Saturday, May 14, 2011

അപൂര്‍വതകളുടെ ജനവിധി

വിവിധ സംസ്ഥാനങ്ങളിലെ ഇത്തവണത്തെ ജനവിധി അതിലെ വൈവിധ്യത്താലും വൈചിത്ര്യത്താലും ശ്രദ്ധേയമാണ്. ആദ്യം കേരളത്തിന്റെ കാര്യം എടുക്കാം. വോട്ടിന്റെ ഗണിതശാസ്ത്രം വച്ചുനോക്കിയാല്‍ എല്‍ഡിഎഫ് തോറ്റു. എന്നാല്‍ , രാഷ്ട്രീയത്തിന്റെ നീതിശാസ്ത്രംവച്ചുനോക്കിയാലോ എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഐ എമ്മിന് ഒരു പരിക്കും ഏറ്റില്ലെന്നു കാണാം. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി സിപിഐ എം ഉയര്‍ന്നുനില്‍ക്കുന്നു; കോണ്‍ഗ്രസിനെപ്പോലും പിന്നിലാക്കിക്കൊണ്ട്!

പരാജയപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന്റെ തൊട്ടടുത്ത് എല്‍ഡിഎഫ് എത്തിനില്‍ക്കുന്നു; ചരിത്രം തിരുത്തിക്കുറിച്ച്. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുതുതായി 27 നിയമസഭാമണ്ഡലത്തില്‍ക്കൂടി ഭൂരിപക്ഷം ഉറപ്പാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരിക്കുന്നു; രാഷ്ട്രീയനിരീക്ഷകരില്‍ വിസ്മയം ജനിപ്പിച്ചുകൊണ്ട്. ജയിച്ച യുഡിഎഫോ? പരാജയപ്പെട്ട എല്‍ഡിഎഫിലെ പ്രധാന പാര്‍ടിയായ സിപിഐ എമ്മിന്റെ അംഗബലത്തിന് വളരെ താഴെമാത്രം നില്‍ക്കുന്ന നിലയിലേക്കൊതുങ്ങിയിരിക്കുന്നു! കഴിഞ്ഞ ലോക്സഭാ മണ്ഡലത്തില്‍ 99 നിയമസഭാ മണ്ഡലത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്ന നിലയില്‍നിന്ന് 72ലേക്ക് താഴ്ന്നു. എല്‍ഡിഎഫിലുണ്ടായിരുന്ന ചില ഘടകകക്ഷികളെ കൂടെ കൂട്ടിയിട്ടും മുന്‍ വിജയത്തിന്റെ നിലയിലേക്കുപോലും എത്താന്‍ കഴിയാതെ വിഷമിക്കുന്ന അവസ്ഥയിലായിരിക്കുന്നു!

ചില ഘടകകക്ഷികള്‍ മാറിപ്പോയിട്ടും, എല്ലാ ജാതി-മത- വര്‍ഗീയ- മാധ്യമ ശക്തികളും എതിരെ ഒരുമിച്ച് സംഘടിത പ്രവര്‍ത്തനം നടത്തിയിട്ടും വ്യാപകമായി കള്ളപ്രചാരണങ്ങളുണ്ടായിട്ടും എല്‍ഡിഎഫിന് കാര്യമായ ക്ഷീണമൊന്നും ഉണ്ടാകാതെ ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കഴിയുന്നു. ഭരണവിരുദ്ധ വികാരം അതിനെ സ്പര്‍ശിക്കുക പോലും ചെയ്യാതെവന്നിരിക്കുന്നു. ജയിച്ച യുഡിഎഫിന്റെ തൊട്ടടുത്ത് അതിശക്തമായ പ്രതിപക്ഷമായി വന്നുനില്‍ക്കാന്‍ അതിനു കഴിയുന്നു. ജയിച്ചിട്ടും രാഷ്ട്രീയ അടിത്തറയിളകിയ നിലയിലാണ് യുഡിഎഫ്. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നില്ല. പൊതു സ്വീകാര്യത സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഇതിനിടയില്‍ അതിലെ ഘടകകക്ഷികളായ വീരേന്ദ്രകുമാര്‍ ജനതാദള്‍ , ലയനത്തിലൂടെ ശക്തിപ്പെട്ടെന്നു പഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് എം, ജേക്കബ് കേരള കോണ്‍ഗ്രസ് എന്നിവ ദുര്‍ബലപ്പെട്ടുനില്‍ക്കുന്നു. ജെഎസ്എസ്, സിഎംപി എന്നിവ ഉന്മൂലനാശം നേരിടുന്ന അവസ്ഥയിലായിരിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയുടെ ഭരണമേ ഇനി കേരളം പ്രതീക്ഷിക്കേണ്ടൂ എന്ന് ചുരുക്കം. ഇങ്ങനെ നോക്കിയാല്‍ ജയിച്ചിട്ടും അഭിമാനിക്കാനാകാതെ യുഡിഎഫ്. തോറ്റിട്ടും അഭിമാനിക്കാന്‍ ഏറെയുള്ള നിലയില്‍ എല്‍ഡിഎഫും. ഇതാണ് കേരളത്തിലെ ജനവിധിയുടെ സവിശേഷത!

