒപ്പം കൂടാന്‍ സ്വന്തം കക്ഷിക്കാരും ഉണ്ടായിരുന്നില്ലെന്നാണ് പുന്നാമ്പുറ സംസാരം.)
*
പി സി ജോര്‍ജ്: സാധാരണ മനുഷ്യര്‍ മരിക്കും. മഹാന്മാര്‍ അന്തരിക്കും. തിരുമേനിമാരാണെങ്കില്‍ കാലംചെയ്യും. രാജാക്കന്മാരാണെങ്കില്‍ തീപ്പെടും. മൃഗങ്ങള്‍ ചാവും. ആന ചരിയും. അങ്ങ് മറുപടി പറഞ്ഞപ്പോള്‍ ആന മരിച്ചുഎന്ന് പറഞ്ഞത് ശരിയല്ല.
മന്ത്രി ബിനോയ് വിശ്വം: 'അങ്ങ് മരിക്കുമ്പോള്‍ ചരിഞ്ഞുഎന്ന് പറഞ്ഞാല്‍ മതിയോ?'
(പി സി ജോര്‍ജ് ആയതുകൊണ്ടായിരിക്കാം. ആസ്വാദനം കൂടുതല്‍ പ്രതിപക്ഷനിരയിലായിരുന്നു.)
*
കെ എം മാണി: 'ഇ പി എല്‍ നിയമത്തിന്റെ ഇംപ്ളിക്കേഷന്‍ എന്താണെന്ന് പ്രതിപക്ഷത്തിന് അറിയുമോ?'
സാജുപോള്‍: 'മന്ത്രി പറഞ്ഞതില്‍ ഒരു കോംപ്ളിക്കേഷനുമില്ല എന്നതാണ് അതിന്റെ ഇംപ്ളിക്കേഷന്‍!'
(ആപ്ളിക്കേഷനില്‍ ആര്‍ക്കും പരാതിയുണ്ടായില്ല)
*
അഡ്വക്കേറ്റ്സ് ക്ളാര്‍ക്ക് ക്ഷേമനിധി ബില്ലിന്റെ ചര്‍ച്ചാവേള.
കെ ശിവദാസന്‍ നായര്‍: എന്റെ വക്കീല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ സീനിയറിനേക്കാള്‍ ഏറെ സഹായിച്ചത് ഗുമസ്തനാണ്. പല വക്കീലന്മാരേക്കാളും നിയമജ്ഞാനം ഗുമസ്തന്മാര്‍ക്കാണ്...
സ്പീക്കര്‍ കെ രാധാകൃഷ്ണന്‍: 'അതുകൊണ്ടാണോ അങ്ങ് വക്കീല്‍പ്പണി നിര്‍ത്തി എംഎംഎയായത്?'
*
ജോസഫ് എം പുതുശ്ശേരി: 'സെക്രട്ടറിയറ്റിന്റെമുമ്പില്‍ സമരം നടത്തിയ ഞങ്ങളുടെ പ്രവര്‍ത്തകരുടെ നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം നടത്തിയതിനാല്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധക്ഷയമുണ്ടായി സാര്‍.'
മന്ത്രി കോടിയേരി ബാലകൃഷ്ണന്‍: കാറ്റിന്റെ ഗതി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
വി സുരേന്ദ്രന്‍പിള്ള: 'പുതുശ്ശേരി... ഇനി കാറ്റിന്റെ ഗതിയറിഞ്ഞേ സമരത്തിന് പോകാവൂ!'
*
ഗവണ്‍മെന്റ് കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും എതിര്‍ക്കുക പാലായുടെ സ്വന്തം കുഞ്ഞുമാണിയുടെ പതിവാണ്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് സര്‍വീസ് ക്വാട്ട നിശ്ചയിക്കുന്നതിനുള്ള ബില്ലിലാണ് ഭരണഘടനാലംഘനം കണ്ടെത്താന്‍ ശ്രമിച്ചത്. പക്ഷേ, പി വിശ്വന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മാണിയിലെ കേളുകുട്ടിനായരെ വിശ്വന്‍ അംഗങ്ങള്‍ക്ക് തുറന്നുകാട്ടികൊടുത്തു
പി വിശ്വന്‍: ഞങ്ങളുടെ നാട്ടിലെ കേളുകുട്ടിനായരാണ് കെ എം മാണി. ഭാര്യ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് കേളുകുട്ടിനായര്‍. ഒരുനാള്‍ കേളുകുട്ടിനായരുടെ ഭാര്യയെ പാമ്പ് കടിച്ചു. അനക്കമില്ല. മരിച്ചെന്നുകരുതി ഉമ്മറത്ത് പൊതുദര്‍ശനത്തിന് കിടത്തി. കുറേക്കഴിഞ്ഞ് സംസ്കരിക്കാന്‍ ശവമഞ്ചത്തിലെടുത്ത് തെക്കേപ്പറമ്പിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് ഒരുആല്‍മരമുണ്ട്. ആലിന്റെ വേരില്‍ ശവമഞ്ചം എടുത്തിരുന്നവരുടെ കാലുതട്ടി. ശവമഞ്ചം താഴെവീണു. കേളുകുട്ടിനായരുടെ ഭാര്യയ്ക്ക് ഒരുഅനക്കം. എഴുന്നേറ്റിരുന്ന അവര്‍ പതിനാറുക്കൊല്ലംകൂടി ജീവിച്ചു. ഇവര്‍ വീണ്ടും മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. ശവമഞ്ചം പറമ്പിലേക്കെടുത്തവരോട് കേളുകുട്ടിനായര്‍ പറഞ്ഞു - 'സൂക്ഷിക്കണേ, ആലിന്റെ വേരില്‍ കാല് തട്ടരുത്'. ഇതുപോലെയാണ് മാണി സാറും. ഏതു നല്ലകാര്യം ചെയ്താലും ഒബ്ജക്ഷന്‍ കൊണ്ടുവരും.
*
ജി രാജേഷ്കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
നിയമസഭയുടെ 17 സമ്മേളനങ്ങളില്‍ സഭയില്‍ ഉയര്‍ന്നുവന്ന ഫലിത മൊഹൂര്‍ത്തങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് പുസ്തകരൂപത്തില്‍ മോനായി വായനക്കാര്‍ക്ക് എത്തിക്കുന്നത്. ‘വാക്‍പയറ്റ് 12 ാം നിയമസഭയിലെ ഫലിതങ്ങള്‍’ എന്ന നൂറിലേറെ പേജുള്ള പുസ്തകത്തില്‍ മോനായി തന്നെ രചിച്ച മുഴുവന്‍ എം.എല്‍.എമാരുടെയും രേഖാചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ReplyDelete