പശ്ചിമബംഗാളില്‍ ഇടതുപക്ഷമുന്നണിയെ പരാജയപ്പെടുത്താനിറങ്ങിയത് തൃണമൂല്‍ - കോണ്‍ഗ്രസ് സഖ്യം മാത്രമല്ല. പുരൂളിയ പ്രദേശത്ത് ആയുധങ്ങള്‍ വര്‍ഷിച്ച ബ്രിട്ടണ്‍ , തൃണമൂല്‍ നേതാക്കളെ തങ്ങളുടെ കോണ്‍സുലേറ്റിലേക്ക് വിളിച്ച് പണവും സഹായവും നല്‍കിയ അമേരിക്ക, ആനന്ദമാര്‍ഗികള്‍ , മാവോയിസ്റ്റ് എന്ന പേരുമായി നടക്കുന്ന ഭീകരര്‍ - അങ്ങനെ പലരാണ്. ഇതിനിടെ, രാഷ്ട്രീയഗൗരവമില്ലാത്ത പുതുതലമുറയിലെ ചില അരാജകവാദികള്‍ "വെറുതെ ഒരു മാറ്റം" എന്ന മുദ്രാവാക്യവുമായെത്തി. മാറ്റം നന്മയ്ക്കുവേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ എന്ന് അവര്‍ ആഗ്രഹിച്ചില്ല. ഏത് അര്‍ധഫാസിസ്റ്റ് ഭീകരതയെ മറികടന്നാണ് തങ്ങളുടെ മുന്‍തലമുറ ജനാധിപത്യം വീണ്ടെടുത്തതെന്ന് അവര്‍ ഓര്‍മിച്ചില്ല. ഒരിടത്ത് ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭക്കാരെ അഴിച്ചുവിട്ടു. മറ്റൊരിടത്ത് ബംഗ്ലാ അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തകരെ കയറൂരിവിട്ടു. ജാര്‍ഖണ്ഡ് അതിര്‍ത്തിപ്രദേശത്ത് മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ചുവിട്ടു. ഇങ്ങനെ മമത ബാനര്‍ജി എന്ത് പശ്ചിമബംഗാളാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും അവര്‍ ചിന്തിച്ചില്ല. പശ്ചിമബംഗാളിലുണ്ടായത് സിപിഐ എം വിരുദ്ധ തരംഗമൊന്നുമല്ല. മറിച്ച് വെറുതെ ഒരു മാറ്റം എന്ന അരാഷ്ട്രീയ അരാജകതരംഗം!

അസമിലാകട്ടെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയേതര കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യമുണ്ടായത്. 30 ശതമാനം മുസ്ലിം ന്യൂനപക്ഷമുള്ള അവിടെ ബംഗ്ലാദേശില്‍നിന്ന് പണ്ടേ കുടിയേറിപ്പാര്‍ത്ത അഭയാര്‍ഥികളെ പീഡിപ്പിക്കുകയാണ് ബിജെപിയും എജിപിയും. അതുകൊണ്ട് അക്കൂട്ടരെ അവര്‍ എതിര്‍ത്തു. അത് കോണ്‍ഗ്രസിന് ഗുണമായി. അത്രതന്നെ! തമിഴ്നാട്ടിലാകട്ടെ, ദേശീയ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന അഴിമതിതന്നെ ഗൗരവമുള്ള രാഷ്ട്രീയവിഷയമായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. അത് ജനവിധിയില്‍ പ്രതിഫലിക്കുകയുംചെയ്തു.


*****


പ്രഭാവര്‍മ, കടപ്പാട് :ദേശാഭിമാനി

3 comments:

  1. ചില ഘടകകക്ഷികള്‍ മാറിപ്പോയിട്ടും, എല്ലാ ജാതി-മത- വര്‍ഗീയ- മാധ്യമ ശക്തികളും എതിരെ ഒരുമിച്ച് സംഘടിത പ്രവര്‍ത്തനം നടത്തിയിട്ടും വ്യാപകമായി കള്ളപ്രചാരണങ്ങളുണ്ടായിട്ടും എല്‍ഡിഎഫിന് കാര്യമായ ക്ഷീണമൊന്നും ഉണ്ടാകാതെ ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കഴിയുന്നു. ഭരണവിരുദ്ധ വികാരം അതിനെ സ്പര്‍ശിക്കുക പോലും ചെയ്യാതെവന്നിരിക്കുന്നു. ജയിച്ച യുഡിഎഫിന്റെ തൊട്ടടുത്ത് അതിശക്തമായ പ്രതിപക്ഷമായി വന്നുനില്‍ക്കാന്‍ അതിനു കഴിയുന്നു. ജയിച്ചിട്ടും രാഷ്ട്രീയ അടിത്തറയിളകിയ നിലയിലാണ് യുഡിഎഫ്. ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നില്ല. പൊതു സ്വീകാര്യത സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഇതിനിടയില്‍ അതിലെ ഘടകകക്ഷികളായ വീരേന്ദ്രകുമാര്‍ ജനതാദള്‍ , ലയനത്തിലൂടെ ശക്തിപ്പെട്ടെന്നു പഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് എം, ജേക്കബ് കേരള കോണ്‍ഗ്രസ് എന്നിവ ദുര്‍ബലപ്പെട്ടുനില്‍ക്കുന്നു. ജെഎസ്എസ്, സിഎംപി എന്നിവ ഉന്മൂലനാശം നേരിടുന്ന അവസ്ഥയിലായിരിക്കുന്നു. രാഷ്ട്രീയ അസ്ഥിരതയുടെ ഭരണമേ ഇനി കേരളം പ്രതീക്ഷിക്കേണ്ടൂ എന്ന് ചുരുക്കം. ഇങ്ങനെ നോക്കിയാല്‍ ജയിച്ചിട്ടും അഭിമാനിക്കാനാകാതെ യുഡിഎഫ്. തോറ്റിട്ടും അഭിമാനിക്കാന്‍ ഏറെയുള്ള നിലയില്‍ എല്‍ഡിഎഫും. ഇതാണ് കേരളത്തിലെ ജനവിധിയുടെ സവിശേഷത!

    ReplyDelete
  2. Very partial and poor political analysis! Just like a "Street political Oration".

    ReplyDelete
  3. മുകളില്‍ കമന്റ്‌ പറഞ്ഞയാളോട് യോജിക്കാതെ വയ്യ.
    വെറും മൈതാനപ്രസംഗമായി തരംതാണുപോയ ഒരു ലേഖനം.
    എനിയ്ക്കൊരു രാഷ്ട്രീയചായ്‌വും ഇല്ല.
    ഇതിവിടെ പ്രതീക്ഷിച്ചില്ലായിരുന്നു എന്നുമാത്രം.

    ReplyDelete